കോതമംഗലം രൂപത വൈദികവിദ്യാര്‍ത്ഥി കാരക്കുന്നം കാവുംപുറം ഫ്രാന്‍സിസിന്റെ മകന്‍ ബ്രദര്‍ ജോസ് കാവുംപുറം (25) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (05/04/2019) രാവിലെ 9.30 ന് ഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് കോതമംഗലം രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്കപ്പള്ളിയില്‍ സംസ്‌കരിക്കും. മാതാവ് : മെര്‍ളി പെരുമണ്ണൂര്‍, കൂറ്റപ്പിളളില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍ : സിസ്റ്റര്‍ ഗ്രേസ്മി സി എം സി മുവാറ്റുപുഴ, സിറിള്‍ ഫ്രാന്‍സിസ് (ബിഷപ്പ്‌സ് ഹൗസ് കോതമംഗലം), ആന്റണി (ഹൈദ്രാബാദ്). സഹോദര ഭാര്യ ഐഡ സിറിള്‍ അരിമറ്റത്തില്‍ (ഈരാറ്റുപേട്ട ). ഫാ. പീറ്റര്‍ കാവുംപുറം എം എസ് റ്റി (ദീപ്തി, ഭരണങ്ങാനം) പിത്യസഹോദരനാണ്. പരേതന്‍ ഒമ്പതാം വര്‍ഷ വൈദിക വിദ്യാര്‍ത്ഥിയായിരുന്നു. രോഗബാധയെതുടര്‍ന്ന് രാജഗിരി ആശുപത്രിയിൽ ചികില്‍സയിലായിരുന്നു.
2009-2012 കാലഘട്ടത്തില്‍ കോതമംഗലം സെന്റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ പ്രാഥമിക വൈദിക പരിശീലനം നടത്തി. തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ബിരുദപഠനം പൂർത്തിയാക്കി. കോട്ടയം വടവാതൂര്‍ സെന്റ് തോമസ് സെമിനാരിയില്‍ ഫിലോസഫി പഠനം പൂര്‍ത്തിയാക്കി കോതമംഗലം ബിഷപ്പ്‌സ് ഹൗസില്‍ റീജന്‍സി പരിശീലനത്തിലിരിക്കെയാണ് രോഗം പിടിപെട്ടത്. ഈ വർഷം വൈദിക വസ്ത്രം സ്വീകരിക്കാനിരിക്കെയാണ് രോഗാതുരനാവുന്നതും മരണപ്പെടുകയും ചെയ്‌തിരിക്കുന്നത്.
സിനിമാ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ഷഫീര്‍ സേട്ട് അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 44 വയസായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4.30ന് കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദില്‍ നടക്കും. ചാപ്റ്റേഴ്സ്, ഒന്നും മിണ്ടാതെ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്.
കഴിഞ്ഞ ഇരുപതു വര്‍ഷത്തോളമായി സിനിമാ നിര്‍മ്മാണ നിയന്ത്രണ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഷഫീര്‍ സേട്ട് ഇരുപത്തിയഞ്ചോളം ചിത്രങ്ങളുടെ നിര്‍മ്മാണ ചുമതല വഹിച്ചിട്ടുണ്ട്.
ഭാര്യ ആയിഷ, മക്കള്‍ ദൈയാന്‍, ദിയ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് സ്വദേശമായ കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദില്‍.
കോട്ടയം∙ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ഭാര്യ കെ.കുമാരി ദേവി (75) നിര്യാതയായി. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ സംബന്ധമായ രോഗങ്ങളാൽ കഴിഞ്ഞ 2 വർഷമായി ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മധുമൂലയിലെ വീട്ടുവളപ്പിൽ.
മക്കൾ: ഡോ.എസ്.സുജാത (പ്രിൻസിപ്പൽ, എൻഎസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാർ (കൊടക് മഹിന്ദ്ര ബാങ്ക്), ശ്രീകുമാർ (എൻഎസ്എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്)
കൊടുങ്ങല്ലൂർ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലിബാവയുടെ മൃതദേഹം ഖബറടക്കി. 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്.
പുലർച്ചെ 3.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലെ ഭർത്താവിന്‍റെ വീട്ടിലേക്ക് കൊണ്ട് പോയി. തുടർന്ന് കൊടുങ്ങല്ലൂർ മേത്തലയിൽ അൻസിയുടെ വീട്ടിലെത്തിച്ച മൃതദേഹം പ്രാർഥനക്ക് ശേഷം കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെച്ചു. പൊതുദർശനത്തിന് ശേഷം 12 മണിയോടെ ചേരമാൻ ജുമാമസ്ജിദ് ഖബറടക്കി.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, ഇന്നസെന്‍റ് എം.പി, എം.എൽ.എമാരായ ടി.വി ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡൻ, റോജി എം. ജോൺ, അൻവർ സാദത്ത്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ അടക്കം നൂറിലധികം പേർ അന്തിമോപചാരം അർപ്പിച്ചു. അൻസിയുടെ ഭർത്താവ് അബ്ദുൽ നാസറും ബന്ധുവും നേരത്തേ നാട്ടിലെത്തിയിരുന്നു.
ഭർത്താവ് അബ്ദുൽ നാസറിനൊപ്പം ക്രൈസ്റ്റ് ചർച്ചിലെ പള്ളിയിലെത്തിയ അൻസി, ഭീകരെൻറ വെടിയേറ്റ് വീഴുകയായിയിരുന്നു. അബ്ദുൽ നാസർ ക്രൈസ്റ്റ് ചര്‍ച്ചിലെ സൂപ്പർ മാർക്കറ്റിലാണ് ജോലി ചെയ്തിരുന്നത്. ന്യൂസിലൻഡിൽ കാർഷിക സർവകലാശാല വിദ്യാർഥിനിയായിരുന്നു അൻസി.
ലെസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി റിജീഷ് ജോസഫിന്‍റെ ഭാര്യ സോജി റിജീഷ് (29 വയസ്സ്) മരണമടഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങളായി ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലായിരുന്ന സോജി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. എട്ടു മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയ റിജേഷ് ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ പ്രസവശേഷം യുകെയിലേക്ക് കൊണ്ട് വരുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാല്‍ ഗര്‍ഭ സംബന്ധമായ പരിശോധനകള്‍ക്ക് ഇടയിലാണ് ക്യാന്‍സര്‍ രോഗം അതിന്‍റെ തീവ്രമായ അവസ്ഥയില്‍ സോജിയെ ബാധിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയത്.
തുടര്‍ന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സോജി ചികിത്സയില്‍ കഴിഞ്ഞു വരവേയാണ് അന്ത്യം ഉണ്ടായത്. സോജിയുടെ രോഗവിവരം അറിഞ്ഞപ്പോള്‍ നാട്ടിലേക്ക് തിരികെ പോയ റിജേഷ് അന്ത്യസമയങ്ങളില്‍ ആശ്വാസമായി സോജിയ്ക്കൊപ്പം ഉണ്ടായിരുന്നു. കണ്ണൂര്‍ ജില്ലയിലെ മണ്ടളം ആണ് റിജേഷ് ജോസഫിന്റെ ജന്മദേശം. പത്തനംതിട്ട ഗാന്ധി ജംഗ്ഷന്‍ ആണ് സോജിയുടെ സ്വദേശം. രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.
സോജിയുടെ നിര്യാണത്തില്‍ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ഇടവക വികാരി ഫാ. ജോര്‍ജ്ജ് ചേലക്കല്‍, ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി, ലെസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ അനുശോചനങ്ങള്‍ അറിയിച്ചു.
മലയാളം യുകെ ഡയറക്ടര്‍ ബോര്‍ഡംഗം ജോജി തോമസിന്‍റെ ഭാര്യാമാതാവ് ത്രേസ്യാമ്മ വര്‍ക്കി (84 വയസ്) നിര്യാതയായി. യുകെയിലെ വേയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജോജിയുടെ ഭാര്യ മിനിമോൾ ജോജിയുടെ മാതാവാണ് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഇന്ന് നിര്യാതയായത്. പരേതനായ അട്ടിയില്‍ ദേവസ്യ വര്‍ക്കിയാണ് ഭര്‍ത്താവ്. ശവസംസ്കാരം മാർച്ച് 26 ചൊവ്വാഴ്ച രണ്ടു മണിക്ക് എടത്വാ സെൻറ് ജോർജ് പള്ളിയിൽ നടക്കും.
മക്കൾ: ജോസുകുട്ടി A.V (യു.എ.ഇ), ഓമന A.V, ഏലിയാമ്മ സാമുവൽ, ജിജിമോൻ A.V, മിനിമോൾ ജോജി (യു.കെ.).
മരുമക്കൾ: സാമുവൽ K.G ഗ്വാളിയോർ, സൂസമ്മ, റെജീന, ജോജി തോമസ് (മലയാളം യുകെ).
പരേതയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമംഗങ്ങളും യുകെയിലെ കുട്ടനാട് സംഗമവും അനുശോചനം രേഖപ്പെടുത്തി.
എഐഎഡിഎംകെ നേതാവും കോയമ്പത്തൂര്‍ സൂലൂര്‍ എംഎല്‍എയുമായ കനകരാജ്(64) അന്തരിച്ചു. രാവിലെ ഏഴരയോടെയാണ് മരണം സംഭവിച്ചത്. രാവിലത്തെ പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു.
തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇദ്ദേഹം പണവും മദ്യക്കുപ്പിയും നല്‍കിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും കാരണമായി.
ബിജോ തോമസ്
ചങ്ങനാശേരി മാർക്കറ്റ് റോഡിലുള്ള എസ്എച്ച് ബുക്ക് വേൾഡ് ഉടമയും ഫാത്തിമാപുരം ആനിത്തോട്ടം പരേതനായ സ്കറിയ ഏബ്രഹാമിന്റെ മകനുമായ സിജി സ്കറിയയാണ് (46) മരിച്ചത്. സംസ്കാരം ഇന്ന് 11.30ന് ഫാത്തിമാപുരം ഫാത്തിമാ മാതാ പള്ളിയിൽ.
ഞായറാഴ്ച വൈകിട്ട് ഭാര്യയുടെയും മക്കളുടെയും കൺമുന്നിലാണ് അപകടം. ഹാൻഡ് ബ്രേക്ക് തകരാറിനെ തുടർന്നു പിന്നോട്ടു നീങ്ങിയ കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്നു. തൊടുപുഴയിലുള്ള ഭാര്യാഗൃഹത്തിൽ നിന്നു മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. മക്കളിലൊരാൾ യാത്രയ്ക്കിടെ ഛർദിച്ചതിനെ തുടർന്ന് വെള്ളം വാങ്ങാനായി പാലായിൽ കാർ നിർത്തിയപ്പോഴാണ് അപകടം.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് എതിർവശത്താണ് അപകടം നടന്നത്. വെള്ളം വാങ്ങുന്നതിനായി പുറത്തിറങ്ങിയ ഭാര്യയ്ക്കും മക്കൾക്കും പിന്നാലെ സിജിയും പുറത്തിറങ്ങി. ഇതിനിടെ കാർ പിന്നോട്ടു നീങ്ങുന്നതു കണ്ടു നിർത്താൻ ശ്രമിക്കുന്നതിനിടെ സിജി മതിലിനും കാറിനും ഇടയിൽപ്പെടുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ആന്തരിക അവയവങ്ങൾക്കുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു.
ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ അന്തരിച്ചു. ഗോവ സംസ്ഥാന ഭരണം നടത്താൻ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ മരണം. 63 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ഡൽഹി എയിംസിലും സ്വകാര്യ ആശുപത്രിയിലും പിന്നീട് അമേരിക്കയിലും ചികിത്സ തേടിയ അദ്ദേഹം ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
പരീക്കറിന്റെ ആരോഗ്യനില വഷളായതറിഞ്ഞ് ബന്ധുക്കൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എത്തിത്തുടങ്ങി. ഗോവ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ വഴിയാണ് ആരോഗ്യവിവരം പുറത്തുവിട്ടത്. വീടിന് ചുറ്റും കനത്ത സുരക്ഷാ വലയമാണ്.
മോദി സർക്കാരിൽ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിതനായി. ഘടകകക്ഷികളെ അനുനയിപ്പിക്കാൻ വേണ്ടിയാണ് കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം രാജിവച്ച് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം തിരികെ ഏറ്റെടുത്തത്.
മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു. അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മൂക്കിലൂടെ കുഴലിട്ട സ്ഥിതിയിൽ അവശനായാണ് സഭയിൽ എത്തിയത്. ഇതേ ചൊല്ലി പ്രതിപക്ഷം പലപ്പോഴും പ്രതിഷേധം ഉയർത്തിയിരുന്നു.
ക്രിസ്ത്യൻ മതവിഭാഗത്തിന് സ്വാധീനമുളള ഗോവയിൽ ബിജെപിക്ക് ഭരണം നേടിക്കൊടുക്കാൻ മുഖ്യ പങ്ക് വഹിച്ചയാളാണ് പരീക്കർ. ആർഎസ്എസിന് പ്രിയങ്കരനായ ഇദ്ദേഹം ഗോവയുടെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായാണ് അറിയപ്പെടുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് 2013 ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് പരീക്കറായിരുന്നു. ടെക്നോക്രാറ്റായ നന്ദൻ നീലേകനിയുടെ സഹപാഠിയായ ഇദ്ദേഹം 1978 ൽ മുംബൈ ഐഐടിയിൽ നിന്നും എഞ്ചിനീയറിങിൽ ബിരുദം നേടി.
ഭാര്യ മേധ 2000 ത്തിൽ അർബുദം ബാധിച്ച് മരിച്ചു. രണ്ട് മക്കളാണ്. 1955 ൽ പോർച്ചുഗീസ് അധീനതയിലായിരുന്ന ഗോവയിലെ മാപുസയിലാണ് അദ്ദേഹം ജനിച്ചത്. മർഗോവയിലെ ലൊയോള ഹൈസ്കൂളിലായിരുന്നു പഠനം.
അതേസമയം ഗോവയിൽ സർക്കാർ രൂപീകരിക്കാനുളള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന വാദം കൂടുതൽ ശക്തമാക്കിയ ബിജെപി, ഗവർണർ മൃദുല സിൻഹ ബിജെപി നേതാവിനെ പോലെ പെരുമാറുന്നുവെന്ന് കുറ്റപ്പെടുത്തി. മനോഹർ പരീക്കറിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടണമെന്ന് ഗവർണറോട് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗംബർ കാമത്ത്, ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന വാർത്ത അദ്ദേഹം തളളി. ഡൽഹിയിലായിരുന്നു താനെന്നും ബിജെപി നേതാക്കൾ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം പാർട്ടി വിടുന്നത് ആത്മഹത്യാപരമാണെന്നും പറഞ്ഞു.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡാരില്‍ ഡി’മോന്റെ അന്തരിച്ചു. 76 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. എന്നാല്‍ അസുഖം ഭേദമായെന്ന് പറഞ്ഞിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
ഇന്ന് ഉച്ചയോടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കും. ഇന്ത്യന്‍ എക്സ്പ്രസില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം നേരത്തേ ടൈംസ് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പത്രങ്ങളിലും പരിസ്ഥിതി സംബന്ധമായ റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അദ്ദേഹം എന്‍വിയോണ്‍മെന്റല്‍ ജേണലിസ്റ്റ്സ് ഓഫ് ഇന്ത്യ ഫോറത്തിൽ ചെയർപേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.