ടിക്‌ടോക്കും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും യഥാർത്ഥ ഡോക്ടർമാരുടെ രൂപവും ശബ്ദവും ഉപയോഗിച്ച് എ ഐ ഡീപ്പ് ഫെയ്ക്ക് വീഡിയോകൾ സൃഷ്ടിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു . ആരോഗ്യവിദഗ്ധരുടെ യഥാർത്ഥ ദൃശ്യങ്ങളും ശബ്ദവും മാറ്റം വരുത്തി മേനോപ്പോസ് അനുഭവിക്കുന്ന സ്ത്രീകളെ ചില ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് തിരിച്ചറിഞ്ഞത്. വെൽനസ് നെസ്റ്റ് എന്ന അമേരിക്കൻ സപ്ലിമെന്റ്സ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഈ വീഡിയോകളിൽ ഭൂരിഭാഗവും പ്രചരിക്കുന്നത് . എന്നാൽ കമ്പനി ഇത് നിഷേധിച്ചു.

ലിവർപൂൾ സർവകലാശാലയിലെ ആരോഗ്യവിദഗ്ധനായ പ്രൊഫ. ഡേവിഡ് ടെയ്ലർ-റോബിൻസൺ അടക്കമുള്ള നിരവധി പ്രമുഖരുടെ ചിത്രവും ശബ്ദവും ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയതായി കണ്ടെത്തി. കുട്ടികളുടെ ആരോഗ്യത്തിൽ പ്രത്യേക പഠനം നടത്തുന്ന ടെയ്ലർ-റോബിൻസണിനെ, മേനോപ്പോസ് സംബന്ധിച്ച “തെർമോമീറ്റർ ലെഗ്” പോലുള്ള യാഥാർഥ്യമില്ലാത്ത ലക്ഷണങ്ങളെ കുറിച്ച് സംസാരിക്കുന്നതുപോലെയാണ് ചില വീഡിയോകൾ ചിത്രീകരിച്ചത്. 2017-ലെ പി എച്ച് ഇ കോൺഫറൻസിലെയും അടുത്തിടെ അദ്ദേഹം പങ്കെടുത്ത പാർലമെന്ററി ഹിയറിംഗിലെയും ദൃശ്യങ്ങൾ ഡീപ്പ് ഫെയ്ക്ക് നിർമ്മാതാക്കൾ ദുരുപയോഗം ചെയ്തതാണെന്ന് കണ്ടെത്തൽ സൂചിപ്പിക്കുന്നു. ടെയ്ലർ-റോബിൻസന്റെ പരാതിക്ക് ശേഷം ടിക്‌ടോക്ക് ആ വീഡിയോകൾ നീക്കം ചെയ്‌തെങ്കിലും ഇത് നിരവധി പേരെ തെറ്റിദ്ധരിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

ടിക്‌ടോക്കിനൊപ്പം എക്സ്, ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഇത്തരം ഡീപ്പ് ഫെയ്ക്ക് വീഡിയോകൾ കണ്ടെത്തിയതായി പഠനം നടത്തിയ ഫുൾ ഫാക്റ്റ് വ്യക്തമാക്കി. മുൻ പി എച്ച് ഇ ചീഫ് എക്‌സിക്യൂട്ടീവ് ഡങ്കൻ സെൽബി, പോഷകാഹാര വിദഗ്ധൻ ടിം സ്‌പെക്റ്റർ, അന്തരിച്ച ഡോ. മൈക്കിൾ മോസ്ലി എന്നിവരുടെയെല്ലാം വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് . വ്യാജ ഡോക്ടർമാർ വഴി തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ കടുത്ത നടപടി ലിബറൽ ഡെമോക്രാറ്റ് ആരോഗ്യ വക്താവ് ഹെലൻ മോർഗൻ ആവശ്യപ്പെട്ടു. ഹാനികരമായ എ ഐ ജനറേറ്റഡ് ഉള്ളടക്കം കണ്ടെത്തി നീക്കം ചെയ്യുന്നത് വലിയ വെല്ലു വിളിയായിരുന്നിട്ടും ഇതിനെതിരായ നടപടികൾ ശക്തിപ്പെടുത്തുകയാണെന്നാണ് ടിക്‌ടോക്ക് ഇതിനോട് പ്രതികരിച്ചത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന നിയമം പ്രാബല്യത്തിൽ വരാനിരിക്കെ 13–15 വയസുകാരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, ത്രെഡ്സ് അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള നടപടി മെറ്റ ആരംഭിച്ചു. . ഡിസംബർ 4 മുതൽ അക്കൗണ്ട് നിർത്തിവെക്കും എന്ന മുന്നറിയിപ്പിന്റെ പിന്നാലെയാണ് നടപടി. പുതിയ നടപടി ഏകദേശം 3.5 ലക്ഷം ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെയും 1.5 ലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളെയും ബാധിക്കാനിടെയുണ്ടെന്നാണ് കണക്കാക്കുന്നത്.

പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം പാലിക്കാത്ത കമ്പനികൾക്ക് 49.5 മില്ല്യൺ ഓസ്‌ട്രേലിയൻ ഡോളർ വരെ പിഴ ചുമത്താനാകും. നിയമം പാലിക്കുമെന്നും, എന്നാൽ കൂടുതൽ കാര്യക്ഷമവും സ്വകാര്യത കാത്തുസൂക്ഷിക്കുന്ന പ്രായപരിശോധന സംവിധാനം സർക്കാരിന്റെ തലത്തിൽ തന്നെ നടപ്പാക്കണമെന്നുമാണ് മെറ്റയുടെ നിലപാട്. തെറ്റായി പ്രായം വിലയിരുത്തപ്പെട്ടതായി കരുതുന്നവർ വീഡിയോ സെൽഫിയോ സർക്കാർ നൽകുന്ന തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് പുതുക്കി പരിശോധനയ്ക്കായി അപേക്ഷിക്കാം.

യൂട്യൂബ്, ടിക്‌ടോക്, സ്നാപ്ചാറ്റ്, റെഡിറ്റ്, ട്വിച്ച് തുടങ്ങിയ പ്ലാറ്റ്ഫോമുകളും നിരോധനത്തിന്റെ പരിധിയിലാകും. 10–15 വയസ്സുകാരിൽ 96 ശതമാനവും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്നും ഇവരിൽ വലിയൊരു വിഭാഗം ഹാനികരമായ ഉള്ളടക്കവും സൈബർ ബുള്ളിയിങ്ങും ഗ്രൂമിംഗ് ശ്രമങ്ങളും നേരിട്ടിട്ടുണ്ടെന്നും സർക്കാർ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാവി തലമുറയെ സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കാനെന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയ പൂർണ്ണ നിരോധനത്തിന്റെ വഴിയിലേക്ക് കടക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓൺലൈൻ ലോകത്ത് പ്രകോപനം സൃഷ്ടിച്ച് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതികളെ സൂചിപ്പിക്കുന്ന ‘റേജ് ബൈറ്റ്’ എന്ന പദത്തെ 2025-ലെ ‘വേഡ് ഓഫ് ദ ഇയർ’ ആയി ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് തെരഞ്ഞെടുത്തു. കഴിഞ്ഞ 12 മാസത്തിനിടെ ഈ പദത്തിന്റെ ഉപയോഗം മൂന്നു മടങ്ങ് വർധിച്ചതായാണ് പ്രസിദ്ധീകരണത്തിന്റെ വിലയിരുത്തൽ. മനപ്പൂർവ്വം കോപമോ അസ്വസ്ഥതയോ സൃഷ്ടിക്കുന്നതിലൂടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ എൻഗേജ്മെന്റ് നേടുകയാണ് ഈ രീതിയുടെ ലക്ഷ്യം.

‘റേജ് ബൈറ്റ്’ എന്നത് ക്ലിക്ക്ബൈറ്റിനോട് സാമ്യമുള്ളതാണെങ്കിലും, വായനക്കാരന്റെ വികാരങ്ങളെ ആക്രമിച്ച് പ്രതികരണം കരസ്ഥമാക്കുന്നതിലാണ് ഇതിന്റെ പ്രധാന വ്യത്യാസം. ഈ വർഷം ഓറ ഫാർമിംഗ്, ബയോഹാക്ക് എന്നീ പദങ്ങളും ഷോർട്ട്‌ലിസ്റ്റിലുണ്ടായിരുന്നു. ഓറ ഫാർമിംഗ് ആത്മവിശ്വാസവും ആകർഷകത്വവും പ്രത്യക്ഷപ്പെടുന്ന സ്വതന്ത്ര വ്യക്തിത്വം കൃത്യമായി നിർമ്മിക്കുന്നതിനെ സൂചിപ്പിക്കുന്നപ്പോൾ, ബയോഹാക്ക് ഭക്ഷണം, വ്യായാമം, സപ്ലിമെന്റുകൾ തുടങ്ങിയവ ഉപയോഗിച്ച് ശരീര–മനോശേഷി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെയാണ് വ്യക്തമാക്കുന്നത്. പൊതുജന വോട്ടിംഗും ഭാഷാ വിദഗ്ധരുടെ വിലയിരുത്തലും പരിഗണിച്ചാണ് അന്തിമ തിരഞ്ഞെടുപ്പ് നടന്നത്. ഓക്‌സ്ഫഡ് ലാംഗ്വേജസിന്റെ പ്രസിഡന്റ് കാസ്പർ ഗ്രാത്ത്‌വോൾ പറഞ്ഞത്, ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്ന രീതി കൗതുകത്തിൽ നിന്ന് വികാരങ്ങളെ ചൂഷണം ചെയ്യുന്ന രീതിയിലേക്കാണ് മാറിയെന്ന്.

മുൻ വർഷങ്ങളിലെ വേഡ് ഓഫ് ദ ഇയർ പദങ്ങളിൽ ഗോബ്ലിൻ മോഡ്, ബ്രെയിൻ റോട്ട്, റിസ് എന്നിവ ഉൾപ്പെടുന്നു. അതേസമയം, ക്യാംബ്രിജ് ഡിക്ഷണറി 2025-ലെ തന്റെ പദമായി ‘പാരാസോഷ്യൽ’ എന്ന വാക്കിനേയും കൊളിൻസ് ഡിക്ഷണറി ‘വൈബ് കോഡിംഗ്’ എന്നതും തിരഞ്ഞെടുത്തിട്ടുണ്ട്. പുതിയ പദങ്ങളുടെ വളർച്ച സമൂഹമാധ്യമ സംസ്കാരവും ടെക്‌നോളജിയും മനുഷ്യന്റെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതിന്റെ സൂചകമാണെന്നാണ് ഭാഷാ വിദഗ്ധരുടെ വിലയിരുത്തൽ.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സോഷ്യൽ മീഡിയയിൽ ആന്റി–സെമിറ്റിക് സ്വഭാവത്തിലുള്ള അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതായി ആരോപണം ഉയർന്നതിനെ തുടർന്ന് എൻഎച്ച്‌എസിലെ ട്രോമ–ഓർത്തോപ്പീഡിക് വിഭാഗത്തിൽ പരിശീലനത്തിലിരിക്കുന്ന 31-കാരിയായ ഡോ. റഹ്മെ അലദ്വാന് മെഡിക്കൽ ട്രൈബ്യൂണൽ 15 മാസത്തെ സസ്‌പെൻഷൻ നൽകി. ചില പോസ്റ്റുകൾ “ഹിംസയ്ക്കും തീവ്രവാദ സംഘങ്ങൾക്കും പിന്തുണ” നൽകിയതുപോലെ തോന്നുന്നുവെന്നും, ഇത്തരം പ്രവർത്തനം രോഗികളുടെ ഡോക്ടറോടുള്ള വിശ്വാസത്തെ ബാധിക്കാമെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. എന്നാൽ താൻ യാതൊരു വംശീയ വിദ്വേഷവും നടത്തിയിട്ടില്ലെന്ന് ബ്രിട്ടീഷ്–പാലസ്തീനിയൻ വംശജയായ ഡോക്ടർ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് പറഞ്ഞു .

ജനറൽ മെഡിക്കൽ കൗൺസിൽ (GMC) ആണ് ഡോ. അലദ്വാന്റെ ‘ഫിറ്റ്നസ് ടു പ്രാക്ടീസിൽ ’ അന്വേഷണം തുടരുന്നത്. പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന ആരംഭിച്ചത്. എക്‌സിൽ ഡോക്ടർ പോസ്റ്റ് ചെയ്തതിൻ്റെ ഉള്ളടക്കം ജൂത സമൂഹത്തിനെതിരെ വെറുപ്പ് പരത്തുന്നതും ചരിത്രത്തെയും ജീവിതരീതികളെയും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് ട്രൈബ്യൂണലിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇവ ഒന്നും തന്നെ രോഗികളുടെ സുരക്ഷയെയും തന്റെ ചികിത്സാ കഴിവിനെയും ബാധിച്ചിട്ടില്ലെന്നാണ് ഡോക്ടറുടെ അഭിഭാഷകന്റെ വാദം.

ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന സസ്‌പെൻഷൻ ആറുമാസത്തിന് ശേഷം വീണ്ടും പരിശോധിക്കും. സെപ്റ്റംബറിൽ നടന്ന വിചാരണയിൽ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, ഒക്ടോബറിൽ നടന്ന മാഞ്ചസ്റ്റർ സിനഗോഗ് ആക്രമണത്തിന് പിന്നാലെ ഡോക്ടറുടെ പോസ്റ്റുകളുടെ “തീവ്രത കൂട്ടിയതായി” ജിഎംസിക്ക് പുതിയ പരാതി ലഭിച്ചതോടെ കേസ് വീണ്ടും ട്രൈബ്യൂണലിൽ എത്തുകയായിരുന്നു ബ്രിട്ടനിൽ സ്വതന്ത്ര മെഡിക്കൽ നിയന്ത്രണ സംവിധാനമില്ലെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനമെന്നും യഹൂദ അനുകൂല ലോബിയാണ് ഇവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നും ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിന് ശേഷം ഡോ. അലദ്വാൻ എക്‌സിൽ പ്രസ്താവിച്ചു.
ജോസ്‌ന സാബു സെബാസ്റ്റ്യൻ
നൂറ്റാണ്ടുകൾക്ക് മുൻപേ പെണ്ണുങ്ങൾക്കായി മാത്രം വരച്ചു വെച്ച ലക്ഷ്മണരേഖ എന്ന ചിന്താഗതിക്ക് ഇന്നും നമ്മുടെ സമൂഹത്തിൽ കാര്യമായ മാറ്റം വന്നിട്ടില്ല. ഒരു സ്ത്രീയുടെ സ്വഭാവത്തെയും ജീവിതത്തെയും വിലയിരുത്താനുള്ള അളവുകോലായി ഈ അദൃശ്യമായ വര ഇന്നും നിലനിൽക്കുന്നു. എന്നാൽ, ഇതിലും ഭീകരമായ സത്യം, ഇന്ന് ആ രേഖ മായ്ച്ചു കളയുന്നത് പലപ്പോഴും ഭർത്താക്കന്മാരുടെ നാവുകൾ കൊണ്ടുതന്നെ ആണെന്നതാണ്. അടുത്തിടെ വാർത്തകളിൽ വന്ന ചില വ്യക്തിപരമായ വിഷയങ്ങൾ മാരിയോ ജിജി കേസ് പോലുള്ളവ ഈ പറഞ്ഞ സത്യം വീണ്ടും സത്യമാണെന്ന് പറഞ്ഞുറപ്പിക്കുകയാണ് …
ഒരു ഭർത്താവ് സ്വന്തം പങ്കാളിയെ താഴ്ത്തിക്കെട്ടാൻ സമൂഹത്തിൽ ഉപയോഗിക്കുന്ന ചില വാക്കുകൾ എത്ര ഭീകരമാണ് എന്ന് നാം തിരിച്ചറിയണം. സ്ത്രീയെ ഇല്ലാതാക്കാൻ പുരുഷൻ പലപ്പോഴും ഉപയോഗിക്കുന്ന ഏറ്റവും വേഗമേറിയ ആയുധം അവളെ പൊതുസമൂഹത്തിൽ അവളുടെ സ്വഭാവശുദ്ധി ചോദ്യം ചെയ്യുന്നതോ, അല്ലെങ്കിൽ ലഹരിക്ക് അടിമയാണ് എന്ന് മുദ്രകുത്തുന്നതോ ആണ് …
കാരണം സമൂഹം ഒരു സ്ത്രീയുടെ വ്യക്തിത്വത്തെയും വിജയങ്ങളെയും അളക്കുന്നത് അവളുടെ സ്വഭാവഗുണം, പ്രത്യേകിച്ച് ലഹരി ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ അവൾ പാലിക്കുന്ന നിയന്ത്രണം അനുസരിച്ചാണ്. അവളോടൊപ്പം ഉറങ്ങിയ ഒരു പുരുഷൻ തന്നെ ഇത്തരം വാക്കുകൾ അവൾക്കെതിരെ ഉപയോഗിക്കുമ്പോൾ, അത് ഒരു വ്യക്തിപരമായ ആരോപണം എന്നതിലുപരി, അവളെ പൊതുരംഗത്ത് ഒറ്റപ്പെടുത്താനും, അവളുടെ വിശ്വാസ്യത എന്നെന്നേക്കുമായി തകർക്കാനുമുള്ള സാമൂഹികപരമായ ആയുധമായി മാറുന്നു.
ഒരു പുരുഷൻ മദ്യപാനിയാകുമ്പോൾ അത് പലപ്പോഴും ദുശ്ശീലം മാത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഒരു സ്ത്രീയുടെ മേൽ ഈ ആരോപണം വരുമ്പോൾ, അത് അവളുടെ അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തെയും, ഭാര്യ എന്ന നിലയിലുള്ള കടമകളെയും, ഒരു വ്യക്തി എന്ന നിലയിലുള്ള മൂല്യത്തെയും ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു.
ഒരു പങ്കാളി, പ്രത്യേകിച്ച് പൊതുരംഗത്ത് നിൽക്കുന്ന ഒരാൾ, ഇത്തരം വാക്കുകൾ ഉപയോഗിക്കുമ്പോൾ, അത് വെറും വൈവാഹിക തർക്കമായി നിലനിൽക്കുന്നില്ല. ഇത് ഒരു വ്യക്തിയുടെ ജീവിതത്തെയും ഭാവിയെയും ഇല്ലാതാക്കുന്ന ഭീകരവാദമായി മാറുന്നു. ഇവിടെ സുലൈമാൻ ഭീകരവാദി ആണോ എന്നതിലപ്പുറം അയാളുടെ വജ്രം പതിപ്പിച്ച വാക്കുകൾ ഭീകരവാദത്തിന്റെ ആയുധമാവുകയാണോ എന്നതാണ്.
എല്ലാ അടഞ്ഞ വാതിലുകളുടെയും പിന്നിൽ ഉഗ്രമായി യുദ്ധം നടക്കുന്നുണ്ട് . കാരണം ഒരുവൾ തൻ്റെ വഴികളിൽ ശക്തയാകുമ്പോൾ, താൻ ചെറുതാവുന്നുവെന്ന തോന്നൽ അവനിൽ അഹങ്കാരത്തിൻ്റെ വിറയലുണ്ടാക്കുന്നു. അങ്ങനെ അവനു നിയന്ത്രിക്കാൻ കഴിയാത്ത സ്ത്രീയെ കീഴടക്കാനുള്ള എളുപ്പവഴിയായി ചിലർ കാണുന്നത് അവളെ തെറ്റുകാരിയാക്കുക എന്നതാണ്. അവർ അവളെ ചെറുതാക്കാൻ ശ്രമിക്കും….
കുറ്റപ്പെടുത്താൻ കഥകൾ മെനയും…. സ്വന്തം ഇഷ്ടങ്ങൾക്ക് അവളെ കീഴ്പ്പെടുത്താനായി ഭാവനാസമ്പന്നമായ വലയങ്ങൾ നെയ്യും…,..അവൾ സന്തോഷത്തോടെ ചിരിക്കുമ്പോൾ പോലും ചോദ്യം ചെയ്യപ്പെടാം….,
അവൾ സ്വന്തമായി എടുക്കുന്ന തീരുമാനങ്ങൾ അഹങ്കാരമായി ചിത്രീകരിക്കപ്പെടാം….
അവളുടെ ശക്തിയെ തകർക്കാൻ മനസ്സിൽ കഥകൾ തീർത്ത്, അവളുടെ ചിറകുകൾ വെട്ടാൻ അവൻ ശ്രമിച്ചുകൊണ്ടേയിരിക്കും….ഇവിടെ, അവൻ ഉയരാൻ ശ്രമിക്കുകയല്ല അവൻ ചെയ്യുന്നത്. മറ്റൊരാളുടെ ചിറകുകൾ മുറിക്കുകയാണ്. മറ്റൊരാളെ അടിച്ചമർത്തി നേടുന്ന വിജയം ഒരിക്കലും യഥാർത്ഥ ഉയർച്ചയല്ല, അത് ഭീരുത്വത്തിൻ്റെയും അസുരക്ഷിതത്വത്തിൻ്റെയും അടയാളം മാത്രമാണ്.
കുടുംബ കൗൺസിലർമാർ എന്ന നിലയിൽ പ്രശസ്തരായവർ പോലും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ, സാധാരണ ദാമ്പത്യബന്ധങ്ങളിൽ എന്തായിരിക്കും സംഭവിക്കുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. സമാധാനപരമായ ബന്ധങ്ങൾക്കും, പരസ്പര ബഹുമാനത്തിനും വേണ്ടി സംസാരിക്കുന്നവർ തന്നെ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ പങ്കാളിയെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഈ സമൂഹം അതിന്റെ ഇരകൾക്ക് നൽകുന്ന സന്ദേശം എന്താണ്.
ഒരു പുരുഷന് തന്റെ പങ്കാളിയെക്കുറിച്ച് ഏത് ദുരാരോപണവും ഉന്നയിക്കാം, സമൂഹം അത് ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും, ഇരയെ ശിക്ഷിക്കുകയും ചെയ്യുമെന്നാണോ.
ഇതാണ് മാറ്റേണ്ട ചിന്താഗതി. ഒരു സ്ത്രീയെ തകർക്കാൻ ഒരു പുരുഷൻ ഉപയോഗിക്കുന്ന ഓരോ വാക്കിന്റെയും പിന്നിൽ, സ്ത്രീക്ക് എതിരെ സമൂഹത്തിൽ നിലനിൽക്കുന്ന ആഴത്തിലുള്ള ലിംഗവിവേചനം ഇപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്. പണ്ടെങ്ങോ ബഹുമാനത്താൽ കെട്ടിപ്പടുത്ത പല ബന്ധങ്ങളിലും ഒരു ലക്ഷ്മണരേഖക്കകത്ത് നിൽക്കേണ്ടവളാണ് സ്ത്രീ എന്ന ധാരണ ഇന്നുമുണ്ട് . ഇത് മാറണമെങ്കിൽ, മാറ്റം വരേണ്ടത്. പരസ്പരമുള്ള ബഹുമാനമാണ് …
ദാമ്പത്യത്തിലെ അതിർവരമ്പ് എന്നത് പുരുഷൻ വരയ്ക്കുന്ന ലക്ഷ്മണരേഖയല്ല. അത് പരസ്പരം വാക്കുകളിലും പ്രവൃത്തികളിലും പുലർത്തുന്ന ബഹുമാനമാണ്. ആരോപണങ്ങൾ പൊതുവിടത്തിൽ വിടാതെ നിയമപരവും വ്യക്തിപരവുമായ തലങ്ങളിൽ മാത്രം കൈകാര്യം ചെയ്യാനുള്ള പക്വത കാണിക്കണം. ഒരു വ്യക്തിയുടെ മാനം എന്നത്, മറ്റ് തർക്കങ്ങൾ പരിഹരിക്കാനുള്ള വിലപേശൽ വസ്തുവായി മാറരുത്. ആരോപണങ്ങൾ ഉയരുമ്പോൾ, അത് ഉന്നയിച്ച വ്യക്തിയുടെ സ്വാധീനത്തെക്കാളും, ആരോപിക്കപ്പെട്ട വ്യക്തിക്ക് നീതി ലഭിക്കുന്നുണ്ടോ എന്നതിലാണ് സമൂഹം ശ്രദ്ധിക്കേണ്ടത്. ഓരോ സ്ത്രീയും തനിക്ക് ചുറ്റും വരച്ചിരിക്കുന്ന ഈ അദൃശ്യമായ ലക്ഷ്മണരേഖ മായ്ച്ചുകളഞ്ഞുകൊണ്ട്, സ്വന്തം മൂല്യങ്ങളിൽ അടിയുറച്ച ഒരു ജീവിതം പടുത്തുയർത്താൻ ഓരോരുത്തർക്കും സാധിക്കണം. ഒരു ഭീകരവാദിക്കും തകർക്കാനാവാത്ത വ്യക്തിത്വമാണ് അവരുടെ ഏറ്റവും വലിയ ആയുധം.
ഈ വാർത്തയിലൂടെ തന്നെ കൂടുതൽ പെൺകുട്ടികളും ഇനിയും അവിവാഹിതരായി തന്നെ കഴിയാൻ ശ്രമിക്കും….
ജോസ്‌ന സാബു സെബാസ്റ്റ്യൻ : കുട്ടികൾക്ക് നൽകാം ലൈംഗിക പാഠങ്ങൾ എന്ന പുസ്തകത്തിൻറെ രചയിതാവ് .
പാലാ മരങ്ങാട്ടുപിള്ളി സ്വദേശിയാണ്. വിവാഹശേഷം യുകെ യിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു കുടുംബസമേധം താമസിക്കുന്നു. വൈക്കം സെന്റ് ലിറ്റിൽ ഫ്‌ളവേഴ്സിൽ , വൈക്കം ശ്രീനാരായണ ഹൈയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം . ബാംഗ്ലൂരിൽ നിന്നു അഗ്രികൾചറിൽ ബിരുദം . നഴ്സിംഗ് പഠനതിനുശേഷം യുകെയിൽ കുറേനാൾ ഹെൽത്ത് കെയറിൽ ജോലിചെയ്യുകയും അവിടെനിന്ന് തന്നെ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും എടുത്തു .
ഇന്റെഗ്രേറ്റിവ് ഹോളിസ്റ്റിക് മെഡിസിൻ ആൻഡ് ന്യൂട്രിഷൻ പഠിക്കുകയും നേഴ്സിങ് ഹോമിൽ അസിസ്റ്റന്റ് മാനേജർ ആയും നുട്രീഷനിസ്റ്റ് ആയും പിന്നീട് നാഷണൽ ഹെൽത്ത് സിസ്റ്റത്തിൽ ഡിസ്ചാർജ് സൗകര്യം ഒരുക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു .
മൂന്നാറില്‍ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ സ്വദേശികളായ വിനായകനെയും വിജയകുമാറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.
മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മൂന്നാര്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവെച്ചത്. ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നും പൊലീസും അതേ നിലപാട് സ്വീകരിച്ചുവെന്നും അവര്‍ വീഡിയോയില്‍ ആരോപിച്ചു.
വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവത്തില്‍ പ്രതികരണമായി രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ പരാതി അടിസ്ഥാനമാക്കി ഭീഷണിപ്പെടുത്തിയ സംഘത്തിലെ മറ്റു പേരുകളെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനാകുന്നു. അടൂർ സ്വദേശിനിയായ താരയാണ് വധു. ഇരുവരും അഞ്ചു വർഷത്തോളമായി പ്രണയത്തിലാണ്. ബിനീഷ് തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. “ഇന്ന് മുതൽ എന്നും സന്തോഷത്തിലും ദുഃഖത്തിലും, ആരോഗ്യമുണ്ടായാലും ഇല്ലെങ്കിലും, പരസ്പര സ്നേഹത്തോടും വിശ്വസ്തതയോടും കൂടി ഒരുമിച്ച് മുന്നോട്ട് പോകും. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം,” എന്ന് ബിനീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. “എന്റെ അമ്മച്ചിയുടെ ഏറ്റവും വലിയ ആഗ്രഹമാണിത്. എന്റെ ചാനൽ കാണുന്ന എല്ലാവരും ഇതിന് കാത്തിരിക്കുകയാണ്. ‘ഇത്രകാലമായി എന്താ കല്യാണം കഴിക്കാത്തത്’ എന്ന് പലരും ചോദിച്ചു തുടങ്ങി. അവർക്കുവേണ്ടിയാണ് ഇപ്പോൾ ഈ തീരുമാനം എടുത്തത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും, 2026 ഫെബ്രുവരിയിലായിരിക്കും ചടങ്ങ്,” എന്നാണ് ബിനീഷിന്റെ വാക്കുകൾ.
പത്തുവർഷത്തിലേറെയായി മലയാള സിനിമാലോകത്ത് സജീവമായി നിൽക്കുന്ന ബിനീഷ് ബാസ്റ്റിൻ, ‘പോക്കിരിരാജ’, ‘അണ്ണൻ തമ്പി’, ‘സൗണ്ട് തോമ’, ‘താപ്പാന’, ‘പാസഞ്ചർ’, ‘ഡബിൾ ബാരൽ’, ‘തെറി’, ‘കാട്ടുമാക്കാൻ’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോയായ ‘സ്റ്റാർ മാജിക്’ മുഖേനയാണ് ബിനീഷ് കൂടുതൽ ജനപ്രീതി നേടിയത്.
കൊച്ചി ∙ സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന അധിക്ഷേപ പരാമർശങ്ങളിൽ അന്വേഷണം ശക്തമാക്കി പൊലീസ്. മെറ്റയിൽ നിന്ന് പോസ്റ്റുകളുടെ ഉറവിടം തേടിയതിനെ തുടർന്ന് വേഗത്തിലുള്ള മറുപടി ആവശ്യപ്പെട്ട് വീണ്ടും മെയിൽ അയച്ചിട്ടുണ്ട്.
പോസ്റ്റുകൾ വന്ന അക്കൗണ്ടുകൾ പ്രതികൾ തന്നെയാണോ കൈകാര്യം ചെയ്തതെന്ന് സ്ഥിരീകരിക്കുന്നതിനായാണ് നടപടി. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷം കെ.എം. ഷാജഹാൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള നടപടികളാണ് മുന്നിൽ.
100-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരെ കേസിൽ പ്രതിചേർക്കാനും സാധ്യതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്.
സോഷ്യൽ മീഡിയയിൽ പുതിയൊരു എഐ ട്രെൻഡാണ് ഇപ്പോൾ തരംഗമാകുന്നത്. 90കളിൽ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലിൽ പെൺകുട്ടികൾ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് ആളുകൾ പങ്കുവയ്ക്കുന്നത്. ഗൂഗിൾ ജെമിനിയിലെ Nano Banana tool ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നത്. ChatGPT പോലെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്നും കിട്ടുന്ന prompts ഉപയോഗിച്ചാണ് ഇവ രൂപകൽപ്പന ചെയ്യുന്നത്.
ഈ ചിത്രങ്ങൾ തയ്യാറാക്കാൻ ആദ്യം Google Gemini തുറന്ന് ലോഗിൻ ചെയ്യണം. അവിടെ കാണുന്ന വാഴപ്പഴത്തിന്റെ ഐക്കണിൽ ക്ലിക്ക് ചെയ്ത് വ്യക്തമായൊരു സെൽഫിയോ ചിത്രമോ അപ്‌ലോഡ് ചെയ്താൽ മതി. തുടർന്ന് താഴെ പറയുന്ന commands നൽകുക:
1. Create a retro vintage grainy but bright image of the reference photo but draped in a perfect black party wear saree pinteresty aesthetic retro saree…
2. Create a retro, vintage-inspired image – grainy yet bright – based on the reference picture. The girl should be draped in a perfect off-white cotton saree with red polka dots on it…
3.Convert, 4k HD realistic, A stunning portrait of a young Indian woman…
ദമ്പതികളുടെ ചിത്രങ്ങൾ തയ്യാറാക്കാനും ഇത്തരം prompts തന്നെ ഉപയോഗിക്കാം. ഉദാഹരണത്തിന്:
1. Create a retro, vintage-inspired image grainy yet bright – based on the reference picture. The girl should be draped in a perfect black cotton saree… the guy should be wearing a blue short kurta with white chinos…
2. Create a retro, vintage-inspired image – grainy yet bright – based on the reference picture. The girl should be draped in a perfect red, Pinterest-style aesthetic retro saree, and the guy should be wearing a white kurta…
ഇത്തരത്തിലുള്ള നിരവധി ready-made prompts ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്. ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തി, ഓരോരുത്തർക്കും സ്വന്തം സ്റ്റൈലിലുള്ള സാരി ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും.
പാലക്കാട് സ്വദേശിനിയായ 15 കാരിയുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ കൊല്ലം സ്വദേശി ബിബിൻ എന്ന ടാറ്റൂ ആർട്ടിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌നാപ്ചാറ്റ് വഴി പരിചയം സ്ഥാപിച്ചാണ് പ്രതി ചിത്രങ്ങൾ കൈപ്പറ്റിയത്. പെൺകുട്ടിയും പ്രതിയും ഒരിക്കലും നേരിൽ കണ്ടിട്ടില്ലെന്നാണ് വിവരം.
ചിത്രങ്ങൾ സ്വന്തമാക്കിയ ശേഷം പ്രതി അത് മറ്റുള്ളവർക്ക് കൈമാറി പണം സമ്പാദിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ എറണാകുളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നേരത്തേ തേഞ്ഞിപാലത്തും സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ ഇരകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.