ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ. വിവാഹം നിശ്ചയിച്ച വാര്‍ത്ത അപ്രതീക്ഷിതമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് സീസൺ രണ്ടിലെ താരമായ ആര്യ. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഡിജെ സിബിനെ (സിബിൻ ബെഞ്ചമിൻ) ആണ് ആര്യ വിവാഹം കഴിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ഭാഗമായെടുത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രവും ആര്യ ദീര്‍ഘമായ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിബിനും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒട്ടേറെ പേരാണ് കമന്റ് ബോക്‌സിലെത്തിയത്.
ഏറെ സന്തോഷത്തോടെ സിബിനുമായി വിവാഹം നിശ്ചയിച്ചു എന്നുപറഞ്ഞാണ് ആര്യയുടെ കുറിപ്പ് തുടങ്ങുന്നത്. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ജീവിതപങ്കാളികളിലേക്ക് എന്നു പറഞ്ഞുകൊണ്ടാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് ആര്യ വിശദീകരിക്കുന്നത്.
‘വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.’ -ആര്യ കുറിച്ചു.
‘ഞാന്‍ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്‌നേഹിക്കുന്നു. എന്റെ എല്ലാ കുറവുകള്‍ക്കും മികവുകള്‍ക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാന്‍ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.’ -സിബിനോടായി ആര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
തന്റെ മകള്‍ക്ക് അടിപൊളി അച്ഛനാണ് സിബിനെന്ന് പറഞ്ഞ ആര്യ തനിക്കും മകള്‍ ഖുഷിക്കും മികച്ച സുഹൃത്തുകൂടിയാണ് സിബിനെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. ‘ഇതാ, ശരിയായ സമയത്ത് എനിക്ക് അനുയോജ്യനായ വ്യക്തി’ എന്നുപറഞ്ഞാണ് ആര്യ സിബിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഖുഷിയുടെ പ്രിയപ്പെട്ടയാളാണ് സിബിനെന്നും ഇപ്പോള്‍ അവള്‍ ‘ഡാഡി’ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.
‘എന്റെ ‘ചോക്കി’ക്കും എന്റെ മകൻ റയാനും എന്റെ മകൾ ഖുഷിക്കുമൊപ്പം ഒരിക്കലും അവസാനിക്കാത്തൊരു കഥ, ഹൃദയം കൊണ്ട് എഴുതാന്‍ ആരംഭിക്കുകയാണ്’ എന്നാണ് സിബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Leave a Reply