മയക്കുമരുന്ന് തലയ്ക്കുപിടിച്ച യുവതി കാട്ടികൂട്ടിയ പരാക്രമങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കയിലെ ഫ്‌ളോറിഡയിലായിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ കയറിയായിരുന്നു യുവതിയുടെ പരാക്രമങ്ങൾ. അപ്പാര്‍ട്ട്‌മെന്റിന്റെ മുകളില്‍ നിന്നുള്ള പ്രകടനം എല്ലാവരും പേടിയോടെയാണ് കണ്ടത്. പിന്തിരിപ്പിക്കാൻ പലരും ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഒടുവിൽ നാട്ടുകാര്‍ മെഡിക്കല്‍ സംഘത്തെയും മറ്റും വിവരമറിയിക്കുകയും ഇവരെത്തി യുവതിയെ രക്ഷിക്കുകയുമായിരുന്നു.
വിപണിയില്‍ ഒന്നാം സ്ഥാനം നേടാന്‍ റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി ബജാജ് ഡോമിനാര്‍ നിരവധി പരസ്യങ്ങള്‍ പുറത്തു വിട്ടിരുന്നു. ആനയെ പോറ്റുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഓരോ പരസ്യങ്ങളില്‍ കൂടിയും അവര്‍ ഉന്നയിച്ചു കൊണ്ടിരുന്ന ചോദ്യം. ബജാജിന്റെ പരസ്യം കണ്ട് ചൊടിച്ച ബുള്ളറ്റ് ആരാധകര്‍ ഇതിനു മറുപടിയെന്നോണം നിരവധി വീഡിയോ പുറത്തു വിട്ടിരുന്നു. അതില്‍ ഏറ്റവും പുതുതായി പുറത്തു വിട്ട വീഡിയോ സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറുകയാണ്. ചെന്നൈ ബുള്ളറ്റ് ക്ലബ്ബ് എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജാണ് ഈ വീഡിയോ പുറത്തുവിട്ടത്.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ ബൈക്കില്‍ ഒരാള്‍ ഒരു കുന്ന് നിഷ്പ്രയാസം കയറി പോകുന്നതാണ് വീഡിയോയില്‍ ആദ്യം. ഇതിനു പിന്നാലെ വന്ന ബജാജിന്റെ ഡോമിനാര്‍ ബൈക്ക് കയറ്റം കയറുവാന്‍ പോലുമാകാതെ നിന്നു പോകുന്നതാണ് വീഡിയോയില്‍. തുടര്‍ന്ന് പിന്നാലെ വന്നവര്‍ ഡോമിനാറിനെ തള്ളി നീക്കുവാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഏറെ ആരാധകരുള്ള റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കിയ ബജാജിനുള്ള കൃത്യമായ മറുപടിയാണിതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.
ബാഴ്സലോണ: പ്രാങ്ക് വീഡിയോ ചാനലുകള്‍ ഇന്റര്‍നെറ്റില്‍ ഏറെ പ്രചാരമുള്ളവയാണ്. എന്നാല്‍ വീഡിയോ നിര്‍മ്മിക്കുന്നതിനായി ആളുകളെ കബളിപ്പിക്കുന്നവര്‍ ഇനി മുതല്‍ സൂക്ഷിക്കുക. ബാഴ്‌സലണോയില്‍ പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നതിനായി യുവതിയെ ചവിട്ടി വീഴ്ത്തിയതിന് അവതാരകന്‍ 60,000 യൂറോ (ഏകദേശം 50 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു.
പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മരിയോ ഗാര്‍ഷ്യ എന്നയാള്‍ റോഡരികില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്ന യുവതിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു. താഴെ വീണ യുവതിക്ക് കാര്യമായ പരിക്കേറ്റു. തുടര്‍ന്ന് 75 ദിവസത്തോളം യുവതിക്ക് ജോലിയില്‍ നിന്ന് അവധിയെടുക്കേണ്ടി വന്നു. 2015ലാണ് കേസിനാസ്പദമായ സംഭവം. ചവിട്ടി വീഴ്ത്തിയ ശേഷം തന്നെ കളിയാക്കി ചിരിച്ച വീഡിയോ നിര്‍മ്മാതാക്കളെ യുവതി ചീത്ത വിളിക്കുകയും ചെയ്തിരിന്നു.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയ യുവതി നഷ്ടപരിഹാരമായി 45,000 യൂറോ ആവശ്യപ്പെട്ടു. എന്നാല്‍ 60,000 യൂറോ നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍ കേസ് ഒത്തുതീര്‍പ്പ് ചെയ്യുകയായിരുന്നു. ആളുകളെ ഭയപ്പെടുത്തുക, കെണിയില്‍ വീഴ്ത്തുക, കളിയാക്കുക തുടങ്ങിയവയാണ് പ്രാങ്ക് വീഡിയോ നിര്‍മ്മിക്കുന്നവര്‍ ചെയ്യുന്ന പ്രധാന കാര്യങ്ങള്‍.
കേംബ്രിഡ്ജ് അനലിറ്റിക്ക ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ കുറ്റമേറ്റു പറഞ്ഞ് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ടായിരുന്നുവെന്നും അതിന് സാധിക്കാത്തതിനാല്‍ നിങ്ങളെ സേവിക്കാനുള്ള യോഗ്യത ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിശദീകരണത്തില്‍ സുക്കര്‍ബര്‍ഗ് പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഫേസ്ബുക്കില്‍ നിന്ന് 50 മില്യന്‍ യൂസര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചതായാണ് വ്യക്തമായത്.
ഈ വിവരം പുറത്തു വന്നതിനു പിന്നാലെ ഫേസ്ബുക്കിന്റെ വിപണിമൂല്യത്തില്‍ 40 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക വിശ്വാസവഞ്ചനയാണ് കാണിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. 2013ല്‍ പുറത്തിറങ്ങിയ ഒരു ക്വിസ് ആപ്പിലൂടെയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക ഡേറ്റാ ശേഖരണം നടത്തിയത്. ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത മൂന്ന് ലക്ഷം പേരുടെയും അവരുടെ സുഹൃത്തുക്കളുടെയും വിവരങ്ങള്‍ ആപ്പിലൂടെ ശേഖരിക്കുകയായിരുന്നു. സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എല്ലാ ആപ്പുകളും ഓഡിറ്റ് നടത്താനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായും 2016ലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ലീവ് അനുകൂലികള്‍ക്ക് വേണ്ടിയും കേംബ്രിഡ്ജ് അനലിറ്റിക്ക നിയോഗിക്കപ്പെട്ടിരുന്നു. എംഐ6 മുന്‍ ഉദ്യോഗസ്ഥരടക്കമുള്ളവരായിരുന്നു ഈ സ്ഥാപനത്തിലെ ജീവനക്കാര്‍. മുന്‍ മൊസാദ് ഉദ്യോഗസ്ഥരും യുക്രേനിയന്‍ ലൈംഗികത്തൊഴിലാളികളും വരെ സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്നത്രേ. അലക്‌സാന്‍ഡര്‍ നിക്‌സ് എന്ന സാമ്പത്തിക വിദഗ്ദ്ധനും ഇലക്ഷന്‍ സ്ട്രാറ്റജിസ്റ്റുമാണ് ഈ കമ്പനിയുടെ സ്ഥാപകന്‍.
ന്യൂയോര്‍ക്ക്: ഫെയിസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വാട്സ് ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റന്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള ക്രേംബിജ് അനലിറ്റിക്ക അഞ്ചു കോടി ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചേര്‍ത്തിയ സാഹചര്യത്തിലാണ് ബ്രയാന്‍ ആക്റ്റന്‍ ഇത്തരമൊരു ട്വീറ്റുമായി രംഗത്ത് വന്നിരിക്കുന്നത്.
ക്രേംബിജ് അനലിറ്റിക്ക ചോര്‍ത്തിയ വിവരങ്ങള്‍ പല രാജ്യങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ഉപയോഗപ്പെടുത്തിയിരുന്നു. പുതിയ സാഹചര്യങ്ങളെ തുടര്‍ന്ന് ഫെയിസ്ബുക്ക് ഓഹരി ഗണ്യമായ തകര്‍ച്ച നേരിടുകയാണ്. അതേ സമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫെയിസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജാന്‍ കൗമിനോട് കൂടെ ചേര്‍ന്ന് ബ്രയാന്‍ ആക്റ്റ് നിര്‍മ്മിച്ച മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്‌സ് ആപ്പ് 2014ലിലാണ് ഉടമസ്ഥാവകാശം ഫെയിസ്ബുക്കിന് കൈമാറുന്നത്. ഏതാണ്ട് 1900 കോടി ഡോളറിനാണ് വില്‍പ്പന നടന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ബ്രയാന്‍ ആക്റ്റിന്റെ പുതിയ പ്രസ്താവന ഇവരുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നാണ് സൂചന.
It is time. #deletefacebook
— Brian Acton (@brianacton) March 20, 2018
സ്വാമിവിവേകാനന്ദന്‍ പറഞ്ഞ പോലെ കേരളം ഭാന്ത്രാലയം തന്നെയാണെന്ന് ഈ വീട്ടമ്മയുടെ ഫെയിസ്ബുക്ക് പോസ്റ്റ് കണ്ടാല്‍. കോഴിക്കോട് സ്വദേശിയായ സുജാതാ പത്മനാഭനാണ് മുസ്ലിം സുഹൃത്തുക്കള്‍ തന്റെ സൗഹൃദവലയത്തില്‍ നിന്ന് മാറിപ്പോകണമെന്ന് ഫെയിസ്ബുക്ക് പോസ്റ്റിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ കമന്റ് പിന്‍വലിക്കുകയും ചെയ്തു. സുജാതയുടെ വര്‍ഗീയ വിഷം ചീറ്റലിനെതിരെ മാധ്യമപ്രവര്‍ത്തകയായ സുനിതാദേവദാസ് രംഗത്തെത്തി…
അവരുടെ കുറിപ്പ് വായിക്കാം….
ഇസ്ലാമോഫോബിയ എന്ന് പലരും സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കാറുണ്ടെങ്കിലും എനിക്കത് കേരളത്തില്‍ ഉണ്ടോന്ന് വല്യ ഉറപ്പൊന്നുമില്ല . നാം നമ്മെ അടിസ്ഥാനമാക്കിയാണല്ലോ എല്ലാം വിലയിരുത്തുക . എനിക്ക് ജാതി ,മത അടിസ്ഥാനത്തില്‍ ഒരു മനുഷ്യനോടും ഒരു വേര്‍തിരിവുമില്ല . അതേസമയം ഞാന്‍ കണ്ടു വളര്‍ന്നത് കൊണ്ടോ എന്തോ മുസ്ലിംകളോട് , പ്രത്യേകിച്ചും മലപ്പുറത്തെ മുസ്ലിംകളോട് വല്ലാത്ത ഒരിഷ്ടവുമുണ്ട് .
‘ എത്താ മാളെ ‘ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ഒരു സ്‌നേഹമാണ് . പിന്നെ അവരുടെ നിഷ്‌കളങ്കമായ എല്ലാം എല്ലാം എനിക്കിഷ്ടമാണ് . എനിക്ക് തോന്നുന്നു ഞാന്‍ സംസാരിക്കുന്നത് സുന്നികളെ കുറിച്ചാവും . അല്ലാതെ സോഫിസ്റ്റിക്കേറ്റഡ് ആയ മുസ്ലിംങ്ങളെ കുറിച്ചല്ല .
തൂങ്ങി തൂങ്ങിയ കമ്മല്‍ , കാച്ചി , തട്ടം , പത്തിരി ഒക്കെ ഒരു നൊസ്റ്റാള്‍ജിയ ആണ് . മലപ്പുറം തനി മുസ്ലിം ഭാഷയും വല്ലാത്ത ഒരിഷ്ടമാണ് . മുടി വെട്ടുന്നവര്‍ , മീന്‍ വില്‍ക്കുന്നവര്‍ , ബസ് ഓടിക്കുന്നവര്‍ , കച്ചവടക്കാര്‍ എന്ന് തുടങ്ങി എല്ലാമെല്ലാം , അവരുടെ പെരുമാറ്റ രീതി , സ്‌നേഹം ഒക്കെ ഇപ്പോ മനസ്സില്‍ നിറഞ്ഞു കവിയുന്നുണ്ട് . ഒരു വീട് പോലെ ജീവിച്ച എത്രയോ കുടുംബങ്ങള്‍ …പെരുന്നാളുകള്‍ .. നോമ്പ് … നിക്കാഹ് … മൈലാഞ്ചിയിടല്‍ … മനസ്സ് നിറയുന്ന ഓര്‍മകളും സ്‌നേഹവും …. ഇന്ന് അത്ഭുതത്തോടെയാണ് ഈ പോസ്റ്റ് വായിച്ചത് . ഇതവര്‍ ശരിക്കും എഴുതിയതായിരിക്കുമോ ? അതോ തമാശ ? ശരിക്കും എഴുതിയതാണെങ്കില്‍ അവര്‍ക്ക് മുസ്ലിംങ്ങള്‍ എന്തെന്ന് അറിഞ്ഞു കൂടാ എന്ന് ഞാന്‍ പറയും . അവര്‍ക്ക് കേട്ട് കേള്‍വി മാത്രമേ ഉള്ളു ..
വത്തക്ക , ഫാറൂഖ് കോളേജ് , ആട് മേക്കല്‍ , ഐസിസ് ഇതൊന്നുമല്ല കേരളത്തിലെ മുസ്ലിംങ്ങളില്‍ ഭൂരിഭാഗവും . അവര്‍ നിഷ്‌കളങ്കരായ ഹൃദയത്തില്‍ നന്മയുള്ള മനുഷ്യരാണ് .മുസ്ലിംങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു . എന്നോളം തന്നെ .. എന്റെ മക്കളോളം … ചില സാഹചര്യത്തില്‍ ഇത് നാം ഉറക്കെ വിളിച്ചു പറയേണ്ടതുണ്ട് . ഞാന്‍ പറയുന്നു . വളരെ കുറച്ചു വിരലിലെണ്ണാവുന്ന മതഭ്രാന്തന്മാരും അന്യമത വിദ്വേഷികളുമല്ല കേരളത്തിലെ മുസ്ലിംങ്ങള്‍ . അവര്‍ , എനിക്കറിയാവുന്നവര്‍ നൂറു ശതമാനവും നല്ല മനുഷ്യരാണ് . ഞാന്‍ അവരെ സ്‌നേഹിക്കുന്നു . ആ സ്ത്രീയുടെ ഫേസ് ബുക്കില്‍ നിന്നും മതത്തിന്റെ പേരില്‍ പുറത്താവുന്ന നിങ്ങള്‍ക്കൊക്കെ എന്റെ ഹൃദയത്തില്‍ ഒരിടമുണ്ട് . വരൂ ….
ഫറൂഖ് കോളേജ് അധ്യാപകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മാറ് തുറക്കല്‍ സമരവുമായി സോഷ്യല്‍ മീഡിയ. ആരതി എസ്.എ എന്ന അധ്യാപികയാണ് ആദ്യമായി ഫേസ്ബുക്കില്‍ മാറ് തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ഫറൂഖ് കോളേജ് അധ്യാപകന്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെ അപമാനിച്ച് രംഗത്ത് വന്നതോടെയാണ് സമരം ആരംഭിച്ചത്.
ആരതിക്ക് പിന്നാലെ മോഡലും സോഷ്യല്‍ ആക്ടിവിസ്റ്റുമായ രെഹ് നാ ഫാത്തിമയും പ്രതിഷേധവുമായി രംഗത്ത് വന്നു. മാറ് ദൃശ്യമാകുന്ന വിധത്തില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. അധ്യാപകന്റെ ബത്തക്ക പരാമര്‍ശത്തിനെതിരെ ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വിഷയത്തില്‍ ദിയ സനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മാറുതുറക്കല്‍സമരം….
പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘, പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല. പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം. പെണ്ണിന്റെ ‘ചോയ്സ് ‘ പ്രാചീന ആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരത്തുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു. ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ്.
പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍, അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്. ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗിക ബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യ ശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത്, അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ!
പ്ലേ സ്റ്റേഷന്‍ ഗെയിമായ ഒമേഗ ലാബ്രിയന്‍ത്ത് Z യുകെയില്‍ നിരോധിച്ചു. കുട്ടികളെ ലൈംഗീകമായി ചിത്രീകരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ ഗെയിമിന്റെ വില്‍പ്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ ദോഷകരമായ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുള്ളതാണ് ഈ ഗെയിമെന്ന് വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുറത്തിറങ്ങിയ ഗെയിമിന് എയ്ജ് റേറ്റിംഗ് നല്‍കാന്‍ കഴിയില്ലെന്നും വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. എയ്ജ് റേറ്റിംഗ് ഇല്ലാതെ ഗെയിം യുകെയില്‍ വില്‍പ്പന നടത്താന്‍ കഴിയില്ല. നിരോധനത്തിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതായി ഗെയിമിന്റെ വിതരണക്കാര്‍ പിക്യൂബ് (PQube) അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ ആസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഗെയിമിന് റേറ്റിംഗ് ഇല്ല. കൂടാതെ ന്യൂസിലാന്റിലും അയര്‍ലണ്ടിലും ഗെയിം ലഭ്യമാകുകയില്ലെന്ന് പിക്യൂബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിരോധനമില്ലെങ്കിലും 17 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമെ ഗെയിം ഉപയോഗിക്കാനും വാങ്ങാനുമുള്ള അധികാരമുള്ളു. യുകെയില്‍ സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഗെയിം ലഭ്യമല്ലെന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീ കഥാപാത്രം വ്യത്യസ്ഥമായ വെല്ലുവിളികളെ അതിജീവിക്കുന്ന ലെവലുകള്‍ ഉള്‍പ്പെട്ടതാണ് ഒമേഗ ലാബ്രിയന്‍ത്ത് Z. മനുഷ്യ നിര്‍മ്മിതമായ പല വസ്തുക്കളും ഈ കഥാപാത്രം അന്വേഷിച്ചു കണ്ടുപിടിക്കുന്നു. ഇതിലെ പല ലെവലുകളിലും ലൈംഗീകമായ തീം അടങ്ങിയിരിക്കുന്നതായി വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. കഥാപത്രങ്ങള്‍ പരസ്പരം ലൈംഗീകമായ സ്പര്‍ശിക്കുന്നതും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതടക്കമുള്ള രംഗങ്ങള്‍ ഒമേഗ ലാബ്രിയന്‍ത്ത് Zലുണ്ട്.
ഗെയിമിലെ കഥാപാത്രങ്ങളുടെ പ്രായം ചെറിയ കുട്ടികള്‍ക്ക് സമാനമാണ്. കുട്ടികളുടെ ശബ്ദമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിഎസ്‌സി വ്യക്തമാക്കുന്നു. ഗെയിമിലെ ഓവറോള്‍ കണ്ടന്റുകള്‍ യുകെയിലെ ഭുരിഭാഗം വരുന്ന ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമല്ല. ഗെയിം കുട്ടികളുടെ മോറല്‍ ഡെവല്പ്‌മെന്റിനെ സാരമായി ബാധിക്കുമെന്ന് ഉപഭോക്താക്കള്‍ ഭയമുണ്ടെന്നും വിഎസ്‌സി പറയുന്നു. കുട്ടികളുടെ മോറല്‍ വളര്‍ച്ചയെ ചൂണ്ടികാണിച്ചാണ് വിഎസ്‌സി ഗെയിം നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്. നിരോധനത്തെക്കുറിച്ച് പിക്യൂബ് അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
കോട്ടയം: ‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ?’ പി.സി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടേതാണ് ഈ ചോദ്യം. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ് തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ വിവരിച്ചതിനു പിന്നാലെയാണ് പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ…അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ…’- വെള്ളിയാഴ്ച വൈകിട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പാര്‍വതി വിവരിക്കുന്നു. ഒട്ടേറെ പേര്‍ ഇതിനു താഴെ കമന്റുകളുമായെത്തുന്നുണ്ട്.
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് പീഡനത്തെപ്പറ്റി പരാമര്‍ശിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനമുണ്ടായെന്നാണു നിഷ വിവരിച്ചത്. എന്നാല്‍ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകള്‍ മാത്രം തരുന്നു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’- ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഒരു അടിസ്ഥനവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണമാണിതെന്നും തനിക്കും തന്റെ മകനുനെതിരെ കെ.എം.മാണിയും ജോസ് കെ.മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മല്‍സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അവിടെയൊക്കെ പരക്കുന്നുണ്ട്. ഇതറിഞ്ഞു മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എര്‍പ്പാടാണിത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാകും. ഇതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്. ഷോണിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ഇവര്‍ മൂവരും കൂടി കളിച്ച നാറിയ കളിയാണ് ഈ പുസ്തകവും വിവാദവും. ഏതുവിധേനയും എന്തു വൃത്തിക്കെട്ട രീതിയിലും തന്നെയും മകനെയും ഇല്ലാതാക്കാനുള്ള അപ്പന്റെയും മോന്റെയും കളിക്കു നിഷ കൂട്ടുനില്‍ക്കുകയാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ കുട്ടികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ആ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തലുമായി സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്തു വന്നിരിക്കുകയാണ്.
സെല്‍ഫിയെടുക്കുന്ന സമയത്ത് അപകടം സംഭവിക്കുന്ന വീഡിയോ തന്റെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പ്രമേയം വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണെന്നും വിഷയത്തിന് പ്രസക്തി ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെതെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ സ്വദേശിയായ വൃദ്ധ കിണറ്റില്‍ വീണു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.