Social Media

ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയവസ്ഥയ്ക്ക് എതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സൂരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ വീണയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വീണാ ജോര്‍ജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും മുമ്പ് നടന്ന ഒരു സംഭവവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. സനോജ് എന്ന യുവാവിനെതിരേ വീണ നല്കിയ പരാതിയും അതിന്റെ പേരില്‍ ആ യുവാവ് അനുഭവിച്ച ദുരിതങ്ങളുമാണ് ഗിരീഷ് ജനാര്‍ദനന്‍ എന്നയാള്‍ പോസ്റ്റില്‍ വിവരിക്കുന്നത്.

ഗിരീഷിന്റെ പോസ്റ്റില്‍ നിന്ന്- വല്ലാതെ ശൂന്യമാവുന്ന നേരങ്ങളില്‍ അഭയാര്‍ത്ഥിയായി ചെന്നുപറ്റുന്ന പ്രിയപ്പെട്ട ചിലയിടങ്ങളുണ്ട്. പറവൂരില്‍ അംജാദലിയുടെ വക്കീലാപ്പീസ് അതിലൊന്നാണ്. ഇന്നലെയവിടെ കയറിച്ചെല്ലുമ്പോഴാണ് ഞാനാ ചെറുപ്പക്കാരനെ കണ്ടത്; സനോജ്…

അംജാദ് ചോദിച്ചു; ഓര്‍മയുണ്ടോ ഇയാളെ?

എവിടെയോ കണ്ട ഓര്‍മ. എന്നാലതൊട്ട് ക്ലിയറാവുന്നുമില്ല. അംജാദിന്റെ സഹചാരി അഡ്വ. സി.കെ. റഫീഖ് തന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട വീഡിയോ എന്നെ കാണിക്കുകയാണ്. കഴിഞ്ഞ നവംബര്‍ ഇരുപത്താറിനോ മറ്റോ റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത ഒരു സ്റ്റോറി. മക്കളെ സ്‌ക്കൂള്‍ ബസ്സില്‍ കേറ്റിവിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നിഷ്ഠുരനായ പ്രതിയായി ആ വീഡിയോയില്‍ സനോജ് മുഖം കുനിച്ചുനിന്നിരുന്നു.

റഫീഖ് വീഡിയോ ഓഫ് ചെയ്തു. സര്‍വത്ര നിശ്ശബ്ദത. ഞാന്‍ സനോജിന്റെ മുഖത്തേയ്ക്കു നോക്കി. അയാള്‍ സര്‍വം തകര്‍ന്നവന്റെ ശൂന്യതയോടെ തലകുനിച്ചിരിക്കുകയായിരുന്നു. എന്റെ മുഖത്തുനോക്കൂ സനോജ്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത് ചെയ്തിരുന്നോ? ആ നിമിഷം സനോജ് പൊട്ടിക്കരഞ്ഞു. നട്ടുച്ചയാണ്. അംജാദിന്റെ കാറില്‍ ഞങ്ങള്‍ എറണാകുളത്തേയ്ക്കു പോവുകയാണ്. ഇടയ്ക്കു ഞങ്ങള്‍ വരാപ്പുഴ പുത്തന്‍ പള്ളിക്കടുത്ത് മുഴുവഞ്ചേരി വീട്ടില്‍ക്കയറും. അവിടെ സനോജിന്റെ അമ്മ ഫിലോമിനയുടെ സങ്കടങ്ങള്‍ കേള്‍ക്കും…

ഹൈക്കോടതി പരിസരത്ത് കാറൊതുക്കി റഫീഖ്, അഡ്വ. മന്‍സൂറിന്റെ ക്യാബിന്‍ ലാക്കാക്കി മറഞ്ഞു. ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും സനോജിന്റെ കേസ് നയിക്കുന്നത് റഫീഖാണ്. ‘വെലോസിറ്റി ബിയര്‍ പാര്‍ലറി’ല്‍ ആ കേസ് ഫയല്‍ മറിച്ചുനോക്കി ഞാനിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത കഥയിലെ അപമാനിതയായ യുവതി വീണാ ജോര്‍ജ്ജായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ചീഫ് ന്യൂസ് എഡിറ്റര്‍. ഇപ്പോള്‍ ആറന്മുളയിലെ ഇടതുപക്ഷത്തിന്റെ കണ്‍മണി സ്ഥാനാര്‍ത്ഥി.

പൊലീസ് രേഖകള്‍ പ്രകാരം സംഭവമിങ്ങനെയാണ്. കഴിഞ്ഞ നവംബര്‍ പത്തിന് രാവിലെ ഏഴരയോടടുത്ത് കുട്ടികളെ സ്‌കൂള്‍ ബസ് കേറ്റിവിട്ടു വീട്ടിലേയ്ക്കു മടങ്ങുംവഴി KL7 രജിസ്ട്രേഷനിലുള്ളതും 77Â അവസാനിക്കുന്ന നമ്പറുള്ളതുമായ ബൈക്കില്‍ പിന്തുടര്‍ന്ന് ഒരു കറുത്ത ചെറുപ്പക്കാരന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി വീണാ ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി കൊടുക്കുന്നു. സംഭവം നടന്നതിന്റെ (? ) മൂന്നാം ദിവസം. പത്തു ദിവസം കഴിഞ്ഞ് പാലാരിവട്ടം പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നു.

ഇടപ്പള്ളിയിലെ പല ചെറുപ്പക്കാരേയും വേട്ടയാടുന്ന കൂട്ടത്തില്‍ പൊലീസ് സനോജിനേയും പൊക്കുന്നു. അയാള്‍ ഇടപ്പള്ളി അഞ്ചുമന മണല്‍ പാര്‍ക്കിലെ ലോറിഡ്രൈവറായിരുന്നു. വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു. നീ നാളെ സ്റ്റേഷനില്‍ ഹാജരാകണം. ആരോ കളിപ്പിക്കാന്‍ വിളിച്ചതാവുമെന്ന് സനോജ് കരുതി. പിറ്റേന്ന് മണല്‍ പാര്‍ക്കില്‍ പണിക്കെത്തിയപ്പോള്‍ പണി പാളി. രണ്ടു പൊലീസുകാര്‍ കൊണ്ടുപോകാന്‍ വന്നിരിക്കുകയാണ്…കാര്യമെന്തെന്നറിയാതെ സനോജ് സ്റ്റേഷനില്‍ വിറങ്ങലിച്ചു നിന്നു. ആളിപ്പോ വരും, നിന്നെ ഞങ്ങള്‍ കാര്യമറിയിച്ചു തരാമെന്നു പൊലീസുകാര്‍ അയാളോട് പറഞ്ഞു.

പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും വൈകാതെ വന്നുചേര്‍ന്നു. പൊലീസ് ചോദിച്ചു; ഇവരെ നിനക്കറിയുമോ? സനോജ് പറഞ്ഞു; അറിയും, ടിവിയില്‍ വാര്‍ത്ത വായിക്കുന്നതു കണ്ടിട്ടുണ്ട്…മുഖമടച്ചൊരു അടി കിട്ടി. അല്ലാതെ നീയിവരെ കണ്ടിട്ടില്ലേടാ പുന്നാരമോനേ…പൊലീസ് സനോജിന്റെ തലയില്‍ ഒരു ഹെല്‍മെറ്റ് വച്ചുകൊടുത്തിട്ട് വീണയോട് ചോദിച്ചു; ഇവനോണോ മാഡം? യുവതിക്ക് സംശയമില്ലായിരുന്നു; ഇവനാണ്, ഇവനാണെന്നു തോന്നുന്നു…യുവതിയുടെ പുതിയ മൊഴി പ്രകാരം യുവാവ് തന്നെ ലൈംഗികമായി അവഹേളിച്ചുവെന്നും ബൈക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നും കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു.

വീണയും തബലയും’ പോലെ ആ ഓര്‍ത്തഡോക്സ് ദമ്പതികള്‍ ഇറങ്ങിപ്പോയി. ഐ.പി.സി 506(1), കെ.പി. ആക്ട് 119 (മ) വകുപ്പുകള്‍ ചുമത്തിയ പഴയ കേസ് ജാമ്യം കിട്ടാത്ത പുതിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ശക്തമാക്കി. വധശ്രമത്തിന് ഐപിസി 308, സ്ത്രീത്വത്തെ അപമാനിച്ചതിന് 354 (ഉ), ആ ദിവസം മുഴുവന്‍ താന്‍ ചെയ്ത തെറ്റെന്തെന്നറിയാത്ത ആ ചെറുപ്പക്കാരന്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു. രാത്രി മജിസ്ട്രേറ്റിന്റെ മുന്നില്‍ അയാള്‍ ഹാജരാക്കപ്പെട്ടു.

വിലങ്ങണിയിച്ച് നിരപരാധിയായ ആ ചെറുപ്പക്കാരനെ മജിസ്ട്രേറ്റിന്റെ സവിധത്തിലേയ്ക്ക് ആനയിക്കപ്പെടുന്ന ആ രാത്രിയില്‍ മഹാമാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് ചാനലില്‍ മനുഷ്യാവകാശത്തെക്കുറിച്ചും രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുമൊക്കെ പുലമ്പുകയായിരുന്നിരിക്കണം…സനോജ് പതിനാലു ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ടു. കാക്കനാട്ടെ ജില്ലാ ജയിലില്‍ അയാള്‍ അപമാനിതനായി കരഞ്ഞുകിടന്നുറങ്ങി. അപ്പന്‍ ഒരുനാള്‍ വന്ന് അഴികള്‍ക്കിപ്പുറം നിന്ന് അയാളെ സമാധാനിപ്പിച്ചു. നീ സങ്കടപ്പെടരുത്, നീ ജോലി ചെയ്ത സ്ഥലത്തെ വീഡിയോ കിട്ടിയിട്ടുണ്ട്…ആ പെണ്ണുമ്പിള്ള പറയുന്ന സമയത്തൊക്കെ നീ മണല്‍ പാര്‍ക്കിലുണ്ടെന്ന് വീഡിയോയിലുണ്ട്…

മണല്‍ പാര്‍ക്കിലെ ക്ഷുഭിതരായ ജീവനക്കാര്‍ വീണയെ ഫോണില്‍ വിളിച്ചു; മാഡം, നിങ്ങളിവിടെ വരൂ.. ഈ സിസി ടിവി ദൃശ്യങ്ങള്‍ കാണൂ.. നിങ്ങള്‍ കാരണം ജയിലില്‍ക്കിടക്കുന്ന സനോജ് ആ ദിവസം ഉച്ചവരെ ഇവിടെയുണ്ടായിരുന്നു എന്നു നിങ്ങളെ ഞങ്ങള്‍ ബോധ്യപ്പെടുത്താം…വീണ പേടിച്ചു; അയാളുടെ ബന്ധുക്കളൊന്നും അവിടെയില്ലെങ്കില്‍ ഞാന്‍ വരാം..

വീണയും ഭര്‍ത്താവും മണല്‍ പാര്‍ക്കിലെത്തി, വീഡിയോ കണ്ടു. താടിക്കു കൈകൊടുത്ത് മഹാ മാധ്യമപ്രവര്‍ത്തക ഇരുന്നതായി അന്നവിടെയുണ്ടായിരുന്ന സനോജിന്റെ സഹോദരന്‍ എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഏങ്ങിക്കരഞ്ഞത് ഞാനോര്‍ക്കുന്നു… ഞാനുപസംഹരിക്കുകയാണ്. പ്രിയപ്പെട്ട വീണാ ജോര്‍ജ്ജ്, നിങ്ങള്‍ ചമച്ച ഒരപവാദ കഥയിലെ പ്രതി ഇപ്പോഴും ആര്‍ക്കും മുഖം കൊടുക്കാതെ വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്…

അയാള്‍ക്ക് ജാമ്യം കിട്ടിയെന്നത് ശരിയാണ്. പക്ഷേ, നിയമത്തിനു മുന്നില്‍ അയാളിപ്പോഴും പ്രതിയാണ്.. അയാളുടെ അമ്മ പള്ളിയില്‍പ്പോലും പോകാന്‍ ധൈര്യപ്പെടാതെ വീടിനുള്ളില്‍ ചുറ്റിത്തിരിയുന്നു. അയാളുടെ കല്യാണം മുടങ്ങിപ്പോയി. ഇരുപത്തിയൊമ്പതു വയസ്സു മാത്രം പ്രായമുള്ള ഒരാളുടെ ജീവിതം തകര്‍ത്തിട്ട് നിങ്ങളൊരു ഇടതുപക്ഷക്കാരിയായി വിജയരഥത്തിലേറിപ്പോവുകയാണ്..നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ടത് ഒമ്പതാം തിയതിയോ പത്താം തിയതിയോ? നിങ്ങളൊരിടത്തു പറയുന്നു, സംഭവിച്ചത് ലൈംഗികാക്രമണമായിരുന്നുവെന്ന്.. മറ്റൊരിടത്തു പറയുന്നു ജീവാപായമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്…

പ്രിയപ്പെട്ട വീണാ ജോര്‍ജ്, ആദരണീയരായ മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റിലൊന്നും ഒരു കാലത്തും നിങ്ങളുണ്ടായിരുന്നില്ല. ഒരു ദശകക്കാലത്തെ മാധ്യമപ്രവര്‍ത്തനം കൊണ്ട് കോടികളുടെ മൂലധനം സ്വരൂപിച്ച് സ്വന്തമൊരു ചാനലുണ്ടാക്കാന്‍ കഴിഞ്ഞ കരിയറിസ്റ്റുകളുടെ ലോകത്തായിരുന്നു നിങ്ങള്‍ ജീവിച്ചത്. അവര്‍ പറഞ്ഞുതരാത്ത ഒരു ഉപദേശമാണ്, മഹാനായ എസ്. ജയചന്ദ്രന്‍ നായര്‍ എനിക്കുതന്ന ഉപദേശമാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയുന്നത്… സത്യാന്വേഷണമാണ് പത്രപ്രവര്‍ത്തകന്റെ പണി. അനുകമ്പയില്ലാതെ അതൊരിക്കലും ചെയ്യരുത്…അനുകമ്പയോടെ സ്വന്തം തെറ്റ് ഏറ്റുപറയൂ.. പുത്തന്‍പള്ളിയിലെ ആ പാവം വീട്ടില്‍ച്ചെന്നിട്ട് സനോജിന്റെ അമ്മയോട് മാപ്പു പറയൂ…

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്നു യുവാവ് മരണമടഞ്ഞ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന് നേരെ നവമാധ്യമങ്ങളില്‍ തെറിയഭിഷേകം. ഭര്‍ത്താവ് നഷ്ടപ്പെട്ട വിഷമത്തില്‍ കനത്ത ദു:ഖഭാരത്തില്‍ നീനു നല്‍കിയിരിക്കുന്ന അഭിമുഖത്തിന് തൊട്ടു താഴെയാണ് ജാതീയമായും അല്ലാതെയും നീനുവിനെ ആക്ഷേപിച്ചിരിക്കുന്നത്. നാക്ക് പുളിക്കുന്ന തെറികളും പുലഭ്യങ്ങളുമാണ് എഴുതിയിരിക്കുന്നത്.

‘കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയാല്‍ ഇതാകും അവസ്ഥ. നീ അനുഭവിക്കണം’ എന്നാണ് ഒരു കമന്റ്. മറ്റൊന്ന് ‘കാമസുഖത്തിന് വേണ്ടി അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചവളല്ലേ നീ’ എന്നു പറഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയമായ അധിക്ഷേപങ്ങളും ഉണ്ട്. ‘നേരെ ചൊവ്വേ കുരിശും വരച്ചു ജീവിക്കുന്ന നസ്രാണി ചെക്കന്മാര്‍ പെണ്ണു കാണാന്‍ ചെല്ലുമ്പോള്‍ എവളുമാര്‍ക്ക് ഒടുക്കത്തെ വാലാ’ ഇങ്ങിനെയാണ് ഒരു കമന്റ് പോകുന്നത്.

‘കണ്ട ചെറ്റകളുടെ കൂടെ പോയത് കൊണ്ടല്ലേ’ എന്ന കമന്റും ഉണ്്. കെവിന്റെ മരണശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേര് നീനുവിന്റേതായിരുന്നു. ശനിയാഴ്ച ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് അറിഞ്ഞു കൊണ്ടു പരാതി നല്‍കാനെത്തിയ നീനുവിനോട് നീതിപൂര്‍വ്വമുള്ള പ്രതികരണമായിരുന്നില്ല പോലീസ് നടത്തിയത്. ഭര്‍ത്താവിനെ ജീവനോടെ കാണാന്‍ എത്തിയ അവര്‍ക്ക് കാണേണ്ടി വന്നത് ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമായിരുന്നു.

പ്രണയസാക്ഷാത്ക്കാരത്തിനായി ജാതി-മത ആഡംബരങ്ങള്‍ മറികടന്ന് എത്തിയ നീനുവിന്റെ മാനസീക സംഘര്‍ഷങ്ങള്‍ക്ക് തെല്ലും വില കല്‍പ്പിക്കാതെയാണ് കമന്റ് ഇട്ടിരിക്കുന്നത്. അവര്‍ അനുഭവിക്കുന്ന മാനസീക സംഘര്‍ഷം, അവരുടെ ഭാവി, പ്രണയപരാജയം ഇതിനൊന്നും പരിഹാരമില്ലെന്നിരിക്കെ കൊലവിളി മാറാത്ത ഒരു കൂട്ടം ഇപ്പോഴും അവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

 

അനാവശ്യ വിവാദങ്ങളില്‍ നിന്ന് എപ്പോഴും മാറി നില്ക്കാന്‍ ശ്രദ്ധിക്കാറുള്ള വ്യക്തിയാണ് ആമിര്‍ ഖാന്‍. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിന്റെ പെര്‍ഫെക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന ആമിറും സാമൂഹിക മാധ്യമങ്ങളില്‍ സദാചാരവാദികളുടേയും വിമര്‍ശകരുടെയും ഇരയായിരിക്കുകയാണ്.

മകള്‍ ഇറയുമൊത്തുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തതിനാണ് ട്രോളന്മാര്‍ ആമിറിനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. കസിനും പ്രമുഖ ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ മന്‍സൂര്‍ ഖാന്റെ അറുപതാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി കൂനൂരിലാണ് ആമിറും കുടുംബവും ഉള്ളത്. ആഘോഷങ്ങള്‍ക്കിടെ കുടുംബവുമൊത്തുള്ള ചിത്രങ്ങള്‍ ആമിര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു . ഇതില്‍ മകള്‍ ഇറയുമൊത്തുള്ള ചിത്രമാണ് സദാചാരക്കാരെ ചൊടിപ്പിച്ചത്.

പുല്‍ത്തകിടിയില്‍ കിടക്കുന്ന ആമിറിന്റെ നെഞ്ചത്ത് കയറി ഇരിക്കുന്ന ഇറയുടെ ചിത്രമാണ് ആമിര്‍ പങ്കുവച്ചത്. എന്നാല്‍ ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയൊരു വിഭാഗത്തിന് അനുചിതമായാണ് തോന്നിയത്.

മാന്യതയുടെ സീമകള്‍ ലംഘിക്കുന്ന കമന്റുകളാണ് ചിത്രത്തിന് താഴെ ലഭിച്ചതില്‍ ഏറെയും. അച്ഛന്‍-മകള്‍ ബന്ധത്തിനപ്പുറം ചിത്രത്തില്‍ ലൈംഗികത കണ്ടെത്താനും ചിലര്‍ ശ്രമിച്ചിട്ടിട്ടുണ്ട്. ഇതെല്ലം പരസ്യമായല്ല അടച്ചിട്ട വാതിലിനകത്ത് വേണമായിരുന്നു ചെയ്യാനെന്നാണ് ചില വിവേക ശൂന്യമായ കമന്റുകളില്‍ പറയുന്നത്.

ഇറയുടെ വസ്ത്രധാരണത്തിനുമുണ്ട് വിമര്‍ശനം. യൗവ്വനയുക്തയായ പെണ്‍കുട്ടി അച്ഛന്റെ പുറത്ത് കയറി കളിക്കുന്നത് സംസ്ക്കാരത്തിന് നിരക്കാത്തതാണെന്നും ചിലര്‍ കണ്ടെത്തുന്നു. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാര്‍ട്ടിയുടെ ചിത്രങ്ങളും ആമിര്‍ പങ്കുവച്ചിരുന്നു. പുണ്യമാസമായിട്ട് മദ്യപിച്ചതിനും ഭക്ഷണം കഴിച്ചതിനും ആമിറിന് വിമര്‍ശനങ്ങളുണ്ട്.

എന്നാല്‍ പവിത്രമായ ഒരു ബന്ധത്തെ ഇത്തരത്തില്‍ നികൃഷ്ടമായ രീതിയില്‍ കണക്കാക്കിയതിന് സദാചാരക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായും ആമിറിനും മകള്‍ക്കും പിന്തുണയുമായും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. മക്കള്‍ എത്ര വലുതായാലും മാതാപിതാക്കള്‍ക്ക് അവര്‍ കുഞ്ഞുങ്ങളാണെന്നും അതിലും ലൈംഗികത കണ്ടെത്താന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ളവരാണ് നാടിന്റെ ശാപമെന്നും ഇവര്‍ പറയുന്നു.

തനിയെ എഴുനേറ്റു നിൽക്കാൻ പോലും ആവതില്ല, കരയാൻ ഒരു തുള്ളി കണ്ണുനീരില്ല. ആരാണീ ക്രൂരത കാണിക്കുന്നത്? കഴിഞ്ഞ ദിവസം മുതൽ വാട്സാപ്പിലും മറ്റ് സമൂഹമാധ്യമത്തിലും പ്രചരിക്കുന്ന വിഡിയോ കണ്ടവർ പരസ്പരം ചോദിക്കുന്നതാണിത്.

ഒരു ക്രൂരയായ സ്ത്രീ ഒരു പ്രായംചെന്ന സ്ത്രീയെ ഉപദ്രവിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുടിക്ക് പിടിച്ചും മുഖത്തടിച്ചും കഴുത്തിൽ ഞെക്കിയും പിടിച്ചു തള്ളിയും ഇവർ വൃദ്ധയെ ഉപദ്രവിക്കുന്നു. അവർ നിസഹായയായി കണ്ണുനീർ പൊഴിച്ചിട്ടും ക്രൂരത തുടരുകയാണ്. ഈ വിഡിയോയ്ക്കെതിരെ രോക്ഷം പടരുകയാണ്. ആരാണ് ഈ ക്രൂര എന്നാണ് സോഷ്യൽമീഡിയയുടെ അന്വേഷണം.

തിരക്കേറിയ ഹൈവേയില്‍ മുമ്പില്‍ പോയ ഒമിനി വാനിനെ മറികടക്കുവാന്‍ ശ്രമിച്ച ഒരു സ്‌കൂട്ടര്‍ യാത്രികന്‍ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടു. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബസിന്റെ അടിയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് വരുന്നതുപോലുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.  അമിതവേഗതയിലെത്തുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മുമ്പില്‍ പോയ വാഹനത്തെ മറികടക്കുവാന്‍ ശ്രമിക്കുമ്പോള്‍ എതിരെ ഒരു ബസ് വരുന്നു.

ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിയുകയും ചെയ്തു. എന്നാല്‍ വന്‍ അപകടമൊഴിവായത് ബസ് ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലമായിരുന്നു.ബസ് പെട്ടെന്ന് വെട്ടിച്ച് മാറ്റിയതിനാല്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. ബസിനടയില്‍പെട്ട സ്‌കൂട്ടറാകട്ടെ നിശ്ശേഷം തകര്‍ന്നുപോയി. നിസ്സാര പരുക്കുകളോടെ ഞൊടിയിടയില്‍ റോഡില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സ്‌കൂട്ടര്‍ യാത്രികന്‍ വാന്‍ ഡ്രൈവറെ ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം….

കണ്ടു നിന്നവരുടെ സിരകളിൽ രക്തം മരവിപ്പിക്കുന്ന കാഴ്ചയായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച പാരിസിലെ ഒരു അപാര്‍ട്ട്മെന്റ് സമുച്ചയത്തിന് മുന്‍പില്‍ നിന്നവരെല്ലാം കണ്ടത്. പാരിസിലെ റിയൂ മാക്‌സ് ഡോര്‍മൊയ് അപാര്‍ട്ട്മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയുടെ കൈവരിയില്‍ പിടിച്ചു തൂങ്ങി കിടക്കുന്ന ഒരു നാല് വയസ്സുകാരനെ കണ്ട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ നാട്ടുകാര്‍ അമ്പരന്നുനില്‍ക്കയായിരുന്നു.  കുട്ടിയുടെ ഡാഡി പുറത്തു ഷോപ്പിംഗിനു പോയ നേരത്താണ് കുഞ്ഞ് ബാല്‍ക്കണിയില്‍ ഇറങ്ങി കളിച്ചതും താഴേക്കു വീഴാന്‍ പാകത്തില്‍ തൂങ്ങി പിടിച്ചു കിടക്കേണ്ട സ്ഥിതി ഉണ്ടായതും. അപാര്‍ട്ട്മെന്റിന്റെ അടുത്ത വിംഗിലെ ഒരാള്‍ ഓടിയെത്തി താഴെ പോകാതെ കുട്ടിയെ ഒരു കൈ കൊണ്ട് പിടിച്ചു കൊണ്ട് നിന്നു.

അപാര്‍ട്ട്മെന്റിലെ അയാളുടെ ഭാഗത്തെ കെട്ടിടവും കുട്ടിയുടെ ഭാഗത്തെ അപ്പാര്‍ട്ട്മെന്റ് കെട്ടിടവും തമ്മില്‍ കമ്പിവേലി കൊണ്ടുള്ള വേര്‍തിരിവ് ഉണ്ടായിരുന്നതിനാല്‍ അയല്‍ക്കാരന് കുട്ടിയിന്മേലുള്ള പിടിത്തം അത്ര ശക്തമായിരുന്നില്ല. അയാളുടെ കൈ കൊണ്ട് കുട്ടി താഴേക്കു ഊര്‍ന്നു പോകാതെ ഒന്ന് പിടിച്ചു വയ്ക്കാന്‍ മാത്രമേ അയാള്‍ക്ക് സൗകര്യം ഉണ്ടായിരുന്നുള്ളൂ. ഓടിക്കൂടിയവര്‍ അഗ്‌നി ശമന പ്രവര്‍ത്തകരെ വിവരം അറിയിച്ചു. അപ്പോഴാണ് മമൗഡൗ ഗസാമ എന്ന ചെറുപ്പക്കാരന്‍ അത് വഴി വന്നത്. മാലിക്കാരനാണ് അയാള്‍. കുട്ടി ഇങ്ങനെ തൂങ്ങി കിടക്കുന്നത് കണ്ട അയാള്‍ ഉടന്‍ ആ കെട്ടിടത്തിന് മുകളിലേക്ക്, ഏണിയോ കയറോ മറ്റുപകരണങ്ങളോ ഒന്നുമില്ലാതെ വലിഞ്ഞു കയറാന്‍ തുടങ്ങി. തൂങ്ങിയും വലിഞ്ഞും ചാടിയുമൊക്കെ അയാള്‍ ഒരുവിധം കുട്ടി തൂങ്ങി കിടക്കുന്ന നാലാം നില ബാല്‍ക്കണിയില്‍, അയല്‍ക്കാരന്റെ അപാര്‍ട്ട്മെന്റിന്റെ വേലിക്കിപ്പുറം കുഞ്ഞിന്റെ അരികിലെത്തി. അവിടെ എത്തി ഒരു സെക്കന്റ് പോലും താമസിക്കാതെ ഒറ്റക്കൈയ്യാല്‍ കുഞ്ഞിനെ വലിച്ച് അകത്തേക്കെടുത്തു.

22-കാരനായ ഗസാമ ആറ് മാസം മുന്‍പാണ് പാരിസില്‍ എത്തിയത്. പാരീസ് മേയര്‍, ഗസാമയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കൈ വഴുതി പോയിരുന്നെങ്കില്‍ സ്വന്തം ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്ന ഒരു കാര്യം ചെയ്തത് എന്താണ് എന്ന് ചോദിച്ചപ്പോള്‍ അതൊരു കൊച്ചു കുഞ്ഞായത് കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തത് എന്നായിരുന്നു ഗസാമയുടെ മറുപടി. ഗസാമ കുഞ്ഞിനെ രക്ഷപ്പെടുത്തിയതിന് ശേഷമേ അഗ്‌നി ശമന പ്രവര്‍ത്തകര്‍ക്ക് എത്താനായുള്ളൂ.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

 

മലയാളസിനിമയില്‍ മോഹന്‍ലാലിന് പകരം പ്രൊഫസര്‍ പച്ചക്കുളം വാസു എത്തുന്ന രംഗമുണ്ട്. മലയാളികള്‍ ഒരിക്കലും മറക്കാത്ത കോട്ടയം കുഞ്ഞച്ചന്‍ എന്ന സിനിമയില്‍ മാത്രം കണ്ടിട്ടുളള ഇങ്ങനൊരു രംഗത്തെ അനുസ്മരിപ്പിക്കും വിധമുള്ള കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കണ്ടത്.

തിരഞ്ഞെടുപ്പ് കാലത്ത് വിജയിക്കാന്‍ ജനങ്ങളുടെ പള്‍സ് അറിഞ്ഞ് വോട്ടു പിടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മുഖ്യാതിഥിയായി എത്തും എന്ന പ്രഖ്യാപനം നടത്തി പ്രചരണവും നടത്തി. എന്നാല്‍ പകരം വന്നതോ കോലിയുടെ ഡ്യൂപ്പും.

മഹാരാഷ്ട്രയിലെ ഷിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള സംഭവം നടന്നത്. മെയ് 25ന്റെ റാലിയില്‍ വിരാട് കോഹ്ലി മുഖ്യാതിഥിയായി എത്തും എന്നായിരുന്നു ആളെക്കൂട്ടാനുള്ള പ്രഖ്യാപനം. സ്ഥാനാര്‍ത്ഥിയായ വിത്തന്‍ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്ലിയുടെ ചിത്രവും ഫ്ലക്സില്‍ അടിച്ചിരുന്നു.

എന്തൊക്കെയായലും നാട്ടുകാര്‍ വളരെ സന്തോഷത്തിലായിരുന്നു. പോസ്റ്ററും കൂടി കണ്ടപ്പോള്‍ കോഹ്ലി മുഖ്യാതിഥിയായി എത്തും എന്ന് അവര്‍ ഉറപ്പിക്കുകയും ചെയ്തു. അങ്ങനെ സ്ഥാനാര്‍ത്ഥി നാട്ടുകാരെ നിരാശരാക്കിയില്ല. വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യും എന്ന അര്‍ത്ഥത്തില്‍ കോഹ്ലിക്ക് പകരം ആര്‍ക്കും കണ്ടാല്‍ മനസ്സിലാകാത്ത അസ്സലൊരു ഡ്യൂപ്പിനെ കൊണ്ടുവരികയും ചെയ്തു. ഇപ്പോള്‍ കോഹ്ലിയുടെ അപരന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് നേടാനുളള ഈ കള്ളക്കളി സോഷ്യല്‍ മീഡിയ പൊളിച്ചുകൊടുക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോയ്ക്ക് കമന്റുകളിട്ട് സ്ഥാനാര്‍ത്ഥിയെ ട്രോളിക്കൊല്ലുകയാണ്.

 

തിയേറ്ററുകളിൽ തരംഗമായ ദുൽഖർ ചിത്രം മഹാനടി കാണുന്നതിനിടെ താൻ അപമാനിക്കപ്പെട്ടുവെന്ന് ടെലിവിഷൻ അവതാരകയും നടിയുമായ ഹരിതേജയുടെ വെളിപ്പെടുത്തൽ. ഫെയ്സ്ബുക്കിലൂടെയാണ് താരം തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഹരിതേജ താൻ നേരിട്ട കയ്പേറിയ അനുഭവം വിവരിച്ചത്.

സിനിമ പകുതിയോളം പൂർത്തിയായ സമയത്തായിരുന്നു ഹരിതേജയുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റ സംഭവം നടന്നത്. സിനിമാ കാണാനെത്തിയ സ്ത്രീയിൽ നിന്നാണ് തനിക്ക് അപമാനമേറ്റത്. സിനിമാക്കാര്‍ക്ക് അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയുമെന്നും ഞങ്ങള്‍ അങ്ങനെയല്ലെന്നുമായിരുന്നു സ്ത്രീയുടെ പ്രതികരണം. ഇത് തന്‍റെ അച്ഛനാണെന്ന് പറഞ്ഞിട്ടു പോലും, അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹരി പറയുന്നു. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ അനുഭവമെന്നും തന്റെ മുൻപിൽ വച്ചു കുടുംബം ഒന്നാകെ അപമാനിക്കപ്പെട്ടത് സഹിക്കാവുന്നതിലും അപ്പുറമാണെന്നും ഹരിതേജ ഫെയ്സ്ബുക്കിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.

ഇത്തരത്തിൽ സിനിമാതാരങ്ങളെ കൈകാര്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും മാന്യമായ പെരുമാറ്റം എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നതായും ഹരിതേജ പറഞ്ഞു. കുച്ചിപ്പുഡി നർത്തകിയായ ഹരി ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. തുടർന്ന് ബിഗ്ബോസ് തെലുങ്കിലും പങ്കെടുത്തു.

ട്രക്കിനു മുമ്പില്‍ ചാടുന്നത്തിനു മുമ്പ് സുഹൃത്തിനോട് ഇയാള്‍ ഈ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ പറഞ്ഞിരുന്നു. ഡ്രൈവര്‍ ഹോണ്‍ മുഴക്കി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രണ്ടു കൈകളും മുകളിലേയ്ക്ക് ഉയര്‍ത്തി ഇയാള്‍ ട്രക്കിന്റെ മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു.

സംഭവത്തിനു ശേഷം യുവാവ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സാഹസികന് പണി കിട്ടിയിരിക്കുകയാണ്. ഇയാളെ ട്രാഫിക്ക് പൊലീസ് കസറ്റ്ഡിയില്‍ എടുത്തു..

ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഒരമ്മയെഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയെ കരയിപ്പിക്കുന്നത്. ഓട്ടിസ്റ്റിക്കായ മകന്റെ വന്യമായ പെരുമാറ്റത്തെ കുറിച്ച് കണ്ണീരോടെയാണ് ഈ അമ്മ തുറന്നുപറയുന്നത്.

പ്രീത ജി പി എഴുതിയ കുറിപ്പ്;

ഒന്നര ദിവസത്തെ ആത്മകഥ. ഇതെഴുതി പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് വരെ എനിക്ക് സ്വസ്ഥമായി ഇരിക്കാന്‍ കഴിയുമോയെന്നറിയില്ല. ഉറക്കം അവസാനിപ്പിച്ച് ഒരു വന്യമൃഗത്തെപ്പോലെ എന്റെ മുല കുടിച്ചു, എന്റെ കൈ പിടിച്ചു പിച്ചവെച്ച, എന്റെ മടിയിലിരുന്നൊരായിരം കൊഞ്ചലുകളും, ഉമ്മകളും ഏറ്റുവാങ്ങിയ അവന്‍ ഉണര്‍ന്നു വരുമോയെന്നു എന്റെ ചങ്കിടിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. എങ്കിലും എനിക്കെഴുതണം. ഓട്ടിസം പോലെയുള്ള അവസ്ഥകള്‍ അതിന്റെ ഇരകള്‍ എങ്ങനെ നേരിടുന്നുവെന്നു.

എന്തിനിവന്‍ ഇതൊക്കെ ചെയ്യുന്നു എന്നു തിരിച്ചറിയാനാവാതെ പതറി നിന്നിട്ടുണ്ട്. സ്വഭാവങ്ങളിലെ വിചിത്ര രീതികളും, വൈജാത്യങ്ങളും നമ്മുടെ അറിവുകള്‍ കൊണ്ടും, യുക്തി കൊണ്ടും മാനേജുചെയ്തും , അതിജീവിച്ചു വരുമ്പോളാകും നമ്മളെ അടിമുടി തകര്‍ക്കുന്ന പുതിയ പെരുമാറ്റ വൈകല്യങ്ങളുമായാവും അവര്‍ വരിക.

കഴിഞ്ഞ ഒരാഴ്ചയായി അവന്‍ ഇടക്ക് ഏതോ വൈകാര്യകതയുടെ ഭാഗമായി സ്വയം കടിക്കുന്നതിനൊപ്പം എന്നേയും കടിക്കാന്‍ ശ്രമിക്കുന്നു. രാവിലെയോ , വൈകുന്നേരമോ രണ്ടോ മൂന്നോ മിനിറ്റു നീളുന്ന ഒരു പ്രവര്‍ത്തി. ആദ്യ ദിനം പതറിപ്പോയി. കൈ മുഴുവന്‍ കടി കൊണ്ടു കരിനീലിച്ചു കിടന്നു. ഇത്രയും നാളത്തെ അനുഭവം വച്ചു സെന്‍സറി ഇഷ്യു ആകും എന്നു കരുതി , അതിനുള്ള ചില പൊടിക്കൈകള്‍ ചെയ്തു. എങ്കിലും ദിവസത്തില്‍ എപ്പോഴെങ്കിലും ഒരു തവണ ഒരു ഹിംസ്ര മൃഗത്തെപ്പോലെ അവനെന്നെ കടിച്ചു കീറാന്‍ വന്നു .

എന്തു ചെയ്യണമെന്നു ആലോചിച്ചപ്പോള്‍ ഒരു വഴിയേ തെളിഞ്ഞുള്ളു, തിരിച്ചു വയലന്റായി പ്രതികരിക്കുക. അല്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു… അതിനു ശേഷം അവന്‍ എന്നെ കെട്ടിപ്പിടിക്കും, ഉമ്മകള്‍ കൊണ്ടു മൂടും.. എല്ലായ്‌പ്പോഴും പോലെ. മുമ്പൊക്കെ രാവിലെ ഉണരുമ്പോള്‍ ഞാന്‍ ചെയ്യുന്നതു പോലെ എന്റെ നെറ്റിയില്‍ ഉമ്മ തരും, ഇടക്ക് ഉണര്‍ന്നാല്‍പ്പോലും ചിലപ്പോള്‍ ഉമ്മ തരും, എണീറ്റു പോകുന്നതിനു മുമ്പ് എന്റെ നെറ്റിയില്‍ ഉമ്മ വയ്ക്കും, എന്നിട്ടു ഊഞ്ഞാല്‍ ആടാന്‍ പോകും. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നാല്‍ പാട്ടു കേട്ടുറങ്ങും. ചിലപ്പോള്‍ നിര്‍ബന്ധപൂര്‍വ്വം എന്നെ ഒപ്പം കിടത്തും. ആ കുട്ടിയാണ് എന്നെ ഒരു വന്യ മ്യഗത്തെപ്പോലെ ആക്രമിക്കുന്നത്.

അതിനിടയിലാണ് അമ്മ പറഞ്ഞത് പരിചയത്തിലുള്ള ഒരു ഓട്ടിസ്റ്റിക്കായ കുട്ടി വല്ലാതെ വയലന്റായപ്പോള്‍ കണ്ട ഡോക്ടറെ കുറിച്ചും , ഉണ്ടായ മാറ്റത്തെ കുറിച്ചും. സിദ്ദിനെയും കൂട്ടി പുറത്തു പോകുക എളുപ്പമല്ല. അവനിഷ്ടമല്ല. എങ്കിലും ഡോക്ടറെ വിളിച്ചു, അവന് സിറ്റിംഗ് ടോളറന്‍സ് ഇല്ലാത്തതു കൊണ്ട് ഫോണില്‍ പറയട്ടെ കാര്യങ്ങള്‍ എന്നു ചോദിച്ചു കുറെ കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, കുട്ടിയെ ആരെയെങ്കിലും ഏല്‍പ്പിച്ചു നിങ്ങള്‍ തനിയെ വരൂ. ഞാന്‍ : അങ്ങനെ ഏല്‍പ്പിക്കാന്‍ ആരും ഇല്ല. കഴിഞ്ഞ ദിവസം ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍ അമ്മയെ ഏല്‍പ്പിച്ചു പോയ അനുഭവം ആയിരുന്നു മുമ്പില്‍.

പിറ്റേന്ന് ഡോക്ടറെ കാണുന്നതിനു മുമ്പ് പറയാന്‍ ഉള്ളതൊക്കെ ഒരു ബുക്കില്‍ എഴുതി. അവനെ പുറത്ത് ഞാന്‍ മാനേജ് ചെയ്യാംമെന്നും, ഡോക്ടര്‍ അതൊക്കെ വായിച്ചു ക്ലാരിഫിക്കേഷന്‍ ആവശ്യപ്പെട്ടാല്‍ കൊടുത്താല്‍ മതിയല്ലോയെന്നും കരുതി. പക്ഷേ അവനെന്നെ അവിടെ നിലം തൊടീച്ചില്ല. ഡോക്ടര്‍ പെട്ടന്ന് ഞാന്‍ മരുന്നെഴുതാം. കുട്ടി വല്ലാതെ ഇറിറ്റബിളാണ്. അത് കുറയട്ടെ എന്നു പറഞ്ഞു പ്രിസ്‌ക്യപ്ഷന്‍ എഴുതി . അതിനിടക്ക് സിദ്ദ് പുറത്തേക്കോടി. ഞാന്‍ പ്രിസ്‌ക്യപ്ഷനും വാങ്ങി ഫീസ് പോലും കൊടുക്കാന്‍ മറന്ന് പുറത്തേക്കോടി.

ഇതിനിടയില്‍ അവന്‍ ഏതോ ആളുകള്‍ അവിടെ വന്ന ഓട്ടോയില്‍ കയറി ഇരിപ്പുറപ്പിച്ചു. ഡ്രൈവറെ കൊണ്ടു, വരുന്ന വഴി മരുന്നു വാങ്ങിയിച്ചു. ബസില്‍ ഇരുന്നപ്പോള്‍ ആണോര്‍ ത്തത് ഡോക്ടറുടെ ഫീസിന്റെ കാര്യം. വിളിച്ചു സോറി പറഞ്ഞു. ഇനിയും വരുമ്പോള്‍ തരാംന്നും. രാത്രിയില്‍ മരുന്നു കഴിച്ചു 8.30 ക്കുറങ്ങിയ കുഞ്ഞ് 9.45 വരെ ഉറങ്ങി. ഉണര്‍ന്നത് എന്നത്തേയും പോലെ ശാന്തമായോ , ഊഞ്ഞാലിലേക്കോ ആയിരുന്നില്ല. ഒരു തരത്തില്‍ പല്ലു തേപ്പിച്ചു കുളിപ്പിച്ചു . ബ്രേക്ക് ഫാസ്റ്റ് കൊടുത്തു.

അതിനുശേഷം മയക്കത്തിനും ഉറക്കത്തിനുമിടയില്‍ അവന്‍ വന്യമൃഗത്തെപ്പോലെ എന്നെ ഉപദ്രവിച്ചു. ഓരോ തവണയും ഞാന്‍ പലതവണ കടി കൊണ്ടു. പ്രതിരോധിക്കുന്നതിനിടയില്‍ എന്റെ നഖം കൊണ്ടുമൊക്കെ എന്റെ കുഞ്ഞിന്റെ മുഖം മുറിഞ്ഞു. ഓരോ പത്തു മിനിറ്റിലും ഇതൊക്കെ ആവര്‍ത്തിച്ചു. അവളെ കൊല്ലല്ലേ, നിന്നെ എങ്ങനയാ അവള്‍ നോക്കുന്നത്, പൊന്നു പോലയല്ലേ എന്നൊക്കെ അമ്മ അലറിക്കരഞ്ഞു.

ഇതിനിടക്ക് ചില ഡോക്ടര്‍മാരേയും സുഹൃത്തുക്കളോടുമൊക്കെ പ്രസ്തുത മരുന്ന് ഇത്തരം കേസില്‍ കൊടുക്കുന്നതാണെന്ന് ഉറപ്പു വരുത്തി. മയക്കം വിട്ടുമാറാത്തതു കൊണ്ട് അവന്റെ റൂട്ടിന്‍ , ഊഞ്ഞാലാട്ടം ഒക്കെ മുടങ്ങിയതിലുള്ള ഇറിറ്റേഷന്‍ ആകുമെന്ന എന്റെ ഒബ്‌സര്‍വേഷന്‍ ചിലപ്പോള്‍ ശരിയാകാമെന്ന് ഒരു ഡോക്ടര്‍ പറഞ്ഞു. എങ്കില്‍ പകുതി doze നല്കാമെന്ന് സുഹൃത്തിന്റെ ഒപ്പം ഞാന്‍ തീരുമാനിച്ചു . അങ്ങനെ ഈ രാത്രി പകുതി doze നല്കി. പക്ഷേ ഉറക്കത്തിനും മയക്കത്തിനുമിടയില്‍ വീണ്ടും അവനെന്നെ ഉപദ്രവിക്കാനെത്തി. അമ്മ അവളെ കൊല്ലല്ലേയെന്ന് അലറി കരഞ്ഞു. അവര്‍ ദ്രാന്തിയെപ്പോലെ തന്നത്താന്‍ അലച്ചു.

നീ ഏതെങ്കിലും കയത്തില്‍പ്പോയി ചാടി ചത്തോ, അവള്‍ വല്ലയിടത്തും പാത്രം കഴുകിയായാലും ജിവിക്കുമെന്നവര്‍ കരഞ്ഞു. ഞാന്‍ അമ്മയോട് നിങ്ങള്‍ അടുത്ത വീട്ടില്‍ പൊക്കോ .. ഞാന്‍ അവനെ മാനേജ് ചെയ്‌തൊളാം. ഞാന്‍ എങ്ങനെ പോകും . ‘നിന്നെ കൊല്ലുമവന്‍ … ഇതിനിടക്ക് അമ്മ അടുത്ത വീട്ടിലേക്ക് ഫോണ്‍ ചെയ്തു . കസിന്‍സ് വന്നു.. എല്ലാവരും ഇരിക്കെ ബഹളങ്ങള്‍ കുറച്ചു കുറച്ചുഅവന്‍ ഉറങ്ങാന്‍ കിടന്നു. ഞാന്‍ പതിയെ തട്ടി കൊടുത്തു . 10 30 തോടവന്‍ ഉറങ്ങി. അവരും പോയി.

നാളെ നേരം വെളുക്കുന്നതോര്‍ത്തെനിക്കു പേടിയാണ്. ഇനിയും കടി കൊള്ളാന്‍ കൈയില്‍ സ്ഥലമില്ല. ഉണരാതെ എന്നന്നേക്കും ഉറങ്ങിപ്പോകണമെന്നു ആഗ്രഹിക്കാന്‍ പോലും കഴിയില്ല. ആരവനെ എങ്ങനെ നോക്കും. മരണം പോലും ലക്ഷറിയാണ് ചിലപ്പോള്‍.
എത്ര ഫോണ്‍ കോളുകള്‍ക്കു വേണ്ടി കാത്തിരുന്നു. എത്ര പേരെ ബുദ്ധി മുട്ടിച്ചു. ശല്യമാകുമോയെന്നു ഭയന്നു. അവര്‍ എന്തു കരുതുമെന്ന് ആകുലപ്പെട്ടു. എന്നിട്ടും വിളിച്ചു ബുദ്ധിമുട്ടിച്ചു. അതിനിടക്ക് മരുന്നു തന്ന ഡോക്ടര്‍ എവിടെയെങ്കിലും കൊണ്ടു അഡ്മിറ്റ് ചെയ്തു, ഐസലേറ്റ് ചെയ്യൂ എന്ന് പറഞ്ഞു. എവിടെ എങ്ങനെ കൊണ്ടു പോകുമെന്ന് നെഞ്ചകം അലറി കരഞ്ഞു.

അവന്റെ നെറ്റിയില്‍ ഉമ്മ കൊടുത്തു എന്നത്തേയും പോലെ അവനൊപ്പം ഉറങ്ങാന്‍ ഇന്നെനിക്കു പേടിയാണ്. ഇപ്പളാണ് ഇത്തിരി ചോറുണ്ടത്. ദിവസം മുഴുവന്‍ ഒന്നും കഴിച്ചില്ല. കുളിച്ചില്ല. കുളിച്ചിട്ടുള്ള ഞങ്ങളുടെ വൈകിട്ടത്തെ നടത്തവും ഇല്ല. എന്റെ കുഞ്ഞിന്റെ മുഖം …. നുണക്കുഴികളില്‍ കുസൃതി എഴുതിയ കുഞ്ഞിമുഖം. എന്തിനാണ് എന്റെ കുഞ്ഞേ ഈ വന്യഭാവങ്ങള്‍.

ഇതെഴുതിയത് മുഴുവന്‍ മനുഷ്യര്‍ക്കും വേണ്ടിയാണ്. ഓട്ടിസ്റ്റിക്കായ കുഞ്ഞുങ്ങളെ നോക്കുന്നവരോട് നിങ്ങള്‍ കരുണ ഉള്ളവരാകണം . എനിക്ക് ഉപദേശം വേണ്ട. Be bold , brave , ഈ സമയം കടന്നു പോകും എന്നൊന്നും. പറ്റുമെങ്കില്‍ ജീവിതത്തില്‍ ഇത്തരം മനുഷ്യരോടെ കരുണയുള്ളവര്‍ ആകുക. മനുഷ്യന്റെ കാരുണ്യത്തിലാണ് അതിജീവിച്ചതൊക്കെയും. ചേര്‍ത്തു നിര്‍ത്തിയ സുഹൃത്തുക്കളുടെ ധൈര്യത്തിലും…… നാളെത്തെ ദിവസം ഉണരുന്നതോര്‍ത്തൊരു ചങ്കിടിക്കുന്നുണ്ട്, ഭയാശങ്കകളാല്‍…. മരണം പോലും ആര്‍ഭാടമായ മനുഷ്യരുണ്ടി ഭൂമിയില്‍……

[ot-video][/ot-video]

RECENT POSTS
Copyright © . All rights reserved