Social Media

ഇന്നലെ ലോകത്തിന്റെ കണ്ണ് ചന്ദ്രന്റെ നേര്‍ക്കായിരുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷമുണ്ടായ അത്ഭുത പ്രതിഭാസത്തിന് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. എന്നാല്‍ ഓറഞ്ച് നിറത്തില്‍ തെളിഞ്ഞു നിന്ന ചന്ദ്രനിലൂടെ സംഘപരിവാര്‍ നേതാവ് കണ്ടത് കേരളത്തിന്റെ ഭാവിയാണ്.

യുവ മോര്‍ച്ച മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ല നേതാവ് ലസിത പലക്കലാണ് ചന്ദ്രനെ കാവി വല്‍ക്കരിച്ചത്. ചന്ദ്രന്‍ കാവിയായി മാറിയെന്നും അധികം താമസിക്കാതെ കേരളവും ഇങ്ങനെയാവുമെന്നാണ് ചന്ദ്രഗ്രഹണം സ്‌പെഷ്യല്‍ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ ലസിത പറഞ്ഞത്. ‘ചന്ദ്രന്‍ കാവിയായി മാറി. അധികം താമസിയാതെ കേരളവും. എല്‍ഡിഎഫ് പോകും എല്ലാം ശരിയാകും’ -ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ സംഘ നേതാവിന്റെ പോസ്റ്റ് ബിജെപിക്ക് തന്നെ തലവേദനയായിരിക്കുകയാണ്. ലസിതയുടെ പോസ്റ്റിനെ വെച്ച് ബിജെപിയേയും കുമ്മനത്തേയും ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ചന്ദ്രഗ്രഹണത്തെ കമ്മനടിയായി മാറ്റിയാണ് ട്രോള്‍. ചന്ദ്രനില്‍ ദൃശ്യമായത് കുമ്മനം രാജശേഖരന്റെ ചിത്രമാണെന്നാണ് ട്രോളന്മാര്‍ പറയുന്നത്. ഗ്രഹണ ചിത്രത്തില്‍ കുമ്മനത്തിന്റെ പടം വെച്ചാണ് പരിഹസിക്കുന്നത്.

മലയാളം യുകെ ന്യൂസ് ഡെസ്ക്

കുട്ടികൾക്കായി ഫേസ്ബുക്ക് ലോഞ്ച് ചെയ്ത മെസേജിംഗ് സർവീസ് നിർത്തലാക്കണമെന്ന് ആവശ്യം. ആറു വയസുവരെ പ്രായമുള്ള കുട്ടികൾക്കു പോലും ഉപയോഗിക്കാവുന്ന പുതിയ ആപ്പ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. മെസഞ്ചർ കിഡ്സ് എന്ന ആപ്പാണ് കുട്ടികൾക്കായി ഫേസ്ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതു മൂലം കുട്ടികൾക്കുണ്ടാകാവുന്ന ദോഷവശങ്ങളെക്കുറിച്ച് പീഡിയാട്രിക് വിദഗ്ദരും മെന്റൽ ഹെൽത്ത് എക്സ്പേർട്ടുകളും കർശന മുന്നറിയിപ്പുമായി രംഗത്തെത്തി. ബാല്യകാലം കുട്ടികൾക്ക് സങ്കൽപങ്ങളിൽ അധിഷ്ഠിതമാണ്. സത്യവും മിഥ്യയും വേർതിരിച്ചറിയാൻ കുഞ്ഞുങ്ങൾക്ക് പ്രാപ്തിയില്ല. സ്വകാര്യതയെന്തെന്ന് കുട്ടികൾക്ക് അറിയാത്ത പ്രായത്തിൽ ഇത്തരം മെസേജിംഗ് സംവിധാനങ്ങൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ ദോഷകരമായ ഫലങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ വിദഗ്ദർ കർശന മുന്നറിയിപ്പ് നല്കുന്നു.

നിലവിൽ 13 വയസിന് മുകളിലുള്ളവർക്കാണ് ഫേസ്ബുക്കിൽ അക്കൗണ്ട് തുറക്കാവുന്നത്. മാനസികമായി പൂർണമായും വികാസം പ്രാപിക്കാത്ത കുട്ടികൾ സോഷ്യൽ മീഡിയ ആക്ടിവിടികളിൽ പങ്കെടുക്കുവാൻ പക്വത പ്രാപിക്കാത്തതിനാൽ മെസഞ്ചർ കിഡ്സ് കുട്ടികൾക്ക് ഗുണത്തേക്കാളേറെ ദോഷം സൃഷ്ടിക്കുമെന്നാണ് വാദം. ഇക്കാര്യങ്ങൾ വിശദമാക്കി ഫേസ് ബുക്ക് അധികൃതർക്ക് കത്തയച്ചിട്ടുണ്ട്. കാമ്പയിൻ ഫോർ എ കൊമേഴ്സ്യൽ ഫ്രീ ചൈൽഡ് ഹുഡ് എന്ന ഗ്രൂപ്പാണ് മെസഞ്ചർ കിഡ്സിന്റെ ദോഷവശങ്ങൾ തുറന്നു കാട്ടാൻ രംഗത്തിറങ്ങിയിരിക്കുന്നത്.

ഡിജിറ്റൽ സംവിധാനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും അമിത ഉപയോഗം കുട്ടികൾക്ക് നല്ലതല്ല എന്ന വ്യക്തമായിരിക്കെ അതേ ദിശയിലുള്ള മറ്റൊരു സംവിധാനം കൂടി കുട്ടികൾക്കായി സജ്ജമാക്കിയ ഫേസ്ബുക്കിന്റെ കാഴ്ചപ്പാടിനെതിരെ ശക്തമായ വിമർശനമാണ് ഉണ്ടായിരിക്കുന്നത്. സ്മാർട്ട് ഫോണുകളുടെ ഉപയോഗവും സോഷ്യൽ മീഡിയയിലെ പങ്കാളിത്തവും ടീനേജുകാരിൽ ഉത്കണ്ഠയും സന്തോഷക്കുറവും സൃഷ്ടിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തു വന്ന അക്കാദമിക് റിസേർച്ചിൽ പ്രതിപാദിച്ചിരുന്നു.

ടെക്സ്റ്റിംഗ് ടൈപ്പ് സർവീസാണ് മെസഞ്ചർ കിഡ്സ്. ഇത് മാതാപിതാക്കൾ കുട്ടികൾക്കായി സെറ്റ് ചെയ്തു നല്കുന്ന രീതിയിലാണ് ഇറക്കിയിരിക്കുന്നത്. ഇത് ഫെയ്സ് ബുക്കിന്റെ പ്രധാന ഭാഗമല്ല എങ്കിലും ഫേസ് ബുക്ക് അക്കൗണ്ടിലൂടെ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ ന്യൂസ് ഫീഡോ ലൈക്ക് ബട്ടണോ ഇല്ല. സെൽഫി, ഇമോജി, വീഡിയോ ചാറ്റ്, ഗ്രൂപ്പ് ടെക്സ്റ്റിംഗ് എന്നിവ ഇതിൽ ഉണ്ട്. മറ്റ് ഓൺലൈൻ സംവിധാനങ്ങളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമാണ് മെസഞ്ചർ കിഡ്സ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. നിരവധി അക്കാഡമികളുടെയും വിദഗ്ദരുടെയും അഭിപ്രായമാരാഞ്ഞിട്ടാണ് ഈ ആപ്പ് ലോഞ്ച് ചെയ്തത് എന്ന മറുവാദവും കമ്പനി ഉയർത്തുന്നുണ്ട്.

മാതാപിതാക്കൾക്കും കുട്ടികൾക്കും ചാറ്റ് ചെയ്യാവുന്ന സംവിധാനമാണ് ഇതെന്നും കുട്ടികളുടെ കോണ്ടാക്ട് വിവരങ്ങൾ മാതാപിതാക്കൾക്ക് മോണിറ്റർ ചെയ്യാൻ സാധിക്കുമെന്നും ഫേസ് ബുക്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതു ഫേസ് ബുക്കിന്റെ മാർക്കറ്റിംഗ് തന്ത്രമാണെന്നും കുട്ടികളെ നേരത്തെ തന്നെ ആകർഷിച്ച് ഭാവിയിലെ ഉപയോക്താക്കളാക്കുന്ന ശൈലിയാണ് ഇതെന്നും അമേരിക്കൻ അക്കാഡമി ഓഫ് ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിയുടെ മുൻ ചെയർമാനായ മൈക്കിൾ ബ്രോഡി പറഞ്ഞു.

ന്യൂസ് ഡെസ്ക്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട പ്രചാരണങ്ങൾക്ക് എതിരെ എം. സ്വരാജ് ശക്തമായി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയായ ഷാനി പ്രഭാകരനും തനിക്കുമെതിരായി പുറത്തു വന്ന അപവാദ പ്രചരണങ്ങൾ വിലപ്പോവില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്, ആ സൗഹൃദം തുടരുക തന്നെ ചെയ്യും. പ്രതികരിക്കേണ്ട എന്നു കരുതിയെങ്കിലും സ്ത്രീത്വത്തിൻറെ മേലുള്ള കടന്നുകയറ്റത്തിൻറെ രീതിയിലേയ്ക്ക് പോസ്റ്റുകൾ വന്നതിനാൽ തൻറെ നിലപാട് വ്യക്തമാക്കുകയാണെന്ന് എം.സ്വരാജ് പറഞ്ഞു. ഫേസ്ബുക്കിലാണ് സ്വരാജ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഷാനി പ്രഭാകരനൊപ്പമുള്ള ഫോട്ടോയും എം. സ്വരാജ് പോസ്റ്റ് ചെയ്തു. 22 K ലൈക്കാണ് ഈ പോസ്റ്റിന് മൂന്നു മണിക്കൂറിൽ ലഭിച്ചത്. പിന്തുണയുമായി രണ്ടായിരത്തിലേറെ കമൻറുകളും ലഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ നിന്നുള്ള എം.എൽ.എ ആണ് എം. സ്വരാജ്.

എം. സ്വരാജിൻറെ ഫേസ്ബുക്ക് പോസ്റ്റ്  ഇങ്ങനെ.

“ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിൻറെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന് ? ഷാനി പല സന്ദർശകരിൽ ഒരാളല്ല. എൻറെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ. ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ. എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും. ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ  അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം”.

 

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക വെട്ടിപ്പ് ആരോപണത്തില്‍ ഇന്റര്‍പോള്‍ കേസ് ഏറ്റെടുത്തുവെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഏജന്‍സി ഇന്റര്‍പോളാണെന്നു കരുതി പ്രമുഖ സംഗീത ബാന്റായ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ബാന്റിന്റെ ഔദ്യോഗിക പേജിലെ പോസ്റ്റുകള്‍ക്ക് തീഴെയാണ് ചീത്തവിളിയും പരിഹാസവുമായി മലയാളി ഫേക്ക് ഐഡികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല ഐഡികളാണ് പൊങ്കാലയ്ക്ക് നേതൃത്വം നല്‍കുന്നത്. പാര്‍ട്ടി മുദ്രാവാക്യം മുതല്‍ തെറിവിളിയും ഭീഷണിയും വരെ ആളുകള്‍ കമന്റായി രേഖപ്പെടുത്തുന്നുണ്ട്.

രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതിനു പിന്നാലെ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ ടോം മൂഡിയുടെ ഫേസ്ബുക്ക് പേജില്‍ ഫേക്ക് ഐഡികള്‍ തെറിവിളിയും ബഹളവുമായി എത്തിയിരുന്നു. സിപിഎം അണികളെന്ന പേരില്‍ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചായിരുന്നു തെറിവിളിയും പരിഹാസവും. ഇപ്പോള്‍ ഇന്റര്‍പോളിന്റെ ഫേസ്ബുക്ക് പേജില്‍ നടക്കുന്നതും സമാന സൈബര്‍ ആക്രമണമാണ്.

ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നായിരുന്നു ബിനോയ് കോടിയേരിക്കെതിരായി ഉയര്‍ന്ന ആരോപണം. എന്നാല്‍ ബിനോയ്‌ക്കെതിരെ കേസുകളൊന്നും നിലവിലില്ലെന്ന് ദൂബായ് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നിരുന്നു.

വിഴിഞ്ഞം: കല്ല്യാണത്തിന് മിനിറ്റുകള്‍ ബാക്കിയുള്ളപ്പോള്‍ വരന്‍ മുങ്ങി. എന്തുചെയ്യണമെന്ന് പകച്ചു നിന്ന വധുവിന്റെ വീട്ടുകാര്‍ക്ക് മുന്നില്‍ രക്ഷകനായി അനീഷ് എന്ന ചെറുപ്പക്കാരന്‍. മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ കല്യാണം പോലെയായിരുന്നു അനീഷിന്റെയും വിവാഹം. വിഴിഞ്ഞത്തെ പെരിങ്ങമല ശ്രീനാരായണ ജയന്തി വിവാഹ മണ്ഡപത്തിലായിരുന്നു സിനിമയെ വെല്ലുന്ന കല്ല്യാണം നടന്നത്.

താലികെട്ടിന് ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വരന്‍ മുങ്ങിയ വിവരം വധു ബിജിമോളും വീട്ടുകാരും അറിയുന്നത്. കല്ല്യാണം കൂടാനെത്തിയവരുടെ മുന്നില്‍ വെച്ച് നാണം കെടാന്‍ തയ്യാറാവാതിരുന്ന ബിജിമോളുടെ ബന്ധുക്കള്‍ കല്ല്യാണ പന്തലില്‍ നിന്ന് തന്നെ വേറെ വരനെ കണ്ടെത്തി. ബിജിമോളുടെ ബന്ധുകൂടിയായ അനീഷാണ് അപ്രതീക്ഷിത വരനാകേണ്ടിവന്നത്. വിവാഹം ഗംഭീരമാക്കുന്ന പണികളില്‍ ഏര്‍പ്പെട്ടിരുന്ന അനീഷിനോട് ബന്ധുക്കള്‍ വരന്‍ മുങ്ങിയ വിവരം അറിയിക്കുകയായിരുന്നു. അനീഷിന് വരനാകാന്‍ കഴിയുമോയെന്ന് ആരാഞ്ഞ ബന്ധുക്കളോട് തയ്യാറെന്ന് അനീഷ്. വധുവായ ബിജിമോളും കൂടി സമ്മതം മൂളിയതോടെയാണ് സിനിമാ സ്‌റ്റൈല്‍ വിവാഹം നടന്നത്.

ബിജിമോളും അനീഷും സമ്മതം അറിയിച്ചതോടെ കല്യാണം മുടങ്ങിയ വീട് വീണ്ടും ആഘോഷത്തിലേക്ക് തിരിച്ചു വന്നു. അപ്രതീക്ഷിത വിവാഹത്തിന്റെ ഷോക്കിലാണ് ബിജിമോളും അനീഷും. വലിയൊരു ട്വിസ്റ്റുമായി ജീവിതമാരംഭിക്കുന്ന അനീഷിനും ബിജിമോള്‍ക്കും നിരവധി ആശംസകളാണ് സോഷ്യല്‍ മീഡയകളില്‍ വന്നുകൊണ്ടിരിക്കുന്നത്.

ശ്രീനഗര്‍: പാഞ്ഞടുക്കുന്ന ട്രയിനിനെ വകവെക്കാതെ ട്രാക്കില്‍ അഭ്യാസം കാണിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യുവാവ് ആരാണ് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്നലെ മുതലാണ് വീഡിയോ സോഷ്യല്‍ മീഡയകളില്‍ വൈറലാവാന്‍ തുടങ്ങിയത്. തീവണ്ടി കടന്നു പോകുമ്പോള്‍ ട്രാക്കില്‍ കമഴ്ന്നു കിടന്നുകൊണ്ടായിരുന്നു യുവാവിന്റെ അഭ്യാസം പ്രകടനം.

അതേസമയം യുവാവ് വലിയ മണ്ടത്തരമാണ് കാണിക്കുന്നെതെന്നും ഇത്തരത്തിലുള്ള അതിസാഹസികത അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്നും സോഷ്യല്‍ മീഡയകളില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വലിയ മണ്ടത്തരമാണ് ഈ യുവാവ് കാണിക്കുന്നതെന്നും വിശ്വസിക്കാന്‍ ആവുന്നില്ലെന്നുമായിരുന്നു ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ട്വീറ്റ് ചെയ്തു. ഇത്തരം സാഹസികത തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

യുവാവിന്റെ അഭ്യാസ പ്രകടനം വൈറലായതോടെ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം അപകടകരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആവശ്യപ്പെട്ടു.

വീഡിയോ കാണാം;

സിനിമയിലെ താരങ്ങളുടെ പ്രതിഫലം എപ്പോഴും ചര്‍ച്ചാ വിഷയമാണ്. നായകന്റെയും നായികയുടെയും പ്രതിഫലത്തുകയെപ്പറ്റിയുള്ള വേര്‍തിരിവ് മിക്ക സംവാദങ്ങളിലും വിവാദത്തിന് വഴിതെളിയാറുമുണ്ട്. കാര്യം നായികയെക്കാള്‍ എത്രയോ മടങ്ങ് കൂടുതലാണ് നായകന്‍മാര്‍ കൈപറ്റുന്ന പ്രതിഫല തുക. വിഷയത്തില്‍ പലരും തങ്ങളുടെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇക്കാലത്തും സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്നും നടിമാരെ കാണുന്നത് ഉപകരങ്ങളായിട്ട് മാത്രമാണെന്നും റിമാ കല്ലിങ്കല്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ നടി അനുഷ്‌കയുടെ അഭിപ്രായം നേരെ മറിച്ചാണ്. നായകന്‍മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുവെന്നാണ് അനുഷ്‌ക പറയുന്നത്. ‘നടന്‍മാര്‍ക്ക് പ്രധാന്യമുള്ള ചിത്രങ്ങളില്‍ അവര്‍ക്ക് ഒരുപാട് ചെയ്യേണ്ടി വരും. ഒരു സിനിമ പരാജയപ്പെട്ടാല്‍ നടനെ മാത്രമേ പ്രേക്ഷകര്‍ കുറ്റം പറയൂ. നായികയുടെ പ്രതിഛായക്ക് കാര്യമായ തകരാറ് സംഭവിക്കുന്നില്ല.’- അനുഷ്‌ക പറഞ്ഞു. പുതിയ ചിത്രമായ ഭാഗ്മതിയുടെ പ്രചരണവുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു അനുഷ്‌കയുടെ പ്രതികരണം.

കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്ന് വീണ് സണ്‍ഷെയ്ഡില്‍ തൂങ്ങി കിടന്ന പെണ്‍കുട്ടിയെ യുവാവ് അതിസാഹസികമായി രക്ഷിച്ചു. ചൈനയിലെ സെജിയാങ് മേഖലയിലാണ് സംഭവം. കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ജനലിലൂടെ താഴേക്ക് വീണ കുട്ടിയെയാണ് വ്യാപാരിയായ യുവാവ് രക്ഷിച്ചത്.

നാലുവയസുകാരിയായ പെണ്‍കുട്ടി കളിച്ച് കൊണ്ടിരിക്കെ താഴേക്ക് വീഴുകയായിരുന്നു, കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപത്തുണ്ടായിരുന്ന വ്യാപാരി ഓടിയെത്തി. ഭിത്തിയിലൂടെ വലിഞ്ഞ് കയറിയ ഇയാള്‍ ജനലിനുള്ളിലൂടെ കുട്ടിയെ എടുത്ത് പൊക്കി രക്ഷിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന വ്യാപാരിയും ഇയാളുടെ സഹായത്തിനായി എത്തി.

അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. സ്‌പൈഡര്‍മാന്‍ ടു ദി റെസ്‌ക്യു എന്ന പേരിലാണ് ഒട്ടേറെയാളുകള്‍ ഫേസ്ബുക്കില്‍ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന് ജാമ്യം കിട്ടിയ ദിവസം ആലുവ സബ് ജയിലിന് മുന്നിലെത്തിയത് മദ്യപിച്ചെന്ന് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ദിലീപിന് ജാമ്യം ലഭിച്ച ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ധര്‍മ്മജന്‍ പൊട്ടിക്കരഞ്ഞിരുന്നു. ധര്‍മ്മജന്‍ കരയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളും താരത്തിനെതിരെ പ്രചരിച്ചു.

സംഭവത്തെക്കുറിച്ച് കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ ധര്‍മ്മജന്‍ പറയുന്നതിങ്ങനെ:

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചെന്ന വാര്‍ത്ത അറിയുന്നത് നാദിര്‍ഷായുടെ ഫോണ്‍ കോളിലൂടെയാണ്. ആ സന്തോഷത്തില്‍ മൂന്നാലെണ്ണം അടിച്ചു. കുടിച്ചത് അറിയാതിരിക്കാന്‍ കൂളിംഗ് ഗ്ലാസ് വച്ചാണ് ജയില്‍ പരിസരത്തേക്ക് പോയത്. അന്ന് കള്ളുകുടിച്ച് ജയിലിലിന് മുന്‍പില്‍ പോയതിനു എന്നെ ഒരുപാടു പേര് കുറ്റം പറഞ്ഞു. പിഷാരടിയൊക്കെ ഒരുപാട് ചീത്ത പറഞ്ഞു. എനിക്കതു വലിയ കുറ്റമായി തോന്നിയിട്ടില്ല. എനിക്ക് ഭയങ്കര സങ്കടമായിരുന്നു. അന്ന് നിര്‍ത്തിയതാണ്. പിന്നെ തൊട്ടിട്ടില്ല.

ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കാണുന്നത് ദിലീപേട്ടന്‍ വാങ്ങിത്തന്ന എസിയാണ്. എനിക്കതു കണ്ട് കിടക്കാന്‍ പറ്റാത്തത് കൊണ്ട് ഞാനും ഭാര്യയും മക്കളും നിലത്തു പായ് വിരിച്ചാണ് ദിലീപേട്ടന്‍ പുറത്തിറങ്ങുന്നത് വരെ കിടന്നത്. ട്രോളന്‍മാര്‍ എന്ത് പറഞ്ഞാലും എനിക്കിത് പറയാതിരിക്കാന്‍ പറ്റില്ല.

വീഡിയോ കാണാം..

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞയാഴ്ച വൈറലായ ഒരു ക്യാംപെയിനാണ് ടൈഡ് പോഡ് ക്യാംപെയിന്‍. ഡിറ്റര്‍ജന്റ് പോഡുകള്‍ കഴിക്കാന്‍ ശ്രമിക്കുകയും അതിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു ഇതിന്റെ രീതി. എന്നാല്‍ ഇത് വളരെ അപകടം പിടിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദി ഒനിയന്‍ എന്ന സറ്റയര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട ഈ ചാലഞ്ച് പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ഒട്ടേറെ വീഡിയോകള്‍ പിന്നീട് പ്രത്യക്ഷപ്പെടുകയുമായിരുന്നു. ചില വീഡിയോകള്‍ക്ക് ഒന്നര ലക്ഷത്തിലേറെ സന്ദര്‍ശകരെയും ലഭിച്ചു.

ഡിറ്റര്‍ജന്റ് പോഡുകള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ദ്ധരും പറയുന്നു. ഇവ ജീവന് തന്നെ അപകടകരമായേക്കാം. ടൈഡ് ഡിറ്റര്‍ജന്റില്‍ എഥനോല്‍, പോളിമറുകള്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് മുതലായവ അടങ്ങിയിട്ടുണ്ട്. ഇവ വിഷാംശമുള്ളവയായതിനാല്‍ ആദ്യം ഛര്‍ദ്ദി, വയറിളക്കം എന്നിവക്ക് കാരണമാകുകയും ചില സംഭവങ്ങളില്‍ മരണം പോലും ഉണ്ടാകാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

തങ്ങളുടെ ഉല്‍പന്നം വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ മാത്രം ഉദ്ദേശിച്ച് തയ്യാറാക്കിയിരിക്കുന്ന ഡിറ്റര്‍ജന്റ് കോണ്‍സണ്‍ട്രേറ്റ് ആണെന്നും അവ തമാശക്ക് പോലും കഴിക്കാന്‍ പാടില്ലെന്നും പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ അപകടകരമായ ക്യാംപെയിനിനെതിരെ അമേരിക്കന്‍ കണ്‍സ്യൂമര്‍ പ്രോഡക്ട് സേഫ്റ്റി കമ്മീഷന്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved