Social Media

കോടിയേരി ബാലകൃഷ്ണന് സ്വന്തം അച്ഛന്റെ സ്ഥാനമായിരുന്നുവെന്ന് ഷോൺ ജോർജ്. ബിനീഷ് കോടിയേരിയുമായുള്ള അടുത്ത സൗഹൃദം കാരണം കോടിയേരിയുടെ വീട്ടിലെ അംഗമായിട്ടാണു തന്നെയും അദ്ദേഹം കണ്ടിരുന്നതെന്നു ഷോൺ ഫെയ്സ്ബുക്കിൽ കുറിച്ചു. ‘ഞാനും ബിനീഷും വിദ്യാർഥി രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്ന കാലമായിരുന്നു അന്ന്. സ്വാഭാവികമായി ആ കാലഘട്ടത്തിൽ ഉണ്ടാകുന്ന സമര സംബന്ധമായ പ്രശ്നങ്ങളും പൊലീസ് കേസുകളും ബഹളങ്ങളും എല്ലാം കഴിഞ്ഞ് ആ വീട്ടിലേക്കാണ് ഞങ്ങൾ ചെല്ലുന്നത്.

അങ്കിൾ വീട്ടിൽ ഉണ്ടാകണമെന്നു പ്രാർഥിച്ചു കൊണ്ടാണു ചെല്ലുന്നത്. കാരണം ആന്റിയുടെ കയ്യിൽനിന്നു ഞങ്ങൾക്കു കിട്ടാനുള്ള ശകാരത്തിന് അങ്കിൾ ഉണ്ടെങ്കിൽ ഒരു പരിധിവരെ പരിഹാരമുണ്ടായിരുന്നു. അദ്ദേഹം ഉണ്ടെങ്കിൽ ചെറിയ പുഞ്ചിരിയോടെ ആ പ്രശ്നങ്ങളെ വളരെ ലഘൂകരിച്ച് കളയും. അന്നും ഇന്നും എന്നും അദ്ദേഹത്തിന്റെ മുഖമുദ്ര ആ ചെറുപുഞ്ചിരി തന്നെയാണ്’– ഷോൺ ഓർമിക്കുന്നു.

ഷോണിന്റെ കുറിപ്പ്:

ഈ മനുഷ്യൻ എനിക്ക് ആരായിരുന്നുയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ ഒരു ഉത്തരം നൽകാനാവില്ല..

തിരുവനന്തപുരത്ത് മാർ ഇവാനിയസ് കോളജിൽ പിഡിസിക്കു പഠിക്കുന്നു കാലത്താണ് ഞാനും ബിനീഷുമായി അടുത്ത സൗഹൃദം ഉണ്ടാവുന്നത്. അന്നു മുതൽ ആ വീട്ടിലെ ഒരു അംഗമായാണ് അദ്ദേഹം എന്നെയും കരുതിയിരുന്നത്. ഒരു മകന്റെ സ്നേഹവും വാത്സല്യവും കരുതലും അന്നും ഇന്നും എന്നോടൊപ്പം ഉണ്ടായിരുന്നു. ഞാനും ബിനീഷും വിദ്യാർഥി രാഷ്ട്രീയത്തിൽ വളരെ സജീവമായിരുന്ന കാലമായിരുന്നു അന്ന്. സ്വാഭാവികമായി ആ കാലഘട്ടത്തിൽ ഉണ്ടാകുന്ന സമര സംബന്ധമായ പ്രശ്നങ്ങളും പൊലീസ് കേസുകളും ബഹളങ്ങളും എല്ലാം കഴിഞ്ഞ് ആ വീട്ടിലേക്കാണ് ഞങ്ങൾ ചെല്ലുന്നത്. അങ്കിൾ വീട്ടിൽ ഉണ്ടാകണമെന്നു പ്രാർഥിച്ചു കൊണ്ടാണ് ചെല്ലുന്നത്. കാരണം ആന്റിയുടെ കയ്യിൽനിന്ന് ഞങ്ങൾക്കു കിട്ടാനുള്ള ശകാരത്തിന് അങ്കിൾ ഉണ്ടെങ്കിൽ ഒരു പരിധിവരെ പരിഹാരമുണ്ടായിരുന്നു. അദ്ദേഹം ഉണ്ടെങ്കിൽ ചെറിയ പുഞ്ചിരിയോടെ ആ പ്രശ്നങ്ങളെ വളരെ ലഘൂകരിച്ച് കളയും. അന്നും ഇന്നും എന്നും അദ്ദേഹത്തിന്റെ മുഖമുദ്ര ആ ചെറുപുഞ്ചിരി തന്നെയാണ്. എത്ര വലിയ പ്രശ്നങ്ങളെയും സംയമനത്തോടുകൂടി ഒരു ചെറിയ പുഞ്ചിരിയോടെ നേരിടുന്ന ഒരു വ്യക്തിത്വം. അപ്പന്റെ സ്ഥാനം തന്നെയായിരുന്നു ആ മനുഷ്യന് എന്നും എന്റെ മനസ്സിൽ.

കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി എന്നും എന്നോട് ആ കരുതൽ അദ്ദേഹത്തിനുണ്ടായിരുന്നു. ഒരിക്കലും എന്നോട് അദ്ദേഹം രാഷ്ട്രീയം സംസാരിച്ചിരുന്നില്ല കാരണം അദ്ദേഹത്തോടു രാഷ്ട്രീയം സംസാരിക്കാനുള്ള യോഗ്യതയോ പ്രായമോ പക്വതയോ ഉണ്ടായിരുന്ന വ്യക്തി ആയിരുന്നില്ല ഞാൻ. എറണാകുളത്ത് ഞാനും ബിനീഷും നിനുവും ഒരുമിച്ച് ഓഫിസ് തുടങ്ങുന്ന കാര്യം പറയുന്നതിനു വേണ്ടിയാണു ഞാൻ അദ്ദേഹത്തെ കാണുന്നത്. ദീർഘനേരം സംസാരിച്ചപ്പോൾ ഞങ്ങൾ സജീവമായി പ്രഫഷനൽ രംഗത്തേക്കു തിരികെ വരുന്നതിലുള്ള വലിയ സന്തോഷം പങ്കുവയ്ക്കുകയും, അതോടൊപ്പം എന്നോട് രാഷ്ട്രീയം സംസാരിക്കുകയും ചെയ്തു. എന്നോടു പ്രഫഷനോടൊപ്പം നിർബന്ധമായും സജീവമായ രാഷ്ട്രീയ പ്രവർത്തനം തുടരണമെന്നും നിനക്ക് അതിനു കഴിയും എന്നും അദ്ദേഹം സൂചിപ്പിച്ചു. അവിടെയും ഒരു പിതാവിന്റെ കരുതൽ എന്നോട് അദ്ദേഹം കാണിച്ചിരുന്നു..

വ്യക്തി ജീവിതത്തിൽ ഇതുപോലെ ചിട്ട പുലർത്തിയിരുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. അങ്കിൾ കൃത്യമായി 4.30ന് എഴുന്നേൽക്കും. കൃത്യമായി എന്നും വ്യായാമം ചെയ്യും. യാതൊരു ദുസ്വഭാവങ്ങളും ഇല്ലാതെ ഇതുപോലെ ചിട്ടയോടെ ജീവിച്ച ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും ആ ചിട്ടകൾ പ്രകടമായിരുന്നു. എത്ര പ്രതിസന്ധിയുള്ള വിഷയങ്ങൾ നമ്മൾ ചെന്നു പറയുമ്പോഴും ചെറുപുഞ്ചിരിയോടെ നേരിടുന്ന വ്യക്തിത്വം. അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും ഞാൻ ഇന്നുവരെയും അദ്ദേഹത്തിന്റെ അടുക്കൽ ഒരു കാര്യവും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ എന്റെ എല്ലാ കാര്യത്തിനും അദ്ദേഹത്തിന്റെ ഒരു വലിയ സ്വാധീനം ഉണ്ടായിരുന്നു. എന്റെ വ്യക്തിപരമായ എല്ലാ ആവശ്യങ്ങൾക്കും അദ്ദേഹവും ആ കുടുംബത്തിലെ എല്ലാവരും പങ്കെടുത്തിരുന്നു. ഒരു കുടുംബാഗം എന്ന നിലയിൽ കുടുംബത്തിലെ കാരണവരെ നഷ്ടപ്പെട്ട വേദനയാണ് ഞങ്ങൾക്കെല്ലാവർക്കും.. ആ വലിയ പ്രഭാവം ഇല്ലാതായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

രണ്ടാം പിണറായി സർക്കാർ തിരിച്ചുവരുമെന്ന് എന്റെ മനസ്സിൽ നല്ല ഉറപ്പുണ്ടായിരുന്നു. കാരണം ഭരണത്തിൽ ഇരിക്കുമ്പോൾ സിപിഎം എന്ന സംഘടനയെ ഇതുപോലെ ചലിപ്പിച്ച ഒരു സംസ്ഥാന സെക്രട്ടറി ഉണ്ടായിട്ടില്ല. 2016-21 കാലഘട്ടം, സംഘടന ഇതുപോലെ വളർന്ന മറ്റൊരു കാലവും ഉണ്ടായിട്ടില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ സംഘടനാപാടവം പാർട്ടിക്ക് ഏറെ ബോധ്യപ്പെട്ടിട്ടുള്ളത് കൊണ്ടാകണമല്ലോ കണ്ണൂർ പോലെ പാർട്ടിയുടെ ശക്തി കേന്ദ്രത്തിൽ അദ്ദേഹത്തിന്റെ 35ാം വയസ്സിൽ പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകുക എന്നത് അദ്ദേഹത്തിന്റെ വലിയ പ്രഭാവം കൊണ്ട് തന്നെയാണ്. ഇന്നുവരെ ആ നാവിൽനിന്ന് ഒരു പിഴവാക്ക് ഉണ്ടായിട്ടില്ല ഉണ്ടാവുകയുമില്ല, അത് എല്ലാവർക്കും അറിയാമായിരുന്നു…

ഏറെ സങ്കടത്തോടെ ഒത്തിരി നന്മയുള്ള പ്രിയ അങ്കിളിന് വിട….

നാലുവയസ്സുള്ളപ്പോൾ തനിക്കു സംഭവിച്ച ദുരന്തത്തെ കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ണുകളെ ഈറനണിയിക്കുന്നത്. ഹ്യൂമൻസ് ഓഫ് ബോംബെയിലൂടെയാണ് യുവതി പൊള്ളുന്ന അനുഭവം കുറിച്ചത്. ഈ ദുരന്തത്തിന് കാരണം തന്റെ അച്ഛൻ ആണെന്നും യുവതി വെളിപ്പെടുത്തുന്നുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം;

പുതുവത്സരാഘോഷങ്ങൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമായിരുന്നു അത്. അമ്മയും ഞാനും സഹോദരിമാരും തീകായുകയായിരുന്നു. നല്ല തണുപ്പുള്ള രാത്രിയായിരുന്നു അത്. അഞ്ചു നിമിഷങ്ങൾക്കു ശേഷം ഞങ്ങളുടെ അച്ഛൻ ജോലി കഴിഞ്ഞ് വന്നു. ‘ഭക്ഷണം കഴിക്കുന്നതിനു മുൻപ് അൽപം ചൂടേൽക്കുകയാണ്.’ എന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് സംഭവിച്ച കാര്യങ്ങൾ വ്യക്തമല്ല. എന്താണു സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. എന്റെ മുഖം പൊള്ളുകയാണെന്നു മാത്രം എനിക്കു മനസ്സിലായി. എനിക്ക് എന്റെ കണ്ണുകളും ചുണ്ടും ഇല്ലെന്നാണ് തോന്നിയത്.

നാലുവയസ്സായിരുന്നു എന്റെ പ്രായം. അച്ഛനും അമ്മയും എന്നെയും എടുത്ത് ആശുപത്രിയിലേക്ക് ഓടി. അച്ഛൻ കൊണ്ടുവന്ന പെട്രോൾ കുപ്പി മറിഞ്ഞാണ് എന്റെ ദേഹത്തേക്ക് തീ പടർന്നതെന്ന് അമ്മ പറഞ്ഞു. അത് അച്ഛന്റെ തെറ്റാണ്. മുഖവും കൈകളും പൂർണമായും പൊള്ളി. ഞാൻ രക്ഷപ്പെടുമോ എന്ന് എനിക്ക് സംശയം തോന്നി. അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയയാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു.

മണിക്കൂറുകൾക്കു ശേഷം മുഖത്തു മുഴുവൻ ബാൻഡേജുമായി ഞാൻ ഉണർന്നു. അടുത്ത അഞ്ചുവർഷം ഞാൻ 8 ശസ്ത്രക്രിയകൾക്കു വിധേയയായി. എപ്പോഴും എന്റെ അമ്മ കൂടെ തന്നെയുണ്ടായിരുന്നു. എന്റെ കൈ പിടിച്ച് മണിക്കൂറുകളോളം അമ്മ എനിക്ക് അരികിൽ ഇരിക്കുമായിരുന്നു. സ്‌കൂളിലോ പുറത്ത് കളിസ്ഥലങ്ങളിലോ ഞാൻ പോയില്ല. എന്റെ കുട്ടിക്കാലത്തെ അഞ്ചുവർഷവും ആശുപത്രിയിലായിരുന്നു.

2009ൽ ഞാൻ ആശുപത്രി വിട്ടു. ജീവിതം എങ്ങനെ തിരിച്ചു പിടിക്കും എന്നെനിക്ക് ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഞാൻ സ്‌കൂളിൽ പോകാൻ തുടങ്ങി. പക്ഷേ, കൂടെയുള്ളവർ എന്നെ അകറ്റി നിർത്തി. അവർ എന്നോട് സംസാരിച്ചില്ല. ഒരിക്കൽ പ്രിൻസിപ്പാൾ എന്നെ കാണുന്നതും ഞാൻ സംസാരിക്കുന്നതും മറ്റു കുട്ടികൾക്കു ഭയമാണെന്നു പറഞ്ഞു.

ഞാൻ മറ്റുള്ളവരോട് സംസാരിക്കുന്നത് നിർത്തി. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ എന്നെ മറ്റൊരു സർക്കാർ സ്‌കൂളിലേക്ക് അമ്മ മാറ്റി. അത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നു. അവിടത്തെ സുഹൃത്തുക്കളും അധ്യാപകരും എനിക്ക് വലിയ പ്രോത്സാഹനമായിരുന്നു നൽകിയത്.

പഠനശേഷം ഞാൻ ധാരാളം ആർട്ടിസ്റ്റിക് വർക്കുകൾ ചെയ്തു. ആർട്ട് വർക്ക് എക്‌സിബഷനും നടത്തി. ഇൻസ്റ്റഗ്രാമിൽ മേക്കപ്പ് റീലുകളും ചെയ്തു. റീലുകൾ ചെയ്യുമ്പോൾ ആദ്യം എനിക്ക് ഭയമുണ്ടായിരുന്നു. എന്റെ മുഖം എങ്ങനെയാണ് കാണികൾ സ്വീകരിക്കുക എന്നായിരുന്നു ചിന്ത. എന്നാൽ ധൈര്യം സംഭരിച്ച് ഞാൻ ആദ്യത്തെ റീൽ ചെയ്തു. നല്ല പ്രതികരണം ലഭിച്ചപ്പോൾ അത് തുടർന്നു.

എന്റെ വീട്ടുകാരും സുഹൃത്തുകളും പൂർണമായ പിന്തുണയും നൽകി. ഇപ്പോൾ എനിക്ക് 22 വയസായി. എന്റെ മാതാപിതാക്കൾ ഒരിക്കലും എന്റെ മുഖം മറയ്ക്കാൻ ആവശ്യപ്പെട്ടില്ല. എന്റെ അമ്മാവന്മാർ എനിക്കു സഹായം നൽകി. അവർ കൂടെയുണ്ടായിരുന്നതു കൊണ്ടാണ് എനിക്കു ജീവിതത്തിൽ വിജയിക്കാൻ സാധിച്ചത്.

കണ്ണിനെ ബാധിച്ച ഗുരുതരരോഗം മക്കളുടെ കാഴ്ചകള്‍ കവര്‍ന്നെടുക്കുന്നതിന് മുമ്പ് കുടുംബമായി ലോകയാത്രക്ക് ഇറങ്ങിയിരിക്കുകയാണ് കനേഡിയന്‍ ദമ്പതികള്‍.

കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് മക്കള്‍ക്ക് സുഗമമായ ജീവിതം നയിക്കുന്നതിനുള്ള പാഠങ്ങളും പരിശീലനങ്ങളും പകര്‍ന്ന്കൊടുക്കാനുളള ശ്രമത്തിലാണ് കനേഡിയന്‍ ദമ്പതികളായ എഡിത് ലെമേയും സെബാസ്റ്റ്യന്‍ പെല്ലെറ്റിയറും.

മൂത്ത മകള്‍ മിയയുടെ മൂന്നാം വയസിലാണ് കുഞ്ഞിന് റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന റെറ്റിനയിലെ കോശങ്ങള്‍ ക്രമേണ തകരുന്ന അപൂര്‍വ്വ ജനിതക രോഗം ഉണ്ടെന്ന് മാതാപിതാക്കളായ ലെമേയും പെല്ലെറ്റിയറും തിരിച്ചറിഞ്ഞത്.

ഏറെ വൈകാതെ തന്നെ തങ്ങളുടെ ആണ്‍മക്കളില്‍ ഏഴ് വയസ്സുകാരന്‍ കോളിനിലും അഞ്ച് വയസ്സുകാരന്‍ ലോറന്റിലും ഇതേ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. മക്കളുടെ ചികിത്സയ്ക്കായി നിരവധി ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

എന്നാല്‍ രോഗവസ്ഥയില്‍ വിഷമിച്ചിരുന്ന് മക്കളുടെ നല്ലകാലത്തെ ഇല്ലാതാക്കാന്‍ ലെമേയും പെല്ലെറ്റിയറും തയ്യാറായില്ല. അങ്ങനെയാണ് ഈ ദമ്പതികള്‍ മക്കള്‍ക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്നതിനായി യാത്ര ആരംഭിച്ചത്.

2020ല്‍ നമീബിയയില്‍ നിന്നാണ് ലെമേയും പെല്ലെറ്റിയറും നാല് മക്കളും യാത്ര ആരംഭിച്ചത്. സാംബിയ, ടാന്‍സാനിയ, തുര്‍ക്കി, മംഗോളിയ ഇന്തോനേഷ്യ എന്നീ രാജ്യങ്ങല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സംഘം റഷ്യയും ചൈനയും കാണാനുള്ള തയ്യാറെടുപ്പിലായിരുന്നെങ്കിലും കൊവിഡ് മഹാമാരി എല്ലാ പ്ലാനുകളും തകര്‍ത്തു.

രാജ്യങ്ങള്‍ തമ്മിലുള്ള യാത്രാനിരോധനം വന്നതോടെ പ്ലാന്‍ ചെയ്തത് പ്രകാരമുള്ള യാത്ര തുടരാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ കൊവിഡ് മാഹാമാരിയൊഴിഞ്ഞതോടെ വീണ്ടും ബാക്കിവെച്ച കാഴ്ചകള്‍ കാണാനായി ലോകയാത്രയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് ആറംഗ സംഘം.

പോകാവുന്നത്രയും ദൂരം സഞ്ചരിച്ച് കാണാവുന്നിടത്തോളം കാഴ്ചകള്‍ മക്കള്‍ക്ക് കാട്ടിക്കൊടുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ ഈ മാതാപിതാക്കള്‍ക്കുള്ളൂ. തങ്ങളുടെ അസുഖത്തെക്കുറിച്ച് മക്കള്‍ക്ക് എല്ലാവര്‍ക്കും അറിയാം. രോഗാവസ്ഥകള്‍ ഉള്‍ക്കൊള്ളാന്‍ മക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതെത്രത്തോളം തീവ്രമാണെന്ന് അവര്‍ക്ക് അറിയില്ല. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമെല്ലാം അവരുടെ ആകാംഷ അനന്തമാണ്.

ഓരോ രാജ്യങ്ങളില്‍ പോകുമ്പോഴും അവിടെയുള്ള ഭക്ഷണവും, സംസ്‌കാരവും രീതികളും അവര്‍ക്ക് മനസിലാക്കാന്‍ കഴിയും. വര്‍ഷങ്ങള്‍ കഴിഞ്ഞ് അവര്‍ക്ക് ഓര്‍മിക്കാന്‍ കഴിയുന്ന മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ അവരുടെ തലയില്‍ നിറയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നു, എന്നാണ് ലെമേയും പെല്ലെറ്റിയറും പറയുന്നത്.

യാത്രയുടെ വിവരങ്ങളെല്ലാം ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. മക്കളുടെ കാഴ്ച ഒരു ദിവസം ഇല്ലാതാകുമെന്ന് ഈ ദമ്പതികള്‍ വിശ്വസിക്കുന്നില്ല, ആ ദിവസം എത്താതിരിക്കട്ടെയെന്നാണ് അവരുടെ ആഗ്രഹം. അതിന് മുമ്പ് ലോക കാഴ്ചകള്‍ കൊണ്ട് അവരുടെ മനസുകള്‍ നിറക്കാനാണീ യാത്ര.

പല വിചിത്രങ്ങളായ ജീവികളും പലപ്പോഴും ലോകത്തിന്റെ പല ഭാ​ഗത്തും തീരത്ത് അടിയാറുണ്ട്. അതുപോലെ കടലിലും അങ്ങനെയുള്ള പല ജീവികളെയും കാണാറുണ്ട്. സാധാരണ മനുഷ്യരെ മാത്രമല്ല വിദ​ഗ്ദ്ധരെയും ഇതിൽ പലതും കുഴപ്പിക്കാറുമുണ്ട്. അതുപോലെ ഒരു ജീവിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് കരീബിയനിലാണ്.

പ്യൂർട്ടോ റിക്കോയിലെ കരീബിയൻ കടലിന്റെ അടിത്തട്ടിൽ അസാധാരണ രൂപത്തിലുള്ള ഒരു ‘ബ്ലൂ ഗൂ’ പോലെയുള്ള കടൽ ​​ജീവിയെയാണ് കണ്ടെത്തിയത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ ഒകിയാനോസ് (NOAA) എക്‌സ്‌പ്ലോറർ ക്രൂവാണ് ഇതിനെ കണ്ടെത്തിയത്. ഓഗസ്റ്റ് 30 -ന് സെന്റ് ക്രോയ്‌ക്‌സിന് തെക്ക് 1,400 അടി ആഴത്തിലുള്ള ആഴക്കടലിലാണ് ഈ അസാധാരണ രൂപത്തിലുള്ള ജീവിയെ കണ്ടെത്തിയത്.

ഈ സംഘം തന്നെയാണ് ട്വിറ്റർ അക്കൗണ്ടിൽ ജീവിയുടെ വീഡിയോ പങ്ക് വച്ചത്. അതിൽ അതിന് പ്രത്യേകിച്ച് രൂപമോ മുഖമോ ഇല്ല. ഒരുതരം ഇളം നീല നിറമാണ്. അതുപോലെ തന്നെ ഇതിന് കൈ കാലുകളും ഇല്ല. അതുപോലെ അതിന് ദേഹത്ത് ഒരു തരം കുമിളകൾ പോലെ എന്തോ കാണുന്നുണ്ട്.

ഈ ബ്ലൂ ​ഗൂവിനെ പോലെ തോന്നിക്കുന്ന ജീവി അത്ഭുതപ്പെടുത്തി എന്നും അക്കൗണ്ടിൽ എഴുതിയിട്ടുണ്ട്. അതിന് സ്വയം നീളാനും ചുരുങ്ങാനും കഴിയും എന്ന് ഒരു വിദ​ഗ്ദ്ധൻ വിലയിരുത്തി. ഇത് പവിഴമോ മറ്റോ ആയിരിക്കും എന്നാണ് ആദ്യം ശാസ്ത്രജ്ഞർ കരുതിയിരുന്നത്. എന്നാൽ, അതല്ല ഇത് എന്താണ് എന്നത് ദുരൂഹമായി തുടരുകയാണ്.

NOAA ടീം മെയ് 14 -നും സെപ്റ്റംബർ 2 -നും ഇടയിലുള്ള ‘വോയേജ് ടു ദ റിഡ്ജ് 2022’ പര്യവേഷണത്തിനിടെയാണ് ഈ കണ്ടെത്തൽ നടത്തിയത്.

പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്സുമാകും’ അല്ല ഞങ്ങളുടെ അഭിപ്രായമല്ല. നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്റെയും നടി മഹാലക്ഷ്മിയുടെയും വിവാഹചിത്രങ്ങള്‍ക്ക് താഴെ എത്തിയ കമന്റുകളില്‍ ഒന്നാണിത്. സെപ്റ്റംബര്‍ ഒന്നിന് ആയിരുന്നു തമിഴ് സിനിമാ നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും വിവാഹ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്. എന്നാല്‍ ആശംസകള്‍ക്കൊപ്പം തന്നെ കടുത്ത സൈബര്‍ അറ്റാക്കുകളും മഹാലക്ഷ്മിക്കും രവീന്ദറിനും എതിരെ ഉയര്‍ന്നു. ഇരുവരും പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെയും വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് താഴെയുമാണ് പരിഹാസ കമന്റുകള്‍ നിറഞ്ഞത്. ‘പണം മാത്രം നോക്കിയാണ് മഹാലക്ഷ്മി രവീന്ദറിനെ വിവാഹം കഴിച്ചത്, ആദ്യ വിവാഹത്തിന് പോരേ സൗന്ദര്യം, യഥാര്‍ത്ഥത്തില്‍ ഇരുവരും വിവാഹിതരായോ, പണമുണ്ടെങ്കില്‍ പ്രണയമുണ്ടാകും പണമില്ലെങ്കില്‍ ഡിവോഴ്സുമാകും’ എന്നാണ് ചില വിമര്‍ശന കമന്റുകള്‍. കൂടാതെ രവീന്ദറിനെതിരെ ബോഡി ഷെയ്മിങ്ങും നടന്നു.

ഇനി പറയാനുള്ളത് ബോഡി ഷെയ്മിങ് നടത്തി പുണ്യാത്മാക്കളായി വിലസുന്നവരോടാണ്.. എന്തിനും ഏതിനും പരിഹസിക്കുന്നതും പൊതു ഇടത്തും സോഷ്യല്‍ മീഡിയയിലൂടെയും തെറികളിലൂടെ കളിയാക്കുന്നതും, കുത്തു വാക്കുകള്‍ തിരുകിക്കയറ്റുന്നതും ഹരമാക്കിയ അനേകം പേരുണ്ട് ഇന്ന്. ഓരോരുത്തരുടെയും സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി കണ്ണില്‍ കാണുന്നത് എന്തും പ്രചരിപ്പിച്ചും ശരി തെറ്റുകളെ കുറിച്ച് ഓര്‍ക്കാതെ ട്രോളുകള്‍ ഇറക്കിയും എത്രയോ പേരുടെ ജീവിതങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ തകര്‍ക്കുന്നുണ്ട്.

മെലിഞ്ഞവര്‍ ആരെ വിവാഹം ചെയ്യണം, തടിച്ചവര്‍ എന്ത് ധരിക്കണം, കറുത്തവര്‍, വെളുത്തവര്‍… എന്നിങ്ങനെയുള്ള സൂക്ഷ്മ നിരീക്ഷണങ്ങള്‍ നടത്തുന്ന ജോലിയാണ് സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും. ഓരോ ഫോട്ടോയ്ക്കും താഴെ കമന്റിട്ട് അത് സമര്‍ഥിക്കുന്ന തെളിവുകളും ഹാജരാക്കിയാലേ ഇത്തരക്കാര്‍ക്ക് തൃപ്തി ലഭിക്കുകയുള്ളു. ജീവിതത്തിലെ യാഥാര്‍ത്യങ്ങളെയും ലോകത്തിന്റെ മാറ്റങ്ങളും മനസിലാക്കി, താന്‍ ആരാണ്, ലക്ഷ്യം എന്താണ് എന്ന തിരിച്ചറിവിലൂടെ ജീവിക്കാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്.

എന്നാതയാലും സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കമന്റിട്ടിട്ട് കൂട്ടി ആ ഒരു പ്രത്യേക സുഖം അനുഭവിച്ചവര്‍ക്ക് ശക്തമായ രീതിയില്‍ തന്നെ രവിന്ദറും മഹാലക്ഷ്മിയും മറുപടി കൊടുത്തിട്ടുണ്ട്.

ഇത് പറയുന്ന നമ്മള്‍ തന്നെ അത് ചിന്തിക്കണം. നമ്മള്‍ ചെയ്യുന്നത് ഒരു സ്ത്രീയെ ബ്രാന്‍ഡ് ചെയ്യലാണ്. തന്റെ ശരീരഭാരം കുറച്ച ശേഷം വിവാഹം ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ആരോഗ്യമാണ് പ്രധാനം എന്നായിരുന്നു മഹാലക്ഷ്മിയുടെ പ്രതികരണം. മഹാലക്ഷ്മിയുടേത് രണ്ടാം വിവാഹം ആണെന്ന് മാത്രം പറയുന്നതിന് പകരം, തന്റേതും രണ്ടാം വിവാഹമാണെന്ന് തമ്പ്‌നെയിലില്‍ പറയൂ. തങ്ങളുടേത് ‘അറേഞ്ജ്ഡ് ലൗ മാരേജ്’ ആണ് എന്നാണ് രവീന്ദറും മഹാലക്ഷ്മിയും മറുപടി നല്‍കിയിരിക്കുന്നത്.

”എന്റെ ജീവിതത്തില്‍ നിങ്ങളെ ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്.. നിന്റെ ഊഷ്മളമായ സ്‌നേഹത്താല്‍ നീ എന്റെ ജീവിതം നിറയ്ക്കുന്നു.. ലവ് യു’ എന്നാണ് മഹാലക്ഷ്മി വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരുന്നത്. ‘മഹാലക്ഷ്മിയെ പോലൊരു പെണ്ണിനെ കിട്ടിയാല്‍ ജീവിതം നല്ലതാണെന്ന് പറയും’, എന്നാണ് രവീന്ദറിന്റെ വാക്കുകള്‍.

ഹരിപ്പാട് വിവാഹ സദ്യയ‌്ക്ക് പപ്പടം കിട്ടാത്തതിനെ തുടർന്ന് ഓഡിറ്റോറിയം അടിച്ചു തകർത്ത സംഭവത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം. 12 മേശകളും 25 കസേരകളുമാണ് സംഘർഷത്തിൽ തകർത്തത്.

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ സംഘര്‍ഷം ഓഡിറ്റോറിയത്തിന് പുറത്തേക്കും നീളുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം സംഭവം വൻ ചർച്ചയാവുകയും ചെയ‌്തു.

അതേസമയം, സംഘര്‍ഷത്തില്‍ വിവാഹപാര്‍ട്ടിയുമായി പരാതി ഒത്തുതീര്‍പ്പാക്കിയതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അടിപിടിയിൽ ഓഡിറ്റോറിയം ഉടമ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പലരും പുറത്തുപറയാത്തതാണെന്നുമാണ് വിവരം.

വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമയുള്‍പ്പെടെ മൂന്നുപേര്‍ക്കു പരിക്കേറ്റു.

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച ഉച്ചയോടാണ് സംഭവം. ഉടമ മുരളീധരന്‍ (65), ജോഹന്‍ (21), ഹരി (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഗ്വാഡലജാര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച പുറപ്പെട്ട വിവ ​​എയ്റോബസ് വിമാനത്തിന്‍റെ വലത് എഞ്ചിൻ പൊട്ടിത്തെറിച്ചു. ഫ്ലൈറ്റ് വിബി 518 എന്ന് പേരുള്ള വിമാനം ലോസ് ഏഞ്ചൽസിലേക്കുള്ള യാത്രയിലായിരുന്നു. വിമാനം ഉയര്‍ന്ന് 10 മിനിറ്റിനുള്ളില്‍ എഞ്ചിന്‍ പൊട്ടിത്തെറിച്ചു. ഇതോടെ വിമാനത്തിലെ യാത്രക്കാര്‍ നിലവിളികളാരംഭിച്ചു. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി തകര്‍ന്ന എഞ്ചിനുമായി വിമാനം ലാന്‍റ് ചെയ്യിക്കുന്നതില്‍ പൈലറ്റ് വിജയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാത്രക്കാര്‍ക്ക് രാത്രിയില്‍ സൗജന്യ താമസം നല്‍കിയെന്നും അവരെ ബുധനാഴ്ചത്തെ വിമാനത്തില്‍ അയച്ചെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

പറന്നുയര്‍ന്ന ഉടനെ എയർബസ് എ 320-ന്‍റെ രണ്ടാമത്തെ എഞ്ചിന് തീപിടിച്ച് തീപ്പൊരികള്‍ പറക്കുന്ന വീഡിയോ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിലൊരാളായ കിംബർലി ഗാർസിയ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തി. നിമിഷ നേരം കൊണ്ട് തന്നെ സമൂഹിക മാധ്യമങ്ങളില്‍ വീഡിയോ തരംഗമായി. തന്‍റെ ഭയാനകമായ അനുഭവത്തെ തുടർന്ന് വിവ എയ്‌റോബസ് ഉപയോഗിച്ച് ഭാവിയില്‍ ആരും യാത്രകൾ ബുക്ക് ചെയ്യരുതെന്നും ഗാർസിയ മുന്നറിയിപ്പ് നൽകുന്നു. “@VivaAerobus ഈ സാഹചര്യം കൈകാര്യം ചെയ്ത രീതി വെറുപ്പുളവാക്കുന്നതാണ് !” അവര്‍ എഴുതുന്നു. “ഞങ്ങൾ മരിക്കാൻ പോകുകയാണെന്ന് കരുതുന്ന ആളുകളുമായി ഒരു വിമാന ജീവനക്കാരിൽ നിന്നും ആശയവിനിമയം ഒന്നുമില്ല ! ഈ എയർലൈനില്‍ പറക്കരുത്.” അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

“ഈ സാഹചര്യം ഉണ്ടാക്കിയേക്കാവുന്ന അസൗകര്യങ്ങളിൽ ഞങ്ങൾ ഖേദിക്കുന്നു. അത് എയർലൈനും യോഗ്യതയുള്ള അധികാരികളും വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യും,” എയർലൈൻ പത്രക്കുറിപ്പിൽ പറഞ്ഞു. “വിവ എയ്‌റോബസ് അതിന്‍റെ ഓരോ ഫ്ലൈറ്റുകളിലും സുരക്ഷയ്ക്കുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു. അതിനാണ് കമ്പനിയുടെ ഒന്നാം നമ്പർ മുൻഗണനയും.” എയർലൈൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മെക്സിക്കോയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ രണ്ടാമത്തെ വിമാനമാണ് വിവ എയ്റോബസിന്‍റെത്. മെയ് 22 ന്, ഫ്ലൈറ്റ് നമ്പര്‍ 1281 എന്ന വിമാനം വില്ലാഹെർമോസയിൽ നിന്ന് പുറപ്പെട്ട് മെക്സിക്കോ സിറ്റിയിലേക്ക് പോകുമ്പോൾ എഞ്ചിൻ ടർബൈൻ ഒരു പക്ഷി വന്നിടിച്ചു. ഇതിനെ തുടര്‍ന്നും വിമാനം അടിയന്തര ലാന്‍റിങ്ങ് ചെയ്തിരുന്നു.

 

കുത്തിയൊഴുകുന്ന പുഴയിലകപ്പെട്ട കുട്ടിയെ വളഞ്ഞത് മുതലകൾ. നീന്തിക്കയറാൻ ശ്രമിച്ച കുട്ടിയുടെ രക്ഷക്കെത്തിയത് ദുരന്ത നിവാരണസേന. രാജസ്ഥാനിലെ ചമ്പലിലാണ് സംഭവം നടന്നത്. തക്ക സമയത്ത് ബോട്ടിൽ ദുരന്ത നിവാരണസേന എത്തിയിരുന്നില്ലെങ്കിൽ കുട്ടി മുതലകളുടെ ആക്രമണത്തിന് ഇരയാകുമായിരുന്നു. തൊട്ടു പിന്നാലെയെത്തിയ മുതലകളുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയെ ദുരന്ത നിവാരണസേന രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അലറിക്കരഞ്ഞുകൊണ്ട് നീന്തിയ കുട്ടിയ ബോട്ടിൽ പാഞ്ഞെത്തിയ സംഘം ബോട്ടിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മുതലകൾ നിറഞ്ഞ നദിയാണ് ചമ്പല്‍. ശക്തമായ ഒഴുക്കും നദിയിലുണ്ടായിരുന്നു. മുതലകൾ പിന്നാലെയെത്തിയിട്ടും മനോധൈര്യം കൈവിടാതെ മുന്നോട്ടു നീന്തിയ കുട്ടിയെയും രക്ഷിച്ച ദുരന്ത നിവാരണസേനയെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കാഴ്ചക്കാർ. ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

ലോകത്തിലെ നൈറ്റ് ലൈഫ് നഗരങ്ങളുടെ പട്ടികയിലേക്ക് തലസ്ഥാന നഗരിയും. കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നൈറ്റ് ക്ലബ് തുറന്നു. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ‘ഓഫോറി’ യാണ് സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബിന് തുടക്കം കുറിച്ചത്.

എയര്‍പോര്‍ട്ട് റോഡില്‍ ഇഞ്ചക്കലിനു സമീപമാണ് ഓഫോറി നൈറ്റ് ക്ലബ് പ്രവര്‍ത്തിക്കുക. രാത്രി 12വരെയാണ് പ്രവര്‍ത്തന സമയം. രാജ്യാന്തര മെട്രോ നഗരങ്ങളിലെ ലോകോത്തര നൈറ്റ് ക്ലബുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഓഫോറിയുടെ പ്രത്യേകത. 4500 ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായാണ് ക്ലബ് പ്രവര്‍ത്തിക്കുക.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാന്‍സ് ഫ്‌ലോറുകള്‍, ഭക്ഷണശാലകള്‍, കൂട്ടായ ആഘോഷങ്ങള്‍ക്ക് പ്രത്യേക സൗകര്യം, എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ ഓഫോറി നൈറ്റ് ക്ലബിനുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ നടക്കും. വരാന്ത്യങ്ങളില്‍ ബാന്‍ഡുകള്‍ ഉള്‍പ്പെടെ പ്രത്യേക പരിപാടികളും ഉണ്ടാകും. സ്ത്രീ സൗഹൃദ ക്ലബായ ഓഫോറിയില്‍ ബുധനാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

സംസ്ഥാനത്തെ നിയമങ്ങള്‍ക്ക് അനുസൃതമായി ഉന്നത നിലവാരവും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര ശൈലിയില്‍ ഒരുക്കിയിരിക്കുന്ന നൈറ്റ് ക്ലബ് സംസ്ഥാനത്തെ നൈറ്റ് ലൈഫിനും, അനുബന്ധ വ്യവസായങ്ങള്‍ക്കും ഉണര്‍വ്വേകുമെന്ന് ഓഫോറി ക്ലബ് മാനേജ്‌മെന്റ് പറഞ്ഞു. കേരളത്തിന്റെ വിനോദസഞ്ചാര, ഐടി മേഖലകള്‍ക്ക് നൈറ്റ് ലൈഫ് കുതിപ്പേകും. മറ്റ് സംസ്ഥാനങ്ങളെ പോലെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്നതാണ് പദ്ധതി. തിരുവനന്തപുരത്തെ കൂടാതെ കേരളത്തിലെ മറ്റ് നഗരങ്ങളിലും, ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ഓഫോറിക്ക് നൈറ്റ് ക്ലബുകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്.

Copyright © . All rights reserved