Social Media

യുവ നേതാവിനെതിരായ ആരോപണത്തിൽ നിയമനടപടികളിലേക്ക് പോകില്ലെന്ന നിലപാട് വീണ്ടും വ്യക്തമാക്കി നടി റിനി ആൻ ജോർജ്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ സംസാരിച്ച റിനി, “നിയമവഴിയില്ലെന്നത് എല്ലാം പൂട്ടിക്കെട്ടിയെന്നല്ല, പോരാട്ടം തുടരും” എന്നാണ് വ്യക്തമാക്കിയത്. സാധാരണ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

നിയമം തെളിവുകളുടെയും നടപടിക്രമങ്ങളുടെയും കാര്യമായിരിക്കുമ്പോൾ യഥാർത്ഥ മാറ്റം സമൂഹത്തിലാണ് വരേണ്ടതെന്ന് റിനി കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകാത്ത സത്യങ്ങളാണെന്നും, അവയെ തുറന്നുപറയുന്നത് തന്നെ ഒരു പോരാട്ടമാണെന്നും അവര്‍ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളെ പോലും ഒരു ബഹുമതിയായി കാണുന്നതായി റിനി പറഞ്ഞു, “ഉന്നയിച്ച കാര്യങ്ങൾ കൊള്ളുന്നവർക്ക് പൊള്ളുന്നതുകൊണ്ടാണ് ഇത്തരം ആക്രമണം ഉണ്ടാകുന്നത്” എന്നും അവര്‍ ചൂണ്ടിക്കാട്ടി.

റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്

ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല…അത് സത്യസന്ധമാണ്… നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്… സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം… നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്… മാറ്റം സമൂഹത്തിലാണ് വരേണ്ടത്…പോരാട്ടം തുടരുക തന്നെ ചെയ്യും… പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം… പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്…. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ…

സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു… കാരണം , ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം…

പാലക്കാട്: കോൺഗ്രസ് അനുഭാവിയും ട്രാൻസ്‌ജെൻഡർ പ്രവർത്തകയുമായ രാഗ രഞ്ജിനി ഉന്നയിച്ച ലൈംഗികാരോപണങ്ങളെ തുടർന്ന് ഡോ. പി. സരിന്റെ ഭാര്യ ഡോ സൗമ്യ സരിൻ മാനനഷ്ടക്കേസുമായി രംഗത്തെത്തി. കഴിഞ്ഞ സെപ്റ്റംബർ 6-നു തന്നെ വക്കീൽ മുഖേന മാനനഷ്ട നോട്ടിസ് അയച്ചതായി സൗമ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഭർത്താവിനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, നിയമപരമായി അത് നേരിടാനാണ് തീരുമാനം എന്നും അവര്‍ വ്യക്തമാക്കി.

രാഗ രഞ്ജിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരോപണങ്ങൾക്ക് തുടക്കമായത്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് സാധാരണ മലയാളിക്ക് മനസ്സിലാകുമെന്നും സൗമ്യ അഭിപ്രായപ്പെട്ടു. “ഒരു പൊതു പ്രവർത്തകനെതിരെ ആരോപണങ്ങൾ വരാം, പക്ഷേ അവൻ അതിനെ നേരിടുന്ന രീതി തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്,” എന്നും അവര്‍ കുറിച്ചു.

“തെളിവുകൾ ഉണ്ടാക്കുന്നത് എളുപ്പമാണെങ്കിലും ഞങ്ങൾ പേടിക്കില്ല. ഫേക്ക് ആണെങ്കിൽ അത് നിയമപരമായി തെളിയിക്കും,” എന്ന് സൗമ്യ വ്യക്തമാക്കി. ഭർത്താവിനോടുള്ള വിശ്വാസവും പരസ്പര പിന്തുണയുമാണ് ശക്തിയെന്ന് അവര്‍ കൂട്ടിച്ചേർത്തു. സരിനെതിരായ ആരോപണങ്ങൾ കുടുംബം ആത്മവിശ്വാസത്തോടെ നേരിടുമെന്നും അവർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ മലയാളികൾ ഉള്ള എല്ലാ സ്ഥലങ്ങളിലും ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഈ സമയത്ത് നമ്മുടെ ആഘോഷങ്ങൾ തദ്ദേശീയരായവർക്ക്‌ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലായിരിക്കണം . കഴിഞ്ഞയിടെ യുകെയിൽ ഒരു മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷം പുരോഗമിക്കുമ്പോൾ തദ്ദേശീയരായ ചില യുവാക്കൾ എത്തി വൈദ്യുതി ബന്ധം കട്ട് ചെയ്തത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കമ്മിറ്റി അംഗങ്ങൾ വീണ്ടും പവർ ഓൺ ചെയ്തതിനു ശേഷം യുവാക്കൾ വീണ്ടും പവർ ഓഫ് ചെയ്യുകയും ചെയ്തു. ഈ സമയത്ത് ഒരു യുവതി ഉൾപ്പെടുന്ന കമ്മിറ്റി അംഗങ്ങൾ പ്രശ്നം പരിഹരിക്കാൻ സമീപിച്ചപ്പോൾ യുവാക്കളിൽ ചിലർ യുവതിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

എന്നാൽ ഈ പ്രകോപനങ്ങളുടെ ഇടയിലും കമ്മിറ്റി അംഗങ്ങൾ പരമാവധി സംയമനം പാലിക്കുകയും, സംഭവത്തെ കുറിച്ച് ഉടൻ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. അവർ ഉടനെ തന്നെ പരിപാടി നടന്ന ഹാളിന്റെ ട്രസ്റ്റിമാരെ ബന്ധപ്പെടുകയും ചെയ്തു. കൂടാതെ, സംഭവത്തെ കുറിച്ചുള്ള കൃത്യമായ വീഡിയോ തെളിവുകളും അവർ പോലീസിന് കൈമാറി. ഇതേ തുടർന്ന് ഓണാഘോഷം അലമ്പാക്കാൻ ശ്രമിച്ച യുവാക്കൾക്ക് ഹാളിന്റെ ഗ്രൗണ്ട് ഉപയോഗിക്കുന്ന എല്ലാ ലോക്കൽ ക്ലബ്ബുകളിലും വിലക്ക് ഏർപ്പെടുത്താൻ നടപടികൾ ആരംഭിച്ചിട്ടുള്ളതായി അറിയുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റ് മലയാളി അസ്സോസിയേഷനകളും തങ്ങളുടെ പരിപാടികളിൽ ജാഗ്രത പാലിക്കണമെന്ന അഭിപ്രായമാണ് ഉയർന്നു വന്നിരിക്കുന്നത്.

ഇത്തരമൊരു സംഭവമുണ്ടാകുമ്പോൾ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ് ഏറ്റവും ഉചിതം. ഇപ്പോഴത്തെ സ്ഥിതിയിൽ, ഏകദേശം 5 ലക്ഷത്തിലധികം മലയാളികളാണ് യുകെയിൽ താമസിക്കുന്നത്. ഇതിൽ 55,000 മുതൽ 60,000 വരെ മലയാളി വിദ്യാർത്ഥികളാണ് വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലുമായി പഠനം നടത്തുന്നത് . യുകെയിൽ മൈഗ്രേഷൻ വിരുദ്ധ നിലപാടുകൾ ശക്തമാകുന്നതും വലതുപക്ഷ കാഴ്ചപ്പാടുകൾക്ക് പിന്തുണയോടെയുള്ള നിയമങ്ങൾ ശക്തിപ്പെടുത്തുന്നതും മേൽ പറഞ്ഞുതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ഒരു കാരണമാണ് . യുകെ മലയാളിയും സാമൂഹിക പ്രവർത്തകനുമായ അനീഷ് എബ്രഹാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം വാർത്തയായത്. നിരവധി മലയാളികളാണ് അന്യ നാട്ടിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നുള്ള അഭിപ്രായവുമായി പോസ്റ്റിന് കമന്റ് ചെയ്തത്.

(വാർത്തയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പ്രതീകാത്മക ചിത്രമാണ്.)

ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഹിന്ദി സംസാരിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് യുവതി. ഇംഗ്ലീഷ് സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണില്‍നിന്ന് പുറത്താക്കണമെന്ന് യുവതി പറയുന്നു. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.

ലണ്ടനിലെ വിമാനത്താവള ജീവനക്കാരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരും ഇന്ത്യക്കാരുമാണെന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും ഇവരോട് ഇംഗ്ലീഷ് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ വംശീയവാദിയായി മുദ്ര കുത്തിയെന്നും ഇവര്‍ കുറിച്ചു. വംശീയ കാര്‍ഡ് ഉപയോഗിച്ച് ഇവര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത്തരം ആളുകളെ നാടുകടത്തണമെന്നും യുവതി വ്യക്തമാക്കുന്നു.

പബ്ലിക് പോളിസി സ്‌പെഷ്യലിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂസി വൈറ്റ് താന്‍ ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 3-ല്‍ എത്തിയെന്നും ഒരു എം&എസ് സ്റ്റോര്‍ സന്ദര്‍ശിച്ചെന്നും എക്‌സിലെ ഒരു പോസ്റ്റില്‍ വെളിപ്പെടുത്തി. അവിടെ മൂന്ന് ജീവനക്കാര്‍ ഇംഗ്ലീഷല്ലാത്ത ഒരു ഭാഷയില്‍ സംസാരിക്കുന്നത് അവര്‍ കേട്ടു. ഏതാണ് ഭാഷയെന്ന് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയാണ് തങ്ങള്‍ സംസാരിക്കുന്നതെന്ന് ജീവനക്കാര്‍ അവരെ അറിയിച്ചു. താന്‍ അവരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നും യുവതി പറഞ്ഞു.

പിന്നാലെ ഈ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. യുവതിക്കെതിരെ ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ഇതില്‍ എന്താണ് കുഴപ്പമെന്നും ജീവനക്കാര്‍ എന്ത് നിയമമാണ് ലംഘിച്ചതെന്നും ചിലര്‍ ചോദിച്ചു. ഇതില്‍ അധിക്ഷേപകരമായി എന്ത് കാര്യമാണുള്ളതെന്നും ഒരു ഉപയോക്താവ് കമന്റ് ചെയ്തു. ജീവനക്കാര്‍ക്ക് പരസ്പരം അവരുടെ ഭാഷ സംസാരിക്കാന്‍ അനുവാദമുണ്ടെന്നും എന്തിനാണ് അനാവശ്യമായി തെറ്റിദ്ധാരണകളുണ്ടാക്കുന്നതെന്നും ആളുകള്‍ ചോദിച്ചു.

സോഷ്യൽ മീഡിയയിൽ ചർച്ചയായി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ കുഞ്ഞിന്റെ വരവ്.ആശുപത്രിയില്‍ ബെര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നതു മുതല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അതിഥികള്‍ എത്തുന്നതുവരെയുള്ള വീഡിയോയാണ് പുതിയ വ്‌ളോഗില്‍ പങ്കുവെച്ചത്. ജനനറിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ പിതാവ് അശ്വിന്‍ പേരെഴുതുന്നതടക്കം വീഡിയോയില്‍ കാണാം.

51 മിനിട്ടുള്ള വീഡിയോ ആണ് ദിയ പങ്കുവച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപേര്‍ ദിയക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു.നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുഞ്ഞിന് ജനന റിപ്പോർട്ടിൽ പേര് നൽകിയിരിക്കുന്നത്. കുഞ്ഞിവെ വീട്ടിൽ വിളിക്കുന്ന പേര് ഓമിയെന്നാണെന്നും സിന്ധു കൃഷ്ണ വീഡിയോയിൽ പറയുന്നു. അമ്മ കണ്ടുപിടിക്കുന്ന പേരാണ് കുഞ്ഞിന് ഇടുകയെന്ന് നേരത്തെ ദിയ വീഡിയോയിലൂടെ അറിയിച്ചിരുന്നു. നിരവധി ഓപ്ഷനായി ഉണ്ടെന്നും അതിലൊന്ന് കുഞ്ഞിനിടുമെന്നും സിന്ധുവും നേരത്തെ പറഞ്ഞിരുന്നു.

‘എന്നപ്പോലെ ഇരിക്കുന്നു, അതാണ് എനിക്ക് തോന്നിയത്. എന്നെപ്പോലെ ഇരിക്കുന്ന ഒരു ചെക്കന്‍. അശ്വിന്റെ സെയിം ഹെയര്‍ ആയിരുന്നു. കണ്ട ഉടനേ ഞാന്‍ പറഞ്ഞു, അശ്വിന്റെ പോലത്തെ ബ്ലാക്ക് തിക്ക് ഹെയര്‍’, കുഞ്ഞിനെക്കുറിച്ച് ദിയ പറഞ്ഞു.

‘ഒരുരക്ഷയുമില്ല. ഓസി ഇത്രയും അടിപൊളിയായി പുഷ് ചെയ്യുമെന്ന് ഞാന്‍ വിചാരിച്ചതല്ല. പുള്ളിക്കാരി നാലേ നാല് പുഷ് ചെയ്ത് ടക് എന്ന് ഇറങ്ങി വന്നു. വല്ലാത്ത ഫീല്‍ തന്നെ. ലൈഫിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ഞാന്‍ ഓസിയെ കല്യാണം കഴിച്ചത് തന്നെയാണ്. അത് കഴിഞ്ഞാണ് ഇത്. അച്ഛന്‍ എന്ന നിലയില്‍ എന്റെ ആദ്യദിവസമാണ്. ഓസി ജനിച്ച ദിവസത്തെ ആദ്യത്തെ, അച്ഛന്‍ എടുത്തു നില്‍ക്കുന്ന ഫോട്ടോ എനിക്ക് അയച്ചുതന്നിരുന്നു. അതുപോലെ തന്നെയാണ് കുട്ടിയെ കാണാന്‍’, എന്നായിരുന്നു അശ്വിന്റെ പ്രതികരണം

ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി ടെലിവിഷന്‍ അവതാരകയും നടിയുമായ ആര്യ. വിവാഹം നിശ്ചയിച്ച വാര്‍ത്ത അപ്രതീക്ഷിതമായി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് സീസൺ രണ്ടിലെ താരമായ ആര്യ. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഡിജെ സിബിനെ (സിബിൻ ബെഞ്ചമിൻ) ആണ് ആര്യ വിവാഹം കഴിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യ സന്തോഷവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. വിവാഹനിശ്ചയത്തിന്റെ ഭാഗമായെടുത്ത ഇരുവരും ഒന്നിച്ചുള്ള ചിത്രവും ആര്യ ദീര്‍ഘമായ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സിബിനും ഇതേ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഒട്ടേറെ പേരാണ് കമന്റ് ബോക്‌സിലെത്തിയത്.

ഏറെ സന്തോഷത്തോടെ സിബിനുമായി വിവാഹം നിശ്ചയിച്ചു എന്നുപറഞ്ഞാണ് ആര്യയുടെ കുറിപ്പ് തുടങ്ങുന്നത്. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ജീവിതപങ്കാളികളിലേക്ക് എന്നു പറഞ്ഞുകൊണ്ടാണ് തന്റെ പുതിയ ജീവിതത്തെ കുറിച്ച് ആര്യ വിശദീകരിക്കുന്നത്.

‘വളരെ പെട്ടെന്നെടുത്ത തീരുമാനത്തിനൊപ്പം ജീവിതം ഏറ്റവും അവിശ്വസനീയവും ഏറ്റവും മനോഹരവുമായ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഒരാസൂത്രണവുമില്ലാതെ എന്റെ ജീവിതത്തില്‍ സംഭവിച്ച മികച്ച കാര്യം. പരസ്പരം താങ്ങായി ഞങ്ങള്‍ ഇരുവരും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ജീവിതകാലം മുഴുവന്‍ ഒന്നിച്ചുണ്ടാകുന്ന തരത്തിലേക്ക് അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.’ -ആര്യ കുറിച്ചു.

‘ഞാന്‍ നിന്നെ എന്നെന്നേക്കുമായും അതിനപ്പുറവും സ്‌നേഹിക്കുന്നു. എന്റെ എല്ലാ കുറവുകള്‍ക്കും മികവുകള്‍ക്കുമൊപ്പം എന്നെ നിന്റേതാക്കിയതിന് നന്ദി. അവസാനശ്വാസം വരെ ഞാന്‍ നിന്നെ മുറുകെ പിടിക്കും. അതൊരു വാഗ്ദാനമാണ്.’ -സിബിനോടായി ആര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.

തന്റെ മകള്‍ക്ക് അടിപൊളി അച്ഛനാണ് സിബിനെന്ന് പറഞ്ഞ ആര്യ തനിക്കും മകള്‍ ഖുഷിക്കും മികച്ച സുഹൃത്തുകൂടിയാണ് സിബിനെന്നും ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറഞ്ഞു. ‘ഇതാ, ശരിയായ സമയത്ത് എനിക്ക് അനുയോജ്യനായ വ്യക്തി’ എന്നുപറഞ്ഞാണ് ആര്യ സിബിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഖുഷിയുടെ പ്രിയപ്പെട്ടയാളാണ് സിബിനെന്നും ഇപ്പോള്‍ അവള്‍ ‘ഡാഡി’ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

‘എന്റെ ‘ചോക്കി’ക്കും എന്റെ മകൻ റയാനും എന്റെ മകൾ ഖുഷിക്കുമൊപ്പം ഒരിക്കലും അവസാനിക്കാത്തൊരു കഥ, ഹൃദയം കൊണ്ട് എഴുതാന്‍ ആരംഭിക്കുകയാണ്’ എന്നാണ് സിബിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്കില്‍ ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി.കെ.പ്രജിത്തിനെയാണ്(39) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.

ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല.

പരാതിപ്രകാരം ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ്‌ചെയ്യുകയുമായിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോർച്ചറിയുടെ മുന്നിൽ നിന്ന് തന്റെ അർദ്ധ നഗ്ന ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ എൻ എച്ച് എസ് ജീവനക്കാരി പോസ്റ്റ് ചെയ്തതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 44 കാരിയായ അമേലി വാർണിയറാണ് ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നത്. അമേലി എൻഎച്ച്എസിൽ പാത്തോളജിസ്റ്റ് ആയാണ് ജോലി ചെയ്തിരുന്നത്.


എസെക്സിലെ വിതാമിൽ നിന്നുള്ള രണ്ട് കുട്ടികളുടെ മാതാവ് ആയ അമേലി അവളുടെ ഫാൻസ് ഗ്രൂപ്പിൽ ആണ് വിവാദമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് ഫോട്ടോ എടുത്ത ചെംസ്‌ഫോർഡിലെ ബ്രൂംഫീൽഡ് ഹോസ്പിറ്റലിലെ മേധാവികൾ ഫോട്ടോയെ കുറിച്ച് അന്വേഷണം ആരംഭിച്ചു. തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ മോഡലും ഹെൽത്ത് ന്യൂട്രീഷ്യനിസ്റ്റുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേലി സ്പാനിഷ് സ്വദേശിയാണ്.

2012-ൽ സ്‌പെയിനിൽ നിന്നാണ് അമേലിക്ക് മെഡിക്കൽ ഡിഗ്രി ലഭിച്ചത്. ഏഴ് വർഷമായി അവൾ എൻഎച്ച്എസിൽ ജോലി ചെയ്തിട്ടുണ്ടെന്നും ആയിരക്കണക്കിന് മൃതദേഹപരിശോധനകൾ നടത്തിയിട്ടുണ്ടെന്നും ദി സൺ റിപ്പോർട്ട് ചെയ്തു. എൻ എച്ച് എസിലെ വേതനം കുറവാണെന്ന് പരാതിപ്പെട്ട് അമേലി ജോലി ഉപേക്ഷിച്ചതായും പിന്നീട് പൂർണ്ണമായി മോഡലിങ് ജോലിയിലേയ്ക്ക് പ്രവേശിച്ചതുമാണ് അവരെ കുറിച്ച് പുറത്തുവന്ന ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ‘എമ്പുരാനെ’തിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ലെന്ന് ചിത്രത്തിൽ പറയുന്നു. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണെന്നും അവർ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ശ്രീലേഖ ഇക്കാര്യങ്ങൾ പറഞ്ഞത്. ‘എമ്പുരാൻ സിനിമയെ വീണ്ടും ഒന്ന് ചൂഴ്ന്നു നോക്കുമ്പോൾ’ എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചത്.

ചിത്രം പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും പിന്നിൽ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ടെന്നും ആരോപിച്ചുകൊണ്ട് ശ്രീലേഖ നേരത്തെ രം​ഗത്തെത്തിയിരുന്നു. ചിത്രം സമൂഹത്തിന് നൽകുന്ന സന്ദേശം അങ്ങേയറ്റം മോശമാണ്. തിരഞ്ഞെടുപ്പുകൾ വരാനിരിക്കന്ന സാഹചര്യത്തിൽ, ബിജെപിയോട് കൂറുകാണിക്കുന്നവരെപിന്തിരിപ്പിക്കണം എന്ന ലക്ഷ്യത്തോടെ എടുത്തതാണോ ചിത്രം എന്ന് പോലും തനിക്ക്‌ സംശയമുണ്ടെന്നും അന്ന് ശ്രീലേഖ പറഞ്ഞു. ‘എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം’, എന്ന ക്യാപ്ഷനിലാണ് അന്ന് വീഡിയോ പങ്കുവെച്ചത്.

”എമ്പുരാൻ എന്ന സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞതിൽ ചില സ്ഥലത്തെങ്കിലും ഒരു ക്ലാരിറ്റി കുറവ് ഉണ്ടായതായിട്ട് എനിക്ക് തോന്നി. ഞാൻ പറയേണ്ട പല കാര്യങ്ങളും വ്യക്തമായി പറയാൻ എനിക്ക് സാധിച്ചിട്ടില്ല എന്ന് സംശയമുണ്ടായി. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. അതിന് ഞാൻ ആവശ്യമില്ലാതെ ഒരു ഹൈപ്പ് ഞാനും കൂടെ ചേർന്ന് കൊടുക്കേണ്ട കാര്യമില്ല. ആ സിനിമയുടെ ​ഗതി എങ്ങോട്ടേക്കാണ് എന്ന് പൊതുവെ എല്ലാവർക്കും അറിയാം. ആ സിനിമ രാജ്യത്തിനും എല്ലാ രാഷ്ട്രീയ പാർട്ടിക്കും എതിരാണ്.

ഐയുഎഫ് പാർട്ടി വളരെ മോശം പാർട്ടി ആയിട്ടാണ് കാണിക്കുന്നത്. ആർപിഐഎം പാർട്ടിയെ അതിനേക്കാൾ മോശമായിട്ടാണ് കാണിക്കുന്നത്. ഇവർ രണ്ട് പേർ ഒരു ഗ്രൂപ്പാണെന്നും ആർപിഐഎം നേതാവിന് തിരുവാതിര കളി ഇഷ്ടമാണെന്നുമൊക്കെയുള്ള ധ്വനി ആ ചിത്രത്തിലുണ്ട്. അത് എല്ലാ പാർട്ടിക്കും മോശമാണ്. എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടിക്ക് ഈ സിനിമ ഇഷ്ടമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചിലപ്പോൾ, അതിൽ വികലമായ രീതിയിൽ ​ഗുജറാത്തിൽ നടന്നതിനെ കാണിക്കുന്നത് കൊണ്ടാകാം. ബിജെപിയെ താഴ്ത്തിക്കാണിക്കുന്ന സിനിമയാണ് അതിനാൽ ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കണം എന്ന ധാരണ മനസ്സിലുള്ളതുകൊണ്ട് ആണോ എന്നും അറിയില്ല.

ഐക്യത്തോടെയും സഹോദര്യത്തോടുകൂടിയും ജീവിക്കുന്ന ഒരു അവസ്ഥയിൽ ഇതുപോലെ സിനിമ എടുത്തുകൊണ്ട് അധോലോക നായകന്മാർ അല്ലാതെ ബാക്കി എല്ലാവരും മോശക്കാർ എന്ന് കാണിക്കുന്ന രീതി സിനിമയ്ക്ക് ഭൂഷണമല്ല. ലൂസിഫർ എന്ന ചിത്രം എനിക്ക് ഇഷ്ടമായെന്ന് ഞാൻ എവിടേയും പറഞ്ഞിട്ടില്ല. ലൂസിഫറിൽ മയിൽവാഹനം എന്ന കമ്മിഷണറെ മോശമായിട്ടാണ് കാണിച്ചിരിക്കുന്നത്. ഒരു കമ്മിഷണറെ കൊന്നിട്ട് അയാൾ ജയിലിലായില്ലേ, അയാൾ ഇപ്പോഴും പുറത്ത് ഇങ്ങനെ കറങ്ങിനടക്കുവാണോ, അതിന് കേസൊന്നും ഇല്ലേ എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ.

ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ല, ആ മുഖ്യമന്ത്രിയെ ഇവിടെ നിന്ന് ഒഴിവാക്കിയിട്ട് പകരം മുഖ്യമന്ത്രിയുടെ സഹോദരിയായ സ്ത്രീയെ ഇവിടുത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൊണ്ടുവരണം. അപ്പോൾ, അതിനുവേണ്ടിയാണ് മോഹൻലാൽ മുണ്ടുടുത്ത് സ്റ്റീഫൻ നെടുമ്പള്ളി ആയി തിരിച്ചുവരുന്നതും അവിടെയുണ്ടാകുന്ന പ്രശ്‌നത്തിൽ ഇടപെട്ട് പ്രിയദർശിനിയെ കൊണ്ടുവന്ന് ഈ കാര്യങ്ങളൊക്കെ ചെയ്യിപ്പിക്കുന്നതും.

സയീദ് മസൂദ് എന്ന കഥാപാത്രം 13-ഓ 14-ഓ വയസ്സുള്ളപ്പോൾ ഗുജറാത്തിലെ കഥാപാത്രത്തിന്റെ ഇടയിൽ നിന്ന് രക്ഷപ്പെട്ട ഏക പയ്യനായിട്ടാണ് കാണിക്കുന്നത്. അവൻ എങ്ങനെ പാകിസ്താനിലെ ക്യാമ്പിൽ ട്രെയിനിങ്ങിന് ചെന്നു എന്ന കാര്യം ആരും പറയുന്നില്ല. അപ്പോൾ, ലഷ്‌കർ ഇ തൊയ്ബയുടെ കരം ശക്തമായി ഭാരതത്തിലുണ്ട്. അവർ ഇതൊക്കെ നോക്കിക്കൊണ്ട് ഇരിക്കുകയാണ്. ഭാരതത്തിൽ നിന്ന് ഒരുപാട് കുട്ടികളെ പാകിസ്താനിലെ ടെററിസ്റ്റ് ക്യാമ്പുകളിൽ എത്തിച്ചു ട്രെയിൻ ചെയ്യും എന്നാണ് കാണിക്കുന്നത്. അവരെ ഇന്ത്യക്കെതിരേ മുദ്രാവാക്യം മുഴക്കാനും ഭീകരവാദം പഠിപ്പിക്കാനും ഇന്ത്യയാണ് എല്ലാവരേയും കൊന്നതെന്നും പറഞ്ഞ് പഠിപ്പിക്കുന്നു.

സയീദ് മസൂദിനെ എന്തിനാണ് അബ്രാം ഖുറേഷി രക്ഷപ്പെടുത്തുന്നത്. അവനെ രക്ഷിച്ച് വിദ്യാഭ്യാസം നൽകി ഭാരതീയ പൗരനായിട്ട് വളർത്തിയെടുത്ത് ദേശസേവനം ചെയ്യാൻ വേണ്ടിയാണോ. അല്ല, അയാളുടെ ഗ്യാങ്ങിലേക്ക് റിക്രൂട്ട് ചെയ്യുകയാണ്. അയാളുടെ കള്ളക്കടത്ത് സംഘത്തിലേക്ക് അയാൾക്ക് ഇതുപോലത്തെ ആളുകളെ വേണം. പിന്നീട്, സയീദ് മസൂദും ഇതുപോലുള്ള കുട്ടികളെ രക്ഷിക്കുന്നുണ്ട്. ഒരു പെൺകുട്ടിയും അതിനകത്ത് ഉൾപ്പെടുത്തുന്നു എന്നത് കഷ്ടം’, ആർ. ശ്രീലേഖ പറയുന്നു.

വിവാദങ്ങളോ കോലാഹലങ്ങളോ ഒന്നുമില്ലെങ്കിൽ പരാജയപ്പെടേണ്ട സിനിമയായിരുന്നു ‘എമ്പുരാനെ’ന്ന് ഡോ. സൗമ്യ സരിൻ. പൃഥ്വിരാജിന്റെ തലയില്‍ ഉദിച്ച മാർക്കറ്റിങ് ബുദ്ധിയെ അഭിനന്ദിക്കുന്നുവെന്നും ‘ലൂസിഫർ’ തനിക്കേറെ ഇഷ്ടപ്പെട്ട സിനിമകളൊന്നായിരുന്നുവെന്നും സൗമ്യ പറയുന്നു.

‘‘സിനിമയെ സിനിമ മാത്രം ആയി കണ്ടു കൊണ്ടുള്ള ഒരു പോസ്റ്റ്‌. ചെലോർക്ക് ശെര്യാവും…ചെലോർക്ക് ശെര്യാവൂല…എനക്കൊട്ടും ശെര്യായില്ല ഗയ്‌സ്. ഈ കോലാഹലങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെങ്കിൽ, എട്ടു നിലയിൽ ഇല്ലെങ്കിലും ഒരു ഒന്ന് രണ്ടു നിലയിൽ എങ്കിലും പൊട്ടേണ്ട ഒരു പടം!

ഇതിൽ നമ്മുടെ ബൈജു അവതരിപ്പിക്കുന്ന കഥാപാത്രം സുമേഷിനോട് പറയുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിന് വേണ്ട ഏറ്റവും വലിയ മൂന്നാമത്തെ ഗുണം, അവർക്ക് അവരുടെ അണികളിൽ ഉണ്ടാക്കാൻ സാധിക്കേണ്ട ഒരേ ഒരു കാര്യമാണ്… രോമാഞ്ചം.

അത് ഇത്തരം സിനിമകൾക്കും ബാധകമാണ്…ആ പറഞ്ഞ ‘രോഞ്ചാമം’ വേണ്ടതിൽ അധികം തന്ന ഒരു സിനിമ ആയിരുന്നു എനിക്ക് ‘ലൂസിഫർ’. ഓഹ്… എന്താ അതിൽ ലാലേട്ടന്റെ ഒരു സ്വാഗ്. അതിലെ ഓരോ ഡയലോഗുകളും, എന്തിന് അധികം ആ കണ്ണുകൾ മാത്രം മതിയായിരുന്നു. അതു വച്ച് നോക്കുമ്പോൾ, ഇതൊരു മാതിരി.

എന്തായാലും എന്റെ പൃഥ്വിരാജെ… നിങ്ങളുടെ തല കാത്തുസൂക്ഷിച്ചു വയ്ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു മാർക്കറ്റിങ് ബുദ്ധി. എന്തായാലും നമ്മുടെ പണം അവരുടെ പെട്ടിയിൽ ഭദ്രമായി വീണു കഴിഞ്ഞു. ഇനി നിങ്ങൾ എത്രയാന്ന് വച്ചാൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലി തീർക്ക്. അവർക്കെന്ത് ചേതം.’’–ഡോ. സൗമ്യയുടെ വാക്കുകൾ.

RECENT POSTS
Copyright © . All rights reserved