മരണം ഒരു യാഥാര്‍ഥ്യമാണ്. അതിനെ അതിജീവിക്കാന്‍ മനുഷ്യന് ഇന്നേവരെ സാധിച്ചിട്ടില്ല. ജീവന്റെ അന്ത്യമാണത്. മനുഷ്യന് മാത്രമല്ല. ഈ ലോകത്തെ സര്‍വചരാചരങ്ങള്‍ക്കും മരണം സംഭവിക്കുന്നുമുണ്ട്. എന്നാല്‍ മരിച്ചാലും പുനരുജ്ജീവനം സാധ്യമായെങ്കില്‍ എന്നൊരു ആഗ്രഹം എക്കാലത്തും മനുഷ്യനുള്ളിലുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പ്പ്, ചിരഞ്ജീവിത്വം, അമരത്വം തുടങ്ങിയ ഫാന്റസികള്‍ സംബന്ധിച്ച ഒട്ടേറെ കഥകള്‍ നമ്മള്‍ കേട്ടിട്ടുള്ളതാണ്.
എന്നാല്‍ അസംഭവ്യം എന്ന് തോന്നുന്ന ഈ ഫാന്റസി എന്നെങ്കിലും യാഥാര്‍ത്ഥ്യമാവുമോ? ഒരിക്കലും ഇല്ല എന്ന് ഉറപ്പിച്ച് പറയാനാവില്ല എന്നതാണ് സത്യം. ശാസ്ത്രം അങ്ങനെയാണ്. അങ്ങനെ വിശ്വസിച്ചിരുന്ന പലതും യാഥാര്‍ത്ഥ്യമായത് നമ്മള്‍ കണ്ടറിഞ്ഞതുമാണ്. അതുകൊണ്ടുതന്നെ പുനരുജ്ജീവനം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ശാസ്ത്രലോകവും.
ജനനം, മരണം, പുനരുജ്ജീവനം
മരിച്ചാലും വീണ്ടും ജീവന്‍ തിരിച്ചെടുക്കാനുള്ള മനുഷ്യന്റെ ആഗ്രഹം ഇന്നൊരു വിദൂര സ്വപ്‌നം മാത്രമാണെങ്കിലും അത് എന്നെങ്കിലുമൊരിക്കല്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് മിഷിഗനിലെ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു കൂട്ടം ഗവേഷകര്‍. അതിനായി മൃതദേഹങ്ങളെ ശാസ്ത്രീയമായി കാത്തുസൂക്ഷിക്കുകയാണിവര്‍. ക്രയോണിക് പ്രിസര്‍വേഷനിലൂടെ. ഭാവിയില്‍ പുനരുജ്ജീവിപ്പിക്കുന്നതിനായി മനുഷ്യശരീരം തണുപ്പിച്ച് സൂക്ഷിച്ചുവെക്കുന്ന രീതിയാണിത്.
കേള്‍ക്കുമ്പോള്‍ ഭ്രാന്തമെന്ന് തോന്നുന്ന ആശയത്തിന് പുറകെയാണ് ഈ ഗവേഷകര്‍ എങ്കിലും തങ്ങളുടെ ഈ ശ്രമത്തെ കുറിച്ച് സമ്പൂര്‍ണ ശുഭാപ്തിവിശ്വാസമുണ്ട് അവര്‍ക്ക്.
തങ്ങള്‍ സയന്‍സ് ഫിക്ഷന്‍ പ്രേമികളാണെന്നും ഒപ്പം ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണെന്നും മിഷിഗനില്‍ പ്രവര്‍ത്തിക്കുന്ന ലാഭേതര സ്ഥാപനമായ ക്രയോണിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ഡെന്നിസ് കോവാള്‍സ്‌കി പറയുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വളരെ ചുരുക്കം കമ്പനികളില്‍ ഒന്നാണിത്.
“ശുഭാപ്തി വിശ്വാസമൊക്കെ ഉണ്ട്. ക്രയോണിക് പ്രിസര്‍വേഷനിലൂടെ മൃതദേഹങ്ങളെ സംരക്ഷിക്കുക, പിന്നീടതിന് ജീവന്‍ നല്‍കുക എന്നെല്ലാം പറയുന്നത് നൂറ് ശതമാനവും ഇന്ന് യാഥാര്‍ത്ഥ്യമല്ല. എന്നാല്‍ നമ്മള്‍ നമ്മളുടെ അറിവിന്റെ പരമോന്നതിയിലൊന്നുമല്ല ഇപ്പോള്‍ നില്‍ക്കുന്നത്. ഇനിയുമേറെ പഠിക്കാനുണ്ട്. ഭാവിയില്‍ ഇനിയുമേറെ കണ്ടുപിടിക്കാനുണ്ട്. ഹൃദയമിടിപ്പ് നിലച്ചയാളെ രക്ഷിക്കാന്‍ ഒരു വഴിയുമില്ലെന്ന് വിശ്വസിച്ചിരുന്ന കാലം മാറിയത് സിപിആര്‍, കാര്‍ഡിയാക് ഡീഫിബ്രിലേഷന്‍ പോലുള്ള കണ്ടുപിടിത്തങ്ങളിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്നത് സര്‍വസാധാരണമായ ജീവന്‍രക്ഷാപ്രവര്‍ത്തനങ്ങളാണ്”, കൊവാള്‍സ്‌കി പറയുന്നു.
ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് എന്നെങ്കിലും ഒരിക്കല്‍ മരണം സ്ഥിരീകരിച്ച വ്യക്തിക്ക് ജീവന്‍ തിരികെ നല്‍കാന്‍ സാധിക്കുമെന്ന് ക്രയോണിസിസ്റ്റുകള്‍ കരുതുന്നത്. ജൈവികമായ നാശത്തിന് ശാസ്ത്രം പരിഹാരം കണ്ടെത്തുമെന്ന് അവര്‍ വിശ്വസിക്കുന്നു.
ആ മെഡിക്കല്‍ സാങ്കേതിക വിദ്യ കണ്ടെത്തുന്നത് വരെ മൃതശരീരങ്ങളെ സംരക്ഷിച്ചുനിര്‍ത്തുകയാണ് ക്രയോണിസിസ്റ്റുകള്‍ ചെയ്തുവരുന്നത്. ഭാവിയില്‍ ഉണ്ടാവാനിടയുള്ളതും അല്ലാത്തതുമായ ഒരു ആശുപത്രിയിലേക്കുള്ള ആംബുലന്‍സാണ് ക്രയോണിക്‌സ് എന്ന് കൊവാള്‍സ്‌കി വിശദീകരിക്കുന്നു.
സയന്‍സ് ഫിക്ഷന്‍ സിനിമകള്‍
റോബോട്ടിക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍ അങ്ങനെ പലതും ഒരു കാലത്തെ സാങ്കല്‍പിക ശാസ്ത്ര കഥകളിലെ പ്രവചനങ്ങളായിരുന്നു. മരണം സംഭവിച്ച മനുഷ്യനെ പുനരുജ്ജീവിപ്പിക്കുക എന്ന ആശയത്തിന് പിറകെ ഗവേഷകര്‍ ഇറങ്ങിത്തിരിക്കുന്നതിലും ശാസ്ത്ര സാങ്കല്‍പിക കഥകളുടെ സ്വാധീനമുണ്ടെന്ന് അവര്‍ തന്നെ പറയുന്നു. കോവാള്‍സ്‌കിയും സംഘവും നടത്തിവരുന്ന ക്രയോണിക് പ്രിസര്‍വേഷനും വർഷങ്ങൾക്കുമുമ്പേ സയൻസ് ഫിക്ഷൻ സിനിമകളിലൂടെ കടന്നു പോയിട്ടുണ്ട്.
ഇന്റര്‍സ്റ്റെല്ലര്‍, കാപ്റ്റന്‍ അമേരിക്ക, ഡിമോളിഷന്‍ മാന്‍, ഫ്യൂച്ചറാമ (futurama) സീരീസ് പോലുള്ളവ ക്രയോണിക് പ്രിസര്‍വേഷന്‍ പ്രക്രിയയെ പലവിധത്തില്‍ ദൃശ്യവത്കരിച്ചിട്ടുണ്ട്. അനന്തഭദ്രം എന്ന മലയാള സിനിമയില്‍ പരകായ പ്രവേശത്തിനായി ദികംബരന്‍ തയ്യാറാക്കുന്ന എണ്ണത്തോണിപോലും ഈ പറയുന്ന ക്രയോണിക് പ്രിസര്‍വേഷന്‍ എന്ന ആശയത്തിന്റെ മറ്റൊരു തലത്തിലുള്ള ഭാവനയാണെന്ന് വേണമെങ്കില്‍ പറയാം.
മൃതദേഹം സൂക്ഷിക്കാന്‍ മാത്രമല്ല. മനുഷ്യന്റെ ജീവന്‍ താത്കാലികമായി നിര്‍ത്തിവെക്കുകയും ശരീരം കേടുവരാതെ സൂക്ഷിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗമായും ക്രയോണിക് പ്രിസര്‍വേഷന്‍ എന്ന ആശയത്തെ സിനിമകളും കഥകളും അവതരിപ്പിക്കുന്നുണ്ട്.
ക്രയോണിക് പ്രിസര്‍വേഷന്‍ എന്ത്? എങ്ങനെ?
ഒരാളുടെ മരണശേഷം അയാളുടെ ശരീരം ഭാവിയിലുണ്ടാകാവുന്ന പുനരുജ്ജീവനത്തിനായി പ്രത്യേക രീതിയില്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന രീതിയാണിത്. മൃതദേഹം ഐസ് വെള്ളത്തില്‍ തണുപ്പിക്കുകയും ഓക്‌സിജന്‍ മാസ്‌കുകളും സിപിആറും ഉപയോഗിച്ച് ശരീര ചര്‍മത്തില്‍ ഓക്‌സിജന്‍ സാന്നിധ്യം നിലനിര്‍ത്തുകയും ചെയ്യും. പ്രത്യേകം സീല്‍ ചെയ്ത കണ്ടെയ്‌നറുകളില്‍ സൂക്ഷിച്ച് ക്രയോണിക് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവും. അവിടെ വെച്ച് മൃതശരീരത്തില്‍ രക്തപ്രവാഹം തുടരുന്നതിനും ഓക്‌സിജൻ നിലനിർത്താനുമായി അതിനെ ഒരു പ്രത്യേക യന്ത്രത്തിലേക്ക് മാറ്റും. ശരീര ചര്‍മം മരവിച്ച് ഐസാവാതിരിക്കാന്‍ ഒരു വിട്രിഫിക്കേഷന്‍ ലായനിയും പമ്പ് ചെയ്യും. ഇതിന് ശേഷം ദ്രവ നൈട്രജന്‍ വേപ്പര്‍ ചേമ്പറില്‍ മൃതശരീരം -320 ഡിഗ്രിയില്‍ തണുപ്പിക്കും. ശരീരം ആവശ്യത്തിന് തണുത്തുകഴിഞ്ഞാല്‍ അതിനെ ഒരു ദ്രവ നൈട്രജന്‍ ടാങ്കിലേക്ക് മാറ്റും. ഇതാണ് ഭാവിയിലേക്കായി സൂക്ഷിക്കുന്നത്.
മനുഷ്യന്റെ മൃതശരീരത്തിന് ജീവന്‍ തിരികെ നല്‍കാന്‍ സാധിക്കുന്ന ഒരു സാങ്കേതിക വിദ്യ ജന്മമെടുക്കുന്നത് വരെയുള്ള കാലത്തോളം ഈ ടാങ്കുകളില്‍ ശരീരങ്ങള്‍ സൂക്ഷിക്കപ്പെടുമെന്നാണ് ക്രയോണിക് സാങ്കേതിക വിദ്യയ്ക്ക് നേതൃത്വം വഹിക്കുന്ന കൊവാള്‍സ്‌കി പറയുന്നത്.
എന്നാല്‍ വെല്ലുവിളികള്‍ ഏറെയുണ്ടിതില്‍. തണുപ്പിക്കുന്നതിലൂടെ മൃതശരീരത്തിനുണ്ടാവുന്ന ആഘാതങ്ങള്‍ പരിഹരിക്കണം. വ്യക്തിയുടെ മരണകാരണമായ രോഗം പരിഹരിക്കണം. മൃതശരീരം യുവാവിന്റേതാണെങ്കില്‍ അതിന് പ്രായമാകുന്നത് നിയന്ത്രിക്കണം. ഇങ്ങനെ ഒരു പുനര്‍ജന്മത്തില്‍ ആരോഗ്യദൃഢഗാത്രരായിരിക്കാനുള്ള ശുശ്രൂഷകള്‍ ഈ ശരീരങ്ങള്‍ക്ക് നല്‍കണം. അത് ഏറെ ചിലവേറിയ പ്രക്രിയയാണെന്ന് സാരം.
ഇരയെന്ന് തെറ്റിദ്ധരിച്ച് ഉടുമ്പിന്‍വാലില്‍ കടിച്ച രാജവെമ്പാലയെ തിരിച്ചു കടിച്ച് ഉടുമ്പ്. ഇതോടെ ഇരുവരും തമ്മില്‍ ഏറെനേരം ഏറ്റുമുട്ടി. 15 അടിയോളം നീളമുള്ള രാജവെമ്പാലയും സാമാന്യം വലുപ്പമുള്ള ഉടുമ്പും തമ്മിലാണ് കരിമ്പാനി വനത്തിലെ റോഡില്‍ ഏറ്റുമുട്ടിയത്.
ഞായറാഴ്ച ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ് ഈ അപൂര്‍വ രംഗം പകര്‍ത്തിയത്. സാധാരണ മറ്റ് പാമ്പുകളെ തിന്നുന്ന രാജവെമ്പാല ചെടികള്‍ക്കിടയില്‍ വാല്‍ കണ്ട് പാമ്പാണെന്ന് കരുതിയാവും ഉടുമ്പിന്‍വാലില്‍ കടിച്ചത്. കടി വിടുവിച്ച് രക്ഷപ്പെടാന്‍ ഉടുമ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും വെമ്പാല വിട്ടില്ല.
തീറ്റയെന്ന് കരുതിയുള്ള കടിയായതുകൊണ്ടാണ് ഉടുമ്പിന് വിഷമേല്‍ക്കാതിരുന്നതെന്നാണ് നിഗമനം. കടി കണ്ട ഉടനെ, ഉടുമ്പ് തിരിച്ച് രാജവെമ്പാലയുടെ നടുഭാഗത്തായി കടിച്ചു. പത്തു മിനിറ്റോളം വനപാലകര്‍ ഈ രംഗം കണ്ടു. അവര്‍ എത്തുംമുമ്പേയായിരുന്നു ഇരുവരുടെയും ഏറ്റമുട്ടല്‍. അവസാനം കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ വെമ്പാല പിന്നാലെയുണ്ടോ എന്നറിയാന്‍ ഉടുമ്പ് തിരിഞ്ഞുനോക്കി മരത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.
എണ്‍പതോളം തിമിംഗലങ്ങള്‍ കൂട്ടമായി ഇര തേടുന്നതിന്റെ മനോഹരവും അത്യപൂര്‍വവുമായ വീഡിയോ ശ്രദ്ധേയമാകുന്നു. ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ സഫയര്‍ തീരത്തുനിന്നാണ് ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. കൂനന്‍ തിമിംഗലങ്ങളാണ് ഇത്തരത്തില്‍ ജലോപരിതലത്തില്‍ ഉയര്‍ന്നും താഴ്ന്നും ഇരയെ തേടുന്നത്.
ഇത്തരം കാഴ്ച്ച അപൂര്‍വമാണെന്ന് തിമിംഗലത്തെക്കുറിച്ചുള്ള പഠിക്കുന്ന ഡോ. വനേസ പിറോട്ട പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള തിമിംഗലങ്ങളുടെ വേട്ടയാടല്‍ ദൃശ്യങ്ങള്‍ ഓസ്‌ട്രേലിയന്‍ കടലില്‍ ചിത്രീകരിക്കുന്നത്. അതേസമയം എന്തുകൊണ്ടാണ് തിമിംഗലങ്ങള്‍ സഫയര്‍ തീരത്ത് എത്തിയത് എന്നതു സംബന്ധിച്ച് ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും അത്ഭുതമാണ്.
ഇവയുടെ ഇര പിടിക്കല്‍ ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. വല വിരിച്ചാണ് കൂനന്‍ തിമിംഗലം ഇരപിടിക്കുന്നത്. സ്വയം ഉല്‍പാദിപ്പിക്കുന്ന കുമിളകള്‍ കൊണ്ടാണ് ഈ തിമിംഗലങ്ങള്‍ വല വിരിക്കുന്നത്. ഈ കുമിളകളുടെ ശൃംഖലയിലേക്ക് ചെറുമീനുകള്‍ എത്തിപ്പെടും. ക്രില്‍ എന്നു പേരുള്ള ചെമ്മീന്‍ അടക്കമുള്ള ചെറു മത്സ്യങ്ങളാണ് തിമിംഗലങ്ങളുടെ ആഹാരം.
പല്ലിന് പകരം വായില്‍ അരിപ്പ പോലെ ഒരുതരം നാരുകള്‍ ആണ് ഇവയ്ക്കുള്ളത്. കടലില്‍ വലിയ വായ് തുറന്നിരിക്കുമ്പോള്‍ വെള്ളവും ഭക്ഷണവും ഒരുമിച്ചു വായ്ക്കകത്താകുകയും അതിനു ശേഷം ഈ അരിപ്പ പോലുള്ള പല്ലുകള്‍ക്കിടയിലൂടെ വെള്ളം മാത്രം പുറത്തു ചീറ്റുകയും ഭക്ഷണം മാത്രം വിഴുങ്ങുകയും ചെയ്യുന്നു. ഈ തീറ്റ തേടല്‍ വിദ്യയിലൂടെ തിമിംഗലങ്ങളുടെ വായിലേക്ക് വലിയ അളവിലാണ് ചെറുമീനുകള്‍ ചെല്ലുന്നത്. ഇങ്ങനെ ഒരുപാടു തിമിംഗലങ്ങള്‍ ചേര്‍ന്ന് ഇരയ്ക്കുള്ള കെണി തീര്‍ക്കുന്ന മനോഹരമായ കാഴ്ചയാണ് ചിത്രീകരിച്ചത്.
ഇതിനു മുന്‍പ് കഴിഞ്ഞ വര്‍ഷം തിമിംഗല കൂട്ടങ്ങള്‍ ഇവിടെ എത്തിയതിന്റെയും അവ ഇര തേടുന്നതിന്റെയും ദൃശ്യങ്ങള്‍ ആദ്യമായി ചിത്രീകരിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം തിമിംഗലങ്ങള്‍ എത്തിയ അതേ സ്ഥലത്താണ് ഇപ്പോള്‍ അവ വീണ്ടും എത്തിയത്. ഈ പ്രദേശത്തെ സമുദ്രാന്തരീക്ഷത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നു പഠിക്കേണ്ടതുണ്ടെന്നു ഡോ. വനേസ പിറോട്ട പറഞ്ഞു.
രണ്ടാം വര്‍ഷവും തിമിംഗലങ്ങള്‍ ഈ ഭാഗത്തേക്ക് എത്തിയത് ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും ഈ പഠനത്തിന് അതീവ പ്രാധാന്യമുണ്ടെന്നും അവര്‍ പറഞ്ഞു.
അന്റാര്‍ട്ടിക്ക ഭാഗത്തുള്ള ഇവ തീറ്റ തേടിയാണ് ഇവിടെ എത്തിയത്. തിരിച്ച് അന്റാര്‍ട്ടിക്കയിലേക്ക് മടങ്ങുന്നതിനുമുമ്പാണ് ഗവേഷകര്‍ക്ക് ഈ വീഡിയോ ചിത്രീകരിക്കാനായത്. തിമിംഗല വേട്ട നിരോധിച്ച ശേഷം ഹമ്പ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡോ. വനേസ പറഞ്ഞു. ഓരോ വര്‍ഷവും ഏകദേശം 11 ശതമാനമായി ഇവയുടെ ജനസംഖ്യ വര്‍ധിക്കുന്നു. 35,000-ത്തിലധികം ഹമ്പ്ബാക്ക് തിമിംഗലങ്ങളാണ് ഇപ്പോഴുള്ളത്.
തിമിംഗലം ഇര പിടിക്കുന്നതിന്റെ ദൃശ്യം
ശാസ്ത്രജ്ഞരും വന്യജീവി ടൂര്‍ ഓപ്പറേറ്റര്‍മാരായ സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്സുമാണ് ഈ അത്യപൂര്‍വ വീഡിയോ പകര്‍ത്തിയത്. ഇത് വളരെ ആവേശകരമായിരുന്നുവെന്ന് സഫയര്‍ കോസ്റ്റല്‍ അഡ്വഞ്ചേഴ്‌സില്‍ നിന്നുള്ള സൈമണ്‍ മില്ലര്‍ പറഞ്ഞു.വീഡിയോ ചിത്രീകരിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ അവ ബോട്ടിന് നേരെ വരികയും ബോട്ടിനടുത്ത് എത്തി കുതിക്കാനും ആരംഭിച്ചു. അതിനാല്‍ അവയെ അടുത്തുനിന്നു കാണാന്‍ സാധിച്ചു. വലിയ തിമിംഗലത്തിന് ഒരു ബസിന്റെ വലിപ്പവും ഒരു കുഞ്ഞ് തിമിംഗലത്തിന് കാറിന്റെ വലുപ്പവുമുണ്ടെന്നു നിങ്ങള്‍ക്കു കാണാം-സൈമണ്‍ പറഞ്ഞു.
ഇന്ത്യന്‍ ഷൂട്ടര്‍ നമന്‍വീര്‍ സിംഗ് ബ്രാര്‍ മരിച്ച നിലയില്‍. മോഹാലിയിലെ വീട്ടിലാണ് നമന്‍വീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയിലാണ് വെടിയേറ്റിട്ടുള്ളത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കു എന്ന് പൊലീസ് അറിയിച്ചു.
‘ഇപ്പോള്‍ നമന്‍വീറിന്റെ മരണം ആത്മഹത്യയോണോ എന്ന കാര്യം ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഒരു പക്ഷേ തോക്കില്‍ നിന്നും അബദ്ധവശാല്‍ വെടിയേറ്റതാവാനും സാധ്യതയുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കൂ,’ മൊഹാലി ഡി.സി.പി ഗുര്‍ഷര്‍ സിംഗ് സന്ധു പറഞ്ഞു.
2015ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ഡബിള്‍ ട്രാപ് ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് നമന്‍വീര്‍. പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
അതേവര്‍ഷം നടന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും താരം വെങ്കലം നേടിയിരുന്നു. 2016-ല്‍ പോളണ്ടില്‍ വെച്ച് നടന്ന എഫ്.ഐ.എസ്.യു ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും നമന്‍വീര്‍ വെങ്കലം നേടിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പങ്കുവെച്ച ഒരു വിഡിയോ. താഴ്ന്ന് പറക്കുന്ന ഡ്രോൺ ഇരയാണെന്ന് കരുതി വായിലാക്കുന്ന ചീങ്കണ്ണിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ ആകർഷിക്കുന്നത്. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിൽ നിന്നും ചിത്രീകരിച്ചതാണ് വിഡിയോ. ഡ്രോൺകമ്പനി മാനേജർ പങ്കുവെച്ച വിഡിയോ പിച്ചെ അടക്കം നിരവധിപ്പേർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
വെള്ളത്തിൽ കിടക്കുകയായിരുന്ന ചീങ്കണ്ണിയുടെ തലയ്ക്ക് മുകളിലൂടെ പറന്ന ഡ്രോൺ ഇരയാണെന്ന് കരുതി ചീങ്കണി വായിലാക്കി. തുടർന്ന് വായിലിട്ട് ഡ്രോൺ കടിച്ച് പൊട്ടിക്കുന്നതും വായിൽ നിന്ന് പുക പടരുന്നതും വിഡിയോയിൽ കാണുന്നുണ്ട്. അതേസമയം വെള്ളത്തിൽ കിടക്കുന്ന ചീങ്കണ്ണിയുടെ ക്ലോസപ്പ് ഷോട്ട് എടുക്കുന്നതിടെയിലാണ് ചീങ്കണ്ണി ഡ്രോൺ വായിലാക്കിയത്.
വിഡിയോ സോഷ്യൽ ഇടങ്ങളിൽ ഹിറ്റായതോടെ നിരവധിപ്പേരാണ് ഡ്രോൺ നിയന്ത്രിച്ച ആൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഇത്തരത്തിലുള്ള ഉപകരണങ്ങളുടെ അമിത ഉപയോഗം കുറയ്‌ക്കണമെന്നും ഇത് മൃഗങ്ങളുടെ ജീവനെ ദോഷമായി ബാധിക്കും എന്നുമാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിയ്ക്കുന്നത്. ഈ ക്രൂരതയ്‌ക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെടുന്നവരും നിരവധിയാണ്.
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഏതാണെന്ന് ചോദിച്ചാൽ ആദ്യം മനസിലേക്ക് വരിക ഹോളി സീ എന്നറിയപ്പെടുന്ന 0.44 ചതുരശ്ര കിലോമീറ്റർ മാത്രമുള്ള വത്തിക്കാൻ സിറ്റിയായിരിക്കും. എന്നാൽ ഏറ്റവും ചെറുരാഷ്ട്രമെന്ന പദവി സീലൻഡ് എന്ന രാജ്യത്തിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും ! അങ്ങനെയും ചില ചെറു രാജ്യങ്ങൾ ഈ ലോകത്തുണ്ട്.
ചില വ്യക്തികൾ സ്വതന്ത്രരാഷ്ട്രങ്ങളായി പ്രഖ്യാപിച്ച ഇത്തരം പ്രദേശങ്ങൾ മൈക്രോനേഷനുകൾ എന്നറിയപ്പെടുന്നു. ഏതെങ്കിലും രാജ്യത്തിനുള്ളിലോ സമുദ്രാതിർത്തിക്കുള്ളിലോ ദ്വീപ് സമൂഹത്തിലോ ആണ് വലുതായി ആളും പേരുമൊന്നുമില്ലാത്ത ഈ സൂഷ്മരാഷ്ട്രങ്ങൾ നിലനിൽക്കുന്നത്. യഥാർത്ഥത്തിൽ ഇവ ഒരു രാഷ്ട്രമല്ല എന്നത് പോലെ യാതൊരുവിധ അംഗീകാരവും ഇല്ലായെന്നതാണ് സത്യം. എന്നാൽ ഇവയെ രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടുള്ളവർ അത് സമ്മതിച്ചു തരില്ല എന്നതാണ് വസ്തുത. അങ്ങനെയൊരു രാഷ്ട്രമാണ് സീലാൻഡ്.
ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ തുറമുഖമായ ഫെലിക്സ് ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ കടലിൽ രണ്ട് പടുകൂറ്റൻ തൂണുകളിൽ ഉറപ്പിച്ചിട്ടുള്ള ഒരു പ്ലാറ്റ്‌ഫോം ആണ് സീലൻഡ് എന്ന സൂക്ഷ്മരാഷ്ട്രം. റഫ്‌സ് ടവർ എന്നും ഫോർട്ട് റഫ്‌സ് (Fort Roughs ) എന്നും പേരുള്ള ഈ തട്ടിൻപ്പുറ രാജ്യത്തിന് 550 ചതുരശ്ര മീറ്റർ (550 m.sq) മാത്രമാണ് വലിപ്പം.
രണ്ടാം ലോകമഹായുദ്ധകാലത്ത് കാവലിന് വേണ്ടി ബ്രിട്ടൻ സ്ഥാപിച്ച നിരവധി കടൽക്കൊട്ടകളിൽ ഒന്നാണ് ഫോർട്ട് റഫ്‌സ്. ഗയ് മോൺസൽ എന്ന ഇന്ത്യൻ വംശജനായ എൻജിനിയർ രൂപകൽപ്പന ചെയ്ത ഫോർട്ട് റഫ്‌സ് “ഗയ് മൊൺസൽ സീഫോർട്ട് ” എന്നും അറിയപ്പെട്ടിരുന്നു. ജർമൻകാരുടെ ഭീഷണിയിൽ നിന്ന് എസെക്‌സിലെ ഹാർവിച്ച് തുറമുഖത്തിന്റെ സംരക്ഷണത്തിനായും അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയുള്ള കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനും വേണ്ടിയുമാണ് 1943- ൽ ഫോർട്ട് റഫ്‌സ് സ്ഥാപിച്ചത്. രണ്ട് കൂറ്റൻ തൂണുകൾക്ക്മേൽ ഉറപ്പിച്ച വീതിയുള്ള ഓയിൽ റിഗ് പോലുള്ള ഒരു പ്ലാറ്റ്‌ഫോമാണിത്. രണ്ടാം ലോകയുദ്ധകാലത്ത് നൂറു മുതൽ മുന്നൂറ് വരെ നാവിക ഉദ്യോഗസ്ഥർ ഇവിടെ തങ്ങിയിരുന്നത്രെ. യുദ്ധമവസാനിച്ചപ്പോൾ ജർമൻ ആക്രമണത്തെ തടയാൻ നിർമ്മിച്ച ഈ കടൽക്കോട്ട ബ്രിട്ടീഷ് നാവികസേന ഉപേക്ഷിക്കുകയായിരുന്നു.
1965-ൽ റോയൽ നേവി ഡി കമ്മിഷൻ ചെയ്ത കടൽക്കോട്ട ജാക്ക് മൂർ, മകൾ ജെയിൻ എന്നിവർ പൈറേറ്റ് റേഡിയോ പ്രക്ഷേപണത്തിനായി സ്വന്തമാക്കുകയായിരുന്നു. അനധികൃതമായി റേഡിയോ പ്രക്ഷേപണം നടത്തുന്നതിന് വേണ്ടി പാഡി റോയ് ബെയ്റ്റ്സ് (Paddy Roy Bates ) എന്നയാളും കുടുംബവും1967-ൽ ജാക്ക് മൂറിനെ തല്ലിയോടിച്ച് കടൽത്തട്ടിനെ സ്വന്തമാക്കുകയും, തങ്ങളുടെ റേഡിയോ പ്രക്ഷേപണത്തിന്റെ ആസ്ഥാനമാക്കാൻ തീരുമാനിക്കുകയും ചെയ്തു. പ്രിൻസ് റോയ് ഒന്നാമൻ എന്ന് സ്വന്തം പേര് പരിഷ്കരിച്ച ബെയ്റ്റ്സ്, ഫോർട്ട് റഫ്സിനെ ഒരു സ്വതന്ത്ര പ്രിസിപ്പാലിറ്റിയായും പുത്രൻ മൈക്കേലിനെ പ്രിൻസ് റീജന്റ് മൈക്കേൽ എന്ന യുവരാജാവായും പ്രഖ്യാപിച്ചു.
ബ്രിട്ടീഷ് സർക്കാർ ബലം പ്രയോഗിച്ച് റഫ്‌സ് ടവർ പിടിച്ചെടുക്കാൻ ഒരിക്കൽ ശ്രമിച്ചെങ്കിലും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അത് തടഞ്ഞതായി രേഖകൾ വ്യക്തമാക്കുന്നു. ഫോർട്ട് റഫ്‌സ് ബ്രിട്ടന്റെ സമുദ്രാതിർത്തിക്ക് വെളിയിലാണെന്നും, അത്കൊണ്ട് തന്നെ ബ്രിട്ടീഷ് നിയമങ്ങൾ സീലൻഡിന് ബാധകമല്ലെന്നാണ് ബെയ്റ്റ്സ് അവകാശപ്പെട്ടിരുന്നത്.
1978-ൽ ഒരു ജർമ്മൻ കോടതിയും 1990-ൽ അമേരിക്കയിലെ ഒരു കോടതിയും സീലാൻഡ് ഒരു രാജ്യമല്ലെന്ന് വിധിക്കുകയുണ്ടായി. എന്നാൽ ഈ കോടതി വിധികളൊന്നും ബെയ്റ്റ്സ് അംഗീകരിച്ചില്ല. മാത്രമല്ല, 2004 നവംബർ 25 – ന് ബ്രിട്ടനിലെ സണ്ടർലൻഡ് യൂണിവേഴ്സിറ്റി നടത്തിയ മൈക്രോനേഷൻസ് കോൺഫെറൻസിൽ സീലാൻഡിനെ പ്രതിനിധികരിച്ച് അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. രാജാവാണെന്ന് അവകാശപ്പെട്ട് തന്റെ രാജ്യത്തെ അംഗീകരിക്കണമെന്ന് ലോകരാജ്യങ്ങളോട് അഭ്യർഥിക്കുകയുണ്ടായി. പാഡി ബെയ്റ്റ്സും കുടുംബവും ലോകയാത്രയ്ക്ക് ബ്രിട്ടീഷ് പാസ്പോർട്ടാണ് ഉപയോഗിക്കുന്നത്.
1978-ൽ ജർമൻകാരനായ അച്ചൻ ബാക് കൂലിപട്ടാളക്കാരെ ഉപയോഗിച്ച് സീലാൻഡ് ആക്രമിച്ചു. പാടി ബെറ്റ്സും ഭാര്യയും അക്രമണസമയത്ത് ഇംഗ്ലണ്ടിലായിരുന്നു. അവരുടെ മകൻ മൈക്കിൾ തടവിലാക്കപ്പെട്ടു. എന്നാൽ പിന്നീട് നടന്ന തിരിച്ചടിയിൽ സീലാൻഡ് തിരിച്ചു പിടിക്കുകയും അച്ചൻ ബാക്കിനെയും കൂട്ടാളികളെയും രാജ്യദ്രോഹ കുറ്റം ചുമത്തി തടവിലാക്കി. തുടർന്ന്, നെതർലാൻഡ്, ഓസ്ട്രിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ അട്ടിമറിയിൽ പങ്കെടുത്ത തങ്ങളുടെ പൗരന്മാരുടെ മോചനത്തിനായി ബ്രിട്ടനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു. ഒടുവിൽ ജർമ്മനി സീലാൻഡുമായി നടത്തിയ ചർച്ചയെത്തുടർന്ന് തടവിലാക്കപ്പെട്ടവർ മോചിപ്പിക്കപ്പെട്ടു. 35000 അമേരിക്കൻ ഡോളർ പിഴയടക്കേണ്ടിയും വന്നു. അച്ചൻ ബാക്കിന് സീലാൻഡ് പൗരത്വം ഉണ്ടായിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹം ജർമനിയിൽ ഇരുന്നുകൊണ്ട് സീലാൻഡിനെതിരായ വിമത നീക്കത്തിന് നേതൃത്വം നൽകി. അദ്ദേഹം തന്റെ പിൻഗാമിയായി യോഹന്നാസ് സൈഗറെ പ്രഖ്യാപിച്ചു.
1969-ൽ സീലാൻഡ് ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറപ്പെടുവിച്ചിരുന്നു. റഫ്‌സ് ടവറിൽ നിന്ന് നിന്ന് ബെൽജിയത്തിലേക്ക് തപാൽ കൊണ്ട് പോകാൻ ഹെലികോപ്റ്റർ സർവിസും ഏർപ്പെടുത്തി. 1972-ൽ സീലാൻഡ് സ്വന്തം നാണയമായ സീലാൻഡ് ഡോളറും പുറത്തിറക്കി. പ്രത്യേകം മൂല്യമൊന്നുമില്ലാത്ത ഇവ നാണയശേഖരക്കാർക്ക് മാത്രമേ ഉപകാരപ്പെടൂ. 1975-ൽ സ്വന്തമായി ഭരണഘടനയും പാസ്‌പോർട്ടും ദേശിയ പതാകയും ദേശീയഗാനവും ഉണ്ടാക്കിയ പാഡി ബെയ്റ്റ്സ് കുടുംബ വകയായി ഇന്ന് രാജ്യത്തിന് സ്വന്തമായി ഫുട്ബാൾ ടീമും ഉണ്ട്. 2012-ൽ പാഡി ബെയ്റ്റ്സും 2016 -ൽ ഭാര്യ ജോഹനയും അന്തരിച്ചു.
രാജ്യത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചതായി പറയപ്പെടുന്നു. സ്വയം പ്രഖ്യാപിത രാജാവായ റോയ് ബെയ്റ്റ്സിന്റെ മകൻ മിഷേൽ ബെയ്റ്റസാണ് നിലവിലെ രാജാവ്. ജെയിംസ് രാജകുമാരനാണ് അടുത്ത കിരീടാവകാശി. 2002-ലെ കണക്ക് പ്രകാരം രാജ്യത്തെ ജനസംഖ്യ 27 ആണ്. നാല് പേർ സ്ഥിരതാമസക്കാരായി സീലാൻഡിൽ ഉണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്ക ആണെങ്കിലും സീലാൻഡിന്റെ കൂറ്റൻ തൂണുകൾ നിൽക്കുന്ന കടലും അതുവഴി സീലാൻഡിന്റെ കരയായ ആ ചെറിയ പ്ലാറ്റ്‌ഫോമും ബ്രിട്ടന്റെ വകയാണ്..
പ്രണയത്തിനായി രാജകീയ പദവികളും സമ്പത്തും ഉപേക്ഷിച്ച് കൊട്ടാരം വിട്ടിറങ്ങാൻ ഒരുങ്ങി ജപ്പാൻ രാജകുമാരി മാകോ. കാമുകൻ കെയ് കൊമുറോയെ വിവാഹം ചെയ്യാനായാണ് മാകോ കൊട്ടാരം വിട്ടിറങ്ങുന്നത്. വിവാഹത്തിനുശേഷം യുഎസിലായിരിക്കും ഇരുവരും താമസിക്കുക.
ജപ്പാനിലെ ഇപ്പോഴത്തെ രാജാവിന്റെ പദവി അലങ്കരിക്കുന്ന അകിഷിനോയുടെ മകളും അകിഹിതോ ചക്രവർത്തിയുടെ പേരക്കുട്ടിയുമാണ് 29കാരിയായ മാകോ. രാജകുടുംബത്തിലെ നിയമങ്ങൾക്കതീതമായാണ് മാകോ നിയമരംഗത്ത് ജോലിചെയ്യുന്ന കെയ് കൊമുറോ എന്ന സാധാരണ പൗരനെ പ്രണയിച്ചതും ജീവിതപങ്കാളിയായി തിരഞ്ഞെടുത്തതും.
നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. എന്നാൽ, നിബന്ധനകൾ അംഗീകരിക്കില്ലെന്നും പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തിൽനിന്നുള്ള കോടിക്കണക്കിന് രൂപയുടെ സമ്മാനം നിരസിച്ചാണ് വിവാഹം ലളിതമാക്കാൻ ഇവർ തീരുമാനിച്ചത്. ആചാരപ്രകാരം മാകോയ്ക്ക് രാജകുടുംബത്തിൽനിന്ന് ലഭിക്കേണ്ടത് 8.76 കോടി രൂപ (137 മില്ല്യൻ യെൻ) ആണ്.
ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ സർവകലാശാലയിൽ നിയമപഠനത്തിനെത്തിയപ്പോഴാണ് മാകോയും കെയ് കൊമുറോയും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. എന്നാൽ രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്ന നിയമം പ്രണയത്തെ തടസപ്പെടുത്തുമെന്ന് കരുതിയിരുന്നെങ്കിലും മാകോ രാജകുമാരിയെന്ന പദവി ഉപേക്ഷിക്കാൻ തയ്യാറാവുകയായിരുന്നു.
രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും സമ്പത്തും ഉപേക്ഷിച്ച മാകോ-കൊമുറോ പ്രണയകഥ അന്താരാഷ്ട്രതലത്തിൽത്തന്നെ ഏറെക്കാലമായി ചർച്ചയായതാണ്.
സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത് കടല്‍ത്തീരത്ത് യോഗ ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോയാണ്.
അങ്ങനെ ആസ്വദിച്ച് യോഗ ചെയ്യുന്നതിനിടയില്‍ കിട്ടിയൊരു പണിയാണ് വീഡിയോ വൈറലാകാന്‍ കാരണം.ഓഗസ്റ്റ് 21 നാണ് സംഭവം.
ബഹാമഹൂപ്പ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വീഡോയോ പങ്കുവച്ചിരിക്കുന്നത്. ശരീരം വില്ലുപോലെയാക്കി യോഗ ചെയ്യുകയാണു യുവതി.
ഇതൊക്കെ കണ്ട് ഒരു ഉടുമ്പും കടല്‍ത്തീരത്തുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് കുറെ ശ്രദ്ധിച്ചിട്ടും മനസിലാകാത്തതുകൊണ്ടാണെന്നു തോന്നുന്നു ഉടുമ്പ് ഓടിവന്ന് യുവതിയുടെ കയ്യിലൊന്നു കടിച്ചു.
കാര്യമെന്തെന്നു മനസിലായില്ലെങ്കിലും കടിയേറ്റതും വേദനകൊണ്ടു പുളഞ്ഞ യുവതി നിലവിളിച്ചു.
യോഗയവസാനിപ്പിച്ച് ചുറ്റും നോക്കിയപ്പോള്‍ കുറച്ചു ദൂരെ മാറി ഞാന്‍ ഒന്നും ചെയ്തില്ലെന്ന ഭാവത്തില്‍ ഒരു ഉടുമ്പ് തന്നെ നോക്കിയിരിക്കുന്നു.
ഇവനാണ് തന്നെ കടിച്ചതെന്നു മനസിലാക്കിയ യുവതി മണല്‍ വാരി അവനെ എറിയാന്‍ തുടങ്ങി.
എന്തായാലും ഉടുമ്പു വന്നു കടിച്ചിട്ട് ഓടുന്നതും തീരത്ത് യുവതി നിലവിളിച്ചുകൊണ്ടിരിക്കുന്നതും ഉടുമ്പിനെ മണ്ണുവാരിയെറിയുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമാണ്.
ആരും കണ്ടാല്‍ ഒന്നു ചിരിച്ചു പോകുന്ന വീഡിയോയ്ക്ക് ഇതുവരെ നാല്പത് ലക്ഷത്തിനടുത്ത് കാഴ്ചക്കാരുണ്ട്. എന്തായാലും ദിനം പ്രതി വീഡിയോയ്ക്കു കാഴ്ചക്കാരും കമന്റു ചെയ്യുന്നവരും കൂടിക്കൂടി വരികയാണ്.
നാല് മാസത്തിലേറെ നീണ്ട രാത്രിയ്ക്ക് ശേഷം അന്റാര്‍ട്ടിക്കയില്‍ വീണ്ടും സൂര്യന്‍ ഉദിച്ചു. നാലോ അഞ്ചോ മാസമാണ് അന്റാര്‍ട്ടിക്കയില്‍ രാത്രികാലം നീണ്ടുനില്‍ക്കുന്നത്. ആ സമയത്ത് 24 മണിക്കൂറും അന്റാര്‍ട്ടിക്കയില്‍ ഇരുട്ടായിരിക്കും.
ഇതോടെ അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണ പ്രവര്‍ത്തനങ്ങളും പുനഃരാരംഭിച്ചു.
നീണ്ടുനില്‍ക്കുന്ന രാത്രികാലം കാരണം ശീതകാലത്ത് ഗവേഷണ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നത് ഗവേഷകര്‍ക്ക് അസാധ്യമാണ്.
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണ കേന്ദ്രങ്ങള്‍ അന്റാര്‍ട്ടിക്കയിലുണ്ട്. നവംബറില്‍ അന്തരീക്ഷ താപനില വര്‍ധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകര്‍ തിരികെയെത്തുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുകയും ചെയ്യുകയാണ് പതിവ്.
വേനല്‍, ശിശിരം തുടങ്ങി രണ്ട് കാലങ്ങള്‍ മാത്രമാണ് അന്റാര്‍ട്ടിക്കയിലുണ്ടാവുന്നത്. നാല് മുതല്‍ ആറ് മാസത്തോളമാണ് ഓരോ കാലവും നീളുന്നത്. വേനല്‍ക്കാലത്ത് ദിനം മുഴുവനും സൂര്യപ്രകാശം ലഭിക്കുമെങ്കിലും മഞ്ഞ് നിറഞ്ഞ ഭൂഖണ്ഡത്തില്‍ താപനില എപ്പോഴും താണനിലയില്‍ തന്നെ തുടരും.
ശിശിരത്തില്‍ മൈനസ് 34 ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരി താപനില. അന്റാര്‍ട്ടിക്ക ഗവേഷകര്‍ക്ക് എന്നും ഒരു അത്ഭുതം തന്നെയാണ്. അതിനാലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ അന്റാര്‍ട്ടിക്കയിലേക്ക് പഠനം നടത്താനെത്തുന്നത്.
ഒരു ദിവസം സൂര്യനിൽ നിന്നുള്ള ചൂടും വെളിച്ചവുമെല്ലാം നിലയ്ക്കും. പിന്നെ തണുത്തുറയും, വൈകാതെ ക്രിസ്റ്റൽ രൂപത്തിലേക്കു മാറും. ആകാശത്ത് തിളങ്ങുന്നൊരു ക്രിസ്റ്റൽ. പിന്നെ സൗരയൂഥത്തിൽ എന്തു സംഭവിക്കുമെന്നു പറയാൻ പോലും പറ്റില്ല. അതിനും മുൻപേ തന്നെ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതായിട്ടുണ്ടാകും.
ഇനിയും 500 കോടി വർഷം മാത്രമേ സൂര്യന് ആയുസ്സുള്ളൂവെന്നതാണു സത്യം. നിലവിൽ നമ്മുടെ സൂര്യൻ ‘മഞ്ഞക്കുള്ളൻ നക്ഷത്ര’മാണ്. അതായത്, അത്യാവശ്യം കത്തിജ്വലിച്ചു നിൽക്കാൻ കെൽപുള്ളത്. ന്യുക്ലിയർ ഫ്യൂഷൻ എന്ന പ്രക്രിയ വഴിയാണ് സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കപ്പെടുന്നത്. എന്നാൽ 500 കോടി വർഷം കഴിയുന്നതോടെ സൂര്യൻ തണുത്തു വരും. ഫ്യൂഷന്റെ ശക്തി ക്ഷയിച്ചു വരുമെന്നു ചുരുക്കം. ഇതിന്റെ ആദ്യഘട്ടത്തിൽ കത്തിജ്വലിക്കുന്ന അവസ്ഥയിലേക്ക് എത്തും സൂര്യൻ. അതായത്, ചുവന്നു തുടുത്ത ഒരു ‘രാക്ഷസൻ നക്ഷത്ര’മായി മാറും. പിന്നീട് പതിയെ വലുപ്പം കുറഞ്ഞ് ‘വെള്ളക്കുള്ളൻ നക്ഷത്ര’മായിത്തീരും. ചൂട് ഉൽപാദിപ്പിക്കപ്പെടാതാകുന്നതോടെ‘കരിഞ്ഞ്’ കറുത്ത കുള്ളന്മാരായും മാറും. ഇതിനു ശേഷമാണ് ഖരരൂപത്തിലായി ഉറച്ച് ക്രിസ്റ്റലായി മാറുക. അപ്പോഴേക്കും ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായിട്ടുണ്ടാകും.
സൂര്യൻ ക്രിസ്റ്റൽ രൂപത്തിലാകുമെന്ന നിഗമനത്തിൽ 50 വർഷം മുൻപേ തന്നെ ഗവേഷകർ എത്തിയിരുന്നു. എന്നാൽ അതിനു ചേർന്ന തെളിവുകൾ മാത്രം കിട്ടിയില്ല. തെളിവിനു വേണ്ടി അവർ ഒരു കാര്യം ചെയ്തു. ഗയ സ്പെയ്സ് ടെലസ്കോപ് വഴി ഭൂമിക്കു ചുറ്റുമുള്ള 15,000 വെള്ളക്കുള്ളൻ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. ഭൂമിയിൽ നിന്ന് ഏകദേശം 300 പ്രകാശ വർഷം അകലെയുള്ളവയായിരുന്നു ഇവയെല്ലാം. ഇതിൽ നിന്നാണ് ഒരു കാര്യം മനസ്സിലായത്. മിക്ക നക്ഷത്രങ്ങളും തണുത്തുറഞ്ഞ് ക്രിസ്റ്റൽ പരുവത്തിലേക്ക് ആയിക്കഴിഞ്ഞു. എല്ലാ വെള്ളക്കുള്ളൻ നക്ഷത്രങ്ങളും ഒരിക്കൽ ക്രിസ്റ്റൽ രൂപത്തിലേക്ക് മാറുമെന്നത് ഉറപ്പാണ്. വമ്പൻ നക്ഷത്രങ്ങളായിരിക്കും ഏറ്റവും ആദ്യം ക്രിസ്റ്റലാവുക. നിലവിലെ സാഹചര്യത്തിൽ ക്രിസ്റ്റൽ രൂപത്തിലുള്ള കോടിക്കണക്കിനു നക്ഷത്രങ്ങൾ നമ്മുടെ ഗാലക്സിയിലുണ്ടാകുമെന്നും ഗവേഷകർ പറയുന്നു.
ഒരു കഷണം കിട്ടിയാൽ ശതകോടീശ്വരനാകാം: ബഹിരാകാശത്ത് ഒഴുകുന്ന സ്വർണനിധി
ഒരു കഷണം കിട്ടിയാൽ ശതകോടീശ്വരനാകാം: ബഹിരാകാശത്ത് ഒഴുകുന്ന സ്വർണനിധി
കാർബണും ഓക്സിജനും ചേർന്നായിരിക്കും ക്രിസ്റ്റലിന് രൂപം കൊടുക്കുക. ചില നക്ഷത്രങ്ങൾക്ക് ഏകദേശം ലോഹരൂപവുമുണ്ടാകും. നക്ഷത്രങ്ങൾ തണുക്കുമ്പോൾ വജ്രക്കല്ലുകൾ രൂപപ്പെടാനും ഏറെ സാധ്യതയുണ്ട്. അത്തരം ‘വജ്രനക്ഷത്രങ്ങൾ’ നമ്മുടെ കണ്ണിൽപ്പെടാതെ എവിടെയൊക്കെയോ ഇപ്പോഴും ഉണ്ടുതാനും. അവയെ നോക്കി കണ്ണഞ്ചിയിരിക്കുകയല്ല, അതൊരു ഓർമപ്പെടുത്തലാണെന്നു തിരിച്ചറിയുകയാണു വേണ്ടത്. ഒരു നാൾ നമ്മുടെ സൂര്യനും അതുപോലെ…! പക്ഷേ 500 കോടി വർഷത്തിനകം സൂര്യനില്ലാതെയും ജീവിക്കാൻ സാധിക്കുന്ന മറ്റേതെങ്കിലും ഗ്രഹം മനുഷ്യർ കണ്ടുപിടിച്ചിട്ടുണ്ടാകുമെന്നാണു ഗവേഷകർ പ്രത്യാശ പ്രകടിപ്പിക്കുന്നത്.