Social Media

ലോക സമുദ്രങ്ങളിലെ ചൂട് 2019-ൽ പുതിയ റെക്കോർഡിലെത്തിയതായി റിപ്പോര്‍ട്ട്. ആഗോള താപനത്തിന് പ്രധാന കാരണക്കാരായ ഹരിതഗൃഹ വാതകകങ്ങളുടെ 90% ത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ/ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു.

പുതിയ വിശകലനപ്രകാരം സമുദ്രത്തിൽ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ച് വർഷമാണ് കഴിഞ്ഞു പോകുന്നത്. ഭൂമിയിലെ ഓരോ വ്യക്തിയും പകലും രാത്രിയും 100 മൈക്രോവേവ് ഓവനുകൾ പ്രവർത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ചൂടാണ് സമുദ്രങ്ങള്‍ ഓരോ ദിവസവും ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ താപനിലകൂടിയാല്‍ അത് ശക്തമായ കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുകയും, ജലചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ എന്നിവക്കു പുറമേ സമുദ്രനിരപ്പ് ഉയരുന്നതടക്കമുള്ള മാരകമായ പ്രത്യാഘാതങ്ങളാണ് ജന്തു ലോകത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍വരെ ഉണ്ടായ വെള്ളപ്പൊക്കവും, യൂറോപ്പിലെ ഉഷ്ണക്കാറ്റും, ഓസ്ട്രേലിയയില്‍ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത കാട്ടുതീയും അതിന് ഉദാഹരണമാണ്.

‘പേടിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നതെന്നും, ഭൂമി എത്ര വേഗത്തിലാണ് ചൂടാകുന്നതെന്നത് ശെരിക്കും കാണിച്ചു തരുന്നത് സമുദ്രങ്ങളാണെന്നും’ യുഎസിലെ മിനസോട്ടയിലെ സെന്റ് തോമസ് സർവകലാശാലയിലെ പ്രൊഫസർ ജോൺ അബ്രഹാം പറയുന്നു. ഒരു ദശകത്തിനിടെ സമുദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂടായ വര്‍ഷംകൂടിയാണ് 2019 എന്നും, മനുഷ്യ നിര്‍മ്മിത ആഗോളതാപനം നിര്‍പാദം തുടരുന്നതിന്‍റെ അനന്തരഫലമാണ് അതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കണക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള സമുദ്ര ഡാറ്റ ഉപയോഗിച്ചുകൊണ്ടാണ് പഠനം നടത്തിയത്. അഡ്വാൻസസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസസ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിചിത്രമായ ഒരു തീരുമാനത്തിന് അമ്പരപ്പോടെ കയ്യടിക്കുകയാണ് സൈബർ ഇടങ്ങൾ. ജാപ്പനീസ് കോടീശ്വരനായ യുസാക്കു മാസവായുടെ തീരുമാനം സത്യത്തിൽ ആരെയും ഞെട്ടിക്കും. തന്റെ 1,000 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് 9,000 ഡോളര്‍ (ഏകദേശം 6.38 ലക്ഷം രൂപ) വീതം നല്‍കാന്‍ തീരുമാനച്ചിരിക്കുകയാണ് ഇയാൾ. ആകെ 90 ലക്ഷം ഡോളറാണ് (ഏകദേശം 63.8 കോടി രൂപ) വിതരണം ചെയ്യുന്നത്.

നേരത്തെ ഒരു പെയ്ന്റിങ് വാങ്ങാന്‍ 57.2 ദശലക്ഷം ഡോളര്‍ മുടക്കിയും ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സിന്റെ ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയിലെ എല്ലാ സീറ്റുകളും ബുക്കു ചെയ്തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 44 വയസ്സുള്ള അദ്ദേഹവും കന്നിപ്പറക്കലില്‍ സ്‌പെയ്‌സ് എക്‌സില്‍ കയറിയേക്കുമെന്നും പറയുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയാണ് അദ്ദേഹം ലോകത്തെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയത്.
അദ്ദേഹം ജനുവരി 1നു നടത്തിയ ട്വീറ്റ്, റീട്വീറ്റ് ചെയ്ത 1,000 പേര്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്.

താന്‍ സമൂഹത്തിലൊരു ഗൗരവത്തിലുള്ള പരീക്ഷണത്തിനു മുതിരുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന വിചാരധാരകളിലൊന്നാണ് എല്ലാവര്‍ക്കും അടിസ്ഥാനവരുമാനം ഉറപ്പാക്കുക (universal basic income) എന്നത്. ഇതിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ജീവിച്ചിരിക്കാനായി പണം നല്‍കുന്ന പദ്ധതിയെയാണ് യൂണിവേഴ്‌സല്‍ ബെയ്‌സിക് ഇങ്കം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇതാദ്യമായി അല്ല യുസാക്കു ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് പണം വെറുതെ കൊടുക്കുന്നത്. തന്റെ 100 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്കായി 2019ല്‍ അദ്ദേഹം 917,000 ഡോളര്‍ വീതിച്ചു നല്‍കിയിരുന്നു. ഇതിന്റെ ഗുണഭോക്താക്കളോട്, നിങ്ങള്‍ക്കു ഞാന്‍ പണം നല്‍കാന്‍ പോകുന്നുവെന്ന കാര്യം അദ്ദേഹം നേരിട്ട് ട്വിറ്ററിലൂടെ തന്നെ അറിയിക്കുകയായിരുന്നു.

കേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി ഇത്രയും വലിയ രീതിയിൽ പ്രണയ പകയും പക കൊലപാതകത്തിൽ കലാശിക്കുന്നതും കാണാൻ തുടങ്ങിയിട്ട്. ഇന്ന് ഞാൻ നാളെ നീ എന്നപോലെ ആർക്കോ എവിടേയോ സംഭവിക്കുന്ന പ്രശ്‌നം എന്ന നിലയിൽ മലയാളികൾ എഴുതി തള്ളിയ പ്രണയ പക ദുരന്തങ്ങൾ നമ്മുടെ വീട്ടിലേക്കോ പരിസരപ്രദേശങ്ങളിലേക്കോ കടന്നുവരാൻ തുടങ്ങിയതോടെ ഭീതിയോടെ ആണ് ഓരോ മലയാളികളും മക്കളെ വളർത്തുന്നത് പ്രണയം വേണ്ടെന്നുവച്ചാൽ പിന്നെ ജീവിക്കാൻ ഭയക്കണം എന്നതാണു പെൺകുട്ടികളുടെ അവസ്ഥ! തിരുവനന്തപുരം കാരക്കോണത്തു വിദ്യാർഥിനിയെ കഴുത്തറുത്തു കൊന്നതും കൊച്ചി കാക്കനാട്ട് വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപിച്ചതും കലൂരുള്ള വിദ്യാർഥിനിയെ തമിഴ്നാട്ടിലെ കാട്ടിൽ കുത്തികൊന്ന് ഉപേക്ഷിച്ചതുമെല്ലാം സൂചിപ്പിക്കുന്നതും അതു തന്നെ.

ഇത്തരം സംഭവങ്ങൾ കേരളത്തിൽ പതിവു വാർത്തയാണിപ്പോൾ. പ്രണയം നിരസിച്ചാൽ പെണ്ണിനെ കൊല്ലണമെന്ന അപകടകരമായ ചിന്ത ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. ഇതിനെതിരെ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.സി.ജെ.ജോൺ എഴുതിയ കുറിപ്പ് വായിക്കാം. മൂന്ന് മാസം മുൻപ് എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമായി തന്നെ നിലകൊള്ളുന്നു.

കുറിപ്പ് ഇങ്ങനെ:

പ്രണയ തിരസ്കാരം നേരിട്ടാൽ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. അത് കൊണ്ട് ജാഗ്രതാ നിർദ്ദേശം ഉൾക്കൊള്ളുന്ന ഈ പഴയ പോസ്റ്റ് വീണ്ടും. പാലിച്ചാൽ തടി രക്ഷപ്പെടുത്താം.

പ്രണയാതിക്രമങ്ങൾ തടയാൻ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു.ഈ ലക്ഷണങ്ങൾ കാണിച്ചാൽ പക്വമായ ബന്ധം രൂപപ്പെടുത്താമോയെന്ന് ആദ്യം നോക്കാം .ഇല്ലെങ്കിൽ നയപരമായി പിൻവലിയാൻ നോക്കണം.എത്രയും വേഗം ചെയ്താൽ കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാം.

1.❤️എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാൽ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്.അനുസരിക്കാതെ വരുമ്പോൾ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്‌ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്നലാണ്.

2.❤️എവിടെ പോകണം ,ആരോട് മിണ്ടണം ,ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ് .

3.❤️ഫോണിൽ കാൾ ലിസ്റ്റ് പരിശോധിക്കൽ,മെസ്സേജ് നോക്കൽ ,സോഷ്യൽ മീഡിയയിൽ എന്ത് ചെയ്യുന്നുവെന്ന തിരച്ചിൽ -ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.

4.❤️ഫോൺ എൻഗേജ്ഡ് ആകുമ്പോഴും ,എടുക്കാൻ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.

5.❤️നിനക്ക് ഞാനില്ലേയെന്ന മധുര വർത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താൻ നോക്കുന്നത് നീരാളിപ്പിടുത്തതിന്റെ തുടക്കമാകാം.

6.❤️ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കണം .

7.♥️നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തിൽ വിളിക്കുകയും മെസ്സേജ് അയക്കുകയും,ഇപ്പോൾ തിരക്കാണെന്നു പറയുമ്പോൾ കോപിക്കുകയും ചെയ്യുന്ന ശൈലികൾ ഉണ്ടാകുമ്പോൾ സൂക്ഷിക്കണം .

8.♥️നീ എന്നെ വിട്ടാൽ ചത്ത് കളയുമെന്നോ ,നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചിൽ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്.ശരീര ഭാഗങ്ങൾ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്.

9.♥️പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും ,നിസ്സാരകാര്യങ്ങളിൽ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും ,പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാൻ പാടില്ല .

10.♥️മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാൽ അസൂയ ,വൈകാരികമായി തളർത്തൽ.സംശയിക്കൽ -തുടങ്ങിയ പ്രതികരണങ്ങൾ പേടിയോടെ തന്നെ കാണണം.

ഈ പത്തു സൂചനകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം അസാധ്യം.ഈ പ്രണയ വണ്ടിയിൽ നിന്നും ഇറങ്ങുന്നതാണ് ബുദ്ധി .

കോപ്പി റൈറ്റ് ഇല്ല .ആർക്കും എടുക്കാം

( ഡോ:സി .ജെ .ജോൺ)

 

‘ഇട്ടിമാണി,​ മെയ്ഡ് ഇൻ ചൈന’ എന്ന മോഹൻലാൽ സിനിമ അന്നമനട എടയാറ്റൂരിൽ മട്ടയ്ക്കൽ ജോസ് കണ്ടിട്ടില്ല. പക്ഷേ,​ ഡോക്ടർമാരായ ആറ് പെൺമക്കൾക്കായി ഒരു ആശുപത്രി പണിയണമെന്ന ജോസേട്ടന്റെ സ്വപ്നം സഫലമായാൽ,​ ബോർഡിൽ ‘മെയ്ഡ് ഇൻ ചൈന’ എന്നെഴുതാമെന്നാണ് സ്നേഹത്തോടെ നാട്ടുകാരുടെ പക്ഷം. കാരണം,​ ജോസേട്ടന്റെ മൂന്ന് പെൺമക്കൾ എം.ബി.ബി.എസ് ബിരുദമെടുത്തതും,​ മൂന്നു പേർ പഠനം തുടരുന്നതും ചൈനയിലാണ്! മക്കളെ പഠിപ്പിച്ച വകയിൽ ഒരു കോടിയോളം രൂപ കടമായെങ്കിലും,​ ഫർണിച്ചർ ബിസിനസുകാരനായ ജോസിനും ഭാര്യ ബേബിക്കും നിറഞ്ഞ ചാരിതാർത്ഥ്യം- മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനായല്ലോ.

ആറു സഹോദരിമാരിൽ മൂത്തയാളായ എസ്തർ ആണ് എം.ബി.ബി.എസ് പഠനത്തിന് ചൈനയിലെ ചോംചിംഗ് സർവകലാശാലയിലേക്ക് ആദ്യം പോയത്. രണ്ടാമത്തെ മകൾ യൂദിത്തും അനുജത്തി റൂത്തും ചോംചിംഗിൽ നിന്നു തന്നെ എം.ബി.ബി.എസ് ബിരുദമെടുത്തു. ഇവർക്കു താഴെ റാഹേലും റബേക്കയും സാറയും അവിടെത്തന്നെ പഠനം തുടരുന്നു. മക്കളിലെ ഏക ആൺതരിയായ ജെനു ആന്റണി ദുബായിൽ മർച്ചന്റ് നേവിയിൽ സെക്കൻഡ് ഓഫീസർ.വീട്ടിലേക്ക് ആദ്യം ചൈനീസ് ബിരുദം കൊണ്ടുവന്ന ഡോ. എസ്തറിന് ഇപ്പോൾ 30 വയസ്സ്. ഡോ. യൂദിത്ത് ഡൽഹി എയിംസിലും ഡോ. റൂത്ത് നിലമ്പൂരിലെ സ്വകാര്യ ക്ളിനിക്കിലും ജോലി ചെയ്യുന്നു.

മറ്റ് മൂന്നു പേർ കൂടി പഠനം പൂർത്തിയാക്കി വരുമ്പോൾ എല്ലാവരെയും ചേർത്ത് ആശുപത്രി തുടങ്ങണം- അതാണ് പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള ജോസിന്റെയും എൽ.ഐ.സി ഏജന്റ് ആയ ബേബിയുടെയും ആഗ്രഹം.32 വർഷം മുമ്പ് വിവാഹിതനാകുമ്പോൾ ഫർണിച്ചർ പണിക്കാരനായിരുന്നു ജോസ്. പിന്നീട് സ്വന്തം ഫർണിച്ചർ ബിസിനസ് ആയി. വിദ്യാഭ്യാസ വായ്പ ഉൾപ്പെടെ ഒരു കോടിയുടെ കടമുണ്ടെങ്കിലും ആറു മക്കളെ ഡോക്ടറാക്കാനും മകനെ വിദേശത്ത് ജോലിക്കാരനാക്കാനും കഴിഞ്ഞതിന്റെ അഭിമാനമുണ്ട്,​ ജോസിനും ബേബിക്കും. ഇനി,​ മക്കളുടെ സ്വന്തം ആശുപത്രി!

നെയ്യാറ്റിന്‍കര: യാത്രാ പാസ് ചോദിച്ച വനിതാ കണ്ടക്ടറോട് കെഎസ്ആര്‍ടിസി സൂപ്രണ്ട് അപമര്യാദയായി പെരുമാറി. ഇരുവരും തമ്മില്‍ നടന്ന വാക്കുതർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി.

വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി സൂപ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. നെയ്യാറ്റിൻകര ഡിപ്പോയിലെ മഹേശ്വരിയമ്മയ്‌ക്കെതിരെയാണ് എംഡി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് വിഭാഗമാണ് ഇവർക്കെതിരെയുള്ള പരാതി അന്വേഷിക്കുക.

ഇന്നു രാവിലെ തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. സൂപ്രണ്ടിനോട് യാത്രാ പാസ് കാണിക്കണമെന്ന് ബസിലെ വനിതാ കണ്ടക്‌ടർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പാസ് കാണിക്കാൻ കഴിയില്ലെന്നും പരാതി കൊടുക്കാനുമായിരുന്നു സൂപ്രണ്ടിന്റെ മറുപടി. ഇരുവരും തമ്മിൽ ഇതേചൊല്ലി ഏറെനേരം തർക്കിച്ചു.

https://www.facebook.com/100963357973712/videos/2559231274361213/

ക്യൻസർ  എന്ന മഹാവ്യാധി നേരിടുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവൻ. രോഗം പിടിമുറുക്കുമ്പോഴും അതിനെ ഉറച്ച മനക്കരുത്തുമായി നേരിടുകയാണ് നന്ദു. താനെ രോഗ വിവരത്തെ കൂട്ടുകാരുമായും പങ്കുവെക്കുന്ന സ്വഭാവവും നന്ദുവിനെ വേറിട്ടതാക്കുന്നു. ഒരു രോഗത്തിനും നന്ദുവിന്റെ മനോശക്തിയെ തകർക്കാൻ സാധിക്കില്ല എന്ന അറിവ് മറ്റു രോഗികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുന്നു. രോഗ വിവരത്തിനൊപ്പം കൂട്ടുകാരന്റെ വിശേഷവും കുറിക്കുന്നു നന്ദു… കുറിപ്പ് വായിക്കാം

ചങ്കുകളേ..
നാളെ എന്റെ രണ്ടാമത്തെ കീമോ തുടങ്ങുകയാണ്..!!
ഞാനും ട്യൂമറും സ്‌ട്രോങ് ആയതിനാല്‍ മരുന്ന് കുറച്ചു കൂടി സ്‌ട്രോങ് ആക്കിയിട്ടുണ്ട്..!!
വേദനകള്‍ക്കിടയിലും മറ്റൊരു സന്തോഷവാര്‍ത്ത കൂടി പങ്കുവയ്ക്കാനുണ്ട്..!!

എന്റെ പ്രിയ സുഹൃത്ത് വിജയകരമായ അവന്റെ സംരംഭത്തിന്റെ അടുത്ത ഘട്ടം എന്റെ കൈകൊണ്ട് തന്നെ തുടങ്ങണം എന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ശരിക്കും എന്റെ കണ്ണു നിറഞ്ഞു..!!

Royale Impero Clothing Co. എന്ന അവന്റെ Clothing ബ്രാന്‍ഡിന്റെ ഇകൊമേഴ്‌സ് വെബ് സൈറ്റിന്റെ തുടക്കമാണ്..

നമുക്ക് നല്ലൊരു സെലിബ്രിറ്റിയെ കൊണ്ട് തുടങ്ങി വയ്ക്കാം എന്നു പറഞ്ഞപ്പോള്‍ അവന്‍ പറയുകയാണ് എനിക്ക് നിന്നെക്കാള്‍ വലിയ വേറെ ആരെയാടാ കിട്ടുക എന്ന്..

എന്നെ അറിയുന്നവര്‍ക്കെല്ലാം അവനെ അറിയുമായിരിക്കും..
കാരണം അര്‍ജ്ജുനന് കൃഷ്ണന്‍ എന്ന പോലെയാണ് എനിക്ക് അവന്‍..

ഞാന്‍ എവിടെയൊക്കെ പോകണമെന്ന് പറഞ്ഞാലും എന്നെ കൊണ്ട് പോകുന്ന എന്റെ തേരാളിയാണ് പ്രിയ കൂട്ടുകാരന്‍ ശ്രീരാഗ് Shree Rakh !!

ഞാനുള്‍പ്പെടെ പ്രഭു ജസ്റ്റിന്‍ വിഷ്ണു അതിജീവനത്തിലെ ഞങ്ങള്‍ നാല് ചങ്കുകള്‍ക്ക് ഒന്നു കറങ്ങണം എന്നു പറഞ്ഞപ്പോള്‍ ഞങ്ങളെയും കൊണ്ട് മൂവായിരത്തില്‍ അധികം കിലോമീറ്റര്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പൊന്നുപോലെ ഞങ്ങളെയും കൊണ്ടു നടന്നവന്‍ !!
ഞങ്ങള്‍ മൂന്നുപേര്‍ കാലുകള്‍ നഷ്ടപ്പെട്ടവര്‍ ആണ്..
വിഷ്ണുവിന് ബ്ലഡ് ക്യാന്‍സര്‍ ആയിരുന്നു..
ഞങ്ങളുടെ എല്ലാ കാര്യങ്ങളും നോക്കിയത് അവനാണ് !!

അവന്റെ കണ്ണ് നിറയുന്നതും അസ്വസ്ഥനാകുന്നതും ഞാന്‍ കണ്ടിട്ടുള്ളത് എനിക്ക് വയ്യാതെ ആകുമ്പോള്‍ മാത്രമാണ്..
അത്രയ്ക്ക് ഉയിരാണ് അവനെന്നോടുള്ള സ്‌നേഹം !!

എനിക്ക് 2 ദിവസമേ ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍ അവനോട് പറഞ്ഞപ്പോള്‍ അവന്‍ ഡോക്ടറോട് പറഞ്ഞത് രണ്ട് ദിവസമല്ല രണ്ട് മണിക്കൂര്‍ ഡോക്ടര്‍ പറഞ്ഞാലും കാര്യമില്ല അവന്‍ തിരികെ വരും എന്നാണ്..!!

ഇത് തുടങ്ങുന്ന കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ അവനോട് ഞാന്‍ ഒരേ ഒരു ആവശ്യമാണ് പറഞ്ഞത്..
എന്തെങ്കിലും ഒരു നന്മയുള്ള പ്രവര്‍ത്തനത്തോടെ ഇത് ആരംഭിക്കണം എന്ന്..
അപ്പോള്‍ തന്നെ നൂറോളം ടീഷര്‍ട്ട് എന്നെ ഏല്പിച്ചിട്ട് കഷ്ടത അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പറഞ്ഞു..!!

ആ ടീഷര്‍ട്ടുകള്‍ സായീഗ്രാമത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി കൈവശം ഉണ്ടെന്ന് സയീഗ്രാമം ഡയറക്ടര്‍ ഈശ്വരതുല്യനായ K.N. Anandkumar സര്‍ നെ ഈ അവസരത്തില്‍ അറിയിക്കുന്നു..

അവന്റെ ഈ സംരംഭത്തിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ..!!
ഇനിയും ഒരുപാട് പേര്‍ക്കും തൊഴിലും തണലും ആകുന്ന ഒരു പ്രസ്ഥാനമായി ഇത് വളരാന്‍ പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം !!

എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ ക്യാപ്ഷന്‍ ആണ്..
‘ Only For The Few
Who Dare To Live
Their Dreams ‘
അതേ ജീവിതം പൊരുതുവാന്‍ ധൈര്യമുള്ളവര്‍ക്ക് ഉള്ളതാണ്..
അങ്ങനെയുള്ളവര്‍ തന്നെയാണ് ലോകത്തെ സ്വാധീനിക്കുക !!

ഈ ഓണ്‍ലൈന്‍ വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം ഓണ്‍ലൈനായി തന്നെ പ്രഖ്യാപിക്കുന്നു !!
ഇതിന് എനിക്ക് കിട്ടുന്ന പ്രതിഫലമാണ് ആ കുട്ടികള്‍ക്ക് കിട്ടുന്ന ടീ ഷര്‍ട്ട് !!
ഒപ്പം അവരുടെ പ്രാര്‍ത്ഥനകളും…!
നന്മകള്‍ പൂക്കട്ടെ…
നന്മയുള്ളവര്‍ വളരട്ടെ..!!

www.royaleimpero.com

സമൂഹത്തില്‍ പ്രകാശം പകര്‍ന്നുകൊണ്ട് തുടങ്ങിയ ഈ സംരംഭത്തിന് പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനകളും ആശംസകളും മാത്രം മതി !!
സ്‌നേഹപൂര്‍വ്വം ??
ഞാന്‍ ഉഷാറാണ് ട്ടോ..
രണ്ടാം ഘട്ട യുദ്ധം നാളെ തുടങ്ങും..!!

https://www.facebook.com/nandussmahadeva/posts/2696872667061860

 

ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. വ്യാപാരികളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം. ഇവ നിര്‍മിച്ചാലും വിറ്റാലും കുറ്റം. ആദ്യതവണ 10,​000 രൂപയും ആവര്‍ത്തിച്ചാല്‍ 20,​000 രൂപയും തുടര്‍ന്നാല്‍ 50,​000 രൂപയും പിഴ ഈടാക്കും.നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും,​ ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത്. ഉത്തരവ് എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ബാധകമായിരിക്കും. പ്ലാസ്റ്റിക് വിൽപ്പനയും നിർമാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികൾക്കും കമ്പനികൾക്കുമൊക്കെ നിരോധനം ബാധകമാണ്.എന്നാൽ, ബ്രാന്റഡ് ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽക്കവറിനും നിരോധനം ബാധകമല്ല.

മുൻകൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ എന്നിവയെയും നിരോധനത്തിൽനിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ നിരോധിച്ചു. നിരോധിച്ചവ നിർമിക്കാനോ വിൽക്കാനോ കൊണ്ടുപോകാനോ പാടില്ല.

നിരോധിക്കുന്നവ

അലങ്കാര വസ്തുക്കൾ
​പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്,​സ്ട്രോ എന്നിങ്ങനെയുള്ളവ
ക്യാരി ബാഗ്
ടേബിൾമാറ്റ്
വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം
പ്ലേറ്റ്,​കപ്പ്,​സ്പൂൺ മുതലായവ
പ്ലാസ്റ്റിക് പതാക
പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
പിവിസി ഫ്ലക്സ് സാധനങ്ങൾ
ഗാർബേജ് ബാഗ്
300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടിൽ

ഓസ്ട്രേലിയയിലാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാത പിടയുന്ന കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ അച്ഛനമ്മമാരിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ വാങ്ങി. ശേഷം പ്രാഥമിക ശുശ്രൂഷ നൽകി.

ജാസൺ ലീ എന്ന സർജെന്റാണ് കുഞ്ഞിനെ വാങ്ങി പ്രഥമ ശുശ്രൂഷ നൽകിയത്. പ്രഥമ ശുശ്രൂഷ നൽകി കുറച്ചു നിമിഷങ്ങൾക്കകം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്കു തെറിച്ചു പോവുകയും, കുഞ്ഞ് സ്വാഭാവിക രീതിയിൽ ശ്വസിക്കാൻ ആരംഭിക്കുകയും ചെയ്തു. കുഞ്ഞ് നോർമൽ ആയതോടെ അദ്ദേഹം കുഞ്ഞിനെ അച്ഛന്റെ കൈയിൽ തിരികെയേൽപ്പിച്ചു

ദമ്പതികൾ കൈക്കുഞ്ഞിനെയുമെടുത്ത് പൊലീസ് സ്റ്റേഷനിൽ ഓടിക്കയറുന്നതിന്റെയും പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ രക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവി ഫൂട്ടേജിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വിഡിയോ വൈറലായി.

സ്‌നേഹത്തിന് മുന്‍പില്‍ പ്രായം തോറ്റുപോകുന്നു എന്ന് തെളിയിച്ച ലക്ഷ്മിയമ്മളിന്റേയും കൊച്ചനിയന്റേയും വിവാഹം ഇന്ന് രാമവര്‍മപുരത്തെ വൃദ്ധസദനത്തില്‍ നടക്കും. 67 വയസ്സായ കൊച്ചനിയന്‍ മേനോനും 66കാരിയായ പി വി ലക്ഷ്മിയമ്മാളും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ ഒരുമിക്കുന്നത്.

കല്യാണത്തിന്റെ ആവേശം ഇന്നലെതന്നെ തുടങ്ങിയിരുന്നു. മൈലാഞ്ചി കല്യാണം അന്തേവാസികള്‍ ഗംഭീരമായി നടത്തി. എല്ലാവരും ഒത്തുചേര്‍ന്ന് മൈലാഞ്ചി അണിയിച്ച് ലക്ഷ്മിയമ്മളിനെ വധുവാക്കി. കല്യാണച്ചെക്കനും അണിഞ്ഞൊരുങ്ങി മണവാളനായെത്തും.

ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവ് ജി.കെ.കൃഷ്ണയ്യര്‍ എന്ന സ്വാമി 22 വര്‍ഷം മുന്‍പുമരിച്ചു. നഗരത്തില്‍ സദ്യ ഒരുക്കിയിരുന്ന ആളായിരുന്നു സ്വാമി. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ കൊച്ചനിയനോടു മരണക്കിടക്കയില്‍വെച്ച് അമ്മാളിനെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഒപ്പം കൈ പിടിച്ചേല്‍പിക്കുകയും ചെയ്തു.

അമ്മാള്‍ തനിച്ചാകുകയും രാമവര്‍മപുരത്തെ കോര്‍പറേഷന്‍ വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു. കൊച്ചനിയന്‍ പാചകവുമായി നാടു ചുറ്റി. മനസ്സിലെ സ്‌നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരില്‍വച്ചു കൊച്ചനിയന്‍ പക്ഷാഘാതം വന്നു തളര്‍ന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയന്‍ അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറയുകയായിരുന്നു.

അവര്‍ കൊച്ചനിയനെ തൃശൂര്‍ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോര്‍പറേഷന്‍ വൃദ്ധസദനത്തില്‍നിന്നു അവിടെയെത്തിയിരുന്നു. ശരീരം തളര്‍ന്നു ഒരു കാലും കയ്യും അനക്കാന്‍ പ്രയാസപ്പെടുന്ന സമയമായതിനാല്‍ അമ്മാള്‍ കൊച്ചനിയനു താങ്ങാകാന്‍ തീരുമാനിച്ചു. ചികിത്സയിലൂടെ കൊച്ചനിയന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞതിനുശേഷം കൂടല്‍മാണിക്യത്തില്‍ ഭഗവാന് താമരമാലയുമായി പോകുമെന്ന് ലക്ഷ്മിയമ്മാള്‍ പറയുന്നു.

ചൈനയിലോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലോ ഒക്കെ പുഴുവിനെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ടെന്ന് പറഞ്ഞാല്‍, വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ കേരളത്തില്‍ ഒരു കുടുംബം തങ്ങളുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകമായി പുഴുക്കളെ മാറ്റിയിരിക്കുകയാണ് എന്നു പറഞ്ഞാല്‍ നെറ്റി ചുളിക്കുന്നവരാകും അധികവും. രുചിയുടെ പറുദീസയായ കോഴിക്കോട്ടെ ഒരു കുടുംബമാണ് ഈ വ്യത്യസ്തത പരീക്ഷിക്കുന്നത്.

കോഴിക്കോട് സ്വദേശികളായ ഫിറോസ്, ഭാര്യ ജസീല, മൂന്നു വയസുകാരന്‍ മകന്‍ ഷഹബാസ് എന്നിവരാണ് പുഴുവിനെ അകത്താക്കുന്ന മലയാളികള്‍. പൊരിച്ചും കറിവച്ചും സൂപ്പാക്കിയും എങ്ങനെ വേണമെങ്കിലും പുഴുവിനെ കഴിക്കാന്‍ ഇവര്‍ തയ്യാര്‍. മൂന്നു വയസുകാരന്‍ ഷഹബാസാണ് പുഴു ഭക്ഷണത്തെ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.

എന്തുകൊണ്ട് പുഴുവിനെ കഴിക്കുന്നുവെന്നു ചോദിച്ചാല്‍ ഫിറോസിന് കൃത്യമായ മറുപടിയുണ്ട്. പുഴുവിലെ പ്രോട്ടീന്‍ സത്ത് തന്നെയാണ് ഒന്നാമത്തെ കാരണം. പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് പുഴുവിന്റെ രൂപവും ആകൃതിയുമാണ്. ഒരിക്കല്‍ കഴിച്ചു നോക്കിയാല്‍ പുഴുവിന്റെ രുചി മനസിലാകുമെന്നും ഫിറോസ് പറയുന്നു. ഓട്‌സും ഗോതമ്പും ഉള്‍പ്പെടുന്ന ഭക്ഷണം കൊടുത്താണ് ഈ പുഴുക്കളെ വളര്‍ത്തുന്നത്. മീനെല്ലാം വറുത്തെടുക്കുന്നത് പോലൊണ് പാചകമെങ്കിലും മസാലയൊന്നും ചേര്‍ക്കേണ്ടതില്ലെന്ന് ഇവര്‍ പറയുന്നു.

നിലവില്‍ വളര്‍ത്തുപക്ഷികള്‍ക്ക് ഭക്ഷണമായാണ് ഫിറോസിന്റെ കടയില്‍ നിന്ന് ഇപ്പോള്‍ പുഴുവിനെ കൊണ്ടു പോകുന്നത്. ഒരു പരീക്ഷണത്തിന് വേണ്ടി തുടങ്ങിയ പുഴുകൃഷിയാണ് ഫിറോസിന്റെ ഇപ്പോഴത്തെ ഉപജീവനമാര്‍ഗം. പുഴുകൃഷി അത്ര ജനകീയമായിട്ടില്ലെങ്കിലും ദിനംപ്രതി ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണം കൂടുകയാണ്.

വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും ആദ്യകാലത്ത് ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നുവെങ്കിലും ഇപ്പോള്‍ ഇവരെല്ലാം പിന്തുണയുമായുണ്ട്. ലോകത്തെവിടെയമുള്ള ഭക്ഷണങ്ങളെ രുചിക്കാനിഷ്ടപ്പെടുന്ന മലയാളികള്‍ക്കിടയില്‍ പുതിയ ട്രെന്‍ഡ് ആകും പുഴു ഫ്രൈയും പുഴു സൂപ്പുമെല്ലാം എന്ന പ്രതീക്ഷയിലാണ് ഫിറോസും കുടുംബവും.

RECENT POSTS
Copyright © . All rights reserved