യു.കെയില്‍ ഉടനീളം വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളെ നമ്മള്‍ ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്. മോഷ്ടാക്കള്‍ പ്രധാനമായും മലയാളി വീടുകളെ ലക്‌ഷ്യം വയ്ക്കുമ്പോള്‍ പ്രായോഗികമായ ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് കള്ളന്മാരുടെ ഇരയാകുന്നതില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടുത്തിയേക്കാം. അത്തരം ചില നിര്‍ദ്ദേശങ്ങള്‍ താഴെ.
1. സ്വര്‍ണം, വിലപിടിപ്പുള്ള വസ്തുക്കളുടെ ഉപയോഗം ആവശ്യത്തിനായി മാത്രം മിതപ്പെടത്തുക.
2. വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുക.
3. നിങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വസ്തുക്കളുടെ മുല്യത്തിന് തുല്യമാക്കുക. പോളിസി രേഖകള്‍ വായിച്ച് മതിയായ പരിരക്ഷ ഉറപ്പു വരുത്തുക.
4. പുറത്ത് പോകുമ്പോള്‍ പ്രധാനമായും വാതിലുകള്‍, ജനലുകള്‍ അടുച്ചുവെന്ന് ഉറപ്പു വരുത്തുക.
5. വീടിന് സുരക്ഷാ അലാറം നിര്‍ബന്ധമായും ഉറപ്പ് വരുത്തുക.
6. നിങ്ങളുടെ സുരക്ഷാ അലാറം മൊബൈലുമായി ബന്ധപ്പെടുത്തി ആയതിനാല്‍ അവ ആവശ്യസമയത്ത് മുന്‍ കരുതലുകള്‍ നല്‍കുന്നതായിരിക്കണമെന്ന് ഉറപ്പ് വരുത്തുക.
7. സാധിക്കുന്നത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക, അവയെ മുകളില്‍ സൂചിപ്പിച്ചത് പോലെ മൊബൈലുമായി ബന്ധിപ്പിക്കുക.
8. സുരക്ഷ മുന്‍നിര്‍ത്തിയുള്ള ആശയവിനിമയം സാധ്യമായതുമായുള്ള സിസിടിവി ക്യാമറകള്‍ ഇന്ന് സുലഭമാണ്. (വീടിനുള്ളില്‍ വെക്കാനുള്ള ക്യാമറകള്‍, ഡോര്‍ ക്യാമറകള്‍)
9. സുരക്ഷാ അലാറം നിങ്ങളുടെ വാതിലുകളുമായും ജനലുകളുമായും ബന്ധിപ്പിക്കാന്‍ ശ്രമിക്കുക.
10. വീടുകളുടെ പ്രധാനമായും അടുക്കള വശത്തുള്ള വാതിലുകള്‍ മികച്ച സുരക്ഷയുള്ളതാക്കുക.
11. സ്വയരക്ഷയ്ക്കായി ഒന്നോ അതിലധികമോ സുരക്ഷാ അലാറം കൈവശം വെയ്ക്കുക. അവ വീടുകളില്‍ സ്ഥാപിക്കുവാനും ശ്രമിക്കുക. മോഷ്ടാവിനെ കാണുന്ന നിമിഷം സ്വകാര്യം അലാറം പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു പരിധിവരെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും.
12. രാത്രികാലങ്ങളില്‍ പുറത്തുപോകുന്നവര്‍ വീടിനുള്ളിലെ ലൈറ്റുകള്‍ അണയ്ക്കാതിരിക്കുക.
13. രാത്രികാലങ്ങളില്‍ പുറത്തുപോകുന്നവര്‍ സുരക്ഷാ പരിശോധനയ്ക്ക് ശേഷം വീടിനുള്ളില്‍ പ്രവേശിക്കുക.
14. രാത്രികാലങ്ങളില്‍ തിരികെ വരുന്ന മുതിര്‍ന്നവര്‍ ആദ്യം വീടിനുള്ളില്‍ പ്രവേശിച്ചശേഷം സുരക്ഷ ഉറപ്പുവരുത്തിയശേഷം കുട്ടികളെ പ്രവേശിപ്പിക്കുക.
15. സുരക്ഷയാണ് പ്രധാനം ആയതിനാല്‍ സുരക്ഷയ്ക്ക് ഹാനികരമാകുന്ന രീതിയില്‍ മാത്രമുളള സ്വയം പ്രതിരോധ സംവിധാന രീതികള്‍ മാത്രം ഉപയോഗിക്കുക. രാജ്യത്തെ നിയമം അനുശാസിക്കുന്ന സ്വയം പ്രതിരോധരീതികളാണെന്ന് ഉറപ്പു വരുത്തുക.
16. രാത്രികാലങ്ങളില്‍ ഹ്രസ്വമായി മാത്രം പുറത്തുപോകുന്നവര്‍ നിങ്ങളുടെ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിച്ചിടുന്നത് വീടിനുള്ളില്‍ ആളുകള്‍ ഉണ്ടെന്നുള്ളതിനെ ഒരുപരിധിവരെ സഹായിക്കും.
17. ആവശ്യഘട്ടത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന നമ്പരുകള്‍ കുറിച്ച് വെയ്ക്കുക. പോലീസ്, ഫയര്‍, അടുത്ത സുഹൃത്തുക്കള്‍ എന്നീ മ്പരുകള്‍ ശേഖരിച്ച് എഴുതി വെയ്ക്കുക.
18. നീങ്ങളുടെ അയല്‍ക്കാരുടെ നമ്പരുകള്‍ കൈവശമാക്കി വെയ്ക്കുന്നത് ചിലപ്പോള്‍ ആപത്ഘട്ടങ്ങളില്‍ ഉപകരിച്ചേക്കും.
19. പ്രത്യക്ഷത്തില്‍ കാണുന്ന രീതിയിലുള്ള ആഭരണങ്ങള്‍ ഒഴിവാക്കുക.
20. നിങ്ങളുടെ ഭവനത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഫോട്ടോകള്‍ മോഷണത്തിന് പ്രേരകമാവുകയാണെങ്കില്‍ അത് സ്വകാര്യ ശേഖരമാക്കി മാറ്റുക. മോഷ്ടാവിന് ആദ്യ അവസരത്തില്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ വിസിബിലിറ്റി പ്രേരക ശക്തിയാകും.
21. രാത്രികാലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ കാറില്‍ കയറുന്നതിന് മുന്‍പ് പരിസരം വീക്ഷിക്കുക. എന്തെങ്കിലും സംശയം തോന്നുന്നപക്ഷം ഒന്ന് തിരികെ വരാന്‍ ശ്രദ്ധിക്കുക.
22. വീടിന്റെ മുന്‍, പിന്‍ വശങ്ങളിലായി സെന്‍സര്‍ ലൈറ്റുകള്‍ സ്ഥാപിക്കുക.
23. കാറിനുള്ളില്‍ കാണത്തക്ക രീതിയിലോ അല്ലാതെയോ വിലപിടിപ്പുള്ള സാധനങ്ങള്‍ വെയ്ക്കാതിരിക്കുക.
24. വിലപിടിപ്പുള്ള വസ്തുക്കള്‍ സാധിക്കുമെങ്കില്‍ ലോക്കര്‍ സംവിധാനങ്ങളിലേക്ക് മാറ്റുക.
25. സ്വര്‍ണമോ വിലപിടിപ്പുള്ള വസ്തുക്കളോ നിര്‍ബന്ധമായും വീട്ടില്‍ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പല സ്ഥലങ്ങളിലായി അവ സൂക്ഷിച്ചാല്‍ ചിലപ്പോള്‍ നഷ്ടപ്പെടുന്നതിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും.
26. Prevention is better than cure എന്ന ആശയം സ്വീകരിച്ച് ആവശ്യത്തിനുള്ള മുന്‍കരുതലുകള്‍ ഒരോ വ്യക്തികള്‍ക്ക് തങ്ങള്‍ക്ക് സ്വീകാര്യമായതും രാജ്യത്തെ നിയമം അനുശാസിക്കുന്നതുമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാം.
മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ പൊതുജന താല്‍പ്പര്യം മാനിച്ച് പ്രസിദ്ധീകരിക്കുന്നത്. ഇവ വെറും മാര്‍ഗനിര്‍ദേശങ്ങളാണ് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇവയുടെ സാധ്യതകളും നിയമ അനുശാസനകളും വ്യക്തികള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. ഇത് എഴുതിയവരോ വിവിധതരം മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിക്കുന്നവരോ യാതൊരുവിധ ബാധ്യതകളും ഏറ്റെടുക്കില്ല എന്ന് ഇതിനാല്‍ സൂചിപ്പിക്കുന്നു.
കാരൂര്‍ സോമന്‍
സ്വാമി സന്ദിപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന വിലക്കപ്പെട്ട ബലിയര്‍പ്പണം ശബരിമലയിലെ മതവര്‍ഗ്ഗിയവാദികള്‍ പത്മനാഭന്റെ മണ്ണില്‍ നടത്തിയത് കേരളത്തിലെ മൗനികളായ എഴുത്തുകാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. സ്വാമി ഇടതുപക്ഷ സഹയാത്രികനോ, മറ്റു കുറവുകള്‍ എന്തായാലും അതിനെയൊന്നും നീതികരിക്കുന്നതല്ല ഈ ചുട്ടെരിക്കല്‍ പൂജ. മുന്‍കാലങ്ങളില്‍ മാനിന്റ്, പാവങ്ങളുടെ മനുഷ്യ രക്തം ബ്രാഹ്മണ പൗരോഹിത്യം ദേവീദേവ പ്രസാദമായി കാഴ്ചവെച്ചിരിന്നു. സ്വാമിയുടെ ആശ്രമത്തില്‍ കണ്ടത് വര്‍ഗ്ഗിയവിഷത്തിന്റ തീപന്തങ്ങളാണ്. അവിടെ അര്‍പ്പിക്കപ്പെട്ട ബലിയില്‍ നിന്നും ലഭിച്ചത് മനുഷ്യന്റ വാരിയെല്ലുകള്‍ക്ക് പകരം കാറിന്റ തുരുമ്പിച്ച ഇരുമ്പിന്‍ കഷണങ്ങളാണ്. ഒരു മനുഷ്യന്റെ രക്തം അയ്യപ്പന് ബലിയര്‍പ്പിക്കാനായിരുന്നോ അവിടെ വന്ന കാട്ടുനായ്കളുടെ ലക്ഷ്യ? ഈ കാട്ടാള വേദമന്ത്രങ്ങള്‍ ഒരുക്കിക്കൊടുത്തു ഇവരെ വിട്ടത് ആരാണ്? സര്‍ക്കാര്‍ ഗുഢാലോചന നടത്തിയെന്നാണ് കേള്‍ക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുക്കുമെന്നു മുഖ്യന്‍ പറഞ്ഞപ്പോള്‍ ആരുടെ മുഖം വികൃതമാകുമെന്ന് അപ്പോള്‍ കാണാം. ആശ്രമത്തിനു പുക്കളര്‍പ്പിച്ച നല്‍കിയ റീത്തിന്റ താന്ത്രിക വേദ മന്ത്രം മനോഹരമായി. ചുരുക്കത്തില്‍ അയ്യപ്പ കാരുണ്യംകൊണ്ട് ആ മനുഷ്യന്‍ രക്ഷപെട്ടു. മതവര്‍ഗ്ഗിയവാദികളുടെ അവസാന അസ്ത്രമാണ് ചുട്ടെരിക്കുക അല്ലെങ്കില്‍ കൊല്ലുക. അയ്യപ്പനില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഒരാള്‍പോലും സത്യം പറയുന്നവരുടെ പ്രാണനെടുക്കാന്‍ വേട്ട നായ്കളെപോലെ വരില്ലായിരുന്നു. അത് കുടുതലും കണ്ടിട്ടുള്ളത് എഴുത്തുകാരുടെ നേര്‍ക്കാണ്. അതില്‍ എന്നും ഓര്‍ക്കുന്ന പേരാണ് പൊന്‍കുന്നം വര്‍ക്കി. തിരുവിതാംകൂര്‍ ദിവാനായിരിന്നു സര്‍ സി.പി. രാമസ്വാമിക്കും സ്വന്തം സഭയിലെ അനീതികള്‍ക്കതിരെയും എഴുതിയതിനു മലയാളത്തില്‍ ആദ്യമായി ജയില്‍വാസം അനുഭവിച്ച മഹാപ്രതിഭ. ഇന്ന് ആരുണ്ട് എന്ന ചോദ്യം വളരെ പ്രസക്തമാണ്. കാലത്തിലുറച്ചുപോയ അന്ധവിശ്വാസങ്ങളെ, ആചാരങ്ങളെ കാലാനുസൃതമായി ഭരണ-ശാസ്ത്ര-സാഹിത്യ രംഗത്തുള്ളവര്‍ പൊളിച്ചടുക്കിയ ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. വെളിച്ചം കിട്ടാന്‍ വേണ്ടി വീടിനോ ആശ്രമത്തിനോ തിവെച്ചിട്ടു കാര്യമില്ല. മതം പഠിപ്പിക്കുന്നത് വിശ്വാസമാണ് അറിവല്ല. ആ അറിവിലയ്യ്മയാണ് നാം ഇപ്പോള്‍ കാണുന്ന മത വര്‍ഗ്ഗിയവാദികളുടെ പൊള്ളയായ പ്രകടനം. അറിവില്ലാത്തതുകൊണ്ടാണ് മതരാഷ്ട്രീയ കച്ചവടക്കാര്‍ ഇവരെ വലിച്ചിറക്കികൊണ്ടു പോയി കാട്ടു നായ്ക്കളെപോലെ ഗൂണ്ടകളായി വളര്‍ത്തുന്നത്. അവര്‍ക്ക് ഒരു ദിവസം കിട്ടുന്ന കൂലി ആയിരം ക്രിമിനിലെങ്കില്‍ രണ്ടായിരം രൂപയും മദ്യവുമാണ്. ഈ തുക എവിടുന്നു വരുന്നു? ഇത് അധികാരത്തിരിക്കുന്നവര്‍ക് കൈക്കൂലിയായി കിട്ടുന്ന കള്ളപ്പണമാണ്. ഈ കള്ളപ്പണം കൊടുത്താണ് അധികാരം അരക്കിട്ടുറപ്പിക്കുന്നത്. ഈ പാമരന്മാര്‍ക് എന്ത് അയ്യപ്പ ഭക്തി? എന്ത് രാജ്യ സ്‌നേഹം?
അയ്യപ്പന്റ പേരില്‍ വോട്ടുപെട്ടിയന്ത്രം നിറക്കാന്‍ കേരളത്തെ ഒരു കലാപഭൂമി, മത സ്പര്‍ദ്ധ, ശവപ്പറമ്പാക്കി മാറ്റാന്‍ ആരൊക്കെ ശ്രമം നടത്തിയാലും അത് തിരിച്ചറിയുന്നവരാണ് മലയാളികള്‍. അതിനെച്ചൊല്ലിയുള്ള വാദപ്രതിവാതങ്ങളില്‍ അഭിപ്രായം പറയാന്‍ പൗരബോധമുള്ള, ചരിത്രമറിയുന്ന, അറിവിന്റ ലോകത്തു ജീവിക്കുന്ന ആര്‍ക്കും അവകാശമുണ്ട്. അറിവോ ചരിത്രമോ അറിയാത്തവരുടെ ഇടയില്‍ ഒരു മഹാരോഗമായി പടര്‍ന്നു പിടിച്ചിരിക്കുന്നതാണു വര്‍ഗ്ഗിയ ഭ്രാന്ത്. അത് വിറ്റ് പേരും പ്രശസ്തിയും സമ്പത്തുമുണ്ടാകുന്നവരാണ് ഇന്നത്തെ അരാജക രാഷ്ട്രീയവര്‍ഗ്ഗിയ വാദികള്‍. അവര്ക് കൂട്ടുനില്കുന്നവരാണ് വര്‍ഗ്ഗിയ സമുദായമേലാളന്മാര്‍, പുരോഗിത വര്‍ഗ്ഗം. നാം ഇന്ന് ഇന്ത്യയില്‍ കാണുന്ന മത വര്‍ഗ്ഗിയത ദൈവത്തിന്റ സ്വന്തം നാടായ ശബരിമലയില്‍ മല കയറിയെത്തിയിരിക്കുന്നു എന്നതാണ് വാസ്തവം. ഇന്ത്യയില്‍ കാണുന്ന മതങ്ങളുടെ സൃഷ്ട്രികാര്‍ത്തക്കള്‍ പുരോഗിതവര്‍ഗ്ഗമെന്നു ഇന്നും തിരിച്ചറിയാത്തവരാണ് നല്ലൊരു കൂട്ടം ജനങ്ങള്‍. വ്യാസ മഹര്‍ഷി, വാല്‍മീകി മഹര്‍ഷി, ശ്രീരാമകൃഷ്ണ പരമഹംസന്‍, ഗാന്ധിജി, ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, അയ്യന്‍കാളി, മന്നത്തു പദ്മനാഭന്‍, കെ.പി.കേശവമേനോന്‍ തുടങ്ങിയ അല്‍മിയ ഗുരുക്കന്മാരോ നവോത്ഥാന നായകന്മാരോ ഒരിക്കലും ഒരു മതത്തിന്റയും വക്താക്കളായി ആരും കണ്ടിരുന്നില്ല. സ്വാമി വിവേകാനന്ദന്‍ കൊടുങ്ങല്ലൂരില്‍ വെച്ച് ദാഹമടക്കാന്‍ ഒരല്പം വെള്ളം ചോദിച്ചപ്പോള്‍ പണം കൊടുത്തു വാങ്ങാത്ത വെള്ളത്തിന് പകരം ചോദിച്ചത് നിങ്ങള്‍ ഏത് ജാതിയാണ്? ഇന്ത്യ മുഴുവനും സഞ്ചരിച്ച ആ മഹാന്‍ അത് കേട്ട് ഞെട്ടിപ്പോയി. അസ്സുയ, പരദൂഷണം, അപവാദം ഇതിനൊക്കെ വിത്ത് വിതക്കുന്നു മലയാളിയില്‍ നിന്നും ഒരിക്കലും അദ്ദേഹം അത് പ്രതീക്ഷിച്ചില്ല. ഇന്ത്യയില്‍ ആരും ചോദിക്കാത്ത ചോദ്യം ചോദിച്ചു ഒന്നാം സ്ഥാനം നേടിയ മലയാളിക് കിട്ടിയ പാരിതോഷികമാണ് നാണം കേട്ട മതഭ്രാന്തന്മാര്‍ എന്ന വിളിപ്പേര്. അന്നു മുതലെ മലയാളി അതും പേറി നാണം കൊണ്ട് നനഞ്ഞവരും നടക്കുന്നവരുമാണ്. അതൊന്ന് ഉണങ്ങിവരുമ്പോഴാണ് വീണ്ടും അവിടെ കുഴിച്ചു മതത്തിന്റ ഉറവയുണ്ടോ എന്ന് നോക്കുന്നത്. വിശ്വാസത്തിലും വലുത് വിജ്ഞാനമെന്നു ഇവര്‍ എന്നറിയും?
വിവിധ സാമുഹിക പോരാട്ടങ്ങള്‍കൊണ്ടും ബ്രിട്ടീഷ് മിഷനറിമാരുടെ വിവേകപൂര്‍വ്വമായ ഇടപെടല്‍കൊണ്ടുമാണ് കേരള ചരിത്രത്തില്‍ ഇടം നേടിയ ഷേത്രപ്രേവേശന വിളംബരം 1936 നവംബര്‍ 12 ന് തിരുവതാംകൂര്‍ മഹാരാജാവ് പുറപ്പെടുവിക്കുന്നത്. അതില്‍ പറയുന്നത് ഹിന്ദുവായ ഏതൊരാള്‍ക്കും ക്ഷേത്രങ്ങളില്‍ കടക്കാമെന്നാണ്. അവിടെ സ്ത്രീ പുരുഷ വിവേചനമില്ല. പിന്നെ എന്താണ് ശബരിമലയില്‍ മാത്രം സ്ത്രീകളോട് ഈ അവഗണന? ഒരു വ്യക്തിയുടെ മൗലിക അവകാശമാണ് ഭരണഘടന നല്‍കുന്നത്. ആര്‍ത്തവം പറയുന്നവര്‍ വീണ്ടും അയിത്തം കൊണ്ടുവരാനുള്ള ശ്രമമാണോ? ഇന്ത്യയിലെ സ്ത്രീകള്‍ ഇന്നും പുരുഷന്റ അടിമയാണോ? അതല്ലേ വഴിയോരങ്ങളില്‍ കണ്ടത്. ശബരിമലയില്‍ പോകാന്‍ ആരും നിര്ബന്ധിക്കുന്നില്ല. തന്ത്ര-മന്ത്രങ്ങളുടെ വിശുദ്ധിയെപ്പറ്റി സുപ്രിം കോടതി ചോദിച്ചപ്പോള്‍ അതിനു ഉത്തരം പറയാന്‍ അറിയാത്ത താന്ത്രിമാരാണ് താന്ത്രിക വിധിപ്രകാരം, പ്രതിഷ്ട, ആചാരം എന്നൊക്കെ വീമ്പിളക്കുന്നത്. ആ കുട്ടത്തില്‍ സേനയില്ലാത്ത ഒരു സേനാനായകന്‍ പറയുന്നു അവിടെ രക്തപ്പുഴ ഒഴുക്കും. കേരളം ആര് ഭരിക്കുന്നു എന്നതല്ല. ഈ മത ഭ്രാന്തന്മാര്‍ ഇന്ത്യയിലെ ഭരണത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നത് എന്താണ്? തിരുവതാംകൂര്‍ മഹാറാണി ശബരിമലയില്‍ കയറിയിട്ടില്ലേ? തന്ത്രി കുടുംബം പണം വാങ്ങി അവിടെ സ്ത്രീകളെ കാലാകാലങ്ങളിലായി കടത്തിയിട്ടില്ലേ? അറിഞ്ഞത് ചുരുക്കം. അറിയാത്ത എത്രയോ സ്ത്രീകള്‍ അവിടെ കയറിയിരിക്കുന്നു. സിനിമ ഷൂട്ടിംഗ് പണം വാങ്ങി നടത്തിയപ്പോള്‍ സ്ത്രീകള്‍ അവിടെ തോഴന്‍ ചെന്നിട്ടില്ലേ? ഈ താന്ത്രിമാര്‍, പന്തളത്തെ പുരാതന രാജകുടുംബം എരിതീയില്‍ എണ്ണയൊഴിക്കുന്ന രാഷ്ട്രീയ കച്ചവടക്കാര്‍ എല്ലായിടത്തും കാണുന്നതുപോലെ നീ എന്റ പുറം ചൊറിയുക ഞാന്‍ നിന്റ പുറം ചൊറിയാം എന്ന പദ്ധതിയല്ലേ നടപ്പാക്കുന്നത്. ഈഴവരടക്കമുള്ള അയിത്തജാതിക്കാരുടെ വൈക്കം സത്യാഗ്രഹം 631 ദിവസം നിന്നില്ലേ? കാരണം ക്ഷേത്രവും പ്രതിഷ്ടയും അയിത്തമായി മാറും അതാണ് പൗരോഹിത്യം മുന്നോട്ടു വെച്ചത്. അത് ചവറ്റുകൊട്ടയില്‍ എറിഞ്ഞില്ലേ? ഈ തന്ത്രമല്ലേ തന്ത്രിമാര്‍ ശബരിമലയില്‍ പയറ്റുന്നത്?
ഗായത്രിപുഴുടെ തീരത്തു ശിവയോഗിയുടെ ഒരു ആശ്രമമുണ്ട്. കൊല്ലംകോട്ടുള്ള മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ സ്മാരകവും ഇവിടയാണ്. 1852 ല്‍ കൊല്ലംകോട്ട് ജനിച്ച ശിവയോഗി ഹിന്ദുമതത്തിലെ ജീര്‍ണതകളെ കണ്ടുകൊണ്ട് ഒരു ആനന്ദമതമുണ്ടാക്കി. മനസ്സിനെ ജയിച്ചു ആനന്ദം നേടാനുള്ള കര്‍മ്മങ്ങളും യോഗമാര്‍ഗ്ഗങ്ങളും മനസ്സിന്റ ശുദ്ധിയാണ് ഈശ്വരിന്‌ലേക്കുള്ള മാര്‍ഗ്ഗമെന്നും പഠിപ്പിച്ച മഹാഗുരു. സ്ത്രീകളെ അപമാനിക്കാന്‍ നടക്കാതെ ഇനിയും അതൊക്കെ ഒന്ന് പഠിച്ചുടെ? രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് മതത്തിന്റ ചട്ടക്കൂടുകളില്‍ ഇടപെടുന്നത്? വിയര്‍ക്കാതെ വിശപ്പടക്കുന്നവരുടെ സാമൂഹ്യ സേവനം ഇതാണോ?
എണ്‍പതുകളിലാണ് സര്‍വ്വകലാശാലകള്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ ആരംഭിക്കുന്നത്. അന്ന് ഞങ്ങളൊക്കെ കേരളാ യൂണിവേഴ്‌സിറ്റിയുടെ പരിധിയിലാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി ഈ സ്ഥലങ്ങളിലായിരുന്നു ക്യാമ്പുകള്‍ നടന്നിരുന്നത്. പ്രതിഫലം ഉടന്‍ കിട്ടുന്നതുകൊണ്ടും പ്രതിദിനം ഡി.എ. ലഭിക്കുന്നതുകൊണ്ടും പരിമിതമായ ശമ്പളം മാത്രം ലഭിച്ചിരുന്ന (യു.ജി.സി. ശമ്പളം വന്നിട്ടില്ല) കോളജ് അധ്യാപകര്‍ക്ക് ഈ ക്യാമ്പുകള്‍ നല്ല ആശ്വാസമായിരുന്നു. ഒരേ വിഷയംപഠിപ്പിക്കുന്ന പല കോളജുകളിലെ അധ്യാപകര്‍ക്ക് ഒന്നിച്ച് കാണുവാനും സൗഹൃദം പുതുക്കാനുമുള്ള ഒരവസരം. 1983ലാണ് ഞാന്‍ ആദ്യമായൊരു സെന്‍ട്രലൈസ്ഡ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. അത് കൊച്ചിയിലെ ഒരു സ്‌കൂള്‍ ഹാളില്‍ വച്ചായിരുന്നു. രാവിലെ എല്ലാവരും സംഘമായി വേണാട് എക്‌സ്പ്രസില്‍ കൊച്ചിയിലേക്കും വൈകുന്നേരം അതേ തീവണ്ടിയില്‍ തിരികെയും പോരും. സീനിയര്‍ അധ്യാപകനായ പ്രാല്‍ജിയുടെ കൂടെ പോയിരുന്നതുകൊണ്ട് പ്രശസ്തരും കലാകാരന്മാരുമായ ഒട്ടേറെ മലയാളം അധ്യാപകരെ പരിചയപ്പെടുവാന്‍ കഴിഞ്ഞു.
സര്‍ക്കാര്‍ കോളജുകളില്‍നിന്നു വന്നിരുന്ന സുഗതന്‍ സാര്‍, സി.ആര്‍. ഓമനക്കുട്ടന്‍, കോലഞ്ചേരി കോളജിലെ ബിനോയി ചാത്തുരുത്തി, ഫിലിപ്പ് സാര്‍, എഴുത്തുകാരികളായ ഗ്രേസി, ശാരദക്കുട്ടി അങ്ങനെ പോകുന്നു ആ നിര. അവരുടെയൊക്കെ സംഭാഷണങ്ങളില്‍പങ്കുചേര്‍ന്ന് ഒരു ഉത്സവം പോലെ ആഘോഷിച്ചു ഞാന്‍ പങ്കെടുത്ത ആദ്യത്തെ വാല്യുവേഷന്‍ ക്യാമ്പ്. പ്രതാപികളായ ഈ അധ്യാ പ ക രുടെ മുന്നില്‍ ബാലനായ അഭി മ ന്യു വി നെ പ്പോലെയായിരുന്നു ഞാന്‍. പുസ്തകങ്ങളെക്കുറിച്ചും സിനിമകളെക്കുറിച്ചും സ്വതന്ത്ര ചിന്തകരെക്കുറിച്ചുമുള്ള പുതിയ ധാരണകള്‍ രൂപപ്പെടുവാന്‍ ഇവരുമായുണ്ടായ സമ്പര്‍ക്കം ഒരു സാധ്യതയായി. ഫലിതത്തിന്റെ നിശിതമായ പ്രയോഗങ്ങള്‍ കൊണ്ടും പരദൂഷണങ്ങളുടെ വന്യമായ ആക്രമണങ്ങള്‍ക്കൊണ്ടും ഹാളുമുഴുവന്‍ എപ്പോഴും പൊട്ടിച്ചിരിയിലാണ്. ഇരിക്കാന്‍ കസേരയും കാറ്റുകിട്ടാന്‍ പങ്കയും ഇല്ലെങ്കില്‍ അധ്യാപകര്‍ പ്രതിഷേധിക്കുമായിരുന്നു. അധ്യാപകരുടെ അന്തസിനുചേര്‍ന്ന പ്രാഥമിക സൗകര്യങ്ങള്‍ക്കുവേണ്ടി ഉറക്കെ ശബ്ദിക്കുവാന്‍ അവര്‍ക്കൊന്നും ഭയമുണ്ടായിരുന്നില്ല. ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുംനല്‍കുന്ന അധ്യാപകസംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു അവരെല്ലാം. അത് ഞങ്ങള്‍ക്കും ഊര്‍ജം പകര്‍ന്നു.
എണ്‍പത്തഞ്ചോടു കൂടി കോട്ടയത്തേക്ക് ക്യാമ്പുകള്‍ മാറി. മാന്നാനം ട്രെയിനിംഗ് കോളജിലായിരുന്നു ആദ്യ വര്‍ഷങ്ങളിലെ ക്യാമ്പുകളെങ്കില്‍ പിന്നെയത് ബി.സി.എം കോളജിന്റെ ഓഡിറ്റോറിയത്തിലേക്കുമാറി. 1986 മെയ് മാസം. ഞങ്ങളുടെ ഗ്രൂപ്പിന്റെ ചീഫ് കുറവിലങ്ങാട് കോളജിലെ പ്രൊഫ. ജോസഫ് മലമുണ്ടയാണ്. ഞങ്ങളുടെ ഗ്രൂപ്പില്‍ മാന്നാനം കോളജിലെ വി.ജെ. സെബാസ്റ്റ്യന്‍, ബി.സി.എം കോളജിലെ കെ.സി.ത്രേസ്യാമ്മ, അരുവിത്തുറ കോളജിലെ ജോസഫ് വര്‍ഗ്ഗീസ്, വൈക്കം കോളജിലെ സിറിയക്ക് ചോലങ്കരി എന്നിവരാണുള്ളത്. മലമുണ്ടസാര്‍ രാവിലെ പതിനൊന്നരയാകാതെ വരില്ല. ഹൈബ്രോ പെന്‍സിലുകൊണ്ട് മീശ കറുപ്പിച്ച് ഒരു കൈയ്യില്‍ കുടയും പിടിച്ച് മറുകൈകൊണ്ട് മുണ്ടിന്റെ കോന്തലം ഉയര്‍ത്തിപ്പിടിച്ച് മലമുണ്ടസാറങ്ങനെ വരും. അപ്പോള്‍ ഞങ്ങള്‍ ആദ്യ സെറ്റ് പേപ്പര്‍ നോക്കി വച്ചിരിക്കുകയാണ്. അത് റീ വാല്യൂ ചെയ്തിട്ടുവേണം അടുത്തസെറ്റ് വാങ്ങിക്കുവാന്‍. സാറ് ചുവന്ന മഷികൊണ്ട് കുറെ വരകളും കുറികളുമൊക്കെ നടത്തി കുറെ പേപ്പര്‍ റീ വാല്യുചെയ്യും. ബാക്കി ഞങ്ങളെക്കൊണ്ടുതന്നെ വരപ്പിക്കും. ഏതിനും ഹാസ്യപ്രധാനമായ മറുപടി. അങ്ങനെ കുലുങ്ങിച്ചിരികളുടെ ഒരു ഗ്രൂപ്പായിരുന്നു ഞങ്ങളുടേത്. കുറവിലങ്ങാട് കോളജിലെ അധ്യാപകര്‍ മലമുണ്ടസാറിനെ കളിയാക്കും. അതിലൊരുകഥ ഇങ്ങനെയാണ്.
സിനിമാപ്രേമിയായ മലമുണ്ടസാര്‍ ഒരു തിരക്കഥയെഴുതി. പ്രശസ്തനായ ഒരു സംവിധായകനെ സമീപിച്ച് മലമുണ്ടസാര്‍ തിരക്കഥ സമര്‍പ്പിച്ചു. ഇത് സിനിമയാക്കാന്‍ എനിക്കൊരു കണ്ടീഷന്‍ മാത്രമേയുള്ളു. സംവിധായകന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മലമുണ്ടസാര്‍ പറഞ്ഞു. ”ഇതില്‍ അഞ്ച് ബലാല്‍സംഗങ്ങളുണ്ട്. അത് അഞ്ചും എനിക്കുതന്നെ ചെയ്യണം.” സംവിധായകനെ പിന്നെ കണ്ടിട്ടില്ല. മലമുണ്ടസാറിന്റെ തിരക്കഥാപ്രേമം അതോടെ അവസാനിച്ചു. വാല്യുവേഷന്‍ ക്യാമ്പിലെ സൗഹൃദങ്ങള്‍ ചില യാത്രകളിലേക്ക് നയിച്ചു. ഞങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും സൗമ്യനും ശാന്തനുമായ സാറാണ് ജോസഫ് വര്‍ഗ്ഗീസ്. ഞാനും സെബാസ്റ്റ്യനും ജോസഫുമായി കൂടുതല്‍ സ്‌നേഹത്തിലായി. ജോസഫ് ഇലവീഴാപൂഞ്ചിറയെക്കുറിച്ച് സംസാരിച്ചു. ക്യാമ്പ് തീര്‍ന്ന് പ്രതിഫലമെല്ലാം കിട്ടി. പിറ്റേദിവസം തന്നെ ഇലവീഴാപൂഞ്ചിറ കാണാന്‍ തീരുമാനിച്ചു.
ഈരാറ്റുപേട്ടയിലെ ജോസഫിന്റെ ഭവനത്തില്‍ ഞാനും സെബാസ്റ്റ്യനും രാവിലെ തന്നെയെത്തി. ഒരു വാടകവീടാണത്. സെറ്റുടുത്ത ശാന്തയും ശാലീനയുമായ ജോസഫിന്റെ ഭാര്യ. ചായ നല്‍കി അവര്‍ ഞങ്ങളെ സ്വീകരിച്ചു. അവരുടെ ഒക്കത്ത് ഒരു പെണ്‍കുഞ്ഞുണ്ട്. ജോസഫിന്റെ മൂത്തമകള്‍. പേര് ഇന്ദുലേഖ. ഇലവീഴാപൂഞ്ചിറയിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ഭാര്യ ജോസഫിന്റെ കൈയ്യില്‍ ഒരു ബിഗ്‌ഷോപ്പര്‍ കൊടുത്തു. ജോസഫ് ഞങ്ങളോടു പറഞ്ഞു ”ഉച്ചഭക്ഷണം ചക്കവേവിച്ചതും ബീഫുകറിയും.” ഒരു കുപ്പി വെള്ളവും മറക്കാതെ ആ സഹോദരി വച്ചിട്ടുണ്ട്. മേലുകാവ് വഴി ജീപ്പില്‍ ഇലവീഴാപൂഞ്ചിറയുടെ താഴ്‌വാരങ്ങളിലെത്തിയ ഞങ്ങള്‍ നടന്നു വലഞ്ഞ് ഉച്ചയോടുകൂടി ഇലവീഴാപൂഞ്ചിറയുടെ ഉച്ചിയിലെത്തി. വിശന്നു വലഞ്ഞ ഞങ്ങള്‍ ചെറിയ വിശേഷ പാനീയങ്ങളുടെ അകമ്പടിയോടെ ചക്കയും ബീഫുകറിയും അകത്താക്കി. പച്ചപ്പിന്റെ തണലില്‍ മലര്‍ന്നുകിടന്ന് ആകാശ നിരീക്ഷണം നടത്തി.
കോട്ടയം ജില്ലയിലെ മേലുകാവ് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. കോട്ടയത്തുനിന്നും 55 കിലോമീറ്ററും തൊടുപുഴയില്‍ നിന്നും 20 കിലോമീറ്ററും ദൂരെയാണ്. പൂക്കളും ഇലകളും പതിക്കാത്തസ്ഥലം എന്നാണ് ഈ പേരിന്റെ അര്‍ത്ഥം. പാണ്ഡവര്‍ വനവാസമനുഷ്ടിച്ചു കൊണ്ടിരുന്നപ്പോള്‍ തടാകത്തില്‍ നീരാടുമായിരുന്നു. യുവാക്കളായ ചില ദേവന്മാര്‍ ദ്രൗപതിയുടെ നീരാട്ടുകാണാന്‍ മറഞ്ഞിരുന്നു എന്നറിഞ്ഞ ഇന്ദ്രന്‍ ഈ തടാകത്തിനു ചുറ്റും മലകള്‍ കൊണ്ടൊരു കോട്ട കെട്ടി അവരുടെ കാഴ്ചമറച്ചു. അങ്ങനെയാണത്രെ ഉയര്‍ന്ന കുന്നുണ്ടായതെന്ന് സങ്കല്‍പ്പം. കുടയതുരുത്തുമല, മാങ്കുന്ന്, തോണിപ്പാറ എന്നീ മൂന്നുമലകളാല്‍ ചുറ്റപ്പെട്ടതാണീസ്ഥലം. ഇവിടെനിന്നുനോക്കിയാല്‍ സൂര്യന്റെ ഉദയവും അസ്തമയവും ഭംഗിയായി കാണാം. കാഞ്ഞാറില്‍നിന്ന് ജീപ്പിലെത്തി നടന്നു കയറണം മലയിലേക്ക്. ആള്‍വാസമില്ലാത്ത ഈ പ്രദേശത്തേക്ക് ധാരാളം സന്ദര്‍ശകര്‍ വരുന്നുണ്ട്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് ഉത്തമം. ചില സമയങ്ങളില്‍ ശക്തമായ കാറ്റുവീശാറുണ്ട്. മലിനീകരണമില്ലാത്ത പ്രകൃതികൊണ്ടും നിറഞ്ഞപച്ചപ്പുകൊണ്ടും വിജനതയുടെ സൗന്ദര്യം കൊണ്ടും ഇലവീഴാപൂഞ്ചിറ ആകര്‍ഷകമാണ്. അവിടെ ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഒരു പാറക്കല്ലുണ്ട്.
സായാഹ്നത്തോടെ ഞങ്ങള്‍ മല തിരിച്ചിറങ്ങി. പിന്നെ ഞങ്ങള്‍ ജോസഫിനെ അധികം കണ്ടിട്ടില്ല. എന്നാല്‍ ഇന്ദുലേഖയിലൂടെ ജോസഫ് പ്രസിദ്ധനായി. ഇന്ദുലേഖയുടെ അപ്പനെന്ന നിലയിലാണ് ജോസഫ് പ്രശസ്തനാകുന്നത്. നര്‍ത്തകിയും കലാകാരിയുമായി ഇന്ദുലേഖ വളര്‍ന്നു. അവഗണനകളോടും അനീതിയോടും അധികൃതരോടും അവള്‍ കലഹിച്ചു. ഡല്‍ഹിയില്‍ പോയി പാര്‍ലമെന്റിന്റെ മുന്‍പില്‍ നൃത്തം ചെയ്ത് പ്രതിഷേധമറിയിച്ചു. അപ്പന്റെ കോള ജില്‍ അരു വി ത്തുറ കോളജില്‍ വിദ്യാര്‍ത്ഥിയായി വന്ന് വിദ്യാര്‍ത്ഥി നേതാവായി മാറി ഇന്ദുലേഖ അവളുടെ പേര് അന്വര്‍ത്ഥമാക്കികൊണ്ടിരുന്നു. അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അവള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ജോസഫാകട്ടെ മകള്‍ക്കുവേണ്ടി കോടതികളില്‍ കേസുകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഇന്ദുലേഖയുടെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഞാന്‍ ഇലവീഴാപൂഞ്ചിറയെക്കുറിച്ച് ഓര്‍മ്മിക്കുമായിരുന്നു. അഡ്വ. ഇന്ദുലേഖ പ്രശസ്തയായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകയായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമാണ്.
ശിവകുമാര്‍
നാല്‍പ്പൊത്തൊന്നു ദിവസത്തെ വ്രതം മനസ്സിന് നല്‍കിയ ചൈതന്യം അതൊരാനന്ദമാണ്, അനുഭൂതിയാണ്, അനുഭവമാണ്.
ആ ചൈതന്യം നാമോരോരുത്തരും അറിയണം. ഓരോ മത വിഭാഗം ആളുകളും അവരവരുടെ നോമ്പ് കാലയളവില്‍ അനുഷ്ഠിക്കുന്ന വ്രതം, അതിലൂടെ അനുഭവിക്കുന്ന ആത്മ സംതൃപ്തി, അതൊന്നും പറഞ്ഞറിയിക്കാനാവില്ല.
കാരണം ഓരോ മനുഷ്യ ഹൃദയങ്ങളിലും അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ദിവ്യ ചൈതന്യം, പഴക്കം ചെന്ന ഏതോ ഒരു ആത്മാവില്‍ നിന്നും ‘ഞാന്‍’ എന്ന ശരീരത്തിലൂടെ കടന്നു പോകുന്നതാണെന്നു ചിന്തിക്കുമ്പോള്‍ തന്നെ ഇന്ന് മനുഷ്യനായി പിറന്നതില്‍, പ്രപഞ്ചത്തിലെ ആ പരബ്രഹ്മ സ്വരൂപത്തെ എത്ര സ്തുതിച്ചാലും മതിയാകില്ല.
കുഞ്ഞുനാളില്‍, അയ്യപ്പനാകാന്‍ വേണ്ടിയെടുത്ത നാല്‍പ്പത്തൊന്നു ദിവസത്തെ കഠിന വ്രതത്തിന്റെ മധുരം ഇന്നും ഒരിളം കാറ്റ് പോലെ എന്നില്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
പമ്പയിലെ നിന്നും ഒഴുകിയെത്തിയതാവാം, ആ ഇളം തെന്നലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അമ്മയുടേയും ചേച്ചിമാരോടൊപ്പം കടലാസ്സില്‍ പൊതിഞ്ഞ കറുത്ത മുണ്ടും തൂവെള്ള തോര്‍ത്തുമായി ഗുരുസ്വാമിയുടെ അരികിലേക്കെത്തുമ്പോള്‍ തോന്നുന്ന ഒരു മാനസിക വികാരമുണ്ടല്ലോ. അതൊന്നനുഭവിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന സുഖം.
കൈയ്യില്‍ കരുതിയിരിക്കുന്ന അയ്യപ്പന്റെ മാലയ്ക്കു ആ സമയം ഒരു സാധാരണ മാലയെന്നു തോന്നുമെങ്കിലും, കറുപ്പണിഞ്ഞു കൂട്ടം നിന്നും ശരണം വിളിയോടെ കഴുത്തിലണിയുമ്പോള്‍ ഉണ്ടാകുന്ന ഒരു അനുഭൂതിയുണ്ടല്ലോ. ആനന്ദമുണ്ടല്ലോ. അതൊന്നു വേറെതന്നെയാ.
ശരണം വിളിയോടെ മാലയിടുമ്പോള്‍, അറിയാതെ മിഴിയടയും, അപ്പോള്‍ അറിയാതൊഴുകുന്ന മിഴിനീരുണ്ടല്ലോ. പറയാനാവില്ല.
ഗുരുസ്വാമിയുടെ കാല്‍ക്കല്‍ സ്രാഷ്ടാംഗം വീണു നമസ്‌കരിച്ചെഴുന്നേല്‍ക്കുമ്പോള്‍, അമ്മയുടെയും ചേച്ചിമാരുടെ മിഴികളും നിറഞ്ഞിട്ടുണ്ടാവും. അമ്മയുടെ കാല്‍ തൊട്ടു വന്ദിക്കുമ്പോള്‍, ആ ഹൃദയമിടിപ്പും അറിയാന്‍ സാധിക്കും.
അച്ഛനില്ലാത്തതിന്റെ വേദന, ‘അയ്യപ്പന്റെ നക്ഷത്രക്കാരനായ’ മകനറിയരുതെന്ന ചിന്തയാവാം അമ്മയ്‌ക്കെന്നും.
കാലില്‍ ചെരുപ്പിടാതെ, മത്സ്യ-മാംസാദികള്‍ ഉപേക്ഷിച്ചു, പുലര്‍ച്ചെ ഇളം തെന്നലില്‍ ശരണം വിളിയോടെ എഴുന്നേറ്റു, കുളിച്ചു അമ്പലത്തില്‍പോയി പ്രാര്‍ത്ഥിച്ചു, നാമ ജപത്തോടെ കഴിഞ്ഞു കൂടുന്ന നാല്‍പ്പത്തൊന്നു നാള്‍. അപ്പോഴേക്കും മനസ്സ് ഒരു ‘അയ്യപ്പനായി മാറിയിരിക്കും.
‘ഒരു കാര്യം തന്നെ ഇരുപത്തൊന്നു ദിവസം’ നിര്‍ത്താതെ ചെയ്യുമ്പോഴേക്കും അതിലലിഞ്ഞുചേരും ഓരോ മനുഷ്യ മനസ്സും .അപ്പോള്‍ നാല്‍പ്പത്തൊന്നു നാള്‍ മനസ്സനുഭവിക്കുന്ന ‘ഒരനുഭൂതി’ വല്ലാത്തതാണ്.
നാല്‍പ്പത്തൊന്നാം നാള്‍ കഴിഞ്ഞു ആ പുണ്യ മലയിലേക്കു പുറപ്പെടുമ്പോള്‍, എങ്ങനെയൊക്കെയോ കരുതിവച്ച പണം അമ്മ കയ്യില്‍ തരുമ്പോള്‍, മനസ്സൊന്നു പിടയും. ഒപ്പം ചേച്ചിമാരും അവരുടെതായ ‘ചെറു മണികള്‍ പോലെ’ കരുതിവച്ച പണം കൂടപ്പിറപ്പിനു നല്‍കുമ്പോള്‍ അറിയാതെ മിഴി നിറയും.
ശരണം വിളിയോടെ ഇരുമുടിക്കെട്ടുമായി തേങ്ങയുടച്ചു പടിവാതില്‍ ഇറങ്ങുമ്പോള്‍, നെഞ്ചോടു കൈകൂപ്പി, അയ്യപ്പനെന്ന ‘എന്നെ’ ശബരിമലയ്ക്കു യാത്രയയയ്ക്കുമ്പോഴുള്ള അമ്മയുടെ ആ മുഖമുണ്ടല്ലോ. ആ ഒരു അനുഭൂതിയുണ്ടല്ലോ. അതനുഭവിച്ചറിയണം.
മരത്തിന്റെ ജന്നല്‍ പാളികളിലൂടെ ചേച്ചിമാര്‍, കൂടപ്പിറപ്പു അയ്യപ്പനായി പോകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന മിഴിനീരുണ്ടല്ലോ. അതിപ്പോഴും ഹൃദയശംഖിനുള്ളില്‍ എങ്ങോ നിറഞ്ഞിരിക്കയാ.
ആയിരം ശരണം വിളികളാല്‍ നെഞ്ചിന്റെയുള്ളില്‍ ശരണ മന്ത്രങ്ങള്‍ നിറഞ്ഞൊഴുകി, ഒടുവില്‍ പുണ്യമാം പമ്പയിലെത്തി മുങ്ങിക്കുളിക്കുമ്പോള്‍, മനസ്സിന്റെ ചൈതന്യം നിറഞ്ഞൊഴുകിയും, അതിലലിഞ്ഞു ചേരുവോ എന്നും തോന്നിപ്പോകും.
അതൊക്കെ അനുഭവിക്കുവാന്‍ കഴിഞ്ഞതു, ജന്മ പുണ്യമായി കരുതി ശരണം വിളിയോടെ സന്നിധാനത്തേക്ക് നടക്കുമ്പോള്‍,
മലചവിട്ടുമ്പോള്‍ അറിഞ്ഞില്ല ചെരുപ്പിടാതെയാണല്ലോ ഇത്രയും ദൂരം നടന്നതെന്നു. ഓര്‍ത്തപ്പോള്‍ എനിക്കെന്നോട് തന്നെ തോന്നുന്ന ഒരു ആത്മാഭിമാനം ഉണ്ട്. അതും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. (ആ ഒരു ആത്മാഭിമാനം ഓരോ അയ്യപ്പനും തോന്നും ആ നേരം).
ഒടുവില്‍ മനസ്സ് നിറയെ കാണാന്‍ കൊതിച്ച സ്വര്‍ണപതക്കമാം പതിനെട്ടാം പടിയിലെത്തുമ്പോഴുണ്ടാകുന്ന നിര്‍വൃതിയുണ്ടല്ലോ. അതൊന്നു വല്ലാത്തതാണ്.
കയ്യില്‍ കരുതിയ നെയ്‌ത്തേങ്ങ (നാളികേരം ശരീരവും , അതിനുള്ളില്‍ നിറയ്ക്കുന്ന നെയ് ആത്മാവുമാണെന്നു സങ്കല്‍പ്പിച്ചു) നെഞ്ചോടു ചേര്‍ത്തുവച്ചു ശരണം വിളിയോടെ ”തന്‌ടെ മനസ്സിനെ ഇനിയും ഉയര്‍ത്തീടണമേയെന്നു” പ്രാര്‍ത്ഥിച്ചു, പതിനെട്ടാം പടിക്കരികെയുള്ള ‘ആഴിയിലെറിയുമ്പോള്‍’. നിറമിഴിയോടെ, അറിയാതെ ആ ആല്‍മരത്തിന്റെ ഇലകളിലേക്കു നോക്കിപ്പോകും. കാരണം ഇത്രയും അധികം നാളികേരത്തിനില്‍ നിന്നും ഉയരുന്ന, കത്തിജ്വലിക്കുന്ന തീയിലും, പുകയിലും വാടാതെ, കുളിര്‍മയോടെ പുഞ്ചിരിതൂകുന്ന ഓരോ ഇലകളെയും നോക്കിനിന്നുപോകും. ഒരു മഹാത്ഭുതമായി തോന്നുന്ന ആ ആഴിയില്‍ അറിയാതെ പ്രണമിച്ചുപോകും ഒരോ ഭക്തനും.
ഒടുവില്‍ ആ സോപാന നടയില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍, ഇരുമിഴികളും തിരുനട തുറക്കുവാന്‍ കാത്തിരിക്കുമ്പോള്‍. ശംഖിന്‍ ധ്വനികളാല്‍, നിലയ്ക്കാത്ത മണിമുഴക്കങ്ങളാല്‍, നെഞ്ചുരുകും ശരണം വിളികളാല്‍ ആ തിരുനട തുറന്നു ‘എന്റെ ഭഗവാനെ’ ആ അയപ്പനെ ഒന്ന് കാണുമ്പോഴുണ്ടാകുന്ന നിര്‍വൃതിയുണ്ടല്ലോ,
ആ മിഴിനീരുണ്ടല്ലോ. അതാര്‍ക്കും മനസ്സിലാവില്ല. ആ സമയത്തു ഓരോ അയ്യപ്പന്റെയും മുഖഭാവങ്ങള്‍ ഉണ്ടല്ലോ. അതൊന്നും ഒരു കാന്‍വാസിലും പകര്‍ത്താനാവില്ല.അതറിയണമെങ്കില്‍. ആ ചൈതന്യം അനുഭവിച്ചറിയണമെങ്കില്‍ ഓരോ മനസ്സും എടുക്കണം. വ്രതശുദ്ധി. മനഃശുദ്ധി. നാല്‍പ്പത്തൊന്നുനാള്‍ സസ്യാഹാരം. എങ്കിലേ സ്വന്തം മനസ്സിന് ഇത്രയും ചൈതന്യം നിറഞ്ഞൊഴുകുന്നത് അറിയാന്‍ സാധിക്കൂ.
‘ഞാന്‍ എന്ന അയ്യപ്പന്‍’ അനുഭവിച്ചറിയുന്നത് ജീവിതകാലം മുഴുവന്‍ മനം നിറഞ്ഞൊഴുകും.
ഒരിക്കല്‍ കണ്ടാലും മതിയാകാതെ , ആ പുണ്യമാം പരിശുദ്ധാത്മാവിനെ വീണ്ടും വീണ്ടും ഒന്നുകൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എന്നോര്‍ക്കാത്ത ഒരു അയ്യപ്പനും ഇല്ലാതിരിക്കില്ല. ഒടുവില്‍, നടയടച്ചു ഗാനഗന്ധര്‍വന്റെ ‘ഹരിവാരസാനം പാടി അയ്യപ്പനെ ഉറക്കുമ്പോള്‍ ഒഴുകിയെത്തുന്ന ഒരിളം കാട്ടുണ്ടല്ലോ. ഹോ. അതും ഒരോ മനസ്സും അനുഭവിക്കണം. ആ പാട്ടില്‍ ലയിച്ചിരുന്നു, സ്വാമി ശരണമയ്യപ്പ’ എന്ന് അവസാന വരി പാടുമ്പോഴുണ്ടല്ലോ. ഓരോ അയ്യപ്പന്റെ മിഴികളിലും കണ്ണുനീരിന്റെ നനവുണ്ടാകും.ആത്മ സംതൃപ്തി ഉണ്ടാവും.
നടയിറങ്ങുമ്പോള്‍ വീണ്ടും ഒന്ന് തൊഴുതു, തിരിഞ്ഞു നോക്കും.അപ്പോഴും മനസ്സില്‍ ഒരു തീരുമാനമുണ്ടാകും.’ ഞാന്‍ ഇനിയും മാലയിടും. വ്രതശുദ്ധിയെടുക്കും. എന്റെ അയ്യപ്പനെ കാണും. ഇനിയും ഇനിയും.’
തിരികെ വീട്ടിലെത്തുമ്പോള്‍, കെടാതെ കത്തിച്ചുവെച്ച വിളക്കില്‍ അരിയിട്ട് അമ്മയുടെ കാല്‍ക്കല്‍ പ്രണമിക്കുമ്പോള്‍, അമ്മയുടെ മുഖത്തുണ്ടാകുന്ന നിര്‍വൃതിയുണ്ടല്ലോ. അതും വല്ലാത്തതാണ്.
തന്നെ ചേര്‍ത്ത് പിടിച്ചു നെറ്റിയില്‍ മുത്തം തരുന്ന അമ്മയുടെ മുഖമിന്നും ഓര്‍ക്കുമ്പോള്‍ ഇതെഴുതുമ്പോഴും മിഴിനിറയുന്നു.
വീട്ടുകാരോടൊപ്പം അമ്പലത്തില്‍പോയി, ശരണം വിളിയോടെ ഗുരുസ്വാമി മാലയഴിച്ചു ആ മാല ആല്‍മരച്ചുവട്ടില്‍ വയ്ക്കുമ്പോള്‍. മനസ്സില്‍ വീണ്ടും ഒരേ ഒരു ചിന്ത മാത്രമാണ്. അടുത്ത വൃശ്ചികമാസത്തിനായ്. തന്നെ തഴുകി ഉണര്‍ത്തുന്ന ആ ഇളം കാറ്റിനായ്.
എയ്ഡഡ് കോളേജുകളില്‍ രണ്ട് അധ്യാപക സംഘടനകളാണ് ഉണ്ടായിരുന്നത്. ഇടതുപക്ഷചായ്‌വുള്ള എ.കെ.പി.സി.റ്റി.എയും വലതുപക്ഷ ചായ്‌വുള്ള പി.സി.റ്റി.എയും. 1972ലെ ഡയറക്ട് പെയ്മെന്‍റ് സമരത്തിന് എ.കെ.പി.സിറ്റി.എ ആണ് നേതൃത്വം കൊടുത്തത്. ആ സമരം വിജയിച്ചിരുന്നതിനാല്‍ കോളേജ് അധ്യാപകര്‍ക്കെല്ലാം സര്‍ക്കാരില്‍ നിന്ന് നേരിട്ട് ശമ്പളം കിട്ടുവാന്‍ തുടങ്ങി. ദുരിതവഴികളില്‍ നിന്ന് അധ്യാപകന് ആത്മാഭിമാനവും സ്വാതന്ത്ര്യവും ലഭിക്കുന്നത് നേരിട്ട് ശമ്പളം കിട്ടാന്‍ തുടങ്ങിയതിലൂടെയാണ്. എ.കെ.പി.സി.റ്റി.എ പിളര്‍ന്നാണ് പി.സി.റ്റി.എ ഉണ്ടായത്. കാരൂര്‍ കഥകളില്‍ പ്രൈവറ്റ് മാനേജ്‌മെന്റിലെ അധ്യാപകര്‍ നേരിടേണ്ടിവരുന്ന ദുഖ ദുരിതങ്ങളുടെ വര്‍ണ്ണനയുണ്ട്. ഉഴവൂര്‍ കോളേജില്‍ ഭൂരിഭാഗ അധ്യാപകരും എ.കെ.പി.സി.റ്റി.എ അംഗങ്ങളായിരുന്നു. ഞാനും ഇ.പി മാത്യുവും കേരളാ കോണ്‍ഗ്രസ് അനുഭാവികളായിരുന്നെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം മൂലം എ.കെ.പി.സി.റ്റി.എയുടെ അംഗങ്ങളായി. കെ.എല്‍ ജോസ്, ജോസ് കോലടി പോലെയുള്ള കോണ്‍ഗ്രസ് അനുഭാവികളും എ.കെ.പി.സി.റ്റി.എയിലാണ് . പ്രൊഫ. സണ്ണി തോമസിനെപ്പോലെയുള്ളവര്‍ അതിലെ അംഗങ്ങളായിരുന്നതിനാല്‍ എനിക്ക് ആശങ്കയൊന്നും തോന്നിയതേയില്ല. മലയാളം ഹിന്ദി വിഭാഗങ്ങെളല്ലാം എ.കെ.പി.സി.റ്റി.എയില്‍
ചേര്‍ന്നു. വര്‍ഷം തോറുമുള്ള വരിസംഖ്യ കൊടുക്കുക ജില്ലാ സമ്മേളനത്തിനു പോവുക തുടങ്ങിയ കാര്യങ്ങളില്‍ സംഘടനാ പ്രവര്‍ ത്തനം ഒതുങ്ങിനിന്നു.
1986ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം ജേക്കബ് കോളേജുകളില്‍ യു.ജി.സി ഏര്‍പ്പെടുത്തുവാന്‍ വേണ്ടി പ്രീഡിഗ്രി ബോര്‍ഡ് എന്ന ആശയവുമായി വന്നു. യൂണിവേഴ്‌സിറ്റികളില്‍നിന്നും പ്രീഡിഗ്രി അടര്‍ത്തി മാറ്റി പ്രത്യേക ബോര്‍ഡാക്കുക, കോളേജില്‍ തന്നെ പ്രീഡിഗ്രി ഒരു പ്രത്യേക വിഭാഗമാക്കി നിലനിര്‍ത്തുക എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ഇതിനെതിരെ എല്ലാ അധ്യാപക സംഘടനകളും യൂണിവേഴ്‌സിറ്റി ജീവനക്കാരും സമരം പ്രഖ്യാപിച്ചു. 1986 ജൂണ്‍ 10 ന് സമരം ആരംഭിച്ചു. ഉഴവൂര്‍ കോളേജില്‍ സീനിയേഴ്‌സ് അടക്കം 48 അധ്യാപകരാണ് സമരത്തിന് നോട്ടീസ് കൊടുത്തത്. 1980 ന് ശേഷം വന്ന അദ്ധ്യാപകരെയാണ് പ്രധാനമായും ഈ ബോര്‍ഡ് ബാധിക്കുന്നതെങ്കിലും സംഘടനാ തീരുമാനമനുസരിച്ച് സീനിയര്‍ അദ്ധ്യാപകരും ഈ സമരരംഗേത്തക്ക് കുതിച്ചിറങ്ങി. അധ്യാപകരെക്കാള്‍ കൂടുതല്‍ വീറും വാശിയും പ്രകടിപ്പിച്ച് യൂണിവേഴ്‌സിറ്റി ജീവനക്കാരും സമരരംഗത്തിറങ്ങി. മൂന്നു സര്‍വ്വകലാശാലകളുടെയും ഭരണസംവിധാനം അവതാളത്തിലായി. പരീക്ഷാപേപ്പര്‍ വാല്യുവേഷന്‍ കുഴഞ്ഞുമറിഞ്ഞു.
ഗാന്ധിജി യൂണിവേഴ്‌സിറ്റി അന്നു പ്രവര്‍ത്തിച്ചിരുന്നത് കോട്ടയം കളക്‌ട്രേറ്റിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ്. കളക്‌ട്രേറ്റിനു മുമ്പില്‍ പന്തല്‍ കെട്ടി നിരാഹാരം ആരംഭിച്ചു. നിരാഹാരസമരത്തില്‍ ഒരാള്‍ ഉഴവൂര്‍ കോളേജില്‍ നിന്നുള്ള കെ.എല്‍ ജോസ് ആയിരുന്നു. തിരുനക്കര ഗാന്ധി പ്രതിമക്കു താഴെനിന്ന് ചുവപ്പ് ഹാരം ചാര്‍ത്തി സമരപോരാളികള്‍ കളക്‌ട്രേറ്റിലേക്ക് ജാഥ നയിച്ചു. ഞങ്ങളും കൂടെക്കൂടി. കോണ്‍ഗ്രസുകാരനായ ജോസ് സാര്‍ ചുവപ്പുമാല ഇട്ടുെകാണ്ടു പോകുന്നതു കണ്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. ജൂണ്‍ 20തിന് നിരാഹാരം ആരംഭിച്ച കെ.എല്‍ ജോസിനെ ജൂണ്‍ 24ന് പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലാക്കി. അവിടെ നാരങ്ങാനീരു കുടിച്ച് സമരം അവസാനിപ്പിച്ചു. സി.എം.എസ് കോളേജിലെ മറ്റൊരധ്യാപകന്‍ പകരം നിരാഹാരത്തിലായി.
കോളേജില്‍ നിന്ന് സ്കൂളിലെക്ക് പോകേണ്ടിവരുമല്ലോ എന്നു കരുതി ഞങ്ങള്‍ ജൂനിയേഴ്‌സ് എല്ലാം ആശങ്കയിലായി. കോളേജ് അധ്യാപകന്‍ സ്‌കൂള്‍ അധ്യാപകനാകുന്ന കാര്യം ഓര്‍ത്തേപ്പാള്‍ ഞങ്ങള്‍ക്ക് വലിയ നാണക്കേടു തോന്നി. അതുകൊണ്ട് ഞങ്ങള്‍ ശക്തിയോടെ സമരരംഗത്തുറച്ചുനിന്നു. ഒരാഴ്ച കഴിഞ്ഞ് പഠനം ആരംഭിച്ചപ്പോള്‍ സമരം ചെയ്യാത്ത അധ്യാപകര്‍ ക്ലാസുകളില്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ വരാന്തകളിലൂടെ ജാഥ നടത്തി മുദ്രാവാക്യം വിളിച്ചു. ”കരിങ്കാലികളെ ഒറ്റപ്പെടുത്തുക! ഇങ്ക്വിലാബ് സിന്ദാബാദ്!” ഇ.എ തോമസ് സാര്‍ മുദ്രാവാക്യം വിളിച്ചു തന്നപ്പോള്‍ ആവേശത്തില്‍ ഞങ്ങള്‍ ഏറ്റുവിളിച്ചു ഇങ്ക്വിലാബ് സിന്ദാബാദ്. അന്നുച്ചകഴിഞ്ഞ് ഓഫീസില്‍ ജോലിചെയ്യുന്ന ഒരു സീനിയര്‍ സിസ്റ്റര്‍ രഹസ്യമായി എന്നെ അടുത്തുവിളിച്ച് ഇങ്ങനെ പറഞ്ഞു. ”ബാബു സാറില്‍നിന്ന് ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചില്ല.” ”എന്താണ് സിസ്റ്റര്‍”ഞാന്‍ ചോദിച്ചു. ”സാറെന്താ കമ്മ്യൂണിസ്റ്റാണോ? ഇങ്ക്വിലാബ് വിളിക്കാന്‍! മോശമായിപ്പോയി.” ഞാനൊന്നും അപ്പോള്‍ മിണ്ടിയില്ലെങ്കിലും പിന്നീട് ഒരിക്കലും ഇങ്ക്വിലാബ് വിളിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പിറ്റെദിവസം കൂടിയ സ്റ്റാഫ് മീറ്റിംഗില്‍ എല്ലാവരും സമരം ചെയ്യണമെന്ന് സീനിയര്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ചെറുപ്പക്കാര്‍ വികാരാവേശത്തോടെ ആ അഭിപ്രായത്തെ പിന്തുണച്ചു. അപ്പോള്‍ ഒരു സീനിയര്‍ അധ്യാപിക എഴുന്നേറ്റുനിന്നു ചോദിച്ചു. ”ബി.സി.എം കോളേജിലെ നിങ്ങളുടെ ഭാര്യമാര്‍ എന്താണ് സമരം ചെയ്യാത്തത്?” ബി.സി.എം കോളേജില്‍ സമരമുണ്ടായിരുന്നില്ല. ആരും ഒന്നും മിണ്ടിയില്ല. ”ബി.സി.എമ്മിലെ നിങ്ങളുടെ ഭാര്യമാര്‍ സമരം ചെയ്യാമെങ്കില്‍ ഞങ്ങളും ചെയ്യാം.” പ്രകോപനപരമായ ആ ഭീഷിണികേട്ട് പ്രാല്‍സാര്‍ പൊട്ടിത്തെറിച്ചു. ”ഞങ്ങളുടെ ഭാര്യമാര്‍ പ്രസവിക്കുന്നത് നോക്കിയാണോ നിങ്ങള്‍ പ്രസവിക്കുന്നത്; സൗകര്യമുണ്ടെങ്കില്‍ പ്രസവിച്ചാല്‍ മതി.” എല്ലാവരും പൊട്ടിച്ചിരിച്ചപ്പോള്‍ പുതിയകുന്നേല്‍ അച്ചന്‍ സ്റ്റാഫ് മീറ്റിംഗ് പിരിച്ചുവിട്ടു. ഞങ്ങള്‍ ഒരു നോട്ടീസ് അടിച്ച് ഉഴവൂര്‍ കോളേജില്‍ വിതരണം ചെയ്തു. ഞാനും പ്രാല്‍സാറും കൂടി എഴുതിയ നോട്ടീസ് കോട്ടയത്ത് ബെയ്‌ലി പ്രസിലാണ് അടിച്ചത്. വൈകുന്നേരം കുരിശുപള്ളിക്കവലയില്‍ ഞങ്ങള്‍ വിശദീകരണയോഗം ചേര്‍ന്നു. മാത്യു പ്രാല്‍, കെ.എല്‍ ജോസ്, ഫിലിപ്പ് ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഞങ്ങള്‍ വഴിപോക്കര്‍ക്ക് നോട്ടീസ് വിതരണം ചെയ്തു. എന്നും വൈകുന്നേരം കോട്ടയത്തെത്തി നിരാഹാരം കിടക്കുന്നവര്‍ക്ക് പിന്തുണ അര്‍പ്പിച്ചു.
ജൂലൈ നാലാം തീയതി സമരം പിന്‍വലിച്ചു. ആ ജീവന്‍ മരണ പോരാട്ടത്തില്‍ അധ്യാപകര്‍ ജയിച്ചു. സര്‍ക്കാര്‍ തോറ്റു. പ്രീഡിഗ്രി ബോര്‍ഡ് സമരം വിജയിച്ചതുകൊണ്ട് ഞങ്ങളെപ്പോലുള്ള ജൂനിയര്‍ അധ്യാപകര്‍ക്ക് പ്രീഡിഗ്രി അധ്യാപകരായി തരംതാഴേണ്ടി വന്നില്ല. ഡിഗ്രി പ്രീഡിഗ്രി ഭേദമില്ലാതെ 1996 ല്‍ യു.ജി.സി ലഭിക്കുകയും ചെയ്തു. കൂടെനിന്ന സീനിയര്‍ അധ്യാപകര്‍ക്ക് അഭിവാദ്യങ്ങള്‍. പിന്നെ നടന്ന യു.ജി.സി സമരത്തിലും സജീവമായി പങ്കെടുത്തു. 1987 ജൂലൈ 4ന് ഓള്‍ ഇന്ത്യാ ഫെഡറേഷന്‍ ഓഫ് കോളേജ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് സമരം പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഇതിനോടകം യു.ജി.സി സ്‌കെയില്‍ നടപ്പിലാക്കിക്കഴിഞ്ഞിരുന്നു. കേരളത്തിലും യു.ജി.സി സ്‌കെയില്‍ പ്രാബല്യത്തില്‍ വരുത്തുക എന്ന ഡിമാന്റുമായി എ.കെ.പി.സി.റ്റി.എയും സമരത്തിനിറങ്ങി. ഉഴവൂര്‍ കോളേജിലെ 35 അധ്യാപകര്‍ സമരക്കാരായി. 1981 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം യു.ജി.സി സമരം പരാജയപ്പെടുകയാണ് ചെയ്തത്. അന്നു ഞാന്‍ എസ്.ബി കോളേജില്‍ വിദ്യാര്‍ത്ഥിയാണ്.
രണ്ടാം യു.ജി.സി സമരത്തില്‍ ഉഴവൂര്‍ കോളേജ് ഇളകി മറിഞ്ഞു. കോട്ടയത്ത് ധര്‍ണ്ണകള്‍ നടന്നു. നയനാരിന്റെ ഇടതുപക്ഷ സര്‍ക്കാരായിരുന്നെങ്കിലും സര്‍ക്കാര്‍ സമരം കണ്ടില്ലെന്നുനടിച്ചു. ഓണാവധിയുടെ ദിവസം കോളേജ് അടക്കുകയാണ്. എന്നിട്ടും സമരക്കാര്‍ പിന്നോട്ടു പോയില്ല. ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും ഒന്നുമില്ലാതെ അധ്യാപകര്‍ ദു:ഖിതരായി വീട്ടിലേക്കു പോയി. ഏതായാലും പിറ്റേദിവസം സെപ്റ്റംബര്‍ നാലിന് സമരം പിന്‍വലിച്ചു. ഈ സമരങ്ങളുടെയെല്ലാം ഫലമായി 1-11-996 മുതല്‍ എല്ലാ കോളേജ് അദ്ധ്യാപകര്‍ക്കും യു.ജി.സി സ്‌കെയിലിലുള്ള ശമ്പളം കിട്ടിതുടങ്ങി. സമരം ചെയ്യാത്ത കരിങ്കാലികള്‍ യു.ജി.സി സ്‌കെയില്‍ എഴുതിയെടുക്കാന്‍ തിടുക്കം കാട്ടി. ഒന്നരലക്ഷം രൂപയിലധികം ശമ്പളം വാങ്ങി ഞാന്‍ വിരമിച്ചപ്പോള്‍ സമരപ്പന്തലുകളിലെ യാതനകള്‍ അനുഭവിച്ച മുന്‍കാല അദ്ധ്യാപക നേതാക്കന്മാരെ നന്ദിപൂര്‍വ്വം അനുസ്മരിച്ചു.വര്‍ഗബോധം ഒരു സമൂഹത്തിന്റെ പുരോഗതിക്ക് എങ്ങനെ സഹായകരമാകുന്നു എന്ന് ഈ സമരങ്ങളിലൂടെ ഞാന്‍ പഠിച്ചു.
രാജേഷ് ജോസഫ്, ലെസ്റ്റെര്‍
പരിത്രാണായ സാധൂനാം
വിനാശായചഃ ദുഷ്‌കൃതാം
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ…
പ്രപഞ്ച സൃഷ്ടിയുടെ ആരംഭം മുതല്‍ ധാര്‍മികതയുടെ സംരക്ഷണ കവചങ്ങളാണ് മതങ്ങള്‍. മനുഷ്യനോളം നീളുന്ന ചരിത്രമുണ്ട് ഓരോ മതങ്ങള്‍ക്കും. കാലപ്രവാഹത്തില്‍ മനുഷ്യ ജീവിതങ്ങളിലേക്ക് മതങ്ങള്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരിക്കുന്നു. നന്മതിന്മകളെ വിവേചിച്ച ധാര്‍മികതയുടെ അളവുകോലായി ഏദന്‍തോട്ടത്തില്‍ തുടങ്ങി, പ്രവാചകന്‍മാരും പുരാണങ്ങളും രാജഭരണവും ആരാധനാലയങ്ങളും നവയുഗത്തിലെ പ്രഭാഷണങ്ങളും എല്ലാം നമ്മുടെയൊക്കെ ജീവനെയും ജീവിതങ്ങളെയും ധാര്‍മിക പാതയില്‍ വഴിനടത്താന്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
ആധുനിക ലോകം ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് യുക്തി അടിസ്ഥാനമാക്കിയപ്പോള്‍ ധാര്‍മികത മറയാക്കി മനുഷ്യര്‍ മദംപൊട്ടിയ മതങ്ങളെ വളര്‍ത്തിക്കൊണ്ടേയിരുന്നു. മൂല്യശോഷണം സംഭവിച്ചവര്‍ ധാര്‍മികത മറയാക്കി മതങ്ങളും മതപ്രവാചകന്‍മാരും എന്ന പേരില്‍ അധികാരത്തിന്റെയും ദുര്‍നടപ്പുകളുടെയും രാജകീയ സിംഹാസനങ്ങളില്‍ വാഴുന്നു. നിരന്തരം തങ്ങളുടെ അടിമകളെ സൃഷ്ടിക്കുന്നു. All religious leaders are not spiritual leaders എന്ന വാചകം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ശരിവെക്കുന്നതാണ് ആധുനികതയുടെ മതസംസ്‌കാരം. ജീവനില്ലാത്ത, പ്രകാശം നഷ്ടപ്പെട്ട, ചൈതന്യം കുടികൊള്ളാത്ത ആലയങ്ങളും അനുഷ്ഠാനങ്ങളും നവയുഗ ധാര്‍മികതയുടെ മൂര്‍ത്തീഭാവങ്ങളാണ്. മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളും ദൈവങ്ങളും വ്യക്തി ജീവിതത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയിരിക്കുന്നു. എന്ത് ധരിക്കാം, എന്ത് ഭക്ഷിക്കാം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നീതി രഹിത സംസ്‌കാരത്തിന്റെ വക്താക്കളായി അനുദിനം മാറുന്നു.
ആത്മീയതയില്‍ ഊന്നിയ ധാര്‍മികതയും മതവിശ്വാസവുമാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. ആത്മീയതയുടെ അടിസ്ഥാനം നമ്മളുടെ ശൂന്യവല്‍ക്കരണമാണ്. സ്വയം ഇല്ലാതാകുന്നതാണ്. ശൂന്യനായി ദാസന്റെ രൂപം സ്വീകരിച്ച യേശുവും നിന്റെ ഇഷ്ടം നിറവേറട്ടെ എന്ന് പറഞ്ഞ മറിയവും നിനക്കുവേണ്ടി ഞാന്‍ മരിക്കാം എന്നു പറഞ്ഞ മാക്‌സ്മില്യന്‍ കോള്‍ബയും അഹിംസയുടെ അവസാന വാക്കായ ബുദ്ധനും നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവുമെല്ലാം ആത്മീയ പ്രകാശം അതിന്റെ പൂര്‍ണ്ണതയില്‍ മാനവരാശിക്ക് പകര്‍ന്നവരാണ്.
ഒരാളെ അയാളുടെ കുറവുകളോടെ സ്വീകരിക്കുമ്പോള്‍, അംഗീകരിക്കുമ്പോള്‍ ആത്മീയത അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരുന്നു. സ്വയം ശൂന്യവല്‍ക്കരിക്കപ്പെടുന്ന നിയതിയില്‍ അലിഞ്ഞ് ഒന്നാകുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണം. നമുക്കു ചുറ്റും നമ്മുടെ അനുദിന ജീവിതങ്ങളില്‍ ആത്മീയ പ്രകാശ സാധ്യതകള്‍ നിരവധിയുണ്ട്. ജീവിതപങ്കാളിയില്‍, കുട്ടികളില്‍, തൊഴില്‍മേഖലകളില്‍, സുഹൃദ്ബന്ധങ്ങളില്‍ പ്രകാശം പരത്തുന്നവരാകാം. നമ്മുടെ പാരമ്പര്യങ്ങളോ നമ്മള്‍ അനുഷ്ഠിക്കുന്ന ആചാരാനുഷ്ഠാനങ്ങളോ സമ്പത്തോ സൗഭാഗ്യങ്ങളോ ഒന്നിനും നമ്മെ രക്ഷിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ് പ്രധാനം. അവനവന്റെ ഉള്ളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ആത്മീയതയുടെ അടിസ്ഥാനം. അപ്പോള്‍ കുടുംബങ്ങള്‍ കുര്‍ബാനയാകും. നിസ്‌കാരങ്ങള്‍ നിയതിയാകും. പ്രാര്‍ത്ഥനകള്‍ പരിമളം പരത്തും. കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ അവര്‍ പറയും അവന്റെ അല്ലെങ്കില്‍ അവളുടെ ജീവിതം തന്നെയായിരുന്നു സന്ദേശം.
അനുജ. കെ
മെട്രോ റെയില്‍ ശരവേഗത്തില്‍ കുതിച്ചു പായുകയാണ് ട്രയല്‍റണ്‍ നടത്തുകയാണേ്രത!. ആശുപത്രിയുടെ അഞ്ചാം നിലയിലെ ഇടനാഴിയില്‍ നിന്നും നോക്കിയാല്‍ റെയില്‍ പാതയും സ്റ്റേഷനുമൊക്കെ വ്യക്തമായി കാണാം. റെയിലിന്റെ വേഗം പോലെ എന്റെ മനസും ശരീരവും കുതിക്കുകയാണ്. കാര്‍ന്നു തിന്നുന്ന കാര്‍സിനോമയില്‍ നിന്നും അച്ഛനെ രക്ഷപ്പെടുത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളു മുന്നില്‍.
ആശുപത്രിയില്‍ എത്തുന്നതിന് ദിവസങ്ങളില്‍ പുലര്‍കാല സ്വപ്‌നങ്ങളില്‍ ഞാനൊരു ക്യാന്‍സര്‍ രോഗിയാവാറുണ്ടായിരുന്നു. മാറില്‍ അടുക്കിപ്പിടിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകളുമായി ആശുപ്ത്രി വരാന്തയിലൂടെ അലയുന്ന എന്റെ മനസ് പറക്കമുറ്റാത്ത രണ്ട്ു കുഞ്ഞുങ്ങളയോര്‍ത്ത് തേങ്ങുകയായിരുന്നു. സ്വപ്‌നം അച്ഛനായി വഴിമാറിയെന്ന് പിന്നീടറിഞ്ഞു.
താടിയില്‍ കനം തൂങ്ങുന്ന ഒരു മാംസക്കഷ്ണവും ശരീരം നിറയെ ട്യൂബുകളുമായി റെയിലിനെ നോക്കി നില്‍ക്കുന്ന അച്ഛനെ തിരിച്ചുകിട്ടാന്‍ പോകുന്ന ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ഊറിയ ചിരിയായിരുന്നു ശിഷ്ടം.
നഴ്‌സിംഗ് സ്‌റ്റേഷനിലെ മണിപ്ലാന്റിനെ നോക്കി ചിരിച്ചു കുശലം പറഞ്ഞിരിക്കുന്ന അച്ഛന്‍, വീട്ടിലെ തന്റെ ഒമനകളായ ഓര്‍ക്കിഡുകളെയും പൂച്ചെടികളെയും അതില്‍ കാണുന്നതായാണ് എനിക്ക് തോന്നിയത്. ഒരു പതിവു അഞ്ചുമിനിറ്റ് നടത്തത്തിന് പോയപ്പോള്‍ മണിപ്ലാന്റിനെ കാണാനില്ല. ആംഗ്യഭാഷയില്‍ എവിടെയെന്നായി അച്ഛന്‍. പതിനാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം അച്ഛന്റെ ഭാഷയില്‍ കൈകള്‍കൊണ്ടും കണ്ണുകള്‍കൊണ്ടുമായിരുന്നു…
നഴ്‌സിംഗ് സ്റ്റേഷന്റെയുള്ളില്‍ ആരും ശ്രദ്ധിക്കപ്പെടാത്ത ഒരിടത്ത് സ്ഥാനം പിടിച്ചിരിക്കുന്ന മണിപ്ലാന്റിനെ ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘ഞാന്‍ ഒരിക്കലും നിന്നെ അന്വേഷിക്കുകയില്ലെന്ന്’ അച്ഛന്‍ മനസില്‍ പറയുന്നതായി തോന്നി. വിഷമത്തോടെ പിന്‍തിരിഞ്ഞ് നടന്ന വീണ്ടുമൊരിക്കല്‍ക്കൂടി വരാന്തയിലൂടെ നടത്താന്‍ എനിക്ക് പറ്റിയില്ല.
‘സ്വര്‍ഗ നരകങ്ങളെക്കുറിച്ചോ ജന്മജന്മാന്തരങ്ങളെക്കുറിച്ചോ ഞാന്‍ വ്യാകുലപ്പെടാറില്ല. എനിക്ക് ഇവയെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.. എന്റെ ജീവിതം മരണത്തോടുകൂടി കെട്ട തിരിയിലെ നാളം പോലെ നശിപ്പിക്കുന്നു എന്ന ദൃഢമായ ഒരു തോന്നല്‍ മാത്രമുണ്ട്. അത്രത്തോളം ഈ കൈയ്യില്‍ കിട്ടിയ ജീവിതത്തെക്കുറിച്ചുള്ള എന്റെ ഉത്തരവാദിത്വം ഏറുന്നതായി തോന്നുന്നു.’ എ്ന്ന വൈലോപ്പിള്ളിയുടെ വാക്കുകള്‍ക്ക് അച്ഛന്‍ അടിവരയിടുമ്പോള്‍ തൊടിയില്‍ വളര്‍ന്നുവരുന്ന പുതിയയിനം മാവുകളും സപ്പോട്ട, മാതളനാരകം തുടങ്ങിയ ഫലവൃക്ഷങ്ങളും എന്നെ നോക്കി ചിരിക്കുന്നു. അച്ഛന്റെ ഉത്തരവാദിത്വം നിറഞ്ഞ ചിരി ഏറ്റെടുത്തപോലെ.
മറ്റൊരു ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ അവ്യക്തമായ ഭാഷയില്‍ അമ്മയെ എന്നെ ഏല്‍പ്പിച്ചു ചിരിച്ച മുഖവുമായി തിരിഞ്ഞു കിടക്കുമ്പോള്‍ ഇനിയൊരിക്കലും ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചുവരില്ലേ അല്ലെങ്കില്‍ എന്റെ ജീവിത കാലാവധി 76-ാം വയസില്‍ വസാനിക്കുന്നുവെന്ന വിശ്വാസം അച്ഛനില്‍ നേരത്തെ തന്നെ വേരൂന്നിയിരുന്നുവെന്ന് ആ ഊറിയ ചിരി അടിവരയിടുന്നതായി എനിക്ക് തോന്നുന്നു.
…………………………………………………………………………………………………………………………………………………………….
അനുജ. കെ ലക്ച്ചറര്‍ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാഡമി, ദര്‍ബാര്‍ ഹാള്‍ കൊച്ചില്‍ നടത്തിയ ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീന്‍ ആന്റ് എക്‌സിബിഷനില്‍ ‘സണ്‍ഫ്‌ളവര്‍’ ‘വയനാട്ടുകുലവാന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രൊഫ. ബാബു പൂഴിക്കുന്നേല്‍
എന്റെ അധ്യാപന ജീവിതം ബി.സി.എമ്മില്‍ തുടങ്ങി ബി.സി.എമ്മില്‍ അവസാനിച്ചു. 1981 ഒക്‌ടോബറിലെ പ്രസാദാക മായ ഒരു ദിനം. ഒരു ബെല്‍ബോട്ടം പാന്റും വലിപ്പമുള്ള കോളറുള്ള ഷര്‍ട്ടും ധരിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ഫയലും പിടിച്ച് മാമ്മൂട് വഴി ഞാന്‍ സംക്രാന്തിയിലേക്കു നടന്നു. ബി.സി.എം കോളേജില്‍ വച്ചാണ് ഉഴവൂര്‍ കോളേജിലേക്കുള്ള അധ്യാപക നിയമനത്തിന്റെ ഇന്റ്റര്‍വ്യൂ. ഒരു പ്രൈവറ്റ് ബസിന്റെ കമ്പിയില്‍ തൂങ്ങിപ്പിടിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ ഫയല്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച് തിരക്കുള്ള ആ ബസിലും ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. ദൈവമേ രക്ഷിക്കണേ… ബി.സി.എം. കോളജ് എനിക്ക് അപരിചിതമല്ല. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ മുതല്‍ യുവജനോത്സവത്തിലെ മത്സരങ്ങളില്‍ പങ്കെടുക്കാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബി.സി.എം ഓഡിറ്റോറിയത്തില്‍ ഞാന്‍ പല തവണ പോയിട്ടുണ്ട്. ഇന്നൊരു പ്രവൃത്തി ദിനമായതിനാല്‍ പാവാടയും ബ്ലൗസും ധരിച്ച പെണ്‍കൊടികള്‍ അലസഗമനങ്ങളായി നടക്കുന്നു. മുടിയൊക്കെ കെട്ടിവച്ച് ക്ലാസിക് സ്റ്റൈലില്‍ സാരിയുടുത്ത് കുലീനരും പ്രൗഢകളുമായ അധ്യാപികമാര്‍ നടന്നു നീങ്ങുന്നു. സര്‍വ്വത്ര പെണ്‍മയമായ ഒരു അന്തരീക്ഷം. സെന്റ് ആന്‍സിലെ യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ ഒരു വശത്ത് ഓടിക്കളിക്കുന്നുണ്ട്. ഊരാളിലെ സൈമണ്‍ അച്ചനും ചെട്ടിയാത്ത് അലക്‌സച്ചനും അവിടെ പഠിപ്പിക്കുന്നുണ്ട്. വികാരിയായ ചെട്ടിയാത്തച്ചന്‍ എഴുതിത്തന്ന വിശാലമായ കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് ഞാന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്നു.
ബി.സി.എം കോളേജിന്റെ ഓഡിറ്റോറിയം നിറയെ ഉദ്യോഗാര്‍ത്ഥികള്‍. വിവിധ വിഷയങ്ങളിലേക്കുള്ള ഇന്റ്റര്‍വ്യൂ ഒരു ദിവസം തന്നെ നടത്തുകയാണ്. തുറന്ന സ്റ്റേജില്‍ തുറന്ന ഇന്റ്ര്‍വ്യൂ. താഴെയിരിക്കുന്നവര്‍ക്കെല്ലാം കാണാം. 2006 വരെ ബി.സി.എം കോളേജിലും ഉഴവൂര്‍ കോളേജിലും അഡ്മിഷനോ അപ്പോയിന്‍മെന്റിനോ പണം വാങ്ങിയിരുന്നില്ല. മെരിറ്റിന്റെ സുതാര്യത പാലിക്കുന്നതിന്റെ അന്തസോടെയാണ് കോട്ടയം മാനേജ്‌മെന്‍റ് അറിയപ്പെട്ടിരുന്നത്. പല കോളേജുകളില്‍ 1979-81 കാലഘട്ടത്തില്‍ എം.എ മലയാളത്തിന് പഠിച്ചവരെല്ലാം അടുത്തിരുന്ന് സംസാരിക്കുന്നു. ഞാനും അവരോടൊപ്പം കൂടി. 40 ഓളം പേര്‍ വിവിധ വിഷയങ്ങള്‍ക്ക് ഇന്റര്‍വ്യൂവിന് വന്നിരിക്കുന്നു. ഇന്നവരില്‍ പലരും അധ്യാപകരായി റിട്ടയര്‍ ചെയ്തതിന്റെ വാര്‍ത്തകള്‍ പത്രത്താളുകളില്‍ നിന്നും അറിയുന്നുണ്ട്. 1980ല്‍ കേരളത്തിലെ കോളേജുകളില്‍ പ്രീഡിഗ്രിക്ക് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചു. ഓള്‍ പ്രേമോഷനെത്തുടര്‍ന്ന് കുട്ടികളെല്ലാം വിജയശ്രീലാളിതരായി പുറത്തിറങ്ങിയപ്പോള്‍ ആവശ്യത്തിന് സീറ്റുകള്‍ കോളേജുകളില്‍ ഇല്ലാതിരുന്നതിനാലാണ് ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചത്.
ഉച്ചകഴിഞ്ഞാണ് മലയാളത്തിന്റെ ഊഴമായത്. പേരു വിളിച്ചപ്പോള്‍ സഹജമായ ചടുലതാളത്തില്‍ ബി.സി.എമ്മിന്റെ സ്റ്റേജിലേക്ക് ഞാന്‍ കുതിച്ചു കയറി. ഇന്റ്റര്‍വ്യൂ ബോര്‍ഡില്‍ മഹാരഥന്മാര്‍ നിരന്നിരിക്കുന്നു. ഒരു കസേര നിറഞ്ഞ് ഒരു മന്ദഹാസവുമായി ഇരിക്കുന്ന ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്. ഇടുക്കി കലക്ടര്‍ ആയിരുന്നപ്പോള്‍ മുതല്‍ ഇങ്ങോട്ട് പ്രശസ്തി നേടിയ ഡോ. ബാബുപോള്‍ പ്രശസ്തനായ ഒരു ഭരണകര്‍ത്താവു മാത്രല്ല അപാരമായ പാണ്ഡിത്യത്തിന്റെ ഉടമ കൂടിയായിരുന്നു. വേദശബ്ദരത്‌നാകരം അതൊന്നുമാത്രം മതിയല്ലോ അദ്ദേഹത്തെ തിരിച്ചറിയുവാന്‍. ഒരദ്ധ്യാപികയുടെ ഐശ്വര്യങ്ങളുമായി തുളസിക്കതിരിന്റെ വിശുദ്ധിയോടെ, നെറ്റിയിലെ കുങ്കുമെപ്പാട്ടുമായി ഡോ.എം ലീലാവതി, കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം മേധാവി ഡോ.ജേക്കബ് കണ്ടോത്ത്, ബി.സി.എം കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസഫ് കണ്ടോത്തിന്റെ പുത്രനും മാനേജുമെന്റിന്റെ പ്രതിനിധിയും, ചരിത്രപണ്ഡിതനും റോമിലെ സര്‍വ്വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറുമായ റവ.ഡോ.ജേക്കബ് കൊല്ലാപറമ്പില്‍, കോട്ടയം
പട്ടണം കണ്ട ഏറ്റവും കരുത്തയായ പ്രിന്‍സിപ്പലും ബി.സി.എം കോളേജിന്റെ അമരക്കാരിയുമായ സിസ്റ്റര്‍ സാവിയോ. ഈ വന്‍താര നിരയുടെ മുന്‍പില്‍ പരുങ്ങി നിന്ന എന്നോട് കൊല്ലാപറമ്പിലച്ചന്‍ ഇരിക്കാന്‍ പറഞ്ഞു.
ഒന്നാം ക്ലാസോടെ എം.എ ജയിച്ചു എന്ന ഗര്‍വ്വോടെ ഉത്സാഹപൂര്‍വ്വം കയറിച്ചെന്ന ഞാന്‍ ഈ പണ്ഡിത ശിരോമണികളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒന്നും അറിയാത്തവനായി, വട്ടപൂജ്യമായി. എങ്കിലും ചെട്ടിമിടുക്കോടെ ഞാന്‍ ചോദ്യങ്ങള്‍ക്കുത്തരം പറഞ്ഞുകൊണ്ടിരുന്നു. രാമരാജബഹദൂര്‍ ആണോ രാമരാജാബഹദൂര്‍ ആണോ തുടങ്ങിയ ബാബുപോള്‍ സാറിന്റെ കുസൃതി ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ പരുങ്ങി നിന്നപ്പോള്‍ ലീലാവതി ടീച്ചര്‍ എനിക്കാശ്രയമായി; എനിക്കമ്മയായി. ടീച്ചര്‍ ചോദിച്ചു കുട്ടിക്ക് ഇഷ്ടെപ്പട്ട വിഷയേമതാണ്. ടീച്ചറിന്റെ ചോദ്യത്തിന്റെ മര്‍മ്മം മനസിലാക്കിയ ഞാന്‍ പറഞ്ഞു കവിത. അടുത്തചോദ്യം പ്രതീക്ഷിച്ചതുതന്നെ. ഇഷ്ടപ്പെട്ട കവി ആരാണ്? ഞാന്‍ പറഞ്ഞു ജി. ശങ്കരക്കുറുപ്പ്. ശങ്കരക്കുറുപ്പ്മാഷ് ടീച്ചറിന്റെ ഇഷ്ടപ്പെട്ട കവിയാണെന്ന് ടീച്ചറിന്റെ എഴുത്തുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. ശങ്കരക്കുറുപ്പിന്റെ ഒരുകവിത പഠിപ്പിക്കുവാന്‍ എന്നോടാവശ്യപ്പെടുന്നു. ”വന്ദനം! സനാതനനുക്ഷണ വികസ്വര സുന്ദര പ്രപഞ്ചാദി കന്ദമാം പ്രഭാവമേ! നിന്നില്‍ നീ കുരുക്കുന്നു! നിന്നില്‍ നീ വിടരുന്നു, നിന്‍ നിസര്‍ഗാവിഷ്‌കാര കൗതുകമനാദ്യന്തം….” ജി. ശങ്കരക്കുറുപ്പിന്റെ വിശ്വദര്‍ശനം എന്ന കവിത നീട്ടിച്ചൊല്ലി അധ്യാപനത്തില്‍ ഞാനൊരു പുലിയാണെന്നു തെളിയിക്കാന്‍ ശ്രമിക്കുന്നു. ഇന്റ്റര്‍വ്യൂ അവസാനിച്ച് ഞാന്‍ താഴെക്കിറങ്ങി. സന്ദേഹചിത്തരായിനിന്ന കൂട്ടുകാര്‍ ചോദ്യങ്ങളുടെ വിശേഷങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ഇന്റ്റര്‍വ്യുവിന്റെ ചരിത്രം ഞാനവര്‍ക്ക് വിശദീകരിച്ച് കൈമാറി. ഒരു ചായ കുടിക്കാന്‍ ഞാന്‍ പുറത്തേക്കു പോയി. സന്ധ്യ മയങ്ങുമ്പോഴാണ് ഇന്റ്റര്‍വ്യു അവസാനിച്ചത്.
റിസള്‍ട്ട് ഇന്നറിയാം എന്നു കരുതി പലരും ഹാളില്‍ തന്നെ ഇരിപ്പുണ്ട്. ”തെരഞ്ഞെടുക്കപ്പെട്ടവരെ ഉടന്‍ അറിയിക്കുന്നതായിരിക്കും” ഹാളില്‍ അശരീരി മുഴങ്ങിയപ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ അസ്വസ്ഥരായി. പിറുപിറുപ്പോടെ എല്ലാവരും പുറത്തേക്കിറങ്ങുമ്പോള്‍ ഞാന്‍ സൈഡ് വരാന്തയിലൂടെ സ്റ്റേജിന്റെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറി. സാവിയോമ്മയുടെ അടുക്കലെത്തി. തല ചൊറിഞ്ഞുനിന്നപ്പോള്‍ ”നിനക്കുതന്നെ….. ജോയിന്‍ ചെയ്തിട്ട് ബി.എഡ് കംപ്ലീറ്റ് ചെയ്യണം.” ഒരു അമ്മയുടെ ഉപദേശം. എം.എ കഴിഞ്ഞപ്പോഴെ ഞാന്‍ മാന്നാനം സെന്റ ് ജോസഫ് ട്രെയ്‌നിംഗ് കോളേജില്‍ ബി.എഡിന് ചേര്‍ന്നിരുന്നു. ബി.എസ്സ്.സിയുടെ മാര്‍ക്കുവച്ച് ഫിസിക്കല്‍ സയന്‍സിലാണ് ഞാന്‍ അദ്ധ്യാപന പരിശീലനം നടത്തിക്കൊണ്ടിരുന്നത്. അവിടെ ഐക്കഫ് പ്രസിഡന്റായി പാഠ്യേതര പവര്‍ത്തനങ്ങളുമായി ഞാന്‍ തിളങ്ങിനില്‍ക്കുന്ന സമയമാണ്. ടീച്ചിംഗ് പ്രാക്ടീസിനുവേണ്ടി സ്‌കൂളുകളില്‍ പോയി പഠിപ്പിക്കണം. അതിനുവേണ്ടിയുള്ള ടീച്ചിംഗ് എയിഡ്‌സ് അഥവാ പഠന സാമഗ്രികള്‍ ഒരുക്കുന്നതിന്റെ തിരക്കിലും സംഘര്‍ഷത്തിലുമായിരുന്നു ഞാന്‍. അതെനിക്കൊട്ടും സുഖമുള്ള കാര്യങ്ങളായിരുന്നില്ല. സിസ്റ്റര്‍ സാവിയോയുടെ ഉപദേശം കേള്‍ക്കാത്ത മട്ടില്‍ ഉഴവൂര്‍ കോളേജിലെ അധ്യാപകന്‍ ആകുന്നത് ഞാന്‍ സ്വപ്നം കണ്ടുനിന്നു.
ഷിബു മാത്യൂ
കോടതി പറഞ്ഞതു തന്നെയാണ് എന്റെയും അഭിപ്രായം. കാലങ്ങളായി കോടതി നിരീക്ഷിച്ച ചില കാര്യങ്ങളുണ്ടല്ലോ? ഹിന്ദു മതത്തിന്റെ അടിസ്ഥാനപരമായ വിശ്വാസത്തിന്റെ ഭാഗമാണോ ശബരിമലയില്‍ സ്ത്രീകളെ കയറ്റാതിരിക്കുന്നത്? അല്ല. ഇനി ആ മൂര്‍ത്തിയുമായി ബന്ധപ്പെട്ടിട്ടുള്ള അടിസ്ഥാനപരമായ വിശ്വാസത്തിന്റെ ഭാഗമാണോ? അതുമല്ല. ശബരിമലയില്‍ ഇതിനു മമ്പ് സ്ത്രീകള്‍ കയറിയിട്ടുണ്ടോ? ഉണ്ട്. 1991ന് മുമ്പ് മലയാളമാസം ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നട തുറക്കുന്ന സമയത്ത് സ്ത്രീകള്‍ അവിടെ കയറിയിട്ടുണ്ട്. ചോറൂണ് നടത്തിയിട്ടുമുണ്ട്. ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ അറിയാം. 1991ലെ ഒരു കോടതി വിധിയിലൂടെയാണ് അവിടെ സ്ത്രീകളുടെ പ്രവേശനം തടഞ്ഞത്. എല്ലാ ഭക്തര്‍ക്കും ഇതൊക്കെ നന്നായി അറിയാം. ഇനി, ആര്‍ത്തവം അശുദ്ധിയാണ് എന്ന് പറയാന്‍ സാധിക്കുന്നതെങ്ങനെ? അമ്പലത്തില്‍ ആനകള്‍ കയറി പിണ്ടവും മൂത്രവും ഇട്ട് ചവിട്ടിത്തേയ്ക്കുന്നത് അശുദ്ധിയല്ലേ..??? ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അമ്പലത്തില്‍ കയറണ്ട. അവര്‍ വിശ്രമിക്കട്ടെ. പക്ഷേ നാല്‍പ്പത്തൊന്നു ദിവസം വ്രതമെടുക്കുന്ന സമയത്ത് ആര്‍ത്തവം സംഭവിച്ചാല്‍ വൃതശുദ്ധി പോകും എന്നു പറയുന്നത് എന്തുകൊണ്ട്?
ഈ കാലയളവില്‍ ഒരു വയറിളക്കം സംഭവിച്ചാല്‍ അതും അല്ലെങ്കില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നതു മൊക്കെ ശുദ്ധിയുടെ ഭാഗമല്ലേ? ശരീരത്തിന്റെയല്ലല്ലോ മനസ്സിനെ ശുദ്ധിയല്ലേ പ്രധാനം? വിശ്വാസമായിട്ട് നമ്മള്‍ കാണുന്നത് ദൈവത്തിനെയാണ്. എല്ലാ നല്ലതിന്റെയും ശുദ്ധിയുടെയും മൂര്‍ത്തീഭാവം. നമ്മള്‍ പോയിട്ട് ആ ദൈവത്തെ അശുദ്ധമാക്കുക എന്നു പറയുന്നത് എന്ത് സകല്പമാണ്? നല്ലൊരു ബ്രഹ്മചാരി സ്ത്രീകളുടെയടുത്തു നിന്നു മാറി നില്‍ക്കുകയല്ല വേണ്ടത്. അവന്‍ സ്ത്രീകളുടെ നടുക്ക് നിന്നാല്‍ക്കൂടയും അവനൊന്നും തോന്നില്ല. ഇതു പോലത്തെ മനുഷ്യരായ ബ്രഹ്മചാരികള്‍ അല്ലെങ്കില്‍ സ്വാമികള്‍ ധാരാളമുണ്ട്. അപ്പോള്‍ അവര്‍ക്കു പോലും ഉള്ള കഴിവുകള്‍ ഇല്ലാത്ത മൂര്‍ത്തിയാണന്നല്ലേ അയ്യപ്പന്‍ എന്ന് ഈ ഭക്തന്‍മാര്‍ പറയുന്നത്? ശബരിമലയില്‍ സ്ത്രീകള്‍ പോയാല്‍ നൈഷ്ടികബ്രഹ്മചാരിയായ അയ്യപ്പന്റെ വ്രതം ഇളകിപ്പോകും എന്നു പറഞ്ഞാല്‍ ദൈവത്തിനെ ഏറ്റവും തരംതാണ അവസ്ഥയിലേയ്ക്ക് എത്തിക്കുകയല്ലേ ഈ ഭക്തര്‍ ചെയ്യുന്നത്? ഇവരുടെ അന്ധവിശ്വാസങ്ങള്‍ കോമഡിയാകുന്നു.
സ്വാമിയേ.. ശരണമയ്യപ്പാ…
അല്ലാതെന്തു പറയാന്‍???’
അനു റ്റിജി
പരീക്ഷകള്‍ എല്ലാം അവസാനിച്ചപ്പോള്‍ അവധിക്കാലമിങ്ങെത്തി. എനിക്ക് സന്തോഷമായിരുന്നു. അതിനൊരു കാരണം അച്ഛന്റെ വീട്ടില്‍ എന്നെയും ചേച്ചിയേയും കുറച്ചു ദിവസം ചിലവഴിക്കാമെന്ന് അച്ഛന്‍ നേരത്തെ വാക്ക് നന്നിരുന്നു. അങ്ങനെ ഞങ്ങള്‍ അച്ഛന്റെ വീടായ കട്ടപ്പനയിലേക്ക് യാത്ര തിരിച്ചു. എനിക്കങ്ങോട്ട് പോകാന്‍ സ്‌ന്തോഷമാണ് കാരണം തിരുവല്ലയില്‍ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കട്ടപ്പനയിലേത്. മലനിരകളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിലായിരുന്നു അച്ഛന്റെ വീട്. പോകുന്ന വഴിയിലുള്ള കാഴ്ച്ചകള്‍ തന്നെ വളരെ മനോഹരമാണ്. വളഞ്ഞ് പുളഞ്ഞ് കീടക്കുന്ന വഴിക്ക് ഇരുവശവും മനോഹരമായി കാട്ടുപൂക്കളാല്‍ സമൃദ്ധമായിരിക്കും. ഞങ്ങള്‍ കാര്‍ നിര്‍ത്തി ഒരു തേയിലത്തോട്ടം കാണാനിറങ്ങി. കണ്ണെത്താ ദൂരത്തോളം കുന്നുകള്‍ നിറയെ തേയിലത്തോട്ടം നില്‍ക്കുന്നു. കുന്നുകള്‍ എല്ലാം ഒരു പച്ച പുതപ്പ് കൊണ്ട് മൂടിയതുപോലെ. ഒരറ്റത്തില്‍ നിന്നും മറ്റൊരു അറ്റത്തേക്ക് ഉരുണ്ട് കളിക്കാന്‍ തോന്നി.
ഞാനോരു തേയില ചെടിയുടെ ഇല നുള്ളിയെടുത്ത് അതിന്റെ ഗന്ധം ആസ്വദിക്കാന്‍ ശ്രമിച്ചു. പക്ഷേ അതിന് തേയിലപ്പൊടിയുടെ മണമൊന്നും ഇല്ലായിരുന്നു. തേയില നുള്ളിയെടുത്ത് ഉണങ്ങി ഫാക്ടറിയില്‍ തേയില പൊടിയായി മാറുന്ന പ്രക്രിയ പാഠപുസ്‌കത്തില്‍ പഠിച്ചത് ഓര്‍ത്തു.
യാത്രയില്‍ ഒരുവേള നല്ല കട്ടിയുള്ള മഞ്ഞ് ഞങ്ങളുടെ പാതയിലേക്ക് അരിച്ചെത്തി. മഞ്ഞും തണുപ്പും ഞങ്ങളുടെ യാത്രയെ രസമുള്ളതാക്കി.
അച്ഛന്റ വീട്ടില്‍ മുറ്റത്തും പറമ്പിലും ഓടിക്കളിക്കുന്നതായിരുന്നു ഞങ്ങളുടെ വിനോദം. കുരുമുളകും കാപ്പിയും ഗ്രാമ്പുവും പിന്നെ ജാതിമരങ്ങളുമായിരുന്നു അവിടത്തെ പ്രധാന കൃഷിരീതികള്‍. ഇടയ്ക്ക് കൊക്കോയും ഉണ്ടായിരുന്നു. കൊക്കോ മിക്കതും അണ്മാന്‍ തുളച്ച് ഉപയോഗശൂന്യമായിരുന്നു. നല്ലൊരു കൊക്കോ പറിച്ച് അതിന്റെ പുറത്തെ മധുരമുള്ള ഭാഗം ഞങ്ങള്‍ കഴിച്ചു.
ഏലകൃഷിയിടത്തിലൂടെ നടക്കാന്‍ നല്ല രസമാണ്, വന്‍മരങ്ങള്‍ക്കിടയിലാണ് ഏലകൃഷി. ഞാന്‍ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വന്‍കാട്ടുമരങ്ങള്‍. മരങ്ങളിലൊക്കെ പുതിയതരെ പക്ഷികളെയും ഞാന്‍ കണ്ടു. മൈനയാണ് എനിക്കതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. കാണാന്‍ നല്ല ചന്തവും ഒപ്പം തന്നെ സ്വരത്തിന്റെ പ്രത്യേകതയും, പിന്നെ ഒത്തിരി മാടതത്തകളും ഉണ്ടായിരുന്നു. പല മരങ്ങളും നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ളതാണ് എന്ന് കേട്ട ഞാന്‍ ഞെട്ടി. നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് ഈ മരങ്ങള്‍ ഇവിടെയുണ്ടെന്ന വസ്തുത എന്നെ അദ്ഭുതപ്പെടുത്തി. പറമ്പിന് അതിര് ചേര്‍ന്ന് പ്രത്യേകതരം ചെടികൊണ്ട് വേലി കെട്ടിയിരുന്നു. അതിലും നിറയെ പൂക്കള്‍.
ഒരു ദിവസം ഞങ്ങള്‍ നടക്കാന്‍ പോയി. ആ വഴി ചെന്നെത്തുക അഞ്ചുരുളി എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കാണെന്ന് അച്ഛന്‍ പറഞ്ഞു. പോകുന്ന വഴി നല്ലൊരു അരുവി കണ്ട് ഞങ്ങള്‍ ഇറങ്ങി. നിറയെ ഉരുളന്‍ കല്ലുകളും പാറകളും നിറഞ്ഞ ഒരു തോടാണ്. നല്ല തെളിഞ്ഞ വെള്ളം. വെള്ളം ഒഴുകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം അവിടെ ഏറെ നേരം നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. പാറകളിലൊക്കെ കല്ലൊരഞ്ഞുണ്ടാകുന്ന ചെറിയ കുഴികള്‍. ചെറിയ ചെറിയ പേരറിയാത്ത കുഞ്ഞു മീനുകളെയും ഞങ്ങള്‍ കണ്ടു. നല്ല തെളിനീരില്‍ മുഖം കഴുകി അന്നത്തെ യാത്ര മതിയാക്കി.
ഇടയ്ക്ക് പുതിയ തരം വിഭവങ്ങള്‍ കഴിക്കാനും സാധിച്ചു. അതിലേറ്റവും കൂടുതല്‍ ഇഷ്ടമായത് ചക്കപ്പഴമായിരുന്നു. ചക്ക ചകിണി കളഞ്ഞ് ചുളയൊരുക്കാന്‍ ഞാനും ചേച്ചിയും സഹായിച്ചു.
എന്റെ മനസില്‍ ഏറ്റഴും ഇഷ്ടപ്പെട്ട സംഭവം ചേച്ചിയും ഞാനും കൂടിയുള്ള കളികളായിരുന്നു. ഒരു പാളയിലിരുത്തി ചേച്ചി എന്നെ വലിച്ചുകൊണ്ട് നടക്കുന്നതായിരുന്നു ഏറ്റവും ഇഷ്ടമായ കളി. ഇടയ്ക്ക് മറിഞ്ഞ് വീണ് കാല് മുറിഞ്ഞെങ്കിലും അടുത്ത അവധിക്കാലത്ത് ഈ കളികളെല്ലാം കളിക്കാന്‍ ഞങ്ങള്‍ ഇവിടേയ്ക്ക് വരുമെന്ന് തിരിച്ച് പോകുമ്പോള്‍ ഞാന്‍ മനസില്‍ പറഞ്ഞുകൊണ്ടേയിരുന്നു.
…………………………………………………………………………………………………………………………………………………….
അനു റ്റിജി തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. റേഡിയോ മാക്ഫാസ്റ്റ് നടത്തിയ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തില്‍ അനു റ്റിജിയുടെ ‘മലനിരകളുടെ നാട്ടില്‍ ഒരു അനധിക്കാലം’ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.