Specials

സോണി ജോസഫ് കല്ലറയ്ക്കല്‍

ബലൂണ്‍ പല തരത്തിലും പല വര്‍ണ്ണങ്ങളിലുമുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അന്തരീക്ഷത്തില്‍ പാറി കളിക്കുന്ന ബലൂണ്‍. അങ്ങനെയുള്ള ബലൂണ്‍ പലതും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഉയര്‍ന്നു പറക്കുന്ന ബലൂണ്‍ പ്രധാനമായും നമുക്ക് നല്‍കുന്ന സന്ദേശം പുറത്തുകാണുന്നതല്ല അകത്ത് കാണുന്നതാണ് എന്നെ ഉയരങ്ങളില്‍ എത്തിക്കുന്നതെന്നാണ്. ശരിയല്ലേ? ബലൂണിന്റെ ആകൃതിയോ പുറമേയുള്ള ഭംഗിയോ ഒന്നുമല്ല ബലൂണിനെ ഉയരങ്ങളിലെത്തിക്കുന്നത്. അതില്‍ നിറഞ്ഞിരിക്കുന്ന വായുവാണ്. ഇതുപോലെയാണ് നമ്മള്‍ മനുഷ്യന്റെ കാര്യവും. നമ്മുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന നന്മകളാണ് നമ്മെ ഉയരങ്ങളിലെത്തിക്കുന്നത്. ഇതിന് സമാനമായ ഒരു കഥ ഞാന്‍ പറയാം. എനിക്ക് പരിചയത്തിലുള്ള ഒരു വനിതയുണ്ട്. നല്ല കഴിവുള്ളയാള്‍. ആരെയും എപ്പോഴും പ്രോത്സാഹിപ്പിക്കാന്‍ ഓടി നടക്കും. പക്ഷേ, തന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനോ കണ്ടെത്താനോ ആരും ഉണ്ടായിട്ടില്ലെന്ന് മാത്രം. ആയതിനാല്‍ അവര്‍ കൂടുതല്‍ അതിനെപ്പറ്റി ചിന്തിക്കാറുമില്ല. തന്റെ മക്കള്‍ക്ക് വേണ്ടി ജീവിച്ച് പോകുന്നു. ഇവര്‍ക്ക് 3 പെണ്‍കുട്ടികളാണ് ഉള്ളത്. അവരും മിടുക്കര്‍ തന്നെ. ഒരിക്കല്‍ നിനച്ചിരിക്കാതെ ഈ വനിതയുടെ കൈയ്യില്‍ ഒരു മനോഹരമായ ക്രിസ്തീയഗാനങ്ങളുടെ ഒരു വീഡിയോ കിട്ടി.

ആരെയും ആകര്‍ഷിക്കുന്ന മനോഹര ഗാനങ്ങള്‍. ആ ഗാനങ്ങള്‍ ഈ വനിത ആസ്വദിക്കുക മാത്രമല്ല ചെയ്തത്. അതിന് നേതൃത്വം കൊടുത്ത കലാകാരനെ അഭിനന്ദിക്കാനും ഒരു മനസ്സ് അവര്‍ ഉണ്ടാക്കി. അതിന് അവര്‍ ഒരു മാര്‍ഗ്ഗവും കണ്ടെത്തി. ആ വീഡിയോയില്‍ തന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു ഈ മെയില്‍ ഐഡി എടുത്തു. ആ ഐഡിയില്‍ പാട്ട് എഴുതിയ കലാകാരനെ അഭിനന്ദിച്ചുകൊണ്ട് ഒരു സന്ദേശം അയയ്ക്കുകയും ചെയ്തു. ഒരു അഭിനന്ദനം തീര്‍ച്ചയായും നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.

ഒരു അഭിനന്ദനം ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം. പലപ്പോഴും പലരും കൊടുക്കാന്‍ മടിക്കുന്നതും പലരില്‍ നിന്നും കിട്ടാനും ഇല്ലാത്ത കാര്യം. ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു അപരിചിത തന്റെ ഗാനങ്ങള്‍ കേട്ട് തന്നെ അഭിനന്ദിച്ചു കൊണ്ട് എഴുതിയ ആ മെസേജ് കണ്ടപ്പോള്‍ പാട്ടെഴുതിയ കലാകാരന് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. ഒപ്പം എന്തെന്നില്ലാത്ത ആഹ്ലാദവും സന്തോഷവും. ആരും ഇതുവരെ ചെയ്യാത്ത കാര്യമെന്ന് ആ വ്യക്തി സ്വയം ചിന്തിച്ചു. തന്റെ ഗാനങ്ങള്‍ പലപ്പോഴായി പല തവണ പല രീതിയില്‍ പ്രെമോഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഇതുവരെ ആരും ഇങ്ങനെ ചെയ്തിട്ടില്ല. ഒരാള്‍ ചെയ്യുന്ന നന്മകളെ അഭിനന്ദിക്കാന്‍ മെനക്കെടാന്‍ ആര്‍ക്കാണ് സമയം. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മെസേജ് കിട്ടുന്നത്. അയാള്‍ തിരിച്ച് നമ്മുടെ വനിതയെ ബന്ധപ്പെട്ടു. അഭിനന്ദനത്തിന് നന്ദി അറിയിച്ച് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് തന്റെ മകള്‍ ഒരു പാട്ടെഴുതി വെച്ചിരിക്കുന്ന കാര്യം ഈ വനിത അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആ ഗാനം തന്റെ മെയിലില്‍ അയച്ച് തരാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൊച്ച് പെണ്‍കുട്ടിയുടെ പാട്ട് കണ്ട് സന്തോഷവാനായ നമ്മുടെ കലാകാരന്‍ അതിന് വേണ്ട തിരുത്തലുകള്‍ വരുത്തി മ്യൂസിക് ഇട്ട് അത് ഈ വനിതയെ തന്നെ തിരികെ ഏല്പിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അദേഹം മ്യൂസിക് ചെയ്ത ഗാനശേഖരങ്ങളുടെ ആല്‍ബത്തില്‍ ഏട്ടാം ക്ലാസുകാരിയുടെ ഗാനവും ആ കുട്ടിയുടെ പേരില്‍ തന്നെ ഉള്‍പ്പെടുത്താന്‍ തയാറായി. അപ്പോഴാണ് നമ്മുടെ വനിതാ സുഹൃത്ത് ഒരു അഭിനന്ദനത്തിന്റെ മഹത്വം തിരിച്ചറിയുന്നത്. തിരിച്ച് ബന്ധപ്പെട്ടയാള്‍ അഭിനന്ദിച്ചയാള്‍ക്ക് കൊടുത്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അമൂല്യനിധിയായിരുന്നു. ആ സ്ത്രീക്ക് ഈ ജന്മത്തില്‍ തന്റെ സേവനങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും. ഒരു പക്ഷേ, അവര്‍ക്കും ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു അംഗീകാരം കിട്ടുന്നത്.

നന്മകള്‍ നമ്മളില്‍ നിന്ന് പുറപ്പെടുവിക്കുമ്പോള്‍ അറിയാതെ ഫലം വന്നുകൊള്ളും എന്നതിന് തെളിവ്. കാരണം മനുഷ്യനിലെ നന്മകള്‍ ദൈവീകമാണ്. ഇത് എന്റെ ഒരു സന്ദേശം മാത്രം. ഇത് ഏവര്‍ക്കും ഒരു പാഠമാകട്ടെ. നമ്മള്‍ എങ്ങനെ ഒരാള്‍ക്ക് കൊടുക്കുന്നോ അതാവും തിരിച്ച് കിട്ടുക. നന്മകള്‍ കൊടുക്കുക എന്നത് ദൈവീകമാണ്. അതൊന്നും നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടവയല്ല. നമ്മുടെ ഉള്ളില്‍ നിന്നും സ്വയം വരേണ്ടതാണ്. അര്‍ഹതയുള്ളവരെ അംഗീകാരിക്കാനും, അഭിനന്ദിക്കാനും, സഹായത്തിന് നന്ദി പറയാനും, വഴിതെളിച്ചവരെ ഓര്‍ക്കാനും, അബലരെയും ആലംബഹീനരെയും സഹായിക്കാനുമുള്ള മനസ്സ് ഉള്ളില്‍ സ്വയം ആര്‍ജ്ജിച്ച് എടുക്കേണ്ടതാണ്. അതാവും നമ്മെ വിജയത്തിലെത്തിക്കുക. അതാണ് ബലൂണുകളും നമ്മളോട് പറയുന്നത്. മറ്റുള്ളവര്‍ക്ക് നന്മകള്‍ കൊടുത്തുകൊണ്ട് നമുക്ക് വളരാം, നേടാം. വിജയിക്കാം. ആശംസകള്‍.

ന്യൂസ് ഡെസ്ക്

മലയാളം യുകെ ന്യൂസ് ഒരുക്കുന്ന നാഷണൽ ഡാൻസ് കോംമ്പറ്റീഷൻ അഭൂതപൂർവ്വമായ സവിശേഷതകളാൽ ശ്രദ്ധേയമാകുന്നു.  മലയാളികളോടൊപ്പം ഇംഗ്ലീഷുകാരും ശ്രീലങ്കക്കാരും മറ്റു രാജ്യക്കാരും കൈകോർക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അവരോടൊപ്പം ആടിത്തകർക്കാൻ ഇതര  ഇന്ത്യൻ സംസ്ഥാനക്കാരും താത്പര്യത്തോടെ മുന്നോട്ട് വന്നു കഴിഞ്ഞു. മലയാളികളെ മാത്രം പങ്കെടുപ്പിക്കുന്ന പതിവിന് വിരാമം കുറിച്ചുകൊണ്ട് എല്ലാ രാജ്യക്കാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുവാനുള്ള മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ശ്രമം വൻ വിജയമാണെന്ന് ടെപ് സികോർ 2018 ന്റെ പ്രോഗ്രാം കമ്മിറ്റി പറഞ്ഞു. ജൂലൈ 14 ശനിയാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത്. മിഡ്ലാൻഡ്സിന്റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറിലാണ് ലോകത്തിനു തന്നെ മാതൃകയായ സംരംഭം ഒരുക്കപ്പെട്ടിരിക്കുന്നത്.

ഒന്നിച്ചു പരിശീലിക്കുന്ന തങ്ങളുടെ സഹപാഠികളോടൊത്ത് ഭാഷയുടെയോ രാജ്യത്തിന്റെയോ അതിർവരമ്പുകളില്ലാതെ സ്റ്റേജിൽ മത്സരിക്കാൻ കഴിയുന്നത് തികച്ചും സന്തോഷകരവും വ്യത്യസ്തവുമായ അനുഭവമാണെന്ന് മത്സരാർത്ഥികൾ പറയുന്നു. ഇന്ത്യൻ കലകളെ ഇഷ്ടപ്പെടുന്ന നിരവധി മറ്റു രാജ്യക്കാൻ യുകെയുടെ പല ഭാഗങ്ങളിലുള്ള ഡാൻസ് സ്കൂളുകളിൽ നൃത്താഭ്യാസം നടത്തുന്നുണ്ട്. എന്നാൽ ഇവർക്ക് മത്സര വേദികൾ അധികം ലഭിക്കാറില്ലെന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. മലയാളം യുകെ ഒരുക്കുന്ന വ്യത്യസ്തമായ ഈ വേദിയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നത് തികച്ചും അഭിനന്ദനീയമായ കാര്യമാണെന്നും ജനങ്ങൾ തമ്മിലുള്ള സംസ്കാരിക വിനിമയത്തിന് ഇത് അവസരമൊരുക്കുമെന്നും ഇന്ത്യൻ ഡാൻസ് രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.

ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. 11 വയസിൽ താഴെയുള്ളവർക്ക് സബ്ജൂനിയർ, 11 മുതൽ 18 വയസു വരെയുള്ളവരെ ജൂണിയറിലും 18 വയസിനു മുകളിൽ പ്രായമുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സമയ ക്ലിപ്തത പാലിച്ചും മത്സരാർത്ഥികൾക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങൾ ഒരുക്കിയും പ്രോഗ്രാമുകൾ നിശ്ചയിച്ച ഷെഡ്യൂളിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘാടക സമിതി നടത്തി വരുന്നത്. മത്സരാർത്ഥികൾക്കുള്ള ഗൈഡ് ലൈനുകൾ മലയാളം യുകെയുടെ ഫേസ് ബുക്ക് ഇവന്റ് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക് ജൂൺ 9 വരെ രജിസ്റ്റർ ചെയ്യാൻ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ അഡ്രസിലോ മലയാളം യുകെ ന്യൂസ് ടീമിനെ ബിൻസു ജോൺ 07951903705, റോയി ഫ്രാൻസിസ് 07717754609, ബിനോയി ജോസഫ് 07915660914  എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

സ്റ്റോക്ക് ഓൺ ട്രെൻറിലെ ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ നടക്കുന്ന ഡാൻസ് മത്സരത്തിന്റെ മനോഹാരിതയും ചടുലതയും ആനന്ദ് മീഡിയ ജനഹൃദയങ്ങളിലെത്തിക്കും. ആനന്ദ് മീഡിയ ടീം വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ടെപ് സികോർ 2018 ന്റെ മുഖ്യ സ്പോൺസർ ബീ വൺ യുകെ ആണ്. ഡിജിറ്റൽ കറൻസി ടോക്കണായ ക്രിപ്റ്റോ കാർബൺ  മാർക്കറ്റ് ചെയ്തുകൊണ്ട് ബിസിനസ് സാമ്രാജ്യം ലോകമെമ്പാടും വ്യാപിപ്പിച്ച ബീ വൺ, മലയാളം യുകെ ഒരുക്കുന്ന നൃത്തോൽസവത്തിനു ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.

ടെപ്സികോർ 2018ൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും സംഘാടക സമിതി ഒരുക്കുന്നുണ്ട്. ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ കാർ പാർക്കിംഗിന് ധാരാളം സൗകര്യമുണ്ട്. അതുപോലെ തന്നെ മിതമായ നിരക്കിലുള്ള ഭക്ഷണം കേറ്ററിംഗ് ടീം ലഭ്യമാക്കും. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക്  ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും ടെപ്സികോർ 2018 ൽ സ്പോൺസർഷിപ്പ്, കേറ്ററിംഗ്, സ്റ്റാളുകൾ എന്നിവ ഒരുക്കുവാൻ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ ബന്ധപ്പെടേണ്ടതാണ്.

നേരം വെളുക്കും മുന്‍പ് അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവൻ…. വിളമ്പിക്കൊടുത്ത് തനിക്ക് തികയാതെ വരുമ്പോള്‍ എനിക്കിത് ഇഷ്ടമല്ലെന്നോതി വീതിച്ച് കൊടുക്കുന്ന ഒരു ജീവൻ …
സ്വയം ശ്രദ്ധിക്കാന്‍ മറന്ന്…..മറ്റുള്ളവരെ പരിപോഷിപ്പിച്ച്…… ജീവിതം തള്ളി നീക്കുന്ന ഒന്നിന്റെ പേര്…  അതെ അമ്മ… വാക്കുകള്‍ക്ക് അതീതം… ‘അമ്മ’ എന്ന വാക്കിന്റെ ആഴവും പരപ്പും അളന്നു മുറിക്കുക പ്രയാസമാണ്. ലോകത്തിലെ ഏത് നിര്‍വ്വചനങ്ങള്‍ കൊണ്ട് തുലാഭാരം തൂക്കിയാലും അമ്മയുടെ സ്‌നേഹത്തിനും കരുതലിനും പകരമാകില്ല. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകന്റെ പരിമിതികളെ പാട്ടിനു വിട്ട്, അവനെ ചിറകിനടിയിലേക്ക് കരുതലോടെ ഒതുക്കി നിര്‍ത്തുന്ന റിന്‍സിയെന്ന വീട്ടമ്മയും അങ്ങനെയാണ്, നിര്‍വ്വചിക്കുക പ്രയാസം. ഏതൊരു മാതാപിതാക്കളെയും പോലെ മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മാത്രമായിരുന്നു റിന്‍സിയെയും മുന്നോട്ട് നയിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ തണലില്‍, മക്കള്‍ നല്‍കിയ സന്തോഷത്തില്‍ ആ കുഞ്ഞു കുടുംബം മുന്നോട്ട് നീങ്ങി.

രണ്ടാമത്തെ മകനായി അലന്‍ ജനിച്ചപ്പോഴും ആ സന്തോഷം ഇരട്ടിച്ചതേയുള്ളൂ. എന്നാല്‍ ജീവിതത്തിന്റെ ഏതോ ഒരുകോണില്‍ റിന്‍സിയുടെ ചിരി മാഞ്ഞു. അലന് ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക രോഗമെന്ന വിവരമറിഞ്ഞപ്പോള്‍ ജീവിതത്തിലാദ്യമായി അവരുടെ മുഖം വാടി. ഡോക്ടറുടെ മനം മടുപ്പിക്കുന്ന മറുപടികള്‍, ‘എന്നാലും നിനക്ക് തന്നെ ഈ ഗതി വന്നല്ലോ’ എന്ന ചുറ്റുമുള്ളവരുടെ ദൈന്യത നിറച്ച വര്‍ത്തമാനങ്ങള്‍, ഏതൊരു അമ്മയും തളര്‍ന്നു പോകുന്ന അവസ്ഥ. എന്നാല്‍ അലന്റെ കുഞ്ഞിളം പല്ലു കാട്ടിയുള്ള ചിരിയില്‍ റിന്‍സി സന്തോഷം കണ്ടെത്തി. പരിമിതകളെ പാട്ടിനു വിട്ട് അവന് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു.

തുടര്‍ച്ചയായ ചികിത്സകള്‍, ചിട്ടയായ പരിശീലനങ്ങള്‍ എല്ലാത്തിനുമപരിയായി ഒരമ്മയുടെ കരുതല്‍ ഇവയ്‌ക്കെല്ലാം ഫലമുണ്ടായിരിക്കുന്നു. അലന്റെ ജീവിതത്തില്‍ പ്രകടമായ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. പണ്ടെപ്പോഴോ ബാക്കി വച്ച മകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ റിന്‍സി വീണ്ടും പൊടി തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഒരമ്മയുടെ കരുതലും സ്‌നേഹവും അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ റിന്‍സി ഒരുക്കമല്ലായിരുന്നു. തന്റെ മകന് നല്‍കിയ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച നൂറു കണക്കിന് കുരുന്നുകള്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന ഉദാത്തമായ സ്ത്രീരത്‌നം കൂടിയാണ് അവര്‍.

`അലാന്‍ ടി ട്വന്റി വണ്‍` എന്ന സന്നദ്ധ സംഘടനിലൂടെ അവര്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുരുന്നുകള്‍ക്കു മുന്നില്‍ അവര്‍ കരുണയുടെ കരം നീട്ടുകയാണ്. അതിനെ മനസു കൊണ്ട് ഏറ്റെടുക്കാനും, റിന്‍സിക്കൊപ്പം കൈ കോര്‍ക്കാനും ഇന്ന് നൂറുകണക്കിന് പേരാണുള്ളത്. അതു കൊണ്ട് തന്നെയാകാം റിന്‍സിയെന്ന പുണ്യത്തെ, അവരുടെ നന്മയെ നിര്‍വ്വചിക്കുക പ്രയാസമാണ്. അമ്മക്ക് പകരം വെക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നുമില്ല എന്നത് ഒരു സത്യവും…

[ot-video][/ot-video]

നിറത്തിന്റെ പേരിൽ തങ്ങളുടെ പ്രണയത്തെ പുച്ഛിച്ചവർക്കു മുന്നിലേക്ക് കീർത്തിയെ താലികെട്ടി ചേർത്തു നിർത്തി ജിതിൻ ഇൗ ലോകത്തോട് വിളിച്ചു പറഞ്ഞു: ഇവൾ എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഒരുപാട് കുത്തിനോവിക്കലുകൾക്കും കളിയാക്കലുകൾക്കുമൊക്കെ നേരെ ഉറക്കെ ചിരിച്ചുകൊണ്ടാണ്, എല്ലാ എതിർപ്പുകളും അവഗണിച്ച് ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ജിതിൻ കീർത്തിയെ സ്വന്തമാക്കിയത്.

അവളുടെ സന്തോഷം മാത്രമായിരുന്നു ലക്ഷ്യമെന്ന് വിവാഹശേഷം ജിതിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തങ്ങളുടെ പ്രണയത്തിനിടയിലെ പ്രധാന വില്ലൻ ബോഡി ഷെയ്മിങ് ആയിരുന്നു. ആ അവസ്ഥ നേരിട്ടറിയാവുന്നതു കൊണ്ട്, പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവർക്കു മുന്നിൽ കീർത്തിയുടെ കഴുത്തിൽ താലികെട്ടി അവർക്ക് മറുപടി നൽകി. തന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് ജിതിൻ എന്ന യുവാവ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ തരംഗമായിരിക്കുകയാണ്.

ജിതിന്റെ കുറിപ്പ് വായിക്കാം.

കലാലയ ജീവിതത്തിൽ വെച്ചാണ് എന്റെ പ്രണയം ജനിക്കുന്നത്…ഇടതുപക്ഷ രാഷ്ട്രീയ ചിന്തകളും പ്രണയവും എന്നെ മാറ്റിമറിച്ചു… ഇടക്കെപ്പോഴൊക്കെ ഡൗണാകുമെങ്കിലും വ്യക്തിയെന്നാൻ നിരന്തരം പരിഷ്ക്കരിക്കപ്പെടുന്ന, പുരോഗമന രാഷ്ട്രീയ ചിന്തകളാണന്ന ആത്മവിശ്വാസം എന്നെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു’…

ആ ആത്മവിശ്വാസം ചിലറയൊന്നുമല്ലാന്റാ

കോളേജിലെ എന്റെ പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവരെ പുല്ലുപോലെ മറികടന്നത് എന്റെ രാഷ്ട്രീയവും പ്രണയവും നൽകിയ ആത്മവിശ്വാസം കൊണ്ടാണ്….പിന്നെ ഞങ്ങളിലെ പ്രണയത്തിലെ പ്രധാന വില്ലൻ #ബോഡി_ഷെയമിങ്ങ് ആയിരുന്നു’.കുറേ ഞാനും മുൻപേ കേട്ടിട്ടുള്ളതാ ….

അതു കൊണ്ട് ആ അവസ്ഥയെ കുറിച്ച് നന്നായി അറിയാം ….

നമ്മള് ഓരോ ദിവസവും പലതരം വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരെ കാണുന്നവരാണ്. അവർ തടിച്ചവരോ മേലിഞ്ഞവരോ കറുത്തവരോ വെളുത്തവരോ ഉയരം ഉള്ളവരോ ഇല്ലാത്തവരോ ആവട്ടെ കളിയാക്കുന്നതിന് മുൻപ് ആ സ്ഥാനത്ത് നമ്മളോ നമുക്ക് പ്രിയപ്പെട്ടവരോ ആണെന്ന് ഒന്ന് സങ്കല്പിക്കുക..കളിയാക്കാൻ ഉള്ള നാവ് കുറച്ചൊന്ന് താഴും… എന്നാതാണ് എന്റെ ഒരു ഇത്…(copyd)

സ്വയം ചിന്തകനും മോഡേർണും ലിബറലും പിന്നെ മറ്റെന്തൊക്കെയോ ആണെന്ന് ധരിക്കുന്ന പലരും അറിയാതെ ഒരു ബോധമില്ലാതെ ചെയ്യുന്ന കാര്യമാണ് ബോഡി ഷെയ്മിങ്ങ്…

ബോഡിഷെയ്മിങ്ങ് ആളുകൾ ചെയ്യുമ്പോൾ, അതും ഒരു പറ്റം ആളുകളുടെ ഇടയിൽ വച്ച് ചെയ്യുമ്പോൾ നമ്മുക്ക് ചിരിക്കാം അവർ പറഞ്ഞത് ഭയങ്കര കോമഡിയാണെന്ന് അവർക്ക് തന്നെ തോന്നുന്ന വിധം ചിരിക്കാം ഇതു പോലെ…. Love you Keerthi Jithin

കൊച്ചി: തമിഴ് റോക്ക്സ്റ്റാര്‍ അനിരുദ്ധ് രവിചന്ദര്‍, സന്തോഷ് നാരായന്‍ തുടങ്ങിയ സംഗീത സംവിധായകര്‍ രജനികാന്ത്, ധനുഷ് എന്നിവര്‍ക്കായി ഒരുക്കുന്ന തമിഴ് റാപ്പ് ഗാനങ്ങള്‍ കേട്ട് കയ്യടിച്ചവരാണ് നമ്മള്‍ മലയാളികള്‍. തമിഴ് ഭാഷയില്‍ റാപ്പ് പാട്ടുകള്‍ ഇറക്കി ശ്രദ്ധ നേടിയ ഹിപ്പ് ഹോപ്പ് തമിഴക്കും കേരളത്തില്‍ ഒരുപാട് ആരാധകര്‍ ഉണ്ട്. എന്നാല്‍ മലയാള സിനിമയില്‍ ഇത് നടക്കുമോ? ഇവിടെ റാപ്പ് ഗാനങ്ങള്‍ ഒരുക്കാനാവുമോ?

മലയാളത്തില്‍ റാപ്പ് ഗാനങ്ങള്‍ ഒരുക്കുക എന്നത് ശ്രമകരമാണ്. നമ്മുടെ ഭാഷാപരമായ ബുദ്ധിമുട്ടുകള്‍ തന്നെ ആണ് കാരണം. എന്നാല്‍ ഈ വെല്ലുവിളി ഏറ്റുഎടുത്ത് സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം ഒരുക്കിയ പുതിയ മലയാളം റാപ്പ് ഗാനം ‘അപരാധ പങ്കാ’ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ടൊവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകന്‍ വിഷ്ണു നാരായണന്‍ ഒരുക്കുന്ന മറഡോണയിലെ ഈ ഗാനത്തിനു വരികള്‍ എഴുതി ആലപിച്ചിരിക്കുന്നത് യൂട്യുബില്‍ മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ ഫെജോയാണ്.

ഗ്രേറ്റ് ഫാദര്‍, എസ്രാ എന്നീ ചിത്രങ്ങള്‍ പോലെ ഇതും സുഷിന്‍ ശ്യാമിന്റെ മറ്റൊരു മാസ്റ്റര്‍പീസ് ആയി മാറും എന്നു ഉറപ്പാണ്. ക്ലാസും മാസ്സും ഒരുമിച്ചു ചേരുന്ന ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ രസം നിറഞ്ഞ ഫെജോയുടെ വരികള്‍ ആണ്.

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മലയാളം റാപ്പ് എന്ന വിശേഷണം നേടുന്ന ഗാനം കേള്‍ക്കാം.

ന്യൂസ് ഡെസ്ക്:

സൂര്യ ഇന്ത്യ കലാതിലകം 2018 ജാനറ്റ് ചെത്തിപ്പുഴക്ക്. ഇന്നലെ സമാപിച്ച കേളി ഇന്റർനാഷണൽ കലാമേളയിൽ ജാനറ്റ് ചെത്തിപ്പുഴ വിജയകിരീടമണിഞ്ഞു. നൃത്ത സംഗീത ഇനങ്ങളിൽ ഒന്നാം സമ്മാനങ്ങൾ കരസ്ഥമാക്കിയാണ് ഈ വിജയകിരീടത്തിനു അർഹയായത്. സ്വിറ്റ്‌സർലാൻഡിലെ മിക്കവേദികളിലെയും നിറസാന്നിധ്യമാണ് ജാനെറ്റിപ്പോൾ. ജാനറ്റ് ആലപിക്കുന്ന ഗാനങ്ങള്‍ ആരുടെയും മനസിനെ പിടിച്ചു കുലുക്കും. പ്രായത്തില്‍ കവിഞ്ഞ ഭാവുകങ്ങള്‍ നിറഞ്ഞ ഗാനങ്ങള്‍ കൊണ്ടും ഹൃദയ നൈര്‍മല്യം കരകവിഞ്ഞൊഴുകുന്ന പുഞ്ചിരി കൊണ്ടും ജാനറ്റ് ഇതിനോടകം മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രിയങ്കരിയായി മാറിയിരിക്കുന്നു. ഈ കൊച്ചു വാനമ്പാടി ഗാനങ്ങള്‍ പാടുമ്പോള്‍ കേട്ടു നില്‍ക്കുന്നവരുടെയും മനസുകള്‍ താളങ്ങളൊപ്പം തുള്ളി ചാടിക്കൊണ്ടിരിക്കും.സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഈ കൊച്ചു മിടുക്കി രണ്ടാം വയസ്സിൽ ജാനെറ്റിനു വേണ്ടി അമ്മ പാടിയിരുന്ന താരാട്ട് പാട്ടുകൾ എറ്റു പാടികൊണ്ട് തന്റെ സംഗീതത്തോടുള്ള ഇഷ്ടം അറിയിച്ചു. തൊടുപുഴ സ്വദേശികളായ സൂറിച് എഗ്ഗിൽ താമസിക്കുന്ന സിബി ,ജിൻസി ദമ്പതികളുടെ മകളാണ് സ്വിസ്സിൽ ജനിച്ച് വളരുന്ന ജാനെറ്റ്. ആലാപനത്തിലെന്നപോലെ നൃത്തത്തിലും കാണികളെ അത്ഭുതപ്പെടുത്തുകയാണ്‌ ജാനറ്റ് . വിവിധ കലാമേളകളിലൂടെ ജാനറ്റ് ഇതിനോടകം നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുണ്ട്. ലോകത്തിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിന് വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ ചെന്നൈയിലും ലണ്ടനിലും വച്ചു നടത്തിയ വേൾഡ് ഓഫ് ഹിഡൻ ഇഡോൾ ഷോ ആദ്യമായി ഈ വർഷം സൂറിച്ചിൽ അരങ്ങേറിയപ്പോൾ ഫൈനൽ മത്സരത്തിൽ ക്ലാസിക്കൽ ഡാൻസിൽ ഭാരതനാട്യത്തിനും, മോഹിനിയാട്ടത്തിനും ഒന്നാം സമ്മാനവും ഓവറോൾ ചമ്പ്യാൻഷിപ്പും നേടി സ്വിസ്സിലെ ഈ കലാപ്രതിഭ ജാനറ്റ് ചെത്തിപ്പുഴ വിജയകതിലകമണിഞ്ഞിരുന്നു.

ജീവന്‍ തിരിച്ച് നല്‍കിയ എന്‍എച്ച്എസിന് നന്ദി പ്രകടിപ്പിച്ച് ബ്രിട്ടനില്‍ ഗണ്‍ക്രൈമിന് ഇരയായ ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടി. തന്റെ സന്തോഷവും ജീവനും തിരികെ നല്‍കുന്നതില്‍ എന്‍എച്ച്എസ് വഹിച്ച പങ്ക് വലുതാണെന്ന് പെണ്‍കുട്ടി പറഞ്ഞു. 2011 മാര്‍ച്ചിലാണ് തുഷ കമലേശ്വരന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച ആക്രമണം നടക്കുന്നത്. ഒരു ഗ്രോസറി കടയില്‍ വെച്ചാണ് തുഷയ്ക്ക് മയക്കുമരുന്ന് മാഫിയ സംഘങ്ങളള്‍ തമ്മില്‍ നടന്ന വെടിവെപ്പിനിടെ പരിക്കേറ്റത്. വെടിയേറ്റ് നിലത്ത് വീണയുടന്‍ ബോധം മറഞ്ഞിരുന്നു. കൃത്യസമയത്ത് എത്തിച്ചേര്‍ന്ന പാരാമെഡിക്കുകളുടെ ഇടപെടലായിരുന്നു ഇവളുടെ ജീവന്‍ രക്ഷിച്ചത്. പിന്നീട് മാസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി ചികിത്സ.

നട്ടെല്ലിനേറ്റ വെടിയുണ്ട അത്ര നിസാരക്കാരനായിരുന്നില്ല. ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ തന്നെ തുഷയുടെ ഭാവി ജീവിതം വീല്‍ച്ചെയറിലായിരിക്കും എന്ന സൂചന ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. നിരന്തരമുള്ള ആശുപത്രി സന്ദര്‍ശനങ്ങളും മരുന്നുകളുമൊക്കെയായി വളരെ ദുഷ്‌കരമായിരുന്നു ഇതിനു ശേഷം തുഷയുടെ ജീവിതം. പക്ഷേ ഇതൊന്നും തുഷയുടെ ജീവതത്തോടുള്ള പ്രതീക്ഷകളെ ഇല്ലാതാക്കിയില്ല. അവള്‍ക്കിപ്പോള്‍ ഡോക്ടറാകണമെന്നാണ് ആഗ്രഹം. ജീവന്‍ തിരികെ നല്‍കിയവരെപ്പോലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് അവള്‍ക്കും ആഗ്രഹം. ബ്രിട്ടനിലേക്ക് കുടിയേറി പാര്‍ത്ത തുഷയുടേത് സാധാരണ കുടുംബമാണ്. എന്‍എച്ച്എസ് സഹായമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ചികിത്സ തന്നെ മുടങ്ങാന്‍ സാധ്യതയുണ്ടായിരുന്നു.

ഇത്തവണ ദി എന്‍എച്ച്എസ് ഹീറോ അവാര്‍ഡ് നേടിയിരിക്കുന്നത് തുഷയാണ്. പാരാമെഡിക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് പുരസ്‌കാര ചടങ്ങിനിടെ തുഷ പറഞ്ഞു. അവരെന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. അവരെപ്പോലെ എനിക്കും മറ്റുള്ളവരെ ജീവന്‍ രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവണമെന്ന് തുഷ പറഞ്ഞു. എന്റെ പ്രിയ്യപ്പെട്ട വിഷയം സയന്‍സും ഗണിതശാസ്ത്രവുമാണ്. ഈ വിഷയങ്ങള്‍ എന്റെ ഡോക്ടറാവാനുള്ള ആഗ്രഹത്തിലേക്ക് എത്താനുള്ള ചവിട്ടുപടിയാകുമെന്നാണ് ഞാന്‍ കരുതുന്നതെന്നും തുഷ പറയുന്നു. തുഷ ജീവിതകാലം മുഴുവന്‍ വീല്‍ച്ചെയറില്‍ കഴിയേണ്ടി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്. വൈകാതെ തന്നെ എഴുന്നേറ്റ് നടക്കാന്‍ അവള്‍ക്ക് കഴിയുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മരണം മുന്നിൽ കണ്ട രോഗിക്ക് സാന്ത്വനമേകുമ്പോൾ ലിനി അറിഞ്ഞിരിക്കില്ല തന്നെ കാത്തിരിക്കുന്ന ദുരന്തം. അറിഞ്ഞാലും അവൾ കർത്തവ്യത്തിൽ നിന്ന് പിന്തിരിയാനുള്ള സാധ്യത തീരെ കുറവാണ്. പരിചരിച്ച രോഗി മരണത്തിന് കീഴടങ്ങി ദിവസങ്ങൾക്കുള്ളിൽ ലിനിയും മരണത്തിനു കീഴടങ്ങിയപ്പോൾ ആ മാലാഖയുടെ ധൈര്യത്തെ വാഴ്ത്തിപ്പാടുകയാണ് സമൂഹ മാധ്യമങ്ങൾ. രോഗികൾക്കായി ജീവൻ ദാനം നൽകിയ മാലാഖമാരുടെ ഇടയിലാകും ഇനി ലിനിക്ക് സ്ഥാനം.

മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. താൻ പരിചരിച്ച സാബിത്ത് രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.

വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. രണ്ട് ചെറിയ മക്കളാണ് ലിനിക്ക്. ഭര്‍ത്താവ് സജീഷ് വിദേശത്താണ്. തീരാവേദനയിലാണ് ഈ കുടുംബം. അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഈ കുടുംബം മോചിതരായിട്ടില്ല. അതിനിടെ ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

മണമ്പൂര്‍ സുരേഷ്

ലണ്ടന്‍: റേഷന്‍ കാര്‍ഡ്, സൗജന്യ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ അവകാശങ്ങള്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക്, അവര്‍ പോകുന്ന സംസ്ഥാനത്തേക്ക് കൂടെ കൊണ്ട് പോകാനുള്ള സൗകര്യങ്ങള്‍ – portability of rights- ഇന്ത്യ മൊത്തം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ലണ്ടനില്‍ ചര്‍ച്ച നടന്നു. ഇന്ത്യയില്‍ നിന്നും 3 വിദഗ്ദ്ധരും ബ്രിട്ടനിലെ പ്രമുഖമായ മൂന്നു യൂണിവേഴ്‌സിറ്റികളും ഇതില്‍ പങ്കെടുത്തു. സസെക്‌സ്, യോര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് എന്നീ ലോകനിലവാരമുള്ള സര്‍വകലാശാലകള്‍ പങ്കെടുക്കുകയും ഈ മൂന്നു യൂണിവേഴ്‌സിറ്റികളിലും വച്ച് നടന്ന 3 റൗണ്ട് ചര്‍ച്ചകളെത്തുടര്‍ന്ന് കരടുരേഖ തയാറാക്കി വരികയുമാണ്.

ബ്രിട്ടനിലെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലായിരുന്നു ചര്‍ച്ച. ഇന്ത്യയില്‍ നിന്നും 3 വിദഗ്ദ്ധര്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. ഹര്‍ഷ് മേന്ദര്‍, പ്രസിദ്ധ പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റും കേരളത്തിലെ പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായ ഡോ. രവി രാമന്‍, ആജീവികാ ബ്യൂറോയിലെ പ്രിയങ്ക ജെയ്ന്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുത്ത വിദഗ്ധര്‍. യോര്‍ക്ക് സര്‍വകലാശാലയിലെ ഡോ. ഇന്ദര്‍ജിത് റോയ് ആയിരുന്നു കോആര്‍ഡിനേറ്റര്‍.

‘കരടു രേഖ ചര്‍ച്ച ചെയ്തു. ഇത് കേരളത്തില്‍ വച്ച് രണ്ടു മാസത്തിനകം പ്രകാശനം ചെയ്യണമെന്നു വിചാരിക്കുന്നു. കേരളത്തിലെ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനുമായി സംസാരിച്ചു പ്രകാശന വിവരങ്ങള്‍ തീരുമാനിക്കും’ എന്ന് ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറിയില്‍ വച്ച് കണ്ടപ്പോള്‍ ഡോ രവി രാമന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഓരോ സംസ്ഥാനത്തെയും അവസ്ഥ പരിതാപകരമാണ് പക്ഷെ രണ്ടേ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമേ ഈ അവകാശം ഇപ്പോള്‍ അനുവദിക്കുന്നുള്ളൂ – ഒന്ന് കേരളവും, മറ്റേതു ഡല്‍ഹിയും. അത് കൊണ്ട് തന്നെ ചര്‍ച്ചയില്‍ ‘കേരളാ മോഡല്‍’ ഏറെ ശ്രദ്ധ നേടി എന്ന് ഡോ. രവി രാമന്‍ പറഞ്ഞു.

അപ്നാ ഘര്‍ എന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് പാര്‍പ്പിടം നല്‍കുന്ന പരിപാടി പാലക്കാട്ട് പൂര്‍ത്തിയായി. ഇനി എറണാകുളത്തും കോഴിക്കോട്ടും ഇപ്പോള്‍ പണി തുടങ്ങും. ബഡ്ജറ്റില്‍ തുക മാറ്റി വച്ചിട്ടുണ്ട്. അത് പോലെ തന്നെ ആവാസ് പോലുള്ള ആരോഗ്യ പദ്ധതി. സര്‍വ ശിക്ഷാ അഭിയാന്റെ സഹായത്തോടു കൂടി സാക്ഷരതാ പദ്ധതിയും ആരംഭിച്ചു. ഇതൊക്കെ പറഞ്ഞപ്പോള്‍ കേരളത്തോട് വലിയ താല്പ്പര്യമായിരുന്നു ഈ യൂണിവേഴ്സിറ്റികള്‍ പ്രകടിപ്പിച്ചത്.

ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ ക‍ഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്
ലോകത്തിന് തന്നെ പലപ്പോ‍ഴും മാതൃകയായിട്ടുള്ള കേരളത്തിന് വീണ്ടം ചരിത്രമുഹൂര്‍ത്തം. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന്‍റെ അഭിമാനത്തിലാണ് ഇന്ന് മലയാളക്കര.

ട്രാന്‍സ്ജെന്‍ഡര്‍ സൂര്യയുടെ ക‍ഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത് കേരളത്തിനാകെ അഭിമാന നിമിഷമായി. കേരളത്തിലാധ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടക്കുന്നത്.

തിരുവനന്തപുരം പ്രസ്ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ സജ്ജീകരിച്ച പന്തലില്‍ വെച്ചാണ് സൂര്യയുടെ ക‍ഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്. നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേ‍ഴ്സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി.

കേരളത്തിന്‍റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യാം പ്രതികരിച്ചു.

Copyright © . All rights reserved