വിധിയെ തോല്‍പ്പിച്ച നേഴ്‌സായ കരുതലിന്റെ പേര്, റിന്‍സി!  ഡൗണ്‍ സിന്‍ഡ്രോമിനെതിരെ പോരാടിയ ഒരു മാതാവിന്റെ കഥ…  

വിധിയെ തോല്‍പ്പിച്ച നേഴ്‌സായ കരുതലിന്റെ പേര്, റിന്‍സി!  ഡൗണ്‍ സിന്‍ഡ്രോമിനെതിരെ പോരാടിയ ഒരു മാതാവിന്റെ കഥ…  
May 29 18:59 2018 Print This Article

നേരം വെളുക്കും മുന്‍പ് അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവൻ…. വിളമ്പിക്കൊടുത്ത് തനിക്ക് തികയാതെ വരുമ്പോള്‍ എനിക്കിത് ഇഷ്ടമല്ലെന്നോതി വീതിച്ച് കൊടുക്കുന്ന ഒരു ജീവൻ …
സ്വയം ശ്രദ്ധിക്കാന്‍ മറന്ന്…..മറ്റുള്ളവരെ പരിപോഷിപ്പിച്ച്…… ജീവിതം തള്ളി നീക്കുന്ന ഒന്നിന്റെ പേര്…  അതെ അമ്മ… വാക്കുകള്‍ക്ക് അതീതം… ‘അമ്മ’ എന്ന വാക്കിന്റെ ആഴവും പരപ്പും അളന്നു മുറിക്കുക പ്രയാസമാണ്. ലോകത്തിലെ ഏത് നിര്‍വ്വചനങ്ങള്‍ കൊണ്ട് തുലാഭാരം തൂക്കിയാലും അമ്മയുടെ സ്‌നേഹത്തിനും കരുതലിനും പകരമാകില്ല. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകന്റെ പരിമിതികളെ പാട്ടിനു വിട്ട്, അവനെ ചിറകിനടിയിലേക്ക് കരുതലോടെ ഒതുക്കി നിര്‍ത്തുന്ന റിന്‍സിയെന്ന വീട്ടമ്മയും അങ്ങനെയാണ്, നിര്‍വ്വചിക്കുക പ്രയാസം. ഏതൊരു മാതാപിതാക്കളെയും പോലെ മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മാത്രമായിരുന്നു റിന്‍സിയെയും മുന്നോട്ട് നയിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ തണലില്‍, മക്കള്‍ നല്‍കിയ സന്തോഷത്തില്‍ ആ കുഞ്ഞു കുടുംബം മുന്നോട്ട് നീങ്ങി.

രണ്ടാമത്തെ മകനായി അലന്‍ ജനിച്ചപ്പോഴും ആ സന്തോഷം ഇരട്ടിച്ചതേയുള്ളൂ. എന്നാല്‍ ജീവിതത്തിന്റെ ഏതോ ഒരുകോണില്‍ റിന്‍സിയുടെ ചിരി മാഞ്ഞു. അലന് ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക രോഗമെന്ന വിവരമറിഞ്ഞപ്പോള്‍ ജീവിതത്തിലാദ്യമായി അവരുടെ മുഖം വാടി. ഡോക്ടറുടെ മനം മടുപ്പിക്കുന്ന മറുപടികള്‍, ‘എന്നാലും നിനക്ക് തന്നെ ഈ ഗതി വന്നല്ലോ’ എന്ന ചുറ്റുമുള്ളവരുടെ ദൈന്യത നിറച്ച വര്‍ത്തമാനങ്ങള്‍, ഏതൊരു അമ്മയും തളര്‍ന്നു പോകുന്ന അവസ്ഥ. എന്നാല്‍ അലന്റെ കുഞ്ഞിളം പല്ലു കാട്ടിയുള്ള ചിരിയില്‍ റിന്‍സി സന്തോഷം കണ്ടെത്തി. പരിമിതകളെ പാട്ടിനു വിട്ട് അവന് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു.

തുടര്‍ച്ചയായ ചികിത്സകള്‍, ചിട്ടയായ പരിശീലനങ്ങള്‍ എല്ലാത്തിനുമപരിയായി ഒരമ്മയുടെ കരുതല്‍ ഇവയ്‌ക്കെല്ലാം ഫലമുണ്ടായിരിക്കുന്നു. അലന്റെ ജീവിതത്തില്‍ പ്രകടമായ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. പണ്ടെപ്പോഴോ ബാക്കി വച്ച മകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ റിന്‍സി വീണ്ടും പൊടി തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഒരമ്മയുടെ കരുതലും സ്‌നേഹവും അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ റിന്‍സി ഒരുക്കമല്ലായിരുന്നു. തന്റെ മകന് നല്‍കിയ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച നൂറു കണക്കിന് കുരുന്നുകള്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന ഉദാത്തമായ സ്ത്രീരത്‌നം കൂടിയാണ് അവര്‍.

`അലാന്‍ ടി ട്വന്റി വണ്‍` എന്ന സന്നദ്ധ സംഘടനിലൂടെ അവര്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുരുന്നുകള്‍ക്കു മുന്നില്‍ അവര്‍ കരുണയുടെ കരം നീട്ടുകയാണ്. അതിനെ മനസു കൊണ്ട് ഏറ്റെടുക്കാനും, റിന്‍സിക്കൊപ്പം കൈ കോര്‍ക്കാനും ഇന്ന് നൂറുകണക്കിന് പേരാണുള്ളത്. അതു കൊണ്ട് തന്നെയാകാം റിന്‍സിയെന്ന പുണ്യത്തെ, അവരുടെ നന്മയെ നിര്‍വ്വചിക്കുക പ്രയാസമാണ്. അമ്മക്ക് പകരം വെക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നുമില്ല എന്നത് ഒരു സത്യവും…

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles