തോമസ് മേച്ചേരില്‍
‘സംഗീതമേ അമരസല്ലാപമേ’ എന്ന ഒറ്റ ഗാനം കൊണ്ട് ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരമായി തിളങ്ങിയിരിക്കുകയാണ് ഫാ. വില്‍സണ്‍ മേച്ചേരില്‍ എന്ന വൈദികന്‍. അനിയത്തിയുടെ വിവാഹത്തിനിടെയാണ് യുവവൈദികന്‍ തന്റെ സംഗീതമാധുര്യം കൊണ്ട് മിനിസ്‌ക്രീനിലും താരമായി മാറിയത്. ഓസ്ട്രിയയിലെ വിയന്നയില്‍ ദേവാലയ സംഗീതത്തില്‍ ഉപരി പഠനവും അതിനൊപ്പം വൈദികനായും പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി ‘സംഗീതമേ അമരസല്ലാപമേ ….’ എന്ന് പാടിത്തുടങ്ങുമ്പോള്‍ അദ്ദേഹം പോലും വിചാരിച്ചില്ല സോഷ്യല്‍ മീഡിയ തന്റെ പാട്ട് വൈറലാക്കുമെന്ന്.
എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശിയായ ഫാ. വില്‍സണ്‍ മേച്ചേരില്‍ തന്റെ സഹോദരിയുടെ വിവാഹ ചടങ്ങിനിടെ വേദിയില്‍ വച്ച് വധൂവരന്മാരെ സാക്ഷിനിര്‍ത്തി ‘സംഗീതമേ അമരസല്ലാപമേ’ എന്ന് തുടങ്ങുന്ന പാട്ട് പാടുകയായിരുന്നു. അച്ചന്‍ ഒരിക്കല്‍ പോലും ആ പാട്ട് ഇത്രയും ഹിറ്റാവുമെന്ന് കരുതിയിട്ടുണ്ടാവില്ല. ഫേസ്ബുക്കില്‍ പാട്ട് കത്തിക്കയറിയതോടെ ഫ്ളവേഴ്സ് ചാനല്‍ അധികൃതര്‍ വില്‍സണ്‍ അച്ചനെ കോമഡി ഉത്സവം പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു. ചാനലില്‍ അദ്ദേഹം മനോഹരമായി പാടുന്നത് കണ്ട് നിരവധിയാളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
വില്‍സണ്‍ അച്ചന്‍ വെറുതെ ഒരു രസത്തിന് വേദിയില്‍ കയറി പാടിയതല്ല. സംഗീതം വൈദികവൃത്തിക്കൊപ്പം ദൈവതുല്യമായി കാണുന്ന കലാ ഉപാസകന്‍ കൂടിയാണ് അദ്ദേഹം. ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം വിയന്ന നഗരത്തിലുള്ള ഒരു ജര്‍മന്‍ ഇടവകയില്‍ പുരോഹിതനായി സേവനമനുഷ്ഠിക്കുകയുമാണ്.
വൈദിക പഠന കാലയളവില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഫാ.വില്‍സണ്‍ മേച്ചേരില്‍ കലാപ്രതിഭാപട്ടവും സ്വന്തമാക്കിയിട്ടുണ്ട് കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും മ്യൂസിക് മാസ്റ്റേഴ്സില്‍ അദ്ദേഹം ഒന്നാം റാങ്ക് അദ്ദേഹം കരസ്ഥമാക്കിയപ്പോള്‍ ഗായകന്‍ നജീം അര്‍ഷാദ് ആണ് രണ്ടാം റാങ്ക് നേടിയത്. സംഗീതം വഴി അച്ഛന് കിട്ടുന്ന നന്മകള്‍ മറ്റുള്ളവരെ സഹായിക്കുന്നതിനും പാവപ്പെട്ട ആരോരുമില്ലാത്ത കുട്ടികളെ പഠിപ്പിക്കുന്നതിനും അച്ഛന്‍ വിനിയോഗിക്കുന്നു സൊബ് എന്ന അനാഥ കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന ചാരിറ്റബിള്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചതും അച്ഛനാണ് .സംഗീത മേഖലയില്‍ അച്ഛനെ തേടി ഒരുപാട് അവസരങ്ങള്‍ വരട്ടെ എന്ന് നമുക്ക് ആശംസിക്കാം
എറണാകുളം ജില്ലയിലെ ഇലഞ്ഞി മേച്ചേരില്‍ സേവ്യര്‍ ലില്ലിക്കുട്ടി ദമ്പതികളുടെ നാലു മക്കളില്‍ മുതിര്‍ന്നയാളാണ് ഫാ. വില്‍സണ്‍. എംസിബിഎസ് സന്യാസസഭാംഗമാണ്. വിനോദ്, വിജയ്, വിന്നി എന്നിവരാണ് സഹോദരങ്ങള്‍.
[ot-video][/ot-video]
[ot-video][/ot-video]
ഇന്ത്യയെ ആക്രമിക്കാൻ ചൈന ഒരുങ്ങുന്നത് അവരുടെ തന്നെ നാശത്തിലേക്കാണ് വഴിവെക്കുകയെന്ന് അമേരിക്കന്‍ ആണവ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇന്ത്യാ-ചൈന യുദ്ധം പൊട്ടി പുറപ്പെട്ടാല്‍ അത് ലോകയുദ്ധത്തിലാണ് കലാശിക്കുക. ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്നൊടുക്കാന്‍ ചൈനക്ക് പറ്റുമെങ്കില്‍ ചൈന എന്ന രാജ്യത്തെ ഭൂപടത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ അത്തരമൊരു യുദ്ധം കാരണമായി തീരുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഇന്ത്യയുമായി മാത്രമല്ല ജപ്പാനും വിയ്റ്റ്‌നാമും ഉള്‍പ്പെടെ ഒരു ഡസനോളം രാജ്യങ്ങളുമായി ചൈനക്ക് അതിര്‍ത്തി തര്‍ക്കമുണ്ട്. ഇന്ത്യയുമായി ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ ചെന്നാല്‍ ഒരുപാട് ശത്രുക്കളെ ഒറ്റക്ക് നേരിടേണ്ട സാഹചര്യം ചൈനക്കുണ്ടാകും. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പോലും കണ്ടു പിടിക്കാന്‍ കഴിയാത്ത വന്‍ ആണവ ശേഖരങ്ങളും ആധുനിക സംവിധാനങ്ങളും ഇന്ത്യക്കുണ്ടെന്നും അമേരിക്കന്‍ ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു.
മറ്റ് രാജ്യങ്ങളില്‍ പലതിനെയും പോലെ കണ്ടുപിടുത്തങ്ങള്‍ എല്ലാം കൊട്ടിഘോഷിക്കാതെ മിക്കതും ഇന്ത്യ ഹൈഡ് ചെയ്ത് വച്ചിരിക്കുകയാണ്.
പാക്കിസ്ഥാനാണ് ശത്രു എന്ന് പ്രഖ്യാപിച്ച് യഥാര്‍ത്ഥത്തില്‍ ചൈനയെ മുഴുവന്‍ നിമിഷ നേരം കൊണ്ട് ചാരമാക്കാന്‍ കഴിയുന്ന മിസൈലുകളാണ് ഇന്ത്യ വികസിപ്പിച്ചിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുമായി തര്‍ക്കമുള്ള എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ഉണ്ടാക്കിയെടുത്തിട്ടുള്ള തന്ത്ര പരമായ അടുപ്പം ‘ഭാവി’വെല്ലുവിളി മുന്‍കൂട്ടി കണ്ട് ഉണ്ടാക്കിയിട്ടുള്ളതാണ്.
ലോക രാഷ്ട്രങ്ങളുടെ തന്ത്രപരമായ പിന്തുണ ആര്‍ജ്ജിച്ചതും ഇതിന്റെ ഭാഗമാണെന്നാണ് വെളിപ്പെടുത്തല്‍. ഇസ്രയേല്‍ ടെക്‌നോളജിയില്‍ പടുത്തുയര്‍ത്തിയ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളും മികച്ചതാണ്. ലോകത്തെ മുന്‍ നിര സാമ്പത്തിക-സൈനിക ശക്തിയായ ചൈനയെ കടത്തിവെട്ടുന്ന കുതിപ്പ് ഇന്ത്യ തുടങ്ങിയതാണ് ആത്യന്തികമായി ചൈനയുടെ പ്രകോപനത്തിന് കാരണമെന്നാണ് അമേരിക്കന്‍ ശാസ്ത്ര ലോകത്തിന്റെ വിലയിരുത്തല്‍. അധികം താമസിയാതെ മേഖലയിലെ തങ്ങളുടെ അപ്രമാധിത്വം നഷ്ടപ്പെടുമെന്ന് ചൈന ഭയക്കുന്നു. പാക്കിസ്ഥാനുമായി കൂടുതല്‍ സഹകരണത്തിന് അവരെ പ്രേരിപ്പിച്ചതും ഈ തിരിച്ചറിവാണ്.
പരസ്പര വൈരികളായ റഷ്യയും അമേരിക്കയും ഇപ്പോഴത്തെ തര്‍ക്കത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുന്നതില്‍ തന്നെ ആ രാജ്യത്തിന് ലോക രാജ്യങ്ങള്‍ക്കിടയിലുള്ള പിന്തുണ വ്യക്തമാക്കുന്നതാണ്. ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങിയാല്‍ പാക്കിസ്ഥാനല്ലാതെ മറ്റൊരു രാജ്യത്തിന്റെയും പിന്തുണ ചൈനക്ക് ഇപ്പോള്‍ ഉറപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ പാക്കിസ്ഥാന്‍ ഒരു ‘ഇര’യേ അല്ലന്നാണ് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പറയുന്നത്. എപ്പോഴും രണ്ട് ശത്രുവിനെ ഒറ്റക്ക് നേരിടേണ്ട സാഹചര്യം മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ സൈനിക ശക്തിരൂപപ്പെടുത്തിയിരിക്കുന്നതത്രെ.
പാക്ക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സേന ഭീകര ക്യാമ്പുകള്‍ക്ക് നേരെ നടത്തിയ മിന്നല്‍ ആക്രമണത്തിനു ശേഷം അടുത്തയിടെ സമാനമായ രീതിയില്‍ ഇറാന്‍ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം വ്യക്തമായ സന്ദേശം നല്‍കുന്നതായാണ് അമേരിക്കയുടെ വിലയിരുത്തല്‍. ആണവ മുങ്ങികപ്പലുകളുള്‍പ്പെടെ വന്‍ നാശം വിതയ്ക്കാവുന്ന അനവധി ആയുധങ്ങളും അര കോടിയോളം സൈനികരുമുള്ള ഇന്ത്യ ലോകത്തെ പ്രധാന സൈനിക ശക്തി തന്നെയാണെന്നാണ് ശാസ്ത്രഞ്ജരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജോസിലിന്‍ തോമസ്, ഖത്തര്‍
നമ്മുടെ ബാല്യകാലം ഒരു പൂക്കാലം ആണ്. നിറങ്ങള്‍ നിറഞ്ഞ ബാല്യകാല ഓര്‍മ്മകള്‍ പോലും വര്‍ത്തമാനകാലത്തെ പലപ്പോഴും കുളിരണിയിക്കാറുണ്ട്. എന്നാല്‍ സാമ്പത്തികാവസ്ഥ മോശമായതിന്റെയോ, മാതാപിതാക്കന്മാരുടെയോ, അതുമല്ലെങ്കില്‍ പക്വതയെത്താത്ത പ്രായത്തില്‍ നടത്തിയ ഒളിച്ചോട്ടത്തിന്റെയോ ഫലമായി ബാലവേലയുടെ ഇരകളായി മാറിയ കുരുന്നുകളെപ്പറ്റി എത്രപേര്‍ ചിന്തിക്കുന്നുണ്ട് ? ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്ക് എതിരെയുള്ള സകല ചൂഷണങ്ങള്‍ക്കും എതിരെ ചെറുപ്രായത്തില്‍ തൊട്ടേ ശക്തമായി പ്രതികരിച്ച് ഇപ്പോഴും അവര്‍ക്കായി പ്രതിരോധക്കോട്ട കെട്ടി നിലകൊള്ളുന്ന മഹാനായ മനുഷ്യസ്‌നേഹിയുടെ പേരാണ് കൈലാഷ് സത്യാര്‍ത്ഥി. സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവായി മാറിയ ശേഷമാണ് ലോകം അദേഹത്തെ കൂടുതലായി അറിഞ്ഞു തുടങ്ങിയത്. മദ്ധ്യപ്രദേശിലെ വിദിശയില്‍ ആയിരുന്നു അദേഹത്തിന്റെ ജനനം. കുഞ്ഞു സത്യാര്‍ത്ഥിയുടെ ആദ്യ സ്‌കൂള്‍ ദിനത്തില്‍ തന്നെ അസമത്വത്തിന്റെ കാറ്റ് വീശുന്നത് തിരിച്ചറിയാന്‍ അദേഹത്തിന് കഴിഞ്ഞു.
സ്‌കൂളിന്റെ ഗേറ്റിന് പുറത്ത് ഷൂ പോളിഷ് ചെയ്തുകൊണ്ടിരുന്ന ബാലനില്‍ കണ്ണുകള്‍ ഉടക്കി നിന്ന സത്യാര്‍ത്ഥിയുടെ മനസില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ അദ്ധ്യാപകര്‍ക്ക് കഴിയാത്തതിനാല്‍ ആ ബാലന്റെ പിതാവിനോട് തന്നെ അക്കാര്യത്തെപ്പറ്റി ആരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു. ഞങ്ങള്‍ പണമില്ലാത്തവരായതിനാല്‍ സാധാരണയായി ചെറുപ്രായത്തില്‍ തന്നെ ഞങ്ങളുടെ കുട്ടികള്‍ സ്‌കൂളില്‍ പോകാതെ ജോലി ചെയ്യുകയാണ് പതിവ്. ആ ഉത്തരം സത്യാര്‍ത്ഥിയുടെ ഹൃദയത്തിലെ മനുഷ്യസ്‌നേഹത്തിനേറ്റ പൊള്ളല്‍ ആയിരുന്നു. അസ്വസ്ഥമായ മനസ്സ് അടങ്ങിയിരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ പഴയ ഷൂസ് സമാഹരിച്ചും, പോക്കറ്റ് മണി ചിലവഴിച്ചും പാവപ്പെട്ട കുരുന്നുകളെ പഠിക്കാന്‍ സഹായിക്കാന്‍ സത്യാര്‍ത്ഥി മുന്നിട്ട് ഇറങ്ങി.
കൗമാരക്കാലത്ത് സമാനചിന്താഗതിക്കാരായ കൂട്ടുകാര്‍ക്കൊപ്പം സമോസ ഉണ്ടാക്കി വിറ്റ പണവും അതിനായി വിനിയോഗിച്ചു. ഇതിനിടെ സത്യാര്‍ത്ഥി ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലിയില്‍ പ്രവേശിച്ചെങ്കിലും എവിടെയൊക്കെയോ ആരാലും അറിയപ്പെടാതെ കഠിനവേലകള്‍ ചെയ്യാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ അദേഹത്തെ ജോലി രാജിവെയ്ക്കല്‍ എന്ന തീരുമാനത്തിലെത്തിച്ചു. കുടുംബത്തിന്റെ വരുമാനമാര്‍ഗ്ഗം അവസാനിപ്പിച്ച് വന്ന വിവാഹിതനായ മകനെ കരച്ചിലിന്റെ പ്രതിഷേധപ്പുഴയുമായി അമ്മ നേരിട്ടു. എന്നാല്‍ അമ്മയുടെ കരച്ചിലിനെക്കാള്‍ വലിയ കണ്ണീര്‍ പുഴകളുടെ ചിത്രങ്ങള്‍ മനസിലുണ്ടായിരുന്ന സത്യാര്‍ത്ഥി ഒരു മുഴുവന്‍ സമയ ബാലവേല വിരുദ്ധ പ്രവര്‍ത്തകനായി മാറി. നിരവധി ഫാക്ടറികളില്‍ കൂനിക്കുടിയിരുന്ന് 22 മണിക്കൂര്‍ ദിവസം പണിയെടുത്തിരുന്ന കുട്ടികളെ അദേഹത്തിന് രക്ഷപെടുത്താനായി. അവരുടെ കണ്ണുകളില്‍ തെളിഞ്ഞ ആശ്വാസത്തിന്റെ തിളക്കം മുന്നോട്ടുള്ള പ്രയാണത്തിന് മിഴിവേകി.
സാധാരണ ജനങ്ങള്‍ സ്വകാര്യതയുടെ സമചതുരത്തില്‍ സന്യസിച്ചിരിക്കുമ്പോള്‍ ലോകത്തെമ്പാടുമുള്ള കുഞ്ഞുങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ വാതില്‍ തുറന്ന് കൊടുത്തുകൊണ്ടിരിക്കുന്ന സത്യാര്‍ത്ഥി ഒരാള്‍ വിചാരിച്ചാല്‍ എന്തു നടക്കാനാണെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ്. ഇക്കാലയളവില്‍ 8300 കുട്ടികളെ വിവിധസ്ഥലങ്ങളില്‍ നിന്ന് വിത്യസ്തങ്ങളായ തൊഴില്‍ മേഖലകളില്‍ നിന്ന് അദേഹവും സംഘവും രക്ഷപ്പെടുത്തിക്കഴിഞ്ഞു. ഒരവസരത്തില്‍ സര്‍ക്കസ് കൂടാരത്തില്‍ പണിയെടുക്കുവാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടയില്‍ സര്‍ക്കസ് ഉടമയില്‍ നിന്ന് സത്യാര്‍ത്ഥിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ബാലവേല എന്ന ഓമനപ്പേരിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും, ക്രൂരതകളും എത്ര ഭീകരമാണെന്ന് ലോകത്തിന് കാട്ടിത്തന്ന കൈലാഷ് സത്യാര്‍ത്ഥിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നമ്മളില്‍ ഓരോര്‍ത്തര്‍ക്കും അദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ വളരെ വേഗത്തില്‍ തന്നെ ബാലവേലയ്ക്ക് പൂര്‍ണ്ണവിരാമം ഇടാന്‍ നമ്മള്‍ക്ക് കഴിയുമെന്നതില്‍ സംശയത്തിന് പോലും സ്ഥാനമില്ല.
ജോസിലിന്‍ തോമസ്, ഖത്തര്‍
കാരൂര്‍ സോമന്‍
അല്‍മാട്ടിയിലെ തണുപ്പിന് പറഞ്ഞറിയിക്കാനാവാത്ത ഒരു മൗനമുണ്ട്. ഏതൊരു സഞ്ചാരിയേയും ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന ഒരു കുളിര്. പ്രകൃതിയുടെ ഋതുഭംഗികളെല്ലാം ചേര്‍ന്നു നില്‍ക്കുന്ന ഇവിടെ നില്‍ക്കുമ്പോള്‍ സഞ്ചാരത്തിന്റെ പുതിയൊരു പന്ഥാവ് പ്രകൃതി തന്നെ മുന്നില്‍ തുറന്നു തരികയാണെന്നു തോന്നി. 1929 മുതല്‍ 1936 വരെ കസാഖ് അസോസിയേഷന്‍ എന്ന ഒരു കൂട്ടം പ്രവിശ്യകളുടെ തലസ്ഥാന പട്ടണമായിരുന്നു അല്‍മാട്ടി. പിന്നീട് പ്രതാപങ്ങളുടെ ഏറ്റക്കുറിച്ചിലുകള്‍ക്കിടയില്‍ 1991 വരെ കസാഖ് സാമ്രാജ്യത്തിന്റെ തലസ്ഥാനവും. എന്നാല്‍ 1991 ല്‍ കഥ മാറി. കസാഖ്സ്ഥാന്‍ സ്വതന്ത്രമായി. അതോടെ അല്‍മാട്ടിയില്‍ നിന്നും കേന്ദ്രീകൃതമായ ഭൂപ്രകൃതിയുള്ള അസ്താനയിലേക്ക് തലസ്ഥാനം മാറി. പക്ഷേ, അല്‍മാട്ടിക്ക് നിയോഗം പിന്നെയുമുണ്ടായിരുന്നു. ചരിത്രപരമായ തലസ്ഥാനത്തേക്ക് മടങ്ങിവരാനുള്ള അവകാശം 1997ല്‍ വീണ്ടെടുത്തു. എന്നാല്‍ കസാഖിസ്ഥാന്റെ തലസ്ഥാനമായി അസ്താന പിന്നെയും തുടര്‍ന്നു.
കസാഖിസ്ഥാനിലെ ഏറ്റവും വലുതും വികസിതവുമായ സാംസ്‌കാരിക വൈവിദ്ധ്യമുള്ള നഗരമാണ് അല്‍മാട്ടി. ചൈനയോടും കിര്‍ഗിസ്ഥാനോടും ചേര്‍ന്നു കിടക്കുന്ന ഈ പ്രവിശ്യ ശരിക്കും കസാഖിസ്ഥാനിലെ വേറിട്ട ഒരു മേഖലയാണ്. ചരിത്രം അലതല്ലുന്ന ഈ കലാനഗരത്തില്‍ പക്ഷേ മറ്റു ചരിത്രനഗരങ്ങില്‍ കാണുന്നതു പോലെയുള്ള കെട്ടിട അവശിഷ്ടങ്ങളില്ല. ഒരു കാലത്ത് ഈ നഗരത്തില്‍ ധാരാളം വംശീയ റഷ്യക്കാരും ഉക്രൈനികളും ഉണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ വികസനം മൂലം രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്യന്‍ പ്രദേശങ്ങളില്‍ നിന്നും തൊഴിലുകള്‍ക്കും വ്യവസായങ്ങള്‍ക്കുമായി നിരവധി പേര്‍ ഇവിടേക്കു കുടിയേറി. അങ്ങനെയെത്തിയവരുടെ ഒരു കൊളോണിയല്‍ സംസ്‌ക്കാരത്തിന്റെ പ്രത്യേകത കൊണ്ടാവും അല്‍മാട്ടി കൂടുതല്‍ സുന്ദരിയായതെന്നു പറയാം. ചൂടേറിയ വേനല്‍ക്കാലവും വളരെ തണുപ്പുള്ള ശൈത്യവുമാണ് ഇവിടെയുള്ളത്. എന്നാല്‍ ഏതു നിമിഷവും ഭൂകമ്പം പെയ്തിറങ്ങാവുന്ന ഒരു നഗരം കൂടിയാണിത്. മിക്കതും ഗണ്യമായ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ലെങ്കിലും അല്‍മാട്ടിയില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമി കുലുങ്ങാമെന്നതാണ് സ്ഥിതി.
1997ല്‍ തലസ്ഥാനം രാജ്യത്തിന്റെ വടക്കന്‍ കേന്ദ്രമായ അസ്താനിലേക്ക് മാറിയെങ്കിലും പ്രതാപത്തിന്റെ കാര്യത്തില്‍ അന്നും ഇന്നും അല്‍മാട്ടിയില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മറ്റു കസാഖിസ്ഥാന്‍ നഗരങ്ങളില്‍ നിന്നും അതു കൊണ്ട് തന്നെ അല്‍മാട്ടി വ്യത്യസ്തയുമാണ്. തലസ്ഥാനം കൈമോശം വന്നുവെങ്കിലും അല്‍മാട്ടിയെ കസാഖിസ്ഥാനിന്റെ ‘തെക്കന്‍ തലസ്ഥാനമായി’ ആണ് വിശേഷിപ്പിക്കപ്പെടുന്നത്. അല്‍മാട്ടി ഉള്‍പ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് കസാഖിസ്ഥാന്‍ ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രകൃതിയുള്ള രാജ്യങ്ങളില്‍ ഒന്‍പതാമത്തേതാണ്. 2,724,900 ചതുരശ്ര കിലോമീറ്ററുള്ള (1,052,100 ചതുരശ്ര മൈലുകളാണുള്ളത്) കസാഖിസ്ഥാന്‍ മധ്യേഷ്യയിലെ ആധിപത്യം പുലര്‍ത്തുന്ന രാജ്യമാണ്. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 60% എണ്ണ / വാതക വ്യവസായം വഴിയാണ് ഉത്പാദിപ്പിക്കുന്നത്. വലിയ ധാതു ഉറവിടങ്ങളും ഇവിടെയുണ്ട്. അല്‍മാട്ടിയിലും സ്ഥിതി വ്യത്യസ്തമല്ല.
വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട ജനാധിപത്യ, മതനിരപേക്ഷ, ഏകീകൃത, ഭരണഘടനാപരമായ റിപ്പബ്ലിക്കാണ് കസാക്കിസ്ഥാന്‍. റഷ്യ, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. കൂടാതെ കാസ്പിയന്‍ കടലിന്റെ വളരെ വലിയ ഭാഗവും. കസാഖിന്റെ ഭൂപ്രകൃതിയും ഭൂപ്രദേശങ്ങളിലും സാംസ്‌ക്കാരികമായുള്ള വൈവിധ്യവും പ്രകടം. ഇതു തന്നെ അല്‍മാട്ടിയിലും കാണാം, വിശാലമായ പുല്‍ത്തകിടിയോടു കൂടിയ താഴ്‌വരകള്‍, ഉയര്‍ന്ന കുന്നുകള്‍, പീഠഭൂമികള്‍, മഞ്ഞ് മൂടിയ മലകള്‍, മരുഭൂമികള്‍ എന്നിവയൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെയാവണം സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകുന്നത്. അല്‍മാട്ടിയിലേക്കുള്ള വരവിന്റെ കണക്കു നോക്കിയാല്‍, 2016 ലെ കണക്ക് പ്രകാരം 22 ദശലക്ഷം ആളുകള്‍ കസാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതായി കാണാം. വലിയ ഭൂവിസ്തൃതിയുണ്ടെങ്കിലും, ജനസംഖ്യ സാന്ദ്രത ഏറ്റവും കുറവുള്ള രാജ്യം കൂടിയാണിത്. ഒരു ചതുരശ്ര കിലോമീറ്ററില്‍ വെറും ആറു ആള്‍ക്കാര്‍ മാത്രമേ ഇവിടെയുള്ളു. കാലാവസ്ഥപരമായ ഭൂപ്രകൃതിയാവണം ഇതിനു കാരണം.
ചരിത്രത്തിന്റെ മേച്ചില്‍പ്പുറം
തുര്‍ക്കിയുടെ പല വംശങ്ങളില്‍ നിന്നും കുടിയേറിയവരാണ് കസാഖിസ്ഥാനിലെ പൂര്‍വ്വികര്‍. പതിമൂന്നാം നൂറ്റാണ്ടില്‍ ചെങ്കിസ് ഖാന്റെ കീഴിലുള്ള മംഗോളിയന്‍ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ട കസാഖിസ്ഥാന്‍ പ്രദേശം പതിനാറാം നൂറ്റാണ്ടോടു കൂടി കസാക്കെ ഒരു പ്രത്യേക സംഘമായി വളരുകയും മൂന്നു ജൂസ് (പ്രത്യേക ഭൂവിഭാഗങ്ങള്‍ അധിവസിക്കുന്ന പൂര്‍വികരുടെ ശാഖകള്‍) ആയി മാറുകയും ചെയ്തു. ഉയര്‍ന്ന ധാതുലവണങ്ങളുടെ അക്ഷയഖനിയാണിതെന്ന തിരിച്ചറിവോടെ, പതിനെട്ടാം നൂറ്റാണ്ടില്‍ റഷ്യക്കാര്‍ കസാഖിന്റെ തലസ്ഥാനത്തിലേയ്ക്ക് മുന്നേറാന്‍ തുടങ്ങി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അവര്‍ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. അങ്ങനെ കസാക്കിസ്ഥാന്‍ മുഴുവനും റഷ്യന്‍ ഭരണത്തിന്റെ കീഴിലായി. അന്നൊക്കെ അല്‍മാട്ടിയുടെ പ്രതാപകാലമായിരുന്നു. റഷ്യന്‍ നഗരങ്ങളുടെ ആഢംബരതയ്ക്കുള്ളിലായിരുന്നു അല്‍മാട്ടിയിലെ ജനതയുടെ ജീവിതം. ആസ്വദിക്കാനുള്ളതെല്ലാം ഒരുക്കി നിര്‍ത്തിയായിരുന്നു അന്ന് അല്‍മാട്ടി തലയുയര്‍ത്തി നിന്നത്.
1917ലെ റഷ്യന്‍ വിപ്ലവത്തിനു ശേഷം അല്‍മാട്ടി പിന്നോക്കം പോയി. ആഢംബരങ്ങള്‍ക്ക് അറുതി വന്നു. റഷ്യന്‍ പ്രഭ്വിമാര്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്താതെയായി. ആഭ്യന്തര യുദ്ധവും മൂര്‍ച്ഛിച്ചു. ഇതിനെത്തുടര്‍ന്ന് കസാഖിസ്ഥാന്‍ ഭൂപ്രദേശം പല പ്രാവശ്യം പുനഃസംഘടിപ്പിച്ചു. 1936ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായ കസാഖ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ആയി മാറി. 1991 ല്‍ സോവിയറ്റ് യൂണിയന്‍ പിരിച്ചുവിട്ടപ്പോള്‍ സോവിയറ്റ് റിപ്പബ്ലിക്കുകളില്‍ അവസാനത്തെ രാജ്യമായിരുന്നു കസാഖിസ്ഥാന്‍. പൂര്‍ണ്ണമായും റഷ്യക്കാരോടു കൂറു പുലര്‍ത്തിയ രാജ്യം. അല്‍മാട്ടിയില്‍ ഇന്നും കാണാം ആ റഷ്യന്‍ സ്‌നേഹം. മഞ്ഞു കുളിര്‍ വീഴ്ത്തുന്ന രാവുകളില്‍ അല്‍മാട്ടിയിലെ തെരുവോരങ്ങളിലൂടെ നടക്കുമ്പോള്‍ റഷ്യന്‍ ഗാനം ഉയരുന്നത് കേള്‍ക്കാം. ഇന്നത്തെ പ്രസിഡന്റ് നഴ്‌സുള്‍ട്ടന്‍ നസര്‍ബയേവ് അന്ന് രാജ്യത്തിന്റെ നേതാവായി രുന്നു. ചൈനയോടു ചേര്‍ന്നു കിടക്കുകയാണെങ്കിലും റഷ്യന്‍ സ്‌നേഹം ഇന്നും അല്‍മാട്ടിക്ക് ഒഴിവാക്കാനാവില്ല.
അല്‍മാട്ടി നഗരത്തിന് ഈ പേരു വരാനുള്ള കാരണത്തിനു പിന്നില്‍ പോലും അഗാധമായ ഈ റഷ്യന്‍ സ്‌നേഹത്തിന്റെ തിരുശേഷിപ്പ് കാണാം. ‘ആപ്പിള്‍’ (അലം) എന്ന കസാഖ് പദത്തില്‍ നിന്നാണ്, ‘ആപ്പിള്‍ നിറഞ്ഞത്’ എന്ന അര്‍ത്ഥം വരുന്ന അല്‍മാട്ടിയിലേക്ക് എത്തുന്നത്. റഷ്യയുടെ ആല്‍മ അതാ എന്ന പേര് റഷ്യന്‍ ഭാഷയില്‍ നിന്ന് സ്വാതന്ത്യ്രം നേടിയ ശേഷവും കസാഖിസ്ഥാന്‍ ഉപേക്ഷിച്ചില്ല. അങ്ങനെ ആപ്പിള്‍ നിറഞ്ഞ പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ നഗരത്തിന് ഈ പേര് ഇന്നും നിലനില്‍ക്കുന്നു.
റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭരണാധികാരികള്‍ വികസിപ്പിച്ചെടുത്ത ആദ്യത്തെ സിറ്റി പ്ലാന്‍ അനുസരിച്ച് അമെറ്റത്തിങ്ക നദിക്ക് തെക്ക് 2 കിലോമീറ്റര്‍ (1 മൈല്‍), പടിഞ്ഞാറ് 3 കിലോമീറ്റര്‍ (2 മൈല്‍) എന്നിവയാണ് അല്‍മാട്ടിയിലെ നഗരപഥങ്ങള്‍. പുതിയ നഗര പ്രദേശം താമസസ്ഥല ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. 1926 ലെ കൗണ്‍സില്‍ ഓഫ് ലേബര്‍ ആന്‍ഡ് ഡിഫന്‍സ്, തുര്‍കിസ്ഥാന്‍-സൈബീരിയ റെയില്‍വേയുടെ നിര്‍മാണത്തിന് അനുമതി നല്‍കിയതോടെ അല്‍മാട്ടിയുടെ വളര്‍ച്ച മറ്റൊരു തരത്തില്‍ കൂടി വികസിക്കുകയായിരുന്നു. അവധിക്കാലം ചെലവഴിക്കുന്ന നഗരം എന്നതിനപ്പുറത്തേക്ക് 1930 ല്‍ റെയില്‍വേയുടേയും നിര്‍മ്മാണം പൂര്‍ത്തിയായതോടെ വ്യാവസായികമായും അല്‍മാട്ടി പുരോഗമനം പ്രാപിച്ചു. ഈ വര്‍ഷം തന്നെ അല്‍മാട്ടിയില്‍ എയര്‍പോര്‍ട്ട് ആരംഭിച്ചു.
സോവിയറ്റ് ഗവണ്‍മെന്റിന്റെ കേന്ദ്രമായ മോസ്‌കോയിലേക്ക് അല്‍മാട്ടിയിയില്‍ നിന്നും നേരിട്ട് വിമാനം പറന്നിരുന്ന കാലമായിരുന്നു അത്. കസാഖിസ്ഥാനിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടമായി അല്‍മാട്ടി ഇതോടെ മാറി. ഈ ചെറിയ പട്ടണം കസാഖിലെ യുഎസ്എസ്ആര്‍ തലസ്ഥാനമാക്കി മാറ്റുകയും പുതിയ ഭരണ സൗകര്യങ്ങളും ഭവന നിര്‍മ്മാണവും വന്‍തോതില്‍ നിര്‍മ്മിക്കുകയും ചെയ്തു. സ്റ്റാലിന്‍ കാലഘട്ടത്തിലെ വലിയ ശുദ്ധീകരണം കസാഖിസ്ഥാനിലെ മറ്റു പ്രവിശ്യകളിലേക്ക് വ്യാപിച്ചു. അവിടെ നിരവധി ബുദ്ധിജീവികള്‍, സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, നേതാക്കന്മാര്‍, അദ്ധ്യാപകര്‍ എന്നിവരൊക്കെയും വിപ്ലവത്തിനായി ഇറങ്ങേണ്ടി വന്നു.
അല്‍മാട്ടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും ഭൂമികുലുക്കങ്ങളെ അതിജീവീക്കാന്‍ ശേഷിയുള്ളതാണ്. ഇവിടെ അടിക്കടി ഭൂമിയൊന്നു കുലുങ്ങിയാലും പേടിക്കേണ്ടതില്ല. റഷ്യന്‍ അധിനിവേശ കാലം മുതല്‍ക്കേ നിര്‍മ്മിച്ച എല്ലാ കെട്ടിടങ്ങള്‍ക്കും ഇങ്ങനെയൊരു പ്രത്യേകത ഇവിടെ കാണാം. നഗരത്തിരക്കിലേക്ക് ഇറങ്ങിയാലും അല്‍മാട്ടിയിലെ നിരത്തുകളില്‍ വിവിധ തരത്തിലുള്ള പുഷ്പങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ചെടികള്‍ കാണാം. കസാഖിസ്ഥാനിലെ ഉദ്യാന നഗരമെന്ന നിലയിലാണ് അല്‍മാട്ടി തന്റെ പ്രതിച്ഛായ സൃഷ്ടിച്ചിരിക്കുന്നത്. കല്‍ക്കമാന്‍, കോക്ക് ട്യൂബ്, ഗോര്‍ണി ഗിയാന്റ് എന്നിവിടങ്ങളെ മനോഹരമായി കൂട്ടിച്ചേര്‍ത്തു കൊണ്ട് അല്‍മാട്ടി ഇപ്പോള്‍ തന്റെ വിസ്തൃതി വികസിപ്പിച്ചിട്ടുണ്ട്. നിരവധി അംബരചുംബികളായ കെട്ടിടങ്ങള്‍, നഗരത്തിനുള്ളില്‍ തന്നെയുള്ള വിശാലമായ അപ്പാര്‍ട്ട്‌മെന്റ് ബ്‌ളോക്കുകള്‍, ഓഫീസ് കെട്ടിടങ്ങള്‍ എല്ലാം ചേര്‍ന്നു നഗരത്തിന്റെ മുഖച്ഛായ മാറ്റിയിരിക്കുന്നു. നിറമാര്‍ന്ന നിരത്തുകളിലുടെ സഞ്ചരിക്കുമ്പോള്‍ വലിയ ബഹളങ്ങളൊന്നും ഇല്ലെന്നത് ഏതൊരു സഞ്ചാരിയേയും അത്ഭുതപ്പെടുത്തും. അല്‍മാട്ടി അങ്ങനെയാണ്, മൗനം കൊണ്ട് മനോഹാരിത ആഘോഷിക്കുന്ന ഒരു നഗരമാണ്.
ചൂടുള്ള വേനല്‍ക്കാലവും തണുപ്പുള്ള ശൈത്യവുമാണ് അല്‍മാട്ടിയിലെ കാലാവസ്ഥ. ഉയര്‍ന്നതും വിശാലവുമായ പര്‍വതങ്ങളുടെയും നീണ്ടു നിവര്‍ന്നു കിടക്കുന്ന താഴ്‌വാരങ്ങളുടെ സമൃദ്ധിയാലും ആര്‍ദ്രമായ കാലാവസ്ഥാ ഇവിടെ പ്രകടമാകുന്നു. വാര്‍ഷിക ശരാശരി താപനില വെറും 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. ഏറ്റവും തണുപ്പ് മാസമായ ജനുവരിയില്‍ 4.7 യായി ഡിഗ്രിയായി തണുപ്പ് താഴും. ഈ സമയത്ത് അല്‍മാട്ടി മഞ്ഞില്‍ കുളിച്ചിരിക്കുകയാവും. ഏറ്റവും ചൂട് കൂടിയ മാസം ജൂലൈ തന്നെ. ആ സമയത്തെ കൂടിയ ചൂട് ശരാശരി 23.8 ഡിഗ്രി സെല്‍ഷ്യസാണ്. മഞ്ഞ് വീഴ്ചയുടെ മനോഹരമായ ദൃശ്യങ്ങള്‍ അല്‍മാട്ടിയെ കൂടുതല്‍ സുന്ദരിയാക്കുമ്പോഴും സാധാരണ ജീവിതത്തിന ഇവിടെ മാറ്റമൊന്നുമില്ല. കനത്ത മഞ്ഞുവീഴ്ചയും താഴ്ന്ന താപനിലയും അനുഭവപ്പെടുമെങ്കിലും അല്‍മാട്ടിയില്‍ ചിലപ്പോള്‍ ശൈത്യകാലത്ത് മഴ അനുഭവപ്പെടുമെന്ന് ഞങ്ങളുടെ യാത്രാ ഗൈഡ് അറിയിച്ചു.
മധ്യേഷ്യയില്‍ ഏറ്റവും ശക്തമായ സാമ്പത്തിക രാഷ്ട്രത്തിന്റെ തലസ്ഥാനമായതു കൊണ്ടാവാം അല്‍മാട്ടിയില്‍ യൂറോപ്യന്‍ റഷ്യന്‍ സാംസ്‌ക്കാരിക തനിമ എവിടെയും പ്രകടം. ജനങ്ങളുടെ ജീവിത നിലവാരത്തിലും അതു പ്രകടം. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ യൂറോപ്യരുടെ അച്ചടക്കവും റഷ്യക്കാരുടെ അച്ചടക്കരാഹിത്യവും ഒരേപോലെ തീന്‍മേശയില്‍ അനുഭവപ്പെടുന്നു. ഭക്ഷണവിഭവത്തിന്റെ കാര്യവും അങ്ങനെ തന്നെ. ‘ഗ്രീന്‍ ഹില്‍’ എന്നര്‍ത്ഥം വരുന്ന കൊക്ക് ടോബിലേക്ക് ഇവിടെ നിന്ന് ഒരു ട്രാം ലൈന്‍ ഉണ്ട്. അതിലുള്ള യാത്ര അവിസ്മരണീയമാണ്. നഗരത്തിലെ ടെലിവിഷന്‍ ഗോപുരമായ അല്‍മാട്ടി ടവര്‍ ദൂരെ നിന്നേ കാണാം. അല്‍മാട്ടിയിലേക്ക് വിമാനമിറങ്ങുമ്പോള്‍ ആദ്യം കണ്ണില്‍ പെടുന്നതും ഈ അംബരചുംബി തന്നെ. ഗ്രീന്‍ ഹില്‍ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന മൃഗശാല, അമ്യൂസ്‌മെന്റ് പാര്‍ക്ക്, സ്‌റ്റൈഡ് റൈഡ്‌സ്, റസ്റ്റോറന്റുകള്‍ തുടങ്ങിയ ഏതൊരു വിനോദസഞ്ചാരയെയും ഹരം പിടിപ്പിക്കുന്നതെല്ലാം ഇവിടെയുണ്ട്.
അല്‍മാട്ടിയുടെ തെക്കു കിഴക്കേ പര്‍വതമായ മെഡി വാലിക്ക് ഒരു പ്രത്യേകതയുണ്ട്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കേറ്റിങ്ങ് റിങ്കാണ് ഇത്. പതിനായിരം ചതുരശ്രമീറ്റര്‍ വലുപ്പമുള്ള ഐസ് റിങ്കാണിത്. ഇതു കൂടാതെ, സമുദ്രനിരപ്പില്‍ നിന്ന് 2,200 മീറ്റര്‍ (7,200 അടി) ഉയരത്തില്‍ സെയ്‌ലിസ്‌കി മലനിരയിലെ മെഡുവ താഴ്‌വരയുടെ മുകളില്‍ ഒരു സ്‌കീ റിസോര്‍ട്ട് ഉണ്ട്. ഇവിടേക്ക് എത്താന്‍ നഗരത്തിന് ഏകദേശം 25 കിലോമീറ്റര്‍ തെക്ക് മെഡിയോ റോഡിലൂടെ യാത്ര ചെയ്യണം. ഭൂകമ്പത്തെത്തുടര്‍ന്ന് പ്രകൃതിദത്തമായി ഉണ്ടായ ഒരു തടാകമാണ് കാണേണ്ട മറ്റൊരു കാഴ്ച. അല്‍മാട്ടി തടാകം എന്നു തന്നെയാണ് ഇതിന്റെ പേര്. ട്രാന്‍സ്ലി അലൈതാ പര്‍വതനിരകളിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. ട്രാന്‍സ് ഇലി അലിതൂവിലെ തടാകങ്ങളില്‍ ഭൂരിഭാഗവും ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായതാണ്.
രാത്രിയാണ് അല്‍മാട്ടി കൂടുതല്‍ സുന്ദരി എന്നു തോന്നി. രാത്രിയേറെ തുറന്നിരിക്കുന്ന പബ്ബുകള്‍, മദ്യശാലകള്‍, തെരുവോരങ്ങള്‍. നഗരത്തില്‍ മജീഷ്യന്മാരുടെ അഭ്യാസപ്രകടനങ്ങള്‍. റഷ്യന്‍ യുവതികളുടെ നൃത്തം. അലങ്കാര ദീപങ്ങളുടെ വര്‍ണ്ണശബളിമ. രാത്രിക്ക് തണുപ്പേറുന്നു. അല്‍മാട്ടിയില്‍ മഞ്ഞ് വീഴാന്‍ തുടങ്ങുകയാണ്. കുമിന്‍സ് (വീര്യം കുറഞ്ഞ മദ്യം) ഒരിറക്ക് അകത്താക്കി ശരീരത്തെ ചൂടാക്കി കട്ടിക്കൂടിയ പുതപ്പിനടിയിലേക്ക് നൂഴുമ്പോഴും അല്‍മാട്ടി ഉറങ്ങിയിരുന്നില്ല. സഞ്ചാരികളുടെ തിരക്കുകള്‍ക്കിടയിലും മൗനം നിറഞ്ഞ മഞ്ഞ് നിരത്തുകളിലേക്ക് മുകളിലേക്ക് പതുക്കെ പെയ്തിറങ്ങി….
ബെന്നി അഗസ്റ്റിന്‍
യുകെയിലെ കാര്‍ഡിഫ് കലാകേന്ദ്രയും റണ്ണിംഗ് ഫ്രൈയിംസ് ചേര്‍ന്നൊരുക്കുന്ന ‘ഓര്‍മ്മയില്‍ ഒരു ഗാനം’ എന്ന പരിപാടിയുടെ പുതിയ ഒരു എപ്പിസോഡിലേക്ക് സ്വാഗതം. 1963ല്‍ റിലീസായ ‘മൂടുപടം’ എന്ന ചിത്രത്തിലെ തളിരിട്ട കിനാക്കള്‍ എന്ന ഗാനമാണ് ഇന്നത്തെ എപ്പിസോഡില്‍. അര നൂറ്റാണ്ടിനുമേല്‍ പഴക്കമുള്ള ഈ ഗാനം ഇന്നും മലയാളികളുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നത് ആ ഗാനത്തിന്റെ മനോഹാരിത ഒന്നുകൊണ്ടണ്. പുതിയ തലമുറയിലേക്ക് ഇങ്ങനെയുള്ള അനശ്വരഗാനങ്ങളുടെ ആലാപന ശൈലി എത്തിക്കുക എന്നുളള ഒരു ലക്ഷ്യംകൂടി ഈ പരിപാടിക്കുണ്ട്.
മലയാള ചലച്ചിത്ര ഗാന രചനയുടെ പിതൃസ്ഥാനീയന്‍ എന്നു പറയാവുന്ന പി. ഭാസ്‌കരന്‍ മാസ്റ്റര്‍ രചന നിര്‍വഹിച്ച് ഗസല്‍ കവാലി എന്നീ ഹിന്ദുസ്ഥാനി സംഗീത ശൈലി മലയാളത്തിനു സംഭാവന ചെയ്ത എം. എസ്. ബാബുരാജ് സംഗീത സംവിധാനം നിര്‍വഹിച് എസ. ജാനകിയമ്മ പാടിയ ”തളിരിട്ട കിനാക്കള്‍” എന്ന മനോഹരമായ ഗാനമാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.
ഈ ഗാനം നമ്മുക്കായി ആലപിക്കുന്നത് ന്യുപോര്‍ട്ടിലുള്ള അലീന കുഞ്ചെറിയ ആണ്. കുഞ്ചെറിയ ജോസഫിന്റെയും ഷാന്റി ജയിംസിന്റെയും മൂത്ത പുത്രിയാണ് അലീന. അലീന ഹില്‍ഫോഡ് സാറേ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു.
https://www.facebook.com/815773181831892/videos/1477340722341798/
കാരൂര്‍ സോമന്‍
ഓരോ വ്യക്തിക്കും ദേശത്തിനും രാജ്യത്തിനും ഓരോരോ സംസ്‌കാരങ്ങളുണ്ട്. ഭാരതീയ സംസ്‌കാരം പുരാണ ഇതിഹാസങ്ങളില്‍നിന്നും നമ്മുടെ പൂര്‍വ്വപിതാക്കളില്‍നിന്നും ലഭിച്ചിട്ടുള്ള വൈവിധ്യമാര്‍ന്ന സംസ്‌കാരമാണ്. ആത്മാഭിമാനമുളള ദേശസ്‌നേഹികള്‍ അതെന്നും ഒരു സമ്പത്തായി സൂക്ഷിക്കുന്നു. നമ്മുടെ സംസ്‌കാരധാരയില്‍ പ്രധാനമായും കടന്നുവരുന്നത് പരസ്പര സ്‌നേഹം, സത്യം, അഹിംസ, വിവേകം, ബഹുമാനം, അച്ചടക്കം, സ്വാതന്ത്ര്യം മുതലായവയാണ്. ഈ സംസ്‌കാരമിന്ന് ഓരോരുത്തരുടെ സുഖസൗകര്യങ്ങള്‍ക്കായി മാറ്റപ്പെടുന്നു. ഈ സംസ്‌കാരം സാഹിത്യത്തിലുമുണ്ട്. ചരിത്രത്തില്‍ സാഹിത്യകാരന്മാര്‍, കവികള്‍ എന്നും പീഡിതര്‍ക്കൊപ്പമാണ് ജീവിച്ചിട്ടുള്ളത്. അതിന് ഏറ്റവും ധീരമായ ഇടപെടലുകളും സാഹിത്യസൃഷ്ടികളുമാണ് വികസിത രാജ്യത്തെ എഴുത്തുകാരില്‍നിന്നും ലഭിച്ചിട്ടുള്ളത്. അതില്‍ ചെറുകഥയുടെ ഉത്ഭവം അമേരിക്കയിലെങ്കിലും ചെറുകഥ സാഹിത്യത്തിന്റെ പിതാവായി അറിയപ്പെടുന്ന ഫ്രഞ്ച് സാഹിത്യകാരനായ മോപ്പസാങ്ങിനെയെടുക്കാം. ഫ്രാന്‍സിലെ ടോര്‍വില്‍ എന്ന തുറമുഖ നഗരത്തില്‍ അദ്ദേഹം ജനിച്ചു. ചെറുപ്പം മുതലെ ഭരണത്തിലുള്ളവരടക്കം ബൂര്‍ഷ്വ മുതലാളിമാരുടെ വാലാട്ടികളായി കൈകോര്‍ത്തു പിടിച്ചുകൊണ്ടുള്ള ഒരു രാജ്യത്തെയാണ് മോപ്പസാങ് (ഹെന്‍ട്രി റെനി ആല്‍ബര്‍ട്ട് ഗൈ, ജനനം 8 ആഗസ്റ്റ് 1850, മരണം 6 ജൂലൈ 1893) കണ്ടത്. സമ്പത്തുള്ളവര്‍ പാവപ്പെട്ട ജനങ്ങളെ ദരിദ്രരായും അടിമകളായും കണ്ടു. അദ്ദേഹം വളര്‍ന്നുവന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ നിറഞ്ഞു നിന്നത് വേദനയും നൊമ്പരങ്ങളുമായിരുന്നു. വളരുന്തോറും സ്‌കൂളുകളില്‍ സമ്പന്നരുടെ മക്കളുമായി ഏറ്റുമുട്ടുക, ക്ലാസ്സില്‍നിന്ന് ശിക്ഷകള്‍ ഏറ്റുവാങ്ങുക, അതിന്റെ ഭാഗമായി മാതാപിതാക്കളെ ധിക്കരിക്കുക ഇതെല്ലാം സമൂഹത്തോടുള്ള പ്രതിഷേധങ്ങളായിരുന്നു. ഏകാന്തത, നിരാശ, വിദ്വേഷം ഇതെല്ലാം ആത്മനൊമ്പരങ്ങളായി വളര്‍ന്നു. പഠിക്കുന്ന കാലത്തും സംഗീതവും സാഹിത്യവും ഏറെ സ്വാധീനിച്ചു. പാരീസില്‍ സംഗീതവും നാടകവും കാണാന്‍ പോകുമ്പോഴൊക്കെ തനിക്ക് മുന്നേ നടന്നവരുടെ പുസ്തകങ്ങളും സ്വന്തമാക്കുമായിരുന്നു.
പുതിയതായിറങ്ങുന്ന പുസ്തകങ്ങള്‍ക്ക് വില കൂടുതലായതിനാല്‍ വില കുറഞ്ഞ പഴയ പുസ്തകങ്ങളാണ് കൂടുതലും വാങ്ങി വായിച്ചത്. സ്വന്തം രാജ്യത്തെ യുദ്ധക്കെടുതിയിലേക്ക് വലിച്ചെറിയുന്ന ഭരണാധിപന്മാരോടും വെറുപ്പായിരുന്നു. ജര്‍മ്മനിയും ബ്രിട്ടനുമായുള്ള പല യുദ്ധങ്ങളിലും ഫ്രാന്‍സ് പരാജയപ്പെടുക മാത്രല്ല ജനങ്ങളും കൊല്ലപ്പെട്ടു. യൗവത്തിലെത്തിയതോടെ ഒരു പുതിയ കാലത്തിന്റെ ശബ്ദമായി മാറണമെന്ന് ഫ്രഞ്ച് സംസ്‌കാരത്തിന് ആഘാതമേല്‍പ്പിക്കുന്ന സുഖലോലുപരായ ബൂര്‍ഷ്വകളെ, ഭരണാധിപന്മാരെ ചാട്ടവാറുകൊണ്ടടിക്കണമെന്നും മനഃപൂര്‍വ്വം മനസ്സും മന്ത്രിച്ചു. തലച്ചോറില്‍ കയറിക്കൂടിയത് അക്ഷരങ്ങളായിരുന്നു. രാജ്യം നേരിടുന്ന വിപത്തുകളപ്പറ്റി എഴുതിക്കൊണ്ടിരിക്കെ മനസ്സിന്റെ ഭാവം മാറി തീവ്രാനുഭൂതിയിലേക്ക് വഴുതി വീഴുക മാത്രമല്ല ഉന്നതരെ വെല്ലുവിളിക്കയും ചെയ്തു. എഴുതി കൂട്ടിയതെല്ലാം ആദ്യം കാണിക്കുന്നത് പാരിസിലുണ്ടായിരുന്ന പ്രശസ്ത നോവലിസ്റ്റ് ഗുസ്താവൂ ഫ്‌ലോബേറെയാണ്. അദ്ദേഹം ഗുരുതുല്യനായിരുന്നു. പാരീസ് നഗരത്തിന്റെ ഉന്മാദ സൗന്ദര്യത്തെക്കുറിച്ചെഴുതിയ കഥകള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. ഫ്രാന്‍സിലെ ബൂര്‍ഷ്വകള്‍ ഉല്പാദിപ്പിക്കുന്ന ഹിംസാത്മക പ്രവര്‍ത്തങ്ങള്‍ക്കെതിരെയും അതിന് കൂട്ടു നില്‍ക്കുന്ന ഭരണത്തിനെതിരെയും മോപ്പസാങ് തുറന്നെഴുതി. സമൂഹത്തില്‍ വേട്ടയാടപ്പെടുന്ന ഇരകള്‍ക്ക് ഒരാശ്വാസമായി അദ്ദേഹത്തിന്റെ കഥകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 1872 മുതല്‍ 1880 വരെ സര്‍ക്കാര്‍ ജോലി ചെയ്യുമ്പോഴും ആകാശംമുട്ടെ എന്ന ഭാവത്തില്‍നിന്നു അഹങ്കാരികളായ ഉന്നത ഉദ്യോഗസ്ഥന്മാരോട് കലഹിച്ച് ജോലി ഉപേക്ഷിച്ചു. അധികാരത്തിന്റെ ഈ സമ്പല്‍സമൃദ്ധിയില്‍ ആനന്ദിച്ചു കഴിഞ്ഞവരെയെല്ലാം മോപ്പസാങ്ങിന്റെ കഥകള്‍ ഒരു വാള്‍പോലെ അരിഞ്ഞു വീഴ്ത്തി. നിത്യ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന ജനത്തിന്റെ ഉറ്റതോഴനായി മാറി. ആയിരങ്ങള്‍ അണി നിരക്കുന്ന സമരവീരപോരാളികളെപോലെ ഓരോ കഥകളും ജനങ്ങളില്‍ ആവേശമുണര്‍ത്തി. അധികാരസുഖത്തിന്റെ മധുരലഹരിയില്‍ ജീവിച്ചവര്‍ക്ക് ഭാവിയും ഉത്കണ്ഠയുമേറി വന്നു.
കേരളത്തിലാദ്യമായി 1932ല്‍ എം. പി പോളിന്റെ ചെറുകഥാപ്രസ്ഥാനം പുറത്തുവരുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സിംഹഗര്‍ജ്ജനമായി കേരളത്തിലെങ്ങും അലയടിച്ചതുപോലെയാണ് മോപ്പസാങ്ങിന്റെ അക്ഷരങ്ങള്‍ സിംഹഗര്‍ജനമായി ഫ്രാന്‍സിലെങ്ങും അലയടിച്ചത്. സമൂഹത്തിലെ ദുഷ്ടശക്തികള്‍ക്കെതിരെ ഒരെഴുത്തുകാരന്റെ സാഹിത്യസംസ്‌കാരം എന്തായിരിക്കണമെന്ന് കാണിച്ചുകൊടുക്കുക മാത്രമല്ല ആ കഥകളിലൂടെ ഒരു കഥയുടെ ആശയലോകം എങ്ങനെ ആവിഷ്‌കരിക്കണമെന്നുകൂടി അടയാളപ്പെടുത്തുന്നതായിരുന്നു. ജീവിത ദര്‍ശനമോ, അനുഭവ വിജ്ഞാനമോ ഇല്ലാത്തവര്‍ക്ക് സാഹിത്യകാരനോ കവിയോ ആകാന്‍ സാധ്യമല്ലെന്നും അങ്ങനെയുള്ളവര്‍ ആശയ ദാരിദ്ര്യമനുഭവിക്കുന്നവരെന്നും അദ്ദേഹത്തിന്റെ എഴുത്തുകളില്‍ നിന്ന് പഠിക്കാന്‍ സാധിക്കും. 1880 ലാണ് അദ്ദേഹത്തിന്റെ ആദ്യകഥ (ബാള്‍ ഓഫ് ഫാറ്റ്) പുറത്തു വരുന്നത്. ആദ്യത്തെ കഥ തന്നെ 1939-ല്‍ അമേരിക്കയിലെ സിനിമ സംവിധായകന്‍ ജോണ്‍ ഫോര്‍ഡ് ‘സ്റ്റേജ് കോച്ച്’ എന്ന പേരില്‍ സിനിമയാക്കി. സമൂഹത്തിലെ അധികാരികള്‍ക്കും സമ്പന്നര്‍ക്കും മുകളില്‍ മോപ്പസാങ് ഒരു കഴുകനെപ്പോലെ പറന്നു. അധികാരികള്‍ വെച്ചുനീട്ടിയ ആനുകൂല്യങ്ങളിലൊന്നും അദ്ദേഹം വീണില്ല. അവരുടെ ഉറ്റ തോഴനായി കഴിഞ്ഞിരുന്നെങ്കില്‍ ധാരാളം ബഹുമതികള്‍ ലഭിക്കുമായിരുന്നു. അധികാരത്തിലുള്ളവരുടെ വീട്ടുവേലക്കാരനല്ല സര്‍ഗ്ഗധനരായ സാഹിത്യകാരന്മാര്‍ എന്നദ്ദേഹം തെളിയിച്ചു. ആ സാഹിത്യ സംസ്‌കാരം അദ്ദേഹം പഠിച്ചത് മണ്‍മറഞ്ഞ മഹാന്മാരായ ബ്രിട്ടന്‍, ഗ്രീസ്, ഇറ്റലി, റഷ്യ, അമേരിക്ക, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ എഴുത്തുകാരില്‍ നിന്നാണ്. അക്ഷരം മൂലധനമായി ലഭിച്ചവന് അതിനെക്കാള്‍ വലിയ ധനം എന്താണെന്നാണ് അദ്ദേഹം ഒരിക്കല്‍ ലണ്ടനില്‍ വന്നു പോയപ്പോള്‍ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും നിറഞ്ഞു നിന്നത് പാവങ്ങളുടെ ദിനരോധനങ്ങളും നീതി നിഷേധങ്ങളുമാണ്. അധികാരത്തിലുള്ളവര്‍ യാതൊരു അദ്ധ്വാനവുമില്ലാതെ സമ്പന്നരുടെ തിന്മകള്‍ക്ക് കൂട്ടുനിന്ന് നീതി നിഷേധങ്ങള്‍ നടത്തി സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നത് കണ്ടിരിക്കാന്‍ മോപ്പസാങിന്റെ സാഹിത്യ സംസ്‌കാരം അനുവദിച്ചില്ല. സാഹിത്യ ലോകത്ത് ഒരു വിപ്ലവ സോഷ്യലിസ്റ്റായും അദ്ദേഹത്തെ കാണുന്നവരുണ്ട്.
മലയാള സാഹിത്യത്തിലും ചുഷക വര്‍ഗ്ഗത്തിന്റെ ജീര്‍ണ്ണതയെ തുറന്നു കാട്ടിയ ഹൃദയവിശാലതയുള്ള ധാരാളം എഴുത്തുകാരുണ്ടായിരുന്നു. കേസരി ബാലകൃഷ്ണപിള്ള, എം.പി. പോള്‍, ആശാന്‍, വള്ളത്തോള്‍, ചങ്ങമ്പുഴ, മുണ്ടശ്ശേരി, തകഴി, പൊന്‍കുന്നം വര്‍ക്കി, തോപ്പില്‍ ഭാസി, വയലാര്‍, ചെറുകാട്, പുരുഷ ചൂഷക വര്‍ഗ്ഗത്തിനെതിരെ ആഞ്ഞടിച്ച ലളിതാംബിക അന്തര്‍ജനം, കെ. സരസ്വതിയമ്മ. ഇന്നത്തെ കാവ്യ സംസ്‌കാരം പലതുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എഴുത്തുകാരന്റെ ശക്തിയും തേജസ്സും തിളക്കവും സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയോ, അരാജകത്വത്തിനെതിരെയോ, കടന്നുവരാതെ താളത്തിനൊത്ത് ഈണം പോലെ ചില പ്രസ്ഥാനങ്ങളുടെ സേവകരായി മാറുന്നു. മറ്റൊന്നുള്ളത് ഈ കൂട്ടകരുടെ സര്‍ഗ്ഗസാമര്‍ത്ഥ്യങ്ങള്‍ സാഹിത്യസൃഷ്ടിയിലൂടെ പ്രകടമാകുന്നില്ല. ഒരാവാര്‍ഡില്‍ എല്ലാം തികഞ്ഞവരായി മാറുന്നു. ഈ കൂട്ടര്‍ക്ക് കൃത്രിമ സൗന്ദര്യം നല്കിക്കൊണ്ട് ചാനലുകളും മാധ്യമങ്ങളും അവരെ പ്രബലരാക്കുന്നു. ഇത് ‘കമ്പോള സാഹിത്യസംസ്‌കാരത്തിന്റെ ദയനീയ മുഖമാണ് വെളിപ്പെടുത്തുന്നത്. അതിനൊപ്പം ഞെട്ടിപ്പിക്കുന്ന ഒന്നാണ് എഴുത്തുകാരെ പത്രക്കാരെ കൊല്ലുക. ഈ ഫാസിസ്റ്റ് ഫ്യൂഡല്‍ ശക്തികളെ വളര്‍ത്തുന്നതില്‍ അധികാരികള്‍ക്കും അവരുടെ അപ്പ കഷണം തിന്ന് കൊഴുത്തു തടിക്കുന്ന സങ്കുചിത മനസ്സുള്ള എഴുത്തുകാരനും പങ്കുണ്ട്. കൂടുതലും ജന്മസിദ്ധമായ സര്‍ഗ്ഗപ്രതിഭയുള്ളവരാണ് എഴുത്തുകാരാകുന്നത്. സത്യത്തില്‍ അവരാണ് ഒരു ഭാഷയുടെ പ്രതിനിധികളാകേണ്ടത്. അവരുടെ സൃഷ്ടികള്‍ അനുഭൂതിയുടെ അറിവിന്റെ അഗാധ തലങ്ങളിലാകും മനുഷ്യനെ നയിക്കുന്നു. ഈ അറിവിന്റെ ആദ്യപാഠം പഠിച്ചവരാണ് വികസിത രാജ്യങ്ങളിലെ ജനങ്ങള്‍. എത്രയോ നൂറ്റാണ്ടുകളായി അധികാര – ആള്‍ദൈവവിശ്വാസങ്ങള്‍ക്കെതിരെ അവര്‍ എഴുതുന്നു. അവരെ കൊലചെയ്യുന്നതായി അറിയുന്നില്ല. ദരിദ്രരാജ്യങ്ങളില്‍ അറിവിനായി അധികാരികള്‍ ഒന്നും ചെയ്യുന്നില്ല. അതിനാല്‍ അരാജകത്വവും അനീതിയും വളരുന്നു. അത് തുറന്നു കാണിക്കുന്ന എഴുത്തുകാര്‍ ഈ ഫാസിസ്റ്റ് ഭരണങ്ങളിലുള്ളവര്‍ക്ക് ഉപദ്രവകാരികളായി മാറുന്നു. അധികാരികള്‍ക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാരന് ഒരു പോറലുമുണ്ടാകുന്നില്ല. സാഹിത്യ സംസ്‌കാരം മേലാളന്മാരുടെ സേവനത്തിനുള്ളതല്ലെന്ന് വിപ്ലവകാരിയായ സാഹിത്യകാരനറിയാം. അവര്‍ എന്നും ഇരക്കൊപ്പമാണഅ വേട്ടക്കാരനൊപ്പമല്ല. ഒരെഴുത്തുകാരന്റെ മരണം ഒരു ഭാഷയുടെ മരണമാണ്. ഒരു സംസ്‌കാരത്തിന്റെ മരണമാണ്. ഒരു മന്ത്രി മരിച്ചാല്‍ പകരത്തിന് മന്ത്രിയുണ്ടാകും. ഒരെഴുത്തുകാരന്‍ മരിച്ചാല്‍ പകരം വെക്കാനാകില്ല. ഒരു പ്രതിഭയ്ക്ക് ഒരിക്കലും മരണമില്ല. ആ സാഹിത്യ സംസ്‌കാരമാണ് ഈ വികസിത രാജ്യങ്ങളില്‍ ജീവിച്ചിട്ടുള്ള എനിക്ക് കാണാന്‍ കഴിഞ്ഞത്. അനീതിയുടെ ചൂഷണത്തിന്റെ നരകക്കുഴിയില്‍നിന്ന് മനുഷ്യനെ സംരക്ഷിക്കുന്ന എഴുത്തുകാരന്‍ എന്നുമെന്നും ജനങ്ങളുടെ നാവാണ്. അതുകൊണ്ടാണ് മോപ്പസാങ്ങിനെപ്പോലുള്ള മഹാന്മാര്‍ ജനഹൃദയങ്ങളില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്നത്. ആ വൈവിധ്യമാര്‍ന്ന ഏകത്വ സാഹിത്യ സംസ്‌കാരമാണ് ഇന്നാവശ്യം. അല്ലാതെ ഇന്‍ഡ്യയുടെ ദാരിദ്ര്യം പോലെ ഒരു ദരിദ്ര സംസ്‌കാരമല്ല സാഹിത്യത്തിനാവശ്യം.
സ്വന്തം ലേഖകന്‍
ലണ്ടന്‍ : ദി കിംഗ് സിനിമയില്‍ മമ്മൂട്ടി പരിഹസിക്കുന്നതുപോലെ രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഒളിക്യാമറകള്‍ വെച്ച് വാര്‍ത്തകള്‍ ഉണ്ടാക്കി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ” വരിയുടയ്ക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരില്‍ ” നിന്ന് വ്യത്യസ്തനായി, പത്രസ്വാതന്ത്ര്യം എന്ന പദവിയെ അങ്ങേയറ്റം പൌരബോധത്തോട് ഉള്‍ക്കൊണ്ടുകൊണ്ട് ഇന്ന് കേരളത്തെ പിടിച്ചു കുലുക്കിയിരിക്കുന്ന തോമസ് ചാണ്ടി എന്ന എം എല്‍ എ നടത്തിയ കായല്‍ കൊള്ള അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്ന പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് ചാനലിന്റെ ചീഫ് റിപ്പോര്‍ട്ടര്‍ കേരളത്തിലെയും അതോടൊപ്പം തന്നെ ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയിലും താരമാകുന്നു.
പ്രസാദ് ടി വി എന്ന ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ പുറത്ത് കൊണ്ടുവന്ന അഴിമതി വാര്‍ത്ത ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ അഴിമതി അല്ല, മറിച്ച് കേരളത്തിലെ എം എല്‍ എ മാരെയെല്ലാം വിലയ്ക്കെടുക്കാന്‍ കഴിവുള്ള ഒരു ബിസിനസ്സുകാരന്റെ അഴിമതി എന്നതാണ് പ്രസാദ് ടി വിയെ ഇത്രയധികം ജനപ്രിയനാക്കിയത്. ഈ അടുത്തകാലത്ത് ഏഷ്യാനെറ്റ് എന്ന ചാനലിന് ഇത്രയധികം റേറ്റിംഗ് ഉണ്ടാക്കി കൊടുത്ത ഒരു വാര്‍ത്തയാണ് ഈ അഴിമതി വാര്‍ത്ത എന്ന് ഉറപ്പിച്ചു പറയാം.
കഴിഞ്ഞ ഒന്നര മാസമായി പതിവ് അഴിമതിവിരുദ്ധ പുണ്യാളന്മാരായി ഇടതുപക്ഷവും, വലതുപക്ഷവും, ബി ജെ പിയും വെറും അധരവ്യായാമങ്ങള്‍ നടത്തിയപ്പോഴും, കലക്ടറുടെ അന്വേഷണം എന്ന കടമ്പയിലൂടെ തോമസ് ചാണ്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചപ്പോഴും ഇവരെ ശരിക്കും മുട്ട് കുത്തിച്ചത് പ്രസാദ് ടി വി എന്ന ധീരനായ മാധ്യമപ്രവര്‍ത്തകന്‍ ദിനംപ്രതി പുറത്ത് കൊണ്ടുവന്ന റിപ്പോര്‍ട്ടുകളാണ്. തോമസ് ചാണ്ടി നിയമലംഘനങ്ങളുടെ ഘോഷയാത്ര തന്നെ നടത്തിയെന്ന് സ്ഥിരീകരിച്ചിരിക്കുന്നവയായിരുന്നു ഓരോ റിപ്പോര്‍ട്ടുകളും. ഏകദേശം 25 ഇൻവസ്റ്റിഗേഷൻ സ്റ്റോറികളാണ് പ്രസാദ് ടി വി ഈ കഴിഞ്ഞ മാസങ്ങളില്‍ ഏഷ്യാനെറ്റിനായി തയ്യാറാക്കിയത്. ഈ ഓരോ റിപ്പോര്‍ട്ടുകളും തോമസ് ചാണ്ടിയെ കുരുക്കുകളില്‍ നിന്ന് കൂടുതല്‍ കുരുക്കുകളിലേയ്ക്ക് എത്തിക്കുന്നവയായിരുന്നു
പ്രസാദ് കണ്ടെത്തിയതിലും കൂടുതൽ നിയമലംഘനങ്ങൾ ആലപ്പുഴ കലക്ടറായ ടി വി അനുപമയും സംഘവും കണ്ടെത്തുകയും ചെയ്തപ്പോള്‍ പ്രസാദ് എന്ന മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ക്കും കൂടുതല്‍ ജനപിന്തുണയും സ്വീകാര്യതയും ഉണ്ടായി. കേരളത്തിലെ പ്രമുഖനായ ബിസിനസ്സുകാരന്‍ മന്ത്രിക്കെതിരെ സത്യസന്ധമായ തെളിവുകളോടെ റിപ്പോർട്ട് കൊടുക്കാനുള്ള തന്റേടമാണ് പ്രസാദിനെ മറ്റ് മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വ്യത്യസ്തനാക്കിയത്. ഒരു സെന്റ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ താന്‍ എം എല്‍ എ സ്ഥാനം വരെ രാജിവയ്ക്കുമെന്ന് വീരവാദം മുഴക്കിയ മന്ത്രി തോമസ് ചാണ്ടിക്ക് പ്രസാദ് പുറത്ത് കൊണ്ടുവന്ന തെളിവുകളുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാതെ വരുകയും അവസാനം താന്‍ കായല്‍ നികത്തിയതായി പരസ്യമായി സമ്മതിക്കണ്ടിയും വന്നു.
ഇവിടെയാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രസാദ് ടി വി വിജയിച്ചത്. അതോടൊപ്പം തന്റെ ജീവനുവരെ ഭീഷണിയാകുന്ന രീതിയില്‍ ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും താന്‍ കണ്ടെത്തിയ സത്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് പൊതുസമൂഹത്തിന്റെ മനസാക്ഷിക്കൊപ്പം ധീരമായി പോരാടുകയും ചെയ്തു. സത്യത്തില്‍ പ്രസാദ് ഈ അഴിമതി വാര്‍ത്ത പണം വാങ്ങിയോ, ഭീഷണിയുടെ മുന്‍പിലോ അവസാനിപ്പിച്ചിരുന്നു എങ്കില്‍ തോമസ് ചാണ്ടി എന്ന കായല്‍ രാജാവിന്റെ കായല്‍ കയ്യേറ്റം എന്നേ ഒരു സാധാരണ വാര്‍ത്ത മാത്രമായി അവസാനിച്ചേനെ.
അതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് തോമസ് ചാണ്ടി കായല്‍ കയ്യേറി എന്ന് തെളിവുകള്‍ അടക്കം കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും ഈ ബിസ്സിനസ്സുകാരനെതിരെ നടപടിയെടുക്കാന്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, കലക്ടറുടെ റിപ്പോര്‍ട്ടും ആരോപണങ്ങളും മുഴുവനും വിശ്വസിക്കണോ എന്ന് ചോദിക്കുന്ന സി പി എം ന്റെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും , ജനത്തിനെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രം പ്രതികരണവും, പ്രതിഷേധവും നടത്തുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ്സും, അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന ബി ജെ പിക്കാരുടെ അഴിമതി വിരുദ്ധ പോരാട്ടവും ഒക്കെ. ഇവരെല്ലാം തോമസ് ചാണ്ടിയുടെ അച്ചാരം വാങ്ങുന്ന വെറും നാലാംകിട രാഷ്ട്രീയ സഹകരണ സംഘങ്ങള്‍ ആണെന്ന് അവര്‍ തന്നെ തെളിയിച്ചിരിക്കുന്നു.
ഇവരെ ഒക്കെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലൂടെ തെളിവുകള്‍ക്ക് മുന്‍പില്‍ അടിയറവ് പറയിച്ച്, തോമസ് ചാണ്ടി കായല്‍ കയ്യേറിയ കള്ളനാണ് എന്ന് പറയിപ്പിക്കാന്‍ കാരണക്കാരനായ പ്രസാദ് ടി വി എന്ന മാധ്യമപ്രവര്‍ത്തകനെയും, ഏഷ്യാനെറ്റ് എന്ന ചാനലിനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതുപോലെ ധീരതയും , സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമപ്രവര്‍ത്തകരുടെ കുറവാണ് ഇന്ന് ഇന്ത്യ മഹാരാജ്യം അഭിമുഖീകരിക്കുന്ന വലിയൊരു പോരായ്മയും. അതുകൊണ്ട് തന്നെ വിറ്റഴിക്കപ്പെട്ട ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തരായി സാധാരണക്കാരന്റെ ശബ്ദവും, ആശ്രയവും , പ്രതീക്ഷയുമായ ഇതുപോലെയുള്ള മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടതും, അഭിനന്ദിക്കേണ്ടതും , പ്രോല്‍സാഹിപ്പിക്കേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. ഇതുപോലെയുള്ള ആയിരക്കണക്കിന് പ്രസാദുമാര്‍ ഇനിയും ഇന്ത്യന്‍ മണ്ണില്‍ ജനിക്കട്ടെ…
പ്രിയ പ്രസാദ് ടി വി….
താങ്കള്‍ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടത്തിനും , സാധാരണക്കാരന് വേണ്ടിയുള്ള ധീരമായ മാധ്യമപ്രവര്‍ത്തനത്തിനും മലയാളം യുകെ.കോം ഓണ്‍ലൈന്‍ പത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഞങ്ങള്‍ ഓരോരുത്തരും പിന്തുണയും അഭിനന്ദനങ്ങളും അറിയിക്കുന്നു….
ബിജു ആന്റണി, കേംബ്രിഡ്ജ്
ഏകദേശം 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെനിഞ്ചൈറ്റിസ് രോഗത്തില്‍ നിന്നും മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫ്‌ളോറന്‍സ് എന്ന വീട്ടമ്മ, വീണ്ടും ജിവിതത്തിലും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ എത്തപ്പെട്ടിരിക്കുന്നു
നിരന്തരമായ ചികിത്സകള്‍ക്കൊടുവില്‍ തങ്ങള്‍ക്കൊരു കുട്ടിയെ ലഭിക്കില്ലെന്നറിഞ്ഞ ഫ്‌ളോറന്‍സും ഭര്‍ത്താവും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനായി ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. പതിയെപ്പതിയെ സന്തോഷത്തോടെ പൊയ്‌ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് ക്യാന്‍സറിന്റെ രൂപത്തില്‍ (Aplastic Anemia) വിധിയുടെ ക്രൂരത വീണ്ടും അശനിപാതംപോലെ കൊഞ്ഞനം കുത്തുന്നു
ഒരു മാസം ഏകദേശം Rs 80,000/- മരുന്നുകള്‍ക്കുവേണ്ടി മാത്രം ചെലവഴിക്കുന്ന അവര്‍, അവരുടെ സമ്പത്തിന്റെ ഓരോ ഭാഗം വിറ്റുകിട്ടുന്ന രൂപ കൊണ്ടാണ് പണം കണ്ടെത്തുന്നത്
ഏകദേശം 18-20 ലക്ഷം രൂപയാണ് (Bone Marrow Transplant) ചികിത്സയ്ക്കായി ആവശ്യമുള്ള പണം അതുകണ്ടെത്തുന്നതിനായി ഇനിയും നന്മ വറ്റിയിട്ടില്ലാത്ത, നിങ്ങള്‍ സഹായിക്കില്ലേ തക്കസമയത്ത് ചികിത്സ ലഭിക്കുകയാണെങ്കില്‍ ഫ്‌ളോറന്‍സിനു വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവരുവാന്‍ കഴിയും അതിനായി നമുക്കും ഒരു ”കൈത്തിരി” ആകുവാന്‍ ശ്രമിക്കാം
കിരണ്‍ ജോസഫ്
യുകെയിലെ ബാഡ്മിന്ടന്‍ പ്രേമികള്‍ക്ക് മാറ്റുരയ്ക്കാന്‍ ലെസ്റ്ററില്‍ വേദിയൊരുങ്ങുന്നു. ലെസ്റ്റര്‍ ബാഡ്മിന്ടന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ തലത്തിലുള്ള മികച്ച ടൂര്‍ണ്ണമെന്‍റ് നവംബര്‍ മാസം 18നു ശനിയാഴ്ച നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ എല്ലാം ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു.
മൂന്നു കാറ്റഗറികളിലായി അന്‍പത്തി രണ്ട് ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് സംഘാടകര്‍ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്റര്‍മീഡിയറ്റ് മെന്‍സ് ഡബിള്‍സില്‍ (20 വയസ്സിനും 45 വയസ്സിനും ഇടയില്‍) 32 ടീമുകള്‍ക്കും, നാല്പത്തിയഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ഡബിള്‍സില്‍ 10 ടീമുകള്‍ക്കും, ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സിംഗിള്‍സ് മത്സരത്തില്‍ 10 പേര്‍ക്കും മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും. ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ഉള്‍പ്പെടെ നല്‍കപ്പെടുന്ന ടൂര്‍ണ്ണമെന്റില്‍ ടീമുകള്‍ക്ക് യഥാക്രമം 30 പൗണ്ട്, 20 പൗണ്ട്, 10 പൗണ്ട് എന്നിങ്ങനെ രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.
യുകെയുടെ ഏകദേശം മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരം എന്ന നിലയില്‍ എല്ലാ ഭാഗത്ത് നിന്നും കളിക്കാര്‍ക്കും കാണികള്‍ക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലമാണ് ലെസ്റ്റര്‍. അത് കൊണ്ട് തന്നെ ധാരാളം മികച്ച ടീമുകള്‍ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നത് ഉറപ്പാണ്. മികച്ച ഒരു ടൂര്‍ണ്ണമെന്‍റ് കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനാല്‍ നേരത്തെ തന്നെ സംഘാടകരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നത് നന്നായിരിക്കും. ടൂര്‍ണ്ണമെന്‍റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ജോര്‍ജ്ജ് : 07737654418
കിരണ്‍ : 07912626438
വിജി : 07960486712
മെബിന്‍ : 07508188289
മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ അഡ്രസ്സ് :
Beauchamp College,
Ridge Way, Oadby,
Leicester LE2 5TP
മണമ്പൂര്‍ സുരേഷ്
കേന്ദ്ര, കേരള സാഹിത്യ അവാര്‍ഡുകളും വയലാര്‍ അവാര്‍ഡും, ആശാന്‍ പ്രൈസും നേടിയ പ്രഗത്ഭകവി പ്രഭാ വര്‍മ്മ ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സാംസ്‌കാരിക സംഘടനയായ കലയുടെ വാര്‍ഷികത്തില്‍ മുഖ്യാതിഥി ആയിരിക്കും. പത്രാധിപരും, ടിവി ന്യൂസ് എഡിറ്ററും അവതാരകനും ആയ പ്രഭാവര്‍മ്മ 9 കവിതാ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധ കഥകളി നടന്‍ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്ക് ഒക്ടോബര്‍ 28 ശനിയാഴ്ച 2.30 മുതല്‍ 10.30 വരെ Berkhamsted School, Centenary theatre, Kings Road, Berkhamsted, HP4 3BGയില്‍ നടക്കുന്ന കല വാര്‍ഷികത്തില്‍ വച്ച്, ഈ വര്‍ഷത്തെ കല പുരസ്‌കാരം സമ്മാനിക്കും. കഥകളിയിലെ ജരാസന്ധന്‍, ബാലി, സുഗ്രീവന്‍, ദുശാസ്സനന്‍ തുടങ്ങിയ ചുവന്ന താടി വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ”നരകാസുര വധം” കഥകളിയുടെ പ്രധാന ഭാഗങ്ങളും അവതരിപ്പിക്കും.
പ്രഭാ വര്‍മ്മയുടെ കവിതകളുടെ ദൃശ്യാവിഷ്‌കാരം, പ്രഭാ വര്‍മ്മയുമായുള്ള മുഖാമുഖം, ഒഎന്‍വി കവിതയുടെ നൃത്താവിഷ്‌കാരം, ഗാനമേള തുടങ്ങിയ കലാ പരിപാടികളും ഡിന്നറും കല വാര്‍ഷികത്തില്‍ ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോ. ബാബുരാജ് 07766 207992, രേണുക നായര്‍ 07816 959424