Specials

ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട

മറ്റുള്ളവര്‍ എന്നോടു ചെയ്യുന്നതു ശരിയല്ല, അതു ഇങ്ങനെയായിരുന്നു ചെയ്യേണ്ടിയിരുന്നത്, ഇത്തരത്തില്‍ മറ്റുള്ളവരെ വിലയിരുത്തുന്ന നൂറായിരം ചിന്തകള്‍. ഞാന്‍ മാറേണ്ടതോ അതോ മറ്റുള്ളവരെ മാറ്റെണ്ടതോ. ഇതൊരു കഥാരൂപേണ പറയുമ്പോള്‍ മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും എന്ന് തോന്നുന്നു. ഒരിക്കല്‍ ഒരു സ്ത്രീ പൂജാരിയെ കാണുവാന്‍ വന്നു. അവരുടെ ആവശ്യം എന്തായിരുന്നെന്നോ? തന്റെ ഭര്‍തൃ മാതാവിനെ കൊല്ലുക! ഇതിനു പൂജാരിയുടെ സഹായം വേണം. സ്‌നേഹമില്ല, സമാധാനമില്ല, തനിക്കു വേണ്ടത്ര സ്വാതന്ത്ര്യം നല്‍കുന്നില്ല. ഇതൊക്കെയാണ് അവര്‍ അമ്മായിയമ്മയില്‍ കണ്ടെത്തിയ കുറവുകള്‍.

ഒരുപാടു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അവസാനം പൂജാരിക്ക് അവരെ സഹായിക്കേണ്ടി വന്നു (അല്ലെങ്കില്‍ ആ സ്ത്രീ മറ്റാരെയെങ്കിലും ഇതിനായി സമീപിക്കുമെന്ന് ഉറപ്പായിരുന്നു).
തൊണ്ണൂറു ദിവസം കഴിക്കാനുള്ള മരുന്ന് അദ്ദേഹം അവര്‍ക്കു നല്‍കി. ദിനങ്ങള്‍ കടന്നു പോയി. നാല്‍പതാം നാള്‍ അവര്‍ ചിന്തിച്ചു: മരുന്ന് കൊടുത്തു തുടങ്ങിയിട്ട് പകുതി ദിവസമാവാറായി. ഇനി അധികം നാളില്ല. അന്ന് മുതല്‍ ചായയും ഭക്ഷണവുമെല്ലാം മേശപ്പുറത്തു എത്തിച്ചു കൊടുക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും ഭക്ഷണം വിളമ്പി കൊടുക്കാനും ചായയും മരുന്നും കൈയില്‍ കൊടുക്കാനും ചിരിച്ചു കൊണ്ട് സംസാരിക്കാനും തുടങ്ങി. ഇതിന്റെയെല്ലാം പിന്നില്‍ അവളുടെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. അമ്മായിയമ്മയുടെ മരണം.

എന്നാല്‍ ഈ കാലഘട്ടത്തില്‍ വന്ന അമ്മായിയമ്മയുടെ മാറ്റം അവളെ അത്ഭുതപ്പെടുത്തി. ‘മോളെ ‘എന്നുള്ള വിളി അവളുടെ പല ചിന്തകളെയും മാറ്റി മറിച്ചു.’കൂടുമ്പോള്‍ ഇമ്പമുള്ളതാണു കുടുംബം ‘ എന്ന സത്യം തന്റെ ഭവനത്തില്‍ അനുവര്‍ത്തിക്കപ്പെട്ടപ്പോള്‍ സന്തോഷത്തിന്റെ തിരകള്‍ വീട്ടിലെ അന്തരീക്ഷത്തില്‍ അലയടിക്കുന്നത് കണ്ടപ്പോള്‍, അവര്‍ വീണ്ടും ചിന്തിക്കാന്‍ തുടങ്ങി. തന്റെ തെറ്റ് അവര്‍ക്കു ബോധ്യമായി.

അപ്പോഴേക്കും എണ്‍പത്തിരണ്ടാം ദിനമായിക്കഴിഞ്ഞിരുന്നു. ഉള്ളിലെ സങ്കടവും കുറ്റബോധവും തിരിച്ചറിവും പേറി ഓടിച്ചെന്നു പൂജാരിയുടെ അരികിലേക്കു. അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു കേണു: ‘എനിക്കെന്റെ അമ്മയെ വേണം. ആ സ്‌നേഹവും കരുതലും ഇപ്പോഴാണ് ഞാന്‍ അനുഭവിക്കുന്നത്. എനിക്കമ്മയെ കൊല്ലണ്ട; പൂജാരിയെനിക്കു മറുമരുന്ന് തന്നേപറ്റൂ. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൂജാരി അവരുടെ കുറവുകളെ ചൂണ്ടിക്കാട്ടിക്കൊടുത്തു. ഇവിടെ അമ്മായിയമ്മയെ മാറ്റിയതാണോ. അതോ നീ മാറിയതാണോ. മാറിയത് നീയാണ്. നിന്നിലെ മാറ്റങ്ങളാണ് അമ്മയില്‍ പ്രതിഫലിച്ചത്. മറുമരുന്നും വാങ്ങി വീട്ടിലെത്തി അവര്‍ ഒന്നും പറയാനാകാതെ തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

മാറേണ്ടതു നാം ഓരോരുത്തരുമാണ്. മാറ്റേണ്ടതു എന്നിലെ കുറവുകളെയാണ്. ‘അഹം’ എന്ന ഭാവത്തെയാണ്..

(ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട. Mob: 8547494493)

കഴിഞ്ഞ 5 വര്‍ഷമായി യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ റെയിന്‍ബോ എന്ന മലയാളം മ്യൂസിക്കല്‍ ആല്‍ബത്തിലെ അഞ്ചാമത്തെ സോങ് ഉടന്‍ പുറത്തു വരുന്നു. റെയിന്‍ബോ 5 എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോ ജൂലൈ 21ന് റിലീസ് ചെയ്യാന്‍ ഉള്ള എല്ലാ തയ്യാറെടുപ്പുകളും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ വര്‍ഷം ആദ്യം തന്നെ പ്രിയങ്കരനായ നടന്‍ ഭരത് സുരാജ് വെഞ്ഞാറമൂട് റെയിന്‍ബോ 5 ഒഫീഷ്യല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്ത് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു.

ഇതിന്റെ മ്യൂസിക് ഡിറക്ടറും യുകെ ക്രോയ്‌ഡോന്‍ നിവാസിയും ആയ പ്രശാന്ത് മോഹനന്‍ റെയിന്‍ബോയുടെ പ്രേക്ഷകര്‍ക്ക് വേണ്ടി മറ്റൊരു ട്രെന്‍ഡി സോങ് ആണ് തയ്യാറാക്കിയിട്ടുള്ളത്. 2015ല്‍ റെയിന്‍ബോ 4 നേരെത്തെ തന്നെ പ്രേക്ഷക പ്രീതി നേടിയ ആല്‍ബം ആയിരുന്നു. വിജയ് യേശുദാസും ബാഹുബലി രണ്ടാം പാര്‍ട്ടിലെ ഗായിക നയന നായരും ആലപിച്ച പാട്ട് മനോഹരമായി ദൃശ്യവല്‍ക്കരിച്ചത് തലശ്ശേരിക്കാരനായ ശിവപ്രസാദ് കാശിമാംകുളം ആണ്. പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിച്ച വീഡിയോ ഒരു വലിയ യൂട്യൂബ് ഹിറ്റ് ആയി മാറി.

എന്നാല്‍ ഇത്തവണ മുഴുവനായും യുകെയില്‍ ചിത്രീകരിച്ച റെയിന്‍ബോ 5 ലണ്ടന്‍ സിറ്റിയുടെയും സൗത്ത് ഇംഗ്ലണ്ടിന്റെയും മനോഹാരിത പ്രേക്ഷകര്‍ക്ക് മുന്നില്‍ കൊണ്ട് വരുമെന്നാണ് ഇതിന്റെ വീഡിയോ ഡയറക്ടര്‍ ആയ പ്രവീണ്‍ പ്രകാശന്‍ പറയുന്നത്. ഇത്തവണ ഇതിന്റെ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹനന്‍ വളരെ വ്യതസ്തമായ ഒരു Genre of Music ആണ് അവതരിപ്പിക്കുന്നത്. പൊതുവെ മലയാളത്തില്‍ അധികം കേള്‍ക്കാത്ത EDM എന്ന് പേരുള്ള വെസ്‌റ്റേണ്‍ സംഗീത വിഭാഗം ആണ് പരീക്ഷിച്ചിരിക്കുന്നത്; ‘ഇലക്ട്രോ ഡാന്‍സ് മ്യൂസിക്’ എന്നതാണ് EDM എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ പ്രോഗ്രാം ചെയ്തിരിക്കുന്നത് ലിവേര മ്യൂസിക് ബാന്‍ഡിലെ റിജോയും ജോര്‍ജും ആണ്, പ്രധാനമായും റിഥം പ്രോഗ്രാമര്‍ റിജോ സോങ്ങിന്റെ EDM തനിമ നിലനിര്‍ത്താന്‍ പരമാവധി സമയം എടുത്ത് ശ്രമിച്ചിട്ടുണ്ട് എന്ന് പ്രശാന്ത് മോഹനന്‍ പറയുന്നു.

റെയിന്‍ബോ 5 ആലപിച്ചിരിക്കുന്നത് പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായകനായ യാസിന്‍ നിസാര്‍ ആണ്, മലയാളി ഗായകന്‍ ആണെങ്കിലും തെലുഗിലും തമിഴിലും ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സോങ്‌സ് പാടിയ അവാര്‍ഡ് വിന്നിങ് സിങ്ങര്‍ ആണ് യാസിന്‍. 2016 ല്‍ Best Upcoming സിംഗറിനുള്ള ആന്ധ്രാപ്രദേശ് മ്യൂസിക് അവാര്‍ഡ് ജേതാവായിരുന്നു യാസിന്‍. സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരായ ഇളയരാജ, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍, ശരത്, യുവന്‍ ശങ്കര്‍ രാജ, ദീപക് ദേവ്, ഗോപി സുന്ദര്‍, SS തമന്‍, ദേവി ശ്രീപ്രസാദ്, GV പ്രകാശ്കുമാര്‍, ഗിബ്രന്‍, എന്നിവരുടെ ഗാനങ്ങള്‍ ആലപിച്ച അനുഭവ സമ്പത്തും യാസിനുണ്ട്. സ്പാനിഷ് മസാല, 101 വെഡ്ഡിങ്, കസിന്‍സ്, ലണ്ടന്‍ ബ്രിഡ്ജ് തുടങി ഏറ്റവും ഒടുവില്‍ മലയാള മൊഴിമാറ്റ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിലെ ഇന്‍ട്രൊഡക്ഷന്‍ സോങ് എന്നിവയാണ് യാസീന്റെ മലയാളം പ്രോജെക്ട്‌സ്.

റെയിന്‍ബോ 5 എല്ലാ അര്‍ത്ഥത്തിലും ഒരു ന്യൂ ജനറേഷന്‍ സോങ് ആണ്, അത് കൊണ്ട് തന്നെ അതിനു യോജിച്ച രീതിയില്‍ ഉള്ള വരികള്‍ പാട്ടിനു ആവശ്യമായിരുന്നു, ആ ജോലി വളരെ അധികം ഭംഗിയോടെ ക്ലബ് എഫ്എം കൊച്ചിയിലെ ആര്‍ജെ കൂടെ ആയ കാര്‍ത്തിക് എംഎല്‍ നിര്‍വഹിച്ചിരിക്കുന്നു.

റെയിന്‍ബോ 5ന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് യുകെ നോട്ടിങ്ഹാം നിവാസിയും തൃശൂര്‍ സ്വദേശിയും ആയ പ്രവീണ്‍ പ്രകാശന്‍ ആണ്. നേരത്തെ തന്നെ പ്രവീണ്‍ പ്രകാശന്‍ റെയിന്‍ബോ 3 ചിത്രീകരിച്ചിരുന്നു. ബട്ടര്‍പൈ പ്രൊഡക്ഷന്‍സ് എന്ന തന്റെ ബാന്നറിന് വേണ്ടി പ്രവീണ്‍ തന്നെ ആണ് ഇതിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

പിജികെ ക്രീയേഷന്‍സിന്റെ ബാനറില്‍ ജിനോദ് കുമാര്‍ പിള്ള ഒരിക്കല്‍ കൂടി റെയിന്‍ബോയുടെ ഈ അഞ്ചാമത്തെ സംരംഭവും പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. റെയിന്‍ബോ എന്ന ഈ മ്യൂസിക്കല്‍ സീരിസിന് തുടക്കം മുതല്‍ തന്നെ എല്ലാ രീതിയിലും പിന്തുണച്ചും മ്യൂസിക് ഡയറക്ടര്‍ ആയ പ്രശാന്ത് മോഹനനില്‍ വിശ്വാസമര്‍പ്പിച്ചും ഒപ്പമുള്ള ജിനോദ് കുമാര്‍ പിള്ള തീര്‍ച്ചയായും ഈ സീരീസ് അഞ്ചാം ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു.

പ്രോജക്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും കോസ്റ്റ്യുമര്‍ ആയും പ്രവര്‍ത്തിച്ചിരുന്നത് മറ്റൊരു നോട്ടിങ്ഹാം സ്വദേശിനി പാര്‍വതി പിള്ള ആണ്. നേരത്തെ തന്നെ റെയിന്‍ബോ 3 നായിക ആയിരുന്ന പാര്‍വതി, വളരെ അധികം പരിചയസമ്പത്തുള്ള കലാകാരി ആണ്. നിരവധി ആല്‍ബങ്ങളിലും ഷോര്‍ട്ട്ഫിലുമുകളിലും നേരത്തെ തന്നെ വര്‍ക്ക് ചെയ്തിട്ടുള്ള പാര്‍വതി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി -ഹുമ ഖുറേഷി ചിത്രം വൈറ്റിന്റെ അസ്സോസിയേറ്റ് കൂടി ആയിരുന്നു.

റെയിന്‍ബോ 5 ഇത്തവണ യുകെയിലെ രണ്ടു പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുന്നു. സൗത്താംപ്ടണ്‍ സ്വദേശി ആയ അഖില്‍ ജോസഫ് ഓലേടത്ത്, നോര്‍വിച് സ്വദേശിനി ആയ അലീന കല്ലറക്കല്‍ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കകാരുടെ പരിമിതികളെ മറികടന്നു വളരെ മനോഹരമായി തന്നെ അവര്‍ തങ്ങളുടെ ജോലി ചെയ്തിരിക്കുന്നു.

ജിനോദ് കുമാറിനോടൊപ്പം, PTW മ്യൂസിക് സ്റ്റുഡിയോസ്, സന്ദീപ്&ഗായത്രി, ഷിബിന്‍ ജോസ്, ബട്ടര്‍പൈ പ്രൊഡക്ഷന്‍സ് എന്നിവരാണ് മറ്റു സഹ-പ്രൊഡ്യൂസഴ്‌സ്.

റെയിന്‍ബോ 3 നായകനായ ഷിബിന്‍ ജോസും അശ്വിന്‍ ഭാസ്‌കറും ഇതിന്റെ പ്രൊജക്റ്റ് അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. Edit & VFX (ഗ്രാഫിക്‌സ്) ചെയ്തിരിക്കുന്നത് ഡോണ്‍ എബ്രഹാം (Exodus VFX company , ചെന്നൈ) Colorist – ശ്രീകുമാര്‍ വാരിയര്‍ (24 Se7en സ്റ്റുഡിയോസ്, കൊച്ചി) Designer സനില്‍ സത്യദേവ്.

2016 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ Rainbow FIVE ഈ മാസം 21 നു പ്രേക്ഷകരുടെ മുന്നില്‍ എത്തും, Rainbow FIVE എല്ലാ രീതിയിലും ചിലവേറിയ പ്രൊഡകഷന്‍ തന്നെ ആയിരുന്നു എന്നും, അത് കൊണ്ട് തന്നെ മുന്‍പ് ഉള്ള സീരീസുകളെക്കാള്‍ വൈകിയാണ് റിലീസ് ചെയ്യുന്നതെന്നും ഇതിന്റെ വീഡിയോ സംവിധായകന്‍ പ്രവീണ്‍ പ്രകാശന്‍ പറയുന്നു.

സംവിധാനം/ ഛായാഗ്രഹണം : പ്രവീണ്‍ പ്രകാശന്‍
നിര്‍മാണം : ജിനോദ് കുമാര്‍ പിള്ള (PGK ക്രീയേഷന്‍സ്)
സംഗീത സംവിധാനം : പ്രശാന്ത് മോഹനന്‍
ആലാപനം : യാസിന്‍ നിസാര്‍
ഗാനരചന : കാര്‍ത്തിക് ങഘ
ഓര്‍ക്കസ്ട്ര, മിക്‌സ് & മാസ്റ്ററിങ് നിര്‍വഹണം : റിജോ-ജോര്‍ജ് (ലിവേര മ്യൂസിക്‌സ്)
സഹ സംവിധാനം – കോസ്റ്റുംസ് : പാര്‍വതി പിള്ള
അഭിനേതാക്കള്‍ : അഖില്‍ ജോസഫ് ഒലേടത് , അലീന കല്ലറക്കല്‍
എഡിറ്റിംഗ് & ഗ്രാഫിക്‌സ് : ഡോണ്‍ എബ്രഹാം (Exodus VFX കമ്പനി)
കളറിങ് : ശ്രീകുമാര്‍ വാര്യര്‍
സഹ നിര്‍മാണം: PTW മ്യൂസിക് സ്റ്റുഡിയോസ്, സന്ദീപ്-ഗായത്രി, ബട്ടര്‍പി പ്രൊഡകഷന്‍സ് & ഷിബിന്‍ ജോസ്
പ്രൊജക്റ്റ് അസിസ്റ്റന്റ് : ഷിബിന്‍ ജോസ് & അശ്വിന്‍ ഭാസ്‌കര്‍
ഡിസൈന്‍സ് : സനില്‍ സത്യദേവ്

രചന, ആലാപനം : ശുഭ ജി കൃഷ്ണന്‍

ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
നനയട്ടെ മണ്ണും മനസ്സും ഒരുപോലെ
മഴയുടെ മാറില്‍ അലിഞ്ഞു ചേരട്ടെ..
നിന്‍ വിരല്‍ തുമ്പുപിടിച്ചൂ നടന്നു ഞാന്‍…
ഈ മഴ നനയട്ടെ നിന്നിലൂടിന്നു ഞാന്‍.
നിന്‍ മണിമുത്തുകള്‍ തനുവില്‍ തഴുകുമ്പോള്‍,
അറിയുന്നു മഴയുടെ പ്രണയം.
മണ്ണില്‍ അലിയുന്ന മഴയുടെ പ്രണയം.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..

ഈ കവിത കവയിത്രി തന്നെ ആലപിച്ചത് കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

mazha

ശുഭ ജി.കൃഷ്ണന്‍, മറ്റു രചനകള്‍:
ചെറുകഥകള്‍: അന്ന് പെയ്ത അതേ മഴ, കശാപ്പിന്റെ അന്ത്യം, കണ്ണില്‍ നിന്നും കണ്ണിലേക്ക്, അമ്മക്കിളി
കവിതകള്‍: പ്രണയരാവ്, ഓര്‍മ്മ, ഒറ്റ മന്ദാരം, നീ കാത്തിരുന്നാല്‍

സ്വന്തം ലേഖകന്‍

യുകെയില്‍ ജനിച്ച ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം നേടാന്‍ സുവര്‍ണാവസരമൊരുക്കി ഇമിഗ്രേഷന്‍ കേസില്‍ യുകെ ഹൈക്കോര്‍ട്ട് നിര്‍ണായക വിധി പുറപ്പെടുവിച്ചു. സ്റ്റേറ്റ്‌ലെസ് ചൈല്‍ഡ് കേസിലാണ് ചരിത്രപ്രധാനമായ വിധിയുണ്ടായിരിക്കുന്നത്. ജൂണ്‍ 14 നാണ് ജഡ്ജ് സിഎംജി ഒക്കിള്‍ട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുടെ അന്ത:സത്ത ഉള്‍ക്കൊള്ളുന്ന വിധി നടത്തിയത്. യുകെയില്‍ താമസിക്കുന്ന നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഹൈക്കോടതിയുടെ വിധിയുടെ നിയമവശങ്ങള്‍ പ്രശസ്ത സോളിസിറ്ററായ കെന്നഡി സോളിസിറ്റേഴ്‌സിലെ ലൂയിസ് കെന്നഡി മലയാളം യുകെയുമായി പങ്കുവെച്ചു. 2004 ഡിസംബര്‍ 4ന് ശേഷം ജനിച്ച കുട്ടികള്‍ക്കാണ് വിധിയനുസരിച്ച് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാവുന്നത്. ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് യുകെയില്‍ ജനിച്ച കുട്ടികളായിരിക്കണം. കുട്ടിയുടെ ജനനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ മാത്രമേ ഈ വിധി പ്രകാരം അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ജനന ശേഷം കുട്ടി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ പൗരത്വത്തിന് അപേക്ഷിക്കുവാന്‍ കഴിയുകയില്ല. മറ്റൊരു രാജ്യത്തെയും പൗരത്വവും ഉണ്ടാകുവാന്‍ പാടില്ല.

നിലവിലുള്ള ഇന്ത്യന്‍ സിറ്റിസണ്‍ ആക്ട് അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് 2004 ഡിസംബര്‍ 4ന് മുമ്പ് ജനിച്ചവരാണെങ്കില്‍ സ്വഭാവികമായിത്തന്നെ ഇന്ത്യന്‍ പൗരത്വം ലഭിക്കുമായിരുന്നു. 2004 ഡിസംബര്‍ 4ന് ശേഷം ജനിച്ച കുട്ടികളുടെ വിവരങ്ങള്‍ അതാത് രാജ്യത്തുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ കുട്ടി സ്റ്റേറ്റ് ലെസ് വിഭാഗത്തില്‍ വരും. ഇങ്ങനെയുള്ള കാറ്റഗറിയില്‍ വരുന്ന കുട്ടികള്‍ക്കാണ് ഈ വിധി പ്രയോജനം ചെയ്യുന്നതെന്ന് സോളിസിറ്റര്‍ ലൂയിസ് കെന്നഡി പറഞ്ഞു.

കുട്ടിക്ക് അഞ്ചു വയസ് ആയതിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കില്‍ ബ്രിട്ടീഷ് പൗരത്വത്തിന് യോഗ്യത ലഭിക്കും. അഞ്ചു വയസ് ആയിട്ടില്ലെങ്കില്‍ നിശ്ചിത കാലത്തേക്ക് യുകെയില്‍ തുടരാനുള്ള വിസ നല്കുകയും അഞ്ചു വര്‍ഷമാകുമ്പോള്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കുകയും ചെയ്യും. ലെസ്റ്റര്‍ ആസ്ഥാനമാക്കിയാണ് ലൂയിസ് കെന്നഡി സോളിസിറ്റഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇമിഗ്രേഷന്‍ ലോയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള സോളിസിറ്ററാണ് ലൂയിസ് കെന്നഡി. സ്റ്റേറ്റ്‌ലെസ് ചൈല്‍ഡ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാനാഗ്രഹിക്കുന്നവരും നിയമ വശങ്ങള്‍ അറിയുന്നതിനായി കെന്നഡി സോളിസിറ്റേഴ്‌സിനെ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ നമ്പര്‍: 07713049948, 07453302060

ടോം ജോസ് തടിയംപാട്

ലോകചരിത്രത്തില്‍ ആദൃമായി ഒരു റെയില്‍വേ യാത്ര നടന്നത് ലിവര്‍പൂളില്‍ നിന്നും മാഞ്ചെസ്റ്റ്‌റിലേക്കായിരുന്നു. ആ ചരിത്ര സ്മാരകത്തില്‍ നിന്നും ആദ്യമായി ഒരു മലയാളി എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ ജൂണ്‍ 30 നുവിരമിച്ചു. ഇടുക്കി തൊടുപുഴ കലൂര്‍ പേപ്പതിയില്‍ വീട്ടില്‍ ജോസ് മാത്യു എന്ന 65 കാരന്റെ വിരമിക്കല്‍ ലിവര്‍പൂള്‍ മലയാളി ചരിത്രത്തില്‍ അങ്ങനെ ഇടം നേടികഴിഞ്ഞു. ജോസ് മാത്യുവിനെ കൂടാതെ 15 ഓളം മലയാളികള്‍ ലിവര്‍പൂള്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട് എന്നത് മലയാളി സമൂഹത്തിനുതന്നെ അഭിമാനകരമാണ്.

ജോസ് മാത്യുവിന്റെ നീണ്ടകാലത്തെ ഔദ്യോഗിക ജീവിതകാലത്ത് വിദേശത്തും സ്വദേശത്തുമായി 45 വര്‍ഷം ജോലി നോക്കിയെങ്കിലും തൊഴില്‍ ആസ്വദിച്ചു ചെയ്തത് ലിവര്‍പൂള്‍ റെയില്‍വേയില്‍ ആയിരുന്നു എന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ ഒരു വര്‍ണ്ണ വിവേചനവും കൂടെ ജോലി ചെയ്തവരില്‍ നിന്നും അനുഭവിക്കേണ്ടിവന്നില്ല എന്നു ജോസ് മാത്യു പറഞ്ഞു.

വൃക്തി ജീവിതത്തില്‍ ചില കര്‍ശനമായ നിഷ്ഠകള്‍ സൂക്ഷിക്കുന്ന ജോസ് മാത്യുവിന്റെ നന്മകള്‍ എന്താണ് എന്നറിയാന്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ ഏറ്റവും ശ്രദ്ധേയനായ വൃക്തിയും റെയില്‍വേയിലെ സ്റ്റേഷന്‍ ഓഫീസറുമായ തമ്പി ജോസ്, ജോസ് മാത്യുവിനെപറ്റി ഫേസ് ബുക്കില്‍ കുറിച്ച വാക്കുകള്‍ മാത്രം മതി. Thampi Jose Josechettan has left Merseyrail leaving a lasting legacy for others to emulate. Proudly we can say that he was highly respected and loved in the Merseyrail. The sent off given to him by the company and by all the Malayalees working in Merseyrail were in fact a rare feat. His qualities of punctuality and commitment are something of a rare species. He influenced the community in Liverpool in more than one manner. He was involved in all social events without sound and fury.

It is my privilege and blessing that I could work with him in the Railways and outside. We wish him a great future.

വളരെ മിതഭാഷിയും കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള കൃത്യതയും സത്യസന്ധതയും, സഹജീവിയോടുള്ള കാരുണ്യവും ക്ഷമാശീലവും കൊണ്ട് ആരുടെയും സ്‌നേഹം ആര്‍ജിക്കാന്‍ ജോസ് ചേട്ടനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ചരിത്രവും രാഷ്ട്രീയവും ഇഷ്ടപ്പെടുന്ന ജോസ് മാത്യുവിനോടൊപ്പം. പോളണ്ട്, ജര്‍മനി , ഏതന്‍സ്, എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഞങ്ങള്‍ ഒരുമിച്ചു യാത്രാവിവരണങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജോസ് ചേട്ടന്‍ വളരെ ചിന്താദീപ്തമായ പല ലേഖനങ്ങളും ഇവിടുത്തെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. ഞങ്ങള്‍ പോയ യാത്രക്കുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ചത് ജോസ് ചേട്ടന്‍ തന്നെ ആയിരുന്നു. ജോസ് ചേട്ടന്റെ സമയകൃത്യത ഞങ്ങളുടെ യാത്രയില്‍ വളരെ സഹായകമായിരുന്നു.

സമചിത്തതയോടെ ഇടപെട്ടു കാരൃങ്ങള്‍ ചെയ്യാന്‍ ജോസ് ചേട്ടന്റെ കഴിവ് അപാരം തന്നെയാണ്. ജര്‍മനിയിലെ ബെര്‍ലിനില്‍ ഒരു ഹോട്ടലില്‍ ഞങ്ങള്‍ താമസിച്ചു കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ റൂം ഒഴിവായി കൊടുക്കേണ്ട സമയം രാവിലെ 12 മണിയായിരുന്നു. ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ 1 മണി കഴിഞ്ഞിരുന്നു. ഹോട്ടലുകാരന്‍ ഞങ്ങളോട് 120 യൂറോ കൂടുതല്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു തരില്ല നിങ്ങള്‍ നടപടി എടുത്തോ എന്നുപറഞ്ഞു. ഞാന്‍ അല്‍പ്പം ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു. ഹോട്ടലുകാരന്‍ പോലീസിനെ വിളിക്കാന്‍ പോകുകയാണെന്നു പറഞ്ഞു. ഇതുകേട്ടു കൊണ്ട് വന്ന ജോസ് ചേട്ടന്‍ വിഷയത്തില്‍ ഇടപെട്ടു വളരെ പെട്ടെന്നു 10 യൂറോ കൊടുത്തു നയപരമായി പ്രശ്‌നം പറഞ്ഞു അവസാനിപ്പിച്ചു.

വളരെ അനുഭവ സമ്പന്നനായ ജോസ് ചേട്ടന്റെ പല നല്ല ഉപദേശങ്ങളും എനിക്കു ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശാന്തതയാണ് ജോസ് ചേട്ടന്റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കണ്ടിട്ടുള്ളത്. പലവിഷയങ്ങളിലും ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമായിരുന്നു. പക്ഷെ അതൊക്കെ ഞങ്ങളുടെ വൃക്തിബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുകയാണ് ചെയ്തിട്ടുള്ളത്

ഇന്നു യുകെ മലയാളികളുടെ ഇടയില്‍ വളരെയേറെ ശ്രദ്ധപിടിച്ചുപറ്റിയ ഇടുക്കി ചാരിറ്റിക്ക് തുടക്കം ഇട്ടതില്‍ ഒരു വലിയ പങ്കാണ് ജോസ് ചേട്ടന്‍ വഹിച്ചത്. 2004 കേരളത്തിലുണ്ടായ സുനാമിക്കു പണം പിരിച്ചു കൊണ്ട് ആരംഭിച്ച ചാരിറ്റി പ്രവര്‍ത്തനത്തിനു അന്നു നേതൃത്വം കൊടുത്തതും ജോസ് ചേട്ടനായിരുന്നു. വ്യക്തിപരമായി ആരും അറിയാതെ ജോസ് ചേട്ടന്‍ ചെയ്ത ചാരിറ്റികള്‍ നമ്മുടെ സാധാരണ ചിന്തകള്‍ക്കും അപ്പുറമാണ്.

ഒരു കാര്‍ഷിക കുടുംബത്തില്‍ പിറന്ന ജോസ് മാത്യു ഇന്നും കൃഷി ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ആളാണ്. ലിവര്‍പൂളിലെ കെന്‍സിംഗ്ടണിലുള്ള വീടിന്റെ പുറകില്‍ എല്ലാവര്‍ഷവും പച്ചക്കറികൃഷി നടത്തി അടുത്തുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ജോസ് മാത്യുവിന്റെ കൃഷി വൈഭവത്തെപ്പറ്റി ഇതിനുമുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്.

ഇപ്പോള്‍ ചാലക്കുടിക്കടുത്ത് രണ്ടു കൈയില്‍ താമസിക്കുന്ന ജോസ് മാത്യുവിന്റെ വിശ്രമജീവിതം യുകെയിലും നാട്ടിലുമായി തുടരും. ഭാര്യ ഫിലോമിന ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആണ്. മൂന്നുകുട്ടികളാണ് ഇവര്‍ക്കുള്ളത് അതില്‍ രണ്ടു പേര്‍ പഠിച്ചു എന്‍എച്ച്എസില്‍ ജോലി നേടികഴിഞ്ഞു.

ജീവിതത്തില്‍ ആദൃം ചെയ്ത ജോലി കാളപൂട്ടും കിളയുമായിരുന്നു. തിരിച്ചു നാട്ടില്‍ പോയി സ്വന്തമായി ഉള്ള മൂന്നേക്കര്‍ സ്ഥലത്ത് ആരോഗ്യം അനുവദിച്ചാല്‍ കാളപൂട്ടണം എന്നൊരു ആഗ്രഹം മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ജോസ് മാത്യു ലിവര്‍പൂള്‍ റെയില്‍വേയോടു വിടപറഞ്ഞത്.

ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട

‘ഞാന്‍ ആരാണ്’. പലപ്പോഴും പലരും മനസിലാക്കാത്ത സത്യമാണിത്. താന്‍ ആരാണെന്നോ, തന്റെ മഹത്വമെന്തെന്നോ പലര്‍ക്കും മനസിലാകുന്നില്ല എന്നുള്ളതാണ് വാസ്തവം. മറ്റുള്ളവരെക്കുറിച്ച് എല്ലാവര്‍ക്കും എല്ലാം അറിയാം. പക്ഷേ, തന്നെക്കുറിച്ച് മാത്രം ഒന്നുമറിയില്ല. അതാണല്ലോ ഇന്ന് സമൂഹത്തില്‍ ഉടലെടുക്കുന്ന പല പ്രശ്നങ്ങള്‍ക്കും കാരണം.  താന്‍ ആരാണെന്നും തന്റെ മഹത്വമെന്തെന്നും വ്യക്തമായി മനസിലാക്കി പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ കഥ കേള്‍ക്കൂ.

പണ്ട് അലക്സാണ്ടര്‍ ചക്രവര്‍ത്തി നാടു ചുറ്റിക്കാണാന്‍ പുറപ്പെട്ടു. തന്റെ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ഭിക്ഷക്കാരന് അദ്ദേഹം ധാരാളം സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനമായി നല്‍കി. ഇതു കണ്ട പടയാളി, അല്പം നീരസത്തോടെ ചക്രവര്‍ത്തിയോടു ചോദിച്ചു; അങ്ങ് എന്തിനാണ് അയാള്‍ക്കിത്രമാത്രം സ്വര്‍ണ്ണ നാണയങ്ങള്‍ നല്‍കിയത്. തുച്ഛമായ സാമ്പത്തിക ആവശ്യങ്ങളല്ലേ അയാള്‍ക്കുണ്ടാകൂ. ഇത്രയും നല്‍കേണ്ടിയിരുന്നില്ല. എന്നാല്‍ ചക്രവര്‍ത്തിയുടെ മറുപടി ഇതായിരുന്നു. ‘ഞാനയാളെ സഹായിക്കുന്നത് അയാളുടെ അവസ്ഥ കണ്ടിട്ടല്ല, ആവശ്യമനുസരിച്ചല്ല. മറിച്ച് എന്റെ അന്തസിനും വിലയ്ക്കുമനുസരിച്ചാണ്, കാരണം ഞാന്‍ ‘മഹാനായ അലക്സാണ്ടര്‍’ ആണ്.

അതെ പറഞ്ഞു വന്നതിതാണ്. നാം നമ്മെ തിരിച്ചറിയുക. അതനുസരിച്ചു മറ്റുള്ളവരോടു പെരുമാറുക. അവന്‍ അവര്‍ണ്ണനോ സവര്‍ണ്ണനോ സമ്പന്നനോ ദരിദ്രനോ പരദേശിയോ എന്തുമായിക്കൊള്ളട്ടെ. എന്നിലെ എന്നെ തിരിച്ചറിയുക. നമ്മെ പരിപാലിക്കുന്ന സര്‍വശക്തന്‍ നമുക്കു തരുന്നതും ഇതുപോലെ തന്നെയാണ്, നമ്മുടെ ആവശ്യത്തിനനുസരിച്ചു മാത്രമല്ല, മറിച്ചു തന്റെ മഹിമയ്ക്കനുസരിച്ചുള്ള അനുഗ്രഹങ്ങളാണ് അവിടുന്ന് ചൊരിയുന്നതെന്ന് ഓര്‍ക്കുക. അതെ സുഹൃത്തുക്കളെ ഓരോരുത്തര്‍ക്കും അവരവരെക്കുറിച്ച് തിരിച്ചറിവുണ്ടാകട്ടെ.

ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട

എഡിറ്റോറിയല്‍

യുകെ മലയാളി കുടുംബങ്ങളില്‍ നല്ലൊരു ശതമാനവും തങ്ങള്‍ക്ക് വേണ്ടത്ര ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ട് എന്ന് കരുതുന്നവര്‍ ആണ്. ഈ വിശ്വാസത്തിന്‍റെ കാരണം മിക്കവരും തന്നെ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ലൈഫ് കവറോ, മോര്‍ട്ട്ഗേജ് കവറോ, ക്രിട്ടിക്കല്‍ ഇല്‍നെസ്സ് കവറോ എടുത്തിട്ടുള്ളവര്‍ ആയത് കൊണ്ടാണ്. എന്നാല്‍ ഇങ്ങനെ ഏതെങ്കിലും ഒരു പോളിസി എടുത്തത് കൊണ്ടോ കൃത്യമായി നല്ലൊരു തുക മാസം തോറും പ്രീമിയം അടച്ചത് കൊണ്ടോ നിങ്ങള്‍ക്കും കുടുംബത്തിനും അടിയന്തിര ഘട്ടത്തില്‍ ഇന്‍ഷുറന്‍സ് തുക കിട്ടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുന്‍പും എടുത്തു കഴിഞ്ഞും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമായി കൂടി ബന്ധപ്പെട്ടാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കുന്നത്.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഷുറന്‍സ് കമ്മീഷണേഴ്സ് വെളിപ്പെടുത്തിയ വിവരമനുസരിച്ച് ഒരു ബില്യനോളം വരുന്ന തുകയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കമ്പനികള്‍ റിലീസ് ചെയ്യാത്തതായി ഉണ്ട്. പോളിസി എടുക്കുമ്പോള്‍ രേഖപ്പെടുത്തുന്ന തെറ്റായ വിവരങ്ങളും, അതാത് സമയത്ത് കമ്പനികളെ അപ്ഡേറ്റ് ചെയ്യുന്നതില്‍ വരുത്തുന്ന കാലതാമസവും ഒക്കെ ഇന്‍ഷുറന്‍സ് തുക ആവശ്യ നേരത്ത് ലഭിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ ആകുമെന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്.

ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പോളിസികള്‍ പലതും മുപ്പതിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തിയ ടേംസ് ആന്‍ഡ്‌ കണ്ടീഷന്‍സ് ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത് എന്നത് മിക്കവര്‍ക്കും അറിയില്ല എന്ന വസ്തുതയും ക്ലെയിമുകള്‍ റിലീസ് ആയി കിട്ടാതിരിക്കാന്‍ കാരണമാകാറുണ്ട്. പലപ്പോഴും ഇന്‍ഷുറന്‍സ് ഏജന്റുമാരുടെ വാക്കുകള്‍ വിശ്വസിച്ച് പോളിസികള്‍ എടുക്കുന്ന പലരും ഇതിലെ ടേംസ് ആന്‍ഡ്‌ കണ്ടീഷന്‍സ് വായിച്ച് നോക്കാന്‍ പോലും മെനക്കെടാതിരിക്കുന്നത് ആവശ്യ നേരത്ത് അപകടമായി തീരും. ജീവിതകാലം മുഴുവനുള്ള കവര്‍, ലോകത്തെവിടെയും പരിരക്ഷ തുടങ്ങി ഇന്‍ഷുറന്‍സ് ഉപദേശകര്‍ പറഞ്ഞു തരുന്ന പല കാര്യങ്ങളും പലപ്പോഴും ടേംസ് ആന്‍ഡ് കണ്ടീഷന്‍സില്‍ അങ്ങനെയാവണമെന്നില്ല. ഇതൊക്കെയുള്ള പോളിസികള്‍ക്ക് പ്രീമിയം കൂടുമെന്നതിനാല്‍ ഉപദേശകരും ഉപഭോക്താക്കളും പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യുന്നത് ഭാവിയില്‍ ഗുണകരമാവില്ല എന്ന് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

പുക വലിക്കുന്നവരാണോ, എന്താണ് ജോലി, ഹോബികള്‍ എന്തൊക്കെയാണ്, മെഡിക്കല്‍ കണ്ടീഷന്‍സ് എന്തൊക്കെയാണ്, തുടര്‍ച്ചയായി വിമാനയാത്ര ചെയ്യുന്നവരാണോ തുടങ്ങി പല കാര്യങ്ങളും വിശദമായി ചോദിക്കുന്ന ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങിയ ശേഷമാണ് എല്ലാ കമ്പനികളും ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നത്. തീര്‍ച്ചയായും ഈ കാര്യങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ പോളിസി പ്രീമിയം തുകയെ ബാധിക്കുകയും ചെയ്യും. ഇങ്ങനെയുള്ള സമയങ്ങളില്‍ നല്‍കുന്ന വിവരങ്ങള്‍ ക്ലെയിം ചെയ്യേണ്ട സാഹചര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഒരു പോളിസി എടുത്തത് കൊണ്ടോ പ്രീമിയം കൃത്യമായി അടച്ചത് കൊണ്ടോ മാത്രം ഇന്‍ഷുന്‍സ് കമ്പനി പരിരക്ഷ നല്‍കണമെന്നില്ല. എല്ലാ വശങ്ങളും കൃത്യമായി ശ്രദ്ധിച്ച് തന്നെ വേണം പോളിസി എടുക്കാന്‍. എങ്കില്‍ മാത്രമേ ആവശ്യ നേരത്ത് ഉപകരിക്കുകയുള്ളൂ.

 

ടോം ജോസ് തടിയംപാട്

എന്റെ പ്രിയ സുഹൃത്ത് സുഗതന്‍ തെക്കെപ്പുര കഴിഞ്ഞ ദിവസം ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ച കമ്മ്യൂണിസം എന്നാല്‍ ഫാസിസമാണ് എന്ന അഭിപ്രായത്തിനു വിശദമായ ഒരു മറുപടി മലയാളം യുകെ വഴി നല്‍കുകയുണ്ടായി. വളരെ ആദരവോടെ പറയട്ടെ ഞാന്‍ യുകെ യില്‍ കണ്ടു മുട്ടിയ ഏറ്റവും വിവേകിയും ചിന്താശക്തിയുള്ള നല്ല മനുഷ്യനുമാണ് സുഗതന്‍. എന്നാല്‍ പലപ്പോഴും അദേഹത്തിന്റെ ആശയങ്ങള്‍ യഥാസ്ഥിതിക യഹൂദരെ പോലെയാണ്. അവര്‍ ഭൂമിയില്‍ കാണുന്ന ഏകജീവി യഹൂദര്‍ മാത്രമണ് എന്നപോലെ സുഗതന്‍ കാണുന്നത് കമ്മ്യൂണിസ്റ്റ് സൂചിക്കുഴയില്‍ കൂടി മാത്രമാണ് എന്നു വിനയത്തോടെ പറയാതിരിക്കാന്‍ കഴിയുന്നില്ല.

മാര്‍ക്‌സ് അദ്ദേഹത്തിന്റെ ആശയങ്ങള്‍ രൂപീകരിക്കുന്നത് വ്യവസായ വിപ്ലവത്തിന് ശേഷമുണ്ടായ മുതലാളിത്ത ചൂഷണത്തിന് എതിരെ തന്നെയായിരുന്നു എന്നതില്‍ സുഗതനെപ്പോലെ എനിക്കും സംശയമില്ല. അതിലൂടെ ദിവസം എട്ടു മണിക്കൂര്‍ ജോലി, ആഴ്ചയില്‍ മാക്‌സിമം നാല്‍പ്പതു മണിക്കൂര്‍ മാത്രം ജോലി, സ്ത്രീകള്‍ക്ക് സീനിയര്‍ പോസ്റ്റുകളില്‍ നിയമനം, പാവപ്പെട്ടവര്‍ക്ക് പഠിക്കാന്‍ പണം ഇതെല്ലാം ആ ഭരണകൂടം ഉണ്ടാക്കിയ നേട്ടങ്ങള്‍ മാത്രമാണ് എന്നതിലും എനിക്കു സംശയമില്ല. എന്നാല്‍ ഇതെല്ലാം നല്‍കിയത് മനുഷ്യരുടെ കൈകള്‍ കെട്ടിയിട്ടു കൊണ്ടായിരുന്നു. അതോടൊപ്പം അവരുടെ എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ടായിരുന്നു എന്നും വിസ്മരിക്കരുത്

മാര്‍ക്‌സ് പറയുന്നത് ഒരു ഉല്‍പ്പന്നം രൂപപ്പെടുന്നതിനു വേണ്ട കാര്യങ്ങള്‍ എന്നു പറയുന്നത് മനുഷ്യാദ്ധ്വാനവും അതിനുവേണ്ട മെറ്റീരിയലും മാത്രമാണ്. അതുകൊണ്ട് തന്നെ ഒരു ഉല്‍പ്പാദനത്തിനും മുതലാളി എന്ന ഇടനിലക്കാരന്‍ ആവശ്യമില്ല എന്നാണ്. എന്നാല്‍ ഇവിടെ അദ്ദേഹം കാണാതെ പോകുന്നത് ആധുനിക ലോകത്തെ മാര്‍ക്കറ്റിംഗും മാനേജ്‌മെന്റുമാണ്.

ഈ അദ്ധ്വാന വര്‍ഗത്തെ ഉയര്‍ത്താന്‍ അദ്ദേഹം കണ്ടെത്തിയ ആശയപൂര്‍ത്തീകരണത്തിനുവേണ്ടി അദ്ദേഹം എഴുതി ഉണ്ടാക്കിയ മാനിഫെസ്റ്റോ തന്നെ ഫാസിസത്തില്‍ ഊന്നി നില്‍ക്കുന്നു. അതില്‍ പറയുന്നത് ഏക പാര്‍ട്ടിയെപ്പറ്റിയും ഏക ബാങ്കിംഗ്, ഏക പത്രം, മുതലായ പത്ത് ഓട്ടോക്രാറ്റിക് സ്ഥാപനങ്ങളെ പറ്റിയാണ്. ഒരു വശത്ത് കമ്മ്യൂണൂകളെ പറ്റിയും മനുഷ്യ സ്വാതന്ത്ര്യത്തെപ്പറ്റിയും പറയുമ്പോള്‍ മറുവശത്ത് തികഞ്ഞ ഏകാധിപത്യ പ്രവണതയാണ് കാണാന്‍ കഴിയുന്നത്.

സോവിയറ്റ് യുണിയനില്‍ ലെനിന്റെ നേതൃത്തില്‍ അധികാരത്തില്‍ വന്ന ബോള്‍ഷെവിക്ക് പാര്‍ട്ടിയില്‍ ലെനിന് എതിരെ നിന്ന ട്രോട്‌സ്‌ക്കി ഉള്‍പ്പെടെയുള്ള മെന്‍ഷെവിക്ക് ഗ്രൂപ്പിനെ തകര്‍ത്തു ലെനിന്റെ നേതൃത്വത്തില്‍ ഉള്ള ഗ്രൂപ്പ് അധികാരം കയ്യിലാക്കുകയും എതിരെ നിന്നവരെയെല്ലാം തകര്‍ക്കുകയും ചെയ്തത് വിവേകിയായ സുഗതന് അറിവില്ലാത്ത കാര്യമല്ല. ലെനിനെ തുടര്‍ന്നു അധികാരത്തില്‍ വന്ന കൊലയാളി നേതാവ് എന്നു പാര്‍ട്ടിയില്‍ അറിയപ്പെടുന്ന സ്റ്റാലിന്‍ ചെയ്തത് ട്രോട്‌സ്‌കി ഉള്‍പ്പെടെയുള്ളവരെ കശാപ്പു ചെയ്യുകയാണ്. ഇതിനെ ഫാസിസം എന്നല്ലാതെ എന്താണ് പറയുക. ഇതു തന്നെയല്ലേ ടി.പി.ചന്ദ്രശേഖരനോടും ജയകൃഷ്ണന്‍ മാസ്റ്ററോടും കേരളത്തിലെ സി പി എം കാണിച്ചതും. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ ഫാസിസ്റ്റുകളാണ് എന്നതില്‍ എനിക്കു ലേശം പോലും സംശയമില്ല.

സുഗതന്‍ റൂസോയുടെ സോഷ്യല്‍ തിയറിയെപ്പറ്റി പറഞ്ഞു. എന്നാല്‍ വോള്‍ട്ടയര്‍ പറഞ്ഞ ഏറ്റവും ശ്രദ്ധേയ വാക്കുകളാണ് ഇത് Judge of a man by his questions rather than by his answers.I disapprove of what you say, but will defend to the death your right to say it.. മനുഷ്യ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ഈ വാക്കുകള്‍ ലോകത്ത് എവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അംഗീകരിച്ചിട്ടുണ്ട് എന്നു താങ്കള്‍ക്ക് പറയാന്‍ കഴിയുമോ?

ഹിറ്റ്‌ലര്‍ കിഴടക്കിയ പോളണ്ടില്‍ ഹിറ്റ്‌ലര്‍ക്ക് എതിരെ റഷ്യയുടെയും പോളണ്ടിന്റെയും അതിര്‍ത്തിയില്‍ യുദ്ധം ചെയ്തിരുന്ന ഇരുപത്തിരായിരം പോളിഷ് പട്ടാളക്കാരെ പിടിച്ചു KTYN FOREST ല്‍ കൊണ്ടുപോയി കൊന്നുകളഞ്ഞത് സ്റ്റാലിന്‍ ആയിരുന്നു. ഈ മഹാക്രൂരത ചെയ്യാന്‍ സ്റ്റാലിന്റെ പോളിറ്റ് ബ്യൂറോ അനുവദിച്ചിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ്‌ലര്‍ക്ക് എതിരെ ജനവികാരം ഉയര്‍ത്താന്‍ വേണ്ടിയുള്ള സ്റ്റാലിന്റെ തന്ത്രമായിരുന്നു ഇതെന്നു ചരിത്രം പറയുന്നു. ഇതിനെ ഫാസിസം എന്നല്ലാതെ എന്താണ് വിളിക്കുക. ഇതിന്റെ ഭീകരത അറിയാന്‍ KTYN FOREST എന്നു ഗൂഗിള്‍ ചെയ്താല്‍ മതി.

ലോകത്ത് കമ്മറ്റി കൂടി ആളെകൊല്ലാന്‍ തീരുമാനിക്കുന്ന ഗ്രൂപ്പുകള്‍ എന്നു പറയുന്നത് കൊള്ളക്കാരും കമ്മ്യൂണിസ്റ്റുകളും മാത്രമാണ്. കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ച ഒരു സ്ഥലത്തും ബഹുസ്വരത അംഗീകരിച്ചിരുന്നില്ല എന്നത് നിഷേധിക്കാന്‍ കഴിയുമോ? ബംഗാളില്‍ നിങ്ങള്‍ കാണിച്ച ക്രൂരതകൊണ്ട് നിങ്ങള്‍ക്ക് അവിടെ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയായില്ലേ? വിപ്ലവത്തിലൂടെ നിങ്ങള്‍ ഭരിച്ച ലോകത്തെ ഏതു രാജ്യത്തു നിന്നാണ് നിങ്ങളെ തിരസ്‌കരിക്കാത്തത്? കാരണം നിങ്ങള്‍ നടത്തിയ ഫാസിസം തന്നെയാണ്.. എന്നു സുഗതന്‍ മറക്കുന്നു

ഫാസിസം എന്നാ ഫിലോസഫി ഉടലെടുക്കാന്‍ തന്നെ കാരണം ഒരു സമൂഹം വളരണമെങ്കില്‍ അവിടെ തികഞ്ഞ അച്ചടക്കം വേണം എന്ന കാഴ്ചപ്പാടില്‍ നിന്നുമാണ്. ഇറ്റാലിയന്‍ വേര്‍ഡ് fascismo യില്‍ നിന്നും രൂപപ്പെട്ട fascio എന്നതിന്റെ അര്‍ത്ഥം എന്നുപറയുന്നത് a bundle of rods, എന്നാണ് ജോര്‍ജ് സൊറല്‍ എന്ന ഫ്രാന്‍സ് കാരന്റെ revolutionary syndicalism എന്ന രാഷ്ട്രിയ ചിന്തയില്‍ നിന്നുമാണ് ഫാസിസത്തിന്റെ ബീജാവാഹം നടന്നത് എന്നാണ് പറയപ്പെടുന്നത്. ഇത് ഒരു ജന്മി മതാധിഷ്ഠിത ബൂര്‍ഷ്വാ ആശയമായിരുന്നു. 1920ല്‍ ലെനിന്റെ നേതൃത്വത്തില്‍ സോവിറ്റ് യൂണിയനില്‍ രൂപപ്പെട്ട കേന്ദ്രീകൃത ഏകാധിപത്യ ഭരണകൂടത്തെ നേരിടാന്‍ ഇത്തരം ഒരു ആശയം അനിവാര്യമാണ് എന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഫാസിസം.

പിന്നിട് ഫാസിസം വളര്‍ന്നു പന്തലിച്ചത് ക്രിസ്ത്യന്‍ രാജ്യമായ ഇറ്റലിയില്‍ മുസോളിനിയുടെ നേതൃത്വത്തിലാണ്. അത് പിന്നീട് ജര്‍മ്മനിയിലേക്ക് വളര്‍ന്നു പന്തലിച്ചു. ഫാസിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട് എന്നുപറയുന്നത് സ്റ്റേറ്റ് എല്ലാത്തിനും മുകളിലാണ്, എല്ലാവരും സ്റ്റേറ്റിനെ അനുസരിച്ചേ മതിയാകു എന്നതിലാണ്. സ്റ്റേറ്റ് ഭരിക്കുന്ന ആരോ അവര്‍ക്ക് അടിമയായി ജീവിക്കുക മാത്രമേ ജനങ്ങള്‍ക്ക് വഴിയുള്ളൂ. ഫാസിസത്തിന്റെ ചിഹ്നം തന്നെ അതിന്റെ ഭീകരത സൂചിപ്പിക്കുന്നു. ഒരു കെട്ട് കമ്പിയും ഒരു മഴുവുമാണ് ചിഹ്നം. ഇതിനര്‍ത്ഥം സ്റ്റേറ്റിന് അല്ലെങ്കില്‍ സ്റ്റേറ്റ് ഭരിക്കുന്നവന് എതിര് നില്‍ക്കുന്നവനെ ഈ കമ്പികൊണ്ട് അല്ലെങ്കില്‍ മഴുകൊണ്ട് അടിച്ചമര്‍ത്തും എന്നതായിരുന്നു.

കമ്മ്യൂണിസം ഫാസിസവും ഭയപ്പെടുന്നത് ലിബറല്‍ ജനാധിപത്യ രാഷ്ട്രിയ സംഹിതകളെയായിരുന്നു. ഇവര്‍ രണ്ടും രാഷ്ട്രീയ ശക്തികളെ കൊന്നൊടുക്കുന്നതില്‍ ഒരേ തൂവല്‍ പക്ഷികള്‍ തന്നെയായിരുന്നു. അസഹിഷ്ണുതയും വെറുപ്പും ആയിരുന്നു ഇവര്‍ രണ്ടുപേര്‍ക്കും എതിരാളികളോട്. അതുകൊണ്ട് തന്നെ ഇവര്‍ രണ്ടുപേര്‍ക്കും ഫാസിസത്തിന്റെ തിവ്രതയുടെ കാര്യത്തില്‍ ഉള്ള വ്യത്യാസം മൂര്‍ഖനും അണലിയും തമ്മിലുള്ള വ്യത്യാസം മാത്രം.

Also read :

കമ്മ്യൂണിസം ഫാസിസമോ; ടോം ജോസിന് മറുപടിയുമായി സുഗതന്‍ തെക്കെപ്പുര

ഫാ. ബിജു കുന്നയ്ക്കാട്ട്

മാനസികോല്ലാസത്തിനും നോരമ്പോക്കിനും സൗഹൃദം പങ്കുവെയ്ക്കാനും കഴിവു തെളിയിക്കാനുമൊക്കെയായി ആളുകള്‍ പലപ്പോഴും കളികളിലേര്‍പ്പെടാറുണ്ട്. വിജയികളെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ കളി, മത്സരത്തിന്റെ തലത്തിയേക്ക് മാറുന്നു. ചില അവസരങ്ങളില്‍ ഈ കളികള്‍ മത്സരത്തിന്റെ തലവും കടന്ന് വാക്പോരിലേയ്ക്കും കയ്യാങ്കളിയിലേക്കും ചെന്നെത്താറുണ്ട്. ഒട്ടും ആരോഗ്യകരമല്ലാത്തതും തീര്‍ത്തും ഒഴിവാക്കേണ്ടതുമായ ഇത്തരം, ‘കളി കാര്യമാകുന്ന’ സന്ദര്‍ഭങ്ങള്‍ ഈ കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാന്‍ ഇന്ത്യയെ വലിയ വ്യത്യാസത്തില്‍ തോല്‍പിച്ചത് ഇന്ത്യന്‍ ആരാധകര്‍ക്ക് കനത്ത ക്ഷീണവും പാക്കിസ്ഥാന് ഇരട്ടി മധുരവും സമ്മാനിച്ചു. ജയിച്ച പാക്കിസ്ഥാന്‍ ടീമിന്റെ ആരാധകരുടെ അടക്കാനാവാത്ത നിരാശയുടെ വിങ്ങിപ്പൊട്ടലുകളും പരസ്പരമുള്ള വാക്പോരിലും പോലീസ് ഇടപെട്ട് പരിഹരിക്കേണ്ട തലത്തിലുള്ള ക്രമസമാധാന പ്രശ്നമായും വളരുകയും ചെയ്തു.

ഇന്ത്യ – പാക്കിസ്ഥാന്‍ ആരാധകര്‍ ചേരിതിരിഞ്ഞ് ഫൈനല്‍ മത്സരം നടന്ന ഓവലിലെ സ്റ്റേഡിയത്തിനു പുറത്തും മാഞ്ചസ്റ്ററിലും ലെസ്റ്ററിലും തമ്മിലടിച്ചതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കളിക്കളത്തില്‍ ഒതുങ്ങി നില്‍ക്കേണ്ട കളി കളിക്കളത്തിനു പുറത്തേയ്ക്ക് കൈവിട്ടു പോകുന്നതിനെ തടയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ആര് ആരെയാണ് തടയേണ്ടത് എന്ന് ചോദിച്ചാല്‍, നമ്മള്‍ നമ്മളെത്തന്നെയാണ് എന്നാണ് ഉത്തരം. എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ ചില സെലിബ്രിറ്റികള്‍ തോറ്റ ടീമിനെ രൂക്ഷമായി വിമര്‍ശിക്കുന്ന രീതിയിലുള്ള കമന്റുകള്‍ ഇട്ടതും നിലവാരമില്ലാത്തതായിപ്പോയി. കളി കൈവിട്ടു പോകുന്നതെന്തുകൊണ്ടാണ്?

കളിയെ, ഒരു കളിയായി മാത്രം പലര്‍ക്കും കാണാന്‍ പറ്റാത്തതാണ് ഏറ്റവും പ്രധാന കാരണം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കളിയെ നിറുത്തേണ്ടിടത്തു നിര്‍ത്താന്‍ പറ്റുന്നില്ല പലര്‍ക്കും. മാനസിക ഉല്ലാസത്തിനും വിനോദത്തിനുമായി കളിയെ ആസ്വദിക്കുന്നതിനു പകരം, അര്‍ഹിക്കുന്നതിനും മുകളിലായ സ്ഥാനം കൊടുക്കുമ്പോള്‍ ആസ്വാദനത്തിന്റെയും വിനോദത്തിന്റെയും തലം നഷ്ടപ്പെട്ടേക്കാം. കളി മുറുകുമ്പോള്‍ കാണികളുടെ ആവേശവും വര്‍ധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ‘സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനു ചേരാത്ത ആവേശം കാണികളിലുണ്ടാകുമ്പോഴാണ് അത് വഴക്കിലേയ്ക്കും അക്രമത്തിലേയ്ക്കും വഴിമാറുന്നത്.

കളിയെ, കളിയായി മാത്രം കാണാന്‍ പഠിക്കുക. ആധുനിക ലോകത്തില്‍ ഓരോ കളിയെയും വളരെ ‘പ്രൊഫഷണലായി’ സമീപിക്കുന്ന ആളുകള്‍ എല്ലായിടത്തുമുണ്ട്. കായിക താരങ്ങളുടെ പ്രകടനങ്ങള്‍ സാങ്കേതികമായ രീതിയില്‍ വിലയിരുത്തുകയും നിരൂപണം നടത്തുകയും വിശകലനത്തിലൂടെ അപഗ്രഥിക്കുകയുമൊക്കെ ചെയ്യുന്നവരുണ്ട്. അത് അവരുടെ ജോലിയും കളിക്കാരുടെ സാങ്കേതിക മികവ് മെച്ചപ്പെടുത്തുന്നതിന് സഹായകരവുമാണ്. എന്നാല്‍ ഈ ജോലികളൊന്നുമില്ലാതെ വിനോദവും ആസ്വാദനവും മാത്രം ലക്ഷ്യമാക്കി കളി കാണേണ്ട ‘കാണികള്‍’ അവരുടെ ലക്ഷ്യങ്ങള്‍ മറന്ന് അനാവശ്യ ആവേശപ്രകടനങ്ങള്‍ നടത്തുന്നതും അതിന്റെ പേരില്‍ ഉണ്ടാക്കുന്ന കലാപങ്ങളുമാണ് ന്യായീകരിക്കാനാവാത്തത്.

കളിയുടെ ഈ കാര്യത്തിലെന്നപോലെ ജീവിതത്തിലും ചിലര്‍ ചെറിയ കാര്യങ്ങള്‍ക്ക് അനാവശ്യ പരിഗണന കൊടുത്ത് പൊല്ലാപ്പുകളില്‍ ചെന്നു ചാടുന്നവരുണ്ട്. ഒരാള്‍ തമാശ രൂപേണ പറയുന്ന കാര്യങ്ങളെ ആ രീതിയില്‍ മനസിലാക്കാതെ, ചിലപ്പോള്‍ ചില വാക്കുകളില്‍ കയറിപ്പിടിച്ച് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നവര്‍. തമാശകളെ സഹൃദയ മനസ്സോടെ മനസിലാക്കാനും ആസ്വദിക്കാനും കഴിയുന്നതും ഇനി എന്തെങ്കിലും അതിലൊരു ദുഃസൂചന തോന്നിയാലും ഉടനെ പുറത്തു പ്രകടിപ്പിക്കാതെ ”നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് തെറ്റ് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതുമാണ്” (മത്താ 18: 15) ഹൃദയവികാസവും മാനസിക പക്വതയും നേടിയൊരാള്‍ ചെയ്യേണ്ടത്. ചെറിയ ഇഷ്ടക്കേടുകളില്‍ കലഹിക്കുകയും അടുത്ത നിമിഷത്തില്‍ എല്ലാം മറന്ന് കൂട്ടുകൂടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുടെ നിസ്സാരമായ വഴക്കിനെ ഏറ്റുപിടിച്ച് പര്‍വ്വതീകരിച്ച് ശത്രുപക്ഷങ്ങളുണ്ടാക്കുന്ന മുതിര്‍ന്നവരും ഓര്‍ക്കേണ്ട പ്രധാന കാര്യമിതാണ് – ചെറിയ കാര്യങ്ങള്‍ക്കും പ്രസക്തിയില്ലാത്ത കാര്യങ്ങള്‍ക്കും അനാവശ്യ പരിഗണന കൊടുത്ത്, ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ച് ഉള്ള സ്നേഹവും സൗഹൃദവും നഷ്ടപ്പെടാതിരിക്കുക. മറ്റൊരാളുടെ മനസിനെയോ വികാരങ്ങളെയോ മുറിപ്പെടുത്തുന്ന തമാശകളും സംസാരങ്ങളും പ്രവര്‍ത്തനങ്ങളും സാഹചര്യം കണ്ടറിഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുന്നതും മാനസിക പക്വതയുടെയും മറ്റുള്ളവരോടുള്ള പരിഗണനയുടെയും ലക്ഷണമാണ്.

അഭിമാനത്തിന്റെ പേരിലായാലും ആഗ്രഹത്തിന്റെ പേരിലായാലും ഒരിടത്തും ആരുടെ മുമ്പിലും തോല്‍ക്കാനോ, തോല്‍വിയെ ഉള്‍ക്കൊള്ളാനുള്ള മനസിനെ രൂപപ്പെടുത്താനോ കഴിയാത്തതാണ് നമ്മുടെ മറ്റൊരു പ്രധാന പ്രശ്നം. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമൊക്കെ യുദ്ധമായി, അഭിമാന കാര്യമായി വാര്‍ത്തകള്‍ നമ്മുടെ മുമ്പിലവതരിപ്പിക്കുമ്പോള്‍ നാമും അറിയാതെ അതിരുവിടുന്ന ആവശേത്തിലേയ്ക്ക് വീണുപോകുന്നു. ഒരു മത്സരത്തിനിറങ്ങുന്ന രണ്ട് ടീമും ജയിക്കാന്‍ വേണ്ടി തന്നെയാണ് കളിക്കുന്നത്. അതിനായി കഴിവിന്റെ പരമാവധി ഉത്സാഹിക്കുകയും വേണം. എങ്കിലും ഏതെങ്കിലും ഒരു ടീമിനെ വിജയിക്കാനാവൂ. എപ്പോഴും ജയം മാത്രം സ്വപ്നം കാണുമ്പോഴാണ് തോല്‍വികള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നത്. കൂടുതല്‍ നന്നായി പ്രകടനം നടത്തുന്നവര്‍ വിജയം നേടും. ഒരിക്കല്‍ തോറ്റു എന്നു കരുതി അതു ലോകാവസാനമാകുന്നില്ല.

വിജയങ്ങളെപ്പോലെ തന്നെ തോല്‍വികളെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുമ്പോഴാണ്, അപ്രതീക്ഷിതമായി കടന്നുവരുന്നതിനെയും സമചിത്തതയോടെ സ്വീകരിക്കാന്‍ കഴിയുമ്പോഴാണ് മനുഷ്യന്‍ മനുഷ്യനാകുന്നത്. പഠനത്തിലായാലും കരിയറിലായാലും ‘എപ്പോഴും ജയം’ എന്ന ഒറ്റ ചിന്തമാത്രം കുഞ്ഞുങ്ങളുടെ മനസില്‍ മാതാപിതാക്കള്‍ കുത്തിവയ്ക്കുന്നുണ്ടെങ്കില്‍, ഭാവിയില്‍ ഒരു പരാജയത്തെ മുമ്പില്‍ കാണുമ്പോള്‍ ഈ മക്കള്‍ ജീവിതത്തില്‍ പ്രത്യാശ നഷ്ടപ്പെടുന്നവരും ചിലപ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കുന്നവരും ആയിത്തീര്‍ന്നേക്കാം. ഒരു പരാജയം വരുമ്പോള്‍ ‘സാരമില്ല’ എന്നുപറഞ്ഞ് പുഞ്ചിരിയോടെ ചുമലില്‍ തട്ടി ആശ്വസിപ്പിക്കാനും ‘അടുത്ത തവണ നമുക്ക് അത് നേടിയെടുക്കാന്‍’ കുറച്ചു കൂടി നന്നായി പരിശ്രമിക്കാ’മെന്ന് പറയാനും മാതാപിതാക്കള്‍ക്ക് കഴിയുമ്പോള്‍ അവര്‍ മക്കള്‍ക്ക് നല്‍കുന്നത് മനസിന് ആശ്വാസം മാത്രമല്ല, ഭാവിയെ പ്രതീക്ഷയോടെ നോക്കാനുള്ള ആത്മവിശ്വാസം കൂടിയാണ്. ഓട്ടമത്സരത്തിനുമുമ്പ് ഒരു കുട്ടി പ്രാര്‍ത്ഥിക്കുന്നത് കണ്ടപ്പോള്‍ മറ്റൊരു കുട്ടി ചോദിച്ചു. ”നീ എന്താണ് ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, ജയിക്കാനുള്ള അനുഗ്രഹമാണോ?” കുട്ടി മറുപടി പറഞ്ഞു. ”ജയിപ്പിക്കണമേയെന്നല്ല, തോറ്റു പോയാലും അതിനെ ഓര്‍ത്ത് കരയാതിരിക്കാന്‍ അനുഗ്രഹിക്കണമേയെന്നാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. നമ്മുടെ കുഞ്ഞുങ്ങളെയൊക്കെ ഇനി എന്നുമുതലാണ് ഇപ്രകാരമൊന്നു പ്രാര്‍ത്ഥിക്കാന്‍ ശീലിച്ചു തുടങ്ങുന്നത്?.

മത്സരങ്ങളില്‍ വിജയിക്കുന്നവരെയും ജീവിത രംഗങ്ങളില്‍ ഉയര്‍ച്ച നേടുന്നവരെയും നല്ല വാക്കുപറഞ്ഞ് അഭിനന്ദിക്കാന്‍ നമുക്കാവണം. നാം വിജയിക്കുകയും മറ്റുള്ളവര്‍ തോറ്റുപോവുകയും ചെയ്തെങ്കില്‍ തോറ്റവരെ സ്നേഹത്തോടെ ആശ്വസിപ്പിക്കാനും ‘സാരമില്ല, better luck next time’ എന്നു പറയാനും നമുക്കാവണം. എങ്കിലേ കളികള്‍ക്കു ശേഷവും സൗഹൃദവും പരസ്പര സ്നേഹവും നിലനില്‍ക്കുകയുള്ളൂ. പൊരുതിത്തോറ്റവര്‍ വിജയം നേടിയവരെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുമ്പോള്‍ സത്യത്തില്‍ അവര്‍ കളിയില്‍ മാത്രം തോറ്റവരും മനസില്‍ തോല്‍ക്കാത്തവരുമാണ്. കളിയില്‍ മാത്രമല്ല, മനസിലും തോല്‍ക്കുന്നിടത്താണ് യഥാര്‍ത്ഥ തോല്‍വി സംഭവിക്കുന്നത്. കളികളില്‍ മാത്രമല്ല, ജീവിതത്തിലും ഇതുതന്നെയാണ് സത്യം. ജീവിത മത്സരങ്ങളില്‍ ഒപ്പം മത്സരിക്കുന്നവര്‍ മികച്ച നേട്ടങ്ങളുണ്ടാക്കുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ നമുക്കാവണം. ‘അസൂയ മൂത്ത അയല്‍ക്കാരന്റെ ദിവാസ്വപ്നങ്ങ’ളില്‍ കഴിയാതെ, വീഴ്ച പറ്റിയെങ്കില്‍ അതില്‍ മനം മടുക്കാതെ തോല്‍വിയെ പരിശോധിച്ച്, തോല്‍വിയുടെ കാരണം കണ്ടെത്തി അവയെ ഭാവിയില്‍ ഒഴിവാക്കാനുള്ള ഗൃഹപാഠം ചെയ്യുന്നെങ്കില്‍ സംശയിക്കേണ്ട, അടുത്ത വിജയം നിങ്ങളുടേതാണ്.

കയ്യാങ്കളിയിലേയ്ക്ക് പോകാതെ കാര്യങ്ങള്‍ പഠിക്കാനുള്ള മാര്‍ഗ്ഗമായി നമ്മുടെ കളികള്‍ മാറട്ടെ. നന്മയും അനുഗ്രഹവും നിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 52’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

 

സോഷ്യല്‍ മീഡിയയിലൂടെ കമ്മ്യൂണിസ്റ്റ് വിമര്‍ശനം ശക്തമാക്കിയ ടോം ജോസ് തടിയംപാടിന് മറുപടിയുമായി യുകെയില്‍ പ്രമുഖ ഇടതു പക്ഷ ചിന്തകനായ സുഗതന്‍ തെക്കേപ്പുര രംഗത്ത്. ടോമിന്‍റെ കമ്മ്യൂണിറ്റിസ്റ്റ് വിരുദ്ധ വിമര്‍ശനങ്ങള്‍ക്ക് സുഗതന്‍ തെക്കേപ്പുരയുടെ മറുപടി താഴെ  

ടോം, ഫാസിസവും കമ്യൂണിസവും തിരിച്ചറിയാന്‍പറ്റാത്തതു ടോമിന്റെ കുഴപ്പമല്ല. എന്താണ് അവ തമ്മിലുള്ള വ്യത്യാസം. കുരുടന്മാര്‍ ആനയെക്കണ്ട വിവരം പറഞ്ഞു കേട്ടിട്ടു നമ്മള്‍ ആനയെക്കറിച്ച് ഒരു രൂപം മനസ്സില്‍ ഉണ്ടാക്കുന്നതുപോലെയുള്ളു. നാമിന്നു കാണുന്ന മൃദുമുതലാളിത്തം അഥവാ സോഷ്യല്‍ ബെനിഫിറ്റ് കിട്ടുന്ന ഭരണക്രമം യൂറോപ്പില്‍ രൂപപ്പെട്ടതുപോലും കമ്മ്യുണിസ്‌റ് ആശയങ്ങള്‍ റഷ്യന്‍ വിപ്ലവത്തിന് ശേഷം മുതലാളിത്ത സമ്പദ് വ്യവസ്ഥയില്‍ അടിസ്ഥാനമാക്കിയ ഭരണക്രമം തൂത്തെറിയും എന്ന സന്ദേഹത്തില്‍ നിന്നാണ്. സമൂഹം ഒന്നായി പണിയെടുത്തിട്ട് മുന്നോട്ടുപോകുന്ന സാമൂഹ്യക്രമം എന്ന് പറഞ്ഞാല്‍ ഞാന്‍ ടോമിന്റെ കുട്ടിയെ പഠിപ്പിക്കുന്നു പകരം ടോം എന്നെ രാവിലെ സ്‌കൂളിലേക്ക് പോകാന്‍ ബസ്സ് ഓടിക്കുന്നു മറ്റൊരാള്‍ ബാങ്കും വേറൊരാള്‍ ഹോസ്പിറ്റലിലും സേവനം കൊടുക്കുന്നു.

ഇത്തരം സാമൂഹ്യ ക്രമം രൂപപ്പെട്ടത് അരാജകമായ പിടിച്ചുപറിയും മറ്റും ആര്‍ക്കും ഗുണം ചെയ്യില്ല എന്നും എന്നാല്‍ എല്ലാവരും പരസ്പരം കുറച്ചു സ്വാതന്ത്ര്യം ബലികഴിച്ച് അവ ഗവണ്‍മെന്റിനു കൈമാറണം എന്നും പകരം എല്ലാവര്‍ക്കും സമാധാനവും ഗവണ്‍മെന്റ് പ്രദാനം ചെയ്യുമെന്ന് ഒരു കരാറില്‍ എത്തിച്ചേര്‍ന്നു. അതാണ് പതിനേഴും പതിനെട്ടും നൂറ്റാണ്ടില്‍ ഹ്യൂഗോ ഗ്രോഷ്യസ്, തോമസ് ഹോബ്‌സ്, ജോണ്‍ ലോക്ക് റൂസ്സോ, ഇമ്മാനുവല്‍ കാന്റ് എന്നിവര്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ സോഷ്യല്‍ കോണ്‍ട്രാക്ട് തിയറി പറയുന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് ഗവണ്മെന്റ് ഏതു രീതിയില്‍ ആയിരിക്കണം എന്നുള്ള ചിന്ത ഉടലെടുത്തത് എല്ലാവരും കൂടി പണിയെടുത്ത് ഓടിച്ചുകൊണ്ടുപോകുന്ന സമൂഹത്തില്‍ ചില ആള്‍ക്കാര്‍ക്ക് അധികമായി അധ്വാനത്തിന്റെ ഫലമായ സമ്പത്തു കുമിഞ്ഞു കൂടുകയും മറ്റു ചിലര്‍ക്ക് ദിവസവും അധ്വാനവും എന്നാല്‍ പട്ടിണിയും പരിവട്ടവും മാത്രമായ അവസരത്തിലാണ്. ഇത് വളരെ വ്യക്തമായി സമൂഹത്തെ ഗ്രസിച്ചതും ചിന്തകന്മാരെ ഇരുത്തി ചിന്തിപ്പിച്ചതും വ്യാവസായിക വിപ്ലവത്തില്‍ അപാരമായ ഉല്പാദനവും അതിന്റെ ഫലമായി കുമിഞ്ഞുകൂടിയ സ്വത്ത് ഒരു വശത്തും ദാരിദ്ര്യം മറുവശത്തും കൂടി വന്നപ്പോഴാണ്.

ഇവിടെയാണ് ഇതിന്റെ കാരണം കാറല്‍ മാര്‍ക്‌സിന്റെ അന്വേഷണത്തിലൂടെ ആരംഭിക്കുന്നത്. മാര്‍ക്‌സ് പറഞ്ഞത്. ഉല്പാദനത്തിന്റെ ഫലമായി ഉണ്ടാകുന്ന സമ്പത്തു ഒരു വശത്തു മാത്രം കുമിഞ്ഞു കൂടുന്നത് ഉല്‍പാദന ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ അഥവാ സാമഗ്രികള്‍ അവയുടെ ഉടമസ്ഥാവകാശം വ്യക്തികളിലേക്ക് ഒതുങ്ങുന്നതു കൊണ്ടാണ്. മാത്രവുമല്ല ഈ അവസ്ഥയെ സമൂഹം മാനസികമായി സ്വീകരിക്കുകയും അതനുസരിച്ചുള്ള സാമൂഹിക ക്രമവും നമ്മുടെ ചിന്താശീലങ്ങളും വളര്‍ന്ന് വരുകയും ചെയ്തു. ഇതിനെയാണ് മുതലാളിത്ത സാമ്പത്തിക ക്രമം എന്നും അതിലധിഷ്ഠിതമായ മുതലാളിത്ത സാമൂഹിക ക്രമം എന്ന് പറയുന്നത്. ഇതിനെതിരെ സമൂഹം ഒന്നായി മാറി ഉല്‍പാദന ഉപകരണ സാമഗ്രികള്‍ പൊതു സ്വത്താക്കി മാറ്റണം. എന്നിട്ട് അതനുസരിച്ചുള്ള നമ്മുടെ ചിന്തയും സാമൂഹ്യക്രമവും ഒരു കമ്മ്യുണിറ്റി പൊതു ബോധത്തില്‍ നിന്നായിരിക്കണം ഉദാഹരണത്തിന് NHS. ഇവിടെ ഒരു ഹോസ്പിറ്റലില്‍ നാമെത്തുമ്പോള്‍ നമ്മെ നയിക്കുന്ന മാനസികബോധമല്ല നാട്ടിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ നില്‍ക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നും ഇതിനെയാണ് ഞാന്‍ മുന്‍പ് സൂചിപ്പിച്ച ഉല്‍പാദന ഉപകരണം ഹോസ്പിറ്റല്‍ ആയാലും അതിന്റെ ഉടമസ്ഥ അവകാശം സ്വകാര്യമാകുന്നതും സമൂഹത്തിന്റെ പൊതു ഉടമയില്‍ ആകുന്നതും തമ്മിലുള്ള വ്യത്യാസം ചിന്തയെയും അതുവഴി സാമൂഹ്യ ക്രമത്തെയും രൂപപ്പെടുത്തുന്നത്.

അങ്ങിനെ എല്ലാം തന്നെ പൊതു ഉടമയില്‍ കേന്ദ്രീകരിച്ച് ഉടലെടുക്കുന്ന സാമൂഹ്യ ക്രമത്തെയാണ് കമ്മ്യുണിസം എന്ന് പറയുന്നത്. മാര്‍ക്‌സിന്റെ വിശദമായ വിശകലനത്തില്‍ സമൂഹത്തില്‍ ഈ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥാവകാശവും അതുമൂലം ഉത്പാദനം മൂലമുണ്ടാകുന്ന സമ്പത്തിന്റെ കൂടിയഭാഗവും കൈവശം വെക്കുന്ന ഏര്‍പ്പാട് തുടക്കത്തില്‍ ഇല്ലായിരുന്നു. അതിനെ അദ്ദേഹം പ്രാകൃത കമ്മ്യുണിസം എന്നുപറയുന്നു. പിന്നീട് എപ്പഴോ വന്നുകൂടിയ ഈ മുതലാളിത്ത സാമൂഹ്യ ക്രമം മാറ്റിമറിക്കുക എളുപ്പമല്ല. ഇത്തരം മാറ്റിമറിക്കലുകള്‍ നടത്തി കമ്മ്യുണിറ്റിയില്‍ അടിസ്ഥാനമാക്കിയ സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്ന രീതി ലോകത്തു പലയിടത്തും പലര്‍ക്കും പലതാണ് അതില്‍ ഒരു പക്ഷെ സ്റ്റാലിന് പറ്റിയതുപോലെ തെറ്റ് പറ്റാം. പക്ഷെ അത് കമ്മ്യുണിസ്‌റ് രീതിയല്ല. അത് പോലെ ഭരണം പിടിച്ചെടുത്തശേഷവും കമ്മ്യുണിസ്റ്റ് പാതയില്‍ നിന്ന് വഴിമാറി പോകാം ഉദാഹരണത്തിന് റഷ്യയും ഉത്തര കൊറിയയും. ഇവിടെയാണ് ടോം തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നതു ഇതാണ്എല്ലാം എന്ന്.

ഇനി ഫാസിസം എന്താണ് ?

അവര്‍ക്കു മുതലാളിത്ത സാമ്പത്തിക സാമൂഹിക ക്രമത്തില്‍ യാതൊരു പരാതിയുമില്ല. അവര്‍ക്ക് അകെ പറയാനുള്ളത് ചില മനുഷ്യര്‍ മറ്റുള്ളവരെക്കാള്‍ കേമന്മാരാണ്. ആയതിനാല്‍ അവര്‍ മനുഷ്യന്റെ തുല്യതയിലുള്ള ഒരു ഭരണക്രമമല്ല, മറിച്ച് കേമന്മാരായ ചിലരുടെ കീഴില്‍ മറ്റുള്ളവര്‍ അവര്‍ക്കു വിധേയരായി കഴിയണം എന്നുമാണ്. അതിനു തയാറായില്ലെങ്കില്‍ അവരെ ബലപ്രയോഗത്തിലൂടെ അവരുടെ രീതിക്കനുസരിച്ചു മാറ്റുക അല്ലെങ്കില്‍ കൊല്ലുക എന്നതാണ്. ലോകത്തു നമ്മുടെ കണ്മുന്നില്‍ വളരെ ശക്തമായ ഫാസിസ്റ്റ് ഭരണ ചരിത്രം ഹിറ്റ്‌ലറുടേതാണ്. ഹിന്ദുക്കളുടെ അഥവാ ആര്യ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ഗീതം പാടുന്നതാണ് ഇന്ന് ഇന്ത്യ ഭരിക്കുന്ന ബിജെപി യുടെയും RSS ന്റെയും ഐഡിയോളജി. ഇതിനെ എതിര്‍ത്ത ഗാന്ധിജിയെ കൊന്നതിനു അവരുടെ ന്യായം അതാണ്.

ഇതിനെയാണ് ഫാസിസ്റ്റു രീതി എന്ന് പറയുന്നത്. ഈ സംഗതിയാണ് ടോം അന്ധമാരുടെ ആനക്കഥപോലെ ഫാസിസവും കമ്യൂണിസവും ഒരേ രീതിയില്‍ വ്യാഖ്യാനിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കമ്മ്യുണിസം വിമര്‍ശിക്കപ്പെടുന്നത് ഒരു അപ്രാപ്യമായ ഐഡിയോളജി എന്ന നിലയിലാണ്. അല്ലാതെ ഫാസിസിസത്തോട് ഉപമിച്ചല്ല. എന്നാല്‍ മുതലാളിത്തത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ എല്ലായ്‌പ്പോഴും ലോകം ഉറ്റുനോക്കിയത് മാര്‍ക്‌സിസത്തിലേക്കാണ്. ഉദാഹരണത്തിന് ഒക്ക്യുപ്പൈ വാള്‍സ്ട്രീറ്റ് സമരവും 35 വര്‍ഷത്തിലധികം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പിന്നാമ്പുറത്തു നിന്ന് ജെറെമി കോര്‍ബിന്‍ മൂന്നാംപുറത്തേക്കു യുവതലമുറ തള്ളികൊണ്ടുവന്നതും ഉദാഹരണമാണ്.

ഐഡിയോളജി നടപ്പിലാക്കുന്ന രീതിയിലെ കുഴപ്പമോ നടപ്പിലാക്കുന്ന വ്യക്തിയുടെ വീക്ഷണമോ തെറ്റായാല്‍ അതിനെ ഐഡിയോളജിയെയല്ല ഹേതുവായി കാണണ്ടത്. ഉദാഹരണത്തിന് സ്റ്റാലിനെ പോലെ തന്നെ ഗോര്‍ബച്ചേവിനും തെറ്റ്പറ്റി എന്ന് അദ്ദേഹം ഏറ്റുപറഞ്ഞത് അടുത്തയിടെയാണ്. മറിച്ച് ജനാധിപത്യത്തിനും ഇതേ അപകടം സംഭവിച്ചിട്ടുണ്ട്. ഏറ്റവും അടുത്തായി ടോണി ബ്ലെയര്‍ പാര്‍ലമെന്റിനോട് ആലോചിക്കാതെയാണ് ഇറാക്ക് യുദ്ധത്തിന് പുറപ്പെട്ടതും അതിന്റെ ഫലമായി ദശലക്ഷക്കണക്കിനു ആളുകള്‍ മരിച്ചതും ഇപ്പോഴും മരിച്ചുകൊണ്ടിരിക്കുന്നതും. മറ്റൊരു ജനാധിപത്യ ഭരണാധികാരികളായ അമേരിക്കയ്ക്ക് അധികാരം ദുര്‍വിനിയോഗം ചരിത്രമാണ്  പറയാനുള്ളത്. ലോകത്തൊരിടത്തും തങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ ഭരിക്കുവാന്‍ അമേരിക്ക സമ്മതിച്ചിരുന്നില്ല.

ചിലിയിലെ അലന്‍ഡെയെ സിഐഎയെ ഉപയോഗിച്ച് വെടിവെച്ചുകൊന്നതും വിയറ്റ്‌നാം തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ കൂട്ടക്കുരുതിയും ഓര്‍മ്മയുണ്ടോ? ക്യൂബ എന്ന കുഞ്ഞു രാജ്യം തങ്ങളുടെ വരുതിക്ക് നില്‍ക്കാത്തതിന് കാട്ടിയ മനുഷ്യത്വ രഹിത നിലപാടുകള്‍, ബംഗ്ലാദേശിലെ ജനങ്ങളുടെ സ്വാതന്ത്ര്യ സമരത്തിനെതിരെ പടക്കപ്പല്‍ അയച്ചത്, അതിനെ തടയിട്ടത് സ്റ്റാലിന്റെ തെറ്റ് ഏറ്റുപറഞ്ഞ കമ്മ്യുണിസ്റ്റ് റഷ്യ ആയിരുന്നു എന്ന കാര്യം ടോമിന് അറിയാഞ്ഞിട്ടല്ല. പക്ഷെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പ്ലെയറില്‍ അതൊന്നും റെക്കോര്‍ഡ് ചെയ്തിട്ടില്ല അത്രതന്നെ അതുകൊണ്ടു ഇതൊക്കെയാണെങ്കിലും എന്റെ പ്രിയ സുഹൃത്ത് പ്രത്യേകിച്ച് രാഷ്ട്രമീംമാസയില്‍ ബിരുദമുള്ള ടോം ശുഷ്‌കമായ അനുഭവവും ചുരുങ്ങിയ സംഭവങ്ങളുടെ അടിസ്ഥാനത്തിലും ഇങ്ങനെ പറയരുതേ. അല്ലെങ്കില്‍ നിങ്ങളെ വിശ്വസിക്കുന്ന പാവങ്ങളോട് സത്യസന്ധവും നീതിപൂര്‍വകമായ അറിവ് പങ്കു വെക്കലല്ല താങ്കള്‍ ചെയുന്നത് എന്ന് വിനീതമായി ഓര്‍മിപ്പിക്കേണ്ടിവരും.

സ്‌നേഹപൂര്‍വം
സുഗതന്‍ തെക്കേപ്പുര

ഈ സംവാദത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യമുള്ളവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ [email protected] എന്ന വിലാസത്തില്‍ അയച്ച് തന്നാല്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും

Copyright © . All rights reserved