Specials

യുകെ മലയാളി കൂട്ടായ്മയില്‍ തയ്യാറായ ”റെയിന്‍ബോ-FIVE” എന്ന മലയാളം ആല്‍ബം, റിലീസ് ആയി ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ആല്‍ബത്തിന്റെ ഫേസ്ബുക്ക് വീഡിയോ വേര്‍ഷന്‍ പതിനായിരക്കണക്കിന് പ്രേക്ഷകര്‍ കാണുകയും ഇതിനു മുന്‍പ് ഉള്ള റെയിന്‍ബോ സോങ്ങുകളെക്കാള്‍ മികച്ച വിജയം നേടി മുന്നേറുകയും ചെയ്യുന്നു. 2015 ല്‍ പുറത്തിറങ്ങിയ റെയിന്‍ബോ-FOUR മികച്ച പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു, വിജയ് യേശുദാസും, നയന നായരും ആലപിച്ച റെയിന്‍ബോ-FOUR ന്റെ വിജയത്തിന്റെ പാത പിന്തുടര്‍ന്നാണ് റെയിന്‍ബോ-FIVE ഇതിന്റെ അണിയറക്കാര്‍ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത ദക്ഷിണേന്ത്യന്‍ പിന്നണിഗായകന്‍ യാസീന്‍ നിസാര്‍ ആണ് റെയിന്‍ബോ-FIVE ആലപിച്ചിരിക്കുന്നത്, സംഗീത സംവിധായകന്‍ പ്രശാന്ത് മോഹനന്‍ വളരെ വ്യത്യസ്തമായ ഒരു പാട്ടാണ് ഇത്തവണ പ്രേക്ഷകര്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്, അതിനു വേണ്ടുന്ന ട്രെന്‍ഡിയും മോഡേണും ആയിട്ടുള്ള വരികള്‍ കൊച്ചി ക്ലബ് എഫ്എം റേഡിയോയിലെ ജോക്കി കൂടെ ആയ കാര്‍ത്തിക് എഴുതിയിരിക്കുന്നു.

പ്രവീണ്‍ പ്രകാശന്‍ സംവിധാനവും ഛായഗ്രഹണവും നിര്‍വഹിച്ചിട്ടുള്ള റെയിന്‍ബോ FIVE, സ്വന്തം ബാനര്‍ ആയ പിജികെ ക്രീയേഷന് വേണ്ടി ജിനോദ് കുമാര്‍ പിള്ള ആണ നിര്‍മ്മിച്ചിരിക്കുന്നത്. റെയിന്‍ബോയുടെ കഴിഞ്ഞ ഭാഗങ്ങളും നിര്‍മ്മിച്ച ജിനോദ് കുമാര്‍ ഈ അഞ്ചാം ഭാഗത്തില്‍ എത്തി നില്‍ക്കുമ്പോള്‍ പൂര്‍ണമായും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

നോര്‍വിച്ചില്‍ ഉള്ള അലീന കല്ലറക്കല്‍, സൗത്താംപ്ടണ്‍ നിവാസി ആയ അഖില്‍ ജോസഫ് ഓലേടത് എന്നിവരാണ് അഭിനേതാക്കള്‍.പാര്‍വതി പിള്ള ആണ് സഹ സംവിധാനവും കോറിയോഗ്രാഫും ചെയ്തിരിക്കുന്നത്. ക്രിസ് കബ്ബാള്‍ഡ്, ഷിബിന്‍ ജോസ്, അശ്വിന്‍ ഭാസ്‌കര്‍, സനില്‍ സത്യദേവ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

ലിവേര മ്യൂസിക്‌സിലെ റിജോ, ജോര്‍ജ് എന്നിവരാണ് ഓര്‍ക്കസ്ട്രഷന്‍, മിക്‌സിങ് നിര്‍വഹിച്ചിരിക്കുന്നത്. ഡോണ്‍ എബ്രഹാം, എഡിറ്റിംഗ്-VFX നിര്‍വഹിച്ചിരിക്കുന്നു. ശ്രീകുമാര്‍ വാരിയര്‍ ആണ് കളറിസ്റ്റ്. മനോഹരമായ ദൃശ്യവല്‍ക്കരണമാണ് ഈ ആല്‍ബത്തിന്റെ പ്രതേകത.

സോണി കെ. ജോസഫ്

മലയാളക്കരയെ ഞെട്ടിക്കാന്‍ ഇതാ ഒരു മലയാളി! കേട്ടാലും മതിവരാത്ത ഇമ്പമുള്ള ഗാനങ്ങളുടെ രചനയും സംവിധാനവും ആലാപനവുമൊക്കെയായി ഒരു മലയാളി ആസ്ട്രേലിയയില്‍ താരമാവുകയാണ്. ചരിത്രം ഉറങ്ങുന്ന മണ്ണില്‍ നിന്നും സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കടന്നുവരുന്ന ഈ വ്യക്തിയാണ് ആസ്ട്രേലിയലിലെ മെല്‍ബണ്‍ നിവാസിയും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സ്വദേശിയുമായ ശിവകുമാര്‍ വലിയപറമ്പത്ത്. പ്രവാസിയായി ജീവിക്കുമ്പോഴും സംഗീതത്തെയും നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന കണ്ണന്റെ പ്രിയ ഭക്തനായ ശിവകുമാര്‍ വലിയപറമ്പത്ത് സംഗീതത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കി സ്വന്തം ഉത്തരവാദിത്വത്തില്‍ ആവിഷ്‌ക്കരിച്ച ‘കണ്ണാ നീയെവിടെ’ എന്നാ ഭക്തിഗാന ആല്‍ബമാണ് ഇപ്പോള്‍ ആസ്ടേലിയയിലെ വിദേശമലയാളികളുടെ ഇടയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ അശരണര്‍ക്കും നിരാലംബര്‍ക്കും ആശ്രയമായി മാറാറുള്ള ശിവകുമാര്‍ തന്റെ ഇഷ്ടദേവനായ കണ്ണന് വേണ്ടി എഴുതിയ പത്ത് ഗാനശകലങ്ങള്‍ അടങ്ങുന്ന ഈ ആല്‍ബത്തില്‍ ഓരോ ജീവിതത്തിന്റെയും കണ്ണീരിന്റെ കഥ പറയുന്നു.

പ്രിയ കൂട്ടുകാരന്റെ കഥയില്‍ തുടങ്ങി നിരാശ്രയയായ ഒരമ്മയുടെ കദന കഥയില്‍ കൂടി ഈ ഗാനങ്ങള്‍ കടന്നു പോകുന്നു. ഓരോ ഗാനവും ഓരോ ജീവിത കഥയാണ്. താളം തെറ്റിയ മനസ്സുകളുടെയും അതേപോലെ സന്താന സൗഭാഗ്യത്തിനു കരഞ്ഞപേക്ഷിച്ചിട്ടും കണ്ണ് തുറക്കാത്ത കൃഷ്ണനോട് തന്റെ പിത്യവാത്സല്യത്തിന്റെ നൊമ്പരങ്ങളെ നെഞ്ചിലേറ്റി കണ്ണനോട് അപേക്ഷിക്കുന്ന കവി ഭാവനയാണ് കണ്ണാ നീയെവിടെ എന്ന പേരിനാധാരം. ഇതിലെ ഗാനങ്ങളുടെ രചനയും സംവിധാനവും ശിവകുമാര്‍ തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. പ്രശസ്ത ഗായികമാരായ സുജാതമോഹന്റെയും ഗായത്രിയുടെയും സ്വരമാധുര്യം ഭക്തിയുടെ നിര്‍വൃതിയില്‍ നമ്മെ ആഴ്ത്തുന്നു. കൂടാതെ സംഗീത സംവിധാന നിര്‍വ്വഹിച്ചിരിക്കുന്ന ശിവകുമാര്‍ ഇതില്‍ പാടുന്നു എന്നതാണ് ഒരു വലിയ പ്രത്യേകത.

 

ശിവകുമാറിനൊപ്പം ഗായിക ഹൈമയും ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആരും കാണാത്ത ചില ജീവിതങ്ങള്‍, അവരുടെ കഥ, മക്കളാല്‍ ഉപേക്ഷിക്കപെട്ട അമ്മ, കണ്ണനെ പ്രണയിച്ച കവയത്രി മീരാഭായ്, അക്രൂരനു കണ്ണന് നല്കിയ വരദാനം, അണി വാകച്ചാര്‍ത്ത്, ഗുരുവായുരപ്പ ദര്‍ശനം നിഷിദ്ധമാക്കപെട്ട ഗാനഗന്ധര്‍വ്വന്റെ മനോവ്യഥ, പൂന്താനത്തിന്റെ കൃഷ്ണ ഭക്തി, വിഷു നാളില്‍ കണ്ണന്റെ അലങ്കാരം, ഇവയെല്ലാം ഗാനങ്ങള്‍ രചിക്കാന്‍ തനിക്കു പ്രേരണ നല്‍കിയ ഘടകങ്ങള്‍ ആണെന്ന് ശിവകുമാര്‍ വലിയപറമ്പത്ത് പറഞ്ഞു. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചരിത്ര പുരാണ സിനിമയായ പോക്കര്‍ മൂപ്പറില്‍ സൂര്യകിരണങ്ങള്‍ എന്ന് തുടങ്ങുന്ന തന്റെ ഗാനം ജിവിതത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കണ്ണാ നീയെവിടെ ‘ എന്ന ഭക്തിഗാന ആല്‍ബം കാണാം.

ഫാ. ബിജു കുന്നയ്ക്കാട്ട്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് എഴുപത് വയസ് പൂര്‍ത്തിയായി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മേല്‍ക്കോയ്മയുടെ പതാക, എഴുപത് വര്‍ഷം മുന്‍പൊരു ഓഗസ്റ്റ് പതിനാല് അര്‍ദ്ധരാത്രിയില്‍ വീണ്ടും ഭൂമിയെ തൊട്ടപ്പോള്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും ഒരു ത്രിവര്‍ണ്ണ പ്താകയുടെ രൂപത്തില്‍ മുകളിയേക്കുയര്‍ന്നു. അഭിമാനത്തോടും അവകാശത്തോടും കൂടി അതിലേയ്ക്കു നോക്കിയവരെല്ലാം സ്ഥല-മത-ജാതി-ഭാഷകള്‍ക്കതീതമായി ആ നാട്ടില്‍ ഒന്നുചേര്‍ന്നു. ഇരുനൂറു വര്‍ഷത്തിലധികം നീണ്ട വൈദേശിക ആക്രമണത്തിനുപോലും അപഹരിച്ചെടുക്കാനാവാത്തത്ര സമ്പന്നമായ ഭാരതനാട്, ചോര്‍ന്നുപോയ ശക്തി വീണ്ടെടുത്ത് ഇന്ന് ലോകശക്തികളില്‍ അതികായനായിരിക്കുന്നു. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും സിക്കുകാരനും ജൈനനും പാഴ്സിക്കുമെല്ലാം ഈ നാടിന്റെ ഹൃദയത്തിലിടമുണ്ട്. ക്രിക്കറ്റുകളി കാണുമ്പോഴും യുദ്ധം വരുമ്പോഴും മാത്രമല്ല, എന്നും തങ്ങള്‍ ഒന്നാണെന്ന് ഈ രാജ്യം ലോകത്തോടു വിളിച്ചുപറയുന്നത് മറ്റുരാജ്യങ്ങള്‍ അത്ഭുതത്തോടെ നോക്കുന്നു.

സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ച് തുടങ്ങിയതുമുതല്‍ ഈ രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. ഭൂമിയും ആകാശവും കടന്ന് ബഹിരാകാശത്തും ഇന്ത്യ സജീവ സാന്നിധ്യമാണ്. കഴിവുകളും ഭാവനകളും ആശയങ്ങളും പുറത്തെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയുടെ എല്ലാ ജീവിതമേഖലകളിലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയുണ്ടാക്കി. മിക്ക വിദേശരാജ്യങ്ങളുടേയും ഭരണസിരാകേന്ദ്രം മുതല്‍ അടിസ്ഥാന ജോലി വിഭാഗങ്ങളില്‍ വരെ ഇന്ത്യന്‍ തലച്ചോറുകള്‍ പ്രവര്‍ത്തന നിരതമാണ്. ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന അടിസ്ഥാനത്തിലാണ് പ്രമാണം ഭാരതജനതയുടെ പ്രാര്‍ത്ഥനയും ലക്ഷ്യവുമായിരുന്നു. ‘സര്‍വ്വ ലോകത്തിനും സുഖം ഭവിക്കട്ടെ’ എന്ന ഈ പ്രാര്‍ത്ഥനയ്ക്ക് ആക്കം കൂട്ടിയതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യപ്രഖ്യാപനം.

പക്ഷേ, ഇന്ന് പുരോഗതിയുടെ പടവുകള്‍ ചവുട്ടിക്കയറുമ്പോള്‍ പലയിടത്തും സ്വാതന്ത്ര്യം ദുരുപയോഗിക്കപ്പെടുന്നു. അധികാരത്തിന്റെ വലിപ്പം സ്വാതന്ത്ര്യത്തിന്റെ അളവു നിശ്ചയിക്കാന്‍ തുടങ്ങുന്നിടത്ത് മറ്റുപലരുടെയും സമാനസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. ബഹുസ്വരതയാണ്, എല്ലാവരെയും ഉള്‍ക്കൊള്ളലാണ് ഭാരതത്തിന്റെ അന്തഃസത്തയും നാളിതുവരെയുള്ള പുരോഗതിയുടെ മൂലകാരണവുമെന്ന് സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ ഭാരത്തെ ഓര്‍മ്മിപ്പിച്ചു. പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും പേരില്‍ ചിലര്‍ അമിതസ്വാതന്ത്ര്യമെടുക്കുമ്പോള്‍ മറ്റുപലരുടേയും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ആവശ്യങ്ങളും പോലും കൂച്ചുവിലങ്ങിടപ്പെടുന്നു. വ്യക്തിത്വത്തിലും തൊഴിലിലും അഭിപ്രായങ്ങളിലും സ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോള്‍ 1947ല്‍ കിട്ടിയ സ്വാതന്ത്ര്യത്തിന്റെ സമഗ്രത പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്ത്രീകള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ല എന്ന് പരക്കെയുള്ള ആക്ഷേപം ഉറപ്പിക്കുന്ന രീതിയിലാണ് ഓരോ ദിവസവും പുതിയ പുതിയ സ്ത്രീപീഡന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നമ്മുടെ മുമ്പിലെത്തിക്കുന്നത്. മറ്റു പല രംഗങ്ങളിലും ലോകരാജ്യങ്ങളുടെ മുമ്പില്‍ അസൂയാര്‍ഹമായ നേട്ടമുണ്ടാക്കുമ്പോഴും ഈ കാര്യത്തില്‍ നാണംകെട്ട് തലകുനിക്കേണ്ടി വരുന്നു. ‘എവിടെ സ്ത്രീകള്‍ പൂജിക്കപ്പെടുന്നുവോ, അവിടെ ദേവതകള്‍ രമിക്കുന്നു’ എന്നും ‘മാതൃ ദേവോ ഭവ’ എന്നും ‘സ്ത്രീ ജന്മം പുണ്യജന്മം’ എന്നൊക്കെ പുസ്തകഭാഷയില്‍ പറയുമ്പോഴും ഇരുട്ടിക്കഴിഞ്ഞാല്‍ (ചിലപ്പോള്‍ പകല്‍ വെളിച്ചത്തിലും) ഒരാണ്‍ തുണയില്ലാതെ പുറത്തിറങ്ങി നടക്കാന്‍ നമ്മുടെ സഹോദരിമാര്‍ക്ക് കഴിയാത്ത അവസ്ഥ, ഒരു സ്ത്രീ വ്യക്തിത്വത്തെ അവളുടെ മഹിമകളോടുകൂടി അംഗീകരിക്കാനും അവരുടെ സ്വാതന്ത്ര്യത്തെ വിലമതിക്കാനുമുള്ള ബുദ്ധി വളര്‍ച്ച വരാത്ത ഒരു സമൂഹത്തിന്റെ കൂടി ചിത്രമാണ്. ഇരുട്ടുവാക്കിന്റെ മറവില്‍ ആക്രമിക്കപ്പെടുന്ന പാവം ജന്മങ്ങള്‍ മാത്രമല്ല, ലൈംലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ പോലും പല തരത്തില്‍ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുന്നു. തനിക്കുള്ളതുപോലെ, താനഗ്രഹിക്കുന്നതുപോലെയുള്ള സ്വാതന്ത്ര്യത്തിന് ബാക്കിയുള്ളവര്‍ക്കും അവകാശം ഉണ്ടെന്ന് കരുതാനുള്ള അടിസ്ഥാന, സാമാന്യ മര്യാദയിലേയ്ക്ക് നമ്മുടെ സമൂഹം ഇനിയും വളരേണ്ടിയിരിക്കുന്നു. ആ ബോധം വരാത്തവര്‍ക്ക് അതിനുള്ള മരുന്ന്, ശിക്ഷ നല്‍കപ്പെടണം, അതുകിട്ടുന്നവര്‍ക്കും കാണുന്നവര്‍ക്കും പാഠമാകുന്ന രീതിയില്‍. ഒളിക്യാമറയുടെ ചതിക്കുഴിയില്‍ വീഴാതിരിക്കാനും പൊതുവഴിയില്‍ ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ച് നടക്കാനുമുള്ള വ്യക്തിത്വ സ്വാതന്ത്ര്യം നമ്മുടെ പെണ്‍സമൂഹത്തിന് ഇനിയും കിട്ടേതുണ്ട്. ഒരു സ്ത്രീയെ ഒറ്റയ്ക്ക് കാണുന്ന അവസരം അവളെ ആക്രമിക്കാനുള്ള അവസരമായല്ല, അവളെ സംരക്ഷിക്കാനുള്ള കടമയായി ഓരോരുത്തരും മനസിലാക്കുന്ന ഔന്നത്യത്തിലേയ്ക്ക് വളരണം.

ജോലി സ്വാതന്ത്ര്യം തത്തുല്യമായ കൂലി സ്വാതന്ത്ര്യവും ഈ നാളുകളില്‍ വന്‍ ചര്‍ച്ചാവിഷയമായി. നേഴ്സ് സഹോദരങ്ങളുടെ വേതന വ്യവസ്ഥയിലെ ശോച്യാവസ്ഥ പരിഹരിക്കപ്പെട്ടുവരുന്നു. ചെയ്യുന്ന ജോലിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് വ്യക്തികള്‍ ബഹുമാനിക്കപ്പെടുന്ന കാലം പണ്ടേ മാറേണ്ടിയിരിക്കുന്നു. മാന്യമായ എല്ലാ ജോലി മേഖലകളും ബഹുമാനിക്കപ്പെടേണ്ടതു തന്നെയാണ്. രജനികാന്ത് നായകനായ ‘ചന്ദ്രമുഖി’ എന്ന തമിഴ് സിനിമയിലെ ‘ദേവൂഡ ദേവൂഡ’ എന്നാരംഭിക്കുന്ന ഹിറ്റ് ഗാനത്തിലെ വരികള്‍ പോലെ, ‘മുടിവെട്ടുന്ന തൊഴില്‍ ചെയ്യുന്നവര്‍ ഇല്ലെങ്കില്‍ നമുക്കെല്ലാം എന്ത് അഴകാണുള്ളത്? നദിയിലെ വെള്ളത്തില്‍ നിന്ന് തുണി കഴുകുന്നവര്‍ ഇല്ലെങ്കില്‍ നമ്മുടെ അഴുക്കുകള്‍ പോകുമോ? എന്തു തൊഴില്‍ ചെയതാലും അത് ദൈവത്തിനു ചേര്‍ന്ന തൊഴിലാണെങ്കില്‍ അതു നല്ലതുതന്നെ”. മറ്റുള്ളവരുടെ അദ്ധ്വാനഫലത്തിന്റെ പങ്കുപറ്റി ക്രിയാത്മകമായ ഉത്തരവാദിത്തങ്ങളിലൊന്നും ഏര്‍പ്പെടാതെ ഇത്തിള്‍ക്കണ്ണികളായും ചുറ്റുമുള്ളവരുടെ ചോരയൂറ്റിക്കുടിച്ചു ജീവിക്കുന്ന മൂട്ടകളായും കഴിയുന്നവര്‍ സ്വയം ചിന്തിക്കട്ടെ. എല്ലാത്തരം തൊഴിലുകളും ബഹുമാനിക്കപ്പെടാനും തൊഴില്‍ ചെയ്യുന്നവരുടെ അവതാശങ്ങളെയും സ്വാതന്ത്ര്യത്തെയും അംഗീകരിക്കപ്പെടാനും ഇവിടെ നിയമമുണ്ടാവണം. നോക്കി നില്‍ക്കുന്നതിനു പോലും കൂലി കൊടുക്കേണ്ടിവരുന്ന നാട്ടില്‍ തൊഴില്‍ സ്വാതന്ത്ര്യം പുനര്‍ നിര്‍ണ്ണയിക്കേണ്ടതുണ്ട്.

മതസ്വാതന്ത്ര്യം ഹനിക്കപ്പെടുമ്പോഴും മാധ്യമസ്വാതന്ത്ര്യം അതിരുവിട്ട് വ്യക്തിസ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നുകയറുമ്പോഴും കൊടുക്കുന്ന പണത്തിന് തുല്യമായ മൂല്യമുള്ള വസ്തു കിട്ടാതിരിക്കുമ്പോഴും വ്യാപാര ഇടപാടുകളില്‍ സത്യസന്ധത നഷ്ടപ്പെടുമ്പോഴുമൊക്കെ സ്വാതന്ത്ര്യത്തിന്റെ വിവിധ മാനങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയാണ്. മെഴുകില്‍ പൊതിഞ്ഞ ആപ്പിള്‍ മേടിക്കേണ്ടി വരുന്നവര്‍ക്കുമൊക്കെ നല്ലതും ശുദ്ധമായത് കിട്ടാനുള്ള സ്വാതന്ത്ര്യവും അവകാശവും ഹനിക്കപ്പെടുകയാണ്. കര്‍ക്കശമായ നിയമവ്യവസ്ഥയുടെ പാലനത്തിലൂടെയും സാമ്പത്തിക രംഗത്തെ സുതാര്യത പ്രാവര്‍ത്തികമാക്കുന്നതിലൂടെയും ഇന്ത്യയിലെ എല്ലാ ജനങ്ങളെയും മനസില്‍ കണ്ട് അവരുടെ ഉന്നമനത്തിനും സുരക്ഷയ്ക്കുമായി രൂപം കൊടുക്കുന്ന പദ്ധതികളിലൂടെയും മാത്രമേ സമഗ്രമായ രാഷ്ട്ര വളര്‍ച്ചയും സ്വാതന്ത്ര്യത്തിന്റെ, ഉത്തരവാദിത്വപൂര്‍ണമായ സ്വാതന്ത്ര്യത്തിന്റെ ഫലപ്രാപ്തിയും സാധ്യമാകൂ. എന്നാല്‍ ഈ സാമൂഹിക-രാഷ്ട്രീയ സ്വാതന്ത്ര്യം ഉത്ഭവിക്കുന്നതാകട്ടെ ഓരോ വ്യക്തികളുടെ മനസിലും.

താന്‍ അനുഭവിക്കുന്ന ആത്മീയ -മാനസിക സ്വാതന്ത്ര്യമാണ് ഒരാള്‍ സമൂഹത്തിലേയ്ക്ക് പടുത്തുയര്‍ത്തുന്നത്. ഏതെങ്കിലും കാരണങ്ങളാല്‍ മനസിലും ആത്മാവിലും അരക്ഷിതത്വവും പാരതന്ത്ര്യവും അനുഭവിക്കുന്നവരാണ് മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും മാനിക്കാന്‍ മടിക്കുന്നത്. രാഷ്ട്രീയമായോ, വ്യക്തിപരമായോ, ശാരീരികമായോ, മാനസികമായോ മറ്റേതെങ്കിലും രീതിയിലോ ഇന്നു പലരും എന്തിന്റെയെങ്കിലുമൊക്കെ അടിമകളാണ്. മദ്യത്തിന്റെ, മയക്കുമരുന്നിന്റെ, സുഖഭോഗങ്ങളുടെ അങ്ങനെ പലരും ഭൗതികമായി നമ്മെ നിയന്ത്രിക്കുന്ന പലതിലൂടെയും കടന്നുപോകേണ്ടി വന്നാലും മനസിന്റെ സ്വാതന്ത്ര്യം ആര്‍ക്കും ഒന്നിനും അടിയറ വയ്ക്കാതിരിക്കുന്നത്രേത സര്‍വ്വപ്രധാനം. ‘കൊല്ലാം, പക്ഷേ തോല്‍പിക്കാനാവില്ല’ എന്ന പ്രഖ്യാപനമൊക്കെ ഈ കീഴടങ്ങാത്ത മനസിന്റെ തെളിവാണ്.

ആഗസ്റ്റ് 15-ന് തന്നെ പരി. മറിയത്തിന്റെ സ്വാര്‍ഗ്ഗാരോപണ തിരുനാളിന്റെ പ്രസക്തിയും ഇതുതന്നെയാണ്. ജീവിതത്തിന്റെ വര്‍ണനാതീതമായ പല ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയപ്പോഴും ദൈവത്തിനു മാത്രമായി സമര്‍പ്പിച്ച ജീവിതവും മനസും ആത്മാവും മറ്റൊന്നിനും സമര്‍പ്പിക്കാതിരുന്നതാണ് മറിയത്തിന്റെ ആത്മീയ സ്വാതന്ത്ര്യമായി നാം മനസിലാക്കുന്നത്. മറ്റൊരു തരത്തില്‍, ദൈവത്തിനു സ്വയം സമര്‍പ്പിച്ചവരെ, മറ്റൊന്നിനും അടിമകളാക്കാന്‍ സാധിക്കില്ല എന്നു സാരം.

ആത്മീയ സ്വാതന്ത്ര്യത്തിന്റെ മാതൃകയും പ്രഘോഷകവുമായ പരി. മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന്റെയും സപ്തതി പൂര്‍ത്തിയാക്കിയ ഭാരത സ്വാതന്ത്ര്യത്തിന്റെയും പ്രാര്‍ത്ഥനാപൂര്‍ണമായ മംഗളങ്ങള്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു. ഈ ‘രണ്ട് അമ്മമാര്‍’ നല്‍കുന്ന മാതൃകയും സ്നേഹവും ഇരട്ടി മധുരമായി എന്നും മനസിലും ജീവിതത്തിലും പ്രചോദനമാവട്ടെ എന്ന ആശംസയോടെ നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ജോളി ജോണ്‍സ്

വിശുദ്ധിയുടെ പാരമ്യതയിലേയ്ക്ക് ഉയരുവാന്‍ ദൈവം തന്ന സമ്മാനമാണ് ഓരോ ജീവിതാനുഭവങ്ങളും. നിങ്ങള്‍ മനസിലാക്കുക. ഈ ഭൂമിയില്‍ ഇന്നോളം പെയ്ത ഓരോ മഴയും തോരാതിരുന്നിട്ടില്ല. ഒരു രാത്രിയും ഒരവസാനമല്ല. ഒരു രാവും പുലരാതിരുന്നിട്ടില്ല. ഒപ്പം ഒരു നോവും കുറയാതിരുന്നിട്ടുമില്ല. അതെ സുഹൃത്തുക്കളെ വേദന മാറിപ്പോകും. കണ്ണുനീര്‍ മാറി പോകും. ഇവയെ സ്വീകരിക്കാനുള്ള കരുത്ത് ലഭിക്കുമ്പോള്‍. ആ കരുത്താണ് നമ്മുടെ ദൈവം. ദൈവം നമ്മോട് കൂടെയുള്ളപ്പോള്‍ നമുക്ക് മറികടക്കാന്‍ സാധിക്കാത്ത ഒരു രാത്രിയോ. ഒരു നോവോ. ഒരു പേമാരിയോ ഇല്ല. ഒരു കൊച്ചു കഥ ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. ഹിമാലയത്തിലേക്ക് യാത്ര പോയ സന്യാസിയുടെ കഥ. കുത്തനെയുള്ള കയറ്റം ഏറെ പ്രയാസപ്പെട്ട് അദ്ദേഹം കയറിത്തുടങ്ങി. ആകെ വിയര്‍ത്തു, ശ്വാസം തിങ്ങി. മലനിരകളുടെ മുകളിലെത്തിയപ്പോള്‍ ഒരു കാഴ്ച്ച അദ്ദേഹത്തെ വല്ലാതെ പിടിച്ചുലച്ചു.

ഒരു കൊച്ചു പെണ്‍കുട്ടി അവളുടെ കുഞ്ഞനുജനെ തോളിലേറ്റി കയറ്റം കയറുന്നു. അവളും നന്നേ ക്ഷണിച്ചിട്ടുണ്ട്. സഹതാപത്തോടെ അവളോട് ചോദിച്ചു: ‘മോളേ, എന്തൊരു കയറ്റമാണ് ! ഇത്രയും ഭാരം തോളിലേറ്റി നടക്കുമ്പോള്‍ മോള്‍ക്ക് പിന്നെയും ക്ഷീണം കൂടില്ലേ ?’. അവള്‍ സന്യാസിയെ ഒന്ന് നോക്കി. പിന്നെ പറഞ്ഞു. ‘ഇത് ഭാരമല്ല, എന്റെ കുഞ്ഞനുജനാണ്. ‘ അതീവ സുന്ദരമായ സ്‌നേഹ പ്രഖ്യാപനം!

എവിടെ സ്‌നേഹം തുടിക്കുന്നുവോ, അവിടെ ഭാരങ്ങളില്ല, ക്ഷീണമില്ല, വെയിലും മഴയും മലയും ഒരു പ്രശ്‌നമേയല്ല. ആ സ്‌നേഹമാണ് ദൈവം. അവിടുന്ന് നമ്മളോട് കാട്ടുന്നതും ഇതുതന്നെ. അത് മനസിലാക്കാന്‍ അവിടുത്തെ മക്കള്‍ക്ക് സാധിച്ചാല്‍ മതി. ഏവര്‍ക്കും പ്രിയങ്കരനായ മുന്‍ രാഷ്ട്രപതി ഏ. പി. ജെ അബ്ദുള്‍ കലാം ഒരിക്കല്‍ പറഞ്ഞു. ഒരു വീടിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിന്റെ വാതില്‍ എത്രയോ ചെറുതാണ്. വാതിലിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അതിന്റെ ലോക്ക് തീരെ ചെറുതും. എല്ലാത്തിലും ചെറുതായി അതിന്റെ താക്കോലും.

ഒരു താക്കോല്‍ മതി ആ വീട് മുഴുവന്‍ തുറക്കാന്‍. ഒരു ചെറിയ നല്ല തീരുമാനം മതി വലിയ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍. അതെ സുഹൃത്തുക്കളെ സൗഹൃദങ്ങള്‍ ഭാരമാകാതിരിക്കട്ട. ജീവിതയാത്രകള്‍ തളരാതിരിക്കട്ടെ. അതിന് നമ്മള്‍ ഒന്നേ ചെയ്യേണ്ടൂ. എല്ലാത്തിലും സ്‌നേഹസമ്പന്നനും നമ്മുടെ വേദനകള്‍ ഏറ്റെടുക്കുവാന്‍ ശക്തനുമായ ദൈവത്തെ ദര്‍ശിക്കുവാന്‍ സാധിക്കണം. അപ്പോള്‍, ചെറുതാണെങ്കിലും നിങ്ങള്‍ എടുക്കുന്ന ദൈവഹിതത്തിനനുസരിച്ചുള്ള നല്ല തീരുമാനങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമായ ലക്ഷ്യത്തിലെത്തിക്കും. തീര്‍ച്ച

ഫാ.ബിജു കുന്നയ്ക്കാട്ട്

ചുറ്റുമുള്ളവരെ സ്വാധീനിച്ചും പ്രചോദിപ്പിച്ചും കടന്നുപോകുന്ന അസാധാരണ വ്യക്തിത്വങ്ങളെയാണ് ഇതിഹാസ ജീവിതങ്ങളെന്ന് വിശേഷിപ്പിക്കുന്നത്. ഇതിഹാസങ്ങളായി ചില കൃതികള്‍ മാത്രം പരിചയപ്പെട്ടിട്ടുള്ളവരുടെ മുമ്പില്‍ ചില വ്യക്തിപ്രഭാവങ്ങള്‍ ഇതിഹാസവും ചരിത്രവുമായി മാറുന്നു. വിവിധ കാലഘട്ടങ്ങളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനിതര സാധാരണമായ സവിശേഷതകള്‍ കൊണ്ട് കാലത്തിനും അനവധി ജീവിതങ്ങള്‍ക്കും ദിശാബോധം നല്‍കിയ ഈ ശ്രേഷ്ഠ ജന്മങ്ങള്‍ എല്ലാ ജീവിതരംഗങ്ങളില്‍ നിന്നും പിറവിയെടുത്തിട്ടുണ്ട്. അസാമാന്യ മനോധൈര്യംകൊണ്ട് മരണത്തെപ്പോലും വിറപ്പിക്കുകയും ജീവിതദുരന്തങ്ങളെ എങ്ങനെ നേരിടുകയും ചെയ്യണം എന്നു പറഞ്ഞ ഒരു സാധാരണക്കാരിയുടെയും അവളുടെ കുടുംബത്തിന്റെയും വാര്‍ത്തയാണ് ഇതിഹാസസമാനമായി ഇന്ന് ലോകം നോക്കിക്കാണുന്നത്.

ക്യാന്‍സര്‍ ബാധിച്ചു മരിച്ച ഭാര്യയെക്കുറിച്ച് ഒരു ഭര്‍ത്താവ് ഫേസ്ബുക്കില്‍ കുറിച്ച വരികളാണ് ഇന്ന് അദ്ഭുതത്തോടെ വായിക്കപ്പെടുന്നത്. പട്ടാമ്പി സ്വദേശിയായ രമേഷ്‌കുമാ എന്ന ചെറുപ്പക്കാരനാണ് അകാലത്തില്‍ വേര്‍പിരിഞ്ഞ തന്റെ ജീവിതസഖിയെ അഭിമാനതത്തോടെ ഓര്‍മ്മക്കുറിപ്പില്‍ അനുസ്മരിച്ചത്. ക്യാന്‍സര്‍, നിനക്കെന്റെ ശരീരത്തെയേ തളര്‍ത്താന്‍ പറ്റൂ, എന്റെ മനസനെ തളര്‍ത്താന്‍ പതിനായിരം തവണ ശ്രമിച്ചാലും നടക്കില്ലെന്നാണ് രമേഷിന്റെ ഭാര്യ അച്ചു പറഞ്ഞത്. കീമോതെറാപ്പിയുടെ കടുത്ത ബുദ്ധിമുട്ടുകള്‍ക്കിടയിലും കൊച്ചിയിലെത്തിയ സച്ചിന്‍ ടെന്‍ഡില്‍ക്കറിനെ കാണണമെന്ന അവളുടെ അടങ്ങാത്ത ആഗ്രഹത്തിനു മുന്നില്‍ വേദനയ്ക്കും ക്ഷീണത്തിനും വഴി മാറിക്കൊടുക്കേണ്ടി വന്നു മരണത്തെ മുന്നില്‍ കാണുമ്പോഴും അപാരമായ അഭിനിവേശത്തോടെ ജീവിതത്തെ പുല്‍കിയ ഈ ഇതിഹാസ സഹോദരിക്കും ഒരിഞ്ചുപോലും കുറയാതെ കൂടെ നിന്ന ഭര്‍ത്താവിനും ഒരു ബിഗ് സല്യൂട്ട്. കൊച്ചി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഇരമ്പിയാര്‍ക്കുന്ന കാണികളുടെ കൂടെയിരുന്ന് ആര്‍ത്തുവിളിച്ച് അവര്‍ സച്ചിനെ കാണുകതന്നെ ചെയ്തു. ദൃഢനിശ്ചയത്തിന്റെയും മനോധൈര്യത്തിന്റെയും ഇതിഹാസം ക്രിക്കറ്റ് ലോകത്തെ ഇതിഹാസപുരുഷനെ കണ്ടു.

ചെറിയ പ്രതിസന്ധികള്‍ക്കു മുന്നില്‍ മനസു മടുക്കുകയും ജീവിതത്തിന്റെ പ്രത്യാശ നഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്കുള്ള സുവിശേഷമാണ് അച്ചുവിന്റെയും രമേഷ് കുമാറിന്റെയും കുടുംബത്തിന്റെ ജീവിതം. പ്രഭയാര്‍ന്ന മൂന്ന് ഉള്‍ക്കാഴ്ചകള്‍ ഈ കുടുംബം ലോകത്തിനു തരുന്നുണ്ട്. പ്രതിസന്ധികളില്‍ എങ്ങനെ തളരാതിരിക്കാം എന്നതിന്റെ അനുഭവപാഠമാണ് ഒന്നാമത്തേത്. ആരും തളര്‍ന്നുപോകുന്ന ക്യാന്‍സര്‍ എന്ന മാരക രോഗത്തിന്റെ മുമ്പിലും ഇവര്‍ നട്ടെല്ല് നിവര്‍ത്തി നിന്നു. വന്നുചേര്‍ന്ന മഹാദുരന്തത്തെയോര്‍ത്ത് ശിഷ്ടകാലം കണ്ണീരൊഴുക്കി തീര്‍ക്കാനായിരുന്നില്ല അവരുടെ തീരുമാനം. ജീവിതം ജീവിച്ചു ജീവിച്ചു തീര്‍ക്കാനാണവര്‍ തീരുമാനിച്ചത്. ജീവിതത്തിന്റെ മുമ്പില്‍ കാലങ്ങളെ നോക്കാതെ ഈ നിമിഷത്തിന്റെ സൗന്ദര്യം കാണാന്‍ സാധിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യം. സാധാരണ പറയാറുണ്ട്. If ou are depressed you are living in the past. If you are anxious, you are living in the future. If you are at peace, you are living in the present. വരാനിരിക്കുന്ന അനിവാര്യമായ സങ്കടങ്ങളെ ഓര്‍ത്ത് കണ്‍മുന്നിലുള്ള നിമിഷങ്ങളുടെ സൗന്ദര്യത്തെ കളയാതെ ജീവിതത്തെ പ്രസന്നമായ മനസാല്‍ മനോഹരമാക്കിയതാണ് അച്ചുവും രമേഷും ലോകത്തോട് പറഞ്ഞ സുവിശേഷം. കണ്‍മുന്നിലുള്ള ജീവിതവും അവസരവും ദൈവം ഇപ്പോഴത്തേക്ക് മാത്രം തന്നിരിക്കുന്ന സമ്മാനമാണെന്ന തിരിച്ചറിവാണ് ഓരോരുത്തര്‍ക്കും വേണ്ടത്. Past is history, future oie mystery, but present is a gift, That is why it is known as present. അതേ, ഓരോ നിമിഷവും ദൈവം തന്നിരിക്കുന്ന സമ്മാനമാണ്. ഇന്ത്യയുടെ മിസൈല്‍മാന്‍ ഡോ.എപിജെ അബ്ദുള്‍കലാമിന്റെ വാക്കുകളില്‍ Pst is a wastepaper, Future is aquestion paper, but present is the newspaper- read and write carefully, otherwise it will become tissue paper. തന്റെ ജീവിതത്തെ ടിഷ്യുപേപ്പര്‍ ആക്കാതെ ഇന്നും ലോകം ആദരവോടെ വായിക്കുന്ന ന്യൂസ്‌പേപ്പറും ഇതിഹാസവും ആക്കി മാറ്റാന്‍ അച്ചുവിനെ പ്രാപ്തയാക്കിയത് ജീവിതത്തോടുള്ള അവളുടെ കാഴ്ചപ്പാടായിരുന്നു.

ലക്ഷ്യം നേടാനുള്ള ഉല്‍ക്കടമായ ആഗ്രഹവും പരിമിതികള്‍ വകവയ്ക്കാതെ അതിനായി നടത്തിയ അദ്ധ്വാനവുമാണ് ഇവരുടെ ജീവിതം നല്‍കുന്ന രണ്ടാമത്തെ പാഠം. അജ്ഞാതനായ ഒരു പ്രസിദ്ധ ഗ്രന്ഥകാരന്റെ ഓര്‍മ്മപ്പെടുത്തല്‍ ഇങ്ങനെയാണ്. The task ahead of you is never greater than the strength within you. മനസിലെ ധൈര്യത്തിന് മറികടക്കാന്‍ ആവാത്ത പ്രതിബന്ധങ്ങളിലും വലിയ നേട്ടങ്ങളൊന്നും എളുപ്പത്തില്‍ നേടാനാവുന്നില്ലെന്ന് അറിയുന്നതാണ് തിരിച്ചറിവിന്റെ ബാലപാഠങ്ങളിലൊന്ന്. ഓരോ കാര്യത്തിനും ധൈര്യമായി മുന്നിട്ടിറങ്ങാനുള്ള പ്രേരകശക്തി അതിന്റെ പിന്നിലെ ആഗ്രഹത്തിന്റെ തീക്ഷ്ണത അനുസരിച്ചായിരിക്കും. ഈ ആഗ്രഹങ്ങള്‍ തരുന്നതാകട്ടെ ഉദാത്തമായ സ്വപ്‌നങ്ങളും. ഇന്ത്യന്‍ ജനതയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മഹാനായ അബ്ദുള്‍ കലാമിന്റെ വാക്കുകളില്‍ ‘ഉറക്കത്തില്‍ കാണുന്നതല്ല സ്വപ്നം, ഉറങ്ങാതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതാണ് സ്വപ്‌നം’. You will become what you think എന്ന അടിസ്ഥാന മനശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ ചിന്തകള്‍ സ്വപ്‌നങ്ങളായി രൂപപ്പെടുകയും അത് ആഗ്രഹമായി വളര്‍ന്ന് ധൈര്യത്തിന്റെ ചുവടുകള്‍ വെക്കുകയും ചെയ്യുമ്പോള്‍ പതിവുകള്‍ക്ക് മാറ്റമുണ്ടാകുന്നു, പുതുചരിത്രം പിറക്കുന്ന, ജീവിതങ്ങള്‍ ഇതിഹാസങ്ങളാകുന്നു.

ദാമ്പത്യ സ്നേഹത്തിന്റെയും കരുതലിന്റെയും പരസ്പര സമര്‍പ്പണത്തിന്റെയും ആദര്‍ശ രൂപമായാണ് ഈ ദമ്പതികള്‍ മൂന്നാമത്തെ പാഠം ലോകത്തിന് നല്‍കുന്നത്. തന്റെ ഭാര്യക്ക് മാറാരോഗമാണെന്ന് അറിഞ്ഞിട്ടും ഇഷ്ടം കുറയാതെയും വിട്ടുപോകാതെയും കൂടെ നിന്നും എന്നുമാത്രമല്ല അവളെ കൂടുതലായി സ്നേഹിക്കുകയും ഏതൊരു രോഗിയും ആഗ്രഹിക്കുന്ന സ്നേഹവും പരിചരണവും നല്‍കി എന്നതുമാണ് രമേഷ് കുമാര്‍ എന്ന ചെറുപ്പക്കാരനെ ഉത്തമനായ ഭര്‍ത്താവിന്റെ തലത്തിലേക്കുയര്‍ത്തിയത്. സുഖങ്ങളില്‍ മാത്രമല്ല, ദുഃഖങ്ങളിലും ഒരേ മനസോടെ കഴിയേണ്ടവരാണ് ദമ്പതികള്‍. ഉദാത്തമായ ദാമ്പത്യ സ്നേഹം ഇവര്‍ പരസ്പരം സൂക്ഷിച്ചു. സ്നേഹവും പ്രേമവും കേള്‍ക്കുമ്പോള്‍ ഒരുപോലെ തോന്നുമെങ്കിലും പ്രായോഗികതലത്തില്‍ വ്യത്യസ്തമായി കാണാറുണ്ട്. ഏതെങ്കിലും പ്രത്യേക ഗുണങ്ങളാല്‍ ആകൃഷ്ടരായി മറ്റൊരാളോടു തോന്നുന്ന ഇഷ്ടമാണ് പ്രേമം. ആ പ്രത്യേക കഴിവ് (സൗന്ദര്യം, ആരോഗ്യം, ധനം) നഷ്ടപ്പെടുമ്പോള്‍ ഇഷ്ടവും തീരുന്നു. കുറവുകളോടും മേന്മകളോടും കൂടി ഒരാളായിരിക്കുന്ന അവസ്ഥയില്‍ തന്നെ അയാളെ സ്വീകരിക്കാന്‍ പറ്റുന്നതാണ് സ്നേഹം. ജീവിതത്തില്‍ എന്ത് പ്രതിബന്ധങ്ങള്‍ ഇടയ്ക്ക് വന്നാലും ഈ സ്നേഹത്തിന് കുലുക്കമുണ്ടാവുകയില്ല.

അവസാന ആഗ്രഹമെന്നോണം തന്റെ ഭാര്യ ഒരു കാര്യം ആവശ്യപ്പെട്ടപ്പോള്‍ അതിനുവരാവുന്ന തടസ്സങ്ങളെക്കുറിച്ച് ചിന്തിച്ച് ശ്രമം ഉപേക്ഷിക്കാതെ ഭാര്യയുടെ മനസ് മനസിലാക്കാന്‍ രമേഷ് കുമാര്‍ എന്ന ഭര്‍ത്താവ് കാണിച്ച സന്മനസിന് കൂടിയാണ് ഇന്ന് ലോകം കയ്യടി നല്‍കുന്നത്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം മനസിലാക്കുന്നിടത്തും അംഗീകരിക്കുന്നിടത്തും കുറവുകള്‍ ഒരിക്കലും പ്രശ്നമാകുന്നില്ല. പതികളുമുണ്ടാകുന്നില്ല. പരസ്പര സ്നേഹവും പരസ്പര ബഹുമാനവുമാണ് (എഫേനോസ് 5:33) കുടുംബജീവിതത്തിന്റെ അടിത്തറ. കൂടുമ്പോള്‍ ഇമ്പം ഉള്ളതാണ് കുടുംബം എന്നു പറയാറുണ്ടെങ്കിലും ഇമ്പം തനിയെ ഉണ്ടാകുന്നതല്ലെന്നും ദമ്പതികള്‍ ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്നതാണെന്നും ഇവര്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു.

സത്യമായിട്ടുള്ളതെല്ലാം കണ്ണുകൊണ്ട് കാണാനാവാത്തവയാണെന്നതാണ് പരമമായ ഒരു യാഥാര്‍ത്ഥ്യം. ധൈര്യം, കരുണ, സ്നേഹം, ബുദ്ധി, വിവേകം, അഭിമാനം, ആത്മാര്‍ത്ഥത, ആത്മവിശ്വാസം ഇതെല്ലാം മനുഷ്യനില്‍ മറഞ്ഞിരിക്കുന്നു, അവന്റെ പ്രവൃത്തിയിലൂടെ പ്രകടമാകുന്നു. പരമസത്യമായ ദൈവവും അങ്ങനെ തന്നെ. ദൈവദത്തമായ ഇത്തരം നന്മകളില്‍ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേര്‍സാക്ഷ്യങ്ങളും മൂര്‍ത്ത രൂപങ്ങളുമായി രമേഷ് – അച്ചു ദമ്പതികളുടെ ജീവിതം സമകാലിക ഇതിഹാസമായി മാറിയിരിക്കുന്നു. ‘വീഴുന്നതല്ല, വീണിടത്തു കിടക്കുന്നതാണ് പരാജയം’ എന്ന മഹത് വചനത്തിന് ജീവിതത്തിലൂടെ നല്‍കിയ മറുപടിയും ജീവിതം ജീവിച്ചു തന്നെ തീര്‍ത്തതിന്റെ മാതൃകയും അവസാന ശ്വാസം വരെ ഉയര്‍ത്തിപ്പിടിച്ച ദാമ്പത്യ സ്നേഹത്തിന്റെ മഹനീയതയും സമാന പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവര്‍ക്ക് ആശ്വാസവും പ്രചോദനവുമാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ

നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്‍വം ആശംസിക്കുന്നു. ഫാ.ബിജു കുന്നയ്ക്കാട്ട്

 

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

ഷിബു മാത്യൂ.
അമ്മേ മരിയേ വാല്‍സിംഹാമിലെ മാതാവേ…..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ….

ജൂലൈ പതിനാറ്. ‘വാല്‍സിംഹാം തീര്‍ത്ഥാടനം’. മരിയ ഭക്തിയില്‍ വാല്‍സിംഹാം നിറഞ്ഞ ദിവസം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിന് ശേഷം രൂപതയിലെ വിശ്വാസികള്‍ നടത്തിയ ആദ്യ തീര്‍ത്ഥാടനമാണ് വാല്‍സിംഹാമില്‍ നടന്നത്. അതും, രൂപതയുടെ ഒന്നാം വയസ്സില്‍ തന്നെ. രൂപതാധ്യക്ഷനും വൈദീകരുമുള്‍പ്പെടെ പതിനായിരത്തില്‍പ്പരം വിശ്വാസികളാണ് വാല്‍സിംഹാമിലെ ദേവാലയ തിരുമുറ്റത്തെത്തിയത്. വാല്‍സിംഹാമിലെ മാതാവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ മാസങ്ങളായി ആത്മീയമായിട്ടൊരുങ്ങുകയായിരുന്നു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മലയാളി ക്രൈസ്തവര്‍.

അമ്മേ കന്യകയേ.. അമലോത്ഭവയേ..
ഇംഗ്ലണ്ടിന്‍ നസ്രത്താം വാല്‍സിംഹാമിന്‍ മാതാവേ… എന്നു തുടങ്ങുന്ന പരിശുദ്ധ അമ്മയുടെ സ്‌നേഹം തുളുമ്പുന്ന ഹൃദയസ്പര്‍ശിയായ ഗാനം വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെ ഭക്തിനിര്‍ഭരമാക്കി. പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിച്ചു കൊണ്ടുള്ള ഈ ഗാനമായിരുന്നു തീര്‍ത്ഥാടന ദിവസം മുഴുവന്‍ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത്. തീര്‍ത്ഥാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും
സീറോ മലബാര്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ഇപ്പോഴും ഈ ഗാനം മുഴങ്ങുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ തീര്‍ത്ഥാടനം മലയാളം യുകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുകെയുടെ വിവിധ ഭാഗത്തു നിന്നുമെത്തിയ
ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരേ ഗാനം പാടി പ്രാര്‍ത്ഥിക്കുന്നതു കാണുകയും, കേള്‍ക്കുന്തോറും പിന്നെയും കേള്‍ക്കാന്‍ തോന്നുമെന്ന് വിശ്വാസികളുടെ ചുണ്ടില്‍ നിന്ന് നേരിട്ട് കേട്ടതും ഞങ്ങളില്‍ ആകാംഷയുണര്‍ത്തി. ഈ ഗാനത്തിന്റെ ഉറവിടം തേടിയ ഞങ്ങള്‍ ചെന്നെത്തിയത് ഗാന രചയിതാവിന്റെയടുത്തു.തന്നെ.

ഇത് ഷൈജ ഷാജി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വാല്‍സിംഹാം തീര്‍ത്ഥാടനം അത്യധികം ഭക്തിനിര്‍ഭരവും ഹൃദയസ്പര്‍ശിയുമാക്കിയ ഗാനത്തിന്റെ ഉടമ. നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ ഷാജി നോര്‍ഫൊക് ആന്റ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നെഴ്‌സാണ്. തികഞ്ഞ മരിയഭക്തയായ ഷൈജയുടെ ജന്മദേശം കേരളത്തില്‍ ഇടുക്കി ജില്ലയിലെ വാഴത്തോപ്പിലാണ്. ഭര്‍ത്താവ് ഷാജി തോമസ്സും ജോയല്‍ ജൂവല്‍ ജൊവാന ജോഷ്വാ എന്നിവര്‍ മക്കളുമാണ്. വാഴത്തോപ്പില്‍ വേങ്ങച്ചുവട്ടില്‍ ജോയി മേരി ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തേതായ ഷൈജയ്ക്ക് സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ യുവജനോത്സവങ്ങളില്‍ പങ്കെടുത്തതും ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനകളില്‍ പാടിയതുമൊഴിച്ചാല്‍ സംഗീതവുമായി കാര്യമായ ബന്ധമൊന്നുമില്ല. ഷൈജയയുടെ മമ്മി പള്ളിയില്‍ പാടുമായിരുന്നു. അതായിരുന്നു ആകെയുള്ള പ്രചോദനം.

കഴിഞ്ഞ പതിമൂന്ന് വഷമായി നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ രണ്ടായിരത്തിപ്പതിനാലിലാണ് ഗാനങ്ങള്‍ എഴുതി തുടങ്ങിയത്. അമല മനോഹരിയമ്മേ… എന്നു തുടങ്ങുന്ന ഗാനത്തോടൊപ്പം സ്വന്തമായി രചന നിര്‍വ്വഹിച്ച മറ്റു പതിനൊന്നു ഗാനങ്ങളുമായി ‘വിളി കേള്‍ക്കുന്ന ദൈവം’ എന്ന CD യാണ് ആദ്യം പുറത്തിറങ്ങിയത്. സ്വന്തമായി രചനയും നിര്‍മ്മാണവും നടത്തിയ CD ഫാ. ഷാജന്‍ തേര്‍മഠത്തിന്റെ സഹായത്തോടെ ജോയി ചെറുവത്തൂര്‍ സംഗീതം നല്‍കിയത്.
ജി. വേണുഗോപാലും ദളിമയുമുള്‍പ്പെടെ നിരവധി പ്രമുഖ ഗായകരോടൊപ്പം ഷാജി തോമസിന്റെ മൂത്ത സഹോദരന്റെ മകള്‍ റോണിയും പാടിയ CD ധ്യാനകേന്ദ്രങ്ങളിലും പള്ളികളിലും സൗജന്യമായി നല്‍കുകയായിരുന്നു. അത് വിറ്റു കിട്ടുന്ന പണം പാവങ്ങളെ സഹായിക്കാനുപയോഗിക്കണം എന്ന ഒരു നിര്‍ദ്ദേശം മാത്രമേ ഷൈജയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഇതിനെല്ലാം പ്രോത്സാഹനം തന്നത് ഭര്‍ത്താവ് ഷാജി തോമസ്സാണെന്ന് ഷൈജ പറയുന്നു.

വാല്‍സിംഹാമിലെ പാട്ടെഴുതിയതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചപ്പോള്‍…

വാല്‍സിംഹാമിലെ തിരുന്നാള്‍ ഇത്തവണ നടത്തിയത് സഡ്ബറിക്കാരാണ്. തിരുന്നാളിന് മാതാവിന്റെ ഒരു പാട്ട് വെണമെന്ന് തിരുന്നാളിന്റെ പ്രധാന കോര്‍ഡിനേറ്ററായ റവ. ഫാ. ടെറിന്‍ മുള്ളക്കരയോട് സഡ്ബറിക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഈ പാട്ട് എഴുതാനുള്ള ഭാഗ്യം എന്റെ കൈയ്യില്‍ വന്നു പെട്ടത്. ടെറിനച്ചനാണ് പാട്ടെഴുതാന്‍ എന്നോട് പറഞ്ഞത്. വാല്‍സിംഹാമിലെ പരിശുദ്ധ അമ്മയുടെ ദേവാലയത്തില്‍ മിക്കവാറും ഞങ്ങള്‍ കുടുംബസമേതം പോകാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ ചെന്നപ്പോള്‍ പ്രധാന ദേവാലയത്തില്‍ പോയി കൊന്തചെല്ലി പ്രാര്‍ത്ഥിച്ചു. അതു കഴിഞ്ഞ് സ്ലിപ്പര്‍ ചാപ്പലില്‍ പോയി കുറെ സമയം മാതാവിന്റെ മുഖത്തേയ്ക്ക് വെറുതെ നോക്കിയിരുന്നു. അങ്ങനെയിരുന്ന സമയത്ത് എന്തോ ഒരു പ്രചോദനം ഉണ്ടായി. എഴുതണം എന്നൊരു തോന്നല്‍. തീര്‍ത്ഥാടനത്തിന് വരുന്നവര്‍ക്കായി പ്രാര്‍ത്ഥനാ സഹായമെഴുതാന്‍ വെച്ചിരുന്ന പേപ്പറും പേനയുമാണ് പെട്ടന്ന് കൈയ്യില്‍ കിട്ടിയത്. മാതാവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്ന് ആദ്യ വരികള്‍ കുറിച്ചു.
അമ്മേ കന്യകയേ… അമലോത്ഭവയേ…
മാക്‌സിമം പത്ത് മിനിറ്റ് മാത്രമേ ഈ പാട്ടെഴുതാന്‍ എടുത്തുള്ളൂ. പാട്ട് എഴുതണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എഴുതാന്‍ വേണ്ടി പോയതല്ലായിരുന്നു അവിടെ. പരിശുദ്ധ അമ്മ എന്നില്‍ പ്രവര്‍ത്തിച്ചു എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ഗാനം ഇത്ര മനോഹരമായത് എന്റെ മാത്രം പരിശ്രമമല്ല. ഫാ. ടെറിന്‍ മുള്ളക്കരയില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു ഗാനം ഉണ്ടാകുമായിരുന്നില്ല. കൂടാതെ ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്ന സോണി ജോണിയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അമരക്കാരനായ വില്‍സണ്‍ പിറവത്തിന്റെ സ്വരവുംകൂടി ചേര്‍ന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞതുപോലെ തന്നെ ഈ ഗാനം അതിമനോഹരമായി. ജോഷി തോട്ടക്കരയാണ് ഓര്‍ക്കസ്ട്രാ ചെയ്തത്. ഷൈജ പറഞ്ഞു.

അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം കൊടുത്ത ഗായക സംഘത്തിലും ഷൈജ പാടിയിരുന്നു. തീര്‍ത്ഥാടനം നടന്ന ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത് ഷൈജയുടെ ഗാനമായിരുന്നു. കിലോമീറ്ററുകള്‍ നീളമുണ്ടായിരുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിലും പതിനായിരത്തില്‍പ്പരം വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഷൈജയുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ വരികള്‍ തന്നെ.

വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ആഴ്ചകള്‍ക്ക് മുമ്പേ ഈ ഗാനം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികളുടെയും അടുത്തെത്തിയിരുന്നു. നോര്‍വിച്ചിലുള്ള റെജി മാണി ഈ പാട്ടിന്റെ വീഡിയോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലെത്തിച്ചു. അതു കൊണ്ട് യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാല്‍സിംഹാമിലേയ്ക്കുള്ള യാത്രയില്‍ വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഈ ഗാനമാണ്.

പരിശുദ്ധ അമ്മയുടെ സഹായം തേടുന്ന ഈ ഗാനം ലോകം മുഴുവനും അറിയപ്പെടും എന്നതില്‍ തര്‍ക്കമില്ല. ഷൈജ ഷാജിയോട് ഞങ്ങള്‍, മലയാളം യുകെ പറഞ്ഞതും അങ്ങനെ തന്നെ.
ഭക്തിനിര്‍ഭരമായ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക

[ot-video][/ot-video]

സുധീര്‍ മുഖശ്രീ (ഫിലിം പ്രൊഡ്യൂസര്‍)

മിന്നാമിനുങ്ങ് ഒരു അവാര്‍ഡിന്റെ പരിവേഷം ഉള്ളതുകൊണ്ടാവാം തീയേറ്ററുകളിലും ആ ഒരു മിന്നലാട്ടം മിന്നാമിനുങ്ങിന്റെ ഇത്തിരിവെട്ടം പോലെ അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ അധികം ആരവവും ബഹളവും ഇല്ലാതെ ഈ സിനിമ നന്നായി ആസ്വദിക്കാന്‍ എനിക്ക് പറ്റി. ഇതൊരു സ്ത്രീപക്ഷ സിനിമയെന്ന് തന്നെ വിശേഷിപ്പിക്കാന്‍ എനിക്കാവില്ല. അതാണ് സത്യവും എന്നാണ് എനിക്ക് തോന്നുന്നത്. അറുപതുകളിലും എഴുപതുകളിലും കുടുംബപ്രേക്ഷകരെ കുടുംബസമേതം തന്നെ സിനിമ കോട്ടയിലേയ്ക്ക് ആകര്‍ഷിച്ച ഒരു വിഷയം ഇന്നത്തെ കാലഘട്ടത്തില്‍ ഒരു തരിപോലും ബോറടിപ്പിക്കാതെ സബ്ജക്ടിന്റെ സൂക്ഷ്മമായ കാതല്‍ ഒട്ടും ചോരാതെ ഇന്നിന്റെ എല്ലാ രൂപഭാവ താളലയത്തോടെയും അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതില്‍ ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സുരഭിലക്ഷ്മി എന്ന നടിയുടെ അനിതരസാധാരാണമായ അഭിനയവും കൂടിയായപ്പോള്‍ ആ അഭിനന്ദനം പ്രേക്ഷകരുടെ മനസിനെ ഒരു മഴവില്‍ കാഴ്ചയുടെ ഏഴുനിറങ്ങള്‍ക്കും അപ്പുറത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി എന്ന് പറയാതിരിക്കാനാവില്ല.

സിനിമ പ്രധാനമായും ഒരു ദൃശ്യകലയാണ്. ദൃശ്യങ്ങളുടെ വശ്യസൗന്ദര്യവും അര്‍ത്ഥസമ്പുഷ്ടിയുമാണ് ഈ കലയെ മുന്നോട്ട് നയിക്കേണ്ടത് എന്നാണ് എന്റെ വിശ്വാസം. അതിനുള്ള ഒരു സപ്പോര്‍ട്ട് മാത്രമേ സംഭാഷണങ്ങള്‍ക്ക് ആകാവൂ. ഈ സംഭാഷണങ്ങള്‍ ഉരുവിടേണ്ടത് നമ്മുടെ അധരങ്ങളും നാവും ഉപയോഗിച്ചല്ല. മറിച്ച്, കഥാപാത്രത്തിന്റെ ആത്മാവിന്റെ ആ അന്തര്‍ധാരയില്‍ നിന്നുമാണ്. സിനിമയുടെ ഈ ബാലപാഠം അതിസമര്‍ത്ഥമായി പ്രയോഗിച്ചിരിക്കുന്നു ഇതിന്റെ തിരക്കഥാകൃത്ത് ശ്രീ. മനോജ് രാംസിങ്. അഭിനന്ദനങ്ങള്‍….മിസ്റ്റര്‍ മനോജ്… പ്രസിദ്ധ സംവിധായകനായ ശ്രീ ഹിച്ച് ഹോക്കിന്റെ വാക്കുകള്‍ ഇവിടെ ഒന്ന് കടമെടുക്കുകയാണ്. അതിസമര്‍ത്ഥമായി ഒന്നും ചെയ്യാതിരിക്കുന്ന ഒരാളാണ് ഏറ്റവും മികച്ച സ്‌ക്രീന്‍ ആക്ടര്‍. സിനിമയില്‍ പ്രതിഭാശാലിയായ ഒരു നടന്റെ അല്ലെങ്കില്‍ നടിയുടെ ആവശ്യമില്ല. സംവിധായകനും ക്യാമറയും ആവശ്യപ്പെടുന്നത് അനുസരിച്ച് അയാള്‍ പെരുമാറിയാല്‍ മാത്രം മതി. ഇതാണ് ഹിച്ച് ഹോക്കിന്റെ വാക്കുകള്‍. അതായത്, സിനിമയില്‍ അഭിനയം എന്നൊന്നില്ല. കഥാപാത്രമായി മാറുക, പെരുമാറുക അല്ലെങ്കില്‍ ഒരു പകര്‍ന്നാട്ടം നടത്തുക എന്ന കര്‍ത്തവ്യമാണുള്ളത്.

ഈ കര്‍ത്തവ്യം ഈ സിനിമയിലെ മുഖ്യകഥാപാത്രം മുതല്‍ അപ്രധാനം എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ വരെ ഏറ്റവും ഭംഗിയായി നിറവേറ്റിയിരിക്കുന്നു എന്നുതന്നെയാണ് ഇതിന്റെ ഏറ്റവും നല്ല ഒരു പ്രത്യേകത. തീര്‍ച്ചയായും അതിന് നേതൃത്വം നല്‍കുന്നതാകട്ടെ സുരഭിലക്ഷ്മി എന്ന മഹാനടി തന്നെയാണ്. ഒരേ നിമിഷം എത്രയെത്ര ഭാവങ്ങളാണ് ആ അമ്മയുടെ മുഖത്ത് മാറി മാറി മറിഞ്ഞ് മിന്നലാട്ടം നടത്തുന്നത്. എത്ര യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് അവരുടെ ഓരോ സംഭാഷണ രീതിയും അതനുസരിച്ചുള്ള അവരുടെ ബോഡി ലാംഗേജും. അതിഗംഭീരം, അപാരം, അല്ലെങ്കില്‍ അവിസ്മരണീയം എന്നൊക്കെ പറയുന്നത് ഒരു പോരായ്മ തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ അങ്ങനെ ഒരു സാഹസത്തിന് ഞാനിവിടെ മുതിരുന്നില്ല. അതുപോലെ തന്നെയാണ് ശ്രീ.പ്രേം പ്രകാശ്. അനായാസമായ ഒരു പരകായപ്രവേശം കൊണ്ട് എഴുത്തുകാരന്റെ രൂപവും ഭാവവും താളവുമൊക്കെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ അദേഹത്തിന് കഴിഞ്ഞു. കൂടാതെ, സഹായിയായി വരുന്ന കൃഷ്ണന്‍ ബാലകൃഷ്ണനും അച്ഛനായി വരുന്ന ബാല നാരായണനും അറുപതുകളിലും എഴുപതുകളിലുമൊക്കെ നമ്മുടെ ചുറ്റുപാടുകളില്‍ നമുക്ക് സുപരിചിതരായിരുന്ന ഈ മുഖങ്ങള്‍ ഇപ്പോഴും ഒരു ഗൃഹാദുരത്വത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേര്‍ക്കാഴ്ച നമുക്ക് സമ്മാനിക്കും.തീര്‍ച്ച….

മകളായി വരുന്ന റെബേക്കാ സന്തോഷും കൂട്ടുകാരും പിന്നെ അമ്മയുടെ സഹായത്തിനെത്തുന്ന ആ കുട്ടിയും എന്തിന് പറയുന്നു ഗൗരവക്കാരനായ ആ ഓഫീസര്‍ പോലും നമ്മുടെയൊക്കെ മനസില്‍ മായാതെ മങ്ങാതെ നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ അവര്‍ എത്രമാത്രം നമ്മില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്ന് ഊഹിക്കാമല്ലോ. ഒരു സിനിമ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നമുക്ക് അനുഭവഭേദ്യമാകുന്നത് അതിന്റെ പശ്ചാത്തല സംഗീതത്തിലും എഡിറ്റിംഗിലും കൂടിയാണ്. കഥാസന്ദര്‍ഭങ്ങള്‍ക്ക് അനുസരണമായ പാശ്ചാത്തല സംഗീതവും, ഒഴുക്ക് നഷ്ടപ്പെടാത്ത എഡിറ്റിഗും ഇതിന്റെ ഒരു പ്രത്യേകത തന്നെയാണ്. അഭിനന്ദനങ്ങള്‍… അതുപോലെ തന്നെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വസ്ത്രാലങ്കാരവും മേയ്ക്കപ്പും നൂറില്‍ നൂറ് മാര്‍ക്ക് ഞാനിവിടെ നല്‍കുന്നു.

കലാസംവിധാനവും മികച്ചത് തന്നെ എന്ന് പറയട്ടെ. എനിക്ക് അനുഭവപ്പെട്ട ഒന്ന് രണ്ട് ചെറിയ ന്യൂനതകളും ഞാനിവിടെ പറയാന്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ സുരഭി പശുവിനെ കറക്കുന്ന ആ സീന്‍, മറിയക്കുട്ടി എന്നാണെന്ന് തോന്നുന്നു ആ പശുവിന്റെ വിളിപ്പേര്. പശുവുമായി ആ അമ്മയ്ക്ക് നല്ല അടുപ്പമാണെന്ന് അവരുടെ സംഭാഷണങ്ങളില്‍ നിന്ന് നമുക്ക് വളരെ വ്യക്തമാണ്. പക്ഷേ, പാല്‍ കറക്കുന്ന ആ ഷോട്ടില്‍ അവര്‍ ഇരിക്കുന്നത് പശുവില്‍ നിന്ന് സ്വല്പം അകലം പാലിച്ചു തന്നെയാണ്. എന്തോ ഒരു പേടിപോലെ. ഒരു അപാകത എനിക്കിവിടെ ഫീല്‍
ചെയ്യുന്നു. അതുപോലെ അച്ഛന്‍ കോഴികളെ തുറന്ന് വിടുന്ന ആ രംഗം. കോഴികളുമായും അയാള്‍ക്ക് നല്ല പരിചയമാണ്. എന്നിട്ടും രാവിലെ കൂട് തുറന്ന് ഓരോ കോഴികളെയും അയാള്‍ സ്വയം പുറത്തേയ്ക്ക് എടുക്കുകയാണ്. സംവിധായകന്റെ ഒരു ചെറിയ സൂക്ഷ്മത കുറവ് ഇവിടെ എനിക്ക് അനുഭവപ്പെടുന്നു എന്ന് പറയാതിരിക്കാനാവില്ല.

ഇനി ഇതിന്റെ സിനിമാട്ടോഗ്രാഫി. സത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഫോട്ടോഗ്രാഫി. അത് അങ്ങനെതന്നെ ആവുകയും വേണം. പക്ഷേ, സിനിമാട്ടോഗ്രാഫിയ്ക്ക് മറ്റൊരു തലമുണ്ട്. അല്പം അലങ്കാരപ്പണികള്‍ കൂടി അല്ലെങ്കില്‍ ചിത്രപ്പണികള്‍ കൂടി ചേര്‍ത്തുവെച്ചാലെ അത് ഒരു മഴവില്‍ കാഴ്ചയായി പ്രേക്ഷകമനസ്സില്‍ അനുഭവപ്പെടു. അതിന് ഛായാഗ്രാകന്‍ വെറും ഫോട്ടോഗ്രാഫറായാല്‍ മാത്രം പോരാ അല്പം കലാബോധവും കൂടി വേണം. ഈ സിനിമയില്‍ പ്രേക്ഷക മനസിന്റെ നെഞ്ചോരം ചേര്‍ത്ത് വെയ്ക്കാന്‍ പറ്റിയ ഫ്രേയിമുകള്‍ ദുര്‍ല്ലഭമാണ് എന്നൊരു തോന്നല്‍ എനിക്കുണ്ട്. അത് എന്റെ ഒരു വെറും തോന്നലാവട്ടെ എന്ന് ഞാനാഗ്രഹിക്കുന്നു. ഇതിന്റെ ഡി.ഒ.പി അതില്‍ അല്പം കൂടി ശ്രദ്ധിക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. ചുരുക്കത്തില്‍ വളരെ കുറച്ച് കൊച്ച് കൊച്ച് പോരായ്മകള്‍ ഉണ്ടെങ്കില്‍ കൂടി നട്ടെല്ലുള്ള തിരക്കഥയും സംഭാഷണങ്ങളും അംഗചലനങ്ങളും ഭാവചലനങ്ങളും ഒക്കെ അതിസൂക്ഷ്മവും അതിമനോഹരവുമാക്കി കോര്‍ത്തിണക്കി ആ പോരായ്മകളെയൊക്കെ നിഷ് പ്രഭമാക്കിയിരിക്കുന്നു ഇവിടെ ശ്രീ അനില്‍ തോമസും കൂട്ടരും. ഒപ്പം സുരഭിലക്ഷ്മി എന്ന മഹാപ്രതിഭയും കൂടി ചേര്‍ന്നപ്പോള്‍ ആ കെമിസ്ട്രി പൂര്‍ണ്ണമായി. ഒരിക്കല്‍ കൂടി അനിലിനും കൂട്ടര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..ധൈര്യമായി മുന്നോട്ട് പോവുക. മനം നിറഞ്ഞ സന്തോഷത്തോടെ 10 – ല്‍ – 7 മാര്‍ക്ക് ഞാന്‍ ഈ സിനിമയ്ക്ക് നല്‍കുന്നു… നന്ദി … നമസ്‌ക്കാരം.

സുധീര്‍ മുഖശ്രി 14 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 1989 – നാട്ടില്‍ തിരിച്ചെത്തി. 90 – കളില്‍ ടെലിഫിലിം, സീരിയല്‍ നിര്‍മ്മാണം, സംവിധാനം ഇതൊക്കെയായി മിനിസ്‌ക്രീനില്‍ അരങ്ങേറ്റം. തുടര്‍ന്ന് ബിഗ് സ്‌ക്രീനിലേയ്ക്ക്… ആദ്യം ഫൈനാന്‍സര്‍…പിന്നീട് അസി.ഡയറക്ടര്‍, തുടര്‍ന്ന് നിര്‍മ്മാതാവായും ഒരുപിടി സിനിമകള്‍. കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പറായിരുന്നു. മാക്ട മെമ്പര്‍ കൂടിയാണ്. സംഗീതത്തിനും നൃത്തത്തിനും ഒരു വ്യത്യസ്ത പുനരാവിഷ്‌ക്കരണം നല്‍കിക്കൊണ്ടുള്ള ഒരു തിരക്കഥയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ ശ്രീ സുധീര്‍ മുഖശ്രീ. താമസം എറണാകുളം ജില്ലയില്‍ പാലാരിവട്ടം എന്ന സ്ഥലത്ത് )

കാരൂര്‍ സോമന്‍

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ചൈനീസ് എഴുത്തുകാരനാണ് ഗാവോ സിങ്ജിയാന്‍. കിഴക്കന്‍ ചൈനയിലെ ജിയാങ്ങ്‌സി പ്രവിശ്യയില്‍ 1940 ജനുവരി 4ന് ജനിച്ചു.ജനകീയ റിപ്പബ്ലിക്കായ ചൈനയിലെ വിദ്യാഭ്യാസത്തിനുശേഷം ബീജിങ്ങില്‍നിന്ന് ഫ്രഞ്ചില്‍ ബിരുദം നേടി. 1987ല്‍ ചൈനവിട്ട് ഫെലോഷിപ്പിനായി ജര്‍മ്മനിയിലെത്തുകയും തുടര്‍ന്ന് 1989ല്‍ ഫ്രാന്‍സിലെത്തി ഫ്രഞ്ച് പൗരത്വം സ്വീകരിക്കുകയും ചെയ്തു. 1990ല്‍ ആത്മശൈലം പ്രസിദ്ധീകരിച്ചു. ചിത്രകാരന്‍, നിരൂപകന്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ്. ഹിമശൃംഗങ്ങളിലൂടെയുള്ള അലഞ്ഞു നടപ്പ് ആത്മാന്വേഷണത്തിന്റെ അലച്ചിലാക്കുമ്പോഴും അത് ആദ്ധ്യാത്മീകതയുടെ ഒരു അന്വേഷണമായി മാറാത്ത ദര്‍ശനമാണ് നോബേല്‍ സമ്മാനത്തിന് അര്‍ഹമായമായ ആത്മശൈലം എന്ന നോവലില്‍ ഗാവോ സിങ്ങ്ജിയാന്‍ സ്വീകരിക്കുന്നത്. ധ്യാനഭരതമായൊരു ഭാഷയില്‍ മനുഷ്യസത്തയെയും പ്രകൃതിസത്തയെയും ഏകാത്മകതയില്‍ വിലയിപ്പിക്കുന്ന മഹത്തായ കലാസൃഷ്ടി. ‘വണ്‍മാന്‍സ് ബൈബിള്‍’ ആണ് ഇദ്ദേഹത്തിന്റെ പ്രശസ്തമായ മറ്റൊരു നോവല്‍.

ചൈനീസ് എഴുത്തുകാരനായ ഗോവോ സിങ്ജ്യാന്‍ 1940 ജനുവരി 4ന് ഭൂജാതനായി. നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടിരുന്ന ചൈനീസ് പ്രവിശ്യകളിലൊന്നായ സിംങ്ജ്യാഗിലാണ് അദ്ദേഹം ജനിച്ചത്. 80കളില്‍ത്തന്നെ എഴുത്തുകാരന്‍ ബുദ്ധിജീവി എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ചും നാടകങ്ങളിലുള്ള അദ്ദേഹത്തിന്റെ അവഗാഹം യൂറോപ്പിലെങ്ങും അംഗീകരിക്കപ്പെട്ടിരുന്നു. പക്ഷെ, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെആശയങ്ങളോടും പ്രചാരണങ്ങളോടും തീരെ പൊരുത്തമില്ലാത്തവയായിരുന്നു സിങ്ജ്യാന്റെ ചിന്താപദ്ധതി. സാംസ്‌കാരിക വിപ്ലവം എന്ന നുകത്തിന്റെ അടിമളാകാന്‍ വിധിക്കപ്പെട്ടവരായിരുന്നു അക്കാലത്തെ ചൈനീസ് ജനത. എന്നിരിക്കിലും അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. നോവലുകള്‍ നാടകങ്ങള്‍, നിരൂപണം ഒപ്പം യാത്രയും. യാത്ര തന്നെയാണ് ജീവിതം എന്നുവരെ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

1980കളില്‍ സിങ്ജ്യാന്റേതായി നിരവധി ചെറുകഥകള്‍, നാടകങ്ങള്‍, സമകാലിക ഉപന്യാസങ്ങള്‍ എല്ലാം പ്രസദ്ധീകരിക്കപ്പെട്ടുകൊണ്ടിരുന്നു. ഫ്രാന്‍സിലും ഇറ്റലിയിലും, ചൈനയിലല്ല. എ പ്രൈമറി ഡിസ്‌കഷന്‍ ഓഫ് ദി ആര്‍ട്ട് ഓഫ് മോഡേണ്‍ ഫിക്ഷന്‍ (1981) ലഘുലേഖകളായ ചുവന്ന കൊക്കുള്ള ഒരു തത്തമ്മ, സിങ്ജ്യാന്റെ സമാഹൃതീത ലേഖനങ്ങള്‍ (1985) അത്യാന്താധുനിക നാടക സമ്പ്രദായത്തിലേക്കൊരു പ്രവേശിക (1987) ഇവയൊക്കെ ചുരുങ്ങിയ കോപ്പികളിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു കൊണ്ടിരുന്നു. 1952ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒബ്‌സല്യൂട്ട് സിഗ്നല്‍,1985 ലെ ബസ്‌സ്റ്റോപ്പ് വൈല്‍ഡ് മാന്‍, ഇത്യാദി രചനകള്‍ വിസ്മൃതങ്ങളാണ്. 1987ല്‍ സിങ്ജ്യാനു ബോധ്യപ്പെട്ടു. ചൈന ശരിയല്ലെന്ന്! ചൈന വിട്ടുപോകാരിക്കാന്‍ വേറെ കാരണങ്ങളൊന്നും വേണ്ടിവന്നില്ല. എങ്കിലും എഴുതിക്കൊണ്ടേയിരുന്നു. മൂന്നോ നാലോ നോവലുകളില്‍ അവസാനത്തേതായിരുന്നു ആത്മപര്‍വ്വതം (Soul Mountain). സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ത്തും അപ്രാപ്യമോ അപരിചിതമോ ആണ് ആത്മപര്‍വതം. എന്തെന്നാല്‍ ഇതൊരു ആത്മകഥയാണ്. ഒരു വ്യക്തിയുടെകഥയാണ്. ഒരു ജനതയുടെയും ആ അര്‍ത്ഥം സാധൂകരിക്കുന്നതിന്റേയും കഥയാണ്. എല്ലാംകൊണ്ടും ആത്മീയമാണത്. അതായത് എന്റെ കഥ. ആത്മാവ് എന്ന പദത്തിന് ഞാന്‍ എന്ന അര്‍ത്ഥമേയുള്ളൂ എന്ന് ഓര്‍ക്കുമല്ലോ. ആത്മാവ് ഉണ്ടോ? എന്ന ചോദ്യമായി പരിണമിച്ചിരിക്കുന്നു. എന്നുവെച്ചാല്‍, ഞാന്‍ എന്നൊരാള്‍ ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ട് എന്ന ചോദ്യം. ഈ ചോദ്യ ആര്‍ ആരോടാണ് ചോദിക്കേണ്ടത്? സംശയമില്ല, ഞാന്‍ എന്നോടുതന്നെ ചോദിക്കേണ്ട ചോദ്യമാണത്. അപ്പോള്‍ കിട്ടുന്ന ഉത്തരം ഉണ്ട്! ഉണ്ട്!!! എന്നതായിരിക്കും. എന്നതില്‍ പക്ഷാന്തരമില്ല. ആത്മാവ് ഉണ്ട് എന്നു മാത്രമല്ല. ആത്മാവ് മാത്രമാണ് സത്യം! എന്നു തെളിയിക്കപ്പെടുകയും ചെയ്യും.

ചുരുക്കത്തില്‍ ഒറ്റപ്പെട്ട, ഏകാന്തപഥികനായ ഒരു മനുഷ്യന്‍, ലോകസമാധാനത്തിനുവേണ്ടിയല്ല, ആന്തരിക സമാധാനത്തിനുവേണ്ടി നടത്തുന്ന അന്വേഷണങ്ങളുടെ വിവരണമാണ് ആത്മപര്‍വതം എന്ന നോവല്‍. ആന്തരിക സമാധാനത്തോടൊപ്പം ആന്തരിക സ്വാതന്ത്ര്യവും എഴുത്തുകാരന്‍ അഭിലഷിക്കുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ മരണത്തിന് വല്ല അര്‍ത്ഥമുണ്ടോ, ഉണ്ടെങ്കില്‍ അതെന്താണ് എന്ന അന്വേഷണമാണഅ അയാള്‍ നടത്തുന്നത്. അതുകൊണ്ടാണ് അയാള്‍ ബുദ്ധമത താവോമത ആശ്രമങ്ങള്‍ സന്ദര്‍ശിക്കുന്നത്. എന്തെന്നാല്‍ അവിടെയും അയാള്‍ സമാധാനം കണ്ടെത്തുന്നില്ല. ഒറ്റപ്പെടലിലൂടെയല്ല, സാമൂഹ്യബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടേ, ആന്തരിക സമാധാനം സാധ്യമാകൂ എന്നയാള്‍ ഒടുക്കം തിരിച്ചറിയുന്നു. സമൂഹം ഒന്നാകെ ശാന്തിയിലെത്തിച്ചേരുക എന്നത് തീര്‍ത്തും അസംഭവ്യം എന്ന് അറിഞ്ഞുകൊണ്ടുതന്നെ!

സിങ്ജ്യാന്റെ എല്ലാ രചനകളും മാതൃഭാഷയായ ചൈനീസിലാണ്. ഇവിടെവിവര്‍ത്തനം ചെയ്തവതരിപ്പിക്കുന്ന പ്രഭാഷണവും ചൈനീസാണ്. ചൈനീസ് ഭാഷാപണ്ഡിതയായ ആസ്‌ത്രേലിയന്‍ വനിത മേബല്‍ ലീയാണ് വിവര്‍ത്തക. അവരുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ മലയാളമാണ് തുടര്‍ന്നുള്ള പേജുകളില്‍ ചൈനീസ് ഭാഷ അറിയാത്ത എനിക്ക് മേബല്‍ ലീമയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ ചൈനീസ് എഴുത്തുകാരന്റെ മനസ്സിലേക്ക് അനായാസം പ്രവേശിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഞാന്‍ അവകാശപ്പെടുന്നു.

ഗൗരവമാര്‍ന്ന സമീപനമുള്ള ഒരെഴുത്തുകാരന്‍, കലാഭംഗി ലക്ഷ്യമാക്കി അണിയിക്കുന്ന അലങ്കാരങ്ങള്‍പോലും ജീവിതഗന്ധിയായനുഭവപ്പെടും. പുരാതനകാലം തൊട്ടുള്ള സാഹിത്യകൃതികളുടെ ജൈവരഹസ്യം ഇതാണ്. അതിനാല്‍, ഗ്രീക്ക് ദുരന്തനാടകങ്ങളാകട്ടെ, ഷേക്‌സ്പിയര്‍ കൃതികളാകട്ടെ എന്നെങ്കിലുമൊരിക്കല്‍ കാലഹരണപ്പെടുമെന്നു കരുതേണ്ട കാര്യമില്ല. സാഹിത്യം യാഥാര്‍ത്ഥ്യങ്ങളുടെ പകര്‍പ്പല്ല. സത്യത്തോടടുക്കാനുള്ള വെമ്പലാണത്. പുറംതൊലി ഭേദിച്ച് ആഴങ്ങളില്‍ തുളച്ചിറങ്ങുകതന്നെ വേണം. ദൈനംദിനസംഭവങ്ങളെ വളരെ ഉയരത്തില്‍നിന്നും നോക്കിക്കാണാന്‍ കഴിയണം. ഉയരം കൂടുംന്തോറും കാഴ്ചയുടെ സമഗ്രത വര്‍ദ്ധിക്കുമെന്നു പറയേണ്ടതില്ലല്ലോ.

സാഹിത്യരചനയ്ക്ക് ഭാവന അനിവാര്യമാണ്. പക്ഷെ മനസ്സിന്റെ അഗാധതയില്‍ ഊളിയിടുമ്പോള്‍ അവിടെ കണ്ടെത്തുന്ന ചപ്പുചവറുകള്‍ വാരിക്കൂട്ടി പ്രദര്‍ശിപ്പിക്കുന്ന പണിയാവരുത് എഴുത്ത്. ഭാവന എത്രതന്നെ പറയുന്നയര്‍ന്നാലും സത്യസന്ധമായ അനുഭൂതികളില്‍നിന്നും വേര്‍പെട്ടുപോകാത്തിടത്തോളം കാലം, സ്വീകാര്യം തന്നെ. സത്യത്തിന്റെ അടിയുറപ്പില്ലാത്ത പക്ഷം,. രചനയുടെ ദൗര്‍ബല്യം അനായാസം പിടിക്കപ്പെടുക തന്നെ ചെയ്യും. തനിക്കു തന്നെ വേണ്ടത്ര വിശ്വാസമില്ലാത്ത വസ്തുതകളുടെ വിവരണം വായനക്കാരില്‍ വിശ്വാസ്യത ഉളവാക്കാന്‍ തീരെ പര്യാപ്തമല്ല. സാധാരണ മനുഷ്യന്റെ ജീവിതം അതേപടി പകര്‍ത്തി എന്നതുകൊണ്ടോ സ്വന്തം ജീവിതാനുഭവങ്ങള്‍ മറയില്ലാതെ രേഖപ്പെടുത്തിയതുകൊണ്ടോ ഉത്തമ സാഹിത്യം ജനിക്കുന്നില്ല.

ഭാഷ എന്ന വാഹകത്തിലൂടെ, വന്നു ചേരുന്ന അനുഭൂതികളും പഴയ എഴുത്തുകാരുടെ അനുഭവങ്ങളും എല്ലാം സ്വന്തം അനുഭൂതിയായി മാറണം. സാഹിത്യഭാഷയുടെ മാന്ത്രികശക്തിയുടെ മറ്റൊരു ഉദാഹരണമാണ്.

ശാപാനുഗ്രഹങ്ങള്‍ക്കെന്നപോലെ, ഭാഷയ്ക്ക് മനുഷ്യമനസ്സില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ഭാഷാപ്രയോഗം ഒരു കലാപ്രകടനമാണ്. വികാരങ്ങള്‍ മറ്റുള്ളവരിലേക്കു പകരുവാനുള്ള കഴിവിനെ ആശ്രയിച്ചാണ് അതിന്റെ വിജയം ഭാഷ പ്രതീകമല്ല.
വ്യാകരണനിയമങ്ങളാല്‍ നിബന്ധിക്കപ്പെട്ട ഒരു നിര്‍മ്മിതി മാത്രമല്ല അത്. ഭാഷ ജീവനുള്ളതാണ്. പദപ്രയോഗവും വ്യാകരണവുമെല്ലാം എത്രതന്നെ ഭംഗിയാക്കിയാലും ആത്മാവില്ലെങ്കില്‍ ഭാഷ ബുദ്ധിപരമായ വിനോദം മാത്രമായിത്തീരുന്നു.

താത്വികമായ ചില സങ്കല്പങ്ങളുടെ വാഹകവുമല്ല ഭാഷ. ഒരേ സമയം വികാരങ്ങളെയും, ഇന്ദ്രിയങ്ങളെയും ഉത്തേജിപ്പിക്കുവാന്‍ ഭാഷയ്ക്ക് കഴിവുണ്ട്. ജീവിച്ചിരിക്കുന്നവരുടെ ഭാഷയ്ക്ക് പകരം പ്രതീകങ്ങളോ രേഖകളോ പോരാതെ വരുന്നു. വായ്‌മൊഴിയില്‍ ഭാഷയുടെ ശക്തി വര്‍ദ്ധിക്കുന്നു. സാഹിത്യത്തിന്റെ ലക്ഷ്യം ആശയവിനിമയം മാത്രമല്ല. വികാരങ്ങളെയും ഇന്ദ്രീയങ്ങളെയും ഉത്തേജിപ്പിക്കലും കൂടിയാണ്.

അര്‍ത്ഥംസംഭവിച്ചതുകൊണ്ടുമാത്രം ഭാഷയുടെപ്രയോജനം തീരുന്നില്ല. ശ്രവണേന്ദ്രിയപരമായ സംവേദനം കൂടി നടന്നിരിക്കണം. ഭാഷയുടെപിന്നിലെ മനുഷ്യനെക്കൂടി കാണുകയും ശ്രവിക്കുകയും ചെയ്ത്, അങ്ങനെ ആ വ്യക്തിയുടെ അസ്തിത്വം അയാളുടെ ബുദ്ധി, ലക്ഷ്യം,ശൈലി, വികാരം തുടങ്ങിയ വിവരങ്ങള്‍ ഛന്ദവത്കൃതമോ സംജ്ഞാശാസ്ത്രപരമോ ആയ നിബന്ധനകള്‍ ഇല്ലാതെ ഒഴുകി വീഴുമ്പോഴാണ് ഭാഷ പൂര്‍ണ്ണതയിലെത്തുന്നു.

ഡേ കാര്‍ട്ടേയുടെ ശൈലി കടമെടുത്തു പറഞ്ഞാല്‍, ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളും,’ഞാന്‍ എഴുതുന്നു. അതിനാല്‍ ഞാന്‍ ഉണ്ട്.’ എഴുത്തുകാരന്‍ ‘ഞാന്‍’ എന്ന സര്‍വ്വനാമം പല അര്‍ത്ഥങ്ങളില്‍ പ്രയോഗിക്കും. ‘ഞാന്‍’ എഴുത്തുകാരന്‍ തന്നെയാവാം. കഥയിലെ നായകനാവാം. ഒന്നോ കൂടുതലോ കഥാപാത്രങ്ങളാകാം. ‘ഞാന്‍’ എന്നതിനെ, അര്‍ത്ഥ വ്യത്യാസം വരാതെ, അയാള്‍ എന്നോ ‘നിങ്ങള്‍’ എന്നോ ആഖ്യാതാവിന്റെ ഇഷ്ടപ്രകാരം മാറ്റി വിളിക്കാം. കഥപറയുന്നയാളിനെ, സൗകര്യപ്രദമായ ഒരു സര്‍വനാമത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയാണ് ആദ്യം വേണ്ടത്. പിന്നെ, അയാളുടെ കാഴ്ചപ്പാടിലൂടെ മറ്റെന്തും അവതരിപ്പിക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ അനേകം വ്യത്യസ്ത ശൈലികള്‍ സൃഷ്ടിക്കാവുന്നതേയുള്ളൂ. തികച്ചും സ്വന്തമായ ഒരു ചൈനാശലി സൃഷ്ടിക്കുന്നതിലാണ് ഒരെഴുത്തുകാരന്റെ സാമര്‍ത്ഥ്യം. എന്റെ ആഖ്യാനത്തില്‍ മറ്റാഖ്യായികളില്‍ പതിവുള്ളതുപോലെ കഥാപാത്രങ്ങള്‍ക്കു പേരില്ല. പകരം സര്‍വ്വനാമങ്ങള്‍ മാത്രമേയുള്ളൂ. ഞാന്‍, ഇനി നീ അവന്‍ ഇത്യാതി കേന്ദ്രകഥാപാത്രത്തെ ഞാന്‍ അപ്രകാരമാണ് വിശേഷിപ്പിക്കുന്നത്. പേരിനു പകരം അവന്‍ ഇവന്‍ എന്നൊക്കെ പ്രയോഗിക്കുന്നതുമൂലം കഥാപാത്രങ്ങളോട് ഒരുതരം മാനസികമായ അകല്‍ച്ച കൈവരുത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതെന്റെ ലക്ഷ്യമാണ്. മാത്രമല്ല, നാടകമായി അവതരിപ്പിച്ചപ്പോഴും നടന്മാര്‍ക്ക് കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാതിരിക്കുവാന്‍ ഇടയ്ക്കിടെ മാറുന്ന സര്‍വ്വനാമങ്ങളുടെ ഉപയോഗം സഹായകരമായിട്ടുണ്ട്.

കഥയെഴുത്തിന്, അല്ലെങ്കില്‍ നാടകമെഴുത്തിന് അവസാനമില്ല. അവസാനിക്കുകയുമില്ല. കലയിലോ സാഹിത്യത്തിലോ ഏതെങ്കിലും പ്രസ്ഥാനമോ രൂപമോ കൂമ്പടഞ്ഞുവെന്നോ പരമഗതി പ്രാപിച്ചുവെന്നോ പ്രചരിപ്പിക്കുന്ന ചപലഹൃദയരുണ്ട്. സംസ്‌കാരത്തിന്റെ തുടക്കം മൂതലേ, ഭാഷ അത്ഭുതങ്ങള്‍ക്കൊണ്ടു നിറഞ്ഞതാണ്. അതിനൊരന്ത്യമില്ല. ഭാഷയുടെ ശക്തി അപരിമേയമത്രേ. അപാരമായ ഈശക്തി തിരിച്ചറിയുകയാണ് ഒരെഴുത്തുകാരന്റെ പ്രാഥമിക യോഗ്യത.

അപ്പോള്‍ പഴയ വാക്കുകള്‍ക്ക് പുതിയ പുതിയ അര്‍ത്ഥങ്ങള്‍ സൃഷ്ടിക്കുവാന്‍ അയാള്‍ക്കു കഴിയും എന്നുവച്ച് സ്രഷ്ടാവിന്റെ സ്ഥാനം എഴുത്തുകാരനില്ല. നേരത്തെ സൃഷ്ടിക്കപ്പെട്ട പുറംലോകം എത്ര പഴയതായാലും പുതുക്കുവാനോ ഒഴിവാക്കുവാനോ അയാള്‍ക്കാവില്ല. വര്‍ത്തമാനലോകം എത്രതന്നെ ദുഷിച്ചതോ അസംബന്ധമോ ആവട്ടെ. അതു മാറ്റിമറിക്കാമെന്നു സ്വപ്നം കാണാമെന്നല്ലാതെ, സ്വപ്നത്തിലെ മാതൃകാലോകം യാഥാര്‍ത്ഥ്യമാക്കുവാന്‍ അയാള്‍ അശക്തനാണ്.

ബാഹ്യലോകം മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണെന്നതാണ് വാസ്തവം. എങ്കിലും ജീവിതത്തിന് പുതിയൊരര്‍ത്ഥം നല്കുന്നചില പ്രസ്താവനകള്‍ പുറപ്പെടുവിക്കുവാന്‍ ഒരെഴുത്തുകാരനു തീര്‍ച്ചയായും കഴിയും. ഇത്തരം പ്രസ്താവനകള്‍,മുന്‍ഗാമികളായ എഴുത്തുകാരുടെ പ്രസ്താവനകളുടെ തുടര്‍ച്ചയാവാം. ചിലപ്പോള്‍ വല്ല കാരണവശാലും അവര്‍ പറയാന്‍വിട്ടുപോയവയുമാവാം.

സാഹിത്യത്തെ ഉന്മൂലനംചെയ്യുക എന്നൊക്കെപ്പറയുന്നത് സാംസ്‌കാരിക വിപ്ലവത്തിലെ വെറും വാചകമടിയാണ്. സാഹിത്യം മരിച്ചില്ല. എഴുത്തുകാരന്‍ നശിച്ചതുമില്ല. ഏതൊരെഴുത്തുകാരനും ഗ്രന്ഥശേഖരത്തില്‍ അവന്റേതായ സ്ഥാനമുണ്ട്. അയാളുടെ ജീവിതം ആസ്വാദ്യകരമാണ്. വായനക്കാരുള്ള കാലം അയാള്‍ക്ക് മരിക്കാനുമാവില്ല. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ സമാശ്വാസം വേറെന്തുവേണം? മനുഷ്യരാശിയുടെ അതിബൃഹത്തായഗ്രന്ഥസഞ്ചയത്തില്‍ തന്റേതായ ഒരു പുതിയ പുസ്തകം കൂടി ശേഷിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഭാവിയില്‍ അതു വായിക്കപ്പെട്ടുകൊണ്ടിരിക്കുമെങ്കില്‍, അതില്‍പരം ഭാഗ്യാവസ്ഥ മറ്റെന്തുണ്ട്?

website : www.karursoman.com
Email: [email protected]

ബീന റോയി

മഴയുടെ
ആര്‍ദ്രഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ

പ്രണയത്തിന്റെ
അദൃശ്യാക്ഷരങ്ങള്‍
ആലേഖനംചെയ്ത
ഒറ്റമഴത്തുള്ളിപോലെ

ഓടിയെത്തി
കുശലംപറഞ്ഞ്
കടന്നുപോകുന്നൊരു
ചാറ്റല്‍മഴപോലെ

ഹൃദയതടങ്ങളെ
ഈറനുടുപ്പിച്ച്
ആശയുടെ
പല്ലവങ്ങള്‍
മുളപ്പിക്കുന്ന
ഇടവപ്പാതിപോലെ

പകല്‍നേരം
കുസൃതികാട്ടി,
മഴവില്ല് സമ്മാനംതന്ന്
പെയ്തുമറയുന്ന
വെയില്‍മഴപോലെ

നീണ്ടുനില്‍ക്കാത്ത
പിണക്കങ്ങള്‍ക്കപ്പുറം
പരിഭവങ്ങളുടെ
കൊള്ളിയാന്‍പിടിച്ച്
മടിച്ചെത്തുന്ന
തുലാവര്‍ഷംപോലെ

കണ്ണുതുളുമ്പുന്ന
കാത്തിരിപ്പിനൊടുവില്‍
ഹൃദയത്തിന്റെ
നീറ്റലിലേക്ക്
പെയ്തുനിറയുന്ന
വേനല്‍മഴപോലെ

എത്രപെയ്താലും
മതിവരാതെ പിന്നെയും
തൂവിക്കൊണ്ടിരിക്കുന്നൊരു
പെരുമഴക്കാലംപോലെ

മഴയുടെ
തരളഭാവങ്ങളില്‍
ഹൃദയത്തിലേക്ക്
പെയ്യുന്നുണ്ട് നീ…

ബീന റോയ്

ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള

എടത്വാ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര ‘ ജൂലൈ 27 ന് 10 ന് നീരണിയും. നവതി നിറവില്‍ നടക്കുന്ന നീരണിയല്‍ ചടങ്ങ് ആഘോഷമാക്കുവാന്‍ ലക്ഷ്യമിട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കും.

നീരണിയല്‍ ചടങ്ങിന് മുന്നോടിയായി നടക്കുന്ന കൂദാശ ചടങ്ങുകള്‍ക്ക് മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപോലീത്തയും റവ.തോമസ് മാത്യം സമൂഹ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍ .എ ഉദ്ഘാടനം ചെയ്യും. ആര്‍ .രാജേഷ് എം.എല്‍ .എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നീരണിയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി.ഇടിക്കുള റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ബ്രഹ്മശ്രീ ആനന്ദന്‍ നമ്പൂതിരി പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തും. ഫോം മാറ്റിംങ്ങിസ് ചെയര്‍മാന്‍ കെ.ആര്‍ ഭഗീരഥന്‍ ആദ്യ തുഴച്ചില്‍ ഫ്ലാഗ് ഓഫ് ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് പ്രതിഭാ പുരസ്‌ക്കാരം വിതരണം ചെയ്യും. എടത്വാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് നവതി സ്മാരക ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. കമാന്‍ഡര്‍ ജയ് ചാക്കോ ഇലഞ്ഞിക്കല്‍ ഏറ്റവും മുതിര്‍ന്ന തുഴച്ചില്‍ക്കാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഷോട്ട് വെബ് സൈറ്റ് ഉദ്ഘാടനം ചെയ്യും. ആര്‍പ്പൂക്കര ബോട്ട് ക്ലബ് ക്യാപ്റ്റന്‍ കെ.സി.ലാല്‍ ടീം അംഗങ്ങളെ പരിചയപെടുത്തും. പുതിയ ഷോട്ട് പുളിക്കത്രയുടെ ശില്പി സാബു നാരായണന്‍ ആചാരിയ്ക്ക് മോളി ജോണ്‍ പുളിക്കത്ര ഉപഹാരം നല്കും.

ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു പാലത്തിങ്കല്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്യാമള രാജന്‍, ദീപാ ഗോപകുമാര്‍, കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ഉമ്മന്‍ മാത്യൂ, നെഹ്റു ട്രോഫി ബോട്ട് റേസ് എക്സിക്യൂട്ടീവ് അംഗങ്ങളായ എസ്.എന്‍.ഇക്ബാല്‍, ബെറ്റി ജോസഫ്, കുമ്മനം അഷറഫ്, എം.മുഹമ്മദ് വാരിക്കാട്, ജയിംസ് ചുങ്കത്തില്‍, എന്നിവര്‍ പ്രസംഗിക്കും. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ജിനോ മണക്കളം സ്വാഗതവും ജോര്‍ജ് ചുമ്മാര്‍ പുളിക്കത്ര കൃതജ്ഞതയും പ്രകാശിപ്പിക്കും.

നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. എടത്വാ പള്ളി വികാരി റവ.ഫാദര്‍ ജോണ്‍ മണക്കുന്നേല്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വാ യൂണിറ്റ് പ്രസിഡന്റ് കോശി കുര്യന്‍ അദ്ധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ ആശാംപറമ്പില്‍ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജയിന്‍ മാത്യൂ, മീരാ ടെഡി, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റജി പി. വര്‍ഗ്ഗീസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും .തുടര്‍ന്ന് മാലിപ്പുരയില്‍ വള്ളസദ്യയും ഉണ്ടായിരിക്കും.

2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്.ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉള്‍പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലി തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോര്‍ജ് ചുമ്മാറിന്റെ ഏക മകനായ 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട്’ ക്യാപ്റ്റന്‍.

വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി.1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. ചെറുവള്ളങ്ങളുടെ ജല രാജാവ് ആയ ‘ഷോട്ട് ‘ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.

വിവിധ ജലോത്സവങ്ങളില്‍ മത്സരിക്കുവാന്‍ ലക്ഷ്യമിട്ട് ആര്‍പ്പൂക്കര കരിപ്പൂതട്ട് ഐലാട്ടുശേരി കടവില്‍ ”ഷോട്ട് പുളിക്കത്ര ‘യില്‍ ആര്‍പ്പൂക്കര ബോട്ട് ക്ലബിന്റെ തുഴച്ചില്‍പരിശീലനം ജൂലൈ 28ന് 2 മണിക്ക് അഡ്വ.സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് വീണ്ടും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറാടെറുക്കുകയാണ് മാലിയില്‍ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാന്‍ തീരുമാനിച്ചതെന്നും ചടങ്ങ് ലളിതമാക്കി നവതി സ്മാരകമായി ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്നു ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.

RECENT POSTS
Copyright © . All rights reserved