ജോർജ് മാത്യു
മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ 123-മത് ഓർമ്മ പെരുന്നാൾ ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നവംബർ 2 ന് ഞായറാഴ്ച ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. ഇടവക വികാരി ഫാ.ബിനോയ് ജോഷുവ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസ സഹസ്രങ്ങൾക്ക് അൽമീയ സുഗന്ധം പരത്തി വിശുദ്ധിയുടെ പടവുകൾ കയറിയ പരുമല കൊച്ചു തിരുമേനി യഥാർത്ഥ മനുഷ്യ സ്നേഹിയായിരുന്നു എന്ന് ഇടവകവികാരി കുർബാന മധ്യയുള്ള പ്രസംഗത്തിൽ ചൂണ്ടികാട്ടി. ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം,വി.കുർബാന,പ്രസംഗം, മധ്യ സ്ഥ പ്രാർത്ഥന, പ്രദിക്ഷണം,ആശിർവാദം,നേർച്ചവിളമ്പ് എന്നിവ നടന്നു. തുടർന്ന് ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി കൊണ്ട്, മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിവൽ പങ്കാളിത്തം കൊണ്ടും, ടീം വർക്ക് കൊണ്ടും ശ്രദ്ധേയമായി.ഇടവക ട്രസ്റ്റി എബ്രഹാം കുര്യൻ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അധ്യാൽമിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.


അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തിലൂടെയുള്ള തീർത്ഥാടന അനുഭവവും, വിശ്വാസ പ്രഘോഷണവും, വിശ്വാസവും, കലയും, പ്രതിഭയും സമന്വയിക്കുന്ന മഹോത്സവ വേദിയുമായി.

ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവത്തിന്റെ പ്രാരംഭമായി മത്സര വേദികളുടെ വെഞ്ചരിപ്പിനു ശേഷം, ബൈബിൾ പ്രതിഷ്ഠ നടന്നു.
ഓക്സ്ഫോർഡ് റീജണൽ ഡയറക്ടർ ഫാ. സോണി ജോർജ്ജ് വിശുദ്ധ ഗ്രൻഥം വഹിച്ചു കൊണ്ട് നയിച്ച ബൈബിൾ പ്രതിഷ്ഠ റാലിയിൽ , ആതിഥേയ മിഷൻ ഡയറക്ടറും, ബൈബിൾ കലോത്സവത്തിനു ചുമതല വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷൻ, നോർത്താംപ്ടൺ), ഫാ. എൽവിസ് ജോസ് ( ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പസ്റ്റോലെറ്റ് ഡയറക്ടർ), ഓക്സ്ഫോർഡ് റീജൻ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ് ഭക്ത സംഘടനകളുടെ ഡയറക്ടർ, ഫാ. അനീഷ് നെല്ലിക്കൽ, അപ്പാസ്റ്റ്ലേറ്റ് കമ്മീഷൻ മെംബറും, കലോൽസവത്തിന്റെ ജനറൽ കോർഡിനേറ്ററുമായ സജൻ സെബാസ്റ്റ്യൻ, ബൈബിൾ അപ്പാസ്റ്റോലെറ്റ് കമ്മീഷൻ മെമ്പർ ജിനീത ഡേവീസ്, സിസ്റ്റർമാർ,ക്യാറ്റാകിസം റീജണൽ ഹെഡ് റാണി ഷിനോ, റീജണൽ പാസ്റ്റർ കൌൺസിൽ സെക്രട്ടറി റീന ജെബിറ്റി വിവിധ കോർഡിനേറ്റർമാർ, അപ്പസ്റ്റോലെറ്റ് അംഗങ്ങൾ എന്നിവർ അണിനിരന്നു. സോണി അച്ചൻ തിരുവചന ഭാഗം വായിച്ച് ബൈബിൾ പ്രതിഷ്ഠ നിർവ്വഹിച്ചു. ബൈബിൾ പ്രതിഷ്ഠക്കു ശേഷം സെബാസ്റ്റ്യൻ അച്ചന്റെ അദ്ധ്യക്ഷതയിൽ തുടങ്ങിയ കലോത്സവ ഉദ്ഘാടന സമ്മേളനത്തിൽ റീജനൽ അപ്പസ്റ്റോലേറ്റ് കമ്മീഷൻ മെമ്പർ ജെനീത ഡേവീസ് ഏവർക്കും സ്വാഗതമരുളി. ഫാ. സോണി ജോർജ്ജ് ഉദ്ഘാടന പ്രസംഗം നടത്തി തുടർന്ന് ഭദ്രദീപം തെളിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ, ഫാ അനീഷ്, റാണി ഷിനോ , റീന ജെബിറ്റി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. .

( Overall champions- Oxford)
ഉദ്ഘാടന കർമ്മത്തിനു ശേഷം, കലോത്സവ മത്സരങ്ങൾ ആരംഭിക്കുകയായി. . മത്സരാർത്ഥികൾക്കിത് ദൈവം നൽകിയ കലാവാസനകൾക്കും, വരദാനങ്ങൾക്കും സ്തുതിപ്പും, നന്ദിയും അർപ്പിക്കുന്നതിനുള്ള അനുഗ്രഹ അവസരമായി.
ആത്മീയ സാന്ദ്രത പകർന്ന പാട്ടു മത്സരങ്ങൾ, തിരുവചന വായന, വിശുദ്ധഗ്രന്ഥ ആഖ്യാനങ്ങൾ അവതരണങ്ങളിലൂടെ അനുഭവേദ്യമാക്കിയ മോണോ ആക്റ്റുകൾ, ബൈബിൾ പ്രമേയങ്ങളെ ദൃശ്യവൽക്കരിച്ച ടാബ്ലോസ്, ദൈവവചന സന്ദേശങ്ങൾ കോർത്തിണക്കി സംഗീത ദൃശ്യ വിരുന്നൊരുക്കിയ സ്കിറ്റുകൾ, മാർഗ്ഗം കളി, പ്രസംഗ-ഉപന്യാസ മത്സരങ്ങൾ, ചിത്ര രചന, പെയിന്റിംഗ് അടക്കം ഏറെ വിശ്വാസാത്മക കലാസൃഷ്ടികളുടെ പറുദീസ ഒരുക്കിയ കലോത്സവം വിശ്വാസദീപ്തമായി.

(Runners Up- Northampton)
വചനോത്സവ വിരുന്നൊരുക്കിയ സ്കിറ്റ് മത്സരങ്ങളിൽ വിശുദ്ധ ഗ്രൻഥത്തിൽ നീതിമാനായ ജോബിനെ ദൈവം പരീക്ഷിക്കുന്ന അവസ്ഥകളിൽ, ഉയർച്ചയിലും തകർച്ചയിലും വിശ്വാസതീക്ഷ്ണതയും
നീതിബോധവും കാത്ത ജോബിന്റെ ജീവിത പ്രമേയം പുനരാവിഷ്ക്കരിച്ച് വേദി കീഴടക്കിയ ഓക്സ്ഫോർഡ് ടീം വിജയം ഉറപ്പിക്കുകയായിരുന്നു.
കലാസ്വാദകർ തിങ്ങി നിറഞ്ഞ പ്രധാന ഹാൾ തുടർന്ന് മത്സരങ്ങളുടെ സമാപന സമ്മേളനത്തിനും സമ്മാനദാനത്തിനും ഉള്ള വേദിയായി.
ബൈബിൾ അപ്പോസ്റ്റ്ലേറ്റ് കമ്മീഷൻ മെംബറും ബൈബിൾ കലോത്സവ ജനറൽ കോർഡിനേറ്ററുമായ സജൻ സെബാസ്റ്റ്യൻ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വ്യക്തിഗത ഇനങ്ങൾക്കും , ഗ്രൂപ്പിനങ്ങൾക്കും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

( 2nd Runners Up – Watford )
ആവേശകരമായ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഓക്സ്ഫോർഡ് കാർഡിനൽ ന്യൂമാൻ മിഷൻ ഓവറോൾ കിരീടം ഉയർത്തി. തൊട്ടു പിന്നിലെത്തിയ ആതിഥേയരായ നോർത്താംപ്ടൺ സെന്റ് തോമസ് മിഷൻ രണ്ടാം സ്ഥാനവും, ഹോളി ക്വീൻ ഓഫ് റോസറി മിഷൻ വാറ്റ് ഫോർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംഘാടക പാഠവവും, കലാ പ്രതിഭകളുടെ പ്രാവീണ്യവും, കൃത്യതയാർന്ന വിധിനിർണ്ണയവും, മികച്ച വോളണ്ടിയേഴ്സും, ആസ്വാദ്യമായ ചൂടുള്ള നാടൻ ചൂടൻ ഭക്ഷണങ്ങളും കലോത്സവത്തെ വൻ വിജയമാക്കി.

സോണി അച്ചന്റെ സമാപന പ്രാർത്ഥനയും
ആശീർവാദത്തോടെയും ബൈബിൾ കലോത്സവം സമാപിച്ചു. രാത്രി ഒമ്പതര വരെ പരിപാടികൾ നീണ്ടു.
ജോർജ് മാത്യു
മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ 123-മത് ഓർമ്മ പെരുന്നാൾ ബിർമിഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ നവംബർ 2 ന് ഞായറാഴ്ച ഭക്തിയാദരപൂർവ്വം ആഘോഷിക്കുന്നു. ഇടവക വികാരി ഫാ.ബിനോയ് ജോഷുവ പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.ഞായറാഴ്ച രാവിലെ 8.30 ന് പ്രഭാതനമസ്കാരം, വി.കുർബാന, പ്രസംഗം, പ്രദിക്ഷണം, ആശിർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും. തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമാക്കി കൊണ്ട്, മർത്ത മറിയം സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റിവൽ (ലൈവ് ഫുഡ് ഉൾപ്പെടെ ) ക്രമീകരിച്ചിട്ടുണ്ട് .ഇടവക ട്രസ്റ്റി എബ്രഹാം കുര്യൻ, സെക്രട്ടറി മിഥുൻ ബാബു തോമസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, അധ്യാൽമിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകും.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ദീപാവലി ആഘോഷങ്ങൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. 2025 ഒക്ടോബർ 25 ആം തീയതി ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ ലണ്ടനിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ദീപാവലി ആഘോഷങ്ങൾ നടത്തപ്പെട്ടത്.

ആചാര്യൻ താഴൂർ മന ഹരിനാരായണൻ നമ്പിടിശ്വർ അവർകളുടെ കർമികത്വത്തിൽ ഭഗവതി സേവ ,വിളക്ക് പൂജ, സഹസ്ര നാമാർച്ചന, ചോറൂണ് എന്നിവയും ശേഷം ശ്രീ മുരളി അയ്യരുടെ കർമികത്വത്തിൽ ദീപാരാധനയും എന്നിവ നടത്തപ്പെട്ടു. പൂജകൾക്ക് ശേഷം അന്നദാനവും ഉണ്ടായിരുന്നു.ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം ആളുകൾ ദീപാവലി ആഘോഷങ്ങളിലും പ്രത്യേക പൂജകളിലും പങ്കെടുത്തു ദീപാവലി ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും ശ്രീ ലണ്ടൻ ഗുരുവായൂരപ്പ സേവ സമിതി നന്ദി അറിയിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ
റയിൻഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ വെച്ച് മാസം തോറും സംഘടിപ്പിക്കുന്ന ‘ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ’ നവംബർ 1 ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. ലണ്ടനിൽ റയിൻഹാം ഔർ ലേഡി ഓഫ് ലാസലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ് കൺവെൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത ധ്യാനഗുരുവും ലണ്ടനിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ജോസഫ് മുക്കാട്ട് നേതൃത്വം നൽകും. ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര് ആന് മരിയ SH, വിശുദ്ധഗ്രന്ഥ സന്ദേശങ്ങള് പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്. ഫാ. ഷിനോജ് കളരിക്കൽ ശുശ്രൂകളിൽ പങ്ക് ചേരും.
2025 നവം: 1 ന് ശനിയാഴ്ച രാവിലെ 9:30 ന് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ വിശുദ്ധബലി, തിരുവചന ശുശ്രുഷ, തുടർന്ന് ആരാധനക്കുള്ള സമയമാണ്. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കുന്നതാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള ശുശ്രുഷകളും ലഭ്യമാണ്.
ലണ്ടനിൽ നടത്തപ്പെടുന്ന ആദ്യ ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ തിരുക്കർമ്മങ്ങളിലും ശുശ്രുഷകളിലും പങ്കുചേർന്ന് ആത്മീയ നവീകരണവും, സൗഖ്യ ശാന്തിയും, കൃപകളും, വിടുതലും മാതൃ മദ്ദ്യസ്ഥതയിൽ പ്രാപിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

അപ്പച്ചൻ കണ്ണഞ്ചിറ
നോർത്താംപ്ടൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ബൈബിൾ അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ ഓക്സ്ഫോർഡ് റീജണൽ ബൈബിൾ കലോത്സവ മത്സരങ്ങൾ 25 ന്, ശനിയാഴ്ച്ച നടത്തപ്പെടും. നോർത്താംപ്റ്റണിലെ കരോളിൻ ചിഷോം സ്കൂൾ വേദികളിൽ വെച്ചാവും ആത്മീയതയും, കലാ പ്രതിഭയും സമന്വയിക്കുന്ന വചനോത്സവ കലാ മത്സരങ്ങൾ നടക്കുക.
ആതിഥേയ മിഷൻ ഡയറക്ടറും, ബൈബിൾ കലോത്സവത്തിനു മുഖ്യ നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഫാ. സെബാസ്റ്റ്യൻ പൊട്ടനാനിയിൽ (സെന്റ് തോമസ് അപ്പോസ്റ്റലേറ്റ് മിഷൻ, നോർത്താംപ്ടൺ), ഫാ. സോണി ജോർജ് (സീറോമലബാർ ഓക്സ്ഫോർഡ് റീജണൽ ഡയറക്റ്റർ ), ഫാ. എൽവിസ് ജോസ് ( ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പസ്റ്റോലെറ്റ് ഡയറക്ടർ), ഓക്സ്ഫോർഡ് റീജൻ മിഷൻ ലീഗ്, സാവിയോ ഫ്രണ്ട്സ് ഭക്ത സംഘടനകളുടെ ഡയറക്ടർ, ഫാ. അനീഷ് നെല്ലിക്കൽ എന്നിവർ ബൈബിൾ പ്രതിഷ്ഠയ്ക്കും, കലോത്സവത്തിനും അജപാലന നേതൃത്വം വഹിക്കും. ഓക്സ്ഫോർഡ് റീജണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അംഗങ്ങളായ സജൻ സെബാസ്റ്റ്യൻ(ജനറൽ കോർഡിനേറ്റർ) ജിനീത ഡേവീസ് എന്നിവരാണ് ഈ വർഷത്തെ റീജണൽ ബൈബിൾ കലോത്സവത്തിന് നേതൃത്വം വഹിക്കുന്നത്.
ഓക്സ്ഫോർഡ് റീജിയണിലെ വിവിധ മിഷൻ, പ്രൊപ്പോസ്ഡ് മിഷനുകളിൽ നിന്നുമായി ആവേശകരമായ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായപ്പോൾ അഞ്ഞൂറോളം മത്സരാർത്ഥികളാണ് വചനോത്സവ വേദിയിൽ മാറ്റുരക്കുവാൻ എത്തുക. റീജണൽ ബൈബിൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ നോർത്താംപ്ടണിൽ പൂർത്തിയായതായും സംഘാടക സമിതി അറിയിച്ചു.
രാവിലെ 8:00 ന് മത്സരാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 9:00 ന് ബൈബിൾ പ്രതിഷ്ഠയും, 9:15 മുതൽ കലാ മത്സരങ്ങൾ ആരംഭിക്കുന്നതുമാണ്. മത്സരങ്ങൾ വൈകിട്ട് 7:00 മണിയോടെ പൂർത്തിയാകും. തുടർന്ന് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്. യഥാസമയം കലോത്സവം പൂർത്തിയാക്കുവാനായി മത്സരാർത്ഥികൾ സമയനിഷ്ഠ പാലിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
വിശുദ്ധഗ്രന്ഥ തിരുവചന പ്രമേയങ്ങൾ ഗാന- ദൃശ്യ-ശ്രവണ വിരുന്നായി സംഗീതം, പ്രസംഗം, നൃത്തം, ചിത്ര രചന, അഭിനയം തുടങ്ങിയ കലാ മാധ്യമങ്ങളിലൂടെ പുനരാവിഷ്ക്കരിക്കുമ്പോൾ, ജീവിക്കുന്ന വചന ആഖ്യാനങ്ങൾ ഹൃദിസ്തവവും അനുഭവവേദ്യവും ആവും. ദൈവം നൽകിയ കലാവാസനകൾക്കും, വരദാനങ്ങൾക്കും സ്തുതിപ്പും, നന്ദിയും അർപ്പിക്കുന്നതിനുള്ള അനുഗ്രഹ അവസരമാവും മത്സരാർത്ഥികൾക്കു കലോത്സവ വേദിയിൽ ലഭിക്കുക.
ബൈബിൾ അധിഷ്ഠിതമായി നടത്തപ്പെടുന്ന മത്സര വേദിയിൽ പരിശുദ്ധ ലിഖിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തിരുവചനങ്ങൾക്ക് ജീവനും, തുടിപ്പും, വിശ്വാസ തീക്ഷ്ണതയും അനുഭവവേദ്യമേകുന്ന കലാപരിപാടികൾ, ആസ്വദിക്കുവാനും, സദ് സന്ദേശങ്ങൾ ആഴത്തിൽ ഉൾക്കൊള്ളുവാനും, ദൈവീക സാന്നിദ്ധ്യം നുകരുവാനും അനുഗ്രഹദായകമായ ആഘോഷാത്മക വേദിയിലേക്ക് ഏവരെയും സ്നേഹ പൂർവ്വം സ്വാഗതം ചെയ്യുന്നതായി റീജണൽ ബൈബിൾ അപ്പോസ്റ്റലേറ്റ് അറിയിച്ചു.
Date And Time : October 25th Saturday from 8:30 AM
VENUE: CAROLINE CHISHOLM SCHOOL, WOOLDALE ROAD, WOOTTON,
NN4 6TP, NORTHAMPTON

സമീപകാലത്ത് ബ്രിട്ടനിലെ സീറോ മലബാർ സഭയെയും, വിശ്വാസങ്ങളെയും, ആചാരങ്ങളെയും, സഭാ ചട്ടക്കൂടുകളെയും ബോധപൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനും, അവഹേളിക്കുന്നതിനും ചില കേന്ദ്രങ്ങളിൽ നിന്ന് നടക്കുന്ന ശ്രമങ്ങൾക്കെതിരെ സഭാ വിശ്വാസികളിൽ നിന്ന് പ്രതിഷേധം ശക്തമാകുന്നു. മതവിശ്വാസവും, ആത്മീയതയും ഓരോ വ്യക്തികളുടെയും സ്വകാര്യതയും, അവകാശവും ആണെന്നിരിക്കെ വിരലിലെണ്ണാവുന്ന ചില ന്യൂനപക്ഷങ്ങൾ തങ്ങൾ പറയുന്നതുപോലെ യുകെയിലെ സീറോ മലബാർ വിശ്വാസികൾ പ്രവർത്തിക്കണം എന്നു വാശി പിടിക്കുകയും, ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ആചാര അനുഷ്ഠാനങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്നതായാണ് സഭാ വിശ്വാസികളുടെ പരാതി.
അടുത്തകാലത്ത് യുകെയിൽ നടന്ന ഒരു വിവാഹവുമായി ബന്ധപ്പെട്ട് ആണ് ഇക്കൂട്ടർ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വഴി സഭയ്ക്കെതിരെ കുപ്രചാരണങ്ങൾ അഴിച്ചുവിട്ടത്. യുകെയിലുള്ള ചെറിയ അസോസിയേഷനുകൾക്കും, ക്ലബ്ബുകൾക്കും വരെ നിയമാവലിയും, സംഘടനാ ഘടനയും ഉണ്ടായിരിക്കെ 5 മിനിറ്റിൽ താഴെ മാത്രം സമയം ചിലവഴിച്ചാൽ പൂരിപ്പിക്കാവുന്ന ഒരു ഫോം പൂരിപ്പിച്ചാൽ തീരുന്ന കാര്യം, ഇത്തരത്തിൽ ചെയ്താൽ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും തകരുമെന്ന് പ്രഖ്യാപിച്ച് കത്തോലിക്കാ വിശ്വാസത്തെ രണ്ട് വ്യക്തികൾ ഉപേക്ഷിക്കാൻ കാരണം സഭയും, അതിനെ നയിക്കുന്നവരുമാണെന്നാണ് സഭാ വിരുദ്ധതയുടെ മേലങ്കി അണിഞ്ഞവരുടെ പ്രചാരണം. സീറോ മലബാർ വിശ്വാസികൾ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും ഉപേക്ഷിച്ച് പുറത്തു വരണമെന്നാണ് സഭാവിരുദ്ധരുടെ ആവശ്യം. ലാറ്റിൻ സഭയുള്ളപ്പോൾ സീറോ മലബാർ സഭയുടെ പ്രസക്തി തന്നെ ഇവർ ചോദ്യം ചെയ്യുന്നു .ബ്രിട്ടൻ പോലുള്ള ഒരു ആധുനിക രാജ്യത്ത് വിശ്വാസവും മതസ്വാതന്ത്ര്യവും ഓരോ വ്യക്തിയുടെയും സ്വകാര്യതയും അവകാശവും ആണെന്നിരിക്കെ കത്തോലിക്കാ സഭയിലും വിശ്വാസപ്രമാണങ്ങളിലും വിശ്വാസമില്ലാത്തവർക്ക് അവരുടെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ ബഹുഭൂരിപക്ഷം വരുന്ന സഭാ വിശ്വാസികൾ തങ്ങളുടെ പാത പിന്തുടരണമെന്ന് വാശി പിടിക്കുകയും സഭയെ നിരന്തരം ആക്ഷേപിക്കുകയും ചെയ്യുന്നതിൻറെ സാഗത്യമെന്തെന്നാണ് സഭാ വിശ്വാസികളുടെ ഇടയിൽ ഉയരുന്ന ചോദ്യം.
അടുത്തകാലത്ത് ഉണ്ടായ വിവാഹ വിവാദത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധികൃതർ വിവാഹം മുടക്കിയെന്നാണ് ആക്ഷേപം. ഗ്രേറ്റ് ബ്രിട്ടനിൽ ഒരു ക്നാനായ യുവാവും യുവതിയും തമ്മിലുള്ള വിവാഹം കത്തോലിക്കാ വിശ്വാസം ഉപേക്ഷിച്ച് അവരുടെ വിവാഹം ഒരു അകത്തോലിക്കാ ദേവാലയത്തിൽ വച്ച് നടത്തിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപത ലാറ്റിൻ പള്ളിയിൽ വച്ച് നടത്തിക്കൊടുക്കുന്നത് തടഞ്ഞതു കൊണ്ടാണെന്നാണ് ആക്ഷേപം . എന്നാൽ ഇതിൽ യാതൊരു വസ്തുതയും ഇല്ല. ഈ വിവാഹം ക്നാനായ ആചാരപ്രകാരം സീറോമലബാർ സഭയുടെ ക്രമപ്രകാരം നടത്തുവാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി മിഷൻ ഡയറക്ടറായ വൈദികനെ ഇവർ സമീപിക്കുകയും ചെയ്തിരുന്നു. ഈ വൈദികൻ സന്തോഷത്തോടുകൂടി ഈ വിവാഹം നടത്തി കൊടുക്കുന്നതിനുള്ള സമ്മതം അറിയിച്ചു. എന്നാൽ വിവാഹം നടത്തി കൊടുക്കുന്നതിന് സഭ നിർദ്ദേശിക്കുന്ന ഫോം പൂരിപ്പിച്ച് നൽകുവാൻ ആവശ്യപ്പെട്ടപ്പോൾ ഇവർ അതിന് തയ്യാറായില്ല. കാരണം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫോം പൂരിപ്പിച്ചാൽ തങ്ങളുടെ ക്നാനായ അംഗത്വം നഷ്ടപ്പെടുമെന്ന അടിസ്ഥാനരഹിതമായ ആരോപണം ബോധപൂർവ്വം ഉന്നയിക്കുകയാണ് ഉണ്ടായത് . ആഗോള കത്തോലിക്കാ സഭയിലെ ഭരണപരമായ സൗകര്യങ്ങൾക്കായാണ് ബ്രിട്ടനിലെ ക്നാനായ സഭാ വിശ്വാസികൾ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിൽ വരുന്നതെന്നും, അതുകൊണ്ട് അവരുടെ ക്നാനായ അംഗത്വം നഷ്ടപ്പെടുകയില്ലെന്നും സഭാ അധികാരികൾ വിശദീകരിച്ചെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും ഇവർ തയ്യാറായില്ലായിരുന്നു. ഇതിനുശേഷം വധു വരന്മാർ ലാറ്റിൻ ദേവാലയത്തിൽ വച്ച് വിവാഹം നടത്താൻ ലാറ്റിൻ സഭയെ സമീപിച്ചു. ലാറ്റിൻ സഭാ അധികാരികൾ പ്രസ്തുത വ്യക്തികൾ സീറോ മലബാർ വിശ്വാസികളായതിനാൽ സീറോ മലബാർ സഭ നിർദ്ദേശിക്കുന്ന നടപടിക്രമങ്ങൾ പാലിക്കണമെന്ന് നിർദ്ദേശിച്ചു. ലാറ്റിൻ ദേവാലയത്തിൽ വച്ച് വിവാഹം നടത്താനുള്ള അനുമതിക്കായി സീറോ മലബാർ സഭാ അധികാരികളെ സമീപിച്ചപ്പോൾ ഇതിനുമുമ്പും ഇത്തരത്തിലുള്ള അപേക്ഷകളിൽ തീരുമാനം എടുത്തതു പോലെ സന്തോഷപൂർവ്വം അനുമതി നൽകാമെന്ന് അറിയിക്കുകയും വിവാഹതരാകുന്ന വ്യക്തികൾ ഉൾപ്പെട്ട ക്നാനായ മിഷൻ ഡയറക്ടർ മുഖേന ഒരു അപേക്ഷ നൽകിയാൽ മതിയെന്ന് അറിയിച്ചു. എന്നാൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വടക്കൻ ഭാഗം രൂപതയും തങ്ങൾക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെന്ന് ധാർഷ്ട്യം നിറഞ്ഞ നിലപാടോടുകൂടി ഇവർ യുകെയിലെ വത്തിക്കാൻ പ്രതിനിധിയെ ബന്ധപ്പെടുകയാണ് ഉണ്ടായത്. എന്നാൽ ഇത് പൗരസ്ത്യ സഭകളുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭയുടെ നടപടിക്രമങ്ങൾ പാലിക്കാനുമാണ് വത്തിക്കാൻ പ്രതിനിധിയുടെ മറുപടി ഉണ്ടായത് . ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ തീരുമാനപ്രകാരം ബ്രിട്ടനിലെ ക്നാനായക്കാരുൾപ്പെടെ സീറോ മലബാർ വിശ്വാസികൾക്കായി രൂപീകൃതമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ ഒരുതരത്തിലും അംഗീകരിക്കില്ല എന്ന നിലപാടിൽ തങ്ങളുടെ കത്തോലിക്കാവിശ്വാസം പോലും ഉപേക്ഷിച്ച് വിവാഹിതരായപ്പോൾ വസ്തുതകളെല്ലാം മറച്ചുവെച്ചു കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ അപകീർത്തിപ്പെടുത്താനും താറടിക്കാനും വിശ്വാസികളുടെ ഇടയിൽ തെറ്റിദ്ധാരണ പരത്താനുമാണ് ചിലർ ശ്രമിച്ചതെന്നാണ് സഭാ വിശ്വാസികളുടെ പരാതി. ഇത്തരത്തിലുള്ള സംഭവങ്ങളും ശ്രമങ്ങളും സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപത സ്ഥാപിതമാകുന്ന അവസരം മുതൽ ആരംഭിച്ചതാണെന്ന് സഭാവിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത സംഭവത്തിന്റെ വെളിച്ചത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സർക്കുലർ കഴിഞ്ഞ ഞായറാഴ്ച എല്ലാ ദേവാലയങ്ങളിലും വായിച്ചിരുന്നു. സീറോ മലബാർ സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആത്മീയത, ശിക്ഷണ ക്രമം എന്നിവ പങ്കിടുന്ന സീറോ മലബാർ ക്നാനായ സമൂഹം സീറോ മലബാർ സഭയുടെ അഭിവാജ്യ ഘടകമാണെന്നും, ഭരണപരമായ സൗകര്യത്തിനായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ക്നാനായ സമൂഹത്തിന് അതുവഴി തങ്ങളുടെ അംഗത്വം നഷ്ടപ്പെടുന്നില്ലെന്നും സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
സീറോ മലബാർ സഭയുടെ യുകെയിലെ പ്രവർത്തനങ്ങളുടെ ആവശ്യകതയുടെ പ്രസക്തിയാണ് സഭാവിരുദ്ധർ ചോദ്യം ചെയ്യുന്നത്. തങ്ങളുടെ തികച്ചും മൗലികമായ മതപരമായ വിശ്വാസങ്ങളും, ആചാരങ്ങളും പാരമ്പര്യങ്ങളും പിൻതുടരാൻ ആഗ്രഹിക്കുന്ന ഒരു ജനവിഭാഗം ഉള്ളതുകൊണ്ടാണ് സീറോ മലബാർ സഭ ബ്രിട്ടനിൽ പ്രവർത്തിക്കുന്നതെന്നും നിലനിൽക്കുന്നതെന്നും ഇത്തരക്കാർ മറക്കുന്നു. ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾ എന്നും ഇവിടുത്തെ പ്രമുഖ കത്തോലിക്കാ റീത്തായ ലാറ്റിൻ സഭയോട് ചേർന്ന് നിന്നുകൊണ്ടാണ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് നിർദ്ദേശിക്കുന്നതു പോലെ ന്യൂനപക്ഷം വരുന്ന മറ്റ് റീത്തുകളിലെ കത്തോലിക്കാ വിശ്വാസികൾക്ക് അവരുടെ വിശ്വാസവും, പാരമ്പര്യവും, തനിമയും സംരക്ഷിക്കാനുള്ള എല്ലാ പിൻതുണയും ലാറ്റിൻ സഭയിൽ നിന്ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് ബ്രിട്ടണിൽ ലഭിക്കുന്നുണ്ട്. ഇതെല്ലാം മറച്ചു വെച്ചുകൊണ്ടാണ് സീറോ മലബാർ സഭയുടെ ബ്രിട്ടനിലെ പ്രവർത്തനങ്ങളുടെ പ്രസക്തി തന്നെ സഭാവിരുദ്ധർ ചോദ്യം ചെയ്യുന്നത് .
സഭാ വിരുദ്ധത പലപ്പോഴും വ്യക്തിഹത്യയിലേയ്ക്കു പോലും എത്തുന്നതായി വിശ്വാസികൾ പരാതിപ്പെടുന്നു. ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുകയും, വികാരി ജനറാൾ എന്ന നിലയിൽ സേവനങ്ങൾ അനുഷ്ഠിക്കുകയും ചെയ്ത ഒരു മുൻ വൈദികനെതിരെയും സഭാവിരുദ്ധർ സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ കൂടി വ്യാപകമായ അപകീർത്തി പ്രചാരണമാണ് നടത്തുന്നത്. വൈദികൻ തൻറെ സ്വാർത്ഥ നേട്ടങ്ങൾക്കായി ലാറ്റിൻ റീത്തിലേയ്ക്ക് പോയതായാണ് പ്രചാരണം. പക്ഷേ ലിവർപൂൾ രൂപത തങ്ങളുടെ അധീനതയിലുള്ള ഒരു ആശ്രമം ഏറ്റെടുത്തു നടത്തുവാൻ വർഷങ്ങൾക്കു മുമ്പ് പ്രസ്തുത വൈദികൻ അംഗമായ സന്യാസ സഭയോട് അഭ്യർത്ഥിച്ചിരുന്നു. അടുത്തകാലത്ത് വീണ്ടും ഈ ആവശ്യം സജീവമായപ്പോൾ ബ്രിട്ടനിൽ പ്രവർത്തന പരിചയമുള്ള വ്യക്തിയെന്ന നിലയിൽ പ്രസ്തുത വൈദികൻ താൻ അംഗമായ സന്യസ്ത സഭയുടെ ആവശ്യപ്രകാരം ലിവർപൂൾ ആസ്ഥാനമായുള്ള ലാറ്റിൻ രൂപതയുടെ കീഴിലുള്ള ആശ്രമത്തിന്റെ ചുമതലയിലേയ്ക്ക് മാറുകയായിരുന്നു. ബ്രിട്ടനിൽ സീറോ മലബാർ വിശ്വാസികൾക്കായി സേവനത്തിന് എത്തുന്നതിനുമുമ്പ് അദ്ദേഹം ലാറ്റിൻ സഭയുടെ കീഴിലുള്ള രാജസ്ഥാനിലെ അജ്മീർ രൂപതയുടെ കീഴിലാണ് 7 വർഷത്തോളം സേവനം അനുഷ്ഠിച്ചിരുന്നത്. ഇതൊക്കെ സഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരം അതാത് കാലഘട്ടത്തിൽ സേവനം നൽകുന്നതല്ലാതെ റീത്തുകൾ മാറുന്നില്ല. വൈദികരുടെ എണ്ണത്തിലുള്ള പരിമിതികൾ മൂലം ലാറ്റിൻ രൂപതകളുടെ ആവശ്യപ്രകാരം താൽക്കാലികമായി തങ്ങളുടെ സേവനം വിട്ടു നൽകുന്നതാണു .ഇതൊക്കെ മറച്ചുവെച്ചാണ് സഭാവിരുദ്ധർ പല വൈദികരെയും വ്യക്തി ഹത്യയ്ക്ക് മുതിരുന്നത്.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് മതപരമായുള്ള കാര്യങ്ങളിൽ ഓരോ വ്യക്തിക്കുമുള്ള സ്വാതന്ത്ര്യത്തിൽ അനാവശ്യമായ കൈകടത്തലുകൾ അവസാനിപ്പിക്കണമെന്നാണ് സഭാ വിശ്വാസികളുടെ ആവശ്യം. സഭയുടെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള സഭാവിരുദ്ധരുടെ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സഭയുടെ ചട്ടക്കൂടിനകത്തു പ്രവർത്തിക്കുന്ന സഭാ വിശ്വാസികളുടെ സ്വാതന്ത്ര്യമെന്നാണ് വിശ്വാസികളുടെ ഓർമ്മപ്പെടുത്തൽ.
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിനായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2025 ഒക്ടോബർ 25-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതൽ ലണ്ടനിലെ തൊണ്ടൺ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടൺ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ദീപാവലി ആഘോഷങ്ങൾ നടത്തുന്നത്. ആചാര്യൻ താഴൂർ മന വി ഹരിനാരായണൻ അവർകളുടെ കർമികത്വത്തിൽ വിളക്ക് പൂജ, ദേവിസ്തോത്രം,ദീപാരാധന എന്നിവ നടത്തപ്പെടുന്നു. പൂജകൾക്ക് ശേഷം അന്നദാനവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
ജയകുമാർ ഉണ്ണിത്താൻ – 07515918523

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ ശ്രീ അയ്യപ്പ പൂജ, (2025 ഒക്ടോബർ 18 ആം തീയതി ശനിയാഴ്ച) നടക്കും. രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6:30 മുതൽ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ക്ഷേത്രം മേൽശാന്തി ശ്രീ അഭിജിത്തും, താഴൂർ മന ശ്രീ ഹരിനാരായണൻ നമ്പിടിശ്വരറും പൂജകൾക്ക് കർമികത്വം വഹിക്കും
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
07838170203, 07985245890, 07507766652, 07906130390,0 7973 151975

ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ് ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോൽസവത്തിന് മുന്നോടിയായി നടക്കുന്ന റീജിയണൽ മത്സരങ്ങൾക്ക് തുടക്കമായി . രൂപതയിലെ പന്ത്രണ്ട് റീജിയണുകളിലെ നൂറിലധികം ഇടവകകൾ/മിഷനുകൾ / പ്രൊപ്പോസ്ഡ് മിഷനുകളിൽനിന്നുമുള്ള മത്സരാർത്ഥികളാണ് ദേശീയ തലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്.
റീജിയണൽ തലത്തിൽ നടക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റീജിയണൽ കോർഡിനേറ്റർമാർ അറിയിച്ചു.
മത്സരങ്ങൾ എല്ലാ റീജിയണുകളിലും ഏകീകൃതമായ രീതിയിൽ നടക്കുന്നതിനായി നിയമാവലിയും വിഷയങ്ങളും ക്രമബദ്ധമായി തയ്യാറാക്കിയിട്ടുണ്ട്. രജിസ്ട്രേഷനും നടത്തിപ്പും സംബന്ധിച്ച രൂപതാകേന്ദ്രത്തിന്റെ നിർദേശങ്ങൾ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റ് ഇതിനകം തന്നെ എല്ലാ റീജിയണുകളിലും കൈമാറിയിട്ടുണ്ട്. കലോൽസവ രജിസ്ട്രേഷനുകൾക്കായി ബൈബിൾ അപ്പസ്റ്റോലേറ്റ് നൽകിയിരിക്കുന്ന ഔദ്യോഗിക രജിസ്ട്രേഷൻ ഫോം മാത്രമേ ഉപയോഗിക്കാവൂ.
എല്ലാ റീജിയണുകളിലെയും മത്സരങ്ങൾ ഒക്ടോബർ 25-നകം പൂർത്തിയാകും. ഓരോ റീജിയണിൽ നിന്നും രൂപതാതല മത്സരത്തിന് യോഗ്യത നേടിയവരുടെ പേരുകൾ ഒക്ടോബർ 27-നകം റീജിയണൽ കലോൽസവ കോർഡിനേറ്റർമാർ രൂപത ബൈബിൾ അപ്പസ്റ്റോലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് വിഭാഗത്തിലും റീജിയണൽ തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥികൾക്കാണ് നവംബർ 15-ന് ലീഡ്സ് റീജിയണിലെ സ്കെന്തോർപ്പിൽ നടക്കുന്ന രൂപതാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.
മുതിർന്നവർക്കായുള്ള ഉപന്യാസ മത്സരം ഈ വർഷം മുതൽ റീജിയണൽ തലത്തിൽ വിജയിക്കുന്നവർക്ക് മാത്രമാണ് രൂപതാതല മത്സരങ്ങളിലേക്ക് പ്രവേശനം ലഭിക്കുക. തപാൽ വഴി സമർപ്പിക്കുന്ന ഉപന്യാസ മത്സരങ്ങൾ ഈ വർഷം ഉണ്ടാകില്ല.
തലരൂപതാ തല ത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരങ്ങൾക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 4-നകം പൂർത്തിയാക്കണം. ഷോർട്ട് ഫിലിം ഒക്ടോബർ 12 രാത്രി 12 മണിയ്ക്ക് മുൻബായി സമർപ്പിച്ചിരിക്കണം.
നിയമാവലിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിനായി ഈ വർഷം മുതൽ FAQ പേജ് ബൈബിൾ കലോൽസവ വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കണമെന്നും ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ബൈബിൾ അപ്പോസ്റ്റലേറ്റ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
https://smegbbiblekalotsavam.com/?page_id=1778
