ഷിബു മാത്യൂ.
സീറോ മലബാര്‍ സഭയുടെ തലവന്‍ അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ മന്നയ്ക്ക് നല്‍കിയ ആശംസയുടെ പൂര്‍ണ്ണരൂപം.
ആയിരം എപ്പിസോഡിന്റെ നിറവില്‍ ‘മന്ന’.
സോഷ്യല്‍ മീഡിയ വചന പ്രഘോഷണത്തിനും കൂടി ഉപയോഗിക്കണമെന്ന പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അന്വര്‍ദ്ധമാക്കി ഫാ. ബിനോയ് ആലപ്പാട്ട് മന്ന എന്ന പേരില്‍ യൂ ട്യൂബില്‍ ദിവസവും പബ്‌ളീഷ് ചെയ്യുന്ന ദൈവവചനപ്രഘോഷണത്തിന്റെ ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയായി. വചനം പ്രഘോഷിക്കുന്നതോടൊപ്പം വ്യക്തികളുടെയും സമൂഹത്തിന്റെയും സഭയുടെയും ആദ്ധ്യാത്മികവും ഭൗതീകവുമായ വിഷയങ്ങള്‍, അനുസ്മരിക്കപ്പെടേണ്ട ദിവസങ്ങളുടെയും കാലങ്ങളുടെയും ചിന്തകള്‍ ഇവയെല്ലാം വിശുദ്ധ ബൈബിളിലെ വചനങ്ങളുമായി കൂട്ടിയിണക്കി സഭയ്ക്കും സമൂഹത്തിനും വ്യക്തികള്‍ക്കും പോസിറ്റീവായ ഊര്‍ജ്ജം പകരുക എന്നതാണ് മന്ന കൊണ്ട് ഉദ്ദേശിക്കുന്നത്. തിരുപ്പിറവിക്ക് ഒരുക്കമായ സന്ദേശങ്ങള്‍ നല്‍കി 2017 ഡിസംബര്‍ ഒന്നിനാണ് മന്നയുടെ ആദ്യ എപ്പിസോഡ് റിലീസായത്.
മുടങ്ങാതെ ആയിരം എപ്പിസോഡില്‍ എത്തുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ചും വീഡിയോ രൂപത്തില്‍. വായനക്കാര്‍ക്ക് താല്പര്യമുള്ള ഈ വിഷയവുമായി ബന്ധപ്പെട്ട് മലയാളം യുകെ സ്പിരിച്ച്വല്‍ ടീം ഫാ. ബിനോയ് ആലപ്പാട്ടുമായി ബന്ധപ്പെട്ടിരുന്നു.
മന്ന എന്ന ചിന്ത ജന്മമെടുത്തതെങ്ങനെയെന്ന ചോദ്യത്തിന് ഫാ. ബിനോയ് മറുപടി പറഞ്ഞതിങ്ങനെ.
പരിശുദ്ധ ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഒരിക്കല്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ സോഷ്യല്‍ മീഡിയയിലാണ് ജനം മുഴുവനും. സോഷ്യല്‍ മീഡിയയിലെ എല്ലാ ഉപകരണങ്ങളും വചന പ്രഘോഷണത്തിനും കൂടി ഉപകരിക്കുന്ന വിധത്തിലാവണം. ഈയൊരു ചിന്തയാണ് മന്നയുടെ പിറവിക്ക് കാരണം. കൂടാതെ, എന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസ് തേന്‍പള്ളില്‍ അച്ചന്റെ പ്രോത്സാഹനം ഉണ്ടായിരുന്നു.
ഒരു ക്യാപ്‌സൂള്‍ ടൈപ്പാണ് മന്ന. കുറഞ്ഞ സമയം കൊണ്ട് വചനത്തേക്കുറിച്ചൊരു ധ്യാനം. വചനം മനസ്സിന്റെ ഭാഗമാകാന്‍ പെട്ടന്ന് സാധിക്കണം. ഒത്തിരി പറയുന്നതിലല്ല കാര്യം.
മന്ന നേരിട്ട പ്രതിസന്ധികള്‍, മന്ന കത്തോലിക്കാ സഭയ്ക്ക് നല്‍കിയ സംഭാവനകള്‍, ആയിരം എപ്പിസോഡ് ചെയ്ത ഫാ. ബിനോയ് മന്നയില്‍ എങ്ങനെ ആനന്ദം കാണുന്നു ഈ ചോദ്യങ്ങളോടെല്ലാം ഫാ. ബിനോയ് പ്രതികരിച്ചതിങ്ങനെ.
ഒരു പ്രതിസന്ധിയും മന്ന നേരിട്ടിട്ടില്ല. ഇത് എന്റെ പാഷനാണ്. ദിവസവും രാവിലെ അല്പനേരം ധ്യാനിക്കും. പിന്നീട് റിക്കോര്‍ഡ് ചെയ്ത് എഡിറ്റ് ജോലികളും നടത്തി അപ് ലോഡ് ചെയ്യും. ശുശ്രൂഷ ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ ഉണ്ടാകുമായിരിക്കാം. പക്ഷേ ഞാനതറിയുന്നില്ല. സാധാരണക്കാരന്റെ ഭാഷയില്‍ വചനം പ്രഘോഷിക്കണം. ആരോഗ്യമുള്ളിടത്തോളം കാലം മന്നയുമായി മുന്നോട്ട് പോവുക എന്നതാണ് ആഗ്രഹം. മന്നയ്ക്കായി ഒരുങ്ങുന്നത് എനിക്കെന്നും ആനന്ദമാണ്. ഒരു പാട് ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ഞങ്ങളുടെ സഭയിലെ വൈദീക സഹോദരങ്ങള്‍ എല്ലാം വലിയ പ്രോത്സാഹനം തന്നുകൊണ്ടിരിക്കുന്നു. ഒരു വലിയ സന്തോഷമുള്ളതിതാണ്. ആയിരം എപ്പിസോഡ് ചെയ്തിട്ടും ആവര്‍ത്തന വിരസതയുണ്ടായിട്ടില്ല എന്ന് പലരും പറഞ്ഞു. അത് പരിശുദ്ധാത്മാവിന്റെ കൃപ മാത്രമാണെന്ന് വിശ്വസിക്കുന്നു. ഫാ. ബിനോയ് പറഞ്ഞു.
സഭാ മേലധ്യക്ഷന്‍മാര്‍ മുതല്‍ സമൂഹത്തിന്റെ നിരവധി മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വരെ മന്നയ്ക്ക് ആശംസയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. എല്ലാം ഉള്‍ക്കൊള്ളിക്കാന്‍ സാങ്കേതികമായ തടസ്സം ഉള്ളതുകൊണ്ട് പലതും ഒഴിവാക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
ആശംസകളിലൂടെ…
ഫാ. മാത്യൂ മുളയോലില്‍
(ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത, ചെറുപുഷ്പ മിഷന്‍ ലീഗ് രൂപതാ കമ്മീഷന്‍ ചെയര്‍മാന്‍, രൂപതയുടെ ലീഡ്‌സ് മിഷന്‍ ഡയറക്ടര്‍ )
വചനത്തോട് ബിനോയ് അച്ചന്‍ കാണിക്കുന്ന താല്പര്യമാണ് മന്ന. അത് ആയിരം എപ്പിസോഡില്‍ എത്തിയതില്‍ ഞാനും അതിയായി സന്തോഷിക്കുന്നു. മന്നയുടെ പല എപ്പിസോഡും കാണുവാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. അതില്‍ അനുദിന വചന വിചിന്തനങ്ങള്‍, ലോകമാസകലം അനുസ്മരിക്കപ്പെടേണ്ട പ്രത്യേക ദിനങ്ങളുടെ ചിന്തകള്‍, നോമ്പ് കാലം പോലെ അനുസ്മരിക്കപ്പെടേണ്ട കാലങ്ങളേക്കുറിച്ചുള്ള ചിന്തകള്‍ എല്ലാം അടങ്ങിയ മന്ന, അത് ശ്രവിക്കുന്നവര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നല്‍കുകയും ജീവിത വിജയം നേടുകയും ചെയ്യുമെന്നതില്‍ തെല്ലും സംശയമില്ല. അച്ചന്റെ ഈ സംരംഭത്തിന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.
ഫാ. ജോസഫ് അന്തിയാകുളം
(സ്പിരിച്ച്വല്‍ കമ്മീഷന്‍ ചെയര്‍മാന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
മന്ന ഇസ്രായേല്‍ ജനത്തിന് വിശപ്പിനുള്ള ആഹാരമായിരുന്നു. പുതിയ നിയ്മത്തിലെ വിശുദ്ധ കുര്‍ബാനയുടെ മുന്നാസ്വാദനമായിരുന്നു പഴയ നിയ്മത്തിലെ മന്ന. ആത്മീയ ദാഹത്തോടു കൂടി മാത്രമേ ഇത് ഭുജിക്കാനാവൂ. ബിനോയ് അച്ചന്‍ ഒരുക്കുന്ന മന്നയിലെ സന്ദേശങ്ങള്‍ കേള്‍ക്കുന്നവരില്‍ തീര്‍ച്ചയായും ഒരു ആത്മീയ ഉണര്‍ച്ച് ലഭിക്കുവാനിടയായിട്ടുണ്ട് എന്നത് ശ്ലാഹനീയമാണ്. ഓരോ പ്രഭാതത്തിലും ഉന്മേഷം നല്‍കുന്ന ആത്മീയ വെളിച്ചമാണ് മന്ന നല്‍കുന്ന സന്ദേശങ്ങള്‍. ധാരാളം പേരുടെ ആത്മീയ വിശപ്പകറ്റാന്‍ മന്ന കാരണമാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ബിനോയ് അച്ചന് എല്ലാവിധ ആശംസയും പ്രാര്‍ത്ഥനയും നേരുന്നു.
സി. ആന്‍ മരിയ SH
(ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ആന്റ് ചെയര്‍പേഴ്‌സണ്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
ഈശോയുടെ കരങ്ങളിലെ ഉപകരണമായി മാറിക്കൊണ്ട് തനിക്ക് കിട്ടിയ ആത്മീയ വെളിച്ചം മന്നയിലൂടെ മറ്റുള്ളവരിലേയ്ക്ക് പകരാന്‍ അച്ചനെടുത്ത കഠിനമായ അധ്വാനത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് ആദ്യമേ പ്രാര്‍ത്ഥിക്കുന്നു. ഈ മീഡിയയിലൂടെ കര്‍ത്താവിന്റെ വചനം താന്‍ ആയിരിക്കുന്നിടത്തു നിന്ന് അനേകം ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുമ്പോള്‍ തീര്‍ച്ചയായും അച്ചന്റെ പേര് സ്വര്‍ഗ്ഗത്തില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടാവും എന്ന് ഉറപ്പാണ്. കാലഘട്ടത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞു കൊണ്ട് വിശ്വാസത്തെ തിരുവചനത്തിലേയ്ക്കും വിശുദ്ധ കുര്‍ബാനയിലേയ്ക്കും സഭയിലേയ്ക്കുമൊക്കെ ചേര്‍ത്ത് പിടിക്കാന്‍ വലിയ കരുതലും ശ്രദ്ധയും അച്ചന്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണ്. ദൈവവചനം പങ്കുവെയ്ക്കുവാനുള്ള അച്ചന്റെ തീവ്രമായ ആഗ്രഹത്തിന് ദൈവം നല്ല ഫലം തരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫാ. ജേക്കബ് ചക്കാത്ര
( സീറോ മലബാര്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറി, SMYM ഗ്ലോബല്‍ ഡയറക്ടര്‍, യുവദീപ്തി SMYMചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍)
ബഹുമാനപ്പെട്ട ബിനോയ് ആലപ്പാട്ടച്ചന്റെ ഹൃദയഹാരിയായ വചന പ്രസംഗം ‘മന്നാ’ എന്ന യൂടൂബ് ചാനലിലൂടെ ശ്രവിക്കുമ്പോള്‍ ഒരു പാട് സന്തോഷം. 1000 എപ്പിസോഡ് പൂര്‍ത്തിയാക്കുമ്പോള്‍ അഭിമാനത്തോടെ ആദരവോടെ അച്ചനെ അഭിനന്ദിക്കുന്നു. ഓരോ നാളിനെയും വചന ബദ്ധമായി അവതരിപ്പിക്കുമ്പോള്‍ വചനത്തിന്മേല്‍ ദിനംപ്രതിയുള്ള ധ്യാനം എത്രമാത്രം ആത്മാര്‍ത്ഥമായുള്ളതാണ്. ജീവിത വിശുദ്ധിയും ആത്മാര്‍ത്ഥമായ സമര്‍പ്പണവും അച്ചന്റെ ഓരോ ധ്യാന ചിന്തകളേയും വേറിട്ടതാക്കുന്നു. അവസരങ്ങളെ പ്രയോജനപ്പെടുത്തി കാലഘട്ടത്തിനനുസരിച്ച് വചനാവിഷ്‌കാരം നടത്തുന്ന ബിനോയ് അച്ചന്റെ ധ്യാനം ശ്രവിക്കുമ്പോള്‍ ആത്മാവിനെ തൊട്ടുണര്‍ത്തുന്നു. ഉണര്‍ത്ത് പാട്ടായും മനസ്സിനെയും ശരീരത്തേയും ബലപ്പെടുത്തുന്ന സ്വര്‍ഗ്ഗീയമന്നയായും മന്നാ പ്രഭാഷണം മാറുന്നു. ഇനിയും ഇടമുറിയാതെ വചനം ഒഴുകട്ടെ. ഒരു പ്രവാഹമായും കടല്‍ ഇരമ്പലായും അച്ചന്‍ ശബ്ദിക്കട്ടെ. വിത്ത് വീഴുന്ന വയല്‍ കോരിത്തരിച്ച് നൂറ് മേനി ഫലങ്ങള്‍ കൊയ്യുമ്പോള്‍ വയലുടമ വിത്ത് വിതച്ച് കൊയ്യുന്നവന്റെ നെറ്റിമേല്‍ ഇപ്രകാരം എഴുതും… ദൈവത്തിന് വിശ്വസ്തനായ കാര്യസ്ഥന്‍..
ജോളി മാത്യൂ
(വിമന്‍സ് ഫോറം സ്ഥാപക പ്രസിഡന്റ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത)
ബഹു. ബിനോയി ആലപ്പാട്ട് അച്ചന്‍ ഒരുക്കുന്ന ‘മന്ന’ എന്ന ദൈവവചന പ്രഘോഷണം ആയിരം എപ്പിസോഡ് പൂര്‍ത്തിയാകുമ്പോള്‍ അത് അദ്ധ്യാത്മിക യാത്രയിലെ ഒരു നിര്‍ണ്ണായക നാഴികകല്ലാവുകയാണ്. അച്ചനുമായുള്ള വര്‍ഷങ്ങള്‍ നീണ്ട ആദ്ധ്യാത്മിക ബന്ധവും, അനുഭവങ്ങളും ഒരു ആത്മ സാഫല്യമായി കരുതുന്നു. വളരെ അഗാധമായ ദൈവശാസ്ത്ര വിഷയങ്ങള്‍ അവയുടെ തീഷ്ണതയും, ഗൗരവവും ശോഷിക്കാതെ സാമാന്യ മനസ്സുകളിലേക്ക് ലളിതവും ദീപ്തവുമായി സംവേദിക്കുവാനുള്ള അച്ചന്റെ അനന്യമായ കഴിവ് ദൈവനിവേശിതമെന്നല്ലാതെ മറ്റെന്തുപറയാന്‍? ദൈവ വചനങ്ങളെ ജീവിത യാത്രയില്‍ അനുഭവവേദ്യമാക്കി ആത്യന്തീക ലക്ഷ്യത്തിലേക്കുള്ള പ്രയാണം അര്‍ത്ഥസമ്പുഷ്ടമാക്കുന്ന ഈ വചന സമൃദ്ധിയുടെ സമ്പന്നതയില്‍ ഒരു നവ ക്രിസ്തീയ ജീവിതം നയിക്കുവാനുതകുന്ന പാത വെട്ടിത്തുറന്ന ബിനോയി അച്ചനെ അത്യന്തം ബഹുമാനപൂര്‍വ്വം അനുമോദിക്കാം. ഇനിയും അപൂര്‍ണ്ണമായ, അപക്വമായ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് അച്ചന്‍ തരുന്ന ‘മന്ന’ ധാരാളം പൊഴിക്കട്ടെ, എന്നു പ്രാര്‍ത്ഥിക്കുന്നു.
സോഷ്യല്‍ മീഡിയയിലൂടെ ആദ്ധ്യാത്മിക ജീവിതത്തിന് പുതിയ മാനങ്ങള്‍ തേടുന്ന ഫാ. ബിനോയ് ആലപ്പാട്ട് CMFനും മന്നയ്ക്കും മലയാളം യുകെ സ്പിരിച്ച്വല്‍ ന്യൂസ് ടീമിന്റെ ആശംസകള്‍.
ഈശോയുടെ തിരുരക്തത്തിന്റെ ശാശ്വത സംരക്ഷണം മാനവരാശിയെ നിത്യ രക്ഷയിലേക്ക് നയിക്കുന്ന സുവിശേഷം പ്രഘോഷിച്ചുകൊണ്ട് ജൂലൈ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് നടക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ , വർത്തമാനകാല പ്രതിബന്ധങ്ങളെയും മഹാമാരിയുടെ പ്രത്യാഘാതത്തെയും യേശുവിൽ അതിജീവിച്ച് ,പ്രത്യാശയുടെ നാളെയെ പകർന്നുകൊണ്ട് ഓൺലൈനിലാണ് ഇത്തവണയും നടക്കുക.
പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ഡയറക്ടർ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്ന, കൺവെൻഷനിൽ വർത്തമാന കാലത്തിന്റെ ദൈവികോപകരണമായി വർത്തിച്ചുകൊണ്ട് നവസുവിശേഷവത്‌ക്കരണത്തിനായുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും , പ്രശസ്ത വചന ശുശ്രൂഷകയും ധ്യാന ഗുരുവുമായ സി. ആൻ മരിയ എസ് എച്ച് , യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകൻ ബ്രദർ ആൻഡ്രൂ ഫവ ( Cor et Lumen Christi ), സെഹിയോൻ യുകെയുടെ മുഴുവൻ സമയ ശുശ്രൂഷക രജനി മനോജ് എന്നിവർ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ശുശ്രൂഷകളിൽ പങ്കെടുക്കും .
മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ തരണം ചെയ്യാൻ പ്രാർത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും , മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാനകാലത്തിന്റെ ആവശ്യകതയെ മുൻനിർത്തിയാണ് ഇത്തവണയും കൺവെൻഷൻ നടക്കുക . കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷനിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ .12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.8894210945 എന്ന ZOOM പ്രയർ ലൈൻ നമ്പർ വഴി സ്പിരിച്വൽ ഷെയറിങ്ങിനും കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് ഈ വരുന്ന ജൂലൈ 10 ശനിയാഴ്ച്ച രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
സുധീഷ് തോമസ്
ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള ഏറ്റവും വലിയ മിഷനുകളിൽ ഒന്നായ ഔവർ ലേഡി ഓഫ് പെർപ്പച്വൽ ഹെല്പ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷനിൽ നിത്യസഹായ മാതാവിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും കാലാകാലങ്ങളായി തുടരുന്ന തിരുന്നാളാഘോഷം കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഭക്ത്യാദരപൂർവ്വം സ്റ്റോക്ക് പള്ളിയിൽ വച്ച് ജൂലൈ 3, 4 ദിവസങ്ങളിലായി നടത്തപ്പെട്ടു.ജൂലൈ 3 – ശനിയാഴ്ച രാവിലെ മിഷൻ വികാരി ഫാദർ ജോർജ് എട്ടുപറയിൽ കൊടിയേറ്റിയതോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമിട്ടു. തുടർന്ന് ഭക്ത്യാദരപൂർവ്വമായ ദിവ്യബലിയും, തിരുനാൾ സന്ദേശവും, നൊവേനയും, ലദീഞ്ഞോടും കൂടിയും ശനിയാഴ്ച തിരുകർമ്മങ്ങൾക്ക് സമാപ്തി കുറിച്ചു.
ജൂലൈ 4 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 – മണിക്ക് ഫാദർ ജോബിൻ കൊല്ലപ്പള്ളിയുടെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷ പൂർവ്വമായ തിരുനാൾ കുർബാനയർപ്പിച്ച് വിശ്വാസവും, പൈതൃകവും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട ആവശ്യകതയെക്കുറിച്ച് അർത്ഥപൂർണമായ തിരുനാൾ സന്ദേശം നൽകുകയുണ്ടായി. തുടർന്ന് നൊവേനയോടും ലദീഞ്ഞോടുകൂടിയും തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തിരശീലവീണു.
തിരുനാളിനോടനുബന്ധിച്ച് സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷന്റെ പോഷകസംഘടനയായ മെൻസ് ഫോറം പ്രസിഡൻറ് ശ്രീ ജോഷി വർഗീസിന്റെയും സെക്രട്ടറി ശ്രീ ബിജു ജോസഫിന്റെയും നേതൃത്വത്തിൽ 280 – ഓളം കുടുംബങ്ങൾക്ക് പാച്ചോർ നേർച്ച തയ്യാറാക്കി വിതരണം ചെയ്യുകയുണ്ടായി. കൂടാതെ 1100 – ൽ പരം ചിക്കൻ ബിരിയാണി പായ്ക്കറ്റുകൾ കോവിഡ് -19 ദുരിതാശ്വാസ ഫണ്ടിനു വേണ്ടി വിതരണം ചെയ്യുകയുണ്ടായി.
തിരുനാളിനു ശേഷം യുവജനങ്ങളുടെ നേതൃത്വത്തിൽ മൂവി നൈറ്റ് തുടർന്ന് സീനിയർ സ്റ്റുഡൻസ് കൗൺസിലിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വിവിധയിനം പരിപാടികൾ തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുകയുണ്ടായി. മിഷൻ കൈക്കാരന്മാരായ ശ്രീ. ജോയി പുളിക്കൽ, ശ്രീ. ജോബി ജോസ്, ശ്രീ. ക്രിസ്റ്റി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ വിവിധയിനം കമ്മിറ്റികൾ ഉണർന്ന് പ്രവർത്തിച്ചത് തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.
തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുകയും അതുപോലെ തിരുനാൾ ആഘോഷങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച വിവിധയിനം കമ്മിറ്റികൾക്കും മിഷൻ കമ്മിറ്റി അംഗങ്ങൾക്കും വികാരി ഫാദർ ജോർജ് എട്ടുപറയിൽ നന്ദി അറിയിക്കുകയുണ്ടായി.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
വളരെയധികം ദൈവങ്ങളും ദൈവ ശാസ്ത്രങ്ങളും തത്വസംഹിതകളും വ്യവസ്ഥിതികളുമുള്ള ലോകത്തില്‍ രക്ഷസാധ്യമാകുന്നതിന് ഒറ്റ ദൈവം മാത്രമേയുള്ളൂ, അത് കര്‍ത്താവായ യേശു ക്രിസ്തുവാണെന്നുള്ള ചിന്താഗതിയെ ഹൃദയത്തില്‍ സ്വീകരിക്കുന്ന ചിന്ത സങ്കുചിതമാണെന്ന് നീ വിജാരിച്ചാല്‍, ഈ സങ്കുലിത ചിന്ത കൊണ്ടും ഇടുങ്ങിയ വാതിലിലൂടെയുള്ള പ്രവേശനം കൊണ്ടും മാത്രമേ നിനക്ക് രക്ഷപെടാനായിട്ട് സാധ്യമാകൂ.
ആഗോള ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ജൂലൈ നാലിന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങളാണിത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ബിനോയ് എം. ജെ.
യുക്തി ചിന്തയിലൂടെ ഈശ്വരനെ കണ്ടെത്തുവാനുള്ള യോഗ പദ്ധതിയാണ് ജ്ഞാനയോഗം. ഇത് കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കുന്നു . മറ്റുപലരും അത്ഭുതപ്പെടുന്നു. കാരണം നമ്മുടെ സമൂഹം, ഈശ്വരനും യുക്തിക്കും ഇടയിൽ ഒരു മതിൽ തീർത്തിരിക്കുന്നു. യുക്തിയുക്തം ചിന്തിച്ചാൽ ഈശ്വരനെ നിഷേധിക്കേണ്ടി വരും എന്ന് പലരും വാദിക്കുന്നു. അതിനാൽ തന്നെ ഈശ്വരനെ അറിയുവാൻ ആഗ്രഹിക്കുന്നവരിൽ പലരും അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നു. ഇത് കണ്ട് മനം മടുക്കുന്ന മറ്റു ചിലർ ഈശ്വരനെ നിഷേധിച്ചുകൊണ്ട് നിരീശ്വരവാദികൾ ആയിത്തീരുന്നു. ആധുനിക ശാസ്ത്രത്തിന്റെ ചുറ്റികയടി ഏറ്റു നമ്മുടെ മതപരമായ ജീവിതം വിറകൊള്ളുന്നു.
എന്താണ് ഇവിടുത്തെ പ്രശ്നം? നമ്മൾ ജ്ഞാന യോഗത്തെക്കുറിച്ച് കേട്ടിട്ടില്ല, പഠിച്ചിട്ടുമില്ല. അതിനെ നമുക്ക് ആരും പഠിപ്പിച്ച് തന്നിട്ടില്ല. വാസ്തവത്തിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഈ സത്ത അല്ല പരമമായ യാഥാർത്ഥ്യം. നാം പ്രഭാതത്തിൽ സൂര്യൻ കിഴക്കുദിക്കുന്നതായും അവിടെ നിന്ന് പടിഞ്ഞാറേക്ക് സഞ്ചരിച്ച് സായാഹ്നത്തിൽ അപ്രത്യക്ഷമാകുന്നതായും കാണുന്നു. ഇത് ശരിയാണെന്ന് നാം ഒരുകാലത്ത് വിശ്വസിച്ചു പോരുകയും ചെയ്തിരുന്നു. എന്നാൽ നമ്മുടെ യുക്തി ഉണരുകയും ചിന്താശക്തി ബലപ്പെടുകയും ചെയ്തപ്പോൾ ഈ കാണുന്നത് ഒരുമിഥ്യ ആണെന്നും സത്യം മറ്റൊന്നാണ് എന്നും നമുക്ക് മനസ്സിലായി. ഇതുപോലെ ശിശുവായിരുന്നപ്പോൾ നാം ശിശുക്കളെ പോലെ ചിന്തിച്ചു. പ്രായമാകുമ്പോൾ നാം ശിശുസഹജമായവയെ കൈവെടിയുന്നു. അങ്ങിനെ ചെയ്യാതിരുന്നാൽ നമ്മുടെ വളർച്ച മുരടിച്ചു പോവുകയും നാം അധംപതിക്കുകയും ചെയ്യുന്നു.
മായാ ബന്ധനത്തെ ഭേദിച്ച് കടക്കണമെങ്കിൽ നാം യുക്തിചിന്തയുടെ വാളും സത്യാന്വേഷണത്തിന്റെ പരിചയും ധരിക്കേണ്ടിയിരിക്കുന്നു. ആഴവും പരപ്പും കുറഞ്ഞ മതങ്ങളുടേയും തത്വശാസ്ത്രങ്ങളുടെ പിറകെ പോയി ബുദ്ധിശക്തിക്ക് വേണ്ടത്ര ജോലിയും വ്യായാമവും കൊടുക്കാതെ അന്ധവിശ്വാസ ജഡിലമായ ഒരു ജീവിതമാണ് നിങ്ങൾ നയിക്കുന്നതെങ്കിൽ ജീവിതയാത്രയിൽ പിറകോട്ടായിരിക്കും നിങ്ങൾ സഞ്ചരിക്കുക എന്ന് ഓർത്തുകൊള്ളുക. ‘ബുദ്ധു’ എന്നും ‘ബുദ്ധൻ’ എന്നും നിങ്ങൾ കേട്ടിരിക്കും. നാം ഇപ്പോൾ ജീവിക്കുന്നത് ഇവയുടെ മധ്യത്തിലാണ്. നാം ബുദ്ധിശക്തിയുടെ ലോകത്ത് ജീവിക്കുന്നു. ബുദ്ധു എന്നത് മൃഗ ജന്മങ്ങളെ സൂചിപ്പിക്കുന്നു. അവർ ബുദ്ധിക്കും ഇപ്പുറത്താണ് .ബുദ്ധനാവുക എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യം. ബുദ്ധിക്കും അപ്പുറംപോവുക. ബുദ്ധു ആവുക അല്ല.
ഇന്ദ്രിയങ്ങളിലൂടെ നാം ഗ്രഹിക്കുന്ന യാഥാർത്ഥ്യമല്ല പരമമായ യാഥാർഥ്യം എന്ന് ജ്ഞാനയോഗം നമ്മെ പഠിപ്പിക്കുന്നു. യുക്തി യുക്തം ചിന്തിക്കുന്നയാൾ അതിനെ ഒരു മതി ഭ്രമമായി കണ്ട് തള്ളിക്കളയുന്നു. ഇവിടെയാണ് ആധുനിക ശാസ്ത്രജ്ഞന്മാരും പൗരാണിക ഭാരതീയരും തമ്മിൽ വിയോജിക്കുന്നത്. നാം സിനിമ കാണുമ്പോൾ ആളുകൾ നമ്മുടെ മുന്നിൽ നടക്കുകയും സംസാരിക്കുകയും ശണ്ഠകൂടുകയും ചെയ്യുന്നതായി കാണുന്നു. അത് തൽക്കാലത്തേക്ക് ആണെങ്കിലും ഒരു യാഥാർത്ഥ്യമായി നമുക്ക് അനുഭവപ്പെടുന്നു. എന്നാൽ അത് വെറും തോന്നൽ മാത്രമാണെന്ന് നമുക്കറിയാം. കാരണം നമുക്ക് ശാസ്ത്ര ജ്ഞാനം ഉണ്ട് എന്നതുതന്നെ. അതിനാൽ തന്നെ നാം ചുറ്റുപാടും കാണുന്ന ചലിക്കുന്ന ഈ യാഥാർത്ഥ്യം ഒരു തോന്നൽ മാത്രമാണെന്ന് ശാസ്ത്രം കണ്ടെത്തുന്ന ഒരു നാൾ വരും. അപ്പോൾ മാത്രമേ നാം ബുദ്ധിക്കും അപ്പുറംപോകൂ. അപ്പോൾ മാത്രമേ മനുഷ്യൻ ഈശ്വരനാവുകയുള്ളൂ. അതുവരെ നാം ബുദ്ധിവികാസം പ്രാപിച്ചിട്ടില്ല. നാം ശിശുക്കളെപ്പോലെയാണ്. ആയതിനാൽ ബുദ്ധിക്കും യുക്തിക്കും ആവശ്യത്തിന് ജോലി കൊടുക്കുവിൻ. അവിടെ മതവും ശാസ്ത്രവും ഒന്നിക്കുന്നതായി കാണാം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ബെക്സ്-ഹിൽ ഓൺ സീ: ഈസ്റ്റ് സസെക്‌സിലെ ലിറ്റിൽ കോമൺ കേന്ദ്രീകരിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പുതിയ മിഷന് തുടക്കം കുറിച്ചു. അരുൺഡെയ്ൽ & ബ്രൈറ്റൻ രൂപതാതിർത്തിയിൽ വരുന്നതും സൗത്താംപ്ടൺ സീറോ മലബാർ റീജിയനിൽ ഉൾപ്പെടുന്ന പ്രദേശങ്ങളായ ബ്രൈറ്റൻ, ബെക്സ്-ഹിൽ ഓൺ സീ, ഈസ്റ്റ്‌ബോൺ, ഹെയ്ൽഷം, ഹേസ്റ്റിംഗ്‌സ് എന്ന കുർബാന സെന്ററുകൾ ഏകോപിപ്പിച്ചാണ് പുതിയ മിഷന് തുടക്കം കുറിച്ചത്. ലിറ്റിൽ കോമൺ സെൻറ്. മാർത്താസ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെൻറ് തോമസ് മൂർ മിഷൻ, നിത്യസഹായമാതാവിൻറെ തിരുനാൾ ദിനമായ ജൂൺ 27 ഞായറാഴ്ച വിശ്വാസികൾക്ക് സമർപ്പിച്ചു. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മിഷൻ സെന്ററിന്റെ ഉദഘാടനം നിർവഹിച്ചു..
ഞായറാഴ്ച രാവിലെ 11.45 ന് ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന് സ്വീകരണവും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് മിഷന്റെ ഉദഘാടനവും നടത്തപ്പെട്ടു. തുടർന്ന് മിഷൻ വെബ് സൈറ്റ് . യൂട്യൂബ് ,ഫെയ്‌സ്ബുക്ക് തുടങ്ങിയ പേജുകളും ആരംഭിക്കുകയുണ്ടായി വി.കുർബാനയിൽ മിഷൻ ഡയറക്ടർ റവ.ഫാ.ജോസ് അന്ത്യംകുളം എം.സി.ബി.എസ്, പിതാവിൻറെ സെക്രട്ടറി റവ ഫാ ജോ മൂലശ്ശേരി എന്നിവർ സഹകാർമ്മികരായിരുന്നു . മിഷന്റെ കീഴിലുള്ള എല്ലാ കുർബാന സെന്ററുകളിലും നിന്ന് വിശ്വാസികൾ പങ്കെടുത്തു.
അരുൺഡെയ്ൽ & ബ്രൈറ്റൻ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ റിച്ചാർഡ് മോത്ത്, സെൻറ് മാർത്താസ് പള്ളി വികാരി റവ.ഫാ സെമൺ ഡ്രേയുടേയും പ്രാർത്ഥനാശംസകളും ഉണ്ടായിരുന്നു. മുൻകാല വികാരിമാരായ സേവനം ചെയ്തു കൊണ്ടിരുന്ന റവ.ഫാ.ജോൺ മേനാംകരി, റവ. ഫാ. ടെബിൻ പുത്തൻപുരക്കൽ, ഫാ.ജോയി ആലപ്പാട്ട്, റവ ഫാ. ജോർജ് കല്ലൂക്കാരൻ എന്നിവരെ അനുസ്മരിക്കുകയും ചെയ്തു. മിഷൻ ഡയറക്ടർ റവ.ഫാ ജോസ് അന്ത്യാകുളം എം.സി.ബി.എസ് എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും ട്രസ്റ്റി ബിനോയി തോമസ് മിഷൻ ചരിത്രം അവതരിപ്പിക്കുകയും തോമസ് പോൾ എല്ലാവർക്കും കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. സ്നേഹവിരുന്നോടുകൂടി പരിപാടികൾ സമാപിച്ചു.
ലിവർപൂൾ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ആദ്യ ഇടവക ദേവാലയമായ ലിവർപൂളിലെ ഔർ ലേഡി ക്വീൻ ഓഫ് പീസ് ദേവാലയത്തിൽ ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുനാൾ ഭക്തി നിർഭരമായി ആഘോഷിക്കും. തിരുനാളിനു തുടക്കം കുറിച്ച് കൊണ്ട് ഇന്ന് രാവിലെ പത്തുമണിക്ക് കത്തീഡ്രൽ വികാരി റെവ. ഡോ. ബാബു പുത്തൻപുരക്കൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ഓരോ നിയോഗങ്ങൾ സമർപ്പിച്ചു കൊണ്ട് എല്ലാ ദിവസവും വൈകുന്നേരം ആറു മണിക്ക് വിശുദ്ധ കുർബാനയും, നൊവേനയും നടത്തപ്പെടും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് അഞ്ചാനിക്കൽ കാർമികത്വം വഹിക്കും, തുടർന്ന് പന്ത്രണ്ടു മണിക്ക് രണ്ടാമത്തെ വിശുദ്ധ കുർബാനയും ക്രമീകരിച്ചിട്ടുണ്ട്, വൈകുന്നേരം അഞ്ചുമണിക്ക് ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ഓൺലൈൻ ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തപ്പെടുത്തുന്ന തിരുനാൾ ആഘോഷപരിപാടികളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെയും ,വിശുദ്ധ തോമാശ്ലീഹായുടെയും മാധ്യസ്ഥം പ്രാർത്ഥിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ആൻഡ്രൂസ് ചെതലൻ , കൈക്കാരൻമാരായ ആന്റണി മടുക്കക്കുഴി, വർഗീസ് ആലുക്ക, അനിൽ ജോസഫ് എന്നിവർ അറിയിച്ചു.
ബിനോയ് എം. ജെ.
അധരം കൊണ്ട് ഈശ്വരനെ സ്തുതിച്ചിട്ട് കാര്യമില്ല. ഹൃദയംകൊണ്ട് ഈശ്വരനെ സ്തുതിക്കുവിൻ. ഹൃദയംകൊണ്ട് ഈശ്വരനെ സ്തുതിക്കുന്നത് എങ്ങനെയാണെന്ന് ഭക്തിയോഗം നമുക്ക് കാണിച്ചു തരുന്നു. ഇത് ഒരുതരം സാധനയാണ്; ജീവിതശൈലിയാണ്; യോഗ പദ്ധതിയാണ്. സ്വാഭാവികമായും മനുഷ്യന്റെ സാധാരണ ജീവിതശൈലി ഈശ്വരോന്മുഖമല്ല. ഇതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ഒരുപക്ഷെ ഒരു ശിശുവിന്റെ നൈസർഗ്ഗികമായ ജീവിതശൈലി ഈശ്വരോന്മുഖമായിരിക്കാം. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ശിശുവിനെ ശൈശവത്തിൽ തന്നെ നാം തെറ്റായ കാര്യങ്ങൾ പഠിപ്പിക്കുകയും കാണിച്ചുകൊടുത്ത് അനുകരിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഇപ്രകാരം ശിശുക്കൾ തെറ്റായ മനോഭാവങ്ങൾ ആർജ്ജിച്ചെടുക്കുകയും പിന്നീടത് തിരുത്തുന്നത് ഏറ്റവുമധികം ദുഷ്കരം ആവുകയും ചെയ്യുന്നു. ആയതിനാൽ യോഗ പദ്ധതികൾ കൃത്രിമം എന്ന് തോന്നാം, എന്നാൽ വാസ്തവത്തിൽ അവ അങ്ങനെയല്ല.
മനുഷ്യൻ എല്ലായിടത്തും എന്തിനെയോ തേടുന്നു; എന്തിനെയൊക്കെയോ അന്വേഷിക്കുന്നു. താൻ ഈശ്വരനെയാണ് അന്വേഷിക്കുന്നത് എന്ന് അവൻ അറിയുന്നില്ല. പണത്തിന്റെ പിറകെ, അധികാരത്തിന്റെ പിറകെ, ഒരു സുന്ദര വസ്തുവിന്റെ അല്ലെങ്കിൽ സുന്ദര വ്യക്തിത്വത്തിന്റെ പുറകെ അവർ സദാ ഓടിക്കൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ അവൻ ലൗകികവും ഭൗതികവുമായ വസ്തുക്കളുടെ പിറകെയാണ് ഓടുന്നത്. സത്യമായും ലൗകീക വസ്തുക്കൾക്ക് മനുഷ്യനെ അവയിലേക്കടുപ്പിക്കാനുള്ള കഴിവില്ല. ലൗകിക വസ്തുക്കളിലൂടെ മനുഷ്യനെ ആകർഷിക്കുന്നത് അവയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന ഈശ്വരനാണ്. നിങ്ങൾക്കെന്തു തോന്നുന്നു, ഒരു സുന്ദര മുഖത്തിന് പുറകെ നിങ്ങൾ ആകർഷിക്കപ്പെടുന്നത് അതിലെ പഞ്ചഭൂതങ്ങളുടെ സൗന്ദര്യം മൂലമാണോ? തീർച്ചയായും അല്ല. ആ മുഖത്തിന് പിറകിൽ ഈശ്വരൻ തന്നെ മറഞ്ഞിരിക്കുന്നു. ഈശ്വരൻ ഒരു കാന്തം പോലെ സകലതിനെയും അതിലേക്ക് ആകർഷിക്കുന്നു. ഈ യാഥാർത്ഥ്യം തിരിച്ചറിയുന്ന പ്രക്രിയയാണ് ഭക്തിയോഗം.
ഭക്തിയോഗത്തിൽ നിങ്ങളുടെ സ്വാഭാവികമായ ജീവിതാന്വേഷണത്തെ ഉപേക്ഷിക്കുവാനോ അടിച്ചമർത്തുവാനോ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. മറിച്ച് അവയെ രൂപാന്തരപ്പെടുത്തുവാൻ മാത്രം ആവശ്യപ്പെടുന്നു. നിങ്ങൾ ലൗകിക വസ്തുക്കളുടെ പിറകെ അന്ധമായി ഓടുമ്പോൾ നിങ്ങളുടെ ജീവിതം വഴി പിഴച്ചു പോകുന്നു. അവയിലൂടെ അവതരിക്കുന്ന ഈശ്വരനെയാണ്, അന്വേഷിക്കുന്നത്, എന്ന തിരിച്ചറിവിലൂടെ ആണ് നിങ്ങൾ ജീവിക്കുന്നത് എങ്കിൽ, വേഗത്തിൽ നിങ്ങൾ ലക്ഷ്യത്തിലെത്തും. പരമാനന്ദത്തിലെത്തും.
ആയതിനാൽ നമ്മുടെ മനോഭാവത്തിൽ അല്പം മാറ്റങ്ങൾ വരുത്താം. നമ്മൾ അന്വേഷിക്കുന്നത് അദൃശ്യനായ ഈശ്വരനെ അല്ല മറിച്ച് ഈ പ്രപഞ്ചത്തിലൂടെയും മനുഷ്യ ജീവിതത്തിലൂടെയും അവതരിക്കുന്ന ദൃശ്യനായ ഈശ്വരനെയാണ്. അപ്പോൾ നമ്മുടെ ഓരോ കർമ്മവും ഒരീശ്വരാന്വേഷണമാണ്; ഒരു പ്രാർത്ഥനയാണ്. നാം എവിടെയെങ്കിലും ആനന്ദം കണ്ടെത്തുന്നു ണ്ടെങ്കിൽ അവിടെ തീർച്ചയായും ഈശ്വരനുണ്ട്. ഭക്തിയും വിനോദവും രണ്ട് കാര്യങ്ങളല്ല. മറിച്ച് അവ ഒന്ന് തന്നെയാണ്. സർവ്വ ചരാചരങ്ങളിലും ഈശ്വരനെ കണ്ടെത്താൻ ശ്രമിക്കുക. അപ്പോൾ നിങ്ങൾ ആദ്ധ്യാത്മിക ജീവികളാകുന്നു. ഒരുനാൾ നിങ്ങൾ നാനാത്വത്തിലെ ഏകത്വം ദർശിക്കും. അന്ന് നിങ്ങൾ ഈശ്വരനിൽ എത്തും. അപ്രകാരം നിങ്ങൾ സദാ ഈശ്വരനെ ആരാധിക്കുന്നു. അധരം കൊണ്ടല്ല, ഹൃദയം കൊണ്ട്. അവിടെ കപടത ഒട്ടും തന്നെയില്ല. നിങ്ങൾ യഥാർത്ഥ ഭക്തൻ ആകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
സ്പ്പിരിച്ച്വല്‍ ഡെസ്‌ക്.
നിധീരിക്കല്‍ മാണിക്കത്തനാര്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് വിളിക്കപ്പെട്ടതിന്റെ നൂറ്റിപ്പതിനേഴാമത് ഓര്‍മ്മ ദിനം. വിശ്വാസത്തിന്റെ കാവലാളായി നിന്ന് ജീവനും അധികാരവും ത്യജിച്ചുകൊണ്ട് സുവിശേഷത്തിനും ദൈവീകതയ്ക്കും വിശ്വാസത്തിനും സമുദായത്തിനും വേണ്ടി ജീവിതം കൊടുത്ത ആചാര്യനായ മാണിക്കത്തനാേേരപ്പോലുള്ള വ്യക്തികള്‍ വെട്ടിയ വഴിയിലൂടെ, അതിന്റെ ഓരത്തുകൂടിയെങ്കിലും പോകാന്‍ യോഗ്യതയില്ലാത്തവരായ ഞങ്ങള്‍ ഇന്ന് ഈ സഭയേയും സമുദായത്തെയും നയിക്കുമ്പോള്‍, മണിക്കത്തനാരെ, നിന്റെ ആദര്‍ശ ധീരത കൈ മുതലായി കടുക് മണിയുടെ അളവിലെങ്കിലും ഈ സമൂഹത്തെ നയിക്കുവാന്‍ വേണ്ട വിശ്വാസത്തിന്റെ സമുദായ സ്‌നേഹത്തിന്റെ ഇച്ഛാശക്തി വൈദീകരായ ഞങ്ങള്‍ക്കും കുറവിലങ്ങാട്ടെ അല്‍മായ നേതൃത്വത്തിനും വിശ്വാസി സമൂഹത്തിനും ഉണ്ടാകുവാന്‍ വേണ്ടി ആത്മാര്‍ത്ഥമായി ഇന്നേ ദിവസം നിന്റെ പ്രാര്‍ത്ഥന ഞങ്ങള്‍ യാചിക്കുന്നു. വന്ദ്യ ഗുരോ..! പ്രാര്‍ത്ഥനാപൂര്‍വ്വകമായി നിന്റെ ശ്രദ്ധാജ്ഞലിയില്‍ നിനക്ക് പ്രണാമം.
നെറ്റി വിയര്‍ത്തിട്ട് ഭക്ഷണം കഴിക്കണം.
നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓര്‍മ്മ ദിവസം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം.
പൂര്‍ണ്ണരൂപം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് നടക്കും. ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകരായ ബ്രദർ . സെബാസ്റ്റ്യൻ സെയിൽസ് , ബ്രദർ സാജു വർഗീസ് , സോജി ബിജോ എന്നിവരും പങ്കെടുക്കും .വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് സമയം .
ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്.
താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.
https://chat.whatsapp.com/J4OdP2iALazEf17H2UFTSl
എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .