ബിനോയ് എം. ജെ.

ദുഃഖത്തിന്റെ മന:ശ്ശാസ്ത്രം നിങ്ങൾ പഠിച്ചിട്ടുണ്ടോ? അടുത്ത തവണ ഏതെങ്കിലും ദുഃഖമുണ്ടാകുമ്പോൾ അല്പം മാറി നിന്ന് അതിനെ നിരീക്ഷിക്കുവിൻ. എന്താണ് അവിടെ സംഭവിക്കുന്നത്? ഉള്ളിന്റെയുള്ളിൽ നിന്ന് ശക്തമായ ഒരുസ്വരം മന്ത്രിക്കുന്നു -യാതൊരു കാരണവശാലും ദുഃഖിക്കരുത് . ഇത് ആത്മാവിന്റെ സ്വരമാണ് . എന്നാൽ മനസ്സുണ്ടോ അതു വല്ലതും കേൾക്കുന്നു. മനസ്സ് ദുഃഖിച്ചു തുടങ്ങുന്നു. ദുഃഖിക്കാതിരിക്കുവാൻ അതിനാവില്ല. ദുഃഖം അതിന്റെ ശീലവും പ്രകൃതം ആയി പോയി. മനസ്സ് തന്നെ ദുഃഖമായി രൂപാന്തരപ്പെട്ട് കഴിഞ്ഞിരിക്കുന്നു.

ഇവിടെ ഒരു ആശയക്കുഴപ്പം രൂപമെടുക്കുകയാണ്. ദുഃഖിക്കണമോ അതോ ദു:ഖിക്കാതെയിരിക്കണമോ? ദു:ഖിക്കരുതെന്ന് ആത്മാവ് പറയുമ്പോൾ മനസ്സ് അതിനെ തള്ളിക്കളയുന്നു. മനസ്സ് അനുസരണക്കേട് കാണിക്കുന്നു. അനുസരണക്കേടിൽ നിന്നുമാണ് പാപം ഉണ്ടാകുന്നതെന്ന് ക്രിസ്തുമതക്കാർ പറയുന്നത് എത്രയോ ശരിയാണ്. അതിനാൽ തന്നെ ദുഃഖത്തിൽ നിന്ന് കരകയറുവാനുള്ള ഏകമാർഗ്ഗം മനസ്സിന്റെ അനുസരണയാണ്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാവാം . ശാരീരികമായ രോഗങ്ങളും മറ്റും പലരുടെയും -പ്രത്യേകിച്ച് യൗവ്വനം കടക്കുന്നവരുടെ- ഒരു പ്രധാന പ്രശ്നമാണ്. ദു:ഖം ശാരീരിക പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയേ ചെയ്യുന്നുള്ളൂ. ദു:ഖിക്കാതെയിരുന്നാൽ ശാരീരികപ്രശ്നങ്ങൾ തിരോഭവിക്കാനാണ് സാധ്യത കൂടുതൽ. അതുകൊണ്ടുതന്നെയാണ് ദുഃഖിക്കാതിരിക്കുവാനുള്ള ശാസന ആത്മാവിൽ നിന്നും വരുന്നത് . ശാരീരിക രോഗങ്ങൾ ഉണ്ടാകുമ്പോൾ ദു:ഖിക്കാതെ ഇരുന്നാൽ ആത്മാവിന്റെ ശക്തി ഉണരുകയും അത് മനസ്സിലൂടെ ശരീരത്തിൽ പ്രവൃത്തിക്കുകയും ചെയ്യുന്നു. ഉപബോധ മനസ്സാണ് ശരീരത്തെ വാസ്തവത്തിൽ നിയന്ത്രിക്കുന്നത് .എല്ലാ രോഗങ്ങളും ‘സൈക്കോ സൊമാറ്റിക്’ ആണെന്ന് പറയപ്പെടുന്നു .അവയുടെ കാരണം മാനസികമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗം ഉണ്ടാകുമ്പോൾ നിങ്ങൾ ഒരു ഡോക്ടറെ സന്ദർശിക്കുന്നതായി കരുതുക. ഡോക്ടർ രോഗം കണ്ടെത്തുന്ന ഉടനെ അതിനുള്ള മരുന്നും നിർദ്ദേശിക്കുന്നു. ഇവിടെ മരുന്നിനേക്കാൾ ഉപരിയായി ഡോക്ടറിൽ നിന്ന് വരുന്ന ‘പോസിറ്റീവ് ടോക്ക്’ ആണ് രോഗം സുഖപ്പെടുത്തുന്നതെന്ന് ‘ഓഷോ ‘ ഒരിടത്ത് പറഞ്ഞു വയ്ക്കുന്നുണ്ട്.

ഇനി പ്രശ്നം മാനസികമോ സാമൂഹികമോ ആണെന്ന് കരുതുക. നിങ്ങൾ ദു:ഖിക്കാതെയിരുന്നാൽ പ്രശ്നം സ്വയമേവ തിരോഭവിക്കുന്നതായി കാണുവാൻ സാധിക്കും. പണനഷ്ടമോ അധികാര സംബന്ധിയായ എന്തെങ്കിലും പ്രശ്നമോ ആണ് നിങ്ങളെ ദു:ഖിപ്പിക്കുന്നതെങ്കിൽ ആ ദു:ഖത്തെ ഒഴിവാക്കാൻ ശ്രമിക്കുക . ദു:ഖമില്ലാതെ ധീരമായി പ്രശ്നത്തിലൂടെ നടന്നു നീങ്ങുക. അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്ന പണമോ അധികാരമോ നിങ്ങളെ തേടിയെത്തുന്നതായി കാണാം. കാരണം സാമൂഹികമായ പുരോഗതി ബലവാന്മാർക്കുള്ളതാണ്. ദുർബലർക്ക് അത് കിട്ടുകയില്ല. നിങ്ങൾ ദുഃഖത്തിന് വഴങ്ങി കൊടുക്കുകയാണെങ്കിൽ അതിന്റെയർത്ഥം നിങ്ങളുടെ മനസ്സ് ദുർബ്ബലമാണെന്നാണ്. പ്രശ്നങ്ങൾക്ക് തകർക്കുവാൻ ആകാത്തവിധം അത്രമാത്രം മന:ക്കരുത്തോടെ നിങ്ങൾ മുന്നോട്ട് നീങ്ങിയാൽ വിജയം നിങ്ങളെ തേടിയെത്തും.

ഇനി മരണം തന്നെയാണ് നിങ്ങളുടെ പ്രശ്നം എന്ന് കരുതുക. അവിടെയും ദുഖിക്കാതെയിരിക്കുവിൻ . നിങ്ങൾ ഒട്ടും തന്നെ ദുഃഖിക്കാതെയിരുന്നാൽ മരണം നിങ്ങളെ ബാധിക്കുകയില്ല . ഒരു പക്ഷേ നിങ്ങളുടെ ശരീരം മരിക്കുമായിരിക്കും. പക്ഷേ നിങ്ങൾ മരിക്കുകയില്ല. നിങ്ങൾ നിർവ്വാണത്തിലേക്ക് ചുവടു വയ്ക്കുന്നു. അവിടെ നിങ്ങൾ ആത്യന്തികമായ വിജയത്തിലെത്തുന്നു. ഇതിന്റെയർഥം നിങ്ങളെ തോൽപ്പിക്കുവാൻ ഈ പ്രകൃതിക്കോ പ്രപഞ്ചത്തിനോ കഴിയുകയില്ല എന്നാണ്. നിങ്ങൾ മന:പൂർവ്വം ദുഃഖിക്കാതിരുന്നാൽ നിങ്ങളെ ദു:ഖിപ്പിക്കുവാൻ ആർക്കും കഴിയുകയില്ല. നിങ്ങളുടെ രക്ഷ നിങ്ങളുടെ തന്നെ കരങ്ങളിലാണ് ഇരിക്കുന്നത്. നിങ്ങളുടെ മുന്നിൽ അനന്താനന്ദവും മരണവും വച്ചിരിക്കുന്നു . നിങ്ങൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. നാളിതുവരെ നിങ്ങൾ ദുഃഖങ്ങളെയും മരണത്തെയും തിരഞ്ഞെടുത്തു കൊണ്ടിരുന്നു. അത് നിങ്ങളുടെ ഒരു ശീലം മാത്രം. ദുശ്ശീലങ്ങളെ മാറ്റി ആരോഗ്യകരമായ ശീലങ്ങളെ വളർത്തിയെടുക്കുക. ഇത് കരുതുന്നതു പോലെ അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.