സുധീഷ് തോമസ്

സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ മിഷനുകളിൽ ഒന്നായ ഔവർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് മിഷനിൽ കഴിഞ്ഞ ഒക്ടോബർ 31 -ന് ഞായറാഴ്ച 3. 30 പി എമ്മിന് സാവിയോ ഫ്രണ്ട്സിന്റെ ആഭിമുഖ്യത്തിൽ 41 ഓളം കുട്ടികൾ വിശുദ്ധരുടെയും മാതാവിന്റെയും യേശുവിന്റെയും വിവിധ വേഷങ്ങൾ ധരിച്ച് ഭക്‌ത്യാദരപൂർവ്വം ഹോളിവീൻ ആചരിച്ചു.

അന്ധകാരത്തെ പ്രകാശം കൊണ്ടും തിന്മയെ നന്മ കൊണ്ടും ഹോളിവീൻ ആചരിച്ചു കൊണ്ട് നമുക്ക് നേരിടാം എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനും ഹാലോവീൻ എന്ന ആചരണം നമ്മുടെ വിശ്വാസത്തിനും വിശുദ്ധിക്കും ചേർന്നതല്ലെന്നും പകരം സകല വിശുദ്ധരുടെ തിരുനാൾ നമ്മുടെ വിശ്വാസത്തിനും വിശുദ്ധിക്കും യോജിച്ചതാണെന്നുമുള്ള സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനുമായിട്ടാണ് ഹോളിവീൻ ആചരിക്കുന്നത്.

കഴിഞ്ഞ മൂന്നുവർഷമായി മിഷൻ വികാരി ജോർജ് എട്ടുപറയിൽ അച്ചൻറെ കാർമികത്വത്തിൽ ഹോളീവീൻ ആചരണം മിഷനിൽ ആചരിച്ചുപോരുന്നു. നമ്മുടെ കുട്ടികൾ വിശുദ്ധരുടെ മാതൃകകൾ സ്വീകരിക്കുന്നതിനും അതുപോലെ വിശുദ്ധരെ പരിചയപ്പെടുന്നതിനും അതിലൂടെ ഭാവിയിൽ നമ്മുടെ കുട്ടികൾ വിശുദ്ധരായി തീരുന്നതിനായി പ്രചോദനമാകുന്നതിന് വേണ്ടിയാണ് ഹോളിവീൻ ആചരിക്കുന്നതെന്ന് മിഷൻ വികരി ജോർജ് എട്ടുപറയിൽ അച്ചൻ തന്റെ സന്ദേശത്തിൽ സൂചിപ്പിക്കുകയുണ്ടായി.

ഹോളിവീൻ ആചരിക്കുന്നതിന് നേതൃത്വം നൽകിയ സാവിയോ ഫ്രണ്ട്സ് ആനിമേറ്റർ ജോർജിയ ആന്റോ അതുപോലെ കുട്ടികളെ ഒരുക്കുകയും അവരെ കൊണ്ടു വരികയും ചെയ്ത മാതാപിതാക്കൾ കുട്ടികളെ സഹായിച്ച മതബോധന അധ്യാപകർ എന്നിവർക്ക് മിഷൻ വികാരി അഭിനന്ദനവും പ്രത്യേകം നന്ദിയും അറിയിക്കുകയുണ്ടായി. ചടങ്ങിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി ആഘോഷങ്ങൾക്ക് സമാപ്തി കുറിച്ചു.