വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എട്ടാമത് വാത്സിങ്ങാം തീർത്ഥാടനവും തിരുന്നാളും നാളെ (ജൂലൈ 20 ശനിയാഴ്ച) നടക്കും. മലയാളി മാതൃഭക്തരുടെ വൻ പങ്കാളിത്തവും, മരിയ ഭക്തിഗാനങ്ങളും, ജപമാലകളും, ആവേ മരിയായും ആലപിച്ച് കൊണ്ട് കൊടി തോരണങ്ങളാൽ അലംകൃതമായ വീഥിയിലൂടെ മുത്തുക്കുടകളും രൂപങ്ങളുമേന്തി നടത്തപ്പെടുന്ന തീർത്ഥാടന പ്രദക്ഷിണവും, ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ദിവ്യബലിയും, മരിയൻ സന്ദേശവും, ശുശ്രുഷകളും, വാത്സിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും. തീർത്ഥാടനത്തിന് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ വിശ്വാസ സമൂഹമാണ് ആതിഥേയത്വവും നേതൃത്വം നൽകുന്നത്.
പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൽ നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ വാത്സിങ്ങാമിൽ പണിതുയര്‍ത്തപ്പെട്ട ദേവാലയം നിരവധിയായ അനുഭവ സാക്ഷ്യങ്ങളാൽ ആഗോളതലത്തിൽത്തന്നെ ശ്രദ്ധേയമാണ്. മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ‘ഫലസിദ്ധിയും മറുപടിയും ലഭിക്കും’ എന്ന് പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്ഠ കാര്യങ്ങൾ സാധിച്ചവരുടെയും,സന്താന ലബ്ദി, രോഗ സൗഖ്യം അടക്കം നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ നിത്യേന പ്രഘോഷിക്കപ്പെടുന്ന പുണ്യഭൂമികൂടിയാണ് വാത്സിങ്ങാം.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയിലെ എല്ലാ മിഷനുകളിൽ നിന്നും തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുമുണ്ട്.
മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് വാത്സിങ്ങാം തീർത്ഥാടനത്തിനായി ‘ഹോളി മൈൽ’ നഗ്ന പാദരായി നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീർത്ഥാടന കേന്ദ്രം. രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ (സപറ) ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും, സഭാ പണ്ഡിതനും, ധ്യാന ഗുരുവും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ പ്രഭാഷണം നൽകുന്നതാണ്.
ഉച്ചകഴിഞ്ഞു പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം ആരംഭിക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് മാതൃ സന്നിധിയുടെ പരിപാവനത കാത്തുകൊണ്ട് ഭക്തിപൂർവ്വം രണ്ട് ലൈനായി അണിമുറിയാതെ പങ്കെടുക്കേണ്ടതാണ്.
ഉച്ചക്ക് രണ്ടു മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, രൂപതയിൽ നിന്നുള്ള വൈദികർ സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും. കുർബ്ബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശവും നൽകുന്നതാണ്.
തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് നീണ്ട ക്യുവിൽ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് നോർവിച്ച് ജേക്കബ്സ് കാറ്ററിങ്ങിൽ ബന്ധപ്പെടാവുന്നതാണ്. കൗണ്ടറിൽ കാഷ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
തീർത്ഥാടന സമയക്രമം:-
09:30 am – സപ്രാ (പ്രഭാത പ്രാർത്ഥന), ജപമാല, ആരാധന
10:30 am – മരിയൻ പ്രഭാഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am – കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കൽ
12:15 pm – പ്രസുദേന്തി വാഴിയ്ക്കൽ
12:45 pm – ആഘോഷമായ പ്രദക്ഷിണം
02:00 pm – ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ബലിയും, സന്ദേശവും
04:30 pm – തീർത്ഥാടന സമാപനം
നോർവിച്ച് ജേക്കബ്സ് കേറ്ററിംഗ് – 07869212935
വാത്സിങ്ങാം ബസിലിക്കയുടെ വിലാസം.
The Basilica Of Our Lady Walshingham, Houghton St. Giles, Little Walshingham, Walshingham, NR22 6AL
ബ്രിസ്ബൺ സെൻറ് അൽഫോൻസാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജൂലൈ 19ന് ഇടവക വികാരിയായ ഫാദർ വർഗീസ് വിതയത്തിൽ എം എസ് ടി കൊടിയേറ്റ് നിർവഹിച്ചുകൊണ്ട് തിരുനാൾ ആഘോഷങ്ങൾ ആരംഭിക്കുന്നു. തുടർന്ന്, 9 ദിവസത്തെ വി. അൽഫോൻസാമ്മയുടെ നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
ജൂലൈ 20ന് വൈകിട്ട് 4 മണിമുതൽ ‘ദർശനം 2024’ എന്ന പേരിൽ ഇടവക ജനങ്ങളുടെ കലാപരിപാടികൾ, കൺവീനർമാരായ രാജു പനന്താനം, ഷൈബി മൈക്കിൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. അന്നേദിവസം, ഫാദർ വർഗീസ് വിതയത്തിൽ എം എസ് ടി രചന നിർവഹിച്ച്, സോളമൻ മാത്യു സംവിധാനം ചെയ്ത ‘തോമാശ്ലീഹാ’ എന്ന സാമൂഹിക സംഗീത നാടകം പരിപാടികൾക്ക് മാറ്റുകൂട്ടും.
ജൂലൈ 27ന് വൈകിട്ട് 4 മണിക്ക് ആഘോഷമായ റാസ കുർബാനയും തുടർന്ന് വെടിക്കെട്ടും, നാടൻ വിഭവങ്ങൾ വിളമ്പുന്ന തട്ടുകടകളും ഉണ്ടാകും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ 28 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന അഡലെയിഢ് നോർത്ത് ഇടവക വികാരി ഫാദർ അജിത് ചെറിയാക്കര നേതൃത്വം നൽകും. തുടർന്ന്, ചെണ്ടമേളം, ബാൻഡ് മേളം തുടങ്ങിയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഭക്തിനിർഭരമായ പ്രതിക്ഷണവും നടത്തപ്പെടുന്നു.
വിശുദ്ധ അൽഫോൻസാമ്മയുടെ ഈ പെരുന്നാൾ ഏവർക്കും അനുസ്മരണീയമാക്കുന്നതിനും പെരുന്നാൾ ആഘോഷങ്ങളിൽ പങ്കുചേർന്ന് വിശുദ്ധയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും തുടർന്ന് നടക്കുന്ന സ്നേഹവിരുന്നിലും പങ്കെടുക്കുവാനും ഓസ്ട്രേലിയയിലെ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
ജൂലൈ 19ന് ആരംഭിക്കുന്ന പത്ത് ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷങ്ങൾ പരമ്പരാഗത കേരളത്തനിമയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ഇടവക വികാരി ഫാദർ വർഗീസ് വിതയത്തിൽ എം എസ് ടി, കൈകാരന്മാരായ അനൂപ് ആനപ്പാറ, ബിജു മഞ്ജപ്പള്ളി, രാരിച്ചാൻ മാത്യു, തിരുനാൾ കൺവീനറായ അജോ ജോസ് വിവിധ കമ്മിറ്റികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
വാത്സിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ പിറവിയുടെ മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ അഭിലാഷത്തിൽ നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന എട്ടാമത് തീർത്ഥാടനവും തിരുന്നാളും ശനിയാഴ്ച ആഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുന്നാൾ സമൂഹബലിയിൽ മുഖ്യകാർമ്മികത്വം വഹിച്ചുകൊണ്ട് സന്ദേശം നൽകും. രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്ററും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ സന്ദേശം നൽകുന്നതാണ്. രാവിലെ ഒമ്പതര മുതൽ വൈകുന്നേരം നാലര വരെയാണ് തിരുക്കർമ്മങ്ങളും ശുശ്രുഷകളും ക്രമീകരിച്ചിരിക്കുന്നത്.
അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ പതിനായിരത്തിലേറെ മരിയ ഭക്തരെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ പ്രഘോഷണ തിരുന്നാളിനാളിനുള്ള നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ വിശ്വാസ സമൂഹമാണ്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും തന്നെ പ്രസുദേന്തിമാരായി തിരുന്നാൾ നടത്തിപ്പിനായി ആളുകൾ രജിസ്റ്റർ ചെയ്തതിനാൽ ലഭിക്കുന്ന വിശാല പ്രാതിനിധ്യം തീർത്ഥാടന തിരുന്നാളിനെ ഭക്ത്യാദരസാന്ദ്രമാക്കും. തീർത്ഥാടനത്തിൽ ഗതാഗതകുരുക്കൊഴിവാക്കുവാനായി രൂപതയുടെ നിർദ്ദേശാനുസരണം മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു കൊണ്ടാണ് തീർത്ഥാടകർ എത്തുക.
വാത്സിങ്ങാം തീർത്ഥാടനത്തിനായി നഗ്ന പാദരായി മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെച്ചിരുന്ന ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്. സ്ലിപ്പർ ചാപ്പൽ സ്ഥിതിചെയ്യുന്ന മരിയൻ പുണ്യ കേന്ദ്രത്തിലാണ് സീറോമലബാർ സഭാ സമൂഹം തീർത്ഥാടനവും തിരുന്നാളും കൊണ്ടാടുന്നത്.
രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാർത്ഥനയോടെ (സപ്ര) ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് ജപമാലയും, ആരാധനയും നടക്കും. പത്തരക്ക് രൂപതയുടെ പാസ്റ്ററൽ കെയർ കോർഡിനേറ്ററും, സെക്രട്ടറിയും, പ്രശസ്ത വാഗ്മിയുമായ റവ.ഡോ. ടോം ഓലിക്കരോട്ട് മരിയൻ പ്രഭാഷണം നൽകുന്നതാണ്. പതിനൊന്നരക്ക് മാർ സ്രാമ്പിക്കൽ തിരുന്നാൾ കൊടിയേറ്റും. തുടർന്നുള്ള ഇടവേളയിൽ അടിമവെക്കലിനും, ഭക്ഷണത്തിനും ഉള്ള സമയം ക്രമീകരിച്ചിരിക്കുകയാണ്.
ബിനോയ് എം. ജെ.
മനഷ്യൻ ഒരു സാമൂഹിക ജീവിയാണ്. അതോടൊപ്പം തന്നെ അവൻ സമൂഹത്തിന്റെ യജമാനനും ഈശ്വരനുമാണ്. ‘നിങ്ങൾ ഈശ്വരൻ തന്നെ’ (തത്ത്വമസി) എന്നു പറയുമ്പോൾ ആധുനിക മനുഷ്യൻ അതിനെ പുച്ഛത്തോടെ നോക്കി കാണുന്നു. കാരണം അവന് അങ്ങനെ സങ്കല്പിക്കുവാൻ പോലും കഴിയാത്ത വിധം അത്രമാത്രം അധ:പതിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങൾ നീളുന്ന സാമൂഹിക അടിമത്തത്തിന്റെ കഥയാണ് അവന് പറയുവാനുള്ളത്. സമൂഹത്തിന്റെ അടിമയെ ആരെങ്കിലും ഈശ്വരൻ എന്ന് വിളിക്കുമോ? അപ്പോൾ പിന്നെ എവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്? മനുഷ്യൻ സമൂഹത്തിന്റെ യജമാനൻ ആണെങ്കിൽ പിന്നെ അവൻ അതിന്റെ അടിമയായി കാണപ്പെടുന്നത് എന്തുകൊണ്ട്? എങ്ങനെ ഈ അടിമത്തത്തിൽ നിന്നും കരകയറാം?
നിങ്ങൾ പുകയിലയുടെയോ മദ്യത്തിന്റെയോ അടിമയാണെന്ന് കരുതുക. നിങ്ങൾ അതിനെ ഒരേസമയം ആസ്വദിക്കുകയും വെറുക്കുകയും ചെയ്യുന്നു. നിങ്ങൾ അതിനെ വെറുക്കുന്നതുകൊണ്ടാണ് അതിൽ നിന്നും പുറത്തു കടക്കുവാൻ ആഗ്രഹിക്കുന്നത്. പക്ഷേ നിങ്ങൾക്ക് അതിന് കഴിയുന്നില്ല. കാരണം നിങ്ങൾ അതിന്റെ സാന്നിദ്ധ്യത്തെ ആസ്വദിക്കുന്നു. എന്നാൽ അതിന്റെ അസാന്നിദ്ധ്യത്തെ നിങ്ങൾ ആസ്വദിക്കുന്നില്ല. അതിന്റെ അസാന്നിദ്ധ്യത്തെ ആസ്വദിക്കുവാൻ നിങ്ങൾക്ക് കഴിയുമായിരുന്നുവെങ്കിൽ നിങ്ങൾ അതിനെ ഉപേക്ഷിക്കുമായിരുന്നു. പക്ഷേ നിങ്ങളുടെ ആസ്വാദനം ഭാഗികമായിപ്പോയി! ഏതാണ്ടിതുപോലെ തന്നെയാണ് മനുഷ്യന്റെ സാമൂഹിക ജീവിതത്തിലും സംഭവിക്കുന്നത്. സമൂഹത്തിന്റെ സാന്നിദ്ധ്യത്തെ അവൻ ആസ്വദിക്കുന്നുണ്ട്. എന്നാൽ സമൂഹത്തിന്റെ അസാന്നിദ്ധ്യത്തെയോ? അൽപസമയം ഏകാന്തതയിൽ കഴിയുമ്പോഴേക്കും നമുക്കാകെ ബുദ്ധിമുട്ടാണ്. കാരണം നമുക്ക് സമൂഹത്തിന്റെ അസാന്നിദ്ധ്യത്തെ ആസ്വദിക്കുവാൻ കഴിയുന്നില്ല. അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ചയോ അതിനുള്ള പരിശീലനമോ നമുക്ക് കിട്ടിയിട്ടില്ല. വാസ്തവത്തിൽ സമൂഹജീവിതത്തെ നാം ഒരുവശത്തുകൂടി ആസ്വദിക്കുകയും മറുവശത്തു കൂടി വെറുക്കുകയും ചെയ്യുന്നുണ്ട്. ഈ വെറുപ്പിൽ നിന്നുമാണ് മനുഷ്യജീവിതത്തിലെ എല്ലാ തിന്മകളും ഉദയം കൊള്ളുന്നത്. സാമൂഹിക ജീവിതത്തെ അവൻ വെറുത്തിരുന്നില്ലെങ്കിൽ ഇവിടം ഒരു സ്വർഗ്ഗമായി അവന് അനുഭവപ്പെടുമായിരുന്നു. എന്നാൽ കാര്യങ്ങൾ അപ്രകാരം അല്ല പോകുന്നത്. വെറുക്കുന്ന കാര്യങ്ങളെ വലിച്ചെറിയുവാൻ കൂടി നാം പഠിക്കേണ്ടിയിരിക്കുന്നു. സമൂഹത്തെ വെറുക്കുന്ന സമയങ്ങളിൽ അതിനെ വലിച്ചെറിയുവാൻ കൂടി പഠിച്ചുകഴിഞ്ഞാൽ ഈ ജീവിതം ഒരു സ്വർഗ്ഗമായി നമുക്ക് അനുഭവപ്പെടും. അവിടെ പ്രകാശത്തിന്റെ വെള്ളി രേഖകൾ തെളിയുന്നു.
സമൂഹം എല്ലാ കാര്യങ്ങൾക്കും നമ്മെ സംബന്ധിച്ചിടത്തോളം ആദിമവും അന്തിമവുമായ പദമാണ്. സമൂഹം നമുക്ക് എല്ലാമെല്ലാമാണ്. അതുകൊണ്ട് തന്നെ നമുക്ക് സമൂഹമില്ലാതെ വയ്യ. സമൂഹത്തിന്റെ പിറകേ ഓടുന്ന മനുഷ്യനെ സമൂഹം വളരെയെളുപ്പം അതിന്റെ അടിമയായി പിടിക്കുന്നു. ഇവിടെ സമൂഹത്തെ വലിച്ചെറിയുവാൻ നമുക്ക് കഴിഞ്ഞാൽ നാം അനന്തമായ ശാന്തിയിലേക്ക് പ്രവേശിക്കുന്നു. വാസ്തവത്തിൽ സമൂഹം നമ്മുടെ യജമാനനല്ല. മറിച്ച് നാം സമൂഹത്തിന്റെ യജമാനന്മാരാണ്. “നീയിരിക്കേണ്ടിടത്ത് നീയിരുന്നില്ലെങ്കിൽ നീയിരിക്കേണ്ടിടത്ത് നായിരിക്കും” എന്ന ഒരു ചൊല്ലു തന്നെ നമ്മുടെ ഭാഷയിൽ ഉണ്ടല്ലോ. നാം സമൂഹത്തിന്റെ യജമാനന്മാരാകുന്നില്ല. ആ യജമാനസ്ഥാനം സമൂഹം നമ്മിൽ നിന്നും തട്ടിപ്പറിക്കുന്നു. ഇതാണ് കാര്യങ്ങളുടെ നിജസ്ഥിതി.
സമൂഹത്തിന്റെ അടിമത്തത്തിൽനിന്നും മോചനം നേടണമെന്നും സമൂഹത്തിന്റെ യജമാനൻ ആകണമെന്നും ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അയാൾ ഏകാന്തത ശീലിക്കുകയും അതിനെ ആസ്വദിക്കുകയും ചെയ്യട്ടെ. അനന്തമായ ഏകാന്തത! അവിടേക്ക് കടന്നു വരുവാൻ സമൂഹത്തിന് കഴിയില്ല. കാലക്രമേണ നിങ്ങൾ സാമൂഹിക ബന്ധനങ്ങളിൽ നിന്നും മോചനം പ്രാപിക്കുകയും സ്വതന്ത്രനാവുകയും ചെയ്യും. ഈ സ്വാതന്ത്യത്തെ മോക്ഷം (Liberation) എന്നാണ് വിളിക്കുന്നത്. ഈ അനന്തമായ ഏകാന്തതയിൽ നിങ്ങൾ നിങ്ങളുടെ ആത്മസ്വരൂപത്തെ കണ്ടെത്തുകയും സത്യത്തിൽ നിങ്ങൾ ഈശ്വരൻ തന്നെയായിരുന്നുവെന്ന് അറിയുകയും ചെയ്യുന്നു. അതിന് ശേഷം ക്ലേശങ്ങളും ദുഃഖങ്ങളും നിങ്ങളെ ബാധിക്കുകയില്ല. നിങ്ങൾ അനന്താനന്ദത്തിലേക്ക് ചുവടുവയ്ക്കുന്നു.
സമൂഹവും ബാഹ്യപ്രപഞ്ചവും നാനാത്വത്തെ സൂചിപ്പിക്കുന്നു. ഈ നാനാത്വമാകട്ടെ നമ്മെ സദാ ആശയക്കുഴപ്പത്തിലാക്കുന്നു. ഈ ആശയക്കുഴപ്പമാണ് മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നം. നാനാത്വത്തിലെ ഏകത്വത്തെ ദർശിക്കുന്നതുവരെ ഈ പ്രശ്നങ്ങൾ തുടരുകയും ചെയ്യും. മനുഷ്യന്റെ വൈജ്ഞാനികമായ എല്ലാ അന്വേഷണങ്ങളും ഈ ഏകത്വത്തെ ദർശിക്കുവാൻ ഉന്നം വച്ചുള്ളതാണ്. സാമൂഹിക ശാസ്ത്രജ്ഞന്മാരും പ്രപഞ്ചശാസ്ത്രജ്ഞന്മാരും ഇതിനു വേണ്ടി കിണഞ്ഞ് പരിശ്രമിക്കുന്നു. ഈ ഏകത്വത്തെ ദർശിക്കുവാനുള്ള ഏറ്റവും ഫലപ്രദമായതും ആയാസരഹിതമായതുമായ മാർഗ്ഗം നമ്മിലേക്കു തന്നെ തിരിയുകയാണ്. ബാഹ്യലോകം നാനാത്വത്തിൽ അധിഷ്ഠിതമാണെങ്കിൽ ആന്തരിക ലോകം ഏകത്വത്തിൽ അധിഷ്ഠിതമാണ്. അവിടെ ‘ഞാൻ’ മാത്രമേയുള്ളൂ. ഞാനെന്ന ആ സത്ത ഈശ്വരനാണെന്നും ബാഹ്യലോകം ആ ഏകത്വത്തിന്റെ നാനാത്വഭാവം മാത്രമാണെന്നും അറിയുമ്പോൾ നമ്മുടെ ആശയക്കുഴപ്പങ്ങൾ എല്ലാം തിരോഭവിക്കുന്നു. പിന്നീട് നിങ്ങൾ ബാഹ്യലോകത്തിന്റെ അടിമയല്ല. നിങ്ങൾ പ്രപഞ്ചരഹസ്യം ഗ്രഹിച്ചിരിക്കുന്നു. സമൂഹം എന്തെന്ന് നിങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ പിന്നീട് നിങ്ങൾ അതിന്റെ അടിമയല്ല. എല്ലാം നിങ്ങളുടെ ചൊൽപടിയിൽ നിൽക്കുന്നു. നിങ്ങൾ അതിന്റെ യജമാനൻ ആയിക്കഴിഞ്ഞിരിക്കുന്നു!
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ വർഷം തോറും ആഘോഷമായി കൊണ്ടാടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും, തിരുന്നാളും ജൂലൈ 20 ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമ്മികത്വത്തിലും നേതൃത്വത്തിലും ഇത് എട്ടാം തവണയാണ് തീർത്ഥാടനം സംഘടിപ്പിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ പ്രഘോഷണ വേദിയായാണ് വാത്സിങ്ങാം തീർത്ഥാടനം അറിയപ്പെടുന്നത്.
ഈ വർഷത്തെ വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസസമൂഹമാണ്.
യു കെ യിലുടനീളമുള്ള സീറോമലബാർ വിശ്വാസികൾക്ക് വാത്സിങ്ങാം തീർത്ഥാടനത്തിൽ പ്രസുദേന്തിമാർ ആകുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അതിനാൽ തന്നെ, യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുമ്പോൾ രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർത്ഥാടനത്തിലും, മരിയൻ പ്രഘോഷണ വേദിയിലും, തിരുന്നാളിലും സജീവമായി ഉണ്ടാവും. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കുപയോഗിച്ച് പേരുകൾ റജിസ്റ്റർ ചെയ്യാവുന്നതാണ്.
വർഷം തോറും വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടുകൊണ്ടു തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു വാത്സിങ്ങാമിൽ എത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ തന്നെ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന വാത്സിങ്ങാം ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും, ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.
ഇംഗ്ലണ്ടിലെ സിറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ മരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
ഗ്രൂപ്പുകളായി തീർത്ഥാടനത്തിൽ എത്തുന്നവർ തങ്ങളുടെ മിഷന്റെ ബാനറിന്റെ പിന്നിൽ മുത്തുക്കുടകളും ഏന്തി രണ്ടു വരിയായി അടുക്കും ചിട്ടയുമായി ഭക്തിപുരസ്സരം പങ്കുചേരണമെന്നു നിർദ്ദേശിച്ചിട്ടുണ്ട്. വോളണ്ടിയേഴ്സ് നൽകുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ചു കൊണ്ട് മാതൃ സങ്കേതത്തിന്റെ പരിപാവനതയിൽ ഭക്തിപൂർവ്വം മരിയൻ പ്രഘോഷണ പ്രദക്ഷണത്തിൽ അണിചേരേണ്ടതാണ്.
തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 am – സപ്രാ (പ്രഭാത പ്രാർത്ഥന), ജപമാല, ആരാധന
10:30 am – മരിയൻ പ്രഘോഷണം (റവ. ഡോ. ടോം ഓലിക്കരോട്ട്)
11:15 am – കൊടിയേറ്റ്, ഉച്ചഭക്ഷണം, അടിമവക്കൽ
12:15 pm – പ്രസുദേന്തി വാഴിയ്ക്കൽ
12:45 pm – ആഘോഷമായ പ്രദക്ഷിണം
02:00 pm – ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ബലിയും, സന്ദേശവും
04:30 pm – തീർത്ഥാടന സമാപനം
വാത്സിങ്ങാം തിരുന്നാളിനോടനുബന്ധിച്ച് ഭക്ഷണ സ്റ്റാളുകൾ ക്രമീകരിക്കുന്നുണ്ട്.
ഏവരെയും തീർത്ഥാടനത്തിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി തീർത്ഥാടക സ്വാഗത സംഘം അറിയിച്ചു.
For becoming prasudenthi please fill the following link.
https://forms.office.com/e/aB5Dp2fyma.
തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady, Walshingham, Houghton
St. Giles, Norfolk,NR22 6AL
ബർമിംഗ്ഹാമിനടുത്തു വോൾവർഹാംപ്ടണിലെ നിത്യസഹായ മാതാവിന്റെ നാമത്തിലുള്ള ( Our Lady of Perpetual Help ) സീറോ മലബാർ മിഷനിലെ തിരുനാൾ ജൂലൈ 7 ഞായറാഴ്ച ഭക്ത്യാദരപൂർവ്വം കൊണ്ടാടി
മിഷൻ മധ്യസ്ഥയായ പരിശുദ്ധകന്യകാമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടെയും ,വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സെന്റ് ജോർജ്ജിന്റെയും മറ്റു വിശുദ്ധരുടെയും തിരുനാൾ സംയുക്തമായി ആണ് നടത്തിയത് .
ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മിഷൻ ഡയറക്ടർ ഫാദർ ജോർജ് തോമസ് ചേലക്കൽ തിരുനാൾ കൊടിയേറ്റം നിർവഹിച്ചതിനെ തുടർന്ന് പ്രസുദേന്തി വാഴ്ചയും പുതുതായി പള്ളിയിൽ പ്രതിഷ്ഠിച്ച തിരുസ്വരൂപങ്ങളുടെയും സ്വർണം, വെള്ളി കുരിശുകളുടെയും വെഞ്ചിരിപ്പ് നടന്നു . ആഘോഷമായ ദിവ്യബലിയ്ക്ക് ഫാദർ ജോസ് പള്ളിയിൽ വിസി മുഖ്യ കാർമികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു . ഫാദർ ജോർജ് തോമസ് ചേലക്കൽ സഹ കാർമികനായിരുന്നു .
തുടർന്ന് മരക്കുരിശ്,വെള്ളിക്കുരിശ് ,പൊന്നിൻകുരിശ് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വിവിധയിനം മുത്തുക്കുടകളും, ചെണ്ടമേളക്കാര്‍ എന്നിവർക്കൊപ്പം ഇടവകജനം ഒരേ മനസോടെ തിരുന്നാൾ പ്രദക്ഷിണം നടത്തി.തുടർന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന് എന്നിവ നടന്നു .
ഇടവക വികാരി ബഹുമാനപ്പെട്ട ജോർജ് തോമസ് ചേലക്കൽ അച്ചന്റെ നിർദേശങ്ങൾക്ക് അനുസരിച്ച്
കൈക്കാരന്മാരായ ജോർജ്കുട്ടി തെക്കേകരോട്ട് , സെബാസ്റ്റ്യൻ മുത്തുപാറക്കുന്നേൽ , നോബി ജോസഫ് വെള്ളനാൽ , വിവിധ തിരുനാൾ കമ്മിറ്റികളിലെ അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
തിരുനാൾ ആഘോഷങ്ങളുടെ തുടർച്ചയായി നടക്കുന്ന ഇടവക ദിനാചരണവും വേദപാഠ വാർഷികവും 14 ജൂലൈ ഞായറാഴ്ച മൂന്ന് മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം വിവിധ കലാപരിപാടികളോടെ സെന്റ് മൈക്കിൾസ് പള്ളി പാരീഷ് ഹാളിൽ നടക്കും .
ജെഗി ജോസഫ്
പള്ളി പെരുന്നാള്‍ ഏവര്‍ക്കും നാട്ടിലെ നല്ല ഓര്‍മ്മകളാണ്.. പ്രവാസ ജീവിത തിരക്കില്‍ നാട്ടിലെ പെരുന്നാളും ആഘോഷങ്ങളും ആസ്വദിക്കാന്‍ പലര്‍ക്കും കഴിയാറില്ല. എന്നാല്‍ ഗ്ലോസ്റ്റര്‍ നിവാസികള്‍ ഓരോ വര്‍ഷവും പള്ളിപെരുന്നാള് ഗംഭീരമായി ആഘോഷിക്കുകയാണ്.
സീറോ മലബാര്‍ സെന്റ് മേരിസ് മിഷന്റെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യമറിയത്തിന്റെയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ വിശ്വാസത്തിന്റെ പ്രഘോഷണമായി. തിരുനാളിന്റെ പ്രധാന ദിവസമായ ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെ തിരു സ്വരൂപ പ്രതിഷ്ഠ നടന്നു. തുടര്‍ന്ന് ഫാ എബിന് നീറുവേലില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്കി. കുര്‍ബാന മധ്യേ പ്രവാസ ജീവിതത്തിലും വിശ്വാസങ്ങളില്‍ മുറുകെ പിടിക്കാന്‍ ധൈര്യം കാണിക്കണമെന്ന് ഏവരോടും ആഹ്വാനം ചെയ്തു. ഗ്ലോസ്റ്റര്‍ മലയാളി സമൂഹത്തിന്റെ ഐക്യം അത്ഭുതപ്പെടുത്തുന്നു. മികച്ച വിശ്വാസ സമൂഹമാണ് ഗ്ലോസ്റ്ററിന്റെത്. ഇനിയും ഈ സമൂഹം വളരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് പ്രദക്ഷിണം നടന്നു. വിശ്വാസ സമൂഹം ഒരുമിച്ച് നടന്നുനീങ്ങുന്ന ആ കാഴ്ച പെരുന്നാളിന്റെ മനോഹരമായ നിമിഷങ്ങള്‍ തന്നെയായിരുന്നു. പെട്ടെന്ന് പെയ്ത മഴയിലും ആവേശം ചോരാതെ പ്രദക്ഷിണം പൂര്‍ത്തിയാക്കി.
പിന്നീട് സ്നേഹവിരുന്ന് ഒരുക്കിയിരുന്നു. സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ രുചികരമായ ഭക്ഷണമാണ് ഒരുക്കിയത്. തലേദിവസം മുതല്‍ വളരെ ബുദ്ധിമുട്ടോടെ അംഗങ്ങള്‍ ഒരുമിച്ച് ഭക്ഷണം പാകം ചെയ്തു, ഇതും ഒരു മികച്ച നാട്ടിലെ പെരുന്നാള്‍ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന നിമിഷമായിരുന്നു. ചെറുപുഷ്പം മിഷന് ലീഗിന്റെ നേതൃത്വത്തില്‍ സ്റ്റാളുകളും ഒരുക്കിയിരുന്നു. കുട്ടികള്‍ക്കായി കൗതുകം നിറഞ്ഞ മത്സരങ്ങളും ഒരുക്കിയിരുന്നു. ബജിയും ബോണ്ടയും ഒക്കെയുള്ള കടകളും നാട്ടിലെ തിരുനാളിനെ അനുസ്മരിക്കുന്നതായിരുന്നു.
പെരുന്നാള്‍ പങ്കെടുത്ത ഏവര്‍ക്കും ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍ നന്ദി പറഞ്ഞു. ട്രസ്റ്റിമാരായ ബാബു അളിയത്തിന്റെയും ആന്റണി ജെയിംസിന്റെയും മുഴുവന്‍ കമ്മറ്റി അംഗങ്ങളുടേയും നേതൃത്വത്തില്‍ മികച്ച മുന്നൊരുക്കമാണ് നടത്തിയിരുന്നത്.വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ പള്ളി മനോഹരമായി അലങ്കരിച്ചിരുന്നു. ഒത്തൊരുമയുടെ ആഘോഷം തന്നെയായിരുന്നു ഗ്ലോസ്റ്റര്‍ മലയാളികള്‍ക്ക് ഈ പെരുന്നാളും.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയിലെ ഏറ്റവും വലിയ വിശ്വാസ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ് തോമസ് ഇടവക സമൂഹം ജൂലൈ 6,7 തിയതികളില്‍ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
27 കുരുന്നുകള്‍ ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കി അതില്‍ 21 പേര് ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചു ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണ ദിവസമായ ജൂലൈ ആറാം തിയതി മുമ്പ് പ്രഖ്യാപിച്ചിുന്നതുപോലെ ദേവാലയ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം നടത്തിയ മെഗാ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പും നടത്തി. ബ്രിസ്റ്റോള്‍ ഫിഷ്പോണ്ട്സിലെ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ പോള്‍ ഓലിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു.
ദേവാലയ പദ്ധതിക്ക് ആരംഭം കുറിച്ച ഇടവകയുടെ ആദ്യ വികാരി ഫാ പോള്‍ വെട്ടിക്കാട്ട് വചന സന്ദേശം നല്കി.
ആദ്യ കുര്‍ബാന സ്വീകരണ ശേഷം നടന്ന നറുക്കെടുപ്പില്‍ വച്ച് അഞ്ചു വിജയികളെ കണ്ടെത്തി.
ബ്രിസ്റ്റോള്‍ സമൂഹത്തിന്റെ മുന്‍ ട്രസ്റ്റി കൂടിയായ ജെഗി ജോസഫ് നേതൃത്വം നല്കുന്ന യു കെയിലെ പ്രമുഖ മോര്‍ട്ട് ഗേജ് അഡ്വൈസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് സ്പോണ്സര് ചെയ്തിരിക്കുന്ന 25000 പൗണ്ട് ഒന്നാം സമ്മാനമായി ലഭിച്ചിരിക്കുന്നത് ടിക്കറ്റ് നമ്പര്‍ A41094 ന് ആണ്. യുകെയിലെ പ്രമുഖ മലയാളി സോളിസ്റ്റേഴ്സ് സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്സ് സ്പോണ്സര് ചെയ്തിരിക്കുന്ന രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത് ടിക്കറ്റ് നമ്പര്‍ A19105 ന് ആണ്. ഓണ്‍ലൈന്‍ ട്യൂഷന് രംഗത്ത് പ്രശസ്തമായ വീതിയില്‍ സേവനം ചെയ്യുന്ന എംജി ട്യൂഷന് സ്പോണ്സര് ചെയ്തിരിക്കുന്ന മൂന്നാം സമ്മാനമായ ആയിരം പൗണ്ട് വീതം മൂന്നു വിജയികള്‍ A24431, A10213,A10238 എന്നീ ടിക്കറ്റുകള്‍ വാങ്ങിയവരാണ്.
സമ്മാന വിജയികള്‍ ഇടവക നേതൃത്വത്തെ ബന്ധപ്പെടേണ്ടതാണ്. സമ്മാനം ക്ലെയിം ചെയ്യുന്നതിന് നറുക്കെടുപ്പ് തിയതിയായ 2024 ജൂലൈ 6ാംതിയതി മുതല്‍ ആറു മാസം കാലാവധിയാണ് ഉള്ളത്. ഒട്ടേറെ തടസങ്ങളിലൂടെ കടന്നുപോയ ഈ ധനശേഖരണ പദ്ധതി വിജയമാക്കാന്‍ സഹകരിച്ച രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനും രൂപതിയിലെ മറ്റ് ഇടവക, മിഷന് സമൂഹങ്ങള്‍ക്കും സഹകരിച്ചു വൈദീകര്‍ക്കും നാനാജാതി മതസ്ഥരായ മറ്റു സമൂഹങ്ങള്‍ക്കും ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച കമ്മറ്റി അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു. പ്രഖ്യാപിച്ചിരുന്നതു പോലെ 6ാം തിയതി തന്നെ റിസല്‍റ്റ്സ് ഇടവകയുടെ വെബ്സൈറ്റ് syromalabarchurchbristol ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജുലൈ 7ാം തിയതി ഞായറാഴ്ച ഇടവക മധ്യസ്ഥനായി വി. തോമാശ്ലീഹാ ദുക്റാന തിരുന്നാള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ ലഭിതമായ രീതിയില്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. പുതിയ ദേവാലയ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം റോഡ് മേളയും നടന്നു.
സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ തെരുവുകള്‍ ശബ്ദായമാനമായി ഇരുണ്ടുമൂടിയ ആകാശം കോരിച്ചൊരിയുന്ന മഴ, മഴയെ വകവയ്ക്കാതെ പ്രാർത്ഥനയോടെ വിശ്വാസികൾ , അത്ഭുതകരമായ സംഭവങ്ങൾ.
ഒരു ഇടവകയുടെ പ്രാർത്ഥനയ്ക്ക് മുൻപിൽ മാലാഖ വൃന്ദങ്ങൾ ഒപ്പം പരിശുദ്ധ അമ്മയുടെ ഇടപെടൽ, സ്റ്റോക്ക് ഓൺ ട്രെൻഡിൽ പ്രകൃതിയും മഴയുംവഴിമാറി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ യേശുവിൻറെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ സ്വർഗീയ നിമിഷങ്ങൾ.
ജൂണ്‍ 30 ന് കൊടിയേറ്റതോടുകൂടി ഈ വര്‍ഷത്തെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും ലദീഞ്ഞും പ്രധാന തിരുനാള്‍ ദിവസമായ ജൂലൈ 7 ഞായറാഴ്ച രാവിലെ 9 30ന് നിത്യസഹായ മാതാവിൻറെ തിരുസ്വരൂപ പ്രതിഷ്ഠയോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി 10 മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന റവ. ഫാ . ജോജോ പ്ലാപ്പള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തിലും ഇടവക വികാരി റവ. ഫാ . ജോര്‍ജ്ജ് എട്ടുപാറയിലിന്റെ സഹകാര്‍മ്മികത്വത്തിലുമാണ് നടന്നത്. തിരുനാൾ സന്ദേശത്തിൽ. മാതാപിതാക്കളും മുതിർന്നവരും. വരുംതലമുറയ്ക്ക് മാതൃകയാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയെ കുറിച്ചും പ്രതിപാദിക്കുക ഉണ്ടായി തുടർന്ന് ലദീഞ്ഞ്.
കാതോലികവും ശ്ളൈഹികവും ഏകവമായ സീറോമലബാർ സഭയെ നെഞ്ചോട് ചേർത്ത് ഇടവക അംഗങ്ങൾ, എൻറെ കർത്താവേ എൻറെ ദൈവമേ എന്ന വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്ന തിരുന്നാൾ പ്രദക്ഷിണം, ദൈവാലയ മുറ്റത്തെ കൊടി മരച്ചുവട്ടിൽ നിന്ന്.
സെയിന്റ് തോമസ് കുരിശും മലയാറ്റൂർ മുത്തപ്പൻ വിളിയുമായി നടത്തിപ്പ് കൈക്കാരകാരനും തിരുനാൾ ജനറൽ കൺവീനർമയ സോണി ജോൺ മാളിയേക്കൽ, തിരികളുമായി കുട്ടികൾ, കൊടികൾ ഏന്തിയ കോയർ കുട്ടികൾ, മുത്തുക്കുടകൾ, ചെണ്ടമേളം, എസ് വൈ എം വൈ ബാൻഡ് തുടർന്ന് മുത്തുക്കുടകൾ പിടിച്ച വിശ്വാസികൾ, മരക്കുരിശ്, പൊന്‍ കുരിശ്, വെള്ളിക്കുരിശ് ഏന്തി ഇടവക അംഗങ്ങൾ, കൊടിതോരണങ്ങള്‍ക്കൊപ്പം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മടെയും ,വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും തിരുസ്വരൂപങ്ങള്‍. പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്ന് സമ്മാനമായി നല്കിയ സഭയുടെ ഉത്തരീയവും ജപമാലയും കൈയിലേന്തി നിത്യസഹായ മാതാവിന്റെ തിരുസ്വരൂപഏന്തിയ വിമന്‍സ് ഫോറവും തുടർന്ന് പ്രസുദേന്തിമാർ. അൾത്താര ബാലന്മാർ. കോയർ, ഏറ്റവും പിന്നിലായി വിശുദ്ധ തിരുശേഷിപ്പ് ഏന്തിയ പാലികാ വാഹക സംഘവും വൈദികരും. തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ച് യൂദയായിലെ ഗലീലയിൽ ജനിച്ച യേശുവിന്റെ ധീരനായ അനുഗാമി പരി.തോമാശ്ളീഹായുടെ പാരമ്പര്യവും പൈതൃകവും പേറുന്ന പിന്മുറക്കാരാണ് തങ്ങളെന്ന വിശ്വാസവെളിച്ചവുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ പരസ്പരം പിന്തുണയ്ക്കുന്ന ഇടവക അംഗങ്ങൾ ആഘോഷമായി കോ-ഓപ്പറേറ്റീവ് അക്കാദമിയിലേക്ക്. തുടർന്ന് സമാപന പ്രാത്ഥനയുടെ ആശിര്‍വാദം, കഴുന്ന് നേർച്ച, സ്നേഹവിരുന്ന്, ലഘുഭക്ഷണം മെന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കരിമരുന്നു കലാപ്രകടനവും. വിമന്‍സ് ഫോറത്തിന്റെ അടിപൊളി പലഹാരക്കട & കൂൾഡ്രിങ്ക്സ് സ്റ്റാൾ.
തിരുനാൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും വാദ്യസംഗീതം ഉൾപ്പെടെ വിവിധ തരത്തിലുള്ള ശ്രുതിമധുരമായ ഗാനങ്ങൾമായി പ്രശസ്ത ഗായകരും സംഗീതജ്ഞരുമായി ശ്രീ. റെക്സ് ജോസും സംഘവും
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൂട്ടായ്മയില്‍ തിരുനാ ള്‍ കര്‍മ്മങ്ങള്‍ എല്ലാം അത്യധികം ഭക്തിയോടെയും ഭംഗിയോടെയും വലിയ വിജയപ്രദമാക്കുവാന്‍ പ്രയത്നിച്ച വിവിധ കമ്മിറ്റിയംഗങ്ങള്‍ ജനറൽ കൺവീനർ സോണി ജോൺ , കൈക്കാരന്മാരായ സജി ജോസഫ്, അനൂപ് ജേക്കബ്, ഫൈനിഷ് വിൽസൺ, ജോയിന്റ് കണ്‍വീനര്‍മാരായ, ഡേവിസ് പാപ്പു പുതുശ്ശേരി, സുദീപ്. ജോസഫ്, സിബി ജോസ് , മെന്‍സ് ഫോറം, വിമണ്‍സ് ഫോറം, സണ്‍ഡേ സ്കൂള്‍ ടീച്ചേഴ്സ്, ഫാമിലി യൂണിറ്റ്സ്, ലിറ്റർജി കമ്മിറ്റി, ലിറ്റർജി സക്രിസ്റ്യൻസ് , ലിറ്റർജി അൾടാർ സെർവെഴ്സ് , ലിറ്റർജി ഗായകസംഘങ്ങള്‍ , സൗണ്ട് ഓപ്പറേറ്റർസ്, തിരുനാൾ ചർച്ച് ഡെക്കറേഷൻ കമ്മിറ്റി, പ്രദക്ഷിണ ഘോഷയാത്ര കമ്മിറ്റി, ഭക്ഷണ വിതരണ കമ്മിറ്റി ഫിനാൻസ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, എന്നിവർക്കും പങ്കെടുത്ത ഓരോ വിശ്വാസികള്‍ക്കും മിഷന് വികാരി റവ .ഫാ. ജോര്‍ജ്ജ് എട്ടുപാറയില്‍ ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
ആഘോഷമായ മലയാളം പാട്ടു കുർബാനയിൽ ഫാദർ ജോർജ് സി. എം. ഐ മുഖ്യ കാർമികനും ഫാദർ ജോൺസൺ കാട്ടിപ്പറമ്പിൽ , ഫാദർ ഫിലിപ്പ് സി. എം. ഐ, കതീഡ്രൽ അസിസ്റ്റന്റ് വികാരി ഫാദർ ജാസ്ഫെർ എന്നിവർ സഹ കാർമികരുമായി പങ്കെടുത്തു. പാട്ടുകുർബാനയിൽ പള്ളിയുടെ ഗായക സംഘം ആലപിച്ച ഭക്തി ഗാനങ്ങൾ കുർബാനയും പ്രതിക്ഷ ണവും കൂടുതൽ ഭക്തി സാന്ദ്രമാക്കി.
പരിശുദ്ധ കുർബാനയിൽ റെക്സം രൂപതാ ബിഷപ്പ് റവ. പീറ്റർ ബ്രിഗ്നൽ തിരുന്നാൾ സന്ദേശം നൽകി. അന്യനാട്ടിൽ ആയിരിക്കുമ്പോഴും തങ്ങൾക്ക് പകർന്നു കിട്ടിയ വിശുവാസം പിന്തുടരുന്നതിൽ റെക്സം രൂപത എപ്പോഴും കൂടെ ഉണ്ടാകുമെന്നും നിങ്ങൾ എല്ലാവരും ഈ രൂപതയുടെ മുഖ്യ ഭാഗം ആണെന്നും ഓർമ്മപ്പെടുത്തി . കഴിഞ്ഞ 22 വർഷമായി റെക്സം രൂപതയിൽ നടക്കുന്ന സെന്റ് തോമസ് ആചരണത്തിന്റെ ഭാഗമാകാൻ സാധിക്കുന്നത് നല്ലൊരു അനുഭമായി പ്രസംഗത്തിൽ സൂചിപ്പിക്കുക ഉണ്ടായി. കുർബാനയിൽ കാഴ്ച സമർപ്പണവും തുടർന്ന് മധ്യസ്ഥ പ്രാർത്ഥന, ലദീഞ്ഞ്, പ്രദീഷണം, സമാപന പ്രാത്ഥനയുടെ ആശീർവാദവും നേർച്ച പാച്ചോർ നടത്തപെട്ടു.
ഭാരതഅപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിൽ പങ്കു ചേർന്ന് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാൻ രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന എല്ലാ വിശു വാസികളോടും റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയും, ഫാദർ ജോൺസൺ കാട്ടിപ്പറമ്പിലും പ്രത്യേക നന്ദി നേർന്നു.