ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ
സീറോ മലബാർ പ്രവാസി സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ. യഹൂദ കുടുംബങ്ങളിൽ നടത്താറുള്ള പെസഹാ ഭക്ഷണത്തിൻറെ ക്രൈസ്തവ പതിപ്പാണിത്. മാർതോമാശ്ലീഹായെ കേരളത്തിലേക്ക് സ്വീകരിച്ചത് ഇവിടെയുണ്ടായിരുന്ന യഹൂദരായിരുന്നുവെന്നും ഇവിടെയുള്ള ആദ്യ ക്രൈസ്തവ സമൂഹത്തിന് യഹൂദ ബന്ധമുണ്ടായിരുന്നുവെന്നുമുള്ള ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് പ്രസ്തുത ഗാർഹിക ആചരണം വെളിച്ചം വീശുന്നുണ്ട്.
ഏറെ ഒരുക്കത്തോടെയാണ് ഭവനങ്ങളിലെ പെസഹാ ആചരണം നടത്തിയിരുന്നത്. കർത്താവിൻറെ തിരുവത്താഴത്തിൻറെയും വിടവാങ്ങലിന്റെയും ഓർമ്മ ദൈവാലയത്തിൽ ആചരിച്ചശേഷം ഭവനങ്ങളിൽ മടങ്ങിയെത്തിയാലും ധ്യാനാത്മകമായ അന്തരീക്ഷത്തിലാണ് അന്നേദിവസം ചിലവഴിക്കുക എന്നതാണ് കുടുംബങ്ങളിലെ പെസഹാ ആചരണത്തിൻറെ പ്രത്യേകത. പെസഹാ അപ്പവും പാലും ഉണ്ടാക്കുന്നിടത്ത് നിശബ്ദത പാലിക്കുക എന്നത് എല്ലാ കുടുംബങ്ങളിലും നിലനിന്നിരുന്ന യാഥാർത്ഥ്യമാണ്.
ഇവയ്ക്ക് ഒരു പ്രത്യേക പൂജ്യത കല് പ്പിച്ചു കൊണ്ടാണ് ഇവ തയ്യാറാക്കിയിരുന്നത്. അതിനായി ഉപയോഗിക്കുന്ന തേങ്ങ ഉടയ്ക്കുമ്പോൾ ലഭിക്കുന്ന വെള്ളം ആർക്കും കുടിക്കാൻ കൊടുക്കാതെ ആരും ചവിട്ടാത്തിടത്ത് (സാധാരണഗതിയിൽ വീടിൻറെ പുറം ഭിത്തിയോടു ചേർത്ത്) ഒഴിച്ചു കളയുന്ന പതിവ് ഇത് വ്യക്തമാക്കുന്നു. അപ്പവും പാലും തയ്യാറാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും എല്ലായ് പ്പോഴും പുതുതായി വാങ്ങുകയായിരുന്നു പതിവ് . മാറിയ സാഹചര്യത്തിൽ ഇതിനു വേണ്ടി മാത്രമായി ചില പാത്രങ്ങൾ മാറ്റിവയ്ക്കുന്നതായും കണ്ടുവരുന്നു. അടുക്കള കഴുകി വൃത്തിയാക്കി ഏകാഗ്രതയോടെ മൗനമവലംബിച്ചു കൊണ്ടായിരുന്നു ഇവയുടെ പാചകം. ഉഴുന്നു പൊടിയും അരിപ്പൊടിയുമാണ് ഈ അപ്പത്തിന്റെ പ്രധാന ഘടകങ്ങൾ . തേങ്ങാപ്പാലും ശർക്കരയും പഴക്കഷണങ്ങളും ചേർത്താണ് പാനീയം തയ്യാറാക്കുന്നത്. ഇവ രണ്ടും പെസഹാ വ്യാഴാഴ്ചയല്ലാതെ വേറൊരിക്കലും ഉണ്ടാക്കുന്നുമില്ല. ഇതേ ചേരുവയിൽ തന്നെ ആവശ്യമുള്ളിടത്ത് കൂടുതൽ അപ്പം ഉണ്ടാക്കാറുണ്ട് . എന്നാൽ ഒരെണ്ണത്തിന്റെ മുകളിൽ ഓശാന ഞായറാഴ്ചത്തെ ഓല കൊണ്ട് ചെറിയൊരു കുരിശുണ്ടാക്കി ചേർത്തു വച്ചിരിക്കും. ഈ അപ്പം കുടുംബാംഗങ്ങൾക്ക് അല്ലെങ്കിൽ ക്രിസ്തീയ വിശ്വാസികൾക്ക് മാത്രമുള്ളതാണ്. മറ്റുള്ളവർക്ക് കൊടുക്കുവാനാണ് ആവശ്യംപോലെ കുരിശു വയ്ക്കാതെ അപ്പം ഉണ്ടാക്കുന്നത്.
പല സ്ഥലങ്ങളിലും പുരുഷന്മാരാണ് ഈ അപ്പവും പാലും തയ്യാറാക്കുന്നത്. അതേസമയം സ്ത്രീകൾ ഏതെങ്കിലും സുകൃതജപങ്ങൾ ചൊല്ലി കൊണ്ടിരിക്കുമായിരുന്നു. പതിനെട്ടാം നൂറ്റാണ്ടോടു കൂടി സുകൃതജപങ്ങൾക്ക് പകരം പാനാ വായനയായി പതിവ്. യഹൂദ വീടുകളിൽ പെസഹാ ഭക്ഷണം പുരുഷൻമാർ തയ്യാറാക്കുന്നതിന്റെ ചുവടുപിടിച്ചാവണം മാർത്തോമാ ക്രിസ്ത്യാനികൾക്കിടയിൽ പെസഹാ അപ്പവും പാലും പാകം ചെയ്യുന്നത് പുരുഷന്മാരുടെ ദൗത്യമായി മാറിയത്.
ഈ പ്രത്യേക അപ്പം ഇണ്ടറി (ഇൻറി)എന്ന പേരിലാണ് പൊതുവേ അറിയപ്പെടുന്നത്. ഈശോയെ തറച്ച സ്ലീവായുടെ മുകളിൽ “ഇവൻ നസ്രായൻ ഈശോ യൂദൻമാരുടെ രാജാവ്” എന്ന് പരിഹാസ രൂപത്തിൽ എഴുതി വെച്ചിരുന്നതായി സുവിശേഷത്തിലുണ്ട് (Jn 19:19). അതനുസരിച്ച് ക്രൂശിത രൂപത്തിന് മുകളിൽ സാധാരണ എഴുതി വയ്ക്കാറുള്ള INRI എന്ന നാലക്ഷരങ്ങൾ കൂട്ടി വായിച്ചതിൽ നിന്നാണ് ഈ പേരുണ്ടായതെന്ന് അനുമാനിക്കാം . എന്നാൽ കുരിശുരൂപം കേരളത്തിൽ പതിനാറാം നൂറ്റാണ്ടിനു ശേഷമാണ് പ്രചാരത്തിലാകുന്നത്. അതിനും വളരെ മുമ്പ് തന്നെ ഈ പേര് ഈ അപ്പത്തിനുണ്ടായതിൽ നിന്നും നമ്മുടെ പൂർവ പിതാക്കന്മാർ വിശുദ്ധഗ്രന്ഥം വായിക്കുന്ന പതിവില്ലാത്തവരായിരുന്നെങ്കിൽ കൂടിയും (വിശുദ്ധഗ്രന്ഥം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല. ഇന്ത്യയിലെ ഭാഷകളിലേക്കുള്ള തർജ്ജമകൾ വളരെ താമസിച്ചാണുണ്ടായത്.), വേദപുസ്തകത്തിലെ വിവരണങ്ങൾ പല മാർഗ്ഗങ്ങളിൽ കൂടി അറിയുന്നതിൽ ഉത്സാഹികളായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സത്യവിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ, പുസ്തകമില്ലാതെ തന്നെ, ആചാരങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും കൈമാറുന്നതിൽ തീക്ഷ്ണതയുണ്ടായിരുന്ന ഒരു ജനതയുടെ പിന്മുറക്കാരാണ് നമ്മൾ എന്ന്, കുടുംബങ്ങളിലെ പെസഹാ ആചരണം ഓർമ്മപ്പെടുത്തുന്നു. നാല്പതാം വെള്ളിയാഴ്ച ഉണ്ടാക്കുന്ന കൊഴിക്കട്ടയ്ക്കും (ചിലയിടങ്ങളിൽ ശനിയാഴ്ച – കൊഴിക്കൊട്ട ശനി) ഇങ്ങനെയൊരു ചരിത്രം പറയാനുണ്ട്.
കേരളത്തിൻറെ തെക്കൻ പ്രദേശങ്ങളിൽ ഇണ്ടറിയപ്പം ആവിയിൽ പുഴുങ്ങിയാണ് (വട്ടയപ്പം പോലെ) ഉണ്ടാക്കുന്നതെങ്കിൽ വടക്കൻ പ്രദേശങ്ങളിൽ മറ്റൊരു രീതിയിലാണുണ്ടാക്കുക. വായ് വലുതായ ഒരു കലത്തിനുള്ളിൽ കുറേ മണൽ ഇട്ടശേഷം അതിൻറെ മുകളിൽ ഒരു കിണ്ണത്തിൽ അപ്പത്തിനായി തയ്യാറാക്കിയ കൂട്ട് വയ്ക്കുന്നു. കിണ്ണത്തിന് മീതെ വേറൊരു ചെറിയ കലം വച്ച് അതിനുള്ളിൽ തീക്കനൽ ഇടുന്നു. അതിനുശേഷമാണ് അടുപ്പിൻ മേൽ വയ്ക്കുക. ഇങ്ങനെ ചൂടേറ്റ മണലിനും തീക്കനലിനുമിടയ്ക്കിരുന്ന് ഉണങ്ങിയ അപ്പം തയ്യാറാകുന്നു. കലത്തപ്പം എന്നും ഇതിന് പേരുണ്ടായതങ്ങനെയാണ്.
വീട്ടിലെ കുരിശു വരെ പ്രാർത്ഥന കഴിഞ്ഞ്, കുടുംബനാഥൻ ഇണ്ടറിയുടെ മേലുള്ള കുരിശു നീക്കിയശേഷം (കുരിശ്, വെഞ്ചരിച്ച കുരുത്തോല കൊണ്ടുള്ളതാകയാൽ അത് അലക്ഷ്യമായി കളയുകയല്ല, കത്തിച്ച് കളയുകയാണ് പതിവ്) അപ്പം 13 കഷണങ്ങളായി മുറിക്കുന്നു. അതിനുശേഷം ഓരോ കഷണവും പാലിൽ മുക്കി കുടുംബാംഗങ്ങളുടെ പ്രായക്രമത്തിൽ ഓരോരുത്തർക്കും നൽകുന്നു. ഈശോയേയും ശിഷ്യന്മാരേയും അനുസ് മരിച്ചാണ് 13 ക്ഷണങ്ങളായി മുറിക്കുന്നത്. ഇടത് കൈപ്പത്തിയുടെ മുകളിൽ വലതുകരം വച്ച് ആദരവോടെയാണ് എല്ലാവരും കുടുംബനാഥനിൽ നിന്ന് ഇണ്ടറിയപ്പം സ്വീകരിക്കുന്നത്. ഓരോ കഷണം കുടുംബനാഥനിൽ നിന്ന് സ്വീകരിച്ച ശേഷം ബാക്കി കഷണങ്ങളും പാലും ആവശ്യം പോലെ എല്ലാവരും ഭക്ഷിക്കുന്നു.
ഓർത്തഡോക്സ്, യാക്കോബായ സമൂഹങ്ങളിലെ പല കുടുംബങ്ങളിലും ഈ ക്രമം നടപ്പിലുണ്ട്. ഒരുകാലത്ത് ഒന്നായിരുന്ന മാർ തോമാ നസ്രാണികളുടെ പൊതുവായ പാരമ്പര്യമാണ് ഇത് എന്നതിനുള്ള തെളിവാണ് ഈ വസ്തുത.
യഹൂദരുടെ പെസഹാ ഭക്ഷണത്തിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കുന്നതു പോലെ തന്നെ നമ്മുടെ കുടുംബങ്ങളിൽ ഈ പ്രത്യേക ആചരണത്തിനുള്ള അപ്പത്തിൽ പുളിപ്പ് ഉപേക്ഷിക്കുന്നു എന്ന യാഥാർഥ്യവും ശ്രദ്ധേയമാണ്.
എല്ലാദിവസവും കുടുംബ പ്രാർത്ഥനയ്ക്കായി ഒരുമിച്ചു കൂടുക നമ്മുടെ പാരമ്പര്യമാണ് .എന്നാൽ പെസഹാ വ്യാഴാഴ്ച രാത്രിയിലെ സമ്മേളനം ഈ ദിവസത്തിൻറെ പ്രത്യേകതയാൽ അതുല്യ പ്രാധാന്യമുള്ളതാണ്. ശിഷ്യന്മാരുമൊത്ത് അവസാനമായി ഈശോ ചിലവഴിച്ച നിമിഷങ്ങളെയും തൻറെ ഓർമ്മയ്ക്കായി അവരെ ഏൽപ്പിച്ച പൈതൃകത്തെയും ഭാവി തലമുറകൾക്കുവേണ്ടി പറഞ്ഞേൽപ്പിച്ച ശാസനങ്ങളെയുമെല്ലാം കുടുംബങ്ങളിൽ ബഹുമാനപുരസരം ഓർക്കുവാനായി ഉള്ള നേരമാണത്. അതിനാൽ ആരുടെ നാമത്തിലും സ്ഥാനത്തും നിന്നുകൊണ്ടാണ് താൻ ഇണ്ടറി മുറിക്കുന്നതെന്ന് ഓരോ കുടുംബനാഥനും ഓർമ്മയുണ്ടാകണം. തിരുവത്താഴത്തിൽ കർത്താവിൽ നിന്ന് നേരിട്ട് അപ്പം വാങ്ങി ഭക്ഷിച്ച ശിഷ്യന്മാരുടെ സ്ഥാനത്ത് തങ്ങളെ തന്നെ കാണുവാൻ കുടുംബാംഗങ്ങൾക്കും സാധിക്കട്ടെ. വിശ്വാസത്തെ ഒറ്റി കൊടുക്കാനും തള്ളിപ്പറയാനും സാധ്യതയുള്ള നമ്മുടെ സാഹചര്യങ്ങളിൽ വിശ്വാസത്തിൽ നിലനിൽക്കാനുള്ള ശക്തിക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം ആ വിശ്വാസത്തെ ഏറ്റുപറയുകയും ചെയ്യാനുള്ള അവസരമാണിത്.
ഇണ്ടറി അപ്പം മുറിക്കൽ പള്ളികളിലോ അസോസിയേഷനുകളിലോ നടത്തേണ്ട കർമ്മമല്ല. കുടുംബങ്ങളിലെ അനുഷ്ഠാനമാണത്. ഇടവകയെ വലിയ കുടുംബമായി സങ്കൽപ്പിച്ച് കുടുംബനാഥനായ വികാരിയച്ചൻ അപ്പം മുറിക്കുന്നത് ഉചിതമാണെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ വിശ്വാസ കൈമാറ്റത്തിനുള്ള കുടുംബനാഥന്റെ ഉത്തരവാദിത്വത്തിന്റെ മികവുറ്റ പ്രകാശനത്തിനുള്ള ഈ അവസരം കുടുംബങ്ങളുടേതു മാത്രമായി മാറ്റി വയ്ക്കുന്നതാണ് ഉചിതം. കുടുംബനാഥൻ മരണപ്പെട്ടാൽ അടുത്തവർഷം പെസഹാ അപ്പമുണ്ടാക്കാതിരിക്കുന്ന പതിവ് കുടുംബനാഥന്റെ സ്‌ഥാനത്തിൻറെ മഹനീയതയെയാണ് വിളിച്ചറിയിക്കുന്നത്. മറ്റു കുടുംബങ്ങളുടെയോ ബന്‌ധുക്കളുടെയോ മരണം കുടുംബങ്ങളിലെ പെസഹാ ആചരണത്തിന് തടസമാകാറില്ല . അതേ സമയം, മരണപ്പെട്ട ആളുടെ അസാന്നിധ്യം അപ്പം മുറിക്കാതിരിക്കാനുള്ള കാരണമായി ഒരു കുടുംബം കരുതുന്നുവെങ്കിൽ അതിനെ ആർക്കും കുറ്റപ്പെടുത്താനുമാവില്ല.
ഇണ്ടറി പുഴുങ്ങുമ്പോൾ പൊട്ടി കീറുകയോ മറ്റോ ചെയ്താൽ ദോഷമാണെന്ന കേട്ടുകേൾവിയെ ഭയന്ന് അപ്പമുണ്ടാക്കുവാൻ മടിക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. യഥാർത്ഥത്തിൽ, ഇങ്ങനെയൊരു കേട്ടുകേൾവി ബുദ്ധിയുള്ള ഏതെങ്കിലും പിതാമഹനോ മഹിതയോ പറഞ്ഞു പരത്തിയതാകാനിട. അപ്പം പൊട്ടിക്കീറാനിടവരുന്നത് കൂട്ട് ശരിയാകാതെ വരികയോ തീ കുറയുകയോ കൂടുകയോ ചെയ്യുമ്പോഴാണ്. അതീവശ്രദ്ധയോടെയും ജാഗ്രതയോടെയുമാണ് ഇണ്ടറിയപ്പവും പാലും തയ്യാറാക്കേണ്ടത് എന്ന് പഠിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാവണം ഈ കേട്ടുകേൾവിയുണ്ടായത്.
കടകളിൽ പെസഹാ അപ്പം ലഭ്യമായിരിക്കാം. അതിൽ കുരിശും ഉണ്ടാകാം. പക്ഷേ, അത് ഇണ്ടറിയപ്പമാകില്ല. അടുക്കള ഒരുക്കി, പുത്തൻ പാത്രങ്ങളിൽ, സുകൃതജപങ്ങളുടെയോ പാനാപാരായണത്തിന്റെയോ പശ്ചാത്തലത്തിൽ ധ്യാനാത്മകമായി പാകപ്പെടുത്തുന്ന ഇണ്ടറിയപ്പത്തിനും പാലിനും പകരം വയ്ക്കാൻ റെഡിമെയ് ഡായി കിട്ടുന്ന രുചിയേറിയ വിഭവങ്ങൾക്കൊന്നുമാവില്ല . അപ്പം മുറിക്കലിന്റെ ഗാർഹിക മാനങ്ങളെ മറന്നു കളയാതിരിക്കാനുള്ള സാമാന്യയുക്തി നമുക്കുണ്ടാകട്ടെ .
ഫാ. ഡോ. ബാബു പുത്തൻപുരയ്ക്കൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ കത്തീഡ്രൽ വികാരിയാണ്. കൂടാതെ, മൈനർ സെമിനാരി റെക്ടർ, രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രത്തിൻ്റെ ഡയറക്ടർ എന്നീ മേഘലകളിൽ പ്രവർത്തിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
ഓശാന… ഓശാന…. ദാവീദാത്മജന് ഓശാന..
നാല്‍പ്പതു ദിവസത്തെ നോമ്പിന് ശേഷം കര്‍ത്താവിന്റെ കഷ്ടാനുഭവ
ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഏതൊരു വിശ്വാസിയുടെയും
മനസ്സില്‍ പ്രാര്‍ഥനയുടെയും സഹനത്തിന്റെയും രക്ഷണ്യ
പ്രവര്‍ത്തനത്തിന്റെയും ഓര്‍മ്മ പുതുക്കുന്ന ദിവസങ്ങള്‍ ആണ്.
പാപമോചനത്തിന്റെയും അനുതാപത്തിന്റെയും സന്ദേശങ്ങളും
അനുഭവങ്ങളുമാണ് ഓരോ ദിവസത്തെയും വായനാ ഭാഗങ്ങള്‍ . നമ്മുടെ
കര്‍ത്താവ് ബെഥാന്യയില്‍ നിന്ന് യെരൂശലേമിലേക്കു ഉള്ള യാത്രയില്‍
അവിടെ ഉള്ള ജനം കര്‍ത്താവിനെ സ്വീകരിക്കുന്ന സംഭവമാണ് ഓശാന പെരുന്നാള്‍. ഇത്
വെറുമൊരു യാത്രയായിട്ട് അല്ല പകരം രാജകീയമായ ഒരു യാത്രയായിട്ടാണ്
നാം മനസ്സിലാക്കേണ്ടത്. നൂറ്റാണ്ടുകളായി ആയി തങ്ങളുടെ രാജാവ്
കടന്നുവരുമെന്ന് വിശ്വസിച്ച് പ്രത്യാശയോടെ ഇരിക്കുന്ന യഹൂദ ജനമധ്യേ ആണ് ഈ യാത്ര. ഒലിവീന്തല്‍ തലകളും കുരുത്തോലകളും ആയി ജനം
അവനെ സ്വീകരിക്കുകയും വസ്ത്രം വഴിയില്‍ വിരിച്ചു പാത ഒരുക്കുകയും
ചെയ്തു.
ഈ യാത്രയുടെ ആരംഭത്തില്‍ തന്റെ ശിഷ്യന്മാരെ ആയ്ച്ചു അടുത്തുള്ള
ഗ്രാമത്തില്‍ പോയി ഇതുവരെ ആരും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ
കൊണ്ടുവരുവാന്‍ ആവശ്യപ്പെടുന്നു. ഇത് എന്തിന് എന്ന് ആരെങ്കിലും
ചോദിച്ചാല്‍ നമ്മുടെ കര്‍ത്താവിന് ഇതിനെ കൊണ്ട് ആവശ്യമുണ്ട് എന്ന്
പറയണം എന്ന് അവരോട് പറഞ്ഞു. വിനയത്തിന്റെയും താഴ്മയുടെയും
ഉദാഹരണമായി ആയി കര്‍ത്താവ് ജീവിതത്തില്‍ തന്നെ കാട്ടിത്തരുകയാണ്.
ഇന്നത്തെ കാലഘട്ടത്തില്‍ ഈ ഒരു ചിന്ത വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
കര്‍ത്താവിനു വേണ്ടി ഈ കഴുതയുടെ ധര്‍മ്മം നിര്‍വഹിക്കുവാന്‍ നമുക്ക്
അര്‍ഹതയുണ്ടോ? ആത്മീക ആചാര്യന്മാരെ തിരഞ്ഞെടുക്കുമ്പോഴും
ഭൗതികമായ യോഗ്യതകള്‍ ആണ് കണക്കിടുന്നത്. അവര്‍ പഠനത്തില്‍
മുമ്പന്മാര്‍ ആയിരിക്കാം എന്നാല്‍ പ്രായോഗികമായ
ജീവിതത്തിലും ക്രൈസ്തവ ധര്‍മ്മം പുലര്‍ത്തുന്നതിനും പിന്നോക്കം
നില്‍ക്കുന്നവര്‍ ആയിതീരാറുണ്ട്. കര്‍ത്താവിനു വേണ്ടത് ഇതുവരെ ആരും
കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ ആണ്. യോഗ്യതയും വിനീതനും
ദാസനും ആയ ഭാവം. ഇന്നത്തെ കാലത്തില്‍ ആര്‍ക്കുവേണം ഈ യോഗ്യതകള്‍.
പ്രൗഢിയും അലങ്കാരങ്ങളും അല്ലേ ഉന്നത സ്ഥാനങ്ങളുടെ മുഖമുദ്രയായി
ഇരിക്കുന്നത്. എന്നാല്‍ കര്‍ത്താവ് തെരഞ്ഞെടുത്തത് മനുഷ്യന്റെ
തിരഞ്ഞെടുപ്പിന് വ്യത്യസ്തമായ രീതിയിലാണ്.
കര്‍ത്താവിന്റെ ഈ യാത്ര ദേവാലയത്തിലേക്ക് ആയിരുന്നു. വലിയ
ഇടവകകളില്‍ നടക്കുന്ന പെരുന്നാളിന്റെ നാം കണ്ടിട്ടുള്ള അതേ
ഭാവമായിരുന്നു യെരുശലേം ദേവാലയത്തിനും. വഴിയോര കച്ചവടങ്ങളും
എന്തിനേറെ, ദേവാലയത്തിന് ഉള്ളില്‍ പോലും വിപുലമായ കച്ചവട
സംവിധാനത്തിന് വേണ്ടി മാറ്റപ്പെട്ടിരുന്നു. ദിവസങ്ങളും മാസങ്ങളും
യാത്ര ചെയ്തു തീര്‍ഥാടനം ചെയ്യുന്ന ഒരു സാദാരണക്കാരന്‍ കുറച്ചു
നിമിഷങ്ങള്‍ ദേവാലയത്തിനു ഉള്ളില്‍ നില്കും, ബാക്കി സമയം മുഴുവന്‍
സാധങ്ങള്‍ വാങ്ങാനും കാഴ്ച കാണാനും മാറ്റി വെക്കാറില്ലേ? നാമും
എന്തെല്ലാം ഉദ്ദേശങ്ങളോട് കൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്.
പലചരക്കു പച്ചക്കറിയും എന്തിനേറെ സിനിമ കാണാന്‍ വരെ
ദേവാലയത്തിലെ ആരാധനയെ നാം കൂട്ടുപിടിക്കുന്നു. ഇങ്ങനെയുള്ള
മനസ്ഥിതിയാണ് കര്‍ത്താവ് ചാട്ടവാര്‍ കൊണ്ട് അടിച്ചു പുറത്താക്കുന്നത്.
രാജാധിരാജനായവനെ സ്വീകരിക്കുവാന്‍ തങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം
വരെയും അവര്‍ വഴിയില്‍ വിരിച്ചു. തങ്ങള്‍ക്ക് വസ്ത്രങ്ങള്‍ തരുന്ന
സുരക്ഷയെക്കാള്‍ ഉത്തമമായതും വലുതുമായ സുരക്ഷ
ദൈവസന്നിധിയില്‍ ലഭിക്കുന്നു എന്നുള്ളത് ഇവിടെ പ്രത്യേകം
ഓര്‍ക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും
പ്രതീകമായി അവര്‍ വസ്ത്രം വിരിക്കുകയും കുരുത്തോലകള്‍ ഏന്തുകയും
ചെയ്തു. നമ്മളെപ്പോലെയുള്ള മനസ്ഥിതി ഉള്ളവരും
അക്കൂട്ടത്തിലുണ്ടായിരുന്നു. വെറും കാഴ്ചക്കാരായി പാതയോരങ്ങളില്‍
കാത്തു നില്‍ക്കുന്നവര്‍. ദൈവസാന്നിധ്യമോ തന്റെ വരവിന്റെ
ഉദ്ദേശങ്ങളോ ഒന്നും ബാധിക്കാത്ത ചിലര്‍. തങ്ങളുടെ അധരങ്ങള്‍ കൊണ്ട്
ദൈവസ്തുതി ഉച്ചരിക്കുവാന്‍ മടികാണിക്കുന്ന അവരെ നോക്കി കര്‍ത്താവ്
പറഞ്ഞു നിങ്ങള്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും.
സമത്വത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ നന്ദികേട്
കാണിക്കുമ്പോള്‍ നിര്‍ജ്ജീവങ്ങളായ പ്രകൃതി തന്നെ സൃഷ്ടാവിനോട് അനു
രൂപപ്പെടും എന്നുള്ള ഉള്ള കാര്യമാണ് കര്‍ത്താവ് ഇവിടെ ഓര്‍മിപ്പിച്ചത്.
കുരുത്തോലകളും മരക്കൊമ്പുകളും പ്രതീകം ആക്കുന്നത് ഈ പ്രകൃതിയുടെ
സ്തുതിപ്പ് തന്നെയാണ്. ഓശാനയുടെ പ്രത്യേക ശുശ്രൂഷ ആയ കുരുത്തോല
വാഴ് വിന്റെ ക്രമത്തില്‍ അവ വെട്ടപെട്ട വൃക്ഷങ്ങളും കൊണ്ടുവന്ന കുടുംബങ്ങളും അവയെ
കൊണ്ടുപോകുന്ന ഭവനങ്ങളും അനുഗ്രഹിക്കപ്പെടും എന്ന്
പ്രാര്‍ത്ഥിക്കുന്നു. യുദ്ധങ്ങളുടെ ശമനത്തിനും രോഗങ്ങളുടെ ശാന്തതയ്ക്കും
ഭവനത്തിന്റെ അനുഗ്രഹത്തിനുമായി വാഴ്ത്തപ്പെട്ട കുരുത്തോല നാം
ഭവനങ്ങളില്‍ സൂക്ഷിക്കുന്നു.
ഇത് വെറും അനുസ്മരണം അല്ല.
കര്‍ത്താവായി ആയി നമ്മുടെ ഉള്ളിലേക്ക് മഹത്വത്തിന്റെ നായകന്‍
കടന്നുവരണം എന്നുള്ളതാണ് ഈ ദിവസത്തിന്റെ സന്ദേശം. ഈ പ്രവേശനം
പല അവസരങ്ങളിലും നാം ആഗ്രഹിക്കാറുണ്ട്. എന്നാല്‍ അത്
ഉള്‍ക്കൊള്ളുവാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. കാരണം ഇത്രയേ
ഉള്ളൂ.. കര്‍ത്താവ് നമ്മുടെ ഉള്ളിലേക്ക് കടന്നുവന്നാല്‍ നമ്മള്‍
പരിപാലിക്കുന്നതും നടന്നു പോകുന്നതുമായ ചിട്ടകളും
ജീവിതങ്ങളും എല്ലാം മാറ്റേണ്ടിവരും. നമ്മുടെ ഉള്ളങ്ങള്‍ നാമൊരു
ആത്മശോധന നടത്തുകയാണെങ്കില്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും
കര്‍ത്താവ് പറഞ്ഞതുപോലെ നിങ്ങള്‍ അതിനെ കള്ളന്മാരുടെ ഗുഹ
ആക്കിത്തീര്‍ത്തു. അങ്ങനെയുള്ള മനോഭാവത്തില്‍ നിന്നുള്ള ഒരു മാറ്റം
ആണ് ഓശാന പെരുന്നാള്‍ നമുക്ക് സാധ്യമാകുന്നത്. കഴുതയും
കുരുത്തോലയും ഈന്തപ്പനയും ഓശാന പാട്ടും എല്ലാം നമുക്ക് ഇഷ്ടമാണ്
എന്നാല്‍ അതിനേക്കാള്‍ ഉപരിയായി തങ്ങളുളെ ഹൃദയങ്ങളിലേക്ക് രാജാവിനെ
സ്വീകരിക്കുവാന്‍ വിനീതനായ കഴുതക്കുട്ടി ആയിത്തീരുവാന്‍ നമുക്ക്
മനസ്സുണ്ടോ?
ഓശാന എന്ന പദത്തിന്റെ അര്‍ത്ഥം കര്‍ത്താവേ ഇപ്പോള്‍ രക്ഷിക്കേണമേ
എന്നാണ്. അനര്‍ത്ഥങ്ങളുടെയും അസമാധാനത്തിന്റെയും രോഗങ്ങളുടേയും
നടുവില്‍ കഴിയുന്ന നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം കര്‍ത്താവേ ഇപ്പോള്‍
ഞങ്ങളെ രക്ഷിക്കേണമേ ,ഓശാന. അനുഗ്രഹിക്കപ്പെട്ട ഓശാന
പെരുന്നാള്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മൈഗ്രന്റ്‌സ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗ്രേറ്റ് ബ്രിട്ടനിലുള്ള വിവിധ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തിയിരിക്കുന്ന സഭയിൽപ്പെട്ട വിദ്യാർത്ഥികൾക്കായി ‘പേൾ ഗാലാ’ സംഗമം ഓശാന ഞായാറാഴ്ചയായ നാളെ നടക്കും. സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിക്കുന്ന സംഗമം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും. വൈകിട്ട് 7 മണിമുതൽ 9 മണിവരെയായിരിക്കും സംഗമം ഉണ്ടായിരിക്കുക. പ്രശസ്ത സംഗീതജ്ഞനും യുവജന പരിശീലന രംഗത്ത് ഏറെ മികവ് തെളിയിച്ചിട്ടുമുള്ള റോമിൽ നിന്നുമുള്ള റവ. ഫാ. ബിനോജ് മുളവരിക്കൽ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.
സഭയുടെ അവിഭാജ്യഘടകമായ യുവതീയുവാക്കൾ അവരുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രയാണത്തിൽ ആൽമീയവും ഭൗതികവുമായ കാര്യങ്ങളിൽ മാർഗ്ഗനിർദേശങ്ങളും സഹായവും നൽകുന്നതിനായി ഒരുക്കിയിട്ടുള്ളതാണ് ‘പേൾ ഗാലാ’ സംഗമം. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൈഗ്രന്റ്‌സ് കമ്മീഷൻ , യൂത്ത് കമ്മീഷൻ , ഇവാഞ്ചലൈസേഷൻ കമ്മീഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന ലിങ്കിൽ കൂടി രജിസ്റ്റർ ചെയ്യണമെന്ന് മൈഗ്രന്റ്‌സ് കമ്മീഷൻ ചെയർമാൻ ഫാ. ആൻഡ്രൂസ് ചെതലൻ അറിയിച്ചു .
https://forms.office.com/Pages/ResponsePage.aspx?id=_TZTq6nQiE-Kztxy6twlvmjF1AYmKfBLrFYCvE1tlU1UNVJCTElETEFPSlJVRjlaVEpMSllRMVhCVy4u
വിശദവിവരങ്ങൾ അറിയുന്നതിനും എന്തെങ്കിലും കാര്യങ്ങൾ അറിയിക്കുന്നതിനോ താഴെ കാണുന്ന മെയിലിൽ ബന്ധപ്പെടാവുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് മിഷനിൽ വി.യൗസേപ്പിതാവിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം വിശ്വാസികൾ ആചരിച്ചു. തിരുനാൾ കുർബാനയോടനുബന്ധിച്ച് ആഗോള കത്തോലിക്കാ സഭയിൽ കുടുംബ കൂട്ടായ് മ വർഷം ആചരിക്കുന്നതിന്റെ ഭാഗമായുള്ള ഇടവക തല ഉദ്ഘാടനം മിഷൻ ഡയറക്ടർ ഫാ. മാത്യു മുളയോലിയും ഫാമിലി കമ്മീഷൻ പ്രതിനിധികളും, മിഷനിലെ ഏറ്റവും വലിയ കുടുംബവും ചേർന്ന് സംയുക്തമായി നിർവഹിച്ചു. കുടുംബകൂട്ടായ്മ വർഷത്തിന്റെ രൂപതാതല ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ സെൻറ് ജോസഫ് ദിനമായ മാർച്ച് 19ന് നിർവ്വഹിച്ചിരുന്നു. രൂപതാ അദ്ധ്യക്ഷനോടൊപ്പം ഉദ്ഘാടനവേളയിൽ രൂപതയിലെ എല്ലാ കുടുംബങ്ങളും തിരിതെളിച്ച് കുടുംബകൂട്ടായ്മ വർഷത്തിന്റെ സന്ദേശം ഉൾക്കൊണ്ടത് വേറിട്ട അനുഭവമായി. ജൂൺ 26നാണ് കുടുംബകൂട്ടായ്മ വർഷത്തിന്റെ സമാപനം.
ഫാ. എബിൻ നീരുവേലിൽ വി.സി തിരുനാൾ സന്ദേശം നൽകി. ലോകത്തുള്ള എല്ലാ മാതാപിതാക്കൾക്കും മാതൃകയാക്കാവുന്ന ഒരു പിതാവാണ് വി. ഔസേപ്പെന്ന് ഫാ. എബിൻ ചൂണ്ടിക്കാട്ടി . നല്ല മാതാപിതാക്കൾ ആകാനും നമ്മുടെ കുട്ടികളെ മനസ്സിലാക്കാനും ബാല്യത്തിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം നന്നായിരിക്കുമെന്ന് ഫാ. എബിൻ തന്റെ സന്ദേശത്തിൽ മാതാപിതാക്കളെ ഉദ്ബോധിപ്പിച്ചു
ലണ്ടൻ: പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കഴിലുള്ള യാക്കോബായ സഭയുടെ യു.കെ. ഭദ്രാസനം ഇഥം പ്രദമായി നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും നടത്തിവരുന്ന കൺവൻഷൻ നാളെ (26/3/21-വെള്ളി) പര്യവസാനിക്കും. സുറിയാനി സഭയിലെ മെത്രാപ്പോലീത്തന്മാർക്കൊപ്പം ഇതര സഹോദരീ സഭകളിലെ മെത്രാപ്പോലീത്ത തീരുമേനിമാരും ശ്രേഷഠരായ പ്രമുഖ വൈദീക ശ്രേഷ്ഠരും വചനസന്ദേശങ്ങൾ നൽകി അനുഗ്രഹിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും യു.കെ.ഭദ്രാസനത്തിലെ 1200 ഓളം യാക്കോബായ സഭ വിശ്വാസികൾ പങ്കെടുത്ത അനുഗ്രഹീതമായ ഒരു കൂടിവരവായി തീർന്നു ഈ കൺവൻഷൻ.
സമാപന ദിവസമായ നാളെ നടക്കുന്ന കൺവൻഷനിൽ സുവിശേഷഘോഷണത്തിന് പുറമേ പരിശുദ്ധ യാക്കോബായ സുറിയാനി നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ തരണം ചെയ്ത് സത്യവിശ്വാസവും സമാധാനവും നിലനിർത്തുവാൻ വേണ്ടിയും കൂടാതെ കോവിഡ് മഹാമാരിയിൽ നട്ടം തിരിയുന്ന ലോകത്തോട് ദൈവം കരുണചെയ്യുവാനും വേണ്ടി വിശ്വാസികൾ എല്ലാവരും മെഴുകുതിരി കത്തിച്ച് പിടിച്ച പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. ഏവരേയും കർതൃനാമത്തിൽ സവിനയം സ്വാഗതം ചെയ്യുന്നു.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നന്നാകണമെന്നാഗ്രഹിക്കുന്നവര്‍ക്ക് മാനസാന്തരം ഉണ്ടാകണം. ജീവിതത്തില്‍ താളം തെറ്റിയവര്‍ക്ക് മാനസാന്തരം അത്യന്താപേക്ഷിതമാണ്. മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് നന്മയിലേയ്ക്ക് തിരിയാം.
ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാലവിചിന്തനങ്ങള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
മന്ന 869 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം , ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , വലിയ നോമ്പിൽ ക്രിസ്തുനാഥന്റെ പീഡാസഹനവും പുനഃരുത്ഥാനവും പൂർണ്ണമായും സ്വയം വിശുദ്ധീകരണത്തിന് ഓരോരുത്തരെയും ഒരുക്കിക്കൊണ്ടും , കുട്ടികൾക്കും ടീനേജുകാർക്കുമായി സ്കൂൾ അവധിക്കാലത്ത് 2021 ഏപ്രിൽ 5 മുതൽ 8 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം ദിവസങ്ങളിൽ ) ഓൺലൈനിൽ സൂം ആപ്പ് വഴി രണ്ട് ധ്യാനങ്ങൾ നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.
സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് 9 വയസ്സുമുതൽ 12 വരെയുള്ള പ്രീ ടീൻസ് കുട്ടികളുടെ ധ്യാനം . ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെയാണ് 13വയസ്സുമുതലുള്ള ടീനേജുകാർക്ക് ധ്യാനം നടക്കുക.
കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.
വലിയ നോയമ്പിലൂടെ ആർജ്ജിച്ചെടുക്കന്ന കൃപാവരങ്ങളിൽ ശക്തിപ്പെടുവാനും, വിശുദ്ധവാരത്തിനായി ഒരുങ്ങുവാനും, വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഗ്രേറ്റ് ബിട്ടൺ സീറോ മലബാർ രൂപത ധ്യാനം ഒരുക്കുന്നു.
രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, ചെയർപേഴ്സണുമായ സിസ്റ്റർ ആൻ മരിയ മുഖ്യമായും ധ്യാനം നയിക്കുന്നതാണ്. എല്ലാ ദിവസവും, രൂപതയിലെ അഭിഷേകം നിറഞ്ഞ വൈദികരുടെ, ആമുഖ പ്രസംഗത്തോടെയായിരിക്കും ധ്യാനം ആരംഭിക്കുക.
വൈകുന്നേരം 6.30ന് കുരിശിൻ്റെ വഴിയും, തുടർന്ന് ജപമാലയും, ആരംഭ പ്രസംഗവും, ധ്യാന പ്രസംഗവും, അനുഗ്രഹദായകമായ പരിശുദ്ധ കുബ്ബാനയുടെ ആരാധനയും, അഭിവന്ദ്യ പിതാവിൻ്റെ ആശീർവാദവും ഉണ്ടായിരിക്കും. തിങ്കളാഴ്ചത്തെ ആരംഭ പ്രസംഗം ബഹു . ഫാ. ജോസ് ആഞ്ചാനിക്കലും, ചൊവ്വാഴ്ചത്തെ ആരംഭ പ്രസംഗം ബഹു.ഫാ ടോമി എടാട്ടും, ബുധനാഴ്ചത്തെ ആരംഭപ്രസംഗം ബഹു . ഫാ. മാത്യു പിണക്കാട്ടും നടത്തുന്നതായിരിക്കും.
സ്വന്തം ഭവനങ്ങളിലിരുന്ന് സൗകര്യപൂർവ്വം പങ്കെടുക്കാവുന്നതുപോലെ, സൂമിലൂടെയും, യൂട്യൂബ് ചാനലിലൂടെയും, ക്രമീകരിച്ചിരിക്കുന്ന ഈ വാർഷിക ധ്യാനത്തിൽ പങ്കെടുത്ത്, ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാൻ, രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ, എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു.
മെട്രിസ് ഫിലിപ്പ്
The Great Leader…
Moses became one of the most important people in the history of Israel. But he nearly died when he was a baby.
ഈജിപ്ത് മുതൽ മൗണ്ട് നെബോ വരെ നീണ്ടുനിൽക്കുന്ന മോശയുടെ ചരിത്രം. ഈജിപ്തിലെ, ഇസ്രായേൽ ജനതയുടെ വളർച്ചയെ തടയാൻ, പിറക്കുന്ന എല്ലാ ആൺകുട്ടികളെയും കൊല്ലാൻ രാജാവ് ഉത്തരവിട്ടു. ആ സമയത്താണ്, മോശയുടെ ജനനം. ആ ‘അമ്മ, മൂന്ന് മാസം, ആരും കാണാതെ, ആ കുഞ്ഞിനെ വളർത്തി. തുടർന്ന്, ഒരു ബാസ്കറ്റിൽ, ഈ കുഞ്ഞിനെ കിടത്തി, രാജാവിന്റെ പെൺമക്കൾ, നീരാടാൻ, വരുന്ന, നദിയിൽ ഒഴുക്കിവിടുകയും, ഒഴുകി വരുന്ന ബാസ്കറ്റ്, തുറന്ന്, കുഞ്ഞിനെ രക്ഷിച്ച്, കുഞ്ഞിന്റെ അമ്മയെ, തന്നെ വളർത്താൻ ഏൽപ്പിച്ചു, അങ്ങനെ, മരണത്തിൽ നിന്നും, അമ്മ തന്നെ, മകനെ രക്ഷപ്പെടുത്തി. ആ മകൻ ആണ് മോശ എന്ന പ്രവാചകൻ.
സീനായ് മലയിൽവച്ച്, ഒരു കൂട്ടം ചെടിയിൽ,(Burning Bush) തീപടർത്തികൊണ്ട്, ദൈവം
മോശയെ വിളിച്ചു കൊണ്ട്, ഇപ്രകാരം പറഞ്ഞു, “ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തിൽനിന്ന്, ഇസ്രായേൽ ജനതയെ മോചിപ്പിക്കുന്നതിനായി, നിന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു”.
തന്റെ ജനത്തിനെ ക്രൂരമായി(Egyptians) പീഡിപ്പിക്കുന്നത് കണ്ട്, രോഷാകുലനായ ദൈവം ഈജിപ്തിൽ, “പ്ലേഗ്” എന്ന മഹാവ്യാധി പരത്തി, എല്ലാവരെയും നശിപ്പിച്ചു. അവസാന ആളും കടന്ന് പോയപ്പോൾ, കാളക്കുട്ടിയെ കൊന്ന്, രക്തം കട്ടിളപടിയിൽ തേച്ചുവെച്ചു. അങ്ങനെ, ആദ്യമായി ‘കടന്നുപോകൽ’ ആചരിച്ചു. തുടർന്ന്, എല്ലാ വർഷവും “passover” ആചരിച്ചുവരുന്നു.
ഒരു ദിവസം മോശയോട് ദൈവം കൽപ്പിച്ചു, തന്റെ, ജനതയുമായി, കാനാൻ ദേശത്തേയ്ക്ക് പോകുവാൻ. അങ്ങനെ വർഷങ്ങൾ, നീണ്ട് നിൽക്കുന്ന മരുഭുമിയിലൂടെയുള്ള യാത്ര ആരംഭിച്ചു. എന്നാൽ, ഈജിപ്ഷ്യൻ പടയാളികൾ, പാഞ്ഞുവരുന്നത് കണ്ട്, മോശ പ്രാർത്ഥിച്ചു. അങ്ങനെ ദൈവം ചെങ്കടലിനെ രണ്ടായി പകുത്തി, തന്റെ ജനതയെ രക്ഷിച്ചു. ആ യാത്ര, വർഷങ്ങൾ നീണ്ടു. മരുഭൂമിയിൽ, തന്റെ മക്കൾക്കായി, മോശയുടെ പ്രാർത്ഥനകൊണ്ട്, മന്ന പൊഴിച്ചു. പാറയിൽ നിന്നും, ജീവന്റെ ജലം ഒഴുക്കി. സീനായ് മലയിലേക്ക്, മോശയെ ദൈവം വിളിപ്പിച്ചു. പേടകത്തിൽ എഴുതിയ 10 കൽപ്പനകൾ നൽകി. മോശ, മലയിൽ, നിന്നും തിരിച്ചിറങ്ങി വരുമ്പോൾ. കണ്ടത്, ദൈവത്തിന് നന്ദി പറയുന്നതിന് പകരം, സ്വർണ്ണ കാളകുട്ടിയുമായി, ഡാൻസ് ചെയ്യുന്നതായിരിന്നു. പിന്നീട്, മോശ അവരെയും കൂട്ടി, വാഗ്ദത്വനാട്ടിലേക്കുള്ള യാത്ര തുടർന്നു.
മോശയുടെ യാത്ര അവസാനിക്കുന്നത്, ജോർദ്ദാനിലെ മൗണ്ട് നെബോയിൽ ആണ്. ആ മലയുടെ മുകളിൽ നിന്ന് കൊണ്ട് ദൈവം മോശയെ, അങ്ങ് അകലെ കാണുന്ന, ജോർദാൻ നദിയും, ജെറിക്കോ വീഥികളും, കാനാൻ ദേശവും , കാണിച്ചു കൊടുത്തു. തന്റെ ജനതക്കു ലഭിക്കുന്ന, ആ മനോഹര ഭൂമീ കൺകുളിർക്കെ കണ്ട്, സന്തോഷത്തോടെ തന്റെ 120 മാതെ വയസ്സിൽ, നെബോ കുന്നിൽ വെച്ചു മോശ മരിച്ചു. ഇപ്പോൾ കാണുന്ന നെബോ മൗണ്ടിൽ, മോശയുടെ, ശരീരം അടക്കം ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.
തുടർന്നുള്ള യാത്ര ജോഷ്വാ പ്രവാചകന്റെ നേത്രത്വത്തിൽ ആയിരുന്നു. ജെറിക്കോ മതിൽ തകർത്തുകൊണ്ട്, 10 കൽപ്പനകൾ അടങ്ങിയ രണ്ട് സ്ലാബുകൾ ഒരു പേടകത്തിനുള്ളിൽ ആക്കി, ചുമന്നു കൊണ്ട് , വാദ്യമേളങ്ങളോടെ, കാനാൻദേശത്തിലേക്ക് ഇസ്രായേൽ ജനം പ്രവശിച്ചു. അങ്ങനെ ദൈവം തന്റെ ജനതയെ, ഈജിപ്തിൽ നിന്നും രക്ഷപ്പെടുത്തി, ഇസ്രായേൽ എന്ന മനോഹര ദേശത്തുകൊണ്ടുവന്ന് പാർപ്പിച്ചു.
ഈ നോമ്പുകാലത്ത്, ദൈവം നൽകിയ ആ കരുതലിനെ ഓർത്തുകൊണ്ട് പ്രാർത്ഥിക്കാം. മോശ എന്ന രക്ഷകനിലൂടെ ദൈവം കാണിച്ച വഴിയിലൂടെ സഞ്ചരിക്കാം. ആമേൻ.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
വലിയ നോമ്പിലെ അവസാന ആഴ്ച്ചയിലേയ്ക്ക് നാം
എത്തിചേര്‍ന്നിരിക്കുകയാണ്. ശാരീരികമായ അവയവങ്ങള്‍ക്ക്
സൗഖ്യം നല്‍കുന്ന ചിന്തകള്‍ പല ഇടങ്ങളിലായി ധ്യാനിച്ചു ചിന്തിച്ചു.
കാഴ്ചകളും കാഴ്ചപ്പാടുകളും വ്യത്യസ്തം ആകേണ്ടുന്ന സമയം
കൂടിയാണ്. നോമ്പിന്റെ ആദ്യ ദിനത്തില്‍ നാം എവിടെയായിരുന്നോ
അവിടെ നിന്നും ബഹുദൂരം സഞ്ചരിച്ച് കാല്‍വരിയിലേയ്ക്കുള്ള
യാത്രയിലാണെന്നുള്ള ബോധം നമ്മെ ഭരിക്കേണ്ടതാണ്.
എന്തിനുവേണ്ടി എന്ന് ചോദിച്ചാല്‍, പാപത്തിലും രോഗത്തിലും അടിമ
പെട്ടിരുന്ന നാമോരോരുത്തരും നമ്മുടെ പാപമോചനത്തിനായി
കാല്‍വരിയില്‍ യാഗമായ കര്‍ത്താവിന്റെ രെക്ഷണ്യ ഓര്‍മ്മയെ
പുതുക്കുവാന്‍ തക്കവണ്ണമുള്ള ദിനങ്ങളിലേക്കു കടന്നു വരേണ്ടുന്ന
സമയം. സര്‍വ്വം കാണുന്നു എന്ന് അഹങ്കരിക്കുന്ന നമ്മള്‍ ഒന്നും
കാണുന്നില്ല എന്നും, ഒന്നും കാണുന്നില്ല എന്ന് ധരിച്ചിരിക്കുന്ന ആളുകള്‍
എല്ലാം കാണുന്നുണ്ട് എന്നും ഉള്ള ഒരു തിരിച്ചറിവ് ഈ ദിനത്തില്‍
നമുക്ക് ലഭിക്കേണ്ടതാണ്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒമ്പതാം അധ്യായം 1 മുതല്‍
41 വരെയുള്ള വാക്യങ്ങള്‍ ആണ് ഇന്നത്തെ ചിന്തയ്ക്ക് വിഷയിഭവിക്കുന്നത്. പിറവിയിലേ കുരുടന്‍ ആയിരുന്ന ഒരുവനെ കര്‍ത്താവ്
കണ്ണുതുറന്നു കൊടുക്കുന്ന വേദഭാഗം ആണ് ഇത്. അവനുണ്ടായ
മാറ്റം അംഗീകരിക്കുവാന്‍ പാടുപെടുന്ന കുടുംബാംഗങ്ങളെയും
സമൂഹത്തിന്റെ വക്താക്കളെയും നമുക്ക് കാണുവാന്‍ കഴിയും.
കാഴ്ചയെ കുറിച്ച് പറയുമ്പോള്‍ ധാരാളം കാര്യങ്ങള്‍ താന്‍
കേട്ടിട്ടുണ്ടാകും. കണ്ണുകള്‍ കൊണ്ട് കാണുന്നു എന്നുള്ളത് മാത്രമല്ല
കണ്ട കാര്യങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളുന്നു എന്നുള്ളതും അതിന്റെ
ഭാഗമായി മനസ്സിലാക്കേണ്ടതാണ്. അപ്രകാരമുള്ള ഒരു ധാരണയില്‍
നമ്മളെ തന്നെ ഒന്ന് വിചാരണം ചെയ്യുന്നത് നന്നായിരിക്കും. ദൈവ
സൃഷ്ടികളെ കാണുവാനും പരിചരിക്കുവാനും സ്‌നേഹിക്കുവാനും
സഹാനുഭൂതി കാണിക്കുവാനും ഒക്കെ ഈ കാഴ്ചയാണ് ആരംഭം
കുറിക്കുന്നത്. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ഇതിനു എത്രമാത്രം
ന്യായീകരണം നല്‍കുവാന്‍ സാധിക്കും? കാണേണ്ടവ കാണാതിരുന്നും
കാണരുതാത്തവ കണ്ടും ജീവിക്കുന്നവരല്ലേ നമ്മള്‍. സത്യവും നീതിയും
കഠിനാധ്വാനവും സമര്‍പ്പണവും ഒന്നും കാണാതെ കുറവുകളും
ന്യൂനതകളും ബലഹീനതകളും നമ്മുടെ കാഴ്ചയില്‍ പെടുമ്പോള്‍ ഈ
ബലഹീനത നമ്മളെയും ബാധിച്ചില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അക്ഷരാഭ്യാസത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന
മൂല്യങ്ങളില്‍ പ്രധാനമാണ് അന്ധകാരം ആയ നമ്മുടെ മനോമണ്ഡലങ്ങളെ പ്രകാശപൂരിതമാക്കുക എന്നുള്ളത്. ബാഹ്യ
നയനങ്ങള്‍ കൊണ്ട് കാണുന്നതിനേക്കാള്‍ കൂടുതല്‍ ആയി
വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ച പരിശീലനം കൊണ്ട് അന്തരംഗങ്ങളില്‍
അതിന് വ്യാകരണങ്ങള്‍ ചമയ്ക്കുവാന്‍ നമുക്ക് കഴിഞ്ഞാലല്ലേ
വിദ്യാഭ്യാസം മൂല്യമുള്ളതാവുകയുള്ളൂ. ചിതറിപ്പോയ
അനുഭവങ്ങളില്‍ കഴിയുന്നവര്‍ക്ക് ഐക്യത്തിന്റെ ഭാവം നല്‍കിയാല്‍
അത് പുണ്യം അല്ലേ? ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തവര്‍ക്ക് നമ്മളാല്‍
നന്മ പകര്‍ന്നു കൊടുത്താല്‍ അതും പുണ്യമല്ലേ! വാക്കുകളിലും
വരികളിലും അല്ല അതിനുമപ്പുറം അതിന്റെ നല്ല അര്‍ത്ഥങ്ങളെ
നന്മയ്ക്കു ഉതകുന്ന രീതിയില്‍ കാട്ടിക്കൊടുക്കുമ്പോള്‍ അല്ലേ
അനേകരുടെ കണ്ണ് നമുക്ക് തുറക്കുവാന്‍ പറ്റുകയുള്ളൂ?
ഇന്ന് ലോകത്തിന്റെ എല്ലാ മേഖലകളും വളരെ വിപ്ലവകരമായ
വിധം ആധുനിക വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ അതേ
സമയം തന്നെ അന്ധകാരവും ഭീതിയും ഭീകരതയും ലോകത്തെ മൂടി
കളഞ്ഞു. നന്മകളെക്കാള്‍ തിന്മകളെ കൊണ്ട് ഈ ലോകം നില്‍ക്കുന്ന
അവസ്ഥകള്‍ ധാരാളം നമ്മുടെ ചുറ്റും ഏറിക്കൊണ്ടിരിക്കുന്നു.
സാമൂഹിക മേഖലകളിലും ആത്മീക മേഖലകളിലും ഈ ജീര്‍ണ്ണത
ധാരാളം നമുക്ക് കാണേണ്ടി വരുന്നു. ഓരോ ഭാരതീയനും കേട്ടുശീലിച്ച ഗായത്രി മന്ത്രത്തിലും അന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്ക്
വരേണ്ടുന്നതിന്റെ ആവശ്യകഥ പഠിപ്പിച്ചു തരുന്നു. ഞാന്‍
വെളിച്ചമാകുന്നു എന്നും ഈ വെളിച്ചത്തിലേക്ക് അടുത്തുവരുന്ന
ആരും ഇരുളില്‍ ആവുകയില്ല എന്നും കര്‍ത്താവും നമ്മെ
പഠിപ്പിക്കുന്നു.
ലോകത്തെ അന്ധകാരപ്പെടുത്തുന്ന എല്ലാ മൂല്യച്യുതികള്‍ക്കും
കാരണം നമ്മുടെ ഉള്‍ക്കാഴ്ചകള്‍ നഷ്ടപ്പെട്ടതാണ്. ഒരു വീണ്ടെടുപ്പും
തിരിച്ചു വരവ് വളരെ അത്യാവശ്യമാണ് എന്ന് ലോകത്ത് ഇന്ന്
നടമാടുന്ന ഓരോ സംഭവങ്ങളും നമ്മെ ഓര്‍മിപ്പിക്കുന്നു. വിദ്യാഭ്യാസ
മേഖലയാകട്ടെ സാമൂഹിക മേഖല ആകട്ടെ ആധ്യാത്മിക മേഖല
ആകട്ടെ എവിടെയായാലും ലഭിക്കുന്ന ഓരോ അറിവും
അവസരങ്ങളും നമ്മുടെ കണ്ണുകളെ തുറന്നു സൃഷ്ടികളെ കാണുവാന്‍
പര്യാപ്തമാക്കുവാന്‍ ഈ നോമ്പില്‍ നമുക്ക് ശ്രമിക്കാം.
ഭൗതികമായ കാഴ്ചയില്‍ കാണുന്ന കാര്യങ്ങള്‍ അവിടെ കൊണ്ട്
അവസാനിക്കുമ്പോള്‍ അക കണ്ണുകളില്‍ കാണുന്ന കാര്യങ്ങള്‍
ചിന്തനീയമായ മറ്റൊരു തലത്തിലേക്ക് നമ്മെക്കൊണ്ട് പോകും.
വിഷമിച്ചിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുവാനും
ക്ഷീണിച്ചിരിക്കുന്നവര്‍ക്ക് താങ്ങാകുവാനും രോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് പരിചാരികയാകുവാനും ഈ ഉള്‍ കാഴ്ച്ച നമ്മെ സഹായിക്കും. അറിവിനേക്കാള്‍ കൂടുതല്‍ ആയി വിഞ്ജാനത്തെയും
കാഴ്ചകളേക്കാള്‍ കൂടുതല്‍ ആയി ഉള്‍കാഴ്ച്ചകളെയും
പരിപോഷിപ്പിക്കുവാന്‍ നമുക്ക് എന്ന് കഴിയുന്നോ അന്നേ
ദൈവരാജ്യം കാണുവാന്‍ സാധിക്കുകയുള്ളൂ.
ഒരിക്കല്‍ കുരുടന്‍ ആയിരുന്നവനെ കര്‍ത്താവ് കാഴ്ചയുള്ളവനാക്കിമാറ്റി. ഈ മാറ്റം നമ്മളില്‍ പലര്‍ക്കും സാധ്യമാകുന്നുണ്ട്.
അങ്ങനെയുള്ളവര്‍ സമൂഹത്തില്‍ പല ചലനങ്ങളും
വരുത്താറുമുണ്ട്. അങ്ങനെയുള്ള ദര്‍ശനങ്ങളെ പലരും സമൂഹത്തില്‍
ഒഴിവാക്കുവാന്‍ ശ്രമിക്കുമ്പോഴും അത് ദൈവദത്തം ആണെന്ന്
തിരിച്ചറിയുവാന്‍ ഇടയായാല്‍ അനേകര്‍ അന്ധകാരം വെടിഞ്ഞു
പ്രകാശത്തിലേക്ക് കടന്നു വരും. അങ്ങനെ ഒരു മാറ്റത്തിന്
വിധേയപ്പെടാന്‍ ഈ നോമ്പ് നമുക്ക് കരണമായെങ്കില്‍ ദൈവത്തെ
സ്തുതിക്കാം.
എല്ലാ സദ്ഗുണങ്ങളുടെ ഭണ്ഡാരം ആണല്ലോ ദൈവ സന്നിധി. ആ സന്നിധിയില്‍ ആശ്രയം വെച്ച് കര്‍ത്താവേ ഉള്‍കണുകളെ
പ്രകാശിപ്പിക്കണമേ എന്ന പ്രാര്‍ത്ഥനയോടെ നമുക്ക് നോമ്പിന്റെ
ദിനങ്ങളില്‍ സഞ്ചരിക്കാം. അപ്രകാരം ദാര്‍ശനികമായി കാണുവാന്‍ നാം
ശീലിച്ചാല്‍ കഷ്ടാനുഭവാഴ്ചയുടെ മഹത്വവും വീണ്ടെടുപ്പും ഒരു പുതിയ
അനുഭവം തന്നെ ആയിരിക്കും.
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു.