സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
എല്ലാ പ്രിയ സഹോദരങ്ങള്‍ക്കും ഉയര്‍പ്പിന്റെ ആശംസകള്‍ നേരുന്നു.
മരണത്തെ അതിജീവിച്ച് ജീവന്റെ പുതു പ്രതീക്ഷകള്‍ നല്‍കി ഉയിര്‍പ്പ് പെരുന്നാള്‍ നമ്മെ സ്വാഗതം
ചെയ്യുന്നു. മരണത്തോടുകൂടി എല്ലാം അവസാനിക്കും എന്ന് കരുതുകയും വിശ്വസിക്കുകയും ചെയ്യുന്ന നമുക്ക്
പ്രത്യാശയും അതിലേറെ സന്തോഷവും തരുന്ന ദിനമാണ് ഇന്ന്. ‘ദൂതന്‍ സ്ത്രീ കളോടു പറഞ്ഞു.
ഭയപ്പെടേണ്ടാ! ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍
അറിയുന്നു.
അവന്‍ ഇവിടെയില്ല. താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു.
താന്‍ കിടന്ന സ്ഥലം വന്നുകാണുവിന്‍.
അവന്‍ മരിച്ചവരുടെഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റുവെന്നും വേഗം ചെന്ന്
അവന്റെ ശിഷ്യന്മാരോടു പറയുവിന്‍. അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലയിലേക്കു പോകുന്നു.
അവിടെ നിങ്ങള്‍ അവനെ കാണും. ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നുക്കുന്നു എന്ന്
പറഞ്ഞു. Mathew 28:58.
കര്‍ത്താവിന്റെ ശരീരം കുരിശില്‍ നിന്ന് ഏറ്റുവാങ്ങി കല്ലറയില്‍ കൊണ്ടുപോയി
അടക്കുന്നു. അതിരാവിലെ സുഗന്ധദ്രവ്യങ്ങള്‍ പൂശുവാന്‍ തക്കവണ്ണം അവിടെ കടന്നു വന്ന
സ്ത്രീകള്‍ കല്ലറയുടെ വാതില്‍ക്കല്‍ വച്ചിരുന്ന കല്ല് മാകിറിടക്കുന്നതായി
കാണുന്നു.

സാധാരണ ഏതു ക്രിസ്ത്യാനിയും ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പോകുവാന്‍
ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ അതിനു ശേഷമുള്ള ആരാധനയില്‍ അത്രത്തോളം
ജനപങ്കാളിത്തവും സാന്നിധ്യവും ഉണ്ടാകുന്നില്ല. ഉയര്‍ത്തപ്പെട്ടവനായ
ക്രിസ്തുവിനേക്കാള്‍ കൂടുതലായി നമ്മള്‍ ആഗ്രഹിക്കുന്നത് ക്രൂശിക്കപ്പെട്ടവനായ
ക്രിസ്തുവിനെയാണ്. നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍
അന്വേഷിക്കുന്നതെന്തിന്? ഇന്നത്തെ കാലത്തും വളരെ പ്രസക്തമായ ഒരു
ചോദ്യമാണ്. അവന്‍ ജീവന്‍ ഉള്ളവനായി ഉയര്‍ത്തെഴുന്നേറ്റ് നമ്മോടൊപ്പം ആയിത്തീരുമ്പോള്‍ പലതും അവനെ കൂടാതെ ചെയ്യുവാന്‍ ശ്രമിക്കുന്നു . ക്രിസ്തുവിനെ
അറിയാമെങ്കിലും അവനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അവന്റെ കൂടെ ജീവിക്കുവാന്‍
പലപ്പോഴും നാം വിമുഖത കാട്ടുകയും ചെയ്യുന്നു. കാരണം ഇത്രയേ ഉള്ളൂ. അവന്‍ കൂടെ
ഉണ്ടെങ്കില്‍ നമുക്ക് നമ്മുടേതായ ചില കാര്യങ്ങള്‍ ഒന്നും ചെയ്യുവാന്‍
സാധിക്കുകയില്ല. സന്തതസഹചാരിയായി നാം അവനെ
സ്വീകരിക്കുകയാണെങ്കില്‍ ദൈവികമായ ചിന്തകളും അനുഭവങ്ങളും മാത്രമേ നമുക്ക്
സാധ്യമാവുകയുള്ളൂ. മാനുഷികവും ജഡികമുമായ പ്രവര്‍ത്തനങ്ങളെ നാം
മാറ്റിവെക്കേണ്ടിവരും, അത് നമുക്ക് അത്ര താല്പര്യമുള്ള കാര്യവുമല്ല.

ഇന്നത്തെ കാലഘട്ടത്തില്‍ മാനുഷികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്യുന്നവര്‍ നമ്മളില്‍ എത്ര പേരുണ്ട്. ജഡത്തിന്റെ അഭിലാഷങ്ങള്‍ ആണല്ലോ
നമുക്ക് പ്രധാനം .അവിടെ ദൈവത്തിനും ദൈവ പ്രവര്‍ത്തനത്തിനും എന്ത്
സ്ഥാനം. ഉയര്‍പ്പു പെരുന്നാളിന്റെ അന്തസ്സത്ത തന്നെ ദൈവീകമായി ലഭിച്ച ജീവന്‍ നിലനിര്‍ത്തുക എന്നുള്ളതാണ്. മരണത്തെ അതിജീവിച്ച് നമ്മെ ജീവിപ്പിക്കുവാന്‍വേണ്ടി ഉത്ഥാനം ചെയ്ത ക്രിസ്തു നമുക്ക് തന്ന ജീവന്‍ ആണ് നാം
നിലനിര്‍ത്തേണ്ടത്.

ഉത്ഥാനത്തിനുശേഷം കര്‍ത്താവ് പ്രത്യക്ഷപ്പെട്ടപ്പോളൊക്കെ എന്റെ
സമാധാനം നിങ്ങള്‍ക്കു തരുന്നു എന്നു ആശംസിക്കുന്നു .പുതുജീവനോടൊപ്പം
നിത്യ സമാധാനവും ക്രിസ്തു നമുക്ക് തന്ന ദാനമാണ്. ഇന്നത്തെ നമ്മുടെ
ജീവിതത്തില്‍ ഏറ്റവും കുറവ് ഉള്ളതും ഇവയൊക്കെയാണ്. ലഭിച്ചിട്ടുള്ള ദാനങ്ങള്‍ നിലനിര്‍ത്താതെ നശിപ്പിക്കുന്നവര്‍ അല്ലേ നമ്മള്‍. ഇന്ന് കാണുന്ന
അസമാധാനവും രോഗവും ദുഃഖവും എല്ലാം ഈ ദൈവീകസമാധാനം
നഷ്ട്ടപ്പെടുത്തിയത്‌കൊണ്ടല്ലേ?

വലിയ നോമ്പിന്റെ പരിസമാപ്തിയായ ഈ ദിനത്തില്‍ നമുക്ക് വേണ്ടി ജീവന്‍
കൊടുത്തു വീണ്ടെടുത്ത ദൈവസന്നിധിയില്‍ ആയി നമ്മെ തന്നെ
ഏല്‍പ്പിക്കാം .അവന്റെ രക്തത്താല്‍ നമ്മെ വിലക്ക് വാങ്ങിയിട്ടുള്ള നമ്മുടെ ഇനിയുള്ള
ജീവിതം അവനുള്ളതാണ്. ഇതില്‍പ്പരം സ്‌നേഹം എവിടെ കാണാന്‍ കഴിയും? ഈ ദിനത്തില്‍ നമ്മള്‍ ആര്‍ജ്ജിച്ച എല്ലാ ദൈവാനുഗ്രഹവും തുടര്‍ന്നുള്ള
നാളുകളിലും നമുക്ക് സമാധാനമായി ഭവിക്കട്ടെ .
എല്ലാ വര്‍ക്കും വീണ്ടും ഉയര്‍പ്പു പെരുന്നാളിന്റെ ആശംസകളും അനുഗ്രഹങ്ങളും
നേര്‍ന്നുകൊണ്ട് സ്‌നേഹത്തോടെ
ഹാപ്പി ജേക്കബ് അച്ചന്‍

ഫാ. ഹാപ്പി ജേക്കബ്
ഇന്ത്യന്‍ ഓര്‍ത്ത് ഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ട
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ച്,
ന്യു കാസില്‍ സെന്റ് തോമസ് ചര്‍ച്ച്,
സുന്ദര്‍ലാന്‍ഡ് സെന്റ് മേരീസ് പ്രയര്‍ ഫെല്ലോഷിപ്, നോര്‍ത്ത് വെയില്‍സ് സെന്റ് ബെഹനാന്‌സ് ചര്‍ച്ച് ഇടവകകളുടെ വികാരിയും ഭദ്രാസന സെക്രട്ടറിയുമായി സേവനം അനുഷ്ടിക്കുന്നു.
യുകെയിലെ ഹാരോഗേറ്റില്‍ താമസിക്കുന്നു