Spiritual

ജോർജ്‌ മാത്യൂ

സ്തെഫനോസ് സഹദാ ക്രൈസ്തവ വിശാസത്തിന്റെയും,ക്ഷമയുടെയും,ഉജ്ജ്വല മാതൃകയാണെന്ന് യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനധിപൻ എബ്രഹാം മാർ സ്തേഫാനോസ് .ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .യേശുവിന്റെ സാക്ഷ്യം പ്രഘോഷിക്കുകയും, ദൈവീകശക്തി പ്രദർശിപ്പിക്കുകയും ചെയ്ത സ്തെഫനോസ് സഹദായുടെ ജീവിതം,ഓരോ ക്രൈസ്തവന്റെയും ജീവിതത്തിന് പ്രചോദനമാണെന്ന്‌ തിരുമേനി ചൂണ്ടികാട്ടി .

പെരുന്നാളിന് എബ്രഹാം മാർ സ്തെഫനോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.ഇടവക വികാരി ഫാ.മാത്യൂ എബ്രഹാം ,ഫാ.കാൽവിൻ പൂവത്തൂർ എന്നിവർ സഹകാർമികരായിരുന്നു.

ശനിയാഴ്ച്ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയും,ധ്യാനപ്രസംഗവും(ഫാ.കാൽവിൻ പൂവത്തൂർ) നടന്നു . ഞായറാഴ്ച്ച രാവിലെ പ്രഭാതനമസ്കാരം ,വി.മൂന്നിൻമേൽ കുർബാന ,പ്രസംഗം,പ്രദിക്ഷണം,സ്ലൈഹീകവാഴ്‌വ് ,സ്നേഹവിരുന്ന് ,ലേലം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .കൊടിയിറക്കോടെ പെരുന്നാൾ സമാപിച്ചു .ഇടവക വികാരി ഫാ.മാത്യൂ എബ്രഹാം,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി പ്രവീൺ തോമസ് ,മാനേജിങ് കമ്മിറ്റി അംഗങ്ങൾ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി .

ജോർജ്‌ മാത്യു

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയുടെ കാവൽപിതാവും,സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്തെഫനോസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കുന്നു.യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസന മെത്രാപോലിത്ത അബ്രഹാം മാർ സ്തെഫോണോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.ഇടവക വികാരി ഫാ.മാത്യു എബ്രഹാം ,ഫാ .കാൽവിൻ പൂവത്തൂർ എന്നിവർ സഹ കാർമ്മികരാവും.

ജനുവരി 11ന് വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും ,തുടർന്ന് നടക്കുന്ന ധ്യാനപ്രസംഗത്തിന് ഫാ.കാൽവിൻ പൂവത്തൂർ നേതൃത്വം നൽകും .

ജനുവരി 12 ന് രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരം ,വിശുദ്ധ മൂന്നിൻമേൽ കുർബാന ,പ്രസംഗം ,പ്രദിക്ഷണം , ആശിർവാദം എന്നിവ നടക്കും. തുടർന്ന് സ്നേഹവിരുന്ന് , ലേലം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും .

സ്തെഫനോസ് സഹദായുടെ പെരുന്നാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശാസികളെയും പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ.മാത്യു എബ്രഹാം , ട്രസ്റ്റി ഡെനിൻ തോമസ് , സെക്രട്ടറി പ്രവീൺ തോമസ് എന്നിവർ അറിയിച്ചു .

തൃശൂർ അതിരൂപതയിലെ വൈദികനായ റ്റെറിനച്ചൻ 2018 ജൂൺ മാസമാണ് ഗ്രേറ്റ് ബ്രിട്ടൺ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിൻെറ നിർദ്ദേശപ്രകാരം ബിർമിങ്ഹാം റീജിയണലിനെ സീറോ മലബാർ ചാപ്ലിനായി സ്ഥാനമേറ്റെടുക്കുന്നത്. തുടർന്ന് ബഹുമാനപ്പെട്ട അച്ചൻ റീജിയണിലെ വിവിധ കുർബാനാകേന്ദ്രങ്ങളിലെ പ്രതിനിധിയോഗങ്ങളുമായി ചേർന്നു നടത്തിയ അക്ഷീണപരിശ്രമത്തിൻ്റെ ഫലമായി ഏതാനും മാസങ്ങൾക്കുള്ളിൽ വോൾവർഹാംപ്ടൺ കേന്ദ്രീകരിച്ച്‍ ഔവർ ലേഡി ഓഫ് പെർപ്പിച്എൽ ഹെൽപ് വോൾവർഹാംപ്ടൺ മിഷനും, സ്റ്റോക്ക് ഓൺ ട്രെൻറ് കേന്ദ്രീകരിച്ച് ഔവർ ലേഡി ഓഫ് പെർപ്പിച്എൽ ഹെൽപ് സ്റ്റോക്ക് ഓൺ ട്രെൻറ് മിഷനും, ബർമിങ്ഹാം കേന്ദ്രീകരിച്ച്‍ സെൻറ് ബെനഡിക്ട് മിഷനും രൂപപ്പെട്ടു. 2018 നവംബർ മുപ്പതാം തീയതി അന്നത്തെ സീറോമലബാർ സഭാദ്ധ്യക്ഷൻ അഭിവന്ദ്യ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വലിയ പിതാവ് സെൻറ് ബെനഡിക്ട് മിഷൻ ഉദ്‌ഘാടനം ചെയ്യുകയും ബഹുമാനപ്പെട്ട റ്റെറിനച്ചനെ പ്രഥമ മിഷൻ ഡയറക്ടർ ആയി പ്രഖ്യാപിക്കുകയും ചെയ്തു.

കഴിഞ്ഞ ആറു വർഷങ്ങളിൽ ടെറിനച്ചൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി അഭൂതപൂർവ്വമായ വളർച്ചയാണ് ഈ ഇടവകയിൽ ഉണ്ടായത്. നോർത്ത്ഫീൽഡ്, സ്ടെച്ച്ഫോർഡ്, വാമലി എന്നീ പ്രദേശങ്ങളിലായി ചിതറിക്കിടന്ന നൂറ്റമ്പത് കുടുംബങ്ങളെ ചേർത്ത് രൂപീകരിച്ച ഇടവകയിൽ ഇപ്പോൾ ഏകദേശം മുന്നൂറ് കുടുംബങ്ങൾ അംഗങ്ങളായുണ്ട്. എല്ലാ ഞായറാഴ്‌ചയും ദേവാലയത്തോടു ചേർന്നുള്ള സ്‌കൂളിൽ ഒന്ന് മുതൽ പന്ത്രണ്ടുവരെയുള്ള ക്‌ളാസുകളിലെ വിദ്യാർത്ഥികൾക്കായി മതപഠനക്ളാസ്സുകൾ നടത്തപ്പെടുന്നു. കൂടാതെ യുവജനങ്ങൾക്കായി യൂത്ത് കാറ്റക്കിസം ക്‌ളാസ്സുകളും എല്ലാ ഞായറാഴ്ചകളിലും നടത്തപ്പെടുന്നു. ടെറിനച്ചൻ്റെ ആത്മാർത്ഥതയിലും കഠിനാദ്ധ്വാനത്തിലും നിന്ന് ആവേശമുൾക്കൊണ്ട് തങ്ങളെ ക്രിസ്തുവിനും ഭാവിതലമുറയ്ക്കുംവേണ്ടി സ്വയം സമർപ്പിച്ചിരിക്കുന്ന ഒരുപറ്റം കാറ്റക്കിസം അദ്ധ്യാപകരാണ് ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകുന്നത്.

ടെറിനച്ചൻ്റെ ശുശ്രൂഷകളുടെ വലിയ ഒരു പ്രത്യേകത ദിവ്യകാരുണ്യാരാധനയ്ക്ക് അദ്ദേഹം നൽകുന്ന പ്രാധാന്യമാണ്. എല്ലാ ആഴ്ച്ചകളിലും ബുധൻ വെള്ളി ദിവസങ്ങളിൽ ദിവ്യകാരുണ്യാരാധനയും വിശുദ്ധകുർബാനയും നടത്തുന്നതോടൊപ്പം വിശേഷാവസരങ്ങളിൽ ദൈവജനത്തിൻ്റെ ഒരുക്കത്തിനായി ദിവസങ്ങളോളം തുടർച്ചയായി ദിവ്യകാരുണ്യാരാധന നടത്തുന്ന പതിവും അച്ചനുണ്ടായിരുന്നു. ക്രിസ്തുമസിന് മുൻപായി ഡിസംബറിൽ 24 ദിവസം തുടർച്ചയായി ദിവ്യകാരുണ്യാരാധനയും എല്ലാ ദിവസവും വിശുദ്ധകുർബാനയും ഇടവക ദേവാലയത്തിൽ ഒരുക്കിയത് സവിശേഷശ്രദ്ധയാകര്ഷിച്ചു. രോഗം മൂലവും ഓപ്പറേഷനു ശേഷവും വീട്ടിൽ വിശ്രമിക്കുന്നവർക്ക് ദിവ്യകാരുണ്യവുമായി ഒരു ദൈവദൂതനെപ്പോലെ എത്തുന്ന ടെറിനച്ചൻ്റെ മുഖം ഇടവകാംഗങ്ങൾക്ക് മറക്കാനാവില്ല.

ടെറിനച്ചൻ പ്രേത്യേക താത്പര്യമെടുത്തു രൂപീകരിച്ച മെൻസ് ഫോറം വിവിധ കലാകായിക മത്സരങ്ങളാൽ ഇടവക ജീവിതത്തെ ആനന്ദഭരിതമാക്കുമ്പോൾ വിമൻസ് ഫോറം സ്‌കിറ്റുകളും വിവിധ നൃത്തപരിപാടികളുമായി സജീവമായി പ്രവർത്തിക്കുകയും കൂട്ടായ്മയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. കൊയർ ടീം ദേശീയതലത്തിലെ പല മത്സരങ്ങളിലും ഉജ്ജ്വല വിജയം സ്വന്തമാക്കി രൂപതയിലെ ഏറ്റവും മികച്ച പാട്ടുകാരായി പേരെടുത്തുകഴിഞ്ഞു. സൺഡേ സ്കൂൾ കലാമത്സരങ്ങളിൽ തുടർച്ചയായി റീജിയണൽ, നാഷണൽ തലങ്ങളിൽ വിജയം നേടിക്കൊണ്ട് പുതുതലമുറയും അഭിമാനപൂർവ്വം മുന്നിട്ടു നിൽക്കുന്നു. ഇങ്ങനെ സെൻറ്‌ ബെനഡിക്ട് മിഷനെ രൂപതയുടെ മാതൃകാഇടവകയാക്കി മാറ്റിയതിൽ ടെറിനച്ചൻ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. രൂപതയ്ക്ക് ഒരു അജപാലനകേന്ദ്രം ആവശ്യമായ പ്രേത്യേക സാഹചര്യത്തിൽ പ്രത്യേക ടീമുകൾ ഫോം ചെയ്ത് ഊർജ്ജസ്വലമായ കഠിനപ്രയത്നത്തിലൂടെ ഇടവകാംഗങ്ങളിൽനിന്ന് വലിയൊരു തുക കണ്ടെത്തി മറ്റിടവകകൾക്കെല്ലാം മാതൃകയായത് പ്രേത്യേകം സ്‌മരിക്കുന്നു. ഏല്ലാ വർഷവും നാട്ടിൽ വീടില്ലാത്ത ഒരു കുടുംബത്തിനെങ്കിലും വീടുവച്ചുകൊടുക്കണമെന്ന് അച്ചൻ ആഗ്രഹിച്ചപ്പോൾ അനേകം ഇടവകാംഗങ്ങൾ അതിൽ പങ്കുചേരുകയും അങ്ങനെ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ അര ഡസനോളം ഭവനരഹിതർ അതിൻ്റെ പ്രയോജനം അനുഭവിക്കുകയും ചെയ്തു. ആദിലാബാദ് മിഷൻ രൂപതയ്ക്ക് ദേവാലയങ്ങൾ പണികഴിപ്പിക്കാനും മറ്റു ചാരിറ്റിപ്രവർത്തങ്ങൾക്കുമായി ശേഖരിച്ച് നൽകിയ സംഭാവനകളും പ്രത്യേക സ്മരണയർഹിക്കുന്നു.


കുട്ടികളോട് തമാശപറഞ്ഞു ചിരിക്കുന്ന, യുവാക്കളോടുകൂടെ ഫുട്ബോൾ കളിക്കുന്ന, സ്കിറ്റുകളിൽ അഭിനയിക്കുന്ന, പാട്ടുപാടി എല്ലാവരേയും സന്തോഷിപ്പിക്കുന്ന ടെറിനച്ചൻ ഇടവകാംഗങ്ങൾക്ക് ഓരോരുത്തർക്കും വികാരിയച്ചൻ എന്നതിനേക്കാൾ ഏറ്റവും അടുത്ത ഒരു കുടുംബാംഗമാണ്. അതുകൊണ്ടുതന്നെ ജനുവരി 12 ന് അച്ചൻ വിടപറഞ്ഞു നാട്ടിലേക്ക് പോകുമ്പോൾ സെൻറ് ബെനഡിക്ട് മിഷനിലെ ഓരോ വ്യക്തിയും ഉള്ളിലെ വേദനയടക്കിക്കൊണ്ട് ഞങ്ങളുടെ പ്രിയപ്പെട്ട അച്ചനെ കൂടുതൽ കൃപകളാല്‍ നിറയ്ക്കണമേ ദൈവമേയെന്ന് പ്രാർത്ഥിക്കുകയും അച്ചനായി ഹൃദയം നിറയെ ആശംസകൾ നേരുകയും ചെയ്യുന്നു.

ഷിബു മാത്യൂ. ന്യൂസ് ഡെസ്ക്. മലയാളം യുകെ

കീത്തിലി മലയാളി ഹിന്ദു സമാജം സംഘടിപ്പിച്ച അയ്യപ്പ വിളക്ക് മഹോത്സവം ഭക്തി സാന്ദ്രമായി. കീത്തിലി ഫെൽ ലൈൻ സ്കൗട്ട് ഹട്ടിൽ വ്യാഴാഴ്ച്ച വൈകിട്ട് ആറ് മണിക്ക് സമാജത്തിൻ്റെ പ്രഥമ അയ്യപ്പ വിളക്ക് മഹോത്സവം ജയരാജ് നമ്പ്യാരുടെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് വിഷ്ണു എം നായരുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ അയ്യപ്പ വിളക്ക് മഹോത്സവത്തിന് തുടക്കമായി. സംഘാടകർ നിർമ്മിച്ച അയ്യപ്പ സ്വാമികളുടെ പതിനെട്ടാംപടിയുടെ മാതൃകയും വിശ്വാസികൾക്ക് ഒരു പുത്തൻ ഉണർവ്വായിരുന്നു.

നിലവിളക്കുകളാൽ പതിനെട്ടാംപടി പ്രകാശപൂരിതമായപ്പോൾ ശരണ മന്ത്രങ്ങളുയിർന്നു. തുടർന്ന് രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഭക്തി നിർഭരമായ അയ്യപ്പ ഭജന നടന്നു. അതേ തുടർന്നു നടന്ന പടിപൂജയും കർപ്പൂരാഴിയും വിശ്വാസികൾക്ക് ഭക്തിനിർഭരമായ ഒരനുഭവമായി മാറി. തുടർന്ന് ഹരിവരാസനം ആലപിച്ച് അയ്യപ്പ വിളക്ക് മഹോത്സവ കർമ്മങ്ങൾ അവസാനിച്ചു. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും നടന്നു.

കീത്തിലിയിലും പരിസരത്തു നിന്നുമായി ജാതി മത ഭേതമെന്യേ നിരവധിയാളുകൾ അയ്യപ്പ വിളക്ക് മഹോത്സവത്തിൽ പങ്കെടുത്തു. അത്യധികം ഭക്തിനിർഭരമായി നടന്ന അയ്യപ്പ വിളക്ക് മഹോത്സവം പ്രവാസ ലോകത്തിലെത്തിയ മലയാളികൾക്ക് തങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള ഒരു അവസരമായി മാറി.

ബാബു മങ്കുഴിയിൽ

പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവർക്കൊപ്പം ഇപ്സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കൽ ചർച്ചിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29 ഞായറാഴ്ച ആഘോഷിച്ചു.

ഫാദർ ജോമോൻ പുന്നൂസിന്റെ കർമികത്വത്തിൽ കഴിഞ്ഞ 19 വർഷമായി ഇപ്സ്വിച്ചിൽ വിശുദ്ധകുർബാന അനുഷ്ഠിച്ചു വരികയാണ്. പതിവുപോലെ ഭക്തി സാന്ദ്രമായ വിശുദ്ധ കുർബാനക്കുശേഷം പള്ളി ഹാളിൽ വച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചു. വിശുദ്ധ കുർബാനയിലും പുതുവത്സരാഘോഷത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.

പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകൾ തിരുത്തി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും, പുതുവർഷം ശാന്തിയുടെയും സമാധാനത്തിന്റേതുമാവട്ടെ എന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ഏവരോടും ഫാ.ജോമോൻ പുന്നൂസ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. പരസ്പരം ഉള്ള സ്നേഹവും പങ്കു വയ്ക്കലും കൂടി ചേരുമ്പോൾ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.

പൂത്തിരിയുടെയും താള മേളങ്ങളുടെ യും അകമ്പടിയോടെ ക്രിസ്മസ് പാപ്പയെ ഹാളിലേക്ക് വരവേറ്റു.
തുടർന്നു കേക്ക് കോമ്പറ്റിഷൻ നടത്തപ്പെട്ടു. വിശ്വസികൾ ഉണ്ടാക്കിയ വിവിധങ്ങളായ കേക്ക് മത്സരത്തിൽ സൗമ്യ ഷെറൂൺ ഒന്നാം സ്‌ഥാനവും, ജിഷ ജെയിൻ രണ്ടാം സ്ഥാനവും, ജയ ജോർജി, അനു ജിബി യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങൾ കരസ്ഥമാക്കി. ജോസ് ഗീവർഗീസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനങ്ങളും ക്രിസ്മസ് കരോൾ ഗാനങ്ങളും തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു.

സൺ‌ഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ നേറ്റിവിറ്റി സ്‌കിറ്റിലൂടെ ബത്‌ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് മാലാഖമാര്‍ ആട്ടിടയന്‍മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. സൺഡേ സ്കൂൾ കുട്ടികളുടയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ ഏവരും ആസ്വദിച്ചു.

സ്വാദിഷ്ടമായ ഭക്ഷണം ക്രമീകരിക്കുന്നതിൽ മികവ് തെളിയിച്ച ദി ഹട്ടിന്റെ വിഭവ സമൃദ്ധമായ 3 കോഴ്സ് ക്രിസ്മസ് ഫീസ്റ്റോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. പള്ളി ട്രസ്റ്റി മനോജ്‌ ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളോടും, ആഘോഷ പരിപാടിയുടെ ഭാഗമായ ഏവരോടും സെക്രട്ടറി ഷെറൂൺ തോമസ് നന്ദി പ്രകാശിപ്പിച്ചു.

അപ്പച്ചൻ കണ്ണഞ്ചിറ

റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനുകൾ ആരംഭിക്കുന്നു. പ്രഥമ ശുശ്രുഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ജനുവരി നാലിന് നടക്കുന്നതാണ്.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും.

ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.

പ്രശസ്ത ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബ്ബാനക്ക് സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.

2025 ജനുവരി 4 ന് ശനിയാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ തുടർന്ന് വിശുദ്ധബലിയും തിരുവചന ശുശ്രുഷകൾക്കു ശേഷം ആരാധനക്കുള്ള സമയവുമാണ്.

സൗഖ്യ ശാന്തിക്കും, വിടുതലിനും, നവീകരണത്തിനും അനുഭവദായകമായ ശുശ്രുഷകളാവും കൺവെൻഷനിൽ നയിക്കപ്പെടുക. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്.

കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ഉണ്ടായിരിക്കുന്നതാണ്.

കൃപകളുടെ വാതായനം തുറക്കുന്ന ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-07848 808550
മാത്തച്ചൻ വിളങ്ങാടൻ-07915 602258

January 4th Saturday 9:00 – 16:00 PM.

Our lady Of La Salette R C Church,
1 Rainham Road, Rainham, Essex,
RM13 8SP, UK.

(അണ്ടർഗ്രൗണ്ട് ഡിസ്ട്രിക്റ്റ് ലൈനിൽ വരുന്നവർ ഡഗനം സ്റ്റേഷനിൽ ഇറങ്ങി എതിർവശത്ത് നിന്നുള്ള 103 നമ്പർ ബസ്സിൽ കയറി ദേവാലയത്തിനടുത്തുള്ള ഡോവേഴ്‌സ് കോർണറിൽ ഇറങ്ങുക. C2C വിൽ വരുന്നവർ ബാർക്കിങ്ങിലോ അല്ലെങ്കിൽ റെയിൻഹാമിലോ ഇറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് ദേവാലയം).

ബിനോയ് എം. ജെ.

ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് പല മതക്കാരും, മനുഷ്യർ പൊതുവെയും വിശ്വസിച്ചു പോരുന്നു. ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യം ദൈവം എന്തിനുവേണ്ടി ഈ സൃഷ്ടികർമ്മം നിർവ്വഹിച്ചു എന്നതാണ്. പ്രപഞ്ചം എപ്പോഴും അപൂർണ്ണമാണ്. പരിപൂർണ്ണനായ ദൈവം എന്തിനുവേണ്ടി അപൂർണ്ണമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു? അപൂർണ്ണമായ ഈ പ്രപഞ്ചം ദുഃഖത്തിന്റെയും, വിലാപത്തിന്റെയും, കഷ്ടപ്പാടിന്റെയും, വേദനയുടെയും ഒരിക്കലും അവസാനിക്കാത്ത തിക്താനുഭവങ്ങളെ ജനിപ്പിക്കുന്നു. മരണം ഇവിടെ താണ്ഡവമാടുകയാണ്. പ്രതീക്ഷക്ക് വകയൊന്നുമില്ല. നമ്മുടെ ആഗ്രഹങ്ങൾ പലപ്പോഴും അസ്ഥാനത്താണ്. ഇനി ഈ ജഗത്തും ഇവിടുത്തെ കാര്യങ്ങളും ഭഗവാന്റെ ലീലകളാണെങ്കിൽ ഇത്തരം ഒരു ക്രൂരവിനോദത്തിൽ ഏർപ്പെടുവാൻ തക്കവണ്ണം ഭഗവാൻ അത്രമാത്രം ദുഷ്ടനാണോ? മനുഷ്യന്റെ കണ്ണീരും വിലാപവും കാണുവാൻ ദൈവത്തിനു കൊതിയുണ്ടെന്ന് തോന്നുന്നു. ഇത് വേണ്ടായിരുന്നു!

ഈ വാദഗതികൾ എല്ലാം തന്നെ യുക്തിയുടെ മുൻപിൽ ചീറ്റിപോകുന്നവയാണ്. മറിച്ച് അങ്ങനെ ഒരു പ്രപഞ്ചസൃഷ്ടി നടന്നിട്ടുണ്ടോ? ഉണ്ടാകുവാൻ വഴിയില്ല! അപ്പോൾ നാമീ കാണുന്നതൊക്കെ എന്താണ്? ഇത് ഈശ്വരൻ തന്നെയാകുന്നു. ഈശ്വരനെന്ന അനന്ത സത്തയുടെ ഒരംശം മാത്രം നാം കാണുന്നു. എല്ലാം ഈശ്വരൻ തന്നെ. അവിടുന്നല്ലാതെ മറ്റൊന്നില്ല. അവിടുത്തെയാണ് നാം കാണുകയും അനുഭവക്കുകയും ചെയ്യുന്നത്. അപ്പോൾ പിന്നെ ഈ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും ക്ലേശങ്ങളും എവിടെ നിന്ന് വരുന്നു? ഈശ്വരനിൽ നിന്നെങ്ങനെയാണ് ദുഃഖങ്ങൾ ജനിക്കുന്നത്? ഇത് ഈശ്വരനാണെന്നറിയുന്നവന് ദുഃഖങ്ങൾ ഇല്ല എന്നതാണ് സത്യം. അവിടുന്ന് ആനന്ദസ്വരൂപിയാണ്. ദുഃഖങ്ങളെല്ലാം പ്രപഞ്ചത്തിലാണ് കിടക്കുന്നത്. പ്രപഞ്ചത്തെ കാണുന്നവൻ സർവ്വവിധ ക്ലേശങ്ങളെയും കാണുന്നു. ഈശ്വരനെ കാണുന്നവനാവട്ടെ പരമാനന്ദത്തിൽ വസിക്കുന്നു. പ്രശ്നങ്ങളെല്ലാം കാഴ്ചപ്പാടിലാണ് കിടക്കുന്നത്. ‘ബ്രഹ്മസത്യം ജഗത് മിഥ്യ’ എന്ന് നിങ്ങൾ കേട്ടിരിക്കും. മിഥ്യയിൽ കഴിയുന്നവൻ ദുഃഖത്തിൽ കഴിയുന്നു. അവൻ സത്യമെന്തെന്ന് അറിയുന്നില്ല. എന്നാൽ സത്യമറിയുന്നവൻ മിഥ്യയെയും ദുഃഖങ്ങളെയും ജയിച്ചിരിക്കുന്നു.

മേൽ പറഞ്ഞ കാര്യത്തെ ഒരുദാഹരണ സഹിതം വ്യക്തമാക്കാം. ഇരുട്ടത്ത് ഒരു കയർ കിടക്കുന്നതായി സങ്കല്പിക്കുക. നാം പെട്ടെന്നു നോക്കുമ്പോൾ അതിനെ ഒരു പാമ്പായി തെറ്റിദ്ധരിക്കുന്നു. നാം പേടിച്ച് നിലവിളിക്കുകയും ചെയ്യുന്നു. അതുപോലെ ഈശ്വരനാകുന്ന സത്തയെ കണ്ട് നാം ജഗത്തായി തെറ്റിദ്ധരിക്കുന്നു. ഇതുമൂലം നാനാവിധത്തിലുള്ള നിഷേധാത്മക വികാരങ്ങൾ നമ്മിൽ മുള പൊട്ടുന്നു. ഇങ്ങനെ കാണപ്പെടുന്ന ജഗത് സത്യമല്ല. ഇതിനോടൊപ്പം സത്യമായ ഈശ്വരൻ മറയുകയും ചെയ്യുന്നു. ലോകത്തിൽ കോടിക്കണക്കിന് ആളുകൾ ഈശ്വരനെ കുറിച്ച് പറയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നു. എന്നാൽ ആ ഈശ്വരൻ എവിടെയാണ് ഇരിക്കുന്നത്? ഈശ്വരനെ കാണുവാൻ സാധിക്കുന്നില്ല. അതാണ് മാനവരാശിക്ക് പിണഞ്ഞിരിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഈശ്വരനെ കണ്ടുതുടങ്ങിയാൽ നമ്മുടെ ജീവിതം ആകെ മാറുകയാണ്. പരിമിതികളും പരാതികളും തിരോഭവിക്കുകയാണ്. അവിടെ അനന്താനന്ദത്തിന്റെ സ്ഫുലിംഗങ്ങൾ കണ്ടു തുടങ്ങുന്നു.

ഈശ്വരൻ അരൂപി മാത്രമല്ല സ്വരൂപിയും കൂടിയാണ്. കാണപ്പെടാത്ത ഈശ്വരനെ എങ്ങനെയാണ് ആരാധിക്കുക. അത് വെറും കപടതയാകാനെ വഴിയുള്ളൂ. കാണപ്പെടുന്ന ഈശ്വരനെ നിഷേധിച്ചുകൊണ്ട് താൻ ഈശ്വരനെ അന്വേഷിക്കുന്നു എന്ന് പറയുന്നവൻ കണ്ണടച്ചിരുട്ടാക്കുന്നു. അവൻ ആത്മവഞ്ചകനും നുണയനുമാണ്. വെറുതെയല്ല ലോകത്തിൽ നിരീശ്വരവാദം ഇത്രയധികം ശക്തിയായി വളർന്നു വരുന്നത്. കാണാത്തത് ഇല്ല എന്ന് പറയുന്നവൻ കാണാത്തത് ഉണ്ട് എന്ന് പറയുന്നവനേക്കാൾ സത്യസന്ധനാണ്. ഈശ്വരന്റെ പേരിൽ ഇത്രയധികം വാദപ്രതിവാദങ്ങളും, സംഘർഷങ്ങളും, യുദ്ധങ്ങൾ പോലും നടക്കുന്നത് എന്തുകൊണ്ട്? ആരും ഈശ്വരനെ കാണുന്നില്ല; അറിയുന്നുമില്ല. നമ്മെ ചതിച്ചത് തെറ്റായ ആശയങ്ങളും, തത്വചിന്തകളും, അഭിപ്രായങ്ങളും ആണ്. മതങ്ങളിൽ തന്നെ തെറ്റ് കടന്നു കൂടിയിരിക്കുന്നു. തെറ്റായ ഒരു തത്വചിന്തയുടെയോ മൂഢമായ ഒരു സങ്കൽപത്തിന്റെയോ പിറകേ പോയാൽ നമ്മുടെ ജീവിതം താറുമാറാകും. ഒരു ചെറിയ തുളക്ക് ഒരു വലിയ കപ്പലിനെ മുക്കുവാൻ കഴിയും. മനുഷ്യന്റെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു വെന്ന മൂഢമായ കാഴ്ചപ്പാടാണ്. ആരാണിതിനുത്തരവാദി? ഒരു പക്ഷേ പ്രാകൃത മനുഷ്യന്റെ ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ഒരാശയമായിരിക്കാമിത്. തുടക്കത്തിൽ അങ്ങിനെയൊക്കെയേ മനുഷ്യന് ചിന്തിക്കുവാൻ കഴിയൂ. എന്നാൽ പിന്നീട് വന്നവർ അതിനെ തിരുത്തേണ്ടിയിരിന്നു. അവർക്ക് എന്തുകൊണ്ട് അതിന് കഴിഞ്ഞില്ല? സഹസ്രാബ്ദങ്ങൾ ഇത്ര കഴിഞ്ഞിട്ടും വികലമായ ഈ സിദ്ധാന്തത്തെ മനുഷ്യമനസ്സുകളിൽ നിന്നും പിഴുതെറിയുവാൻ കഴിയാത്തത് എന്തുകൊണ്ട്?

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവർക്കൊപ്പം വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപോസ്ഡ് മിഷനിൽ ക്രിസ്തുമസ് ആഘോഷിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ചു ഡിസംബർ 24ന് രാത്രി പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. കാർഡിഫിലെ സെന്റ്‌. ഇൽറ്റിഡ്സ് സ്കൂൾ ചാപ്പലിൽ നടന്ന തിരുക്കർമ്മങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. തിരുക്കർമ്മങ്ങൾക്ക് മിഷൻ കോർഡിനേറ്റർ ഫാ അജൂബ് തോട്ടനാനിയിൽ കാർമ്മികത്വം വഹിച്ചു. പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകൾ തിരുത്തി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നവരോട് ഫാ. അജൂബ് ആവശ്യപ്പെട്ടു. പരസ്പരം ഉള്ള സ്നേഹവും പങ്കു വയ്ക്കലും കൂടി ചേരുമ്പോൾ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.

ബിനീഷ് കുര്യന്റെ നേതൃത്വത്തിലുള്ള മിഷൻ ഗായകസംഘത്തിന്റെ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു. ഷിബു തോമസ് നിർമ്മിച്ച ഈ വർഷത്തെ പുൽക്കൂട് വളരെ ശ്രദ്ധേയമായി. വി. കുർബാനയ്ക്ക് ശേഷം ക്രിസ്മസ് കേക്ക് മുറിച്ചുകൊണ്ട് ഫാ. അജൂബ് ക്രിസ്മസ് കൾച്ചറൽ പരിപാടികളുടെ ഉത്‌ഘാടനം നിർവഹിച്ചു. കുട്ടികൾക്കായി ക്രിസ്മസ് ട്രീ റാഫിളും, കരോളും അരങ്ങേറി.

സൺ‌ഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ നേറ്റിവിറ്റി സ്‌കിറ്റിലൂടെ ബത്‌ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് മാലാഖമാര്‍ ആട്ടിടയന്‍മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. മിഷനിലെ ലീജിയൻ ഓഫ് മേരി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ ക്രിസ്മസ് ഫീസ്റ്റോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. റിസ് തോമസും റിയ റ്റിജോയും കൾച്ചറൽ പ്രോഗ്രാമിന്റെ ആങ്കേഴ്സ് ആയിരുന്നു. കൈക്കാരൻമാരായ ബെന്നി ഫിലിപ്പിന്റെയും ജെയിംസ് ജോസഫിന്റെയും തങ്കച്ചൻ ജേക്കബിന്റേയും നേതൃത്വത്തില്‍ ക്രിസ്മസ് പ്രോഗ്രാം കമ്മറ്റി അംഗങ്ങളുടെ കൂട്ടായ സംഘാടന മികവ് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്നു.

സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ 135 ഓളം വിശ്വാസികൾ “മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ” (Eucharistic Ministers) അംഗങ്ങളായി ശുശ്രൂഷയിൽ പ്രവേശിക്കുന്നു

വിശുദ്ധ കുർബാനയിൽ വൈദികരെ സഹായിച്ചുകൊണ്ട് വിശ്വാസികൾക്ക് “തിരുശരീരവും തിരുരക്തവും” വിതരണം ചെയ്യുന്ന ശുശ്രൂഷയാണ് മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ അംഗങ്ങൾ നിർവ്വഹിക്കുന്നത്. ക്രിസ്തുമസ് രാത്രി മുതലാണ് ഇവരുടെ ശുശ്രൂഷ ആരംഭിക്കുന്നത്.

സീറോ മലബാർ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയേറെ വിശ്വാസികൾ ഒരേ ദിവസം മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ ശുശ്രൂഷയിൽ പ്രവേശിക്കുന്നത്.

രൂപതാധ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവിൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം രൂപതയുടെ മുഴുവൻ ഇടവകകളിൽ നിന്നും മിഷൻ സ്റ്റേഷനുകളിൽ നിന്നുമായി ഇടവക വികാരിയുടെയും പള്ളിക്കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയനിലേക്കു ശുശ്രൂഷകരെ തെരഞ്ഞെടുത്തത്.

പരിശീലനത്തിൻ്റെ ഭാഗമായി ഓൺലൈനിൽ സംഘടിപ്പിച്ച ക്ളാസുകൾക്ക് റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട്, റവ. ഡോ. സിസ്റ്റർ ജീൻ മാത്യൂ എന്നിവർ നേതൃത്വം നൽകി.

ഡിസംബർ ആദ്യവാരം റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെൻ്ററിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ വച്ച് അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകളും പ്രത്യേക സ്ഥാനവസ്ത്രങ്ങളും വിതരണം ചെയ്തു. ഫാ. ജോസഫ് എടാട്ട്, സിസ്റ്റർ ആൻ മരിയ എന്നിവർ ക്ളാസുകളെടുത്തു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കോർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട് മിനിസ്റ്റേഴ്സ് ഓഫ് ഹോളി കമ്യൂണിയൻ ട്രെയ്നിംഗ് പ്രോഗ്രാമിനു നേതൃത്വം നൽകി.

ഫാ. ഹാപ്പി ജേക്കബ്ബ്

തിരുപ്പിറവിയുടെ ദിനം സമാഗതമായി. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ആ ധന്യ മുഹൂർത്തത്തെ കണ്ട് മനം നിറയുവാൻ സമയമായി. നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവൻ അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ് സമാധാന പ്രഭു എന്ന് പേർ വിളിക്കപ്പെടും”. യെശയ്യാവ് 9: 6.

പേരിൽ എന്തിരിക്കുന്നു എന്നത് സാധാരണ ചോദ്യമാണ്. എന്നാൽ ഓരോ പേരും ഓരോ ജീവിത ദൃഷ്ടാന്തങ്ങൾ കൂടി ആകുമ്പോൾ അതിനെ വ്യാപ്തി ഏറും . പ്രപഞ്ച സൃഷ്ടിയുടെ ഓരോ ഏടുകളിലും പേരിട്ട് വിളിക്കുന്ന സംഭവങ്ങൾ നാം കാണുന്നുണ്ട്. അതേ പോലെ തന്നെ വ്യക്തികൾ പേര് സ്വീകരിക്കുമ്പോഴും അതിൻറെ പിന്നിൽ ഉള്ള സംഭവങ്ങളും യാഥാർഥ്യങ്ങളും ചേർന്നു വരാറുണ്ട്. ദൈവപുത്രന്റെ ജനന അരുളപ്പാട്ടിൽ മാലാഖ അരുളി ചെയ്തു. “അവന് യേശു എന്ന് പേർ വിളിക്കണം”. അർത്ഥം യഹോവ രക്ഷിക്കുന്നു. മറ്റൊരുവനിലും രക്ഷയില്ല… നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല. പ്രവൃത്തി 9 :12

അവൻ അത്ഭുത മന്ത്രി

അവൻറെ ജനനം അത്ഭുതം, ജീവിതം, പഠിപ്പിക്കലുകൾ, പ്രവൃത്തികൾ എല്ലാം അത്ഭുതം നിറഞ്ഞത് തന്നെ . മരണം വരിച്ചതും പുനരുത്ഥാനം ചെയ്തതും സർഗാരോഹണം ചെയ്തതും അത്ഭുതമല്ലാതെ മറ്റെന്താണ് ‘ ഏതവസ്ഥയിലും ചേർത്ത് നിർത്തുന്ന, ഏത് ദുഃഖത്തിനും ആശ്വാസം നൽകുന്ന ഏത് രോഗവും ശമിപ്പിക്കുന്ന ഏത് അന്ധകാരത്തിലും പ്രകാശമായി വഴി നടത്തുന്നവൻ അല്ലേ അത്ഭുതമന്ത്രി.

വീരനാം ദൈവം

പേരിൽ തന്നെ വ്യക്തം ജയം അവനുള്ളത്. സർവ്വ അധികാരങ്ങളും അവനുള്ളത്. ഞാൻ ആൽഫയും ഒമേഗായും ആകുന്നു, ഇരിക്കുന്നവനും ഇരുന്നവനും വരുവാൻ ഉള്ളവനുമാകുന്നു അവൻ . വെളിപാട് 1:8 . പരിശുദ്ധ കന്യകാ മറിയം ദൈവത്തെ പുകഴ്ത്തി പാടി. തന്റെ ഭുജം കൊണ്ട് അവൻ ജയം ഉണ്ടാക്കി, അഹങ്കാരികളെ അവൻ ചിതറിച്ചു. പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നിറക്കി താണവരെ ഉയർത്തിയിരിക്കുന്നു. വി. ലൂക്കോസ് 1 : 50 – 53 . നമ്മുടെ ഏത് ബലഹീനതയിലും കൈ പിടിച്ച് നടത്തുവാൻ ആശ്രയം വയ്ക്കുവാൻ മറ്റേത് നാമം നമുക്കുണ്ട്.

നിത്യപിതാവ്

ഈ ജനത്തിൽ ക്രിസ്തുവിനെ അറിയുമെങ്കിൽ അയച്ച പിതാവിനെയും അറിയും. അവൻ പിതാവിൻറെ സന്നിധിയിൽ ദൈവമായിരിക്കെ സൃഷ്ടിയെ വീണ്ടെടുപ്പിനായി പാപം ഒഴികെ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു . ഫിലിപ്യർ 2:8 അവൻ ദൈവ രൂപത്തിൽ ഇരിക്കെ ദാസരൂപം എടുത്ത് വേഷത്തിൽ മനുഷ്യനായി നമ്മുടെ ഇടയിൽ വന്ന് പാർത്തു. ആദി മുതൽ ഇന്ന് വരേയും കരുതലോടെ പരിപാലിക്കുന്ന ആ പിതൃ സ്നേഹം. അതുകൊണ്ടല്ലേ സ്വന്തം പുത്രനെ തന്നെ മനുഷ്യകുലത്തെ വീണ്ടെടുപ്പാൻ തക്കവണ്ണം ലോകത്തിലേക്ക് അയച്ചത്.

സമാധാന പ്രഭു

ചതഞ്ഞ ഓട അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി അവൻ കെടുത്തുകയുമില്ല. യെശയ്യാ 42 : 3 വരണ്ട കൈയ്യുള്ള ഒരുവൻ ദേവാലയത്തിൽ സൗഖ്യത്തിനായി കടന്നുവന്നപ്പോൾ പരീശന്മാർ ശബ്ബതിൽ അവൻ പ്രവർത്തിക്കുമോ എന്ന് നോക്കിയിരുന്നു. അവരുടെ മനോഭാവത്തെ മാനിക്കാതെ സൗഖ്യം പ്രദാനം ചെയ്യുന്നു. ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ട് എങ്കിലും ധൈര്യപ്പെടുവിൻ, ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു. നിത്യമായ സമാധാനം നേടിത്തരുവാൻ ലോകത്തിൻ്റെ എല്ലാ അനുഭവങ്ങളെയും മാറ്റി സ്ഥാപിച്ചു.

ദൈവം നമ്മോടുകൂടെ ‘ഇമ്മാനുവേൽ’

” ദൈവം നമ്മോട് കൂടെ ” എത്ര ദൃഢമായ ബന്ധം. സൃഷ്ടാവിനൊപ്പം സൃഷ്ടിയും ചേർന്ന് വരുന്ന ഗാഢത. ഇത് ക്രിസ്തുമസ് കാലയളവിൽ മാത്രം ഓർക്കേണ്ട ഒരു കാര്യം അല്ല. എന്നാളും ബലപ്പെടേണ്ട ബന്ധം തന്നെയാണ് ഇമ്മാനുവേൽ. മേൽ പറഞ്ഞ എല്ലാ നാമങ്ങളും ചേർന്നിരിക്കുന്ന പൂർത്തീകരിക്കപ്പെട്ട നാമം. ക്രിസ്തുമസ് അനുഗ്രഹമാകുന്നത് ക്രിസ്തുവിനെ അറിയുമ്പോഴാണ്. ആ രക്ഷകൻ തന്ന വാഗ്ദത്തമാണ് ഇമ്മാനുവേൽ. ഒരു പേരിൽ എന്തിരിക്കുന്നു എന്നല്ല. ഏതെല്ലാം ദൈവീക ഭാവങ്ങൾ പേരിലൂടെ ലഭിച്ചു എന്നതാകട്ടെ ക്രിസ്തുമസിന്റെ അനുഗ്രഹം.

ഏവർക്കും ക്രിസ്തുമസ് ആശംസകൾ.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907

Copyright © . All rights reserved