ബാബു ജോസഫ്
തൃശൂര്‍: കര്‍ത്താവിന്റെ മഹത്വമേറിയ സാന്നിധ്യം ലോകത്തിന് വെളിപ്പെടുത്തുക എന്നതിലൂടെ സത്യത്തിന്റെ സാക്ഷ്യമാവുക എന്ന ദൗത്യവുമായി ഷെക്കെയ്ന സാറ്റലൈറ്റ് വാര്‍ത്താ ചാനല്‍ ദൈവകരുണയുടെ തിരുനാള്‍ ദിനമായ നാളെ (ഏപ്രില്‍ 28 ഞായറാഴ്ച) സംപ്രേഷണം ആരംഭിക്കും.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി സുവിശേഷ പ്രഘോഷണം നടത്തുന്ന പ്രശസ്ത വചനപ്രഘോഷകന് ബ്രദര്‍ സന്തോഷ് കരുമത്രയാണ് ചാനലിന് ചുക്കാന്‍ പിടിക്കുന്നത്. തൃശ്ശൂരില്‍ മണ്ണtത്തിക്കടുത്ത് താളിക്കോട് കേന്ദ്രമാക്കിയുള്ള ചാനലിന്റെ ഉദ്ഘാടനം നാളെ ഞായറാഴ്ച മൂന്നു മണിക്ക് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ക്ളീമീസ്, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ബിഷപ്പ് സൂസെ പാക്യം എന്നിവരും സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളില്‍ നിന്നായി പന്ത്രണ്ടോളം ബിഷപ്പുമാരും മറ്റ് വിശിഷ്ടാഥികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
‘ദൈവത്തിന്റെ മഹത്വമാര്‍ന്ന സാന്നിധ്യം’ എന്നര്‍ത്ഥമുള്ള ഹീബ്രു വാക്കിലുള്ള ഷെക്കെയ്ന ടിവി സത്യത്തിനു സാക്ഷ്യം വഹിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുകയെന്നു ബ്രദര്‍ സന്തോഷ് കരുമത്ര പറഞ്ഞു.

റേറ്റിങ്ങിനുവേണ്ടി പായാതെ സത്യത്തിന്റെ പ്രഘോഷണത്തില്‍ ഒരു വീഴ്ചയും വരരുതെന്നെ ലക്ഷ്യത്തോടെയാണ് ചാനല്‍ ഒരുങ്ങുന്നത്. യാഥാര്‍ഥ്യവും മനുഷ്യനന്മയും ലക്ഷ്യമാക്കി, വാണിജ്യ പരസ്യങ്ങളില്ലാതെയാകും ‘ഷെക്കെയ്ന’ പ്രവര്‍ത്തിക്കുകയെന്നതും ശ്രദ്ധേയമാണ്. തിന്മയുടെ ആഘോഷങ്ങളില്ലാതെ നന്മയിലൂന്നിയായിരിക്കും ഷെക്കെയ്ന ചുവടു വെയ്ക്കുകയെന്നു ചാനല്‍ അധികൃതര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ പ്രൈം ടൈമില്‍ ഏതാനും മണിക്കൂറുകള്‍ നീളുന്ന സംപ്രേഷണമാണ് ഉണ്ടാകുക. മൂന്നു മാസത്തിനുള്ളില്‍ വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പ്രോഗ്രാമുകളും ആത്മീയ പ്രോഗ്രാമുകളുമടക്കം മുഴുവന്‍ സമയ സംപ്രേഷണം ആരംഭിക്കും. മലയാള മനോരമ മുന്‍ പത്രാധിപ സമിതി അംഗവും ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ പ്രസിഡന്റുമായ ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസാണ് ചാനലിന്റെ ചീഫ് ന്യൂസ് ഡയറക്ടര്‍. വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച പ്രഗത്ഭരുടെ ടീമും ചാനലിന്റെ പിന്നണിയിലുണ്ട്.
റജി നന്തികാട്ട്
ലണ്ടനിലെ ക്നാനായ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ സെന്റ് ജോസഫ് ക്നാനായ ചാപ്ലൈന്‍സി വിശുദ്ധ ഔസേഫ് പിതാവിന്റെ തിരുന്നാള്‍ ആഘോഷം മെയ് 3, 4 തീയതികളില്‍ കൊണ്ടാടുന്നു. സെന്റ് ജോസഫ് ക്നാനായ ചാപ്ലൈന്‍സി രൂപീകൃതമായതിന് ശേഷം നടക്കുന്ന രണ്ടാമത്തെ തിരുന്നാള്‍ ആഘോഷവും ആദ്യത്തെ തിരുന്നാള്‍ ആഘോഷം പോലെ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് ചാപ്ലൈന്‍ ആയ ഫാ. ജോഷി കൂട്ടുങ്കല്‍, കണ്‍വീനര്‍ മാത്യു വില്ലുതറ കൈക്കാരന്മാരായ സജി ഉതുപ്പ് കൊപ്പഴയില്‍, ജോര്‍ജ്ജ് പറ്റിയാല്‍, ജോബി തരളയില് എന്നിവരടങ്ങുന്ന കമ്മറ്റി.
മെയ് 3-ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് കൊടിയേറ്റോടു കൂടി ആരംഭിക്കുന്ന തിരുനാള്‍ ആഘോഷത്തില്‍ അന്നേ ദിവസം ലദീഞ്ഞ്, വി. കുര്‍ബാന, വി.യൗസേഫ് പിതാവിന്റെ നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്. രണ്ടാം ദിവസമായ മെയ് 4-ാം തീയതി ശനിയാഴ്ച രാവിലെ 9.45ന് ആരംഭിക്കുന്ന തിരുന്നാള്‍ ആഘോഷത്തില്‍ പ്രസുദേന്തി വാഴ്ച, രൂപം എഴുന്നെള്ളിക്കല്‍, ലദീഞ്ഞ് എന്നീ വിശുദ്ധ ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 10 മണിക്ക് ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ മുഖ്യ കാര്‍മ്മികനായും ഫാ. സജി തോട്ടത്തില്‍, ഫാ. ജോഷി കൂട്ടുങ്കല്‍, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍ സഹ കാര്മ്മികന്മാരായും ആഘോഷമായ തിരുന്നാള്‍ റാസ നടക്കും. പിന്നീട് ഫാ. സജി തോട്ടത്തില്‍ തിരുന്നാള്‍ സന്ദേശം നല്‍കും.
ഉച്ചകഴിഞ്ഞി 12.30ന് തിരുന്നാള്‍ പ്രദക്ഷിണവും 1.15 ന് വി. കുര്‍ബാനയുടെ ആശീര്‍വാദവും 1.30 ന് സ്നേഹവിരുന്നും നടക്കും. 2.30 ന് നടക്കുന്ന കലാസായാഹ്നത്തില് സെന്റ് ജോസഫ്സ് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കും.
തിരുന്നാള്‍ ദിവസം നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും വി. യൗസേഫ് പിതാവിന്റെ പുഷ്പവടി, കഴുന്ന്, മുടി എന്നിവ എഴുന്നെള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് വി. യൗസേഫ് പിതാവിന്റെ മദ്ധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്നേഹപൂര്‍വം ക്ഷണിക്കുന്നു.
വിലാസം
St. Alban’s church, Langdale Gardens, Horn church, RM 12 5LA
ചങ്ങനാശേരി: ശ്രീലങ്കയിൽ കത്തോലിക്കര്ക്കെതിരേയുണ്ടായ ആക്രമണം ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷയ്ക്ക് നേരേയുള്ള വെല്ലുവിളിയാണെന്നും സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് സിബിസിഐ എക്യുമെനിക്കല്‍ കമ്മീഷന് ചെയര്‍മാനും ചങ്ങനാശേരി അതിരൂപതാധ്യക്ഷനുമായ ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ക്രൈസ്തവ വിശ്വാസത്തെ ഉന്മൂലനം ചെയ്യാനുള്ള ചില ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമാണെന്നും ഇത്തരം പ്രവണതകള്‍ക്കെതിരേ വിശ്വാസസാക്ഷ്യം നല്‍കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികാര വിദ്വേഷ മനോഭാവങ്ങള്‍ പ്രകടിപ്പിക്കാതെ സഭയെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് വൈദിക സമ്മേളനം അഭിപ്രായപ്പെട്ടു. മേയ് അഞ്ച് ശ്രീലങ്കയിലെ സഭയ്ക്കു വേണ്ടിയുളള പ്രാര്‍ഥനാദിനമായി ആചരിക്കണമെന്നും എല്ലാ ഇടവകകളിലെയും സ്തോത്രക്കാഴ്ച ശ്രീലങ്കൻ സഭയ്ക്ക് നല്‍കുന്നതിനും തീരുമാനിച്ചു. മുന്നൂറിലധികം വൈദികര്‍ പങ്കെടുത്ത യോഗത്തില്‍ സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത്, ചാന്‍സലര്‍ റവ.ഡോ. ഐസക് ആലഞ്ചേരി, വൈദിക സമിതി സെക്രട്ടറി റവ.ഡോ. ജോസ് നിലവന്തറ, റവ.ഡോ. ജേക്കബ് കോയിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. വികാരി ജനറാളന്മാരായ റവ. ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. ഫിലിപ്സ് വടക്കേക്കളം, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
ഫിലിപ്പ് കണ്ടോത്ത്
പ്രസിദ്ധ ധ്യാനഗുരു ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഗ്രാന്‍ഡ് മിഷന് ധ്യാനം, ഏപ്രില്‍ 26, 27, 28 തീയതികളില്‍ കാര്‍ഡിഫില്‍ വച്ചു നടത്തപ്പെടുന്നു. സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ച് സഭാംഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതാണ്.
ആത്മാഭിഷേകം നിറഞ്ഞ വചനപ്രഘോഷണം, ഭക്തിസാന്ദ്രമായ ദിവ്യബലി, കൃപാവരസമൃദ്ധമായ ദിവ്യകാരുണ്യാരാധന, ഹൃദ്യമായ ഗാനശുശ്രൂഷ എന്നിവയിലൂടെ വെയില്‍സിനു മുഴുവന്‍ ആത്മീയ ഉണര്‍വ്വ് വിഭാവനം ചെയ്യുന്ന ധ്യാനത്തിലേയ്ക്ക് ഏവരെയും, പ്രത്യേകിച്ച് വെയില്‍സിന്റെ നാനാഭാഗങ്ങളിലുള്ള വിശ്വാസികളെയും, സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
കുമ്പസാരത്തിനുള്ള സൗകര്യം, കുട്ടികള്‍ക്ക് അവരുടെ പ്രായമനുസരിച്ചുള്ള പ്രത്യേക ശുശ്രൂഷകള്‍, ഇവ ഉണ്ടായിരിക്കുന്നതാണ്.
ഈ ധന്യ ദിവസങ്ങളിലേക്ക് ഏവരേയും, കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, ബാരി എന്നീ കുര്‍ബാന സെന്ററുകള്‍ ഉള്‍ക്കൊള്ളുന്ന കാര്‍ഡിഫ് മിഷനിലെ എല്ലാ കുടുംബങ്ങളും, കമ്മിറ്റികളും, ബഹു. ജോയി വയലില്‍ അച്ചനോടൊപ്പം ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും .
ഭക്ഷണം സ്വയം കരുതേണ്ടതാണ്.
Venue: St. David’s Catholic College, Ty – Gwyn Road, Cardiff, CF23 5QD
Time:
Friday, 26th April: 3 PM – 8 PM
Saturday & Sunday, 27th & 28th April: 9 AM – 6 PM
Contact email: [email protected]
ലണ്ടന്‍: ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കളുടെ നിത്യശാന്തിക്കും ബന്ധുക്കള്‍ക്കും ലോകസമാധാനത്തിനും വേണ്ടി മരിയന്‍ മിനിസട്രിയുടേയും മരിയന്‍ പത്രത്തിന്റേയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28നു പ്രത്യേക പ്രാര്‍ത്ഥനകളും അനുസ്മരണ ബലികളും നടക്കും.
അന്നേദിവസം മരിയന്‍ മിനിസ്ട്രിയുടെയും മരിയന്‍ പത്രത്തിന്റെയും അഭ്യുദയ കാംക്ഷികളായ വൈദീകര്‍ ലോകത്തിന്റെ വിവിധ പള്ളികളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ശ്രീലങ്കന്‍ ജനതക്കുവേണ്ടി പ്രാര്‍ഥിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ബഹുമാനപ്പെട്ട വൈദീകരും വിശ്വാസികളും അവര്‍ ആയിരിക്കുന്ന സ്ഥലങ്ങളില്‍ ഇരുന്ന് ഞായറാഴ്ച്ചയിലെ ഈ പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് മരിയന്‍ മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടറും മരിയന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ ഫാ. ടോമി എടാട്ട് അഭ്യര്‍ത്ഥിച്ചു.
വാഗ്ദത്ത ഭൂമി നഷ്ടപെട്ട ഇസ്രായേല്‍ പ്രവാസത്തിലായതുപോലെ. അരീക്കാട്ടച്ചനിലൂടെ ലെസ്റ്ററിലെ ബ്ലെസ്സഡ് സാക്രമെന്റ് ദേവാലയത്തില്‍ 2004 തുടങ്ങിയ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ പ്രയാണം ചെറിയ ഇടവേളയ്ക്കു ശേഷം ലെസ്റ്ററില്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ പുനര്വിഷ്കരിക്കപ്പെട്ടിരിക്കുകയാണ്. ദൈവം ഇസ്രയേലിനെ വീണ്ടും തിരിച്ചു വാഗ്ദത്ത നാട്ടിലേക്കു കൊണ്ടുവന്നതുപോലെ ദൈവാനുഗ്രഹത്തിന് അസുലഭ നിമിഷമായി ഗ്രേറ്റ് ബ്രിട്ടന് സിറോമലബാര്‍ രൂപതയുടെ യുകെയില്‍ സ്ഥാപിക്കപ്പെടുന്ന മുപ്പതാമത്തെ മിഷന്. ഏപ്രില്‍ 28 ന് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷന് തുടക്കമാകുന്നു.യുകെയിലെ ആദ്യകാല മാസ്സ് സെന്റര്‍ 15 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് മിഷന് ആയി ഉയര്‍ത്തപ്പെടുന്നത്. യുകെയിലെ വിശ്വാസ സമൂഹം എന്നും അസൂയയോട് കണ്ടിരുന്ന സ്ഥലമായിരുന്നു ലെസ്റ്റര്‍. എല്ലാ ഞായര്‍ ദിനങ്ങളിലെ കുര്‍ബാന,വര്‍ഷത്തിലെ പ്രധാന തിരുന്നാള്‍ തുടങ്ങി നാട്ടിലെ ഇടവകകളിലെ പ്രധാന പരിപാടികളെല്ലാം ലെസ്റ്ററില്‍ നടത്തപ്പെടുന്നു.
മാര്‍ത്തോമാ ശ്ലീഹ തെളിച്ചു തന്ന വിശ്വാസ ചൈതന്യം സഭയോടൊത്തു ചേര്‍ന്ന് നിന്ന് അഭംഗുരം ജീവിതത്തില്‍ പാലിച്ചുകൊണ്ട് സൗഹാര്‍ദത്തിന്റെ സ്നേഹത്തിന്റെയും പങ്കുവെയ്ക്കലിന്റെയും വേദിയാക്കി മാറ്റുവാന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷനിലൂടെ സാധിക്കട്ടെ.നോട്ടിങ്ഹാം രൂപത അദ്യക്ഷന്‍ അഭിവന്ദ്യ പാട്രിക് പിതാവ്, ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപത അദ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , വികാരി ജനറാള്‍മാര്‍ , നോട്ടിങ്ഹാം രൂപതയിലെ വൈദികര്‍. ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ വൈദികര്‍, ഇംഗ്ലീഷ് കമ്മ്യൂണിറ്റി അംഗങ്ങള്‍, ഇടവക അംഗങ്ങള്‍ എന്നിവര്‍ സന്നിഹതരാകുന്ന ദൈവാനുഹ്രഹത്തിന്റെ ഈ പുണ്യ നിമിഷത്തില്‍ സ്നേഹത്തോടെ ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലേക്ക് ഏവരെയും സ്വാഗതം ചെയുന്നു.
സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വെച്ച് ആചരിച്ച വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല പെസഹാ വ്യാഴം, ഉയിര്‍പ്പു തിരുന്നാള്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം വഹിക്കുകയും, ഫാ. ജോജോ ഔസേപ്പുപറമ്പില്‍ ദുംഖ വെള്ളിയാഴ്ച ശുശ്രുഷകള്‍ക്കു മുഖ്യ കാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കുകയും ചെയ്തു.

പെസഹാ വ്യാഴാഴ്ച കാല് കഴുകല്‍ ശുശ്രുഷ, വിശുദ്ധ കുര്‍ബ്ബാന സ്ഥാപനം, വിശുദ്ധബലി തുടങ്ങിയ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച സെബാസ്റ്റ്യന്‍ അച്ചന് ‘വിശുദ്ധ ഗ്രന്ഥം സാക്ഷ്യമായി ദൈവ പുത്രനും രക്ഷകനുമായ ഈശോമിശിഹായിലൂടെ നാം കണ്ടും, കേട്ടും അനുഭവിച്ചും മനസ്സിലാക്കിയ വിനയത്തിന്റെയും ലാളിത്യത്തിന്റെയും, സ്നേഹത്തിന്റെയും അനുകരണീയ ജീവിത മാതൃക നമ്മുടെ ജീവിതത്തിലും പകര്ത്തേണ്ടണ്ടതാണെന്നും, ദൈവകൃപയുടെ അനുഗ്രഹവാതില് തുറന്നു കിട്ടുവാന്‍ ഈ കൃപകള്‍ അനിവാര്യമാണെന്നും ഉദ്ബോധിപ്പിച്ചു. കാല്‍കഴുകല്‍ ശുശ്രുഷകളില്‍ പങ്കു ചേര്‍ന്ന ‘ശിഷ്യര്‍ക്കുള്ള’ ഉപഹാരങ്ങള്‍ അച്ചന് വിതരണം ചെയ്തു.

ദുംഖവെള്ളി ശുശ്രുഷകളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച ജോജോ അച്ചന് അനുതാപത്തിന്റെ അനിവാര്യത എടുത്തു പറഞ്ഞു. നല്ല കള്ളന് എന്ന് ബൈബിള്‍ വിശേഷിപ്പിക്കുന്ന ക്രൂശില്‍ തറക്കപ്പെട്ട കള്ളന് തന്റെ അവസാന നിമിഷത്തില്‍ കുരിശില്‍ കിടന്നുകൊണ്ട് ഈശോയോടു കാണിച്ച വിശ്വാസ പ്രഖ്യാപനവും, അനുതാപവും, അപേക്ഷയും ഏതൊരാല്മാവിന്റെയും രക്ഷക്കും നിത്യജീവനും പ്രാപിക്കുവാനുതകുന്ന മകുടോദാഹരണമാണെന്നു ഓര്‍മ്മിപ്പിച്ചു. ദുംഖവെള്ളി അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, പീഡാനുഭവ വായന, നാഗരികാണിക്കല്‍ പ്രദക്ഷിണം, കുരിശു രൂപം മുത്തല്, കൈപ്പുനീര്പാനം തുടങ്ങിയ ശുശ്രുഷകളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. സമാപനമായി നേര്‍ച്ച കഞ്ഞിയും പയറും വിതരണം ചെയ്തു.

ഉയിര്‍പ്പ് തിരുന്നാള്‍ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്റെ നേതൃത്വത്തില്‍ ആഘോഷമായി ആചരിച്ചു. മാമോദീസ നവീകരണം, പുത്തന്‍ വെള്ളം വെഞ്ചിരിക്കല്‍ ശുശ്രുഷകള്‍ക്കു ശേഷം ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഈസ്റ്റര്‍ സന്ദേശത്തില്‍ ‘ ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലായാണ് ഈസ്റ്ററിനെ കാണുന്നതെന്നും, പ്രത്യാശയും, പ്രതീക്ഷയും നല്കുന്ന മരണത്തെ വിജയിച്ച ക്രിസ്തു നാഥന്റെ ഉയിര്‍പ്പ് തിരുന്നാള്‍, പിതാവായ ദൈവത്തിന്റെ നിയമങ്ങള്‍ക്കും അനുശാസനകള്‍ക്കും അനുസൃതമായി ജീവിക്കുവാനും, അങ്ങിനെ നിത്യ കിരീടത്തിനു അര്‍ഹനാകുവാനുള്ള ആഹ്വാനവും ഉറപ്പുമാണ് നല്‍കുന്നതെന്നും എന്നും ഓര്‍മ്മിപ്പിച്ചു.

ബെന്നി ഗോപുരത്തിങ്കല്‍, അപ്പച്ചന് കണ്ണഞ്ചിറ, പ്രിന്‍സണ്‍ പാലാട്ടി, സാംസണ് ജോസഫ്, മെല്വിന് അഗസ്റ്റിന്, സജന് സെബാസ്റ്റ്യന്‍, ജോയ് ഇരുമ്പന്‍, സെലിന് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ജോര്‍ജ്ജ് തോമസ്, ഓമന സുരേഷ്, ബിന്‍സി ജോര്‍ജ്ജ്, ജെസ്സി ജോസ്, ബിന്ദു അജയ് തുടങ്ങിയവര്‍ ഗാന ശുശ്രുഷകള്‍ക്കു നേതൃത്വം നല്കി. അഖില ചെറുവത്തൂര്‍, ബെന്നി അഗസ്റ്റിന്, സിജോ കാളംപറമ്പില്‍ എന്നിവര്‍ ദേവാലയ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നേതൃത്വം നല്കി. അപ്പച്ചന് കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിച്ചു.
സ്റ്റീവനേജ്: ഒഡീഷയില്‍ ബാലസോര്‍ രൂപതയുടെ അദ്ധ്യക്ഷനായിരുന്ന ആദരണീയനായ മാര്‍ സൈമണ്‍ കൈപ്പുറം പിതാവിന്റെ ആകസ്മിക നിര്യാണത്തില്‍ സ്റ്റീവനേജ് ക്രൈസ്തവ സമൂഹം അഗാധമായ ദുംഖവും അനുശോചനവും രേഖപ്പെടുത്തി. മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് സ്റ്റീവനേജിലെ വിശ്വാസി സമൂഹത്തിനു വിശുദ്ധവാരത്തിന്റെ അനുഗ്രഹങ്ങളും ആശംസകളും നേര്‍ന്നിരുന്നു എന്നത് പിതാവും സ്റ്റീവനേജ് കേരള കത്തോലിക്കാ കമ്മ്യുണിറ്റിയുമായുള്ള അതീവ സ്നേഹബന്ധമാണ് ഉയര്‍ത്തിക്കാണിക്കുന്നത്.
2016 ല്‍ യു കെ യില്‍ ഹൃസ്യ സന്ദര്‍ശനത്തിനായി എത്തിയപ്പോള്‍ സ്റ്റീവനേജിലെ ക്രൈസ്തവ സമൂഹത്തെ സന്ദര്‍ശിക്കുവാന്‍ സമയം കണ്ടെത്തിയ പിതാവ്, വിശുദ്ധ ബലി അര്‍പ്പിക്കുകയും ഏറെ ചിന്തോദ്ദീപകമായ സന്ദേശവും നല്‍കിയിരുന്നു. കൂടാതെ സ്റ്റീവനേജ് ക്നാനായ സമൂഹത്തിന്റെ കുടുംബ സംഗമത്തില്‍ പങ്കു ചേരുവാനും, തന്റെ തിരക്കിട്ട പര്യടനത്തിനിടയിലും സമയം കണ്ടെത്തിയിരുന്നു.
വിശ്വാസവും പൈതൃകവും സ്നേഹവും മുറുകെ പിടിച്ചു മുന്നേറുവാനും, പാശ്ചാത്യമണ്ണില്‍ മക്കളുടെയും കുടുംബത്തിന്റെയും ഭദ്രതക്കും, സംരക്ഷണത്തിനും പ്രാര്‍ത്ഥനയുടെയും, പരമാവധി വിശുദ്ധ കുര്‍ബ്ബാനകളില്‍ ഉള്ള പങ്കാളിത്തവും അനിവാര്യമാണെന്ന് മാര്‍ സൈമണ്‍ കൈപ്പുറം ഉദ്ബോധിപ്പിക്കുകയും ചെയ്തത് ഷാജി മഠത്തിപ്പറമ്പില്‍ അനുസ്മരിച്ചു.
ശക്തനായ അജപാലകനും , അക്രൈസ്തവര്‍ക്കിടയില്‍ സമാധാനത്തിന്റെയും, സഹായത്തിന്റെയും സ്നേഹദൂതനും, ക്രൈസ്തവ മൂല്യങ്ങള്‍ക്കും, കത്തോലിക്കാ സഭയുടെ വിവിധ മേഖലകളിലും, സെമിനാരികളിലും, പേപ്പല്‍ മിഷനിലും സജീവമായി സേവനങ്ങള്‍ ചെയ്തു പോന്നിരുന്ന സൈമണ്‍ കൈപ്പുറം പിതാവിന്റെ അകാല വിയോഗം സഭയുടെ ആത്മീയ-കര്‍മ്മ മേഖലകളില്‍ വലിയ ശൂന്യതയാണ് വരുത്തിവെച്ചിരിക്കുന്നത് എന്ന് അനുസ്മരണ ചടങ്ങില്‍ ഓര്‍മ്മിച്ചു.
സ്റ്റീവനേജ് സീറോ മലബാര്‍ കമ്മ്യുണിറ്റി പിതാവിനോടുള്ള ആദരസൂചമായി പ്രത്യേക പ്രാര്‍ത്ഥനകളും അര്‍പ്പിച്ചു. അപ്പച്ചന് കണ്ണഞ്ചിറ, ജിമ്മി തോമസ്, ബെന്നി ഗോപുരത്തിങ്കല്‍, ജോണി കല്ലടാന്തി, പ്രിന്‍സണ്‍ പാലാട്ടി, ജോയി ഇരുമ്പന്‍, ജേക്കബ് കീഴങ്ങാട്ട് തുടങ്ങിയവര്‍ സൈമണ്‍ പിതാവിനെ അനുസ്മരിച്ചു അനുശോചനം രേഖപ്പെടുത്തി.
ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് സ്വന്തമായ ദേവാലയമെന്ന ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമായി. ബര്‍മിങ്ഹാം സിറ്റിയോട് ചേര്‍ന്ന് എയര്‍പോര്‍ട്ടിന് സമീപത്തായി ഷീല്‍ഡണില്‍ മുക്കാലേക്കറോളം വരുന്ന സ്ഥലത്താണ് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് സ്വന്തമായി ഒരു ആരാധനാ സ്ഥലം ലഭിച്ചിരിക്കുന്നത്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ദേവാലയത്തിന് 8000ല്‍ പരം ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്.ആരാധനാലയത്തിന് പുറമെ ഓഡിറ്റോറിയം സണ്‍ഡേ സ്കൂള്‍ റൂം തുടങ്ങിയ സൗകര്യങ്ങളും ഈ ദേവാലയത്തില്‍ ഉണ്ട്. ആറു കോടി രൂപയോളം ചിലവായ ഈ ദേവാലയം നാല്‍പ്പതോളം കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളോട് കൂടി സമചതുരാകൃതിയില്‍ റോഡിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്.
2002ല്‍ ബര്‍മിങ്ഹാമിലെ സട്ടണ്‍ കോള്‍ഡ്ഫീല്‍ഡില്‍ ഒരു കോണ്‍ഗ്രിഗേഷനായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2007ല്‍ അന്നത്തെ ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ് തിരുമേനി ഇടവകയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഇടവകയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ആത്മീയ വളര്‍ച്ചയ്ക്ക് വേണ്ട പുത്തന്‍ ഉണര്‍വും ദിശാബോധവും കാട്ടിത്തരുകയും ചെയ്തു. തിരുമേനിയുടെ സമയോജിതമായ ഇടപെടലും ഉപദേശവും ഈ ദേവാലയത്തിന്റെ സമഗ്രമായ വളര്‍ച്ചയ്ക്ക് നല്കിയ സംഭാവനകള്‍ നിര്‍ണായകവും, പ്രശംസനീയവുമാണ്. തിരുമേനി ഭരണസാരഥ്യം ഏറ്റെടുത്ത ശേഷം യുകെയില്‍ വാങ്ങുന്ന ഒന്‍പതാമത്തെ ദേവാലയമാണ് ഇതെന്നുള്ളതും ശ്രദ്ധേയമാണ്. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസിന്റെ സജീവമായ പ്രവര്‍ത്തനവും ഇടപെടലും ഈ ദേവാലയത്തിന് മുതല്‍ക്കൂട്ടാണ്. ഇടവകാംഗങ്ങളെ ഏകോപിപ്പിച്ച് കൊണ്ട് ദീര്‍ഘ വീക്ഷണത്തോടെയുള്ള അച്ചന്റെ പ്രവര്‍ത്തനമാണ്. ലക്ഷ്യപ്രാപ്തിക്ക് കാരണമായത്.
ഇടവക ട്രസ്റ്റി രാജന് വര്‍ഗീസിന്റെയും സെക്രട്ടറി ജെയ്സണ്‍ തോമസിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലുമായി മുന്നില്‍ നില്ക്കുന്നു.ഈ ദേവാലത്തിന്റെ രജിസ്ട്രേഷനും നിയമപരമായ നടപടികള്‍ക്കും മേല്‍നോട്ടം വഹിച്ചത് ഫ്രാന്‍സിസ് മാത്യു ആണ്. സ്റ്റെഫാനോസ് സഹദായുടെ മദ്ധ്യസ്ഥതയും അനുഗ്രഹവും ഇടവക ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇടയാക്കിയതെന്ന് ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റിയും അറിയിച്ചു.

ഷിബു മാത്യൂ
“നീതിയും സത്യവും എന്നാളും ഉയിര്ത്തെഴുന്നേല്ക്കും. അനുതപിക്കാതെ ദൈവമുമ്പാകെ നീതീകരണമില്ല. ലൗകീകത അല്മായരെപ്പോലെ തന്നെ വൈദീകരെയും ബിഷപ്പുമാരേയും ഒന്നുപോലെ വലയം ചെയ്തിരിക്കുന്നു. സഭയുടെ ആദ്ധ്യാത്മീക പരിശീലനത്തിന്റെ കുറവ് കൊണ്ടല്ല ഇത് സംഭവിക്കുന്നത്”. തുറന്നടിച്ച് അഭിവന്ദ്യ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മലയാളം യുകെ ന്യൂസിനോട്.
പീഠാനുഭവാഴ്ചയിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികനായി യുകെയിലെത്തിയ ഇടുക്കി ഭദ്രാസനം മെട്രോപ്പോളിറ്റന്‍ ബിഷപ്പ് മാത്യൂസ് മാര്‍ തേവോദോസിയോസ് മാഞ്ചെസ്റ്ററിലെ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ വെച്ച് മലയാളം യുകെ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.
“സത്യത്തെ കുരിശില്‍ തറച്ചു. സത്യം ഉയര്‍ത്തെഴുന്നേറ്റു. നമുക്ക് തരുന്ന പ്രതീക്ഷയും അതുതന്നെയാണ്. ഈ നഗ്ന സത്യം വൈദീകരും സഭാനേതൃത്വവും ആഴത്തില്‍ മനസ്സിലാക്കണം. ലൗകീകമായ വലയത്തില്‍ നിന്നു ഇവര്‍ പുറത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അസ്സമത്വത്തിലും അസ്സന്തുഷ്ടിയിലും പരസ്പരമുള്ള സ്നേഹ കൂട്ടായ്മയുടെ അഭാവത്തിലും ലോകം മുമ്പോട്ട് പോവുകയാണ്. അതവര് മനസ്സിലാക്കാതെ പോകുന്നു. മലിനമായി കൊണ്ടിരിക്കുന്ന നമ്മുടെ സമൂഹങ്ങളുടെയും കുടുംബങ്ങളെയും മേല്‍ എന്ത് ഉത്തരവാദിത്വമാണ് ഇവര്‍ക്കുള്ളത്”?
അപ്പസ്തോലന്മാര് ലോകത്തിനു നല്കിയ സന്ദേശം വെള്ളിയും പൊന്നും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്കുള്ളത് നിനക്ക് തരുന്നു. ക്രൈസ്തവ സഭകളെല്ലാം തന്നെ സാമ്പത്തികമായി ശക്തമായ നിലയിലാണ്. ബിഷപ്പ്മാരും വൈദീകരും (എല്ലാവരുമില്ല) ഒരു പരിധിവരെ ലോകത്തോടുള്ള ലൗകീകമായ സമ്പത്തിനെ തേടിയുള്ള അന്വേഷണങ്ങള്‍, അത് നേടാനുള്ള വ്യഗ്രത ഇത് കത്തോലിക്കാ സമൂഹത്തില്‍ മാത്രമല്ല എല്ലാ സഭയിലും വൈദീക സമൂഹത്തിന്റെ അപചയമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വേദനിപ്പിക്കുന്ന എത്രയെത്ര സംഭങ്ങളാണ് നിരന്തരം സഭകളില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. സഭയുടെ പേരുകള്‍ എടുത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല.
കാലാകാലങ്ങളിലായിട്ടുണ്ടായിട്ടുള്ള സഭയുടെ ഓരോ പ്രശ്നങ്ങളിലും സഭാനേതൃത്വം എടുത്ത നിലപാടുകള്‍ ശരിയായിരുന്നോ എന്ന് ഓരോ സഭാ നേതൃത്വവും ചിന്തിക്കേണ്ടതുണ്ട്. ഞങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടനിലക്കാര്‍ ആവശ്യമില്ലെന്ന് വിശ്വാസികള്‍ പറഞ്ഞു തുടങ്ങിയതും ഇതേ നിലപാട് കാരണമായിരുന്നില്ലേ?? സഭയുടെ നിലപാടുകള്‍ മൂലം വിശ്വാസികള്‍ വേറിട്ടൊരു ചിന്തയിലേക്ക് തിരിയാന്‍ പാടില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിക്കുന്നതും അതുതന്നെയാണ്. ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് ഭാരതത്തിലെ എല്ലാ സഭകളും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അതിന് മാറ്റം ഉണ്ടാവണം. ബഹുമാനപ്പെട്ട വൈദീക ഗണത്തിന്റെ ലളിതവും മാതൃകാപരവുമായ ജീവിതരീതിയും വിശ്വാസികള്‍ കണ്ടു പഠിക്കട്ടെ. മാറ്റം അവിടെ നിന്നാണ് തുടങ്ങേണ്ടത്.
ക്രൈസ്തവ സഭകള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. പൗരന്റെ അവകാശത്തില്‍ സഭ കൈ കടത്താന്‍ പാടില്ല. ജോയിസ് ജോര്‍ജ്ജും ഡീന്‍ കുര്യാക്കോസും ഇടുക്കി ഭദ്രാസനത്തില്‍ എത്തിയിരുന്നു. ആഗ്രഹം അറിയിച്ച് അനുഗ്രഹം വാങ്ങിപ്പോയതിനപ്പുറം ഒന്നും അവിടെ സംഭവിച്ചില്ല. രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ബിഷപ്പുമാര്‍ വേദിയൊരുക്കി കൊടുക്കുന്നത് എന്തുകൊണ്ട്? ഭാരതത്തിന്റെ ഭരണ സംവിധാനങ്ങള്‍ അത് എഴുതപ്പെട്ടതുപോലെ തന്നെ പോകട്ടെ. സഭയുടേത് വിശുദ്ധലിഖിതത്തില്‍ എഴുതപ്പെട്ടതു പോലെയും.

പൂര്‍വ്വികര്‍ ചെയ്തു പോയ വീഴ്ചകള്‍ ഈ സമൂഹം ക്ഷമിക്കണമേ എന്ന് പറയുവാനുള്ള ആര്‍ജ്ജത്വവും നല്ല മനസ്സാക്ഷിയില്‍ ക്രിസ്തുവിനെ തേടിയുള്ള നിരന്തരമായ അന്വേഷണവും കത്തോലിക്കാ സഭയുടെ പിതാവായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പാ നടത്തിയിട്ടുണ്ട്. അതിനുള്ള അടുത്ത കാലത്തെ എറ്റവും വലിയ ഉദാഹരണമാണ് വംശീയ കലാപം നടക്കുന്ന സുഡാനിലെ രാഷ്ട്രീയ നേതാക്കളുടെ പാദം ചുംബിച്ചുകൊണ്ട് അനുരജ്ഞനത്തിന്റെ പാത നിങ്ങള്‍ തുടരണമെന്ന് ഫ്രാന്‍സീസ് പാപ്പാ അവരോട് അഭ്യര്‍ത്ഥിച്ചത്. ഇത് വളരെ വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. പരിശുദ്ധ പിതാവ് നല്കുന്ന ഈ വലിയ സന്ദേശം വൈദീക ഗണം ഉള്‍ക്കൊള്ളണം. സ്വയം മാറ്റപ്പെടാത്തവര്‍ എന്തു സന്ദേശമാണ് സഭയ്ക്കും സമൂഹത്തിനും നല്‍കുന്നത്?
ഭാരതത്തിലുള്ള എല്ലാ സഭകളുടേയും വേരോട്ടം മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യത്തിനുണ്ട്. ഇന്ത്യന്‍ ഓര്‍ത്ത് ഡോക്സ് ചര്‍ച്ചിന് യുകെയില്‍ ഒത്തിരി സാക്ഷ്യം വഹിക്കുവാനുണ്ട്. ബഹുമാനപ്പെട്ട ഹാപ്പി അച്ചന്റെ നേതൃത്വത്തില്‍ നടത്തുന്ന ആത്മീയ പ്രവര്‍ത്തനങ്ങളെ സഭയൊന്നടങ്കം പ്രത്യേകിച്ച് ഞാനും അതീവസന്തുഷ്ടനാണ്. യുവതലമുറയുടെ വളര്‍ച്ചയില്‍ അച്ചന്റെ സാന്നിധ്യം വിലമതിക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ്.
ഹൃദയപരമാര്‍ത്ഥതയുള്ളവരില്‍ യേശു ജീവിക്കുന്നു. ക്രിസ്തു കേന്ദ്രീകൃതമായ ഒരു ജീവിതത്തിലേയ്ക്ക് നമ്മളെ നാം തിരിച്ചു കൊണ്ടുവരണം. നമ്മുടെ തലമുറകള്‍ നമ്മെ മാതൃകയാക്കാന്‍ തക്കവണ്ണം നമ്മള് മാറണം. ഹൃദയത്തിലാണ് യേശു ആദ്യം ഉയിര്‍ക്കേണ്ടത്. യേശുക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ ഓര്‍മ്മ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും പുതുജീവന്‍ നല്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. യുകെയിലെ എല്ലാ നല്ലവരായ വിശ്വാസ സമൂഹത്തിനും ഈസ്റ്ററിന്റെ മംഗളങ്ങള്‍ നേരുന്നു.