ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
പ്രെസ്റ്റണ്‍, ലീഡ്‌സ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ പുതിയ ചരിത്രമെഴുതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അജപാലനസന്ദര്‍ശനം സമാപിച്ചു. കഴിഞ്ഞ തുടര്‍ച്ചയായ പതിനെട്ടു ദിവസങ്ങളിലായി ഇരുപത്തിമൂന്നു വിവിധ സ്ഥലങ്ങളില്‍ വി. കുര്‍ബാനയര്‍പ്പിക്കുകയും ഇരുപത്തിയെട്ടു മിഷനുകള്‍ സ്ഥാപിക്കുകയും ചെയ്ത കര്‍ദ്ദിനാളിന്റെ മാരത്തോണ്‍ മിഷനറി യാത്രയ്ക്കാണ് ഇന്നലെ ലീഡ്സില്‍ സമാപനമായത്. അതിവിസ്തൃതമായ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധങ്ങളായ സ്ഥലങ്ങളിലേക്കുള്ള സുദീര്‍ഘമായ യാത്രകള്‍ കൂടാതെ ഒരു ദിവസം അയര്‍ലണ്ടിലെ ഡബ്ലിനില്‍ സീറോ മലബാര്‍ സഭയുടെ പുതിയ ആസ്ഥാന മന്ദിരം വെഞ്ചരിക്കാനും കര്‍ദ്ദിനാള്‍ സമയം കണ്ടെത്തി. ഈ അജപാലന യാത്രയിലുടനീളം കര്‍ദ്ദിനാളിനെ അനുഗമിച്ചു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും സെക്രട്ടറി റവ. ഫാ. ഫാന്‍സുവ പത്തിലും ഉണ്ടായിരുന്നു.
അജപാലന സന്ദര്‍ശനത്തിന്റെ സമാപന ദിവസമായിരുന്ന ഇന്നലെ രൂപതയുടെ കത്തീഡ്രലായ പ്രെസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ രാവിലെ 10. 30 നു മാര്‍ ആലഞ്ചേരി ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കി. തിരുക്കര്‍മ്മങ്ങളുടെ തുടക്കത്തില്‍ കത്തീഡ്രല്‍ കവാടത്തില്‍, വികാരി റവ. ഫാ. മാത്യു ചൂരപൊയ്കയില്‍ കത്തിച്ച തിരി നല്‍കി രൂപതയ്ക്ക് ആദ്യമായി ലഭിച്ച ദൈവാലയത്തിലേക്കു സഭാതലവനെ സ്വീകരിച്ചു. സഹകാര്‍മികരായി, ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് പോള്‍ സ്വാര്‍ബ്രിക്ക്, വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, ചാന്‍സിലര്‍ വെ. ഫാ. മാത്യു പിണക്കാട്ട്, SMYM രൂപതാ ഡയറക്ടര്‍ റവ. ഡോ. ബാബു പുത്തന്‍പുരക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്സുവ പത്തില്‍ എന്നിവര്‍ വി. കുര്‍ബാനയില്‍ പങ്കുചേര്‍ന്നു. ദിവ്യബലിക്ക് മുന്‍പായി കര്‍ദ്ദിനാള്‍ കുട്ടികളുമായി സംവദിക്കാന്‍ സമയം കണ്ടെത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ 2019 വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനവും കര്‍ദ്ദിനാള്‍ നിര്‍വ്വഹിച്ചു. നിരവധി വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു 4. 15 നു ലീഡ്സ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ‘സെന്റ് മേരീസ് മിഷന്‍’ പ്രഖ്യാപിക്കുകയും ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും ചെയ്തു. ദൈവാലയം നിറഞ്ഞെത്തിയ വിശ്വാസികളുടെ സാന്നിധ്യത്തില്‍ രൂപത ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട് മിഷന്‍ സ്ഥാപന വിജ്ഞാപന പത്രിക (ഡിക്രി) വായിച്ചു. റവ. ഫാ. മാത്യു മുളയോലിക്കു ഡിക്രി നല്‍കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മിഷന്‍ ഡയറക്ടര്‍ ആയി നിയമിച്ചു. തുടര്‍ന്ന് നടന്ന ആഘോഷമായ ദിവ്യബലിയര്‍പ്പണത്തിനു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറല്‍ റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, ലിതെര്‍ലാന്‍ഡ് സമാധാനരാഞ്ജി പള്ളിവികാരി റവ. ഫാ. ജിനോ അരീക്കാട്ട് MCBS, പ്രെസ്റ്റണ് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. സജി തോട്ടത്തില്‍, രൂപത ജുഡീഷ്യല്‍ വികാര്‍ റവ. ഫാ. സോണി കടംതോട്, സെക്രട്ടറി റവ. ഫാ. ഫാന്സുവ പത്തില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു മുളയോലില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായി. പ്രെസ്റ്റണിലും ലീഡ്സിലും ഒരുക്കിയിരുന്ന സ്‌നേഹവിരുന്നില്‍ പങ്കുചേര്‍ന്നു വിശ്വാസികള്‍ സന്തോഷം പങ്കുവച്ചു.
രണ്ടു വര്ഷം മുമ്പ് രൂപതാസ്ഥാപനത്തിനും പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനുമായി വന്നതിനു ശേഷം ആദ്യമായാണ് രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന അജപാലന സന്ദര്‍ശനത്തിനായി സഭാതലവന്‍ രൂപതയിലെത്തുന്നത്. നവമ്പര്‍ 22 നു ഗ്ലാസ്‌ഗോയില്‍ വിമാനമിറങ്ങിയതിന്റെ പിറ്റേന്നുമുതല്‍ ഒരു ദിവസം പോലും വിശ്രമമില്ലാതെയാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ അജപാലന സന്ദര്‍ശനം ഇന്നലെ ലീഡ്സില്‍ പൂര്‍ത്തിയാക്കിയത്. എല്ലായിടങ്ങളിലും അദ്ദേഹം തന്നെയാണ് മിഷന്‍ സ്ഥാപനം നടത്തിയതും ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കിയതും. ഇന്ന് ഉച്ചയ്ക്ക് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നു അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിക്കും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് മെത്രാന്‍ സംഘത്തിന്റെ തലവനും കര്‍ദ്ദിനാളുമായ വിന്‍സെന്റ് നിക്കോളസ്, അപോസ്റ്റോളിക് നുന്‍സിയോ, വിവിധ ലത്തീന്‍ രൂപത മെത്രാന്മാര്‍ എന്നിവരെയും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഈ ദിവസങ്ങളില്‍ സന്ദര്‍ശിച്ചു. ശൈശവാവസ്ഥയിലായിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയോടുള്ള വാത്സല്യത്തില്‍, ക്ഷീണവും മടുപ്പുമെല്ലാം മാറ്റിവച്ചു പുഞ്ചിരിയുമായി ആത്മീയമക്കളെ കാണാനും നിര്‍ദ്ദേശങ്ങള്‍ തരാനായി വന്ന സഭാതലവന്റെ പിതൃവാത്സല്യത്തിന് മുന്‍പില്‍, നന്ദി നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് രൂപതാകുടുംബം അദ്ദേഹത്തെ ഇന്ന് യാത്രയാകുന്നത്.
രൂപതാമെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന് ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍. വ്യക്തമായ ആസൂത്രണത്തോടെയും ചിട്ടയായ കഠിനാദ്ധ്വാനത്തിലൂടെയും അദ്ദേഹം നല്‍കിയ ശക്തമായ നേതൃത്വമാണ് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഈ ത്വരിത വളര്‍ച്ചയ്ക്ക് പിന്നില്‍. സെക്രട്ടറി റെവ. ഫാ. ഫാന്‍സുവ പത്തിലിന്റെയും വികാരി ജനറാള്‍മാരുടെയും മിഷന്‍ ഡറക്ടര്മാരുടെയും, മറ്റു വൈദികരുടെയും, കമ്മറ്റി അംഗങ്ങള്‍, കൈക്കാരന്‍മാര്‍, വിമെന്‍സ് ഫോറം, ഭക്തസംഘടനകള്‍, മതാധ്യാപകര്‍, കുട്ടികള്‍, വോളന്റിയേഴ്സ് എന്നിവരുടെയെല്ലാം കഠിനാദ്ധ്വാനവും സഹകരണവുമാണ് ഈ വലിയ ദൈവാനുഗ്രഹത്തിനു പിന്നില്‍. കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനത്തിനും യൂവജനവര്‍ഷത്തിന്റെ ആരംഭത്തിനുമായി ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും തിങ്ങിനിറഞ്ഞു വിശ്വാസികളെത്തിയിരുന്നു. പതിനെട്ടു ദിവസം നീണ്ട സഭാതലവന്റെ അജപാലന സന്ദര്‍ശനത്തിലൂടെ രൂപതയ്ക്ക് കൈവന്ന സമൃദ്ധമായ ദൈവാനുഗ്രഹത്തിനു നന്ദി പറയുകയാണ് സഭാമക്കളിപ്പോള്‍.
ഇംഗ്ലണ്ടിലെ ഡല്‍ഹി എന്ന് അറിയപ്പെടുന്ന യു.കെയിലെ ലെസ്റ്ററിന് ഇത് അനുഗ്രഹീത നിമിഷം. 1990 മുതല്‍ ശക്തമായ മലയാളി കുടിയേറ്റത്തിന് ആദ്യ വിത്തുപാകിയ ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ സിറോ മലബാര്‍ സുറിയാനി കത്തോലിക്കാര്‍ക്കായി മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ Fr. George Thomas Chelakkalനെ വികാരിയായി നിയമിച്ചുകൊണ്ടുള്ള നോട്ടിങ്ഹാം രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് Rt Rev Patrick Joseph McKinneyഅറിയിപ്പ് ലെസ്റ്ററിലെ ഇംഗ്ലീഷ് ദേവാലയങ്ങളില്‍ കുര്‍ബാനയില്‍ അറിയിക്കുകയുണ്ടായി. മലയാളികള്‍ ആദ്യകാലം മുതല്‍ ദേവാലയ ശുശ്രുഷയില്‍ പങ്കെടുത്തിരുന്ന മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വികാരിയായുള്ള നിയമനം വിശ്വാസികള്‍ ഏറെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.
താമരശ്ശേരി രൂപതയിലെ St.Alphonsa School കേരളത്തിലെ ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിദ്യാലയമാക്കി ഉയര്‍ത്തി ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ക്കു അര്‍ഹനായ മികച്ച സംഘാടകനും വാഗ്മിയും ആയ Fr. George Thomas Chelakkal സേവനം സിറോമലബാര്‍ സഭയ്ക്കും, വിശ്വാസികള്‍ ഓരോരുത്തര്‍ക്കും മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല. സിറോമലബാര്‍ സഭ മിഷന്‍ യു.കെയിലുടനീളം ആരംഭിക്കുന്ന ഈ വേളയില്‍ പൂര്‍ണമായ ആദ്ധ്യാത്മിക സഭാ സംവിധാനം തുടര്‍ന്നുകൊണ്ട് പോകാനും ഭാവിയില്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള മിഷനായി മാറാനും ജോര്‍ജ് അച്ഛന്റെ നിയമനം സാധ്യമാക്കും.
ദൈവത്തിന്റെ വലിയ ഇടപെടലായും, അനുഗ്രഹമായും, അത്ഭുതവുമായിട്ടാണ് രൂപതാ അദ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിയമനത്തോട് പ്രതികരിച്ചത്. താമരശ്ശേരി രൂപതാ അധ്യക്ഷന്‍ മാര്‍ ഇഞ്ചിയാനില്‍ റെമിജിയൂസ് പിതാവ് ആശംസകള്‍ കൈമാറുകയുണ്ടായി. നോട്ടിങ്ഹാം രൂപതയുടെ ലെസ്റ്ററിലെ വിശ്വാസികളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും തിരുപ്പിറവി സമ്മാനമായി വിശ്വാസികള്‍ ജോര്‍ജ് അച്ഛന്റെ നിയമനത്തെ നോക്കികാണുന്നു. തങ്ങളുടെ വിശ്വാസവും ആരാധനാരീതികളും സഭയോട് ചേര്‍ന്ന് കാത്തുപരിപാലിക്കാനും വളര്‍ത്തുവാനും ഉപകരിക്കും ജോര്‍ജ് അച്ഛന്റെ പുതിയ നിയമനവും പ്രവര്‍ത്തനങ്ങളും. മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ഒന്ന് ചേര്‍ന്ന വിശ്വാസികള്‍ സായാഹ്ന ബലിയില്‍ സമൂഹമായി സ്‌തോത്രഗീതം ആലപിച്ചും പരസ്പരം ആശംസകള്‍ കൈമാറി ഭാവനങ്ങളിലേക്കു മടങ്ങി.
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഡിസംബര്‍ മാസം 12-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വി. ഫ്രാന്‍സീസ് സേവ്യറിന്റെ ഓര്‍മ്മയാചരണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.
തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
5.30 pm കുമ്പസാരം, 6.30 pm ജപമാല , 7.00 pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യസഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street,
Walthamstow,
E17 9HU
ഫാ. ഹാപ്പി ജേക്കബ്
മഹത്വത്തിന്റെ രാജാവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന നാം ത്യാഗത്തിന്റെ അനുസ്മരണ നിര്‍വ്വഹിച്ചു. ഈ ആഴ്ച്ച മറ്റൊരു തലത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ കാലം അസാധ്യമായ അനുഭവങ്ങളുടെ സാധ്യമായ കാലമാണ്. ചില സാഹചര്യങ്ങളും, വ്യക്തികളും ദൈവത്താല്‍ നടത്തപ്പെടുമ്പോള്‍ മാനുഷിക ധാരണകളെ മാറ്റിമറിക്കുന്ന അത്ഭുതങ്ങളുടെ കാലമായി രൂപാന്തരപ്പെടുന്നു.
ഒരു നിരയില്‍ ചിത്രീകരിച്ചിരിക്കുന്ന രണ്ട് സംഭവങ്ങളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുറച്ച് വ്യക്തികളേയും നമുക്ക് ഒര്‍ക്കാം. പൗരോഹിത്യ ക്രമപ്രകാരം ദേവാലയത്തില്‍ധൂപം അര്‍പ്പിക്കുവാന്‍ അവകാശം ലഭിച്ച സഖരിയാവും അവന്റെ ഭാര്യ എലിസബത്തും. അവരെക്കുറിച്ച് വി. വേദപുസ്തകം പരിചയപ്പെടുത്തുന്നത് ”ഇരുവരും ദൈവ സന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്‍പ്പനകളിലും, ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. അവര്‍ക്കുണ്ടായിരുന്ന കുറവ് ഇരുവരും വയസ്സു ചെന്നവരും എലിസബത്ത് മച്ചിയും ആയിരുന്നു. ശ്രദ്ധിച്ചാല്‍ നമുക്ക് മനസിലാക്കാം ദൈവസന്നിധിയില്‍ നിറമുള്ളവരും മനുഷ്യരുടെ കാഴ്ച്ചപ്പാടില്‍ കുറവുള്ളവരും ആയിരുന്നു അവര്‍. എന്നാല്‍ സഖരിയാവ് ദൈവസന്നിധിയില്‍ ധൂപാര്‍പ്പണം നടത്തുകയും ജനം പ്രാര്‍ത്ഥനയില്‍ ആയിരിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഇടയിലെ കുറവ് തീര്‍പ്പാന്‍ ദൈവത്തിന് മനസലിവ് തോന്നി. ദൈവത്തിന്റെ മാലാഖ പ്രത്യക്ഷമായി ദൈവീക സന്തോഷം അവരെ അറിയിക്കുന്നു. സംശയം മനസിലുണ്ടായിരുന്ന സഖരിയാവ് പൈതലിന്റെ ജനനം പൈതലിന്റെ ജനനം വരെയും ഊമയായിരുന്നു. ദൈവികമായ അനുഭവത്തില്‍ നാം ആയിത്തീരുമ്പോള്‍ നമ്മുടെ ഇടയിലും സാധ്യമാകുന്ന അനുഭവങ്ങള്‍ ഉണ്ടാകും.
എന്നാല്‍ ഇന്ന് എന്താണ് നമുക്ക് സംഭവിക്കുന്നത്. നാം എല്ലാവരെയും മനുഷ്യരുടെ ഇടയില്‍ നിറമുള്ളവരും ദൈവ സദസില്‍ കുറവുള്ളവരുമായിരിക്കുന്നു. പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ദൈവം പ്രവര്‍ത്തിക്കും ദൈവാലയത്തില്‍ ചെന്നാലോ പ്രാര്‍ത്ഥനക്കായി ഒരുക്കത്തോടെ നില്‍ക്കുന്നവര്‍ വിരളം.
ഭൗതിക കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നവരാണ് അധികവും. ഉടുത്തൊരുങ്ങി സ്വയം പ്രദര്‍ശന വസ്തുവായി വരുവാന്‍ ഒരിടം എന്നതിനേക്കാളുപരി ദൈവ സന്നിധിയിലാണ് നില്‍ക്കുന്നതെന്ന് പോലും ബോധ്യമില്ലാത്തവരല്ലേ നമ്മള്‍. ജീവന്റെയും രക്ഷയുടേയും അപ്പമാകുന്ന തിരുശരീര രക്തങ്ങള്‍ വിഭജിച്ച് നല്‍കുന്ന സമയത്തുപ്പോലും ആരാധന കഴിഞ്ഞ് ഒരുക്കുന്ന വിരുന്നിനും കലാപരിപാടികള്‍ക്കുമല്ലേ നമ്മുടെ ശ്രദ്ധ മുഴുവന്‍. പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ദൈവം പ്രവര്‍ത്തിക്കും. പുരോഹിതനും ശുശ്രൂഷകനും ഒപ്പം ജനവും കൂടി വിശുദ്ധമായി വര്‍ത്തിക്കുന്ന ആരാധനയേ ദൈവ സന്നിധിയില്‍ അംഗീകരിക്കപ്പെടുകയുള്ളു. അപ്പോള്‍ നമ്മുടെ സാന്നിധ്യം ആരാധനയില്‍ അനുഗ്രഹത്തിന് വനിഘാതമാകാതിരിപ്പാന്‍ നാം ശ്രദ്ധിക്കണം.
ഈ സംഭവത്തിന് ശേഷം ആറാം മാസത്തില്‍ ദൈവത്തിന്റെ മാലാഖ മറിയം എന്ന യുവതിക്ക് പ്രത്യക്ഷനായി. അവളോ ജോസഫ് എന്ന വ്യക്തിയുമായി വിവാഹം നിശ്ചയിക്കപ്പെട്ടവളായിരുന്നു. അവളോടായി ദൂതന്‍ പറയുകയാണ്. ” കൃപ നിറഞ്ഞവളെ ! നിനക്ക് സമാധാനം. കര്‍ത്താവ് നിന്നോടുകൂടെ” പരിഭ്രമത്തോടെ നിന്ന മറിയമിനോട് മാലാഖ പറയുകയാണ് ” പരിശുദ്ധത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലാടും” അപ്പോള്‍ മറിയം പൂര്‍ണ വിധേയത്തോടെ കൂടി പ്രതിവചിച്ചു. ” ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം എനിക്ക് ഭവിക്കട്ടെ”.
ഈ രണ്ട് സംഭവങ്ങളും വി. ലൂക്കോസിന്റെ സൂവിശേഷം ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. സമൂഹം എങ്ങനെ കാണാുമെന്നോ, അധികാരികള്‍ എങ്ങനെ വിലയിരുത്തുമെന്നോയെന്ന് ശങ്കിച്ചിരുന്നെങ്കില്‍ ഈ അത്ഭുതങ്ങളോന്നും നടക്കുമായിരുന്നില്ല. ദൈവം നിന്നോട് കൂടെ എന്ന ആശംസയില്‍ മറിയം ധൈര്യം സംഭരിക്കുന്നു. ഇമ്മാനുവല്‍. ദൈവം നമ്മോടുകൂടെ അതാണെല്ലോ ഈ മുഖ്യമായ ആശയവും. നമ്മുടെ രക്ഷയ്ക്കായും വീണ്ടെടുപ്പിനായും രക്ഷകന്റെ ജനനത്തിനായും വിനയത്തോടെ സമര്‍പ്പണത്തോടെ സമര്‍പ്പിച്ച വി. ദൈവ മാതാവിനെ നാം എല്ലാ ശുശ്രൂഷയിലും അനുസ്മരിക്കുന്നു. ”അവന്‍ തന്റെ ദാസിയുടെ താഴ്മയെ നോക്കി കണ്ടിരിക്കുന്നു. ഇന്നുമുതല്‍ എല്ലാ തലമുറകളും ഭാഗ്യവതിയെന്ന് വാഴ്ത്തും” ലൂക്കോസ് 1:48.
ഈ അത്ഭുതങ്ങളുടെയും ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും പെരുന്നാള്‍ ആഘോഷിക്കാനായി നാം തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന ഈ ആഴ്ച്ചയില്‍ ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ആഘോഷങ്ങലില്‍ പ്രധാനം ആണെല്ലോ ക്രിസ്മസ് കരോള്‍. തപ്പും വാദ്യങ്ങളുമായി അലങ്കാരത്തോടും കൂടി നാം വീടുകള്‍ സന്ദര്‍ശിക്കുന്നു. തിരു ജനനത്തിന്റെ സന്തോഷം പങ്കുവെക്കുന്ന അനുഭവം. വി. ലൂക്കോസ് 1:19 പ്രത്യേകം ശ്രദ്ധിക്കുക. സന്തോഷ വര്‍ത്തമാനം അറിയിക്കുന്ന ഗ്ബ്രിയേല്‍ മാലാഖ പറയുന്നു. ” ഞാന്‍ ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആകുന്നു, നിന്നോട് സംസാരിപ്പാനും ഈ സദ്‌വര്‍ത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അറിയിച്ചിരിക്കുന്നു”. ഗാനങ്ങളുമായി ഭവനങ്ങള്‍ തോറും പോകുന്ന ഒരോരുത്തരും ഈ വചനം ശ്രദ്ധിക്കുക. ഈ സന്തോഷം പങ്കുവെക്കാനായാണ് താനും നിയോഗിക്കപ്പെട്ടിരിക്കുന്നത്. ദൈവ സന്നിധിയില്‍ നിന്നുകൊണ്ടാണ് ഈ വാര്‍ത്ത പങ്കുവെക്കേണ്ടത്. അത്രമാത്രം വിശുദ്ധമായ ശുശ്രൂഷയാണ് നാം നിര്‍വ്വഹിക്കുന്നതെന്ന് ഓര്‍ക്കുക. ഗാനാലാപനത്തോടപ്പം ഒരു വേദഭാഗം വായിക്കുവാനും ഒരു നിമിഷം പ്രാര്‍ത്ഥിക്കുവാനും നമുക്ക് കഴിയണം. ഗബ്രിയേലിനെപ്പോലെ അയക്കപ്പെട്ടവരാണ് നമ്മളും.
ഇപ്രകാരം ദൈവമുന്‍പില്‍ നിറമുള്ളവരായി, മനുഷ്യരുടെ ഇടയിലുള്ള അപമാനവും ദൈവത്താല്‍ അകറ്റി ഒരുക്കത്തോടെ ലോക രക്ഷകന് സ്വാഗതം അരുളാന്‍ നമുക്ക് ഒരുങ്ങാം.
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.
ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ആത്മീയ വളര്‍ച്ചയുടെ പുതിയ ഭാവം സമ്മാനിച്ച സഭാതലവന്റെ അജപാലന സന്ദര്‍ശനത്തിനും മിഷന്‍ പ്രഖ്യാപനങ്ങള്‍ക്കും ഇന്ന് സമാപനം. പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയില്‍ ഇന്ന് രാവിലെ വി. കുര്‍ബാനയര്‍പ്പിക്കുകയും വൈകിട്ട് ലീഡ്‌സ് സെന്റ് വില്‍ഫ്രിഡ് ദൈവാലയത്തില്‍ മിഷന്‍ പ്രഖ്യാപനം നടത്തുകയും ചെയ്യുന്നതോടുകൂടി, സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തന്റെ ഇത്തവണത്തെ അജപാലന സന്ദര്‍ശനത്തില്‍ ഇരുപത്തേഴു സീറോ മലബാര്‍ മിഷനുകളും ഒരു സീറോ മലബാര്‍ ക്‌നാനായ മിഷനും സ്ഥാപിക്കുകയും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ രണ്ടു ഇടവക ദൈവാലയങ്ങളില്‍ (കത്തീഡ്രല്‍, ലിതെര്‍ലാന്‍ഡ്) ദിവ്യബലിയര്‍പ്പിക്കുകയും ചെയ്യും. ഇന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബഹു. വൈദികര്‍, വിശ്വാസികള്‍ എന്നിവര്‍ സഭാതലവനൊപ്പം തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും.
മിഷന്‍ പ്രഖ്യാപന ശ്രേണിയില്‍ ഇന്നലെ രണ്ടിടങ്ങളിലായി മൂന്നു മിഷനുകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടു. സെഹിയോന്‍ മിനിസ്ട്രീസ് യു.കെയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ദിവസമായിരുന്ന ഇന്നലെ, ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് ‘സെന്റ് തോമസ് ദി അപ്പോസല്‍’ മിഷന്‍ നോര്‍ത്താംപ്റ്റനും (ഡയറക്ടര്‍, റവ. ഫാ. ബെന്നി വലിയവീട്ടില്‍ MSFS) ‘സെന്റ് ഫൗസ്തിന മിഷന്‍ കേറ്ററിങ്ങും’ (ഡയറക്ടര്‍, റവ. ഫാ. വില്‍സണ്‍ കൊറ്റം) കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞു ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ ഇടവക ദൈവാലയമായ ലിവര്‍പൂളിലെ, ‘ലിതെര്‍ലാന്‍ഡ് സമാധാനരാഞ്ജി’ ദൈവാലയത്തില്‍ വെച്ച് വിരാള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘സെന്റ് ജോസഫ്സ് മിഷന്‍’ വിരാലിന്റെ (ഡയറക്ടര്‍, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍) ഉദ്ഘാടനവും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നിര്‍വ്വഹിച്ചു.
ഇതിനിടയില്‍, ലിവര്‍പൂള്‍ ആര്‍ച്ച്ബിഷപ് മാല്‍കം മാക്മഹോനുമായും ലിവര്‍പൂള്‍ അതിരൂപതയുടെ എമേരിത്തൂസ് സഹായമെത്രാന്‍ വിന്‍സെന്റ് മലോണുമായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെക്രട്ടറി റവ. ഫാ. ഫാന്സുവ പത്തില്‍ എന്നിവരും സന്ദര്‍ശനത്തില്‍ കര്‍ദ്ദിനാളിനോടൊപ്പമുണ്ടായിരുന്നു. ഇന്നലെ നടന്ന മിഷന്‍ പ്രഖ്യാപനങ്ങളിലും വി.കുര്‍ബാനയിലും നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും പങ്കുചേര്‍ന്നു.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ അജപാലന സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്ന് രൂപതയുടെ കത്തീഡ്രല്‍ ദൈവാലയമായ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ (St. Ignatius Square, Preston, PR1 1TT) രാവിലെ 10. 30ന് മാര്‍ ആലഞ്ചേരി ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കും. വൈകിട്ട് 4. 15ന് ലീഡ്സ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ (St. Wilfrid’s Catholic Church, 2a Whincover Bank, Leeds, LS12 5JW) പുതിയ മിഷന്‍ പ്രഖ്യാപിക്കുകയും ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കുകയും ചെയ്യും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു മുളയോലില്‍ എന്നിവരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നിരവധി വൈദികരും വിശ്വാസികളും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു ദൈവത്തിനു നന്ദി പറയും. ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ
സൗത്താംപ്ടണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് സൗത്താംപ്ടണ്‍ കേന്ദ്രമാക്കി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പുതിയ മിഷന്‍ പ്രഖ്യാപിച്ചു. ‘സെന്റ് തോമസ് ദി അപ്പോസ്റ്റല്‍’ എന്ന് പേരിട്ടിരിക്കുന്ന പുതിയ മിഷന്‍ കേന്ദ്രം ഈസ്റ്റിലേയ്, ഹെഡ്ജെന്റ്, സാലിസ്ബറി, സൗത്താംപ്ടണ്‍ എന്നീ വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് രൂപം കൊണ്ടതാണ്. ഇന്നലെ മില്‍ബ്രൂക്കിലുള്ള ഹോളി ട്രിനിറ്റി ദൈവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. ചാക്കോ പനത്തറ, റവ. ഫാ. രാജേഷ് ആനത്തില്‍, സെക്രട്ടറി റവ. ഫാ. ഫാന്സുവ പത്തില്‍ എന്നീ വൈദികരുടെയും നിരവധി വിശ്വാസികളുടെയും സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിഷന്‍ സ്ഥാപന ഡിക്രി, മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ടോമി ചിറക്കല്‍മണവാളന് കൈമാറി.
തുടക്കത്തില്‍ നടന്ന സ്വീകരണത്തിനും സ്വാഗതത്തിനും ശേഷം റവ. ഫാ. രാജേഷ് ആനത്തില്‍ മിഷന്‍ സ്ഥാപന വിജ്ഞാപന പത്രിക (ഡിക്രി) വായിച്ചു. തുടര്‍ന്ന് അഭിവന്യ പിതാക്കന്മാരും മറ്റു വിശിഷ്ടാതിഥികളും തിരിതെളിച്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വി. കുര്‍ബാനയര്‍പ്പിച്ചു വചനസന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന സ്‌നഹേഹവിരുന്നില്‍ പങ്കുചേര്‍ന്നു മിഷന്‍ സ്ഥാപന സന്തോഷം വിശ്വാസികള്‍ പങ്കുവച്ചു.
ഇന്ന് രാവിലെ 9. 15ന് ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (Bethel Convention Center, Kelvin Way, Birmingham, B70 7JW) നടക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനും മിഷന്‍ പ്രഖ്യാപനങ്ങള്‍ക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇവിടെ വെച്ച് സെന്റ് ഫൗസ്തിന മിഷന്‍ കേറ്ററിങ്ങും സെന്റ് തോമസ് ദി അപ്പോസല്‍ മിഷന്‍ നോര്‍ത്താംപ്റ്റനുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ഉച്ചകഴിഞ്ഞു ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ് മാല്‍ക്കം മക്മഹോനുമായി കര്‍ദ്ദിനാള്‍ കൂടിക്കാഴ്ച നടത്തും. മാര്‍ ജോസഫ് സ്രാമ്പിക്കലും കര്‍ദ്ദിനാളിന്റെ അനുഗമിക്കും. വൈകിട്ട് ലിവര്‍പൂളില്‍, ബെര്‍ക്കിന്‍ഹെഡ്ഡ് കേന്ദ്രമായി തുടങ്ങുന്ന സെന്റ് ജോസഫ് മിഷന്റെ ഉദ്ഘാടനവും കര്‍ദ്ദിനാള്‍ നിര്‍വ്വഹിക്കും.
നാളെ വൈകിട്ട് 5. 00 മണിക്ക് ലിവര്‍പൂളില്‍, ലിതെര്‍ലാന്‍ഡില്‍ സീറോ മലബാര്‍ സഭയ്ക്ക് ലഭിച്ച ദൈവാലയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ദിവ്യ ബലിയര്‍പ്പിച്ച വചന സന്ദേശം നല്‍കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും തിരുക്കര്‍മ്മങ്ങളിലേക്കു ഏവരെയും ക്ഷണിക്കുന്നതായും പ്രീസ്റ്റ് ഇന്‍ ചാര്‍ജുമാരും കമ്മറ്റി അംഗങ്ങളും അറിയിക്കുന്നു.
ജോഷി സിറിയക്
യു.കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി.വിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ ഗാന മത്സരത്തിന്റെ രണ്ടാം പതിപ്പ് ഡിസംബര്‍ 8 ശനിയാഴ്ച കവന്‍ട്രിയില്‍ നടക്കും. കവെന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ലബില്‍ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന കരോള്‍ ഗാന മത്സരത്തില്‍ യു.കെയുടെ വിവിധഭാഗങ്ങളില്‍ നിന്നുമായി പതിനഞ്ചോളം ഗായകസംഘങ്ങള്‍ പങ്കെടുക്കും.
മലയാള ചലച്ചിത്ര-ഭക്തിഗാന സംഗീത മേഖലയില്‍ 3600 ലധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ പ്രശസ്ത സംഗീത സംവിധായകനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. യു.കെ ക്രോസ് കള്‍ച്ചറല്‍ മിനിസ്ട്രീസ് ഡയറക്ടറും സുവിശേഷകനുമായ റവ. ഡോക്ടര്‍ ജോ കുര്യന്‍, സീറോ മലബാര്‍ കാത്തലിക് ലണ്ടന്‍ മിഷന്‍ ഡയറക്ടറും പ്രശസ്ത സംഗീതജ്ഞനുമായ റവ. ഫാദര്‍ സെബാസ്റ്റ്യന്‍ ചാമക്കാലായില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.
മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്കൊടുവില്‍, കണ്ണിനും കാതിനും കുളിര്‍മയേകുന്ന സംഗീത വിരുന്നൊരുക്കുവാന്‍ ഇവര്‍ ശനിയാഴ്ച കവെന്‍ട്രിയില്‍ ഒത്തുചേരും. കരോള്‍ ഗാന സന്ധ്യക്ക് നിറംപകരാന്‍ ലണ്ടന്‍ അസഫിയാന്‍സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും അരങ്ങേറും. കഴിഞ്ഞവര്‍ഷത്തേതുപോലെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് നല്‍കുന്ന 1000 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനമായി പ്രൈം മെഡിടെക് എഡ്യൂക്കേഷണല്‍ കണ്‍സള്‍റ്റന്റ്‌സ് നല്‍കുന്ന 500 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, മൂന്നാം സമ്മാനമായി ജിയാ ട്രാവല്‍ നല്‍കുന്ന 250 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും ആണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക.
ആസ്വാദകര്‍ക്കായി സൗജന്യ നിരക്കില്‍ സ്വാദിഷ്ടമായ ഫുഡ് സ്റ്റാള്‍, കേക്ക് സ്റ്റാള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം തികച്ചും സൗജന്യമായ ഈ അസുലഭ സംഗീത സായാഹ്നത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
മത്സരം നടക്കുന്ന വേദിയുടെ വിലാസം:
വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബ്,
റോബിന്‍ഹുഡ് റോഡ്,
കവന്‍ട്രി CV3 3BB,
ക്രിസ്തു കഴിഞ്ഞാല്‍ ദൈവമാതാവിനെ നമ്മള്‍ വണങ്ങും. മാതാവിനെ അംഗീകരിക്കാത്തവരുമായി നമുക്കൊരു ബന്ധവുമില്ല. ആള്‍ക്കാര് മോശമായിട്ടല്ല. ബൈബിള്‍ പാരമ്പര്യത്തിത് വിരുദ്ധമാണ് ഇത്. കാപ്പിപ്പൊടിയച്ചന്‍ എന്ന് കേരള കത്തോലിക്കാ സമൂഹം ഒന്നടങ്കം വിശേഷിപ്പിക്കുന്ന ഫാ. ജോസഫ് പുത്തന്‍പുരയയ്ക്കലിന്റെ ഈ പ്രസംഗം വീണ്ടും പെന്തക്കൊസ്തുകാര്‍ക്കിടയില്‍ ആശയക്കുഴപ്പമായി.. പേട്ടു പാസ്റ്ററുമാരെ നോക്കി സുവിശേഷം പറഞ്ഞു പോകാന്‍ നമുക്ക് പറ്റില്ല. അന്തസ്സുള്ള പാരമ്പര്യം നമ്മുടെ സഭയ്ക്കുണ്ട്. അതിനപ്പുറം നമുക്ക് പോകാനും പറ്റില്ല. തങ്കുവിനും സ്വര്‍ഗ്ഗീയ വിരുന്നുകാരനും പാരമ്പര്യമില്ല. മെത്രാന്റെ വണ്ടിക്കും പള്ളി മുറിക്കും കമന്റ് പറഞ്ഞവന്റെ വീട് മുപ്പത്തിമൂന്ന് കോടി മുപ്പത്തി രണ്ട് ലക്ഷം രൂപതയുടേത്. വളരെ ശക്തമായ ഭാഷയിലായിരുന്നു അച്ചന്റെ പ്രസംഗം.
പെന്തക്കൊസ്താക്കാരേ പേപ്പട്ടിയെപ്പോലെ നേരിടണം എന്ന ഫാ. പുത്തന്‍പുരയ്ക്കലിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെന്തെക്കൊസ്താ വിശ്വാസികള്‍ അതിനെതിരായി ശക്തമായി മുന്നോട്ടുവന്നിരുന്നു. എങ്കിലും ഫലമുണ്ടായില്ല. അതിനു പിന്നാലെയാണ് അച്ചന്റെ രണ്ടാമത്തെ പ്രസംഗം. ഇക്കുറിയും അച്ചന്റെ പ്രസംഗത്തിനെതിരായി നിരവധി പാസ്റ്ററുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അച്ചന്റെ പ്രസംഗം വീണ്ടും വൈയറലാവുകയാണ്. വീഡിയോ കാണുക.
[ot-video][/ot-video]
കര്‍ത്താവീശോമിശിഹായുടെ തിരുപ്പിറവിക്ക് ഒരുക്കമായുള്ള നോമ്പുകാലത്ത് റാംസ്‌ഗേറ്റിലുള്ള ഡിവൈന്‍ ധ്യാന മന്ദിരത്തില്‍ നോമ്പുകാലധ്യാനം നടത്തപ്പെടുന്നു. ഡിസംബര്‍ 14,15,16 തിയതികളിലാണ് ധ്യാനം. ഡിസംബര്‍ 24ന് രാത്രി 12 മണിക്ക് ആഘോഷമായ പിറവി തിരുനാള്‍ കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും.
നോമ്പ് കാലത്ത് ധ്യാനങ്ങളില്‍ പങ്കെടുത്ത് തിരുകുമാരനെ സ്വീകരിക്കുവാന്‍ എല്ലാവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
താമസ സൗകര്യവും ഭക്ഷണവും കാര്‍ പാര്‍ക്കിംഗ് സൗകര്യവും ധ്യാന മന്ദിരത്തില്‍ ഉണ്ടായിരിക്കുന്നതാണ്.
വിലാസം.
Divine Retreat Centre
St. Augustines Abbey
St. Augustines Road, Ramsgate
Kent-CT 11 9PA
കൂടുതല്‍ വിവരങ്ങള്‍ക്ക്.
Fr. Joseph Edattu VC: 07548303824, 01843586904, 0786047817
E-mail: [email protected]
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ലീഡ്‌സിലും സമീപ പ്രദേശങ്ങളിലുമുള്ള സീറോ മലബാര്‍ വിശ്വാസികളുടെ സമൂഹത്തെ ഞായറാഴ്ച്ച മിഷനായി പ്രഖ്യാപിക്കുമ്പോള്‍ വിശ്വാസികളുടെ ചിരകാല സ്വപ്‌നമാണ് പൂവണിയുന്നത്. ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് നാലേകാലോടു കൂടി സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും ഗ്രേറ്റ് ബ്ര്ിട്ടന്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും സ്വീകരിക്കുന്നതിലൂടെയാണ് മിഷന്‍ ഉദ്ഘാടന പരിപാടികള്‍ക്ക് തുടക്കമിടുന്നത്. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മ്മികനാവും. മാര്‍. ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ക്ക് പുറമെ വികാരി. ജനറാള്‍ റവ. ഫാ. മാത്യു ചൂരപ്പൊയ്കയില്‍, റവ. ഫാ. മാത്യു പിണക്കാട് ഉള്‍പ്പെടെയുള്ള നിരവധി വൈദികര്‍ മിന്‍ പ്രഖ്യാപന ചടങ്ങിന് എത്തുന്നുണ്ട്.
ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികള്‍ പല കാര്യങ്ങളിലും ഒരു മുഴം മുന്നേ ചലിക്കുന്നവരും, മാതൃകാപരമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധിക്കപ്പെടുന്നവരുമാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ രൂപികരണത്തിനും മുമ്പു തന്നെ വിശ്വസപരമായ ആവശ്യങ്ങള്‍ക്കായി ദേവലയം ലഭിച്ചതിലൂടെ അനുദിന ദിവ്യബലിയും, എല്ലാ ഞായറാഴ്ച്ചയും വേദപഠനവും ആരംഭിച്ചു. ലീഡ്‌സിലെ സീറോ മലബാര്‍ സമൂഹം ഫാ. മാത്യു മുളോയോലിയുടെ നേതൃത്വത്തില്‍ രൂപതാ തലത്തിലുള്ള എല്ലാ വിശ്വാസ പരിപാടികളിലും സജീവ സാന്നിധ്യമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് ചാപ്ലിന്‍സിക്ക് തുടക്കമിടുന്നത്. ഫാ. ജോസഫ് പൊന്നോത്ത് ആയിരുന്നു ലീഡ്‌സ് ചാപ്ലിന്‍സിയുടെ പ്രഥമ അമരക്കാരന്‍. ലീഡ്‌സിലെ സീറോ മലബാര്‍ വിശ്വാസികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ദേവാലയത്തിന്റെ ഉടമസ്ഥാവകാശം അധികം താമസിയാതെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉടമസ്ഥാവകാശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലീഡ്‌സിന് ഇടവക എന്ന പദവി ലഭിക്കും. ഞായറാഴ്ച്ച നടക്കുന്ന മിഷന്‍ പ്രഖ്യാപന ചടങ്ങിലേക്ക് ഗ്രേറ്റ് ബ്രിട്ടനിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യു മുളയോലില്‍ അറിയിച്ചു.