Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ.

കവന്‍ട്രി: വി. യൗസേപ്പിതാവിന്റെ നാമത്തില്‍ കവന്‍ട്രിയിലെ സീറോ മലബാര്‍ വിശ്വാസകൂട്ടായ്മയെ മിഷനായി പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് കവന്‍ട്രിയിലെ സെന്റ് പാട്രിക് ചര്‍ച്ചില്‍ നടന്ന പ്രഖ്യാപനത്തിനും തിരുക്കര്‍മ്മങ്ങള്‍ക്കും സീറോ മലബാര്‍ സഭ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, പ്രെയ്‌സ്‌റ് ഇന്‍ ചാര്‍ജ് റെവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, സെക്രട്ടറി റെവ. ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികരായി. കവന്‍ട്രിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധിയാളുകള്‍ പ്രഖ്യാപനത്തിനു സാക്ഷികളായി.

വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തതിനുശേഷം റെവ. ഫാ. ജിജി പുതുവീട്ടിക്കളം എസ്. ജെ. മിഷന്‍ സ്ഥാപനത്തിന്റെ ഡിക്രി വായിച്ചു. തുടര്‍ന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരി തെളിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. ബര്‍മിംഗ്ഹാം അതിരൂപത വികാരി ജനറാള്‍ മോണ്‍. തിമോത്തി മെനെസിസ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മിഷനായി പ്രഖ്യാപിക്കപ്പെടുന്നത് മുതല്‍ ഈശോയുടെ മിഷന്‍ നമുക്കെങ്ങനെ തുടരാനാവുമെന്നു ഓരോരുത്തരും ചിന്തിക്കണമെന്ന് വചനസന്ദേശത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. വി. കുര്‍ബാനയില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനായി.

രാവിലെ പതിനൊന്നു മണിക്ക് ഇംഗ്ലണ്ടിലെ അപ്പോസ്‌തോലിക് നുണ്‍ഷിയോ ആര്‍ച്ച്ബിഷപ് എഡ്വേഡ് ജോസഫ് ആഡംസുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കര്‍ദ്ദിനാളിനൊപ്പമുണ്ടായിരുന്നു. കത്തോലിക്കാ സഭയിലെ ഒരു വ്യക്തി സഭയുടെ തലവന്‍ മറ്റൊരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍, അവിടെയുള്ള അപ്പോസ്‌തോലിക് നുണ്‍ഷിയോയെ സന്ദര്‍ശിക്കുക എന്ന പതിവനുസരിച്ചാണ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ആര്‍ച്ച്ബിഷപ് എഡ്വേഡ് ജോസഫ് ആഡംസുമായി ആശയവിനിമയം നടത്തിയത്. ഹ്രസ്വമായ സന്ദര്‍ശനത്തില്‍ മെത്രാന്മാര്‍ പരസ്പരം പ്രാര്‍ത്ഥനാശംസകളും സൗഹൃദവും പങ്കുവച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ.

നോട്ടിങ്ഹാം: നോട്ടിംഗ്ഹാമില്‍ ഇന്ന് ‘സെന്റ് ജോണ്‍സ്’ മിഷന്‍ നോട്ടിങ്ഹാം, ‘സെന്റ് ഗബ്രിയേല്‍’ മിഷന്‍ ഡെര്‍ബി എന്നിവ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. വൈകിട്ട് ആറു മണിക്ക് അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് (3, Thackerays Lane, Woodthorpe, NG5 4HT)ദൈവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, വികാരി ജനറാള്‍ സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റെവ. ഫാ. ജോര്‍ജ്ജ് തോമസ് ചേലക്കല്‍, റെവ. ഫാ. വില്‍ഫ്രഡ് പെരേപ്പാടന്‍, സെക്രട്ടറി റെവ. ഫാ. ഫാന്‍സുവ പത്തില്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റെവ. ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. സ്വാഗതത്തിനും ഡിക്രി വായനക്കും ശേഷം മിഷനുകളുടെ ഉദ്ഘാടനം കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി നിര്‍വഹിക്കും.

വിശുദ്ധരുടെ ഫോട്ടോ അനാച്ഛാദനം ചെയ്യുകയും തിരി തെളിക്കപ്പെടുകയും ചെയ്യും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ നോട്ടിങ്ഹാം, ഡെര്‍ബി, വര്‍ക്സോപ്, ക്ലേ ക്രോസ്സ്, സ്‌കന്‍തോര്‍പ്പ്, ബോസ്റ്റണ്‍, ബര്‍ട്ടന്‍ ഓണ്‍ ട്രെന്‍ഡ്, മാന്‍സ്ഫീല്‍ഡ് എന്നിവിടങ്ങളില്‍ നിന്നും വിശ്വാസികളെത്തും. ഉദ്ഘാടനത്തിനു ശേഷം നടക്കുന്ന വി. കുര്‍ബാനയില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരിക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. എല്ലാവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

നാളെ ഇപ്സ്വിച്ചും നോര്‍വിച്ചും മിഷനുകളായി പ്രഖ്യാപിക്കപ്പെടും. തിരുക്കര്‍മ്മങ്ങള്‍ നടക്കുന്ന ദൈവാലയത്തിന്റെ അഡ്രസ്: സെന്റ് മേരീസ് കത്തോലിക്ക ചര്‍ച്, (322 , Woodbridge Road, Ipswich, IP4 4BD).

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ നവംബര്‍ മാസം 28-ാം തിയതി ബുധനാഴ്ച മംഗള വാര്‍ത്തക്കാലത്തിന് ഒരുക്കമായുള്ള മരിയന്‍ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

വൈകിട്ട് 5.30ന് കുമ്പസാരം, 6.30 ന് ജപമാല, 7.00ന് ആഘോഷമായ വി.കുര്‍ബ്ബാന തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന എന്നിവയുണ്ടായിരിക്കും.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.

പള്ളിയുടെ വിലാസം:
Our Lady and St.George Church, 132 Shernhall Street, Walthamstow, E17 9HU

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ് : ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ലണ്ടന്‍ റീജണിലെ പ്രമുഖ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജിലെ സീറോ മലബാര്‍ സമൂഹം ആത്മീയ-സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധേയമാകുന്നു. തിരുന്നാള്‍ ലളിതമാക്കിക്കൊണ്ടും, പാരീഷംഗങ്ങളുടെ സമര്‍പ്പണ വിഹിതം സമാഹരിച്ചും, ഇംഗ്ലീഷ് പാരീഷംഗങ്ങള്‍ നല്‍കിയ പ്രളയ ദുരിതാശ്വാസ നിധി ചേര്‍ത്തും തിരുപ്പിറവി നോമ്പുകാലത്ത് നാട്ടില്‍ വിവിധ ജീവകാരുണ്യ പ്രവൃത്തികള്‍ ചെയ്യുവാനുള്ള പദ്ധതികളാവിഷ്‌കരിച്ചു.

മരം വെട്ടു തൊഴിലിനിടയില്‍ വീണു കിടപ്പിലാവുകയുകയും ഇപ്പോള്‍ വീല്‍ ചെയറില്‍ സഞ്ചരിച്ചു ലോട്ടറി ടിക്കറ്റും, സോപ്പും, മെഴുതിരിയും മറ്റും വിറ്റു കഷ്ടപ്പെട്ട് ഉപജീവനം കാക്കുന്ന ഒരു വ്യക്തിക്ക് പെട്ടിക്കടയിട്ടു സാധങ്ങള്‍ വാങ്ങി നിറച്ചു കൊടുക്കുവാനും, മൊത്ത വ്യാപാരികളുടെ സഹായം ഭാവിയില്‍ ഉറപ്പിച്ചുകൊണ്ട് ഒരു ജീവിത മാര്‍ഗ്ഗം ശരിയാക്കി കൊടുക്കുവാനുള്ള പദ്ധതിക്ക് പാരീഷ് സമൂഹം രൂപം കൊടുത്തു കഴിഞ്ഞു.

അതോടൊപ്പം തന്നെ അശരണയായ ഒരു പെണ്‍കുട്ടിക്ക് മംഗല്യ സഹായം നല്‍കുവാനും, ജല പ്രളയത്തില്‍ ഇടിഞ്ഞു വീണു പ്ലാസ്റ്റിക്ക് വിരിച്ച പുരക്ക് ഭിത്തികെട്ടി ഓടിട്ടു കൊടുക്കുവാനും, പരസഹായമില്ലാത്ത ഒരു രോഗിക്ക് ചികിത്സാ സഹായം നല്‍കുവാനും തുടങ്ങിയ സല്‍ക്കര്‍മ്മ പദ്ധതികളുമായി സ്റ്റീവനേജ് പാരീഷ് സമൂഹം ഇപ്പോള്‍ സാമൂഹ്യനന്മയുടെ പാതയിലും കൂടുതല്‍ ശ്രദ്ധേയമാവുകയാണ്.

ചങ്ങനാശ്ശേരി അതിരൂപതയിലെ കിളിരൂര്‍, ഇടുക്കിയിലെ ചെറുതോണി, താമരശ്ശേരി രൂപതയിലെ തിരുവമ്പാടി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിച്ചവരിലും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാന്‍ കഷ്ടപ്പെടുന്നവരിലും ചുരുക്കം ചിലര്‍ക്കെങ്കിലും അവിടങ്ങളിലെ ഇടവക പള്ളിയും വിന്‍സന്റ് ഡീ പോള്‍ സൊസൈറ്റിയും കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുവാന്‍ പാരീഷ് കമ്മിറ്റിയുടെ യോഗം തീരുമാനിക്കുകയായിരുന്നു.

ഇതര കത്തോലിക്കാ സമൂഹത്തിനിടയില്‍ വിശ്വാസവും, സ്‌നേഹവും ആര്‍ജ്ജിച്ചു വര്‍ത്തിക്കുമ്പോളും മാര്‍ത്തോമ്മാ കത്തോലിക്കരുടെ മൂല്യവും പാരമ്പര്യവും പൈതൃകവും സംരക്ഷിച്ചുകൊണ്ടും, അതിലുപരി സഭയുടെ വ്യക്തിത്വം നിലനിറുത്തിക്കൊണ്ടും തന്നെ ഇംഗ്ലീഷ് ദേവാലയത്തില്‍ വിവിധ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിച്ചുകൊണ്ട് സ്റ്റീവനേജ് സീറോ മലബാര്‍ സഭാ സമൂഹം മാതൃകാപരമായി പ്രവര്‍ത്തിച്ചു വരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ സ്വന്തമായല്ലാത്ത ദേവാലയത്തില്‍ സീറോ മലബാര്‍ സഭയുടെ മുഴുവന്‍ വിശുദ്ധരുടെയും രൂപങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുവാന്‍ സാധിച്ചത് ഒരു പക്ഷെ സ്റ്റീവനേജില്‍ മാത്രമായിരിക്കും എന്നത് ഏറെ അഭിമാനാര്‍ഹമായ മറ്റൊരു നേട്ടമാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ആത്മീയ പദ്ധതികളിലും പരിപാടികളിലും ഊര്‍ജ്ജസ്വലമായ സഹകരണവും പ്രാര്‍ത്ഥനയും പ്രോത്സാഹനവും ചെയ്തുപോരുന്ന സ്റ്റീവനേജ് സഭാ മക്കള്‍, കുട്ടികളുടെ വര്‍ഷാചരണത്തില്‍ തുടങ്ങിവെച്ച കുട്ടികളുടെ പ്രാര്‍ത്ഥനാ കൂട്ടായ്മ എല്ലാ വെള്ളിയാഴ്ചകളിലും വിവിധ ഭവനങ്ങളില്‍ പരിശുദ്ധാത്മ കൃപയാല്‍ ശക്തമായി സമ്മേളിച്ചു പോരുന്നു.

ഇംഗ്ലീഷ് പാരീഷുമായി ചേര്‍ന്നുള്ള യൂത്ത് സ്പിരിച്വല്‍ മിനിസ്ട്രിയില്‍ യുവജനങ്ങളെ അണിനിരത്തുന്നെണ്ടെങ്കിലും രൂപതയുടെ നിയന്ത്രണത്തിലുള്ള യൂത്ത് മൂവ്‌മെന്റിന്റെ ഭാഗമാക്കുവാന്‍ സ്റ്റീവനേജ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസം യുവജന വര്‍ഷത്തില്‍ നടത്തുവാന്‍ തീരുമാനമായിരിക്കുകയാണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നിയന്ത്രണത്തിലുള്ള വനിതാ ഫോറം സ്റ്റീവനേജില്‍ ശക്തമായ വേരോട്ടം നേടിക്കഴിഞ്ഞു.

മുതിര്‍ന്നവരുടെ പ്രാര്‍ത്ഥനാ ഗ്രൂപ്പ് എല്ലാ വ്യാഴാഴ്ചകളിലും പാരീഷ് ഹാളില്‍ ചേരുമ്പോള്‍ അതിനോടൊപ്പം യൂദാസ് തദേവൂസിന്റെ നൊവേനയും നടത്തിപ്പോരുന്നുവെന്നത് കൂടുതല്‍ അനുഗ്രഹ ദായകമാവുന്നു. നിലവിലുള്ള ദ്വിദിന കുര്‍ബ്ബാനയില്‍ അതാതു മാസങ്ങളിലെ വിശുദ്ധരെ അനുസ്മരിക്കുവാനും, അതുവഴി വിശുദ്ധ ജീവിതങ്ങളെ കൂടുതലായി മനസ്സിലാക്കുവാനും അവസരം ഒരുക്കുന്നത് അംഗങ്ങള്‍ക്ക് ഏറെ ആത്മീയ ഊര്‍ജ്ജം പകരുന്നു.

ആഷിഫ വധം, പ്രളയ ദുരന്തങ്ങള്‍, സഭാ വിഷയങ്ങള്‍ തുടങ്ങിയ സന്നിഗ്ദ വിഷയങ്ങളില്‍ പ്രാര്‍ത്ഥിക്കുവാനും, പ്രതികരിക്കുവാനും സ്റ്റീവനേജ് വിശ്വാസി സമൂഹം അലസത കാട്ടിയിട്ടില്ല. ബൈബിള്‍ കലോത്സവങ്ങളില്‍ നിറമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കുവാന്‍ ലണ്ടന്‍ റീജണിലും രൂപത തലത്തിലും പാരീഷംഗങ്ങള്‍ക്കു സാധിച്ചിരുന്നു. മികവുറ്റ പാരീഷ് ഡ്രാമാ ഗ്രൂപ്പ്, കുട്ടികളുടെ കൊയര്‍ ഗ്രൂപ്പ് എന്നിവ സ്റ്റീവനേജ് കൂട്ടായ്മക്ക് പ്രത്യേകം പ്രൗഢിയേകുന്നവയാണ്.

സ്റ്റീവനേജിലെ രണ്ടു ഇംഗ്ലീഷ് ദേവാലയങ്ങളുടെയും താക്കോലുകള്‍ വര്‍ഷങ്ങളായി കൈവശം വെച്ചുവരുകയും, മലയാളികളില്‍ ആര്‍ക്കെങ്കിലും രോഗമോ മറ്റു പ്രാര്‍ത്ഥനാ സഹായങ്ങളോ ആവശ്യം വരുമ്പോള്‍, ദേവാലയം തുറന്നു പ്രാര്‍ത്ഥിക്കുവാനും അനുമതിയുണ്ട്. പ്രാര്‍ത്ഥനയിലൂടെ അത്ഭുത ദൈവീക സ്പര്‍ശങ്ങളും അടയാളങ്ങളും നേരില്‍ കാണുവാനും അനുഭവിക്കുവാനും കഴിഞ്ഞിട്ടുള്ള ഒരു വലിയ അനുഗ്രഹീത സമൂഹമാണ് സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ.

തിരുപ്പിറവി കുര്‍ബ്ബാനയോടെ ശക്തവും വിപുലവുമായ കൂടുതല്‍ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാസ്സ് സെന്ററായി സ്റ്റീവനേജ് മാറുന്നതിനുള്ള ശ്രമങ്ങള്‍ ഇതോടൊപ്പം നടന്നു വരുകയാണ്.

സ്റ്റീവനേജില്‍ അജപാലനവും ആത്മമീയ നേതൃത്വവും നല്‍കി പോരുന്ന സെബാസ്റ്റ്യന്‍ അച്ചന്റെ നേതൃത്വത്തില്‍ പാരീഷിന്റെ അടിത്തറ ദൃഢമാക്കി ശക്തമായി മുന്നോട്ടു കുതിക്കുമ്പോള്‍ കൂടുതലായ ആല്മീയ തീക്ഷ്ണതയും, സാമൂഹ്യ പ്രതിബദ്ധതയും അംഗങ്ങളില്‍ വര്‍ദ്ധിക്കുന്നുവെന്നത് സ്വാഭാവികം മാത്രം.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

മാഞ്ചസ്റ്റര്‍, സ്റ്റോക് ഓണ്‍ ട്രെന്‍ഡ്: സീറോ മലബാര്‍ വിശ്വാസികളുടെ സാന്നിധ്യം യുകെയില്‍ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നായ മാഞ്ചസ്റ്ററില്‍ ഇന്നലെ രണ്ടു മിഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ‘സെന്റ് തോമസ്’ സീറോ മലബാര്‍ മിഷനും ‘സെന്റ് മേരീസ്’ ക്‌നാനായ മിഷനുമാണ് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നലെ തിരി തെളിച്ചു ഔദ്യോഗികമായി ആരംഭിച്ചത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വൈദികര്‍, വിശ്വാസസമൂഹം തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ മാര്‍ സ്രാമ്പിക്കലിന്റെയും ബെര്‍മിംഗ്ഹാം അതിരൂപത സഹായമെത്രാന്‍ ഡേവിഡ് മാക്ഗൗ, കാനന്‍ ജോണ്‍ ഗില്‍ബെര്‍ട്, വൈദികര്‍, വിശ്വാസികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ‘ നിത്യസഹായമാതാ’ (Our Lady of Perpetual help) മിഷനും ഉദ്ഘാടനം ചെയ്തു. മിഷന്‍ ഉദ്ഘാടനത്തിനു ശേഷം രണ്ടിടങ്ങളിലും മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വി. കുര്‍ബാനക്ക് നേതൃത്വം നല്‍കി.

മാഞ്ചസ്റ്ററില്‍, റീജിയണല്‍ SMYM (Syro Malabar Youth Movement ) ഉം ഇന്നലെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. രൂപത ഡയറക്ടര്‍ റവ. ഫാ. ബാബു പുത്തന്‍പുരക്കല്‍ രാവിലെ ഒരുക്ക സെമിനാര്‍ നടത്തി. മാഞ്ചസ്റ്ററില്‍ മിഷനുകള്‍ ഇരട്ട പിറന്നിരിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പറഞ്ഞു. പിതാക്കന്മാര്‍ക്കു സ്വീകരണം, സ്വാഗതം, മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവയ്ക്കു ശേഷമായിരുന്നു മിഷനുകളുടെ ഉദ്ഘാടനം. മാഞ്ചസ്റ്ററിലും സ്റ്റോക് ഓണ്‍ ട്രെന്‍ഡിലും റവ. ഫാ. സജിമോന്‍ മലയില്‍പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, വോളണ്ടിയേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഇന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ പതിനൊന്നു മണിക്ക് അപ്പോസ്‌തോലിക് നുന്‍സിയോ ആര്‍ച്ച് ബിഷപ് എഡ്വേഡ് ജോസഫ് ആഡംസുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ മിഷനുകളുടെ ശ്രേണിയില്‍ കവന്‍ട്രി ‘സെന്റ് ഫിലിപ്പ് ദി അപ്പോസല്‍’ മിഷന്‍ ഉദ്ഘാടനം ചെയ്യപ്പെടും. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിഷന്‍ പ്രഖ്യാപിക്കും. അഭി. പിതാക്കന്മാര്‍ക്കു സ്വീകരണം, സ്വാഗതം, മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവ ഉദ്ഘാടനത്തിനു മുന്‍പ് നടക്കും. തുടര്‍ന്ന് മാര്‍ ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടക്കും. പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, റവ. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ നോട്ടിംഗ്ഹാമില്‍ ഡെര്‍ബി, നോട്ടിങ്ഹാം മിഷനുകളുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കണ്‍വീനേഴ്സ് അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

ഗ്ലാസ്ഗോ, എഡിന്‍ബൊറോ, ഹാമില്‍ട്ടണ്‍: തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹങ്ങളെ സാക്ഷി നിറുത്തി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സ്‌കോട്‌ലന്‍ഡില്‍ മൂന്നു സീറോ മലബാര്‍ മിഷനുകള്‍ കൂടി പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോണ്‍വാള്‍സ് ദൈവാലയത്തില്‍ ‘സെന്റ് തോമസ്’ മിഷനും ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദൈവാലയത്തില്‍ ‘സെന്റ് അല്‍ഫോന്‍സാ & സെന്റ് ആന്റണി’ മിഷനും വൈകിട്ട് 7.00 മണിക്ക് സെന്റ് കുത്ബര്‍ട്‌സ് ദൈവാലയത്തില്‍ ‘സെന്റ് മേരീസ്’ മിഷനുമാണ് സീറോ മലബാര്‍ സഭാതലവന്‍ ഔദ്യോഗികമായി അറിയിച്ചത്. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ലത്തീന്‍ രൂപത മെത്രാന്മാര്‍, വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സാക്ഷികളായി.

വെള്ളിയാഴ്ച അബര്‍ഡീനില്‍ ‘സെന്റ് മേരീസ്’ മിഷന്‍ പ്രഖ്യാപിച്ചാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയുടെ പുതിയ പടവായ ‘മിഷനു’കള്‍ക്കു തുടക്കമായത്. ദേവാലയ കവാടത്തില്‍ നല്‍കപ്പെട്ട സ്വീകരണങ്ങള്‍ക്കുശേഷം സ്വാഗതവും മിഷന്‍ പ്രഖ്യാപനത്തിന്റെ ഡിക്രിയും വായനയും നടന്നു. തുടര്‍ന്ന് മിഷന്‍ ഔദ്യോഗികമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രഖ്യാപിക്കുകയും തിരി തെളിച്ചു ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനയ്ക്കു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയും മാര്‍ ജോസഫ് സ്രാമ്പിക്കലും നേതൃത്വം നല്‍കി. നിരവധി വൈദികര്‍ സഹകാര്‍മികരായി. സ്‌നേഹവിരുന്നില്‍ പങ്കെടുത്തു വിശ്വാസികള്‍ സന്തോഷം പങ്കുവച്ചു.

ഇന്ന് മാഞ്ചെസ്റ്ററിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലും മിഷന്‍ പ്രഖ്യാപനങ്ങള്‍ നടക്കും. വിഥിന്‍ഷോ സെന്റ് അന്തോണീസ് കത്തോലിക്കാ ദൈവാലയത്തില്‍ (65, Dunkery Road, Wythenshawe, M22 0WR, Manchester) ഉച്ചകഴിഞ്ഞു 2.30 നും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോസഫ് ചര്‍ച്ചില്‍ ( Hall Street, St. Burslem, staffordshire, ST6 4BB) വൈകിട്ട് 6.30 നും മിഷന്‍ പ്രഖ്യാപനങ്ങളും വി. കുര്‍ബാനയും നടക്കും. റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റെവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, മിഷന്‍ രൂപീകരണത്തിനായുള്ള പ്രത്യേക കമ്മറ്റികള്‍, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മാഞ്ചസ്റ്ററില്‍ സെന്റ് തോമസ് മിഷനും സെന്റ് മേരീസ് ക്‌നാനായ മിഷനുമാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മാഞ്ചസ്റ്ററില്‍ മിഷന്‍ പ്രഖ്യാപനത്തോടൊപ്പം SMYM മാഞ്ചസ്റ്റര്‍ റീജിയന്‍ ഉദ്ഘാടനവും നടക്കും. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വല്‍ത്താം സ്റ്റോ : സീറോ മലബാര്‍ സഭയുടെ തലവനായ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഔദ്യോഗിക അജപാലന സന്ദര്‍ശനം ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് ദേവാലത്തില്‍ ഡിസംബര്‍ മാസം 5-ാം തീയതി ബുധനാഴ്ച 6 pmന്.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അജപാലന ശുശ്രൂഷയുടെ ഭാഗമായി വിഭാവനം ചെയ്ത മിഷനുകളുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടത്തുന്നതാണ്. രൂപതയിലെ ലണ്ടന്‍ റീജിയനിലുള്ള ബ്രന്‍ഡ് വുഡ്, വെസ്റ്റ് മിനിസ്റ്റര്‍ ചാപ്ലയിന്‍സികളിലുള്ള മിഷനുകളുടെ പ്രഖ്യാപനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഡിസംബര്‍ മാസം 5 ബുധനാഴ്ച 6.00 pm ന് വല്‍ത്താംസ്റ്റോയിലെ ഔവര്‍ ലേഡി & സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വച്ച് മരിയന്‍ ദിന ശുശ്രൂഷയോടൊപ്പം നടത്തുന്നതാണ്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും അജപാലന സന്ദര്‍ശനത്തിന്റെ ഒരുക്കത്തിനായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം MCBSന്റെയും ഈ വിശുദ്ധ കുര്‍ബ്ബാന കേന്ദ്രങ്ങളിലെ ട്രസ്റ്റിമാരുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്‌ളയിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

കവന്‍ട്രി/ നോട്ടിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ മിഷനുകളുടെ ശ്രേണിയില്‍ മൂന്നു മിഷനുകള്‍ കൂടി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രഖ്യാപിക്കപ്പെടും. കവന്‍ട്രി മിഷനും നോട്ടിംഗ്ഹാമില്‍ ഡെര്‍ബി, നോട്ടിങ്ഹാം മിഷനുകളുമാണ് പ്രഖ്യാപിക്കപ്പെടുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മിഷനുകള്‍ പ്രഖ്യാപിക്കും.

അഭി. പിതാക്കന്മാര്‍ക്കു സ്വീകരണം, സ്വാഗതം, മിഷന്‍ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവ ഉദ്ഘാടനത്തിനു മുന്‍പ് നടക്കും. തുടര്‍ന്ന് മാര്‍ ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടക്കും. ഫാ. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍, ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, ഡി ഹോക് കമ്മറ്റി അംഗങ്ങള്‍, വിമെന്‍സ് ഫോറം, മതാധ്യാപകര്‍, വോളന്റിയേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

അബര്‍ഡീന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആദ്യ മിഷന്‍ സെന്റര്‍ അബര്‍ഡീനില്‍ പിറന്നു. പ്രാര്‍ത്ഥനാ സ്തുതിഗീതങ്ങള്‍ പരിപാവനമാക്കിയ സ്വര്‍ഗീയ നിമിഷങ്ങളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ആദ്യ മിഷന്‍ സെന്റര്‍, അബര്‍ഡീന്‍ ‘സെന്റ് മേരീസ്’ പ്രഖ്യാപിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അബര്‍ഡീന്‍ ലാറ്റിന്‍ ബിഷപ്പ് ഹ്യൂഗ് ഗില്‍ബെര്‍ട്, പ്രീസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് പിണക്കാട്ട്, ബഹു. വൈദികര്‍, നൂറുകണക്കിന് വിശ്വാസികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷികളായി.

ചടങ്ങുകള്‍ക്കെത്തിയ പിതാക്കന്മാരെ പൂച്ചെണ്ടു നല്‍കി ദൈവാലയ കവാടത്തില്‍ സ്വീകരിച്ചു. ദൈവാലയത്തില്‍ പ്രീസ്റ്റ ഇന്‍ ചാര്‍ജ് റവ. ഫാ. ജോസഫ് പിണക്കാട്ട് വിശിഷ്ടാത്ഥികള്‍ക്ക് സ്വാഗതമാശംസിച്ചു. തുടര്‍ന്ന് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജോസഫ് വെമ്പാടുംതറ, മിഷന്‍ പ്രഖ്യാപിക്കുന്നതിനൊരുക്കമായ ഡിക്രി വായിച്ചു. അതിനുശേഷം തിരി തെളിച്ചു അഭി. പിതാക്കന്മാര്‍ മിഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന വി. കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. അബര്‍ഡീന്‍ ലാറ്റിന്‍ ബിഷപ്പ് ഹ്യൂഗ് ഗില്‍ബെര്‍ട്, ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

മദര്‍വെല്‍, ഡന്‍ഡി മെത്രാന്മാരെ മാര്‍ ആലഞ്ചേരി സന്ദര്‍ശിച്ചു.

ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി മദര്‍വെല്‍ ലാറ്റിന്‍ രൂപത ബിഷപ്പ് റെവ. ജോസഫ് ടോള്‍, ഡന്‍ഡി ലാറ്റിന്‍ രൂപത ബിഷപ്പ് റെവ. സ്റ്റീഫന്‍ റോബ്സണ്‍ എന്നിവരുമായി സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി. സ്‌നേഹസൗഹൃദം പുതുക്കിയ ഹ്രസ്വമായ സന്ദര്‍ശനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും കര്‍ദ്ദിനാളിനെ അനുഗമിച്ചു. ഇന്ന് ഗ്ലാസ്ഗോയിലും എഡിന്‍ബോറോയിലും ഹാമില്‍ട്ടണിലും പുതിയ മിഷനുകള്‍ പ്രഖ്യാപിക്കപ്പെടും. തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ആലഞ്ചേരി, മാര്‍ സ്രാമ്പിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രീസ്‌റ് കോ ഓര്‍ഡിനേറ്റര്‍സ്, മറ്റു വൈദികര്‍, അല്മായ വിശ്വാസികള്‍ തുടങ്ങി നൂറുകണക്കിനാളുകള്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും.

ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍. ഓ

ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്‍ട്ടണ്‍: ത്വരിതഗതിയില്‍ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ മുഖമായ മിഷന്‍ സെന്ററുകള്‍ ഇന്ന് മൂന്നു ഇടങ്ങളില്‍ കൂടി പ്രഖ്യാപിക്കും. സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്ഗോ, എഡിന്‍ബറോ, ഹാമില്‍ട്ടണ്‍ എന്നിവിടങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍, സീറോ മലബാര്‍ സഭയുടെ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. മൂന്നിടങ്ങളിലും വൈദികരുടെയും അല്മായ വിശ്വാസികളുടെയും നേതൃത്വത്തില്‍ അഭിവന്ദ്യ പിതാക്കന്മാരെ സ്വീകരിക്കും.

ദേവാലയ കവാടത്തില്‍ എത്തുന്ന പിതാക്കന്മാരെ പൂച്ചെണ്ട് നല്‍കി സ്വാഗതം ചെയ്യും. തുടര്‍ന്ന് നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ പ്രാരംഭഗാനത്തിനും സ്വാഗത പ്രസംഗത്തിനും ശേഷം മിഷന്‍ സ്ഥാപിച്ചു കൊണ്ടുള്ള ഡിക്രീ വായിക്കുകയും തിരി തെളിച്ച് മിഷന്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും. തുടര്‍ന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന നടക്കും. ഇന്നുതന്നെ മൂന്നു സ്ഥലങ്ങളില്‍ മിഷന്‍ പ്രഖ്യാപനങ്ങള്‍ ഉള്ളതിനാല്‍ കൃത്യമായ സമയക്രമം എല്ലായിടത്തും പാലിക്കണമെന്ന് ബഹു. വൈദികര്‍ അറിയിച്ചിട്ടുണ്ട്. മൂന്നിടങ്ങളിലും വി. കുര്‍ബാനക്ക് ശേഷം സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. മൂന്നു ദേവാലങ്ങളുടെയും സമയവും അഡ്രസ്സും:

രാവിലെ 11. 00 മണിക്ക് ഗ്ലാസ്ഗോ സെന്റ് കോണ്‍വാള്‍സ് ദൈവാലയത്തില്‍(21, Hapland Road, Pollok, G53 5NT ) ഉച്ചകഴിഞ്ഞു 3. 00 മണിക്ക് എഡിന്‍ബര്‍ഗ് സെന്റ് കെന്റിഗന്‍ ദൈവാലയത്തില്‍ (Barnton, Edinburg, EH12 8AL)  വൈകിട്ട് 7. 00 മണിക്ക് സെന്റ് കുത്ബര്‍ട്‌സ് ദൈവാലയത്തില്‍ ( 98, High Blantyre Road, Hamilton, ML3 9HW)

നാളെ മാഞ്ചെസ്റ്ററിലും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിലും മിഷന്‍ പ്രഖ്യാപനങ്ങള്‍ നടക്കും. വിഥിന്‍ഷോ സെന്റ് അന്തോണീസ് കത്തോലിക്കാ ദൈവാലയത്തില്‍ (65, Dunkery Road, Wythenshawe, M22 0WR, Manchester) ഉച്ചകഴിഞ്ഞു 2.30 നും സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സെന്റ് ജോസഫ് ചര്‍ച്ചില്‍ ( Hall Street, St. Burslem, staffordshire, ST6 4BB) വൈകിട്ട് 6.30 നും മിഷന്‍ പ്രഖ്യാപനങ്ങളും വി. കുര്‍ബാനയും നടക്കും. റെവ. ഫാ. ജോസ് അഞ്ചാനിക്കല്‍, റവ. ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍, കൈക്കാരന്‍മാര്‍, കമ്മറ്റി അംഗങ്ങള്‍, മിഷന്‍ രൂപീകരണത്തിനായുള്ള പ്രത്യേക കമ്മറ്റികള്‍, വോളണ്ടിയേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏവരെയും തിരുക്കര്‍മ്മങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

RECENT POSTS
Copyright © . All rights reserved