ഫാ. ബിജു കുന്നക്കാട്ട്
പ്രസ്റ്റണ്‍: അനുദിന ജീവിതത്തിന്റെ നിസ്സാര കാര്യങ്ങളില്‍ കൂടുതല്‍ ആകുലരും വ്യഗ്രചിത്തരുമാകാതെ നിത്യജീവന്റെ അനശ്വര വസ്ത്രം സ്വന്തമാക്കാനാണ് ഓരോരുത്തരും അദ്ധ്വാനിക്കേണ്ടതെന്ന് ഫാ. സേവ്യര്‍ ഖാന് വട്ടായില്‍. ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത ഒരുക്കുന്ന ദ്വിതീയ ബൈബിള്‍ കണ്‍വെന്‍ഷന്റെ മൂന്നാം ദിനം പ്രസ്റ്റണ്‍ റീജിയനില്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വചന സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. റീജിയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ ഈ ഏകദിന കണ്‍വെന്‍ഷനില്‍ ആദ്യന്തം സംബന്ധിച്ചു.
ആധുനികതയുടെയും മത്സരങ്ങളുടെയും ഈ ലോകത്തില്‍ നിത്യജീവന്റെ ഒരു പുതിയ സംസ്കാരം രൂപപ്പെടുത്തുകയാണ് ഓരോ ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമെന്ന് ദിവ്യബലിയര്‍പ്പിച്ചു വചന സന്ദേശം നല്കിയ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. പരിഹാസകാരുടെ പീഠങ്ങളില്‍ ഇരിക്കുന്നവര്‍ നിത്യ ജീവിതത്തില്‍ നിന്ന് തങ്ങളെത്തന്നെ അകറ്റുന്നു. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ ഓരോ നിമിഷവും വ്യത്യസ്തങ്ങളാണ്. അത് ആ നിശ്ചയ സമയത്തിലും സ്ഥലത്തിലും നല്‍കുന്നതാണ്. അടുത്ത നിമിഷത്തില്‍ ഇതേ അനുഗ്രഹം ലഭിക്കണമെന്നില്ല. അതിനാല്‍ ദൈവം തരുന്ന ഓരോ നിമിഷവും ഫലപ്രദമായി ഉപയോഗിക്കണമെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ നടന്ന ഇംഗ്ലീഷ് മാര്ട്ടെര്സ് പള്ളി സന്ദര്‍ശിച്ചു രൂപതാധ്യക്ഷനും വട്ടായിലച്ചനും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ഉച്ചകഴിഞ്ഞ് റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ആന്റണി എന്നിവര്‍ വചന ശുശ്രുഷ നയിച്ചു. ദിവ്യകാരുണ്യ ആരാധനയോടെ അഭിഷേകാഗ്നിയുടെ അനുഗ്രഹദിനം സമാപിച്ചു.
അഭിഷേകാഗ്നിയുടെ നാലാം ദിനം ഇന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നടക്കും. നോറിച് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രലില്‍ രാവിലെ ഒന്‍പതു മുതല്‍ ശുശ്രുഷകള്‍ ആരംഭിക്കും (Post Code: NR2 2PA). കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കിയിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയ റീജിയനിലുള്ള എല്ലാ വിശ്വാസികളെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
ബാബു ജോസഫ്
ലണ്ടന്‍: സഹനങ്ങള്‍ കത്തോലിക്കാ സഭയ്ക്ക് വളമേകുകയാണെന്നും സഭയുടെ രണ്ടായിരം വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും അധികം പേര് മാമ്മോദീസ സ്വീകരിച്ചത് ഇക്കാലഘട്ടത്തിലാണെന്നും ഇറാഖിലെയും സിറിയയിലേയും പീഡനങ്ങള്‍ പരിശുദ്ധാത്മാവ് നയിക്കുന്ന സഭയ്ക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിച്ചിട്ടില്ലെന്നും സഭ വളരുകയാണെന്നും ആത്മ ധൈര്യത്തോടെ ഉറക്കെ പ്രഘോഷോച്ചുകൊണ്ട് വന്‍ ജനപങ്കാളിത്തത്തോടെ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടര്‍ റവ.ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വെന്‍ഷനുകള്‍ യുകെയില്‍ ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയില്‍ വിവിധ റീജിയണുകള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നു. രൂപതാദ്ധ്യക്ഷന് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്നു. ഗ്രേറ്റ് ബ്രിട്ടണ് രൂപത ഇവാഞ്ചലൈസേഷന്‍ കോ ഓര്‍ഡിനേറ്റര്‍ റവ.ഫാ.സോജി ഓലിക്കലും അഭിഷേകാഗ്നി ടീമും റീജിയണുകളിലെ മുഴുവന്‍ വൈദികരും കണ്‍വെന്‍ഷനുകളില്‍ ഫാ.വട്ടായിലിനൊപ്പം പങ്കെടുക്കുന്നുണ്ട്.
അഭിഷേകാഗ്നി മിനിസ്ട്രീസ് സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ടീം കുട്ടികള്‍ക്കായുള്ള ശുശ്രൂഷകളും നടത്തുന്നു. ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെ എന്ന അലിഖിത വചനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് സീറോ മലബാര്‍ സഭയ്ക്ക് പ്രത്യേക ദൈവിക പദ്ധതിയുടെ ഭാഗമായി ഗ്രേറ്റ് ബ്രിട്ടണില്‍ സ്ഥാപിതമായ രൂപതയുടെ രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷനായി മാഞ്ചസ്റ്റര്‍ റീജിയണ്‍ കേന്ദ്രീകരിച്ച് ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ.ഫാ.സേവ്യര്‍ ഖാന് വട്ടായില്‍ നയിക്കുന്ന കണ്വെന്ഷന് മാഞ്ചസ്റ്ററില്‍ നവംബര്‍ 3 ന് നടക്കും. ബിഷപ്പ് മാര്‍.ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
രൂപത വികാരി ജനറാള്‍ റവ.ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടക സമിതി ചാപ്ലയിന്മാരായ ഫാ.ജോസ് അഞ്ചാനി, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. വിവിധ മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക കുരിശിന്റെ വഴി, ജപമാല, ദിവ്യകാരുണ്യ ആരാധനകള്‍ എന്നിവ നടന്നുവരുന്നു. കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടക്കുന്നു.
സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 3ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകള്‍ നടക്കുക. കണ്‍വെന്‍ഷനിലേക്ക് ഫാ.മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തിലുള്ള റീജിയണല്‍ സംഘാടകസമിതി മുഴുവനാളുകളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.
അഡ്രസ്സ്
BEC ARENA
LONG BRIDGE ROAD
TRAFFORD PARK
MANCHESTER
M17 1SN.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സാജു വര്‍ഗീസ് (ജനറല്‍ കണ്‍വീനര്‍) 07809827074
ഫാ. ബിജു കുന്നക്കാട്ട് PRO
പ്രെസ്റ്റണ്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘രണ്ടാമത് അഭിഷേകാഗ്നി ഏകദിന ബൈബിള്‍ കണ്‍വെന്‍ഷ’ന്റെ മൂന്നാം ദിനം ഇന്ന് പ്രെസ്റ്റണ് റീജിയനില്‍ നടക്കും. രൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ പ്രെസ്റ്റണ് സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തില്‍ (St. Alphonsa Immaculate Conception Cathedral, Preston, PR1 1TT) രാവിലെ ഒന്‍പതു മണിക്ക് ആരാധനാ സ്തുതിഗീതങ്ങളോടെ പ്രാര്‍ത്ഥന ശുശ്രുഷകള്‍ ആരംഭിക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെഹിയോന്‍ മിനിസ്ട്രിസ് ഡിറക്ടറും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റെവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍, കത്തീഡ്രല്‍ വികാരി റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ തുടങ്ങിയവര്‍ ശുശ്രുഷകള്‍ക്കു നേതൃത്വം നല്‍കും. റീജിയണിലെ സീറോ മലബാര്‍ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കും.
പ്രാരംഭ പ്രാര്‍ത്ഥനകള്‍, ആരാധനാസ്തുതിഗീതങ്ങള്‍, വെഞ്ചരിപ്പ് പ്രാര്‍ത്ഥന, വചനപ്രഘോഷങ്ങള്‍, വി. കുര്‍ബാന, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ ശുശ്രുഷകള്‍ വിശ്വാസികള്‍ക്ക് പുത്തന്‍ പന്തക്കുസ്ത അനുഭവം സമ്മാനിക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ ഒരുക്കിയിട്ടുണ്ട്. (കുട്ടികള്‍ സമ്മേളിക്കുന്ന സ്ഥലം: English Martyrs & St. Thomas of Canterbury Church, Preston, PR1 1NA.) പ്രെസ്റ്റണ് റീജിയണു കീഴിലുള്ള പതിനഞ്ചിലധികം വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് വിശ്വാസികള്‍ കണ്‍വെന്‍ഷനില്‍ സംബന്ധിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കണ്‍വീനറും വികാരി ജനറാളുമായ റെവ. ഡോ. മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു. എല്ലാ വിശ്വാസികളെയും ഈശോയുടെ നാമത്തില്‍ കണ്‍വെന്‍ഷനിലേക്കു സ്വാഗതം ചെയ്യുന്നു.
ശിവകുമാര്‍
നാല്‍പ്പൊത്തൊന്നു ദിവസത്തെ വ്രതം മനസ്സിന് നല്കിയ ചൈതന്യം അതൊരാനന്ദമാണ്, അനുഭൂതിയാണ്, അനുഭവമാണ്.
ആ ചൈതന്യം നാമോരോരുത്തരും അറിയണം. ഓരോ മത വിഭാഗം ആളുകളും അവരവരുടെ നോമ്പ് കാലയളവില്‍ അനുഷ്ഠിക്കുന്ന വ്രതം, അതിലൂടെ അനുഭവിക്കുന്ന ആത്മ സംതൃപ്തി, അതൊന്നും പറഞ്ഞറിയിക്കാനാവില്ല.
കാരണം ഓരോ മനുഷ്യ ഹൃദയങ്ങളിലും അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ദിവ്യ ചൈതന്യം, പഴക്കം ചെന്ന ഏതോ ഒരു ആത്മാവില്‍ നിന്നും ‘ഞാന്‍’ എന്ന ശരീരത്തിലൂടെ കടന്നു പോകുന്നതാണെന്നു ചിന്തിക്കുമ്പോള്‍ തന്നെ ഇന്ന് മനുഷ്യനായി പിറന്നതില്‍, പ്രപഞ്ചത്തിലെ ആ പരബ്രഹ്മ സ്വരൂപത്തെ എത്ര സ്തുതിച്ചാലും മതിയാകില്ല.
കുഞ്ഞുനാളില്‍, അയ്യപ്പനാകാന്‍ വേണ്ടിയെടുത്ത നാല്‍പ്പത്തൊന്നു ദിവസത്തെ കഠിന വ്രതത്തിന്റെ മധുരം ഇന്നും ഒരിളം കാറ്റ് പോലെ എന്നില്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
പമ്പയിലെ നിന്നും ഒഴുകിയെത്തിയതാവാം, ആ ഇളം തെന്നലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അമ്മയുടേയും ചേച്ചിമാരോടൊപ്പം കടലാസ്സില്‍ പൊതിഞ്ഞ കറുത്ത മുണ്ടും തൂവെള്ള തോര്‍ത്തുമായി ഗുരുസ്വാമിയുടെ അരികിലേക്കെത്തുമ്പോള്‍ തോന്നുന്ന ഒരു മാനസിക വികാരമുണ്ടല്ലോ. അതൊന്നനുഭവിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന സുഖം.
കൈയ്യില്‍ കരുതിയിരിക്കുന്ന അയ്യപ്പന്റെ മാലയ്ക്കു ആ സമയം ഒരു സാധാരണ മാലയെന്നു തോന്നുമെങ്കിലും, കറുപ്പണിഞ്ഞു കൂട്ടം നിന്നും ശരണം വിളിയോടെ കഴുത്തിലണിയുമ്പോള്‍ ഉണ്ടാകുന്ന ഒരു അനുഭൂതിയുണ്ടല്ലോ. ആനന്ദമുണ്ടല്ലോ. അതൊന്നു വേറെതന്നെയാ.
ശരണം വിളിയോടെ മാലയിടുമ്പോള്‍, അറിയാതെ മിഴിയടയും, അപ്പോള്‍ അറിയാതൊഴുകുന്ന മിഴിനീരുണ്ടല്ലോ. പറയാനാവില്ല.
ഗുരുസ്വാമിയുടെ കാല്ക്കല് സ്രാഷ്ടാംഗം വീണു നമസ്കരിച്ചെഴുന്നേല്‍ക്കുമ്പോള്‍, അമ്മയുടെയും ചേച്ചിമാരുടെ മിഴികളും നിറഞ്ഞിട്ടുണ്ടാവും. അമ്മയുടെ കാല് തൊട്ടു വന്ദിക്കുമ്പോള്‍, ആ ഹൃദയമിടിപ്പും അറിയാന്‍ സാധിക്കും.
അച്ഛനില്ലാത്തതിന്റെ വേദന, ‘അയ്യപ്പന്റെ നക്ഷത്രക്കാരനായ’ മകനറിയരുതെന്ന ചിന്തയാവാം അമ്മയ്ക്കെന്നും.
കാലില്‍ ചെരുപ്പിടാതെ, മത്സ്യ-മാംസാദികള്‍ ഉപേക്ഷിച്ചു, പുലര്‍ച്ചെ ഇളം തെന്നലില്‍ ശരണം വിളിയോടെ എഴുന്നേറ്റു, കുളിച്ചു അമ്പലത്തില്‍പോയി പ്രാര്‍ത്ഥിച്ചു, നാമ ജപത്തോടെ കഴിഞ്ഞു കൂടുന്ന നാല്‍പ്പത്തൊന്നു നാള്. അപ്പോഴേക്കും മനസ്സ് ഒരു ‘അയ്യപ്പനായി മാറിയിരിക്കും.
‘ഒരു കാര്യം തന്നെ ഇരുപത്തൊന്നു ദിവസം’ നിര്‍ത്താതെ ചെയ്യുമ്പോഴേക്കും അതിലലിഞ്ഞുചേരും ഓരോ മനുഷ്യ മനസ്സും .അപ്പോള്‍ നാല്‍പ്പത്തൊന്നു നാള് മനസ്സനുഭവിക്കുന്ന ‘ഒരനുഭൂതി’ വല്ലാത്തതാണ്.
നാല്പ്പത്തൊന്നാം നാള് കഴിഞ്ഞു ആ പുണ്യ മലയിലേക്കു പുറപ്പെടുമ്പോള്‍, എങ്ങനെയൊക്കെയോ കരുതിവച്ച പണം അമ്മ കയ്യില്‍ തരുമ്പോള്‍, മനസ്സൊന്നു പിടയും. ഒപ്പം ചേച്ചിമാരും അവരുടെതായ ‘ചെറു മണികള്‍ പോലെ’ കരുതിവച്ച പണം കൂടപ്പിറപ്പിനു നല്കുമ്പോള് അറിയാതെ മിഴി നിറയും.
ശരണം വിളിയോടെ ഇരുമുടിക്കെട്ടുമായി തേങ്ങയുടച്ചു പടിവാതില്‍ ഇറങ്ങുമ്പോള്‍, നെഞ്ചോടു കൈകൂപ്പി, അയ്യപ്പനെന്ന ‘എന്നെ’ ശബരിമലയ്ക്കു യാത്രയയയ്ക്കുമ്പോഴുള്ള അമ്മയുടെ ആ മുഖമുണ്ടല്ലോ. ആ ഒരു അനുഭൂതിയുണ്ടല്ലോ. അതനുഭവിച്ചറിയണം.
മരത്തിന്റെ ജന്നല്‍ പാളികളിലൂടെ ചേച്ചിമാര്, കൂടപ്പിറപ്പു അയ്യപ്പനായി പോകുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന മിഴിനീരുണ്ടല്ലോ. അതിപ്പോഴും ഹൃദയശംഖിനുള്ളില്‍ എങ്ങോ നിറഞ്ഞിരിക്കയാ.
ആയിരം ശരണം വിളികളാല്‍ നെഞ്ചിന്റെയുള്ളില്‍ ശരണ മന്ത്രങ്ങള്‍ നിറഞ്ഞൊഴുകി, ഒടുവില്‍ പുണ്യമാം പമ്പയിലെത്തി മുങ്ങിക്കുളിക്കുമ്പോള്‍, മനസ്സിന്റെ ചൈതന്യം നിറഞ്ഞൊഴുകിയും, അതിലലിഞ്ഞു ചേരുവോ എന്നും തോന്നിപ്പോകും.
അതൊക്കെ അനുഭവിക്കുവാന്‍ കഴിഞ്ഞതു, ജന്മ പുണ്യമായി കരുതി ശരണം വിളിയോടെ സന്നിധാനത്തേക്ക് നടക്കുമ്പോള്‍,
മലചവിട്ടുമ്പോള്‍ അറിഞ്ഞില്ല ചെരുപ്പിടാതെയാണല്ലോ ഇത്രയും ദൂരം നടന്നതെന്നു. ഓര്‍ത്തപ്പോള്‍ എനിക്കെന്നോട് തന്നെ തോന്നുന്ന ഒരു ആത്മാഭിമാനം ഉണ്ട്. അതും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. (ആ ഒരു ആത്മാഭിമാനം ഓരോ അയ്യപ്പനും തോന്നും ആ നേരം).
ഒടുവില്‍ മനസ്സ് നിറയെ കാണാന്‍ കൊതിച്ച സ്വര്‍ണപതക്കമാം പതിനെട്ടാം പടിയിലെത്തുമ്പോഴുണ്ടാകുന്ന നിര്‍വൃതിയുണ്ടല്ലോ. അതൊന്നു വല്ലാത്തതാണ്.
കയ്യില്‍ കരുതിയ നെയ്ത്തേങ്ങ (നാളികേരം ശരീരവും , അതിനുള്ളില്‍ നിറയ്ക്കുന്ന നെയ് ആത്മാവുമാണെന്നു സങ്കല്പ്പിച്ചു) നെഞ്ചോടു ചേര്‍ത്തുവച്ചു ശരണം വിളിയോടെ ”തന്ടെ മനസ്സിനെ ഇനിയും ഉയര്‍ത്തീടണമേയെന്നു” പ്രാര്‍ത്ഥിച്ചു, പതിനെട്ടാം പടിക്കരികെയുള്ള ‘ആഴിയിലെറിയുമ്പോള്‍’. നിറമിഴിയോടെ, അറിയാതെ ആ ആല്‍മരത്തിന്റെ ഇലകളിലേക്കു നോക്കിപ്പോകും. കാരണം ഇത്രയും അധികം നാളികേരത്തിനില്‍ നിന്നും ഉയരുന്ന, കത്തിജ്വലിക്കുന്ന തീയിലും, പുകയിലും വാടാതെ, കുളിര്‍മയോടെ പുഞ്ചിരിതൂകുന്ന ഓരോ ഇലകളെയും നോക്കിനിന്നുപോകും. ഒരു മഹാത്ഭുതമായി തോന്നുന്ന ആ ആഴിയില്‍ അറിയാതെ പ്രണമിച്ചുപോകും ഒരോ ഭക്തനും.
ഒടുവില്‍ ആ സോപാന നടയില്‍ കൈകൂപ്പി നില്ക്കുമ്പോള്, ഇരുമിഴികളും തിരുനട തുറക്കുവാന്‍ കാത്തിരിക്കുമ്പോള്‍. ശംഖിന് ധ്വനികളാല്‍, നിലയ്ക്കാത്ത മണിമുഴക്കങ്ങളാല്‍, നെഞ്ചുരുകും ശരണം വിളികളാല്‍ ആ തിരുനട തുറന്നു ‘എന്റെ ഭഗവാനെ’ ആ അയപ്പനെ ഒന്ന് കാണുമ്പോഴുണ്ടാകുന്ന നിര്‍വൃതിയുണ്ടല്ലോ,
ആ മിഴിനീരുണ്ടല്ലോ. അതാര്‍ക്കും മനസ്സിലാവില്ല. ആ സമയത്തു ഓരോ അയ്യപ്പന്റെയും മുഖഭാവങ്ങള്‍ ഉണ്ടല്ലോ. അതൊന്നും ഒരു കാന്‍വാസിലും പകര്‍ത്താനാവില്ല.അതറിയണമെങ്കില്‍. ആ ചൈതന്യം അനുഭവിച്ചറിയണമെങ്കില്‍ ഓരോ മനസ്സും എടുക്കണം. വ്രതശുദ്ധി. മനഃശുദ്ധി. നാല്‍പ്പത്തൊന്നുനാള്‍ സസ്യാഹാരം. എങ്കിലേ സ്വന്തം മനസ്സിന് ഇത്രയും ചൈതന്യം നിറഞ്ഞൊഴുകുന്നത് അറിയാന്‍ സാധിക്കൂ.
‘ഞാന്‍ എന്ന അയ്യപ്പന്’ അനുഭവിച്ചറിയുന്നത് ജീവിതകാലം മുഴുവന്‍ മനം നിറഞ്ഞൊഴുകും.
ഒരിക്കല്‍ കണ്ടാലും മതിയാകാതെ , ആ പുണ്യമാം പരിശുദ്ധാത്മാവിനെ വീണ്ടും വീണ്ടും ഒന്നുകൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എന്നോര്‍ക്കാത്ത ഒരു അയ്യപ്പനും ഇല്ലാതിരിക്കില്ല. ഒടുവില്‍, നടയടച്ചു ഗാനഗന്ധര്‍വന്റെ ‘ഹരിവാരസാനം പാടി അയ്യപ്പനെ ഉറക്കുമ്പോള്‍ ഒഴുകിയെത്തുന്ന ഒരിളം കാട്ടുണ്ടല്ലോ. ഹോ. അതും ഒരോ മനസ്സും അനുഭവിക്കണം. ആ പാട്ടില്‍ ലയിച്ചിരുന്നു, സ്വാമി ശരണമയ്യപ്പ’ എന്ന് അവസാന വരി പാടുമ്പോഴുണ്ടല്ലോ. ഓരോ അയ്യപ്പന്റെ മിഴികളിലും കണ്ണുനീരിന്റെ നനവുണ്ടാകും.ആത്മ സംതൃപ്തി ഉണ്ടാവും.
നടയിറങ്ങുമ്പോള്‍ വീണ്ടും ഒന്ന് തൊഴുതു, തിരിഞ്ഞു നോക്കും.അപ്പോഴും മനസ്സില്‍ ഒരു തീരുമാനമുണ്ടാകും.’ ഞാന്‍ ഇനിയും മാലയിടും. വ്രതശുദ്ധിയെടുക്കും. എന്റെ അയ്യപ്പനെ കാണും. ഇനിയും ഇനിയും.’
തിരികെ വീട്ടിലെത്തുമ്പോള്‍, കെടാതെ കത്തിച്ചുവെച്ച വിളക്കില്‍ അരിയിട്ട് അമ്മയുടെ കാല്ക്കല് പ്രണമിക്കുമ്പോള്‍, അമ്മയുടെ മുഖത്തുണ്ടാകുന്ന നിര്‍വൃതിയുണ്ടല്ലോ. അതും വല്ലാത്തതാണ്.
തന്നെ ചേര്‍ത്ത് പിടിച്ചു നെറ്റിയില്‍ മുത്തം തരുന്ന അമ്മയുടെ മുഖമിന്നും ഓര്‍ക്കുമ്പോള്‍ ഇതെഴുതുമ്പോഴും മിഴിനിറയുന്നു.
വീട്ടുകാരോടൊപ്പം അമ്പലത്തില്‍പോയി, ശരണം വിളിയോടെ ഗുരുസ്വാമി മാലയഴിച്ചു ആ മാല ആല്മരച്ചുവട്ടില് വയ്ക്കുമ്പോള്‍. മനസ്സില്‍ വീണ്ടും ഒരേ ഒരു ചിന്ത മാത്രമാണ്. അടുത്ത വൃശ്ചികമാസത്തിനായ്. തന്നെ തഴുകി ഉണര്‍ത്തുന്ന ആ ഇളം കാറ്റിനായ്.
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഒക്ടോബര്‍ മാസം 24-ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷയും, അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു.
5.30pmന് കുമ്പസാരം, 6.30pm ജപമാല, 7.00pm ആഘോഷമായ വി.കുര്‍ബ്ബാന, തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധന.
തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്ളിന്‍ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
പള്ളിയുടെ വിലാസം:
Our Lady and St.George Church,
132 Shernhall Street, Walthamstow,
E17 9HU
സ്റ്റീവനേജ്: വെസ്റ്റ് മിനിസ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ ജപമാല രാജ്ഞിയുടെ തിരുന്നാളും, ദശ ദിന കൊന്ത സമര്‍പ്പണ സമാപനവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. സ്റ്റിവനേജിലും പ്രാന്തപ്രദേശങ്ങളിലും നിന്നുമായും വന്നെത്തിയ മരിയന്‍ ഭക്തര്‍ക്ക് അനുഗ്രഹ സാഫല്യത്തിന്റെ അനുഭവമായി മാറിയ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലയിന്‍ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന് നേതൃത്വം നല്കി.
കുര്‍ബ്ബാന മദ്ധ്യേ ചാമക്കാല അച്ചന് നല്കിയ തിരുന്നാള്‍ സന്ദേശത്തില്‍ ‘മാനവരാശി, അഹങ്കാരത്തിന്റെയും അധാര്‍മ്മികതയുടെയും ബാബേലുകള്‍ അല്ല, മറിച്ച്
എളിമയുടെയും ദൈവാനുഭവത്തിന്റെയും ബഥേലുകള്‍ ആണ് പണിതുയര്‍ത്തേണ്ടത്. ബാബേല്‍ തകര്‍ന്നടിയും. സമാധാനവും സന്തോഷവും നിത്യരക്ഷയും പ്രദാനം ചെയ്യുന്ന ശാശ്വത വിജയം ആണ് ബഥേല്‍ നല്‍കുക. വിശ്വാസികളുടെ ജീവിത മാതൃകയും മാദ്ധ്യസ്ഥയുമായ പരിശുദ്ധ അമ്മ, ദൈവത്തെ പ്രകീര്‍ത്തിക്കുവാന്‍ മാത്രമാണ് തന്റെ ജീവിതം മാറ്റിവെച്ചത്. സഭാ മക്കളും തങ്ങള്‍ ദൈവ മഹത്വത്തിനുതകുന്ന ജീവിത സാക്ഷികളായി വര്‍ത്തിക്കണമെന്നും’ സെബാസ്റ്റ്യന്‍ അച്ചന് ഓര്‍മ്മിപ്പിച്ചു.
സ്റ്റിവനേജിലെ പാരീഷ് വിശ്വാസി സമൂഹം ഒന്നായി ഏറ്റെടുത്തു നടത്തിയ തിരുനാളില്‍ ജപമാല സമര്‍പ്പണത്തിനും, നൊവേനക്കും ശേഷം കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു. സമൂഹ പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതാവിന്റെ രൂപം വെഞ്ചരിക്കല്‍ കര്‍മ്മം, ആഘോഷമായ തിരുന്നാള്‍ വിശുദ്ധ കുര്‍ബ്ബാന, തിരുന്നാള്‍ സന്ദേശം നല്‍കലും തുടര്‍ന്ന് ലദീഞ്ഞും നടന്നു.
മാതാവിന്റെയും, സഭാ പിതാവായ തോമാശ്ലീഹാ, രൂപതയുടെ മാദ്ധ്യസ്ഥയായ വി. അല്‍ഫോന്‍സാമ്മ, കുടുംബങ്ങളുടെ മദ്ധ്യസ്ഥനായ ചാവറ പിതാവ്, പ്രാര്‍ത്ഥനകളുടെ തോഴിയായ വി. ഏവുപ്രയാസ്യാമ്മ, ദേവാലയ മാദ്ധ്യസ്ഥയായ സെന്റ് ഹില്‍ഡ എന്നീ വിശുദ്ധരുടെയും രൂപങ്ങള്‍ വഹിച്ചു കൊണ്ട്, മുത്തുകുടകളുടെ വര്‍ണ്ണാഭമായ അകമ്പടിയോടെ ലുത്തീനിയ ആലപിച്ചു നടത്തിയ പ്രദക്ഷിണം തദ്ദേശീയരുടെ മുമ്പാകെ സഭാ മക്കളുടെ വിശ്വാസ പ്രഘോഷണ റാലിയായി.
തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം സമാപന ആശീര്‍വാദവും മാതാവിന്റെ രൂപം മുത്തലും, നേര്‍ച്ച വിതരണവും, കഴുന്നെടുക്കലും നടന്നു. ലൂട്ടന്‍ അരുണ്‍,ജോര്‍ജ്ജ് മണിയാങ്കേരി, സൂസന് എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളും ചേര്‍ന്ന് നടത്തിയ ഗാന ശുശ്രുഷ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് അവാച്യമായ സ്വര്‍ഗ്ഗീയ അനുഭൂതി പകരുന്നതായിരുന്നു.
കൈക്കാരന്മാരായ സാംസണ്, മെല്വിന് എന്നിവരുടെ നേതൃത്വത്തില്‍ ബെന്നി, സജന്, അജിമോന്, ബോബന്, ടെറീന, സിജോ, ജോയി, തോമസ്, ആനി, പ്രിന്‍സണ്‍, ബിജു, കിരണ്‍, റോയീസ്, അപ്പച്ചന് തുടങ്ങിയവര്‍ തിരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്കി.
തിരുന്നാള്‍ ആഘോഷത്തെ ഗംഭീരവും, അനുഭവവുമാക്കി മാറ്റിയ ഏവര്‍ക്കും ട്രസ്റ്റി സാംസണ് ജോസഫ് നന്ദി പ്രകാശിപ്പിച്ചു. ആഘോഷം ലളിതമാക്കിക്കൊണ്ട്, പാരീഷ് അംഗങ്ങളുടെ ബാക്കിവന്ന തിരുന്നാള്‍ സമര്‍പ്പണ വിഹിതം കേരളത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള സഹായത്തിനായി സന്നദ്ധ സംഘടനകള്‍ മുഖേന നല്‍കുമെന്ന തിരുന്നാള്‍ കമ്മിറ്റി അറിയിപ്പ് മാതൃകാപരമായി.
വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ ഭക്തിസാന്ദ്രവും ഗംഭീരവുമായ തിരുന്നാള്‍ ആഘോശത്തിനു കൊടിയിറങ്ങി. മാതൃ സാന്നിദ്ധ്യ സാഫല്യ അനുഭവം നേടിയാണ് മാതൃ ഭക്തര്‍ സെന്റ് ഹില്‍ഡാ ദേവാലയം വിട്ടത്.
ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ ‘സുവിശേഷവേല’യുടെ ഭാഗമായി രൂപതയെ ശാക്തീകരിക്കുന്നതിനും, പരിശുദ്ധാത്മ കൃപാവരങ്ങള്‍ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനുകള്‍ ലണ്ടന്‍ റീജണല്‍ കണ്‍വെന്‍ഷനോടെ നവംബര്‍ 4നു സമാപിക്കും.
പരിശുദ്ധാത്മ ശുശ്രുഷകളില്‍ കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രുഷകരില്‍ പ്രശസ്തനായ വചന ഗുരുവും, അത്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും പകര്‍ന്നു നല്കുവാന് നിയോഗം ലഭിച്ച അഭിഷിക്തന് സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്റെ തിരുവചന ശുശ്രുഷ ദൈവീക അടയാളങ്ങള്‍ക്കും നിരവധിയായ ഉദ്ധിഷ്ട കാര്യസാദ്ധ്യങ്ങള്‍ക്കും ലണ്ടന്‍ കണ്‍വെന്‍ഷണില്‍ കാരണഭൂതമാവും.
ലണ്ടന്‍ റീജിയണില്‍ ഉടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും, ഉപവാസങ്ങളും, അഖണ്ഡ ജപമാലകളും, വിശുദ്ധ കുര്‍ബ്ബാനകളും, പ്രാര്‍ത്ഥന മഞ്ജരികളുമായി ഈശ്വര ചൈതന്യത്തില്‍ പൂരിതമായ ലണ്ടന്‍ കണ്വെന്ഷന് ഹാരോ ലെഷര്‍ പാര്‍ക്കില്‍ വലിയ അത്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അതിനു നേര്‍സാക്ഷികളാവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഇതൊരു സുവര്‍ണ്ണാവസരം ആവും.
നവംബര്‍ 4നു ഞായറാഴ്ച രാവിലെ 9:00 ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ തിരുവചന ശുശ്രുഷകളും, വിശുദ്ധ കുര്‍ബ്ബാനയും, ആരാധനയും, അത്ഭുത സാക്ഷ്യങ്ങളും, ഗാന ശുശ്രുഷകളും ഉണ്ടാവും. വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും.
കുട്ടികളുടെ ശുശ്രുഷകള്‍ക്കു സെഹിയോന്‍ യു.കെ മിനിസ്ട്രിയുടെ ഡയറക്ടര്‍ സോജി ഓലിക്കല്‍ അച്ചനും ടീമും നേതൃത്വം നല്‍കും.
ഇതര ആഘോഷങ്ങള്‍ക്ക് മാത്രം ആരവങ്ങള്‍ കേട്ട് തഴമ്പിച്ച ‘ഹാരോ ലെഷര്‍ പാര്‍ക്ക്’ 4നു ഞായറാഴ്ച ദൈവ സ്തുതികളുടെയും തിരുവചനകളുടെയും സ്വര്ഗ്ഗീനാദം കൊണ്ട് നിറയുമ്പോള്‍ അതിനു കാതോര്ക്കുവാന് വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേര്‍സാക്ഷികളാവും എന്ന് തീര്‍ച്ച.
നിയന്ത്രിത പാര്‍ക്കിങ് സൗകര്യങ്ങള്‍ ആണ് ധ്യാന വേദിക്കുള്ളത്. തൊട്ടടുത്തു തന്നെയായി മറ്റൊരു പേ പാര്‍ക്കിങ് സംവിധാനവും ഉണ്ട്. ഏവരെയും സ്നേഹ പൂര്‍വ്വം കണ്‍വെന്‍ഷനിലേക്കു ക്ഷണിക്കുന്നതായും ധ്യാനം അനുഗ്രഹദായകമാട്ടെയെന്നു ആശംസിക്കുന്നതായും സംഘാടക സമിതിക്കു വേണ്ടി മോണ്‍സിഞ്ഞോര്‍ ഫാ. തോമസ് പാറയടിയില്‍, കോര്‍ഡിനേറ്റര്‍ ഫാ. ജോസ് അന്ത്യാംകുളം (07472801507), ചാപ്ലൈന്മാരായ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ. ഹാന്‍സ് പുതുക്കുളങ്ങര എന്നിവര്‍ അറിയിച്ചു.
ഷാജി വാട്ഫോര്‍ഡ്: 07737702264;
തോമസ് ആന്റണി: 07903867625
ജോമോന് ഹെയര്‍ഫീല്‍ഡ്: 07804691069
Harrow Leisure Centre, Christchurch Avenue,
Harrow, HA3 5BD
ഫാ. ബിജു കുന്നക്കാട്ട്
സ്കോട്ലാന്ഡ്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത നേതൃത്വം നല്കുന്ന ‘രണ്ടാമത് അഭിഷേകാഗ്നി ഏകദിന കണ്‍വെന്‍ഷന്റെ’ രണ്ടാം ദിനം സ്കോട്ലാന്‍ഡിലെ മദര്‍ വെല്‍ സിവിക് സെന്ററില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ലോക പ്രശസ്ത വചന പ്രഘോഷകന് റവ. ഫാ. സേവ്യര്‍ ഖാന് വട്ടായിലും ശുശ്രുഷകളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സ്കോട്ലാന്ഡ് റീജിയണിലെ വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പുതിയ ആത്മീയ അനുഭവത്തിനു സാക്ഷികളായി. റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. ജോസഫ് വേമ്പാടുംതറയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടന്നത്. റീജിയണില്‍ ശുശ്രുഷ ചെയ്യുന്ന വൈദികരും തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മികത്വം വഹിച്ചു.
കര്‍ത്താവിന്റെ ദിവസമായ സാബത്തു ദിവസം വേണ്ടത്ര പ്രാധാന്യത്തോടെ ആചരിക്കാത്തതാണ് ജീവിതത്തില്‍ പലപ്പോഴും വലിയ തകര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് വചന പ്രഘോഷണ മധ്യേ ഫാ. വട്ടായില്‍ പറഞ്ഞു. കര്‍ത്താവിന്റെ ദിവസത്തിന് വേണ്ടത്ര പ്രാധാന്യം കൊടുത്തപ്പോള്‍ അനുഗ്രഹത്തിന്റെ ജീവിതത്തിലേക്ക് മടങ്ങിവന്ന വ്യക്തികളുടെ സാക്ഷ്യങ്ങള്‍ വിശ്വാസികളുടെ ആത്മീയ ബോധ്യങ്ങളെ ഉറപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കു മുന്‍പായി, പ്രാര്‍ത്ഥനയിലും നിശ്ശബ്ദതയിലും ബലിയര്‍പ്പണത്തിനു ഒരുങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു.
പ്രസ്റ്റണ്‍ റീജിയണിലെ കണ്വെന്ഷന് 24 ബുധനാഴ്ച പ്രസ്റ്റണ്‍ സെ. അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് കണ്വെന്ഷന് സമയം. പ്രസ്റ്റണ്‍ റീജിയണിലെ വൈദികരും സന്യാസിനികളും വിശ്വാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യ ബലിയില്‍ മുഖ്യ കാര്‍മ്മികനാവുകയും വചന സന്ദേശം പങ്കുവെയ്ക്കുകയും ചെയ്യും. റവ. ഫാ. സേവ്യര്‍ ഖാന് വട്ടായില്‍, റവ. ഫാ. സോജി ഓലിക്കല്‍ തുടങ്ങിയവര്‍ വചന ശുശ്രുഷ നയിക്കും. ദിവ്യകാരുണ്യ ആരാധനയോടെ തിരുക്കര്‍മങ്ങള്‍ സമാപിക്കും.
ഫാ. ബിജു കുന്നക്കാട്ട്
ഒടുവില്‍ ആ ദിവസങ്ങള്‍ വന്നെത്തി. ഈ വര്‍ഷത്തെ ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബൈബിള്‍ കലോത്സവത്തിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.കലോത്സവം വിജയകരമായി നടപ്പാക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം നടന്നുവരികയാണ്. നവംബര്‍ 10ന് ബ്രിസ്റ്റോളില്‍ വെച്ച് നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായി റീജിയണല്‍ മത്സരങ്ങളില്‍ വിജയിച്ചവരുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജിയണുകള്‍ മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഇന്നാണ്. വിജയികളുടെ വിവരങ്ങള്‍ അതാത് സ്ഥലങ്ങളിലെ കോഡിനേറ്റര്‍മാര്‍ എത്രയും പെട്ടെന്ന് മെയില്‍ ചെയ്യേണ്ടതാണ്.
വിവിധ റീജിയണുകളില്‍ മത്സരിച്ച് വിജയിച്ചവരാണ് രൂപതാ ബൈബിള്‍ കലോത്സവ വേദിയില്‍ അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നത്. നവംബര്‍ 10ന് ബ്രിസ്റ്റോളിലെ ഗ്രീന്‍വേ സെന്ററിലാണ് കലോത്സവം അരങ്ങേറുക. വീറുംവാശിയും പ്രകടനമാക്കിയ റീജിയണല്‍ മത്സരങ്ങളിലെ വിജയികളുടെ കലാശക്കൊട്ടാണ് രൂപതാ ബൈബിള്‍ കലോത്സവം. മാഞ്ചസ്റ്റര്‍ ഒഴികെയുള്ള റീജിയണുകളില്‍ വാശിയേറിയ മത്സരങ്ങള്‍ നടന്നു കഴിഞ്ഞു. മാഞ്ചസ്റ്റര്‍ റീജിയണല്‍ മത്സരങ്ങള്‍ 27നാണ് കലാശക്കൊട്ട് തീര്‍ക്കുക.
ഇതോടെ ബ്രിസ്റ്റോളില്‍ നടക്കുന്ന ബൈബിള്‍ കലോത്സവത്തിനുള്ള കാഹളം മുഴങ്ങും. അന്തിമപോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് റീജിയണല്‍ മത്സരവിജയികള്‍. മത്സരാര്‍ത്ഥികളുടെ വിവരങ്ങള്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍മാര്‍ അയക്കേണ്ട അവസാന തീയതി ഇന്ന് ആണ്.
മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ, ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിലേക്കോ അയയ്ക്കണം.
കലോത്സവത്തോട് അനുബന്ധിച്ച് പുറത്തിറങ്ങുന്ന സുവനീര്‍ അവസാനഘട്ട പണിപ്പുരയിലാണ്. ഈ ആഴ്ചയോടെ ബൈബിള്‍ കലോത്സവത്തിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുന്ന സുവനീര്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫാദര്‍ പോള്‍ വെട്ടിക്കാട്ട്: 07450243223
ജോജി മാത്യു: 07588445030
Kalotsavam Date: 10th November 2018
Venue: Greenway Cetnre, Southmead, Bristol BS10 5PY
www.smegbbiblekalotsavam.com
Email : [email protected]
ബെര്‍മിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപതയുടെ ദ്വിതീയ ബൈബിള്‍ കണ്വെന്ഷന് ‘അഭിഷേകാഗ്നി 2018’ ബെര്‍മിംഗ്ഹാം ബെഥേല്‍ കണ്വെന്ഷന് സെന്ററില്‍ ആരംഭിച്ചു. രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. ഈശോമിശിഹയാകുന്ന വചനത്തെ അവഗണിക്കുന്നവര്‍ തങ്ങളുടെ നിത്യജീവനെത്തന്നെയാണ് അവഗണിക്കുന്നതെന്നു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടന സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. അട്ടപ്പാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന് വട്ടായിലും ടീമുമാണ് ഗ്രേറ്റ് ബ്രിട്ടണിലെ എട്ടു നഗരങ്ങളില്‍ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്വെന്ഷന് നയിക്കുന്നത്.
സഹനത്തിലൂടെയാണ് ക്രിസ്ത്യാനികള്‍ മഹത്വം നേടേണ്ടതെന്നു ഫാ. സേവ്യര്‍ ഖാന് വട്ടായില്‍ വിശ്വാസികളെ ഓര്‍മിപ്പിച്ചു. ‘ഭൂമിയില്‍ ക്രൂശിതനായ ഈശോയോടു താദാത്മ്യം പ്രാപിക്കുന്നവര്‍ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തോടാണ് തങ്ങളെ താദാത്മ്യപ്പെടുത്തുന്നത്. തിരുസ്സഭ പരിശുദ്ധാത്മാവിന്റെ വീടാണ്. എല്ലാ നൂറ്റാണ്ടിലും സഭയില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം പുതിയ പെന്തക്കുസ്താ അനുഭവം നല്കി സഭയെ നയിച്ചത് പരിശുദ്ധാത്മാവാണ്. ഓരോ കാലത്തും സഭയെ നയിക്കാനാവശ്യമായ അഭിഷേകങ്ങളും അഭിഷിക്തരെയും പരിശുദ്ധാതമാവു തരും. തിരുസഭയെ നിരന്തരം നയിക്കുന്നത് പരിശുദ്ധാത്മാവാണ്. ഒരു മനുഷ്യ വ്യക്തിക്കും സഭയെ നവീകരിക്കാനാവില്ല, അത് ദൈവാത്മാവിനേ സാധിക്കു.’ ഫാ. വട്ടായില്‍ കൂട്ടിച്ചേര്‍ത്തു.
കവെന്‍ട്രി റീജിയനില്‍ ശുശ്രുഷ ചെയ്യുന്ന വൈദികര്‍ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായി. റീജിയണല്‍ ഡയറക്ടര്‍ റവ. ഡോ.. സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ സ്വാഗതം ആശംസിച്ചു. ജനറല്‍ കണ്‍വീനര്‍ റവ ഫാ സോജി ഓലിക്കല്‍, കണ്വെന്ഷന് കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര, ഡോ. മനോ ജോസഫ് തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്കി. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷ ഒരുക്കിയിരുന്നു. രണ്ടാം ദിനമായ ഇന്നലെ സ്കോട്ലന്‍ഡിലെ മദര്‍ വെല്‍ സിവിക് സെന്ററില്‍ കണ്വെന്ഷന് നടന്നു.
24 ാം തീയതി ബുധനാഴ്ച പ്രേസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്സെപ്ഷന് കത്തീഡ്രലിലും 25 ാം തീയതി വ്യാഴാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും 27 ാം തീയതി ശനിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്ററിലും 28 ാം തീയതി ഞായറായ്ച ചെല്‍ട്ടണം റേസ് കോഴ്സിലും നവംബര്‍ 3 ാം തീയതി മാഞ്ചസ്റ്ററിലെ ബൗളേഴ്സ് എക്സിബിഷന് സെന്റെറിലും നവംബര്‍ 4 ാം തിയതി ഞായറാഴ്ച ലണ്ടനിലെ ക്രൈസ്റ്റ് ചര്‍ച്ച് അവന്യുവിലുള്ള ഹാരോ ലെഷര്‍ സെന്റെറിലും വെച്ചാണ് കണ്വെന്ഷന് നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്കാണ് സമാപിക്കുന്നത്. കണ്വെന്ഷന് ദിവസങ്ങളില്‍ കൂട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.