ജോഷി സിറിയക്

കവന്‍ട്രി: വിണ്ണില്‍ നിന്നും മണ്ണില്‍ അവതരിച്ച ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്വര്‍ഗീയഗായകര്‍. മാലാഖമാരുടെ സ്വര്‍ഗീയ സംഗീതത്തോടൊപ്പം അവരുടെ സ്തുതി ഗീതങ്ങള്‍ ലയിച്ചുചേര്‍ന്നപ്പോള്‍ കവന്‍ട്രി വില്ലന്‍ഹാള്‍ ഓഡിറ്റോറിയം അതുല്യമായ ആനന്ദപ്രഭയില്‍ മുങ്ങി നിന്നു. ഗര്‍ഷോം ടിവിയും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കിയ രണ്ടാമത് ക്രിസ്മസ് കരോള്‍ഗാന മത്സരം ‘ജോയ് ടു ദി വേള്‍ഡ്-2’ ചരിത്രമായപ്പോള്‍ ബ്രിസ്റ്റോള്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ കിരീടം ചൂടി. മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയര്‍ ലെസ്റ്റര്‍ രണ്ടാം സ്ഥാനവും പീറ്റര്‍ബോറോ ഓള്‍ സെയിന്റ്‌സ് മാര്‍ത്തോമാ ചര്‍ച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങള്‍ യഥാക്രമം സെയിന്റ് ബെനഡിക്ട് മിഷന്‍ ചര്‍ച്ച് ക്വയര്‍ ബിര്‍മിംഗ്ഹാമും വോയിസ് ഓഫ് ഏയ്ഞ്ചല്‍സ് കവന്‍ട്രിയും നേടി.

ഡിസംബര്‍ 8 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആരംഭിച്ച കരോള്‍ ഗാനസന്ധ്യയില്‍ പ്രശസ്ത സംഗീത സംവിധായകനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റ്റീഫന്‍ മുഖ്യാതിഥിയായിരുന്നു. ഗര്‍ഷോം ടിവി മാനേജിങ് ഡയറക്ടര്‍ ബിനു ജോര്‍ജ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടര്‍ന്ന് മുഖ്യാതിഥിയായ സണ്ണി സ്റ്റീഫന്‍ ജോയ് ടു ദി വേള്‍ഡ്-2 ന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. യു.കെ ക്രോസ്സ് കള്‍ച്ചറല്‍ മിനിസ്ട്രിസ് ഡയറക്ടര്‍ റവ.ഡോ. ജോ കുര്യന്‍ ക്രിസ്മസ് സന്ദേശവും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത കമ്മീഷന്‍ ഫോര്‍ ലിറ്റര്‍ജിക്കല്‍ മ്യൂസിക് ഡയറക്ടര്‍ റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആശംസയും അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് സണ്ണി സ്റ്റീഫനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ തിരുനാമകീര്‍ത്തനം എന്നുതുടങ്ങുന്ന ഗാനവും, പിതാവേ അനന്തനന്മയാകും എന്ന ഗാനവും ബിജു കുമ്പനാട് അതിമനോഹരമായി ആലപിച്ചപ്പോള്‍ 3600 ലധികം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും നിരവധി ഗാനങ്ങള്‍ക്ക് രചന നിര്‍വഹിക്കുകയും ചെയ്ത സണ്ണി സ്റ്റീഫന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവായി അത് മാറി.

തുടര്‍ന്ന് വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ തിങ്ങിക്കൂടിയ ആസ്വാദകരുടെ കണ്ണിനും കാതിനും കുളിര്‍മയായി ഇമ്പമാര്‍ന്ന ഈണങ്ങളില്‍ കരോള്‍ ഗാനങ്ങള്‍ പെയ്തിറങ്ങി. യു.കെയിലെ വിവിധ ക്രിസ്തീയസഭകളുടെയും ചര്‍ച്ചുകളുടെയും ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകള്‍ വലിയ മുന്നൊരുക്കത്തോടുകൂടിയാണ് ഈ സംഗീത മത്സരത്തില്‍ പങ്കെടുത്തത്. മാസങ്ങളോളം കഠിനപരിശീലനം നടത്തി അതിമനോഹരമായ വേഷവിധാനത്തില്‍ എത്തിയ ഗായകസംഘങ്ങള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഒന്നാം സമ്മാനമായി അലൈഡ് മോര്‍ട്‌ഗേജ് സര്‍വീസസ് സ്‌പോണ്‍സര്‍ ചെയ്യുന്ന ആയിരം പൗണ്ട് ക്യാഷ് അവാര്‍ഡിന്റെ ചെക്ക് മാനേജിങ് ഡയറക്ടര്‍ ജോയ് തോമസ് വിജയികളായ ബ്രിസ്റ്റോള്‍ ക്‌നാനായ ടീമിന് കൈമാറിയപ്പോള്‍ വിജയികള്‍ക്കുള്ള ട്രോഫി റവ. ഡോ. ജോ കുര്യന്‍ സമ്മാനിച്ചു. രണ്ടാം സമ്മാനമായി പ്രൈം മെഡിടെക് സ്‌പോണ്‍സര്‍ ചെയ്യുന്ന 500 പൗണ്ട് ക്യാഷ് അവാര്‍ഡ് റോജിമോന്‍ വര്‍ഗീസും ട്രോഫി റവ. ഫാ. ജോര്‍ജ് ചേലക്കലും വിജയികള്‍ക്ക് സമ്മാനിച്ചു. മൂന്നാം സമ്മാനമായി ജിയാ ട്രാവല്‍ യുകെ നല്‍കിയ 250 പൗണ്ട് അനി ചാക്കോയും ട്രോഫി ജോമോന്‍ കുന്നേലും വിജയികള്‍ക്ക് നല്‍കി.

മത്സരങ്ങള്‍ക്കൊടുവില്‍ കരോള്‍ ഗാനസന്ധ്യക്ക് നിറം പകരാന്‍ ലണ്ടന്‍ അസാഫിയന്‍സ് ഒരുക്കിയ ലൈവ് ഓര്‍ക്കസ്ട്രയോടുകൂടിയ ശ്രുതിമധുരമായ ഗാനങ്ങള്‍ സദസ്യര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സംഗീത സപര്യയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ, ലണ്ടന്‍ അസാഫിയന്‍സിന്റെ അമരക്കാരനും ഡ്രമ്മറുമായ ശ്രീ ജോയ് തോമസിനെ ഗര്‍ഷോം ടിവിക്കുവേണ്ടി മാനേജിങ് ഡയറക്ടര്‍ ശ്രീ ജോമോന്‍ കുന്നേല്‍ വേദിയില്‍ ആദരിച്ചു.

ജാസ് ലൈവ് ഡിജിറ്റലിന്റെ ശ്രീനാഥും ജിനുവുമാണ് മികച്ച സൗണ്ടും ലൈറ്റും ഒരുക്കി കരോള്‍ മത്സരങ്ങള്‍ക്ക് മിഴിവേകിയത്. ശ്രീ ബിജു കുമ്പനാട്, ശ്രീ ജോബി വര്‍ഗീസ്, ശ്രീ ജെസ്വിന്‍ പടയാട്ടില്‍, ശ്രീ ഷൈമോന്‍ തോട്ടുങ്കല്‍, ശ്രീ ആന്റണി മാത്യു എന്നിവരാണ് കരോള്‍ മത്സരത്തിന്റെ വിധികര്‍ത്താക്കളായി എത്തിയത്. അനില്‍ മാത്യു മംഗലത്ത്, സ്മിത തോട്ടം എന്നിവര്‍ അവതാരകരായി തിളങ്ങി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ലണ്ടന്‍ അസാഫിയന്‍സ് സെക്രട്ടറി ശ്രീ സുനീഷ് ജോര്‍ജ്, ജോയ് ടു ദി വേള്‍ഡ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശ്രീ ജോഷി സിറിയക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ജാതിമതവര്‍ഗ്ഗ ചിന്തകള്‍ക്കതീതമായി എല്ലാവരുടെയും പിന്തുണയോടെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ആഘോഷ സന്ധ്യ എന്ന നിലയില്‍ ജോയ് ടു ദി വേള്‍ഡിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

‘ജോയ് ടു ദി വേള്‍ഡ് 2’ ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ ഉച്ചക്ക് 12 മാണി മുതല്‍ ഗര്‍ഷോം ടിവിയില്‍ സംപ്രേഷണം ചെയ്യും. ‘ജോയ് ടു ദി വേള്‍ഡ് 2’ ഒരു വന്‍ വിജയമാക്കുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കരോള്‍ ഗാനസംഘങ്ങള്‍ക്കും അവര്‍ക്കു പിന്തുണയുമായി എത്തിയ ആസ്വാദകര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ കരോള്‍ ഗാന മത്സരം 2019 ഡിസംബര്‍ 7 ശനിയാഴ്ച കൂടുതല്‍ പങ്കാളിത്തത്തോടെ മികവുറ്റതായിനടത്താനും സംഘാടകര്‍ തീരുമാനിച്ചു.