ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ക്ക് മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്താ ലണ്ടനില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഡെഗനത്തുള്ള സെന്റ് ആന്‍സ് മാര്‍ ഇവാനിയോസ് സെന്റര്‍ ദേവാലയത്തിലാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30ന് പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
യേശുക്രിസ്തുവിന്റെ പീഡാസഹനങ്ങളോട് ഒത്തുചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു.
വിലാസം
St. Anne’s Church Mar Ivanios Centre
Dagenham RM 9 4 SU
ജോര്‍ജ് മാത്യൂ
യേശുക്രിസ്തു തന്റെ പീഡാസഹനത്തിനും കുരിശു മരണത്തിനും മുന്നോടിയായി ശിഷ്യന്മാര്‍ക്കൊപ്പം സെഹിയോന്‍ മാളികയില്‍ അന്ത്യഅത്താഴം ഭക്ഷിച്ചതിനെ അനുസ്മരിച്ച് ബെര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെസഹാ ആചരിച്ചു. സന്ധ്യാ നമസ്‌കാരം, പെസഹാ ശുശ്രൂഷകള്‍, വി. കുര്‍ബാന, പ്രസംഗം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് പെസഹാ ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
മനുഷ്യരക്ഷയ്ക്ക് വേണ്ടി സ്വയം ബലിയായി നല്‍കിയ യേശുക്രിസ്തു നല്‍കുന്ന സന്ദേശവും മാതൃകയും സര്‍ഗാത്മകമായ സമര്‍പ്പണത്തിന്റേതാണെന്നും അതിന് ലോകചരിത്രത്തില്‍ സമാനതകളില്ലെന്നും ഫാ. മാത്യൂസ് കുര്യാക്കോസ് ചൂണ്ടിക്കാട്ടി.
ക്രൈസ്തവ ഹൃദയങ്ങളില്‍ സ്‌നേഹത്തിന്റെ ഊഷ്മളത നിറയാന്‍ ഈ ആചരണം സഹായിക്കുമെന്ന് അച്ഛന്‍ വ്യക്തമാക്കി. ഇടവക ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, നിയുക്ത ട്രസ്റ്റി രാജന്‍ വര്‍ഗ്ഗീസ്, സെക്രട്ടറി ഷിബു തോമസ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ രാവിലെ 8.30ന് ആരംഭിക്കും. ദുഃഖശനിയാഴ്ച രാവിലെ 8-ന് പ്രഭാത നമസ്‌കാരം. തുടര്‍ന്ന് വി. കുര്‍ബാനയും നടക്കും. ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ആരംഭിക്കും. പള്ളിയുടെ വിലാസം.
The Walker Memorial Hall,
Ampton Road, Birmingham,
B 15 2 UJ
ജോണ്‍സണ്‍ ജോസഫ്
ലണ്ടന്‍: ജറുസലേമിലേക്ക് യേശുക്രിസ്തുവിനെ രാജകീയമായി എതിരേറ്റ ജനം ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തിയിലൂടെ സാക്ഷ്യം വഹിച്ചു. ഇതുപോലെ ഈ കാലഘട്ടത്തില്‍ നാം ജീവിക്കുന്ന ചുറ്റുപാടുകളില്‍. നാം യേശുക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നവരാകണമെന്ന് മലങ്കര കത്തോലിക്കാ സഭ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ തിയഡോഷ്യസ് മെത്രാപ്പൊലീത്താ ആഹ്വാനം ചെയ്തു. ലൂട്ടണിലെ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ മിഷനില്‍ ഓശാന ശുശ്രൂഷയുടെ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൂട്ടണിലെയും മാഞ്ചസ്റ്ററിലെയും ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ തിയഡോഷ്യസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ആയതിനുശേഷമുള്ള പ്രഥമ സന്ദര്‍ശന ഭാഗമായാണ് മാര്‍ തിയഡോഷ്യസ് ഇംഗ്ലണ്ടില്‍ എത്തിയിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭയുടെ ലൂട്ടണ്‍, മാഞ്ചസ്റ്റര്‍, ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, ഗ്ലോസ്റ്റര്‍, ക്രോയിഡോണ്‍, നോട്ടിംഗ്ഹാം എന്നീ മിഷനുകളിലും ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചു. വിവിധ മിഷന്‍ കേന്ദ്രങ്ങളിലെ ശുശ്രൂഷകള്‍ക്ക് സഭാ കോര്‍ഡിനേറ്റര്‍ ഫാ. തോമസ് മടുക്കംമൂട്ടില്‍ ചാപ്ലയിന്‍മാരായ ഫാ. രഞ്ചിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോഷി വാഴപ്പിള്ളേത്ത്, ഫാ. വര്‍ഗീസ് വലിയാന്റെ പറമ്പില്‍ എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
രാജേഷ് ജോസഫ്, ലെസ്റ്റര്‍
പെസഹാ അഥവാ കടന്ന് പോകലിനെ തിരുവത്താഴമായി, അന്ത്യ അത്താഴമായി നാം കാണുന്നു. എന്നാല്‍ നമ്മുടെ അനുദിന ജീവിതം സ്‌നേഹത്തിന്റെ, പ്രതീക്ഷയുടെ, കരുണയുടെ, നല്ല സ്പന്ദനങ്ങളുടെ വിരുന്ന് മേശയാണ്. എളിമയുടെ മഹനീയ മാതൃക മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുണ്യദിനം നമ്മുടെ ജീവിതങ്ങളിലൂടെ സ്‌നേഹത്തിന്റെ വിരുന്ന് മേശയായി മാറണം. ഏത് ജീവിതാവസ്ഥയിലും സാഹചര്യങ്ങളിലും കര്‍മ്മ മണ്ഡലങ്ങളിലും നിസ്വാര്‍ത്ഥമായി പാദങ്ങള്‍ കഴുകാനും സ്‌നേഹ ചുംബനം നല്‍കാനും സാധിക്കുന്നുണ്ട് എങ്കില്‍ പെസഹാ ആവര്‍ത്തിക്കപ്പെടുന്നു. ജീവിതം വിശുദ്ധ കുര്‍ബാനയാകുന്നു. ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ ആരാണ് എന്നറിഞ്ഞിട്ടും നിസ്വാര്‍ത്ഥമായ സ്‌നേഹത്തിലൂടെ പാദം കഴുകി വിരുന്ന് മേശ പങ്കുവെച്ച ഗുരു സ്‌നേഹത്തിന്റെ അവസാന വാക്കാണ്.
ആവശ്യത്തിലധികം വരുമാനവും ജീവിത സൗകര്യങ്ങളും ഇന്ന് നമ്മുടെയൊക്കെ വിരുന്ന് മേശകളില്‍ നിന്ന് അര്‍ഹരായവരെ അകറ്റി നിര്‍ത്തുന്നു. മുറിക്കപ്പെടാനാകാതെ വിലപിക്കുന്ന ക്രിസ്തു അവന്റെ രോദനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാം കടന്നു ചെല്ലാം. സ്‌നഹത്തിന്റെ ത്യാഗത്തിന്റെ നല്ല സൗഹൃദങ്ങളുടെ, പരസ്പര സഹായത്തിന്റെ കരുതലിന്റെ വിരുന്ന് മേശ ഒരുക്കാം, മുറിച്ച് പങ്കുവെയ്ക്കാം. ഞാന്‍ നിന്റെ പാദങ്ങള്‍ കഴുകിയില്ല എങ്കില്‍ നീ ഇന്ന് എന്റെ കൂടെയല്ല എന്ന് ഏറ്റുപറയാം.
കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെയുള്ള ജീവിത സ്‌നേഹത്തിന്റെ പുതിയ സന്ദേശമാണ്. മാനവരാശിയുടെ അനുദിന ജീവിത ക്ലേശങ്ങളും സങ്കടങ്ങളും എല്ലാം നമ്മോട് ആവശ്യപ്പെടുന്നത് പരസ്പരം പാദങ്ങള്‍ കഴുകി സഹനത്തിന്റെ സമര്‍പ്പണത്തിന്റെ കുരിശ് യാത്രയിലൂടെ മുന്നോട്ട് നീങ്ങുന്നവനാണ്. കുരിശിന്റെ വഴിയില്‍ സഹജീവികളുടെ മുഖം തുടക്കാനും കണ്ണീരൊപ്പാനും ആശ്വസിപ്പിക്കാനും സാധിച്ചെങ്കില്‍ മാത്രമേ കാല്‍വരിയിലെ ബലിയര്‍പ്പണം അര്‍ത്ഥവത്താവുകയുള്ളൂ. അപ്പോള്‍ പൗലോസിനെപ്പോലെ നമുക്കും പറയാന്‍ സാധിക്കും ഞാന്‍ നല്ലവണ്ണം ഓടി, എന്റെ ഓട്ടം പൂര്‍ത്തിയാക്കി.
രാജേഷ് ജോസഫ്
ഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലെമിലേയ്ക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന ‘ എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ സുവിശേഷ വിവരണങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുമ്പുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം ആചരിക്കുന്നു. യേശു തന്റെ അപ്പോസ്‌തോലന്മാരുമൊത്ത് അവസാനമായിക്കഴിച്ച അത്താഴത്തിന്റെ ഓര്‍മക്കായാണ് ഈ ആചാരം. വിശുദ്ധ ആഴ്ചയിലെ, വിശുദ്ധ ബുധന് ശേഷവും ദുഃഖവെള്ളിക്ക് മുന്‍പുമായി അഞ്ചാം ദിവസമാണ് പെസഹാ വ്യാഴം.
അന്ത്യ അത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം ഉണ്ടാക്കുന്നു. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറിമുറിച്ച് കുരിശുണ്ടാക്കി പെസഹ അപ്പത്തിനു മുകളില്‍വെച്ച് കുടുംബത്തിലെ കാരണവര്‍ അപ്പം മുറിച്ച് ‘പെസഹ പാലില്‍’ മുക്കി ഏറ്റവും പ്രായംകൂടിയ വ്യക്തി മുതല്‍ താഴോട്ട് കുടുംബത്തിലെ എല്ലാവര്‍ക്കുമായി നല്‍കുന്നു.
കുരിശിനു മുകളില്‍ എഴുതുന്ന ‘INRI’ യെ (മലയാളത്തില്‍ ‘ഇന്രി’) അപ്പവുമായി കൂട്ടിവായിച്ച് ഇന്രിയപ്പമെന്ന് പറയുന്നു. കാലക്രമേണ അത് ഇണ്ട്രിയപ്പമെന്നും ഇണ്ടേറിയപ്പമെന്നും പേര്‍ ആയതാണെന്ന് പറയപ്പെടുന്നു. പെസഹ അടുത്തു വരുന്ന ഈ സമയത്ത് പെസഹ അപ്പവും പാലും ഉണ്ടാക്കുന്ന വിധം ഈയാഴ്ച ഉള്‍പെടുത്താം എന്ന് കരുതി.
ചേരുവകള്‍
അരിപ്പൊടി 1 കപ്പ്
ഉഴുന്ന് 1/ 4 കപ്പ്
തേങ്ങ 1 കപ്പ് ചിരകിയത്
വെളുത്തുള്ളി 1 എണ്ണം
കുഞ്ഞുള്ളി 4 എണ്ണം
ജീരകം 1 പിഞ്ച്
വെള്ളം 1 കപ്പ്
പെസഹ അപ്പം ഉണ്ടാക്കുന്ന വിധം
രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തുവച്ച ഉഴുന്ന് പരിപ്പ് നന്നായി അരച്ച് എടുക്കുക. തേങ്ങ, ജീരകം, വെളുത്തുള്ളി, കുഞ്ഞുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്ത് അരച്ച് എടുക്കുക. ഒരു പാത്രത്തിലേയ്ക്ക് അരച്ചു വച്ച പരിപ്പ്, തേങ്ങാ, അരിപ്പൊടി. അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് നല്ല കട്ടിയുള്ള ഒരു ബാറ്റര്‍ ആക്കി ഒരു 20 മിനിറ്റ് വയ്ക്കുക. ഒരു ഇഡലിപാത്രത്തില്‍ ഒരു തട്ടു വച്ച് ഈ ബാറ്റെര്‍ അതിലേയ്ക്ക് ഒഴിക്കുക. ഓശാന ഞായറാഴ്ച പള്ളിയില്‍നിന്നും കിട്ടിയ ഓല ഒരു കുരിശുരൂപത്തില്‍ മധ്യത്തില്‍ വച്ച് ചെറുതീയില്‍ 20 മിനിട്ട് കുക്ക് ചെയ്യുക. അപ്പം നന്നായി വെന്തോ എന്നറിയാന്‍ ഒരു ടൂത്ത്പിക്ക് കൊണ്ട് കുത്തി നോക്കുക. ടൂത്ത് പിക്കില്‍ പറ്റിപ്പിടിച്ചിട്ടില്ല എങ്കില്‍ നന്നായി കുക്ക് ആയി എന്നര്‍ത്ഥം.
പാലുണ്ടാക്കുന്നതിനായി വേണ്ട ചേരുവകള്‍
ശര്‍ക്കര 400 ഗ്രാം
രണ്ടാംപാല്‍ 3 കപ്പ്
ഒന്നാംപാല്‍ 1 കപ്പ്
അരിപ്പൊടി 1/ 4 കപ്പ്
ചുക്ക്‌പൊടിച്ചത് 1/ 2 ടീസ്പൂണ്‍
ഏലക്കപൊടിച്ചത് 1/ 2 ടീസ്പൂണ്‍
ജീരകംപൊടിച്ചത് 1/ 2 ടീസ്പൂണ്‍
പാല്‍ ഉണ്ടാക്കുന്ന വിധം
ഒരു പാനില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്ത് ഉരുക്കി എടുത്തു അരിച്ചെടുക്കുക. അരിപ്പൊടി ഒരു പാനില്‍ ചൂടാക്കി അതിലേയക്ക് രണ്ടാം പാല്‍ ചേര്‍ത്ത് കുറുക്കി എടുക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ശര്‍ക്കരപാനി, ചുക്ക്, ഏലക്ക, ജീരകം പൊടിച്ചത് ചേര്‍ത്ത് ചൂടാക്കുക. നന്നായി ചൂടായിക്കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഓഫ് ചെയ്യുക.
ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.
ഷിബു മാത്യൂ
മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തേയും അനുസ്മരിപ്പിക്കുന്ന ഓശാന തിരുന്നാള്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ നടന്നു. സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 10.30ന് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സ്‌കറിയാ നിരപ്പേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു. പാരീഷ് ഹാളില്‍ നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫാ. മാത്യൂ മുളയോലില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്‍കി. തുടര്‍ന്ന് കുരുത്തോലയും കുരിശും വഹിച്ചു കൊണ്ട് വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തിന്റെ പ്രധാന കവാടത്തിലെത്തി. തുടര്‍ന്ന് ദേവാലയ കവാടം മുട്ടിത്തുറക്കുന്ന കര്‍മ്മം നടന്നു. ഒരുങ്ങി നിന്ന കന്യകമാര്‍ മണവാളനോടൊത്ത് അകത്തു പ്രവേശിച്ചതിനേയും അല്ലാത്തവര്‍ കര്‍ത്താവേ, തുറന്നു തരണമേ എന്ന് അപേക്ഷിച്ചതിനേയും ഈ തിരുക്കര്‍മ്മം അനുസ്മരിപ്പിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്ന് സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റുപറയുവാനും ഈ ദിവസം തിരുസഭാ മാതാവ് ആഹ്വാനം ചെയ്യുന്നു. പ്രദക്ഷിണം ദേവാലയത്തിയതിനു ശേഷം ദിവ്യബലി തുടര്‍ന്നു.
ഫാ. സ്‌കറിയാ നിരപ്പേല്‍ ഓശാന തിരുന്നാള്‍ സന്ദേശം നല്‍കി. ഈശോയെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കുടുംബങ്ങളില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കത്തുള്ളൂ. കര്‍ത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. ആ തിരിച്ചറിവ് നമുക്കുണ്ടാകണം. ഫാ. സ്‌കറിയാ നിരപ്പേല്‍ തന്റെ ഓശാന തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേര്‍ച്ച നടന്നു. ഫാ. മാത്യൂ മുളയോലില്‍ തമുക്ക് നേര്‍ച്ച വെഞ്ചരിച്ചു.
ലീഡ്‌സ് ചാപ്ലിന്‍സിയിലെ തമുക്ക് നേര്‍ച്ച വളരെ പ്രസിദ്ധമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ചാപ്ലിന്‍ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ചതാണ് തമുക്ക് നേര്‍ച്ച. നിലവിലെ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിന്‍സിയുടെ കീഴിലുള്ള കുടുംബങ്ങളാണ് തമുക്ക് നേര്‍ച്ചയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.
ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഇക്കുറി തമുക്ക് നേര്‍ച്ചയ്‌ക്കെത്തി. ചാപ്ലിന്‍സിയുടെ അകത്തു നിന്നും പുറത്തു നിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികള്‍ക്കും ഫാ. മാത്യൂ മുളയോലില്‍ നന്ദി പറഞ്ഞു..
അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ലണ്ടന്‍ റീജിയണല്‍ കോര്‍ഡിനേറ്ററും പ്രീസ്റ്റ് ഇന്‍ ചാര്‍ജുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും. മാര്‍ച്ച് 29 വ്യാഴാഴ്ച്ച പെസഹാ ആചരണം നടത്തപ്പെടും. യേശു തന്റെ ശുഷ്യന്മാരോടൊപ്പം ജറുസലേമിലെ സെഹിയോന്‍ ഊട്ടുശാലയില്‍ അവരുടെ പാദങ്ങള്‍ കഴുകി അന്ത്യ അത്താഴ വിരുന്നൊരുക്കി വിശുദ്ധബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളില്‍ കാല്‍കഴുകല്‍ ശുശ്രുഷയും അനുബന്ധ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും. ഉച്ച കഴിഞ്ഞ് 2:30ന് സ്റ്റീവനേജ് സെന്റ് ജോസഫ്‌സില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.
മാര്‍ച്ച് 30ന് ദുംഖ വെള്ളിയാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ 11:00 മണിക്ക് സ്റ്റീവനേജ് സെന്റ് ഹില്‍ഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പ്പുനീര്‍ പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. ലോകത്തിന് പ്രത്യാശയും, പ്രതീക്ഷയും, രക്ഷയും പകര്‍ന്നു നല്‍കിയ ഉയര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 31 ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ആരംഭിക്കും. ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ കാര്‍മ്മികത്വം വഹിച്ച് ഉയര്‍പ്പു തിരുന്നാള്‍ സന്ദേശം നല്‍കുന്നതും പാരീഷംഗങ്ങള്‍ക്കു ഈസ്റ്റര്‍ തിരുന്നാളിന്റെ സ്‌നേഹോപഹാരങ്ങള്‍ നല്‍കുന്നതുമാണ്.
വിശുദ്ധവാര ശുശ്രൂഷകളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ മാനവകുലത്തിന്റെ രക്ഷക്ക് ത്യാഗബലിയായി ആഗതനായ ദൈവപുത്രന്റെ പീഡാനുഭവ യാത്രയില്‍ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുവാനും ചാപ്ലിനും, പള്ളി കമ്മിറ്റി ഭാരവാഹികളും ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ സാംസണ്‍ ജോസഫ് (07462921022)
മെല്‍വിന്‍ അഗസ്റ്റിന്‍ (07456281428) എന്നിവരുമായി ബന്ധപ്പെടുക.
പള്ളികളുടെ വിലാസങ്ങള്‍ :-
സെന്റ് ജോസഫ്‌സ്, ബെഡ്വെല്‍ ക്രസന്റ്, എസ് ജി1 1എല്‍ ഡബ്ല്യൂ സെന്റ് ഹില്‍ഡാ ചര്‍ച്ച്, ബ്രീക്‌സ്പീര്‍, എസ് ജി2 9എസ് ക്വു,
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ഓശാന തിരുന്നാളില്‍ ഭക്തിസാന്ദ്രമായ തുടക്കം. വിവിധ സ്ഥലങ്ങളില്‍ ഇന്നലെയും ഇന്നുമായി നടന്ന ഓശാന കുര്‍ബാനയ്ക്കും കുരുത്തോല വെഞ്ചരിപ്പിനും വൈദികര്‍ നേതൃത്വം നല്‍കി. പ്രസ്റ്റണ്‍ സീറോമലബാര്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ഓശാനത്തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപൊയ്കയില്‍, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.
ഓശാന പാടി ‘ഞങ്ങളെ രക്ഷിക്കണമേ” എന്ന് വിശ്വാസത്തോടെ തന്നെ വിളിച്ചപേക്ഷിച്ച ജനങ്ങളോട് കരുണ കാണിച്ച ദൈവത്തെയാണ് ഓശാനത്തിരുന്നാളില്‍ നാം ഓര്‍മ്മിക്കുന്നതെന്ന് വചന സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തിന്റെ കണ്ണോടുകൂടി ഈശോയെ കണ്ടവര്‍ക്കാണ് കഴുതപ്പുറത്തേറി വരുന്നത് ദൈവപുത്രനാണെന്ന് മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബഹു. സിസ്റ്റേഴ്‌സ്, വൈദിക വിദ്യാര്‍ത്ഥികള്‍, നൂറുകണക്കിന് വിശ്വാസികള്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു.
ഗ്രേറ്റ് ബ്രിട്ടണില്‍ നടന്ന സീറോ മലബാര്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ക്ക് നാട്ടില്‍ നിന്നു കൊണ്ടുവന്ന കുരുത്തോല ആശീര്‍വദിച്ചു നല്‍കിയത് ഗൃഹാതുരത്വമുണര്‍ത്തുന്ന അനുഭവമായി. പല സ്ഥലങ്ങളിലും ഇത്തരം കുരുത്തോലകള്‍ വിതരണം ചെയ്തു. തുടര്‍ന്നുവരുന്ന ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളും മിക്ക വിശുദ്ധ കുര്‍ബാന സെന്ററുകളിലും ക്രമീകരിച്ചിട്ടുണ്ട്. പ്രസ്റ്റണ്‍ കത്തീഡ്രല്‍ പെസഹാ വ്യാഴത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് 6 മണിക്ക് വി. കുര്‍ബാനയോടു കൂടി ആരംഭിക്കും. കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കും മറ്റു തിരുക്കര്‍മ്മങ്ങള്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.
ന്യൂസ് ഡെസ്ക്
ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. വിശുദ്ധ വാരത്തിന് തുടക്കംകുറിച്ചു യുകെയിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടക്കും. യേശുദേവന്‍ ജറുസലേമിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്. സമാധാനത്തിന്‍റെയും, എളിമയുടെയും ദിനം കൂടിയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെ ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കമിടും. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാണ് ഓശാന ഞായറായി ആചരിക്കുന്നത്. രാവിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ നടക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനയും ഈ ദിനത്തിന്‍റെ സവിശേഷതകളാണ്.
രക്ഷകനെ പ്രതീക്ഷിച്ചിരുന്ന യഹൂദ ജനതയ്ക്ക് പുത്തന്‍ പ്രതീക്ഷയായിരുന്നു ക്രിസ്തു ദേവന്‍റെ ജറുസലേം പ്രവേശനം. വിനയത്തിന്‍റെ അടയാളമായ കഴുതപ്പുറത്ത്, ജറുസലേമിലേക്ക് എഴുന്നള്ളിയ ക്രിസ്തു ദേവനെ ഒലിവിലകള്‍ കൈയിലേന്തി, ഓശാന ഗീതികള്‍ പാടിയായിരുന്നു ജനം എതിരേറ്റത്. ഓശാന പെരുന്നാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ ദേവാലയങ്ങളില്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും. ക്രിസ്തുദേവന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തെ സൂചിപ്പിക്കുന്നതിനു വേണ്ടിയാണിത്.
ഓശാന ഞായറോടു കൂടി ക്രൈസ്‌തവര്‍ക്ക് വിശുദ്ധവാരം ആരംഭിക്കുകയാണ്. ഇനിയുള്ള ഒരു ആഴ്ച തീവ്ര നോമ്പിന്‍റെയും, പീഡാസഹന ഓര്‍മ്മ ആചരണത്തിന്‍റെയും പുണ്യ ദിവസങ്ങളാണ്. പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയും, ഈസ്‌റ്ററും ഓരോ ക്രൈസ്തവനും ഏറെ പ്രാധാന്യമുള്ളതാണ്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ഇടയിൽ പെസഹ വ്യാഴാഴ്ച, അന്ത്യ അത്താഴത്തിന്‍റെ സ്‌മരണയ്ക്കായി ഉണ്ടാക്കുന്ന കുരിശപ്പത്തിന്‍റെ മുകളില്‍ കുരിശാകൃതിയില്‍ വെയ്‌ക്കാനും, പാലില്‍ ഇടാനും ഓശാന ഞായറാഴ്ച ലഭിക്കുന്ന കുരുത്തോലയാണ് ഉപയോഗിക്കുക.
ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ആഴ്ചയാണ് ഓശാന ഞായര്‍ മുതല്‍ ഈസ്‌റ്റര്‍ വരെയുള്ള ഒരാഴ്ച. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹക്കാലത്ത് കുര്‍ബാന കൈക്കൊള്ളുകയും ചെയ്യണം എന്ന തിരുസഭയുടെ കല്പന വ്യക്തമാക്കുന്നതും ക്രൈസ്തവര്‍ക്കിടയിലുള്ള വിശുദ്ധവാരത്തിന്‍റെ ഈ പ്രാധാന്യം തന്നെയാണ്.
ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നാളെ ആരംഭം. മാര്‍ച്ച് 25 ഞായറാഴ്ച 9 മണിക്ക് പ്രഭാത നമസ്‌കാരം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഓശാനയുടെ ശുശ്രൂഷയും മാര്‍ച്ച് 28 ബുധനാഴ്ച വൈകിട്ട് 6.30ന് പെസഹയുടെ ശുശ്രൂഷയും മാര്‍ച്ച് 30ന് രാവിലെ 9 മണിക്ക് ദുഃഖവെള്ളിയുടെ ശുശ്രൂഷയും ഈസ്റ്റര്‍ ശുശ്രൂഷ ഏപ്രില്‍ ഒന്ന് ഞായറാഴ്ച രാവിലെ 9 മണിക്കും ക്രമീകരിച്ചിരിക്കുന്നു.
ദുഃഖവെള്ളിയുടെ ശുശ്രൂഷ ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജിലും ഓശാന, പെസഹ, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ആന്‍ട്രീം റോഡിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലും നടക്കും.
വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ഫാ. ഫിലന്‍ പി മാത്യു (ജനറല്‍ സെക്രട്ടറി എം. ജി. ഒ.സി.എസ്.എം) മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്..
ഫാ. റ്റി ജോര്‍ജ് (വികാരി) 00353870693450
സനു ജോണ്‍ (ട്രസ്റ്റി) 07540787962
മോബി ബേബി (സെക്രട്ടറി) 07540270844
Address:
St. Gregorios Indian Orthod church,
202-204 Antrim Road, Belfast BT 15 2 AN
Belfast Bible College
Glenburn Road, Dunmurry,
Belfast BT 17 9 JP.