ലണ്ടന്: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ നേതൃത്വത്തില് യുകെയില് നടത്തപ്പെടുന്ന രണ്ടാമത് റീജണല് ബൈബിള് കണ്വെന്ഷനുകളുടെ ആമുഖമായി ക്രമീകരിച്ച ഒരുക്ക ധ്യാനങ്ങള് വിശ്വാസോര്ജ്ജ ദായകമായി. എട്ടു റീജണുകളിലായി നടത്തപ്പെടുന്ന കണ്വെന്ഷന്റെ വിജയങ്ങള്ക്കായി വിപുലമായ സംഘാടക സമിതികള് റീജണുകള് കേന്ദ്രീകരിച്ച് രൂപീകരിക്കുകയും പ്രവര്ത്തനങ്ങള്ക്ക് ശക്തമായ തുടക്കം കുറിച്ചും കഴിഞ്ഞു.
ലണ്ടന് റീജണലില് ഫാ. ജോസ് അന്ത്യാംകുളം രക്ഷാധികാരിയായും, ഷാജി വാറ്റ്ഫോര്ഡ് ജനറല് കണ്വീനറായും, ആന്റണി തോമസ്, ജോമോന് ഹെയര്ഫീല്ഡ് എന്നിവര് ജോയിന്റ് കണ്വീനര്മാരായും കമ്മിറ്റി നിലവില് വന്നു. വിന്സന്റ് മാളിയേക്കല് വെന്യു ഇന് ചാര്ജ് ആയിരിക്കും. ട്രാന്സ്പോര്ട്ട്, മധ്യസ്ഥ പ്രാര്ത്ഥന, പബ്ലിസിറ്റി, ലൈറ്റ് ആന്ഡ് സൗണ്ട്, വളണ്ടിയേഴ്സ് തുടങ്ങി വിവിധ ഉപ കമ്മിറ്റികളും പ്രവര്ത്തനനിരതമായി.
പ്രശസ്ത വചന പ്രഘോഷകനായ ബ്ര. സന്തോഷ് കരുമാത്രയാണ് ഒരുക്ക ധ്യാനങ്ങള്ക്ക് നേതൃത്വം നല്കിയത്. ഫാ.ടെറിന് മുല്ലക്കര, ഫാ. ജോസ് അന്ത്യാംകുളം എന്നിവരാണ് ലണ്ടനില് ശുശ്രുഷകള് നയിച്ചത്. ലണ്ടന് റീജണിന്റെ വിവിധ കുര്ബ്ബാന കേന്ദ്രങ്ങളില് നിന്നായി ധാരാളം പേര് ഒരുക്ക ധ്യാനത്തില് പങ്കാളികളായി എത്തിയിരുന്നു.
‘പിതാവായ ദൈവത്തെ ലോകം മുഴുവന് വെളിപ്പെടുത്തുക എന്ന കര്ത്തവ്യം ആണ് പുത്രനായ ദൈവം സ്വന്തം ജീവിതം കൊണ്ട് സാക്ഷ്യപെടുത്തിയത്. ഈ ദൗത്യം മുന്നോട്ടു കൊണ്ട് പോകുവാനുള്ള ബൃഹത്തായ കടമ നിറവേറ്റുവാന് നിയോഗിക്കപ്പെട്ടവരാണ് സഭാമക്കള്. വിശ്വാസം വര്ദ്ധിക്കുവാനുള്ള പ്രാര്ത്ഥനകള്ക്കു പ്രാമുഖ്യം നല്കുവാനും, പരിശുദ്ധാല്മ്മ കൃപ നിറക്കുവാനും, ആ ശക്തി ദൈവ രാജ്യം പടുത്തുയര്ത്തുവാന് ഉപയോഗിക്കുകയും ചെയ്യുക എന്നത് ഓരോ വിശ്വാസിയുടെയും അനിവാര്യമായ കടമയാണ്’ എന്നും ബ്ര.കരുമാത്ര ഓര്മ്മിപ്പിച്ചു.
സെഹിയോന് ധ്യാനകേന്ദ്ര ഡയറക്ടറും, പരിശുദ്ധാല്മ ശുശ്രുഷകളില് അനുഗ്രഹീത ശുശ്രുഷകനും, പ്രശസ്ത തിരുവചന പ്രഘോഷകനുമായ സേവ്യര്ഖാന് വട്ടായില് അച്ചനാണ് യു കെ യില് അഭിഷേകാഗ്നി ധ്യാനം നയിക്കുക.
രൂപതാ മക്കള് ഈ സുവര്ണ്ണാവസരം ഉപയോഗിക്കുവാനും, വ്യക്തിപരവും, കുടുംബപരവുമായ നവീകരണത്തിനും, അനുഗ്രഹത്തിനും ഉപകാരപ്രദമാകുന്ന ബൈബിള് കണ്വെന്ഷനില് റീജണിലെ ഓരോ മക്കളും പങ്കു ചേരണമെന്ന് ലണ്ടന് റീജണല് കോര്ഡിനേറ്റര് ഫാ.ജോസ് അന്ത്യാംകുളം അഭ്യര്ത്ഥിച്ചു.
ജെഗി ജോസഫ്
യുകെയിലെ ഏറ്റവും വലിയ സീറോ മലബാര് സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള് സെന്റ് തോമസ് സീറോ മലബാര് കാത്തലിക് ചര്ച്ചിന്റെ മൂന്നു ദിവസം നീണ്ട ഈ വര്ഷത്തെ ദുക്റാന തിരുന്നാള് ഭക്തിസാന്ദ്രമായി. വെള്ളിയാഴ്ച വൈകുന്നേരം എസ്ടിഎസ്എംസിസി വികാരി ഫാ. പോള് വെട്ടിക്കാട്ടിന്റെ കാര്മ്മികത്വത്തില് നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്ക്ക് തുടക്കമായത്.
യേശുക്രിസ്തു സംസാരിച്ച ഭാഷയോട് അടുത്തു നില്ക്കുന്ന സുറിയാനിയിലുള്ള കുര്ബാനയോടു കൂടി ആരംഭിച്ച ആഘോഷ പരിപാടികള് അനുസ്മരണീയ മുഹൂര്ത്തങ്ങള്ക്ക് വഴി തുറന്നു. ഫാ. ജോയ് വയലിന്റെ നേതൃത്വത്തില് നടന്ന ആഘോഷകരമായ കുര്ബാനയോടെ കൂടി തുടങ്ങിയ തിരുന്നാള് ശനിയും ഞായറും കൊണ്ട് ഭക്തിയുടെ പാരമ്യത്തിലെത്തി.

ശനിയാഴ്ച ഫാ. സിറില് ഇടമനയുടെ നേതൃത്വത്തില് നടന്ന വിശുദ്ധ കുര്ബാനയ്ക്ക് ശേഷം വൈകീട്ട് നാലരയോടെ സൗത്ത്മീഡ് ഗ്രീന്വേ സെന്ററില് വേദപാഠ വിദ്യാര്ത്ഥികളുടെ ആനുവല് ഡേ ആഘോഷവും നടന്നു. യുകെയിലെ ഏറ്റവും കൂടുതല് വിദ്യാര്ത്ഥികള് വേദപാഠം അഭ്യസിക്കുന്ന ബ്രിസ്റ്റോള് സെന്റ് തോമസ് സീറോ മലബാര് ചര്ച്ചിന്റെ ആനുവല് ഡേ എല്ലാവര്ഷവും മനോഹരമായി ആഘോഷിച്ച് വരികയാണ്. ഈ വര്ഷവും ആ പാരമ്പര്യം നിലനിര്ത്തിക്കൊണ്ട് എല്ലാ ക്ലാസുകളില് നിന്നുള്ള കുട്ടികളും പരിപാടികളില് പങ്കെടുത്തു. എല്ലാ ക്ലാസിലെയും കുട്ടികള് അവതരിപ്പിച്ച വിവിധ പരിപാടികള് ആഘോഷത്തിന് നിറപകിട്ടേകി.

ഒന്നു മുതല് പത്താംക്ലാസ് വരെയുള്ള വിദ്യാര്ത്ഥികളില് മികച്ച മാര്ക്ക് നേടിയവര്ക്ക് മെറിറ്റ് അവാര്ഡുകളും അറ്റന്ഡന്സ് അവാര്ഡുകളും ബിഷപ്പ് ജോസഫ് സ്രാമ്പിക്കല് സമ്മാനിച്ചു. 25 വര്ഷം പൂര്ത്തിയാക്കിയ വേദപാഠം ഹെഡ്മാസ്റ്റര് ജെയിംസ് ഫിലിപ്പിന് പ്രശംസാ പത്രം സമ്മാനിച്ചു. യുകെയിലെ ഏറ്റവും വലിയ കത്തോലിക്കാ സമൂഹമായ ബ്രിസ്റ്റോളില് നിന്ന് സീറോ മലബാര് സഭയ്ക്ക് കുറേ പഠിക്കാനുണ്ടെന്നും ബ്രിസ്റ്റോളിലായിരിക്കുന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ബിഷപ്പ് മാര് ജോസഫ് സ്രാമ്പിക്കല് പറഞ്ഞു. കുട്ടികള് വേദപാഠം പഠിപ്പിക്കുന്നതിന്റെ ആവശ്യവും അതില് മാതാപിതാക്കളുടെ പങ്കും പിതാവ് തന്റെ പ്രഭാഷണത്തില് ഓര്മ്മിപ്പിച്ചു. തുടര്ന്ന് കുട്ടികള്ക്ക് സമ്മാനങ്ങള് നല്കി. വിഭവ സമൃദ്ധമായ സദ്യയോടെ ശനിയാഴ്ചത്തെ ചടങ്ങുകള് അവസാനിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അതി മനോഹരമായി അലങ്കരിച്ച ഫില്ടന് സെന്റ് തെരേസാസ് ദേവാലയത്തില് നടന്ന വിശുദ്ധ കുര്ബാനയ്ക്ക് ഫാ. സെബാസ്റ്റ്യന് ചാമക്കാല, റവ. ഫാ. ജോസ് പൂവാനിക്കുന്നേല്, ഫാ. പോള് വെട്ടിക്കാട്ട് എന്നിവര് നേതൃത്വം നല്കി. പാട്ടുകുര്ബ്ബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുരൂപമേന്തി നടന്ന പ്രദക്ഷിണത്തില് എല്ലാ വിശ്വാസികളും പങ്കെടുത്തു. തുടര്ന്ന് പാച്ചോല് നേര്ച്ചയ്ക്കും, കഴുന്നെടുക്കാനും സൗകര്യമുണ്ടായിരുന്നു. വി. തോമാശ്ലീഹായുടെ മാതൃക സ്വജീവിതത്തില് പകര്ത്താന് റവ. ഫാ. ജോസ് പൂവാനിക്കുന്നേല് ഉത്ബോധിപ്പിച്ചു.

മൂന്നു ദിവസങ്ങള് നീണ്ട ഭക്തിസാന്ദ്രമായ വിശുദ്ധ കുര്ബാനയ്ക്കും ആഘോഷങ്ങള്ക്കും മധ്യേ വിശുദ്ധ തോമാശ്ലീഹയോടുള്ള ഭക്തിയും പ്രകടമാക്കിയ ഒരു തിരുന്നാള് ആഘോഷമായിരുന്നു ബ്രിസ്റ്റോളില് നടന്ന ദുക്റാന തിരുന്നാള്. STSMCC ട്രസ്റ്റിമാരായ ലിജോ പടയാറ്റില്, പ്രസാദ് ജോണ്, ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തില് വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ നാളത്തെ അദ്ധ്വാനഫലമായിരുന്നു മനോഹരമായ തിരുനാളും കാറ്റിക്കിസം ആന്വല് ഡേ ആഘോഷങ്ങളും.
ജോണ്സണ് ജോസഫ്
ലണ്ടന്: മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവും പുനരൈക്യ ശില്പിയുമായ ദൈവദാസന് ആര്ച്ച് ബിഷപ്പ് മാര് ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്മ്മപ്പെരുനാള് യുകെയിലെ മലങ്കര കത്തോലിക്കാ സഭാ മിഷന് കേന്ദ്രങ്ങളില് വിവിധ തിരുക്കര്മ്മങ്ങളോടെ ആചരിക്കുന്നു. പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ദൈവദാസന് മാര് ഇവാനിയോസ് മെത്രാപ്പോലീത്ത 1953 ജൂലൈ 15ന് കാലം ചെയ്തു. മലങ്കര കത്തോലിക്കാ പ്രഥമ സഭാമേലധ്യക്ഷനായിരുന്നു. സഭയില് ദൈവദാസനായി വണക്കപ്പെടുന്നു. വിശുദ്ധ പദവിയിലേക്ക് ഉയര്ത്താനുള്ള നടപടികള് റോമില് നടന്നുവരുന്നു.
മലങ്കരയുടെ സൂര്യതേജസായിരുന്ന ദൈവദാസന് മാര് ഇവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്മ്മപ്പെരുനാള് യുകെയിലെ വിവിധ മലങ്കര സഭാ മിഷന് സെന്ററുകള് കേന്ദ്രീകരിച്ചാണ് നടത്തപ്പെടുക. പൊതുവായ ശുശ്രൂഷകള് ഐല്സ്ഫോര്ഡ്, ഷെഫീല്ഡ് എന്നിവിടങ്ങളില് ക്രമീകരിച്ചിരിക്കുന്നു.
ജൂലൈ 22 ഞായറാഴ്ച യുകെയിലെ പ്രമുഖ മരിയന് തീര്ത്ഥാടന കേന്ദ്രമായ ഐല്സ്ഫോര്ഡ് സെന്ററില് മലങ്കര സഭാമക്കള് ഒന്നിച്ചു കൂടും. ഭക്തിസാന്ദ്രമായ പദയാത്രയില് കാവി വസ്ത്രങ്ങളണിഞ്ഞ് വിശ്വാസികള് പങ്കുചേരും. ചരിത്രമുറങ്ങുന്ന മണ്ണിലൂടെ കിഴക്കിന്റെ ന്യൂമാന് എന്ന് അറിയപ്പെടുന്ന ദൈവദാസന് മാര് ഇവാനിയോസ് പിതാവിന്റെ സ്മരണ പുതുക്കി ദൈവജനം വള്ളിക്കുരിശുമേന്തി നടന്നുനീങ്ങും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കുന്ന പദയാത്രക്ക് ശേഷം വിശുദ്ധ കുര്ബാനയും അനുസ്മരണ സമ്മേളനവും നടത്തപ്പെടും. സഭാ കോ-ഓര്ഡിനേറ്റര് ഫാ.തോമസ് മടുക്കമൂട്ടില് ശുശ്രൂഷകള്ക്ക് നേതൃത്വം നല്കും.
ജൂലൈ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഷെഫീല്ഡ് സെന്റ് പാട്രിക് ദേവാലയം കേന്ദ്രീകരിച്ച് അനുസ്മരണ പദയാത്രയും വി.കുര്ബാനയും അനുസ്മരണ സമ്മേളനവും ക്രമീകരിച്ചിരിക്കുന്നു. സെന്റ് തോമസ് മൂര് ദേവാലയത്തില് നിന്നും രണ്ട് മണിക്ക് പ്രാരംഭ പ്രാര്ത്ഥനയോടെ പദയാത്രയ്ക്ക് തുടക്കം കുറിക്കും. ഷെഫീല്ഡിന്റെ പാതയോരത്തു കൂടി വള്ളിക്കുരിശേന്തി, കാവി പുതച്ച്, ജപമാല രഹസ്യങ്ങള് ഉരുവിട്ട് നീങ്ങുന്ന സംഘത്തിന് സെന്റ് പാട്രിക് ദേവാലയത്തില് സ്വീകരണം നല്കും. തുടര്ന്ന വിശുദ്ധ കുര്ബാനയും അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും. ഷെഫീല്ഡിലെ സെന്റ് പീറ്റേഴ്സ് മലങ്കര മിഷന്റെ ആഭിമുഖ്യത്തില് നടത്തപ്പെടുന്ന ശുശ്രൂഷകള്ക്ക് സഭയുടെ യുകെ കോ ഓര്ഡിനേറ്റര് ഫാ,തോമസ് മടുക്കമൂട്ടില്, ചാപ്ലയിന്മാരായ ഫാ.രഞ്ജിത്ത് മഠത്തിറമ്പില്, ഫാ. ജോണ് അലക്സ് എന്നിവര് നേതൃത്വം നല്കും.
യുകെയിലെത്തുന്ന മാത്യൂസ് മാര് അന്തിമോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും വി.കുര്ബാനയും ഇന്ന് ഡെര്ബിയില്. ഉച്ചയ്ക്ക് 1 മണിക്ക് ഡെര്ബിയിലെ യെല്ദോ മാര് ബസേലിയോസ് ജാക്കോബൈറ്റ് പള്ളിയില് വെച്ചാണ് സ്വീകരണം. അതിനു ശേഷം പ്രാര്ത്ഥനയും 2 മണിക്ക് വി.കുര്ബാനയും നടക്കും.
Venue,St Joseph Catholic church,Burton road,Derby,DE1 1TJ
Contacts
Vicar-Fr siju Varghese,
Eldho secretary- 07737078082
Shibu Trusty- 07577713540
യേശുവിനായി ഒരു വാരാന്ത്യം. അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടര് റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില് യുവതീയുവാക്കള്ക്കായി ആത്മാഭിഷേക ശുശ്രൂഷകളുമായി പരിശുദ്ധാത്മ പ്രേരണയാല് നയിക്കപ്പെടുന്ന ജീസസ് വീക്കെന്ഡ് ജൂണ് 29 വെള്ളി മുതല് ജൂലൈ 1 ഞായര് വരെ നടത്തപ്പെടുന്നു. യേശുവില് വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ തോല്പ്പിക്കാന്, പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org എന്ന വെബ്സൈറ്റില് നേരിട്ട് രജിസ്റ്റര് ചെയ്യാം.
കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്ക്കനുയോജ്യമായ ശുശ്രൂഷകളുമായി, വിവിധ ഭാഷാ ദേശക്കാര്ക്കിടയില് ശക്തമായ ദൈവികോപകരണമായി പ്രവര്ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസും നാളെയുടെ പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന് പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ആത്മാഭിഷേക വാരാന്ത്യത്തിലേക്ക് ഫാ. സോജി ഓലിക്കലും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയും മുഴുവന് യുവജനങ്ങളെയും യേശുനാമത്തില് ക്ഷണിക്കുന്നു.
വിലാസം.
SAVIO HOUSE
INGERSLEY ROAD
BOLLINGTON
MACCLESFIELD
SK10 5RW .
കൂടുതല് വിവരങ്ങള്ക്ക്;
ജോസ് കുര്യാക്കോസ് 07414 747573.
സിനോ ചാക്കോ
കാര്ഡിഫ്: ആറാമത് യൂറോപ്യന് ക്നാനായ സംഗമം ജൂണ് 30ന് ശനിയാഴ്ച്ച തിരി തെളിയും. സംഗമത്തില് സംബന്ധിക്കുന്നതിനായി ക്നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത ആര്ച്ച് ബിഷപ്പ് കുറിയാക്കോസ്മോര് സേവേറിയോസ് ഇന്നെത്തും. രാവിലെ മാഞ്ചസ്റ്റര് എയര്പോര്ട്ടിലെത്തുന്ന മെത്രാപ്പോലീത്തയെ വിശ്വാസികള് ചേര്ന്ന് സ്വീകരിക്കും.
ശനിയാഴ്ച്ച് ന്യൂപോര്ട്ടിലുള്ള മോര് കിമ്മീസ് നഗറില് നടക്കുന്ന വി. കുര്ബാനയ്ക്ക് മെത്രാപ്പോലീത്ത മുഖ്യകാര്മ്മികത്വം വഹിക്കും. സംഗമത്തിനുള്ള ഒരുക്കങ്ങള് പൂര്ത്തിയായതായി ഫാ. തോമസ് ജേക്കബ്, ഫാ. ജോമോന്, ഫാ. സജി ഏബ്രഹാം, ഡോ. മനോജ് ഏബ്രഹാം, ഏബ്രഹാം ചെറിയാന്, ജിജി ജോസഫ് എന്നിവര് അറിയിച്ചു. ഈ വര്ഷത്തെ സംഗമത്തില് ഇറ്റലി, ജര്മ്മനി, അയര്ലണ്ട്, എന്നീ ഇടവകകളില് നിന്ന് പ്രതിനിധികള് സംബന്ധിക്കും. വിവിധ ഇടവകകളില് നിന്ന് സമുദായ അംഗങ്ങള് വെള്ളിയാഴ്ച്ച തന്നെ എത്തിച്ചേരും. രാവിലെ 8.30ന് പ്രഭാത പ്രാര്ത്ഥനയോടെ പരിപാടികള് ആരംഭിക്കും.
ക്നാനായ തനിമയും പാരമ്പര്യവും ആചാരഅനുഷ്ഠാനങ്ങളും പുതുതലമുറയ്ക്ക് പകര്ന്നു കൊടുക്കുകയെന്ന ആശയത്തോടെയാണ് സംഗമത്തിന് രൂപം കൊടുത്തത്. എഡി. 345ല് ക്നായി തോമായുടെ നേതൃത്വത്തില് മലങ്കരയിലേക്ക് കുടിയേറിയ ക്നാനായ സമൂഹം ഇന്നും നിലനില്ക്കുന്നു. 1673ാം സിറിയന് കുടിയേറ്റ വാര്ഷികവും സമുദായം മെയ് മാസം ആഘോഷിച്ചു. കൂനന് കുരിശ് സത്യത്തിന് നേതൃത്വം ന്ല്കിയത് ക്നാനായിക്കാരനായ ആഞ്ഞിലി മൂട്ടില് ഇട്ടി തൊമ്മന് കത്തനാരാണ്. രണ്ടായിരം ആണ്ടോടെ യൂറോപ്പിലേക്ക് കുടിയേറിയ ക്നാനായ സമൂഹം ശനിയാഴ്ച്ച ഒത്തുചേരുമ്പോള് പാരമ്പര്യങ്ങള് ഓര്ക്കുന്ന വലിയ ഒരു ക്നാനായ ആഘോഷമായി മാറും.
പൂര്വ്വികരുടെ ദൈവവിശ്വാസം പുതിയ തലമുറയ്ക്ക് പകര്ന്ന് നല്കാന് ഈ സംഗമം ഇടയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. വൈകീട്ട് 6മണിയോടെ പരിപാടികള് സമാപിക്കും വിപുലമായ ഭക്ഷണശാല പാര്ക്കിംഗ് സൗകര്യം എന്നിവ സമ്മേളന നഗറില് ഒരുക്കിയിട്ടുണ്ട്. കുടിയേറ്റ സ്മരണ പുതുക്കുന്ന റാലി 11 മണിക്ക് ആരംഭിക്കും. 12 മണിക്ക് പൊതുസമ്മേളനം രണ്ട് മണിക്ക് വിവിധ പള്ളികളുടെ കലാപരിപാടികള് എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
വിലാസം.
St. Julian’s High School
Heather Road, Newport
NP197XU
സണ്ണി അറയ്ക്കല്
സ്പിരിച്വല് റിന്യൂവല് മിനിസ്ട്രിയുടെ മൂന്ന് ദിവസത്തെ മലയാളം കത്തോലിക്ക കണ്വെന്ഷന് ലണ്ടനില് വച്ച് നടത്തപ്പെടുന്നു. 2018 ജൂലൈ 26ന് 10 മണി മുതല് 2018 ജൂലൈ 28ന് വൈകുന്നേരം 4 മണി വരെയാണ് കണ്വെന്ഷന്. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട ഫാ. ജോസഫ് സേവ്യര്, ബ്രദര് ജോസഫ് സ്റ്റാന്ലി & ബ്രദര് സേവി ജോസഫ് എന്നിവരുടെ നേതൃത്വത്തില് ആണ്. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാവേരേയും യേശു നാമത്തില് കണ്വെന്ഷനിലേക്ക് ക്ഷണിക്കുന്നു.
കൂടുതല് വിവരങ്ങള്ക്ക് : സിബി തോമസ് : 07872315685 & സുനില് : 07872315685
സ്ഥലം : കത്തോലിക്ക ദേവാലയം : ചര്ച്ച് ഓഫ് ദി അസംപ്ഷന്, 98 മന്ഫോര്ഡ് വെയ്, ചിഗ്വേല്, IG7 4DF
സിനോ ചാക്കോ
കാര്ഡിഫ്: ജൂണ് 30 ശനിയാഴ്ച നടക്കുന്ന ആറാമത് യൂറോപ്യന് ക്നാനായ സംഗമത്തിന്റെ ഒരുക്കങ്ങള് അവസാന ഘട്ടത്തില് എത്തിയതോടെ പ്രോഗ്രാം നോട്ടീസ് പുറത്തിറങ്ങി. ശനിയാഴ്ച രവിലെ 8.30ന് പ്രഭാത പ്രാര്ത്ഥന, 9 മണിക്ക് വി.കുര്ബാന, 11 മണിക്ക് ക്നാനായ കുടിയേറ്റ സ്മരണകള് വിളിച്ചോതുന്ന റാലി, 12ന് പൊതുസമ്മേളനത്തില് ആയൂബ് മോര് സില്വാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്നതും കുരിയാക്കോസ് മോര് സേവേറിയോസ് വലിയ മെത്രാപ്പോലീത്ത പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും ഫാ.സജി ഏബ്രഹാം സ്വാഗതം ആശംസിക്കുന്നതുമാണ്. ഫാ.തോമസ് ജേക്കബ്, ഫാ.ജോമോന് പുന്നൂസ്, യുകെകെസിഎ പ്രസിഡന്റ് തോമസ് ജോസഫ്, എന്നിവര് ആശംസകള് നേരുന്നതും ഡോ.മനോജ് ഏബ്രഹാം നന്ദി അറിയിക്കുന്നതുമാണ്. 2 മണിക്ക് വിവിധ പള്ളികളുടെ കലാപരിപാടികള് ആരംഭിക്കുന്നതും 6 മണിക്ക് സന്ധ്യാപ്രാര്ത്ഥനയും തുടര്ന്ന് ആശീര്വാദത്തോടെ പരിപാടികള് സമാപിക്കുന്നതുമാണ്.
വിലാസം
St.Julian’s High School
Heather Road
Newport
NP19 7XU
ബാബു ജോസഫ്
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് ഡയറക്ടര് റവ. ഫാ. സോജി ഓലിക്കല് ആത്മീയ നേതൃത്വം നല്കുന്ന കിഡ്സ് ഫോര് കിങ്ഡം ടീം ഈവരുന്ന സ്കൂള് അവധിക്കാലത്ത് 9 മുതല് 12 വയസ്സുവരെ പ്രായമുള്ള കുട്ടികള്ക്കായി നടത്തുന്ന താമസിച്ചുള്ള ധ്യാനം സ്കൂള് ഓഫ് ഇവാഞ്ചലൈസേഷന് ജൂലൈ 30 മുതല് ഓഗസ്റ്റ് 3 വരെ ഡെര്ബിഷെയറിലുള്ള മറ്റ്ലോക്ക് കാത്തലിക് യൂത്ത് സെന്ററില് നടക്കും. ലോകത്തിലെ വിവിധ രാജ്യങ്ങളില് ആയിരക്കണക്കിന് കുട്ടികളുടെ ആത്മീയ വളര്ച്ചയെ പരിപോഷിപ്പിക്കുവാന് വിവിധ തലങ്ങളില് പ്രവര്ത്തിക്കുന്ന കിഡ്സ് ഫോര് കിങ്ഡം സെഹിയോന് ടീം നയിക്കുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിങ് നടന്നുകൊണ്ടിരിക്കുന്നു.
അഡ്രസ്സ്.
THE BRIARS CATHOLIC YOUTH CENTRE
BRIARS LANE , CRICH.
MATLOCK
DE4 5BW.
www.sehionuk.org എന്ന വെബ്സൈറ്റില് നേരിട്ട് ബുക്കിങ് നടത്താം. കൂടുതല് വിവരങ്ങള്ക്ക്: തോമസ് ജോസഫ് 07877 508926, ആമി സെയില്സ് 07535 699082
മാര്തോമാശ്ലീഹായുടെയും വി.അല്ഫോന്സാമ്മയുടെയും സംയുക്ത തിരുനാളിനോടനുബന്ധിച്ച് സെന്റ് ജോണ് മരിയ വിയാനി പള്ളിയില് വെച്ച് ജൂലൈ ഒന്നാം തിയതി ഞായര് വൈകിട്ട് 4.30ന് സീറോ മലബാര് റാസ കുര്ബാന അര്പ്പിക്കപ്പെടുന്നു. തിരുനാളിനൊരുക്കമായി ജൂണ് മാസം 20-ാം തിയതി മുതല് പത്ത് ദിവസത്തേക്ക് ജപമാലയും മാതാവിന്റെ നൊവേനയും നടത്തപ്പെടുന്നതാണ്. റാസ കുര്ബാനയ്ക്ക് ശേഷം പ്രദക്ഷിണവും സ്ന്ഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത മൈനര് സെമിനാരി റെക്ടര് ഫാ.വര്ഗീസ് പുത്തന്പുരയ്ക്കലാണ് റാസ കുര്ബാനയ്ക്ക് മുഖ്യകാര്മികന്. തിരുനാള് തിരുക്കര്മ്മങ്ങളില് പങ്കെടുത്ത് അനുഗ്രഹങ്ങള് പ്രാപിക്കുവാന് ഏവരെയും ക്ഷണിക്കുന്നതായി ഫാ.മാത്യു പിണക്കാട്ടും പള്ളിക്കമ്മിറ്റിയും അറിയിച്ചു.