Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ബോസ്റ്റണ്‍: സ്‌നേഹത്തിന്റെ മന്ദസ്മിതവുമായി തങ്ങളെ കാണാനെത്തിയ വലിയ ഇടയനെ സ്പാള്‍ഡിങ്ങിലെയും ബോസ്റ്റണിലെയും വിശ്വാസികള്‍ ആദരവോടെ വരവേറ്റു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മെത്രാനടുത്ത ഇടയ സന്ദര്‍ശനത്തിനെത്തിയ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എല്ലാ ഭവനങ്ങളും വെഞ്ചരിച്ച് പ്രാര്‍ത്ഥിക്കുകയും വിശ്വാസികളെ നേരില്‍ കണ്ട് സംസാരിക്കുകയും ചെയ്തു. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ മെത്രാനെ അനുഗമിച്ചു.

വെള്ളിയാഴ്ച വൈകിട്ട് ബോസ്റ്റണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ദിവ്യബലിയര്‍പ്പണത്തില്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികരായിരുന്നു. കിഴക്കരക്കാട്ട് രാജു – ഷൈനി ദമ്പതികളുടെ മക്കള്‍ ജറോം, ഹന്ന എന്നിവര്‍ സ്രാമ്പിക്കല്‍ പിതാവില്‍ നിന്ന് ആദ്യ കുര്‍ബാനയും സൈ്വര്യലേപനവും സ്വീകരിച്ചു. ഈശോ അപ്പം മുറിച്ച് ശിഷ്യന്മാര്‍ക്കു നല്‍കിയപ്പോള്‍ അത് അപ്പക്കഷണം മാത്രമായാണ് യൂദാസ് കരുതിയെന്നും അതിലെ ദൈവവത്തിന്റെ സാന്നിധ്യം മനസിലാക്കാന്‍ കഴിയാതെ പോയത് അവനെ വലിയ തെറ്റിലേക്ക് നയിച്ചെന്നും വചന സന്ദേശത്തില്‍ കുര്‍ബാനയുടെ അര്‍ത്ഥം വിശദീകരിച്ച് പിതാവ് പഠിപ്പിച്ചു. തുടര്‍ന്ന് എല്ലാവരും പാരിഷ് ഹാരിഷ് ഒത്തുചേര്‍ന്ന് സ്‌നേഹവിരുന്ന് പങ്കുവച്ചു.

ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, മതാധ്യാപകര്‍, വിമെന്‍സ് ഫോറം അംഗങ്ങള്‍, ഗായകസംഘം തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

നാളെ മുതല്‍ ശനിയാഴ്ച വരെ (ഏപ്രില്‍ 30-മെയ് 5) മാര്‍ സ്രാമ്പിക്കല്‍ നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ ഇടയസന്ദര്‍ശനം നടത്തും. കമ്മ്യൂണിറ്റിയുടെ വിവിധ വാര്‍ഡുകളിലുള്ള ഭവനങ്ങള്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ വെഞ്ചരിക്കുകയും വിശ്വാസികളുമായി നേരില്‍ കാണുകയും ചെയ്യും. മേയ് 5-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് നോട്ടിംഗ്ഹാം, ലെന്റണ്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ അഭിവന്ദ്യ പിതാവിന് സ്വീകരണം നല്‍കും.

തുടര്‍ന്നു നടക്കുന്ന ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന മെത്രാന്‍ വചന സന്ദേശം നല്‍കുകയും വി. കുര്‍ബാനയ്ക്കു ശേഷം ഇടവകയിലെ വിവിധ സംഘടനകളുമായി സംസാരിക്കുകയും ചെയ്യും. റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം ഭാരവാഹികള്‍, വോളണ്ടിയേഴ്‌സ്, ഗായകസംഘം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രൂപതാധ്യക്ഷന്‍ മുഖ്യ കാര്‍മ്മികനാകുന്ന ദിവ്യബലിയിലേയ്ക്കും തുടര്‍ന്ന് നടക്കുന്ന ചടങ്ങുകളിലേയ്ക്കും എല്ലാ വിശ്വാസികളെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. പള്ളിയുടെ അഡ്രസ് : St. Paul’s Roman Catholic, Lenton Boulevard, NGT 2 BY, Nottingham.

പോര്‍ട്ട്‌സ്മൗത്ത്: ഗ്രേറ്റ് ബ്രിട്ടനില്‍ വിശ്വാസവും ജീവനും സമാധാനവും ഉണ്ടാകുവാനായി വാല്‍സിംഹാം മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം ആഹ്വാനം ചെയ്ത സമുദ്രതീരത്തുള്ള ജപമാലയുടെ ഭാഗമായി ഏപ്രില്‍ 29-ാം തിയതി ഞായറാഴ്ച 3 pmന് പോര്‍ട്ട്‌സ്മൗത്ത് റോസ് ഗാര്‍ഡന്‍സില്‍ (The Rose Gerdens, Portsmouth, Southsea, PO4 9RU) ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ജപമാലയ്ക്ക് നേതൃത്വം നല്‍കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസികള്‍ സാധിക്കുന്നിടത്തോളം അന്നേ ദിവസം മൂന്ന് മണിക്ക് സമുദ്രതീരത്തും അതിന് സാധിക്കാത്തവര്‍ അവരായിരിക്കുന്ന സ്ഥലത്തും ജപമാല പ്രാര്‍ത്ഥന നടത്തണമെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്തു.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: വിശുദ്ധ കുര്‍ബ്ബാനയില്‍ കൂടുതല്‍ ആഴമായ ജ്ഞാനം പകര്‍ന്ന്, കുര്‍ബ്ബാന അനുഭവമാക്കിമാറ്റുവാനും, സങ്കീര്‍ണ്ണമായ ദൈവശാസ്ത്രത്തിന്റെ അഗാതതയിലേക്കു കൂട്ടിക്കൊണ്ടു പോയി ഗ്രാഹ്യമാക്കുവാനും, സഭയെ കൂടുതല്‍ ശക്തമാക്കുന്നതിനും ഉതകുന്ന വിജ്ഞാനപ്രദമായ പഠന ക്ലാസ്സ് ലണ്ടന്‍ റീജണല്‍ സീറോ മലബാര്‍ സമൂഹത്തിനായി സംഘടിപ്പിക്കുന്നു. ദൈവ ശാസ്ത്ര പണ്ഡിതനും, വാഗ്മിയും, പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ലിറ്റര്‍ജിയില്‍ അതീവ അവഗാഹവുമുള്ള റവ.ഡോ.പോളി മണിയാട്ട് ആണ് ക്ലാസ്സുകള്‍ എടുക്കുന്നത്.

സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയും, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് മേജര്‍ സെമിനാരിയിലെ ലിറ്റര്‍ജി വിഭാഗം തലവനുമായ റവ. ഡോ. പോളി മണിയാട്ട്‌ലോകമെമ്പാടും ലിറ്റര്‍ജി സംബന്ധമായ ആധികാരികമായ ക്ലാസ്സുകള്‍ എടുക്കുന്ന വ്യക്തിയുമാണ്. മെയ് 1 നു ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിമുതല്‍ രാത്രി ഒമ്പതര വരെയാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്റ്റീവനേജ് ബെഡ്വെല്‍ ക്രസന്റിലുള്ള സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചാണ് ക്ലാസ് സംഘടിപ്പിക്കുന്നത്.

വിശുദ്ധ കുര്‍ബ്ബാനയില്‍ സ്ഥാപിക്കപ്പെട്ട സഭ ഏറ്റവും സുദൃഢമായി മുന്നോട്ടു പോവുന്നതു വിശുദ്ധബലിയിലൂടെ മാത്രമാണെന്നും അര്‍പ്പിതരായ അജഗണത്തിനു മാത്രമേ സഭയുടെ അനിവാര്യമായ വളര്‍ച്ചയെ സ്വാധീനിക്കാനാവൂ എന്നും ആയതിനാല്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ ആഴമേറിയ പരിജ്ഞാനം ഏവരിലും ഉണ്ടാക്കുകയെന്ന ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ലക്ഷ്യ സാക്ഷാല്‍ക്കാരമാണ് പോളി മണിയാട്ട് അച്ചന്‍ നയിക്കുന്ന റീജണല്‍ പഠന ക്‌ളാസ്സുകളിലൂടെ വിഭാവനം ചെയ്യുന്നത്.

വിശുദ്ധ കുര്‍ബ്ബാനയെ പൂര്‍ണ്ണമായി മനസ്സിലാക്കി തീക്ഷ്ണമായി പങ്കു ചേര്‍ന്ന് ആത്മീയാനന്ദം അനുഭവിക്കുവാനും, നിത്യായുസ്സു നല്‍കുന്ന ഏറ്റവും വലിയ ആത്മീയ വിരുന്നില്‍ മാനസികവും ആല്മീയവുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും, അവബോധവും ഉണര്‍വ്വും നല്‍കുന്ന പോളി മണിയാട്ടച്ചന്റെ ‘വിശുദ്ധ കുര്‍ബ്ബാന’ പഠന ക്ലാസ്സ് അനുഗ്രഹദായകമാവും. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കു ചേരുന്ന ഏതൊരു വിശ്വാസിക്കും അനിവാര്യമായ ഉള്‍ക്കാഴ്ചയും, ജ്ഞാനവും പ്രദാനം ചെയ്യുന്ന ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തുവാന്‍ റീജണല്‍ തലത്തിലും, അല്ലാതെയും ഏവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ചാപ്ലയിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും, സ്റ്റീവനേജ് പാരീഷ് കമ്മിറ്റിയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സാംസണ്‍: 07462921022 ; മെല്‍വിന്‍: 07456281428

സെന്റ് ജോസഫ്‌സ് ദേവാലയം. ബെഡ്വെല്‍ ക്രസന്റ്, എസ് ജി 1 1 എല്‍ഡബ്ല്യൂ

ഫാ. ബിജു കുന്നയ്ക്കാട്ട്

ഡെര്‍ബി: ഡെര്‍ബി വിശ്വാസ സമൂഹത്തിന് ആത്മീയതയുടെ പുതുചൈതന്യം പകര്‍ന്ന് അഞ്ചു ദിവസം നീണ്ടുനിന്ന ഇടയസന്ദര്‍ശനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ പൂര്‍ത്തിയാക്കി. ഡെര്‍ബിയിലെ എല്ലാ ഭവനങ്ങളിലും സന്ദര്‍ശിച്ച് വെഞ്ചരിപ്പ് നടത്താനും വിശ്വാസികളെ നേരില്‍കണ്ടു സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തിലും മാര്‍ സ്രാമ്പിക്കലിനൊപ്പമുണ്ടായിരുന്നു.

ഞായറാഴ്ച ഡെര്‍ബി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ഫാന്‍സ്വാ പത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. മാമോദീസായില്‍ ലഭിച്ച പ്രസാദവരത്തിന്റെ ശക്തി നമ്മില്‍ പ്രകടമാകാതിരിക്കുന്നത് നമ്മുടെ പാപങ്ങളുടെ സ്വാധീനം മൂലമാണെന്നും അതിനാല്‍ പാപത്തെ ഒഴിവാക്കി ജീവിക്കുമ്പോള്‍ പ്രസാദവര അവസ്ഥയില്‍ കൂടുതലായി വളരാന്‍ സാധിക്കുമെന്നും വചനസന്ദേശത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ദിവ്യബലിക്കുശേഷം സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍, ഗായകസംഘം, വിമെന്‍സ് ഫോറം പ്രതിനിധികള്‍ വാര്‍ഡ് ലീഡേഴ്‌സ് തുടങ്ങിയവര്‍ അഭി. പിതാവില്‍ നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാാങ്ങി.

വേദപാഠം അധ്യാപകര്‍, വിമെന്‍സ് ഫോറം അംഗങ്ങള്‍ തുടങ്ങിയവരെ പ്രത്യേകമായി കാണുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു. വിമെന്‍സ് ഫോറം പ്രസിഡന്റ് ലൗലി സാബു എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയവരേയും ഗായകസംഘത്തെയും അധ്യാപകരേയും ഗായകസംഘത്തേയും അധ്യാപകരെയും പിതാവ് പ്രത്യേകം പരാമര്‍ശിച്ച് അഭിനന്ദിച്ചു.

സ്പാള്‍ഡിംഗ്, ബോസ്റ്റണ്‍ എന്നിവിടങ്ങളില്‍ ഇടയസന്ദര്‍ശനം വരുന്ന ബുധന്‍, വ്യാഴം, വെള്ളി (25, 26, 27) ദിവസങ്ങളില്‍ നടക്കും. ഇന്ന് ബുധനാഴ്ച സ്പാള്‍ഡിംഗിലും വ്യാഴം, വെള്ളി ദിവസങ്ങളിലും ബോസ്റ്റണിലും മെത്രാന്‍ ഭവന സന്ദര്‍ശനം നടത്തും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഈ രണ്ടു സ്ഥലങ്ങളിലെയും കുടുബാംഗങ്ങള്‍ ബോസ്റ്റണ്‍ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലൊരുമിച്ചു കൂടി അഭി. പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പിക്കും.

വികാരി. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വിമെന്‍സ് ഫോറം, മതാധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച വി. കുര്‍ബാന നടക്കുന്ന പള്ളിയുടെ

അഡ്രസ്: St. Mary’s Catholic Church, Boston 24, Horncastle Road, Boston, PE 21 9 BU.

സീറോ മലബാര്‍ എപ്പാര്‍ക്കിയിലെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ നേതൃത്വത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍. സീറോ മലബാര്‍ സഭയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയായ റവ. ഫാദര്‍ പോളി മണിയാട്ടിന്റെ നേതൃത്വത്തില്‍ മെയ് 5ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ 4 മണി വരെ സെന്റ് ജോസഫ് ചര്‍ച്ച് ബ്രിസ്റ്റോളില്‍ വച്ച് വിശുദ്ധ കുര്‍ബാനയും സെമിനാറും.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കെഫല്ലി പാര്‍ക്കില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രതിനിധികള്‍ക്കുവേണ്ടി നടത്തിയ പാസ്റ്റര്‍ പ്ലാനിംഗ് സമ്മേളനത്തില്‍ റവ. ഫാദര്‍ പോള്‍ മണിയാട്ട് വളരെ മനോഹരമായി വിശുദ്ധ കുര്‍ബാനയെക്കുറിച്ചും ലിറ്റര്‍ജിയെക്കുറിച്ചും ക്ലാസ് എടുക്കുകയുണ്ടായി. വിശ്വാസികളുടെ ഇടയില്‍ നിന്നും അതിനു മികച്ച പ്രതികരണത്തിന്റെ ഫലമായി രൂപതയില്‍ ഉടനീളം സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഇത്തരം ക്ലാസുകള്‍ സംഘടിപ്പിക്കുന്നതെന്ന് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്ര ആഴത്തെക്കുറിച്ചുമുള്ള ക്ലാസുകള്‍ എടുക്കുന്നതായിരിക്കും. ആദിമ സഭയില്‍ വിശുദ്ധ കുര്‍ബാനയെ കേന്ദ്രീകരിച്ചാണ് സഭാ സമൂഹങ്ങള്‍ വളര്‍ന്നത്, വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാന്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലെ എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് കൈക്കാരന്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍, വേദപാഠം അധ്യാപകര്‍, അള്‍ത്താര ശുശ്രൂഷകള്‍ ഇതില്‍ സംബന്ധിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും പ്രത്യേകം എല്ലാവരേയും ക്ഷണിക്കുന്നു. ഉച്ചഭക്ഷണം ക്രമീകരിക്കുന്നതായിരിക്കും.

സ്ഥലവും സമയവും താഴെ കൊടുത്തിരിക്കുന്നു.

May 5th 9.30 – 16.00 HRS
St. Joseph Church
232 Forest Roan
Fishponds
Bristol
BS 16 3 aT.

ബൈബിളിന് നിരവധി പകര്‍ത്തെഴുത്തുകള്‍ ഉണ്ടായിട്ടുണ്ട്. ലെതര്‍ മുതല്‍ പേപ്പര്‍ വരെ മാധ്യമമായി തയ്യാറാക്കപ്പെട്ടിട്ടുള്ളവയും വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്നവ വരെയുണ്ട്. എന്നാല്‍ ലോകത്തെ 52 ഭാഷകളില്‍ കയ്യെഴുത്തിലൂടെ തയ്യാറാക്കപ്പെട്ട ബൈബിള്‍ ഒരു അപൂര്‍വതയാണ്. ദുബായിലെ സെന്റ് മേരീസ് ചര്‍ച്ചിലാണ് ഈ ബൈബിള്‍ കയ്യെഴുത്ത്പ്രതിയുള്ളത്. പള്ളിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2017 ഏപ്രിലിലാണ് ഇത് സ്ഥാപിച്ചത്. 2016 നവംബറിലാണ് പാരീഷ് മീറ്റിംഗില്‍ ചിലര്‍ ഈ ആശയം അവതരിപ്പിച്ചതെന്ന് പള്ളി വികാരി ഫാ. ലെന്നി ജെഎ കോണൂലി ഓര്‍ക്കുന്നു.

വളരെ വെല്ലുവിളി നിറഞ്ഞ ഒരു ജോലിയായിരുന്നു ഇത്. ജനങ്ങളെ ഇക്കാര്യം ഞങ്ങള്‍ അറിയിച്ചു. 52 ഭാഷകള്‍ സംസാരിക്കുന്നവര്‍ മുന്നോട്ടു വന്നു. 52 ഭാഷകളിലുള്ള ബൈബിളുകള്‍ ശേഖരിക്കുകയായിരുന്നു അടുത്ത ജോലിയെന്നും വികാരി പറഞ്ഞു. മൂന്ന് ലക്ഷത്തിലേറെ ഇടവകാംഗങ്ങളുള്ള പള്ളിയാണ് ഇതെന്ന് സംഘാടകരിലൊരാളായ മാത്യു തോമസ് പറയുന്നു. വിവിധ ദേശീയതകളുള്ള ആയിരക്കണക്കിനാളുകളാണ് ഇതിനായി മുന്നോട്ടു വന്നത്. നല്ല കയ്യക്ഷരമുള്ള എഴുത്തുകാരെ തെരഞ്ഞെടുക്കലായിരുന്നു അടുത്ത ജോലി.

2017 മാര്‍ച്ച് 31ന് 2000 ഇടവകാംഗങ്ങളെ ഇതിനായി തെരഞ്ഞെടുത്തു. ഊദ് മേതയിലുള്ള സെന്റ് മേരീസ് കാത്തലിക് ഹൈസ്‌കൂളില്‍ എല്ലാവരും ഒത്തുചേര്‍ന്ന് എഴുത്താരംഭിച്ചു. ഓരോ ഭാഷാ വിഭാഗത്തിന്റെയും പ്രാതിനിധ്യത്തിനനുസരിച്ച് എഴുതാനുള്ള ഭാഗങ്ങളും അനുവദിച്ചു. രണ്ട് മണിക്കൂറിനുള്ളില്‍ എഴുത്ത് പൂര്‍ത്തിയായെന്ന് മാത്യു തോമസ് പറഞ്ഞു. വിവിധ ഭാഷകളിലുള്ള ഭാഗങ്ങള്‍ കൃത്യമായി ചേര്‍ത്തു വെക്കുകയെന്ന കനത്ത ജോലിയായിരുന്നു അടുത്ത വെല്ലുവിളി. ഇതിനായി ഒരു മാസമെടുത്തു. 22 കിലോ ഭാരമുള്ള പുസ്തകം ബൈന്‍ഡ് ചെയ്യാന്‍ ആരും തയ്യാറായിരുന്നില്ലെന്നും മാത്യു ഓര്‍മിക്കുന്നു. പിന്നീട് പോപ്പ് ഫ്രാന്‍സിസിന്റെ ആശീര്‍വാദത്തിന് ഇത് അയക്കുകയും ചെയ്തു. ബൈബിള്‍ എഴുതിയ ഭാഷകള്‍ പുസ്തകത്തിന്റെ സ്‌പൈനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ലണ്ടന്‍ റീജണിലെ സ്റ്റീവനേജ് മിഷനില്‍ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം തങ്ങളുടെ മൂന്നാം ശനിയാഴ്ച വിശുദ്ധ കുര്‍ബ്ബാനയും, മതബോധന പരിശീലനവും, പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രുഷകളും ഭക്ത്യാദരപൂര്‍വ്വം നടത്തി.ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ സഹകാരിയും, വെസ്റ്റ്മിനിസ്റ്റര്‍ ചാപ്ലയിനുമായ സെബാസ്റ്റ്യന്‍ ചാമക്കാല അച്ചന്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

ഭാരതത്തില്‍ അടുത്തിടകളിലായി രാജ്യത്തിനും, മാനവികതക്കും അപമാനവും,അതിക്രൂരവുമായ ബാല പീഡനങ്ങളും, അതിക്രമങ്ങളും, കൊലപാതകങ്ങളും വര്‍ദ്ധിച്ചു വരുന്നതിലും, ഇരകള്‍ക്കു നീതി ലഭിക്കുന്നതില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വം എടുക്കേണ്ട അധികാര വര്‍ഗ്ഗം നിസ്സംഗത പുലര്‍ത്തുന്നതിലും, പ്രതികള്‍ക്കു സംരക്ഷണം നല്‍കുന്നതായി സംശയങ്ങളുണരുന്ന ആപല്‍ക്കരമായ സാഹചര്യം നിലവില്‍ ഉള്ളതിലും പാരീഷംഗങ്ങളുടെ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു.

കുര്‍ബ്ബാനയ്ക്ക് ശേഷം ചേര്‍ന്ന പാരീഷ് യോഗത്തില്‍ ആശിഫ അടക്കം നിരവധി കുഞ്ഞുങ്ങള്‍ ക്രൂരമായി അക്രമിക്കപ്പെടുന്നതില്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തിയ സമൂഹം അധികാര വര്‍ഗ്ഗത്തിന്റെ ശക്തമായ നിലപാടുകള്‍ ഇക്കാര്യത്തില്‍ എടുക്കണമെന്നും ജീവനും, വിശ്വാസത്തിനും, സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ പ്രതിജ്ഞാബദ്ധരായ സര്‍ക്കാര്‍ അനുകൂല നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം എന്നും ചാമക്കാല അച്ചന്‍ തന്റെ ഹൃസ്യ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പൈശാചികവും, മൃഗീയവുമായ ലൈംഗിക പീഡനങ്ങള്‍ക്കു ഇരയായവര്‍ക്കു നീതി ലഭിക്കുവാനും,സ്‌നേഹവും ഐക്യവും, മതേതരത്വവും സമാധാനവും വിളയുന്ന ഭാരത സംസ്‌കാരത്തിലേക്ക് രാജ്യത്തിന് തിരിച്ചെത്തുവാന്‍ സാധിക്കട്ടെയെന്ന് ആശംശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.

ആശിഫയുടെയും മറ്റുമായി നിരവധി പ്ലാക്കാര്‍ഡുകള്‍ ഏന്തിയും കത്തിച്ച മെഴുതിരി വഹിച്ചും നടത്തിയ ഐക്യദാര്‍ഢ്യ പ്രഖ്യാപനം വിശ്വാസികളുടെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വളരെ ശ്രദ്ധേയവും മാനുഷികവും ആയി. പാരീഷ് കമ്മിറ്റി മെമ്പര്‍ പ്രിന്‍സണ്‍ പാലാട്ടി-വിത്സി ദമ്പതികളുടെ മോള്‍ പ്രാര്‍ത്ഥനാ മരിയാ പ്രിന്‍സനെ ദേവാലയ പ്രവേശന ശുശ്രുഷകള്‍ നടത്തി വിശുദ്ധ കുര്‍ബ്ബാനക്ക് ആമുഖമായി ചാമക്കാല അച്ചന്‍ പാരീഷ് ഗണത്തിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം നേര്‍ന്നു. വിശുദ്ധബലിയുടെ സമാപനത്തില്‍ കേക്ക് മുറിച്ചു വിതരണം ചെയ്തു കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു.

ബാബു ജോസഫ്‌

പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ ആയിരങ്ങള്‍ക്ക് യേശുവില്‍ പുതുജീവനേകുന്ന രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നയിക്കാന്‍ കാലഘട്ടത്തിന്റെ ജീവിക്കുന്ന ദൈവികോപകരണമായി വര്‍ത്തിക്കുന്ന സെഹിയോന്‍ മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ എത്തിച്ചേരും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ വിശ്വാസികള്‍ക്ക് യേശുവില്‍ പുതുജീവനേകാന്‍ ബഥേല്‍ സെന്റര്‍ ഒരുങ്ങുകയാണ്.

സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക മരിയന്‍ റാലിയോടെ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കുന്ന കണ്‍വെന്‍ഷനില്‍ യൂറോപ്പിലെ പ്രശസ്തമായ ഓസ്‌കോട്ട് സെന്റ് മേരീസ് കോളേജിന്റെ വൈസ് റെക്ടര്‍ റവ.ഫാ.പോള്‍ കെയ്‌നും പങ്കെടുക്കും. ഏറെ പുതുമകളോടെ ഇത്തവണയും കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും മെയ് 12 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം.( Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന്‍ മാത്യു 07515 368239

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424. ബിജു എബ്രഹാം 07859 890267

മാഞ്ചസ്റ്റര്‍: കത്തോലിക്കാ നവ സുവിശേഷവത്ക്കരണ രംഗത്ത് ചരിത്രം കുറിക്കാന്‍ യൂറോപ്പ് ഒരുങ്ങുന്നു. പുതുതലമുറയുടെ അഭിരുചിയെ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിനുകാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തന്‍ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5 ന് മാഞ്ചസ്റ്ററില്‍ നടക്കും.

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കും.
രാവിലെ 9 മുതല്‍ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതല്‍ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാള്‍ക്ക് 10 പൗണ്ട് എന്ന നിരക്കില്‍ പ്രത്യേക പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്.
ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്സ് ആന്‍ഡ് വെര്‍ഷിപ്, ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതിക സംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും ക്രിസ്തുവിനെ പകര്‍ന്നു നല്‍കാന്‍ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്‌നി മിനിസ്ട്രീസും.

മെയ് 5ന് നടക്കുന്ന കണ്‍വെന്‍ഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. എബ്ലേസ് ടിക്കറ്റുകള്‍ക്കായി www.sehionuk.org എന്ന വെബ്‌സൈറ്റിലോ 07443 630066 എന്ന നമ്പറില്‍ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ക്ലമന്‍സ് നീലങ്കാവില്‍ 07949 499454
രാജു ആന്റണി 07912 217960

വിലാസം

AUDACIOUS CHURCH
TRINITY WAY
SALFORD
MANCHESTER
M3 7 BD

ജോര്‍ജ് മാത്യൂ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യു കെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപൊലീത്തയുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ബെര്‍മിംഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ 22-04-18ന് ഞായറാഴ്ച വി. കുര്‍ബാന അര്‍പ്പിക്കുന്നു.

പ്രഭാത നമസ്‌കാരത്തിലും തുടര്‍ന്ന് നടക്കുന്ന വി. കുര്‍ബാനയിലും തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാര്‍മ്മികനായിരിക്കും. പുതിയ വര്‍ഷത്തെ ഇടവക ഭരണസമിതി തിരുമേനിയുടെ സാന്നിധ്യത്തില്‍ ഭരണസാരഥ്യം ഏറ്റെടുക്കും.

ഇടവക മെത്രാപൊലീത്തയ്ക്ക് സമുചിതമായ സ്വീകരണം നല്‍കാന്‍ ഇടവകാംഗങ്ങള്‍ രാവിലെ 9 മണിക്ക് പള്ളിിയില്‍ എത്തിച്ചേരണമെന്ന് ഇടവക വികാരിയും മാനേജിംഗ് കമ്മിറ്റിയംഗങ്ങളും അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. മാത്യൂസ് കുര്യാക്കോസ്
ഇടവക വികാരി – 07832999325
പളളിയുടെ വിലാസം:
The Walker Memorial Hall,
Ampton Road
Birmingham
B 15 2 VJ

ജോര്‍ജ് മാത്യൂ
പി.ആര്‍.ഒ. സെന്റ് സ്റ്റീഫന്‍സ് ഐഒസി
ബെര്‍മിംഗ്ഹാം

RECENT POSTS
Copyright © . All rights reserved