Spiritual

മാഞ്ചസ്റ്റര്‍: കത്തോലിക്കാ നവ സുവിശേഷവത്ക്കരണരംഗത്ത് ചരിത്രം കുറിക്കാന്‍ മാഞ്ചസ്റ്റര്‍ ഒരുങ്ങുന്നു. പുതുതലമുറയുടെ അഭിരുചിയെ യഥാര്‍ത്ഥ ക്രിസ്തീയ ജീവിതത്തിനനുസൃതമാകുംവിധം വഴിതിരിച്ചുവിട്ടുകൊണ്ട് യുവത്വത്തിന്റെ വിശ്വാസ പ്രഖ്യാപനം ലോകത്തിന് കാണിച്ചുകൊടുക്കുന്ന എബ്ലേസ് 2018 ഇത്തവണ ആത്മാഭിഷേകത്തിന്റെ പുത്തന്‍ രൂപഭാവവുമായി ഏറെ പുതുമകളോടെ അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചെസ്റ്ററിനൊപ്പം മെയ് 5 ന് നടക്കും.

പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക ഭക്തിയും വണക്കവും ഒരുമിക്കുന്ന മെയ് മാസത്തില്‍ അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ട് നടക്കുന്ന എവൈക് മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കും. പ്രശസ്ത ക്രിസ്ത്യന്‍ ഗാനരചയിതാവും വചന പ്രഘോഷകനുമായ ബേബി ജോണ്‍ കലയന്താനി കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്കുശേഷം 2വരെ നടക്കുന്ന കണ്‍വെന്‍ഷനിലേക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 3.30 മുതല്‍ രാത്രി 7.30 വരെ നടക്കുന്ന എബ്ലേസ് 2018 ന് പ്രവേശനത്തിന് ഒരാള്‍ക്ക് 10പൗണ്ട് എന്ന നിരക്കില്‍ പ്രത്യേക പാസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാമിലി പാസ്സ് 30 പൗണ്ടാണ്.

ലൈവ് മ്യൂസിക്, സേക്രഡ് ഡ്രാമ, പ്രയ്സ് ആന്‍ഡ് വര്‍ഷിപ്, ആത്മീയ പ്രചോദനമേകുന്നു ജീവിത സാക്ഷ്യങ്ങള്‍ എന്നിവയുള്‍ക്കൊള്ളുന്ന പ്രോഗ്രാം ആധുനിക ശബ്ദ, ദൃശ്യ സാങ്കേതിക സംവിധാനങ്ങളോടെ ഒരുക്കിക്കൊണ്ട് കുട്ടികള്‍ക്കും യുവതി യുവാക്കള്‍ക്കും ക്രിസ്തുവിനെ പകര്‍ന്നുനല്‍കാന്‍ ഒരുങ്ങുകയാണ് ഫാ.സോജി ഓലിക്കലും അഭിഷേകാഗ്‌നി മിനിസ്ട്രീസും. മെയ 5 ന് നടക്കുന്ന കണ്‍വെന്‍ഷനിലേക്കും എബ്ലേസിലേക്കും അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

എബ്ലേസ് ടിക്കറ്റുകള്‍ക്കായി  www.sehionuk.org എന്ന വെബ്‌സൈറ്റിലോ 07443 630066 എന്ന നമ്പറില്‍ രാജു ചെറിയാനെയോ ബന്ധപ്പെടാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്ലമന്‍സ് നീലങ്കാവില്‍ 07949 499454
രാജു ആന്റണി 07912 217960

വിലാസം

AUDACIOUS CHURCH

TRINITY WAY
SALFORD
MANCHESTER
M3 7 BD

എന്‍ഫീല്‍ഡ്: കുട്ടികളിലെ വിശുദ്ധിയും നന്മകളും ശോഷണം വരാതെ ദൈവസുതരായി വളര്‍ന്നു വരുവാനുള്ള ആത്മീയ പരിപോഷണത്തിനും തിന്മകളെ വിവേചിച്ചറിയുവാന്‍ ഉതകുന്ന പരിശുദ്ധാത്മ ജ്ഞാനത്തിനും അഭിഷേകത്തിനും പ്രയോജനകരമായ ‘വളര്‍ച്ചാ ധ്യാനം’ എന്‍ഫീല്‍ഡില്‍ സംഘടിപ്പിക്കുന്നു. പ്രവാസ മണ്ണില്‍ മാതാപിതാക്കള്‍ നല്‍കേണ്ട അനിവാര്യമായ ഒരു വലിയ കടമയാണ് ‘കിഡ്‌സ് ഫോര്‍ കിങ്ഡം’ സെഹിയോന്‍ യുകെ ടീം എന്‍ഫീല്‍ഡില്‍ കുട്ടികള്‍ക്കായി ഒരുക്കുന്നത്.

ഏഴു വയസ്സ് മുതല്‍ പതിനെട്ടു വയസ്സുവരെയുള്ള പ്രായക്കാര്‍ക്ക് രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് ധ്യാന ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 8ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് തുടങ്ങുന്ന ധ്യാന ശുശ്രുഷകള്‍ വൈകുന്നേരം ആറു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയോടെ സമാപിക്കും. വ്യക്തിപരമായ അര്‍ത്ഥനകള്‍ ദൈവ സമക്ഷം സമര്‍പ്പിക്കുവാനും അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുവാനും ദൈവ സ്തുതിക്കും ആരാധനക്കും അതോടൊപ്പം തിരുവചനങ്ങള്‍ സ്വീകരിക്കുവാനും ഈ ശുശ്രുഷയില്‍ അവസരം ഉണ്ടായിരിക്കും.

ധ്യാന ശുശ്രുഷകള്‍ക്കു ശേഷം കുട്ടികള്‍ക്കായി ഫാ.ഷിജോ ആലപ്പാടന്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ദിവ്യകാരുണ്യ ആരാധനക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്. ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി ആത്മീയ നന്മകള്‍ ആര്‍ജ്ജിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ധ്യാനത്തിലേക്കു പ്രോത്സാഹിപ്പിച്ചയക്കുവാന്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റിയന്‍ ചാമക്കാല അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക.

മാത്തച്ചന്‍ വിളങ്ങാടന്‍ : 07915602258
ജോര്‍ജ്ജുകുട്ടി ആലപ്പാട്ട് : 07909115124

പള്ളിയുടെ വിലാസം:

Our Lady of Walsingham & the English Martyrs
Holtwhites Hill , Enfield, EN2 8HG

 ന്യൂസ്  ഡെസ്ക്:

 സാലിസ്ബറി: വലിയനോമ്പ്‌ കാലത്തു നടത്താറുള്ള കുടുംബ നവീകരണധ്യാനം മാർച്ച് പതിനാറ്,പതിനേഴ് എന്നീ തീയതികളിൽ ഹോളീ റെഡീമെർ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.എല്ലാവരുടെയും സൗകര്യങ്ങൾ കണക്കിലെടുത്ത് പതിനാറാം തിയതി വൈകുന്നേരം അഞ്ചു മണി മുതൽ പത്തു മണി വരെയും,പതിനേഴാം തിയതി രാവിലെ പത്തു മണി മുതൽ വൈകുന്നേരം നാല് മണി വരെയും ആയിരിക്കും ധ്യാനം നടക്കുന്നത്.ബഹുമാനപ്പെട്ട ഫാദർ ജോസ് പൂവണിക്കുന്നേൽ ആയിരിക്കും ധ്യാനം നയിക്കുന്നത്.
ധ്യാനത്തിന് മുന്നോടിയായി ബഹുമാനപ്പെട്ട ഫാദർ സണ്ണി പോൾ വീടുകൾ സന്ദർശിച്ചു പ്രാർഥിക്കുകയും വീടുകൾ വെഞ്ചിരിക്കുകയും ചെയ്തു.വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും ധ്യാനത്തിനോട് അനുബന്ധിച്ചു വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

ദൈവവചനത്താലും വിശുദ്ധ കൂദാശകളാലും സ്തുതി ആരാധനയാലും കഴുകപ്പെട്ട് ദൈവസ്‌നേഹത്താൽ നിറഞ്ഞ് കുടുംബമായി അഭിഷേകം പ്രാപിക്കാൻ നിങ്ങളേവരേയും ക്ഷണിക്കുന്നു.

അഡ്ഡ്രസ്,

Holy Redeemer Church,
Fotherby Crescent,
Salisbury,
SP1 3EG

ബാബു ജോസഫ്

ബര്‍മിങ്ഹാം: റവ.ഫാ. സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ നാളിതുവരെ നടത്തപ്പെട്ട സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷനില്‍ പങ്കെടുത്തിട്ടുള്ള ടീനേജുകാര്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രീസ് ഒരുക്കുന്ന ഏകദിന ധ്യാനം ‘ഇഗ്‌നൈറ്റ് ‘ഏപ്രില്‍ 2 ന് ബര്‍മിങ്ഹാമില്‍ നടക്കും. സെഹിയോന്‍ ടീം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുകെയിലെ നൂറുകണക്കിന് ടീനേജ് പ്രായക്കാരിലൂടെ സ്‌കൂള്‍ ഓഫ് ഇവാന്‍ജലൈസേഷന്‍ ടീമിന് നേരിട്ടനുഭവവേദ്യമായവ മാതാപിതാക്കള്‍ക്കളുമായി പ്രായോഗിക നിര്‍ദ്ദേശങ്ങളടങ്ങിയ ക്ലാസ്സുകളിലൂടെ ഈ ധ്യാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവ സാക്ഷ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളും ഉള്‍പ്പെടുന്ന ധ്യാനത്തില്‍ നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തിയിട്ടുള്ള ധ്യാനങ്ങള്‍, ക്ലാസ്സുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങളും പങ്കുവയ്ക്കുന്നു.

ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ മാതാപിതാക്കള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍ ഉപകാരപ്പെടും. ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ ഇതുവരെയും ധ്യാനത്തില്‍ പങ്കെടുത്തിട്ടുള്ള ടീനേജുകാരെയും അവരുടെ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഏപ്രില്‍ 2ന് ബര്‍മിങ്ഹാമിലേക്ക് ക്ഷണിക്കുന്നു.

സമയം: രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ

അഡ്രസ്സ്
ST. CUTHBERT’ S CHURCH
CASTLE VALE
BIRMINGHAM
B35 7 PC

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജെസ്സി ബിജു 07747586844
തോമസ് 07877508926

ജോണ്‍സന്‍ ജോസഫ്

ലണ്ടന്‍: യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്‌തോലിക് വിസിറ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് തന്റെ പ്രഥമ ഔദ്യോഗിക ഇടയ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തുന്നു. യുകെയിലെയും യൂറോപ്പിലെയും മലങ്കര സഭയെ ശക്തിപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുകയെന്ന് ദൗത്യമാണ് പരിശുദ്ധ സിംഹാസനം ഈ നിയമനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി യുകെയിലെ മലങ്കര സഭ ത്വരിത വളര്‍ച്ചയിലാണ്. ഇതിനോടകം, യുകെയിലെ പല സ്ഥലങ്ങളിലായി ചിതറിപാര്‍ക്കുന്ന സഭാംഗങ്ങളെ പതിനാറ് മിഷന്‍ സെന്ററുകളിലായി കൂട്ടിച്ചേര്‍ത്തു. സ്ഥിരമായ ആത്മീയ ശുശ്രൂഷകള്‍ക്ക് കനോനിക സംവിധാനമായി എന്നതും ലണ്ടനില്‍ സഭക്ക് സ്വന്തമായി ആരാധനാലയം ലഭ്യമായതും എടുത്തു പറയേണ്ട നേട്ടങ്ങളാണ്.

എക്ളേസ്യാസ്റ്റിക്കല്‍ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് മടുക്കമൂട്ടില്‍, ചാപ്ലൈന്‍മാരായ ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ് എന്നീ വൈദികരുടെ ആത്മീയനേതൃത്വത്തില്‍ നീങ്ങുന്ന സഭക്ക് മാര്‍ തിയോഡോഷ്യസ് പുത്തനുണര്‍വും ഓജസും പകര്‍ന്നു നല്‍കും. യുകെയിലെ എല്ലാ മിഷന്‍ സെന്ററുകളും സംയുക്തമായി ഏപ്രില്‍ 7 ശനിയാഴ്ച രാവിലെ 11 മണിക്ക് ലണ്ടന്‍ ഡഗാനാമിലെ മാര്‍ ഇവാനിയോസ് മലങ്കര കത്തോലിക്കാ സെന്ററില്‍ അഭിവന്ദ്യ പിതാവിന് പ്രൗഡ ഗംഭീരമായ സ്വീകരണം നല്‍കും. തുടര്‍ന്ന് അഭിവന്ദ്യ പിതാവിന്റെ കാര്‍മ്മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണവും അനുമോദന സമ്മേളനവും നടത്തപ്പെടും.

യുകെയിലെ വിവിധ ദേശങ്ങളിലെ മിഷനുകള്‍ കേന്ദ്രങ്ങളും കുടുംബങ്ങളും സന്ദര്‍ശിക്കാനും, വിശുദ്ധവാര ശുശ്രൂഷയില്‍ പങ്കെടുക്കാനും വിവിധ രൂപതാധ്യക്ഷന്മാരുമായി കൂടിക്കാഴ്ചകള്‍ നടത്താനുമായി അഭിവന്ദ്യ പിതാവ് എത്തിച്ചേരുന്നതിന്റെ ആഹ്ലാദത്തിലാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാമക്കള്‍.

യേശുദേവന്‍ എളിമയുടെയും വിനയത്തിന്റെയും സന്ദേശം നല്‍കി കുരുത്തോലയും ഏന്തി ജെറുസലേം വീഥിയിലൂടെ കഴുതപ്പുറത്ത് യാത്ര ചെയ്ത ആ സ്‌നേഹയാത്ര ഓര്‍മ്മപ്പെടുത്തുന്ന കുരുത്തോല തിരുന്നാള്‍ ഓശാന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയും കുരുത്തോലവിതരണവും മാര്‍ച് 25നു അഞ്ച് മണിക്ക് സെന്റ് ജോസഫ് ചര്‍ച്ച് കോള്‍വിന്‍ബെയില്‍ നടത്തുന്നു. അഡ്രസ് ST JOSEPH  CHURCH , COLWYN BAY . LL 29 7  LG .

എളിമയുടെ സന്ദേശം നല്‍കി ഈശോ തമ്പുരാന്‍ തന്റെ ശിഷ്യന്‍മാരുടെ കാല്‍ക്കല്‍ കഴുകി മുത്തി വിനയത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കിയതിന്റെ ഓര്‍മ്മ പുതുക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയും, അന്ത്യ അത്താഴത്തെ അനുസ്മരിപ്പിക്കുന്ന അപ്പം മുറിക്കല്‍ മറ്റു തിരുകര്‍മ്മങ്ങളും മാര്‍ച് 29 വ്യാഴാഴ്ച മൂന്നരമണിക്ക് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡനില്‍ നടത്തുന്നു. അഡ്രസ് സെക്രെറ്റ് ഹാര്‍ട്ട് ചര്‍ച്ച് ഹാര്‍ഡിന്. CH 53 DL.

മനുഷ്യ കുലത്തിന്റെ പാപ മോചനത്തിനായി സ്വന്തം ജീവന്‍ മരക്കുരിശില്‍ ഹോമിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്ന സഹനത്തിന്റെ പതിന്നാലാം സ്ഥലം മാര്‍ച് 30നു രാവിലെ 9 .45നു പന്ഥാസഫ് കുരുശുമലയില്‍ നടത്തുന്നു. മലകയറ്റവും നിറച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. അഡ്രസ് Monastery Rd, Pantasaph, Holywell CH8 8PE.

ലോകത്തിനു പ്രത്യാശയുടെ സന്ദേശം നല്‍കികൊണ്ട് യേശുദേവന്‍ ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ഓര്‍മ്മപുതുക്കുന്ന വുശുദ്ധ കുര്‍ബാനയും ഈസ്റ്റര്‍ തിരുകര്‍മ്മങ്ങളും മാര്‍ച്ച് 31 ശനിയാഴിച്ച 4.30നു ഹാര്‍ഡന്‍ ചര്‍ച്ചില്‍ നടത്തപ്പെടുന്നു. മാര്‍ച് 26 തിങ്കള്‍ വൈകിട്ട് ആറുമുതല്‍ ഏഴു മണിവരെ കുമ്പസാരത്തിനുള്ള സൗകര്യം ഹാര്‍ഡന്‍ പള്ളിയില്‍ ഉണ്ടായിരിക്കുന്നതാണ്. റെക്‌സം രൂപതയിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ രൂപതാ കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം എസ്.ഡി.വി മറ്റു രൂപതയിലുള്ള മലയാളി വൈദികരും നേതൃത്വം നല്‍കുന്നതാണ്. ഈ വിശുദ്ധ വാര തിരുകര്‍മ്മങ്ങളില്‍ ഭക്തി പൂര്‍വം പങ്കുചേര്‍ന്നു നല്ലൊരു ഉയര്‍പ്പ് തിരുന്നാളിനായി ഒരുങ്ങുവാന്‍ എല്ലാ വിശ്വാസികളെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.

രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം SDV:  07853533535

ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ചവത്സര അജപാലനപദ്ധതിയുടെ അന്തിമ രൂപമായ സജീവ ശിലകള്‍ വെള്ളിയാഴ്ച പ്രസ്റ്റണ്‍ സെന്റ് അല്‍ഫാന്‍സാ ഓഫ് ഇമ്മാകുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ പ്രകാശനം ചെയ്തു. ആദ്യ പ്രതി ഷെക്കീന ടെലിവിഷന്‍ ചെയര്‍മാനും സുപ്രസിദ്ധ വചനപ്രഘോഷകനുമായ ശ്രീ. സന്തോഷ് കരുമത്രയ്ക്ക് നല്കികൊണ്ട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. 2017 നവംബര്‍ 20,21,22 തീയതികളില്‍ നടന്ന പഞ്ചവത്സര അജപാലന പദ്ധതിക്കായുള്ള രൂപതാസമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളുടെയും ആലോചനകളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തിലാണ് സജീവശിലകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതനുസരിച്ച് 2018 കുട്ടികളുടെ വര്‍ഷമായും 2019 യുവജനങ്ങളുടെ വര്‍ഷമായും 2020 ദമ്പതികളുടെ വര്‍ഷമായും 2021 കുടുംബകൂട്ടായ്മകളുടെ വര്‍ഷമായും 2022 ഇടവകകളുടെ വര്‍ഷമായും രൂപത ആഘോഷിക്കുന്നതാണ്. വികാരി ജനറാള്‍ റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, ഫാ. സിറിള്‍ ഇടമന എസ്. ഡി. ബി., ഫാ. ഫാന്‍സുവ പത്തില്‍, സി. അനൂപാ സി. എം. സി., സി. റോജിറ്റ് സി. എം. സി., സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഫാ.ഹാപ്പി ജേക്കബ്

നിര്‍മ്മലമായ നോമ്പിന്റെ അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും സഹജീവികളെ ആ കാരുണ്യത്തില്‍ ദര്‍ശിക്കുകയും ചെയ്യുമ്പോള്‍ ദൈവസ്‌നേഹവും സ്പര്‍ശനവും നമുക്ക് അനുഗ്രഹങ്ങളായി ഭവിക്കുന്നു. എന്നാല്‍ ഈ നേരവും ആശങ്കയും പീഡനവും ദൈവനിന്ദയും കളിയാടുന്ന ലോകവും ഒട്ടും വ്യത്യസ്തതയില്ലാതെ ഈ പൈശാചികാനുഭവങ്ങളില്‍ എല്ലാം ക്രിസ്ത്യാനി സാന്നിധ്യം നാം കാണുമ്പോള്‍ അല്‍പം വേദന ഉളവാകുകയും നിരാശനാകുകയും ചെയ്യുന്നു. എന്നാല്‍ നിരാശയല്ല പ്രത്യാശയാണ് നമ്മെ ഭരിക്കേണ്ടതെന്ന ചിന്ത ഉദിക്കുമ്പോള്‍ പ്രാര്‍ത്ഥനയുടെ കുറവും ജീവിതനിഷ്ഠയോടുള്ള മുഖംതിരിവും നാം ഇനിയെങ്കിലും തിരിച്ചറിഞ്ഞ് നേരിന്റെ പാത തിരഞ്ഞ് കണ്ടെത്തേണ്ടിയിരിക്കുന്നു. നോമ്പിന്റെ ഇനിയുള്ള ദിനങ്ങള്‍ നമ്മെ അതിന് പ്രാപ്തരാക്കട്ടെ.

ഈയാഴ്ചയിലെ ചിന്തക്കായി ഭവിക്കുന്നത് വി.ലൂക്കോസിന്റെ സുവിശേഷം 13: 10-17 വരെയുള്ള വാക്യങ്ങളാണ്. കര്‍ത്താവ് ശാബത്തില്‍ പതിനെട്ട് സംവത്സരമായി കൂനിയായ സ്ത്രീയെ സൗഖ്യമാക്കുന്നു. ആത്മീയതലത്തില്‍ കൂന് പാപഭാരത്തിന്റെ അടയാളമായി മനസിലാക്കാം. പാപവും ദോഷവും അകൃത്യവും ജീവിതത്തില്‍ ഏറുമ്പോള്‍ നിവര്‍ന്ന് നിന്ന് സഹോദരങ്ങളെ കാണുവാനോ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുവാനോ കഴിയാതെ വരുന്നു. എന്നാല്‍ പാപമോചനം നേടി കൂന് നിവര്‍ത്തുവാനുള്ള അവസരങ്ങള്‍ ധാരാളം നമുക്കുണ്ടെങ്കിലും അതിന് അടുത്ത് വരുവാന്‍ നമുക്ക് മനസുമില്ല, ധൈര്യവുമില്ല. നിരന്തരം ആരാധനയ്ക്കായി നാം ദൈവാലയത്തില്‍ പോകുമ്പോഴും നമ്മുടെ ചിന്താഗതി മാറ്റുവാനോ ദൈവചിന്ത ഉറപ്പിക്കുവാനോ കഴിയുന്നില്ല. അതിനാല്‍ ദൈവാനുഗ്രഹങ്ങളും നമുക്ക് അപ്രാപ്യമാകുന്നു.

എന്നാല്‍ ഈ സ്ത്രീയെ കണ്ടയുടന്‍ കര്‍ത്താവ് അടുത്ത് വിളിച്ച് അവളെ സൗഖ്യമാക്കുന്നു. അവള്‍ നിവര്‍ന്ന് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു. അവള്‍ കര്‍ത്താവിനെ കാണുകയും കര്‍ത്താവ് അവളെ കാണുകയും ചെയ്യുന്ന ദൈവാനുഭവം. ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗീയ നിമിഷം. ഇതുതന്നെയാണ് ഈ നോമ്പില്‍ നാമും ആര്‍ജ്ജിക്കേണ്ടത്. കര്‍ത്താവേ, കര്‍ത്താവേ എന്ന് വിളിക്കുന്നവരല്ല, എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിന്റെ അവകാശിയാകുന്നതെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുള്ളത് നാം വിസ്മരിക്കരുത്. നമ്മുടെ നോമ്പും നമസ്‌കാരവും പ്രാര്‍ത്ഥനയും കര്‍ത്താവിനെ കാണുവാന്‍ പ്രാപ്തരാക്കട്ടെ.

എന്നാല്‍ സുനഗോഗിലെ പ്രമാണിമാര്‍ക്ക് ഇത് അത്ര സുഖകരമായ അനുഭവമല്ല ഉണ്ടാക്കിയത്. അവര്‍ പരിഭവിക്കുകയും ശാബത്തില്‍ സൗഖ്യമാക്കിയതിനെ വിമര്‍ശിക്കുകയും ചെയ്യുന്നു. എന്നാല്‍ ദൈവകൃപ ഏവര്‍ക്കും പ്രാപ്തമാണെന്നും അത് സൗജന്യമാണെന്നും അര്‍ഹതയുള്ളവര്‍ക്ക് ദൈവം അത് നല്‍കുമെന്നും കര്‍ത്താവ് പഠിപ്പിക്കുന്നു. ബലിയിലല്ല, കരുണയിലത്രേ, മനുഷ്യപുത്രന്‍ ശാബത്തിനു കര്‍ത്താവാണെന്ന് പഠിപ്പിക്കുന്നു.

നമ്മുടെ ഉള്ളിലും നമ്മുടെ സമൂഹത്തിലും നടമാടുന്ന പല അനാചാരങ്ങളും നീങ്ങിയേ മതിയാവുകയുള്ളു. നിയമങ്ങള്‍ സാധാരണവും പാലിക്കപ്പെടേണ്ടവയുമാണ്. എന്നാല്‍ ദൈവപ്രവര്‍ത്തനത്തിന് അവ വിഘാതമാകാന്‍ പാടില്ല. ദൈവജനമായ നമുക്ക് ദൈവകൃപ ഏത് വിധേനയും പ്രാപിക്കേണ്ടത് ആവശ്യമാണ്. കൂനിയായ സത്രീയെ കര്‍ത്താവ് സ്പര്‍ശിച്ചപ്പോള്‍ അവളുടെ രോഗം മാറി സൗഖ്യപ്പെട്ടത് പോലെ ആ കരസ്പര്‍ശനം നമുക്കും അനുഭവിക്കണം. കര്‍ത്താവിനെ കാണുവാന്‍, അവന്‍ നമ്മെ ഒന്ന് കാണുവാന്‍ നമുക്ക് ശ്രമിക്കാം. നമ്മെ അലട്ടുന്ന പാപഭാരങ്ങളെ മോചിപ്പിക്കപ്പെട്ട് ആത്യന്തികമായ സൗഖ്യം നമുക്കും നേടാം. ദൈവമുഖത്തേക്ക് നോക്കി പിതാവേ എന്ന് വിളിക്കാന്‍ നമുക്കും കഴിയണം. ദൈവ സന്നിധിയില്‍ നിന്ന് നമ്മെ അകറ്റുന്ന എന്ത് പ്രതിബന്ധങ്ങളും ആയിക്കൊള്ളട്ടെ, അതിനെ തരണം ചെയ്യാന്‍ ഈ നോമ്പ് നമ്മെ ശാക്തീകരിക്കും. കര്‍ത്താവിനെ കണ്ടവരും അവനെ തൊട്ടവരും അവന്റെ നിഴല്‍ സ്പര്‍ശിച്ചവര്‍ പോലും സൗഖ്യപ്പെട്ടപ്പോള്‍ വിശ്വാസം ഏറ്റെടുത്ത് നമുക്ക് അവന്റെയടുത്ത് ചെല്ലാം. നമ്മുട പാപഭാരങ്ങളെ ദൂരീകരിക്കാം, ആത്മീയവും ഭൗതികവുമായ കൃപയില്‍ നിറയാം. നാം ആര്‍ജ്ജിച്ച കൃപയില്‍ നമ്മുടെ സമൂഹവും ധന്യമാകട്ടെ.

പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍

ന്യൂസ് ഡെസ്ക്

മലയാളികൾക്ക് അഭിമാനിക്കാൻ ഇതാ ഒരു അസുലഭ നിമിഷം വരവായി. ഇംഗ്ലണ്ടിലെ സഭയെ നയിക്കാൻ ഒരു മലയാളി വൈദികൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി ഡോ. ജോൺ പെരുമ്പാലത്ത് നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് രാജ്ഞിയാണ് നിയമനം പ്രഖ്യാപിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് 10, ഡൗണിംഗ് സ്ട്രീറ്റ് വെള്ളിയാഴ്ച ഔദ്യോഗിക കുറിപ്പിലൂടെ നിയമനം അറിയിക്കുകയായിരുന്നു. ജൂലൈ 3 ന് ഡോ.ജോൺ ബിഷപ്പായി അഭിഷിക്തനാകും. ഇദ്ദേഹം യുണൈറ്റെഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ വൈദികനായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ബാർക്കിംഗിൽ ആർച്ച് ഡീക്കനായി സേവനമനുഷ്ഠിക്കവയെയാണ് പുതിയ പദവിയിലേക്ക് നിയുക്തനാകുന്നത്. കേരളത്തിലെ പുരാതന സിറിയൻ ക്രിസ്ത്യൻ കുടുംബാംഗമായ ഡോ. ജോൺ പൂനയിലെ യൂണിയൻ ബിബ്ളിക്കൽ സെമിനാരിയിലാണ് പഠനം പൂർത്തിയാക്കിയത്. BA, BD, MA, MTh, PhD ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

ഡോ. ജോൺ പെരുമ്പാലത്ത് യൂത്ത് വർക്കറായും തിയോളജിക്കൽ എഡ്യൂക്കേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2002ലാണ് അദ്ദേഹം ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ സേവനമാരംഭിക്കുന്നത്. 2013 ൽ ആർച്ച് ഡീക്കൻ പദവിയിലെത്തുന്നതിന് മുൻപ് മൂന്ന് ഇടവകകളിൽ സേവനം ചെയ്തിരുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിൽ അംഗമാണ് ഡോ. ജോൺ. സിനഡിന്റെ മിഷൻ ആൻഡ് പബ്ലിക് അഫയേഴ്സ് കൗൺസിലിലും അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയിലും ഇപ്പോൾ അദ്ദേഹം ചുമതല വഹിക്കുന്നുണ്ട്. വെസ്റ്റ്കോട്ട് ഹൗസ് ട്രസ്റ്റി ബോർഡ് മെമ്പറായ അദ്ദേഹം തിയോളജിക്കൽ കോളജ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, നാഷണൽ കമ്മിറ്റി ഫോർ എത്നിക് മൈനോറിറ്റീസ്, ലണ്ടൻ ചർച്ചസ് റെഫ്യൂജിസ് നെറ്റ് വർക്ക് എന്നീ സ്ഥാപനങ്ങളിലും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട്.

ആംഗ്ലിക്കൻ മിഷൻ ഏജൻസിയുടെ മുൻ ട്രസ്റ്റിയായ ഡോ.ജോൺ ആംഗ്ലിക്കൻ കമ്യൂണിയന്റെ വിവിധ പ്രോവിൻസുകളിലെ സ്ഥിരം പ്രഭാഷകനാണ്. ബിഷപ്പാകാനുള്ള ക്ഷണം എളിമയോടെ സ്വീകരിക്കുന്നുവെന്നും പുതിയ പദവിയിൽ സന്തോഷമുണ്ടെന്നും ഡോ.ജോൺ പെരുമ്പാലത്ത് പറഞ്ഞു. ബാർക്കിംഗിലെ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം ലഭിച്ചിരിക്കുന്ന പുതിയ അവസരം വെല്ലുവിളികളുടെ പുതിയ മേഖലയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെംസ്ഫോർഡ് ബിഷപ്പ്, സ്റ്റീഫൻ കോട്റൽ പുതിയ ബിഷപ്പിന്റെ നിയമനത്തിൽ തന്റെ സന്തോഷം പങ്കുവെച്ചു.  പ്രഗത്ഭനായ തിയോളജിയനും അതിബുദ്ധിമാനായ  പാസ്റ്ററുമാണ് ഡോ.ജോൺ എന്ന് ബിഷപ്പ് പറഞ്ഞു.

ഇടവകാംഗങ്ങളുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കാൻ ഡോ. ജോണിന് കഴിഞ്ഞെത്തും കൂടുതൽ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിൽ ഭരമേൽപ്പിക്കപ്പെടുകയാണെന്നും  പുതിയ പദവിയിൽ മുന്നേറുന്നതിനുള്ള അനുഗ്രഹങ്ങൾക്കായി ഡോ. ജോണിനും അദ്ദേഹത്തിന്റെ പത്നി ജെസിക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും ബിഷപ്പ് സ്റ്റീഫൻ കോട്റൽ വിശ്വാസ സമൂഹത്തോട് അഭ്യർത്ഥിച്ചു. ജൂലൈയിൽ മരണമടഞ്ഞ ബിഷപ്പ് ജോൺ വ്റോയുടെ പിൻഗാമിയായാണ് ഡോ. ജോൺ പെരുമ്പാലത്ത് അഭിഷിക്തനാക്കുന്നത്. 1966 ൽ ജനിച്ച ഡോ.ജോൺ 1995 ൽ വൈദികപട്ടം സ്വീകരിച്ചു. പത്നി ജെസി മാത്സ്‌ ടീച്ചര്‍ ആണ്. ഏകമകൾ അനുഗ്രഹ മെഡിക്കൽ സ്റ്റുഡന്റാണ്.

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി  നിയമിക്കപ്പെട്ട ഡോ. ജോൺ പെരുമ്പാലത്തിന് മലയാളം യുകെ ന്യൂസ്‌ ടീമിന്റെ അഭിനന്ദനങ്ങള്‍.

 

ബർമിംങ്ഹാം: രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബഥേലിൽ ഒരുക്കങ്ങൾ പൂർത്തിയായി. പ്രാർത്ഥനയും പരിത്യാഗവും ഉപവാസവും ഒരുമിക്കുന്ന വലിയ നോമ്പിന്റെ നിറവിനോപ്പം മാർ യൌസേപ്പിനോടുള്ള പ്രത്യേക വണക്കവും ആചരിക്കുന്ന മാർച്ച് മാസം രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബഥേൽ സെന്ററിൽ നടക്കും. സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശ, ഭാഷാവ്യത്യാസമില്ലാതെ ആയിരങ്ങൾക്ക് ജീവിതനവീകരണവും, രോഗശാന്തിയും, മാനസാന്തരവും പകർന്നു നൽകുന്ന കൺവെൻഷന് ആത്മബലവും അനുഗ്രഹ സാന്നിധ്യവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വീണ്ടും എത്തിച്ചേരും.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേകം വി. കുർബാന രണ്ട് വേദികളിലായി ഉണ്ടാകും. പ്രശസ്തമായ ഓസ്കോട്ട് സെന്റ് മേരീസ് സെമിനാരി കോളേജിന്റെ സ്പിരിച്വൽ ഡയറക്ടറും, യൂറോപ്പിലെ പ്രമുഖ സുവിശേഷപ്രവർത്തകനും, വചനപ്രഘോഷകനുമായ റവ.കാനോൻ ജോൺ യുഡ്രിസ് ഇത്തവണ കൺവെൻഷനിൽ പങ്കെടുക്കും. അദ്ദേഹത്തെ കൂടാതെ അഭിഷേകാഗ്നി മിനിസ്ട്രീസ് സെഹിയോൻ യൂറോപ്പിന്റെ പ്രമുഖ സംഘാടകനും ആത്മീയ ശുശ്രൂഷകനുമായ ബ്രദർ ഷാജി ജോർജും ഇത്തവണ വചനവേദിയിലെത്തും. കുട്ടികൾക്കായി ജീവിത വിശുദ്ധിയെ മുൻനിർത്തി പെയ്ഡ് ഇറ്റ് ഓൾ എന്ന പ്രത്യേക സേക്രഡ് ഡ്രാമ ഉണ്ടായിരിക്കും. പ്രകടമായ അത്ഭുതങ്ങളും ദൈവിക അടയാളങ്ങളും, വിടുതലും സൗഖ്യവുമായി വ്യക്തികളിലും കുടുംബങ്ങളിലും ഈ കൺവെൻഷനിലൂടെ സാദ്ധ്യമാകുന്നു എന്നതിന് ഓരോതവണയും പങ്കുവയ്ക്കപ്പെടുന്ന നിരവധി വ്യത്യസ്തമാർന്ന അനുഭവ സാക്ഷ്യങ്ങൾ തെളിവാകുന്നു.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധ ശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻ തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാം ശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൗജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ഏതൊരാൾക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംങ്ങിനുമുള്ള സൌകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്.
പതിവുപോലെ രാവിലെ 8ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷനിൽ ഇത്തവണ പ്രത്യേക കുരിശിന്റെ വഴിയും ഉണ്ടായിരിക്കും . വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കൺവെൻഷൻ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 10 ന്‌ നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു.

കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

അഡ്രസ്സ്:
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം. ( Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;
ഷാജി 07878149670, അനീഷ്.07760254700, ബിജുമോൻ മാത്യു ‭07515 368239‬
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങൾക്ക്,
ടോമി ചെമ്പോട്ടിക്കൽ 07737935424, ബിജു എബ്രഹാം ‭07859 890267‬

Copyright © . All rights reserved