ഫാ.ബിജു കുന്നയ്ക്കാട്ട്
പരിശുദ്ധ കന്യകാ മറിയത്തിന്റേയും ഭാരത സഭയില് നിന്നുള്ള വിശുദ്ധരായ അല്ഫോന്സാമ്മയുടേയും ചാവറ പിതാവിന്റേയും എവുപ്രാസ്യമ്മയുടേയും മദര്തെരേസയുടേയും വാഴ്ത്തപ്പെട്ട സിസ്റ്റര് റാണിമരിയയുടേയും സംയുക്ത തിരുനാള് ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര് രൂപത പ്രശസ്ത മരിയന് തീര്ത്ഥാടനകേന്ദ്രമായ എയില്സ്ഫോര്ഡില് വച്ച് മെയ് 27ന്നടത്തുന്നു. ഇംഗ്ലണ്ടിന്റെ ആരാമം എന്നറിയപ്പെടുന്ന കെന്റിലെ പ്രശസ്തമായ ഈ മരിയന് തീര്ത്ഥാടന കേന്ദ്രത്തില് അനേകായിരങ്ങളാണ് മാധ്യസ്ഥം തേടിവരുന്നത്. കഴിഞ്ഞ കുറേവര്ഷങ്ങളായി ലണ്ടനിലെ സീറോമലബാര് സഭാ സമൂഹം നടത്തിവന്നിരുന്ന തിരുനാളാണ് ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പ്രധാനപ്പെട്ട ഒരു തീര്ത്ഥാടനമായി ഇപ്പോള് മാറിയിരിക്കുന്നത്.
ഉച്ചയ്ക് 12 മണിയ്ക്ക് ജപമാലാരാമത്തിലൂടെയുള്ള ജപമാല പ്രദക്ഷിണത്തോടെ തിരുനാളിനു തുടക്കമാകും. തുടര്ന്ന് 2മണിക്ക് ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ അദ്ധ്യക്ഷന് മാര്ജോസഫ് സ്രാമ്പിക്കല് പിതാവിന്റെ മുഖ്യ കാര്മ്മികത്വത്തില് ആഘോഷമായ തിരുനാള് കുര്ബാനയും ലദീഞ്ഞും പ്രദക്ഷിണവും നടത്തപ്പെടും.
കര്മ്മലീത്താ സഭാംഗമായിരുന്ന വിശുദ്ധ സൈമണ് സ്റ്റോക്ക് പിതാവ് ഈ പ്രയറിയിലാണ് അക്കാലത്ത് ജീവിച്ചിരുന്നത്. 1251-ല് നൂറ്റാണ്ടിന്റെ മദ്ധ്യത്തില് ഇവിടെവച്ചാണ് വിശുദ്ധ സൈമണ് സ്റ്റോക്ക് പിതാവിന് മാതാവ് ദര്ശനത്തിലൂടെ വെന്തിങ്ങ നല്കിയതെന്ന് വിശ്വസിക്കപ്പെടുന്നു. വെന്തിങ്ങ ധരിക്കുന്ന ഏവര്ക്കും മാതാവിന്റെ പ്രത്യേകമായ സംരക്ഷണവും രോഗപീഡകളില് നിന്നും ആപത്തുകളില്നിന്നും ഉണ്ടായിരിക്കുമെന്ന സന്ദേശവും അദ്ദേഹത്തിനു ലഭിച്ചു. കര്മ്മലീത്താസഭയുടെ പ്രിയോര് ജനറാളായിരുന്നു അന്ന് വിശുദ്ധ സൈമണ് സ്റ്റോക്ക് പിതാവ്. അന്ന് മുതല്ക്കാണ് കര്മ്മലീത്താ സന്യാസികള് വെന്തിങ്ങ അഥവാ സ്കാപുലര് ധരിക്കുവാന്ആരംഭിച്ചത്.
അനേകായിരങ്ങള്ക്ക് ആശ്വാസവും സന്തോഷവും സാന്ത്വനവും പകരുന്ന ദൈവാനുഗ്രഹത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഈ പുണ്യഭൂമിലേക്കും തിരുനാളിലേയ്ക്കും ഏവരേയും ഹൃദയപൂര്വ്വം സ്വാഗതം ചെയ്യുന്നതായി റവ. ഫാ ഹാന്സ് പുതിയാകുളങ്ങര അറിയിച്ചു.
രൂപതയുടെ എല്ലാ ഭാഗങ്ങളില് നിന്നും വരുന്ന വിശ്വാസ സമൂഹത്തിനു വേണ്ട ഒരുക്കങ്ങള് പൂര്ത്തിയായി വരുന്നു. കോച്ചുകളും കാറുകളും പാര്ക്ക് ചെയ്യുന്നതിനുള്ള വിപുലമായ പാര്ക്കിംഗ് സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ട്.
ബ്ലാക്പൂളില് ഫാ. സോജി ഓലിക്കലും കൂട്ടരും നയിക്കുന്ന വാര്ഷിക ധ്യാനം ഫെബ്രുവരി 19, 20, 21 തിങ്കള്, ചൊവ്വ, ബുധന് വൈകിട്ട് 5.30 മുതല് 9.30 വരെ നടക്കും. കുട്ടികള്ക്കായുള്ള ധ്യാനത്തിന് നേതൃത്വം നല്കുന്നത് സീറോ മലബാര് എപ്പാര്ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടണ് രൂപതയിലെ സിസ്റ്റര് അനൂപ, സിസ്റ്റര് റോജിത് ആന്റ് സിസ്റ്റര് ഷാരോണ് ആയിരിക്കും. അവരെ സഹായിക്കുന്നതിനായി സെഹിയോന് ധ്യാന കേന്ദ്രത്തിലെ കുട്ടികളും ഉണ്ടായിരിക്കും.
ബ്ലാക്പൂള് വിശ്വാസികള്ക്ക് എല്ലാവിധ ദൈവാനുഗ്രഹവും ആശംസകള് സീറോ മലബാര് എപ്പാര്ക്കി ഓഫ് ഗ്രേററ് ബ്രിട്ടണ് രൂപതയുടെ പ്രഥമ മെത്രാന് മാര് ജോസഫ് സ്രാമ്പിക്കല് സ്നേഹപൂര്വ്വം അറിയിച്ചു, എല്ലാ വിശ്വാസികള്ക്കും കുമ്പസാരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവക വികാരി ഫാ. മാത്യു പിണക്കാട് അറിയിച്ചിട്ടുണ്ട്. വിശ്വാസികള് ധ്യാനത്തിനുളള ഒരുക്കങ്ങള് പൂര്ത്തിയായതായി പള്ളി കമ്മിറ്റിയും അറിയിച്ചു.
ഈ വാര്ഷിക ധ്യാനത്തില് പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന് നല്ലവരായ എല്ലാ വിശ്വാസികളെയും സെന്റ് ജോണ് വിയാനി പള്ളിയിലേക്ക് സ്നഹപൂര്വ്വം ക്ഷണിക്കുന്നു.
ബെല്ഫാസ്റ്റ്: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബെല്ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക അംഗം വില്സണ് റ്റി ജോര്ജിന് സ്നേഹനിര്ഭരമായ യാത്രയയപ്പ് നല്കി.
ബെല്ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവക ശുശ്രൂഷകനായും ഓര്ത്തഡോക്സ് സണ്ഡേ സ്കൂള് അസോസിയേഷന് അയര്ലന്ഡ് റീജിയന് കോ – ഓര്ഡിനേറ്ററായും സേവനം അനുഷ്ഠിച്ച വില്സണ് റ്റി ജോര്ജിന് ഇടവകയുടെ ഉപഹാരം വികാരി ഫാ. റ്റി ജോര്ജ് നല്കി. ട്രസ്റ്റി സനു വി ജോണ്, അനില് തോമസ് എന്നിവര് പ്രസംഗിച്ചു.
വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാന് പ്രശസ്ത സംഗീതജ്ഞന് ഫാ. വില്സണ് മേച്ചേരില് വിയന്നയില് സംഘടിപ്പിച്ച ലൈവ് സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ (ഏകദേശം ഒന്പതിനായിരം യൂറോ) സ്ഥലത്തെ ഏറ്റവും അര്ഹതപ്പെട്ട 15 കുട്ടികളുടെ പഠനാവശ്യത്തിനായി ബാങ്കില് നിക്ഷേപിച്ച് കുട്ടികള്ക്ക് ഫിക്സഡ് ഡെപോസിറ്റ് സര്ട്ടിഫിക്കറ്റ് നല്കി.
ഓഖി ദുരന്തത്തില് കുടുംബനാഥന്മാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 15 കുട്ടികളുടെ പഠനാര്ത്ഥം ബാങ്കില് നിക്ഷേപിച്ച തുകയുടെ വിവരങ്ങള് വിയന്നയില് നിന്നും പൂന്തുറയില് എത്തിയ ഫാ. വില്സണ് മേച്ചേരില് കുട്ടികള്ക്ക് കൈമാറി. കുട്ടികള്ക്കു 18 വയസ് തികയുമ്പോള് തുക അവര്ക്കു പിന്വലിച്ചു യഥേഷ്ടം ഉപയോഗിക്കാന് പറ്റുന്ന രീതിയിലാണ് നിക്ഷേപം. ഫാ. വില്സണ് നയിച്ച സംഗീത പരിപാടിയ്ക്കെത്തിയ വിയന്ന മലയാളികളാണ് ഈ തുക പൂന്തുറയിലെ കുട്ടികളുടെ പഠനത്തിനായി സംഭാവന നല്കിയത്.
ദുരന്തം തകര്ത്ത പൂന്തുറയിലെ എല്ലാ ഭവനങ്ങളും ഫാ. വില്സന്റെ നേതൃത്വത്തില് സന്ദര്ശിച്ചാണ് ഏറ്റവും അര്ഹരായ കുട്ടികളെ കണ്ടെത്തിയത്. സെന്റ് ഫിലോമിനാസ് സ്കൂളിലെ പ്രധാന അദ്ധ്യാപിക സി. മേഴ്സി, ഫാ. ജയ്മോന് എം.സി.ബി.എസ്, ഡോ. സി. ആന് പോള്, രാജന് അയ്യര് എന്നിവര് സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനുവേണ്ട സദര്ശനങ്ങളില് മാര്ഗ്ഗനിര്ദ്ദേശങ്ങള് നല്കി.
പൂന്തുറയിലെ സെന്റ് തോമസ് പള്ളിയില് വളരെ ലളിതമായി സംഘടപ്പിച്ച ചടങ്ങില് ഫാ. ജസ്റ്റിന് ജൂഡിന് (വികാരി), ഫാ. വെട്ടാരമുറിയില് എം.സി.ബി.എസ്, ഡോ. സി. ഫാന്സി പോള്, വിനോദ് സേവ്യര്, മാത്യൂസ് കിഴക്കേക്കര (വി.എം.എ ചാരിറ്റി കോര്ഡിനേറ്റര്), രാജന് അയ്യര് എന്നിവരും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും അവരുടെ കുടുംബങ്ങളില് നിന്നുള്ളവരും പങ്കെടുത്തു. സഹായവിതരണ പരിപാടി വിജയമാക്കിത്തീര്ത്ത എല്ലാവര്ക്കും പ്രത്യകിച്ച് വിയന്നയിലെ മലയാളി സമൂഹത്തിനും, ബിസിനസ് സംരംഭകര്ക്കും, സംഘടനകള്ക്കും ചടങ്ങില് നന്ദി രേഖപ്പെടുത്തി.
ഫാ.ഹാപ്പി ജേക്കബ്
പരിവര്ത്തനത്തിന്റെയും രൂപാന്തരത്തിന്റെയും ധ്യാനചിന്തയിലൂടെ വലിയ നോമ്പിലെ രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുകയാണ്. ഈയാഴ്ചയിലെ വേദചിന്തക്ക് പാത്രീഭവിക്കുന്നത് വി.ലൂക്കോസ് 5:12-16 വരെയുള്ള വാക്യങ്ങളാണ്. കര്ത്താവ് ഒരു പട്ടണത്തില് ഇരിക്കുമ്പോള് ശരീരത്തില് കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യന് വന്ന് ‘നിനക്ക് മനസുണ്ടെങ്കില് എന്നെ ശുദ്ധനാക്കാന് കഴിയും’ എന്ന് പ്രാര്ത്ഥിക്കുന്നു. കര്ത്താവ് അവനെ തൊട്ട് എനിക്ക് മനസുണ്ട്, സൗഖ്യമാക് എന്ന് പറഞ്ഞു. ഉടനെ അവന് സൗഖ്യം ലഭിക്കുന്നു.
ഏവരാലും വെറുക്കപ്പെട്ട്, സമൂഹത്തില് നിന്ന് ഒറ്റപ്പെട്ട് ഏകാന്തതയിലും നിരാശയിലും കഴിഞ്ഞിരുന്ന ഈ കുഷ്ഠരോഗി സര്വ തടസങ്ങളെയും മാറ്റി ദൈവപുത്രന്റെ മുമ്പില് എത്തിച്ചേരുന്നു. ആകെ ജീവിതവുമായി തട്ടിച്ചു നോക്കുമ്പോള് ആ മനുഷ്യന് ശരീരത്തില് മാത്രമേ രോഗം ബാധിച്ചിരുന്നുള്ളു. മനസില് ദൈവ ആഗ്രഹം നിറഞ്ഞുനിന്നിരുന്നു. തന്റെ കുറഴ് നീങ്ങുവാന് ദൈവസന്നിധിയില് വരുവാന് അവന് കഴിഞ്ഞു. എന്നാല് നമ്മുടെ ജീവിതത്തില് ശരീരവും വസ്ത്രധാരണവും ഏറ്റവും മനോഹരവും ഉള്ളം അതീവ രോഗാവസ്ഥയിലുമാണ്. കലുഷിതമായ ചിന്തകളും ദ്രവ്യാഗ്രഹവും ചതിയും മറ്റ് എല്ലാ തിന്മകളും ഈ രോഗത്തിന്റഎ ലക്ഷണങ്ങളാണ്. പരിഹാര മാര്ഗങ്ങള് മുന്പില് ഉണ്ടെങ്കിലും അതിലൂടെ കടന്നുവരാന് അനുവദിക്കാത്ത മനസും. അത്രക്ക് മാരകമായ അവസ്ഥയിലാണ് നാം കഴിയുന്നത്.
അവന്റെ നിസ്വാര്ത്ഥമായ പ്രാര്ത്ഥന അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അറപ്പുണ്ടാക്കുന്ന അവന്റെ ശരീരത്തെ കര്ത്താവ് തൊട്ട് സൗഖ്യമാക്കി. ഈ സംഭവം നാം ധ്യാനിക്കുമ്പോള് തികച്ചും നമ്മളെ നോക്കി നമ്മുടെ കുറവുകള് തിരിച്ചറിഞ്ഞ് മാറ്റം അനുഭവിക്കണം. നമ്മുടെ പ്രാര്ത്ഥനകള് മുഴുവനും ഭൗതികമായ കാര്യസാധനവും സുഖസുഷുപ്തിക്ക് ആവശ്യമായ കാര്യങ്ങളുടെ പട്ടികയുമാണ്. എന്നാല് നമ്മുടെ പ്രാര്ത്ഥനകളില് പിതാക്കന്മാര് പഠിപ്പിച്ചിരിക്കുന്നത് കടങ്ങളുടെ പരിഹാരവും പാപങ്ങളുടെ മോചനവും നിത്യജീവിതവുമാണ്.
ഈ നോമ്പില് മനസില് അടിഞ്ഞിരിക്കുന്ന രോഗങ്ങളെ കഴുകി ആത്മഫലങ്ങളെ കായ്ക്കുവാനായി ഒരുക്കാം. ജഡീക ചിന്തകള്ക്ക് പകരം ആത്മീക നല്വരങ്ങള് ഉയര്ന്ന് വരട്ടെ. നോമ്പിന്റെ പ്രത്യേകത തന്നെ അതാണ്. ശാരീരിക നിയന്ത്രണത്തിന് ഉപവാസവും ആത്മീയ പുഷ്ടിക്ക് പ്രാര്ത്ഥനയും. ഇവ രണ്ടും യഥാക്രമം ദൈവഹിതം തിരിച്ചറിയുവാന് നമ്മെ സന്നദ്ധരാക്കും. പരിപാലിച്ച് വരുന്ന വിശേഷതകളെ ക്ഷിപ്രമായി മാറ്റുവാന് മാനുഷികമായി പ്രയാസമാണ്. ശത്രുതയും തിന്മയും നമ്മുടെ ജീവിതനാളുകളില് ഉണ്ടായിട്ടുള്ളതും നാമായിട്ട് വളര്ത്തിയതുമാണ്. എന്നാല് നാം ദൈവത്തെ കണ്ടുമുട്ടുകയും ദൈവം നമ്മെ കാണുകയും ചെയ്യുമ്പോള് നാം അറിയാതെ ഒരു പുതിയ ജീവിതം നമ്മളില് ആരംഭിക്കും. അപ്പോള് ദൈവാംശം നമ്മളില് നിന്ന് ഉരുത്തിരിയും. ശത്രുതയും പകയും തിന്മയും സകല അശുദ്ധ വിചാരങ്ങളും നമ്മളില് നിന്ന് അകലും. നാം ആര്ജ്ജിച്ച ദൈവസ്നേഹത്തിന്റഎ വക്താക്കളായി നാം മാറും.
കര്ത്താവ് അവനെ തൊട്ട് സൗഖ്യമാക്കിയത് പോലെ സ്നേഹത്തിന്റെ, കരുതലിന്റെ, പാപമോചനത്തിന്റെ, സൗഖ്യത്തിന്റെ കരസ്പര്ശം നമുക്കും ലഭിക്കും. ലോകത്തിന് തരുവാന് കഴിയാത്തത് നാം അനുഭവിക്കും. മുന്പേ അവന്റെ രാജ്യവും നീതിയും അന്വേഷിക്കുക. അതോടുകൂടി സര്വതും നിങ്ങള്ക്ക് ലഭിക്കും. മത്തായി 6:33
മാനസാന്തരത്തിന്റെ പടികളിലൂടെ യാത്ര ചെയ്ത് ദൈവഹിതം തിരിച്ചറിയുവാന് നമുക്ക് ഈ നോമ്പിന്റെ കാലയളവുകള് സാധ്യമാകട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു. ദൈവത്തില് നിന്ന് നമ്മെ അകറ്റുന്ന എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ദൈവസാന്നിധ്യം അനുഭവിക്കാന് നമുക്ക് കഴിയട്ടെ എന്നും ആശംസിക്കുന്നു.
സ്നേഹത്തിലും പ്രാര്ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്.
ഫാ.ഹാപ്പി ജേക്കബ്
ഫിലിപ്പ് കണ്ടോത്ത്
അപ്പോള് നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവില് കാത്തുകൊള്ളും” (ഫിലി. 4: 7)
ഉപവാസത്തിന്റെയും പ്രാര്ത്ഥനയുടെയും ത്യാഗത്തിന്റെയും ഈ കാലഘട്ടത്തില് നോമ്പുകാല കുടുംബ നവീകരണ ധ്യാനം സീറോ മലബാര് ഗ്രേറ്റ് ബ്രിട്ടണ് രൂപത ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണില് ഫെബ്രുവരി 16 മുതല് മാര്ച്ച് 25 വരെ വിവിധ കുര്ബാന സെന്ററുകളിലായി നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകനും ബൈബിള് പണ്ഡിതനും ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതയുടെ പാസ്റ്ററല് കോര്ഡിനേറ്ററും കുരിയംഗവുമായ ഫാ. ടോണി പഴയകളം സിഎസ്റ്റിയും വേള്ഡ് മിഷ്യന് ഫീസ് സ്ഥാപകനും ചെയര്മാനും പ്രശസ്ത സംഗീത സംവിധായകനും വചന പ്രഘോഷകനുമായ ബ്രദര് സണ്ണി സ്റ്റീഫനും ചേര്ന്നുള്ള ഈ ധ്യാനങ്ങള് നയിക്കുന്നു.
ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണിലെ എല്ലാവര്ക്കും ഒരു ധ്യാനമെങ്കിലും ലഭ്യമാക്കത്തക്ക രീതിയില് ഈ വര്ഷത്തെ നോമ്പുകാല വാര്ഷികധ്യാനം 12 സെന്ററുകളിലായി ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ കര്ത്താവാവീശോമിശിഹാ തന്റെ പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും നേടിയ രക്ഷയെ വീണ്ടും ധ്യാനിക്കുന്ന കാലമാണ് നോമ്പ്. ഉത്ഥാനത്തിന്റെ മഹത്വം നമുക്ക് നേടിത്തരുന്ന രക്ഷാകര സത്യങ്ങളെ ക്രൂശിതനോടു ചേര്ത്തു പിടിച്ച് നമുക്ക് ധ്യാനിക്കാം. ഈ ധ്യാനങ്ങളില് ഒന്നിലെങ്കിലും പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാല് അഭിഷേകിതരാകാനും വ്യക്തികളും കുടുംബങ്ങളും ദൈവാനുഗ്രഹത്താല് നിറയുവാനായി ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണല് കോര്ഡിനേറ്റര് ഫാ. പോള് വെട്ടിക്കാട്ട് സിഎസ്റ്റി എല്ലാവരോടും ആഹ്വാനം ചെയ്യുന്നു. ധ്യാന വിശദാംശങ്ങള് താഴെപറയുന്ന പ്രകാരം.
Plymouth – Feb 16-17
Exeter – Feb 16-17
Swansea – Feb 19-20
Newfort – Feb 24-25
Bath – March 2nd
Gloucester – March 3-4
Taunton – March 10-11
Swindon – March 10th
Cardiff – March 16-17
W. Supermate – March 20-21
Bristol – March 23-24
Yovil – March 25
കൂടുതല് വിവരങ്ങള്ക്ക് ബന്ധപ്പെടുക.
ഫിലിപ്പ് കണ്ടോത്ത് (Trustee SMBCR) Mob: 07703063836
റോയി സെബാസ്റ്റ്യന് (Joint TrusteeSMBCR) Mob: 07862701046
സാബു ചുണ്ടക്കാട്ടില്
ബോള്ട്ടണ്: പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ടോമി എടാട്ട് എഴുതിയ മക്കളോടൊപ്പം എന്ന പുസ്തകം ബോള്ട്ടണില് പ്രകാശനം ചെയ്തു. ബോള്ട്ടണ് സീറോ മലബാര് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് നടന്ന ത്രിദിന നോമ്പുകാല ധ്യനത്തോടനുബന്ധിച്ചാണ് പ്രകാശനകര്മ്മം നടന്നത്. ഫാ.ജോര്ജ് ചീരാംകുഴി ഫാ.സാജന് ആദ്യ പ്രതി നല്കിക്കൊണ്ട് പ്രകാശന കര്മ്മം നിര്വഹിച്ചു. പേരന്റിങ് ജീവിതാനുഭവങ്ങളില് നിന്നും ശരിയുടെ വഴികളെ തിരിച്ചറിയാന് മക്കളെ ഒരുക്കുവാനുള്ള വഴിയൊരുക്കലാണ് പുസ്തകം.
തലശേരി അതിരൂപതാംഗമായ ഫാ.ടോമി ഇപ്പോള് യുകെയില് മനഃശാസ്ത്രത്തില് ഉപരി പഠനം നടത്തി വരികയാണ്. തന്റെ യുകെ ജീവിതത്തില് യുകെ മലയാളി കളുടെ ജീവിതാനുഭവങ്ങള് അനുഭവിച്ചറിഞ്ഞ അച്ചന് അതിന്റെ അടിസ്ഥാനത്തിലാണ് തന്റെ പുസ്തക രചന പൂര്ത്തിയാക്കിയിരിക്കുന്നത്. പരസ്പരം പഴിചാരിയും പരിഭവം പറഞ്ഞും മാറി നില്ക്കാതെ നന്മയുടെ വഴികളിലൂടെ മക്കളെ നയിക്കാന് ആഗ്രഹിക്കുന്ന മാതാപിതാക്കന്മാര്ക്ക് എന്തുകൊണ്ടും വലിയൊരു മുതല്ക്കൂട്ടാണ് പുസ്തകം.
ആധുനിക മനഃശാസ്ത്ര തത്വങ്ങളെ സ്വാംശീകരിച്ചു പ്രായോഗിക സമീപനങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ള ശ്രമമാണ് പുസ്തകത്തില് നടന്നിരിക്കുന്നത്. ഒപ്പം ബൈബിളിലെ യേശുവിന്റെ ശൈശവത്തെയും തിരുക്കുടുംബത്തിന്റെ രീതിശാസ്ത്രവും വിലയിരുത്തി ഹോളി ഫാമിലി മോഡല് ഓഫ് പേരന്റിങ് മാതാപിതാക്കള്ക്ക് രൂപപ്പെടുത്താനുള്ള വഴികളും പുസ്തകത്തില് മനോഹരമായി വിവരിക്കുന്നു. ആദ്യ ദിനം തന്നെ പുസ്തകത്തിന് ബോള്ട്ടണില് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പുസ്തക പ്രകാശനത്തിനുള്ള വേദി ആയി ബോള്ട്ടണ് തിരഞ്ഞെടുത്തതിന് ട്രസ്റ്റിമാരായ സ്റ്റീഫന് മാത്യു, സന്തോഷ് ചെറിയാന് എന്നിവര് നന്ദി രേഖപ്പെടുത്തി.
ഫാ.ബിജു കുന്നയ്ക്കാട്ട്
ഡെര്ബി: ലോകരക്ഷകനായ ഈശോയുടെ പെസഹാ രഹസ്യങ്ങള് ഉള്കൊള്ളുന്ന നോമ്പുകാലത്തിന്റെ വ്രതശുദ്ധിയിലേക്ക് ലോകം പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തില് നോമ്പുകാല വിചിന്തനങ്ങളിലൂടെ കുടുംബ നവീകരണത്തിന് ഡെര്ബിയില് മുതിര്ന്നവര്ക്കും കുട്ടികള്ക്കുമായി ധ്യാനശുശ്രൂഷകള് സംഘടിപ്പിച്ചിരിക്കുന്നു. ശനി, ഞായര് (17, 18) ദിവസങ്ങളില് സെന്റ് ജോസഫ്സ് ചര്ച്ച് ഡെര്ബിയിലാണ് ധ്യാന ശുശ്രൂഷകള് നടക്കുന്നത്.
വിശ്രുത വചന പ്രഘോഷകനും മനഃശാസ്ത്ര വിദഗ്ധനുമായ റവ. ഫാ. ടോമി എടാട്ടും ജീസസ് യൂത്ത് ഡെര്ബിയുമാണ് ശുശ്രൂഷകള് നയിക്കുന്നത്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും വെവ്വേറെ ശുശ്രൂഷകള് ഉണ്ടായിരിക്കും. ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ 9.30 മുതല് വൈകിട്ട് 5 വരെയും രണ്ടാം ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല് വൈകിട്ട് 8 മണി വരെയുമായിരിക്കും ധ്യാനശുശ്രൂഷകള്.
വി. കുര്ബാന, വചനപ്രഘോഷണം, ജപമാല, ദിവ്യകാരുണ്യ ആരാധന തുടങ്ങിയവ വിശ്വാസികളെ ആത്മീയ ഉണര്വിലേയ്ക്ക് നയിക്കും. വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്, വാര്ഡ് ലീഡേഴ്സ്, വിമെന്സ് ഫോറം, ഭാരവാഹികള്, വോളണ്ടിയേഴ്സ് തുടങ്ങിയവരുടെ നേതൃത്വത്തില് ഒരുക്കങ്ങളെല്ലാം പൂര്ത്തിയായി. വചന പ്രഘോഷണം ശ്രദ്ധിക്കുവാനും അനുഗ്രഹങ്ങള് പ്രാപിക്കുവാനും ഏവരെയും യേശുനാമത്തില് സ്വാഗതം ചെയ്യുന്നു.
സുവിശേഷ വചന പ്രഘോഷണത്തിന്റെ രാജകുമാരന് എന്ന വിശേഷണങ്ങളെ സെഹിയോന് ധ്യാന കേന്ദ്ര സ്ഥാപക ഡയറക്ടര് ഫാ. സേവ്യര്ഖാന് വട്ടായില് വചന വിത്ത് വിതയ്ക്കുവാന് യു കെയില് എത്തുന്നു. കാലഘട്ടത്തിന്റെ പ്രവാചകനും ആത്മീയ അഗ്നി അഭിഷേകത്തില് ജ്വലിക്കുന്ന വചന പ്രഘോഷകനും യേശുനാമത്തില് നിരവധിയായ ജീവിക്കുന്ന അടയാളങ്ങള് ലോകം ദര്ശിക്കുമ്പോള് ത്രിദിന മധ്യസ്ഥ പ്രാര്ത്ഥന ഒരുക്ക ധ്യാനത്തിനായി ഫാ. സേവ്യര്ഖാന് വട്ടായിലില് യു കെയില് എത്തുന്നു.
സെഹിയോന് യുകെയുടെ നേതൃത്വത്തില് മാര്ച്ച് 6, 7, 8 തീയതികളില് കെഫന്ലി പാര്ക്കിലാണ് ഫാ. സേവ്യര്ഖാന് വട്ടായിലില് ധ്യാനം നയിക്കുന്നത്. പരിമിതമായ സീറ്റുകളേ ഈ ധ്യാനത്തില് ഉള്ളതിനാല് ധ്യാനത്തില് സംബന്ധിക്കുവാന് ആഗ്രഹിക്കുന്നവര് ബന്ധപ്പെടുക. ടോമി 07737935424
ബാബു ജോസഫ്
ഫെബ്രുവരി 19 തിങ്കള് മുതല് സ്കൂള് അവധിക്കാലത്ത് നടക്കുന്ന ടീനേജുകാര്ക്കായുള്ള ധ്യാനത്തിലേക്ക് ബുക്കിംങ് തുടരുന്നു. റവ.ഫാ.സോജി ഓലിക്കല് നയിക്കുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് സെഹിയോന് യൂറോപ്പിന്റെ നേതൃത്വത്തില് യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില് സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികള്ക്ക് പകര്ന്നുകൊടുക്കുന്ന സ്കൂള് ഓഫ് ഇവാഞ്ചലൈസേഷന് റസിഡെന്ഷ്യല് റിട്രീറ്റ് അവധിക്കാലത്ത് ഫെബ്രുവരി 19 മുതല് 23 വരെ ദിവസങ്ങളില് വെയില്സിലെ കെഫെന്ലി പാര്ക്ക് കണ്വെന്ഷന് സെന്ററിലാണ് നടക്കുന്നത്.
സെഹിയോന് മിനിസ്ട്രിയുടെ അനുഗ്രഹീത വചന പ്രഘോഷകരും ആത്മീയ നേതൃത്വങ്ങളുമായ വൈദികരും ശുശ്രൂഷകരും ടീനേജുകാര്ക്കായുള്ള ധ്യാനം നയിക്കും. വചന പ്രഘോഷണം, ദിവ്യ കാരുണ്യ ആരാധന, ഗ്രൂപ്പ് ഡിസ്കഷന്, അനുഭവ സാക്ഷ്യങ്ങള് എന്നിവയോടൊപ്പം വിവിധങ്ങളായ മറ്റ് ആക്റ്റിവിറ്റീസുകളും ഉള്പ്പെടുന്ന ഏറെ അനുഗ്രഹീതമായ അഞ്ച് ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിലേക്കു 13 വയസ്സുമുതല് പ്രായമുള്ളവര്ക്ക് പങ്കെടുക്കാം. www.sehionuk.org എന്ന വെബ് സൈറ്റില് നേരിട്ട് രജിസ്ട്രേഷന് നടത്താവുന്നതാണ്.
കൂടുതല് വിവരങ്ങള്ക്ക്
തോമസ് 07877 508926.
ജെസ്സി ബിജു 07747586844.
അഡ്രസ്സ്
CEFENLY PARK
NEWTOWN
SY16 4AJ.