ബാബു ജോസഫ്
ബര്മിങ്ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തിയുടെയും മധ്യസ്ഥതയുടെയും പ്രത്യേകതകൊണ്ട് ധന്യമായ ഒക്ടോബര് മാസത്തിലെ രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് 14 ന് ബിര്മിങ്ഹാമില് നടക്കും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില് നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന് ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോന് യൂറോപ്പ് ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടന് രൂപത ഇവാഞ്ചലൈസേഷന് കോ ഓര്ഡിനറ്ററുമായ റവ.ഫാ.സോജി ഓലിക്കല് കണ്വെന്ഷന് നയിക്കും. ദേശ ഭാഷാ വ്യത്യാസമില്ലാതെ ആയിരങ്ങള് ഒരുമിക്കുന്ന യൂണിവേഴ്സല് ബൈബിള് കണ്വെന്ഷന് ആത്മനിറവേകിക്കൊണ്ട് വീണ്ടും ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത ബിഷപ്പ് മാര് ജോസഫ് സ്രാമ്പിക്കല് പങ്കെടുക്കും.
കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്ടറും തപസ് ധ്യാനങ്ങളിലൂടെ അനേകരെ ദൈവവിശ്വാസത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ വചന പ്രഘോഷകനുമായ ഫാ.ജോസഫ് കണ്ടത്തിപ്പറമ്പില്, നവ വൈദികന് ഫാ. മൈക്കല് ബേറ്റ്സ്, സെഹിയോന് യൂറോപ്പിന്റെ ബ്രദര് ജാക്സണ് ജോസ് എന്നിവരും വിവിധ ശുശ്രൂഷകള് നയിക്കും. പരിശുദ്ധ അമ്മയുടെ ജപമാല മാസ കണ്വെന്ഷനില് പതിവുപോലെ കുട്ടികള്ക്കും ടീനേജുകാര്ക്കും പ്രത്യേകം ശുശ്രൂഷകള് നടക്കും.
അനേകംഅത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്ക്ക് ജീവിതനവീകരണം സാധ്യമാകുവാന് ഈ കണ്വെന്ഷന് ദൈവം ഉപയോഗിക്കുന്നു എന്നതിന് അസാധ്യങ്ങള് സാധ്യമായ വരദാനഫലങ്ങള് വാര്ഷിക്കപ്പെടുന്ന ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള് തെളിവാകുന്നു. ഏതൊരാള്ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല് ഷെയറിംങിനും കണ്വെന്ഷനില് സൗകര്യമുണ്ടായിരിക്കും.
കഴിഞ്ഞ അനേക വര്ഷങ്ങളായി കുട്ടികള്ക്കും യുവജനങ്ങള്ക്കും വിശ്വാസജീവിതത്തില് വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള് വിവിധ ശുശ്രൂഷകളിലൂടെ പകര്ന്നു നല്കാന് സാധിക്കുന്നത് കണ്വെന്ഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികള്ക്കായി ഓരോതവണയും ഇംഗ്ലീഷില് പ്രത്യേക കണ്വെന്ഷന് തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്വെന്ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്ന്നവര്ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര് എന്ന കുട്ടികള്ക്കായുള്ള മാസിക ഓരോരുത്തര്ക്കും സൌജന്യമായി നല്കിവരുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള് നടക്കും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്, പ്രാര്ത്ഥനാ പുസ്തകങ്ങള് , മറ്റ് പ്രസിദ്ധീകരണങ്ങള് എന്നിവ കണ്വെന്ഷന് സെന്ററില് ലഭ്യമാണ്.
പതിവുപോലെ രാവിലെ 8 ന് മരിയന് റാലിയോടെ തുടങ്ങുന്ന കണ്വെന്ഷന് വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
കണ്വെന്ഷനായുള്ള പ്രാര്ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്മിംങ്ഹാമില് നടന്നു. കണ്വെന്ഷന്റെ ആത്മീയവിജയത്തിനായി പ്രാര്ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന് കുടുംബവും യേശുനാമത്തില് മുഴുവനാളുകളെയും 14 ന് രണ്ടാം ശനിയാഴ്ച ബര്മിംങ്ഹാം ബഥേല് സെന്ററിലേക്ക് ക്ഷണിക്കുന്നു.
അഡ്രസ്സ് :
ബഥേല് കണ്വെന്ഷന് സെന്റര്
കെല്വിന് വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്മിംങ്ഹാം ( Near J1 of the M5)
B70 7JW.
കൂടുതല് വിവരങ്ങള്ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700
ബിജുമോന് മാത്യു.07515 368239
Sandwell and Dudley ട്രെയിന് സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്വെന്ഷന് സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്നിന്നും ഏര്പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്ക്ക്,
ടോമി ചെമ്പോട്ടിക്കല് 07737935424.
ബിജുമോന് മാത്യു 07515368239.
ഫിലിപ്പ് കണ്ടോത്ത്
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപത സ്ഥാപിതമായതിന് ശേഷം നടക്കുന്ന പ്രഥമ ബൈബിള് കലോത്സവമാണിത്. ദൈവവചനം കലാരൂപങ്ങളിലൂടെ കുട്ടികള് വേദിയിലെത്തിച്ചപ്പോള്, അത് അപൂര്വ്വമായ മുഹൂര്ത്തമാണ് ഏവര്ക്കും സമ്മാനിച്ചത്. ആത്മീയ ശക്തിയും ഉണര്വ്വം സ്വായത്തമാക്കുന്നതാണ് ഓരോ ബൈബിള് കലോത്സവവും. ഏറ്റവും മികച്ച പ്രകടനങ്ങള് കാഴചവെയ്ക്കാന് കുരുന്നുകള് വേദിയില് മത്സരിച്ചപ്പോള് ആവേശമായത് കാണികള്ക്കും SMBCR ന്റെ കീഴിലുള്ള 19 യൂണിറ്റുകളിലെ വിശ്വാസികളും കുട്ടികളും അണിനിരന്ന മഹത്തായ ദിവസമായിരുന്നു ഇന്നലെ ബ്രിസ്റ്റോളില് അരങ്ങേറിയത്.
രാവിലെ 9.30ന് SMBCRന്റെ ഡയറക്ടറും ഫാ. പോള് വെട്ടിക്കാട്ടും ഫാ. ജോയി വയലിലും എസ്.എം.ബി.സി.ആര് ട്രസ്റ്റ് ഫിലിപ്പ് കണ്ടോത്തും കലോത്സവം ചീഫ് കോ – ഓര്ഡിനേറ്റര് ഡിയോണ് ജോസഫ് ഫിലിപ്പ്, ജോസി മാത്യുവുംSr. ലീനാമേരി, Sr. Grace Mary എന്നിവരുടെ നേതൃത്വത്തില് ബൈബിള് പ്രതിഷ്ഠയോടെ ബൈബിള് കലോത്സവത്തിന് തിരികൊളുത്തി.
കൃത്യം 9 മണിക്ക് തന്നെ രജിസ്ട്രേഷന് ആരംഭിച്ച് 10 മണിക്ക് തന്നെ മത്സരങ്ങള്ക്ക് തുടക്കം കുറിച്ചു. കോരിച്ചൊരിയുന്ന മഴയെ വെല്ലുവിളിച്ചുകൊണ്ട് വളരെ നേരത്തെ തന്നെ വിശ്വാസികളും മത്സരാര്ത്ഥികളും Soathmead Greenway Centreല് എത്തിച്ചേര്ന്നിരുന്നു. ദൈവത്തിന്റെ കയ്യൊപ്പുകള് പതിഞ്ഞതായിരുന്നു ഓരോ മത്സരങ്ങളും. പുറത്ത് മഴ ചൊരിയുമ്പോള് അകത്ത് അതിലും ആവേശത്തോടെ കുട്ടികള് തകര്ത്താടി.
കുറ്റമറ്റ രീതിയിലുള്ള പ്രഗത്ഭരായ ജഡ്ജിങ്ങ് കമ്മിറ്റി കൂടിയായപ്പോള് ബ്രിസ്റ്റോള് – കാര്ഡിഫ് റീജിയന്റെ മത്സരങ്ങള്ക്ക് കൂടുതല് പകിട്ടേകി.
SMBCRന്റെയുംSTSMCC Committeeയുടെയും നേതൃത്വത്തില് വളരെ മിതമായ നിരക്കില് ഒരുക്കിയിരുന്ന ഭക്ഷണം വളരെ ഹൃദ്യമായിരുന്നു. മാസങ്ങളായി അഹോരാത്രം പ്രയത്നിച്ച വിവിധ കമ്മിറ്റികളുടെ കഠിനാധ്വാനത്തിന്റെയും ആത്മസമര്പ്പണത്തിന്റെയും വിജയമായിരുന്നു ഇന്നലെ നടന്ന ബ്രിസ്റ്റോള് – കാര്ഡിഫ് റിജിയണല് കലോത്സവം. ബൈബിള് കലോത്സവം ചെയര്മാനായ ഫാ. ജോസ് പൂവനിക്കുന്നേല് , സി.എസ്.എസ്.ആര് ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണല് ഡയറക്ടര് ഫാ. പോള് വെട്ടിക്കാട്ട്, ഫാ. ജോയ് വയലില്, എസ്.എം.ബി.സി.ആര് ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് ബൈബിള് കലോത്സവം ചീഫ് കോ ഓര്ഡിനേറ്റര് റോയ് സെബാസ്റ്റിയന്, STSMCCട്രസ്റ്റിമാരായ പ്രസാദ് ജോണ്, ലിജോ പടയാട്ടില്, ജോസ് മാത്യൂ എന്നിവരും എസ്.എം.ബി.സി.ആര് ജോയിന്റ് ട്രസ്റ്റിമാരായ ജോസി മാത്യു, ഷിജോ തോമസ്, ജോണ്സണ് പഴമ്പാട്ടില്, മറ്റ് യൂണിറ്റുകളിലെ ട്രസ്റ്റിമാരും ചേര്ന്ന് പരിപാടിക്ക് നേതൃത്വം നല്കി. മത്സര റിസള്ട്ടുകള് അതാത് സമയത്ത് തന്നെ എസ് എം ബി സി ആറിന്റെ വെബ്സൈറ്റില് പ്രസിദ്ധീകരിച്ചിരുന്നു.
രാത്രി 7 മണിയോടു കൂടി തന്നെ പ്രധാന ഹാളില് പൊതുസമ്മേളനം ആരംഭിച്ചു. ബ്രിസ്റ്റോള് കാര്ഡിഫ് റീജിയന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത് എല്ലാവര്ക്കും സ്വാഗതം ആശംസിച്ചു. ഫാ. ജോയ് വയലില് ബൈബിള് കലോത്സവത്തിനെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണം വളരെ മികച്ചതായിരുന്നു.
അതിനുശേഷം ഈ വര്ഷം ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണില് നിന്നും ജി.സി.എസ്.സിക്ക് ഉന്നത വിജയം നേടിയ 10 കുട്ടികള്ക്ക് റീജിയന്റെ വക സര്ട്ടിഫിക്കറ്റും ട്രോഫിയും രൂപതയുടെ Catechesm Director Fr. Joy Vayalil നല്കുകയുണ്ടായി. തുടര്ന്ന് മത്സരവിജയികള്ക്കുള്ള സമ്മാനദാന ചടങ്ങായിരുന്നു. ശേഷം എല്ലാവര്ക്കുമായുള്ള സ്നേഹവിരുന്ന് നടന്നു. ഈ മത്സരത്തിലെ വിജയികളാണ് നവംബര് നാലിന് നടക്കുന്ന എപ്പാര്ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥ ബൈബിള് കലോത്സവത്തില് പങ്കെടുക്കുന്നത്. പങ്കെടുത്ത എല്ലാവര്ക്കും വിജയികളായവര്ക്കും ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണിന്റെ ഡയറക്ടര് ഫാ. പോള് വെട്ടിക്കാട്ട് നന്ദി പ്രകാശിപ്പിച്ചു. രാത്രി 9 മണിയോടു കൂടി എല്ലാവരും പിരിഞ്ഞു.
പൊന്നി തോമസ്
ഗ്രേറ്റ് ബ്രിട്ടണ് രൂപത രൂപീകൃതമായിട്ട് ഒരു വര്ഷം തികയുന്നതിനോട് അനുബന്ധിച്ച് മലയാളം യുകെയില് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനമാണ് ഈ കുറിപ്പ് എഴുതാന് പ്രേരിപ്പിച്ചത്. ഒരു രൂപതയെന്ന സങ്കല്പത്തിലേയ്ക്ക് ബ്രിട്ടണിലെ വിശ്വാസികളെയും സഭാ സംവിധാനങ്ങളെയും രൂപപ്പെടുത്തുകയും അതിനായി ആദ്യ കാലങ്ങളില് സ്വയം സമര്പ്പിച്ച ഫാ. ജോസഫ് പൊന്നത്തിനെപ്പോലെയുള്ള വൈദികരുടെ സേവനങ്ങളെ നന്ദിപൂര്വ്വം അനുസ്മരിച്ചുകൊണ്ടുതന്നെ സീറോ മലബാര് സഭയുടെ ഗ്രേറ്റ് ബ്രിട്ടണ് രൂപതയുമായി ബന്ധപ്പെട്ട ലേഖനത്തിലെ പല വിലയിരുത്തലുകളോടും നിരീക്ഷണങ്ങളോടും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു.
പ്രസ്തുത ലേഖനത്തില് ചെയ്യാത്ത കാര്യങ്ങളെ പര്വ്വതീകരിക്കുകയും ഒരു രൂപതയെന്ന നിലയില് ഗ്രേറ്റ് ബ്രിട്ടണ് രൂപതയില് നടന്ന കാര്യങ്ങളോടും രൂപതാധ്യക്ഷനെന്ന നിലയില് മാര് ജോസഫ് സ്രാമ്പിക്കല് നടത്തിയ പ്രവര്ത്തനങ്ങളോടും മുഖം തിരിക്കുകയോ, തമസ്കരിക്കുകയോ ചെയ്തതായി കാണാം. ഒരു വര്ഷം മാത്രം വളര്ച്ചയെത്തിയ രൂപതാ സംവിധാനങ്ങളെ വിലയിരുത്തുക എന്നത് തോക്കില് കയറി വെടിവെയ്ക്കുന്നതിന് തുല്യമാണെന്ന് പറയാതിരിക്കാനാവില്ല. പുതിയ രൂപതയും രൂപതാധ്യക്ഷനും നേരിടുന്ന വെല്ലുവിളികള് നിസാരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ലേഖകന് ആ വെല്ലുവിളികള് നേരിട്ട് ഗ്രേറ്റ് ബ്രിട്ടണ് രൂപത ഒരു വര്ഷക്കാലം മുന്നോട്ടുപോയതിലെ നേട്ടങ്ങള് കൂടി ചൂണ്ടിക്കാട്ടേണ്ടതായിരുന്നു.
മെത്രാഭിഷേക ചടങ്ങുകള്ക്ക് ശേഷം ബ്രിട്ടണിലെ സീറോ മലബാര് വിശ്വാസികള് കണ്ട ഏറ്റവും വലിയ കൂട്ടായ്മയായ വാല്സിംഹാം തിരുന്നാളിലെ തന്റെ സന്ദേശത്തില് അഭിവന്ദ്യ പിതാവ് മാര് ജോസഫ് സ്രാമ്പിക്കല് ഗ്രേറ്റ് ബ്രിട്ടണ് രൂപതയെന്തിനാണെന്നും എന്താണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. രൂപതാധ്യക്ഷനും അഭിഷിക്തനും വിശ്വാസികളോട് ചേര്ന്ന് ദൈവത്തെ മഹത്വപ്പെടുത്താനും ആരാധിക്കാനുമായി ദൈവ പരിപാലനയാലും കൃപയാലും കിട്ടിയ വേദിയാണ് ഗ്രേറ്റ് ബ്രിട്ടണ് രൂപതയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനോട് ചേര്ന്ന് നില്ക്കുന്ന പ്രവര്ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്ഷമായി രൂപതയുടെയും രൂപതാധ്യക്ഷന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്. ബ്രിട്ടണ് മുഴുവന് കഴിഞ്ഞ ഒരു വര്ഷക്കാലമായി ഓടിനടന്ന് വിശ്വാസികളെയും സഭാ പ്രവര്ത്തനങ്ങളേയും സംവിധാനങ്ങളേയും പരിചയപ്പെടാനും ഉണര്ത്തുവാനുമായി മാര് ജോസഫ് സ്രാമ്പിക്കല് നടത്തിയ പ്രവര്ത്തനങ്ങള് കണ്ടില്ലെന്ന് നടിക്കാനാവില്ല.
വേറിട്ട പ്രവര്ത്തന രീതിയുമായി വിശ്വാസികളുടെ ഇടയിലേക്ക് കടന്നുവരുന്ന രൂപതാധ്യക്ഷന്റെ ശൈലി പരക്കെ ശ്രദ്ധിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ലേഖനത്തില് എടുത്തുപറഞ്ഞ പ്രധാന ആക്ഷേപം ഇടവക രൂപീകരണം വൈകുന്നുവെന്നാണ്. ഇടവകകള് രൂപീകരിക്കപ്പെടണമെങ്കില് വിശ്വാസികളെ സജ്ജമാക്കേണ്ടിയിരിക്കുന്നു. അതിനുള്ള പ്രവര്ത്തനങ്ങളാണ് സ്രാമ്പിക്കല് പിതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മറ്റൊരു വസ്തുത സീറോ മലബാര് സഭയിലെ ബ്രിട്ടണിലെ അല്മായര്ക്ക് ആവശ്യമായ ആത്മീയ സേവനം നല്കാനുള്ള വൈദികര് ഇന്നില്ലെന്നുള്ളതാണ്. ഉള്ള വൈദികരില് ഭൂരിഭാഗത്തിനും ഇംഗ്ലീഷ് രൂപതകളുമായി ബന്ധപ്പെട്ട് ധാരാളം ചുമതലകളുണ്ട്. തങ്ങളുടെ മുഴുവന് സമയ പ്രവര്ത്തനം സീറോ മലബാര് സഭയ്ക്ക് നല്കാന് സാധിക്കില്ല എന്ന് ചുരുക്കം. ഇതിനു പരിഹാരമായി സീറോ മലബാര് വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള് നിറവേറ്റുന്നതിനായി കൂടുതല് വൈദികരേയും സന്യസ്ഥരേയും എത്തിക്കാന് ശ്രമിക്കുന്നുണ്ട്.
ഇത് അത്ര ലളിതമായ ഒരു കാര്യമല്ല. IELTS പാസാകുക തുടങ്ങി പല കടമ്പകളുമുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ലേഖകന് കാണുന്നില്ല. കാരണം സഭയുടെ പ്രവര്ത്തനങ്ങള് പലപ്പോഴും നിശബ്ദമായിട്ടും ആരവങ്ങളില്ലാതെയുമായിരിക്കും. സാമൂഹിക ശാക്തീകരണവും ആത്മീയ ഉണര്വും ലക്ഷ്യമിട്ട് ലീഡ്സില് നടന്ന ചാപ്ലിയന്സി ദിനത്തിന്റെയും ബൈബിള് കലോത്സവത്തിന്റെയും വലിയ പതിപ്പുകളാണ് അടുത്ത ദിവസങ്ങളില് പ്രസ്റ്റണില് നടക്കുന്ന ബൈബിള് കലോത്സവവും യുകെ എമ്പാടും നടക്കുന്ന ബൈബിള് കണ്വെന്ഷനുകളും. രൂപത രൂപീകൃതമായി ഒരു വര്ഷത്തിനുള്ളില് യുകെയിലെ സീറോ മലബാര് സഭയ്ക്ക് മൂന്ന് ദൈവവിളികള് കണ്ടെത്താന് സാധിച്ചത് ആത്മീയമായി ഉണ്ടായ ഉണര്വിന് തെളിവാണ്.
പഴമക്കാര് പറയാറുണ്ട് ഇരുന്നിട്ടേ കാല് നീട്ടാന് ശ്രമിക്കാവൂ എന്ന്. ആ അര്ത്ഥത്തില് സഭയുടെയും രൂപതയുടെയും ബ്രിട്ടണിലെ പ്രയാണം ശരിയായ ദിശയിലാണ്. രൂപത രൂപീകൃതമായ സമയത്ത് വളരെയധികം ആരോപണങ്ങളും വിവാദങ്ങളും പല കോണുകളില് നിന്ന് ഉയര്ന്നുവന്നപ്പോള് മലയാളം യുകെയില് ജോജി തോമസിനെപ്പോലുള്ളവര് എഴുതിയ ലേഖനം വിശ്വാസികള്ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്നതായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസത്തെ ലേഖനം വസ്തുനിഷ്ഠമായ ഒരു വിലയിരുത്തലാകാതിരുന്നത് നിര്ഭാഗ്യകരമായി.
വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടാകുന്ന യുകെയിലെ ആത്മീയ മേഖലയില് മറ്റൊരു വെളിച്ചപ്പാടാകാനാണോ ലേഖകന് ശ്രമിച്ചത് എന്നു സംശയിക്കേണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസത്തെ ഇടയലേഖനത്തില് അഭിവന്ദ്യ പിതാവ് ‘വിളിക്കപ്പെട്ടവരുടെ കൂട്ടായ്മയാണ് സഭ”യെന്ന് ചുണ്ടിക്കാട്ടിയിരുന്നു. രക്ഷകരെ ദൗത്യത്തില് പങ്കെടുക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്മ്മിപ്പിക്കുകയും ചെയ്തിരുന്നു. രക്ഷാകര ദൗത്യത്തില് പങ്കുചേര്ന്ന് സഭയെന്ന കൂട്ടായ്മയുമായി മുന്നേറാന് എല്ലാവരും സഭയോടൊപ്പം ചിന്തിക്കുകയും പ്രവര്ത്തിക്കുകയുമാണ് ഇന്നിന്റെ ആവശ്യം.
അപ്പച്ചന് കണ്ണഞ്ചിറ
ലണ്ടന്: പ്രശസ്ത അനുഗ്രഹീത തിരുവചന പ്രഘോഷകന് സേവ്യര്ഖാന് വട്ടായില് അച്ചന് ഒക്ടോബര് 29ന് ‘അല്ലിയന്സ് പാര്ക്കി’ല് നയിക്കുന്ന ലണ്ടന് റീജിയണല് അഭിഷേകാഗ്നി കണ്വെന്ഷന്റെ മുന്നോടിയായി ഒരുക്കധ്യാനം സംഘടിപ്പിക്കുന്നു. ഒക്ടോബര് 20ന് വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല് 9:30 വരെയാണ് ഒരുക്ക ധ്യാനം ക്രമീകരിക്കുന്നത്.
അഭിഷേകാഗ്നി കണ്വെന്ഷന്റെ ലണ്ടന് റീജിയണല് കോര്ഡിനേറ്ററും, ബ്രെന്ഡ്വുഡ് രൂപതയിലെ ചാപ്ലൈനും ആയ ഫാ.ജോസ് അന്ത്യാംകുളവും, വെസ്റ്റ്മിന്സ്റ്റര് അതിരൂപതയിലെ ചാപ്ലൈനും പ്രമുഖ ധ്യാനചിന്തകനും ആയ ഫാ.സെബാസ്റ്റ്യന് ചാമക്കാലയും സംയുക്തമായി ഒരുക്കധ്യാനം നയിക്കുന്നതായിരിക്കും. ലണ്ടനിലെ അപ്ടണ്പാര്ക്കില് വെച്ചാണ് ധ്യാനം നടത്തപ്പെടുക.
പരിശുദ്ധാത്മ വരദാനങ്ങള്ക്കുള്ള ശുശ്രുഷകളിലേക്ക് ആത്മീയമായും, മാനസികമായും ഒരുങ്ങി പ്രാര്ത്ഥനാ നിറവില് അഭിഷേകാഗ്നി ധ്യാനം സ്വീകരിക്കുവാനും കണ്വെന്ഷന്റെ പൂര്ണ്ണ വിജയവും ഏവരിലും ദൈവ കൃപയും നവീകരണവും പ്രാപ്യമാകുവാനുമായി നടത്തപ്പെടുന്ന പ്രാര്ത്ഥനകളിലും തിരുവചന ശുശ്രുഷകളിലും ഭാഗഭാക്കാകുവാനും ഈ ഒരുക്കധ്യാനം ഏറെ പ്രയോജനകരമാകും. ഒരുക്കധ്യാനത്തില് പങ്കു ചേരുന്നതിലേക്കായി ലണ്ടന് റീജിയണല് ചാപ്ലൈന്മാരും ലണ്ടന് റീജിയണല് കണ്വെന്ഷന് സംഘാടക സമിതിയും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
ധ്യാന സമയം: ഒക്ടോബര് 20 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല് 9:30 വരെ.
പള്ളിയുടെ വിലാസം.
ഔര് ലേഡി ഓഫ് കംപാഷന് ചര്ച്ച് ഹാള്, ഗ്രീന് സ്ട്രീറ്റ്,ലണ്ടന്, ഈ13 9 എക്സ്
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്.ഒ
പ്രസ്റ്റണ്: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപത സ്ഥാപിതമായതിന്റെയും പ്രഥമ മെത്രാനായി മാര് ജോസഫ് സ്രാമ്പിക്കല് അഭിഷിക്തനായതിന്റെയും ഒന്നാം വാര്ഷികം കൃതജ്ഞതാബലിയര്പ്പണത്തോടെ തിങ്കളാഴ്ച (ഒക്ടോബര് 9) രാവിലെ 11 മണിക്ക് രൂപതാ ആസ്ഥാനമായ പ്രസ്റ്റണ് കത്തീഡ്രലില് നടക്കും. രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് പ്രധാന കാര്മ്മികനാകുന്ന ദിവ്യബലിയില്, പാപ്പുവാ ന്യൂ ഗിനിയായുടെയും സോളമന് ഐലന്റിന്റെയും അപ്പസ്തോലിക് ന്യൂണ്ഷ്യോയും കോട്ടയം അതിരൂപതാംഗവുമായ ആര്ച്ച് ബിഷപ്പ് കുര്യന് മാത്യു വയലുങ്കല് വചനസന്ദേശം നല്കും.
ദിവ്യബലിയുടെ സമാപനത്തില് പോര്ച്ചുഗലിലെ ഫാത്തിമയില് മാതാവിന്റെ ദര്ശനം ലഭിച്ചവരും അടുത്ത കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്ത്തപ്പെട്ടവരുമായ ഫ്രാന്സിസ്കോസ്, ജസീന്ത എന്നിവരുടെ തിരുശേഷിപ്പ് പ്രതിഷ്ഠാകര്മ്മവും കത്തീഡ്രല് ദേവാലയത്തില് നടക്കും. തുടര്ന്ന് വിശുദ്ധരോടുള്ള ബഹുമാനാര്ത്ഥം ലദീഞ്ഞു പ്രാര്ത്ഥനയും നേര്ച്ച വിതരണവും ഉണ്ടായിരിക്കും. രൂപതയിലെ 173 വി. കുര്ബാന കേന്ദ്രങ്ങളില് ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യസ്തരും ഓരോ വി. കുര്ബാന കേന്ദ്രത്തിന്റെ പ്രതിനിധികളായ അല്മായരും തിരുക്കര്മ്മങ്ങളില് പങ്കുചേരും. തുടര്ന്ന് നടക്കുന്ന സ്നേഹവിരുന്നിനുശേഷം പ്രിസ്ബിറ്റല് കൗണ്സിലിന്റെയും മറ്റ് കൗണ്സിലുകളുടെയും സമ്മേളനങ്ങള് രൂപതാ കാര്യാലയത്തില് സമ്മേളിക്കും.
2016 ഒക്ടോബര് 9ന് ഔദ്യോഗികമായി ആരംഭിച്ച ഗ്രേറ്റ് ബിട്ടണ് സീറോ മലബാര് രൂപത, ഇംഗ്ലണ്ട്, സ്കോട്ട്ലന്റ്, വെയില്സ് എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന സീറോ മലബാര് സഭാംഗങ്ങളെ ഒരുമിച്ചു കൂട്ടാനും വിശ്വാസികളുടെ ആത്മീയ അടിത്തറ കൂടുതല് ശക്തമാക്കാനും സീറോ മലബാര് സഭാചൈതന്യം അടുത്ത തലമുറയിലേയ്ക്ക് കുറവ് കൂടാതെ കൈമാറ്റം ചെയ്യാനുള്ള ഉത്തരവാദിത്തം ശക്തമാക്കാനും പരമ്പരാഗത സുറിയാനി ക്രിസ്തീയ കുടുംബചൈതന്യം നിലനിര്ത്താന് പുതിയ തലമുറയെ സഹായിക്കുന്നതുമുള്പ്പെടെ പ്രാധാന്യമുള്ള ഒന്നിലേറെ കാര്യങ്ങളില് ഈ ആദ്യവര്ഷം തന്നെ ശ്രദ്ധ പതിപ്പിച്ചു.
50ല് അധികം വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും സഹായത്തോടെ, സ്ത്രീകള്ക്കായി വനിതാഫോറം, കുട്ടികള്ക്ക് മതബോധനം, ദൈവശാസ്ത്ര കോഴ്സുകള് തുടങ്ങി പതിനെട്ടോളം വിവിധ കമ്മീഷനുകളിലായി രൂപതയിലുള്പ്പെടുന്ന വിവിധ തലത്തിലുള്ള വിശ്വാസികളുടെ ആത്മീയവും സാമൂഹികവുമായ സമഗ്ര വളര്ച്ചയെയും വികസനത്തെയും ലക്ഷ്യമാക്കിയുള്ള പ്രവര്ത്തനങ്ങള്ക്ക് മികച്ച അടിത്തറയിടാനും ഈ ആദ്യവര്ഷം തന്നെ രൂപതയ്ക്ക് സാധിച്ചു.
രൂപതയ്ക്ക് ശക്തമായ നേതൃത്വം നല്കുന്ന അധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലിന്റെ മികവും ദീര്ഘവീക്ഷണങ്ങളും രൂപതയ്ക്ക് കരുത്താവുന്നു. വരാനിരിക്കുന്ന അഭിഷേകാഗ്നി ബൈബിള് കണ്വെന്ഷനും ബൈബിള് കലോത്സവവും സഭാമക്കളെ പരിശുദ്ധാത്മാവില് ഒന്നിപ്പിക്കുന്ന ദിവസങ്ങളാണ്. ദൈവഹിത പ്രകാരം രൂപതയുടെ വളര്ച്ചയും പ്രവര്ത്തനങ്ങളും വരും നാളുകളില് ശക്തമായി മുമ്പോട്ടുപോകാന് തിങ്കളാഴ്ച നടക്കുന്ന കൃതജ്ഞതാബലിയില് രൂപതാധ്യക്ഷനോടൊപ്പം ദൈവജനം ഒരുമിച്ച് ചേര്ന്ന് പ്രാര്ത്ഥിക്കും.
ഫാ. ബിജു കുന്നയ്ക്കാട്ട്
സൗന്ദര്യവര്ദ്ധക വസ്തുക്കളില് ഒഴിവാക്കാനാവാത്ത സ്ഥാനം ഇന്ന് പെര്ഫ്യൂമുകള്ക്കുണ്ട്. ചെറിയ വിലയില് തുടങ്ങുന്ന ഈ ‘ചെറിയ കുപ്പികള്’ ബ്രാന്ഡ് നെയിമുകള്ക്കും നിലവാരത്തിനുമനുസരിച്ചും അതിഭീമമായ വിലകളില് ചെന്നാണ് അവസാനിക്കുന്നത്. പെര്ഫ്യൂമുകള് ഉപയോഗിക്കാത്തവര് ഇന്ന് വിരളമാണ്. യാത്ര പുറപ്പെടും മുമ്പും മീറ്റിംഗുകളില് സംബന്ധിക്കുമ്പോഴും ആളുകള് പൊതുവെ മറ്റുള്ളവരുടെ മുമ്പില് ‘സുഗന്ധവാഹകരായി’ പ്രത്യക്ഷപ്പെടാറുണ്ട്. നിറത്തിലും മണത്തിലും സ്റ്റാന്ഡേര്ഡിലും ഇഷ്ടപ്പെട്ട് മിക്കവരും ചില പെര്ഫ്യൂകള് തന്നെ സ്ഥിരമായി ഉപയോഗിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി മൂന്ന് കാരണങ്ങളാണ് പലരേയും ഈ സുഗന്ധലേപനങ്ങള് ഉപയോഗിക്കുന്നതിലേയ്ക്ക് നയിക്കുന്നത്: നല്ല ഡ്രസ്സിങ്ങിനൊപ്പം സുഗന്ധത്തിൻറെ അകമ്പടി മറ്റുള്ളവരുടെ മുമ്പില് നന്നായി പ്രത്യക്ഷപ്പെടാന് സഹായിക്കുമെന്ന ചിന്ത, സ്വന്തം ശരീര ദുര്ഗന്ധത്തിൻറെയും വിയര്പ്പുനാറ്റത്തിൻറെയും അസഹ്യത മറയ്ക്കാന്, മറ്റുള്ളവരോട് സംസാരിക്കുമ്പോഴും അടുത്ത് ഇടപെഴകുമ്പോഴും ആത്മവിശ്വാസം കിട്ടാന്.
അതുകൊണ്ടുതന്നെ അതിപുരാതനകാലം മുതല് തന്നെ ഇത്തരം സുഗന്ധലേപനങ്ങള് മനുഷ്യന് ഉപയോഗിച്ചു തുടങ്ങിയിരുന്നു. ബിസി 1350-ല് ഈജിപ്തുകാര് ലില്ലിപ്പൂക്കളില് നിന്നും മറ്റു പുഷ്പങ്ങളില് നിന്നും സത്ത് വേര്തിരിച്ചെടുത്ത് സുഗന്ധലേപനങ്ങള് ഉണ്ടാക്കിയിരുന്നു. പുരാതന ബാബിലോണിയയില് ‘അത്തര്’ വിശേഷ വസ്തുവായിരുന്നു. പണ്ട് രാജാക്കന്മാര് മാത്രമാണ് ഇത്തരം സുഗന്ധലേപനങ്ങള് ഉപയോഗിച്ചിരുന്നത്. എന്നാല് ഇന്ന് വിവിധ പുഷ്പങ്ങളുടെയും സുഗന്ധദ്രവ്യങ്ങളുടെയും പരിമളം നിറഞ്ഞ വിവിധ നിറ-വില നിലവാരത്തിലുള്ള കൃത്രിമ സുഗന്ധലേപനങ്ങള് വിപണിയില് ലഭ്യമാണ്.
എന്നാല് ഇത്തരം പെര്ഫ്യൂമുകളുടെ അമിത ഉപയോഗം സങ്കീര്ണമായ ആരോഗ്യപ്രശ്നങ്ങളിലേയ്ക്ക് നയിക്കുമെന്നാണ് പുതിയ പഠനങ്ങള് തെളിയിക്കുന്നത്. കേറ്റ് ഗ്രെന്വില് എന്ന ഗവേഷക നടത്തിയ പഠനത്തില്, സുഗന്ധദ്രവ്യങ്ങള് പൂശുന്ന മൂന്നില് ഒരാള്ക്ക് വീതം തലവേദന, ആസ്ത്മ, ദേഹത്ത് ചുവന്ന പാടുകള് തുടങ്ങിയവ ഉണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 2014ല് നടന്ന മറ്റൊരു ഗവേഷണഫലം തെളിയിച്ചത് നാലിലൊന്നു സ്ത്രീകള്ക്കും മൈഗ്രേനുണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പെര്ഫ്യൂമുകളുടെ ഗന്ധമായിരുന്നു.
ഇന്ന് കൂടുതലും കൃത്രിമ രാസവസ്തുക്കള്ക്കൊണ്ട് ഉണ്ടാക്കുന്ന ഈ സുഗന്ധദ്രവ്യങ്ങളുടെ ‘ട്രേഡ് സീക്രട്ട്’ നിര്മ്മാതാക്കളില് പലരും പുറത്തുവിടാറില്ല. പലതിലും പ്രകൃതിദത്ത എണ്ണകളോടൊപ്പം വിഷപദാര്ത്ഥങ്ങളും അടങ്ങിയിട്ടുള്ളതായി തെളിഞ്ഞിട്ടുണ്ട്. റോസ് എസന്ഷ്യല് ഓയിലുകളിലും കെന്റക്കി ബോര്ബോണിലും അടങ്ങിയ സംയുക്തമായ ബിഡാമാസിനോണ് ശരാശരിയില് കൂടുതല് ഉപയോഗിച്ചാല് അലര്ജിക്ക് കാരണമാകും. 1, 8 സിനോള് കൂടിയ അളവില് ഉപയോഗിച്ചാല് അത് കരളിൻറെ പ്രവര്ത്തനത്തെയും ബാധിക്കും. സുഗന്ധദ്രവ്യങ്ങള് പൂശുന്നവര്ക്ക് മാത്രമല്ല അടുത്തുനിന്ന് അതിൻറെ ഗന്ധം ശ്വസിക്കുന്നവര്ക്കും അത് തലവേദനയ്ക്ക് കാരണമാകും.
പെര്ഫ്യൂം പോലെ വ്യക്തിജീവിതത്തിൻറെ തിളക്കം കൂട്ടാനായി ഉപയോഗിക്കുന്ന മറ്റു ചില കാര്യങ്ങള് കൂടി ഇതുപോലെ, ഇതിലേറെ ദോഷകരമായിത്തീരാറുണ്ട്. മറ്റുള്ളവരുടെ മുമ്പില് നല്ലവനായി ചമയാന് നുണപറയുന്ന സ്വഭാവത്തെ മറയാക്കുന്നവര്, സ്റ്റാറ്റസിൻറെ ലക്ഷണമായും പൗരുഷം തെളിയിക്കാനും മദ്യപിക്കുന്നത്, ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും കയ്യടി നേടാനും പണം ധൂര്ത്തടിക്കുന്നത്, വെറുപ്പും അസൂയയും വിദ്വേഷവും മനസില് കൊണ്ടുനടക്കുന്നതും അഹങ്കാരത്തിൻറെയും സ്വയം പുകഴ്ചയുടെയും വര്ത്തമാനം പറയുന്നതും പെര്ഫ്യൂമുകളുടെ നിരന്തര ഉപയോഗം ഭാവിയില് വരുത്തുന്ന അപകടങ്ങളെക്കാള് ഏറെ ദോഷകരമായി ഓരോരുത്തരെയും ബാധിക്കുന്നതാണ്.
ചെറുതും വലുതുമായ പല അവസരങ്ങളിലും നമ്മുടെ മുഖം മറ്റുള്ളവരുടെ മനസില് മനോഹരമായി നിലനിര്ത്താന് കള്ളത്തരങ്ങളും നുണകളും പറയുന്നവരാണ് നമ്മളിലധികവും. ചെറിയ കാര്യങ്ങളിലെ നുണ വിജയിക്കുന്നതായിക്കാണുമ്പോള് പിന്നീടത് വലിയ കാര്യങ്ങളിലും പരീക്ഷിക്കാന് ധൈര്യപ്പെടും. കുടുംബജീവിതത്തില് പ്രത്യേകിച്ച്, ദമ്പതികള് തമ്മില് പരസ്പരം നുണപറയുന്ന, കള്ളത്തരം കാണിക്കുന്ന സ്വഭാവം തുടങ്ങിയാല് പിന്നീട് ബന്ധങ്ങള് തകരുന്ന അവസ്ഥയിലേയ്ക്കുവരെ അതുകൊണ്ടുചെന്നെത്തിക്കാം. പണത്തിൻറെ വിനിയോഗം, ബന്ധങ്ങളിലെ വിശ്വസ്തത തുടങ്ങിയവയിലെ ചെറിയ പുഴുക്കുത്തുകള് നുണയുടെ വാക്ചാതുരിയില് കുറേനാള് കുഴപ്പമില്ലാതെ പൊതിഞ്ഞുപിടിച്ചു മുഖം രക്ഷിച്ചാലും പിന്നീടാ മുഖം മൂടി അഴിഞ്ഞുവീഴുകയും കൂടുതല് ദോഷകരമായതു സംഭവിക്കുകയും ചെയ്തേക്കാം.
ആണത്തം തെളിയിക്കാനും സമൂഹത്തിലെ സ്റ്റാറ്റസിൻറെ ഭാഗമാകാനും മദ്യപിച്ച് തുടങ്ങുന്നവരുണ്ട്. പുകവലിയുടെയും മറ്റു മയക്കുമരുന്നുപയോഗങ്ങളുടെയും കാര്യവും അങ്ങനെ തന്നെ. ഉപയോഗിക്കുന്നയാള്ക്ക് ആദ്യമത് രസം തരുന്ന കാര്യവും സമപ്രായക്കാരുടെയും സമചിന്താഗതിക്കാരുടെയും കയ്യടി ലഭിക്കുന്ന കാര്യവുമെന്നതൊഴിച്ചാല് പിന്നീടത് ശരീരത്തെയും ജീവിതത്തെയും നശിപ്പിക്കാനായി ദേഹത്ത് കയറിക്കൂടിയ പിശാചായി അനുഭവപ്പെടും. മദ്യപാനത്തിൻറെ 3 ഘട്ടങ്ങളെക്കുറിച്ച് ഇങ്ങനെ പറയാറുണ്ട്: ‘ആദ്യം മനുഷ്യന് മദ്യം കുടിക്കുന്നു, പിന്നെ മദ്യം മദ്യത്തെ കുടിക്കുന്നു, ഒടുവില് മദ്യം മനുഷ്യനെ കുടിക്കുന്നു’. ആദ്യത്തെ ലെവലില് തുടങ്ങുന്ന ആള് അവസാനത്തെ ഘട്ടത്തിലെത്തുമ്പോള് മാത്രമേ താന് അകപ്പെട്ടു പോയ ചതിക്കുഴിയെക്കുറിച്ച് അറിയൂ.
പണത്തിൻറെ വിവേകമില്ലാത്ത ഉപയോഗത്തിലൂടെയും സ്വന്തം ജീവിതം അപകടത്തിലേയ്ക്ക് തള്ളിവിടുന്നവരുണ്ട്. ‘അത്യാവശ്യത്തില് പണം ചിലവഴിക്കുകയും ആവശ്യത്തില് സാഹചര്യമനുസരിച്ചുമാത്രം പണം വിനിയോഗിക്കുകയും അനാവശ്യത്തിന് ഒരിക്കലും പണം ഉപയോഗിക്കാതിരിക്കുകയും ചെയ്യണം’ എന്ന പരമ്പരാഗത ധനവിനിയോഗ ചിന്താഗതികള് മാറ്റിവച്ച് അനാവശ്യങ്ങളില് പണം ധൂര്ത്തടിക്കുന്നത് ആവശ്യമായി വന്നിരിക്കുന്നു എന്നാണ് ഇന്നത്തെ സമൂഹത്തിൻറെ ചിന്താഗതി. കുടുംബങ്ങളിലും സമൂഹത്തിലും നടക്കുന്ന ഓരോ ആഘോഷങ്ങളിലും പണം ചിലവഴിക്കാനുള്ള പുതിയ വഴികള് എന്താണ് എന്നാണ് ഇന്ന് ഓരോരുത്തരും അന്വേഷിക്കുന്നത്. പണത്തിൻറെ ധാരാളിത്തത്തില് മദ്യപാനത്തിലും ചൂതാട്ടത്തിലും കൂട്ടുകെട്ടുകളിലും ജീവിതം ആഘോഷിക്കുന്നവര്ക്ക് നാശവും ആസന്നമാണെന്ന് ഓര്ത്തിരിക്കണം.
മനസില് കട്ടകെട്ടിക്കിടക്കുന്ന ചില നെഗറ്റീവ് എനര്ജികളെയും ഇത്തരുണത്തില് കാണാതെ പോകരുത്. മനസില് താലോലിച്ച് കൊണ്ടുനടക്കുന്ന വൈരാഗ്യത്തിൻറെയും വെറുപ്പിൻറെയും അസൂയയുടെയും ഭാവനകള്, നിറവേറ്റപ്പെടാതെ പോകുന്ന പ്രതികാരത്തിനു പകരമുള്ള ഒരു ആത്മസംതൃപ്തി ആ വ്യക്തിക്ക് നല്കുമെങ്കിലും അത് ഒരു നെഗറ്റീവ് എനര്ജിയാണെന്നതിനാല് ആ വ്യക്തിയുടെ തന്നെ നാശത്തിലേ അത് കൊണ്ടുചെന്നെത്തിക്കൂ. അപ്രതീക്ഷിത അംഗീകാരങ്ങളോ ബഹുമതികളോ കിട്ടുമ്പോള് സ്വന്തം കഴിവിൻറെ വലിപ്പത്തെക്കുറിച്ച് ‘വലിയ വര്ത്തമാനം’ പറഞ്ഞു സ്വയം ഇളിഭ്യരാകുന്നവരുണ്ട്. ഇതിന് സമാനമായ മലയാളത്തിലുള്ള പഴഞ്ചൊല്ല്, ‘അല്പന് അര്ത്ഥം കിട്ടിയാല് അര്ദ്ധരാത്രിയില് കുടപിടിക്കുക’ എന്നത്രേ! ന്യൂജന് കാലത്ത് അത് ‘തള്ള്’ എന്നാണറിയപ്പെടുന്നത്. ”നീ എത്രമാത്രം ഉന്നതനാണോ അത്രമാത്രം വിനീതനാവുക’ എന്ന് ബൈബിളിലെ പ്രഭാഷകൻറെ പുസ്തകം ഉപദേശിക്കുന്നു. പക്വതയില്ലാത്ത ഇത്തരം മനസിലെ അധമവിചാരങ്ങളും ചിന്തയില്ലാത്ത വിവേകരഹിതമായ സംസാരങ്ങളുമെല്ലാം സ്വന്തം നാശം ക്ഷണിച്ചു വരുത്താനും മറ്റുള്ളവരുടെ പരിഹാസം ഏറ്റുവാങ്ങാനുമേ ഉപകരിക്കൂ.
പെര്ഫ്യൂം അടിക്കുന്ന ആളിൻറെ അടുത്ത് നില്ക്കുന്നവര്ക്കും അതു ശ്വസിക്കുന്നതുവഴി അതിൻറെ ദൂഷ്യഫലങ്ങള് ഉണ്ടാകുമെന്ന് പഠനങ്ങള് പറയുന്നു. കള്ളത്തരത്തിലും ലഹരിയിലും ധനാസക്തിയിലും മനസിലെ നിഷേധാത്മക ചിന്തകളിലും കഴിയുന്നവരുടെ ചുറ്റും നില്ക്കുന്നവർക്കും ഈ പ്രശ്നങ്ങളുടെ അനുരണനങ്ങൾ നേരിടേണ്ടി വന്നേക്കാം. അതിനാൽ വ്യക്തിത്വ വികസനത്തിനു തടസ്സം നിൽക്കുന്ന ഇത്തരം കൃത്രിമ ആവരണങ്ങളിലും സുഗന്ധലേപനങ്ങളിലും നിന്ന് വിവേകപൂര്വ്വം ഒഴിഞ്ഞുനില്ക്കാം. ധാര്മ്മികതയും ശുചിത്വവുമുള്ള ആത്മാവിനും മനസിനും കൃത്രിമ സുഗന്ധക്കൂട്ടുകളുടെ ‘കൂടുതല് ഡെക്കറേഷന്’ എന്നും ആവശ്യമില്ല. കൃത്രിമ സൗന്ദര്യത്തിൻറെയും സുഗന്ധത്തിൻറെയും ആകര്ഷണത്തേക്കാള് സ്വാഭാവിക ജീവിത ശുദ്ധിയാണ് കൂടുതല് മഹത്തരമെന്നും മറക്കാതിരിക്കാം. സ്വാഭാവിക നന്മയുടെയും വിശുദ്ധിയുടെയും മുഖങ്ങളും ജീവിതങ്ങളും കൊണ്ട് ഈ ഭൂമി കൂടുതല് സുന്ദരമാകട്ടെയെന്ന പ്രാര്ത്ഥനയോടെ,
നന്മനിറഞ്ഞ ഒരാഴ്ച സ്നേഹപൂര്വ്വം ആശംസിക്കുന്നു.
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില് സീറോ മലബാര് ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പി.ആര്.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്ത്തനം’ എന്ന ഈ പംക്തിയില് അതാത് ആഴ്ചകളില് യുകെയില് ഏറ്റവും ചര്ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള് ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ജോണ്സണ് ജോസഫ്
ലണ്ടന്: സീറോ മലങ്കര കത്തോലിക്കാസഭയുടെ വിവിധ മിഷനുകളുടെ ആഭിമുഖ്യത്തില് നാളെ ലണ്ടനില് വിശ്വാസ പരിശീലന ദിനാചരണവും ബൈബിള് കലോത്സവവും സംഘടിപ്പിക്കുന്നു. ലണ്ടന്റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ മിഷന് സെന്ററുകളുടെ കൂടി വരവ് ക്രമീകരിച്ചിരിക്കുന്നത് ഡെഗനത്തുള്ള സെന്റ് ആന്സ് മാര് ഇവാനിയോസ് സെന്ററിലാണ്. ഞായറാഴ്ച രാവിലെ 10 മണിക്ക് വി. കുര്ബാനയോടെ ദിനാചരണത്തന് തുടക്കം കുറിക്കും. തുടര്ന്ന് മാതാപിതാക്കള്ക്കുള്ള പ്രത്യേക സെമിനാര് ക്രമീകരിച്ചിരിക്കുന്നു. ഉച്ചകഴിഞ്ഞ് 1.30 മുതല് വിവിധ മിഷനുകളില് നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്.
ഈസ്റ്റ് ലണ്ടന്, വെസ്റ്റ് ലണ്ടന്, ക്രോയിഡോണ്, ലൂട്ടണ്, സൗത്താംപ്ടണ്, ആഷ്ഫോര്ഡ് എന്നീ മിഷനുകളിലെ മതബോധന കുട്ടികളാണ് വിവിധ കലാപരിപാടികള് അവതരിപ്പിക്കുക. ”കുടുംബം പ്രാഥമിക വിശ്വാസ പരിശീലന കളരി” എന്ന വിഷയമാണ് പ്രത്യേകമായി ചര്ച്ചയ്ക്ക് വിധേയമാക്കുന്നത്. വിശ്വാസ പരിശീലന ദിനാചരണ സമ്മേളനം മലങ്കര കത്തോലിക്കാ സഭ യുകെ റീജിയണ് കോ- ഓര്ഡിനേറ്റര് ഫാ. തോമസ് മടുക്കംമൂട്ടില് ഉദ്ഘാടനം ചെയ്യും. വിശ്വാസ പരിശീലന കോ-ഓര്ഡിനേഷന് കമ്മിറ്റിയുടെ നേതൃത്വത്തില് വിപുലമായ ക്രമീകരണങ്ങള് നടന്നുവരുന്നു.
അഡ്രസ്സ്
St. Anne’s Church Mar Ivanious Centre
Woodward Road
Dagenham RM9 4 Su
ഫിലിപ്പ് കണ്ടോത്ത്
എപ്പാര്ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര് രൂപതയുടെ ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണല് ബൈബിള് കലോത്സവം ഇന്ന് രാവിലെ 8.30ന് രജിസ്ട്രേഷന് ആരംഭിച്ച് 9.30ന് ബൈബിള് പ്രതിഷ്ഠയോടെ തുടക്കം കുറിച്ച് കൃത്യം 10ന് തന്നെ കലാമത്സരങ്ങള് ആരംഭിക്കാനാണ് സംഘാടകര് ക്രമീകരിച്ചിരിക്കുന്നത്. ഒരേസമയം 11 സ്റ്റേജുകളില് ആയി 21 ഇനം മത്സരങ്ങള് ഏതാണ്ട് വൈകിട്ട് 6.00ന് തന്നെ പൊതു സമ്മേളനത്തില് സമ്മാനദാനം നല്കത്തക്കരീതിയില് ആണ് കാര്യങ്ങള് ക്രമീകരിച്ചിരിക്കുന്നത്.
രജിസ്ട്രേഷന് ഒരാഴ്ച മുമ്പേ പൂര്ത്തിയാക്കി കഴിഞ്ഞിരുന്നു. എസ്.എം.ബി.സി.ആര് കീഴിലുളള 19 കുര്ബാന സെന്ററുകളിലും മത്സരത്തിനുള്ള അവസാനഘട്ട റീഹേഴ്സല് നടന്നുകൊണ്ടിരിക്കുന്നു. കുട്ടികളും മുതിര്ന്നവരുമെല്ലാം വളരെ ഉത്സാഹത്തോടെയാണ് മത്സരങ്ങളില് പങ്കെടുക്കാന് തയ്യാറായിരിക്കുന്നത്. അതുപോലെ ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണിലെ ഈ വര്ഷം ജി.സി.എസ്.ഇയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും ബൈബിള് കലോത്സവ ദിനത്തില് അവര്ക്ക് റീജിയണിന്റെ സര്ട്ടിഫിക്കറ്റും ട്രോഫിയും നല്കുന്നതായിരിക്കും.
കൂടാതെ ബൈബിള് കലോത്സവദിനത്തില് വരുന്നവര്ക്ക് സ്നാക്ക്സും സോഫ്റ്റ് ഡ്രിങ്ക്സും ലഞ്ചും ഡിന്നറുമെല്ലാം മിതമായ നിരക്കില് അവിടെ ലഭ്യമായിരിക്കുമെന്ന് കമ്മറ്റിക്കാര് അറിയിച്ചിട്ടുണ്ട്.
നാളെ നടക്കുന്ന ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണിലെ ബൈബിള് കലോത്സവത്തിന് റീജിയണിന്റെ കീഴിലുള്ള മുഴുവന് കുര്ബാന സെന്ററുകളില് നിന്നുളളവര് വന്ന് പങ്കെടുത്ത് സഹകരിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യണമെന്ന് ബൈബിള് കലോത്സവ ചെയര്മാന് ഫാ. ജോസ് പൂവാനിക്കുന്നേലും (സി.എസ്.എസ്.ആര്), ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണിന്റെ ഡയറക്ടര് ഫാ. പോള് വെട്ടിക്കാട്ടും (സി.എസ്.ററി)യും ബ്രിസ്റ്റോള് കാര്ഡിഫ് റീജിയണിന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്തും അഭ്യര്ത്ഥിച്ചു.
കൂടാതെ മത്സരത്തില് പങ്കെടുക്കുന്നവര് എല്ലാവരും രാവിലെ കൃത്യം 8.30ന് തന്നെ വന്ന് രജിസ്ട്രേഷന് ആരംഭിക്കണമെന്ന് ബൈബിള് കലോത്സവ ചീഫ് കോര്ഡിനേറ്റര് റോയി സെബാസ്റ്റ്യനും വൈസ് കോര്ഡിനേറ്റര്മാരായ ജോസി മാത്യുവും സജി തോമസും അറിയിച്ചു.
കലോത്സവം നടക്കുന്ന സ്ഥലത്തെ അഡ്രസ്സ്
The Green Way Centre, Doncastre Road, Southmed, Bristol, BS 16 5 PY.
സഖറിയ പുത്തന്കളം
മാഞ്ചസ്റ്റര്: ഷ്രൂസ്ബെറി രൂപതയിലെ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്സിയിലെ ദ്വിതീയ തിരുന്നാളിന് ഒരുക്കങ്ങള് പൂര്ത്തിയായി. സെന്റ് മേരീസ് തിരുന്നാളിന്റെ മുഖ്യ കാര്മ്മികത്വത്തില് പാപ്പുവാ ന്യൂഗിനിയായുടെ വത്തിക്കാന് സ്ഥാനപതിയുമായ ആര്ച്ച് ബിഷപ്പ് മാര് കുര്യന് വയലുങ്കലിന് ലണ്ടന് ഹീത്രൂ വിമാനത്താവളത്തില് ലണ്ടന് ക്നാനായ ചാപ്ലയന്സി ചാപ്ലിന് ഫാ. മാത്യു കട്ടിയാങ്കലിന്റെ നേതൃത്വത്തില് ഊഷ്മളമായ സ്വീകരണം നല്കി.
1991ല് കോട്ടയം അതിരൂപതാ മെത്രാന് മാര് കുര്യാക്കോസ് കുന്നശ്ശേരിയില് നിന്നും തിരുപ്പട്ടം സ്വീകരിച്ച മാര് കുര്യന് വയലുങ്കല് അതിരൂപതയിലെ നിരവധി ദേവാലയങ്ങളില് സേവനം അനുഷ്ഠിച്ചതിനു ശേഷം വത്തിക്കാനില് അജപാലന ശുശ്രൂഷകള് ആരംഭിച്ചു. റോമിന്റെ ഡെലിഗേറ്റായി വിവിധ രാജ്യങ്ങളില് സേവനം അനുഷ്ഠിച്ചു. 2016ല് പരിശുദ്ധ പിതാവ് ഫ്രാന്സിസ് മാര്പ്പാപ്പ മാര് കുര്യന് വയലുങ്കലിനെ അപ്പസ്തോലിക് അംബാസഡറായി ഉയര്ത്തി.
സെന്റ് മേരീസ് തിരുന്നാളിന് തീര്ത്ഥാടക സമൂഹത്തെ വരവേല്ക്കുവാനുള്ള ആവേശത്തിലാണ് സെന്റ് മേരീസ് ക്നാനായ ചാപ്ലയന്സിയിലെ അംഗങ്ങള്. കൊടി തോരണങ്ങളാലും പുഷ്പാലംകൃത ദേവാലയങ്ങളാലും അതിമനോഹരമായ ദേവാലയ സമുച്ചയത്തില് നൂറിലധികം പ്രസുദേന്തിമാരുടെയും നിരവധി വൈദികരുടെയും അകമ്പടിയോടെ ആര്ച്ച് ബിഷപ്പ് മാര് കുര്യന് വയലുങ്കല്, ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് എന്നില് ദേവാലയത്തിനുള്ളില് പ്രവേശിക്കുന്നതോടെ തിരുക്കര്മ്മങ്ങള്ക്ക് തുടക്കമാകും.
പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, ആഘോഷമായ തിരുന്നാള് കുര്ബാന, വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള തിരുന്നാള് പ്രദക്ഷിണം പരിശുദ്ധ കുര്ബാനയുടെ വാഴ്വ് എന്നിവ സെന്റ് ആന്റണീസ് ചര്ച്ചില് നടക്കും. തിരുന്നാളിന് വരുന്നവര് DUNKERY ROAD ല് (M 22 OWR) വാഹനങ്ങള് പാര്ക്ക് ചെയ്യണമെന്നഭ്യര്ത്ഥിക്കുന്നു.
ഉച്ചകഴിഞ്ഞ് ഫിന്ഷോയിലെ ഫോറം സെന്ററില് സ്നേഹവിരുന്നും തുടര്ന്ന് അതിമനോഹരമായ കലാപരിപാടികളും അരങ്ങേറും. യു.കെയിലെ ക്നാനായക്കാരുടെ ”രണ്ടാം പത്താം പിയൂസ് മാര്പ്പാപ്പ” എന്ന വിശേഷങ്ങളുള്ള ഷ്രൂസ്ബെറി രൂപതാധ്യക്ഷന് ബിഷപ്പ് മാര്ക് ഡേവിസ് മതബോധന വാര്ഷികങ്ങള് ഉദ്ഘാടനം ചെയ്യും. സെന്റ് മേരീസ് ക്നാനായ ചാപ്ലയന്സിയിലെ അംഗങ്ങളുടെ നയന മനോഹരമായ കലാപരിപാടികള്ക്ക് ശേഷം ബെര്മിങ്ങ്ഹാം യൂണിറ്റിലെ റെഡ്ച്ച് കൂടാര യോഗക്കാരുടെ പ്രശസ്തമായ ”തൊമ്മന്റെ മക്കള്” എന്ന നാടകം അവതരിപ്പിക്കും.
തിരുക്കര്മ്മങ്ങളില് പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം പ്രാപിക്കുവാന് എല്ലാ ദൈവ വിശ്വാസികളെയും സെന്റ് മേരീസ് ക്നാനായ ചാപ്ലിനും വികാരി ജനറലുമായ ഫാ. സജി മലയില് പുത്തന്പുര സ്വാഗതം ചെയ്യുന്നു.
പാര്ക്കിങ്ങ് വിലാസം
ദേവാലയം DUNRERY ROAD
M22 OWR
FORUM CENTER : SIMONS WAY
M 22 5 RX
സഖറിയ പുത്തന്കളം
മാഞ്ചസ്റ്റര്: ഷ്രൂസ്ബെറി രൂപതയിലെ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്സിയുടെ സ്വര്ഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് രണ്ട് ദിനം മാത്രം അവശേഷിക്കേ സെന്റ് മേരീസ് ക്നാനായ ചാപ്ലയന്സി അംഗങ്ങള് വിശ്വാസികളെ സ്വീകരിക്കുവാന് ഒരുങ്ങിക്കഴിഞ്ഞു. യു.കെ.യുടെ വിവിധ ഭാഗങ്ങളില് നിന്നും അനേകായിരങ്ങള് വിഫിന്ഷോയിലെ സെന്റ് ആന്റണീസ് ചര്ച്ചിലേയ്ക്ക് ശനിയാഴ്ച രാവിലെ മുതല് തീര്ത്ഥാടന യാത്രയായി ഒഴുകിയെത്തും.
ഇത്തവണ തിരുന്നാളിന് കഴിഞ്ഞ വര്ഷത്തെക്കാളും അധികമായി പ്രസുദേന്തിമാരാണ് തിരുന്നാള് ഏറ്റെടുത്ത് നടത്തുന്നത്. നൂറിലധികം പ്രസുദേന്തിമാര് തിരുന്നാള് ഏറ്റെടുത്ത് നടത്തുമ്പോള് ചരിത്ര സംഭവമാക്കുവാനാണ് സെന്റ് മേരീസ് ക്നാനായ ചാപ്ലയന്സി അംഗങ്ങള് ഒരുങ്ങുന്നത്. പുഷ്പാലംകൃതമായ ദേവാലയത്തില് ഭക്തിസാന്ദ്രമാര്ന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാര്മ്മികനാകുന്ന വത്തിക്കാന് സ്ഥാനപതി ആര്ച്ച് ബിഷപ്പ് മാര് കുര്യന് വയലുങ്കലിന് ഊഷ്മളോജ്വലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ആര്ച്ച് ബിഷപ്പ് ആയതിനുശേഷം പ്രഥമ യു.കെ സന്ദര്ശനത്തിന് എത്തുന്ന ആര്ച്ച് ബിഷപ്പ് മാര് കുര്യന് വയലുങ്കലിന് സ്വാഗതമരുളി യു.കെ.കെ.സി.എയും യൂണിറ്റുകളും ആശംസകള് അറിയിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് തിരുവചന സന്ദേശം നല്കുന്നത് ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് അധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കലും മതബോധന വാര്ഷികം ഉത്ഘാടനം ചെയ്യുന്നത് യു.കെ. ക്നാനായക്കാരുടെ ”രണ്ടാം പത്താം പിയൂസ് മാര്പ്പാപ്പ” എന്ന വിശേഷണമുള്ള ഷ്രൂസ്ബെറി രൂപതാധ്യക്ഷന് മാര് മാര്ക്ക് ഡേവിസുമാണ്.
കണ്ണഞ്ചിപ്പിക്കുന്നതും നയന മനോഹരവുമായ കലാപരിപാടികളാണ് തിരുന്നാളിനോടനുബന്ധിച്ച് ചാപ്ലയന്സി അംഗങ്ങള് ഒരുക്കിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹ വര്ഷത്തിനായി ഏവരെയും ഭക്താദരപൂര്വ്വം സ്വാഗതം ചെയ്യുന്നതായി ഫാ. സജി മലയില്പുത്തന്പുര അറിയിച്ചു.