ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ‘അഭിഷേകാഗ്‌നി’ രണ്ടാം ബൈബിള്‍ കണ്‍വെന്‍ഷന്‍ രൂപതയുടെ എട്ട് റീജിയണുകളിലായി 2018 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 4 വരെ തീയതികളില്‍ നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രക്ഷാധികാരിയും വികാരി ജനറാള്‍ റവ. ഡോ. മാത്യൂ ചൂരപ്പൊയ്കയില്‍ ജനറല്‍ കോ – ഓര്‍ഡിനേറ്ററും രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള ഏകദിന ധ്യാന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കുന്നത് സുപ്രസിദ്ധ വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറുമായ റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായിലാണ്.

ഒക്ടോബര്‍ 20ന് കവന്‍ട്രിയിലും 21ന് സ്‌കോട്ലന്റിലും 24ന് പ്രസ്റ്റണി ലും 26ന് കേംബ്രിഡ്ജിലും 27ന് സൗത്താംപ്ടണിലും 28ന് ബ്രിസ്റ്റോള്‍ – കാര്‍ഡിഫിലും നവംബര്‍ 3ന് മാഞ്ചസ്റ്ററിലും 4ന് ലണ്ടനിലും കണ്‍വെന്‍ഷനുകള്‍ നടക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും ശുശ്രൂഷകള്‍. റീജിയണല്‍ ഡയറക്ടര്‍മാരായ റവ. ഫാ. ജയ്സണ്‍ കരിപ്പായി, റവ. ഫാ. ജോസഫ് വെമ്പാടുംന്തറ വിസി, റവ. ഫാ. മാത്യൂ ചൂരപ്പൊയ്കയില്‍, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്‍, റവ. ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റി, റവ. ഫാ, സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ് തുടങ്ങിയവര്‍ വിവിധ റീജിയണുകളില ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കും.

ശുശ്രൂഷകളുടെ വിജയത്തിന് ദൈവാനുഗ്രഹ സമൃദ്ധിക്കായി പ്രാര്‍ത്ഥിക്കുന്നതിനായി ഒക്ടോബര്‍ 19-ാം തീയതി വൈകിട്ട് 6 മുതല്‍ രാത്രി 12 വരെ ജാഗരണ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍, പ്രസ്റ്റണില്‍ ക്രമീകരിച്ചിട്ടുണ്ട്. വിശ്വാസികളെല്ലാവരും ധ്യാനത്തില്‍ പങ്കുചേരണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.