Spiritual

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

മാഞ്ചസ്റ്റര്‍: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഫുട്‌ബോള്‍ സിറ്റികളിലൊന്നായ മാഞ്ചസ്റ്ററിനെ, ആത്മീയതയിലും ഉയര്‍ന്ന തലത്തിലെത്തിച്ചുകൊണ്ട് തിരുവചനത്തിന്റെ അഭിഷേകാഗ്നി ഇന്നലെ മാഞ്ചസ്റ്റര്‍ ഷെറിഡന്‍ സ്യൂട്ടില്‍ പെയ്തിറങ്ങി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ലോകപ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച ഏകദിന കണ്‍വെന്‍ഷന്‍ ഇന്നലെ ആയിരങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. പിതാവായ ദൈവത്തിന്റെ മക്കളാണ് നാം എല്ലാവരും എന്ന ചിന്തയില്‍, ദൈവത്തിന്റെ മക്കള്‍ക്ക് ചേരുന്ന രീതിയില്‍ ജീവിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. പിതാവായ ദൈവത്തിന്റെ പക്കല്‍ ഈശോയും പരിശുദ്ധാത്മാവും എപ്പോഴും നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നുവെന്നും മാലാഖമാരുടെ സംരക്ഷണത്തിലാണ് ദൈവമക്കളായ നാമെല്ലാവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാഞ്ചസ്റ്റര്‍ റീജിയണിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് രാവിലെ 9 മണിയോടെ കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി വിശ്വാസികള്‍ എത്തിച്ചേര്‍ന്നു. റീജിയണ്‍ ഡയറക്ടര്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കിയ കണ്‍വെന്‍ഷന്‍ വേദിയില്‍ റവ. ഫാ. സാംസണ്‍ കോട്ടൂരും ദൈവവചനം പങ്കുവെച്ചു.

പതിവുപോലെ ജപമാല, ആരാധനാഗീതങ്ങള്‍, ബൈബിള്‍, പ്രഭാഷണങ്ങള്‍, വി. കുര്‍ബന, ദിവ്യകാരുണ്യ പ്രദക്ഷിണത്തോടൊപ്പമുള്ള ആരാധന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നവ ചൈതന്യം പകര്‍ന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായ വി. ബലിയില്‍ റീജിയണ് അകത്തും പുറത്തുനിന്നുമായി നിരവധി വൈദികര്‍ സഹകാര്‍മ്മികരായി.

മര്‍ത്തായെപ്പോലെ തിടുക്കം കാണിച്ച് ഓടിനടക്കുമ്പോഴല്ല, മറിയത്തെപ്പോലെ ഈശോയുടെ അടുത്തിരുന്ന് തിരുവചനം ശ്രവിക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നതെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. ഈശോയുടെ അടുത്തിരുന്ന് വചനം ശ്രവിച്ച മറിയത്തിന് ഉണ്ടായിരുന്ന ആഴമായ വിശ്വാസമാണ് ഈശോ ലാസറിനെ ഉയിര്‍പ്പിക്കാന്‍ പ്രധാന കാരണമായത്. നമ്മുടെ ഭവനങ്ങളിലും ജീവിതത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഈശോയുടെ തിരുവചനം കേള്‍ക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

അഭിഷേകാഗ്നിയുടെ നാലാം ദിനം ഇന്ന് കേംബ്രിഡ്ജില്‍ നടക്കും. Cathedral of St John the Baptist Cathedral House, Unthank Road, Norwich, NR 2 2PA ല്‍ രാവിലെ 9 മണിക്ക് ശുശ്രൂഷകള്‍ ആരംഭിക്കും. റീജിയണല്‍ കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കരയുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അഭിഷേകാഗ്നിയുടെ അഞ്ചാംദിനം നാളെ (വ്യാഴം) കവന്‍ട്രി റീജിയണില്‍ നടക്കും. ബര്‍മിംഗ്ഹാം New Bingly Hallല്‍ നടക്കാനിരിക്കുന്ന കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി കോ – ഓര്‍ഡിനേറ്റര്‍ റവ. ഫാ. ജയ്‌സണ്‍ കരിപ്പായി അറിയിച്ചു.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍:ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ഞായറാഴ്ച ലണ്ടനിലെ അല്ലിയന്‍സ് പാര്‍ക്കിലെ ശുശ്രൂഷയോടെ സമാപിക്കും. അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തന്റെ ‘സുവിശേഷവേല’യുടെ ഭാഗമായി രൂപതയെ ശാക്തീകരിക്കുന്നതിനും രൂപതാംഗങ്ങളെ പരിശുദ്ധാത്മ കൃപാവരങ്ങള്‍ കൊണ്ടു നിറക്കുവാനുമായി സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ സമാപിക്കുമ്പോളേക്കും രൂപത അഭിഷേക നിറവിലാവും.

പരിശുദ്ധാത്മ ശുശ്രൂഷകളില്‍ കാലഘട്ടത്തിലെ അനുഗ്രഹീത ശുശ്രൂഷകരില്‍ പ്രശസ്തനായ വചന ഗുരുവും, അത്ഭുത രോഗ ശാന്തികളും അനുഗ്രഹങ്ങളും തിരുവചന പ്രഘോഷണങ്ങളിലൂടെയും സ്തുതിപ്പുകളിലൂടെയും പകര്‍ന്നു നല്‍കുവാന്‍ നിയോഗിക്കപ്പെട്ട അനുഗ്രഹീത അഭിഷിക്തന്‍ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചന്റെ ശുശ്രുഷ യുകെയില്‍ ദൈവീക അടയാളങ്ങള്‍ക്കും നിരവധിയായ ഉദ്ധിഷ്ട കാര്യസാദ്ധ്യങ്ങള്‍ക്കും കാരണഭൂതമാവും.

യുകെയിലുടനീളം നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാര്‍ത്ഥനകളും ഉപവാസങ്ങളും അഖണ്ഡ ജപമാലകളും വിശുദ്ധ കുര്‍ബ്ബാനകളും പ്രാര്‍ത്ഥനാമഞ്ജരികളും ആയി ഈശ്വര ചൈതന്യത്തില്‍ നടത്തപ്പെടുന്ന ലണ്ടന്‍ കണ്‍വെന്‍ഷന്‍ അല്ലിയന്‍സ് പാര്‍ക്കില്‍ വലിയ അത്ഭുതങ്ങള്‍ക്കു സാക്ഷ്യം വഹിക്കുമ്പോള്‍ അതിനു നേര്‍സാക്ഷികളാവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും കിട്ടുന്ന ഈ സുവര്‍ണ്ണാവസരം ആരും നഷ്ടപ്പെടുത്തരുതേ എന്നാണു സ്രാമ്പിക്കല്‍ പിതാവിന്റെ ഏക പ്രാര്‍ത്ഥന.

29 ഞായറാഴ്ച രാവിലെ 9:30ന് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ തിരുവചന ശുശ്രുഷകളും വിശുദ്ധ കുര്‍ബ്ബാനയും ആരാധനയും അത്ഭുത സാക്ഷ്യങ്ങളും ഗാന ശുശ്രൂഷകളും ഉണ്ടാവും. കുട്ടികള്‍ക്കായി രണ്ടു വിഭാഗമായി പ്രതേക ശുശ്രൂഷകളും ഒരുക്കിയിട്ടുണ്ട്.

വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഉള്ള ധ്യാന വേദിയില്‍ ഗേറ്റ് ‘A’ യില്‍ കൂടി പ്രവേശിച്ചു ‘പേജ് സ്ട്രീറ്റ്’ വഴി വന്നു ‘ചാമ്പ്യന്‍സ് വേ’യില്‍ക്കൂടി പാര്‍ക്കിങ്ങില്‍ എത്താവുന്നതാണ്. കണ്‍വെന്‍ഷന്‍ കൂടുതല്‍ അനുഗ്രഹീതമാവുന്നതിനായി ക്രമീകരിച്ചിരിക്കുന്ന ഉപവാസമനുഷ്ഠിച്ചുകൊണ്ടുള്ള അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരില്‍ ആവശ്യമുള്ളവര്‍ ഭക്ഷണം കയ്യില്‍ കരുതേണ്ടതാണെന്ന കാര്യം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ വന്നു ചേരുന്നവര്‍ക്കായി ആവശ്യമെങ്കില്‍ യാത്രാസൗകര്യം വോളണ്ടിയേഴ്‌സ് ഒരുക്കുന്നുണ്ട്. എന്നിരുന്നാലും രാവിലെ 11:00 മുതല്‍ വൈകുന്നേരം 5:00 മണി വരെ ഷട്ടില്‍ സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അനില്‍ ആന്റണിയുമായി (07723744639) ബന്ധപ്പെടേണ്ടതാണ്.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ കൂടുതല്‍ അനുഭവമാക്കുന്നതിനായി വലിയ സ്‌ക്രീനുകളില്‍ തത്സമയ പ്രക്ഷേപങ്ങള്‍ കാണുവാന്‍ മികച്ച സംവിധാനങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. മൂന്ന് ഹാളുകളിലായിട്ടാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ശുശ്രൂഷകള്‍ക്കു സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ഡയറക്ടര്‍ സോജി ഓലിക്കല്‍ അച്ചനും ടീമും നേതൃത്വം നല്‍കും.

കായികാരവങ്ങള്‍ മാത്രം മുഴങ്ങിക്കേട്ട ‘അല്ലിന്‍സ് പാര്‍ക്ക്’ ഞായറാഴ്ച ദൈവ സ്തുതികളുടെയും തിരുവചനകളുടെയും സ്വര്‍ഗ്ഗീയാരവം കൊണ്ട് നിറയുമ്പോള്‍ അതിനു കാതോര്‍ക്കുവാന്‍ വരുന്ന ഏവരും അനുഗ്രഹങ്ങളുടെ പേമാരിക്ക് നേര്‍സാക്ഷികളാവും എന്ന് തീര്‍ച്ച.

കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഏവരെയും സ്‌നേഹ പൂര്‍വ്വം കണ്‍വെന്‍ഷനിലേക്കു ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.

Allianz Park Greenlands Lanes, Hendon, London NW4 1RL

ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: പത്രോസാകുന്ന പാറമേല്‍ സ്ഥാപിച്ചിരിക്കുന്ന സഭ ഈശോയുടേതാണെന്നും അതിനാല്‍ മാനുഷികഘടകങ്ങളല്ല ഈ സഭയുടെ അടിസ്ഥാനമെന്നും റവ. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ പ്രഥമ അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ വചനസന്ദേശം നല്‍കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സഭയോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ അതിനാല്‍ ദൈവത്തോടാണു ചേര്‍ന്നു നില്‍ക്കുന്നതെനും അതിനു പുറത്തുനിന്ന് പ്രവര്‍ത്തിക്കുന്നത് ദൈവപദ്ധതിക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നിറഞ്ഞുകവിഞ്ഞ വിശ്വാസ സാഗരത്തെ സാക്ഷിനിര്‍ത്തി കണ്‍വവെന്‍ഷന്റെ രണ്ടാംദിന ശുശ്രൂഷകള്‍ രാവിലെ 9.30 ന് ആരംഭിച്ചു. ജപമാല, സ്തുതി സ്‌തോത്രങ്ങള്‍, വചനപ്രഘോഷണങ്ങള്‍, ദിവ്യബലി എന്നിവയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, റവ. ഫാ. സാംസണ്‍ കോട്ടൂര്‍, റവ. ഫാ സോജി ഓലിക്കല്‍, റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ജിനോ അരീക്കാട്ട്, റവ. ഫാ. മാത്യൂ ചൂരപൊയ്കയില്‍, റവ ഫാ. ഫാന്‍സ്വാ പത്തില്‍, റവ. ഫാ. മാത്യു പിണക്കാട്ട്, ഫാ. ആന്റണി ചുണ്ടെലിക്കാട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍ സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കി. ഈ ഭൂമിയില്‍ ജീവിക്കുമ്പോഴും സ്വര്‍ഗരാജ്യത്തെ ലക്ഷ്യമാക്കി ആത്മീയ ഒരുക്കം നടത്തണമെന്നും അതിന് നിരന്തരമായ പരിശ്രമം ആവശ്യമാണെന്നും തിരുവചന വ്യാഖ്യാന സമയത്ത് അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തോടെ സ്വീകരിക്കുന്നവരുടെ മുമ്പില്‍ അപ്പം വി. കുര്‍ബാനയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്റ്റണ്‍ റീജിയണിലെ വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി ആയിരക്കണക്കിന് വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരാനെത്തി. പ്രസ്റ്റണ്‍ റീജിയണ്‍ ഡയറക്ടര്‍ റവ. ഡോക്ടര്‍ മാത്യു പിണക്കാട്ടിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ നടന്നത്.

കണ്‍വെന്‍ഷന്റെ മൂന്നാം ദിനമായ ഇന്ന് മാഞ്ചസ്റ്റര്‍ റീജിയണില്‍ അഭിഷേകാഗ്നി പെയ്തിറങ്ങും. The Sheridan Suite, 371 Oldham Road, Manchester, M 40 8 PR ല്‍ നടക്കുന്ന ശുശ്രൂഷകള്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക ശുശ്രൂഷ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശുശ്രൂഷ നടക്കുന്ന സ്ഥലം 1, Irish Town Way, Manchester, M8 ORY. മാഞ്ചസ്റ്റര്‍ റീജിയണ്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയുടേയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് വിശ്വാസികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നത്. കണ്‍വെന്‍ഷന്റെ നാലാം ദിവസമായ ബുധനാഴ്ച കേംബ്രിഡ്ജ് റീജിയണില്‍ (25 ബുധന്‍) അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കും.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ വെള്ളി, ശനി ദിവസങ്ങളിലായി നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ ആഘോഷമായ തിരുന്നാളിനോടനുബന്ധിച്ചു സമാപന ദിനമായ 28ന് ശനിയാഴ്ച വൈകുന്നേരം ബോളിന്‍ ബെങ്കിറ്റ് ഹാളില്‍ നടത്തപ്പെടുന്ന കലാപരിപാടികളില്‍ ‘അപ്പൂപ്പന് നൂറു വയസ്സ്’ എന്ന പ്രശസ്തമായ സാമൂഹ്യ നാടകവും അരങ്ങേറും.

നൈപുണ്യം നിറഞ്ഞു നില്‍ക്കുന്ന നിരവധിയായ ചലച്ചിത്ര തിരക്കഥാ രചനകളിലൂടെ പ്രശസ്തനും, ശ്രദ്ധേയനും ആയി മാറിയ ബിജു പി. നായരമ്പലം രചിച്ച ഈ സാമൂഹ്യ സംഗീത നാടകം ആഘോഷത്തിലെ ഹൈലൈറ്റായിരിക്കും. സെബി നായരമ്പലം തന്റെ സര്‍ഗ്ഗസിദ്ധമായ സംഗീത മികവുകള്‍ പൂര്‍ണ്ണതയില്‍ എത്തിച്ചു ഏറെ പ്രശംസ പിടിച്ചു പറ്റിയ സംഗീതം ആണ് ‘അപ്പൂപ്പന് നൂറു വയസ്സിനു’ നല്‍കിയിരിക്കുന്നത്. ഈസ്റ്റ്ഹാമിലെ പൊതുപ്രവര്‍ത്തകനും കലാകാരനുമായ ജെയ്സണ്‍ ജോര്‍ജ്ജാണ് ഈ സാമൂഹ്യ നാടകത്തിനു സംവിധാനം നിര്‍വ്വഹിക്കുന്നത്. സാന്തോം ക്രിയേഷന്‍സ് അണിയിച്ചൊരുക്കുന്ന സാമൂഹ്യ പ്രതിബദ്ധത നിറഞ്ഞു നില്‍ക്കുന്ന ജീവിതഗന്ധിയായ ഈ അവതരണ വിരുന്ന് ഈസ്റ്റ് ഹാമിലെ പ്രസിദ്ധമായ ‘സ്വയം പ്രോപ്പര്‍ട്ടീസി’ലൂടെയാണ് അരങ്ങത്തെത്തുന്നത്.

നാടകത്തിന്റെ അരങ്ങത്തു നിറഞ്ഞു നില്‍ക്കുന്ന നാലു തലമുറകളുടെ ജീവിതങ്ങളിലൂടെ കുടുംബ ബന്ധങ്ങളുടെ നൂലിഴകള്‍ പൊട്ടിപ്പോകാതെ ഭദ്രമായി സംരക്ഷിച്ചു കൊണ്ടുപോകുന്ന ഹൃദയസ്പര്‍ശിയായ ജീവിതകഥ ഏവര്‍ക്കും മാതൃകയും ഹഠാദാകര്‍ഷകവും ആവും. പ്രത്യേകിച്ച് സാമൂഹ്യ കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു മൂല്യവും കല്‍പ്പിക്കാതെ ജന്മം നല്‍കി പോറ്റിവളര്‍ത്തിയ മാതാപിക്കളെയും, ഒപ്പം വളര്‍ന്ന സഹോദരങ്ങളെയും വരെ സമ്പത്തിനും നേട്ടങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി ബന്ധങ്ങള്‍ കീറി മുറിക്കുന്ന ഇന്നിന്റെ നേരും നെറിവും നഷടപ്പെട്ട കാലഘട്ടത്തില്‍ നന്മയുടെ വെളിച്ചവും, സാമൂഹ്യ പ്രതിബന്ധങ്ങളില്‍ ചോദ്യ ചിഹ്നമായി ഉയരുന്ന വിള്ളലുകള്‍ക്കുള്ള ഉത്തരങ്ങളും ‘അപ്പൂപ്പന് നൂറു വയസ്സി’ല്‍ കണ്ടെത്താം.

വൈവിദ്ധ്യമായ കലാപരിപാടികളും സ്‌നേഹവിരുന്നും തിരുന്നാളിന്റെ സമാപനത്തില്‍ നടത്തപ്പെടുന്ന പൊതുപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏവരെയും പരിശുദ്ധ അമ്മയുടെ തിരുന്നാളിലേക്കും സമാപന കലാവേദിയിലേക്കും ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിക്കുന്നു.

ഗ്രെയ്റ്റ് ബ്രിട്ടന്‍ രൂപതയിലെ ബ്രെന്‍ഡ്വുഡ് ചാപ്ലയിന്‍സിയുടെ കീഴിലുള്ള ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍ കുര്‍ബ്ബാന കേന്ദ്രത്തില്‍ നടത്തപ്പെടുന്ന പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുന്നാള്‍ ഭക്തിസാന്ദ്രവും ഗംഭീരവും ആക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :ജീസണ്‍ കടവി: 07727253424; എമിലി സാമുവല്‍: 07535664299

St .Michaels Church 21 Tilbury Rd, London E6 6ED

Boleyn Banqueting Hall, Upton Park, barking Road, E6 1PW

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ക്ക് സമാപനം കുറിക്കുന്ന ലണ്ടന്‍ റീജിയണിലെ ബൈബിള്‍ ശുശ്രൂഷയെ ഉപവാസ ശുശ്രൂഷയാക്കിക്കൊണ്ടാവും നടത്തുക. കൂടുതലായ അനുഗ്രഹങ്ങള്‍ക്ക് വാതായനങ്ങള്‍ തുറക്കപ്പെടുവാനും വിശുദ്ധരുടെ മാദ്ധ്യസ്ഥത്തില്‍ പരിശുദ്ധാത്മ വരദാനങ്ങള്‍ പ്രാപിക്കുവാനും ഉപവാസം അനുഷ്ഠിച്ചു കൊണ്ടുള്ള ശുശ്രൂഷ അനുഗ്രഹീതമാകും. അന്നേ ദിവസം അല്ലിയന്‍സ് പാര്‍ക്കില്‍ ഫുഡ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നില്ലാത്തതിനാല്‍ അത്യാവശ്യം ഉള്ളവര്‍ തങ്ങളുടെ ഭക്ഷണം കയ്യില്‍ കരുതേണ്ടതാണ്.

ലണ്ടനിലെ അല്ലിയന്‍സ് പാര്‍ക്കില്‍ അഭിഷേകാഗ്‌നി ശുശ്രുഷകള്‍ക്ക് മൂന്നു ഹാളുകളിലായിട്ടാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്കായി ഒരു ഹാളും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കായി രണ്ടു ഹാളും ക്രമീകരിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങളായി കുട്ടികള്‍ക്ക് തിരുവചന ശുശ്രൂഷകളും പ്രാര്‍ത്ഥനകളും സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് സംവിധാനം ചെയ്തിട്ടുള്ളത്.

ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ട്രെയിന്‍ മാര്‍ഗ്ഗം അല്ലിയന്‍സ് പാര്‍ക്കിന്റെ ഏറ്റവും സമീപസ്ഥമായ മില്‍ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് അവിടെനിന്നുള്ള അത്യാവശ്യ യാത്രാ സൗകര്യം ഒരുക്കുവാന്‍ എന്‍ഫീല്‍ഡിലെ അനില്‍ ആന്റണിയുടെ (07723744639) നേതൃത്വത്തിലുള്ള വോളണ്ടിയേഴ്‌സ് ടീം സ്റ്റേഷന്‍ പരിസരത്തുണ്ടാവും. ധ്യാന വേദിയിലേക്കും തിരിച്ചും ടീം ഷട്ടില്‍ സര്‍വ്വീസുകള്‍ സൗജന്യമായി നടത്തുന്നതായിരിക്കും. 11:00നും 17:00 നും ഇടയില്‍ വാഹന സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

കോച്ചുകളിലും കാറുകളിലുമായി എത്തുന്നവര്‍ അല്ലിന്‍സ് പാര്‍ക്കിലേക്കുള്ള ഗേറ്റ് A വഴി വരേണ്ടതാണ്. പേജ് സ്ട്രീറ്റ് വഴി വന്ന് ചാമ്പ്യന്‍സ് വേയിലൂടെ കടന്ന് കായിക വേദിയില്‍ ഉള്ള വിശാലമായ പാര്‍ക്കിങ്ങിലാണ് കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യേണ്ടത്. റൂട്ട് 1 (വെസ്റ്റ്) വാറ്റ്ഫോര്‍ഡില്‍ നിന്നുമുള്ള മാപ്പും, റൂട്ട് 2 (ഈസ്റ്റ്) ലണ്ടനില്‍ നിന്നുമുള്ള മാപ്പും ആണ് കൊടുത്തിരിക്കുന്നത്. അല്ലിന്‍സ് പാര്‍ക്കില്‍ 200 ഓളം കോച്ചുകള്‍ക്കും 800 ഓളം കാറുകള്‍ക്കും സൗജന്യമായി പാര്‍ക്ക് ചെയ്യുവാനുള്ള വിശാലമായ സൗകര്യം ഉണ്ട്.

ഏവര്‍ക്കും സൗകര്യപ്രദമായി ധ്യാനത്തില്‍ പങ്കു ചേരുന്നതിനായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി മെഗാ സ്‌ക്രീനുകളും സംവിധാനങ്ങളും ഡീക്കന്‍ ജോയ്സ്, ജീസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കുന്നുണ്ട്. 200 അടിയോളം നീളമുള്ള ഹാളിന്റെ ഒരറ്റത്താണ് ധ്യാന വേദിയും ബലിപീഠവും ഒരുക്കിയിരിക്കുന്നതെങ്കിലും മികവുറ്റ മള്‍ട്ടി മീഡിയാ സിസ്റ്റം ഒരുക്കുന്നതിനാല്‍ ആര്‍ക്കും ദൂരത്തിന്റേതായ അസൗകര്യങ്ങള്‍ ഉണ്ടാവാനിടയില്ല.

250 പേരടങ്ങുന്ന ബോക്‌സുകളായി തിരിച്ചാണ് മുതിര്‍ന്നവരുടെ ധ്യാന വേദി വിഭജിച്ചിരിക്കുന്നത്. ഓരോ ബോക്‌സുകളും നിറഞ്ഞ ശേഷം മാത്രമേ അടുത്ത ബോക്‌സില്‍ ഇരിപ്പിടം തേടാവൂ എന്ന അഭ്യര്‍ത്ഥനയും സംഘാടകര്‍ മുന്നോട്ടു വെക്കുന്നുണ്ട്. നിരവധി വൈദികരുടെ സേവനങ്ങള്‍ ലഭ്യമാവുന്നതിനാല്‍ കുമ്പസാരത്തിനുള്ള വിപുലമായ സൗകര്യം അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ ഉണ്ടായിരിക്കും.

രൂപതാ മക്കള്‍ പരിശുദ്ധാരൂപിയില്‍ അഭിഷേകം പ്രാപിച്ചു ആത്മീയമായ ശക്തീകരണം ആര്‍ജ്ജിക്കുവാനും, സഭാ സ്‌നേഹവും, വിശ്വാസ തീക്ഷ്ണതയും കൂടുതല്‍ ഗാഢമാകുവാനും അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഉപകരിക്കട്ടെ എന്നാശംസിക്കുകയും ഏവരെയും ധ്യാനത്തില്‍ പങ്കു ചേരുവാന്‍ ദൈവ സ്‌നേഹത്തില്‍ ക്ഷണിക്കുന്നതായും വികാരി ജനറാള്‍ ഫാ.തോമസ് പാറയടി, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ ഫാ.ജോസ് അന്ത്യാംകുളം, റീജണല്‍ കോര്‍ഡിനേറ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല,ഫാ.മാത്യു കാട്ടിയാങ്കല്‍, ഫാ.സാജു പിണക്കാട്ട്, സഹകാരി തോമസ് ആന്റണി എന്നിവര്‍ അറിയിച്ചു.

Allianz Park Greenlands Lanes, Hendon, London NW4 1RL

ദൈവമുണ്ടോ എന്ന ചോദ്യത്തിന്‌ പലർക്കും ഉത്തരമില്ല. അത്‌ അറിയുകയോ അറിയാതിരിക്കുകയോ ചെയ്യുന്നത്‌ തങ്ങളെ ഒരുവിധത്തിലും ബാധിക്കുന്നില്ല എന്ന ചിന്തയാണ്‌ പലർക്കും. ഒരുപക്ഷേ, ഒരു സ്രഷ്ടാവുണ്ടെന്ന് അംഗീകരിക്കാത്തപക്ഷം വിശദീകരിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം. ഉദാഹരണത്തിന്‌, ഭൂമിയിൽ ജീവൻ സാധ്യമാകുന്നതിന്‌ ആവശ്യമായ സകലതും സഹിതമാണ്‌ നമ്മുടെ ഗ്രഹം നിർമിക്കപ്പെട്ടിരിക്കുന്നത്‌ എന്നതിനുള്ള ശാസ്‌ത്രീയ വസ്‌തുതകൾ നാം ശ്രദ്ധിച്ചിരിക്കാം.

എന്നാൽ, ഇപ്പോൾ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്‍ തന്നെ ദൈവമുണ്ടെന്നതിന് തെളിവുമായി രംഗത്തെത്തിയിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ദൈവമാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത് വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ മിഷിയാ കാക്കുവാണ്. ന്യുയോര്‍ക്കിലെ സിറ്റി കേളേജിലെ തിയററ്റിക്കല്‍ ഫിസ്ക്സ് പ്രൊഫസറാണ് കാക്കു. ഭൗതിക ശാസ്ത്രജ്ഞന്റെ ഈ നിഗമനം ദൈവമുണ്ടെന്ന് സമ്മതിക്കലാണെന്ന് ആ കണ്ടെത്തലുകള്‍ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ ഒരേസ്വരത്തില്‍ പറയുന്നു.

ബുദ്ധിമാനായ ഒരു ശാസ്ത്രജ്ഞന്റെ കരവിരുതിലാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതെന്നും അതുകാണ്ടാണ് നിശ്ചിതമായ മെട്രിക്സില്‍ നമ്മളെല്ലാവരും ജീവിക്കുന്നതെന്നുമാണ് കാക്കുവിന്റെ വിലയിരുത്തല്‍. പ്രിമിറ്റീവ് സെമി-റേഡിയസ് ടാക്കിയോണ്‍സ് എന്ന പഠനത്തിലാണ് ഇത്തരമൊരു സ്രഷ്ടാവിനെക്കുറിച്ച്‌ അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ബുദ്ധിമാനായ ഒരാളുടെ മനസ്സില്‍വിരിഞ്ഞ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട ലോകത്താണ് നാമെല്ലാവരും ജീവിക്കുന്നത്. യാദൃച്ഛികം എന്ന് നാം വിളിക്കുന്ന ഒന്ന് ലോകത്തില്ലെന്നും എല്ലാം മുന്‍കൂട്ടി തയ്യാറാക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പ്രപഞ്ചസൃഷ്ടിക്ക് കാരണമെന്ന് പറയുന്ന ബിഗ് ബാങ് തിയറിയെപ്പോലും നിരാകരിക്കുന്നതാണ് കാക്കുവിന്റെ വെളിപ്പെടുത്തല്‍. ദൈവം തികഞ്ഞൊരു ഗണിതശാസ്ത്രജ്ഞനായിരുന്നുവെന്നും അതുകൊണ്ടാണ് ഇത്രയും കൃത്യമായ കണക്കുകൂട്ടല്‍ സാധിച്ചതെന്നും അദ്ദേഹം പറയുന്നു. ഇത്രകാലത്തിനുശേഷവും ലോകക്രമത്തില്‍ മാറ്റം വരാതെ നില്‍ക്കുന്നത് ദീര്‍ഘദര്‍ശിയായ ആ ഗണിതശാസ്ത്രജ്ഞന്റെ വൈഭവമാണെന്നും കാക്കു പറയുന്നു. ഒരു ദൈവമുണ്ടായിരുന്നിട്ടും അത്‌ തിരിച്ചറിയാതിരിക്കുന്നെങ്കിൽ ഈ പ്രപഞ്ചത്തിലെ ഒരു സുപ്രധാനസത്യം മനസ്സിലാക്കാതെയായിരിക്കും നമ്മൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്‌.

ബാബു ജോസഫ്

അഭിഷേകാഗ്‌നിയുടെ നിറവിനായി മാഞ്ചസ്റ്ററില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കണ്‍വെന്‍ഷന് എത്തിച്ചേരുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളെപ്പറ്റി സംഘാടകസമിതി അറിയിപ്പ് പ്രസിദ്ധപ്പെടുത്തി.

1. രാവിലെ 9:30ന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ വൈകുന്നേരം 6 മണിക്ക് സമാപിക്കും.

2. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിനോടു ചേര്‍ന്ന് സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.

3. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്: The Sheridan Suite, 371 Oldham Road, Manchester, M40 8RR.

4. കണ്‍വെന്‍ഷന്‍ ദിവസം Sheridan Suite ക്രമീകരിക്കുന്ന Food Stallല്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമായിരിക്കും

5. ഈ കണ്‍വെന്‍ഷനില്‍ 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ക്കായി പ്രത്യേകം ശുശ്രൂഷകള്‍ നടക്കും.

6. മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നും വെറും 4 മിനിറ്റ് സഞ്ചരിച്ചാല്‍ എത്തിച്ചേരുന്ന Irish World heritage Centreല്‍ വച്ചായിരിക്കും കുട്ടികളുടെ ശുശ്രൂഷകള്‍ നടത്തപ്പെടുക.

7. കുട്ടികളുടെ ശുശ്രൂഷകള്‍ നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്: Irish World Heritage Centre, 1 Irish town Way, Manchester, M8 0RY.

8. കുട്ടികളുടെ ശുശ്രൂഷയില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുന്ന 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ അവരുടെ ഉച്ചഭക്ഷണം (Packed Lunch) കരുതിയിരിക്കണം

9. മാതാപിതാക്കള്‍, 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ ആദ്യം Irish World heritage Centreല്‍ എത്തിച്ചതിനു ശേഷം മുതിര്‍ന്നവരുടെ കണ്‍വെന്‍ഷന്‍ സെന്ററിലേക്കു പോകാവുന്നതാണ്.

10. എട്ടു വയസ്സു മുതല്‍ പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് Irish World Heritage Centre-ലും മറ്റു പ്രായത്തിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരോടൊപ്പം Sheridan Suite-ലും ആയിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക.

11. വൈകുന്നേരം കണ്‍വെന്‍ഷന്‍ സമാപിച്ചതിനു ശേഷം 8 വയസ്സു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളെ Irish World Heritage Centre-ല്‍ നിന്നും മാതാപിതാക്കള്‍ collect ചെയ്യേണ്ടതാണെന്നും മാഞ്ചസ്റ്റര്‍ റീജിയണ്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സംഘാടക സമിതിക്കുവേണ്ടി കോ ഓര്‍ഡിനേറ്റര്‍ രൂപത വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയും ജനറല്‍ കണ്‍വീനര്‍ അനില്‍ ലൂക്കോസും അറിയിക്കുന്നു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനും അനേകായിരങ്ങളെ ആഴത്തിലുള്ള ക്രിസ്തീയവിശ്വാസത്തിലേക്കും ജീവിതത്തിലെക്കും നയിക്കാന്‍ ദൈവം തിരഞ്ഞെടുത്ത കാലഘട്ടത്തിന്റെ ദൈവികോപകരണം റവ.ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും സെഹിയോന്‍ ടീമുമാണ് കണ്‍വെന്‍ഷന്‍ നയിക്കുക. ലോക സുവിശേഷവത്കരണം മലയാളികളിലൂടെയെന്ന അലിഖിത വചനത്തിന് അടിവരയിട്ടുകൊണ്ട് യൂറോപ്പില്‍ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനരുദ്ധാരണത്തിനെന്നവണ്ണം പിറവിയെടുത്ത ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത അതിന്റെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ അഭിഷേകനിറവിനായി തീവ്രമായ പ്രാര്‍ത്ഥന ഒരുക്കങ്ങളിലാണ്.

വിവിധങ്ങളായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യആരാധനകളും മാഞ്ചസ്റ്റര്‍ റീജിയണിലെങ്ങും പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി നടന്നുവരുന്നു. നാളെ ഒക്ടോബര്‍ 24ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലേക്കു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എല്ലാവരെയും യേശു നാമത്തില്‍ വീണ്ടും ക്ഷണിക്കുന്നു.

അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ബ്രെന്‍ഡ്വുഡ് ചാപ്ലൈന്‍സിയുടെ കീഴിലുള്ള പ്രമുഖ കുര്‍ബ്ബാന കേന്ദ്രമായ ഈസ്റ്റ് ഹാമില്‍ ഒക്ടോബര്‍ മാസത്തിലെ പരിശുദ്ധ ജപമാല വണക്കത്തിന്റെ ഭാഗമായി ജപമാലരാജ്ഞിയുടെ തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഈസ്റ്റ് ഹാമിലെ സെന്റ് മൈക്കിള്‍ ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ആഘോഷിക്കുന്നത്.

ഒക്ടോബര്‍ 27ന് വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്ക് ബ്രെന്‍ഡ്വുഡ് ചാപ്ലയിന്‍ ഫാ.ജോസ് അന്ത്യാംകുളം തിരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കുന്നതോടെ ദ്വിദിന തിരുന്നാള്‍ ആഘോഷത്തിന് തുടക്കമാവും. തുടര്‍ന്ന് ജപമാല സമര്‍പ്പണം, വിശുദ്ധ കുര്‍ബ്ബാന പരിശുദ്ധ മാതാവിനോടുള്ള നൊവേന എന്നീ തിരുക്കര്‍മ്മങ്ങളോടെ പ്രഥമ ദിനത്തിലെ തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.

പ്രധാന തിരുന്നാള്‍ ദിനമായ 28 നു ശനിയാഴ്ച ഉച്ചക്ക് 1:30 നു ജപമാല സമര്‍പ്പണത്തോടെ തിരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച നടത്തപ്പെടും. ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈനും, ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്ററുമായ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതാണ്. വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം ലദീഞ്ഞ് വര്‍ണ്ണാഭമായ പ്രദക്ഷിണം തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ തിരുന്നാളിന് കൊടിയിറങ്ങും. നേര്‍ച്ച വിതരണവും നടത്തപ്പെടും.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോഷങ്ങളുടെ ഭാഗമായി അപ്ടണ്‍ പാര്‍ക്കിലെ ബോളിന്‍ ബാങ്കെറ്റിങ് ഹാളില്‍ ഒത്തുകൂടലും വൈവിദ്ധ്യമായ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതുമാണ്. സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തില്‍ അനുഗ്രഹങ്ങളും ദൈവകൃപകളും പ്രാപിക്കുവാന്‍ ഏവരെയും സസ്‌നേഹം ജപമാല രാജ്ഞിയുടെ തിരുന്നാളിലേക്കും തുടര്‍ന്ന് നടക്കുന്ന കലാപരിപാടികളിലേക്കും സ്വാഗതം ചെയ്യുന്നതായി ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ജീസണ്‍ കടവി, എമിലി സാമുവല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജീസണ്‍ കടവി: 07727253424; എമിലി സാമുവല്‍: 07535664299

St .Michaels Church 21 Tilbury Rd, London E6 6ED

ഫാ.ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ

ഗ്ലാസ്‌ഗോ: സ്വാര്‍ത്ഥ താല്‍പര്യങ്ങളും ആകുലതകളും നിറഞ്ഞ മനസ്സ് ദൈവവചനത്തോടുള്ള തുറവിക്ക് തടസ്സമാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്നി 2017’ ഗ്ലാസ്‌ഗോ റീജിയണിലെ മദര്‍വെല്‍ സിവിക്ക് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവവചനത്തോടു തുറവിയില്ലാത്ത മനസ്സുകളില്‍ സഹോദരങ്ങള്‍ക്ക് സ്ഥാനമില്ല. ദരിദ്രര്‍ക്ക് പ്രവേശനമില്ല. നമ്മുടെ ജീവിതവ്യാപാര വ്യഗ്രതയില്‍ ദൈവസ്വരം കേള്‍ക്കപ്പെടുന്നില്ല; അവിടുത്തെ സ്‌നേഹത്തിന്റെ ആനന്ദം അനുഭവപ്പെടുന്നില്ല; നന്മ ചെയ്യുവാനുള്ള ആഗ്രഹങ്ങള്‍ ഇല്ലാതായിപ്പോകുന്നു. എന്നാല്‍ പ്രഥമ എപ്പാര്‍ക്കിയല്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈശോമിശിഹായോടും അവിടുത്തെ സുവിശേഷത്തോടുമുള്ള തുറവിയിലേക്കും അതുവഴി അവിടുന്നുമായുള്ള വ്യക്തിപരമായ ബന്ധത്തിലേക്കും വളരുവാനുമുള്ള അവസരം നമുക്ക് പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അട്ടപ്പാടി സെഹിയോന്‍ ശുശ്രൂഷകളുടെ ഡയറക്ടര്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഫാ. സോജി ഓലിക്കല്‍, ഫാ. സാംസണ്‍ മണ്ണൂര്‍, ഫാ. ജോസഫ് വെമ്പാടംതറ വി. സി., ഫാ. സെബാസ്റ്റ്യന്‍ തുരിത്തിപ്പള്ളി, ഫാ. ബിനു കിഴക്കേയിളംതോട്ടം സി.എം.എഫ്. ഫാ. ഫാന്‍സുവ പത്തില്‍ തുടങ്ങിയവര്‍ ഉത്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. തിരുവചനത്തോടുള്ള വിധേയത്വവും സഭയോടുള്ള കൂട്ടായ്മയും ദമ്പതികള്‍ തമ്മിലുള്ള പരസ്പര വിശ്വസ്തതയും ദൈവാനുഗ്രഹത്തിന്റെ സ്രോതസ്സുകളാണെന്ന് വചനശുശ്രൂഷ നടത്തവേ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ പറഞ്ഞു. ഗ്ലാസ്‌ഗോ റീജിയണിലെ മദര്‍ വെല്‍ സിവിക്ക് സെന്റര്‍ ഇന്നെല വിശ്വാസികളെകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിരുന്നു.

ഇന്ന് പ്രെസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ 24-ാം തീയതി ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ ഷെറിഡാന്‍ സ്യൂട്ട്, 25-ാം തീയതി ബുധനാഴ്ച നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍. 26-ാം തീയതി വ്യാഴാഴ്ച ബര്‍മിംഹാം ന്യു ബിന്‍ഗ്ലി ഹോള്‍, 27-ാം തീയതി വെള്ളിയാഴ്ച ബോണ്‍മൗത്ത് ലൈഫ് സെന്റര്‍, 28-ാം തീയതി ശനിയാഴ്ച കാര്‍ഡിഫ് കാര്‍ഡിഫ് കോര്‍പ്പൂസ് ക്രിസ്റ്റി ആര്‍. സി. ഹൈസ്‌കൂള്‍, 29-ാം തീയതി ഞായറാഴ്ച ലണ്ടണിലെ ഹെന്‍ണ്ടന്‍ അലൈന്‍സ് പാര്‍ക്ക് എന്നിവടങ്ങളില്‍ വെച്ചാണ് വരുന്ന ദിവസങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നത്. ഓരോ ദിവസവും രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്കാണ് സമാപിക്കുന്നത്.

ക്രാക്കോ: ലോകരാജ്യങ്ങള്‍ ആകാംക്ഷയോടെ പോളണ്ടിലേക്ക് ഉറ്റുനോക്കുകയാണിപ്പോള്‍. ഇക്കഴിഞ്ഞ ആഴ്ച രാജ്യാതിര്‍ത്തികളില്‍ പോളണ്ട് നടത്തിയ ‘ആയുധ വിന്യാസ’മാണ് അതിന് കാരണം. യൂറോപ്പിലെ ഈ കൊച്ചുരാജ്യം നടത്തിയ അസാധാരണ ആയുധ വിന്യാസം അത്യാധുനിക ആയുധങ്ങളില്‍ ആശ്വാസംതേടുന്ന രാജ്യങ്ങള്‍ക്കെല്ലാമുള്ള വെല്ലുവിളിയാണ്, അതിലുപരി ക്രിസ്തുവിനെ പടിക്ക് പുറത്താക്കാന്‍ ശ്രമിക്കുന്ന യൂറോപ്പിനാകമാനമുള്ള ഓര്‍മപ്പെടുത്തലും!

കടലും കരയും അതിരിടുന്ന പോളണ്ടിന്റെ സുരക്ഷ ശക്തിപ്പെടുത്താന്‍ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സ്’ എന്ന പേരില്‍ പോളിഷ് ജനത രാജ്യത്തിനു ചുറ്റും വിന്യസിപ്പിച്ച ജപമാലച്ചങ്ങലയാണ് പുതിയ ചര്‍ച്ചാവിഷയം. സുരക്ഷ ഉറപ്പാക്കാന്‍വേണ്ടി അതിര്‍ത്തിയില്‍ വിന്യസിപ്പിച്ച സ്‌ഫോടകവസ്തുക്കളുടെയും സൈന്യഗണത്തിന്റെയും വലുപ്പം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങള്‍ മത്‌സരിക്കുമ്പോള്‍, പോളീഷ് ജനത ആശ്രയിക്കുന്നത് ജപമാലയുടെ സംരക്ഷണയില്‍ മാത്രം!
ഓട്ടമെന്‍ തുര്‍ക്കികള്‍ക്കെതിരെ ജപമാലയുടെ ശക്തിയാല്‍ കൈവരിച്ച ലെപാന്റോ യുദ്ധവിജയത്തിന്റെ അനുസ്മരണാ ദിനത്തിലായിരുന്നു 2200ല്‍പ്പരം മൈലുകള്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ ജലമാല അര്‍പ്പിച്ചുകൊണ്ടുള്ള മനുഷ്യച്ചങ്ങലക്കായി പൊളീഷ് ജനത അണിനിരന്നത്. അതിര്‍ത്തിയുടെ ഭാഗമായ കടല്‍ത്തീരത്തും മഞ്ഞുമലയിലും വനത്തിലും പുഴയോരത്തുമായി ‘ജപമാലച്ചങ്ങല’യില്‍ കരം കോര്‍ക്കാനെത്തിയത് ഒരു മില്യണില്‍പ്പരം വിശ്വാസികളാണ്. ആരോഗ്യപരമായ കാരണങ്ങളാലും മറ്റും അതിര്‍ത്തി പ്രദേശങ്ങളിലേക്ക് വരാന്‍ കഴിയാതിരുന്ന മില്യണ്‍ കണക്കിനാളുകള്‍ ഇടവക ദൈവാലയങ്ങളിലും വീടുകളിലുമായിരുന്ന് ജപമാലയജ്ഞത്തില്‍ പങ്കുചേര്‍ന്നു. തത്‌സമയം സമുദ്രാതിര്‍ത്തിയില്‍ ജോലിയില്‍ വ്യാപൃതരായിരുന്ന നാവികരും മത്‌സ്യബന്ധന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും അതിന്റെ ഭാഗമായി എന്നറിയുമ്പോഴേ, ജപമാലയര്‍പ്പണത്തില്‍ ഒരു രാജ്യം ഒന്നടങ്കം കല്‍പ്പിക്കുന്ന പ്രാധാന്യം വ്യക്തമാകൂ.

‘പാപത്തില്‍നിന്നും ലോകത്തെ രക്ഷിക്കുക’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ന് പ്രധാനപ്പെട്ട രണ്ട് നിയോഗങ്ങളുമുണ്ടായിരുന്നു: സെക്കുലറിസത്തില്‍നിന്നും അക്രൈസ്തവവത്ക്കരണത്തില്‍നിന്നുമുള്ള സംരക്ഷണം, ഒരിക്കല്‍ ക്രൈസ്തവീകതയുടെ പിള്ളക്കച്ചയായിരുന്ന യൂറോപ്പ്യലെ രാജ്യങ്ങളൊന്നടങ്കം നേരിടുന്ന ഭീഷണിയും അതുതന്നെ. ‘യൂറോപ്പ് യൂറോപ്പായി നിലനില്‍ക്കാന്‍ ക്രിസ്ത്യന്‍ വേരുകളിലേക്ക് യൂറോപ്പ് മടങ്ങിവരേണ്ടത് അനിവാര്യമാണ്, ഇതര യൂറോപ്യന്‍ രാജ്യങ്ങളും ആ സത്യം ഉള്‍ക്കൊള്ളാനും ഈ പ്രാര്‍ത്ഥനായജ്ഞം വഴിയൊരുക്കണം,’ ‘റോസറി ഓണ്‍ ബോര്‍ഡേഴ്‌സി’ല്‍ അണിചേര്‍ന്ന ക്രാക്കോ ആര്‍ച്ച്ബിഷപ്പ് മറേക്ക് ജഡ്രാക്‌സ്യൂസ്‌കി പറഞ്ഞു. സഭാധികാരികളുടെ ആഹ്വാനം മാത്രമല്ല, രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള ജപമാലയജ്ഞത്തിന് ഭരണാധിപന്മാരുടെ സര്‍വവിധ പിന്തുണയും ഉണ്ടായിരുന്നു.

പോളീഷ് പ്രധാനമന്ത്രിയും കത്തോലിക്കാവിശ്വാസിയുമായ ബിയാറ്റാ മരിയാ സിഡ്‌ലോ, ജപമായുടെ ചിത്രം ഉള്‍പ്പെടുന്ന ആശംസകള്‍ ട്വീറ്റ് ചെയ്തത് അതിന് തെളിവാണ്. ജര്‍മനി, സ്‌ളോവോക്യ, ചെക്ക് റിപ്പബ്ലിക്ക്, ഉക്രൈന്‍, റഷ്യ, ബിലാറസ്, ലിത്വാനിയ എന്നിവയും ബാള്‍ട്ടിക് കടല്‍ തീരവുമാണ് പോളണ്ടിന്റെ അതിര്‍ത്തികള്‍. ഇവിടങ്ങളിലായി ക്രമീകരിച്ച 4000ല്‍പ്പരം കേന്ദ്രങ്ങളിലേക്ക് പ്രദക്ഷിണമായി എത്തിയശേഷമാണ് വിശ്വാസീജനം രാജ്യത്തെ വലയംവെക്കുന്ന ‘ജപമാലച്ചങ്ങല’യില്‍ അണിചേര്‍ന്നത്. കത്തോലിക്കാവിശ്വാസം ശക്തമായി പ്രഘോഷിക്കുന്ന പോളണ്ട് യേശുക്രിസ്തുവിനെ രാജാവായി പ്രഖ്യാപിച്ച രാജ്യവുമാണ്. രാജ്യത്തെ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ ഒത്തുകൂടിയ വിശ്വാസീസമൂഹം, പ്രസിഡന്റ് ആന്‍ഡര്‍സെജ് ഡ്യൂഡയുടെ സാന്നിധ്യത്തിലാണ് ക്രിസ്തുവിനെ രാജാവായി വാഴിക്കുന്ന പ്രഖ്യാപനം നടത്തിയത് കഴിഞ്ഞ നവംബറിലാണ്.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെയും ഭരണത്തേയും പാടെ ഉപേക്ഷിച്ച് പുതിയ വിശ്വാസപാതയിലൂടെ മുന്നേറുന്ന പോളണ്ടില്‍ വൈദിക ദൈവവിളികളുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. ‘ഇന്‍സ്റ്റിട്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ പോളണ്ട്’ ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 20,800 വൈദികരാണ് പോളണ്ടിലുള്ളത്. എന്തായാലും ഒരു രാജ്യം ഒന്നടങ്കം ഇപ്രകാരമുള്ള സംരക്ഷണക്കോട്ട ഒരുക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമാകും. 

കടപ്പാട്.. വാട്സാപ്പ്

RECENT POSTS
Copyright © . All rights reserved