പ്രിന്‍സ് ജെയിംസ്

യുകെകെസിഎയുടെ ശക്തമായ റീജിയനുകളിലൊന്നായ നോര്‍ത്ത് ഈസ്റ്റ് റീജിയണിന്റെ കുടുംബ കണ്‍വെന്‍ഷന് ഒക്ടോബര്‍ 28ന് റോതെര്‍ഹാമില്‍ വച്ച് അതിഗംഭീരമായി ആഘോഷിച്ചു. ന്യൂ കാസില്‍, ഷെഫീല്‍ഡ്. ലീഡ്‌സ്, യോര്‍ക്ക്, മിഡില്‍സ്‌ബ്രോ, ഹംബര്‍ സൈഡ് എന്നീ യൂണിറ്റുകളുടെ സജീവമായ പങ്കാളിത്തം ഇരുന്നൂറ്റി മുപ്പതോളം വരുന്ന സമുദായാംഗങ്ങള്‍ പങ്കെടുത്തതിലൂടെ ഈ കുടുംബ കൂട്ടായ്മ ഒരു വന്‍ വിജയമായി മാറി.

സെന്റ് ജെറാള്‍ഡ് പള്ളിയില്‍ വച്ച് രാവിലെ 11 മണിക്ക് ആരംഭിച്ച കുര്‍ബാനക്ക് നേതൃത്വം നല്‍കിയത് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാള്‍ ആയ ഫാ. സജി മലയില്‍ പുത്തന്‍പുരയിലും, റീജിയണല്‍ ചാപ്ലയിന്‍ ഫാ. സജി തോട്ടത്തിലും ചേര്‍ന്നായിരുന്നു. കുര്‍ബാനയെ സംഗീത സാന്ദ്രമാക്കാന്‍ നേതൃത്വം നല്‍കിയത് ജൂബി മുടക്കോടില്‍, സുജ അലക്‌സ് പള്ളിയമ്പില്‍, ലീനുമോള്‍ ചാക്കോ വേദനക്കുന്നേല്‍, എബ്രഹാം നടുവന്തറ, സ്റ്റീഫന്‍ ടോം, എന്നിവര്‍ അടങ്ങിയ ക്വയര്‍ ഗ്രൂപ്പ് ആയിരുന്നു. കുര്‍ബാനക്ക് ശേഷം തൈബര്‍ഗ് പാരിഷ് ഹാളില്‍ വച്ച് സ്‌നേഹവിരുന്നും സ്‌നേഹ സംവാദത്തിനും ശേഷം രണ്ടു മണിയോട് കൂടി ശ്രീ ജോസ് കല്ലുംതോട്ടിയിലിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിച്ചു.

ഷെഫീല്‍ഡ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബേബി ഉറുമ്പില്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ.. സജി മലയില്‍ പുത്തന്‍പുരയിലും ഫാ. സജി തോട്ടത്തിലും ചേര്‍ന്ന് ദീപം കൊളുത്തി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യുകെകെസിഎ പ്രസിഡണ്ട് ശ്രീ ബിജു മടക്കക്കുഴി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയിലും ട്രഷറര്‍ ബാബു തോട്ടവും വൈസ് പ്രസിഡണ്ട് ജോസ് മുഖച്ചിറയിലും, ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തികോട്ടില്‍ യുകെകെസിവൈഎല്‍ സെക്രട്ടറി ശ്രീ സ്റ്റീഫന്‍ ടോം ന്യൂ കാസില്‍ റീജിയണല്‍ റെപ്രസെന്റേറ്റീവ് ശ്രീ സിറില്‍ തടത്തില്‍, ലീഡ്‌സ് യൂണിറ്റ് പ്രസിഡണ്ട് ശ്രീ ബിനീഷ് പെരുമപ്പാടം, യോര്‍ക്ക് പ്രസിഡണ്ട് ശ്രീ തോമസുകുട്ടി കല്ലിടിക്കല്‍, മിഡില്‍ബ്രോ സെക്രട്ടറി ശ്രീ രജീഷ് ജോര്‍ജ്, ഹംബര്‍സൈഡ് സെക്രട്ടറി ശ്രീ സിബി പുളിമൂട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഷെഫീല്‍ഡ് യൂണിറ്റിലെ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ ചേര്‍ന്നു അവതരിപ്പിച്ച സ്വാഗത നടന്ന നൃത്തം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. തുടര്‍ന്ന് എല്ലാ യൂണിറ്റുകളുടെയും ആകര്‍ഷകമായ കലാപരിപാടികള്‍ ഈ സമ്മേളനത്തെ അതിമനോഹരമാക്കി. റീജിയണിലെ GCSCക്കു ഉയര്‍ന്ന മാര്‍ക്ക് നേടിയ അലീന ജോസിനും (മിഡില്‍ബ്രോ) A Levelന് ഉയര്‍ന്ന മാര്‍ക്ക് നേടിയ ആല്‍ബി ജോസഫിനും (ലീഡ്‌സ്), സമ്മാനദാനം നടത്തി. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ കണ്‍വന്‍ഷന്‍ ഏറ്റെടുത്ത യോര്‍ക്ക് യൂണിറ്റിന് ഷെഫീല്‍ഡ് യൂണിറ്റ് പ്രതിനിധികളും റീജിയന്‍ പ്രതിനിധികളും ചേര്‍ന്ന് പതാക കൈമാറി.

ഷെഫീല്‍ഡ് യൂണിറ്റ് സെക്രട്ടറി ലിമിന്‍ കൊഴുവന്‍താനത്ത് എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. സദസ്സിനെ മുഴുവന്‍ ആവേശം കൊള്ളിച്ച സ്വാഗത നടന നൃത്തത്തിന് ജില്‍ജു ബിന്‍സും ആന്‍ ജേക്കബും കോറിയോഗ്രാഫി നിര്‍വഹിച്ചു. ശബ്ദ ക്രമീകരണങ്ങള്‍ ചെയ്ത അലക്‌സ് ലീഡ്‌സും, ഷെഫ് രാജേഷിന്റെ നാടന്‍ തട്ടുകടയും കൂട്ടായ്മക്ക് ആവേശം പകര്‍ന്നു. സമയക്രമം പാലിച്ചും, ചിട്ടയോടും ഭംഗിയോടും കൂടെ ആദ്യന്ത്യം പരിപാടി നടത്താന്‍ സാധിച്ചത് ദൈവാനുഗ്രഹത്താലും, ഷെഫീല്‍ഡ് യൂണിറ്റിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും മറ്റു സബ് കമ്മിറ്റികളുടെയും ആത്മാര്‍ത്ഥമായ പരിശ്രമഫലമായാണ്.

കുടുംബമേളയുടെ വിവിധ കമ്മറ്റികള്‍ക്കു എസ്‌കെസിഎയുടെ ഭാരവാഹികളായ കുര്യാക്കോസ് വള്ളോംകുന്നേല്‍ (ട്രഷറര്‍), സാല്‍വി മഠത്തിപ്പറമ്പില്‍ (ജോയിന്റ് സെക്രട്ടറി), അനു കൊഴുവന്‍താനത്ത് (ജോയിന്റ് ട്രഷറര്‍), ഫിലിപ്പ ്‌ചേട്ടനും അന്നമ്മ പുത്തന്‍കാലയും (കെസിവൈഎല്‍ ഡയറക്ടര്‍), ടെസ്സി ജോസ്, പ്രിന്‍സ് എന്നൊലിക്കര, സിമിമോള്‍ ചോരത്ത് & ആന്‍സി വാഴപ്പള്ളി (വിമന്‍ ഫോറം ഡയറക്ടര്‍) എന്നിവരും നേതൃത്വം വഹിച്ചു.
ക്‌നാനായ പുരാതന പാട്ടുകള്‍ ചേര്‍ത്തിണക്കിയ ചെയിന്‍ സോങ്‌സും, എല്ലാവരും ചേര്‍ന്നുള്ള നടവിളികളോടും കൂടി പരിപാടി സമാപിച്ചു.