ജെഗി ജോസഫ്
ഈശോയെ ദൈവവും കര്‍ത്താവുമായി പ്രഖ്യാപിച്ച തോമാശ്ലീഹായുടെ ഓര്‍മ്മയാചരിച്ച് കൊണ്ട് യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളില്‍ ഒന്നായ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങളും യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളുകളില്‍ ഒന്നായ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷികാഘോഷങ്ങളും പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു. ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചില്‍ ഉച്ചക്ക് ഒരു മണിയോടെ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ബിജു ചിറ്റുപറമ്പന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജിമ്മി പുളിയ്ക്കക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കി.
റവ. ഫാ. ബെന്നി മരങ്ങോലില്‍ ങടഎട, റവ. ഫാ. ജോസ് പൂവനിക്കുന്നേല്‍ ഇടടഞ , റവ. ഫാ. സിറില്‍ ഇടമന, റവ. ഫാ. ജോയി വയലില്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തിസാന്ദ്രമായ ലദീഞ്ഞും തുടര്‍ന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ തോമാശ്ലീഹായുടെയും മറ്റ് വിശുദ്ധരുടെയും തിരുസ്വരൂപം എഴുന്നെള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണവും നടന്നു.
‘എന്റെ കര്‍ത്താവേ എന്റെ ദൈവമേ’ എന്നുള്ള വിശ്വാസ പ്രഖ്യാപനം പ്രവാസികളായി മാതൃനാട്ടില്‍ നിന്നും ഏറെ ദൂരെയാണെങ്കിലും തങ്ങള്‍ക്കു പാരമ്പര്യമായി പകര്‍ന്നു കിട്ടിയ വിശ്വാസം പ്രൗഢോജ്ജ്വലമായി ഉയര്‍ത്തിപിടിക്കുവാന്‍ സീറോ മലബാര്‍ സഭയ്ക്കും വിശ്വാസികള്‍ക്കും കിട്ടിയ ഏറ്റവും മനോഹരമായ അവസരമായിരുന്നു വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍. കുട്ടികളും മുതിര്‍ന്നവരും അണിയണിയായി അണി ചേര്‍ന്ന പ്രദക്ഷിണത്തിനു ശേഷം എല്ലാ രൂപങ്ങളും ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചിന് മുന്നില്‍ ഒത്തു ചേരുകയും തുടര്‍ന്ന് എല്ലാവരും കൂടി ആഘോഷപൂര്‍വ്വം പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുകയും ചെയ്തു. STSMCC യുടെ ക്വയര്‍ സംഘത്തിന്റെ മനോഹരമായ ഗാനാലാപനം വിശുദ്ധ കുര്‍ബാനയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.
ഫില്‍ട്ടന്‍ സെന്റ്. തെരേസാസ് ചര്‍ച്ചില്‍ നിന്നും മാറിപ്പോകുന്ന ഫാ. ടോം ഫിനഗന് STSMCCയുടെ സ്‌നേഹോപഹാരം ഫാ. പോള്‍ വെട്ടിക്കാട്ടും ഫാ. ജോയി വയലിലും ചേര്‍ന്ന് സമ്മാനിച്ചു. തുടര്‍ന്ന് കഴുന്ന് എടുക്കലും പാച്ചോര്‍ നേര്‍ച്ചയും നടന്നു. അതിനു ശേഷം ആറ് മണിയോട് കൂടി ഗ്രീന്‍ വേ സെന്ററില്‍ ഒന്നാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ ഏകദേശം 360 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളില്‍ ഒന്നായ സെന്റ്. തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. വേദപാഠ സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍ ജെയിംസ് ഫിലിപ്പ് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. സണ്‍ഡേ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിജി വാധ്യാനത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അധ്യക്ഷനായിരുന്ന STSMCC വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് മുഖ്യാതിഥിയായിരുന്ന മാര്‍ സ്രാമ്പിക്കല്‍ പിതാവിനെയും സെക്രട്ടറി ഫാ. ഫാന്‍സുവാ പത്തില്‍, ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന എന്നിവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം പറഞ്ഞു. ബ്രിസ്റ്റോളില്‍ വളരെ മികച്ച രീതിയില്‍ നടന്നു പോകുന്ന സണ്‍ഡേ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അവരെ പഠിപ്പിക്കുന്ന അധ്യാപകരെയും കുട്ടികളുടെ മാതാപിതാക്കളെയും നല്ല രീതിയില്‍ സഹകരിക്കുന്ന പിടിഎയെയും ആത്മാര്‍ത്ഥമായി അഭിനന്ദിച്ചു. പിതാവിന്റെ എല്ലാവിധ ഗൈഡന്‍സിനും ഫാ. പോള്‍ വെട്ടിക്കാട്ട് നന്ദി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ബ്രിസ്റ്റോള്‍ ഇടവക സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടനു നല്‍കുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ബ്രിസ്റ്റോളില്‍ ഓരോ തവണയും താന്‍ വരുമ്പോള്‍ ഏറെ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നും യുകെയിലുള്ള ഈ സമൂഹത്തിന്റെ നന്നായി നടന്നു പോകുന്ന വേദപാഠ പ്രവര്‍ത്തനങ്ങള്‍ രൂപത മുഴുവന്‍ വ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫാ. ജോയി വയലിനെ രൂപതാ മതബോധന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ആയി നിയമിച്ചതെന്നും അത് പോലെ തന്നെ ഈ ഇടവക യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് നല്‍കിയ വലിയ സംഭാവനകളില്‍ ഒന്നായ ബ്രിസ്റ്റോള്‍ ബൈബിള്‍ കലോത്സവം രൂപതയുടെ കീഴിലുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ നടത്തുന്ന ബൈബിള്‍ കലോത്സവത്തിനെ കുറിച്ച് എടുത്തു പറയുകയും നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലും അതൊന്നും വകവയ്ക്കാതെ വേദപാഠ ക്ലാസില്‍ തങ്ങളുടെ കുട്ടികളെ അയക്കുന്ന മാതാപിതാക്കളെയും പഠിപ്പിക്കുന്ന അധ്യാപകരെയും പിതാവ് അഭിനന്ദിച്ചു.
സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ ബൈബിള്‍ കലോത്സവത്തിന്റെ വെബ്സൈറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും പിതാവ് നിര്‍വ്വഹിച്ചു. ഫാ. ജോയി വയലില്‍, ഫാ. സിറില്‍ ഇടമന, ഡീക്കന്‍ ജോസഫ് ഫിലിപ്പ്, ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ ട്രസ്റ്റി ഫിലിപ്പ് കണ്ടോത്ത്, ട്രസ്റ്റി ലിജോ പടയാറ്റില്‍, പിടിഎ പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍, വിദ്യാര്‍ത്ഥികളുടെ പ്രതിനിധി ഡോണാ ജിജി തുടങ്ങിയവര്‍ ആഘോഷപരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. സിനി ജോമി എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
തുടര്‍ന്ന് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. ഡാന്‍സും സ്‌കിറ്റും, മാര്‍ഗം കളിയും പരിചമുട്ട് കളിയുമൊക്കെയായി നാല് മണിക്കൂറോളം ബ്രിസ്റ്റോള്‍ സീറോ മലബാര്‍ സമൂഹത്തിനു അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. തങ്ങളുടെ കുഞ്ഞുങ്ങള്‍ വേദിയില്‍ അവതരിപ്പിച്ച ഹൃദ്യമായ കലാപരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയേകി കൊണ്ട് സദസ്യരും നിറഞ്ഞ കൈയ്യടിയോടെയാണ് ഓരോ പരിപാടിയും ആസ്വദിച്ചത്. സമയപരിമിതി കാരണം വിജയികള്‍ക്കുള്ള സമ്മാനദാനം മറ്റൊരു അവസരത്തിലേക്ക് മാറ്റി വച്ചു. എന്നിരുന്നാലും മുഴുവന്‍ കുട്ടികളും തങ്ങളുടെ പ്രോഗ്രാമുകള്‍ വേദിയില്‍ അവതരിപ്പിക്കുകയും അതിനു ശേഷം നടന്ന സ്നേഹവിരുന്നോടെ പരിപാടികള്‍ക്ക് സമാപനമായി.
STSMCC യുടെ ട്രസ്റ്റിമാരായ ലിജോ പടയാറ്റില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു, വിവിധ കമ്മിറ്റിയംഗങ്ങള്‍, വേദപാഠ അധ്യാപകര്‍, ഫാമിലി യൂണിറ്റി കോഡിനേറ്റേഴ്സ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
സണ്ണി അറയ്ക്കല്‍
7 മുതല്‍ 12 വയസ് വരെ പ്രായമുള്ളവര്‍ക്കായി നടത്തുന്ന ആത്മീയ ക്യാമ്പ് അലബാരെ 17 ജൂലൈ 28 മുതല്‍ 30 വരെ നടക്കും. സൗത്താംപ്ടണിലെ സെന്റ് ജോസപഫ്‌സിലാണ് ക്യാമ്പ് നടക്കുന്നത്. എസ്ആര്‍എം യുകെ സ്പിരിച്വല്‍ ഡയറക്ടര്‍മാരായ ഫാ.ഡെസ് കോണോലി, ഫാ. ജോസഫ് സേവിയര്‍, പോര്‍ട്‌സ്മൗത്ത് രൂപത പാസ്റ്ററല്‍ അസിസ്റ്റന്റ് ടീന ക്വിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ചരച്ചകള്‍, സംഗീതം, വി.കുര്‍ബാന, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമുകള്‍, ക്യാമ്പ് ഫയര്‍ തുടങ്ങി വിവിധപരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
SERVICE CONTACTS : Mrs .Shirley Peter : 07737829479
Mrs . Lincy Santhosh : 07708159109
Mr. Sunny Arackal : 07702257822
FOR MORE DETAILS PLEASE VISIT OUR WEBSITE WWW.SRM-UK.ORG
രജിസ്റ്റര്‍ ചെയ്യാം
https://srm-uk.org/childrens-retreat/
സ്പിരിച്വല്‍ റിവൈവല്‍ മിനിസ്ട്രി ഇന്റര്‍നാഷണല്‍ യുകെ ഒരു ദിവസത്തെ ഉപവാസവും കത്തോലിക്കാ മലയാളം കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നു. ജൂലൈ 22 ശനിയാഴ്ച ഡഗെന്‍ഹാം, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചിലാണ് കണ്‍വെന്‍ഷന്‍. കുമ്പസാരം, ദൈവവചനം, സ്തുതിയും ആരാധനയും, കൊന്ത നമസ്‌കാരം തുടങ്ങിയവയ്ക്ക് സൗകര്യമുണ്ടായിരിക്കും. എസ്ആര്‍എം ഇന്റര്‍നാഷണല്‍ ടീം ആണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
SUNIL : 07527 432349 OR
MARY LITTA : 07738 752308
FOR MORE DETAILS VISIT OUR WEBSITE : WWW.SRM-UK.ORG
വിലാസം
St Peter Church , 52 Gores brook road , Dagenham , RM9 6UR.
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
വാല്‍സിംഹാം: യുകെയിലെമ്പാടുമുള്ള മലയാളി ക്രൈസ്തവരും മാതൃഭക്തരും വാല്‍സിംഹാം പുണ്യജനനിയുടെ തിരുനടയില്‍ നാളെ ഒത്തുകൂടുമ്പോള്‍ നിരവധി പ്രത്യേകതകള്‍ കൊണ്ട് വ്യത്യസ്തമാകും ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാള്‍. 2016 ഒക്ടോബര്‍ 9-ാം തിയതിയാണ് രൂപതാ ഉദ്ഘാടനവും മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നതെങ്കിലും രൂപത പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാന്‍ പുറത്തിറക്കിയ ആദ്യ ഔദ്യോഗിക പ്രഖ്യാപനം (ബൂളാ) ഉണ്ടായത് ജൂലൈ 16-ാം തിയതിയാണ്.
തിരുസഭയില്‍ ആഘോഷിക്കപ്പെടുന്ന മാതാവിന്റെ ഒരു പ്രധാന തിരുനാളായ കര്‍മ്മലമാതാവിന്റെ തിരുനാള്‍ ഈ വര്‍ഷം ജൂലൈ 16-ാം തിയതിയാണ് വരുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനു ശേഷം രൂപതാ നേതൃത്വതം ഏറ്റെടുത്തു നടത്തുന്ന ആദ്യ വാല്‍സിംഹാം തിരുനാള്‍ എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. കഴിഞ്ഞ 10 വര്‍ഷങ്ങളായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തിലാണ് ഇത് നടന്നു വന്നിരുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്ക് സ്വന്തമായി മെത്രാനെ ലഭിച്ചതിനാല്‍ ഈ വര്‍ഷം ഇതാദ്യമായാണ് കേരളത്തില്‍ നിന്നൊരു സന്ദര്‍ശക മെത്രാന്റെ സാന്നിധ്യമില്ലാതെ തിരുനാള്‍ നടക്കുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തേക്കാളേറെയായി ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുമെന്ന് വിവരം ലഭിച്ചിരിക്കുന്നതും ഈ വര്‍ഷമാണ്. അറുപതിനു മുകളില്‍ കോച്ചുകളിലും നിരവധിയായ സ്വകാര്യ വാഹനങ്ങളിലും ഈ വര്‍ഷം സന്ദര്‍ശകരെത്തും. മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനായി അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ 30ലേറെ വൈദികരുടെ സാന്നിധ്യമുണ്ടാകുന്നതും വാല്‍സിംഹാമില്‍ ആദ്യമായിരിക്കും. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ അതിവിപുലമായ ഭക്ഷണ സൗകര്യങ്ങളാണ് സംഘാടക സമിതി ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്. ഏഴായിരിത്തിലധികെ പ്രതീക്ഷിക്കപ്പെടുന്ന ഭക്തജനങ്ങളെ സ്വീകരിക്കുന്ന തിരുനാളിന് 7 കുടുംബങ്ങളാണ് ഇത്തവണ പ്രസുദേന്തിമാരാകുന്നത് എന്നതാണ് മറ്റൊരു വലിയ സവിശേഷത. രൂപതാ ക്വയര്‍ മാസ്റ്റര്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായകസംഘവും തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ഗാനങ്ങളാലപിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇങ്ങനെ ഒട്ടനവധി പ്രത്യേകതകളുമായി ഈ വര്‍ഷം വാല്‍സിംഹാം തിരുനാളിന് ഒത്തുചേരുന്ന എല്ലാവര്‍ക്കും രൂപതാ കുടുംബത്തോട് ചേര്‍ന്ന് ഒരു ജനമായി പരി.മറിയത്തിന്റെ മാധ്യസ്ഥം പ്രാര്‍ത്ഥിക്കാനും ദൈവാനുഗ്രഹം സമൃദ്ധമായി നേടാനും ഇടയാകട്ടെയെന്ന് ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു.
ഫാ.ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
വാല്‍സിംഹാം: കാത്തുകാത്തിരുന്ന ദിവസത്തിലേക്ക് ഇനി ഒരു പകലിന്റെ ദൂരം മാത്രം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപരാജ്യങ്ങളില്‍ നിന്നും മലയാളി ക്രൈസ്തവര്‍ ഒരുമിച്ചു കൂടുന്ന പ്രസിദ്ധമായ വാല്‍സിംഹാം തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. തിരുനാളില്‍ പ്രസുദേന്തിമാരാല്‍ നേതൃത്വം നല്‍കുന്ന സഡ്ബറി കമ്യൂണിറ്റിയും മറ്റ് വിവിധ കമ്മിറ്റികളും രക്ഷാധികാരി മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെയും ജനറല്‍ കണ്‍വീനര്‍ റവ ഫാ.ടെറിന്‍ മുള്ളക്കരയുടെയും നേതൃത്വത്തില്‍ തയ്യാറായിക്കഴിഞ്ഞു. നാളെ രാവിലെ 9 മണിക്ക് ഫാ.സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രീസും നേതൃത്വം നല്‍കുന്ന മരിയന്‍ ധ്യാനചിന്തകളോടെ ആരംഭിക്കുന്ന ശുശ്രൂഷകള്‍ ഉച്ച കഴിഞ്ഞ് 3.30ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനാകുന്ന ദിവ്യബലിയോടെയാണ് സമാപിക്കുന്നത്.
വിവിധ സ്ഥലങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരായി എത്തുന്ന വൈദികരുടെയും വിശ്വാസികളുടെയും ശ്രദ്ധയിലേക്ക് ചില സുപ്രധാന കാര്യങ്ങള്‍ സംഘാടക സമിതി ഓര്‍മിപ്പിക്കുന്നു. തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്ന വൈദികല്‍ അവരവരുടെ കുര്‍ബാനക്കുപ്പായം കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്. കോച്ചുകളില്‍ വരുന്നവര്‍ പ്രദക്ഷിണത്തിന് ഉപയോഗിക്കേണ്ട മുത്തുക്കുടകള്‍ പൊന്‍ വെള്ളിക്കുരിശുകള്‍, മെഗാഫോണുകള്‍, ബാനറുകള്‍, കൊടിതോരണങ്ങ മുതലായവ കരുതേണ്ടതാണ്. വി.കുര്‍ബാനയില്‍ സജിവമായി പങ്കു ചേരാന്‍ അതാത് സമൂഹങ്ങളില്‍ നിന്നും കുര്‍ബാന പുസ്തകവും കൊണ്ടുവരാന്‍ ശ്രദ്ധിക്കേണ്ടതാണ്. തിരുക്കര്‍മ്മങ്ങളുടെ സമയക്രമീകരണങ്ങള്‍, വാല്‍സിംഹാമിലേക്ക് വരാനും തിരിച്ചു പോകാനുമുള്ള റൂട്ടുകളുടെ ക്രമീകരണങ്ങള്‍ അടങ്ങിയ മാപ്പുകള്‍ തുടങ്ങിയവ ചുവടെ ചേര്‍ത്തിരിക്കുന്നു. ഈ അനുഗ്രഹീത ദിനത്തിലേക്ക് വാല്‍സിംഹാം മാതാവിന്റെ തിരുസന്നിധിയിലേക്കും എല്ലാ ക്രൈസ്തവ വിശ്വാസികളെയും പ്രാര്‍ത്ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നു.
ബാബു ജോസഫ്
റവ. ഫാ സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്‍ യൂറോപ്പ് ടീന്‍സ് ഫോര്‍ കിങ്ഡം ടീം ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 4 വരെ പതിമൂന്ന് വയസ്സു മുതലുള്ള കുട്ടികള്‍ക്കായി അവധിക്കാല ധ്യാനം സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ലിവര്‍പൂളില്‍ വച്ച് നടത്തുന്നു. യേശുവിനെ ഏക രക്ഷകനായി ഹൃദയത്തില്‍ സ്വീകരിക്കുക വഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന് പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവ സുവിശേഷ വത്ക്കരണരംഗത്ത് ശക്തമായ ദൈവികാനുഭവ വേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളില്‍ പരിശുദ്ധാത്മ കൃപയാല്‍ ദൈവാശ്രയബോധം വളര്‍ത്തി മുന്നേറുന്ന സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു WWW.sehionuk.org എന്ന വെബ്സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം.
സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനെക്കുറിച്ചുള്ള പ്രോമോ വീഡിയോ കാണാം.
അഡ്രസ്സ്
CROSBY HALL EDUCATIONAL TRUST
LITTLE ACRE
LIVERPOOL
L31 , ENGLAND.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തോമസ് ജോസഫ് 07877508926
മേരി ജോര്‍ജ് 07453276896
ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
വാല്‍സിംഹാം: ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാള്‍ ഈ ഞായറാഴ്ച (16 ജൂലൈ) നടക്കുമ്പോള്‍ മാതൃഭക്തരുടെ ചുണ്ടുകള്‍ക്ക് ഇമ്പമേകാന്‍ അതിമനോഹരമായ പ്രാര്‍ത്ഥനാഗാനം. ”അമ്മേ കന്യകയേ, അമലോത്ഭവയേ ഇംഗ്ലണ്ടിന്‍ നസ്രത്താം വാല്‍സിംഹാമിന്‍ മാതാവേ” എന്നു തുടങ്ങുന്ന മനോഹരഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത് ഷൈജ ഷാജി (രചന), സോണി ജോണി (സംഗീതം), ജോഷി തോട്ടക്കര (ഓര്‍ക്കസ്ട്രേഷന്‍), വില്‍സണ്‍ പിറവം (ഗായകന്‍), ഫാ. ടെറിന്‍ മുല്ലക്കര (നിര്‍മ്മാണം) എന്നിവര്‍ ചേര്‍ന്നാണ്.
വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപത്തില്‍ ദൃശ്യമാകുന്ന കാര്യങ്ങള്‍ വര്‍ണിച്ചും ഹൃദയത്തിലുള്ള മാതൃഭക്തിയും സ്നേഹവും പ്രാര്‍ത്ഥനാ രൂപത്തിലാക്കി മാറ്റിയുമാണ് ഷൈജ ഷാജി രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഭക്തി ചൈതന്യം തുളുമ്പി നില്‍ക്കുന്ന സംഗീതവും അനുവാചകരെ പ്രാര്‍ത്ഥനാ ചൈതന്യത്തിലേയ്ക്കുണര്‍ത്തുന്ന പശ്ചാത്തല സംഗീതവും വില്‍സണ്‍ പിറവത്തിന്റെ ഭാവാത്മകവും ശ്രുതിമധുരവുമായ ആലാപനവും ഈ ഗാനത്തെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു.
വാല്‍സിംഹാം തിരുനാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനകളിലും പിന്നീട് മറ്റ് കൂട്ടായ്മ പ്രാര്‍ത്ഥനകളിലും പാടി പ്രാര്‍ത്ഥിക്കാന്‍ ഉപകരിക്കുന്ന രീതിയിലാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നതെന്ന് തിരുനാള്‍ സംഘടാക സമിതി കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു. മനോഹരമായ ദൃശ്യാവിഷ്‌ക്കാരം ചേര്‍ന്ന ഗാനത്തിന്റെ വീഡിയോ കാണാം, ചുവടെ.
അപ്പച്ചന്‍ കണ്ണഞ്ചിറ
വാല്‍സിങ്ങാം: പരിശുദ്ധ അമ്മ ഗബ്രിയേല്‍ മാലാഖയിലൂടെ മംഗള വാര്‍ത്ത ശ്രവിച്ച ‘ഭവനം’ യുകെയിലേക്ക് അത്ഭുതകരമായി പകര്‍ത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രവും യുകെയിലെ ‘നസ്രത്ത്’ എന്നറിയപ്പെടുകയും ചെയ്യുന്ന വാല്‍സിങ്ങാമില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിന് ശേഷം സംഘടിപ്പിക്കുന്ന പ്രഥമ തീര്‍ത്ഥാടനത്തില്‍ ഭാഗഭാക്കാകുവാന്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ചാപ്ലൈന്‍സിയുടെ കീഴിലുള്ള മരിയന്‍ ഭക്തരും. ദേശീയതലത്തില്‍ മാതൃഭക്തര്‍ ഒത്തുകൂടുന്ന മരിയന്‍ പ്രഘോഷണ ദിന ആഘോഷത്തില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയുടെ പരിധിയില്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ ചാപ്ലൈന്‍സിയുടെ കീഴിലുള്ള മലയാളം കുര്‍ബ്ബാന കേന്ദ്രങ്ങളിലെ മാതൃഭക്തര്‍ 6 കോച്ചുകളിലും നിരവധി കാറുകളിലുമായി മാതൃ സന്നിധിയില്‍ എത്തി തീര്‍ത്ഥാടനത്തില്‍ പങ്കാളികളാവും.
യുകെയില്‍ രൂപതയുടെ സ്ഥാപനത്തിലൂടെ കൈവന്ന അജപാലന ശ്രേഷ്ഠ പങ്കാളിത്തം കൊണ്ടും വന്‍ മാതൃഭക്തജന പങ്കാളിത്തം കൊണ്ടും ആത്മീയ ഉത്സവ പകിട്ടുകൊണ്ടും പ്രമുഖ മരിയന്‍ പുണ്യ കേന്ദ്രത്തില്‍ സഡ്ഡ്ബറി കാത്തലിക് കമ്മ്യൂണിറ്റി കൂട്ടായ്മ ഏറ്റെടുത്ത് നടത്തുന്ന വാല്‍സിങ്ങാം മഹാ തീര്‍ത്ഥാടനം മലയാളി മരിയന്‍ ചരിത്ര താളില്‍ ആത്മീയ നവ ചരിത്രം കുറിക്കും.
ഈസ്റ്റ് ആംഗ്ലിയായിലെ കാനന്‍ ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ പത്തു വര്‍ഷങ്ങള്‍ക്കു മുമ്പേ മലയാളി മാതൃഭക്തര്‍ക്കായി രൂപം കൊടുത്തു നേതൃത്വം നല്‍കി ആതിഥേയരായ ഈസ്റ്റ് ആംഗ്ലിയായിലെ മരിയന്‍ ഭക്തരെ മുന്നിട്ടിറക്കി ആരംഭിച്ച വാല്‍സിങ്ങാം തീര്‍ത്ഥാടനം ക്രമേണ യുകെയിലെ മുഴുവന്‍ മാതൃഭക്തരും ഹൃദയത്തില്‍ ഏറ്റെടുക്കുകയും ആയിരങ്ങളുടെ സംഗമ വേദിയും അഭയ കേന്ദ്രവും ആയി മാറുകയുമായിരുന്നു.
ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ടെറിന്‍ മുല്ലക്കരയുടെ നേതൃത്വത്തില്‍ ഏറ്റവും മികച്ച സംഘാടകത്വം പുറത്തെടുക്കുവാനുള്ള ഈ വര്‍ഷത്തെ സഡ്ബറിയിലെ പ്രാര്‍ത്ഥനാ നിരതരായ ഏഴു കുടുംബങ്ങളുടെ കൂട്ടായ ശ്രമം അവരുടെ തീക്ഷ്ണമായ മരിയന്‍ ഭക്തിയില്‍ തീര്‍ത്ഥാടകര്‍ക്കായി വാല്‍സിങ്ങാമില്‍ അനുഗ്രഹങ്ങളുടെ വിളനിലം തീര്‍ക്കും.
കത്തോലിക്കരുടെ അധീനതയിലുള്ള വാല്‍സിങ്ങാം സ്ലിപ്പര്‍ ചാപ്പലില്‍ ജൂലൈ 16 നു ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രുഷകളില്‍ യുകെയിലെ അനുഗ്രഹീത വചന പ്രഘോഷകനായ സോജി ഓലിക്കല്‍ അച്ചന്‍ നടത്തുന്ന മരിയന്‍ പ്രഘോഷണം ആത്മീയ നിറവ് പകരും. പതിനൊന്നര മുതല്‍ രണ്ടു മണി വരെ കുട്ടികളെ അടിമ വെക്കുന്നതിനും ഭക്ഷണത്തിനുമായുള്ള ഇടവേള ആയിരിക്കും. തുടര്‍ന്ന് നടക്കുന്ന മരിയന്‍ റാലിയില്‍ മാതൃഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ച് ‘ആവേ മരിയാ’ സ്തുതിപ്പുകളുമായി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ നടത്തുന്ന തീര്‍ത്ഥാടനം മരിയ പ്രഘോഷണ സന്നിധേയത്തേ മാതൃ ഭക്തിസാന്ദ്രമാക്കും.
തീര്‍ത്ഥാടനത്തില്‍ മുഖ്യ കാര്‍മ്മികനും സംഘാടകനുമായി സീറോ മലബാര്‍ സഭയുടെ യുകെയിലെ അജപാലക ശ്രേഷ്ഠന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹീത സാന്നിദ്ധ്യം ഈ മരിയോത്സവത്തിനു ആത്മീയശോഭ പകരും. ആഘോഷമായ തിരുന്നാള്‍ സമൂഹബലിയില്‍ സഹ കാര്‍മ്മികത്വം വഹിക്കുവാനായി യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നായി അജപാലന ശുശ്രുഷ ചെയ്യുന്ന മുഴുവന്‍ വൈദികരുടെയും നീണ്ടനിര തന്നെ ഉണ്ടാവും.
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അനുഗ്രഹങ്ങളും ഉദ്ദിഷ്ട കാര്യ സാധ്യതയും പ്രാപിക്കുവാന്‍ ഏറ്റവും അനുഗ്രഹീതമായ മരിയന്‍ പുണ്യ കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന തീര്‍ത്ഥാടനത്തിലേക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സ്റ്റീവനേജ്, വെംബ്ലി, എഡ്മണ്ടന്‍, എന്‍ഫീല്‍ഡ്, വാറ്റ്ഫോര്‍ഡ്, ഹെയ്സ് അടക്കമുള്ള വിവിധ കേന്ദ്രങ്ങളില്‍ നിന്നായി കോച്ചുകളിലും കാറുകളിലുമായി നിരവധി മാതൃ ഭക്തര്‍ മരിയോത്സവത്തില്‍ പങ്കു ചേരും. വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലയിന്‍ കൂടിയായ ഫാ.സെബാസ്‌ററ്യന്‍ ചാമക്കാലയാണ് ആഘോഷമായ തീര്‍ത്ഥാടന സമൂഹ ബലിയില്‍ ഗാന ശുശ്രുഷ നയിക്കുക.
സഖറിയ പുത്തന്‍കളം
ചെല്‍ട്ടണ്‍ഹാം: 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന്റെ പ്രൗഡഗംഭീരമായ റാലി മത്സരത്തില്‍ എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍, ബി കാറ്റഗറിയില്‍ ബര്‍മിങ്ങ്ഹാം ജേതാക്കള്‍ ആയി. പതിവിന് വിപരീതമായി ഇത്തവണ എല്ലാ യൂണിറ്റുകളും അത്യന്തം വീറും വാശിയോടെയാണ് റാലി മത്സരത്തില്‍ പങ്കെടുത്തത്. പ്രതീക്ഷിച്ചതിനെക്കാളും ഒരു മണിക്കൂര്‍ വൈകി റാലി മത്സരം അവസാനിച്ചത് റാലിയിലെ അംഗങ്ങളുടെ സജീവ പങ്കാളിത്തവും അംഗങ്ങളുടെ സജീവമായ പ്രവര്‍ത്തനവും കണ്‍വെന്‍ഷന്‍ റാലിയെ മനോഹരമാക്കി. എ കാറ്റഗറിയില്‍ ഗ്ലോസ്റ്റര്‍ ഒന്നാംസ്ഥാനവും ഈസ്റ്റ് ആംഗ്ലിയ രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം കെറ്ററിംഗ് കരസ്ഥമാക്കി.
ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം സ്റ്റോക്ക് – ഓണ്‍ – ട്രെന്‍ഡ്, രണ്ടാം സ്ഥാനം സ്റ്റീവനേജ്, മൂന്നാം സ്ഥാനം നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ കരസ്ഥമാക്കി. ഏറ്റവും വലിയ ഗ്രൂപ്പായ ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം ബര്‍മിങ്ങ്ഹാം രണ്ടാം സ്ഥാനം മാഞ്ചസ്റ്റര്‍, മൂന്നാം സ്ഥാനം ലിവര്‍പൂള്‍ നേടി.
ഒരു ഇടവേളയ്ക്ക് ശേഷം പൂര്‍ണ പ്രതാപത്തോടെ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മാഞ്ചസ്റ്റര്‍ യൂണിറ്റ് ജനപ്രിയ പ്രശംസ നേടിയെടുത്തു. വിഗന്‍ യൂണിറ്റിന്റെ റാലിക്ക് മുക്തകണ്ഠ പ്രശംസ നേടി. ഫാ. മാത്യൂ കട്ടിയാങ്കല്‍, ഫാ. എബ്രഹാം പറമ്പേട്ട്, എബ്രഹാം നടുവത്തറ എന്നിവരായിരുന്നു വിധി നിര്‍ണയ കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.
കെറ്ററിംഗ്: 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷനോടനുബന്ധിച്ച് ”സഭ – സമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി ക്നാനായ ജനത” എന്ന വിഷയത്തിലടിസ്ഥാനമാക്കി നടത്തപ്പെട്ട ഉപന്യാസ മത്സരത്തില്‍ മെഡ്വെ യൂണിറ്റിലെ മാത്യു പുളിക്കതൊട്ടിയില്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് യൂണിറ്റിലെ സരിത ജിന്‍സും മൂന്നാം സ്ഥാനം ലിവര്‍പൂള്‍ യൂണിറ്റിലെ എബ്രഹാം നമ്പാനത്തേലും അര്‍ഹരായി. സമ്മാനങ്ങള്‍ യു.കെ.കെ.സി.എ അവാര്‍ഡ് നൈറ്റില്‍ സമ്മാനിക്കും.