ജോബി ഇഞ്ചനട്ടില്‍
ഗ്ലാസ്ഗോ: മദര്‍ വെല്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് കൊടിയേറി. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ച് കൊണ്ട് ഓഗസ്റ്റ് നാലാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ വികാരി ഫാ ചാള്‍സ് ഡോര്‍മെന്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് മാതാവിന്റെ തിരു സ്വരൂപ പ്രതിഷ്ഠയും ആഘോഷ പൂര്‍വ്വമായ ദിവ്യ ബലിയും നടന്നു. ഭക്തി നിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് എഡിന്‍ബറ സീറോ മലബാര്‍ ചാപ്ലിന്‍ റവ ഫാ സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മദര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ റെവ ഫാ ജോസഫ് വെമ്പാടംതറ സഹകാര്‍മികത്വം വഹിച്ചു.
ഓഗസ്റ്റ് പതിമൂന്നാം തിയതി വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ് പതിമൂന്നാം തിയതി ഞായറാഴ്ച 2pm നു ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് റവ ഫാ ടോമി എടാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്യും. തിരുന്നാള്‍ കുര്‍ബാനക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷിണത്തിന് മദര്‍വെല്‍ രൂപത അദ്ധ്യക്ഷന്‍ റൈറ്റ്. റെവ. ജോസഫ് ടോള്‍ നേതൃത്വം നല്‍കും. ഓഗസ്റ്റ് 12 ശനിയാഴ്ച മത ബോധന ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം കുര്‍ബാനക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്‌ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കും.
വി കുര്‍ബാനയിലും നോവേനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മദര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന്‍ ഫാ ജോസഫ് വെമ്പാടം തറ അറിയിച്ചു.
ബാബു ജോസഫ്
യൂറോപ്പ് കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ക്രിസ്തു സുവിശേഷത്തിന്റെ സ്‌നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വചന പ്രഘോഷകനുമായ ബ്രദര്‍ തോമസ് പോള്‍ ഷെഫീല്‍ഡില്‍ ഇന്നുമുതല്‍ (04/08/17)മൂന്നു ദിവസത്തെ വളര്‍ച്ചാ ധ്യാനം നയിക്കുന്നു. കത്തോലിക്കാ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുക വഴി തങ്ങളുടെ ജീവിത മേഖലകളില്‍ ലോകത്തിനു മാതൃകയായി വര്‍ത്തിക്കുകയും, ലോകസുവിശേഷവത്ക്കരണത്തിനു വിവിധ മിനിസ്ട്രികളിലും തലങ്ങളിലും നേതൃത്വം നല്‍കാന്‍ ബാല്യം മുതല്‍ അനേകരെ വളര്‍ത്തിയ ജീസസ് യൂത്ത്‌ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശുശ്രൂഷകളാണ് ഇന്ത്യയില്‍ അനേകം വൈദികരെയും സന്യസ്തരെയും അഭിഷേക നിറവിലേക്കുയര്‍ത്തിയ ദൈവികോപകരണം ബ്ര.തോമസ് പോള്‍ നയിക്കുന്നത്.
വചന പ്രഘോഷകരും ആത്മീയ ഉപദേശകരുമായ ജീസസ് യൂത്ത് യുകെ ആനിമേറ്റര്‍ ഫാ.റോബിന്‍സണ്‍ മെല്‍ക്കീസ്, ഷെഫീല്‍ഡ് ആനിമേറ്റര്‍ ഫാ. സന്തോഷ് വാഴപ്പിള്ളി എന്നിവരും ധ്യാനത്തില്‍ പങ്കെടുത്ത് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ഇന്ന് ആഗസ്റ്റ് 4 വ്വെള്ളിയാഴ്ച രാവിലെ 9.മുതല്‍ ഞായറാഴ്ച വൈകിട്ടു വരെയാണ് ജീസസ് യൂത്ത് യുകെ മിഷന്‍ ആസ്ഥാനമായ ഷെഫീല്‍ഡിലെ സെന്റ് ചാള്‍സ് ബൊറോമിയോ ദേവാലയത്തില്‍ നടക്കുന്ന ധ്യാനത്തില്‍ ഓരോരുത്തര്‍ക്കും സ്വന്തം താല്പര്യപ്രകാരം ഡൊണേഷന്‍ നല്‍കാവുന്നതാണ്. താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും.
കുട്ടികള്‍ക്കായി ആദ്ധ്യാത്മിക,സ്വഭാവ വളര്‍ച്ചയെ ലക്ഷ്യമാക്കി ആത്മീയ സാരാംശമുള്ള കാര്‍ട്ടൂണുകള്‍ ,വീഡിയോ പ്രോഗ്രാമുകള്‍ എന്നിവ ഉള്‍പ്പെടുന്ന ‘JESUS WONDER’എന്ന പ്രത്യേക പ്രോഗ്രാം നടത്തപ്പെടുന്നതാണ് . കൂടുതല്‍ അറിയുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സൗജന്യ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.
ധ്യാനത്തിലേക്കു ഇനിയും ബുക്കിങ് നടത്താന്‍ അവസരമുണ്ട് ..
അഡ്രസ്സ്
Jesus Youth National Prayer and Mission Centre ,
St. CHARLS BOROMEO Presbytery,
St. CHARLS STREET
ATTERCLIFF
SHEFFELD
S9 3WU
കൂടുതല്‍ വിവരങ്ങള്‍ക്ക്;
07869 425352 or 07920 836298
മാത്യു ജോസഫ്
സന്ദര്‍ലാന്‍ഡ്: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളും ശതാബ്ദി ആഘോഷവും സന്ദര്‍ലാന്‍ഡ് സെ. ജോസഫ്സ് ദേവാലയത്തില്‍ വെച്ച് സെപ്റ്റംബര്‍ 30 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ നടക്കും. രാവിലെ 10ന് തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികനായി തിരുനാള്‍ സന്ദേശം നല്‍കും. കുര്‍ബാനയില്‍ രൂപതയിലെ പത്തോളം വൈദികര്‍ സഹാകാര്‍മികരാകും. തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരികപ്പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷ്ണതയും പ്രതിഫലിക്കും.
പ്രദക്ഷിണത്തിനു മാറ്റ് കൂട്ടാന്‍ മുത്തുക്കുടകളും കൊടിതോരണങ്ങളും ചെണ്ടമേളവും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് സെ. ഐഡന്‍സ് സ്‌കൂള്‍ ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സന്ദര്‍ലാന്‍ഡ് മേയര്‍ മുഖ്യാതിഥിയും ബഹുമാനപ്പെട്ട ന്യൂകാസില്‍ രൂപത ബിഷപ്പ് ഷീമസ് കണ്ണിങ്ഹാം, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ഇടവക വികാരി ബഹു. ഫാ. മൈക്കിള്‍ മക്കോയ് തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തും. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി സമൂഹത്തിനു ദൈവം ചെയ്ത നന്മകള്‍ക്ക് നന്ദി സൂചകമായി ശതാബ്ദി സോവനീര്‍ പ്രകാശനം ചെയ്യും.
കൂടാതെ നോര്‍ത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലെ വൈദികരും മറ്റു പ്രമുഖ വ്യക്തിത്വങ്ങളും അണിചേരുന്ന സായ്യാഹ്നം മലയാളി കാത്തലിക് കമ്യൂണിറ്റി അംഗങ്ങള്‍ അവതരിപ്പിക്കുന്ന കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും. സെപ്റ്റംബര്‍ 21ന് ഏഴു മണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന നൊവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. ബഹു. ഫാ. സജി തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പാരിഷ് കമ്മിറ്റി തിരുനാള്‍ നോര്‍ത്ത് ഈസ്റ്റിലെ മലയാളി സാംസ്‌കാരിക സംഗമമാക്കാനുള്ള ഒരുക്കത്തിലാണ് .
2009-ല്‍ തുടക്കം കുറിച്ച സെക്കന്റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ യു.കെ.യിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ആത്മീയ ഉണര്‍വിനും വളര്‍ച്ചയ്ക്കും അതിശക്തമായ സ്രോതസ്സായി ഉയര്‍ന്നു നില്‍ക്കുന്നു. വര്‍ഷങ്ങളായി കണ്‍വെന്‍ഷനില്‍ മുടങ്ങാതെ സംബന്ധിക്കുന്നവരും, കണ്‍വെന്‍ഷനുവേണ്ടി ആനുവല്‍ ലീവ് എടുക്കുന്നവരും ഈ ദൈവിക ശുശ്രൂഷയുടെ പ്രാധാന്യത്തെ അടിവരയിടുന്നു.
കുട്ടികളുടേയും യുവതലമുറയുടെയും വിശ്വാസ വളര്‍ച്ചയ്ക്കും വിശുദ്ധ ജീവിതത്തിനും ഈ ശുശ്രൂഷ അനുഗ്രഹമായി നിലകൊള്ളുന്നു എന്നതാണ് പരിശുദ്ധാത്മാവ് നല്‍കിയ ഈ ശുശ്രൂഷയുടെ പ്രത്യേകത. 2016-ല്‍ നാല് യുവാക്കള്‍ ദൈവ ശുശ്രൂഷയ്ക്കായി ഗ്യാപ് ഇയര്‍ എടുത്തുവെങ്കില്‍ ഈ വര്‍ഷം സെപ്തംബര്‍ മുതല്‍ 8 -ല്‍ അധികം യുവതി യുവാക്കള്‍ ഒരു വര്‍ഷം യേശുവിനും അവിടുത്തെ സുവിശേഷത്തിനുമായി സമര്‍പ്പിക്കുകയാണ്. വിശ്വാസം അന്യമാകുന്ന യൂറോപ്പിന് ഇപ്രകാരമുള്ള അഭിഷേക ശുശ്രൂഷകള്‍ അനിവാര്യമാണെന്ന് ഇംഗ്ലീഷ് വൈദികരും മറുഭാഷക്കാരും എടുത്തുപറയുന്നു.
ആഗസ്റ്റഅ മാസ കണ്‍വെന്‍ഷന്‍ അവധിക്കാല കണ്‍വെന്‍ഷനാണ്. ഇതുവരെ ഇതില്‍ സംബന്ധിച്ചിട്ടില്ലാത്ത അനേകം കുടുംബങ്ങള്‍ക്ക് ആത്മീയ വിശ്വാസ തീര്‍ത്ഥാടനം പോലെ കടന്നുവരുവാന്‍ ആഗസ്റ്റ് മാസം വഴിയൊരുക്കുന്നു. അവധിക്കാലത്തിന്റെ വിനോദങ്ങളോടൊപ്പം കുടുംബങ്ങളില്‍ ദാമ്പത്യങ്ങളിലും യഥാര്‍ത്ഥമായ സമാധാനവും സന്തോഷവും പകര്‍ന്നു നല്‍കുന്ന യേശുക്രിസ്തുവിന്റെ അത്ഭുതകരമായ സൗഖ്യങ്ങളും ആത്മീയ അനുഭവങ്ങളും സ്വന്തമാക്കാന്‍ ഫാ. സോജി ഓലിക്കല്‍ ഏവരേയും സ്വാഗതം ചെയ്യുന്നു.
എത്യോപയില്‍ നിന്നുള്ള ഉറച്ച കത്തോലിക്കാ വിശ്വാസി Tiru Neger സാക്ഷ്യപ്പെടുത്തുന്നു. ”ഇത്രയും അനുഗ്രഹദായകമായ ശുശ്രൂഷയെക്കുറിച്ചറിയാന്‍ ഞാന്‍ വൈകിപ്പോയി. എന്റെ ഇടവകയില്‍ എന്റെ കുഞ്ഞുങ്ങള്‍ അവരുടെ പ്രായത്തിലുള്ള നാലോ, അഞ്ചോ കുട്ടികളെ കാണുമ്പോള്‍ സമപ്രായത്തിലുള്ള 100ഉം 200ഉം കുട്ടികളോടൊത്ത് ആത്മീയ വിരുന്ന് അനുഭവിക്കുന്ന എന്റെ കുട്ടികളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ.
തത്സമയ സംവാദങ്ങളും സ്‌കിറ്റുകളും ഒരുക്കി ആഗസ്റ്റ് മാസത്തെ അനുഭവഭേദ്യമാക്കാന്‍ Teens for Kingdom ശുശ്രൂഷകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ് ഭാഷക്കാര്‍ക്കായി ഒരുക്കുനന ‘Transform’ ശുശ്രൂഷ നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും അയല്‍പക്കക്കാര്‍ക്കും വലിയ അനുഗ്രഹ സൗഖ്യങ്ങള്‍ക്ക് കാരണമായി മാറും.
അതിശക്തമായ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തി സെഹിയോന്‍ ടീം കണ്‍വെന്‍ഷനുവേണ്ടി തയ്യാറെടുക്കുന്നു. രാവും പകലും ആസ്റ്റണ്‍ ദിവ്യകാരുണ്യ ആലയത്തില്‍ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നു. കഴിഞ്ഞ 6 മാസമായി അട്ടപ്പാടി ധ്യാനകേന്ദ്രത്തില്‍ നിന്നും വന്ന Sr. Dona, Sr. Jesmi എന്നിവരുടെ ആത്മീയ കൗണ്‍സിലിങ്ങ് ശുശ്രൂഷകള്‍ നൂറുകണക്കിന് കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ കാരണമായി. Further Details – Sr. Meena 07957342742
ഇംഗ്ലണ്ടിലെ ഔദ്യോഗിക ഭൂതോച്ചാടന സംഘത്തില്‍ അംഗമായ റവ. ഫാ. ആന്‍ജലസ് ഹോളിന്റെ സാന്നിധ്യം ശുശ്രൂഷകള്‍ക്ക് കരുത്തായി മാറും. ഷ്രൂസ്ബറി രൂപതാ ചാപ്ലയിന്‍ റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി വി. കുര്‍ബാനയുടെ പ്രാധാന്യത്തിന് അടിവരയിടുമ്പോള്‍ ശാന്തമായ വിടുതല്‍ ശുശ്രൂഷകള്‍ക്ക് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കും.
കഴിഞ്ഞമാസത്തെ വിടുതല്‍ ശുശ്രൂഷകളുമായി ബന്ധപ്പെട്ട അത്ഭുതസാക്ഷ്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. യു.കെയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ ക്രമീകരിക്കുന്നവരുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ ബന്ധപ്പെടുക. Biju 0779810900/0787149670.
കുഞ്ഞുങ്ങളോടൊത്ത്, കൂട്ടുകാരോടൊത്ത് പ്രിയപ്പെട്ടവരുമായി പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുങ്ങി വരിക. പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതിക്കൊണ്ടുവരിക. Spiritual Counselling ആവശ്യമുള്ളവര്‍ Welcome Counter -ല്‍ നിങ്ങളുടെ പേരുകള്‍ കൊടുക്കുക. വിശുദ്ധ കുമ്പസാരത്തിനായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി വരിക. രാവിലെ 8 മണിക്ക് ജപമാല പ്രദക്ഷിണത്തോടെ ആരംഭിച്ച്, ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയുമായി 4 മണിക്ക് ശുശ്രൂഷകള്‍ അവസാനിക്കും.
4 മണിക്ക് ശേഷം ആവശ്യക്കാര്‍ക്കായി പ്രത്യേക കൈവയ്പ് പ്രാര്‍ത്ഥനാ ശുശ്രൂഷ ഉണ്ടായിരിക്കും.
Address: Bethel, West Bromwich, B707J
ബാബു ജോസഫ്
പ്രശസ്ത വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പ്രഥമ ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘അഭിഷേകാഗ്‌നി’ മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 24ന് ്‌നടക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടോര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡന്‍ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓള്‍ഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
2017 ഒക്ടോബര്‍ 24 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു.
മാഞ്ചസ്റ്ററില്‍ നടക്കുന്ന കണ്‍വെന്‍ഷനും അനേകായിരങ്ങള്‍ക്ക് അനുഗ്രഹമായി മാറാന്‍ വമ്പിച്ച ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആയിരകണക്കിന് ആളുകള്‍ക്ക് സൗകര്യപ്രദമായ ഇരുന്ന് വചനം ശ്രവിക്കാനും ദൈവത്തെ ആരാധിക്കാനുമുള്ള വിശാലമായ സൗകര്യങ്ങളോട് കൂടിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്.
The Sheridan Suite
371 Oldham Road
Manchester
M40 8RR
എഡിൻബറോ : യുകെ മലയാളികളെ കണ്ണീരിലാക്കിയ ഒരു മരണമായിരുന്നു സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ മാര്‍ട്ടിന്‍ അച്ചന്റെത്. ദുരൂഹതകള്‍ ബാക്കിവച്ചുകൊണ്ട് മരണകാരണം എന്തെന്ന് വെളിപ്പെടുത്താതെ മാർട്ടിൻ അച്ചന്‍ നാളെ യുകെയില്‍ നിന്ന് നാട്ടിലേക്ക് യാത്രയാവുകയാണ്. ഫാ: മാർട്ടിൻ വാഴച്ചിറക്ക് എഡിൻബറോയിലെ മലയാളി സമൂഹം ഇന്നലെ കണ്ണുനീരോടെ വിട നൽകി.
ഇക്കഴിഞ്ഞ ജൂൺ ഇരുപതിന് സ്കോട്ലൻഡിൽ ദുരൂഹ സാഹചര്യത്തിൽ നിര്യാതനായ ഫാ. മാർട്ടിൻ വാഴച്ചിറക്ക് എഡിന്ബറോയിൽ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. മാർട്ടിൻ അച്ചൻ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ക്രൊസ്റ്റോഫിന്‍ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുർബാനയിലും, പൊതുദര്‍ശന ചടങ്ങിലും സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു.
ഫാ റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയില്‍ സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉള്ള ഇരുപതോളം വൈദീകർ സഹകാര്‍മ്മികരായിരുന്നു. അച്ചൻ സേവനം അനുഷ്ഠിച്ചിരുന്ന ക്രിസ്റ്റഫിൻ ഇടവകയിൽ നിന്നുള്ള നിരവധി ആളുകളാണ് വേദനയോടെ മൃതദേഹം ഒന്ന് കാണുവാനായി എത്തിച്ചേർന്നത്.
വിശുദ്ധ കുര്‍ബാനയും ഒപ്പീസും മറ്റു ശുശ്രൂഷകൾക്കും ശേഷം മൃതദ്ദേഹം ഫ്യുണറൽ ഡയറക്ടേഷസിന് കൈമാറി. ബുധനാഴ്ച എഡിന്ബറോയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ മൃതദ്ദേഹം നാട്ടിലേക്ക് അയക്കും. ഫാ. റ്റെബിൻ പുത്തൻപുരക്കൽ സി എം ഐ യും മൃതദ്ദേഹത്തെ അനുഗമിക്കുന്നതായിരിക്കും.
വ്യാഴാഴ്ച്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേരുന്ന മൃതദ്ദേഹം തുടർന്ന് കാക്കനാട് CMI സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്നും പുളിങ്കുന്നിൽ അച്ഛന്റെ ഭവനത്തിൽ എത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് വെക്കുകയും അതിനുശേഷം ചെത്തിപ്പുഴ തിരുഹൃദയ CMI ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നതുമാണ്. വെളളിയാഴ്ച്ച വി. കുർബാനയോട് കൂടി സംസ്കരിക്കും എന്നതാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മരണകാരണം സംബന്ധിച്ച് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.
ഫാ. ബിജു കുന്നയ്ക്കാട്ട് പി. ആര്‍.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ സ്ത്രീകളുടെ മഹത്വവും പങ്കും അംഗീകരിക്കപ്പെടുന്നതിനും സ്ത്രീ സഹജമായ വിവിധ കഴിവുകള്‍ സഭയുടെ വളര്‍ച്ചയില്‍ പ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകൃതമായ ‘എപ്പാര്‍ക്കിയല്‍ വിമന്‍സ് ഫോറ’ത്തിന്റെ ആദ്യ റീജിയണല്‍, രൂപതാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കുന്നു. രൂപതയിലെ നൂറ്റി എഴുപതില്‍പരം വരുന്ന എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ് എന്നിവരായി തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നാണ് രൂപതാ, റീജിയണല്‍ ഭാരവാഹികളെ കണ്ടെത്തുന്നത്.
ഇത്തരത്തില്‍ പതിനായിരത്തിലധികം വരുന്ന കുടുംബിനികളെ ഒരുമിച്ച് ചേര്‍ക്കുന്നതിലൂടെ കുടുംബബന്ധങ്ങള്‍ കൂടുതലായി വളര്‍ത്താനും രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്ര സംഭാവനകള്‍ നല്‍കാനും ഈ സ്ത്രീ ശാക്തീകരണത്തിലൂടെ സാധിക്കും. രൂപതാ വിമന്‍സ് ഫോറത്തിന്റെ ആനിമേറ്ററായി പ്രവര്‍ത്തിക്കുന്നതിന് സി.എം.സി സന്ന്യാസ സഭാംഗമായ റവ. സി. മേരി ആന്‍ നിയമിതയായിട്ടുണ്ട്. ഓരോ കുര്‍ബാന സെന്ററില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടുവരുന്ന അംഗങ്ങള്‍ നല്‍കുന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും വിമന്‍സ് ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും.
നവംബര്‍ 12-ാം തീയതി എല്ലാ യൂണിറ്റുകളിലെയും റീജിയണിലെയും പ്രസിഡന്റുമാരുടെ സമ്മേളനം St. Gerard’s Catholic Church, 2 Renfrew Square, Castle Vale, Birmingham, B35 6JT- യില്‍ വച്ച് നടക്കും. ഈ സമ്മേളനത്തില്‍ വച്ച് രൂപതാ ഭാരവാഹികളെയും തിരഞ്ഞെടുക്കും. എട്ട് റീജിയണുകളില്‍ നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പുകള്‍ക്ക് റവ. ഫാ. ജെയ്‌സണ്‍ കരിപ്പായി, റവ. ഫാ. ജോസഫ് വെമ്പാടുംതറ വി.സി., റവ. ഫാ. റ്റോമി ചിറയ്ക്കല്‍ മണവാളന്‍, റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസ്.റ്റി, റവ. ഫാ. തോമസ് തൈക്കൂട്ടത്തില്‍ എം.എസ്.റ്റി., റവ. ഫാ. സജി തോട്ടത്തില്‍, റവ. ഫാ. ടെറിന്‍ മുള്ളക്കര, റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കും. 18 വയസ്സിന് മുകളിലുള്ള എല്ലാ വനിതകളെയും രൂപതയുടെ നേതൃത്വത്തില്‍ ഒന്നിപ്പിക്കുന്ന വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതാ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ്രാഥമികഘട്ട തിരഞ്ഞെടുപ്പ് തീയതിയും മറ്റു വിവരങ്ങളും ചുവടെ ചേര്‍ത്തിരിക്കുന്നു.
ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഒന്നാം വാര്‍ഷികത്തില്‍ ഭാവി കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള നിര്‍ണായക സമ്മേളനം നവംബര്‍ 20 മുതല്‍ 22 വരെ ന്യൂട്ടണിലുള്ള കെഫന്‍ലി പാര്‍ക്കില്‍ നടക്കുമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിനുശേഷമുള്ള ആദ്യ വര്‍ഷം മുഴുവന്‍ രൂപതയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനും വിശ്വാസികളെ നേരില്‍ കാണുന്നതിനും വിശ്വാസികളുടെ അജപാലന ആവശ്യങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനുമായി മാര്‍ സ്രാമ്പിക്കല്‍ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സന്ദര്‍ശനങ്ങളുടെ ഉള്‍ക്കാഴ്ചയിലാണ് അടുത്ത വര്‍ഷങ്ങളിലേക്കുള്ള കര്‍മ്മപദ്ധതികള്‍ രൂപം നല്‍കുന്നതിന് രൂപതയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം പേരടങ്ങുന്ന ആലോചനാ സമ്മേളനം രൂപതാധ്യക്ഷന്‍ വിളിച്ചിരിക്കുന്നത്.
ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സന്യാസിനികളും ഓരോ വിശുദ്ധ കുര്‍ബാനകേന്ദ്രങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന അല്‍മായ പ്രതിനിധികളുമായിരിക്കും. അല്‍മായ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്നത് ഓരോ വിശുദ്ധ കുര്‍ബാന കേന്ദ്രത്തിലെയും പ്രധാന മതാധ്യാപകന്‍, കൈക്കാരന്‍, അധ്യാപകന്‍, കമ്മിറ്റി അംഗങ്ങള്‍, മറ്റേതെങ്കിലും നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ഇവരില്‍ ആരെങ്കിലും ഒരാളായിരിക്കും. രണ്ട് ദിവസങ്ങളിലായി സമ്മേളിക്കുന്ന ഈ ആലോചനായോഗത്തില്‍ യു.കെ.യുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് വിശ്വാസസാക്ഷ്യം നല്‍കുന്നതിനെപറ്റിയും വിശ്വാസ കൈമാറ്റ കാര്യത്തിലെ വെല്ലുവിളികളെക്കുറിച്ചും സഭാ ശുശ്രൂഷകളില്‍ അല്‍മായര്‍ പങ്കാളിത്തം വഹിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും രൂപതാ തലത്തില്‍ ക്രമീകരിച്ചിരിക്കുന്ന വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ഒരു വര്‍ഷമായി രൂപതയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സഭാമക്കള്‍ തങ്ങളുടെ വിശ്വാസം ജീവിക്കാനും കൈമാറ്റം ചെയ്യുവാനും എടുക്കുന്ന വലിയ ആവേശവും ഉല്‍സാഹവും കാണാനായത് ഏറെ സന്തോഷം നല്‍കിയെന്ന് മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. സഭയുടെ എല്ലാ മേഖലയിലുള്ളവരെയും ഒരുമിച്ച് വിളിച്ച് കൂട്ടി പൊതുവായി ആലോചിച്ച് ആവശ്യമായ കര്‍മപദ്ധതികള്‍ രൂപം നല്‍കാന്‍ ശ്രമിക്കുന്നത് ബഹുജന പങ്കാളിത്തത്തിലാണ് സഭയുടെ വളര്‍ച്ച എന്ന ബോധ്യം കൂടുതല്‍ ആഴപ്പെടാന്‍ സഹായകമാകുമെന്ന് മാര്‍ സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. രൂപത രൂപീകൃതമായതു മുതല്‍ ഒരു പുത്തന്‍ ഉണര്‍വ് യുകെയിലുള്ള സീറോ മലബാര്‍ വിശ്വാസികളില്‍ പ്രകടമായത് അജപാലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനും പുതിയ മെത്രാന്റെ നേതൃത്വത്തിന് കഴിയുന്നുണ്ടെന്നതിന്റെയും വിശ്വാസികള്‍ പൂര്‍ണമനസോടെ ഈ ശ്രമങ്ങളുടെ കൂടെ നില്‍ക്കുന്നതിന്റെയും ഒടുവിലത്തെ ഉദാഹരണമായിരുന്നു എണ്ണായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത വാല്‍സിംഹാം തിരുനാളില്‍ ഇത്തവണ ദൃശ്യമായത്.
ബെന്നി മേച്ചേരിമണ്ണില്‍
റെക്‌സം രൂപതയിലെ ഹവാര്‍ഡന്‍ ചര്‍ച്ചില്‍ എല്ലാ മാസവും ആദ്യ ശനിയാഴ്ചകളിലും നടത്തിവരുന്ന പരിശുദ്ധ മാതാവിന്റെ നൊവേനയും ആഘോഷമായ മലയാളം പാട്ടുകുര്‍ബാനയും ആഗസ്റ്റ് മാസം അഞ്ചാം തിയതി 4.15ന് കൊന്ത നമസ്‌കാരത്തോടെ ആരംഭിക്കുന്നു. തുടര്‍ന്നു മലയാളം പാട്ടുകുര്‍ബാനയും നൊവേനയും നടത്തപ്പെടുന്നു.
റെക്‌സം രൂപതാ മലയാളി കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടയ്ക്കപ്പുറം SDV യുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലും നൊവേനയിലും മറ്റു പ്രാര്‍ത്ഥനകളിലും പങ്കുചേര്‍ന്നു പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുവാന്‍ റെക്‌സം രൂപതയിലും പരിസര പ്രദേശത്തുമുള്ള എല്ലാ വിശ്വാസികളേയും സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹവാര്‍ഡനിലേക്കു രൂപത കോര്‍ഡിനേറ്റര്‍ ഫാദര്‍ റോയ് കോട്ടക്കുപുറം സ്‌നേഹത്തോടെ സ്വാഗതം ചെയ്തുകൊള്ളുന്നു.
ഫാദര്‍ റോയ് കോട്ടയ്ക്ക് പുറം Sdv – 07763756881.
പള്ളിയുടെ വിലാസം പോസ്റ്റ് കോഡ് – SACRED HEART CHURCH, HAWARDEN, CH53D
ഷിബു മാത്യൂ.
അമ്മേ മരിയേ വാല്‍സിംഹാമിലെ മാതാവേ…..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ….
ജൂലൈ പതിനാറ്. ‘വാല്‍സിംഹാം തീര്‍ത്ഥാടനം’. മരിയ ഭക്തിയില്‍ വാല്‍സിംഹാം നിറഞ്ഞ ദിവസം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിന് ശേഷം രൂപതയിലെ വിശ്വാസികള്‍ നടത്തിയ ആദ്യ തീര്‍ത്ഥാടനമാണ് വാല്‍സിംഹാമില്‍ നടന്നത്. അതും, രൂപതയുടെ ഒന്നാം വയസ്സില്‍ തന്നെ. രൂപതാധ്യക്ഷനും വൈദീകരുമുള്‍പ്പെടെ പതിനായിരത്തില്‍പ്പരം വിശ്വാസികളാണ് വാല്‍സിംഹാമിലെ ദേവാലയ തിരുമുറ്റത്തെത്തിയത്. വാല്‍സിംഹാമിലെ മാതാവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ മാസങ്ങളായി ആത്മീയമായിട്ടൊരുങ്ങുകയായിരുന്നു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മലയാളി ക്രൈസ്തവര്‍.
അമ്മേ കന്യകയേ.. അമലോത്ഭവയേ..
ഇംഗ്ലണ്ടിന്‍ നസ്രത്താം വാല്‍സിംഹാമിന്‍ മാതാവേ… എന്നു തുടങ്ങുന്ന പരിശുദ്ധ അമ്മയുടെ സ്‌നേഹം തുളുമ്പുന്ന ഹൃദയസ്പര്‍ശിയായ ഗാനം വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെ ഭക്തിനിര്‍ഭരമാക്കി. പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിച്ചു കൊണ്ടുള്ള ഈ ഗാനമായിരുന്നു തീര്‍ത്ഥാടന ദിവസം മുഴുവന്‍ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത്. തീര്‍ത്ഥാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും
സീറോ മലബാര്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ഇപ്പോഴും ഈ ഗാനം മുഴങ്ങുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ തീര്‍ത്ഥാടനം മലയാളം യുകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുകെയുടെ വിവിധ ഭാഗത്തു നിന്നുമെത്തിയ
ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരേ ഗാനം പാടി പ്രാര്‍ത്ഥിക്കുന്നതു കാണുകയും, കേള്‍ക്കുന്തോറും പിന്നെയും കേള്‍ക്കാന്‍ തോന്നുമെന്ന് വിശ്വാസികളുടെ ചുണ്ടില്‍ നിന്ന് നേരിട്ട് കേട്ടതും ഞങ്ങളില്‍ ആകാംഷയുണര്‍ത്തി. ഈ ഗാനത്തിന്റെ ഉറവിടം തേടിയ ഞങ്ങള്‍ ചെന്നെത്തിയത് ഗാന രചയിതാവിന്റെയടുത്തു.തന്നെ.
ഇത് ഷൈജ ഷാജി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വാല്‍സിംഹാം തീര്‍ത്ഥാടനം അത്യധികം ഭക്തിനിര്‍ഭരവും ഹൃദയസ്പര്‍ശിയുമാക്കിയ ഗാനത്തിന്റെ ഉടമ. നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ ഷാജി നോര്‍ഫൊക് ആന്റ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നെഴ്‌സാണ്. തികഞ്ഞ മരിയഭക്തയായ ഷൈജയുടെ ജന്മദേശം കേരളത്തില്‍ ഇടുക്കി ജില്ലയിലെ വാഴത്തോപ്പിലാണ്. ഭര്‍ത്താവ് ഷാജി തോമസ്സും ജോയല്‍ ജൂവല്‍ ജൊവാന ജോഷ്വാ എന്നിവര്‍ മക്കളുമാണ്. വാഴത്തോപ്പില്‍ വേങ്ങച്ചുവട്ടില്‍ ജോയി മേരി ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തേതായ ഷൈജയ്ക്ക് സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ യുവജനോത്സവങ്ങളില്‍ പങ്കെടുത്തതും ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനകളില്‍ പാടിയതുമൊഴിച്ചാല്‍ സംഗീതവുമായി കാര്യമായ ബന്ധമൊന്നുമില്ല. ഷൈജയയുടെ മമ്മി പള്ളിയില്‍ പാടുമായിരുന്നു. അതായിരുന്നു ആകെയുള്ള പ്രചോദനം.
കഴിഞ്ഞ പതിമൂന്ന് വഷമായി നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ രണ്ടായിരത്തിപ്പതിനാലിലാണ് ഗാനങ്ങള്‍ എഴുതി തുടങ്ങിയത്. അമല മനോഹരിയമ്മേ… എന്നു തുടങ്ങുന്ന ഗാനത്തോടൊപ്പം സ്വന്തമായി രചന നിര്‍വ്വഹിച്ച മറ്റു പതിനൊന്നു ഗാനങ്ങളുമായി ‘വിളി കേള്‍ക്കുന്ന ദൈവം’ എന്ന CD യാണ് ആദ്യം പുറത്തിറങ്ങിയത്. സ്വന്തമായി രചനയും നിര്‍മ്മാണവും നടത്തിയ CD ഫാ. ഷാജന്‍ തേര്‍മഠത്തിന്റെ സഹായത്തോടെ ജോയി ചെറുവത്തൂര്‍ സംഗീതം നല്‍കിയത്.
ജി. വേണുഗോപാലും ദളിമയുമുള്‍പ്പെടെ നിരവധി പ്രമുഖ ഗായകരോടൊപ്പം ഷാജി തോമസിന്റെ മൂത്ത സഹോദരന്റെ മകള്‍ റോണിയും പാടിയ CD ധ്യാനകേന്ദ്രങ്ങളിലും പള്ളികളിലും സൗജന്യമായി നല്‍കുകയായിരുന്നു. അത് വിറ്റു കിട്ടുന്ന പണം പാവങ്ങളെ സഹായിക്കാനുപയോഗിക്കണം എന്ന ഒരു നിര്‍ദ്ദേശം മാത്രമേ ഷൈജയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഇതിനെല്ലാം പ്രോത്സാഹനം തന്നത് ഭര്‍ത്താവ് ഷാജി തോമസ്സാണെന്ന് ഷൈജ പറയുന്നു.
വാല്‍സിംഹാമിലെ പാട്ടെഴുതിയതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചപ്പോള്‍…
വാല്‍സിംഹാമിലെ തിരുന്നാള്‍ ഇത്തവണ നടത്തിയത് സഡ്ബറിക്കാരാണ്. തിരുന്നാളിന് മാതാവിന്റെ ഒരു പാട്ട് വെണമെന്ന് തിരുന്നാളിന്റെ പ്രധാന കോര്‍ഡിനേറ്ററായ റവ. ഫാ. ടെറിന്‍ മുള്ളക്കരയോട് സഡ്ബറിക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഈ പാട്ട് എഴുതാനുള്ള ഭാഗ്യം എന്റെ കൈയ്യില്‍ വന്നു പെട്ടത്. ടെറിനച്ചനാണ് പാട്ടെഴുതാന്‍ എന്നോട് പറഞ്ഞത്. വാല്‍സിംഹാമിലെ പരിശുദ്ധ അമ്മയുടെ ദേവാലയത്തില്‍ മിക്കവാറും ഞങ്ങള്‍ കുടുംബസമേതം പോകാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ ചെന്നപ്പോള്‍ പ്രധാന ദേവാലയത്തില്‍ പോയി കൊന്തചെല്ലി പ്രാര്‍ത്ഥിച്ചു. അതു കഴിഞ്ഞ് സ്ലിപ്പര്‍ ചാപ്പലില്‍ പോയി കുറെ സമയം മാതാവിന്റെ മുഖത്തേയ്ക്ക് വെറുതെ നോക്കിയിരുന്നു. അങ്ങനെയിരുന്ന സമയത്ത് എന്തോ ഒരു പ്രചോദനം ഉണ്ടായി. എഴുതണം എന്നൊരു തോന്നല്‍. തീര്‍ത്ഥാടനത്തിന് വരുന്നവര്‍ക്കായി പ്രാര്‍ത്ഥനാ സഹായമെഴുതാന്‍ വെച്ചിരുന്ന പേപ്പറും പേനയുമാണ് പെട്ടന്ന് കൈയ്യില്‍ കിട്ടിയത്. മാതാവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്ന് ആദ്യ വരികള്‍ കുറിച്ചു.
അമ്മേ കന്യകയേ… അമലോത്ഭവയേ…
മാക്‌സിമം പത്ത് മിനിറ്റ് മാത്രമേ ഈ പാട്ടെഴുതാന്‍ എടുത്തുള്ളൂ. പാട്ട് എഴുതണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എഴുതാന്‍ വേണ്ടി പോയതല്ലായിരുന്നു അവിടെ. പരിശുദ്ധ അമ്മ എന്നില്‍ പ്രവര്‍ത്തിച്ചു എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ഗാനം ഇത്ര മനോഹരമായത് എന്റെ മാത്രം പരിശ്രമമല്ല. ഫാ. ടെറിന്‍ മുള്ളക്കരയില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു ഗാനം ഉണ്ടാകുമായിരുന്നില്ല. കൂടാതെ ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്ന സോണി ജോണിയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അമരക്കാരനായ വില്‍സണ്‍ പിറവത്തിന്റെ സ്വരവുംകൂടി ചേര്‍ന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞതുപോലെ തന്നെ ഈ ഗാനം അതിമനോഹരമായി. ജോഷി തോട്ടക്കരയാണ് ഓര്‍ക്കസ്ട്രാ ചെയ്തത്. ഷൈജ പറഞ്ഞു.
അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം കൊടുത്ത ഗായക സംഘത്തിലും ഷൈജ പാടിയിരുന്നു. തീര്‍ത്ഥാടനം നടന്ന ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത് ഷൈജയുടെ ഗാനമായിരുന്നു. കിലോമീറ്ററുകള്‍ നീളമുണ്ടായിരുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിലും പതിനായിരത്തില്‍പ്പരം വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഷൈജയുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ വരികള്‍ തന്നെ.
വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ആഴ്ചകള്‍ക്ക് മുമ്പേ ഈ ഗാനം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികളുടെയും അടുത്തെത്തിയിരുന്നു. നോര്‍വിച്ചിലുള്ള റെജി മാണി ഈ പാട്ടിന്റെ വീഡിയോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലെത്തിച്ചു. അതു കൊണ്ട് യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാല്‍സിംഹാമിലേയ്ക്കുള്ള യാത്രയില്‍ വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഈ ഗാനമാണ്.
പരിശുദ്ധ അമ്മയുടെ സഹായം തേടുന്ന ഈ ഗാനം ലോകം മുഴുവനും അറിയപ്പെടും എന്നതില്‍ തര്‍ക്കമില്ല. ഷൈജ ഷാജിയോട് ഞങ്ങള്‍, മലയാളം യുകെ പറഞ്ഞതും അങ്ങനെ തന്നെ.
ഭക്തിനിര്‍ഭരമായ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക
[ot-video][/ot-video]