Spiritual

ചെല്‍ട്ടണ്‍ഹാം: 16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷനില്‍ സംബന്ധിക്കുവാന്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി ഇന്ന് മാഞ്ചസ്റ്ററില്‍ എത്തും. യു.കെ.കെ.സി.എ ഭാരവാഹികള്‍, മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍, മാഞ്ചസ്റ്റര്‍ യൂണിറ്റ് ഭാരവാഹികള്‍, ഫാ. സജി മലയില്‍ പുത്തന്‍പുര എന്നിവര്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് ഉജ്ജ്വല സ്വീകരണം നല്‍കും.

യു.കെ.കെ.സി.എയുടെ ചരിത്രത്തില്‍ ആദ്യമായി യു.കെ.കെ.സി.വൈ.എല്‍ 150ല്‍ അംഗങ്ങള്‍ അണിയിച്ചൊരുക്കുന്ന സ്വാഗതഗാന നൃത്തം യുവജനങ്ങളെ മാത്രമല്ല, കണ്‍വെന്‍ഷനില്‍ സംബന്ധിക്കുന്ന ഓരോ ക്‌നാനായക്കാരനെയും ആവേശത്തിലാക്കും. കലാഭവന്‍ നൈസ് ആണ് കൊറിയോഗ്രാഫര്‍.

കണ്‍വെന്‍ഷന്‍ ദിവസം രാവിലെ 9.45ന് ആരംഭിക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് 101 അംഗ ഗായകസംഘം വിവിധ വാദ്യോപകരണങ്ങളുടെ താളവിസ്മയത്തില്‍ ആലപിക്കും.

വിമണ്‍സ്‌ഫോറം അണിയിച്ചൊരുക്കുന്ന ”നടന സര്‍ഗ്ഗം’ വാശിയേറിയ റാലി മത്സരം പ്രൗഢഗംഭീരമായ പൊതുസമ്മേളനം നയനാന്ദകരമായ കലാവിരുന്ന് എന്നിവയാല്‍ കണ്‍വെന്‍ഷന്‍ ഏറ്റവും മികച്ചതായി മാറും.

യു.കെ.കെ.സി.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, അഡൈ്വസേഴ്‌സ് ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സഖറിയ പുത്തന്‍കളം

16-ാമത് യു.കെ.കെ.സി.എ കണ്‍വെന്‍ഷന് ചതുര്‍ദിനം മാത്രം അവശേഷിക്കെ യു.കെയിലെങ്ങും കണ്‍വെന്‍ഷന്‍ ചര്‍ച്ചകള്‍. ക്നാനായ വിമണ്‍സ് ഫോറം അണിയിച്ചൊരുക്കുന്ന തനിമതന്‍ നടന സര്‍ഗ്ഗത്തിന്റെ പ്രമോ വീഡിയോ വൈറലായി മാറി. കഴിഞ്ഞ വര്‍ഷം 100 വനിതകള്‍ അണിനിരന്ന മാര്‍ഗ്ഗം കളി ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ഇത്തവണ 500 വനിതകള്‍ അണിയിച്ചൊരുക്കുന്ന തനിമതന്‍ നടന സര്‍ഗ്ഗം ചരിത്ര സംഭവമാകും. ക്നാനായ പുരാതന പാട്ടിന്റെ അകമ്പടിയോടെ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ച് ചരിത്ര സംഭവമാക്കുവാനാണ് വുമണ്‍സ് ഫോറം ഭാരവാഹികള്‍. യു.കെ.കെ.സി.എ കണ്‍വെന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരിക്കും.

ഇത്തവണ റാലി മത്സരം ഓരോ കാറ്റഗറിയിലും കടുപ്പമായിരിക്കും. ‘സഭ – സമുദായ സ്നേഹം ആത്മാവില്‍ അഗ്‌നിയായി’ ക്നാനായ ജനത എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി വീറും വാശിയോടെയാണ് യൂണിറ്റുകള്‍ റാലി മത്സരത്തില്‍ പങ്കെടുക്കുന്നത്.

ഇത്തവണത്തെ കണ്‍വെന്‍ഷനെ വര്‍ധിച്ച ആവേശത്തോടെയാണ് യുവജനങ്ങള്‍ കാണുന്നതെന്ന് യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണ്‍ സജി, സെക്രട്ടറി, സ്റ്റീഫന്‍ ടോം എന്നിവര്‍ പറഞ്ഞു. 150 യുവജനങ്ങള്‍ നിറഞ്ഞാടുന്ന സ്വാഗതഗാനം നല്ല ദൃശ്യവിരുന്നാകും നല്‍കുകയെന്ന് യു.കെ.കെ.സി.വൈ.എല്‍ ഭാരവാഹികള്‍ അറിയിച്ചു.

ക്നാനായക്കാരുടെ ചിരകാല അഭിലാഷമായ സ്വന്തമായ ദേവാലയ സാക്ഷാത്കാരത്തിന്റെ ആദ്യ ചുവടായ സെന്റ് മൈക്കിള്‍സ് ചാപ്പല്‍ വെഞ്ചിരിപ്പ് കര്‍മ്മം വ്യാഴാഴ്ച വൈകുന്നേരം മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വ്വഹിക്കും.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

ഡെര്‍ബി: ആരാധനാ സ്തുതികള്‍ ഭക്തിസാന്ദ്രമാക്കിയ ഡെര്‍ബി തിരുനാള്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവം സമ്മാനിച്ചു. ഞായറാഴ്ച ഡെര്‍ബി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ നടന്ന തിരുനാള്‍ കര്‍മ്മങ്ങളില്‍ ഈസ്റ്റ് മിഡ്ലാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് ജോസഫ്സ് പള്ളി വികാരി കൊടി ഉയര്‍ത്തിയതോടെയാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായത്.

തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് റവ. ഫാ. ടോം പാട്ടശ്ശേരില്‍ നേതൃത്വം നല്‍കി. വിശ്വാസികളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ബലിയര്‍പ്പണം ഏറെ ശ്രദ്ധേയമായി. ജീവിതത്തില്‍ കടന്നുവരുന്ന സഹനങ്ങളെ വി. അല്‍ഫോന്‍സാമ്മയുടെ മനോഭാവത്തോടെ സ്വീകരിക്കാനാകണമെന്ന് തിരുനാള്‍ സന്ദേശം നല്‍കിയ റവ. ഫാ. റ്റോമി എടാട്ട് ഓര്‍മ്മിച്ചു. സ്വയം ഉണ്ടാക്കുന്ന സഹനങ്ങളും മറ്റുള്ളവര്‍ നല്‍കുന്ന സഹനങ്ങളും ദൈവം നല്‍കുന്ന സഹനങ്ങളും ജീവിതത്തിലുണ്ടെന്നും ദൈവം തരുന്ന സഹനത്തിന്റെ കൂടെ പ്രതിഫലമാകുന്ന മഹത്വത്തിന്റെ കിരീടവും ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി നടന്ന ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി. അടിമ വയ്ക്കുന്നതിനും കഴുന്ന് എഴുന്നുള്ളിക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. ബോള്‍ട്ടണ്‍ ബോയ്സ് ചെണ്ടയില്‍ തീര്‍ത്ത താള വിസ്മയും കാഴ്ചക്കാര്‍ക്ക് വിരുന്നായി. വിഭവസമൃദ്ധമായ സ്നേഹവിരുന്നിന്റെ സന്തോഷവും പങ്കുവെച്ചാണ് തിരുനാള്‍ സമാപിച്ചത്.

വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ്, പ്രസുദേന്തിമാര്‍ തുടങ്ങിയവര്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ബാബു ജോസഫ്

നിങ്ങളുടെ ദുഖങ്ങളും സന്തോഷങ്ങളും:- അത് മക്കളെക്കുറിച്ചാണെങ്കില്‍ നമ്മുടെ മനസ്സിന് ഒരു പക്ഷേ ഏറ്റവും ആഹ്ലാദകരമായ അനുഭവങ്ങള്‍ നല്‍കിയിരിക്കുന്നത് നമ്മുടെ മക്കളുമായി ചിലവിട്ട വിലപ്പെട്ട സമയങ്ങളായിരിക്കും. നിര്‍ഭാഗ്യവശാല്‍ അവര്‍ തന്നെയാവും ചിലപ്പോള്‍ നമ്മുടെ ഏറ്റവും ദുഃഖത്തിന്റെയും ആധിയുടെയും കാരണമായിത്തീര്‍ന്നിരിക്കുന്നതും.

നമ്മുടെ തെറ്റും ശരിയും

പൊയ്‌പ്പോയ നമ്മുടെ യുവത്വത്തിന്റെ, ഇല്ലായ്മയുടെയും, പരാജയത്തിന്റെയും കുറവുകളുടെയും നേരേ ഒരു കനത്ത മൂടുപടം ഇടാന്‍ നടത്തുന്ന വെമ്പലിന്റെ ഒരു പ്രതിഫലനം ആണ് ഇന്നത്തെ കുട്ടികളുടെ മേല്‍ നാം അടിച്ചേല്‍പ്പിക്കുന്ന ‘comepetitive mentality’. ആഴ്ചയുടെ ഏഴു ദിവസവും, ഓരോ മണിക്കൂര്‍ പോലും സ്വിമ്മിംഗ് മുതല്‍ ‘കരാട്ടേ’ വരെയുള്ള എല്ലാം കൊടുക്കാന്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കുന്നു. അതിനു പുറമെയാണ് ഓണ്‍ലൈന്‍ ട്യൂഷന്‍ മുതല്‍ ഗ്രാമര്‍ സ്‌കൂള്‍ അഡ്മിഷന്‍ വരെയുള്ള നെട്ടോട്ടം. ഇവയൊന്നും തെറ്റായി ചിത്രീകരിക്കുകയല്ല.

കുട്ടികളുടെ കൗമാരപ്രായം

വളര്‍ച്ചയുടെ ഒരു പ്രത്യേക കാലഘട്ടത്തിലൂടെ ബദ്ധപ്പെട്ടു വളര്‍ന്നു വരുന്ന കുരുന്നുകള്‍ക്ക് അവരുടെ വളര്‍ച്ചയിലുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങള്‍ പോലും ചിലപ്പോള്‍ അവര്‍ക്കു തന്നെ അംഗീകരിക്കാന്‍ പറ്റാതെ വരുന്നു. കൗമാര പ്രായത്തിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന ‘Aggressiveness’, സാമൂഹിക കാര്യങ്ങളിലെ നിസ്സംഗത; ആധ്യാത്മിക വിശ്വാസത്തിലെ വൈകൃതങ്ങള്‍ ഇവയെല്ലാം നമ്മെ അമ്പരപ്പിക്കുന്നു.

എന്റെ ഓര്‍മ്മത്തെറ്റ്

ഇതിനെല്ലാം ഒരേ ഒരു കാരണം, കുട്ടികള്‍ക്ക് അതിന്റെ ഏറ്റവും കുരുന്നു പ്രായത്തില്‍ത്തന്നെ കൊടുക്കേണ്ടത് നമ്മുടെ കടമയായിരുന്നത് നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നുപോയി എന്ന് പറയേണ്ടിയിരിക്കുന്നു. നമ്മുടെ സ്‌നേഹം പരമാവധി കൊടുത്ത്, എല്ലാ സൗകര്യങ്ങളും കാണിച്ചും പറഞ്ഞും കൊടുത്തപ്പോഴും; പരമ സ്‌നേഹമായി നമുക്കുവേണ്ടി മരിച്ച നമ്മുടെ കര്‍ത്താവിനെ ചൂണ്ടിക്കാണിക്കാന്‍ നമ്മുടെ വിരലുകള്‍ ഉയര്‍ന്നില്ല, മുട്ടുകള്‍ കുനിഞ്ഞില്ല.

തലമുറയ്ക്കു വേണ്ടിയുള്ള പ്രത്യാശ

നമ്മളും നമ്മുടെ കുട്ടികളും ജീവിക്കുന്ന, അല്ലെങ്കില്‍ ജീവിക്കാന്‍ പോകുന്ന ലോകം അത്ര എളുപ്പമുള്ളവയായിരിക്കില്ല. ലോകത്തിന്റെ പല സ്ഥലങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന അക്രമവും അരാജകത്വവും നമ്മുടെ തൊട്ടടുത്തിരിക്കുന്നതു പോലെ ആയിരിക്കുന്നു. ജാതിമത പ്രായ വര്‍ഗ്ഗഭേദമെന്യേ, അനൈക്യത്തിന്റെ പാതയിലൂടെ നീങ്ങിത്തുടങ്ങിയിരിക്കുന്നു. അരാജകത്വം (Anarchy) അസമാധാനത്തിനും, അസമാധാനം തകര്‍ച്ചയ്ക്കും കാരണമായിക്കൊണ്ടിരിക്കുന്നു. പ്രകാശമില്ലായ്മ അന്ധകാരമാണ്.

അന്ധകാരം പാപത്തിന്റെ പരിണതഫലവും. പാപത്തിന്റെ വഴികള്‍ അനവധിയാണ്. അവയെല്ലാം നമുക്ക് അറിയുകയും ചെയ്യാം. നമ്മള്‍ എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന ഒരു ചെറിയ മൊബൈല്‍ ഫോണ്‍ പോലും എത്രയേറെ അപകടം വരുത്തി വയ്ക്കുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ ധൈര്യമായി മുമ്പോട്ടു ചലിക്കുവാന്‍ നമുക്കു പ്രതീക്ഷയുണ്ട്.

ബൈബിള്‍ പറയുന്നു: ‘പാപം വര്‍ദ്ധിച്ചിടത്ത് കൃപയും അതിലേറെ വര്‍ദ്ധിച്ചു’ എന്ന്. സങ്കീര്‍ത്തകന്‍ കുഞ്ഞുങ്ങളെക്കുറിച്ച് പറയുന്നത് ‘ദൈവത്തിന്റെ ദാനം’ എന്നുമാണ്.

കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമോ?

മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണം. നമ്മുടെ വീടിന്റെ വാതിക്കല്‍ നമ്മെക്കാത്തു നില്‍ക്കുന്ന പാപത്തെ ദൂരെ മാറ്റി നിറുത്തുക. ഒരു ‘Natural Calamity’; ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായി, വെള്ളപ്പാച്ചില്‍ നമുക്കു നേരെ വരുന്നതു കാണുമ്പോള്‍, നാം തലയില്‍ കൈവച്ച് ദൈവമേ എന്ന് ഉച്ചത്തില്‍ നിലവിളിക്കും. അതുപോലെ ഈ തലമുറയുടെ പ്രശ്‌നങ്ങള്‍ ഒരു സുനാമി വരുന്നതു പോലെ കണ്ട് നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

പ്രാര്‍ത്ഥിക്കാന്‍ എനിക്ക് എന്തെങ്കിലും അവസരമുണ്ടോ?

2017 ആഗസ്റ്റ് മാസം 14-ാം തീയതി തിങ്കളാഴ്ച നിങ്ങളെ ഓരോരുത്തരെയും ബര്‍മിംഗ് ഹാമിലുള്ള സെന്റ്‌ജെറാഡ് പള്ളിയിലേക്ക് ക്ഷണിക്കുന്നു. സെഹിയോന്‍ യുകെ ഡയറക്ടര്‍ ബഹുമാനപ്പെട്ട സോജി ഓലിക്കല്‍ അച്ഛന്റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു വേണ്ടി പ്രത്യേക പ്രോഗ്രാം. മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യകതയെക്കുറിച്ചും, മാതാപിതാക്കളുടെ തന്നെ അനുഭവ സാക്ഷ്യങ്ങളും ചേര്‍ത്ത് ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളുമായി വീണ്ടും സെഹിയോന്‍ ടീം. നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തുന്ന ധ്യാനങ്ങള്‍, ‘School of Evangelisation’ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നമുക്കായി പങ്കുവയ്ക്കുന്നു.

ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി മാറ്റിവയ്ക്കാന്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍, ഈ അവസരം ഉപകാരപ്പെടട്ടെ. ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി അവരെ ഒരുക്കുന്ന, റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമും നയിക്കുന്ന ‘പേരന്റല്‍ ട്രെയിനിംഗ്’ ഓഗസ്റ്റ് 14 ന് ബിര്‍മിംഗ് ഹാം സെന്റ്‌ജെറാഡ് കാത്തലിക് പള്ളിയില്‍ നടക്കും.

രാവിലെ 9 ന് ജപമാലയോടെ തുടങ്ങുന്ന ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംഗിനുമുളള സൗകര്യം ഉണ്ടായിരിക്കും. മക്കള്‍ ഈശോയില്‍ വളരാനുതകുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ മുഴുവന്‍ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഓഗസ്റ്റ് 14 ന് ബിര്‍മിംഗ് ഹാമിലേക്കു ക്ഷണിക്കുന്നു.

സമയം: രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ

അഡ്രസ് :
St. Gerard Catholic Church
Castle Vale Birmingham – B35 6JT

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് മാത്യു 07888 843707

ഫാ.ബിജു കുന്നയ്ക്കാട്ട്

സ്റ്റോക്ക് ഓണ്‍ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടനയായ ‘സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടണ്‍’ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു. പതിനാലു വയസു വരെ മാത്രം ജീവിച്ച വിശുദ്ധ ഡൊമിനിക്ക് സാവിയോയാണ് സംഘടനയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍. ‘പാപത്തേക്കാള്‍ മരണം’ എന്ന വിശുദ്ധ ഡൊമിനിക്ക് സാവിയോയുടെ പ്രസിദ്ധമായ ആപ്തവാക്യം തന്നെയാണ് സംഘടനയുടെ ആപ്തവാക്യവും ദര്‍ശനവും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ കുട്ടിക്കള്‍ക്ക് വേണ്ടിയുള്ള സംഘടനയായ ‘സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ടണ്‍’ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യുന്നു. സാവിയോ ഫ്രണ്ട്സ് രൂപതാ ഡയറക്റ്റര്‍ റവ. ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. അരുണ്‍ കലമറ്റത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ആനിമേറ്റേഴ്‌സായ ജോസ് വര്‍ഗ്ഗീസ്, സിനി ആന്റണി, പോള്‍ ആന്റണി, ട്രസ്റ്റിമാരായ സുധീപ്് എബ്രാഹം, റോയി ഫ്രാന്‍സിസ്, കാറ്റകിസം ഹെഡ്മാസ്റ്ററായ തോമസ് വര്‍ഗ്ഗീസ് തൂടങ്ങിയവര്‍ സമീപം.

സ്റ്റോക്ക് ഓണ്‍ ട്രെന്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ചാണ് രൂപതാ തലത്തില്‍ സാവിയോ ഫ്രണ്ട്‌സ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. തോമാശ്ലീഹായുടെ വിശ്വാസദൃഢതയും ജീവിതദര്‍ശനവും അനുസ്മരിക്കപ്പെട്ട ദുക്‌റാന തിരുനാളില്‍ തന്നെ സാവിയോ ഫ്രണ്ട്‌സ് ഉദ്ഘാടനം ചെയ്യപ്പെടുന്നത് ഉചിതമായിരിക്കുന്നുവെന്ന് പിതാവ് അനുസ്മരിച്ചു. കുഞ്ഞുങ്ങളെ വിശുദ്ധിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് ഗൗരവമായ കടമയുണ്ടെന്ന് അഭിവന്ദ്യ പിതാവ് ഉദ്ഘാടനവേളയില്‍ ഓര്‍മ്മിപ്പിച്ചു. ഈ ആധുനിക കാലത്ത് യൂറോപ്പിന്റെ പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ വിശുദ്ധരായി വളര്‍ത്തുന്നത് അസാധ്യമാണെന്ന് നാം കരുതരുത്.

ലോകത്തില്‍ എല്ലാ സ്ഥലത്തും എല്ലാക്കാലത്തും വിശുദ്ധരായി ജീവിച്ചവരും പാപത്തില്‍ മുഴുകിയവരും ഉണ്ടായിരുന്നു. നന്മ തെരഞ്ഞെടുക്കേണ്ടതും അത് കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടതും നമ്മളാണ്. തിരുവചനം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും നൈര്‍മല്യത്തിലും വിശുദ്ധിയിലും ജീവിക്കുവാന്‍ സാധിക്കും. ജനനത്തിന്റെ ആദ്യനിമിഷം മുതല്‍ നന്മ കേള്‍ക്കാനും ഉത്തമ കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നുവരാനും അവര്‍ക്ക് അവസരമുണ്ടായാല്‍ കുഞ്ഞുങ്ങള്‍ വിശുദ്ധരും സമൂഹത്തിന് പ്രയോജനമുള്ളവരുമായി മാറുമെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

സാവിയോ ഫ്രണ്ട്‌സ് രൂപതാ ഡയറക്റ്റര്‍ റവ. ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. അരുണ്‍ കലമറ്റത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ആനിമേറ്റേഴ്‌സായ ജോസ് വര്‍ഗ്ഗീസ്, സിനി ആന്റണി, പോള്‍ ആന്റണി, ലിനോ പോള്‍ ട്രസ്റ്റിമാരായ സുധീപ് എബ്രാഹം, റോയി ഫ്രാന്‍സിസ്, കാറ്റകിസം ഹെഡ്മാസ്റ്ററായ തോമസ് വര്‍ഗ്ഗീസ് തൂടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ബാബു ജോസഫ്

ബിര്‍മിങ്ഹാം: ജൂലായ് മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 8 ന് ബിര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാന്‍ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടരും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഇവാന്‍ജലൈസേഷന്‍ കോ ഓര്‍ഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ ഞായറാഴ്ചയിലെ സാബത്താചരണത്തിന്റെയും അനുഗ്രഹത്തിന്റെയും വിടുതലിന്റെയും സുവിശേഷം പങ്കുവയ്ക്കാന്‍ ഇറ്റലിയില്‍നിന്നും പ്രമുഖ സുവിശേഷപ്രവര്‍ത്തകന്‍ ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍ എത്തുമ്പോള്‍ യുകെയുടെ തെരുവുകളില്‍ ഒരു പടയാളിയെപ്പോലെ ഒറ്റയ്ക്കും കൂട്ടായും യേശുക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കുന്ന സെഹിയോന്‍ യൂറോപ്പിന്റെ ജോസ് ബ്രദറും പങ്കുചേരുന്നു.

യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തകന്‍ ഗാരി സ്റ്റീഫനും കണ്‍വെന്‍ഷനില്‍ വചനപ്രഘോഷണം നടത്തും. പ്രായത്തിന്റെ പൂര്‍ത്തീകരണത്തില്‍ വന്നുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍ എങ്ങനെ തരണംചെയ്യാമെന്നും ജീവിതവിശുദ്ധി യേശുക്രിസ്തുവിനെ മുന്‍നിര്‍ത്തി പ്രഘോഷിക്കുകയും ചെയ്യുന്ന ക്ലാസ്സുകള്‍ ഇത്തവണ ടീനേജുകാര്‍ക്കും കിഡ്‌സ് ഫോര്‍ കിംഗ്ഡം ഐറിഷ് ടീം നയിക്കുന്ന പ്രത്യേക ക്ലാസുകള്‍ കുട്ടികള്‍ക്കും ഉണ്ടായിരിക്കും.

അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകര്‍ക്ക് ജീവിതനവീകരണം സാധ്യമാകുവാന്‍ ഈ കണ്‍വെന്‍ഷന്‍ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങള്‍ തെളിവാകുന്നു. ഏതൊരാള്‍ക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങിനും കണ്‍വെന്‍ഷനില്‍ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വര്‍ഷങ്ങളായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധ ശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.

കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൌജന്യമായി നല്‍കിവരുന്നു.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്. പതിവുപോലെ രാവിലെ 8ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

കണ്‍വെന്‍ഷനായുള്ള പ്രാര്‍ത്ഥനാ ഒരുക്ക ശുശ്രൂഷ ബര്‍മിംങ്ഹാമില്‍ നടന്നു. കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും യേശുനാമത്തില്‍ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബര്‍മിംങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .(Near J1 of the M5)
B70 7JW.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;
ഷാജി 07878149670.
അനീഷ്.07760254700

Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,
ടോമി ചെമ്പോട്ടിക്കല്‍ 07737935424.

മലയാളം യുകെ ന്യൂസ് ടീം.

ജൂലൈ 3, 2016.. മലയാളം യുകെ ന്യൂസിൽ ഫാ. ബിജു കുന്നയ്ക്കാട്ട് ഇങ്ങനെ എഴുതി.. “ലോകത്തിൻറെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ രണ്ടാഴ്ചകളിൽ യുകെയിലേയ്ക്കായിരുന്നു”.. ഞായറാഴ്ചയുടെ സങ്കീർത്തനത്തിൻറെ തുടക്കം കുറിച്ച വരികൾ ഇങ്ങനെയായിരുന്നു.  തുടക്കം ബ്രെക്സിറ്റിൽ.. യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൺ ‘തുടരണമോ വേണ്ടയോ’ എന്ന തീരുമാനത്തിൻറെ വിവിധ മാനങ്ങൾ ഫാ.ബിജു ചെറിയ ചിന്തയായി ലോകത്തോടു പങ്കുവെച്ചു.. ഇന്ന് പ്രവാസ ലോകത്തിൻറെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഞായറാഴ്ചയുടെ സങ്കീർത്തനം മാറുകയാണ്.. പൂർത്തിയാവുന്നത് ഒരു വർഷം.. ഞായറാഴ്ചയുടെ സങ്കീർത്തനം.. ആധുനിക ചിന്തകളുടെ വിശുദ്ധ ഗീതമാണിത്.. വിമർശനങ്ങൾ.. മുന്നറിയിപ്പുകൾ.. നമ്മിലേയ്ക്ക് നാം തന്നെ എത്തി നോക്കുന്നു.. പ്രത്യാശയുടെ നാളെകളിലേയ്ക്ക് നമ്മെ നയിക്കാൻ ബഹു. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ജീവനുള്ള ചിന്തകൾക്ക് കളിത്തൊട്ടിലായത് മലയാളം യുകെ ന്യൂസ്.

ഓൺലൈൻ വാർത്താലോകത്തെ ഒരു നവീന പ്രതിഭാസമായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. അനുദിന ജീവിതയാത്രയിലെ പ്രതിബിംബങ്ങൾക്കു നേരെയുള്ള വിമർശനാത്മകമായ ഒരു തിരിഞ്ഞുനോട്ടം. സ്നേഹശാസനകളുടെ ഹൃദയസ്പന്ദനങ്ങൾ സിരകളെ ഉത്തേജിപ്പിക്കുന്ന അനുഗ്രഹനിമിഷങ്ങളായി പ്രവാസികളുടെ ഞായറാഴ്ചയെ മാറ്റുന്ന വ്യത്യസ്തമായ ഒരു ചുവടുവയ്പാണിത്. ധാർമ്മികതയും നന്മയും സ്നേഹവും കാരുണ്യവും ചോദ്യം ചെയ്യപ്പെടുമ്പോൾ ‘അരുത്’ എന്നു നമ്മുടെ മനസിൽ പ്രകമ്പനം കൊള്ളുന്ന ശബ്ദവീചികളുടെ ഉറവിടമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഇത് മാധ്യമ ധർമ്മത്തിലെ വേറിട്ട ഏടുകൾ രചിക്കുന്ന പ്രത്യാശയുടെ കണികയുടെ തിളക്കത്തിന്റെ പ്രതിഫലനമാണ്.

തൂലികകൾ ചലിക്കുമ്പോൾ പ്രകമ്പനങ്ങൾ സൃഷ്ടിക്കപ്പെടണമെങ്കിൽ ഉത്ഭവിക്കുന്ന സന്ദേശം ശക്തമാകണം. ബഹു. ഫാദർ ബിജു ജോസഫ് കുന്നയ്ക്കാട്ട് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പബ്ബിക് റിലേഷൻസ് ഓഫീസറാണ്. ധാർമ്മികതയുടെ ശക്തമായ അടിത്തറയിലൂന്നിയ ഉജ്ജ്വലപ്രബോധനങ്ങളുടെ കാവൽക്കാരനായ ബിജു അച്ചൻറെ കരങ്ങളിൽ ഞായറാഴ്ചയുടെ സങ്കീർത്തനം ഭദ്രമെന്ന് മലയാളം യുകെയുടെ വായനക്കാർ നിസംശയം പ്രഖ്യാപിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം  ഒന്നാം വാർഷികമാഘോഷിക്കുമ്പോൾ അനുഗ്രഹാശിസുകളുമായി മലയാളം യുകെയുടെ പ്രിയ വായനക്കാർ മനസു തുറക്കുന്നു. നന്മയുടെയും പ്രതീക്ഷയുടെയും പുതുനാമ്പുകളായ ഞായറാഴ്ചയുടെ സങ്കീർത്തനത്തെ ഹൃദയത്തിലേറ്റിയ മലയാളം യുകെയുടെ പ്രിയ വായനക്കാരോട് മലയാളം യു കെ ന്യൂസ് ടീമിന്റെ കൃതജ്ഞത അറിയിക്കട്ടെ.

ഫാ. ബിജു കുന്നക്കാട്ട് മലയാളം യുകെ ന്യൂസിലൂടെ ലോകവുമായി പങ്കുവെച്ച ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ ആദ്യ ലേഖനം വായിക്കുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Njayarazhchayude sankeerthanam 1 – July 3rd 2016

ആശംസകളും അഭിനന്ദനങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.

ആധുനിക ലോകത്ത് വളരെയധികം അഭിനന്ദനീയമായ ഒരു മാതൃകയായി മാറുകയാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. ഭരമേൽപിക്കപ്പെട്ട ദൗത്യം, ഉദാഹരണങ്ങൾ വഴി സംവദിച്ചുകൊണ്ട് ഓൺലൈൻ മാധ്യമത്തിലൂടെ ജനതയ്ക്കു പ്രകാശമായും വഴികാട്ടിയായും വർത്തിക്കാനുള്ള ഉത്തരവാദിത്വമുള്ള ഒരു നിയോഗമാണ് ഫാ. ബിജു കുന്നയ്ക്കാട്ട് നിർവ്വഹിക്കുന്നത്. നാളെയുടെ തലമുറയ്ക്കായുള്ള നന്മയുടെ ചിന്തകൾ മലയാളം യുകെയിലൂടെ ലോകമെങ്ങും എത്തിച്ചേരട്ടെ. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു വർഷം പൂർത്തിയാക്കുന്ന ഈ ധന്യ നിമിഷത്തിൽ വായനക്കാർക്കും ലേഖകനും മലയാളം യുകെ ടീമിനും എല്ലാ അനുഗ്രഹങ്ങളും ഈ ദൗത്യം അഭംഗുരം തുടർന്നു പോകുവാനുള്ള ഇച്ഛാശക്തിയും ലഭിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഫാ.ജോൺ മുണ്ടയ്ക്കൽ CST, ജേഴ്സി ഐലൻഡ്.
ഓരോ ആഴ്ചയിലും ലോകത്ത് നടക്കുന്ന സംഭവങ്ങളെ ആത്മീയ തലത്തിൽ നിന്നു കൊണ്ട് വിശകലനം ചെയ്യുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം വളരെ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട്. ഓൺലൈൻ പത്രത്തിൽ കാണാൻ കഴിയാത്ത പ്രതിഭാസമാണിത്. മലയാളം യുകെയ്ക്ക് ആശംസകൾ.. ഞായറാഴ്ചയുടെ സങ്കീർത്തനം നൽകുന്ന ആകാംഷകൾ ഒരു ഞായറാഴ്‌ചയുടെ പരിശുദ്ധിയെ തുറന്നു കാട്ടുന്നു. യുവതലമുറയിലെ എൻറെ അനുജന് ആശംസകൾ നേരുന്നു.

സിസ്റ്റർ ഇന്നസെൻസ്യാ, സിസ്റ്റേർസ് ഓഫ് ചാരിറ്റി, ന്യൂ കാസിൽ.

ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ… അവിടെ നിന്നാണ് കുന്നയ്ക്കാട്ട് അച്ചന്റെ ലേഖനങ്ങൾ കാണുവാൻ ഇടയായത്. ആത്മീയതയുടെ വഴിയിലൂടെ അച്ചൻ എഴുതുന്ന ഞായറാഴ്ചയുടെ സങ്കീർത്തനം ആദ്ധ്യാത്മീക ജീവിതം നയിക്കാത്തവർക്ക് ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്. ജീവിതത്തിലെ പല പ്രശ്നങ്ങളേയും വളരെ ലളിതമായാണ് ഞായറാഴ്ചയുടെ സങ്കീർത്തനത്തിൽ വിശദീകരിക്കുന്നത്. ആദ്ധ്യാത്മീക ജീവിതത്തിലെ സങ്കീർത്തനം എന്നും പറയുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. എല്ലാം ഒത്തുചേരുന്ന ഒരു സങ്കീർത്തനം.

ജി. വേണുഗോപാൽ, പ്രശസ്ത ഗായകൻ
ഞാൻ പലപ്പോഴും വളരെ ആകാംക്ഷയോടെ വായിക്കുന്ന ഒരു ലേഖനമാണ് ഞായറാഴ്ചയുടെ സങ്കീർത്തനം. പേരിൽ തന്നെ ഒരു സംഗീതമുണ്ട്. കഴിഞ്ഞ തവണ ഞാൻ യുകെയിൽ വന്നപ്പോഴാണ് ആദ്യമായി ഞായറാഴ്ചയുടെ സങ്കീർത്തനം ശ്രദ്ധയിൽ പെട്ടത്. ഒരു വർഷത്തിനു ശേഷവും ആനുകാലിക പ്രശസ്തിയുള്ള വിഷയങ്ങളെ കോർത്തിണക്കി ഞായറാഴ്ചയുടെ സങ്കീർത്തനം തുടരുന്നതിൽ ഒത്തിരി സന്തോഷിക്കുന്നു. ഞായറാഴ്ചയുടെ സങ്കീർത്തനം ഒരു സംഗീതമായി മലയാളികളുടെ ഇടയിൽ പെയ്തിറങ്ങട്ടെയെന്ന് ആശംസിക്കുന്നു.

റ്റിജി തോമസ്, മാക് ഫാസ്റ്റ് തിരുവല്ല.
ഞായറാഴ്ചയുടെ സങ്കീർത്തനത്തിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ. ഫാ. ബിജു കുന്നയ്ക്കാട്ടിൻറെ ഞായറാഴ്ചയുടെ സങ്കീർത്തനം തുടർ ദിനങ്ങളിലും നമ്മുടെ ചിന്തകളെ പ്രചോദിപ്പിക്കുന്നു. ചുറ്റുമുള്ള വിഷയങ്ങളിലെ പ്രസാദാത്മകതയിലേയ്ക്ക് ഒരു യോഗിയുടെ അവധാനതയോടെ ഞായറാഴ്ചയുടെ സങ്കീർത്തനം നമ്മെ നയിക്കുന്നു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയെ അവലംബിച്ച് അച്ചൻ എഴുതിയ ഞായറാഴ്ചയുടെ സങ്കീർത്തനം, കൈകാര്യം ചെയ്യുന്ന വിഷയങ്ങൾക്കും അതിൻറെ സമകാലീനതയ്ക്കും വ്യക്തമായ ഉദാഹരണമാണ്. കൂടുതൽ പ്രകാശം ചൊരിയുന്ന സങ്കീർത്തനങ്ങൾക്കായി കാത്തിരിക്കുന്നു.

ജോമോൻ ജേക്കബ്, പാസഡീന, അമേരിക്ക.

“സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ” ഇരുപത്തിമൂന്നാം ഞായറാഴ്ചയുടെ സങ്കീർത്തനം. അവധിക്ക് നാട്ടിലെത്തിയപ്പോൾ സ്ഥിരമായി സങ്കീർത്തനം വായിക്കുന്ന എൻറെ സുഹൃത്തുമായുള്ള സംസാരത്തിലാണ് സങ്കീർത്തനത്തെക്കുറിച്ചറിയുവാൻ സാധിച്ചത്. കുറവിലങ്ങാടാണ് എൻറെ ദേശം. അത് സങ്കീർത്തനത്തിൽ വിഷയമാകുന്നില്ല. പക്ഷേ, ഇപ്പോൾ സങ്കീർത്തനം ജീവിതത്തിൽ വിഷയമായി തുടങ്ങിയിരിക്കുന്നു. ഭൗതീകതയും ആദ്ധ്യാത്മീകതയും തമ്മിലുള്ള സംഗമം. ” ഞായറാഴ്ചയുടെ സങ്കീർത്തനം ” ഫാ. ബിജു കുന്നയ്ക്കാട്ടിന് ആശംസകൾ

 

സാബു ചുണ്ടക്കാട്ടില്‍

ഇന്നലെ മാഞ്ചസ്റ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു കൊച്ചു കേരളമായി മാറുകയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത അപൂര്‍വ സുന്ദര ദിനത്തിനാണ് ഇന്നലെ മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്. പൊന്നിന്‍ കുരിശുകളും വെള്ളികുരിശുകളും, മുത്തുക്കുടകള്‍ ഏന്തിയ മങ്കമാരും, ഗാനമേളയും എല്ലാം പ്രവാസി ആയി എത്തിയപ്പോള്‍ നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന തിരുന്നാള്‍ അനുഭവങ്ങളിലേക്ക് ഏവരെയും കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. മാഞ്ചസ്റ്ററിന്റെ തെരുവീഥികള്‍ വിശ്വാസികളാല്‍ നിറഞ്ഞപ്പോള്‍ മികച്ച ജനപങ്കാളിത്തം കൊണ്ടും സംഘടനാ മികവിനാലും തിരുന്നാള്‍ ചരിത്രമായി.

ആര്‍ഷഭാരത സംസ്‌കാരവും,ആംഗലേയ സംസ്‌കാരവും കൂട്ടിയിണക്കി തുടര്‍ച്ചയായ 12 വര്‍ഷവും നടക്കുന്ന തിരുന്നാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു ആയിരങ്ങള്‍ക്ക് സായൂജ്യം. മാര്‍തോമാശ്ലീഹായുടെ പാരമ്പര്യം പേറി ജീവിക്കുന്ന കേരള നസ്രാണികളുടെ പാരമ്പര്യത്തിന്റെ ഉച്ചത്തിലുള്ള പ്രഘോഷണമായി മാറുകയായിരുന്നു തിരുന്നാള്‍ ആഘോഷങ്ങള്‍.

ഇന്നലെ രാവിലെ 10 മണി ആയപ്പോഴേക്കും വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയം നിറഞ്ഞു കവിഞ്ഞിരുന്നു. അള്‍ത്താരയും പള്ളിപരിസരവും എല്ലാം കൊടിതോരണങ്ങളാല്‍ തിളങ്ങിയപ്പോള്‍ ആദ്യ പ്രദക്ഷിണം ഗില്‍ഡ് റൂമില്‍ നിന്നും ആരംഭിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തിയ വൈദിക ശ്രേഷ്ഠരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചു കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിച്ച സെന്റ് ആന്റണീസ് ദേവാലയത്തിന്റെ അള്‍ത്താരയിലേക്ക് ആനയിച്ചതോടെ ഇടവ വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരിയുടെ ആമുഖ പ്രസംഗത്തോടെ അത്യാഘോഷപൂര്‍വ്വമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് തുടക്കമായി. പന്ത്രണ്ടോളം വൈദികര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികത്വം വഹിച്ചു.

വിശുദ്ധ തോമാശ്ളീഹാ തെളിയിച്ചുതന്ന വിശ്വാസ ദീപത്തെ മുറുകെ പിടിച്ചു ക്രിസ്തുവിന്റെ സാക്ഷികളായി ജീവിക്കുവാനും,
മനസാന്തരത്തിന്റെയും, പൊരുത്തപ്പെടലിന്റെയും അവസരമായി തിരുന്നാള്‍ മാറണമെന്നും ദിവ്യബലി മദ്ധ്യേ നല്‍കിയ സന്ദേശത്തില്‍ മാര്‍ ജോസഫ് സ്രശാമ്പിക്കല്‍ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.
ഇടവകയിലെ ഗായക സംഘത്തിന്റെ ശ്രുതിശുദ്ധമായ ആലാപനങ്ങള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ദിവ്യബലിയെ തുടര്‍ന്ന് മിഷന്‍ ലീഗ് ഉത്ഘാടനം

ദിവ്യബലിയെ തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ യുവജന സംഘടന ആയ മിഷന്‍ലീഗിന്റെ ഇടവക തല ഉത്ഘാടനം അഭിവന്ദ്യ പിതാവ് നിര്‍വഹിച്ചു. കുട്ടികള്‍ക്ക് പതാകകള്‍ നല്‍കികൊണ്ടായിരുന്നു ഉത്ഘാടനം നടന്നത്.

ദിവ്യബലിയെ തുടര്‍ന്ന് ലോനപ്പന്‍ അച്ചന്റെ പിറന്നാള്‍ ആഘോഷവും ഇന്നലെ ജന്മദിനം ആയിരുന്ന ലോനപ്പന്‍ അച്ചന്റെ പിറന്നാള്‍ ആഘോഷവും ദിവ്യബലിയെ തുടര്‍ന്ന് നടന്നു. ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ പിതാവിനൊപ്പം കേക്ക് മുറിച്ചുകൊണ്ടായിരുന്നു ആഘോഷം. ഇടവകയിലെ മാതൃവേദി പ്രവര്‍ത്തകര്‍ അച്ചന് ബൊക്കെയും ആശംസാ കാര്‍ഡുകളും സമ്മാനമായി നല്‍കി.

ഇതേ തുടര്‍ന്ന് നടന്ന ലദീഞ്ഞിനെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണത്തിനു തുടക്കമായി. പതാകകള്‍ ഏന്തി സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും യുവജന സംഘടനകളും പ്രദക്ഷിണത്തിന്റെ മുന്‍നിരയില്‍ അണിനിരന്നപ്പോള്‍ പൊന്നിന്‍ കുരിശുകളും, വെള്ളികുരിശുകളും, മരക്കുരിശുകളും, മുത്തുക്കുടകളും എല്ലാം പ്രദക്ഷിണത്തില്‍ അണിനിരന്നു. പ്രദക്ഷിണ വീഥികളില്‍ ഗതാഗതം നിയന്ത്രിച്ചു പോലീസ് പ്രദക്ഷിണത്തിനു വഴിയൊരുക്കി. വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുസ്വരൂപങ്ങളും വഹിച്ചു മാഞ്ചസ്റ്ററിന്റെ തെരുവീഥികളില്‍കൂടി നടന്ന തിരുന്നാള്‍ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി മാറുകയായിരുന്നു. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ച വിതരണവും, സ്‌നേഹവിരുന്നും നടന്നു. ഇതേ തുടര്‍ന്ന് കൃത്യം മൂന്നുമണിക്ക് ഫോറം സെന്ററിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

മനം നിറഞ്ഞു വേണുഗോപാലിന്റെ ഗാനമേള

ഇടവക വികാരി റവ.ലോനപ്പന്‍ അരങ്ങശ്ശേരി ഏവര്‍ക്കും സ്വാഗതം ആശംസിച്ചതോടെ മലയാളത്തിന്റെ പ്രിയ ഗായകന്‍ ജി വേണുഗോപാല്‍ വേദിയില്‍ എത്തിയപ്പോള്‍ നിലക്കാത്ത കൈയടികളോടെയാണ് കാണികള്‍ വേണുഗോപലിനെ സ്വീകരിച്ചത്. തുടര്‍ന്ന് ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ എന്ന ഭക്തി ഗാനത്തോടെ ഗാനമേളക്ക് തുടക്കമായി. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാര്‍ സിംഗര്‍ ഡോ.വാണി ഉള്‍പ്പെടെയുള്ള ഗായകര്‍ പാടിക്കയറിയപ്പോള്‍ ഒരിക്കലും മറക്കാനാവാത്ത സംഗീത രാവിനാണ് മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിച്ചത്. ജി.വേണുഗോപാല്‍ മെലഡികള്‍ വഴി കാണികളുടെ കൈയടി ഏറ്റുവാങ്ങിയപ്പോള്‍ ഡോ.വാണിയും, ഡോ ഭഗത്തുമെല്ലാം ഫാസ്റ്റ് നമ്പറുകളിലൂടെ കത്തിക്കയറിയപ്പോള്‍ ഫോറം സെന്ററില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് മികച്ച വിരുന്നായി.

നിറക്കൂട് എന്ന ചിത്രത്തിലെ പൂമാനമേ ..എന്ന ഗാനവും മൂന്നാം പക്കം എന്ന സിനിമയിലെ ഉണരുമീ ഗാനം എന്നിവയും കാണികള്‍ നിറഞ്ഞ കൈയടികളോടെ ഏറ്റുവാങ്ങി. പാട്ടിനൊപ്പം ചുവടു വെച്ച് കുട്ടികളും വേദിയില്‍ എത്തിയതോടെ ഗാനമേള ഏവരും നന്നായി ആസ്വദിച്ചു.ുകെയിലെ പ്രമുഖ മ്യൂസിക് ബാന്‍ഡായ റെയിന്‍ബോ രാഗാസ് ആണ് ലൈവ് ഓര്‍ക്കസ്ട്ര ഒരുക്കിയത്.

ഇടവേളയില്‍ റാഫിള്‍ നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ഒന്നര പവന്‍, രണ്ടാം സമ്മാനമായി ഒരു പവന്‍, മൂന്നാം സമ്മാനമായി അര പവന്‍ സ്വര്‍ണ്ണവും സമ്മാനമായി നല്‍കി. കൂടാതെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും വിജയികള്‍ക്ക് നല്‍കി. ഇടവക വികാരി റെവ.ഡോ ലോനപ്പന്‍ അരങ്ങാശേരി,ട്രസ്റ്റി മാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ട്വിങ്കിള്‍ ഈപ്പന്‍, എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച 101 അംഗ കമ്മറ്റി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തിരുന്നാള്‍ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഇടവക വികാരി റവ.ഡോ ലോനപ്പന്‍ അരങ്ങാശേരി, തിരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ സാബു ചുണ്ടക്കാട്ടില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി.

സഖറിയ പുത്തന്‍കളം

ചെല്‍ട്ടണ്‍ഹാം: യു.കെ.കെ.സി.എ.യുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സ്വാഗതഗാന നൃത്തത്തിനായി യു.കെ.കെ.സി.എ ഒരുങ്ങുന്നു. 20 യൂണിറ്റിലെ 151 യുവതീ യുവാക്കളും കൗമാര പ്രായക്കാരും തകര്‍ത്താടുന്ന സ്വാഗതഗാന നൃത്തം ചരിത്രത്തിലെ സുവര്‍ണ ഇതളുകളില്‍ വജ്രലിപികളാല്‍ എഴുതപ്പെടും.

ദ്രുതതാളത്തില്‍ ക്നാനായ വികാരാവേശം നിറഞ്ഞുനില്‍ക്കുന്ന സ്വാഗതഗാനനൃത്തം യു.കെ.കെ.സി.വൈ.എല്‍ അംഗങ്ങളാണ് അവതരിപ്പിക്കുന്നത്. യുവത്വത്തിന്റെ ഊര്‍ജ്ജവും പ്രസരിപ്പും നിറഞ്ഞാടുന്ന സ്വാഗതഗാന നൃത്തം ജോക്കി ക്ലബ്ബിലെ അതിപ്രൗഢിയാര്‍ന്ന വേദിയില്‍ നിറഞ്ഞാടുമ്പോള്‍ യു.കെ.കെ.സി.വൈ.എല്‍.നും അഭിമാനമാണെന്ന് യു.കെ.കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണ്‍ സജി പറഞ്ഞു.

ക്നാനായ കാത്തലിക് വിമണ്‍സ് ഫോറം അണിയിച്ചൊരുക്കുന്ന നടന സര്‍ഗ്ഗം അതി മനോഹരമായ ദൃശ്യവിരുന്നായിരിക്കും 500ലധികം ക്നാനായ യുവതികള്‍ അണിയിച്ചൊരുക്കുന്ന നടന സര്‍ഗ്ഗം മാര്‍ഗ്ഗം കളിയും പരിചമുട്ട്, തിരുവാതിര, ഒപ്പന എന്നിവ സമ്മിശ്രമായി അണിചേരുമ്പോള്‍ പുതുചരിത്രമാകും യു.കെ.കെ.സി.വൈ.എ സൃഷ്ടിക്കുക.

തുടര്‍ന്ന് യു.കെ.കെ.സി.വൈ.എ.യുടെ പ്രൗഢഗംഭീരമായ റാലി നടക്കും വിശിഷ്ടാതിഥികള്‍ യു.കെ.കെ.സി.വൈ.എ ഭാരവാഹികള്‍, യു.കെ.കെ.സി.വൈ.എല്‍., വിമണ്‍സ് ഫോറം ഭാരവാഹികള്‍, ശുഭ്രവസ്ത്രധാരികളായ നാഷണല്‍ കൗണ്‍സില്‍ മെമ്പേഴ്സ് തുടര്‍ന്ന് വിവിധ യൂണിറ്റുകള്‍ അക്ഷരമാല ക്രമത്തില്‍ അണിചേരും.

യു.കെ.കെ.സി.വൈ.എ പ്രസിഡന്റ് ബിജു മടക്കക്കുഴി, ജനറല്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയിസ്റ്റീഫന്‍ എന്നിവര്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

ഫാ. ബിജു കുന്നയ്ക്കാട്ട്

നോട്ടിംഗ്ഹാം: വി. തോമാശ്ലീഹയുടെയും വി. അല്‍ഫോന്‍സാമ്മയുടെയും ജീവിതത്തിന്റെ കാഴ്ചപ്പാടുകളും ജീവിത ദര്‍ശനങ്ങളും സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണ് തിരുനാളുകളെന്ന് റവ. ഫാ. റ്റോമി എടാട്ട്. പ്രസിദ്ധമായ നോട്ടിംഗ്ഹാം തിരുനാളില്‍ ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന തോമാശ്ലീഹായുടെ പ്രഖ്യാപനം ഈശോയെ അനുഭവിച്ചറിഞ്ഞ കാഴ്ചപ്പാടിന്റെ പ്രഖ്യാപനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്താംപ്റ്റണ്‍ രൂപതയിലെ റവ. ഫാ. ഷൈജു നടുവത്താനിയില്‍ അര്‍പ്പിച്ച ദിവ്യബലി ഭക്തിസാന്ദ്രമായി. ദിവ്യബലിക്ക് ശേഷം ലദീഞ്ഞു പ്രാര്‍ത്ഥന, കുട്ടികളെ അടിമവയ്ക്കല്‍, കഴുന്ന് എഴുന്നള്ളിക്കല്‍ തുടങ്ങിയവയും നടന്നു. നോട്ടിംഗ്ഹാമിലും പരിസര പ്രദേങ്ങളില്‍ നിന്നുമായി വന്‍ ജനാവലി തിരുനാളാഘോഷത്തില്‍ പങ്കുചേര്‍ന്നു. സ്നേഹവിരുന്നിന്റെ സന്തോഷം പങ്കുവെച്ചാണ് ഭക്തജനങ്ങള്‍ പിരിഞ്ഞത്. തിരുനാളാഘോഷങ്ങള്‍ക്ക് വികാരി റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ഡേവിഡ് പാല്‍മര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈസ്റ്റ് മിഡ്ലാന്‍സിലെ മറ്റൊരു പ്രധാന തിരുനാളായ ‘ഡെര്‍ബി തിരുനാള്‍’ ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ ഡെര്‍ബി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വച്ച് നടക്കും. റവ. ഫാ. ജോണ്‍ ട്രെന്‍ച്ചാര്‍ഡ് പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ. ടോം പാട്ടശ്ശേരില്‍, റവ. ഫാ. റ്റോമി എടാട്ട്, റവ. ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. ദിവ്യബലിയുടെ സമാപനത്തില്‍ ആഘോഷപൂര്‍വ്വമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. കുട്ടികളെ അടിമ വയ്ക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ബര്‍ട്ടണ്‍ ബോയ്സ് അണിനിരക്കുന്ന ചെണ്ടമേളം കാഴ്ചക്കാര്‍ക്ക് വിരുന്നാകും. സ്നേഹവിരുന്നോട് കൂടിയാണ് തിരുനാളാഘോഷങ്ങള്‍ സമാപിക്കുന്നത്. തിരുനാളില്‍ പങ്കുചേരാന്‍ എല്ലാവരെയും പ്രസുദേന്തിമാരുടെയും കമ്മിറ്റിയംഗങ്ങളുടെയും പേരില്‍ യേശുനാമത്തില്‍ ക്ഷണിക്കുന്നു.

പള്ളിയുടെ അഡ്രസ് : Buron Road, Derby, DE 11 TQ

RECENT POSTS
Copyright © . All rights reserved