ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് ഏപ്രില്‍ 12ന് വൈകീട്ട് 7 മണിക്ക് സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ആദ്യ യോഗം നടന്നു. അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ പ്രവാസികളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി എത്തിക്കുന്നതിനും ആത്മീയ ശുശ്രൂഷകളും മറ്റ് സഭാപ്രവര്‍ത്തനങ്ങളും ഏകോപിക്കുന്നതിനു വേണ്ടി എട്ട് റീജിയണുകളായി തിരിച്ചുവെന്നും ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ കോര്‍ഡിനേറ്ററായി റവ. ഫാ. പോള്‍ വെട്ടിക്കാട്ട് CST യെ നിയോഗിച്ചതായും അറിയിച്ചു.

രൂപതാതലത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ അജപാലന പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഈ എട്ട് റീജിയണുകളില്‍ കൂടിയായിരിക്കും നടപ്പിലാക്കുന്നത്. ബൈബിള്‍ കണ്‍വന്‍ഷനുകള്‍, ബൈബിള്‍ ക്വിസ് കലോത്സവങ്ങള്‍, വുമണ്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ അംവിധാനത്തിലൂടെ കാര്യക്ഷമമാക്കുവാന്‍ കഴിയുമെന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു.

ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളായ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനം ജൂലൈ 16നും, ബഹുമാനപ്പെട്ട ഫാ.സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 28നും സോണല്‍ ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 7നും ഫാത്തിമാ തീര്‍ത്ഥാടനം ജൂലൈ 25, 26 തീയതികളിലും രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ 4നും നടത്തപ്പെടും.

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇവരാണ്:

ട്രസ്റ്റി: ഫിലിപ്പ് കണ്ടോത്ത് (ഗ്ലോസ്റ്റര്‍), ജോയിന്റ് ട്രസ്റ്റിമാരായി റോയി സെബാസ്റ്റ്യന്‍ (ബ്രിസ്റ്റോള്‍), ജോസി മാത്യു (കാര്‍ഡിഫ്), ഷിജോ തോമസ് (എക്‌സിറ്റര്‍), ജോണ്‍സന്‍ പഴംപള്ളി (സ്വാന്‍സി), ട്രഷറര്‍ ആയി ബിജു ജോസഫ് (ബ്രിസ്റ്റോള്‍), സെക്രട്ടറിയായി ലിജോ പടയാട്ടില്‍ (ബ്രിസ്റ്റോള്‍), പി ആര്‍ ഓ ആയി സിസ്റ്റര്‍ ഗ്രേസ് മേരി ചെറിയാന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ടവര്‍ പിതാവ് അഭിനന്ദിക്കുകയും അതോടൊപ്പം നേതൃസ്ഥാനത്ത് സേവനം ചെയ്യുന്നവര്‍ കൂടുതല്‍ സമര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും ആഹ്വാനം ചെയ്തു.

എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ മതബോധന ഡയറക്ടര്‍ ആയ ഫാ. ജോയി വയലില്‍ CST സീറോ മലബാര്‍ സഭയുടെ പൈതൃകമനുസരിച്ചുള്ള ഒരു Cathechetical forum 8 റീജിയനുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്ഥാപിക്കുമെന്നും അങ്ങനെ മതബോധന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും അറിയിച്ചു.

വിവിധ കുര്‍ബാന സെന്ററുകളില്‍ നിന്നെത്തിയ വൈദികരായ റവ. ഫാ. സണ്ണി പോള്‍ MSFS, റവ. ഫാ. അംബ്രോസ് മാളിയേക്കല്‍ IC, റവ. ഫാ. ജോസ് മാളിയേക്കല്‍ MSFS, റവ. ഫാ. വില്‍സണ്‍ കൊറ്റം MSFS, റവ. ഫാ. ജോസ് പൂവനിക്കുന്നേല്‍ CSSR, റവ. ഫാ. ജോയി വയലില്‍ CST, ഡീക്കന്‍ ജോസഫ് ഫിലിപ്പ്, സിസ്റ്റര്‍ ഗ്രേസ് മേരി, സിസ്റ്റര്‍. ലീന മേരി പ്രതിനിധികളായെത്തിയ അല്‍മായ സഹോദരങ്ങളും തങ്ങളുടെ കുര്‍ബാന സെന്ററുകളുടെ പ്രവര്‍ത്തനത്തെ പറ്റി വിവരണം നല്‍കുകയും ചെയ്തു. റവ. ഫാ. സണ്ണി പോള്‍ അഭിവന്ദ്യ പിതാവിനും വൈദികര്‍ക്കും സന്നിഹിതരായ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.