ഷൈമോൻ തോട്ടുങ്കൽ
ബിർമിങ്ങ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം വാർഷിക ദിനം ടോട്ട പുൽക്രാ വിശ്വാസവും സാഹോദര്യവും ഒരുമയും ആത്മീയതയും സ്‌ത്രീ ശാക്തീകരണവും വിളിച്ചോതുന്ന ആഘോഷമായി മാറി . രൂപതയിലെ 21 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ വനിതകളും അംഗങ്ങളായ രൂപത വിമൻസ് ഫോറത്തിന്റെ അംഗങ്ങളായ ഏകദേശം 2000 ഓളം സ്ത്രീകൾ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന സമ്മേളനം രാവിലെ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഉത്‌ഘാടനം ചെയ്തു .
റോമിൽ ഫ്രാൻസിസ് മാർപാപ്പയോടു ഒപ്പം പ്രവർത്തിക്കുന്ന , വേൾഡ് വിമൻസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് ഡോക്ടർ മരിയ സർവിനോ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ അപ്പോസ്തോലിക ലേഖനങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് സഭയിലും ആരാധനാക്രമത്തിലും സമൂഹത്തിലും എങ്ങനെ ശക്തമായ സാന്നിധ്യമായി മാറാം എന്ന് വളരെ വ്യക്തമായി സ്ത്രീകൾക്കു മനസ്സിലാക്കി കൊടുത്ത ഡോക്ടർ സർവിനോ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെയും രൂപതയിലെ വിമൻസ് ഫോറത്തിന്റെയും പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .
വേൾഡ് വിമൻസ് ഫെഡറേഷനുമായി എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകക്കാനുള്ള സന്നദ്ധതയും അറിയിച്ചു . അഭിവന്ദ്യ പിതാവിന്റെ ഒപ്പം രൂപതയിലെ മുപ്പതില്പരം വൈദികരും ചേർന്ന് അർപ്പിച്ച വിശുദ്ധ കുർബാന ഏവർക്കും ആത്മീയ അനുഭവമായി . ലിറ്റർജിയുടെ പ്രാധാന്യം , പഠിക്കേണ്ടതിന്റെ ആവശ്യകത , സിറോ മലബാർ ലിറ്റർജിയുടെ ശക്തിയും സൗന്ദര്യവും എന്നതിനെ ആസ്പദമാക്കി അഭിവന്ദ്യ പിതാവിന്റെ വചന സന്ദേശം ഏവർക്കും പുതിയ ഉണർവേകി .
രൂപത ഗായകസംഘത്തിലെ സ്ത്രീകൾ മനോഹരമായ ഗാനങ്ങൾ ആലപിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് റെവ ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ റെവ ഡോക്ടർ സിസ്റ്റർ ജീൻ മാത്യു S H . പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു എന്നിവർ സന്ദേശങ്ങൾ നൽകി. സെക്രട്ടറി റോസ് ജിമ്മിച്ചൻ രണ്ടു വർഷക്കാലത്തെ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ അവതരിപ്പിച്ചു.
ഫോറത്തിലെ അംഗങ്ങളുടെയും അംഗങ്ങൾ അല്ലാത്ത സുമനസ്സുകളുടെയും സഹായത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കേരളത്തിലെ ഡയാലിസിസ് രോഗികളെ സഹായിക്കാൻ രണ്ടു ഹോസ്പിറ്റലികളിലായി 4 ഡയാലിസിസ് മെഷീനുകൾ നൽകിയത് ഏവർക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഒന്നായി .
വൈസ് പ്രസിഡന്റ് ജൈസമ്മ ബിജോ യുടെ നേതൃത്വത്തിൽ എഡിറ്റോറിയൽ ബോർഡ് തയാറാക്കിയ സുവനീർ അന്നേ ദിവസം പ്രകാശനം ചെയ്തു . ഉച്ചക്ക് ശേഷം നടന്ന ആഘോഷമായ കലാപരിപാടിയിൽ രൂപതയിലെ 12 റീജിയനുകളെ പ്രതിനിധീകരിച്ചു സ്ത്രീകൾ വിവിധ കലാവിഭവങ്ങൾ ഒരുക്കി . ലിറ്റർജിക്കൽ ക്വിസ് ഉൾപ്പെടെയുള്ള എല്ലാ മത്സരങ്ങളുടെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തതോടൊപ്പം പുതിയ ഭാരവാഹികൾക്കുള്ള സസ്ഥാനകൈമാറ്റവും നടന്നു.വിമൻസ് ഫോറം ആന്തത്തോടെ പരിപാടികൾ സമാപിച്ചു .
ലണ്ടൻ:ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്റ്ററും, അഭിഷിക്ത തിരുവചന ശുശ്രുഷകയും, അനുഗ്രഹീത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ് എച്ച് നയിക്കുന്ന ഓൺലൈൻ ശുശ്രുഷകൾ ഡിസംബർ 20 മുതൽ 22 വരെ നടത്തപ്പെടും. ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി ‘സൂം’ പ്ലാറ്റ്‌ഫോമിലൂടെ ആഗോള തലത്തിൽ ലഭ്യമാവുന്ന തരത്തിലാണ് ആല്മീയ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.
ലോക രക്ഷകന്റെ തിരുപ്പിറവിക്ക് ഒരുക്കമായി ആല്മീയ നവീകരികരണം, ആന്തരിക സൗഖ്യം, രോഗ ശാന്തി തുടങ്ങിയ തിരുവചനാധിഷ്‌ഠിത ശുശ്രുഷാ മേഖലകൾ സംയോജിപ്പിച്ചുള്ള ഓൺലൈൻ അഭിഷേക ശുശ്രുഷകളാണ് സിസ്റ്റർ ആൻ മരിയ ലക്‌ഷ്യം വെക്കുന്നത്.
ഇന്ത്യ, യു കെ, ആസ്‌ട്രേലിയ, യൂ എ ഇ, യു എസ് എ അടക്കം വിവിധ രാജ്യങ്ങളിൽ സൗകര്യപ്രദമായി പങ്കുചേരുവാൻ ഉതകുന്ന വിധത്തിലാണ് ധ്യാന ശുശ്രുഷകൾ സൂം പ്ലാറ്റ്‌ഫോമിലൂടെ ക്രമീകരിച്ചിരിക്കുന്നത്.
ആന്തരിക മുറിവുകളെയും, ശാരീരിക-മാനസ്സീക രോഗങ്ങളെയും സൗഖ്യപ്പെടുത്തി, ഏകാഗ്രതയും ശാന്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്ന തിരുവചനത്തിലൂന്നിയുള്ള ശുശ്രൂഷകളിൽ പങ്കു ചേർന്ന് കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
CONTACT: + 44 7915 602258, +44 7848 808550
ZOOM MEETING ID: 597 220 6305
PASS CODE: 1947
IND(00:30-02:30),UK(19:00-21:00),USA(14:00-16:00),AUS(06:00-08:00)
ലണ്ടൻ: ലണ്ടൻ റീജിയൻ നൈറ്റ് വിജിൽ, പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററും, സെന്റ് മോണിക്കാ മിഷൻ പ്രീസ്റ്റ് ഇൻ ചാർജുമായ ഫാ.ജോസഫ് മുക്കാട്ടും, തിരുവചന ശുശ്രൂഷകളിലൂടെയും, ഫാമിലി കൗൺസിലിങ്ങിലൂടെയും പ്രശസ്തയും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ ലണ്ടനിൽ നടത്തുന്ന നൈറ്റ് വിജിൽ, ഹോൺചർച്ചിലെ സെന്റ് മോണിക്കാ മിഷന്റെ നേതൃത്വത്തിൽ ജനുവരി 26 വെള്ളിയാഴ്ച സെന്റ് ആൽബൻസ് ദേവാലയത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ക്രിസ്തുവിൽ സ്നേഹവും, വിശ്വാസവും, പ്രത്യാശയും അർപ്പിച്ച്, രാത്രിയാമങ്ങളിൽ ത്യാഗപൂർവ്വം ഉണർന്നിരുന്ന് നീതി വിധി ലക്‌ഷ്യം വെച്ച് നടത്തുന്ന പ്രാർത്ഥനയും, ആരാധനയും,സ്തുതിപ്പും, ക്രിസ്തുവിൽ അനുരഞ്ജനവും, കൃപകളും, കരുണയും പ്രാപ്തമാകുവാൻ അനുഗ്രഹദായകമാണ്.
നൈറ്റ് വിജിലിൽ വിശുദ്ധ കുർബ്ബാനയും, തിരുവചന ശുശ്രുഷയും, ആരാധനയും, ജപമാലയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനും, കൗൺസിലിംഗിനും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
പുതുവർഷത്തെ ക്രിസ്തുവിൽ സമർപ്പിച്ച്, പരിശുദ്ധ മാതാവിന്റെയും, വിശുദ്ധരുടെയും മാധ്യസ്ഥത്തിൽ ഒരുക്കുന്ന അനുഗ്രഹദായകമായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
മാത്തച്ചൻ വിലങ്ങാടൻ- 07915602258
നൈറ്റ് വിജിൽ സമയം: ജനുവരി 26, വെള്ളിയാഴ്ച, രാത്രി 8:00 മുതൽ 12:00 വരെ.
പള്ളിയുടെ വിലാസം:
St. Albans Church, Langadel Gardens, Hornchurch, RM12 5JX
ബിനോയ് എം. ജെ.
അറിവ് ജീവിതത്തിന്റെ അടിസ്ഥാനമാകുന്നു. നാം സദാ അറിവിൽ വളർന്നുകൊണ്ടേയിരിക്കുന്നു. ഒരാളുടെ ജീവിതം അറിവു സമ്പാദിക്കുവാൻ വേണ്ടി മാത്രം മാറ്റിവയ്ക്കുമ്പോൾ അയാൾ ‘ജ്ഞാനയോഗി’ ആകുന്നു. ജ്ഞാനയോഗി സദാ പഠിച്ചു കൊണ്ടേയിരിക്കുന്നു. നിരീക്ഷണമാകുന്നു അയാളുടെ ഏക കർമ്മം. അയാൾ ബാഹ്യലോകത്തെയും ആന്തരിക ലോകത്തെയും ഒരു കാഴ്ചക്കാരനെ പോലെ നോക്കി കാണുന്നു. കർമ്മം ചെയ്യാത്തതിനാൽ അയാളിൽ സ്വാർത്ഥതയോ അഹമോ ഉണ്ടാകുകയില്ല. യാഥാർഥ്യത്തെ മാറ്റുവാനുള്ള പരിശ്രമമാകുന്നു ഓരോ കർമ്മവും. അതിനാൽ തന്നെ കർമ്മം ചെയ്യുന്നവർക്ക് യാഥാർഥ്യത്തെ അതായിരിക്കുന്ന നിലയിൽ സ്വീകരിക്കുവാനാകുന്നില്ല. ആഗ്രഹത്താൽ പ്രചോദിതനായാണ് മനുഷ്യൻ കർമ്മം ചെയ്യുന്നത്. ഉദാഹരണത്തിന് മാർക്സിസത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരാൾ എല്ലായിടത്തും വർഗ്ഗസമരത്തെ(അങ്ങനെ ഒന്ന് ഇല്ലെങ്കിൽ പോലും) കാണുന്നു. അല്ലെങ്കിൽ പണമുണ്ടാക്കുവാൻ ശ്രമിക്കുന്ന ഒരാൾ എല്ലായിടത്തും പണത്തെയും ലാഭത്തെയും കാണുന്നു. യാഥാർഥ്യം അപ്രകാരം ആകണമെന്നില്ല. ഒരു രാഷ്ട്രീയക്കാരന്റെ ചിന്താഗതി അയാൾ പ്രവർത്തിക്കുന്ന പാർട്ടിക്ക് അനുകൂലമായി മാത്രം പോകുന്നു. അതിനു വിരുദ്ധമായി ചിന്തിക്കുവാൻ അയാളെ കൊണ്ടാകുന്നില്ല. പുരുഷൻമാർ നോക്കുമ്പോൾ തങ്ങൾ സ്ത്രീകളേക്കാൾ ശ്രേഷ്ഠർ. സ്ത്രീകൾ നോക്കുമ്പോൾ തങ്ങൾ പുരുഷൻമാരേക്കാൾ ശ്രേഷ്ഠർ. മുതലാളികൾ നോക്കുമ്പോൾ തൊഴിലാളികൾ അധമൻമാർ. തൊഴിലാളികൾ നോക്കുമ്പോൾ മുതലാളികൾ ചൂഷകർ. നാം എന്തിലെങ്കിലും പങ്കെടുത്താൽ അതിനനുകൂലമായി മാത്രം ചിന്തിക്കുന്നു. ഇവിടെ യാഥാർഥ്യം വളച്ചൊടിക്കപ്പെടുന്നു.
അതിനാൽ തന്നെ സത്യം അറിയണമെങ്കിൽ യാതൊന്നിലും പങ്കെടുക്കാതെയിരിക്കുവിൻ. നിങ്ങൾ ഒരു കാഴ്ചക്കാരനാകുവിൻ. അപ്പോൾ നിങ്ങൾക്ക് യാതൊന്നിനെയും വളച്ചൊടിക്കേണ്ട ആവശ്യമില്ല. എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുവിൻ. ജീവിതം ഒരു നിരീക്ഷണമായി മാറട്ടെ. ബാഹ്യലോകത്തെയും ആന്തരിക ലോകത്തെയും ഒരുപോലെ നിരീക്ഷിക്കുവിൻ. സാധന (അതൊരുതരം കർമ്മമാകുന്നു) യുടെ ആവശ്യം വാസ്തവത്തിൽ ഇല്ല. അറിവ് മാത്രമാണ് ശാശ്വതമായിട്ടുള്ളത്. നേട്ടങ്ങൾ ഒന്നും തന്നെ ശാശ്വതമല്ല. വിജയവും അപ്രകാരം തന്നെ. ജയാപജയങ്ങൾക്ക് നടുവിലും വർദ്ധിച്ചുവരുന്ന ഒന്നുണ്ട്. അതറിവാണ്. നിങ്ങൾ സമ്പാദിച്ച പണം നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. സത്പേര് തിരോഭവിച്ചേക്കാം. വിജയം പരാജയത്തിന് വഴിമാറിയേക്കാം. എന്നാൽ അറിവാകട്ടെ സദാ വർദ്ധിച്ചുവരുന്നു. അതൊരിക്കലും പുറകോട്ടടിക്കില്ല. നേട്ടങ്ങളും, വിജയങ്ങളും, ഭോഗങ്ങളും നിങ്ങളുടെ മനസ്സിന്റെ മാത്രം സൃഷ്ടിയാണ്. അത് വസ്തുതകളോടുള്ള നിങ്ങളുടെ സമീപനത്തിന്റെ പരിണതഫലം മാത്രം. പണത്തെ സ്നേഹിക്കുന്നവന് മാത്രമേ അത് നേട്ടമായി അനുഭവപ്പെടൂ. ഈ ജഗത് മുഴുവൻ ഭോഗാത്മകമാണ്. അറിവാകട്ടെ അതിനുമപ്പുറത്താണ്. അറിവിനെ സ്നേഹിക്കുന്നവന് സുഖദു:ഖങ്ങളില്ല. അയാൾ എല്ലാറ്റിൽനിന്നും എന്തെങ്കിലും ഒക്കെ പഠിക്കുന്നു. ആ പഠനം ഒരാനന്ദമാണ്. വിജയിക്കുമ്പോൾ അയാൾ ചില കാര്യങ്ങൾ പഠിക്കുന്നു. പരാജയപ്പെടുമ്പോൾ വേറെ ചില കാര്യങ്ങളും. ആ അർത്ഥത്തിൽ വിജയവും പരാജയവും തമ്മിൽ വ്യത്യാസമില്ല. രണ്ടും അറിവ് സമ്പാദിക്കുവാനുള്ള ഉപാധികൾ മാത്രം. വിജയിക്കുമ്പോൾ ആനന്ദിച്ചുന്മാദിക്കേണ്ട കാര്യമില്ല; പരാജയപ്പെടുമ്പോൾ നിരാശയുടെ പടുകുഴിയിലേക്കു വീഴേണ്ടതുമില്ല. രണ്ടിൽ നിന്നും എന്തെങ്കിലും ഒക്കെ പഠിക്കുവിൻ! ആ അറിവാകട്ടെ നമ്മുടെ ഏക ആസ്വാദനം. സുഖത്തിൽ നിന്നും നിങ്ങൾ പഠിക്കുന്നു; ദുഃഖത്തിൽ നിന്നും നിങ്ങൾ പഠിക്കുന്നു. അറിവ് സമ്മാനിക്കുന്ന കാര്യത്തിൽ അവ രണ്ടും സമം സമം. സുഖദു:ഖങ്ങളിലെ ഈ സമത നിങ്ങളെ നിർവ്വാണത്തിലേക്ക് നയിക്കും.
നമ്മുടെ മുന്നിൽ പ്രത്യേകിച്ച് ആഗ്രഹമോ ലക്ഷ്യമോ ഉണ്ടാകേണ്ട ആവശ്യമില്ല. അവ ലൗകികമാകുന്നു. അറിവാകട്ടെ ലൗകികതക്കും അപ്പുറത്താണ്. യാഥാർഥ്യത്തെ അതായിരിക്കുന്നതുപോലെ തന്നെ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുമ്പോൾ നിങ്ങളുടെ അറിവും ബുദ്ധിയും എല്ലാ പരിമിതികളും ലംഘിക്കുകയും അനന്തതയിലേക്ക് പ്രവേശിക്കുകയും ചെയ്യും. അപ്പോൾ നിങ്ങൾ എല്ലാം അറിയുന്നു. നിങ്ങൾ ഈശ്വരനിൽ ലയിക്കുന്നു. പിന്നീട് നിങ്ങൾക്ക്അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്നല്ലാതെ മറ്റൊരു പ്രർത്ഥനയോ ആഗ്രഹമോ ഉണ്ടായിരിക്കുകയില്ല. കാരണം നിങ്ങളുടെ പരിമിതമായ ഇഷ്ടാനിഷ്ടങ്ങളെയും മനസ്സിനെയും നിങ്ങൾ ഉപേക്ഷിച്ചുകഴിഞ്ഞിരിക്കുന്നു. അപ്പോഴാണ് ഈശ്വരൻ അനന്താനന്ദസ്വരൂപിയാണെന്ന് നിങ്ങൾ അറിയുന്നത്. സ്വാർത്ഥമോഹങ്ങളുടെ പിറകേ പോകുന്നത് മഠയത്തരമാണെന്ന് അപ്പോൾ മാത്രമേ നമുക്ക് മനസ്സിലാകൂ. സ്വാർത്ഥത പരിമിതിയെ സൂചിപ്പിക്കുന്നു. അവിടെ മനസ്സും, അറിവും, ബുദ്ധിയും പരിമിതപ്പെടുന്നു. ആശയക്കുഴപ്പങ്ങളും, മനോസംഘർഷങ്ങളും, അൽപത്തവും നിങ്ങളെ വിട്ടു പിരിയുകയില്ല. മരണഭയം നിങ്ങളെ വേട്ടയാടും. ഈ ലൗകികമായ കാര്യങ്ങളിൽ മനസ്സ് ഉടക്കി പോകാതെയിരിക്കുവാൻ അതിനുമപ്പുറത്തുള്ള അറിവിൽ നിങ്ങളുടെ മനസ്സിനെ പ്രതിഷ്ഠിക്കുവിൻ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
ഫാ. ഹാപ്പി ജേക്കബ്ബ്
” ഐക്യത്തിന്റെ സന്ദേശം; പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും സിംഫണി ” .
ആഹ്ളാദത്തിന്റെയും സന്തോഷത്തിന്റെയും സുമനസ്സുകളുടേയും സമയമായ ക്രിസ്തുമസ് കടന്നു വന്നിരിക്കുന്നു. യുഗങ്ങളിലൂടെ പ്രതിധ്വനിയായി മാറിയ മോഹിപ്പിക്കുന്ന ഈണങ്ങളുമായി ഇഴചേർന്നിരിക്കുന്ന വലിയ പെരുന്നാൾ . ഈ സ്വർഗ്ഗീയമായ ആഘോഷത്തിന്റെ അഭിവാജ്യ ഘടകമാണ് സംഗീതം. രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനത്തിൽ പ്രകടമാക്കപ്പെട്ട പ്രത്യാശയുടെയും സന്തോഷത്തിന്റെയും അഗാധമായ സന്ദേശത്തെയാണ് ക്രിസ്തുമസ് കാലം പ്രതിധ്വനിപ്പിക്കുന്നത്.
1) ബൈബിൾ വിവരണത്തിലെ സംഗീതം.
ദൈവിക സാന്നിധ്യത്തെ പ്രതിധ്വനിപ്പിക്കുകയും ക്രിസ്തുമസ്സിന്റെ സത്വത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്ന സംഗീതത്തിന്റെ സ്വരച്ചേർച്ചയെ വി. വേദപുസ്തകം പ്രതിധ്വനിപ്പിക്കുന്നു. സങ്കീർത്തനങ്ങളും ; സ്തുതിയും ആരാധനയും, കരാൾ ഗാനങ്ങളും ഒരു ആധ്യാത്മിക സിംഫണിയായി ഈ കാലത്തിൻറെ സന്തോഷകരമായ ചൈതന്യം നമുക്ക് തരുന്നു. 1 ദിനവൃത്താന്തം 16: 23 -24 സർവ്വഭൂവാസികളുമേ യഹോവയ്ക്ക് പാടുവിൻ, നാൾക്കുനാൾ അവൻറെ രക്ഷയെ പ്രസ്താവിപ്പിൻ. ജാതികളുടെ നടുവിൽ അവൻറെ മഹത്വവും സർവ്വ വംശങ്ങളുടെയും മധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിൻ. വാക്കുകളിലൂടെ മാത്രമല്ല ജീവിതത്തിലൂടെയും അവൻറെ മഹത്വത്തെ അറിയിക്കുവാൻ നമുക്ക് കഴിയുമോ .
2) ക്രിസ്തുമസിന്റെ മെലഡികൾ
ക്രിസ്തുമസ് രാവുകൾ സജീവമാക്കുന്ന സംഗീത നിരയിൽ അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവപ്രീതിയുള്ള മനുഷ്യർക്ക് സമാധാനം എന്ന് അന്ന് പാടിയ മാലാഖമാരുടെ ഗാനങ്ങൾ മുതൽ 1 താഴ്മയുള്ളവരുടെ അർപ്പിത സ്തുതി ഗീതങ്ങളും തിരുവെഴുത്തിലെ മർമ്മങ്ങളെ ഈ കാലഘട്ടത്തിൽ സജീവമാക്കുന്നു. ദൈവിക ഇടപെടലുകളുടെയും മാനുഷിക പ്രതികരണങ്ങളുടെയും ഊടും പാവും നെയ്തിട്ടുള്ള ആത്മീക തലങ്ങളുടെ നൈതീക പ്രതിധ്വനിയായി നമുക്ക് ഗ്രഹിക്കാം. ഇടയന്മാരുടെ സ്വർഗീയ സംഗീതവും രാത്രിയുടെ അന്ധകാരത്തെ നീക്കിയ പ്രകാശിപ്പിക്കുന്ന സ്വർഗ്ഗീയ തേജസിൽ നിന്ന് നമുക്കും പാടാം ; ” അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രീതിയുള്ള മനുഷ്യർക്ക് സമാധാനം ” . ലൂക്കോസ് 2: 14
3) ക്രിസ്തുമസ് സംഗീതത്തിന്റെ പ്രസക്തിയും സ്വാധീനവും .
ക്രിസ്തുമസ് . സംഗീതത്തിൻറെ അതീന്ദ്രിയമായ ശക്തി കേവലം കുറിപ്പുകൾക്കും , വരികൾക്കും , ഈണങ്ങൾക്കും വ്യക്തികൾക്കും അപ്പുറമാണ്. ആത്മാക്കളെ ഉണർത്തുവാനും , സമൂഹങ്ങളെ ഒന്നിപ്പിക്കുവാനും , സമാധാനത്തിനായി കൊതിക്കുന്ന മാനുഷിക മനസ്സുകൾക്ക് പ്രത്യാശ നൽകുവാനും ഈ ചിന്തകൾ ധാരാളമാണ്. കാരൾ ഗാനങ്ങളിലൂടെയും , സ്തുതി ഗീതങ്ങളിലൂടെയും, ഇമാനുവേലിന്റെ ദൈവം നമ്മോടുള്ള – സ്നേഹത്തിൻറെ ശാശ്വതമായ ജ്വാലയെ പുനർജീവിപ്പിക്കുന്നതിന്റെ പഴക്കമില്ലാത്ത കഥ നാം ഇന്നും പാടുന്നു .ദൂതൻ അവരോട് പറഞ്ഞു; ഭയപ്പെടേണ്ട, സർവ്വജനത്തിനും ഉണ്ടാകുവാനുള്ളൊരു മഹാ സന്തോഷം ഞാൻ നിങ്ങളോട് സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു. നിങ്ങൾക്ക് അടയാളമോ, ശീലകൾ ചുറ്റി പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും . ലൂക്കോസ് 2: 10, 11 .
4) സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ക്രിസ്തുമസ് സിംഫണി .
ക്രിസ്തുമസ് ഗാനങ്ങളും ചിന്തകളും , രീതികളും പാലിക്കുവാനും പാലിക്കപ്പെടുവാനും ഉള്ളതാണ്. കേൾവിക്കാരും കാഴ്ചക്കാരും മാത്രമായി നാം കഴിഞ്ഞ നാളുകൾ ചിലവാക്കി. നന്മയുടെയും , അനുകമ്പയുടെയും സ്നേഹത്തിന്റെയും കരുണയുടെയും ശ്രുതിമധുരമായ ഇഴയടുപ്പം ഉള്ള അനുഭവം ആയി നമ്മുടെ ജീവിതത്തോട് ചേർത്ത് വയ്ക്കാം. അനുകരണവും ആർഭാടവും ജഡികതയുംമാറി ഈ കാലഘട്ടത്തിൻറെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ക്രിസ്തുമസ് സിംഫണിയിൽ നമുക്കും പങ്കുകാരാകാം. “വാക്കിനാലോ പ്രവർത്തിയിലോ എന്ത് ചെയ്താലും സകലവും കർത്താവിൻറെ നാമത്തിൽ ചെയ്യും അവൻ മുഖാന്തിരം പിതാവായ ദൈവത്തിനു സ്തോത്രം പറയുവിൻ. കൊലോസ്യർ 3: 17.
നമ്മുടെ ഗാനങ്ങളും , ശുശ്രൂഷകളും, അലങ്കരിച്ച ക്രിസ്തുമസ് ഇടങ്ങളും പ്രതീക്ഷയുടെയും , സ്നേഹത്തിന്റെയും , സമാധാനത്തിന്റെയും ശാശ്വതമായ ദൈവകൃപയ്ക്ക് നമ്മുടെ ജീവിതം മുഖാന്തരം ആകട്ടെ എന്ന് ആശംസിക്കുന്നു.
ക്രിസ്തുമസ് ആശംസകളോടെ — ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
ന്യൂസ് ഡെസ്ക് . മലയാളം യുകെ
കെട്ടിലും മട്ടിലും ഘടനയിലും ഉള്ളടക്കത്തിലും തികച്ചും വ്യത്യസ്തമായ ഒരു ആധ്യാത്മികാനുഭവത്തിനാണ് ചങ്ങനാശ്ശേരി അതിരൂപതയിലെ താഴത്തു വടകര ലൂർദ് മാതാ ദേവാലയം സാക്ഷ്യം വഹിച്ചത്.
അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നൂറുമേനി രണ്ടാംഘട്ടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. ജോൺസൺ തുണ്ടിയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക് ശേഷം സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ വിമൻസ് ഫോറം സ്ഥാപക പ്രസിഡന്റും പാസ്റ്ററൽ കൗൺസിൽ ജോയിൻറ് സെക്രട്ടറിയുമായ മിസ്സിസ് ജോളി മാത്യു നിർവ്വഹിച്ചു .
മതബോധന അധ്യാപകരും സിസ്റ്റേഴ്സുമുൾപ്പെടെ നൂറ് കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു.
ക്രിസ്തുരാജാ തിരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ 180 ഓളം വരുന്ന 1 മുതൽ 12 വരെയുള്ള മതബോധന ക്ലാസിലെ കൗമാരക്കാരുടെ ഒരു ദിവസം തന്നെയായിരുന്നു കഴിഞ്ഞ ഞായറാഴ്ചയിലേത്. ചട്ടയും മുണ്ടും നേര്യതും കൊന്തയും വെന്തിങ്ങായും ധരിച്ച പെൺകുട്ടികളും വെള്ള ഷർട്ടും മുണ്ടും ധരിച്ച ആൺകുട്ടികളുടെയും വസ്ത്രധാരണരീതി നസ്രാണി പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു. അന്നേ ദിവസം ദേവാലയത്തിൽ നടന്ന എല്ലാ തിരുക്കർമ്മങ്ങൾക്കും നേതൃത്വം നൽകിയത് ഈ കൗമാരക്കാർ ആയിരുന്നു എന്നത് വേറിട്ട അനുഭവമായിരുന്നു. ഭക്തിസാന്ദ്രമായ ദിവ്യബലിക്കും ആഘോഷപൂർണ്ണമായ പ്രദിക്ഷണത്തിനും ശേഷം പള്ളിയങ്കണത്തിൽ വച്ച് കാലിക പ്രസക്തിയേറെയുള്ള ഒരു വിഷയത്തെ ആസ്പദമാക്കി ഒരു പഠന കളരിയും നടത്തുകയുണ്ടായി.
കൗമാരക്കാർ ഇന്ന് നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും എങ്ങനെ ബുദ്ധിയുടെയും ആധ്യാത്മികതയുടെയും വൈകാരികതയുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ നേരിടാൻ കഴിയും എന്ന വിഷയത്തെ സമഗ്രമായി അവതരിപ്പിച്ചത് ജോളി മാത്യു കുട്ടികൾക്ക് ക്ലാസെടുത്തു .
രൂഢമൂലമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിൻറെ അടിത്തറയായ ദൈവവചനത്തിന്റെയും ശക്തിയാൽ ഒരു ജീവിതചര്യ ക്രമപ്പെടുത്തുന്നതിന്റെ ആവശ്യകത അവർ വ്യക്തമാക്കി. കുടുംബവും സഭയും സമൂഹവും ഒന്നുചേർന്ന് വിശ്വാസത്തിന്റെയും വചനത്തിന്റെയും പിൻബലത്തിൽ കരു പിടിപ്പിച്ചെടുത്ത് പരിപോഷിപ്പിക്കുന്ന ഒരു യുവതലമുറയ്ക്ക് ഏത് വെല്ലുവിളിയെയും പ്രതിസന്ധികളെയും നേരിടാൻ കഴിയും എന്ന് അടിവരയിട്ട് സൂചിപ്പിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളോടെ ചടങ്ങുകൾ അവസാനിച്ചു.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം .സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം “ടോട്ട പുൽക്രാ ” നാളെ ,ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ രാവിലെ 8 .30 മുതൽ വൈകിട്ടു 5 വരെ നടക്കും . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള , വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വുമൺസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. മരിയ സെർവിനോ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മേളനത്തിൽ സന്ദേശം നൽകും. സമ്മേളനത്തോടനുബന്ധിച്ച് രൂപതാധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ പരിശുദ്ധ കുർബാന അർപ്പിക്കപ്പെടും .
ഉൽഘാടന ചടങ്ങിൽ അഭിവന്ദ്യ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഫാദർ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ സിസ്റ്റർ ജീൻ മാത്യു , പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു തുടങ്ങിയവർ സംസാരിക്കും . പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ നടത്തുന്ന കലാപരിപാടികൾ ഉച്ചയോടു കൂടി ആരംഭിക്കും .പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രൂപത വിമൻസ് ഫോറം ഭാരവാഹികൾക്കു ഔദോഗികമായ സ്ഥാനമാറ്റവും നടക്കും . രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത് . വിവിധ മിഷനുകളിൽ നിന്നും കോച്ചുകളിലും , സ്വകാര്യ വാഹനങ്ങളിലുമായി നാളെ ബിർമിംഗ് ഹാമിലേക്ക് എത്തുവാനും , സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു .
സക്കറിയ പുത്തൻകളം
ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്രതിസന്ധികളെ മറികടന്ന് തനിമയിൽ പുലരുന്ന ജനതയായി ഇന്നും നിലനിൽക്കുന്നത് എന്നും വിശുദ്ധ കുർബാന ഉള്ള ഓരോ ക്നാനായക്കാരന്റെയും ഭക്തി മറ്റുള്ളവർക്ക് മാതൃകയാണെന്നും വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച് ക്രിസ്തുവിനെ തങ്ങളുടെ രാജാവായി പ്രഖ്യാപിച്ച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാലും ആണ് വിവിധ പ്രതിസന്ധികളിലും തളരാതെ ക്നാനായ കത്തോലിക്ക വിശ്വാസികൾ മുന്നേറുന്നു എന്ന് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നോട്ടി ഹാം സെന്റ് മൈക്കിൾ ക്നാനായ കാത്തലിക് പ്രൊപോസ്ട് മിഷൻ ഒരുക്കിയ സ്വീകരണത്തിൽ പറഞ്ഞു.
എഡി 345ലെ കൊടുങ്ങല്ലൂർ കുടിയേറ്റവും അതിനു ശേഷം നടന്ന മലബാർ കുടിയേറ്റവും പിന്നീട് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് നടത്തപ്പെട്ട കുടിയേറ്റവും എല്ലാം പ്രതിസന്ധിയിലൂടെ കടന്നുപോയെങ്കിലും വിശുദ്ധ കുർബാനയുടെ പ്രത്യേകമായ അനുഗ്രഹത്താൽ ആണ് എല്ലാ കുടിയേറ്റവും വിജയിച്ചതെന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ക്നാനായ കത്തോലിക്കാ മിഷനുകൾ സഭാ കൂട്ടായ്മയിൽ ക്രൈസ്തവ വിശ്വാസം വളർത്തിയെടുക്കുന്നതിനും സാമുദായിക സ്നേഹം യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനും മുഖ്യപങ്കാണ് വഹിക്കുന്നത് എന്നും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് കൂട്ടിച്ചേർത്തു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറൽ ആയ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോട്ടി ഹാം സെന്റ് മൈക്കിൾസ് ക്നാനായ കാത്തലിക് പ്രൊപ്പോസ് മിഷൻ പ്രസ്റ്റീൻ ചാർജ് ഫാദർ ജിൻസ് കണ്ടക്കാട് കൈക്കാരന്മാർ പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വർണ്ണ ശബളമായ മുത്തിക്കുടകളാലും നട വിളികളാലും മുഖരിതമായ അന്തരീക്ഷത്തിൽ ആവേശഭരിതമായ സ്വീകരണമാണ് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് നൽകിയത്.
വിശുദ്ധ കുർബാനക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സഭാ സമുദായ വിഷയങ്ങളിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് വ്യക്തമായ ഉത്തരം നൽകിയത് വഴി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സഭാ സമുദായ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ഇടവക അംഗങ്ങൾക്ക് സാധിച്ചു. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം വഴി സെൻറ് മൈക്കിൾസ് ക്നാനായ കാത്തലിക് പ്രൊപോസ്റ്റ് മിഷന് പുത്തൻ ഉണർവ് സാധിച്ചു.
ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആരാധനാക്രമ ബൈബിൾ ക്വിസ് മത്സരത്തിന് ഉജ്വല പരിസമാപ്തി . രൂപതയുടെ എല്ലാ ഇടവകകളിലും മിഷനുകളിലും , പിന്നീട് റീജിയണൽ തലങ്ങളിലും വിജയികളായ നാല്പത്തി മൂന്നു ടീമുകളെ പങ്കെടുപ്പിച്ച് ലിവർപൂൾ സമാധാന രാജ്ഞി ദേവാലയ ഹാളിൽ ലൈവ് ആയി നടന്ന മത്സരത്തിൽ ഹേവാർഡ്‌സ് ഹീത് ഔർ ലേഡി ഓഫ് ഹെൽത്ത് മിഷനിൽ നിന്നുള്ള ജോമോൻ ജോൺ , ബിബിത കെ ബേബി ദമ്പതികൾ അടങ്ങിയ ടീം മൂവായിരം പൗണ്ടും , ട്രോഫിയും , സർട്ടിഫിക്കറ്റും അടങ്ങിയ ഒന്നാം സമ്മാനത്തിന് അർഹരായി .മാഞ്ചസ്റ്റർ ഹോളി ഫാമിലി മിഷൻ അംഗമായ ഷാജി കൊച്ചുപുരയിൽ , ജെൻസി ഷാജി ദമ്പതികൾക്ക് രണ്ടാം സമ്മാനമായ രണ്ടായിരം പൗണ്ടും , ട്രോഫിയും , സർട്ടിഫിക്കറ്റും , ന്യൂ കാസിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ അംഗങ്ങളായ ജിസ് സണ്ണി , ജിന മരിയ സണ്ണി മാറാട്ടുകളം സഹോദരങ്ങൾ എന്നിവർ മൂന്നാം സമ്മാനമായ ആയിരം പൗണ്ടും ട്രോഫിയും , സർട്ടിഫിക്കേറ്റിനും യഥാക്രമം അർഹരായി .
ആരാധന ക്രമ വർഷത്തിൽ രൂപതയയിലെ മുഴുവൻ കുടുംബങ്ങളെയും പങ്കെടുപ്പിച്ചു നടത്തിയ ക്വിസ് മത്സരം കുടുംബങ്ങളുടെ പ്രാതിനിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി . ഫൈനലിസ്റ്റുകളായ 44 ടീമുകൾക്കും , വിജയികൾക്കും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു . റീജിയണൽ തലത്തിൽ എൺപതു ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയവർക്കുള്ള സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്തു . ആരാധന ക്രമ ക്വിസ് മത്സരത്തിൽ മുന്നിലെത്തിയവർ ആരാധനാക്രമ ബദ്ധമായ ജീവിതം നയിക്കുവാൻ എല്ലാവർക്കും മാതൃക ആകണമെന്ന് ആരാധനക്രമ വർഷ സമാപന സമാപന സന്ദേശം നൽകികൊണ്ട് അഭി വന്ദ്യ പിതാവ് ഉത്‌ബോധിപ്പിച്ചു .
സമാപന സമ്മേളനത്തിൽ ആരാധന ക്രമ കമ്മീഷൻ ചെയർമാൻ റെവ. ഡോ ബാബു പുത്തൻപുരക്കൽ സ്വാഗതം ആശംസിക്കുകയും , കമ്മീഷൻ അംഗം ഡോ . മാർട്ടിൻ ആന്റണി കൃതജ്ഞത പ്രകാശനവും
നടത്തി . ചങ്ങനാശ്ശേരി അതിരൂപത അംഗവും ബാരോ ഇൻ ഫെർനെസ് ഇടവക സഹ വികാരിയും ആയ റെവ ഫാ . നിതിൻ ഇലഞ്ഞിമറ്റം ആയിരുന്നു ക്വിസ് മാസ്റ്റർ .പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യുവിന്റെ നേതൃത്വത്തിൽ ആരാധന ക്രമ കമ്മീഷൻ അംഗങ്ങൾ ആയ ഫാ. ജിനു മുണ്ടുനടക്കൽ , റെവ. ഡീക്കൻ ജോയ്‌സ് പള്ളിക്യമ്യാലിൽ , ശ്രീമതി ജെയ്‌സമ്മ , ഷാജുമോൻ ജോസഫ് , സുദീപ് ,എന്നിവർ ക്വിസ് മത്സരങ്ങൾഏകോപിപ്പിച്ചു .ലിവർപൂൾ സമാധാന രാജ്ഞി ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ , കൈക്കാരൻമാർ , വോളണ്ടീയർ ടീം അംഗങ്ങൾ എന്നിവർ സമാപന പരിപാടികൾക്ക് നേതൃത്വം നൽകി .
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപത വിമന്‍സ് ഫോറം വാര്‍ഷിക സമ്മേളനം ടോട്ടാ പുല്‍ക്ര, 2023 ഡിസംബര്‍ രണ്ടിന് ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 8.30 മുതല്‍ വൈകിട്ടു അഞ്ചു വരെ നടക്കും. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കീഴില്‍ മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളില്‍ ഒരാളും വേള്‍ഡ് യൂണിയന്‍ ഓഫ് കാത്തലിക് വുമണ്‍സ് ഓര്‍ഗനൈസേഷന്‍ മുന്‍ പ്രെസിഡന്റുമായ ഡോ. മരിയ സെര്‍വിനോ രൂപതയിലെ സ്ത്രീകള്‍ക്ക് സന്ദേശം നല്‍കും.
രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രൂപതയിലെ മറ്റു വൈദികരും ചേര്‍ന്ന് ആഘോഷമായ പരിശുദ്ധ കുര്‍ബാന അർപ്പിക്കും. ഉദ്ഘാടന ചടങ്ങില്‍ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് ഫാദര്‍ ആന്റണി ചുണ്ടെലിക്കാട്ട്, വിമന്‍സ് ഫോറം ചെയര്‍മാന്‍ ഫാദര്‍ ജോസ് അഞ്ചാനിക്കല്‍, ഡയറക്ടര്‍ സിസ്റ്റര്‍ ജീന്‍ മാത്യു, പ്രസിഡന്റ് ഡോക്ടര്‍ ഷിന്‍സി മാത്യു തുടങ്ങിയവര്‍ സംസാരിക്കും.
പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള സ്ത്രീകള്‍ നടത്തുന്ന കലാപരിപാടികള്‍ ഉച്ചയോടു കൂടി ആരംഭിക്കും. അന്നേ ദിവസം 2023 -2025 വര്‍ഷങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട രൂപത വിമന്‍സ് ഫോറം ഭാരവാഹികള്‍ക്ക് ഔദോഗികമായ സ്ഥാനമാറ്റവും നടക്കും. രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നു.