ഷിബി ചേപ്പനത്ത്
ലണ്ടൻ : പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ യുകെ ഭദ്രാസനത്തിന്റെ 2023 ലെ ഫാമിലി കോൺഫറൻസ് ഭദ്രാസന കൗൺസിലിന്റെ നേതൃത്വത്തിൽ സ്റ്റോക്ക് ഓൺ ട്രെൻഡിലുള്ള സെൻറ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 30 ഒക്ടോബർ 1 തീയ്യതികളിൽ മോർ ബസ്സേലിയോസ് ഹാളിൽ (KINGS HALL, KINGS WAY, STOKE ON TRENT-ST41JH) വച്ച് നടത്തപ്പെടുന്നു. ഭദ്രാസനത്തിലെ 36 ൽ പരം പള്ളികളിൽ നിന്നുള്ള ആയിരക്കണക്കിന് യാക്കോബായ വിശ്വാസികൾ പങ്കെടുക്കുന്ന ഈ മഹാ സമ്മേളനത്തിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
സെൻറ് കുര്യക്കോസ് യാക്കോബായ പള്ളിയുടെ വലിയ പെരുന്നാളിൽ പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഐസക് മാർ ഒസ്താത്തിയോസ് തിരുമേനി എഴുന്നള്ളി വരുകയും വിശുദ്ധ കുർബാനാനന്തരം അഭിവന്ദ്യ പിതാവ് പള്ളിയുടെ സെക്രട്ടറിക്ക് രജിസ്ട്രേഷൻ ഫോം നല്കിക്കൊണ്ട് ഈ വർഷത്തെ രജിസ്ട്രേഷൻ നടപടികൾക്ക് ആരംഭം കുറിക്കുകയും ചെയ്തു.
കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ പെരുന്നാൾ യുകെ ഭദ്രാസനം വിശുദ്ധ അഞ്ചിൻമേൽ കുർബാനയോടു കൂടി നടത്തപ്പെടുന്ന ഈ മഹനീയ വേളയിൽ മേഖലയിലെ എല്ലാ സഭാ വിശ്വാസികൾക്കും പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.
പരിപാടികളുടെ വിജയകരമായ നടത്തപ്പിന് ഭദ്രാസന കൗൺസലിൻറെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപീകരിച്ച് വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുകയും ചെയ്യുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
വാൽസിങ്ങാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് തീർത്ഥാടനം നോർഫോൾക്കിലെ വാൽസിങ്ങാം കാത്തലിക് മൈനർ ബസലിക്കയിൽ ഭക്തിസാന്ദ്രമായി.
രാവിലെ ആരാധനയോടൊപ്പം പരിശുദ്ധ ജപമാല സമർപ്പണത്തോടെ തീർത്ഥാടന തിരുന്നാളിന് ആരംഭമായി. തുടർന്ന് രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും, അനുഗ്രഹീത കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ നൽകിയ മരിയൻ പ്രഘോഷണ സന്ദേശം തീർത്ഥാടകരിൽ മാതൃഭക്തി ഉദ്ധീപിക്കുന്നതായി. തിരുനാൾ കൊടിയേറ്റത്തിനും അടിമവയ്ക്കലിനും ശേഷം തീർത്ഥാടകർക്കായി പ്രത്യേകം ഒരുക്കിയ ഭക്ഷണത്തിനായുള്ള ഊഴമായി.
ഉച്ച തിരിഞ്ഞു കൃത്യം ഒരുമണിയോടെ തിരുനാളിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന പ്രദക്ഷിണം ആരംഭിച്ചു.രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ ആയിരക്കണക്കിനു തീർത്ഥാടകർ തങ്ങളുടെ ബാനറുകളുടെ പിന്നിൽ അണിനിരന്ന്,മുത്തുക്കുടകളുടെ അകമ്പടിയോടെ ജപമാല സമർപ്പിച്ചും, മാതൃവണക്ക ഗാനങ്ങൾ ആലപിച്ചും, ആവേ മരിയാ ഗീതങ്ങൾ മീട്ടിയും, പ്രാർത്ഥനാനിറവിൽ നടത്തിയ പ്രദക്ഷിണം അക്ഷരാർത്ഥത്തിൽ കേരളത്തിലെ സീറോ മലബാർ വിശ്വാസത്തിന്റെ ആഴങ്ങൾ വിളിച്ചോതുന്നതായിരുന്നു.
പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തിൽ തിരിച്ചെത്തിയപ്പോഴും ഒന്നര കിലോമീറ്ററോളം നീളത്തിൽ ഒരുക്കിയ പ്രദക്ഷിണ പാതയിൽ പിൻഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര വിശ്വാസികളാണ് ഈ വർഷം തീർത്ഥാടനത്തിനായി എത്തിച്ചേർന്നത്.
ദിവ്യബലിയുടെ തുടക്കത്തിൽത്തന്നെ രണ്ടു പ്രാവശ്യമായി ആഞ്ഞടിച്ച പെരുമഴയെയും കാറ്റിനെയും നിമിഷ നേരത്തിൽ തന്റെ വരുതിയിൽ നിറുത്തി പരിശുദ്ധ അമ്മയുടെ അനുഗ്രഹീത സാന്നിധ്യം വിളിച്ചോതിയ ആഘോഷപൂർവ്വമായ സമൂഹ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. വികാരിജനറാളുമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ ജിനോ അരീക്കാട്ട് ,ഫാ ജോർജ്ജ് ചേലക്കര, ആതിഥേയരായ കേംബ്രിഡ്ജ് റീജണൽ സീറോമലബാർ കോർഡിനേറ്റർ ഫാ ജിനോ അടക്കം നിരവധി വൈദികർ സഹകാർമ്മികരായി.
‘ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ടാം വാർഷികത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ,സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും രാഞ്ജിയായി മഹത്വത്തിന്റെ ഉന്നതിയിൽ ആയിരിക്കുന്ന പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാധ്യസ്ഥവും സഭയുടെ വളർച്ചയിലും ഓരോ ചുവടുവെപ്പിലും ഉണ്ടെന്നു പിതാവ് തന്റെ തിരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളും വിഷമങ്ങളും മാതൃസന്നിധിയിൽ സമർപ്പിക്കുമ്പോൾ, സംരക്ഷിക്കുവാനും,കാത്തുപരിപാലിക്കുവാനും ചേർത്തുപിടിക്കുന്ന പരിശുദ്ധഅമ്മയുടെ കരങ്ങൾ കരുണാമയവും സുദൃഢവുമാണ്. മാർത്തോമ്മാ പൈതൃകം പിന്തുടരുന്ന നമ്മുടെ വിശ്വാസ ജീവിതത്തിൽ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം’.
‘യൂറോപ്പിൽ ആദ്യമായി നിർമ്മിച്ച് സീറോമലബാർ സഭയുടെ അഭിമാനമായി ഉയർന്നുവരുന്ന ബ്രിസ്റ്റോൾ സീറോമലബാർ ദേവാലയത്തിനായി ഏവരുടെയും സഹകരണം അഭ്യർത്ഥിച്ച് അഭിവന്ദ്യ പിതാവ്,വി. ഡോൺ ബോസ്‌കോ അനാഥർക്കും രോഗികൾക്കും ആലംബഹീനർക്കുമായി ‘നന്മനിറഞ്ഞ മറിയമേ..’ എന്ന പ്രാർത്ഥനയിൽ മാത്രം തുടങ്ങിവെച്ച സലേഷ്യൻ സഭയ്ക്ക് ഉണ്ടായ വിജയം, നമ്മുടെ പ്രാർത്ഥനയിൽ വൽസിംഗാമിലെ മാതാവ് നടത്തിത്തരുമെന്നും’ പറഞ്ഞു.
ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ അമ്പതോളം പേരുൾക്കൊണ്ട ഗായകസംഘം നടത്തിയ ഗാനശുശ്രുഷ സ്വർഗ്ഗീയമായ ആല്മീയ അനുഭൂതി പകർന്നു. വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ടിന്റെ സ്വാഗത സന്ദേശത്തോടെ ആരംഭിച്ച തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി.
യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നും വളരെയധികം കഷ്ടതകൾ സഹിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നെടും തൂണായ പരിശുദ്ധ കന്യകാ മറിയത്തോടുള്ള സ്നേഹവും ഭക്തിയും വെളിവാക്കുവാൻ വാൽസിങ്ഹാമിലേക്കെത്തുകയും,തീർത്ഥാടനം വൻ വിജയമാക്കി മാറ്റുവാൻ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്ത എല്ലാ വിശ്വാസികളോടുമുള്ള അതിയായ കൃതജ്ഞത തിരുനാൾ നടത്തിപ്പുകാരായ കേംബ്രിഡ്ജ് റീജൻ സീറോ മലബാർ കമ്മ്യൂണിറ്റിക്കുവേണ്ടി ജിനോ അച്ചൻ പ്രകടിപ്പിച്ചു.
മാത്യൂ ചെമ്പുകണ്ടത്തിൽ
മധ്യപൗരസ്ത്യദേശത്തെ സമാധാനത്തിനുവേണ്ടി അമേരിക്കയുടെ നേതൃത്വത്തില്‍ ഏതാനും വർഷം മുമ്പ് ആരംഭിച്ച ഒരു രാഷ്ട്രസഖ്യമാണ് “അബ്രഹാം അക്കോര്‍ഡ്സ്” (Abraham Accords) മൂന്നു പ്രമുഖ “അബ്രാഹമിക് മത”ങ്ങളായ യഹൂദ, ക്രൈസ്തവ, മുസ്ലിം മതസ്ഥർ തിങ്ങിപ്പാര്‍ക്കുന്ന മിഡിലീസ്റ്റ് രാജ്യങ്ങളിലെ സമാധാനവും സുരക്ഷയും സഹവര്‍ത്തിത്വവുമാണ് ലക്ഷ്യമെന്ന് അബ്രഹാമിക് അക്കോര്‍ഡ്സിന്‍റെ പ്രഖ്യാപനത്തില്‍ പറയുന്നു. ഈ പ്രസ്ഥാനത്തിന്‍റെ ആവിര്‍ഭാവത്തോടെ ആധുനികലോകത്തില്‍ അബ്രഹാമിന്‍റെ വംശത്തില്‍ രൂപംകൊണ്ട മതങ്ങളുടെ ഉത്പത്തിയും വ്യാപനവും വീണ്ടും ചര്‍ച്ചയാവുകയാണ്.
അബ്രഹാമിക് മതങ്ങളെന്നു പൊതുവേ അറിയപ്പെടുന്നത് യഹൂദ, ക്രൈസ്തവ, ഇസ്ലാമിക് എന്നീ മൂന്നു മതങ്ങളെയാണെങ്കിലും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ അബ്രഹാമിക് റിലിജയന്‍ സ്റ്റഡീസില്‍ പ്രഫസറായ ഡോ. അന്ന സാപിര്‍ അബുലാഫിയയുടെ (Anna Brechta Sapir Abulafia) നിരീക്ഷണത്തില്‍ ഈ മൂന്നു മതങ്ങളേക്കൂടാതെ ബഹായി, യസീദി, സമാരിറ്റന്‍, റാസ്റ്റഫാരി തുടങ്ങിയ മതങ്ങളും അബ്രഹാമിക് മതങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.
അബ്രഹാമിന്‍റെ വംശാവലിയില്‍ ജനിച്ചവരും അദ്ദേഹം അവതരിപ്പിച്ച ദൈവിക ഏകത്വവാദത്തിൽ വിശ്വസിക്കുകയും ചെയ്യുന്നത് പ്രസ്തുത മതങ്ങളുടെ പ്രത്യേകതയാണ്. കൂടാതെ, ഓരോ മതത്തിന്‍റെയും ഉള്ളിലേക്ക് കടന്നു പരിശോധിച്ചാല്‍ പൊതുവായ വേറെയും സവിശേഷതകള്‍ കാണാന്‍ കഴിയും. വിശുദ്ധ ഗ്രന്ഥങ്ങളും പ്രപഞ്ചസൃഷ്ടി വിവരണങ്ങളും വംശാവലിയും പ്രവാചകന്മാരും വെളിപാടുകളും നന്മതിന്മകളെ സംബന്ധിച്ച പ്രതിപാദ്യങ്ങളും നിര്‍വ്വചനങ്ങളും എല്ലാമുണ്ട് ഈ മതങ്ങളില്‍. പൊതുപൂര്‍വ്വികനായി അബ്രാഹാമിനെ അംഗീകരിക്കുകയും മതവിശ്വാസങ്ങളിലും തത്വചിന്തകളിലും സാമ്യങ്ങൾ കാണാൻ കഴിയുന്നതിനാലും ഈ മതങ്ങളെ അബ്രഹാമിക് റിലിജിയന്‍ എന്ന വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മധ്യപൗരസ്ത്യ ദേശത്തെ വിവിധ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നതും പൊതുപൂര്‍വ്വികനാല്‍ തുടക്കംകുറിച്ചതും എന്നാല്‍ വിശ്വാസവിഷയങ്ങളില്‍ വളരെയേറെ വ്യത്യസ്തതകള്‍ പുലര്‍ത്തുന്നതുമായ ഈ മതങ്ങളില്‍ പൗരാണികകാലം മുതല്‍ നിലനില്‍ക്കുന്ന ഗോത്രസംഘര്‍ഷങ്ങള്‍ വ്യത്യസ്തനിലകളില്‍ ഇന്നും തുടരുന്നു. മതദര്‍ശനങ്ങളുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍പോലും അബ്രഹാമിക് മതങ്ങളുടെ ഒരു പ്രത്യേകതയായിട്ടാണ് കണക്കാക്കുന്നത്. മധ്യപൗരസ്ത്യ ദേശത്തിനു വെളിയില്‍ രൂപപ്പെട്ട മതങ്ങളിലൊന്നും കാണാത്തവിധം സംഘര്‍ഷഭരിതമാണ് ഈ മതങ്ങൾ. ലോകജനസംഖ്യയില്‍ അറുപതുശതമാനത്തിലേറെ ഈ മതങ്ങളിലുള്ളവരാണ്. അതിനാല്‍ അബ്രഹാമിക് മതങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രസക്തമായി അക്കാദമിക് ലോകം കണക്കാക്കുന്നു; ലോകത്തെ പല പ്രമുഖ യൂണിവേഴ്സിറ്റികളിലെല്ലാം ഈ പഠനശാഖയുമുണ്ട്.
മനുഷ്യവംശങ്ങളും മതചിന്തകളും
മനുഷ്യവംശത്തിന്‍റെ ആവിര്‍ഭാവവും വ്യാപനവും ആരംഭിച്ച കാലംമുതല്‍ മതചിന്തകളും അവരെ പിന്‍പറ്റുന്നു. വ്യത്യസ്ത ദേശങ്ങളിലും വിവിധ കാലഘട്ടങ്ങളിലും രൂപപ്പെട്ട മാനവസംസ്കാരങ്ങളിലെല്ലാം മതപരമായ ഘടകങ്ങള്‍ക്ക് പ്രമുഖസ്ഥാനം ഉണ്ടായിരുന്നു. മതദര്‍ശനങ്ങളിലെ സാമ്യങ്ങളും വൈരുദ്ധ്യങ്ങളും തത്വചിന്തയുമെല്ലാം മനുഷ്യസംസ്കാരത്തെ എക്കാലത്തും സ്വാധീനിച്ച ഒരു ഘടകമാണ്. ലോകത്തിന്‍റെ ഗതിയെത്തന്നെ സ്വാധീനിച്ച ഈ വിഷയത്തെ പല കോണുകളില്‍നിന്ന് നോക്കിക്കാണുന്നവരുണ്ട്. ഇക്കൂട്ടത്തില്‍, വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ അബ്രഹാമിക് റിലിജിയന്‍ എന്ന വിഷയമാണ് ഇവിടെ അവതരിപ്പിക്കുന്നത്..
“അബ്രഹാമിക് റിലിജന്‍യന്‍” എന്നത് ഏറെ ആഴത്തില്‍ വേരോടിയ ഒരു പഠനശാഖയാണെങ്കിലും അടിസ്ഥാനപരമായി ഒരു പ്രധാനചോദ്യം ഇവിടെ ഉയരുന്നുണ്ട്, വാസ്തവത്തില്‍ അബ്രഹാമിന് മതമുണ്ടായിരുന്നോ ?
രാഷ്ട്രസംസ്കൃതിയിലേക്ക് വിളിക്കപ്പെടുന്ന “അബ്രാം”
ചരിത്രത്തില്‍ ആദ്യമായി അബ്രഹാം പ്രത്യക്ഷപ്പെടുന്നത് “അബ്രാം” എന്ന പേരിലാണ്. ബൈബിളില്‍ ഉല്‍പ്പത്തി പുസ്തകത്തില്‍ പതിനൊന്നാം അധ്യായത്തിലാണ് ഈ യുഗപുരുഷനെ ആദ്യമായി കാണുന്നത്. കര്‍ത്താവ് അബ്രാമിനെ തെരഞ്ഞെടുക്കുന്നത് ഉല്‍പ്പത്തി 12:2-ലാണ് വായിക്കുന്നത്. ഈ വേളയില്‍ ദൈവം അബ്രാമിനു നല്‍കുന്ന അതിമഹത്തായ വാഗ്ദത്തമാണ് “ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും” എന്നത്. പിന്നീട് 17-ാം അധ്യായത്തില്‍ അബ്രാം എന്ന പേര്‍ മാറ്റി ”അബ്രഹാം” എന്നാക്കുകയും വാഗ്ദത്തങ്ങള്‍ ആവർത്തിക്കുകയും ചെയ്യുന്നു. ഇവിടെ ശ്രദ്ധേയമാകുന്ന കാര്യം, “നിരവധി രാഷ്ട്രങ്ങള്‍ക്ക് നിന്നെ പിതാവാക്കും” എന്ന വാഗ്ദത്തമാണ്.
ബൈബിള്‍ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുമ്പോള്‍, അബ്രഹാമിന്‍റെ വാഗ്ദത്തങ്ങളുടെ അവകാശി ഇസ്ഹാക്ക് എന്ന മകനായിരുന്നു. ഈ വ്യക്തിയുടെ രണ്ടു മക്കളില്‍ ഇളയവനായ യാക്കോബിനു ദൈവമായ കര്‍ത്താവു നല്‍കിയ പ്രത്യേക നാമമായിരുന്നു “ഇസ്രായേല്‍” എന്നത് (ഉല്‍പ്പത്തി 32:28). യാക്കോബും അദ്ദേഹത്തിന്‍റെ മക്കളും ഒരു പ്രതിസന്ധിഘട്ടത്തില്‍ ഈജിപ്റ്റില്‍ എത്തിച്ചേരുന്നു. തുടർന്നുള്ള നാടകീയരംഗങ്ങള്‍ ഉല്‍പ്പത്തി 37-ാം അധ്യായം മുതല്‍ 50-ാം അധ്യായം വരെ വിവരിക്കുന്നു.
ഈജിപ്റ്റില്‍ എണ്ണത്തില്‍ വളര്‍ന്ന ഈ ജനത, പിന്നീട് ഫറവോയുടെ കീഴില്‍ സമ്പൂര്‍ണ്ണ അടമത്വത്തിലാണ് കഴിയുന്നത്. ഏതാനും നൂറ്റാണ്ടുകള്‍ക്കുശേഷം അവരുടെ വിമോചകനായി മോശെ എന്ന നേതാവ് രംഗപ്രവേശം ചെയ്യുന്നു. ഈ നേതാവാണ് ഈജിപ്റ്റില്‍ ഫറവോയുടെ അടിമത്വത്തില്‍ വസിച്ചിരുന്ന യാക്കോബിന്‍റെ സന്തതിപരമ്പരകളെ മുഴുവനായി “ഇസ്രായേല്‍” എന്ന് ആദ്യമായി വിളിച്ചത് (പുറപ്പാട് 4:22). തുടര്‍ന്ന് ഇക്കാലംവരെയുള്ള ചരിത്രത്തില്‍ ഈ സമൂഹം ഇസ്രായേല്‍ എന്ന പേരില്‍ അറിയപ്പെടുന്നു.
ഇസ്രായേലും യഹൂദ്യയും
ഇസ്രായേല്‍ സമൂഹത്തെ “യഹൂദ്യര്‍” എന്ന് വിളിക്കുന്നതായും കാണാം. അബ്രഹാമിന്‍റെയും ഇസ്ഹാക്കിന്‍റെയും കാലഘട്ടത്തിനു ശേഷം യാക്കോബ് എന്ന ഇസ്രായേല്‍ തന്‍റെ പന്ത്രണ്ട് മക്കളെ അനുഗ്രഹിക്കുന്ന വേളയില്‍ തന്‍റെ മക്കളില്‍ ഒരാളായ യഹൂദയെ പരാമര്‍ശച്ചുകൊണ്ട് പറയുന്നു: “ചെങ്കോല്‍ യൂദായെ വിട്ടുപോകില്ല” (ഉല്‍പ്പത്തി 49:10) ഇവിടെ യഹൂദ എന്നത് ഒരു വ്യക്തിയാണെങ്കിലും യഹൂദയെ ഒരു രാഷ്ട്രം എന്ന നിലയില്‍ മുന്‍കണ്ടുകൊണ്ടാണ് യാക്കോബ് അനുഗ്രഹിക്കുന്നത്. ചെങ്കോല്‍, അധികാരദണ്‍ഡ്, ജനതകള്‍ തുടങ്ങി രാഷ്ട്രസംബന്ധിയായ പരാമര്‍ശങ്ങളാണ് അനുഗ്രഹവചനങ്ങളില്‍ ഉള്ളത്.
അബ്രഹാമിനം സന്തതികൾക്കുമായി ദൈവം വാഗ്ദത്തമായി നല്‍കിയ ഭൂമിയില്‍ തിരിച്ചെത്തിയ ഇസ്രായേല്‍ സമൂഹത്തില്‍ പിന്നീടുണ്ടായ സംഘര്‍ഷങ്ങളുടെ ഫലമായി ഇസ്രായേല്‍ രാജ്യം വിഭജിക്കുകയും യഹൂദ എന്ന മറ്റൊരു രാഷ്ട്രം നിലവില്‍ വരികയും ചെയ്യുന്നു (1 രാജാക്കന്മാര്‍ 12: 1-22). ഇങ്ങനെ അബ്രഹാമിന്‍റെ മക്കള്‍ എന്നറിയപ്പെടുന്നവര്‍ “ഇസ്രായേല്യര്‍” എന്നും ”യഹൂദ്യര്‍” എന്നും ചരിത്രത്തില്‍ അറിയപ്പെട്ടു തുടങ്ങി.
അബ്രഹാമില്‍നിന്നും ആവിര്‍ഭവിച്ച ഈ വംശത്തിന്‍റെ നൂറ്റാണ്ടുകളായുള്ള പ്രയാണചരിത്രത്തിലുടനീളം അവരെ “മതം” എന്ന അടിസ്ഥാനത്തിലല്ല, “രാഷ്ട്രം” എന്ന നിലയിലാണ് നാം കാണുന്നത്. രാഷ്ട്രത്തിലെ ജനങ്ങളുടെ ആത്മീയത വിഷയമാകുമ്പോള്‍ മതസംജ്ഞകള്‍ ഉയര്‍ന്നുവരുന്നുവെങ്കിലും തികഞ്ഞ രാഷ്ട്രബോധത്തില്‍ ആയിരുന്നു ചരിത്രത്തിലുടനീളം ഇസ്രായേല്‍ മുന്നേറിയത്. അബ്രഹാം സന്തതികളുടെ രാഷ്ട്രനിര്‍മ്മിതിയുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും കൂടി ചരിത്രമാണ് ബൈബിളില്‍ പഴയനിയമം വിവരിക്കുന്നത്.
ഇസ്മായീല്‍ വംശത്തിന്‍റെ രാഷ്ട്രബോധം
അബ്രഹാമിന് ഇസ്ഹാക്ക് എന്ന മകനെ കൂടാതെ, ഈജിപ്റ്റുകാരി ദാസിയില്‍ ഉണ്ടായ മറ്റൊരു മകനായിരുന്നു ഇസ്മായീല്‍. ഇസ്മായീലിനെ സംബന്ധിച്ച് ദൈവികവാഗ്ദത്തം അവരില്‍നിന്ന് മധ്യപൂര്‍വ്വദേശത്ത് “പന്ത്രണ്ട് രാജാക്കന്മാര്‍” ഉത്ഭവിക്കും, (ഉല്‍പ്പത്തി 16:20) ഇവരിലൂടെ വലിയൊരു ജനത പുറപ്പെടും എന്നതായിരുന്നു. ഈ വാഗ്ദത്തത്തിലും കാണുന്നത് അബ്രഹാമിലൂടെ ഒരു മതവും രൂപപ്പെട്ടില്ല, രാഷ്ട്രങ്ങളും രാജാക്കന്മാരും ജനപഥങ്ങളുമായിരുന്നു രൂപപ്പെട്ടത് എന്ന യാഥാര്‍ത്ഥ്യമാണ്.
അബ്രഹാമിന് മതമുണ്ടോ?
യൂദായിസത്തെ ഒരു മതം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി, ഈ മതത്തിലേക്ക് കടന്നുവന്ന ആദ്യ ഹെബ്രായനാണ് അബ്രഹാം എന്നു വിശ്വസിക്കുന്നവരാണ് യഹൂദരില്‍ ഭൂരിപക്ഷവും. യഹൂദ ജീവിതക്രമവും ആരാധനാരീതികളുമെല്ലാം ഉള്‍പ്പെടുന്ന നിയമസംഹിതകളെ പൊതുവില്‍ “ഹലാക്ക” (Halakha) എന്നു യഹൂദര്‍ വിളിക്കുന്നു. ഇതിനെ മതനിയമങ്ങള്‍ എന്നു വിളിക്കുമെങ്കിലും ശരിയായ വിവര്‍ത്തനം “പെരുമാറ്റരീതി”; “അനുദിനജീവിതചര്യ” എന്നാണെന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.
വാസ്തവത്തില്‍ “യൂദായിസം” (Judaism) എന്നത് ക്രൈസ്തവസഭയുടെ കണ്ടുപിടിത്തമായിരുന്നുവെന്നും 19-ാം നൂറ്റാണ്ടിലാണ് യഹൂദര്‍, തങ്ങളുടെ പൂര്‍വ്വികരുടെ ആത്മീയജീവിതത്തേയും സംസ്കാരത്തേയും ജീവിതരീതികളെയും ഒരു മതമായി ദര്‍ശിച്ചതെന്നുമാണ് കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റിയില്‍ യഹൂദ സംസ്കാരം പഠിപ്പിക്കുന്ന വിഭാഗത്തിലെ പ്രഫസര്‍ ദാനിയേല്‍ ബൊയാറിന്‍ ”Judaism: The Genealogy of a Modern Notion” (by Daniel Boyarin) വ്യക്തമാക്കുന്നത്.
ദാനിയേല്‍ ബയാറിന്‍റെ ഈ വാദങ്ങളെ ന്യായീകരിക്കാന്‍ തക്കതായി മറ്റുചില പഠനങ്ങളുമുണ്ട്. “റിലിജിയന്‍” എന്നത് തികച്ചും ഒരു ആധുനിക ആശയമാണെന്നാണ് മൈക്കിള്‍ പാസ്ക്വിയര്‍ (Michael Pasquier, ) Religion in America: The Basics എന്ന ഗ്രന്ഥത്തില്‍ പറയുന്നത്.
എ.ഡി 1200 കളിലാണ് “റിലിജിയോ” (religiō) എന്ന ലാറിൻ പദം ഇംഗ്ലീഷ് ഭാഷയില്‍ കടന്നുവരുന്നത്. ഇംഗ്ലീഷ് മൊണാസ്ട്രികളിലെ ജീവിതരീതിയോടു ബന്ധപ്പെട്ടായിരുന്നു “റിലിജിയന്‍” എന്ന വാക്ക് ഉപയോഗിച്ചിരുന്നത്. എ.ഡി 1500 കളിലാണ് റിലിജിയന്‍ എന്ന വാക്കിന് ഇന്നു നാം മതം എന്നതിനേ മനസ്സിലാക്കുന്ന അര്‍ത്ഥത്തില്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തി ലഭിച്ചത് എന്നും കാണാം.
രാഷ്ട്രപിതാവായ അബ്രഹാം
മതത്തെയും ജൂദായിസത്തെയും സംബന്ധിച്ച് ആധുനികലോകം ഉയര്‍ത്തുന്ന ഈ പഠനങ്ങളുടെയും നിഗമനങ്ങളുടെയുമെല്ലാം പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ അബ്രഹാമിനെ ഏതെങ്കിലുമൊരു മതസ്ഥാപകനായി കണക്കാക്കുക അസാധ്യമായിരിക്കും. അബ്രഹാമിലൂടെ മതങ്ങളൊന്നും പുറപ്പെട്ടില്ല എന്നതിന് ബൈബിള്‍ വചനങ്ങള്‍ സാക്ഷിനില്‍ക്കുന്നു. അബ്രഹാമിന്‍റെ ജീവതം വിശുദ്ധ ബൈബിളില്‍നിന്ന് വായിക്കുമ്പോള്‍ ശ്രദ്ധേയമായ പലതും അതില്‍ കണ്ടെത്താന്‍ കഴിയും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, അബ്രഹാമിനെ ദൈവം വിളിക്കുന്നത് മതത്തില്‍ നിന്നും മതമില്ലായ്മയിലേക്കായിരുന്നു എന്നതാണ്. ഗോത്രമത്തിലെ പ്രാകൃത വിഗ്രഹാരാധനാ രീതികളില്‍നിന്ന് (ജോഷ്വ 24:2) വിശ്വാസവും നീതീകരണവും നല്‍കുന്ന ഉന്നതമായ ആത്മീയജീവിതത്തിലേക്കുള്ള വെളിപാടായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഗോത്രസംസ്കാരവും ഗോത്രബോധവും പ്രബലപ്പെട്ടിരുന്ന സമൂഹത്തില്‍നിന്നും സ്വതന്ത്രരാഷ്ട്രം എന്ന തികച്ചും വ്യത്യസ്തമായ ഒരു സംസ്കൃതിയിലേക്കുള്ള മനുഷ്യവംശത്തിന്‍റെ ചുവടുവയ്പ്പിന്‍റെ തുടക്കമായിരുന്ന അബ്രഹാമിന്‍റെ വിളിയും തെരഞ്ഞെടുപ്പും എന്നു മനസ്സിലാക്കാന്‍ കഴിയും.
ബൈബിളില്‍ ആകമാനം അബ്രാം, അബ്രഹാം എന്ന പേരുകൾ 309 പ്രവാശ്യവും പഴയനിമയത്തില്‍ മാത്രം 73 തവണയും കാണപ്പെടുന്നു. എന്നാല്‍ അബ്രഹാമിനെ പരാമര്‍ശിക്കുന്ന വേളകളിലൊന്നും അബ്രഹാം ഏതെങ്കിലും മതം സ്ഥാപിച്ചതായോ അബ്രഹാമിനെ ദൈവം വിളിച്ച് ഏതെങ്കിലും മതരൂപീകരണ ദൗത്യം ഏല്‍പ്പിച്ചതായോ പഴയനിയമത്തിലോ പുതിയനിമയത്തിലോ രേഖകളില്ല. തന്നില്‍നിന്ന് രാഷ്ട്രങ്ങളും രാജാക്കന്മാരും ഉത്ഭവിക്കുമെന്നതായിരുന്നല്ലോ വാഗ്ദത്തം,. അതിനാല്‍, നിരവധി രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് കാരണക്കാരനായ വ്യക്തി എന്ന നിലയില്‍ അബ്രഹാമിനെ രാഷ്ട്രപിതാവ് എന്ന് വിളിക്കുന്നതാണ് ശരി. “അബ്രഹാമിക് റിലിജിയന്‍” എന്നതിനേക്കാള്‍ “അബ്രഹാമിക് നേഷന്‍സ്” എന്നു പറയുന്നതായിരിക്കും ശരി. അബ്രഹാമിൻ്റെ പിൻതലമുറയിൽ വ്യത്യസ്ത മതങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെല്ലാം വ്യത്യസ്ത സാഹചര്യങ്ങളായിരുന്നു കാരണമായത്.
അബ്രഹാമിനു നല്‍കിയ വാഗ്ദത്തങ്ങള്‍ അബ്രഹാമിന്‍റെ വംശപരമ്പരയ്ക്ക് വെളിയിലുള്ളവര്‍ക്ക് ലഭ്യമാകുമോ? ക്രൈസ്തവസഭയും അബ്രഹാമിന്‍റെ വാഗ്ദത്തങ്ങളും എന്ന അടുത്ത ലേഖനത്തില്‍ ഈ വിഷയം പരിശോധിക്കാം (തുടരും).
ബിനോയ് എം. ജെ.
മനസ്സ് ഒരു കംപ്യൂട്ടർ പോലെയാണ്.അതിനെ എങ്ങനെ പ്രോഗ്രാം ചെയ്യുന്നുവോ അതുപോലെ അത് പ്രവർത്തിക്കുന്നു. നമുക്ക് നമ്മുടേതായ ചില മനോഭാവങ്ങൾ ഉണ്ട്. അത് നമ്മുടെ മനസ്സിനെ നമ്മൾ ആ രീതിയിൽ പ്രോഗ്രാം ചെയ്തതുകൊണ്ടാണ്. നമ്മുടേതിൽനിന്ന് നേരെ വിപരീതമായ മനോഭാവങ്ങൾ ഉള്ളവരെയും അനുദിനം നാം കണ്ടുമുട്ടാറുണ്ട്. അവർ തങ്ങളുടെ മനസ്സിനെ മറ്റൊരു രീതിയിൽ പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. നമ്മുടെ സമൂഹത്തിൽ എല്ലാവരും തന്നെ പണവും അധികാരവും ഇഷ്ടപ്പെടുന്നവരാണ്. അവർ തങ്ങളുടെ മനസ്സിനെ അപ്രകാരം പ്രോഗ്രാം ചെയ്ത് വച്ചിരിക്കുന്നു. എന്നാൽ മഹാത്മാഗാന്ധിയെയോ, ഫ്രാൻസിസ് അസ്സീസ്സിയെയോ, മദർ തെരേസയെയോ നോക്കുവിൻ. അവർ നമ്മിൽ നിന്നും ഭിന്നമായി ദാരിദ്ര്യത്തെ സ്നേഹിച്ചിരുന്നു. അവർ മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം പ്രോഗ്രാം ചെയ്തിരുന്നു, അത്രതന്നെ!
മനസ്സിനെ പ്രോഗ്രാം ചെയ്യുമ്പോൾ അതിനെ ഏറ്റവും വിശാലമായ രീതിയിൽ പ്രോഗ്രാം ചെയ്യുവിൻ. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം അവന്റെ സങ്കുചിതമായ മനസ്സാണ്. നമ്മൾ ഏതാനും കാര്യങ്ങളെ മാത്രം ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് സങ്കുചിതമാകുന്നു. നമ്മൾ എല്ലാ കാര്യങ്ങളെയും ഇഷ്ടപ്പെടുമ്പോൾ നമ്മുടെ മനസ്സ് വിശാലമാകുന്നു. നാമേതെങ്കിലും ആഗ്രഹത്തെ മുന്നിൽ കാണുമ്പോൾ നമ്മുടെ മനസ്സ് അതിലേക്ക് പരിമിതപ്പെടുന്നു. എന്നാൽ നാമെല്ലാം ആഗ്രഹിച്ചു തുടങ്ങുമ്പോൾ നമ്മുടെ മനസ്സ് അതിവിശാലമാകുന്നു. എല്ലാറ്റിനെയും സ്നേഹിക്കുന്ന ഒരാൾക്ക് മാത്രമേ എല്ലാറ്റിനെയും ആഗ്രഹിക്കുവാനാവൂ. അയാൾക്ക് എന്തുകിട്ടിയാലും സന്തോഷമാണ്. ഉദാഹരണത്തിന് പേരിനെയും പ്രശസ്തിയെയും ആഗ്രഹിക്കുന്ന ഒരാൾക്ക് അത് കിട്ടിയില്ലെങ്കിൽ ദു:ഖമാണ്. എന്നാൽ അയാൾ പേരിലും പ്രശസ്തിയിലും ആനന്ദം കണ്ടെത്തുന്നതുപോലെ തന്നെ ആരാലും അറിയപ്പെടാതെ ജീവിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നുണ്ടെങ്കിൽ അയാൾക്ക് പ്രശസ്തി കിട്ടിയാലും ഇല്ലെങ്കിലും സന്തോഷമാണ്. ഇപ്രകാരം നിങ്ങളുടെ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും പരമാവധി വിപുലീകരിക്കുവിൻ. വൈരുധ്യങ്ങളെ ഉൾക്കൊള്ളുവാനാകുന്ന വിധത്തിൽ അതിനെ പാകപ്പെടുത്തുവിൻ.
ഇപ്രകാരം നാം എല്ലാറ്റിനെയും സ്നേഹിച്ചുതുടങ്ങിയാൽ നമ്മുടെ ദിശാബോധം എങ്ങനെയാകും? നാമെന്തിനുവേണ്ടി ജീവിക്കണം? പ്രത്യേകിച്ച് ദിശാബോധം ഒന്നും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ആകാശത്തിൽ സഞ്ചരിക്കുന്ന മേഘങ്ങളെ നോക്കുവിൻ. കാറ്റിന്റെ ദിശയിൽ അവ സഞ്ചരിക്കുന്നു. അവക്ക് സ്വന്തമായി ദിശാബോധമില്ല. ഇപ്രകാരം സാഹചര്യങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ കഴിയുന്നവനാണ് ഏറ്റവും ശ്രേഷ്ഠനായവൻ. അയാൾക്ക് സ്വന്തമായ ഇഷ്ടാനിഷ്ടങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ അയാൾക്ക് സ്വാർത്ഥതയും ഇല്ല. അയാൾ ഒരിക്കലും ബാഹ്യലോകവുമായി സംഘർഷത്തിലല്ല. അയാൾ സദാ ബാഹ്യലോകവുമായി സ്വരച്ചേർച്ചയിലാണ്. അതുകൊണ്ട് തന്നെ അയാൾക്ക് പ്രശ്നങ്ങളുമില്ല. അതിനാൽ ജീവിതത്തിന് എന്തെങ്കിലും ആഗ്രഹമോ ലക്ഷ്യമോ വേണമെന്ന് വാശിപിടിക്കാതിരിക്കുവിൻ. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ അത് ചെയ്യുവിൻ. ആ കർമ്മം നിഷ്കാമമായിരിക്കട്ടെ. എന്തെങ്കിലും ആഗ്രഹത്തെയോ സ്വാർത്ഥമോഹത്തെപ്രതിയോ ആകാതിരിക്കട്ടെ.
രാഗദ്വേഷങ്ങളാണ് (ഇഷ്ടാനിഷ്ടങ്ങൾ )മനുഷ്യന്റെ ശാപം. ചെറുപ്പം മുതലേ നാം ചിലതിനെയൊക്കെ സ്നേഹിക്കുവാനും മറ്റു ചിലവയെ വെറുക്കുവാനും പഠിക്കുന്നു. ഇഷ്ടമുള്ളവ സംഭവിക്കുമ്പോൾ സുഖവും ഇഷ്ടമില്ലാത്തവ സംഭവിക്കുമ്പോൾ ദുഃഖവും ഉണ്ടാകുന്നു. സമൂഹം ഈ പരിമിതിയെ നന്നായി ചൂഷണം ചെയ്യുന്നു. സമൂഹം അതിന്റെ താളത്തിനൊപ്പിച്ച് നമ്മെ കൊണ്ട് നൃത്തം ചവിട്ടിപ്പിക്കുവാൻ ഈ സാഹചര്യത്തെ ഉപയോഗിക്കുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ കണ്ടെത്തി അവയെ കാട്ടിക്കൊണ്ട് നിങ്ങളെ പ്രലോഭിപ്പിക്കുകയും ഇഷ്ടമില്ലാത്ത കാര്യങ്ങൾ കാട്ടി നിങ്ങളെ ഭയപ്പെടുത്തുകയും ചെയ്തുകൊണ്ട് സമൂഹം നിങ്ങളെ അതിന്റെ ചൊൽപടിക്കു നിർത്തുന്നു. ഇപ്രകാരം നാമെല്ലാവരും സമൂഹത്തിന്റെ അടിമകളായി മാറിയിരിക്കുന്നു. ഇതൊരു വലിയ അപകടം തന്നെയാണ്. ഈ അടിമത്വത്തിൽ നിന്നും കരകയറണമെങ്കിൽ നാം നമ്മുടെ ഇഷ്ടാനിഷ്ടങ്ങളെ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. നമുക്ക് എല്ലാറ്റിനോടും ഇഷ്ടമാണെങ്കിൽ നമ്മെ പ്രലോഭിപ്പിക്കുവാനോ ഭീഷണിപ്പെടുത്തുവാനോ സമൂഹത്തിന് കഴിയാതെ വരും. നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്യും. ഇപ്രകാരം ലഭിക്കുന്ന സ്വാതന്ത്ര്യത്തെയാണ് മോക്ഷം എന്ന് വിളിക്കുന്നത്.
ഇപ്രകാരം പ്രതിഫലത്തോട് കാട്ടുന്ന ആസക്തിയും ശിക്ഷയോട് കാട്ടുന്ന വിരക്തിയും നമ്മെ സമൂഹത്തിന്റെ അടിമകളാക്കി മാറ്റുന്നു. ഒന്ന് ചിന്തിച്ചാൽ പ്രതിഫലവും ശിക്ഷയും തമ്മിൽ എന്തു വ്യത്യാസം? പ്രതിഫലം നമ്മെ അഹങ്കാരികളും, മടിയന്മരും, സുഖഭോഗികളും, ദുർബലരും ആക്കി മാറ്റുമ്പോൾ ശിക്ഷ നമ്മെ മന:കരുത്തുള്ളവരും, കഠിനാധ്വാനികളും, വിനയമുള്ളവരുമാക്കി മാറ്റുന്നു. അതിനാൽ തന്നെ പ്രതിഫലവും ശിക്ഷയും ഒരുപോലെ നല്ലതാണെന്നും അവയെ രണ്ടിനെയും സ്വീകരിക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്നും കാണുവാൻ കഴിയും. പരാജയങ്ങളെയും, ദു:ഖങ്ങളെ യും, വേദനകളെയും, രോഗങ്ങളെയും മരണത്തെ പോലും നമുക്ക് ആസ്വദിക്കുവാൻ കഴിയും. മനസ്സിനെ ആ രീതിയിൽ പ്രോഗ്രാം ചെയ്യണമെന്ന് മാത്രം. ജീവിതത്തെ അതിന്റെ തനിസ്വരൂപത്തിൽ തൊട്ടറിയുവിൻ. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ അറിയണമെങ്കിൽ അതിനെ അതിന്റെ എല്ലാ അർത്ഥ തലങ്ങളിലും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നാം ജീവിക്കുവാൻ വേണ്ടി ഇവിടേക്ക് വരികയും ഇവിടെയായിരിക്കുമ്പോൾ ജീവിക്കുവാൻ മടികാട്ടുകയും ജീവിക്കുവാൻ മറന്നു പോകുകയും ചെയ്യുന്നതെന്തുകൊണ്ട്? ജീവിതവിജയമെന്നാൽ ജീവിതത്തിലെ എല്ലാ യാഥാർത്ഥ്യങ്ങളിലൂടെയും വിജയകരമായി കടന്നുപോകുക എന്നതാണ്.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
വാൽസിങ്ങാം പള്ളിയുടെ വിലാസം.
സ്റ്റോക്ക് ഓൺ ട്രെന്റ് :
കുര്യാക്കോസ് സഹദായുടെ നാമത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റിൽ ആരംഭിച്ച ഇടവക യുടെ രണ്ടാമത്തെ ഇടവക ദിനവും കുര്യാക്കോസ് സഹദാ യുടെ ഓർമ്മ പെരുന്നാളും ജൂലൈ മാസം 15, ശനി 16, ഞായർ ദിവസങ്ങളിൽ ഭദ്രാസന അധിപൻ Dr. ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വിപുലമായി നടത്തപ്പെടുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കൊടി ഉയർത്തൽ, 6.30 ന് സന്ധ്യ പ്രാർത്ഥന 7.30 ന് പ്രസംഗം, 8.30 ന് സ്‌നേഹ വിരുന്ന്.
16 തീയതി ഞായർ രാവിലെ 9.15 ന് ഭദ്രാസന മെത്രാപോലിത്തക്കെ പ്രൗഢഗംഭീര സ്വീകരണം, 9.30 മണിക്ക് പ്രഭാത പ്രാർത്ഥന, 10.30 മണിക്ക് വിശുദ്ധ കുർബാന Dr. ഐസക്ക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. ഇടവക വികാരി Fr. എൽദോ രാജൻ, Fr. ഗീവർഗീസ് തണ്ടായത്, Fr. സിബി വലയിൽ എന്നിവർ സഹകാർമ്മികർ ആയിരിക്കും. 12.30 ന് പ്രദിക്ഷണം തുടർന്ന് ലേലം, ആശിർവാദം, വിഭവ സമർത്ഥമായ സദ്യ, കൊടി ഇറക്കൽ. സ്റ്റോക്ക് ഓൺ ട്രെന്റ് പരിസര പ്രദേശത്തുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും വിശ്വാസികളെയും ഈ പെരുന്നാൾ മഹാമഹത്തിലേക്കു സ്വാഗതം ചെയ്യുന്നു.
പെരുന്നാൾ നടക്കുന്ന സ്ഥലം
Mount pleasant Village Hall
Mount Pleasant Road
Scholar Green
Stoke on Trent
St7 3lg
സ്നേഹപൂർവ്വം
വികാരി
Fr എൽദോ രാജൻ
07442 001981
സെക്രട്ടറി
റൈനു തോമസ്
07916 292493
ബിനോയി കുര്യൻ
07525 013428
അപ്പച്ചൻ കണ്ണഞ്ചിറ
വാൽസിങ്ങാം: ഗബ്രിയേൽ മാലാഖ ഉണ്ണിയേശുവിന്റെ ജനനത്തെ കുറിച്ചുള്ള മംഗള വാർത്ത നൽകിയ നസ്രത്തിലെ ഭവനത്തിന്റെ പകർപ്പ് ഇംഗ്ലണ്ടിൽ നിർമ്മിക്കണമെന്ന പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൽ ഇംഗ്ലണ്ടിലേക്ക് നസ്രേത്ത് അത്ഭുതകരമായി പറിച്ചു നടപ്പെട്ടുവെന്നു വിശ്വസിക്കുന്ന വാൽസിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന ഏഴാമത് തീർത്ഥാടനത്തിനും തിരുന്നാളിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
അത്ഭുതസാക്ഷ്യങ്ങളുടെ കലവറയായ മാതൃ സങ്കേതത്തിൽ ആയിരക്കണക്കിന് മരിയ ഭക്തരെയാണ് തീർത്ഥാടകരായി പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി മരിയൻ തിരുന്നാളിനു നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ സമൂഹമാണ്.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ എല്ലാ മിഷനുകളിൽ നിന്നും പ്രസുദേന്തിമാരായി തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി മാതൃഭക്തർ മുന്നോട്ടുവന്നതിനാൽ ലഭിക്കുന്ന വിശാല പ്രാതിനിധ്യം തീർത്ഥാടന തിരുന്നാളിനെ അനുഗ്രഹസാന്ദ്രമാക്കും.
തീർത്ഥാടനത്തിൽ ഉണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും വ്യക്തിഗത കാറുകളിലുള്ള യാത്ര ഒഴിവാക്കി പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദ്ദേശം ഉണ്ട്.
വാൽസിങ്ങാം തീർത്ഥാടനത്തിനായി നഗ്ന പാദരായി മരിയ പ്രഘോഷണ പ്രാർത്ഥനകൾ ഉരുവിട്ട് ‘ഹോളി മൈൽ’ നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ ‘സ്ലിപ്പർ ചാപ്പൽ’ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ അധീനതയിലുള്ളത്.
രാവിലെ ഒമ്പതരയ്ക്ക് ജപമാലയും ആരാധനയും തുടർന്ന് പത്തരക്ക് രൂപതയുടെ ഇവാഞ്ചലിക്കൽ കമ്മീഷൻ ചെയർ സിസ്റ്റർ ആൻ മരിയ നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നരക്ക് തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.
പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ മുന്നിൽ ബാനർ പിടിച്ചുകൊണ്ട് മുത്തുക്കുടകളുടെ അകമ്പടിയോടെ പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ ലൈനായി നടന്നു പങ്കെടുക്കേണ്ടതാണ്.
ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, വികാരി ജനറാളുമാർ മിഷനുകളിൽ നിന്നുള്ള വൈദികർ എന്നിവർ സഹകാർമ്മികരുമായി ആഘോഷപൂർവ്വമായ സമൂഹബലി അർപ്പിക്കും.
വൈകുന്നേരം നാലു മണിയോടെ തീർത്ഥാടന
തിരുക്കർമ്മങ്ങൾ സമാപിക്കും.
തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് ഭക്ഷണം വാങ്ങുവാൻ പ്രയാസം ഉണ്ടാവാതിരിക്കുവാൻ മുൻകൂറായി ബുക്ക് ചെയ്യുന്നതിന് 07752279069 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാൽസിങ്ങാം പള്ളിയുടെ വിലാസം.
Catholic National Shrine of Our Lady
Walshingham, Houghton St. GilesNorfolk,NR22 6AL
ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ചിരകാല സ്വപ്ന സാക്ഷത്കാരമെന്നോണം കുടുംബ പ്രേഷിതയായ വി. മദർ മറിയം ത്രേസ്സ്യയുടെ നാമധേയത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽ നാളെ ഷെഫീൽഡ് മിഷൻ യാഥാർഥ്യമാകും .ജൂൺ 29 ന് കൊടിയേറിയ തിരുനാളിന്റെ പ്രധാന ദിനവും മിഷൻ പ്രഖ്യാപനവും ഒരുമിക്കുന്ന പ്രത്യേക ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികനാകും. നിരവധി വൈദികരും സന്യസ്തരും പങ്കെടുക്കുന്ന ചടങ്ങിന് അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഷെഫീൽഡ് ഹാലം രൂപത ബിഷപ്പ് റാൽഫ് ഹെസ്കറ്റും എത്തിച്ചേരും .തലശ്ശേരി രൂപതാംഗമായ റവ. ഫാ. ജോസഫ് കിഴക്കരക്കാട്ടാണ് പുതിയ ഷെഫീൽഡ് മിഷന്റെ ആദ്യ ഡയറക്ടർ.
2021 ൽ ഷെഫീൽഡ് പ്രൊപോസ്ഡ് മിഷന്റെ ചുമതലയേറ്റുകൊണ്ട് നിയമിതനായ ഫാ. കിഴക്കരക്കാടിന്റെ നേതൃത്വത്തിലാണ് വി.മറിയം ത്രേസ്സ്യ മിഷൻ യാഥാർഥ്യമാകുന്നത്. ഞായറാഴ്ച്ച രണ്ടും മറ്റെല്ലാ ദിവസങ്ങളിലും സെന്റ്. തോമസ് മൂർ പള്ളിയിൽ ഷെഫീൽഡിൽ വി. കുർബാന നടക്കുന്നുവരുന്നു .കൂടാതെ എല്ലാ ഞായറാഴ്ച്ചയും കുട്ടികൾക്ക് വേദപാഠവും നടക്കുന്നു.മാസത്തിലൊരു ഞായറാഴ്ച്ച ഷെഫീൽഡ് മിഷന്റെ കീഴിലുള്ള റോതെർഹാം , ബാൺസ്ലി , ഡോൺകാസ്റ്റർ , വർക്‌സോപ് എന്നിവിടങ്ങളിലും വി. കുർബാനയും കുട്ടികൾക്ക് വേദപാഠവും നടക്കുന്നു.
2006 ൽ മാന്നാനം കെ ഇ കോളേജ് മുൻ പ്രിൻസിപ്പൽ റവ.ജോസഫ് കുഴിച്ചാലിൽ അച്ചനാണ് ഷെഫീൽഡിൽ ഏതാണ്ട് 2002 കാലം മുതൽ എത്തിച്ചേർന്ന ആദ്യകാല മലയാളികൾക്കായി വി. കുർബാനയാരംഭിച്ചത്. തുടർന്ന് ദീർഘകാലം ഫാ.ജോയ് ചേറാടിയിൽ MST , പാലാ രൂപതയിൽ നിന്നുമുള്ള ഫാ. ബിജു കുന്നക്കാട്ട് എന്നിവരും ഇടക്കാലങ്ങളിലായി ഫാ. വർഗീസ് പുത്തൻപുര . ഫാ. ജോസഫ് പൊന്നേത്ത് എന്നിവരും ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സേവനം ചെയ്തു.ലീഡ്സ് ഇടവക വികാരിയായിരിക്കെ തലശ്ശേരി അതി രൂപതയിൽ നിന്നുമുള്ള മാത്യു മുളയോലിലച്ചനാണ് ഷെഫീൽഡിൽ പ്രീസ്റ്റ് ഇൻചാർജ് എന്ന നിലയിൽ എറ്റവും കൂടുതൽ കാലം സേവനം ചെയ്തത്. പ്രശസ്‌ത ധ്യാനഗുരുകൂടിയായ ഡോൺബോസ്‌കോ സഭാംഗം ഫാ. സിറിൽ ജോൺ ഇടമന റോതെർഹാമിലും ദീർഘകാലം സേവനം ചെയ്തിരുന്നു.
ഷെഫീൽഡ് ഹാലം രൂപതയിൽ സേവനം ചെയ്തിരുന്ന ഫാ. തോമസ് മടുക്കാമൂട്ടിൽ , ഫാ.സന്തോഷ് വാഴപ്പിള്ളി എന്നിവരുടെയും ഡോൺകാസ്റ്റർ വി ഫ്രാൻസിസ് ഡി സാലസ് കോൺഗ്രിഗേഷനിലെ സിസ്റ്റേഴ്സിന്റെയും സ്തുത്യർഹമായ സേവനം അവരുടെ ഓരോരുത്തരുടെയും കാലയളവിലുടനീളം ഷെഫീൽഡ് സീറോ മലബാർ കമ്മ്യൂണിറ്റിക്ക് വേണ്ടി ലഭിക്കുകയും ഇന്നും തുടരുകയും ചെയ്യുന്നു.ഫാ. ജിൻസൺ മുട്ടത്തുകുന്നേൽ , ഫാ. ജോസ് പള്ളിയിൽ VC ,ഫാ. റോബിൻസൺ മെൽക്കിസ് , ഫാ. ബിജു ചിറ്റുപറമ്പൻ എന്നിവരും വിവിധ വേളകളിൽ ഷെഫീൽഡ് കമ്മ്യൂണിറ്റിക്കുവേണ്ടി സേവനം ചെയ്തവരാണ്.
2006 ൽ തന്നെ ഷെഫീൽഡിൽ കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിരുന്നു. ഡയറക്ടർ ഫാ. ജോം മാത്യു കിഴക്കരക്കാട്ട് ,നിലവിലെ കൈക്കാരന്മാരായ ജോർജ് ആന്റണി , ബിനോയി പള്ളിയാടിയിൽ, കമ്മിറ്റിയംഗങ്ങൾ , സൺഡേ സ്കൂൾ അധ്യാപകർ , മാതൃവേദി എന്നിവരുടെയും വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിൽ മിഷൻ പ്രഖ്യാപനത്തിനും തിരുനാളിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പി ആർ ഒ മാർട്ടിൻ ബാബു അറിയിച്ചു.
ആദ്യകാല മലയാളിയും കോട്ടയം കുടമാളൂർ സ്വദേശിയുമായ പാലത്തുപറമ്പിൽ മാണി തോമസും കുടുംബവുമാണ് വി. മദർ മറിയം ത്രേസ്സ്യ മിഷൻ യാഥാർഥ്യമായതിനുശേഷമുള്ള ആദ്യ തിരുനാളിന്റെ പ്രധാന പ്രസുദേന്തി.തിരുനാളിനൊരുക്കമായി ജൂൺ 29 ന് ഫാ ജോം മാത്യു കിഴക്കരക്കാട്ട് കൊടിയുയർത്തി . ഷെഫീൽഡിലെത്തിച്ചേർന്ന പള്ളോട്ടിൻ സഭാംഗം ഫാ . സെബിൻ തൈരംചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച്ച മരിച്ചവർക്കുവേണ്ടിയുള്ള പ്രത്യേക വി കുർബാന നടന്നു. ശനിയാഴ്ച്ച വൈകിട്ട് ലാറ്റിൻ റീത്തിലുള്ള വി. കുർബാനയ്ക്ക് ഫാ.കലിസ്റ്റസ് എൻവോവി മുഖ്യ കാർമ്മികത്വം വഹിക്കും.
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും .റവ .ഫാ.സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന കൺവെൻഷനിൽ ഇത്തവണ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ ,കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാനും പ്രശസ്‌ത ആത്മീയ പ്രഭാഷകനുമായ , മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ , നവസുവിശേഷവത്‌ക്കരണ കമ്മീഷൻ അധ്യക്ഷയും പ്രശസ്‌ത ആത്മീയ ശുശ്രൂഷകയുമായ സിസ്റ്റർ ആൻ മരിയ എന്നിവർ പങ്കെടുക്കും. ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കുന്ന കൺവെൻഷൻ ഫാ.ഷൈജു നടുവത്താനിയിൽ നയിക്കും . ബർമിങ്ഹാം അതിരൂപത വൈദികൻ റവ.ഫാ.ക്രൈഗ് ഫുള്ളാർഡ് ഇംഗ്ലീഷ് കൺവെൻഷനിൽ പങ്കുചേരും . 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ റവ . ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത് .
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ് , വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്;
ഷാജി ജോർജ് 07878 149670
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239.
നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ജോസ് കുര്യാക്കോസ് 07414 747573.
ബിജുമോൻ മാത്യു 07515 368239
അഡ്രസ്സ്
Bethel Convention Centre
Kelvin Way
West Bromwich
Birmingham
B707JW.
അപ്പച്ചൻ കണ്ണഞ്ചിറ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ആഘോഷമായി കൊണ്ടാടുന്ന വാത്സിങ്ങാം മരിയൻ തീർത്ഥാടനവും തിരുന്നാളും ജൂലൈ 15ന് ശനിയാഴ്ച്ച ഭക്തിനിർഭരമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഇത് ഏഴാം തവണയാണ് തീർത്ഥാടനം നടക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദിയായാണ് വാത്സിങ്ങാം മരിയ തീർത്ഥാടനം അറിയപ്പെടുന്നത്.
ഈ വർഷത്തെ വാത്സിങ്ങാം തീർത്ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസസമൂഹമാണ്. തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വാത്സിങ്ങാം തീർത്ഥാടനത്തിന്റെ ചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി യു കെ യിലുടനീളമുള്ള വിവിധ സീറോമലബാർ ഇടവകകളിൽ നിന്നുള്ള വിശ്വാസികളാണ് പ്രസുദേന്തിമാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ യു കെ യുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുമ്പോൾ രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രതിനിധികൾ തീർത്ഥാടനം ഒരുക്കുവാൻ ഉണ്ടാവും.
വർഷം തോറും വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടുകൊണ്ടു ഇക്കുറി തീർത്ഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർത്ഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു വാത്സിങ്ങാമിൽ എത്തുവാൻ നിർദ്ദേശിച്ചിട്ടുണ്ട് . അതിനാൽ തന്നെ പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന വാത്സിങ്ങാം ഗ്രാമത്തിന്റെ പരിപാവനതയും, ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർത്ഥാടനമാവും ഇത്തവണ ഉണ്ടാവുക.
ഇംഗ്ലണ്ടിലെ സിറോ മലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂർവ്വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർത്ഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9 : 30 am – ജപമാലയും ആരാധനയും .
10 : 30 am – വചന പ്രഘോഷണം ( റവ. സിസ്റ്റർ ആൻ മരിയ SH ).
11 :30 am – ഉച്ചഭക്ഷണം ,അടിമവക്കൽ .
12 :15 pm – പ്രസുദേന്തി വാഴിയ്ക്കൽ .
12 : 45 pm – ആഘോഷമായ പ്രദക്ഷിണം .
02 :00 pm – വിശുദ്ധ കുർബാന .
04 : 30 pm – തീർത്ഥാടന സമാപനം .
തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL