Spiritual

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത പ്രെസ്റ്റൺ റീജിയൻ ബൈബിൾ കലോത്സവം ഈ വരുന്ന ഒക്ടോബർ 28 ശനിയാഴ്ച പ്രെസ്റ്റൺ ക്രോസ്ഗേറ്റ് ചർച്ച് സെന്ററിൽ നടക്കും. രാവിലെ 9 മണിക്ക് റീജിയനിൽ നിന്നുള്ള വൈദികരുടെ സാന്നിധ്യത്തിൽ റീജിയണൽ ഡയറക്ടർ റവ ഫാ ബാബു പുത്തൻപുരക്കലിന്റെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന കലോത്സവം വൈകിട്ട് 9 ന് സമാപിക്കും.

പ്രെസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട എട്ട് മിഷണുകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരക്കുന്ന ഈ ബൈബിൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായി വരുന്നതായി കലോത്സവത്തിന്റെ ചാർജുള്ള ഫാ ആൻഡ്രൂസ് ചെതലൻ അറിയിച്ചു. പ്രെസ്റ്റൺ കത്തീഡ്രൽ ഇടവകയാണ് മത്സരങ്ങൾക്കുള്ള വേദിയുടെ ക്രമീകരണങ്ങൾ ചെയ്യുന്നത്. അതിനായി കലോത്സവം ജനറൽ കോർഡിനേറ്റർ ജോബി ജേക്കബ്, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ റെജി തോമസ്, ബിജു ചാക്കോ, സന്തോഷ്‌ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നും വിവിധ ഇടവകകളിൽ നിന്നുള്ളവർ ഉൾപ്പെട്ട വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

ബിനോയ് എം. ജെ.

മനുഷ്യജീവിതം പരിമിതമാക്കപ്പെട്ടിരിക്കുന്നു. വ്യക്തിത്വം എന്ന പദം തന്നെ പരിമിതിയെ സൂചിപ്പിക്കുന്നു. ആസ്വാദനത്തിന്റെ പരിമിതിയാണ് എല്ലാ പരിമിതികളുടെയും കാരണം. നിങ്ങളിലൊരാൾ ബഹിർമുഖനെന്നും മറ്റൊരാൾ അന്തർമുഖനെന്നും എണ്ണപ്പെടുന്നതെന്തുകൊണ്ട്? വ്യക്തിത്വത്തിന്റെ പരിമിതി തന്നെ. ആദ്യത്തെയാൾ മറ്റുള്ളവരുമായി കൂട്ടുകൂടുന്നതിനെ ആസ്വദിക്കുമ്പോൾ രണ്ടാമത്തെയാൾ ഒറ്റക്കിരിക്കുന്നതിനെ ആസ്വദിക്കുന്നു. എന്നാൽ ഒരേസമയം മറ്റുള്ളവരോടും തന്നോടുതന്നെയും കൂട്ടുകൂടുന്നതിനെ ആസ്വദിക്കുവാൻ ഒരാൾക്ക് നിഷ്പ്രയാസം സാധിക്കും. ജീവിതം തന്നെ ദ്വൈതങ്ങളുടെ ഒരു സമ്മേളനമാണ്. ഒരാൾ പ്രായോഗികമായി ചിന്തിക്കുന്നു; മറ്റൊരാൾ സൈദ്ധാന്തികമായി ചിന്തിക്കുന്നു. ഒരാൾ സമൂഹത്തോട് ചേർന്ന് ചിന്തിക്കുന്നു; മറ്റൊരാൾ സമൂഹത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നു. ഒരാൾ പ്രശ്നങ്ങളെ പരിഹരിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു; മറ്റൊരാൾ സുഖങ്ങൾ അന്വേഷിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്നു. എല്ലാം ആസ്വാദനത്തിന്റെ കളികൾ മാത്രം. നിങ്ങൾ എന്തിനെ ആസ്വദിക്കുന്നുവോ അതിലേക്ക് നിങ്ങളുടെ വ്യക്തിത്വം പരിമിതപ്പെടുന്നു. എന്നാൽ നിങ്ങൾക്ക് എല്ലാറ്റിനെയും ആസ്വദിക്കുവാൻ കഴിയും. അപ്പോൾ നിങ്ങൾ എല്ലാ പരിമിതികളെയും അതിജീവിക്കും.

നാം ഒന്നിനെ ആസ്വദിക്കുവാൻ പഠിക്കുന്നതിനോടൊപ്പം അതിന് വിരുദ്ധമായതിനെ വെറുക്കുവാനും പഠിക്കുന്നു. അതായത് നാം ജീവിതത്തെ ഭാഗികമായി മാത്രം കാണുകയും അറിയുകയും ചെയ്യുന്നു. ഒരു പന്തിനെ ഒരു വശത്തു നിന്നും നോക്കുമ്പോൾ മറുവശം മറക്കപ്പെടുന്നതുപോലേയുള്ളൂ ഇത്. എന്നാൽ നമുക്ക് ഇരുവശവും നോക്കി കാണുവാൻ കഴിയും. അപ്പോൾ മാത്രമേ നാമാ പന്തിനെ പൂർണ്ണമായും അറിയുന്നുള്ളു. ഇപ്രകാരം ജീവിതത്തെ ഒരു വശത്തു കൂടി മാത്രം നോക്കി കാണുമ്പോൾ നാം ജീവിതത്തെ പൂർണ്ണമായും അറിയുന്നില്ല. ഒരാൾ ഒരേസമയം പൂർണ്ണനായ അന്തർമുഖനും ബഹിർമുഖനും ആകുമ്പോൾ, പൂർണ്ണനായ സുഖാന്വേഷിയും ദുഃഖാന്വേഷിയും ആകുമ്പോൾ, പൂർണ്ണനായ പ്രായോഗികവാദിയും സൈദ്ധാന്തികവാദിയും ആകുമ്പോൾ; ഇപ്രകാരമുള്ള എല്ലാ ദ്വൈതങ്ങളെയും അതിജീവിക്കുമ്പോൾ, അയാളുടെ വ്യക്തിത്വം പൂർണ്ണതയിലേക്ക് വളർന്ന് വികസിക്കുന്നു. നിങ്ങൾ ജീവിതത്തിൽ സുഖം മാത്രമേ അന്വേഷിക്കുന്നുള്ളുവെങ്കിൽ നിങ്ങൾക്ക് ഒരിക്കലും പൂർണ്ണനാകുവാൻ കഴിയുകയില്ല. ഒരേസമയം സുഖത്തെയും ദുഃഖത്തെയും അന്വേഷിക്കുകയും ആസ്വദിക്കുകയും ചെയ്യുവിൻ. ദുഃഖത്തെയും, വേദനകളെയും, മരണത്തെയും മറ്റും എങ്ങനെയാണ് ആസ്വദിക്കുക? പരിശ്രമിക്കുവിൻ! നിങ്ങൾക്കതിന് കഴിയും! ഒരു ഔൺസ് ദുഃഖത്തെ ആസ്വദിച്ച് കഴിയുമ്പോഴേക്കും ആ ദുഃഖം തിരോഭവിച്ചു കഴിഞ്ഞിരിക്കും. കാരണം നിങ്ങൾ അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു!

നിങ്ങൾ പൂർണ്ണനാകണമെന്ന് സമൂഹവും ഈശ്വരനും നിഷ്കർഷിക്കുന്നതുപോലെ തോന്നുന്നു. കുറെനാൾ മലമുകളിലൂടെ നടന്നാൽ കുറെനാൾ നിങ്ങൾ താഴ് വരയിലൂടെ നടന്നേ തീരൂ..ജനിക്കുന്ന ഏതൊരുവനും മരിച്ചേ തീരൂ..ആരോഗ്യവും സൗന്ദര്യവും ക്ഷയിക്കും..പണം വന്നു ചേരുന്നതുപോലെ തന്നെ തിരോഭവിക്കുകയും ചെയ്യും..എല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു! ഒന്നും സ്ഥായിയല്ല! ഈ ജീവിതത്തിൽ വിജയം വരിക്കണമെങ്കിൽ എല്ലാറ്റിനെയും ആസ്വദിച്ചേ തീരൂ. പരിമിതികൾക്ക് ഇവിടെ സ്ഥാനമില്ല. ദുഃഖവും, വേദനകളും, രോഗവും, മരണവും നൃത്തം ചവിട്ടുന്ന ഈ ജീവിതത്തിൽ സുഖത്തെ മാത്രം ആസ്വദിക്കുന്നതിന്റെ പിറകിലത്തെ യുക്തി എന്താണ്? ജീവിതം പരിപൂർണ്ണമാണ്. അത് ഒരിക്കലും ഭാഗികമല്ല; ആകുവാൻ പാടില്ല. നിങ്ങൾ സുഖത്തെ മാത്രമായോ ദുഃഖത്തെ മാത്രമായോ ആസ്വദിച്ചാൽ നിങ്ങൾക്ക് അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുവാനാവില്ല. രണ്ടിനെയും ഒരു പോലെ ആസ്വദിക്കുവിൻ.

ജീവിതത്തിൽ എല്ലായിടത്തും സുഖദു:ഖങ്ങൾ ജോഡികളായി കാണപ്പെടുന്നു. നിങ്ങൾ ജീവിതത്തിൽ എന്തിനെയെങ്കിലും തിരഞ്ഞെടുത്തു നോക്കുവിൻ. അവിടെ സുഖവും ദുഃഖവും ഒരുപോലെ സന്നിഹിതമായിരിക്കുന്നുവെന്ന് കാണാം. പണവും, അധികാരവും, പ്രശസ്തിയും വരുമ്പോൾ അവയോടൊപ്പം സുഖദു:ഖങ്ങൾ രണ്ടും ഒരുപോലെ വന്നുചേരുന്നു. പണം വരുമ്പോൾ സുഖഭോഗങ്ങളോടൊപ്പം ഒറ്റപ്പെടലിന്റെ വേദനയും വന്നുചേരുന്നു. നിങ്ങൾ വിവാഹം കഴിക്കുമ്പോൾ ജീവിതപങ്കാളി സമ്മാനിക്കുന്ന സുഖത്തെയും, ദുഃഖത്തെയും ഒരുപോലെ സ്വീകരിച്ചേ തീരൂ. ഇവിടെയെല്ലാം സുഖത്തെ മാത്രമായി ആസ്വദിക്കുകയും അതിനോട് പറ്റിച്ചേർന്ന് കിടക്കുന്ന ദുഃഖത്തെ ആസ്വദിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ മനോസംഘർഷത്തിലേക്ക് വഴുതി വീഴുന്നു. എന്നാൽ രണ്ടിനെയും ഒരുപോലെ ആസ്വദിച്ചാൽ നിങ്ങളുടെ ആനന്ദം അനന്തമായി വർദ്ധിക്കുന്നു.

ഇപ്രകാരം പരിമിതികളില്ലാത്ത വ്യക്തിത്വത്തെ വളർത്തിയെടുക്കുവാൻ ശ്രമിക്കുവിൻ. ഇവിടെ നമ്മുടെ കയ്യിലുള്ള ഏക ഉപകരണം ആസ്വാദനം ആകുന്നു. ജീവിതത്തെ ആസ്വദിക്കുവാനുള്ള നിങ്ങളുടെ കഴിവിനെ ഉണർത്തിയെടുക്കുവിൻ. അത് ഇപ്പോൾ ഏതാണ്ട് ഉറങ്ങിയ മട്ടാണ്. നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അവിടെ ആസ്വാദനം തുടങ്ങുവിൻ. ക്രമേണ അത് മറ്റു മേഖലകളിലേക്ക് പടർന്നുകൊള്ളും. അങ്ങനെ ജീവിതത്തെ അതിന്റെ എല്ലാ വൈരുദ്ധ്യങ്ങളോടും കൂടി ആസ്വദിക്കുവിൻ. ഒരു ചിറക് മാത്രം ഉപയോഗിച്ച് ഒരു പക്ഷിക്ക് എങ്ങനെ പറക്കുവാൻ കഴിയും? പറക്കണമെങ്കിൽ എപ്പോഴും രണ്ടു ചിറകുകൾ ആവശ്യമാണ്. പരസ്പരവിരുദ്ധങ്ങളായ മനോഭാവങ്ങളെ ഒരുമിച്ച് ഉൾക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് അതിനുള്ള കഴിവ് സിദ്ധിക്കുന്നു. അപ്പോൾ നിങ്ങൾ പരിപൂർണ്ണനാവുകയും അനന്താനന്ദത്തിന്റെ വിഹായുസ്സിൽ പറന്നുയരുകയും ചെയ്യുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

ഷൈമോൻ തോട്ടുങ്കൽ
ബ്രാഡ്ഫോർഡ് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സ് റീജിയണൽ ബൈബിൾ കലോത്സവത്തിന് ഉജ്വല പരിസമാപ്തി . റീജിയൻ രൂപീകൃതമായ ശേഷം ആദ്യമായി നടന്ന ബൈബിൾ കലോത്സവത്തിൽ റീജിയണിലെ മുഴുവൻ ഇടവക / മിഷൻ പ്രൊപ്പോസഡ്‌ മിഷൻ കേന്ദ്രങ്ങളിൽ നിന്നുമായി നൂറു കണക്കിന് മത്സരാർഥികൾ ആണ് വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത് .
മിഷൻ കേന്ദ്രങ്ങളിൽ നിന്നും മത്സരങ്ങളിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ മത്സരാർഥികൾ നടത്തിയ ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണ് ബ്രാഡ്‌ഫോർഡിലെ ഡിക്സൺ കോട്ടിങ്‌ലി  അക്കാദമി വേദിയായത് . ശനിയാഴ്ച രാവിലെ ഒൻപതു മണിക്ക് ലീഡ്സ് റീജിയണൽ ഡയറക്ടർ റെവ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ വിശുദ്ധ ബൈബിൾ പ്രതിഷ്ഠ നടത്തിയതോടെ ആണ് മത്സരങ്ങൾ ആരംഭിച്ചത് . തുടർന്ന് നടന്ന ഉത്‌ഘാടന സമ്മേളനത്തിൽ  ബൈബിൾ കലോത്സവം റീജിയണൽ കോഡിനേറ്റർ ഫാ ജോസ് അന്ത്യാളം എം സി ബി എസ് .  ഫാ. സജി തോട്ടത്തിൽ . ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് തിരികൾ തെളിച്ച്  ഉത്‌ഘാടനം ചെയ്തു .
വിവിധ വേദികളിലായി മുന്നൂറ്റി അൻപതോളം മത്സരാർഥികൾ പങ്കെടുത്ത മത്സരങ്ങൾ വൈകിട്ട് എട്ടു മണിയോടെ ആണ് സമാപിച്ചത് . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ വച്ച് വിജയികളായ എല്ലാവർക്കും സമ്മാനങ്ങളും വിതരണം ചെയ്തു . റെവ. ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ . ഫാ. ജോസ് അന്ത്യാളം എം സി ബി എസ് . ഫാ. സാജു പിണക്കാട്ട് , ഫാ. ജോഷി കൂട്ടുങ്ങൽ ,ബൈബിൾ കലോത്സവം നാഷണൽ കോഡിനേറ്റർ , ആന്റണി മാത്യു ,  ബൈബിൾ അപ്പോസ്റ്റലേറ്റ് പ്രതിനിധികൾ ആയ ജോൺ കുര്യൻ , ജിമ്മിച്ചൻ ജോർജ് , ആതിഥേയർ ആയ ലീഡ്സ് ഇടവക സൺ‌ഡേ സ്ക്കൂൾ ഹെഡ് മാസ്റ്റർ ഡേവിസ് പോളിന്റെ നേതൃത്വത്തിൽ ഉള്ള ലീഡ്സ് ഇടവക ടീം , സൺ‌ഡേ സ്‌കൂൾ അധ്യാപകർ , കമ്മീഷൻ അംഗങ്ങൾ എന്നിവർ കലോത്സവ പരിപാടികൾക്ക് നേതൃത്വം വഹിച്ചു .

ജീസൺ പിട്ടാപ്പിള്ളിൽ

ഒക്ടോബർ 21 നു അരങ്ങുണരുന്ന ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ ബൈബിൾകലോത്സവത്തിനു ഒരുക്കങ്ങൾ പൂർത്തിയാക്കി. വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ റീജിയണൽ ബൈബിൾകലോത്സവത്തിന്റെ നടത്തിപ്പിനായി ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ.

ബ്രിസ്റ്റോൾ കാർഡിഫ്‌ റീജിയണൽ ബൈബിൾ കലോത്സവം കോർഡിനേറ്റർ ആൻറ് സെന്റ് ജെയിംസ് പ്രോപോസ്ഡ് മിഷൻ ടോണ്ടൻ ആൻഡ് എക്സിറ്റർ കോ ഓർഡിനേറ്റർ :ഫാ.രാജേഷ് എബ്രഹാം ആനാത്തിൽ ,ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ കോ ഓർഡിനേറ്റർ ആൻഡ് കാർഡിഫ് സെന്റ് തോമസ് മിഷൻ ഡയറക്ടർ ഫാ.മാത്യു പാലറകരോട്ട് CRM, ബ്രിസ്റ്റോൾ കാർഡിഫ് റീജിയൻ കോ ഓർഡിനേറ്റർ ആൻറ് സെന്റ് മേരീസ് പ്രോപോസ്ഡ് മിഷൻ ഗ്ലോസ്റ്റെർ കോ ഓർഡിനേറ്റർ ഫാ. ജിബിൻ വാമറ്റത്തിൽ, ബ്രിസ്റ്റോൾ സെൻ്റ് തോമസ് ഇടവക വികാരി ഫാ.പോൾ വെട്ടിക്കാട്ട് , അസിസ്റ്റന്റ് വികാരി ഫാ.ബിനോയ് മണ്ഡപത്തിൽ, ബൈബിൾകലോത്സവം റീജിയൺ കോർഡിനേറ്റർസ് ആയ ജോബി പിച്ചാപ്പിള്ളിയുടെയും, തോമസ് ചൂരപൊയ്കയുടെയും നേതൃത്വത്തിലും ബ്രിസ്റ്റോൾ കാർഡിഫ് മിഷൻ/പ്രോപോസ്ഡ് ട്രസ്റ്റിമാർ, മതബോധന ഹെഡ് ടീച്ചേഴ്സ് , വിവിധ സബ് കമ്മിറ്റികളുടെയും ന്യൂപോർട് പ്രോപോസ്ഡ് മിഷനിലെ വോളണ്ടീയർസ് അംഗങ്ങളും , വുമൻസ് ഫോറം പ്രതിനിധികളും ന്യൂപോർട് പ്രോപോസ്ഡ് മിഷനിലെ കത്തോലിക്കാ വിശ്വാസിസമൂഹ ത്തിൻ്റെയും സഹകരണത്തോടെയും ഒരുക്കങ്ങൾ പൂർത്തിയാക്കി.

ബൈബിൾകലോത്സവത്തിന്റെ മെഗാ സ്പോൺസേർസ് -വൈസ് മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് സർവീസസ് , ബ്രിസ്റ്റോൾ ആണ്.

 

ആറു മിഷൻകളിൽ നിന്നുംഉള്ള 400 ഇൽ പരം മത്സരാത്ഥികളാണ് പങ്കെടുക്കുന്നത്. റീജിയണൽ മത്സരങ്ങളിൽ വിജയികൾ ആയവരാണ് നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹതനേടുന്നത്. സിംഗിൾ ഐറ്റം മത്സരങ്ങളിലും, ഗ്രൂപ്പ് ഐറ്റം മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടിയവരാണ്‌ രൂപത മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹരാകുന്നത് . ബൈബിൾകലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയ്ന്റ്സ് കരസ്ഥമാക്കുന്ന ഒന്നും, രണ്ടും , മൂന്നും സ്ഥാനം നേടുന്ന മിഷനു ഈ വര്ഷം മുതല് റോളിങ് ട്രോഫി നൽകി ആദരിക്കുന്നതാണ്.

ഓവറോൾ ചാംപ്യൻസിനു അബ്രഹാം ആൻഡ് അന്നാമ്മ ചൂരപൊയ്ക മെമ്മോറിയൽ ട്രോഫിയും ഓവറോൾ റണ്ണേഴ്‌സ് അപ് മാത്യു ചെട്ടിയാകുന്നേൽ മെമ്മോറിയൽ ‌ ട്രോഫിയും മൂന്നാം സ്ഥാനം നേടുന്നവർക്ക് ചെട്ടിപ്പറമ്പിൽ ഫാമിലി വക ട്രോഫിയും നേടാവുന്നതാണ് . ഒക്ടോബർ 21 ന് രാവിലെ 09:15 ന് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച് ,ഒമ്പതോളം സ്റ്റേജുകളിൽ പത്തുമണിക്ക് മത്സരങ്ങൾ ഒരേസമയം ആരംഭിച്ചു, വിവിധ മത്സരങ്ങൾക്കു ശേഷം വൈകിട്ട് 06:00 pm നു സമ്മാനദാനത്തോടുകൂടെ ബൈബിൾകലോത്സവം സമാപിക്കും . മിതമായ നിരക്കിൽ തനിനാടൻ ഭക്ഷണങ്ങളും , ഫ്രീ കാർ പാർക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുള്ളതായി സംഘടകർ അറിയിച്ചിട്ടുണ്ട്‌ .

ഗ്രേറ്റ് ബ്രിട്ടനിൽ , സൗത്ത് വെയിൽസിൽ , ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ബൈബിൾകലോത്സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേർന്നു കത്തോലിക്കാ സഭയോട് ചേർന്ന് നിന്ന് കൊണ്ട് വിശ്വാസത്തിൽ ആഴപ്പെടുവാനും വരും തലമുറയിലേക്കു ദൈവികവിശ്വാസം പകർന്നു നൽകുവാനും വിശ്വാസികൾ എല്ലാവരെയും ഒക്ടോബർ മാസം 21 ന് ന്യൂപോർട്ടിലേക്കു ക്ഷണിക്കുന്നു.

(ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷൻ ട്രസ്റ്റീസ് പ്രിൻസ് ജോർജ്‌ മാങ്കുടിയിൽ-07533 062524), റെജി ജോസഫ് വെള്ളച്ചാലിൽ-07828 412724). ബൈബിൾകലോത്സവമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് കോ ഓർഡിനേറ്റർസ് ആയ ( ജോബി പിച്ചാപ്പിള്ളിൽ- 07460 329660, തോമസ് ചൂരപൊയ്കയിൽ- 07853 907429) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ബൈബിൾകലോത്സവവേദി :

St. Julian’s High School
Heather Road,
Newport
NP19 7XU

ലണ്ടൻ : യൂറോപ്പിൽ ഉള്ള മാർത്തോമ്മാ സഭാ അംഗങ്ങളുടെ സംഗമം 2023 നവംബർ 11നു ബിർമിങ്ഹാമിൽ വച്ചു നടത്തുന്നു. രാവിലെ 10 മണിക്ക് അഭിവന്ദ്യ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ വി. കുർബാനയോടെ ആരംഭിക്കുന്ന കുടുംബ സംഗമം റ്റാംവർത്ത് കോട്ടൻ ഗ്രീൻ ഇവാൻ ജലിക്കൽ പള്ളിയിൽ വച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ ആoഗ്ലിക്കൻ സഭാ ബിഷപ്പ് അഭിവന്ദ്യ സാജു മുതലാളി മുഖ്യ അതിഥി ആയി പങ്കെടുക്കും. തദവസരത്തിൽ സ്ഥലം മാറി പ്പോകുന്ന സോണൽ അധ്യക്ഷൻ അഭിവന്ദ്യ ഐസക് മാർ ഫിലക്സിനോസ് എപ്പിസ്ക്കോപ്പയ്ക്ക് യാത്ര അയപ്പ് നൽകുകയും, സഭാoഗംങ്ങൾ ആയ മുതിർന്നവരെ ആദരിക്കുകയും ചെയ്യും.

യു . കെ. യിലും, യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും ഉള്ള ഇടവകകൾ ഉൾപ്പെടുന്ന യു. കെ. യൂറോപ്പ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗമത്തോട് അനുബന്ധിച്ചു സഭയുടെ വിവിധ സംഘടനകളുടെയും, സഭാoഗങ്ങളായ കലാകാരൻമാരെയും കലാകാരികളെയും നേതൃത്വത്തിൽ ഉള്ള വിവിധ പരിപാടികളും ഉണ്ടായിരിക്കും. പരിപാടികളുടെ നടത്തിപ്പിനായി ശ്രീ. ബിജോ കുരുവിള കുര്യൻ ജനറൽ കൺവീനർ ആയും, വൈദികരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മറ്റികളും പ്രവർത്തിക്കുന്നു.

മാർത്തോമ്മ സഭ
യു. കെ. യൂറോപ്പ് സോണിനു വേണ്ടി റവ. ജോൺ മാത്യു സി (സെക്രട്ടറി)
അഡ്വ. ജേക്കബ് പി. എബ്രഹാം (പബ്ലിക് റിലേഷൻസ് ഓഫീസർ )

ബെഡ്ഫോർഡ്: ബെഡ്ഫോർഡ് കേന്ദ്രീകരിച്ച് സീറോ മലബാർ വിശ്വാസികൾ ഒത്തുകൂടി കുർബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള കുർബ്ബാന കേന്ദ്രം മിഷനായി പ്രഖ്യാപിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കുർബ്ബാന കേന്ദ്രത്തെ മിഷനായി ഉയർത്തുമ്പോൾ അവിടുത്തെ നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് നിറവേറ്റപ്പെടുന്നത്.

പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളും, പാരീഷ് ഡേയും ഒക്ടോബർ മാസം 21,22,23 തീയതികളിലായി ആഘോഷിക്കപ്പെടുമ്പോൾ ഇരട്ടി മധുരത്തിന്റെയും അനുഗ്രഹത്തിന്റെയും നിറവിലാവും വിശ്വാസി സമൂഹം കൊണ്ടാടുക.

ഒക്ടോബർ 13 മുതൽ ആരംഭിച്ച ദശദിന ജപമാല സമർപ്പണവും വിശുദ്ധ അൽഫോൻസാമ്മയുടെ
നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.

ഒക്ടോബർ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാരീഷ് പ്രീസ്റ്റ് ഫാ.എബിൻ നീരുവേലിൽ വി സി, ആമുഖമായി തിരുന്നാൾ കൊടിയേറ്റിയ ശേഷം ആഘോഷമായ വിശുദ്ധ കുർബ്ബാന അർപ്പിക്കും.

പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ 22 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അർപ്പിക്കുന്ന ആഘോഷപൂർവ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകുകയും കുർബ്ബാന കേന്ദ്രത്തെ മിഷനായി പ്രഖ്യാപിക്കുകയും ചെയ്യും. വിശുദ്ധബലിക്കു ശേഷം വിശുദ്ധരുടെ രൂപങ്ങൾ ഏന്തി ദേവാലയം ചുറ്റി വിശ്വാസ പ്രഘോഷണമായി പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ എത്തി സമാപിക്കും.

ഇടവക ദിനാഘോഷത്തിൽ സൺഡേ സ്കൂളിന്റെ വാർഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും അരങ്ങേറും. സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തിരുന്നാൾ സമാപന ദിനമായ ഒക്ടോബർ 23 ന് തിങ്കളാഴ്ച മരിച്ചവിശ്വാസികളുടെ തിരുന്നാൾ കൊണ്ടാടും. വൈകുന്നേരം 5 മണിയോടെ തിരുന്നാളിന് കൊടിയിറങ്ങും. .

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബെഡ്ഫോർഡ് കേന്ദ്രീകരിച്ചു സീറോമലബാർ സമൂഹം ആഘോഷിക്കുന്ന പാരീഷ് ഡേയ്ക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യവും, കൂടുതൽ ആളുകളെ ഉൾക്കൊള്ളുവാൻ സൗകര്യപ്രദവും, പള്ളിയുടെ സമീപത്തുള്ളതുമായ ജോൺ ബനിയൻ സെന്ററാണ് വേദിയാവുക.

വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ ബെഡ്ഫോർഡിൽ കുർബ്ബാന കേന്ദ്രം മിഷനായി ഉയർത്തുന്ന അനുഗ്രഹീത വേളയിലും, തിരുന്നാളിലും, പാരീഷ് ഡേയിലും ഭാഗഭാക്കാകുവാനും, മാദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഇടവകാംഗങ്ങളേവരെയും സസ്നേഹം ക്ഷണിക്കുന്നതായി വികാരി ഫാ എബിൻ നീരുവേലിൽ വി സി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്‌, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്

വാൽത്തംസ്റ്റോ: ആഗോള കത്തോലിക്കാ സഭ, പരിശുദ്ധ ജപമാലരാജ്ഞിയുടെ വണക്കത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന ഒക്ടോബർ മാസത്തിൽ വാൽത്തംസ്റ്റോവിലെ സെന്റ് മേരീസ് & ബ്ലെസ്സഡ് കുഞ്ഞച്ചൻ സീറോമലബാർ മിഷന്റെ നേതൃത്വത്തിൽ നൈറ്റ് വിജിൽ ഒരുക്കുന്നു.

പ്രമുഖ ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ഇവാഞ്ചലൈസേഷൻ ഡയറക്റ്ററും, പ്രശസ്ത തിരുവചന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിലിന് നേതൃത്വം നൽകും.

ഔർ ലേഡി ആൻഡ് സെന്റ് ജോർജ്ജ് കത്തോലിക്കാ ദേവാലയത്തിൽ നാളെ, ഒക്ടോബർ 20 നു വെള്ളിയാഴ്ചയാണ് നൈറ്റ് വിജിൽ ക്രമീകരിച്ചിരിക്കുന്നത്.

രാത്രിയാമങ്ങളിൽ സുശാന്തതയിൽ ഇരുന്ന് മനസ്സും ഹൃദയവും ദൈവ സന്നിധിയിലേക്കുയർത്തി തങ്ങളുടെ വേദനകളും നിസ്സഹായാവസ്ഥയും, ഭരമേല്പിക്കുവാനും, അനുഗ്രഹങ്ങൾക്ക് നന്ദിയും സ്തുതിയും പ്രകാശിപ്പിക്കുവാനും ഉള്ള അവസരമാണ് ഒരുങ്ങുന്നത്.

പരിശുദ്ധ കുർബ്ബാനയിലൂടെ ക്രിസ്‌തുവിൻറെ രക്ഷാകര യാത്രയോടൊപ്പം ചേർന്നും, തിരുവചന ശുശ്രുഷയിലൂടെ അവിടുത്തെ ശ്രവിച്ചും, പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥവേദിയായ നൈറ്റ് വിജിൽ ശുശ്രുഷകളിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.

മാത്തച്ചൻ വിളങ്ങാടൻ-
07915602258

നൈറ്റ് വിജിൽ സമയം: നാളെ, ഒക്ടോബർ 20 വെള്ളിയാഴ്ച, രാത്രി 8:00 മുതൽ 12:00 വരെ.

പള്ളിയുടെ വിലാസം: Our Lady & St. George’s Catholic Church, Walthamstow, E17 9HU

സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ലീഡ്സ് റീജൺ ബൈബിൾ കലോത്സവം ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച നടത്തപ്പെടും. ലീഡ്സ് റീജൺ രൂപീകൃതമായതിനുശേമുള്ള ആദ്യ ബൈബിൾ കലോത്സവം ബ്രാഡ്ഫോർഡിലുള്ള ഡിക്സൺ കോട്ടിങ്ങിലി അക്കാദമിയിൽ വച്ചാണ് നടത്തപ്പെടുക . ശനിയാഴ്ച രാവിലെ 9 മണിക്ക് ബൈബിൾ പ്രതിഷ്ഠയും തുടർന്ന് ബൈബിൾ കലോത്സവത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുന്നതാണ് . ഒമ്പതരയോട് ആരംഭിക്കുന്ന മത്സരങ്ങൾ വൈകിട്ട് 5 മണിയോടെ പൂർത്തിയാകുകയും തുടർന്ന് സമാപന സമ്മേളനം നടക്കുകയും ചെയ്യും. നാലോളം വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ ലീഡ്സ് റീജന്റെ കീഴിലുള്ള നൂറുകണക്കിന് മത്സരാർത്ഥികളാണ് തയ്യാറെടുക്കുന്നത്.

ഇടവക , മിഷൻ, നിയുക്ത മിഷൻ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നും, രണ്ടും , മൂന്നും സ്ഥാനങ്ങളിൽ എത്തിയവരാണ് റീജണൽ തലത്തിലുള്ള മത്സരങ്ങളിൽ മാറ്റുരയ്ക്കുക. ഗ്രേറ്റ് ബ്രിട്ടൻ രൂപത രൂപീകൃതമായതിനു ശേഷം വിശ്വാസികളുടെ പ്രത്യേകിച്ച് കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ വളർത്തുന്നതിനായി ആരംഭിച്ച ബൈബിൾ കലോത്സവം പങ്കാളിത്തം കൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ കലാമേളയായി വളരാൻ കുറഞ്ഞ കാലം കൊണ്ട് സാധിച്ചിട്ടുണ്ട്. നാഷണൽ ബൈബിൾ കലോത്സവം നവംബർ 18 -ന് സ്കതോർപ്പിൽ വച്ചാണ് നടത്തപ്പെടുക.

പ്രായമനുസരിച്ച് വിവിധ കാറ്റഗറിയായി നടക്കുന്ന മത്സരങ്ങളുടെ നിബന്ധനകൾ ഇതിനോടകം മത്സരാർത്ഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ബൈബിൾ കലോത്സവ വേദിയിൽ മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാണ്. മത്സരങ്ങളിൽ പങ്കെടുത്തും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചും ലീഡ്സ് റീജണൽ തലത്തിൽ നടക്കുന്ന പ്രഥമ ബൈബിൾ കലോത്സവം ഒരു വൻ വിജയമാക്കണമെന്ന് സംഘാടകസമിതിക്ക് വേണ്ടി ലീഡ്സ് റീജണൽ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിയിൽ സി എം ഐ , ബൈബിൾ കലോത്സവം ലീഡ്സ് റീജൺ കോ-ഓഡിനേറ്റർ ഫാ. ജോസ് അന്ത്യാംകുളം എം സി ബി എസ് , ബൈബിൾ അപ്പസ്തോലിക് ലീഡ്സ് റീജണൽ കോ – ഓഡിനേറ്റർ ഫാ. ജോഷി കൂട്ടുങ്ങലും അഭ്യർത്ഥിച്ചു.

ബൈബിൾ കലോത്സവ വേദിയുടെ അഡ്രസ്
Dixons Cottingley Academy
Cottingley New Rd. Bingley
BD16 1TZ

ബിനോയ് എം. ജെ.

അനന്താനന്ദത്തിലേക്ക് വരുവാനുളള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ആസ്വാദനമാണ്. ഇത് പലപ്പോഴും നാം വിസ്മരിക്കുന്ന കാര്യമാണ്. ജീവിതവിജയത്തിലേക്ക് വരുവാനുള്ള കുറുക്കുവഴിയും ആസ്വാദനം തന്നെ. ഒരാൾ ജീവിതത്തിൽ സന്തുഷ്ടനും വിജയിയുമായി കാണപ്പെടുന്നു. മറ്റൊരുവനാവട്ടെ നിരാശനും ദു:ഖിതനുമാണ്. ആദ്യത്തെയാൾ ജീവിതം ആസ്വദിക്കുന്നതിൽ വിജയം കണ്ടിരിക്കുന്നു. രണ്ടാമത്തെയാൾ അതിൽ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. രണ്ടു പേർ ഒരേ പ്രശ്നത്തെ നേരിടുന്നുവെന്ന് സങ്കല്പിക്കുക. ആദ്യത്തെയാൾ പ്രശ്നത്തെ നേരിടുംതോറും സന്തുഷ്ടനും ബലവാനും ആയി മാറുന്നു. രണ്ടാമത്തെയാളാവട്ടെ ദുഃഖിതനും ദുർബലനുമായി മാറുന്നു. ഇവർ തമ്മിലുള്ള വ്യത്യാസമെന്ത്? ആദ്യത്തെയാൾ പ്രശ്നത്തെ നേരിടുന്നതിൽ ആസ്വാദനം കണ്ടെത്തുന്നു. രണ്ടാമത്തെയാൾ അതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ഒരാൾ കഠിനാദ്ധ്വാനി; മറ്റൊരാൾ അലസൻ – ഇവർ തമ്മിലുള്ള വ്യത്യാസം എവിടെയാണ് കിടക്കുന്നത്?ആദ്യത്തെയാൾ ജോലി ചെയ്യുന്നതിൽ ആസ്വാദനം കണ്ടെത്തുന്നു. രണ്ടാമത്തെയാൾ അതിൽ പരാജയപ്പെടുകയും ചെയ്യുന്നു.

ഇപ്രകാരം ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുന്നയാൾ ജീവിതത്തിൽ ആത്യന്തികമായ വിജയം കൈവരിക്കുന്നു. ജീവിതം ആസ്വദിക്കുവാൻ വേണ്ടിയുള്ളതാണ്. അതിൽ വിജയിക്കുന്നയാൾ അനന്തമായ ആനന്ദത്തിലേക്ക് ചുവടുവയ്ക്കുന്നു. സന്തോഷിക്കുന്നത് തെറ്റാണെന്ന് കരുതുന്നവർ പോലും നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർ ജീവിതത്തെ തന്നെ നിഷേധിക്കുന്നു. ഒരു വശത്തു കൂടി നാം ജീവിതത്തെ സ്വീകരിക്കുന്നു; മറുവശത്ത് കൂടി നാം ജീവിതത്തെ നിഷേധിക്കുന്നു. ഒരു വശത്തു കൂടി നാം സന്തോഷം അന്വേഷിക്കുന്നു; മറുവശത്ത് കൂടി നാം സന്തോഷിക്കുവാൻ മടി കാട്ടുന്നു. “എനിക്കിത് ഇഷ്ടമല്ല; ഞാനിതിനെ വെറുക്കുന്നു” എന്നും മറ്റും നാം പറയുമ്പോൾ നാം ചില കാര്യങ്ങളെ ആസ്വദിക്കുവാൻ മടി കാട്ടുകയാണ് ചെയ്യുന്നത്. ജീവിതം ഭാഗികമായി മാത്രം ആസ്വദിക്കുമ്പോൾ നമ്മുടെ ജീവിതം പരിമിതപ്പെട്ടു പോകുന്നു. ജീവിതത്തെ അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കുമ്പോൾ നാം പൂർണ്ണരായി മാറുന്നു.

ജീവിതത്തിലുള്ള എല്ലാ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങൾ കുടുബജീവിതം വേണ്ടുവോളം ആസ്വദിക്കുന്നുണ്ടെങ്കിൽ കാലക്രമേണ നിങ്ങൾ നിങ്ങളുടെ തൊഴിലിനെയും ആസ്വദിച്ചു തുടങ്ങും. കുടുംബജീവിതവും തൊഴിലും തമ്മിലുള്ള വ്യത്യാസം എന്താണ്? വീട്ടിൽ നിങ്ങൾ കുടുംബാഗങ്ങളെ സ്നേഹിക്കുന്നു; അവരോടൊപ്പം പലതും ചെയ്യുന്നു. ഓഫീസിൽ നിങ്ങൾ ജോലി ചെയ്യുന്നു; കൂടെ ജോലി ചെയ്യുന്നവരെ സ്നേഹിക്കുന്നു. ഇനി നിങ്ങൾ ഒഴിവുകാലത്ത് വിനോദയാത്രയ്ക്കു പോകുന്നുവെന്ന് കരുതുക. അവിടെയും ആസ്വാദനം തന്നെ നടക്കുന്നു. അവിടെ നിങ്ങളുടെ ആസ്വാദനം വിനോദത്തിലേക്കും വിശ്രമത്തിലേക്കും തിരിയുന്നു. നിങ്ങൾ വിനോദത്തെ വേണ്ടുവോളം ആസ്വദിക്കുന്നുണ്ടെങ്കിൽ കാലക്രമേണ നിങ്ങൾ അദ്ധ്വാനത്തെയും ആസ്വദിച്ചുതുടങ്ങും. കാരണം വിനോദവും അദ്ധ്വാനവും തമ്മിലുള്ള വ്യത്യാസം ഉപരിപ്ളവം മാത്രമാണ്. അകക്കാമ്പിൽ അവ ഒന്നു തന്നെയാണ്. അതുപോലെ തന്നെ നിങ്ങൾ ജോലി ചെയ്യുന്നത് വേണ്ടുവോളം ആസ്വദിക്കുന്നുണ്ടെങ്കിൽ കാലക്രമേണ നിങ്ങൾ അറിവ് സമ്പാദിക്കുന്നതും ആസ്വദിച്ച് തുടങ്ങും. കാരണം ജോലിയോടുള്ള നിങ്ങളുടെ സ്നേഹം അതിനെ കുറിച്ച് പഠിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കും. ഇപ്രകാരം ജീവിതം മുഴുവൻ ഒരൊറ്റ പ്രതിഭാസമാണ്. വ്യത്യാസങ്ങൾ ഉപരിപ്ളവം മാത്രം. അതിനാൽ നിങ്ങൾ എവിടെ ആയിരിക്കുന്നുവോ അല്ലെങ്കിൽ എന്തുചെയ്യുന്നുവോ അതിനെ അനന്തമായി ആസ്വദിക്കുവിൻ. ആ ആസ്വാദനം ക്രമേണ മറ്റു മേഖലകളിലേക്ക് പടർന്നുകൊള്ളും.

മറ്റുള്ളവരുടെ സാന്നിധ്യം ആസ്വദിക്കുന്നതിനോടൊപ്പം ഒറ്റക്കിരിക്കുന്നതും ആസ്വദിക്കുവിൻ! അവ പരസ്പരപൂരകങ്ങളാണ്. പണവും സമ്പത്തും ഉള്ളപ്പോൾ അതിനെ വേണ്ടുവോളം ആസ്വദിക്കുവിൻ. ആസ്വദിച്ച് മടുക്കട്ടെ. പിന്നീട് പണം നഷ്ടപ്പെടുകയും ദാരിദ്ര്യം വന്നുചേരുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് അതിനെയും ആസ്വദിക്കുവാൻ കഴിയും! ജീവിതത്തിന് എന്തെങ്കിലും പുതുമ വേണ്ടേ? ഇപ്രകാരം സുഖത്തെ ആസ്വദിച്ച് മടുക്കുന്നയാൾ പിന്നീട് ദുഃഖം വരുമ്പോൾ അതിനെയും ആസ്വദിക്കും. കാരണം സുഖത്തെ അയാൾ ആസ്വദിച്ച് മടുത്തിരിക്കുന്നു! ജീവിച്ചിരിക്കുമ്പോൾ ജീവിതത്തെ മടുക്കുവോളം ആസ്വദിച്ചു കൊള്ളുവിൻ. അപ്പോൾ മരണം വരുമ്പോൾ അതിനെയും ആസ്വദിക്കുവാൻ നിങ്ങൾക്ക് കഴിയും. കാരണം മനുഷ്യൻ എന്നും പുതുമ ഇഷ്ടപ്പെടുന്നു. എന്നും ഒരേ അനുഭവം ആണെങ്കിൽ അത് എത്രയോ വിരസമായിരിക്കും?

ആസ്വാദനം..ആസ്വാദനം..ആസ്വാദനം. ജീവിതം ഒരാസ്വാദനലഹരിയാവട്ടെ! ഇവിടെയുള്ള ഒന്നിനെയും ആസ്വദിക്കാതെ വിടരുത്. വേദനയെന്നും പറഞ്ഞൊന്നില്ല. സുഖവും വേദനയും തമ്മിൽ വ്യത്യാസം നിങ്ങൾക്ക് അനുഭവപ്പെടുന്നത്, സുഖത്തെ ആസ്വദിക്കുകയും വേദനയെ വെറുക്കുകയും ചെയ്യുന്നതു കൊണ്ടാണ്. രണ്ടിനെയും ഒരുപോലെ ആസ്വദിച്ചാൽ ആ വ്യത്യാസം തിരോഭവിക്കും. ഈ ജീവിതത്തിൽ ഉള്ള എല്ലാ അനുഭവങ്ങളും നമുക്ക് സ്വീകാര്യം ആകേണ്ടതാണ്. എല്ലാ അനുഭവങ്ങളെയും സ്നേഹിച്ചു തുടങ്ങുന്നയാൾക്ക് എല്ലാ വ്യക്തികളോടും സ്വാഭാവികമായും സ്നേഹമായിരിക്കും. വേദനയെ സ്നേഹിക്കുന്ന ഒരാൾക്ക് വേദനിപ്പിച്ചവരോടും സ്നേഹമല്ലേ തോന്നൂ. ഒരിക്കലും വിരോധം തോന്നില്ല. ലോകത്തെ മുഴുവൻ അശ്ലേഷിക്കുന്ന സ്നേഹം! അപ്പോൾ നിങ്ങൾ പൂർണ്ണതയിൽ എത്തുന്നു!

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120

 

ബെഡ്ഫോർഡ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ബെഡ്ഫോർഡ് സെൻറ് അൽഫോൻസാ പ്രോപോസ്ഡ് മിഷനിൽ പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാളും, ഇടവക ദിനാഘോഷവും ഒക്ടോബർ മാസം 21 , 22, 23 തീയതികളിലായി ഭക്തിപുരസരം കൊണ്ടാടുന്നു. ഒക്ടോബർ 13 മുതൽ ആരംഭിക്കുന്ന ദശദിന ജപമാല സമർപ്പണവും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.

ഒക്ടോബർ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ.എബിൻ നീരുവേലിൽ തിരുനാളിന് ആമുഖമായി കൊടിയേറ്റ് കർമ്മം നടത്തി ദിവ്യബലി അർപ്പിക്കുന്നതാണ്.

പ്രധാന തിരുന്നാൾ ദിനമായ ഒക്ടോബർ 22 ന് ഞായറാഴ്ച  ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അർപ്പിക്കുന്ന ആഘോഷപൂർവ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു സന്ദേശം നൽകും. തിരുന്നാളിനോടനുബന്ധിച്ച് സീറോ മലബാർ സഭയുടെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ നൊവേനയും നടത്തുന്നതാണ്. തുടർന്ന് ലുത്തീനിയ ആലപിച്ചു കൊണ്ട് ദേവാലയം ചുറ്റി നടത്തുന്ന പ്രദക്ഷിണം പ്രധാന വേദിയായ ജോൺ ബനിയൻ സെന്ററിൽ സമാപിക്കും.

ഇടവക ദിനാഘോഷത്തിൽ നടക്കുന്ന പാരീഷ് ഭക്ത സംഘടനകളുടെയും, സൺഡേ സ്കൂളിന്റെയും വാർഷികത്തിൽ ബിബിളിക്കൽ സ്കിറ്റും, കലാ പരിപാടികളും അരങ്ങേറും. തിരുന്നാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തിരുന്നാൾ സമാപന ദിനമായ ഒക്ടോബർ 23 ന് തിങ്കളാഴ്ച മരിച്ചവിശ്വാസികളുടെ തിരുന്നാൾ കൊണ്ടാടും. വൈകുന്നേരം 5 മണിക്ക് തിരുനാൾ കൊടിയിറക്കിയ ശേഷം സകല മരിച്ചവർക്കുവേണ്ടിയുള്ള കുർബാനയും, ഒപ്പീസും നടത്തപ്പെടും.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ബെഡ്ഫോർഡ് കേന്ദ്രീകരിച്ചു സീറോമലബാർ സമൂഹം ആഘോഷിക്കുന്ന മൂന്നാമത് തിരുന്നാളിന്റെ ഭാഗമായി നടത്തുന്ന പാരീഷ് ഡേയ്ക്ക് വിശാലമായ കാർ പാർക്കിംഗ് സൗകര്യവും, കൂടുതൽ ആളുകളെ ഉൾക്കൊള്ളുവാൻ സൗകര്യപ്രദവും, പള്ളിയുടെ സമീപത്തുള്ളതുമായ ജോൺ ബനിയൻ സെന്ററാണ് വേദിയാവുക.

ജപമാല മാസത്തിൽ മാതൃവണക്കമായി ആഘോഷിക്കുന്ന ദശദിന ജപമാലയിലും വി. അൽഫോൻസയുടെ നൊവേനയിലും തിരുനാളിലും ഭാഗഭാക്കാകുവാനും, മാദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഇടവകാംഗങ്ങളേവരെയും ക്ഷണിക്കുന്നതായി പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ. എബിൻ നീരുവേലിൽ വി സി അറിയിച്ചു. തിരുന്നാളിന് പ്രസുദേന്തിമാരും, സ്‌പോൺസർമാരും ആകുവാൻ താല്പര്യമുള്ളവർ തിരുന്നാൾ
കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്

മാത്യു കുരീക്കൽ ( കൺവീനർ), രാജൻ കോശി, ജയ്മോൻ ജേക്കബ്‌, ജോമോൻ മാമ്മൂട്ടിൽ, ജൊമെക്സ് കളത്തിൽ, ആന്റോ ബാബു, ജെയ്‌സൺ ജോസ് തുടങ്ങിയവരുമായി ബന്ധപ്പെടാവുന്നതാണ്.

Copyright © . All rights reserved