സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ
“ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരീ സഹോദരങ്ങളേ…” എന്ന അഭിസംബോധന മുഴങ്ങിക്കേൾക്കാൻ തുടങ്ങിയിട്ട് ഇന്ന് ആയിരം ദിവസം തികഞ്ഞു. മരിയഭക്തിയിൽ തുടങ്ങുന്ന ഓരോ പ്രഭാതത്തിലും പുഞ്ചിരിയോടും ഊർജ്ജസ്വലതയോടും അതിലുപരി ഉത്സാഹത്തോടും കൂടി അഭിസംബോധന ചെയ്ത് ഓരോ ക്രൈസ്തവനേയും വിളിച്ചുണർത്തുന്ന ആത്മീയ ശുശ്രൂഷ. പരിശുദ്ധ അമ്മയോടുള്ള സ്നേഹവും വിശ്വാസവും ഭക്തിയും വർദ്ധിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങൾ. മനോഹരമായ ഗാനങ്ങൾ. മുടങ്ങാതെയുള്ള ഈ ആത്മീയ ശുശ്രൂഷ ഇന്ന് ആയിരം ദിവസത്തിലെത്തി നിൽക്കുകയാണ്.
ഇത് ഫാ. ജോസ് അന്ത്യാംകുളം MCBS. അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷയുടെ സ്രഷ്ടാവ്. ദിവസവും നാം കേൾക്കുന്ന ഈശോയ്ക്കും പരിശുദ്ധ അമ്മയ്ക്കും വാത്സല്യമുള്ള സഹോദരീ സഹോദരങ്ങളെ എന്ന വിളി ഇനി മുതൽ ഈ വൈദീകന് സ്വന്തം. ഈ ആത്മീയ ശുശ്രൂഷ ആയിരം എപ്പിസോഡിൽ എത്തിയതിൻ്റെ സന്തോഷത്തിലാണ് ഫാ. ജോസ് അന്ത്യാംകുളം.
2019 പരി. കന്യാമറിയത്തിൻ്റെ വിമലഹൃദയ തിരുന്നാളിനോട് കൂടിയാണ് ഇങ്ങനെയൊരു ശുശ്രൂഷ ആരംഭിച്ചത്. വി. ലൂയിസ് മോൺഫോട്ടിൻ്റെ “യഥാർത്ഥ മരിയഭക്തി”യെന്ന പുസ്തകത്തിൽ പരി. അമ്മ വഴിയാണ് ഈശോയിലേയ്ക്ക് എത്തേണ്ടത് എന്നത് വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ നിന്നും ഉൾക്കൊണ്ട പ്രചോദനത്താലാണ് ഇങ്ങനെയൊരു സംരംഭം തുടങ്ങിയത്. ഈ ആത്മീയ ശുശ്രൂഷ മുടങ്ങാതെ ചെയ്യുവാൻ ധാരാളം ത്യാഗങ്ങളും സഹനങ്ങളും ആവശ്യമായിട്ടുണ്ടെന്ന് ഫാ. ജോസ് അന്ത്യാംകുളം പറഞ്ഞു. അഞ്ഞൂറാം എപ്പിസോഡിലും എഴുന്നൂറ്റമ്പതാം എപ്പിസോഡിലുമൊക്കെ ഇതവസാനിപ്പിക്കാൻ തീരുമാനിച്ചതാണ്. എന്നാൽ പരിശുദ്ധ അമ്മയുടെ ശക്തമായ ഇടപെടലിലൂടെ അത് സാധ്യമാകാതെ ആയിരം എപ്പിസോഡിൽ എത്തി നിൽക്കുന്നു. പരിശുദ്ധ അമ്മയിലൂടെ വേണം യേശുവിനെ അറിയാൻ എന്ന ഒരു പാട് വിശുദ്ധരുടെ സാക്ഷ്യവും ഇതിന് കൂടുതൽ പ്രചോദനകരമായി. അതോടൊപ്പം ഇപ്പോൾ ശുശ്രൂഷ ചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് സ്രാമ്പിക്കലിൻ്റെയും മുമ്പ് ശുശ്രൂഷ ചെയ്തിരുന്ന ഭദ്രാവതി രൂപതാദ്ധ്യക്ഷൻ അഭി. മാർ ജോസഫ് അരുമച്ചാടത്തിൻ്റെയും പ്രോത്സാഹനങ്ങൾ എടുത്ത് പറയേണ്ടതാണെന്ന് ഫാ. ജോസ് അന്ത്യാംകുളം മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
അഭിവന്ദ്യ പിതാക്കന്മാരെ കൂടാത ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത വികാരി ജനറാളന്മാരായ മോൺ. ആൻ്റണി ചുണ്ടലിക്കാട്ട്, മോൺ. ജോർജ്ജ് ചേലയ്ക്കൽ, മോൺ. ജിനോ അരീക്കാട്ട് MCBS, ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ PRO ഫാ. ടോമി എടാട്ട്, സി. ആൻമരിയ SH, ജോളി മാത്യൂ ഗ്രേറ്റ് ബ്രിട്ടൺ രൂപത വുമൺസ് ഫോറം സ്ഥാപക പ്രസിഡൻ്റ്, ഫാ. മാർട്ടിൻ നൈനാ പറമ്പിൽ റെക്ടർ ചങ്ങനാശ്ശേരി അതിരൂപത, ഫാ. ജോൺസൺ അന്ത്യാംകുളം, ഫാ. ബിനോയ് ആലപ്പാട്ട്, മാത്യൂ കുമരകം എന്നിവർ ആശംസകളർപ്പിച്ചു. അമ്മയോടൊപ്പം ഈശോയിലേയ്ക്ക് എന്ന ആത്മീയ ശുശ്രൂഷയ്ക്ക് വളരെ വലിയ പ്രതികരണമാണ് ഇതിനോടകം ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മരിയഭക്തിയിലൂടെ ആത്മീയമായി ജനങ്ങളെ ഈശോയിലേയ്ക്കടുപ്പിക്കുവാനുള്ള വഴിയൊരുക്കുകയാണ് ഫാ. ജോസ് അന്ത്യാംകുളം ചെയ്യുന്നത്.
തലശ്ശേരി രൂപതയിലെ പാലാവയലിൽ അന്ത്യാംകുളം കുടുംബത്തിലെ ഉലഹന്നൻ മറിയം ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനാണ് ഫാ. ജോസ് അന്ത്യാംകുളം. ഫാ. ജോസിനെ കൂടാതെ മറ്റൊരു വൈദീകനും അന്ത്യാംകുളം കുടുംബത്തിലുണ്ട്. മൂത്ത സഹോദരൻ ഫാ. ജോൺസൺ അന്ത്യാംകുളം. തലശ്ശേരി അതിരൂപതയിലെ വെള്ളരിക്കുണ്ട് ഇടവകയിൽ അദ്ദേഹം ശുശ്രൂഷ ചെയ്യുന്നു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ സ്പിരിച്വൽ കമ്മീഷൻ ചെയർമാൻ, ബെക്സ് ഹിൽ ഓൺസി സെൻ്റ് തോമസ്സ് മോർ മിഷൻ ആൻ്റ് ലിറ്റിൽ ഹാംടൺ സെൻ്റ് കാതറിൻ മിഷൻ ഡയറക്ടർ, സൗത്താംപടൺ റീജണൽ കാറ്റകിസം , ഇവാഞ്ചലൈസേഷൻ ഡയറക്ടർ എന്നീ നിലകളിൽ ഫാ. ജോസ് അന്ത്യാംകുളം ഇപ്പോൾ സേവനമനുഷ്ടിക്കുന്നു.
പരിശുദ്ധ കത്തോലിക്കാ സഭയോട് ചേർന്ന് നിന്നുള്ള ഫാ. ജോസ് അന്ത്യാംകുളത്തിൻ്റെ ആത്മീയ പ്രവർത്തനങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമിൻ്റെ ആശംസകൾ…
സ്ഥിരം വേദിയിൽ മാറ്റവുമായി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 9 ന് നടക്കും.ബഥേൽ സെന്ററിനു പകരം ബർമിങ്ഹാം സെന്റ് കാതറിൻ പള്ളിയിൽ നടക്കുന്ന കൺവെൻഷൻ രാവിലെ 8 ന് ആരംഭിക്കും. നോർത്താംപ്ടൺ രൂപത ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി യുടെ അനുഗ്രഹ സാന്നിധ്യത്തിൽ സെഹിയോൻ യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ ആത്മാഭിഷേകത്തിന്റെ പുത്തനുണർവ്വുമായി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഇവാഞ്ചലൈസഷൻ കോ ഓർഡിനേറ്ററും പ്രമുഖ ആത്മീയ വചന പ്രഘോഷകയുമായ റവ.സി.ആൻ മരിയ S H വചനവേദിയിലെത്തും .
അതേസമയം സ്ഥിരം വേദിയായ ബർമിങ്ഹാം ബെഥേൽ സെന്ററിൽ സെപ്റ്റംബർ മാസ കൺവെൻഷൻ 10 -ന് ലോക പ്രശസ്ത സുവിശേഷകനും സെഹിയോൻ , അഭിഷേകാഗ്നി ശുശ്രൂഷകളുടെ സ്ഥാപകനുമായ റവ.ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കും . സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്.
വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് .
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ;
ബിജു എബ്രഹാം 07859 890267
ജോബി ഫ്രാൻസിസ് 07588 809478
അഡ്രസ്സ്
St.CATHERINE’S CHURCH
69 IRVING ST.
BIRMINGHAM
B11DW
Nearest train station-Birmingham New Street.
എയ്‌ൽസ്‌ഫോർഡ്: വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനത്തിന് ശേഷം കർമ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6 മുതൽ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്‌ൽസ്‌ഫോർഡിലെ സീറോ മലബാർ മിഷൻ നേതൃത്വം നൽകും. പരിശുദ്ധ കന്യാമറിയം വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ പുണ്യഭൂമിയും, ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്‌ൽസ്‌ഫോർഡ്.
വൈകിട്ട് 4 മണിക്ക് എയ്‌ൽസ്‌ഫോർഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ സൗഖ്യ ജപമാല ശുശ്രൂഷ ആരംഭിക്കും. വൈകിട്ട് 5 മണിക്ക് സെന്റ് ജോസഫ് ചാപ്പലിൽ വിശുദ്ധകുർബാനയും തുടർന്ന് കർമ്മലമാതാവിന്റെ നൊവേനയും വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നടക്കും. വൈകിട്ട് 7 മണിക്ക് പരിശുദ്ധകുർബാനയുടെ ആശീർവാദത്തോടുകൂടി ശുശ്രൂഷകൾക്ക് സമാപനമാകും.
എയ്‌ൽസ്‌ഫോർഡിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ സീറോമലബാർ മിഷൻ ഈ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കർമ്മലമാതാവിന്റെ ശക്തമായ സാന്നിധ്യം നിലകൊള്ളുന്ന ഈ ആത്മീയ സങ്കേതത്തിൽ തുടക്കം കുറിക്കുന്ന ആദ്യബുധനാഴ്ച തിരുക്കർമ്മങ്ങളിലേക്കും ദിവ്യകാരുണ്യ ആരാധനയിലേക്കും എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായിമിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് അറിയിച്ചു.
ജെഗി ജോസഫ്
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പോസ്തലനായ വി. തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടു കൂടി മനോഹരമായി അലങ്കരിച്ച ദേവാലയത്തിന്റെ മുന്‍വശത്ത് സ്ഥാപിച്ച കൊടിമരത്തില്‍ ഫാ ജെറി,ഫാ ജോബി വെള്ളപ്ലാക്കല്‍ വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ കൊടിയേറ്റ് നടന്നു.

മാത്സണ്‍ സെന്റ് അഗസ്റ്റിന്‍ ദേവാലയത്തിന്റെ പ്രീസ്റ്റ് ഫാ ജെറി കൊടിയുയര്‍ത്തി. തുടര്‍ന്ന് വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ തിരുസ്വരൂപങ്ങളും നേര്‍ച്ചയും വെഞ്ചരിച്ചു. ശേഷം ഫാ ജോബി വെള്ളപ്ലാക്കലിന്റെ നേതൃത്വത്തില്‍ ആഘോഷപൂര്‍വ്വമായ പാട്ടു കുര്‍ബാന നടന്നു. പാട്ടുകുര്‍ബ്ബാനയ്ക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ച് പ്രദക്ഷിണം നടന്നു. റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞവര്‍ക്ക് പ്രദക്ഷിണം വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ സമ്മാനിച്ചു. തിരുസ്വരൂപങ്ങളേന്തിയ ആഘോഷപൂര്‍വ്വമായ പ്രദക്ഷിണവും ലദീഞ്ഞും പൂര്‍ത്തിയാക്കി. നാട്ടിലെ പെരുന്നാളിനെ അനുസ്മരിക്കും വിധം വിവിധ സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. കേരളത്തിന്റെ തനിമയും ഗൃഹാതുരത്വവും നിറഞ്ഞു നില്‍ക്കുന്ന കാഴ്ചയായിരുന്നു പള്ളിയിലും ചുറ്റും കാണാനായത്.

വിവിധ സ്റ്റാളുകളില്‍ നാടന്‍ രുചിയില്‍ നിരവധി വിഭവങ്ങളും ഒരുക്കിയിരുന്നു. പരിപ്പുവട, സുഖിയന്‍, ബോണ്ട, ഉണ്ണിയപ്പം, നെയ്യപ്പം , പഴംപൊരി , കപ്പ ,ബിരിയാണി എല്ലാം ആസ്വദിക്കാന്‍ സ്റ്റാളുകളുണ്ടായി.
കുട്ടികള്‍ക്കായി വിവിധ കളികള്‍ക്കുള്ള മത്‌സരങ്ങളും നടന്നു. നാട്ടിലെ പോലെ ഒരു തിരുന്നാള്‍ കൊണ്ടാടിയ സന്തോഷത്തിലായിരുന്നു ഏവരും. നമ്മുടെ വിശ്വാസം ഉയര്‍ത്തിപിടിക്കേണ്ടതിന്റെയും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതിന്റെയും ആവശ്യകത ഫാ. ജോബി ഓര്‍മ്മപ്പെടുത്തി. ഓരോ തിരുന്നാളും പുതുതലമുറയ്ക്ക് ഒരു വിശ്വാസത്തിന്റെ പ്രഘോഷണമായി മാറട്ടെയെന്നും അതിന് കഴിയും വിധം തിരുന്നാളുകള്‍ നടത്തണമെന്നും ഫാ ജോബി തന്റെ വചന സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു.

തിരുന്നാള്‍ ആഘോഷപൂര്‍വ്വവും ഭക്തിസാന്ദ്രവുമാക്കിയ ഓരോരുത്തര്‍ക്കും വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ നന്ദി രേഖപ്പെടുത്തി. കൈക്കാരന്മാരായ ആന്റണി, ബാബു അളിയത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളികമ്മിറ്റി അംഗങ്ങൾ മുന്‍ കമ്മറ്റി അംഗങ്ങള്‍, യുവജനസംഘടനകള്‍, വിശുദ്ധകുർബാന മനോഹരമാക്കിയ ഗായക സംഘം,പള്ളി മനോഹരമായി അലങ്കരിച്ച വുമണ്‍സ് ഫോറം തുടങ്ങി ഇടവക അംഗങ്ങളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനമായിരുന്നു മനോഹരമായ തിരുന്നാള്‍ ആഘോഷം കൊണ്ടാടാനായത്. ഏവരേയും ഫാ ജിബിന്‍ വാമറ്റത്തില്‍ പ്രത്യേകം അനുസ്മരിച്ച് നന്ദി അറിയിച്ചു.
ഷൈമോൻ തോട്ടുങ്കൽ
ലിവർപൂൾ: ലിവർപൂർ ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥയായ സമാധാന രാജ്ഞിയുടെയും ഭാരത അപ്പസ്തോലനായ മാർതോമാ ശ്ലീഹായുടെയും സംയുക്തതിരുനാളിന് ഇന്ന് തുടക്കമാകും. ദുക്റാന തിരുനാളിൻ്റെ തിരുക്കർമ്മങ്ങൾക്കു ശേഷം വികാരി ഫാ ആൻഡ്രൂസ് ചെതലൻ കൊടിയേറ്റം നിർവ്വഹിക്കും. തുടർന്ന് നവദമ്പതികളെ പ്രത്യേകം ആദരിക്കും. തുടർന്ന് തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസവും നൊവേനയും തിരുനാൾ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും . ജൂലൈ 10 ഞായറാഴ്ച ആണ് പ്രധാന തിരുനാൾ ദിനം.
നൊവേന ദിനങ്ങളിൽ വൈകീട്ട് 6 മണിയുടെ തിരുക്കർമ്മങ്ങൾക്ക് ഫാ ജോൺ പുളിന്താനം, ഫാ ഡാനി മോളോപറമ്പിൽ, ഫാ ഫ്രാൻസിസ് കൊച്ചുപാലിയത്ത്, ഫാ രാജേഷ് ആനത്തിൽ, ഫാ ജസ്റ്റിൻ കാരക്കാട്ട് SDV, ഫാ ജോം മാത്യു എന്നിവർ നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിനമായ ജൂലൈ പത്ത് ഞായറാഴ്ച രാവിലെ 10 മണിയുടെ ആഘോഷമായ റാസ കുർബാനക്ക് റെവ. ഡോ . ജോസഫ് കറുകയിൽ കാർമ്മികനാകും. റവ ഫാ ജിൻസൻ തുരുത്തിപ്പള്ളിൽ OFM Cap, ഫാ ആൻഡ്രൂസ്, ഡീക്കൻ ജോയ്സ് ജെയിംസ് എന്നിവർ സഹകാർമ്മികരാകും.
ജൂലൈ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുനാളിൻ്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള കൊച്ചിൻ ഗോൾഡൻ ഹിറ്റ്സിൻ്റെ ഗാനമേള- മിമിക്സ് സൂപ്പർ മെഗാ ഷോ അരങ്ങേറും. തിരുനാളിൻ്റെ വിജയത്തിനായി കൈക്കാരന്മാരായ ആൻ്റണി മടുക്കക്കുഴി, വർഗ്ഗീസ് ആലുക്ക, അനിൽ ജോസഫ് എന്നിവർ കൂടാതെ തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോളി വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ വിപുലമായ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
മാത്യൂ ചെമ്പുകണ്ടത്തിൽ
ഇന്ത്യന്‍ ക്രൈസ്തവികതയില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന തോമാബോധ്യങ്ങളെ ഏറെ പ്രോജ്വലമാക്കുന്ന ദിനമാണ് ജൂലൈ മൂന്ന്. “നമ്മുടെ പിതാവായ മാര്‍ തോമാസ്ലീഹായുടെ” ജീവിതസാക്ഷ്യത്തെ ഈ ദിനത്തില്‍ ഭാരതക്രൈസ്തവര്‍ പ്രത്യേകമായി ഓര്‍മ്മിക്കുന്നു. ഈ വര്‍ഷത്തെ ദുക്റാന തിരുന്നാളിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രക്ഷയുടെ സുവിശേഷം പ്രഘോഷിക്കാന്‍ നിയുക്തനായി ഭാരതമണ്ണില്‍ എത്തിച്ചേര്‍ന്ന ക്രിസ്തുശിഷ്യനായ തോമാസ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാർഷികമാണിത്. ചരിത്രവും പാരമ്പര്യവിശ്വാസവും സാക്ഷ്യപ്പെടുത്തുന്നതുപോലെ, AD 52-ൽ കൊടുങ്ങല്ലൂരില്‍ തോമാസ്ലീഹാ കപ്പലിറങ്ങിയെന്നും AD T2-ൽ മൈലാപ്പൂരില്‍ അദ്ദേഹം രക്തസാക്ഷിയായെന്നും തലമുറതലമുറയായി തോമാക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
ഭാരതക്രൈസ്തവ ചരിത്രത്തില്‍ പതിഞ്ഞിരിക്കുന്ന തോമാസ്ലീഹായുടെ കാലടികളെ മായ്ച്ചുകളയാനും അതിലൂടെ ക്രൈസ്തവസഭയുടെ ചരിത്രത്തെയും പൗരാണിക അസ്തിത്വത്തെയും നിഷേധിക്കാനും സംഘടിതമായി പല നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവസഭയുടെ ചരിത്രപരത കണ്ട് അപകര്‍ഷതാബോധം തോന്നുന്ന പലരും തോമാസാന്നിധ്യത്തെ നിഷേധിക്കാന്‍ ഇന്നും പലനിലയിലും ശ്രമിച്ചുകൊണ്ടിരിക്കുന്നു; എന്നാല്‍ ഭാരതത്തിലെ തോമാനസറാണികൾ പ്രസ്തുത നീക്കങ്ങളെയെല്ലാം തൃണവൽഗണിച്ചുകൊണ്ട് തോമായുടെ ജ്വലിക്കുന്ന വിശ്വാസത്തേയും ഭാരതസുവിശേഷീകരണത്തിന് തുടക്കമിട്ട ശ്രേഷ്ഠ അപ്പൊസ്തൊലന്‍റെ ജീവിത സാക്ഷ്യത്തേയും ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നു.
തോമാസ്ലീഹായുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചരിത്രം കൈയൊപ്പുചാര്‍ത്തിയ തിരുശ്ശേഷിപ്പാണ് ഭാരതത്തില്‍ ഇന്ന് കാണപ്പെടുന്ന സെന്‍റ് തോമസ് ക്രൈസ്തവ സമൂഹം. ലോകത്തില്‍ ക്രിസ്തുശിഷ്യന്മാരുടെ പേരിലുള്ള ഒരേയൊരു ക്രൈസ്തവസമൂഹമാണ് ഭാരതത്തിലുള്ള തോമാക്രിസ്ത്യാനികള്‍. തങ്ങള്‍ തോമാസ്ളീഹായുടെ മക്കളാണെന്ന് പൗരാണികകാലം മുതലേ അഭിമാനത്തോടെ പ്രഘോഷിക്കുന്ന ഈ ക്രൈസ്തവ സമൂഹം തന്നെയാണ തോമാസ്ലീഹാ ഇന്ത്യയില്‍ വന്നു എന്നതിനുള്ള ഏറ്റവും ശക്തമായ തെളിവായും നിലകൊള്ളുന്നത്.
ഈശോമശിഹായുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍നിന്നും ക്രിസ്തുവിന്‍റെ സ്ഥാനാപതിയായി തോമസിനെയാണ് പരിശുദ്ധാത്മാവ് ഭാരതത്തിലേക്ക് നിയോഗിച്ചത്. ഇന്ത്യയില്‍ വെറും രണ്ട് പതിറ്റാണ്ടായിരുന്നു അദ്ദേഹത്തിന്‍റെ ശുശ്രൂഷാകാലമെങ്കിലും ഇതിനോടകം ഏഴോളം സഭാസമൂഹങ്ങളെ (ഏഴരപ്പള്ളികള്‍) വിവിധയിടങ്ങളിലായി അദ്ദേഹം സ്ഥാപിച്ചതായി പാരമ്പര്യമായി വിശ്വസിക്കുന്നു.
കൗശലപൂര്‍വ്വം മെനഞ്ഞെടുത്ത കഥകളുമായി മതം സൃഷ്ടിക്കുന്നതിന് ഇറങ്ങിത്തിരിച്ച മതപ്രചാരകരായിരുന്നില്ല ക്രിസ്തുവിൻ്റെ അപ്പൊസ്തൊലന്മാര്‍. അവര്‍ “ക്രിസ്തുവിന്‍റെ മഹത്വം നേരിട്ടു കണ്ട സാക്ഷികളായിരുന്നു” (2 പത്രോസ് 1:16). സുവിശേഷത്തെ ജീവിച്ചുകാണിക്കുക എന്നതായിരുന്നു അപ്പോസ്തൊലന്മാരുടെ സുവിശേഷ പ്രവര്‍ത്തന രീതി. “ഞങ്ങളുടെ മാതൃകയനുസരിച്ച് ജീവിക്കുന്നവരെ കണ്ടുപഠിക്കുക” (ഫിലി 3:17) എന്നതായിരുന്നു അപ്പൊസ്തൊലിക കാലഘട്ടത്തിലെ ‘ബൈബിള്‍ ക്ലാസുകൾ’. ക്രിസ്തുവില്‍ ദര്‍ശിച്ച ജീവിത മാതൃകകളെ മുന്‍നിര്‍ത്തി വിശ്വാസജീവിത വഴിയില്‍ സഞ്ചരിക്കുവാന്‍ ജനങ്ങളെ ഒരുക്കുവാനായിട്ടാണ് അപ്പൊസ്തൊലന്മാര്‍ ദേശാന്തരങ്ങളിലേക്ക് സഞ്ചരിച്ചത്. “ദിനംതോറും നിന്‍റെ കുരിശെടുത്ത് എന്നേ പിന്‍ഗമിക്കുക” എന്ന ഈശോമശിഹായുടെ കല്‍പ്പനയെ പിന്‍പറ്റേണ്ടത് എപ്രകാരമാണെന്ന് അപ്പൊസ്തൊലന്മാര്‍ ജീവിച്ചു കാണിക്കുകയായിരുന്നു. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നേ അനുകരിക്കുവിന്‍” (1 കൊരി 11:1) എന്ന പ്രമാണം അപ്പൊസ്തൊലിക പാരമ്പര്യവിശ്വാസത്തിന്‍റെ ഭാഗമാണ്. ക്രിസ്തുവിലൂടെയുള്ള തന്‍റെ വിശ്വാസജീവിതയാത്ര എപ്രകാരമാണെന്ന് പൗലോസ് തന്‍റെ പിന്‍ഗാമിയായ തിമോത്തിയെ പഠിപ്പിച്ചിരുന്നു. ഈ യാത്ര എപ്രകാരമുള്ളതായിരിക്കുമെന്ന് കൊരിന്ത് സഭയെ പഠിപ്പിക്കാന്‍ തിമോത്തിയെ അയയ്ക്കുമെന്നും “ക്രിസ്തുവിലുള്ള എന്‍റെ യാത്ര” എപ്രകാരമായിരിക്കുമെന്ന് അവന്‍ നിങ്ങളെ പഠിപ്പിക്കുമെന്നും 1 കോറിന്തോസ് 4:17ല്‍ പൗലോസ് എഴുതി. തെസ്സലോനിക്യന്‍ സഭയ്ക്ക് എഴുതിയ ആദ്യ ലേഖനത്തില്‍ “നിങ്ങള്‍ ഞങ്ങളെയും കര്‍ത്താവിനേയും അനുകരിക്കുന്നവരായി” (1 തെസ1:6) എന്നും പൗലോസ് ഓര്‍മ്മിക്കുന്നു.
എഴുതപ്പെട്ട സുവിശേഷഗ്രന്ഥങ്ങളോ പ്രാര്‍ത്ഥനാ പുസ്തകങ്ങളോ ഒന്നുമില്ലാതെ, ക്രിസ്തുവിനെ ജീവിച്ചു കാണിക്കുന്നതിനായിരുന്നു തോമാസ്ലീഹായും ഭാരതത്തില്‍ എത്തിച്ചേർന്നത്. ക്രിസ്തുവിന്‍റെ സ്ഥാനാപതിയായ തന്നില്‍ നിറഞ്ഞുനിന്ന ക്രിസ്ത്വാനുഭവവും ജീവിതസാക്ഷ്യവും മാത്രമായിരുന്നു അദ്ദേഹത്തിന് ഈ ഉപഭൂഖണ്ഡത്തിലെ ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത്. “ഞാന്‍ ക്രിസ്തുവിനെ പിന്‍പറ്റുന്നതുപോലെ നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍” എന്ന് പൗലോസ് എഴുതിയെങ്കില്‍, പൗലോസില്‍ നിറഞ്ഞുനിന്ന ഈ അപ്പൊസ്തൊലിക ബോധ്യത്തിന്‍റെ ഭാരതസാക്ഷ്യമായിരുന്നു തോമാസ്ലീഹായുടെ ജീവിതം. ദിവ്യരക്ഷകനോടൊത്തു ചെലവഴിച്ച മൂന്നരവര്‍ഷങ്ങളിലെ അനുഭവങ്ങൾ അദ്ദേഹത്തിനു നില്‍കിയ വിശ്വാസബോധ്യങ്ങളെ അടിസ്ഥാനമാക്കി തന്‍റെ ജീവിതംതന്നെയായിരുന്നു തോമാസ്ലീഹാ ഭാരതത്തിന് നല്‍കിയ സുവിശേഷം. തോമായുടെ ജീവിതത്തെയും വിശ്വാസത്തേയും പിന്‍പറ്റുന്നത് ക്രിസ്തുവിനെ പിന്‍പറ്റുന്നതിനു തുല്യമാണെന്ന ഉറച്ച ബോധ്യമാണ് തോമാസ്ലീഹായില്‍നിന്ന് ഭാരതക്രൈസ്തവര്‍ക്ക് ലഭിച്ച മഹത്തായ പൈതൃകം.
ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടു വിശ്വസിച്ചതോടെ “സംശയിക്കുന്ന തോമാ” സംശയരഹിതനായ തോമായായി. “മാര്‍ വാലാഹ്” (എന്‍റെ കര്‍ത്താവ് എന്‍റെ ദൈവം) എന്ന് തോമായിൽ നിന്നും ഉയർന്ന പ്രതികരണം പുതിയനിയമത്തിലെ അതിമഹത്തായ വിശ്വാസ പ്രഖ്യാപനമായിരുന്നു. ദൈവം മനുഷ്യനായി നമ്മുടെയിടയില്‍ ജീവിച്ചു എന്ന മര്‍മ്മപ്രധാനവും ദുര്‍ഗ്രാഹ്യവുമായ ക്രിസ്തുവിജ്ഞാനീയ നിഗൂതകളിലേക്കു കടന്നുചെല്ലാന്‍ സഭയ്ക്ക് വഴിതുറന്ന താക്കോലായിരുന്നു തോമാസ്ലീഹായുടെ “മാര്‍ വാലാഹ്” പ്രഖ്യാപനം. ഇതിലൂടെ, ക്രിസ്തുവില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവത്വവും മനുഷ്യത്വവും എപ്രകാരം ആ വ്യക്തിത്വത്തിൽ ചേര്‍ന്നുനില്‍ക്കുന്നുവെന്നും പരസ്പരം കൂടിച്ചേരാതെ എപ്രകാരം വ്യതിരക്തമായി നിലകൊള്ളുന്നുവെന്നും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സഭയ്ക്ക് സാധിച്ചു. വാസ്തവത്തില്‍ തോമായുടെ സംശയം സഭയ്ക്ക് അനുഗ്രഹമായി മാറുകയായിരുന്നു.
പൗരസ്ത്യസഭകളുടെ ദൈവശാസ്ത്രം തോമാകേന്ദ്രീകൃതമായി മാര്‍ വാലാഹ് വിശ്വാസപ്രഖ്യാപനത്തെയാണ് ചൂഴ്ന്നുനില്‍ക്കുന്നത്. ലോഗോസ് ആന്ത്രോപ്പോസ് ( Logos Anthropos or Word Human അന്ത്യോഖ്യന്‍) എന്ന ക്രിസ്തു വിജ്ഞാനീയ ശാഖയും, ലോഗോസ് സാക്സ (Logs Sarx or Word Flesh അലക്സാണ്ട്രിയന്‍) എന്ന ക്രിസ്തു വിജ്ഞാനീയ ശാഖയും വ്യത്യസ്ത നിലകളിൽ യേശുക്രിസ്തു എന്ന വ്യക്തിയെ തലനാരിഴകീറി പരിശോധിച്ചപ്പോഴുമെല്ലാം തോമാസ്ലീഹായുടെ ”മാര്‍ വാലാഹ്” പ്രഖ്യാപനത്തിൻ്റെ ആഴങ്ങളേയാണ് വാസ്തവമായി പണ്ഡിതലോകം പഠനവിധേയമാക്കിയത് എന്നു പറയാം.
പൗരസ്ത്യസുറിയാനി സഭയിലെ മഹാനായ ബാബായി രചിച്ച ഗീതങ്ങളിലൊന്നിൽ ഇപ്രകാരം കുറിച്ചു “കര്‍ത്താവേ നിന്‍റെ ദൈവത്വത്തെയും മനുഷ്യത്വത്തെയും സംശയംകൂടാതെ ഞങ്ങള്‍ ആരാധിക്കുന്നു” (സാഗ്ദീനന്മാര്‍ ലാലാഹൂസാക്, വല്നാശൂസാക് ദ്ലാപൂലാഗാ) സീറോ മലബാര്‍ സഭയില്‍ ക്രിസ്തുമസ്, ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ആലപിക്കുന്ന ഈ ഗാനം തോമാസ്ലീഹായുടെ വിശ്വാസപ്രഖ്യാനപത്തിന്‍റെ ഏറ്റുപറച്ചിലുകൾ തന്നെയാണ്.
തോമാസ്ലീഹായുടെ ചരിത്രപരതയില്‍ സംശയിക്കുന്നവര്‍ മത്തായിയുടെ സുവിശേഷം 15:13 മനസ്സിലാക്കുന്നത് നല്ലതാണ്. “എന്‍റെ സ്വര്‍ഗ്ഗീയ പിതാവ് നട്ടതല്ലാത്ത ചെടികളെക്കെയും പിഴുതെറിയപ്പെടും” തോമാസ്ലീഹായില്‍ നിന്ന് വിശ്വാസദീപശിഖയേന്തി ഇന്ത്യയില്‍ തുടക്കംകുറിച്ച ‘തോമസ് മൂവ്മെന്‍റ്’ ഭാരതത്തിൽ വിവിധ കാലങ്ങളിൽ ഉദയം ചെയ്ത നിരവധി സാമ്രാജ്യങ്ങളെയും സാമ്രാട്ടുകളെയും യുദ്ധങ്ങളെയും വൈദേശികാധിപത്യങ്ങളെയും അധിനിവേശങ്ങളെയും അതിജീവിച്ചാണ് ഇവിടെവരെ എത്തിയിരിക്കുന്നത്. സ്വര്‍ഗ്ഗീയ പിതാവ് നട്ട സഭാതരു ആര്‍ക്കും പിഴുതെറിയാന്‍ കഴിയാത്ത വിധം ശാഖോപശാഖകളും അവയ്ക്കെല്ലാം ആധാരമായി ഒരൊറ്റ തായ്ത്തടിയുമുള്ള വംശവൃക്ഷമായി വളര്‍ന്നിരിക്കുന്നു. ബഹുശാഖിയായ ഈ സഭാതരു ഭാരതത്തിന്‍റെ പ്രകാശമാണ്. ജനതകളുടെ പ്രത്യാശയാണ്.
ബാംഗളൂര്‍ സെന്‍റ് തോമസ് ഫൊറോനാ ചര്‍ച്ച് ധര്‍മാരാം ഫൊറോനാ ചര്‍ച്ച് സുറിയാനി ഭാഷയിൽ ചിട്ടപ്പെടുത്തിയ ദുക്റാനാ ഗീതത്തിലെ പ്രാര്‍ത്ഥന ഏറ്റുചൊല്ലി ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കട്ടെ:
“സുവിശേഷവിളക്ക് ഞങ്ങളുടെ ഇരുളടഞ്ഞ മിഴികളില്‍ കൊളുത്തി ഞങ്ങളെ ജീവിപ്പിച്ചവനേ, ഞങ്ങളുടെ പിതാവായ മാര്‍ തോമാസ്ലീഹായോടൊപ്പം നിന്നെ ഞങ്ങള്‍ മഹത്വപ്പെടുത്തുന്നു. നിന്‍റെ വെളിപ്പാടിനെ അവനൊപ്പം സംശയമില്ലാതെ ഞങ്ങള്‍ പ്രഘോഷിക്കുന്നു, ഇടവിടാതെ ഞങ്ങള്‍ ഉരുവിടുന്നു;
മാര്‍ വാലാഹ് മാര്‍ വാലാഹ്”
മാത്യൂ ചെമ്പുകണ്ടത്തിൽ : ക്രൈസ്തവ സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നു. യു കെയിലെ ലീഡ് സിൽ താമസം.
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
ലീഡ്‌സ് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു. ബ്രാഡ്‌ഫോര്‍ഡ് സെന്റ് കൊളമ്പസ് കാത്തലിക് പ്രൈമറി സ്‌കൂള്‍ ഹാളില്‍ ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഇടവക വികാരി ഫാ. മാത്യൂ മുളയോലില്‍ ഇടവക ദിനാചരണം ഉദ്ഘാടനം ചെയ്തു.
ലീഡ്‌സ്, ഹറോഗേറ്റ്, ബ്രാഡ്‌ഫോര്‍ഡ്, കീത്തിലി, വെയ്ക്ഫീല്‍ഡ്, പോണ്ടിഫ്രാക്ട്, ഹഡേഴ്‌സ് ഫീല്‍ഡ്, ഹാലിഫാക്‌സ് തുടങ്ങിയ സ്ഥലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ ഇടവകയിലെ നൂറ് കണക്കിനാളുകളാണ് ഇടവക ദിനാചരണത്തില്‍ പങ്കുചേരാനെത്തിയത്. കോവിഡ് മൂലം മുടങ്ങിക്കിടന്ന ഇടവക ദിനാചരണമാണ് ഗംഭീരമായി നടത്തപ്പെട്ടത്. ഔദ്യോഗീക തിരക്കുകളില്‍ നിന്നും മാറി യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇടവകാംഗങ്ങള്‍ അവരുടെ ഇടവക വികാരിയച്ചനോടും ഇടവക പ്രതിനിധികളോടുമൊപ്പം ചിരിയും കളികളുമായി ഭക്ഷണവും കഴിച്ച് ഒരു ദിവസം ചിലവഴിക്കുക എന്നതാണ് ഇടവക ദിനം കൊണ്ടുദ്ദേശിക്കുന്നത്. പല സ്ഥലങ്ങളില്‍ നിന്നായി ആത്മീയ ശുശ്രൂഷകള്‍ക്കായി ദേവാലയത്തില്‍ വരുമ്പോള്‍ പലര്‍ക്കും പല പരിമിതികളുമുണ്ട്. യാതൊരു മാനസീക സമ്മര്‍ദ്ദവുമില്ലാതെ ഇടവകാംഗങ്ങള്‍ എല്ലാം ഒരുമിച്ചാസ്വദിക്കുന്ന രംഗങ്ങളാണ് കാണുവാന്‍ സാധിച്ചത്.
സ്ത്രീകളും കുട്ടികളുമായി നൂറ് കണക്കിന് ഇടവകക്കാരാണ് ഇടവക ദിനത്തില്‍ പങ്കെടുക്കാനെത്തിയത്.
രാവിലെ പത്ത് മണി മുതല്‍ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പാകത്തിനുള്ള ഇന്‍ഡോര്‍ ആന്റ് ഔഡ് ഡോര്‍ മത്സരങ്ങള്‍ ആരംഭിച്ചു. തനി നാടന്‍ രീതിയില്‍ എല്ലാവര്‍ക്കും മനസ്സ് തുറന്ന് ആസ്വദിക്കാനുള്ള വിഷയങ്ങളാണ് സംഘാടകര്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത് എന്നത് ശ്രദ്ധേയമായി. ഇടവകാംഗങ്ങള്‍ ഒരുമിച്ചാസ്വദിച്ച ഇടവക ദിനം വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു.
ഇടവകയിലെ സണ്‍ഡേ സ്‌ക്കൂള്‍ ടീച്ചേഴ്‌സ്, കൈക്കാരന്മാര്‍, ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തകര്‍ തുടങ്ങി മറ്റ് പ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇടവക ദിനം ഭംഗിയാക്കുവാന്‍ സാധിച്ചതെന്ന് ഇടവക വികാരി ഫാ. മുളയോലില്‍ അഭിപ്രായപ്പെട്ടു.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപീകൃതമാകുന്നതിന് വളരെ മുമ്പേ തന്നെ റവ. ഫാ. ജോസഫ് പൊന്നേത്തിന്റെ നേതൃത്വത്തില്‍ യോര്‍ക്ഷയറിലെ ആറ് കുര്‍ബാന സെന്ററുകളെ ഏകോപിപ്പിച്ച് ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സി രൂപപ്പെട്ടിരുന്നു. അക്കാലത്ത് ചാപ്ലിന്‍സി ഡേ എന്ന പേരില്‍ ഈ ആഘോഷം ഫാ. പൊന്നേത്ത് ആരംഭിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ ഫാ. ജോസഫ് പൊന്നേത്തിന്റെ പിന്‍ഗാമിയായി പിന്നീടെത്തിയത് ഫാ. മാത്യൂ മുളയോലിലാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത രൂപീകൃതമായതിന് ശേഷം ഫാ. മാത്യൂ മുളയോലിയുടെ കഠിന പ്രയത്‌നത്താല്‍ സ്വന്തമായി ദേവാലയം വാങ്ങിയ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയെ പിന്നീട് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ഇടവകയായി ഉയര്‍ത്തി. തുടര്‍ന്നങ്ങോട്ട് സീറോ മലബാര്‍ സഭയുടെ പരമ്പര്യത്തിലുള്ള ഒരു ഇടവക ദേവാലയമായി വികാരി ഫാ. മാത്യൂ മുളയോലില്‍ അതിനെ കാത്ത് സൂക്ഷിച്ചു പോരുന്നു.
ഷൈമോൻ തോട്ടുങ്കൽ
ബിർമിങ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം 2022’ ന് ഉജ്വല പരിസമാപ്തി . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്യാമ്പ് ഉത്‌ഘാടനം ചെയ്യുകയും ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുക്കുകയും ചെയ്തു . സഭയെ അറിയാനും , സഭയുടെ പാരമ്പര്യങ്ങൾ സ്വന്തമാക്കാനും യുവജനങ്ങൾ പ്രതിജ്ഞാബദ്ധരാകണമെന്നു തന്റെ ഉത്‌ഘാടനപ്രസംഗത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. സിനഡാലിറ്റി ചർച്ചാ വിഷയമാകുന്ന ഈ കാലഘട്ടത്തിൽ യുവജനങ്ങളെ കേൾക്കാനും , യുവജനങ്ങളോടൊപ്പം നടക്കാനും , സഭയും , രൂപതയും, സന്നദ്ധമാകുന്നതിന്റെ പ്രകാശനമായി ഈ ക്യാമ്പിനെ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തി ജീവിതത്തിൽ ഈശോയെ കണ്ടു മുട്ടാനും അവിടുത്തോടു വ്യക്തിപരമായി ബന്ധം പുലർത്താനും വിപരീത സാഹചര്യങ്ങളിൽ വിശ്വാസത്തെ മുറുകെ പിടിക്കാനുമുള്ള പ്രചോദനം ഈ ക്യാമ്പിൽ നിന്ന് സ്വന്തമാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. യൂത്ത് മിഷനറിയായ പിപ്പ ബെക്കർ ,കാത്തലിക് വോയ്‌സ് സി ഇ ഓ ബ്രണ്ടൻ തോംസൺ, ഡോ . ജോ ജോൺസൺ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ളാസുകൾ നയിച്ചു . വികാരി ജെനെറൽ മോൺ . ജിനോ അരിക്കാട്ട് എം സി ബി എസ് , ചാൻസിലർ റെവ. ഡോ . മാത്യു പിണക്കാട്ട്, എസ് എം വൈ എം ഡയറക്ടർ ഫാ. ഫാൻസ്വാ പത്തിൽ, ഫാ. ജോർജ് എട്ടുപറയിൽ, ഫാ ജോ മൂലേശ്ശേരി വി സി, ഫാ മാത്യൂസ് കുരിശുംമൂട്ടിൽ, ഡീക്കൻ ജോയ്‌സ് പള്ളിക്കമാലിയിൽ, ബ്രദർ ടോണി കൊച്ചേരിൽ , ബ്രദർ ജെയ്സൺ എന്നിവർ ക്യാംപിൽ പ്രസംഗിച്ചു .

കോഡിനേറ്റർമാരായ സുദീപ് എബ്രഹാം, സിബി ജെയിംസ്, ഷാജി വർക്കി, ഡോ ജോസി മാത്യു, മേരി ജോർജ്ജ്, സിനി ജോമി, ജോമി ജോൺ, മിനി ജോർജ്ജ്; യൂത്ത് ഓർഗനൈസേഴ്സ്മാരായ മരിയ ജേക്കബ്, ജെൻസൺ റോയി, ക്രിസ്‌റ്റി ജെയിംസ്, ജൂബിയ ജോർജ്ജ്, റിറ്റി ടോമിച്ചൻ, ജാനിയ ജോർജ്ജ്, ആകാഷ് തയ്യിൽ, ജെറിൻ ജോസഫ്, ആഗ്‌നസ് ജോർജ്ജ് എന്നിവർ ക്യാംപിനു നേതൃത്വം നൽകി .




ഷൈമോൻ തോട്ടുങ്കൽ
നോട്ടിംഗ് ഹാം . ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വി. യോഹന്നാൻ ശ്ലീഹായുടെയും സംയുക്ത തിരുനാൾ നോട്ടിംഗ് ഹാം സെൻറ് ജോൺ മിഷനിൽ ആഘോഷിക്കുന്നു. ജൂലൈ മൂന്നാം തീയതി ബുൾവെൽ പള്ളിയിൽ ഉച്ചകഴിഞ്ഞു തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും , തിരുനാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി രണ്ടാം തീയതി കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണവും നടക്കും , ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും , ജൂലൈ മൂന്നാം തീയതി നടക്കുന്ന സംയുക്ത തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റെവ. ഫാ. ജോസഫ് മുക്കാട്ട് കാർമികത്വം വഹിക്കും , റെവ. ഫാ. ജെയിംസ് ഇലഞ്ഞിക്കൽ വചന സന്ദേശം നൽകും .ലദീഞ്ഞ് , ആഘോഷമായ തിരുനാൾ പ്രദക്ഷിണം , തുടർന്ന് സ്നേഹവിരുന്ന് എന്നിവയും നടക്കുമെന്ന് മിഷൻ ഡയറക്ടർ ഫാ. ജോബി ജോൺ കൈക്കാരൻമാർ എന്നിവർ അറിയിച്ചു .
ലണ്ടൻ സെന്റ് തോമസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക് സ് പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മ പെരുന്നാൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ ജൂലൈ മാസം 2 , 3 ( ശനി , ഞായർ ) തീയതികളിൽ ആചരിക്കുന്നു. പെരുന്നാൾ ശുശൂഷകൾക്കു ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മോർ അന്തിമോസ് തിരുമനസ്സ് നേതൃത്വം വഹിക്കുന്നതാണ് . ജൂലൈ 2 ശനിയാഴ്ച രാവിലെ ഒമ്പതുമണിക്ക് പ്രഭാത നമസ്കാരം, വി.കുർബാന തുടർന്ന് കൊടിയേറ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ് . വൈകുന്നേരം 6.30 മുതൽ സന്ധ്യ പ്രാർത്ഥന , ഗാന ശുശ്രൂഷ , അനുഗ്രഹ പ്രഭാഷണം , സ്നേഹ വിരുന്ന് ക്രമീകരിച്ചിരിക്കുന്നു.
മൂന്നാം തീയതി ഞായറാഴ്ച 9 മണി മുതൽ പ്രഭാത നമസ്കാരവും , 10 മണി മുതൽ വി.മൂന്നിന്മേൽ കുർബാന അഭി. ഡോ. മാത്യൂസ് മോർ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു .
വി.കുർബാനാനന്തരം, നേർച്ച , ഭക്തിനിർഭരമായ പ്രദക്ഷിണം , ആശീർവാദം , ലേലം , സ്നേഹവിരുന്ന് , കൊടിയിറക്കം എന്നിവയോടു കൂടി പെരുന്നാൾ 2.30 നു പര്യവസാനിക്കുന്നതാണ് . വി. തോമാ ശ്ലീഹായുടെ ഓർമ്മപെരുന്നാളിലും ഭക്തിനിർഭരമായ പ്രദക്ഷിണത്തിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.
ദേവാലയത്തിന്റെ വിലാസം
St Thomas JSO Church London, 2A Taunton Road, Harold Hill, Greater London, RM3 7ST
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Basil John (Church PRO and Managing Committee Coordinator) – 07710021788