ഫാ. ഹാപ്പി ജേക്കബ്
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം. വിശുദ്ധ ലൂക്കോസിൻെറ സുവിശേഷം അധ്യായം രണ്ടിലെ 14- ലാമത്തെ വാക്യത്തിൽ തിരുജനനത്തിൻ്റെ അല ഒലികൾ ഭൂമിയിൽ മാത്രമല്ല സ്വർഗ്ഗത്തിലും നാം ദർശിക്കുന്നു. ഈ ഗീതികൾ പൂർത്തീകരിക്കപ്പെട്ടത് കാൽവരിയിൽ ആണെങ്കിലും അതിൻെറ ദീർഘദർശനമായി നമുക്ക് ഈ വാക്കുകൾ ശ്രവിക്കാം. ഇതാ സകലവും നിവൃത്തിയായി എന്ന് പറഞ്ഞു തൻ്റെ പ്രാണൻ വിട്ടപ്പോൾ തൻ്റെ ദൗത്യം പൂർത്തീകരിക്കപ്പെട്ടതായി നമുക്ക് മനസ്സിലാക്കാം.
എൻ്റെ വീണ്ടെടുപ്പ് ആണ് കർത്താവിൻ്റെ ജനനത്തിനായി നമ്മെ ഒരുക്കേണ്ടത് എന്ന് പ്രാഥമികമായി നാം ഓർക്കുക. ദൈവപ്രസാദമുള്ളവരായി നാം തീരേണ്ടതിന് ദൈവസുതൻ ജാതം ചെയ്തതിന് നാം ദൈവത്തെ മഹത്വപ്പെടുത്തണം . സകല ലോക അനുഭവങ്ങളും ത്യജിച്ചാണ് ദൈവപ്രീതി ലഭ്യമാക്കാൻ അവൻ അവതരിച്ചത്. ലോക പ്രകാരമുള്ള ഒരു ലാഭവും അവൻ്റെ ജനനത്തിന് നിദാനമായിട്ടില്ല . ആന്തരിക സമാധാനവും ദൈവപ്രീതിയുമാണ് ക്രിസ്തുമസിന് പിൻപിലുള്ളത്. പണമോ , സുഖസൗകര്യങ്ങളോ, പ്രൗഢിയോ , ആഡംബരമോ ഒന്നും തരുവാനല്ല എൻെറ യേശു ഈ ലോകത്തിൽ ജാതം ചെയ്തത്. എന്നാൽ ഇന്ന് പലരും ഇതിനെ കോട്ടികളയുകയും ഹൃദയങ്ങളിൽ നിന്ന് ദൈവപ്രീതി വികലമാക്കുകയും ചെയ്യുന്നു.
തൻ്റെ ഉള്ളിൽ ശിശു ജാതം ചെയ്തു എന്ന് തിരിച്ചറിഞ്ഞ മറിയം തൻ്റെ ചാർച്ചക്കാരിയായ എലിസബത്തിനെ കാണാൻ പോയ അനുഭവം നാം ഓർക്കേണ്ടതായിട്ടുണ്ട്. വി. ലൂക്കോസിൻെറ സുവിശേഷം അധ്യായം 1, 42-മത്തെ വാക്യം മുതൽ ഇത് പ്രതിപാദിക്കുന്നു. അവിടെ മറിയം ദൈവത്തെ മഹത്വപ്പെടുത്തി കൊണ്ട് പറയുന്ന നാല് കാര്യം ഈ കാലയളവിൽ നാം ഓർക്കുക. 1, അവനെ ഭയപ്പെടുന്നവർക്ക് അവൻ്റെ കരുണ തലമുറതലമുറയോളം ലഭിക്കും. 2 .ഹൃദയംകൊണ്ട് അഹങ്കരിക്കുന്നവരെ അവൻ ചിതറിക്കും. 3 സിംഹാസനങ്ങളെ മറിച്ച് താഴെ ഉള്ളവരെ ഉയർത്തും. 4 . വിശന്നിരിക്കുന്നവരെ നന്മകൾ കൊണ്ട് നിറയ്ക്കും.
ഈ കാര്യങ്ങളാണ് ഒരുവൻെറ ഹൃദയത്തിൽ ക്രിസ്തു ജനിക്കുമ്പോൾ സംഭവിക്കുന്നത്. സൂക്ഷ്മമായി നാം ചിന്തിക്കുമ്പോൾ ഈ നാല് കാര്യങ്ങൾ കൊണ്ട് ഒരുവൻ പുതുതായി തീരും. നാം ആയിരിക്കുന്ന ഭാവവും ചുറ്റുപാടും ജനനത്തിൽ പങ്കാളി ആവുമ്പോൾ മാറിമറിയും. അങ്ങനെ ഒരു പാപി അനുതപിക്കുമ്പോൾ സ്വർഗ്ഗം സന്തോഷിക്കും.
ദൈവികമായ ഈ ജനനം സ്വീകരിക്കുവാൻ ദൈവപ്രീതി ആവശ്യമാണ്. യാഥാർഥ്യമായി ജനനം നമ്മിൽ ചലനം സൃഷ്ടിക്കുമ്പോൾ നമ്മുടെ സമാധാനം മാത്രമല്ല സ്വർഗീയ സന്തോഷം കൂടി നാം പ്രാപ്തമാക്കുന്നു. എന്നാൽ ഇന്ന് നാം കാണുന്ന ആധുനിക പ്രഭാഷണങ്ങളും പഠിപ്പിക്കലുകളും യഥാർത്ഥമായ ഈ അനുഭവങ്ങളിൽനിന്നും വളരെ ദൂരെയാണ്. കോടികളുടെ കഥയും ആർഭാടവും ആണ് ഇന്നിൻെറ സുവിശേഷം . ജനത്തിന് അതുമതി. പരമ്പരാഗതമായി പാലിച്ചു വന്ന വിശ്വാസങ്ങളെല്ലാം കാറ്റിൽപറത്തി പണവും സ്റ്റാറ്റസും കൈമുതൽ ആക്കുവാനുള്ള സാധാ ജീവിതത്തിൽ ക്രിസ്തു ജനിക്കുകയില്ല. പ്രവാചകന്മാർ അരുളി ചെയ്ത പ്രവചനങ്ങളിലും സഹനത്തിൻെറ ദാസനായ ദൈവപുത്രനെയാണ് വരച്ച് കാണിച്ചിരിക്കുന്നത് .
അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ എളിമയുടെ, ലാളിത്യത്തിൻെറ പ്രതീകമായ പെരുന്നാളാണ് ക്രിസ്തുമസ്. ഗലാത്യർ 4 :4 -ൽ ഇപ്രകാരം വായിക്കുന്നു. എന്നാൽ കാലത്തിൻെറ പൂർണ്ണത വന്നപ്പോൾ ദൈവം തൻെറ പുത്രനെ സ്ത്രീയിൽ നിന്ന് ജനിച്ചവനായി ന്യായപ്രമാണത്തിൽ കീഴുള്ളവരെ വിലയ്ക്ക് വാങ്ങിയിട്ട് നാം പുത്രത്വം പ്രാപിക്കേണ്ടതിന് തന്നെ. നിങ്ങൾ മക്കൾ ആകകൊണ്ട് ആബാ പിതാവേ എന്ന് വിളിക്കുന്ന സ്വപുത്രൻ്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിൽ ആയ്ച്ചു. അങ്ങനെ വിശേഷതയുള്ളവരായി നമ്മെ തീർക്കുകയും ദാസനല്ല, പുത്രത്വത്തിൻ്റെ ആത്മാവിനെ ഈ ജനനം മൂലം നമുക്ക് നൽകി. നമ്മുടെ സന്തോഷം പൂർത്തീകരിക്കുന്നതിന് ഒപ്പം സ്വർഗ്ഗവും സന്തോഷിക്കുവാൻ എൻെറ ഉള്ളിൽ ക്രിസ്തു ജനിച്ചിരിക്കണം. അതിനുവേണ്ടി നമ്മെ ഒരുക്കുന്ന ദിനങ്ങളാണ് ഈ നോമ്പിലൂടെ നാം യാഥാർഥ്യമാക്കുന്നത് . വീണ്ടും ഓർമ്മിപ്പിക്കട്ടെ. പ്രതീകങ്ങളിൽ ഉള്ള നമ്മുടെ ആചാരങ്ങളെ മാറ്റി യഥാർത്ഥമായ അനുഭവം നമുക്കുണ്ടാകണം. ഈ ലോകത്തിൻെറ കെടുതികളും യാതനകളും നമ്മെ ഗ്രസിക്കുമ്പോൾ അല്പമെങ്കിലും സമാധാനം നമ്മൾക്കുണ്ടാകാനും നമ്മളിലൂടെ മറ്റുള്ളവർക്ക് പ്രാപ്യമാകാനും നമുക്ക് ശ്രമിക്കാം.
എൻറെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു, ലോകം തരുന്നത് പോലെ അല്ല ഞാൻ നിങ്ങൾക്ക് തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത് , ഭ്രമിക്കുകയും അരുത് . യോഹന്നാൻ 14 : 27 ലൗകികതകളെ വെടിഞ്ഞ് യഥാർത്ഥമായ അനുഭവം ഈ ജനനപ്പെരുന്നാളിൽ സാധ്യമാകട്ടെ. നമുക്ക് ദൈവപ്രീതി ലഭിക്കുകയും സ്വർഗ്ഗം സന്തോഷിക്കുകയും ചെയ്യുവാൻ ക്രിസ്തു നമ്മിൽ ജനിക്കട്ടെ.
ക്രിസ്തു ശുശ്രൂഷയിൽ
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ്
മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം
തദ്ധേശീയരായ ഇംഗ്ലീഷ് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസസമൂഹത്തിന്റെ വൈവിധ്യമേറിയ കാത്തോലിക്കാ പാരമ്പര്യവും, ഭാഷകളും, വേഷവിധാനങ്ങളും സമന്വയിക്കുന്ന ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവകാ ദേവാലയം ക്രിസ്മസ് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങുന്നു.
ഇടവകാ വികാരി റെവ. ഫാ. ജോർജ്ജ് തോമസ് ചേലയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിലും പാരിഷ് കൌൺസിൽ പ്രധിനിധികളുടെ സഹകരണത്തോടെയും നിലവിലുള്ള സാഹചര്യത്തിൽ താഴെപറയുന്ന വിധത്തിൽ ക്രിസ്മസ് തിരുക്കർമ്മങ്ങൾ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ക്രിസ്മസ് കരോൾ:
ഡിസംബർ 18 ശനിയാഴ്ച: അന്നേ ദിവസം അതാത് കുടുംബക്കൂട്ടായ്മകളുടെ നേതൃത്വത്തിൽ
ക്രിസ്മസ് വിജിൽ
ഡിസംബർ 24 ന് വെള്ളിയാഴ്ച : വൈകുന്നേരം 6.00 മണിക്ക് ഇംഗ്ലീഷ് തിരുക്കർമ്മങ്ങൾ ; തുടർന്ന് മദർ ഓഫ് ഗോഡ്
കൊയർ ഗ്രൂപ്പിന്റെ കരോൾ ഗാനാലാപനം.
രാത്രി 9.00 മണിക്ക് മലയാളം തിരുക്കർമ്മങ്ങൾ. തുടർന്ന് മദർ ഓഫ് ഗോഡ് കൊയർ ഗ്രൂപ്പിന്റെ കരോൾ ഗാനാലാപനം.
അതേ തുടർന്ന് പാരിഷ് ഹാളിൽ ക്രിസ്മസ് ആശംസകൾ പരസപരം നേരുവാൻ ഒത്തുചേരൽ.
ക്രിസ്മസ് ദിനത്തിൽ രാവിലെ 10.30 ന് ഇംഗ്ലീഷ് കുർബാന
സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 18 ന് ഇന്ന് നടക്കും.
ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സെബാസ്റ്റ്യൻ സെയിൽസ് , എന്നിവർക്കൊപ്പം ബ്രദർ ഷാജി ജോർജ് വചന ശുശ്രൂഷ നയിക്കും .
ഷൈമോൻ തോട്ടുങ്കൽ
ബർമിംഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യു കെയിയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന മലയാളികളായ ഇൻ്റർനാഷണൽ സ്റ്റുഡൻസിന് ക്രിസ്തുമസ്സിന് ഒരുക്കമായുള്ള പ്രാർത്ഥന ഇന്ന് വൈകീട്ട് 9 മണി മുതൽ 10 മണി വരെ Zoom ൽ സംഘടിപ്പിച്ചിരിക്കുന്നു. റോമിൽ നിന്നുള്ള റവ.ഫാ ജോജോ മഞ്ഞളി ക്രിസ്തുമസ്സ് സന്ദേശം നൽകും. ഇതോടൊപ്പം വിവിധ യൂണിവേഴ്‌സിറ്റികളിൽ എത്തിച്ചേർന്നിട്ടുള്ള ഗായകരായ സഭാമക്കൾ ആലപിച്ച് ഒരുക്കിയിട്ടുള്ള ക്രിസ്തുമസ്സ് ആശംസാ ഗാനത്തിൻ്റെ വീഡിയോ രൂപതാ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്യും.
ക്രിസ്തുമസ്സിന് ഒരുക്കമായിട്ടുള്ള പ്രാർത്ഥനകൾക്ക് രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർമാൻ റവ സി. ആൻ മരിയ SH, ബ്ലെസ്സി കുര്യൻ, ലിൻറ രാജു എന്നിവർ നേതൃത്വം നൽകും. രൂപതയിലെ മൈഗ്രൻ്റ്സ്, യൂത്ത്, ഇവാഞ്ചലൈസേഷൻ കമ്മീഷനുകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് ഓൺ ട്രെന്റിലെ മോർ കുര്യാക്കോസ് സ്ലീഹായുടെ നാമത്തിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ മാസവും നടന്നുവരുന്ന മൂന്നാം ഞായറാഴ്ച്ച കുർബ്ബാന ഡിസംബർ മാസം 19 -) തീയതി ഞായറാഴ്ച നടത്തപ്പെടുന്നു. ഇടവക വികാരി റെവ: ഫാദർ ഗീവർഗ്ഗീസ് തണ്ടായതിന്റെ കാർമ്മികത്വത്തിൽ രാവിലെ 9 മണിക്ക് പ്രഭാത പ്രാർത്ഥനയും തുടർന്ന് 10 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സ്റ്റോക്ക് ഓൺ ട്രെന്റ് പരിസരത്തെ എല്ലാ വിശ്വാസികളെയും ഈ കുർബാനയിൽ പങ്ക്എടുത്ത് അനുഗ്രഹം പ്രാപിപ്പാൻ കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ ചേർക്കുന്ന പള്ളി കമ്മറ്റി ഭാരവാഹികളുടെ നമ്പറിൽ വിളിക്കാവുന്നതാണ്.
റൈനോ തോമസ് (സെക്രട്ടറി )
07916 292493
ബിനോയി കുര്യൻ
(ട്രസ്റ്റീ)
07525 013428
ബിജു തോമസ്
07727 287693
കുർബ്ബാന നടത്തുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
High St, Talke Pits, Stoke-on-Trent ST7 1PX
കുടിയേറിയ മണ്ണിൽ വിശ്വാസ ജീവിതത്തിന്റെ പതിനേഴ് സംവത്സരങ്ങൾ പൂർത്തിയാക്കിയ സൗത്തെൻഡ് ഓൺ സീയിലെ സീറോ മലബാർ വിശ്വാസ സമൂഹം ,ചിട്ടയും ക്രമാനുഗതവും ആയ ആ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ഡിസംബർ 19 ഞായറഴ്ച്ച 11.30 -ന് നടക്കുന്ന മിഷൻ പ്രഖ്യാപനത്തിലൂടെ .സീറോ മലബാർ എപാർകി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ഇടയ ശ്രേഷ്ഠൻ , മാർ.ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയെ തുടർന്ന് സെന്റ് അൽഫോൻസാ സീറോ മലബാർ മിഷന്റെ ഔപചാരികമായ ഉൽഘാടനം നിർവഹിക്കപ്പെടും. തുടർന്ന് പാരിഷ് ഹാളിൽ സ്നേഹവിരുന്നും നടത്തപ്പെടും . വെസ്റ്റ് ക്ലിഫ് സെന്റ് ഹെലെൻസ് ചർച്ചിൽ മാസത്തിൽ ഒരിക്കൽ ഉള്ള സീറോ മലബാർ വിശുദ്ധ കുർബാനയോടു കൂടി ആരംഭം കുറിച്ച സൗത്തെന്റിലേ സീറോ മലബാർ വിശ്വാസ കൂട്ടായ്മ 2006 ജൂലൈ മാസം കൂടുതൽ സ്വകാര്യപ്രദമായ ജോൺ ഫിഷർ ചർച്ചിലേക്ക് മാറുകയും സീറോ മലബാർ ലണ്ടൻ കോർഡിനേഷന്റെ കീഴിൽ മാസത്തിൽ മൂന്ന് വിശുദ്ധ കുർബാനകൾ നടക്കുന്ന കുർബാന സെന്റർ ആയി മാറുകയും ചെയ്തു .
2008 ഒക്ടോബർ മാസം സാർവത്രിക സഭ ഭാരതത്തിന്റെ സഹന പുഷ്പം അൽഫോൻസാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചപ്പോൾ ,വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം അന്നത്തെ ജോൺ ഫിഷർ വികാരി ആയിരുന്ന ടോം സാണ്ടേഴ്സിന്റെ അനുമതിയോടെ പള്ളിയിൽ പ്രതിഷ്ഠിക്കുകയും സീറോ മലബാർ യുകെ കോർഡിനേറ്റർ ആയിരുന്ന ഫാദർ തോമസ് പാറയടി M S T യുടെ അനുവാദത്തോടെ സെന്ററിനെ വിശുദ്ധ അൽഫോസായുടെ പ്രത്യേക മധ്യസ്ഥത്തിന് സമർപ്പിക്കുകയും ചെയ്തു .
വിശുദ്ധ അൽഫോസായുടെ സ്വർഗീയ മധ്യസ്ഥതയിൽ അന്നുമുതൽ സെന്റർ ക്രമാനുഗതമായ വളർച്ച പ്രാപിക്കുകയായിരുന്നു .മികച്ച രീതിയിലുള്ള വിശ്വാസ പരിശീലന ക്ലാസ്സുകളും സജീവമായ ചെറുപുഷ്പം മിഷൻ ലീഗും സാവിയോ ഫ്രണ്ട്സും പ്രാർത്ഥന കൂട്ടായ്മയും വിമൻസ് ഫോറവും സെന്ററിന് കൂടുതൽ മിഴിവേകി .വൈദിക ശ്രേഷ്ഠർ ആയ ഫാ .ജോർജ് ചീരം കുഴി (2006 -08 ), ഫാ .തോമസ് പാറയടി (2008 -10 ),ഫാ . ഇന്നസെന്റ് പുത്തൻ തറയിൽ (2010 -13 ),ഫാ .ജോസ് അന്തിയാംകുളം (2013 -19 ), ഫാ. ഷിജോ ആലപ്പാട്ട് (2019),ഫാ .ജോഷി തുമ്പക്കാട്ടിൽ (2019 -21 )കൈക്കാരന്മാരായ ,ജെയ്സൺ ,നോബി ,മേരി ,ബേബി,വിനി,ഡാർലി,ടോജി ,ജോസ്,ജിസ്സ,പ്രദീപ് ,ജിസ് ,നൈസ് ,ജോമിനി ,ഡെയ്സി,ജോയ്,ജോർജ്,അജിത് ,സുബി,ഷിബിൻ ,മനോജ് ,സോണിയ ,ബിനോജ് ,മിനി എന്നിവരും പാരിഷ് കമ്മിറ്റി അംഗങ്ങളും ഈകാലയളവിൽ സെന്ററിന് ധീരമായ നേതൃത്വം നൽകി .
2020 ജനുവരി മാസത്തിൽ നിലവിൽ വന്ന നിലവിലുള്ള പാരിഷ് കമ്മിറ്റിയിൽ കൈക്കാരന്മാരായി സിജോ ജേക്കബ് ,റോയ് മുണ്ടക്ക ൽ ,സുനിത ആച്ചാണ്ടിൽ എന്നിവർ സ്തുത്യർഹമായി സേവനം അനുഷ്ഠിക്കുന്നു .സൗത്തെന്റിലെ വിശ്വാസസമൂഹത്തിന്റെ ദീർഘ നാളത്തെ അഭിലാഷമായിരുന്ന മിഷൻ എന്ന ലക്ഷ്യത്തിലേക്കു ഫാ .ജോഷി തുമ്പക്കാട്ടിന്റെ നേതൃത്വത്തിൽ ഉള്ള വിവിധ പാരിഷ് കമ്മിറ്റികൾ നേതൃത്വം കൊടുത്തു .
2021 ഫെബ്രുവരി മാസം മുതൽ ഫാ .ജോസഫ് മുക്കാട്ട് സെന്ററിന്റെ കോർഡിനേറ്റർ ആയി ചുമതല ഏറ്റെടുക്കുകയും ഒരു പൂർണ മിഷൻ ആകാനുള്ള ക്രമീകരണങ്ങളുടെ ശില്പി ആയി പ്രവർത്തിക്കുകയും ചെയ്യുന്നു . കോവിഡ് കാലത്തു ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ വിശുദ്ധ കുർബാനക്ക് ലോകത്തമാനം തടസ്സങ്ങൾ നേരിട്ടപ്പോൾ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം പോലെ എല്ലാ ഞായറഴ്ചകളിലും രണ്ട് വി .കുർബാനകൾ വീതം സൗത്തെന്റിലെ വിശ്വാസി സമൂഹത്തിന് ലഭിച്ചു .
2020 ലെ കോവിഡ് കാലം മുതൽ എല്ലാ ഞാറാഴ്ചകളിലും വിശുദ്ധ കുർബാനയും വിശ്വാസ പരിശീലനവും നടക്കുന്ന കുർബാന സെന്റർ ആയി സൗത്തെൻഡ് മാറി .ഡിസംബർ 19 നു നടക്കുന്ന മിഷൻ ഉൽഘാടനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയെ അതിന്റെ പൗരസ്ത്യ പാരമ്പര്യങ്ങളിലും പുതിയ തലമുറയെ വിശ്വാസ ജീവിതത്തിനോടുള്ള അഭിമുക്യത്തിലും വളർത്തുവാൻ ശ്രദ്ധാലുവായ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനൊപ്പം രൂപതയിലെ നിരവധി വൈദികരും അൽമായ പ്രേക്ഷിതരും സന്നിഹിതരായിരിക്കും . അനദി വിദൂര ഭാവിയിൽ പൂർണ ഇടവക ആകുക എന്ന മഹത്തായ ലക്ഷ്യത്തിലേക്കു ഒരു ചുവടു കൂടി അടുക്കുന്ന ഈ അസുലഭ മുഹൂർത്തത്തിലേക്ക് സെന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ജോസഫ് മുക്കാട്ടും ,കൈക്കാരൻമാരായ സിജോ ജേക്കബും , റോയ് മുണ്ടക്കലും ,സുനിത ആച്ചാണ്ടിലും പാരിഷ് കമ്മിറ്റി അംഗങ്ങളും വിശ്വാസ സമൂഹത്തെ സഹർഷം സ്വാഗതം ചെയ്യുന്നു .
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 18 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മണ്ഡല ചിറപ്പ് – ധനുമാസ തിരുവാതിര ആഘോഷങ്ങൾ നിലവിലെ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്തു മാറ്റിവെച്ചതായി സംഘാടകർ ഖേദപൂർവ്വം അറിയിച്ചു. അടുത്ത മാസങ്ങളിലെ സത്‌സംഗങ്ങളുടെ വിവരങ്ങൾ സർക്കാർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിച് ഉടൻ അറിയിക്കുമെന്ന് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ സന്നദ്ധസേവകർ അറിയിച്ചു.
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ്ഹാം . രണ്ടായിരത്തി ഇരുപത്തി മൂന്നിൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിന് മുന്നോടിയായി എല്ലാവരെയും കേൾക്കുക എന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം ( സിനഡാലിറ്റി ) ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അംഗങ്ങൾ ആയ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന പ്രൊഫഷനുകളുടെയും , വിദ്യാർഥികളുടെയും ഒരു കൂട്ടായ്മ രൂപീകരിക്കുന്നു. രൂപതയുടെ വിവിധ ഇടവകകളിലും ,മിഷനുകളിലും ,മറ്റ് പ്രദേശങ്ങളിലും താമസിക്കുന്നവരും , വിവിധ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുകയും ചെയ്യുന്ന വിദ്യാർഥികൾ മറ്റ് ഐ ,ടി പ്രൊഫഷനലുകൾ എന്നിവരുമായി ആശയങ്ങൾ പങ്കു വെക്കുവാനും , കേൾക്കുവാനും ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് .ഇതിനായി ഡിസംബർ ഇരുപത്തി മൂന്നാം തീയതി വൈകിട്ട് എട്ട് മുപ്പതിന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഈ മീറ്റിങ്ങിലേക്ക് ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു . മീറ്റിങ്ങിൽ പങ്കെടുക്കുവാനായി താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .
https://docs.google.com/forms/d/e/1FAIpQLSdEOp7dnyUYlp5O6Kx3oQNnXPXK8J2cfRXyDcYrxn4qLS_-aQ/viewform
ജോർജ് മാത്യു
ദൈവഭയമുള്ള തലമുറ വളന്നുവരേണ്ടതിന്റെ പ്രസക്തി വർത്തമാനകാലത്തു വർദ്ധിച്ചിരിക്കുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ യുകെ ,യൂറോപ്പ് ,ആഫ്രിക്ക ഭദ്രാസനഅധിപൻ ഡോ : മാത്യൂസ് മാർ തിമോത്തിയോസ് . ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ മൂറോൻ കൂദാശക്ക് മുഖ്യ കാർമികത്വം വഹിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . വെള്ളിയാഴ്ച വൈകിട്ട് സന്ധ്യപ്രാർത്ഥന ,കല്ലിടല്‍ ശൂശ്രുഷ .മൂറോൻ കൂദാശയുടെ ഒന്നാം ഭാഗവും നടന്നു .
സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥിയായി ചടങ്ങുകൾക്ക് ആശംസ സന്ദേശം നൽകി .സഭകൾ തമ്മിലുള്ള സൗഹർദ്ധവും ,ഐക്യവും ശക്തിപ്പെടുത്തേണ്ടതിന്റെ അവശ്യകത പിതാവ് ചൂണ്ടികാട്ടി .ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരം ,മൂറോൻ കൂദാശയുടെ രണ്ടാം ഭാഗം ,വി .കുർബാന ,ആശിർവാദം ,പൊതുസമ്മേളനം തുടർന്ന് ഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു .
സഭയുടെ പരമാധ്യക്ഷ്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ആശംസാസന്ദേശം തത്സമയം നൽകി അനുഗ്രഹിച്ചു. പൊതുസമ്മേളനത്തിൽ ഇടവക മെത്രാപ്പോലിത്ത ഡോ . മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു .ഷെല്‍ടന്‍ കൗൺസിലർ പോൾ ടിൽസ്ൽലി ഉത്ഘാടനം ചെയ്യ്തു .ട്രസ്റ്റി രാജൻ വർഗീസ് ഇടവകയുടെ ലഘു ചരിത്രം അവതരിപ്പിച്ചു .ഭദ്രാസന സെക്രട്ടറി ഫാ .ഹാപ്പി ജേക്കബ് , മുൻ വികാരി ഫാ.മാത്യൂസ് കുര്യാക്കോസ് ,ഫാ.ടെറിൻ മുല്ലകര ,ഫാ .ബിജു ചിറ്റുപറബില്‍ ,ബ്രദർ .ബ്രിയൻ,രാജൻ ഫിലിപ്പ് ,ലിജിയ തോമസ് ,ഷിബു ജോർജ് ,മോൻസി എബ്രഹാം എന്നിവർ പ്രസംഗിച്ചു . ഇടവക വികാരി ഫാ എൽദോ വർഗീസ് സ്വാഗതവും സെക്രട്ടറി എബ്രഹാം കുര്യൻ നന്ദിയും പറഞ്ഞു .
ഇടവകയുടെ നാൾവഴികൾ വിവരിക്കുന്ന വീഡിയോ പ്രദർശനം ശ്രദ്ദേയമായി . പള്ളിയുടെ പുതിയ വെബ് സൈറ്റിന്റെ ഉത്ഘാടനം തിരുമേനീ നിർവഹിച്ചു . ജെ.ക്യൂബ് മുൾട്ടീമീഡിയ ലണ്ടൻ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തു . കേരള തനിമയും ,പൈതൃകവും വിളിച്ചോതിക്കൊണ്ട് വിനോദ് നവധാരയുടെ നേതൃതത്തിൽ മേളപ്പൊലിമ (കോവെന്ററി ) യുടെ ചെണ്ട മേളം ആകർഷകമായിരുന്നു .ഇടവക വികാരി ഫാ .എൽദോ വർഗീസ് , ട്രസ്റ്റി രാജൻ വർഗീസ് ,സെക്രെട്ടറി എബ്രഹാം കുര്യൻ ,മാനേജിങ് കമ്മിറ്റി അംഗങൾ , അദ്ധ്യാത്മിക സംഘടന ഭാരവാഹികൾ എന്നിവർ ദേവാലയ പുനർ പ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകി .
ഷൈമോൻ തോട്ടുങ്കൽ
ലണ്ടൻ . സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്മസ് കൂടി സമാഗതമാവുമ്പോൾ ക്രിസ്മസിന് ഏറെ പ്രാധാന്യമുള്ള കാര്യമാണ് ക്രിസ്മസ് കരോൾ ഗാനങ്ങൾ . ലോകത്ത് മലയാളി എവിടെയൊക്കെ ഉണ്ടോ അവിടെ എല്ലാം പള്ളികളിലും സംഘടനകളുടെയും , ചെറിയ ചെറിയ കൂട്ടായ്മകളുടെയും ഒക്കെ ക്രിസ്മസ് ആഘോഷങ്ങളും ഉണ്ടാകും , ക്രിസ്മസ് രാത്രിയിലെ പാതിരാകുർബാനയും ഏതൊരാൾക്കും മനസ്സിൽ ശാന്തി നിറക്കുന്ന ഒന്നാണ് . ക്രിസ്മസ് രാത്രിയിലെ വിശുദ്ധ കുർബാനക്കും മറ്റ് തരത്തിലുള്ള ഈ ആഘോഷ രാവുകൾക്കും , കരോൾ മത്സരങ്ങൾക്കും ഒക്കെ മാറ്റി നിർത്താനാവാത്ത ഒന്നാണ് കരോൾ ഗാനങ്ങൾ .
ഈ ക്രിസ്മസ് കാലത്തെ ആഘോഷമാക്കാൻ പതിവുപോലെ ഇത്തവണയും ഒരു സൂപ്പർഹിറ്റ് കരോൾ ഗാനവുമായി ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി രംഗത്തെത്തിയിരിക്കുന്നു . ഇത്തവണത്തെ ട്യൂട്ടേഴ്സ് വാലിയുടെ ക്രിസ്മസ് ഗാനം ലോകമെമ്പാടുമുള്ള ട്യൂട്ടേഴ്സ് വാലിയുടെ കുട്ടികളോടൊപ്പം ആലപിച്ചിരിക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക സുജാത മോഹൻ ആണ് , മിന്നി മിന്നി എന്ന എല്ലാവർക്കും ആലപിക്കാവുന്ന രീതിയിൽ ക്രിസ്മസിന്റെ എല്ലാ മൂഡും കോർത്തിണക്കി അതിമനോഹരമായി ഈ ഗാനത്തിന്റെ രചനയും , സംഗീതവും നിർവഹിച്ചിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാതെ നാലായിരത്തോളം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച റെവ . ഫാ. ഷാജി തുമ്പേചിറയിൽ ആണ് .ഈ ഗാനത്തിന്റെ ലോഞ്ചിങ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കൂടി നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കുകയും ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു , ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി ഡയറക്ടർ നോർഡി ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗായിക സുജാത , ഫാ. ഷാജി തുമ്പേചിറയിൽ . സംഗീത സംവിധായകൻ ബേർണി , കൗൺസിലർമാരായ ഫിലിപ്പ് എബ്രഹാം , ടോം ആദിത്യ , ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ അധ്യാപകർ , വിദ്യാർഥികൾ മറ്റു മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു .
ലോകത്തെ വിവിധ രാജ്യങ്ങളിലെ ക്രിസ്മസ് കാഴ്ചകൾ ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ഗാനത്തിന്റെ വീഡിയോയും വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത് . ഇതിനോടകം ഇനിയും വരാനിരിക്കുന്ന പല കരോൾ മത്സരങ്ങൾക്കും ഒരുങ്ങുന്ന ടീമുകളുടെ ആവശ്യ പ്രകാരം ഗാനത്തിന്റെ കരോക്കെയും ഉടൻ തന്നെ ട്യൂട്ടേഴ്സ് വാലിയുടെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും . സ്കറിയ ജേക്കബ് ആണ് ഈ ഗാനത്തിന്റെ ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് . ശശീന്ദ്രൻ പട്ടുവത്തിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ കുട്ടികളെ അഭ്യസിപ്പിക്കുകയും ,ഋഥ്വിക് അശോക് ഏകോപനവും നിർവഹിച്ചു . ഈ ഗാനം കേൾക്കുവാനും കാണുവാനും താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.