സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

പരിശുദ്ധ അമ്മയുടെ വണക്കമാസത്തെ കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിലേക്ക് ആദ്യം വരുന്നത്,പരിശുദ്ധ അമ്മയെ അലങ്കരിക്കുന്നതാണ്. എൻ്റെ അച്ചാച്ചൻ പറയുമായിരുന്നു, “എത്രമാത്രം അമ്മയെ ഒരുക്കുന്നോ അതിനേക്കാൾ കൂടുതലായി അമ്മ നമ്മളെ ഒരുക്കി ഈശോയുടെ അടുത്ത് എത്തിക്കും എന്ന്”. അച്ചാച്ചൻ്റെ ഈ വാക്കുകളാണ് ഇപ്പോഴും അമ്മയെ കാണുമ്പോൾ ഞാൻ ഓർക്കുന്നത്. എപ്പോഴും അമ്മ എനിക്ക് ഒരു സഹായമാണ്. എൻ്റെ അമ്മ പറയുമായിരുന്നു. ജപമാല ചൊല്ലാൻ അറിയുമെങ്കിൽ പരിശുദ്ധ അമ്മയുടെ അടുത്ത് നമ്മൾ എത്തികഴിഞ്ഞു എന്ന്. ഇന്ന് എൻ്റെ സന്ന്യാസജീവിതത്തിൻ്റെ അടിത്തറ ജപമാല ആണ്. അമ്മയുടെ വണക്കമാസം വരുമ്പോൾ എൻ്റെ കൊച്ചു വീട്ടിലേയ്ക്ക് അയൽവക്കത്ത് ഉള്ളവരും വരുമായിരുന്നു. ഒരോ ദിവസവും ഓരോരുത്തരും അവരവരുടെ വീട്ടിൽ ഉള്ള നല്ല പൂക്കൾ കൊണ്ടുവന്നു അമ്മയ്ക്ക് കൊടുക്കുമായിരുന്നു. ഒരോ ദിവസത്തെയും സുകൃതജപവും സൽപ്രവൃത്തിയും കേൾക്കാൻ കുട്ടികളായ ഞങ്ങക്കെല്ലാം ഒരു ആകാംഷ ആയിരുന്നു.

വണക്കമാസം ഒരു വിശുദ്ധിയുടെ മാസം ആണ്. സുകൃതജപങ്ങളും സൽപ്രവർത്തികളും നമ്മുടെ ഹൃദയമാകുന്ന പൂങ്കാവനത്തിൽ ഒരുപാട് നല്ല പൂക്കൾ കൊണ്ട് നിറയ്ക്കാൻ പറ്റും. പരിശുദ്ധ അമ്മയെ നോക്കി നൽകുന്ന ഒരു ചെറിയ പുഞ്ചിരിപോലും അമ്മ വലിയ ഒരു രത്നകല്ലാക്കി മാറ്റും. എൻ്റെ കോൺവെൻറ്റിലും വണക്കമാസം കൂടുമ്പോൾ എനിക്ക് ഒരുപാട് സന്തോഷവും നന്ദിയും ഉണ്ട്. എൻ്റെ മാതാപിതാക്കൾ എനിക്ക് കൊച്ചു പ്രായത്തിൽ വണക്കമാസവിശ്വാസം പഠിപ്പിച്ച് തന്നതുകൊണ്ട് ആ വിശ്വാസത്തിൻ്റെ ഒരുപാട് ഫലങ്ങൾ എൻ്റെ ജീവിതത്തിൽ കാണുന്നു. ഭൂമിയും സ്വർഗ്ഗവും തമ്മിൽ ഒന്നിപ്പിക്കുന്ന കോവണി ആണ് ജപമാല. ഈ വണക്കമാസ ദിവസങ്ങളിൽ കൂടുതൽ വിശ്വാസത്തോടും ഭക്തിയോടും കൂടി ജപമാല ചൊല്ലി അമ്മയിലേയ്ക്ക് കൂടുതൽ അടുക്കാം. അമ്മ നമ്മുക്ക് വേണ്ടി ഈശോയുടെ അടുത്ത് എപ്പോഴും പ്രാർത്ഥിക്കുന്നു എന്ന ഉറച്ച വിശ്വാസമാണ് നമ്മുടെ ജീവിതത്തിൽ നിത്യവും വേണ്ടത്. പരിശുദ്ധ അമ്മ നമ്മുടെ വിശ്വാസത്തിൻ്റെ വഴികളിൽ എന്നും എപ്പോഴും ഒരു വഴികാട്ടി തെളിഞ്ഞു നിൽക്കുന്നു.

എല്ലാവർക്കും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥവും സഹായവും സംരക്ഷണവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സുകൃതജപം

പരിശുദ്ധഅമ്മ മാതാവേ, പാപികളായ ഞങ്ങളുടെ ഹൃദയം, ഈശോയുടെ സ്നേഹത്താൽ നിറക്കണമേ.

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/0m-4GtYYjxA