സ്പിരിച്വൽ ഡെസ്ക്. മലയാളം യുകെ

പുഞ്ചിരി തൂകുന്ന മുഖവും കാരുണ്യം നിറഞ്ഞ കണ്ണുകളും ചേര്‍ത്ത്‌ പിടിക്കാനുള്ള ഒരു മനസ്സ് കണ്ടിട്ടുള്ളത്‌ പരിശുദ്ധ അമ്മയിലാണ്‌. ദിവ്യകുമാരന്‍ 12-ാമത്തെ വയസ്സില്‍ ദൈവാലയത്തില്‍ വച്ച്‌ കാണാതെ പോയപ്പോള്‍ പരിശുദ്ധ അമ്മ അനുഭവിച്ച സങ്കടം അപാരമാണ്‌. മാതൃത്വത്തിന്റെ മനോഹാരിത അറിയണമെങ്കില്‍ പ. അമ്മയെ അറിയണം. വാക്കുകള്‍ കൊണ്ടു വര്‍ണ്ണിക്കാനോ അളന്ന്‌ തിട്ടപ്പെടുത്താനോ കഴിയാത്ത മഹാ സമസ്യയമാണ്‌ പ. അമ്മ. ലോകം കണ്ടിട്ടുള്ളതില്‍ വെച്ച്‌ അമ്മയെന്ന പദം എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞവളാണ്‌ പ. മറിയം. മറിയത്തേപ്പോലെ അമ്മയായവർ എത്ര പേര് നമ്മുടെ കൂട്ടത്തിലുണ്ട് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

പ്രിയ മാതാവേ, അങ്ങേ മക്കളായ ഞങ്ങള്‍ പലപ്പോഴും പാപത്തില്‍ ഉള്‍പ്പെട്ടു ഈശോയെ ഉപേക്ഷിക്കുന്നതിന്‌ അവിടുന്ന്‌ പരിഹാരം അനുഷ്ഠിക്കുകയാണല്ലോ ചെയ്തത്‌. മേലില്‍ പാപം ചെയ്ത്‌ ഈശോയെ ഉപേക്ഷിക്കാതിരിക്കാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക്‌ വാങ്ങി തരണമെ. പരിശുദ്ധ മാതാവിന്റെ വണക്കമാസത്തിന്റെ 18-ാം ദിനത്തിലേയ്ക്ക്‌ നാം പ്രവേശി ച്ചിരിക്കുകയാണല്ലോ. ഈശോയുടെ ജീവിതത്തിലെ നിര്‍ണ്ണായക അവസരങ്ങളില്‍ സ്വന്തം പുത്രനോട് ചേര്‍ന്ന്‌ നിന്നവളായിരുന്നു പരിശുദ്ധ അമ്മ. ബത്ലേഹേമിലെ കാലിത്തൊഴുത്തിലും കാല്‍വരിയിലെ കുരിശിന്‍ ചുവട്ടിലും പ. അമ്മ യേശുവിനോട് ചേര്‍ന്നു നിന്നു. “ഇതാ കര്‍ത്താവിന്റെ ദാസി” എന്ന്‌ പ്രത്യൂത്തരിച്ച പ. അമ്മ എളിയ ഒരു ദാസിയെ പോലെ ദൈവഹിതത്തിനു മുമ്പില്‍ തന്റെ ജീവിതം അടിയറ വെച്ചു. പ. അമ്മ അനുഗ്ര ഹത്തിന്റെ അമ്മയാണ്‌. അമ്മയുടെ വിമലഹൃദയം സ്വര്‍ഗ്ഗത്തിലിരുന്നുകൊണ്ട്‌ മാദ്ധ്യസ്ഥം വഹിക്കുന്നുവെന്ന്‌ ചെറുപ്പം മുതല്‍ ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. പ. അമ്മയോടുള്ള ഭക്തിയില്‍ വളരാന്‍ എന്നെ സഹായിച്ചത്‌ എന്റെ അമ്മയാണ്‌. മെയ്‌ മാസം വരുമ്പോള്‍ എന്റെ അമ്മ പറയും മക്കളെ, വണക്കമാസം തുടങ്ങണം മാതാവിന്റെ രൂപം അലങ്കരിക്കണം എന്ന്‌. എന്റെ വീട്ടില്‍ പുക്കളില്ലെങ്കിലും ദൂരെയുള്ള വീടുകളില്‍ പോയി പൂക്കള്‍ പറിച്ചുകൊണ്ടുവന്ന്‌ പ. അമ്മയുടെ രൂപം അലങ്കരിക്കുന്നത്‌ എന്റെ ഓര്‍മ്മയില്‍ ഇന്നും പച്ച കെടാതെ നില്‍ക്കുന്നു.

എന്റെ വ്യക്തിപരമായ ജീവിതത്തിലും സമൂഹജീവിതത്തിലും പറഞ്ഞറിയിക്കാനാവാത്ത സാന്നിദ്ധ്യമായി, പ്രകാശവലയമായി, സുഗന്ധം പരത്തി അമ്മ കടന്നുവന്നിട്ടുണ്ട്‌. ആശ്രയത്വത്തിന്റെ തുരുത്തുകള്‍ അപ്രത്യക്ഷമാകുമ്പോള്‍, പ്രതിസന്ധികള്‍ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ അത്തരം കുരുക്കുകളെ അഴിക്കുവാന്‍ പ. അമ്മയെപ്പോലെ ആശ്രയമായ ഒരു മാദ്ധ്യസ്ഥ ശക്തി വേറെയില്ല. സംരക്ഷകയായ്‌… വഴികാട്ടിയായ്… പ. അമ്മ കൂടെയുണ്ട്‌ എന്ന ബോധ്യമാണ്‌ എന്റെ അനുദിന ജീവിതത്തെ ബലപ്പെടുത്തുന്നത്‌. ഓടി വീണാലും ഓടയില്‍ വീണാലും താങ്ങാന്‍ പ. അമ്മ എന്നും ഒപ്പം ഉണ്ട്‌. എനിക്ക്‌ വിശ്രമിക്കാന്‍ അമ്മയുടെ മടിത്തട് ഉണ്ട്‌. എന്നെ താങ്ങാന്‍ അമ്മയുടെ കരങ്ങള്‍ ഉണ്ട്‌. എന്നെ സംരക്ഷിക്കാന്‍ അമ്മയുടെ അങ്കിയുണ്ട്‌. …. എന്റെ ബലവും കോട്ടയും അമ്മയാണ്‌…. പ. അമ്മ വര്‍ണ്ണിക്കാനാവാത്ത വിസ്മയമാണ്‌ എനിക്കെന്നും.

സുകൃതജപം

ഓ! മറിയമേ, എന്നെ പരിശുദ്ധയും മാധുര്യമുള്ളവളുമായി സംരക്ഷിക്കണമേ..

പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിപ്പ് ഗാനം കേൾക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.

https://youtu.be/001UFIGSFWU