Spiritual

ഷിബു മാത്യൂ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് ആഹ്‌ളാതത്തിന്റെ നിമിഷങ്ങള്‍ രൂപതയുടെ മൂന്നാമത്തെ ഇടവകയായ സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ലീഡ്സ്സ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ലീഡ്സ്സ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ്സ് സ്റ്റോക്കിന്റെ സാന്നിധ്യത്തില്‍ അവുദ്യോഗീകമായി ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ജിനോ അരീക്കാട്ട് ഡിക്രിവായിച്ച് ഇടവക ലീഡ്സ്സ് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിച്ചു. ഇടവക വികാരി ഫാ. മാത്യൂ മുളയോളില്‍, മാഞ്ചെസ്റ്റര്‍ റീജിയണല്‍ ഡയറക്ടര്‍ ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. ജോസഫ് മൂലശ്ശേരില്‍ VC, ഫാ. ജോസഫ് കിഴക്കരക്കാട്ട്, ഫാ. കുര്യാക്കോസ് അമ്പഴത്തിനാല്‍,
ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വിമന്‍സ് ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം SH,
സിസ്റ്റര്‍ ലിനറ്റ് SH, സിസ്റ്റര്‍ ബീന DSFS
സിസ്റ്റര്‍ ലില്ലി DSFS തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ലീഡ്സ്സില്‍ ഇടവകയെന്ന സങ്കല്പത്തിന് വിത്ത് പാകിയ ഫാ. ജോസഫ് പൊന്നേത്തിന് നന്ദി പറഞ്ഞ് ഇടവകയുടെ പ്രഥമ വികാരി ഫാ. മാത്യൂ മുളയോലില്‍ തിരുക്കര്‍മ്മത്തില്‍ പങ്കുചേരാന്‍ എത്തിയവര്‍ക്ക് സ്വാഗതമരുളി ചടങ്ങുകള്‍ ആരംഭിച്ചു. വിശ്വാസികളാല്‍ തിങ്ങിനിറഞ്ഞ ദേവാലയത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദീപം തെളിയിച്ച് സെന്റ് മേരീസ് ആന്റ് സെന്റ് വില്‍ഫ്രിഡ്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഇടവകയായി ഉയര്‍ത്തി. തുടര്‍ന്ന് ലീഡ്സ്സ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ്സ് സ്റ്റോക് വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നഷ്ടപ്പെട്ട വിശ്വാസത്തിന്റെ ദീപം സീറോ മലബാര്‍ സഭ വീണ്ടും തെളിയിച്ചെന്ന് ബിഷപ്പ് മാര്‍ക്കസ്സ് തന്റെ സന്ദേശത്തില്‍ പറഞ്ഞു. ലീഡ്സ്സ് രൂപതയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരായ സെന്റ് മേരിയുടെയും സെന്റ് വില്‍ഫ്രിഡിന്റെയും പേര് പുതിയ ഇടവകയ്ക്ക് നല്‍കിയതില്‍ ലീഡ്സ്സ് രൂപതയുടെ സ്‌നേഹവും നന്ദിയും അറിയ്ച്ചു. തുടര്‍ന്ന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലി ആരംഭിച്ചു. | ദിവ്യബലി മദ്ധ്യേ അഭിവന്ദ്യ പിതാവ് വചന സന്ദേശം നല്‍കി. നിരന്തരം പ്രാത്ഥിച്ചു കൊണ്ടേയിരിക്കുക. അവസാനത്തെ ശ്വാസത്തിലും സാധ്യതയുണ്ട്. കാത്തിരിക്കുക.. ഈ ഇടവക ദൈവത്തിന്റെ ദാനമാണ്. വളര്‍ന്നു വളരുന്ന തലമുറയുടെ ആദ്ധ്യാത്മിക വളര്‍ച്ചയ്ക്ക് ഈ ഇടവക ദേവാലയം കാരണമാകട്ടെ എന്ന് പിതാവ് തന്റെ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. ദിവ്യബലിക്ക് ശേഷം അനുമോദന സമ്മേളനം നടന്നു. തുടര്‍ന്ന് ദേവാലയം സ്വന്തമാക്കുന്നതിന് അക്ഷീണം പരിശ്രമിച്ചവരെ മൊമന്റൊ നല്‍കി ആദരിച്ചു. ഇടവകയുടെ ട്രസ്റ്റി ജോജി തോമസ്സ് നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ ഉദ്ഘാടന ചടങ്ങുകള്‍ അവസാനിച്ചു.

യോര്‍ക്ക്‌ഷെയറിന്റെ വിവിധ ഭാഗങ്ങളില്‍ ആറ് കുര്‍ബാന സെന്ററുകളിലായി കഴിഞ്ഞിരുന്ന സീറോ മലബാര്‍ കത്തോലിക്കരാണ് 6 വര്‍ഷം മുന്‍പ് ലീഡ്‌സ് കേന്ദ്രമായുള്ള ഒറ്റ കുര്‍ബാന സെന്ററിലേയ്ക്ക് മാറിയത്. സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ ആയിരുന്ന ഫാ. ജോസഫ് പൊന്നേത്തായിരുന്നു വിവിധ കുര്‍ബാന സെന്ററുകളെ ഒന്നിപ്പിച്ച് ഒറ്റ കുര്‍ബാന സെന്ററാക്കാനുള്ള പ്രയത്‌നങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . സീറോ മലബാര്‍ സഭയുടെ സിനഡില്‍നിന്ന് അയച്ച് യോര്‍ക്ക്‌ഷെയറില്‍ പ്രവര്‍ത്തിക്കാന്‍ എത്തിയ ഫാ. ജോസഫ് പൊന്നേത്തിന്റെ വരവ് ഒരു നിയോഗം പോലെയാണ് ഇന്ന് യോര്‍ക്ക് ഷെയറിലുള്ള സീറോമലബാര്‍ വിശ്വാസികള്‍ കണക്കാക്കുന്നത്. ഫാ. ജോസഫ് പൊന്നേത്ത് സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ക്കായി ഒരു ദേവാലയം വേണ്ടതിന്റെ ആവശ്യകത പ്രാദേശിക സഭാ അധികാരികളുടെ ശ്രദ്ധയില്‍ നിരന്തരം കൊണ്ടുവന്നതിന്റെ ഫലമായാണ് 6 വര്‍ഷങ്ങള്‍ക്ക് മുമ്പ് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സെന്റ് വില്‍ഫ്രഡ്‌സ് ചര്‍ച്ച് ലീഡ്‌സ് രൂപതയില്‍ നിന്ന് നല്‍കിയത്. അന്നുമുതല്‍ എല്ലാദിവസവും സിറോമലബാര്‍ ആരാധന ക്രമത്തിലുള്ള കുര്‍ബാനയും മറ്റ് കര്‍മ്മങ്ങളും നടക്കുന്ന ദേവാലയത്തില്‍, കേരളത്തിലെ ഒരു ഇടവക ദേവാലയത്തില്‍ ഉള്ള എല്ലാ പ്രവര്‍ത്തനങ്ങളുമുണ്ടന്നുള്ളത് ശ്രദ്ധേയമാണ്. അന്നു ലഭിച്ച ദേവാലയം തന്നെയാണ് ഇന്ന് ലീഡ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സീറോമലബാര്‍ വിശ്വാസികള്‍ മൂന്നു ലക്ഷം പൗണ്ട് നല്‍കി ലീഡ്‌സ് രൂപതയില്‍ നിന്ന് വാങ്ങിയത്. ആദ്യമായാണ് സിറോ മലബാര്‍ സഭ യുകെയില്‍ ഒരു ദേവാലയം വാങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട് ലീഡ്‌സിലെ ദേവാലയത്തിന് . ലീഡ്‌സ് രൂപതയില്‍ നിന്ന് ആത്മീയ ആവശ്യങ്ങള്‍ക്കായി ദേവാലയം ലഭിച്ച് അധികം താമസിയാതെ കേരളത്തിലേയ്ക്ക് മടങ്ങിയ ഫാ. ജോസഫ് പൊന്നേത്തിനുശേഷം സീറോ മലബാര്‍ സഭയുടെ ലീഡ്‌സ് ചാപ്ലിനായി ചുമതലയേറ്റ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിലാണ് ദേവാലയം സ്വന്തമായി വാങ്ങുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മൂന്നുവര്‍ഷം മുമ്പ് തുടക്കമിട്ടത്. ഇതിനിടയില്‍ നിരവധി പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഫാ.മാത്യു മുളയോലിയുടെ ശക്തമായ നേതൃത്വം ഇതിനെയെല്ലാം മറികടന്ന് യോര്‍ക്ക്‌ഷെയറിലെ സീറോ മലബാര്‍ കത്തോലിക്കര്‍ക്ക് ചരിത്രനേട്ടം സ്വന്തമാക്കാന്‍ സഹായകരമായി. 2018 ഡിസംബര്‍ 9ന് ലീഡ്‌സ് കേന്ദ്രമായുള്ള സീറോമലബാര്‍ ചാപ്ലിന്‍സിയെ സഭാ തലവന്‍ മാര്‍ .ജോര്‍ജ്ജ് ആലഞ്ചേരി മിഷനായി പ്രഖ്യാപിച്ചിരുന്നു.

പുതിയ ദേവാലയത്തിന്റെ പേരിലും സെന്റ് വില്‍ഫ്രഡ് വിശുദ്ധന്റെ പേര് ഉള്‍പ്പെടുത്തിയത് ലീഡ്‌സ് ബിഷപ്പ് മാര്‍ . മാര്‍ക്കസ് സ്റ്റോക്കിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ്. യോര്‍ക്ക്‌ഷെയറിന്റെയും ലീഡ്‌സ് രൂപതയുടെയും പേട്രണായ സെന്റ് വില്‍ഫ്രഡിന്റെ പേര് നിലനിര്‍ത്തണമെന്ന് മാര്‍. മാര്‍ക്കസ് സ്റ്റോക്ക് സീറോ മലബാര്‍ സഭാ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.

ലണ്ടൻ: സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സുവിശേഷവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലണ്ടൻ മേഖലാ ബൈബിൾ കൺവെൻഷൻ ഡിസംബർ നാലാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നതാണ്. മഹാമാരിയുടെയും, ദേശീയ ലോക്കഡൗൺ നടപടികളുടെയും ഭാഗമായി നിർത്തിവെച്ച തിരുവചന ശുശ്രുഷകൾക്ക് ഇതോടെ പുനരാരംഭമാവും.

” അങ്ങയുടെ പ്രകാശവും, സത്യവും അയക്കേണമേ! അവിടുത്തെ വിശുദ്ധ ഗിരിയിലേക്കും, നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ”(സങ്കീർത്തനങ്ങൾ 43:3)

ലണ്ടൻ കൺവെൻഷനിൽ തിരുവചന പ്രഘോഷങ്ങളും, വിശുദ്ധ കുർബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും, സ്തുതിപ്പും, കൗൺസിലിങ്ങും, ഗാന ശുശ്രുഷകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുമ്പസാരത്തിനായുള്ള സൗകര്യവും ഉണ്ടായിരിക്കും.ശനിയാഴ്ച രാവിലെ 10:00 മണിക്കാരംഭിക്കുന്ന കൺവെൻഷൻ വൈകുന്നേരം നാലു മണിയോടെ സമാപിക്കും.

കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകളും തത്സമയം ക്രമീകരിച്ചിട്ടുണ്ട്.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മീഡിയ കമ്മീഷൻ ചെയർമാനും, ധ്യാന ഗുരുവുമായ ഫാ.ടോമി അടാട്ട്, ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷനു വേണ്ടി പ്രത്യേകം നിയോഗിച്ചിട്ടുള്ള, പ്രമുഖ ധ്യാന ശുശ്രുഷകകൂടിയായ സിസ്റ്റർ ആൻ മരിയ, ലണ്ടൻ റീജണിലെ വിവിധ മിഷനുകളുടെ പ്രീസ്റ്റ് ഇൻ ചാർജും, ഇവാഞ്ചലൈസേഷൻ റീജണൽ കോർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ട് എന്നിവർ തിരുവചന സന്ദേശങ്ങൾ പങ്കുവെക്കുകയും, തിരുക്കർമ്മങ്ങൾക്കു നേതൃത്വം അരുളുകയും ചെയ്യും.

ഡെഗ്‌നം, ഗേൽ സ്ട്രീറ്റിലുള്ള കാസിൽ ഗ്രീൻ കമ്മ്യുണിറ്റി സെൻററിൽ ഡിസംബർ 4 നു ശനിയാഴ്ച ദൈവ സ്തുതികളുടെയും തിരുവചനങ്ങളുടെയും സ്വർഗ്ഗീയ നാദം ഇരമ്പുമ്പോൾ അതിനു കാതോർക്കുവാൻ എത്തുന്ന ഏവർക്കും, ലോകരക്ഷകന്റെ തിരുപ്പിറവിക്കായി ഒരുങ്ങുന്ന നോമ്പാചരണത്തിൽ അനുഗ്രഹ വരദാനങ്ങൾക്ക് അനുഭവ വേദികൂടിയാവും ബൈബിൾ കൺവെൻഷൻ.

ഏവരെയും സ്നേഹപൂർവ്വം കൺവെൻഷനിലേക്കു ക്ഷണിക്കുന്നതായി സംഘാടക സമിതിക്കുവേണ്ടി ലണ്ടൻ റീജണൽ കോർഡിനേറ്റർ മനോജ് തയ്യിൽ, ഡോൻബി ജോൺ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
മനോജ് തയ്യിൽ : 07848808550
ഡോൻബി ജോൺ: 07921824640

കൺവെൻഷൻ വേദിയുടെ വിലാസം:-
Castle Green Community Centre​
Gale Street, Dagenham, RM9 4UN
(Large free parking facility available)

Nearest Tube Station: Becontree(District Line)- Just 5 minute’s walk

 ഷൈമോൻ തോട്ടുങ്കൽ

സ്റ്റോക്ക് ഓൺ ട്രെൻറ് .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ( ലിവിങ് സ്റ്റോൺ ) ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടന്നു വന്നിരുന്ന കുടുംബ കൂട്ടായ്മ വർഷാചരണം സമാപിച്ചു . സ്റ്റോക്ക് ഓൺ   ട്രെൻറ്റ് സെൻറ് ജോസഫ് ദേവാലയത്തിൽ നടന്ന സമാപന പരിപാടിയിൽ  , രൂപതയുടെ വിവിധ ഇടവകളിൽ നിന്നും , മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും , സന്യസ്തരുടെയും , അൽമായ പ്രതിനിധികളുടെയും സാനിധ്യത്തിൽ  നടന്ന സമാപന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്തു . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ  എല്ലാ വിശ്വാസികളും ഓരോ മാസവുംഅവരവരുടെ കുടുംബ കൂട്ടായ്മകളിൽ പങ്കെടുക്കണമെന്ന്  ഉത്‌ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ബോധിപ്പിച്ചു .

കഴിഞ്ഞ ഒരു വർഷമായി പ്രതികൂലമായ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും രൂപതയുടെ എട്ട് റീജിയനുകളായി വ്യാപിച്ചു കിടക്കുന്ന ആയിരത്തോളം വരുന്ന കുടുംബ കൂട്ടായ്മകളെ  സജീവമായി നിലനിർത്തിക്കൊണ്ട്  വിവിധ കർമ്മപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുവാനും , പരിശീലന പരിപാടികളിലൂടെയും , ഓൺലൈൻ  മീറ്റിങ്ങുകളിൽ കൂടിയും കുടുംബ കൂട്ടായ്മകളിലൂടെ രൂപതയിലെ ഓരോ കുടുംബങ്ങളുടെയും വിശ്വാസജീവിതം സഭയോട് ചേർത്ത് നിർത്തുവാൻ കുടുംബ കൂട്ടായ്മ വർഷാചരണത്തിന്  കഴിഞ്ഞു എന്ന ചാരിതാർഥ്യത്തിലാണ് കുടുംബകൂട്ടായ്മ വർഷത്തിന് സമാപനം കുറിക്കുന്നത്  .
രൂപതാ വികാരി ജെനെറൽമാരായ റെവ. ഫാ. ജോർജ് ചേലക്കൽ ( സിഞ്ചെല്ലൂസ് ഇൻചാർജ് ), റെവ. ഫാ. ജിനോ അരീക്കാട്ട് എം. സി .ബി.എസ് .. കുടുംബ കൂട്ടായ്മ മിഷൻ ചെയർമാൻ ഫാ. ഹാൻസ് പുതിയാകുളങ്ങര  ,  ഫാ. ജോർജ്  എട്ടുപറ  .റെവ . ഫാ. ടോമി അടാട്ട് . റെവ.സി. ആൻ മരിയ എസ് . എച്ച് , എന്നിവർ പ്രസംഗിച്ചു . കോഡിനേറ്റർ ഷാജി തോമസ് , സെക്രെട്ടറി റെനി സിജു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള രൂപത കുടുംബ കൂട്ടായ്മ കമ്മീഷൻ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി .സ്റ്റോക്ക്  ഓൺ ട്രെൻറ്റ് ഔർ ലേഡി ഓഫ് ഹെല്പ് പെർപെച്വൽ മിഷന്റെ ആതി ഥേയത്വത്തിൽ ആണ് പരിപാടികൾ നടന്നത് . രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും , സിഞ്ചെല്ലൂസ് ഇൻചാർജ് റെവ.ഫാ. ജോർജ് ചേലക്കൽ , കമ്മീഷൻ ചെയർമാൻ റെവ.ഫാ. ഹാൻസ് പുതിയാകുളങ്ങര , ഷാജി തോമസ് ( കോഡിനേറ്റർ ), റെനി സിജു തോമസ് ( സെക്രെട്ടറി )വിനോദ് തോമസ് ( പി . ആർ .ഓ  )ഡീക്കൻ അനിൽ തോമസ് ( അഡ്‌ഹോക്ക് പാസ്റ്ററൽ കൗൺസിൽ പ്രതിനിധി ) , എന്നിവരും ,ഫിലിപ്പ് കണ്ടോത്ത് ( ബ്രിസ്റ്റോൾ ), ജിനോ ജോസ് (കേംബ്രിഡ്ജ് ), ക്രിസ്റ്റി സെബാസ്റ്റ്യൻ (കൊവെൻട്രി ), ജെയിംസ് മാത്യു ( ഗ്ലാസ്‌കോ ), തോമസ് ആന്റണി( ലണ്ടൻ ), കെ . എം . ചെറിയാൻ (മാഞ്ചസ്റ്റർ ), ജിതിൻ ജോൺ (സൗത്താംപ്ടൺ ), ആന്റണി മടുക്കക്കുഴി ( പ്രെസ്റ്റൻ )  എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് കുടുംബ കൂട്ടായ്മ വർഷത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് .

ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ ക്രിസ്തുമാർഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന സെഹിയോൻ യുകെ മിന്സ്ട്രിയുടെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം , ജീവിത വഴികളിൽ അടിപതറാതെ മുന്നേറുവാൻ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാൻ ഉദ്ബോധിപ്പിച്ചുകൊണ്ട് , കുട്ടികൾക്കും ടീനേജുകാർക്കുമായി ക്രിസ്മസ് അവധിക്കാലത്ത് ഡിസംബർ 27 മുതൽ മുതൽ 31 വരെ (തിങ്കൾ , ചൊവ്വ , ബുധൻ , വ്യാഴം , വെള്ളി ദിവസങ്ങളിൽ ) താമസിച്ചുള്ള രണ്ട് ധ്യാനങ്ങൾ വെയിൽസിലെ കെഫെൻലീ വച്ച് നടത്തുന്നു.

www.sehionuk.org/register എന്ന വെബ്സൈറ്റിൽ സീറ്റുകൾ രജിസ്റ്റർ ചെയ്യാം.

സെഹിയോൻ യുകെയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്‌ഡം ടീമുകൾ ശുശ്രൂഷകൾ നയിക്കും . 27 ന് ഉച്ചയ്ക്ക് 2 മണി മുതൽ 31 ന് ഉച്ചയ്‌ക്ക് 2 വരെയാണ് ശുശ്രൂഷകൾ നടക്കുക . 9 വയസ്സുമുതൽ 12 വരെ പ്രായക്കാർക്ക് പ്രീ ടീൻസ് വിഭാഗത്തിലും 13 മുതൽ 17 വരെ പ്രായക്കാർക്ക് ടീനേജ് വിഭാഗത്തിലും പങ്കെടുക്കാവുന്നതാണ്.

കുട്ടികളുടെ ആത്മീയ , മാനസിക വളർച്ചയെ മുൻനിർത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ വിവിധ പ്രോഗ്രാമുകളും ശുശ്രൂഷകളും ധ്യാനത്തിന്റെ ഭാഗമാകും. സെഹിയോൻ യുകെ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ടീം ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് എല്ലാ കുട്ടികളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് ;
തോമസ് 07877508926.
ജോണി .07727 669529

എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 27 ന് ക്രോയിഡോണിൽ. ശുദ്ധ സംഗീതത്തിന്റെ നിലക്കാത്ത ഗാന പ്രപഞ്ചം സൃഷ്ടിക്കുന്ന ശരത് കാല രാത്രി വരവായി. ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതർ. അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം വർഷം തോറും നടത്തിവരുന്നു.

ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദി കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ചെമ്പൈ സംഗീതോത്സവം നടത്തി വരുന്നുണ്ട്. എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം (8th London Chembai Music Festival) ഇക്കൊല്ലം നവംബർ 27ന് വൈകിട്ട് 5:00 മുതൽ വിവിധ പരിപാടികളോടെ ക്രോയിഡോണിൽ ആഘോഷിക്കുന്നതാണ്. അനവധി കലാകാരൻമാർ നടത്തുന്ന സംഗീതാർച്ചന (സംഗീതോത്സവം), ദീപാരാധന, അന്നദാനം എന്നിവയടക്കം വിപുലമായ രീതിയിൽ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ ഭാരവാഹികൾ പൂർത്തിയായിരിക്കുന്നു.

നൂറുകണക്കിന് കലാകാരന്മാരും ആയിരക്കണക്കിന് ആസ്വാദകരും പങ്കെടുത്ത മുൻവർഷത്തെ സംഗീതോത്സവങ്ങളെ കണക്കിലെടുത്തു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടേണ്ടതിനാൽ പ്രതിമാസ സത്‌സംഗ വേദിയിൽ (West Thornton Community Centre) തന്നെ ഈ വർഷത്തെ സംഗീതോത്സവം സംഘടിപ്പിക്കുവാൻ ലണ്ടൻ ഹിന്ദു ഐക്യവേദി തീരുമാനിച്ചിരിക്കുന്നു.

ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ പ്രശസ്ത ഗായിക Dr. വാണി ജയറാമിന്റെ സംഗീത കച്ചേരി, ശ്രീമതി മാളവിക അനിൽകുമാറിന്റെ സ്വര – സിദ്ധി വികാസ് ആർട്സ് അക്കാദമിയിലെ വിദ്യാർത്ഥികളുടെ സംഗീതാർച്ചന, ശ്രുതിമനോലയ മ്യൂസിക് സ്കൂൾ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി തുടങ്ങി യുകെയുടെ പല ഭാഗത്തു നിന്നുള്ള പ്രതിഭകൾ സംഗീതോത്സവത്തിൽ സ്വരാഞ്ജലി അർപ്പിക്കും. പ്രശസ്ത മൃദംഗ വിദ്വാൻ ബാംഗ്ലൂർ പ്രതാപ്, വയലിൻ വിദ്വാൻ രതീഷ് കുമാർ മനോഹരൻ എന്നിവരുടെ അകമ്പടി സംഗീതോത്സവത്തിന് മാറ്റേകും.

ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളുടെ സംഗീതാർച്ചനയോടെ ആരംഭിക്കുന്ന സംഗീതോത്സവം ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെ അവസാനിക്കും. സംഗീതാർച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.ഗുരു-ഗോവിന്ദ ഭക്തിയുടെ നിറവിൽ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനിൽ അരങ്ങേറുന്ന സംഗീതോത്സവത്തെ, പതിവുപോലെ അനുഗ്രഹീത പിന്നണി ഗായകൻ രാജേഷ് രാമന്റെ നേതൃത്വത്തിൽ, വിജയകരമായി എട്ടാം വർഷവും കോവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദി.

എട്ടാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി മഹത്തായ നമ്മുടെ കർണാടക സംഗീത പാരമ്പര്യം ലണ്ടനിൽ ആഘോഷിക്കപ്പെടുന്നതിൽ നമുക്കെല്ലാവർക്കും അഭിമാനം കൊള്ളാം. ജാതിമത പ്രായഭേദമന്യേ എല്ലാവരും ഒന്നിച്ചു സംഗീതാർച്ചന ചെയ്യുന്ന ഈ സുന്ദര സായാഹ്നത്തിൽ നിറഞ്ഞ മനസ്സോടെ പിന്തുണയുമായി പങ്കുചേര്‍ന്നു പരിപാടികൾ വിജയകരമാക്കാൻ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നിൽക്കുന്ന ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയാകുവാൻ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടൻ ഹിന്ദു ഐക്യവേദി ഭഗവത് നാമത്തിൽ ഈ ഭക്തി നിർഭരമായ സംഗീതോത്സവ വേദിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക -രാജേഷ് രാമൻ: 07874002934, സുരേഷ് ബാബു: 07828137478, സുഭാഷ് സർക്കാര : 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡയാന അനിൽകുമാർ: 034015 0360

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook: https://www.facebook.com/londonhinduaikyavedi.org
London Hindu Aikyavedi is working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.

മാത്യു പുളിയോരം

വോൾവർ ഹാംപ്ടൺ ഔവർ ലേഡി ഓഫ് പെർപെക്ച്വൽ ഹെൽത്ത് സീറോ മലബാർ മിഷനിൽ നിന്നും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത തലത്തിൽ ബൈബിൾ കലോത്സവത്തിലും സുവാറ ബൈബിൾ ക്വിസ് മത്സരത്തിലും ക്വയർ മത്സരത്തിലും വിജയികൾ ആയവരെ ആദരിച്ചു.

ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ലളിതമായ ചടങ്ങിൽ വച്ച് ഇടവക വികാരി ഫാദർ തോമസ് അറത്തിൽ വിജയികളെയും കോ ഓർഡിനേറ്റർ , കമ്മിറ്റി അംഗങ്ങൾ എന്നിവരെയും അനുമോദിക്കുകയും വിജയികൾക്ക് ഇടവക സമൂഹത്തിന്റെ പേരിൽ പ്രത്യേക സമ്മാനങ്ങൾ നൽകുകയും ചെയ്തു.

സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ രൂപതാ തലത്തിൽ ഏറ്റവും കൂടുതൽ വിജയികൾ വോൾവർ ഹാംപ്ടൺ മിഷനിൽ നിന്നാണ് എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ് . ഒപ്പം ബൈബിൾ കലോത്സവത്തിലും ഏറെ തിളക്കമാർന്ന വിജയമാണ് മിഷനിലെ ചുണക്കുട്ടികൾ കരസ്ഥമാക്കിയത്.

വിവിധ വിഭാഗങ്ങളിലെ വിജയികൾ താഴെപ്പറയുന്നവരാണ്

ഓൾ യുകെ ക്വയർ മത്സരം – ആൻ മരിയ ഷൈജു

ബൈബിൾ കലോത്സവം

സ്റ്റോറി ടെല്ലിങ് : ആൻ മരിയ ഷൈജു

മോണോ ആക്ട് – റോസ് ഷൈജു

മോണോ ആക്ട് – പ്രീതി കുര്യൻ

ഫാമിലി ഗ്രൂപ്പ് – ഷൈജു ആൻഡ് ഫാമിലി

സുവാറ ബൈബിൾ ക്വിസ് വിജയികൾ

നീൽ ജോസഫ്

റോസ് തോമസ്

സാറാ തോമസ്

അനു മരിയ അജി

അന്ന തോമസ്

ഈ വർഷം നടക്കുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ ഇടവകയിൽ നിന്നുള്ള 22 പേർ സെമി ഫൈനൽ വരെ എത്തിയിരിക്കുന്നു എന്നതും അഭിമാനാർഹമായ കാര്യമാണ് .

 

 

ബൈബിൾ കലോത്സവ കോ ഓർഡിനെറ്റർ മാത്യു പുളിയോരം വിജയികളെ അനുമോദിക്കുകയും ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഇടവക വികാരി തോമസ് അറത്തിൽ , വേദപാഠ പ്രഥമ അധ്യാപകർ ആയ ജോൺ ജോസഫ്,സണ്ണി അയ്യാമല ,കലോത്സവ കമ്മിറ്റി /ബൈബിൾ അപ്പസ്റ്റോലെറ്റ് അംഗങ്ങളായ റ്റാൻസി പാലാട്ടി ,വൽസ ജോയി,ഷൈജു ,സനൽ,ലിനോ , തത്സമയം കൈക്കാരൻമാർ ആയിരുന്ന റോയി,അജി,വിന്നർ,ഫ്രാൻസിസ്,ഷാജു .സനൽ എന്നിവർക്കും നിലവിലെ ട്രസ്റ്റിമാരായ ബ്രൂസ്‌ലി,സെബാസ്റ്റിയൻ എന്നിവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഷൈമോൻ തോട്ടുങ്കൽ

ലിവർപൂൾ: ലിവർപൂൾ സമാധാന രാജ്ഞിയുടെ ഇടവകയിലെ വിമൻസ് ഫോറത്തിൻ്റെ പ്രവർത്തന വർഷ ഉദ്ഘാടനം സാഘോഷം നടന്നു. രൂപതാ വിമൻസ് ഫോറം കമ്മീഷൻ ചെയർപേഴ്സൻ റവ. സി. കുസുമം എസ് എച്ച് മുഖ്യാഥിതിയായിരുന്നു. ഇടവക വികാരി ഫാ. ആൻഡ്രൂസ് ചെതലൻ അനുഗ്രഹ പ്രഭാഷണം നടത്തി. വിമൻസ് ഫോറം പ്രസിഡൻ്റ് ജെസ്സി റോയി അദ്ധ്യക്ഷത വഹിച്ചു.

ഇടവകയിലെ പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഫിസിക്കൽ ഫിറ്റ്നസ്സിനെക്കുറിച്ച് സച്ചിൻ ജെയിംസ് ക്ലാസ്സ് നയിച്ചു. യു കെയിൽ എത്തിയിട്ടുള്ള ആരെയും നർമ്മം കലർത്തി ചിന്തിപ്പിക്കുന്ന സ്കിറ്റ് ഏവരുടെയും ശ്രദ്ധയാകർഷിച്ചു. സംഘടനാംഗമായ അനു തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച് ജാൻസി ജോർജിൻ്റെ നേതൃത്വത്തിൽ സംഘടനാംഗങ്ങൾ തന്നെ അവതരിപ്പിച്ച സ്കിറ്റ് യു കെ ജീവിതത്തിൻ്റെ നേർകാഴ്ചയായിരുന്നു.

വിമൻസ് ഫോറം പ്രെസ്റ്റൻ റീജിയൻ പ്രസിഡൻ്റ് റെൻസി ഷാജു, യൂണിറ്റ് സെക്രട്ടറി സിസിലി രാജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ ബെറ്റ്സി രാജു, മനുമോൾ മാത്യു, മേരിക്കുട്ടി സാലൻ, രാജി സന്തോഷ്, സ്മിത ജെറീഷ് എന്നിവർ നേതൃത്വം നൽകി. അംഗങ്ങൾ ഒരുമിച്ച് ആലപിച്ച വിമൻസ് ഫോറം ആൻഥത്തോടെ യോഗം അവസാനിച്ചു.

 

ലീഡ്സ് കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റ് മേരിസ് സീറോ മലബാർ മിഷനിലെ അംഗങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്ന സ്വന്തമായൊരു ദേവാലയമെന്ന ആഗ്രഹത്തിന് നവംബർ 28 ഞായറാഴ്ച സാക്ഷാത്കാരമാകും.  ഞായറാഴ്ച 10 മണിക്ക് നടക്കുന്ന വിശുദ്ധ കുർബാന മധ്യേ സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ . ജോസഫ് സ്രാമ്പിക്കൽ ദേവാലയ ഉദ്ഘാടനം നിർവഹിക്കുകയും ഇടവകയായി ഉയർത്തുന്ന പ്രഖ്യാപനം നടത്തുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൻ  സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ മോൺ. ജിനോ അരിക്കാട്ടും വിവിധ മിഷനുകളുടെ ഡയറക്ടർമാരായുള്ള വൈദികർ , സന്യസ്തർ മറ്റ് അല്മായ നേതാക്കൾ തുടങ്ങിയവരും ഇടവകാംഗങ്ങൾക്കൊപ്പം തിരുകർമ്മങ്ങളിലും ദേവാലയ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ചടങ്ങുകളിലും സംബന്ധിക്കും.  ഇടവകയായി ഉയർത്തപ്പെടുന്ന ദേവാലയം സെന്റ് മേരിസ് ആന്റ് സെൻറ് വിൽഫ്രഡ് സീറോ മലബാർ കാത്തലിക് ചർച്ച് എന്നാവും നാമകരണം ചെയ്യപ്പെടുക.
കഴിഞ്ഞ ആറ് വർഷങ്ങളായി ലീഡ്സ് കേന്ദ്രമായുള്ള സീറോമലബാർ സമൂഹം ഉപയോഗിച്ചിരുന്ന ദേവാലയം തന്നെയാണ് ലീഡ്സ് രൂപതയിൽ നിന്ന് വാങ്ങി സ്വന്തമാക്കിയിരിക്കുന്നത് .   ലീഡ്സ് രൂപത വെസ്റ്റ് യോർക്ക് ഷെയറിലെയും നോർത്ത്   യോർക്ക് ഷെയറിലെ ചില ഭാഗങ്ങളിലുമുള്ള സീറോമലബാർ  കത്തോലിക്കരുടെ ആത്മീയ ആവശ്യങ്ങൾക്കായി നൽകിയ ദേവാലയത്തിൽ കഴിഞ്ഞ 6 വർഷങ്ങളായി എല്ലാ ദിവസങ്ങളിലും സിറോമലബാർ ആരാധന ക്രമത്തിലുള്ള കുർബാനയും മറ്റ് തിരു കർമ്മങ്ങളും നടന്നു  വരുന്നു  . 2018 ഡിസംബർ 9 -ന് സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ്  കർദിനാൾ മാർ . ജോർജ് ആലഞ്ചേരി സെന്റ് മേരീസ് മിഷൻ പ്രഖ്യാപിച്ചതിനുശേഷമാണ് സ്വന്തമായൊരു ദേവാലയം സ്വന്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഞായറാഴ്ച 10 മണിക്ക് ആചാരപരമായ പ്രദക്ഷണത്തോടെ ചടങ്ങുകളും ,  തിരുകർമ്മങ്ങളും  ആരംഭിക്കും.  ദേവാലയ ഉദ്ഘാടനത്തിനും ഇടവക പ്രഖ്യാപനത്തിനുശേഷം എല്ലാവർക്കുമായി സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ട്. യോർക്ക്‌ ഷെയറിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിൻറെ ചിരകാല അഭിലാഷമായ ദേവാലയത്തിന്റെ ഉദ്ഘാടനത്തിൽ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന് മിഷൻ  ഡയറക്ടർ . ഫാദർ മാത്യു മുളയോലിൽ അഭ്യർത്ഥിച്ചു . ഇടവക പ്രഖ്യാപനത്തിനായി പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത് . ദേവാലയ ഉദ്ഘാടനവും, തിരുകർമ്മങ്ങളും ലൈവ് ആയി സംപ്രേഷണം ചെയ്യുന്നതാണ്. ലൈവ് സംപ്രേഷണം കാണുവാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

 

മാത്യൂ ചെമ്പുകണ്ടത്തില്‍
………………………………….
സീറോ മലബാര്‍ സഭയിലെ പിതാക്കന്മാര്‍ സംയുക്തമായി കൈക്കൊണ്ട കുര്‍ബാന ഏകീകരണമെന്ന തീരുമാനത്തോടു വിയോജിച്ചുകൊണ്ട് ഒരു വിഭാഗം വൈദികര്‍ തെരുവിലിറങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ച് റാലി നടത്തി തീവ്രമായി പ്രതികരിക്കുന്നതു കണ്ടു. തെരുവുകളില്‍ വിവിധ നിലകളിലുള്ള പ്രതിഷേധങ്ങളും സമരങ്ങളും കാണുന്ന സാമാന്യജനത്തിനും സാധാരണ വിശ്വാസികള്‍ക്കും വൈദികരുടെ പ്രതിഷേധപ്രകടനങ്ങളില്‍ പ്രത്യേകിച്ച് ഒന്നും തോന്നുകയില്ല. എന്നാല്‍ പൗരോഹിത്യത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചു തിരുവചനത്തിന്റെയും സഭയുടെ പഠിപ്പിക്കലുകളുടെയും അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഇന്ന് ചില വൈദികരെ ബാധിച്ചിരിക്കുന്ന ‘റിബല്‍ പ്രീസ്റ്റ് സിന്‍ഡ്രം’ (rebel priest ്യെിdrome) വളരെ ഗൗരവമേറിയ സ്ഥിതിവിശേഷമാണെന്നു നിസ്സംശയം പറയാന്‍ സാധിക്കും.

‘തിരുപ്പട്ട സ്വീകരണംവഴി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പുരോഹിതരൂപം കൈക്കൊള്ളുന്നവരാണ് വൈദികര്‍’ എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖയില്‍ ‘വൈദികരുടെ ജീവിതം’ എന്ന വിഷയത്തിന്റെ ആമുഖത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തില്‍ (CCC 1548) പറയുന്നു:

‘തന്റെ ശരീരത്തിന്റെ ശിരസ്സും അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പു ബലിയുടെ മഹാപുരോഹിതനും സത്യത്തിന്റെ പ്രബോധകനും എന്ന നിലയില്‍ ക്രിസ്തുതന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകന്റെ സഭാശുശ്രൂഷയിലൂടെ തന്റെ സഭയില്‍ സന്നിഹിതനാകുന്നത്. തിരുപ്പട്ട കൂദാശയുടെ ശക്തിയാല്‍ പുരോഹിതന്‍ ശിരസ്സായ ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ (Persona Christi Capitis) പ്രവര്‍ത്തിക്കുന്നു’

ശുശ്രൂഷാ പൗരോഹിത്യത്തെക്കുറിച്ച് വി. തോമസ് അക്വിനാസിന്റെ ഒരു പ്രസ്താവന ഇപ്രകാരമാണ് ‘യേശുക്രിസ്തു എന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയെയാണ് അവിടുത്തെ ശുശ്രൂഷകര്‍ യഥാര്‍ത്ഥത്തില്‍ സംവഹിക്കുന്നത്. ക്രിസ്തുവാണ് പൗരോഹിത്യത്തിന്റെ മുഴുവന്‍ ഉറവിടവും. പഴയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു, പുതിയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിനു പകരം നിന്ന് പ്രവര്‍ത്തിക്കുന്നു’

നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പുരോഹിതരൂപമാണ് ഓരോ വൈദികനും പ്രതിനിധാനം ചെയ്യുന്നത് എന്നു പറയുമ്പോള്‍, ക്രിസ്തു എപ്രകാരമാണ് തന്റെ പൗരോഹിത്യ ശുശ്രൂഷ നിര്‍വ്വഹിച്ചത് എന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്. ഇതെക്കുറിച്ച് വിശുദ്ധഗ്രന്ഥം പറയുന്ന രണ്ട് സന്ദര്‍ഭങ്ങള്‍ പരിശോധിക്കാം.

ഒന്നാമതായി, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരമുള്ള അതുല്യനായ മഹാപുരോഹിതനാണ് യേശുക്രിസ്തു. അവിടുന്ന് ‘പരിശുദ്ധനും നിഷ്‌കളങ്കനും കുറ്റമറ്റവനുമാണ്’ (ഹെബ്രായര്‍ 7:26) എന്നു തിരുവചനത്തില്‍ വായിക്കുന്നത്. ക്രിസ്തുവിന്റെ മഹാപൗരോഹിത്യത്തെ പരാമര്‍ശിക്കിന്നിടത്ത് അവിടുത്തെ പൗരോഹിത്യത്തിലെ അതിശ്രേഷ്ഠ സ്വഭാവ ഗുണം വിവരിക്കുന്നത് ഇപ്രകാരമാണ്. ‘പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു'(ഹെബ്രാ.5:8).

മാനവരക്ഷയുടെ പൂര്‍ത്തീകരണത്തിനായി ഈശോമശിഹാ സഹനത്തിന്റെ മാര്‍ഗ്ഗം തെരഞ്ഞെടുത്തതിലൂടെ അവിടുന്നു പിതാവിനോടുള്ള തന്റെ സമ്പൂര്‍ണ്ണ അനുസരണമായിരുന്നു വെളിപ്പെടുത്തിയത്. അനുസരണത്തിന്റെ ആളത്വമായിരുന്നു യേശുക്രിസ്തു.

ക്രിസ്തുവിന്റെ പൗരോഹിത്യ ശുശ്രൂഷയുടെ ശ്രേഷ്ഠത ഫിലിപ്പിയ ലേഖനത്തിലും രേഖപ്പെടുത്തിയിരിക്കുന്നു ‘മരണംവരെ, അതേ, കുരിശുമരണംവരെ അവിടുന്ന് അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി’ (2:8). പുത്രനായിരിക്കുമ്പോഴും സഹനത്തിലും കുരിശുമരണത്തിലും അനുസരണവും താഴ്മയും അഭ്യസിച്ചവനായിരുന്നു ക്രിസ്തു. ക്രിസ്തുവിന്റെ പുനഃരുത്ഥാനത്തെപ്പോലും അവിടുത്തെ അനുസരണത്തിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശിച്ചുകൊണ്ട് ഫിലിപ്പിയ ലേഖനം വിവരിക്കുന്നു: ‘ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു’ (ഫിലി 2:9) ക്രിസ്തുവിന്റെ നിഷ്‌കന്മഷ ജീവിതത്തിന്റെയും താഴ്മനിറഞ്ഞ അനുസരണത്തിന്റെയും ഫലമായിരുന്നു മരിച്ചവരില്‍നിന്നുള്ള അവിടുത്തെ പുനഃരുത്ഥാനം എന്നാണ് വചനം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നത്.

നിത്യപുരോഹിതനായ ക്രിസ്തുവിന്റെ പൗരോഹിത്യ ആളത്വത്തെയാണ് താന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന ഉത്തമബോധ്യം ഒരു പുരോഹിതനിലുണ്ടെങ്കില്‍, പൗരോഹിത്യം അനുസരണത്തില്‍ അധിഷ്ഠിതമാണെന്ന മര്‍മ്മിക ബോധ്യമാണ് അടിസ്ഥാനപരമായി പുരോഹിതനില്‍ ഉണ്ടായിരിക്കേണ്ടത്. അനുസരണരാഹിത്യത്തില്‍ ശുശ്രൂഷാ പൗരോഹിത്യത്തിനു നിലനില്‍പ്പില്ല. യേശുക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ അടിസ്ഥാനം അനുസരണമായിരുന്നെങ്കില്‍ ക്രിസ്തുവിന്റെ പുരോഹിതരൂപത്തെ പ്രതിനിധാനം ചെയ്യുന്നവരുടെയും പ്രഥമവും പ്രധാനവുമായ യോഗ്യത അനുസരണം തന്നെയാണ്.

പരസ്യശുശ്രൂഷാ കാലത്ത് യേശു തന്റെ ആഗമനോദ്ദേശ്യം വെളിപ്പെടുത്തി ഇപ്രകാരം പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം നിറവേറ്റാനാണ് (യോഹ 6:38). നിത്യപുരോഹിതനായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവരിലും ഈ അറിവാണ് അടിസ്ഥാനപരമായി ഉണ്ടാകേണ്ടത്. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും ബഹുമതി സ്വയം ഏറ്റെടുക്കുകയല്ല’ (ഹെബ്രാ 5:4).

ഓരോ പുരോഹിതനും നിത്യപുരോഹിതനായ ക്രിസ്തുവിന്റെ നിഴലില്‍ ശ്രേഷ്ഠതയേറിയ പൗരോഹിത്യ ശുശ്രൂഷയ്ക്കായി ദൈവത്താല്‍ വിളിക്കപ്പെട്ടിരിക്കുകയാണ്, അതിനാല്‍ തന്റെ വിളി മനുഷ്യാതീതവും ദൗത്യം മഹത്വമേറിയതുമാണെന്ന് ഓരോ വൈദികനും തിരിച്ചറിയണം. ഈ തിരിച്ചറിവാണ് എല്ലാവിധ വിമതപ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാന്‍ ഒരു വൈദികനെ പ്രേരിപ്പിക്കേണ്ടത്.

മദ്ബഹായില്‍ ബലിയര്‍പ്പണത്തിന് പ്രവേശിക്കുന്ന ഒരു പുരോഹിതനില്‍ നിറഞ്ഞിരിക്കേണ്ട ആന്തരികബോധം എത്രമേല്‍ തീവ്രമായിരിക്കണം എന്നതിന്റെ നേര്‍സാക്ഷ്യം ഓര്‍ത്തഡോക്‌സ് സഭയുടെ വിശുദ്ധ കുര്‍ബാനയില്‍ വിവരിക്കുന്നുണ്ട്. അനാഫൂറായ്ക്ക് മുമ്പുള്ള പ്രിമിയോന്‍ സെദറായില്‍ പുരോഹിതന്‍ തനിക്കുവേണ്ടിയും തന്റെ ജനത്തിനുവേണ്ടിയും ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു:

‘കണ്ടാലും, അഗ്‌നിമയമായ ഈ സ്ഥലത്ത് അഗ്‌നിജ്വാലയുടെ സിംഹാസനത്തിന് മുമ്പാകെ ഞാന്‍ നിന്ന്, നിന്റെ ജനത്തിന് പാപപരിഹാരവും നിന്റെ സകല സൃഷ്ടിക്കും മോചനവും യാചിക്കുന്നു. കര്‍ത്താവേ മാലാഖാമാര്‍പോലും സൂക്ഷിച്ചു നോക്കുവാന്‍ വാഞ്ജിക്കുന്നതായ ഈ പരിശുദ്ധ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ നിന്റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലും കരുണയാലും നിന്റെ ജനത്തിന്റെ പാപങ്ങളെ നീ പരിഹരിക്കണമേ….’

തുടര്‍ന്ന് പുരോഹിതന്‍ വീണ്ടും പ്രാര്‍ത്ഥിക്കുന്നു:

‘ഞങ്ങളുടെ നാഥനായ കര്‍ത്താവേ ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി ഗോഗുല്‍ത്തായുടെ ഉന്നതങ്ങളില്‍ നീ ബലിയായിത്തീര്‍ന്നു. പരിശുദ്ധ മദ്ബഹായില്‍ ബലിയര്‍പ്പിക്കുവാന്‍ മണ്മയരെ നീ ഭരമേല്‍പ്പിച്ചു. മണ്ണില്‍നിന്നുള്ള മണ്‍കട്ട ഞാനായിരിക്കെ, നിന്റെ ദൈവിക രഹസ്യങ്ങളുടെ സാന്നിധ്യം അത് വസിക്കുന്നിയിടത്തേക്ക് പ്രവേശിക്കുവാന്‍ നിന്റെ കരുണമൂലം എന്നെ യോഗ്യനാക്കിത്തീര്‍ത്തിട്ടുള്ള കൃപയാലും കരുണയാലും നിന്റെ ജനത്തിന്റെ പാപങ്ങളെ നീ പരിഹരിക്കണമെ. നിന്നെ സ്തുതിക്കുന്ന ക്രോവേന്മാരുടെയും നിനക്ക് കാദീശ് പാടുന്ന സ്രോപ്പേന്മാരുടെയും കൂട്ടത്തില്‍ എന്നെ ചേര്‍ക്കുകയും ചെയ്തതിനായി ദൈവമേ നിന്നെ ഞാന്‍ സ്തുതിക്കുന്നു’

മദ്ബഹായില്‍ വിഭജിക്കപ്പെടുന്ന ദൈവപുത്രന്റെ ശരീരരക്തങ്ങളുടെ മഹനീയതയുടെ നിഴലിലാണ് ഓരോ പുരോഹിതനും ദിനംപ്രതി ശുശ്രൂഷ ചെയ്യുന്നത്. വിശുദ്ധസ്ഥലമായ മദ്ബഹായില്‍ നിന്നുകൊണ്ട്, അവ പരികര്‍മ്മം ചെയ്യുന്ന പുരോഹിതന്റെ ശ്രേഷ്ഠതയെ പ്രകീര്‍ത്തിക്കുന്ന ഒരു വിശുദ്ധകാവ്യം ഓര്‍ത്തഡോക്‌സ് ആരാധനക്രമത്തിലുണ്ട്.

‘അഗ്‌നിമയന്മാര്‍ ആരേ നോക്കി വിറച്ചീടുന്നു,
അവനേ മേശയിലപ്പം വീഞ്ഞായ് നീ കാണുന്നു
ആരേ മിന്നലുടുത്തവര്‍ നോക്കുകിലെരിയുന്നൂടനെ
അവനേ മണ്മയര്‍ ഭക്ഷിച്ചുമുഖം തെളിയുന്നേറ്റം’

തിരുപ്പട്ട കൂദാശയില്‍ നല്‍കപ്പെടുന്ന അഭിഷേകത്തിന്റെ ശക്തിയാല്‍ ശിരസ്സായ ക്രിസ്തുവിന്റെ വ്യക്തിത്വത്തില്‍ നിന്നുകൊണ്ട് അപ്പവീഞ്ഞുകളെ പെസഹാദിനത്തിന്റെ ഓര്‍മ്മയില്‍ വിഭജിക്കുയും കാല്‍വരിയാഗത്തിന്റെ പശ്ചാത്തലത്തില്‍ അര്‍പ്പിക്കുകയും ചെയ്യുന്നതിന് ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ശ്രേഷ്ഠ വ്യക്തിത്വമാണ് ഓരോ വൈദികനും. അഗ്‌നിമയന്മാരും പ്രകാശധാരികളുമായ സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ ഭയഭക്തിയോടെ നോക്കിക്കാണുന്നവനെയാണ് ആദാമ്യസന്തതിയില്‍ നിന്നും കടന്നുവന്ന ഒരു പുരോഹിതന് മദ്ബഹായില്‍ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നത്!

അനുസരണത്തിന്റെയും വിനയത്തിന്റെയും ആളത്വമായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുകയും അവന്റെ പരിശുദ്ധ ശരീരരക്തങ്ങളെ കൈകളിലേന്തുകയും ചെയ്യുന്നവര്‍ മദ്ബഹായ്ക്ക വെളിയിലിറങ്ങി സംഘര്‍ഷം സൃഷ്ടിക്കുന്നതിനെ ഒരുവിധത്തിലും ദൈവവചനത്തിന്റെയും സഭയുടെ പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ സാധിക്കില്ല. ക്രിസ്തുവിന്റെ മഹത്വം അനുസരണമായിരുന്നുവെങ്കില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവരിലും ഈ അനുസരണവും താഴ്മയും ഉണ്ടാകണം. റോമാ ലേഖനത്തിലൂടെ ദൈവാത്മാവ് സഭയിലേ ഓരോ അംഗത്തോടും പറയുന്നു ‘ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും’
(റോമാ 13: 12)

ദൈവവചനത്തിന്റെയും സഭയുടെ പഠിപ്പിക്കലുകളുടെയും അടിസ്ഥാനത്തില്‍ പറയട്ടെ, rebel priest എന്നു വിളിക്കപ്പെടുന്നത് ഒരു ബഹുമതിയല്ല, അത് പൈശാചികമായ ഒരവസ്ഥയാണ്. നിത്യപുരോഹിതനായ ക്രിസ്തുവിനെ പ്രതിനിധനം ചെയ്യുന്ന വ്യക്തിക്ക് ‘റിബല്‍ പ്രീസ്റ്റ്’ ആകാന്‍ കഴിയില്ല. അറിവില്ലായ്മ മൂലം റിബല്‍ പ്രീസ്റ്റ് സ്വാധീനത്തില്‍ ഉള്‍പ്പെട്ടവര്‍ മാനസാന്തരപ്പെട്ട്, പാപങ്ങള്‍ ഏറ്റുപറഞ്ഞ് തങ്ങളെ ഈ ശുശ്രൂഷയിലേക്ക് വിളിച്ച ദൈവത്തോടു രമ്യതപ്പെടുക.

ഓര്‍മിക്കുക, നിങ്ങള്‍ റിബലുകളാകുന്നത് ഒരു മാനുഷിക വ്യവസ്ഥിതിയോടുമല്ല, ദൈവത്തോടും ദൈവിക വ്യവസ്ഥിതിയോടുമാണ്.

 

മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും മണ്ഡലകാല തീർത്ഥാടനം ഈ മാസം 27 (27/11/21) ശനിയാഴ്ച രാധാകൃഷ്ണ മന്ദിർ വിതിംഗ്ടൻ നിന്നും കെട്ട് നിറച്ച് ബർമിംഹാം അയ്യപ്പ ക്ഷേത്രത്തിലേക്ക് (ബാലാജി) പോകുകയാണ് . കലിയുഗ വരദനെ കാണാനുള്ള ഈ അസുലഭ നിമിഷത്തിനെകുറിച്ച് കൂടുതൽ അറിയാനും , പങ്കെടുക്കാനും ആഗ്രഹിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പരുകളിൽ ബന്ധപ്പെടുക .

ഹരികുമാർ : 0743344590
ചന്ദ്രശേഖർ: 07865563926

RECENT POSTS
Copyright © . All rights reserved